Saturday, July 14, 2012

അധികാരവികേന്ദ്രീകരണത്തിന് മരണമണി

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ കാര്യത്തില്‍ ഒട്ടേറെ പ്രഖ്യാപനം ഉണ്ടായി. പഞ്ചവത്സരപദ്ധതിയെന്ന നിലയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യാനും നടപ്പാക്കാനും പോകുന്നത് എന്ന് എത്രയോ മാസമായി പറഞ്ഞു. എന്നാല്‍, ഈ പദ്ധതി നിര്‍ദേശങ്ങള്‍ സമയബന്ധിതമായി ഉത്തരവിറക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞില്ല. സാമ്പത്തികവര്‍ഷം ആരംഭിച്ച് രണ്ടരമാസം പിന്നിട്ടാണ് (2012 ജൂണ്‍ 15) 12-ാം പഞ്ചവത്സരപദ്ധതി സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയത്. ഈ നിര്‍ദേശമനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിക്ക് ഈ വര്‍ഷത്തെ പദ്ധതിരേഖ തയ്യാറാക്കാന്‍ ചുരുങ്ങിയത് മൂന്നുമാസം വേണം. തുടര്‍ന്ന് പ്രോജക്ടുകള്‍ തയ്യാറാക്കി അംഗീകാരം നേടിയെടുക്കുമ്പോഴേക്ക് മാസങ്ങള്‍ പിന്നിടും. പദ്ധതി നിര്‍വഹണത്തിന് സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനുമുമ്പ് രണ്ടോ മൂന്നോ മാസം കിട്ടിയാലായി.

അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും തങ്ങള്‍ക്ക് പഥ്യമല്ലെന്ന യുഡിഎഫ് സര്‍ക്കാരുകളുടെ പാരമ്പര്യത്തെ അനുസ്മരിപ്പിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. 1962 മുതല്‍ 1979 വരെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താതിരുന്നത്, 1984ല്‍ പഞ്ചായത്ത് ഭരണസമിതികള്‍ പിരിച്ചുവിട്ട് 1987 വരെ ഉദ്യോഗസ്ഥഭരണം ഏര്‍പ്പെടുത്തിയത്, 1991ല്‍ ജില്ലാ കൗണ്‍സിലുകളെ പിരിച്ചുവിട്ടത്, 2001ല്‍ ജനകീയാസൂത്രണത്തെ അട്ടിമറിച്ച് കേരള വികസനപദ്ധതി കൊണ്ടുവന്നത്. ഇതൊന്നും കേരളീയര്‍ മറക്കില്ല. 2006ല്‍ അധികാരത്തില്‍വന്ന വി എസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളവികസനപദ്ധതി അവസാനിപ്പിച്ച് വീണ്ടും ജനകീയാസൂത്രണപദ്ധതി നടപ്പാക്കി. കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ജനം ഏറ്റുവാങ്ങിയ ഈ പദ്ധതിക്കും അധികാര വികേന്ദ്രീകരണത്തിനും തുരങ്കംവയ്ക്കാനാണ് യുഡിഎഫ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്.

അധികാര വികേന്ദ്രീകരണ നടപടികള്‍ തകര്‍ക്കാനാണ് യുഡിഎഫ് അധികാരത്തില്‍ വന്നയുടനെ ഗ്രാമവികസനം, പഞ്ചായത്ത് ഭരണം, നഗരഭരണം എന്നിങ്ങനെ തദ്ദേശവകുപ്പിനെ വിഭജിച്ച് മൂന്നു മന്ത്രിമാരുടെ ചുമതലയിലേക്ക് മാറ്റിയത്. നഗരഭരണത്തിന്റെ കാര്യത്തിലാകട്ടെ, കേരളീയസമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയ അഞ്ചാംമന്ത്രി വിവാദത്തിന് തിരികൊളുത്തി വീണ്ടും മന്ത്രിമാറ്റമുണ്ടായി. ഇതൊന്നും തദ്ദേശസ്ഥാപനങ്ങള്‍ക്കോ കേരളീയ ജനതയ്ക്കോ ഗുണംചെയ്യുന്നതാണെന്ന് യുഡിഎഫിലെ ബുദ്ധിരാക്ഷസന്മാര്‍പോലും സമ്മതിക്കുമെന്നു തോന്നുന്നില്ല. പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളീയ സമൂഹം നേരിടുന്ന വികസനപ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും നിര്‍ദേശിക്കുന്നില്ല.

ജനകീയാസൂത്രണപദ്ധതിയുടെ കാലത്ത് ഉല്‍പ്പാദനമേഖല, സേവനമേഖല, പശ്ചാത്തലമേഖല, ചേരിപ്രദേശങ്ങളുടെ വികസനം, വനിതാ വികസനം, വൃദ്ധര്‍-ശിശുക്കള്‍-ഭിന്ന ശേഷിയുള്ളവര്‍, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെയെല്ലാം വികസനപദ്ധതികളുടെ പങ്ക് ശതമാനക്കണക്കില്‍ കൃത്യമായി നിര്‍വചിച്ചിരുന്നു. ഒന്നര പതിറ്റാണ്ടത്തെ അനുഭവം നോക്കിയാല്‍ സമതുലിതവും സമഗ്രവുമായ കുതിച്ചുചാട്ടം ജനകീയാസൂത്രണ മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നത് പരക്കെ സമ്മതിക്കുന്ന കാര്യമാണ്. ഈ തത്വങ്ങളുടെ ലംഘനമാണ് പുതിയ മാര്‍ഗനിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. പശ്ചാത്തല മേഖലയ്ക്ക് ജില്ലാ പഞ്ചായത്തുകള്‍ 50 ശതമാനവും നഗരസഭകള്‍ 55 ശതമാനവും മറ്റ് പഞ്ചായത്തുകള്‍ 45 ശതമാനവും ചെലവഴിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു.

വൃദ്ധര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും അഞ്ചുശതമാനവും നീക്കിവച്ചു. ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ജനങ്ങളുടെ സുഖഭോഗ താല്‍പ്പര്യങ്ങള്‍ക്ക് എത്രമാത്രം നീതിപുലര്‍ത്തുന്നതാണ് ഈ മാര്‍ഗനിര്‍ദേശമെന്ന് വിശകലനംചെയ്യുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. അവശേഷിക്കുന്ന 30, 40 ശതമാനം കൊണ്ടുവേണം തദ്ദേശപരിധിയിലെ ഉല്‍പ്പാദനപരവും സേവനപരവുമായ മറ്റ് വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍. ഇതില്‍ത്തന്നെ അങ്കണവാടികളിലൂടെ പോഷകാഹാരം നല്‍കുക, എസ്എസ്എ വിഹിതം മാറ്റിവയ്ക്കുക എന്നിവയെല്ലാം അനിവാര്യ ചെലവുകളാണ്. ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങള്‍ക്കും പദ്ധതി പണത്തിന്റെ ആറോ ഏഴോ ശതമാനം ഇതിനായി മാറ്റിവയ്ക്കേണ്ടതുണ്ട്.

കൈയടി നേടാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില തീരുമാനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ വികസനപദ്ധതികളെ വന്‍തോതില്‍ ബാധിക്കുകയാണ്. ഇ എം എസ് ഭവനപദ്ധതിക്ക് 75,000 രൂപയില്‍നിന്ന് രണ്ടുലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതും കേന്ദ്രാവിഷ്കൃത പദ്ധതിയായ ഐഎച്ച്എസ്ഡിപി പദ്ധതിയിലൂടെയുള്ള ഭവനിര്‍മാണ ആനുകൂല്യം 1,30,000ല്‍ നിന്ന് രണ്ടുലക്ഷമായി വര്‍ധിപ്പിച്ചതും തദ്ദേശസ്ഥാപനങ്ങളെ കടുത്ത ധന പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട ജനങ്ങള്‍ യുഡിഎഫിനുവേണ്ടി കൈയടിച്ചെങ്കിലും ഈ അധിക പണം തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തിക്കൊള്ളണമെന്ന് ഉത്തരവിറക്കിയത് ആരും വേണ്ടത്ര ശ്രദ്ധിക്കാനിടയില്ല. മട്ടന്നൂര്‍ നഗരസഭയുടെമാത്രം അനുഭവം പരിശോധിക്കാം. ഇ എം എസ് പാര്‍പ്പിടപദ്ധതിയില്‍ മട്ടന്നൂര്‍ നഗരസഭ 306 പേര്‍ക്കാണ് പുതിയ വീടിനുള്ള ആനുകൂല്യം നല്‍കിയത്. ഇതില്‍ പകുതിയോളം പേര്‍ നിര്‍മാണം പൂര്‍ത്തിയാക്കി 75,000 രൂപ വീതം കൈപ്പറ്റി. എന്നാല്‍, പകുതി പേരുടെ പാര്‍പ്പിട നിര്‍മാണം നടക്കുകയാണ്. അഞ്ചാം ഗഡുവും നാലാം ഗഡുവും വങ്ങാനുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതിനുമാത്രമായി 60,00,000 രൂപ നഗരസഭ കണ്ടത്തേണ്ടതുണ്ട്.

ഐഎച്ച്എസ്ഡിപി പദ്ധതിക്കാകട്ടെ ഉപയോക്താക്കളുടെ എണ്ണം 280 ആണ്. ഇവര്‍ക്ക് കുടിശ്ശിക കൊടുക്കാന്‍ ഒരുകോടി 20 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. രണ്ടിനങ്ങളിലുംകൂടി ഒരുകോടി 80 ലക്ഷം രൂപ ഈ വര്‍ഷത്തെ വികസനഫണ്ടില്‍നിന്ന് നഗരസഭ കണ്ടെത്തിയേ മതിയാകൂ. നഗരസഭയുടെ ഈ വര്‍ഷത്തെ വികസനഫണ്ട് ഏതാണ്ട് അഞ്ചുകോടി രൂപയാണ്. മുകളില്‍ പറഞ്ഞ കുടിശ്ശികപണം കൊടുത്തുതീര്‍ത്താല്‍ മറ്റ് പദ്ധതികളെല്ലാം അവതാളത്തിലാകും. ഇത് കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഇതിന് പരിഹാരമുണ്ടാകണമെങ്കില്‍ പാര്‍പ്പിട പദ്ധതികള്‍ക്കായി വര്‍ധിപ്പിച്ച തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയേ മതിയാകൂ. പുതിയ മാര്‍ഗനിര്‍ദേശത്തിലൂടെ, ജനപ്രതിനിധികള്‍ക്കും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കുമെതിരെ സര്‍ക്കാരിനുള്ള അസഹിഷ്ണുത ഒന്നുകൂടി പുറത്തുവന്നു. ഉദ്യോഗസ്ഥമേധാവിത്വമാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. പ്രോജക്ടുകള്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥന്‍ അതിന്റെ പരിശോധനയും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. മാര്‍ഗരേഖയിലെ "പ്രോജക്ട് പരിശോധനയും സാങ്കേതികാനുമതി നല്‍കലും" എന്ന ഭാഗം, ഏത് വിധത്തിലാണ് ജനകീയാധികാരം ഇല്ലാതാക്കുന്നത് എന്നും ഉദ്യോഗസ്ഥ മേധാവിത്വം പുനഃസ്ഥാപിക്കുന്നതെങ്ങനെ എന്നും വ്യക്തമാക്കുന്നു.

ജില്ലാ ആസൂത്രണ സമിതികള്‍ വളരെ കാര്യക്ഷമമായി ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രോജക്ടുകള്‍ പരിശോധിച്ച് അനുമതി നല്‍കിവരികയായിരുന്നു. ഡിപിസിയുടെ ഭാഗമായിരുന്ന സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജില്ലാ പ്ലാനിങ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്ന പ്രോജക്ടുകളാണ് ഡിപിസിക്കു മുന്നില്‍ എത്തിച്ചേരുന്നത്. ഡിപിസി ആകട്ടെ ഉന്നതമായ ജനാധിപത്യ സ്ഥാപനമാണ്. ത്രിതല പഞ്ചായത്തുകളും നഗരസഭകളും വോട്ടുചെയ്ത് തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് അതിലെ അംഗങ്ങള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കലക്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന ഉന്നത ജനാധിപത്യ സംവിധാനമാണത്.

ജനാധിപത്യത്തിന് കാല്‍ക്കാശിന്റെ വില കല്‍പ്പിക്കാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഡിപിസിയെ നോക്കുകുത്തിയാക്കുന്നത് എന്തിനാണെന്നറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ല. തവിട് തിന്നവന്റെ തകൃതിപോലെയാണ് മാര്‍ഗരേഖയില്‍ ഉടനീളം വികസനപദ്ധതികളെക്കുറിച്ചുള്ള വായ്ത്താരികള്‍ കമ്പോട് കമ്പ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ സംയോജിത നീര്‍ത്തടപരിപാലനം നിര്‍ബന്ധമാണെന്നും ഭക്ഷ്യവിളകളുടെ വിള വിസ്തൃതിയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ച് ഉല്‍പ്പാദന വര്‍ധന സാധ്യമാക്കണമെന്നും പരമ്പരാഗത ജലസ്രോതസ്സുകള്‍ നിലനിര്‍ത്തണമെന്നും മാര്‍ഗരേഖ ഉദ്ഘോഷിക്കുന്നു. മൃഗ-പക്ഷി സമ്പത്ത് വര്‍ധിപ്പിച്ച് പാല്‍, മുട്ട, മാസം എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ആഹ്വാനം മറ്റൊരു ഭാഗത്ത്. സ്വയംതൊഴില്‍സംരംഭങ്ങളെക്കുറിച്ചും വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ നിരവധി പദ്ധതികളെക്കുറിച്ചും മാര്‍ഗരേഖ വാചാലമാകുന്നുണ്ട്. ഇതിന് പണം കണ്ടെത്താനുള്ള സൂത്രവിദ്യകൂടി മഞ്ഞളാംകുഴി അലിയുടെയും മുനീറിന്റെയും പച്ചപുതച്ച ബുദ്ധി രാക്ഷസന്മാര്‍ പറഞ്ഞുതരേണ്ടതായിരുന്നു. കുടിവെള്ളപദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ 10 ശതമാനം ഗുണഭോക്തൃവിഹിതം തദ്ദേശസ്ഥാപനത്തിലടച്ച് രസീത് വാങ്ങണമെന്ന വ്യവസ്ഥ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനുള്ള നിര്‍ദേശം മാത്രമാണ്.

മഹാനായ രാജ്യതന്ത്രജ്ഞന്റെ നാമം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചേക്കുമോ എന്ന് ഭയന്ന് ഇ എം എസ് പാര്‍പ്പിടപദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഉത്തരവ് നല്‍കി. പുതിയ ഭവനപദ്ധതിയെക്കുറിച്ച് മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നത് ഒരു ആത്മാര്‍ഥതയും ഇല്ലാതെയാണെന്നു പറയേണ്ടിവരും. പഞ്ചവത്സരപദ്ധതി മാര്‍ഗരേഖ കേരളം കണ്ട തികഞ്ഞ അബദ്ധപഞ്ചാംഗമാണെന്ന് നിസ്സംശയം പറയാം. തനത് ഫണ്ട് ഉപയോഗിക്കാന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്നും ആശുപത്രിയില്‍ മരുന്നിന് പ്രോജക്ട് വയ്ക്കാന്‍ ഡിഎംഒയുടെ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്നും പറയുന്നത് പദ്ധതിനിര്‍വഹണത്തെ സങ്കീര്‍ണമാക്കാനാണ്.

പ്രത്യേക ഘടകപദ്ധതി പ്രകാരമുള്ള പണം ഉപയോഗിച്ച് പട്ടികജാതി കോളനിക്കകത്ത് റോഡ് നിര്‍മിക്കാനേ പറ്റൂ എന്നും കോളനിക്ക് പുറത്തേക്ക് റോഡ് പാടില്ലെന്നും നിര്‍ദേശിക്കുന്നത് എത്തരം പാണ്ഡ്യത്യമാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. കേരളത്തിലെ പൗരസമൂഹത്തിന്റെ ഇഴകീറിയ വിശകലനത്തിനും പരിശോധനയ്ക്കും ഈ മാര്‍ഗരേഖ വിധേയമാക്കണം. ഇതിലെ വികസന നിഷേധപരമായ നിലപാടുകള്‍ കക്ഷിപരിഗണനകള്‍ക്കതീതമായി എതിര്‍ക്കപ്പെടണം. വിമര്‍ശത്തെ സമചിത്തതയോടെ കണ്ട് തെറ്റുകളും പോരായ്മകളും തിരുത്തി മാര്‍ഗരേഖയുടെ സമഗ്രമായ പരിഷ്കരണത്തിന് ഔദ്ധത്യ രാഷ്ട്രീയം ഉപേക്ഷിച്ച് ഭരണനേതൃത്വം സന്നദ്ധമാകണം.

*
കെ ഭാസ്കരന്‍ ദേശാഭിമാനി 14 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ കാര്യത്തില്‍ ഒട്ടേറെ പ്രഖ്യാപനം ഉണ്ടായി. പഞ്ചവത്സരപദ്ധതിയെന്ന നിലയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യാനും നടപ്പാക്കാനും പോകുന്നത് എന്ന് എത്രയോ മാസമായി പറഞ്ഞു. എന്നാല്‍, ഈ പദ്ധതി നിര്‍ദേശങ്ങള്‍ സമയബന്ധിതമായി ഉത്തരവിറക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞില്ല. സാമ്പത്തികവര്‍ഷം ആരംഭിച്ച് രണ്ടരമാസം പിന്നിട്ടാണ് (2012 ജൂണ്‍ 15) 12-ാം പഞ്ചവത്സരപദ്ധതി സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയത്. ഈ നിര്‍ദേശമനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിക്ക് ഈ വര്‍ഷത്തെ പദ്ധതിരേഖ തയ്യാറാക്കാന്‍ ചുരുങ്ങിയത് മൂന്നുമാസം വേണം. തുടര്‍ന്ന് പ്രോജക്ടുകള്‍ തയ്യാറാക്കി അംഗീകാരം നേടിയെടുക്കുമ്പോഴേക്ക് മാസങ്ങള്‍ പിന്നിടും. പദ്ധതി നിര്‍വഹണത്തിന് സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനുമുമ്പ് രണ്ടോ മൂന്നോ മാസം കിട്ടിയാലായി.