Friday, July 27, 2012

രാജ്യത്തെ രക്ഷിക്കാന്‍ ഉയരുന്ന യോജിപ്പ്

ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വരെയും സിംഗിള്‍ ബ്രാന്റ് ചില്ലറവില്‍പ്പനമേഖലയില്‍ 100 ശതമാനവും വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ സമസ്ത മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കും എന്ന യാഥാര്‍ഥ്യം സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിനുപോലും നിഷേധിക്കാനാകില്ല. ആത്മഹത്യാപരമാണ് അത്തരം നടപടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ അഭിപ്രായപ്പെട്ടതുമാണ്. ഇന്ത്യക്കോ ഇന്ത്യക്കാര്‍ക്കോ അല്ല അതിന്റെ പ്രയോജനം ലഭിക്കുക. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഏറ്റവുമൊടുവിലത്തെ പ്രസ്താവനയില്‍ അത് ആവര്‍ത്തിച്ച് വ്യക്തമാകുന്നുണ്ട്. ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപത്തിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ അമേരിക്കന്‍ വ്യവസായസമൂഹത്തിന് ആശങ്ക ഉണ്ടെന്നാണ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കിയത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപത്തിന് ആഗ്രഹമുണ്ടെങ്കിലും ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് അമേരിക്കന്‍ വ്യവസായികള്‍ അഭിപ്രായപ്പെട്ടതായി അദ്ദേഹം പരാതിരൂപേണ പറയുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം അത്യാവശ്യമാണെന്നും ആ നിക്ഷേപമാണ് ഇന്ത്യയുടെ സാമ്പത്തികഭാവി തീരുമാനിക്കുകയെന്നും അഭിപ്രായപ്പെട്ടുകൊണ്ട്, താന്‍ ഇന്ത്യയ്ക്ക് നല്ലതുവരാന്‍ ആഗ്രഹിക്കുന്ന സുമനസ്സിനുടമയാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് അഭിമുഖത്തിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ശ്രമിച്ചത്. യാഥാര്‍ഥ്യത്തിന്റെ നേര്‍വിപരീതദൃശ്യമാണിത്. യഥാര്‍ഥത്തില്‍ അമേരിക്കന്‍ ചില്ലറവ്യാപാര ഭീമന്മാര്‍ക്കുവേണ്ടിയുള്ള വക്കാലത്താണ് ഒബാമ ഏറ്റെടുത്തത്. അതിലുമുപരി, ഉപദേശമായി പുറത്തുതോന്നുന്ന ആ വാക്കുകള്‍ താക്കീതിന്റെതും സമ്മര്‍ദത്തിന്റേതുമാണ്. നിങ്ങള്‍ ഉടനെ ചില്ലറവ്യാപാരത്തിന്റെ വാതിലുകള്‍ വാള്‍മാര്‍ട്ടടക്കമുള്ള ഭീമന്മാര്‍ക്ക് തുറന്നുകൊടുത്തുകൊള്ളണം എന്ന് യുപിഎ സര്‍ക്കാരിനോടാവശ്യപ്പെടുകയാണ്, ആ നടപടിയുടെ വേഗം കൂട്ടണമെന്ന് ആജ്ഞാപിക്കുകയാണ് ഒബാമ.

ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയെ വിളിച്ചുവരുത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് "അഭിമുഖം" നല്‍കിയത് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. എല്ലാതലത്തിലും യുപിഎ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി കാര്യംനേടുക എന്ന തന്ത്രത്തിന്റെ ഭാഗമാണിത്. ഇതിനെ അതിജീവിക്കാനുള്ള ത്രാണി യുപിഎ സര്‍ക്കാരിനില്ല. അതുകൊണ്ടുതന്നെ, അമേരിക്കന്‍ പ്രസിഡന്റിന്റെ ആജ്ഞയ്ക്കൊത്തുള്ള നടപടികളാണ് വരുംനാളുകളില്‍ ഉണ്ടാകാന്‍ പോകുന്നത്. ആ അപകടം തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം ഉയര്‍ത്തേണ്ടത് രാജ്യത്തിന്റെ രക്ഷയ്ക്കുതന്നെ അത്യന്താപേക്ഷിതമാണ്. വിദേശനിക്ഷേപം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടിയും ജനതാദള്‍ എസും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സംയുക്തമായി അയച്ച കത്ത്, ആ രംഗത്തെ പ്രതിരോധമുന്നേറ്റത്തിന്റെ ശ്രദ്ധേയമായ ചുവടുവയ്പ്പാണ്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ മുലായംസിങ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, ആര്‍എസ്പി സെക്രട്ടറി അബനി റോയ്, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ജെഡി എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി എന്നിവര്‍ ഒപ്പുവച്ചാണ് കത്തയച്ചത്. എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കൃഷി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് ചില്ലറ വില്‍പ്പനമേഖലയെന്ന് കത്ത് കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു. ബഹുരാഷ്ട്ര കുത്തകകള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ ചെറുകിട കച്ചവടക്കാര്‍ കൂട്ടത്തോടെ കച്ചവടം അവസാനിപ്പിക്കേണ്ടിവരും. വാള്‍മാര്‍ട്ടിന്റെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് നിലവില്‍വന്നാല്‍ ഏതാണ്ട് 1300 ചെറുകിടസ്ഥാപനങ്ങള്‍ പൂട്ടേണ്ടിവരും. 3900 പേര്‍ തൊഴില്‍രഹിതരാകും- കത്ത് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷം തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് ജെഡിയു നേതാവ് ശരത് യാദവ് രംഗത്തുവന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിലുമേറെ അമേരിക്കയുടെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെയും ഇംഗിതം നടപ്പാക്കാനും വാള്‍മാര്‍ട്ട്, ടെസ്കോ, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുന്നതിനുമാണ് യുപിഎ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ലോകത്തില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ കച്ചവടസ്ഥാപനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്താകെ 1.2 കോടി കച്ചവടസ്ഥാപനങ്ങളിലായി നാലുകോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണിത്. 95 ശതമാനവും സ്വയം തൊഴിലായാണ് ഈ സ്ഥാപനങ്ങള്‍ നടത്തുന്നത്. ഇവരുടെ തൊഴില്‍ നഷ്ടപ്പെടുക എന്നതിന് രാജ്യം ദാരിദ്ര്യത്തിന്റെ കൂടുതല്‍ അഗാധമായ ഗര്‍ത്തത്തിലേക്ക് പതിക്കുക എന്നുതന്നെയാണര്‍ഥം. ഏതാണ്ട് 23 ലക്ഷം കോടി രൂപയുടെ വാണിജ്യം നടക്കുന്നതാണ് ഇന്ത്യന്‍ ചില്ലറ വ്യാപാര മേഖല. ആ വലുപ്പംതന്നെയാണ് അമേരിക്കയെ ആകര്‍ഷിക്കുന്നത്. ബഹുരാഷ്ട്ര കുത്തകകളും വിദേശ സര്‍ക്കാരുകളും നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടും ഇടതുപക്ഷ പാര്‍ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കാതിരുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന് അത്തരം നിയന്ത്രണങ്ങളില്ല. അതുകൊണ്ടുതന്നെ രാജ്യതാല്‍പ്പര്യം തകര്‍ക്കുന്ന തീരുമാനങ്ങളുമായി നിര്‍ബാധം മുന്നേറുകയാണവര്‍. അക്കൂട്ടത്തിലൊന്നാണ് ചില്ലറ വ്യാപാര മേഖലയുടെ വാതിലുകള്‍ തുറന്നിടല്‍. ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പിലൂടെ മാത്രമേ ഇത്തരം ജനവിരുദ്ധനയങ്ങളെ തിരുത്തിക്കാന്‍ കഴിയൂ. ആ ചെറുത്തുനില്‍പ്പ് വിശാലമായ ഐക്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും അടിത്തറയില്‍ ഉയര്‍ന്നുവരേണ്ടതാണ്. ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന സുപ്രധാന പ്രശ്നത്തില്‍ ഇപ്പോള്‍ രൂപപ്പെട്ട കൂട്ടായ്മയുടെ പ്രാധാന്യം വളരെ വലുതാണെന്നര്‍ഥം.

*
ദേശാഭിമാനി മുഖപ്രസംഗം 26 ജൂലൈ 2012

No comments: