Tuesday, July 31, 2012

രാഷ്ട്രീയസ്വാതന്ത്ര്യം നിഹനിക്കുന്ന ഫോണ്‍ചോര്‍ത്തല്‍

എംഎല്‍എമാരടക്കമുള്ള രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന് വെളിപ്പെടുത്താനാവില്ല എന്ന നിയമസഭാതലത്തിലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി ഫോണ്‍ചോര്‍ത്തല്‍ നടക്കുന്നുവെന്നതിന്റെ സ്ഥിരീകരണമാണ്. രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നില്ലെങ്കില്‍ അതുപറയാന്‍ ഒരു വിഷമവുമുണ്ടാകേണ്ട കാര്യമില്ല. ചോര്‍ത്തുന്നുണ്ടെങ്കിലേ "വെളിപ്പെടുത്താനാവില്ല" എന്ന മറുപടി നല്‍കേണ്ടതുള്ളൂ. ഇതറിയാന്‍ വിശേഷബുദ്ധിയുടെ ആവശ്യമില്ല. ചോര്‍ത്തുന്നുണ്ട് എന്ന് വ്യക്തമായി മറുപടി നല്‍കാനുള്ള ആഭ്യന്തരമന്ത്രിയുടെ ആര്‍ജവമില്ലായ്മ അവിടെ നില്‍ക്കട്ടെ. എന്നാല്‍, അതിനപ്പുറം സ്വതന്ത്രമായ, ജനാധിപത്യപരമായ പൊതുപ്രവര്‍ത്തനം അസാധ്യമാക്കുന്ന അമിതാധികാര നടപടിയാണ് ഈ ഫോണ്‍ചോര്‍ത്തല്‍ എന്ന ഗൗരവതരമായ പ്രശ്നത്തിലേക്ക് നാടിന്റെ മനസ്സ് ഉണരേണ്ടതുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ നിഹനിക്കാന്‍ ആര്‍ക്കും അനുവാദമില്ല എന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ് ആഭ്യന്തരമന്ത്രിയുടെ നടപടി. വ്യക്തിസ്വാതന്ത്ര്യമെന്നത് സ്വകാര്യതയ്ക്കുള്ള അവകാശംകൂടി ഉള്‍പ്പെട്ടതാണ്. അതിന്മേലുള്ള കടന്നുകയറ്റമാണ് ഫോണ്‍ചോര്‍ത്തല്‍. അതിനപ്പുറം നിര്‍ഭയവും സ്വതന്ത്രവുമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള പൊതുപ്രവര്‍ത്തകരുടെ അവകാശത്തെക്കൂടി ഇത് ഹനിക്കുന്നു. ആ നിലയ്ക്ക് ജനാധിപത്യാവകാശങ്ങളുടെ ധ്വംസനംകൂടിയാണിത്. ഇത് ചെയ്യാന്‍ ആഭ്യന്തരമന്ത്രിക്കോ സംസ്ഥാനസര്‍ക്കാരിനോ ഒരുവിധ അവകാശവുമില്ല.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (PUCL) v/s യൂണിയന്‍ ഓഫ് ഇന്ത്യ എന്ന വിഖ്യാതമായ ഫോണ്‍ടാപ്പിങ് കേസില്‍ സുപ്രീംകോടതി വിധിപ്രസ്താവത്തിനിടെ ഇക്കാര്യം സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കാനുമുള്ള സ്വാതന്ത്ര്യത്തോടുകൂടിയതാണ് വ്യക്തിയുടെ സ്വകാര്യതാസംരക്ഷണ അവകാശം. ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുനല്‍കുന്ന ഈ സ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള ഗുരുതരമായ കടന്നാക്രമണമാണ് ഫോണ്‍ചോര്‍ത്തല്‍ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. "വെളിപ്പെടുത്താനാവില്ല" എന്ന മറുപടിയിലൂടെ ആഭ്യന്തരമന്ത്രിചെയ്തത് സുപ്രീംകോടതി വിലക്കിയ കുറ്റകൃത്യം താനും തന്റെ സര്‍ക്കാരും ചെയ്തുകൊണ്ടിരിക്കുന്നുവെന്നതിന്റെ സ്ഥിരീകരിക്കലാണ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാരിന് ഫോണ്‍ചോര്‍ത്തല്‍ ആവശ്യമായി വരാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട് എന്നത് നേരാണ്. ആ സാഹചര്യങ്ങള്‍ സുപ്രീംകോടതി ജഡ്ജിമാര്‍ എണ്ണമിട്ട് പറഞ്ഞിട്ടുമുണ്ട്.

ഒന്ന്: ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും നേര്‍ക്ക് ഭീഷണി ഉയര്‍ന്നാല്‍.

രണ്ട്: രാഷ്ട്ര സുരക്ഷിതത്വം അപകടപ്പെടുന്നുവെന്നുവന്നാല്‍.

മൂന്ന്: സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുവന്നാല്‍.

നാല്: പൊതുസമൂഹത്തിന്റെ സുരക്ഷ ഭീഷണിയിലായാല്‍.

അഞ്ച്: കുറ്റകൃത്യത്തിന് സമൂഹത്തെയാകെ പ്രേരിപ്പിക്കുന്ന നീക്കങ്ങളുണ്ടാകുന്നുവെന്നുവന്നാല്‍.

ഈ അഞ്ച് സാഹചര്യങ്ങളില്‍ മാത്രമേ ഫോണ്‍ചോര്‍ത്താന്‍ പാടുള്ളൂ. അതും കേന്ദ്ര ആഭ്യന്തരസെക്രട്ടറിയെ അറിയിച്ചുകൊണ്ട്, ആ വഴിയിലൂടെയേ പാടുള്ളൂ.

ഇവിടെ കേരളത്തിലെ എംഎല്‍എമാരും രാഷ്ട്രീയനേതാക്കളും രാഷ്ട്രത്തിന്റെ പരമാധികാരത്തിനോ സുഹൃദ്രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിനോ അതുപോലെ കോടതി പറഞ്ഞ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കോ ആപത്തുണ്ടാക്കുന്ന തരത്തില്‍ ഭീഷണി ഉയര്‍ത്തിയോ? ഉയര്‍ത്തിയെന്ന് ആഭ്യന്തരമന്ത്രിപോലും പറയില്ല. പിന്നെന്തിന് ഫോണ്‍ ചോര്‍ത്തുന്നു? ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, അത് മന്ത്രിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും രാഷ്ട്രീയ ഉപയോഗത്തിനുവേണ്ടി എന്നതാണ്. പക്ഷേ, അങ്ങനെ ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ല. സുപ്രീംകോടതിക്കുപോലും ചില ഉപാധികള്‍ ഇക്കാര്യത്തില്‍ അംഗീകരിക്കേണ്ടിവന്നത് ഇതുസംബന്ധിച്ച മൗലിക നിയമം 1885ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതായതുകൊണ്ടാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാക്കളുടെ നീക്കങ്ങളറിയാന്‍ നിയമത്തിലുണ്ടാക്കിയ പഴുതുകള്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷവും മാറാതെ നിലനില്‍ക്കുന്നു. ആ പഴുതുകള്‍ ഇല്ലാതാക്കുന്ന ഭേദഗതികള്‍ വരുത്താനോ, ദുരുപയോഗം തടയുംവിധം ചട്ടങ്ങളുണ്ടാക്കി നിയമം നിര്‍മിക്കാനോ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെയാണ്, സുപ്രീംകോടതിക്ക് ചില ഉപാധികള്‍ അംഗീകരിക്കേണ്ടിവന്നത്. എന്നാല്‍, ആ ഉപാധികള്‍പോലും സ്വതന്ത്ര രാഷ്ട്രീയപ്രവര്‍ത്തനത്തെ അസാധ്യമാക്കുന്ന തിരുവഞ്ചൂരിന്റെ ജനാധിപത്യവിരുദ്ധനീക്കത്തിന് ന്യായീകരണമാകുന്നില്ല.

നിയമസഭാംഗങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകന്‍ നിയമസഭാ സ്പീക്കറാണ്. എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് വന്നാല്‍ അവര്‍ക്ക് സ്വതന്ത്രമായ നിയമസഭാപ്രവര്‍ത്തനം അസാധ്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു എന്നാണര്‍ഥം, നിയമസഭാ അലക്ഷ്യമാണത്. ഇത്തരമൊരു അവസ്ഥയുണ്ടാകുമ്പോള്‍ സഭയുടെ അവകാശസംരക്ഷണത്തിനായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്ത് നടപടിയാണെടുക്കുന്നത് എന്നതറിയാന്‍ ജനാധിപത്യ കേരളത്തിന് താല്‍പ്പര്യമുണ്ട്. സ്വമേധയാ അദ്ദേഹം നടപടിയുമായി നീങ്ങേണ്ട ഘട്ടമാണിത്.

1988ല്‍ കര്‍ണാടകത്തില്‍ രാമകൃഷ്ണ ഹെഗ്ഡെ സര്‍ക്കാര്‍ പ്രതിപക്ഷാംഗങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം നിയമസഭാതലത്തിലുയര്‍ന്നു. അതേത്തുടര്‍ന്ന് ഹെഗ്ഡെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. എസ് ആര്‍ ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായത് അതേത്തുടര്‍ന്നാണ്. ഫോണ്‍ചോര്‍ത്തല്‍ വിവാദങ്ങള്‍ ഇതുപോലുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയത്തിലുളവാക്കിയ അനുഭവം ഇന്ത്യയിലുണ്ട്. നിയമസഭാംഗങ്ങളുടെയും പൊതുപ്രവര്‍ത്തകരുടെയും സ്വതന്ത്ര- നിഷ്പക്ഷ- നിര്‍ഭയ പൊതുപ്രവര്‍ത്തനത്തെ അസാധ്യമാക്കുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അത്തരം അനുഭവങ്ങള്‍ ഓര്‍ക്കുന്നത് നന്നാകും.

രാജീവ്ഗാന്ധിയുടെ വസതി നിരീക്ഷിക്കാന്‍ രണ്ട് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍മാരെ നിയോഗിച്ചു എന്നാരോപിച്ച് ഒരു കേന്ദ്രമന്ത്രിസഭയെ തകര്‍ത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ രാജീവിന്റെ വസതിക്കടുത്ത് കാണപ്പെട്ടതുകൊണ്ട് കോണ്‍ഗ്രസിന്റെ സ്വതന്ത്ര രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമായി എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രശേഖര്‍ മന്ത്രിസഭയെ തകര്‍ത്ത അതേ പാര്‍ടിയാണ് സ്വതന്ത്രമായ ജനാധിപത്യപ്രവര്‍ത്തനത്തിനുള്ള നിയമസഭാംഗങ്ങളുടെ അവകാശത്തെ നിഹനിച്ച് ഇവിടെ ഫോണ്‍ ചോര്‍ത്തുന്നത്. ജനാധിപത്യവിരുദ്ധമായ ഈ അമിതാധികാരനീക്കം മുളയിലേ നുള്ളണം. അതിനുതക്കവിധം പൊതുസമൂഹത്തിന്റെ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 30 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എംഎല്‍എമാരടക്കമുള്ള രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന് വെളിപ്പെടുത്താനാവില്ല എന്ന നിയമസഭാതലത്തിലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി ഫോണ്‍ചോര്‍ത്തല്‍ നടക്കുന്നുവെന്നതിന്റെ സ്ഥിരീകരണമാണ്. രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നില്ലെങ്കില്‍ അതുപറയാന്‍ ഒരു വിഷമവുമുണ്ടാകേണ്ട കാര്യമില്ല. ചോര്‍ത്തുന്നുണ്ടെങ്കിലേ "വെളിപ്പെടുത്താനാവില്ല" എന്ന മറുപടി നല്‍കേണ്ടതുള്ളൂ. ഇതറിയാന്‍ വിശേഷബുദ്ധിയുടെ ആവശ്യമില്ല. ചോര്‍ത്തുന്നുണ്ട് എന്ന് വ്യക്തമായി മറുപടി നല്‍കാനുള്ള ആഭ്യന്തരമന്ത്രിയുടെ ആര്‍ജവമില്ലായ്മ അവിടെ നില്‍ക്കട്ടെ. എന്നാല്‍, അതിനപ്പുറം സ്വതന്ത്രമായ, ജനാധിപത്യപരമായ പൊതുപ്രവര്‍ത്തനം അസാധ്യമാക്കുന്ന അമിതാധികാര നടപടിയാണ് ഈ ഫോണ്‍ചോര്‍ത്തല്‍ എന്ന ഗൗരവതരമായ പ്രശ്നത്തിലേക്ക് നാടിന്റെ മനസ്സ് ഉണരേണ്ടതുണ്ട്.