Tuesday, July 17, 2012

ആദ്യം തളയ്ക്കേണ്ടത് കോണ്‍ഗ്രസിനെ

കോണ്‍ഗ്രസിന്റെ മഹിളാവിഭാഗം ഔദ്യോഗികമായി തയ്യാറാക്കിയ രാഷ്ട്രീയപ്രമേയത്തെ ഞെട്ടിക്കുന്നത് എന്നേ വിശേഷിപ്പിക്കാനാകൂ. യുഡിഎഫ് ഭരണത്തില്‍ അഞ്ചുവര്‍ഷത്തിനകം മലപ്പുറം മറ്റൊരു പാകിസ്ഥാനാകുമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ നേതൃപരിശീലന ക്യാമ്പിന്റെ രാഷ്ട്രീയപ്രമേയം പറയുന്നത്. "ഈ ഭരണത്തില്‍ ജാതി- മത രാഷ്ട്രീയം വേരുറയ്ക്കുന്നു" എന്നാണ്, സ്വന്തം രാഷ്ട്രീയനേതൃത്വത്തിനുനേരെ കൈചൂണ്ടി മഹിളാ കോണ്‍ഗ്രസ് പറയുന്നത്. അവര്‍ തുടരുന്നു: ""സ്ത്രീകളെ പച്ച ബ്ലൗസ് ധരിപ്പിക്കുന്നതും സ്മാര്‍ട് സിറ്റി പരിപാടിയില്‍ "തൊപ്പി വച്ച പിള്ളേര്‍" മാത്രം വന്നതും 33 എയ്ഡഡ് സ്കൂള്‍ അനുവദിച്ചതും കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക്- ഭൂമിദാനവും യാദൃച്ഛിക സംഭവങ്ങളായി കാണാനാകില്ല. ഭാഷയോ നിറമോ രഹസ്യമായോ പരസ്യമായോ അടിച്ചേല്‍പ്പിക്കുന്ന ഏതു നയവും വര്‍ഗീയതയായി കണക്കാക്കണം. അത്തരം നീക്കങ്ങള്‍ സര്‍ക്കാരിന് അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടായാല്‍ കോണ്‍ഗ്രസ് അതിന്റെ മതനിരപേക്ഷത പ്രകടമാക്കണം."" സംഘപരിവാറിന്റെ വാക്കുകളല്ല ഇതെന്നോര്‍ക്കണം.

"അഞ്ചുവര്‍ഷം കൊണ്ട് ഒരു പ്രത്യേക മതവിഭാഗം മാത്രമുള്ള ജില്ലയായി മലപ്പുറം മാറുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് തന്നെ നല്‍കുന്ന മുന്നറിയിപ്പ്. അങ്ങനെയായാല്‍ മറ്റൊരു പാകിസ്ഥാനായി മലപ്പുറം മാറുമെന്നതില്‍ സംശയമില്ല. നിഷ്കളങ്കരായ സ്ത്രീകളെയാണ് പണവും സ്വാധീനവും ഉപയോഗിച്ച് മതം മാറ്റുന്നത്. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും" എന്നുപോലും പറയാന്‍ അറച്ചുനില്‍ക്കുന്നില്ല മഹിളാ കോണ്‍ഗ്രസ്. രണ്ടു പ്രശ്നങ്ങളാണ് ഇതില്‍ വായിച്ചെടുക്കാവുന്നത്. ഒന്നാമത്തേത്, കോണ്‍ഗ്രസ് അതിന്റെ മതനിരപേക്ഷസ്വഭാവത്തോട് പരിപൂര്‍ണമായി അകന്നുപോകുകയാണെന്നും ആ പാര്‍ടിക്കകത്ത് പച്ചയായ വര്‍ഗീയത പറയാനും പ്രവര്‍ത്തിക്കാനും വിലക്കുകള്‍ ഇല്ലാതായിരിക്കുന്നുവെന്നും. രണ്ടാമത്തെ സംഗതി, യുഡിഎഫ് ഭരണം കേരളത്തെ ഒരിക്കലുമില്ലാത്തവിധം അപകടകരമായി വര്‍ഗീയവല്‍ക്കരിച്ചിരിക്കുന്നു എന്നതാണ്. പ്രമേയരൂപത്തില്‍ പരസ്യപ്പെടുത്താന്‍ മടിയില്ലാത്ത വിധമാണ് മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിനകത്തുതന്നെ ഈ ചിന്ത രൂപപ്പെട്ടതെങ്കില്‍, സമൂഹത്തില്‍ അതുണ്ടാക്കിയേക്കാവുന്ന ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ അര്‍ഥത്തിലും വര്‍ഗീയത പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെയും മന്ത്രിസഭാതീരുമാനത്തെയും മുഖവിലയ്ക്കെടുക്കാതെയാണ്, ഏരിയ ഇന്റന്‍സീവ് ഡെവലപ്മെന്റ് പരിപാടിയില്‍പ്പെട്ട മലബാറിലെ 35 വിദ്യാലയങ്ങള്‍ എയ്ഡഡ് സ്കൂളുകളാക്കുമെന്ന വാശിയില്‍ വിദ്യാഭ്യാസവകുപ്പ് ഉറച്ചുനിന്നത്. കലിക്കറ്റ് സര്‍വകലാശാലയുടെ 40 ഏക്കര്‍ സ്ഥലം ലീഗ് വിലാസം ട്രസ്റ്റുകളെ ഏല്‍പ്പിക്കാനുള്ള തീരുമാനം, അതേ സര്‍വകലാശാലയില്‍ത്തന്നെ 38 സ്വാശ്രയ കോളേജ് ആരംഭിക്കുന്നതില്‍ 28 എണ്ണവും ലീഗ് പ്രമാണിമാര്‍ക്ക് തീറെഴുതിക്കൊടുക്കല്‍, പഞ്ചായത്ത് മന്ത്രി എം കെ മുനീറിന്റെ പിതാവിന്റെപേരിലുള്ള ട്രസ്റ്റിന് തദ്ദേശസ്ഥാപനങ്ങള്‍ 15 കോടിയോളം രൂപ സംഭാവന നല്‍കണമെന്ന ഉത്തരവ്, മലപ്പുറത്തെ മുസ്ലിംലീഗ് എംഎല്‍എയുടെ കൊലവിളിപ്രസംഗക്കേസ് ഏകപക്ഷീയമായി അവസാനിപ്പിച്ചത്, ഇരട്ടക്കൊലക്കേസില്‍ പ്രതിയായ എംഎല്‍എയെ പൊലീസിനെ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നത്- ഇങ്ങനെ യുഡിഎഫിലെ സ്വാധീനം ഉപയോഗിച്ച് മുസ്ലിം ലീഗ് അനേകമനേകം അത്യാചാരങ്ങളാണ് നടത്തിയെടുക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുത്ത് രംഗത്തുവന്നത് ജാതി- മത ശക്തികള്‍ കൂട്ടത്തോടെയാണ്. ഇന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്നതും വിവിധ ജാതി- മത- സങ്കുചിത ശക്തികളില്‍നിന്ന് ഇരന്നുവാങ്ങിയ സഹായത്തിന്റെ ബലത്തിലാണ്. അങ്ങനെ സഹായം നല്‍കിയ ഓരോ ശക്തിക്കും നിക്ഷിപ്ത താല്‍പ്പര്യമുണ്ട്. അവ നടപ്പാക്കുമ്പോള്‍ ഇതരകക്ഷികള്‍ക്ക് അതൃപ്തിയുണ്ടാകും; ഭിന്നതയും വൈരുധ്യവും വളരും. ഇതിന്റെയെല്ലാം ആത്യന്തികഫലം കേരളീയസമൂഹത്തിന്റെ മതനിരപേക്ഷതയുടെ അടിത്തറതന്നെ ഇളക്കുംവിധം വര്‍ഗീയ-വിഭാഗീയചിന്ത വളരും എന്നതാണ്. അത്തരമൊരു സൂചനയാണ് മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ വായിച്ചെടുക്കാവുന്നത്. നിയമസഭയിലെ 20 സീറ്റ് ഭരണത്തെ സ്വന്തംവഴിക്ക് നയിക്കാനുള്ള ഈടുവയ്പായി മുസ്ലിംലീഗ് കാണുമ്പോള്‍, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഒട്ടും വിട്ടുകൊടുക്കാതെ സ്വന്തം നിലയ്ക്ക് ഭരണം നയിക്കുന്നു. ഞാനാണ് മുഖ്യമന്ത്രി എന്ന് ഇവരെ ഓര്‍മിപ്പിക്കേണ്ട ഗതികേട് ഉമ്മന്‍ചാണ്ടിക്ക് വരുന്നു. കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് ഭരണത്തെ ദുരുപയോഗം ചെയ്യുന്നതില്‍ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ പിന്തുണയും സഹായവും ഉറപ്പാക്കിയും വിവാദങ്ങള്‍ കത്തിച്ചും പൊലീസിനെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷത്തിനുനേരെ കടന്നാക്രമണം അഴിച്ചുവിട്ടും യുഡിഎഫിന്റെ നാറുന്ന കഥകളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണമെന്നാല്‍ കൊള്ളയടി മാത്രമായിരിക്കുന്നു. "മിക്കപ്പോഴും ശുഷ്കമായ അജന്‍ഡയാണ് മന്ത്രിസഭായോഗങ്ങളില്‍ ഉണ്ടാകുന്നതെന്നും പുതിയ പദ്ധതിയൊന്നും വരുന്നില്ലെന്നു"മുള്ള മഹിളാ കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍ ഈ അവസ്ഥ തെളിഞ്ഞുകാണാം.

ഏതെങ്കിലുമൊരു കക്ഷിയെ മാത്രം കുറ്റപ്പെടുത്തി മറ്റുള്ളവര്‍ക്ക് കൈകഴുകാനാകില്ല. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ജീര്‍ണതയും തെറ്റായ നയങ്ങളും തന്നെയാണ് പ്രശ്നം. അത് വര്‍ഗീയതയാണ്; അതിന്റെ അപകടമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് അക്കാര്യം ഭാഗികമായെങ്കിലും തുറന്നുപറഞ്ഞിരിക്കുന്നു. സ്വന്തം പാളയത്തുനിന്നുതന്നെയുള്ള ഈ കുറ്റപ്പെടുത്തലിനെ കോണ്‍ഗ്രസ് മുഖവിലയ്ക്കെടുത്തില്ലെങ്കില്‍, വര്‍ഗീയതകളോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ കേരളം കൂടുതല്‍ അപകടങ്ങളിലേക്കാണ് പതിക്കുക. അധികാരം ലഭിക്കാനുള്ള വഴി വര്‍ഗീയപ്രീണനമാണെന്ന ബോധം കോണ്‍ഗ്രസ് ഉപേക്ഷിക്കാത്തിടത്തോളം കേരളത്തിന്റെ തലയ്ക്കുമുകളില്‍ ഈ വാള്‍ തൂങ്ങിക്കിടക്കും. മതനിരപേക്ഷത സംരക്ഷിക്കാനും മതസ്പര്‍ധ വളരാതിരിക്കാനും വര്‍ഗീയതയെ പിടിച്ചുതളയ്ക്കാനും ആദ്യം കോണ്‍ഗ്രസിനെയാണ് നിലയ്ക്കുനിര്‍ത്തേണ്ടത് എന്നാണ് മഹിളാ കോണ്‍ഗ്രസ് പ്രമേയത്തിന്റെ യഥാര്‍ഥ സന്ദേശം.

*
ദേശാഭിമാനി മുഖപ്രസംഗ 17 ജൂലൈ 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കോണ്‍ഗ്രസിന്റെ മഹിളാവിഭാഗം ഔദ്യോഗികമായി തയ്യാറാക്കിയ രാഷ്ട്രീയപ്രമേയത്തെ ഞെട്ടിക്കുന്നത് എന്നേ വിശേഷിപ്പിക്കാനാകൂ. യുഡിഎഫ് ഭരണത്തില്‍ അഞ്ചുവര്‍ഷത്തിനകം മലപ്പുറം മറ്റൊരു പാകിസ്ഥാനാകുമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ നേതൃപരിശീലന ക്യാമ്പിന്റെ രാഷ്ട്രീയപ്രമേയം പറയുന്നത്. "ഈ ഭരണത്തില്‍ ജാതി- മത രാഷ്ട്രീയം വേരുറയ്ക്കുന്നു" എന്നാണ്, സ്വന്തം രാഷ്ട്രീയനേതൃത്വത്തിനുനേരെ കൈചൂണ്ടി മഹിളാ കോണ്‍ഗ്രസ് പറയുന്നത്. അവര്‍ തുടരുന്നു: ""സ്ത്രീകളെ പച്ച ബ്ലൗസ് ധരിപ്പിക്കുന്നതും സ്മാര്‍ട് സിറ്റി പരിപാടിയില്‍ "തൊപ്പി വച്ച പിള്ളേര്‍" മാത്രം വന്നതും 33 എയ്ഡഡ് സ്കൂള്‍ അനുവദിച്ചതും കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക്- ഭൂമിദാനവും യാദൃച്ഛിക സംഭവങ്ങളായി കാണാനാകില്ല. ഭാഷയോ നിറമോ രഹസ്യമായോ പരസ്യമായോ അടിച്ചേല്‍പ്പിക്കുന്ന ഏതു നയവും വര്‍ഗീയതയായി കണക്കാക്കണം. അത്തരം നീക്കങ്ങള്‍ സര്‍ക്കാരിന് അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടായാല്‍ കോണ്‍ഗ്രസ് അതിന്റെ മതനിരപേക്ഷത പ്രകടമാക്കണം."" സംഘപരിവാറിന്റെ വാക്കുകളല്ല ഇതെന്നോര്‍ക്കണം.

മുക്കുവന്‍ said...

ആദ്യം തളയ്ക്കേണ്ടത് ?? blah blah.. blah.