Tuesday, July 10, 2012

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍: സര്‍ക്കാര്‍ ജാഗ്രതയാണ് അനിവാര്യം

ആദ്യഭാഗം ദൈവത്തിന്റെ നാട്ടിലെ നരക ജീവിതങ്ങള്‍

അന്യസംസ്ഥാനത്തൊഴിലാളികളുടെ കൂടെ കേരളത്തിലേക്കെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം ഏറെ ദുരിതംനിറഞ്ഞതാണ്. കുട്ടികള്‍ വ്യാപകമായി ബാലവേലയ്ക്ക് അടിമപ്പെടുമ്പോള്‍ സ്ത്രീകള്‍ ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങള്‍ക്കാണ് വിധേയരാവുന്നത്. സ്ത്രീകള്‍ ലൈംഗികപീഡനങ്ങള്‍ക്കുപുറമെ പെണ്‍വാണിഭത്തിനും ഉപയോഗിക്കപ്പെടുന്നുണ്ട്. അങ്ങനെ കുടിയേറ്റത്തൊഴിലാളികളുടെ സ്ത്രീകളെയും കുട്ടികളെയും കേരളത്തില്‍ വില്‍ക്കുകയാണ്. അനാഥാലയത്തിന്റെ മറവിലും സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന്റെ അഗതിമന്ദിരങ്ങളിലും ചില്‍ഡ്രന്‍സ് ഹോമുകളിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഇത്തരത്തില്‍ പീഡനങ്ങളേറ്റുവാങ്ങുന്നത്. സര്‍ക്കാരിന്റെ മാനസികാരോഗ്യകേന്ദ്രങ്ങളിലും ചില സന്നദ്ധസംഘടനകള്‍ നടത്തുന്ന ഇത്തരം കേന്ദ്രങ്ങളിലും മാനസികവിഭ്രാന്തിയുള്ള നിരവധി സ്ത്രീകളും ദുരിതത്തില്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇവരെ ജന്മനാട്ടിലേക്ക് എത്തിക്കാനുള്ള യാതൊരു നടപടികളും സര്‍ക്കാര്‍ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മതിയായ സുരക്ഷാസൗകര്യങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നില്ല. കുട്ടികളാകട്ടെ മാതാപിതാക്കള്‍ക്കൊപ്പം തൊഴിലിടങ്ങളില്‍തന്നെ കഴിയേണ്ടതായും വരുന്നു. നമ്മുടെ നാട്ടിലുള്ള അംഗനവാടികളിലോ ഡെ കെയര്‍ സെന്ററുകളിലോ അന്യസംസ്ഥാനത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നില്ല. അതോടെ ആ കുട്ടികള്‍ തൊഴിലിടങ്ങളില്‍തന്നെയാണ് കഴിയുന്നത്. ഇതുമൂലം ചെറുപ്രായംമുതലേ കുട്ടികളും ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. കൂടാതെ കരാറുകാരുടെ സഹായത്തോടെതന്നെ ഹോട്ടലുകള്‍പോലുള്ള സ്ഥലങ്ങളിലേക്ക് കുട്ടികളെ ബാലവേലയ്ക്ക് തള്ളിവിടാറുമുണ്ട്. ജോലികള്‍ക്കിടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാനാകാതെ വരുന്നതുമൂലം നിരവധി അപകടങ്ങളും ഇത്തരം മേഖലകളില്‍ നിത്യസംഭവമാണ്. 2012 ജൂണില്‍ കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു നിര്‍മാണമേഖലയില്‍ ട്രോളി വീണാണ് പിഞ്ചുകുഞ്ഞ് മരിച്ചത്.വീട്ടുവേല, ഭിക്ഷാടനം എന്നിവയ്ക്കുപുറമെ  അനാഥാലയങ്ങളിലേക്കും കുട്ടികളെ നിയമവിരുദ്ധമായി അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നുണ്ട്. 2011 മാര്‍ച്ച്മുതല്‍ 2012 ജനുവരി 31വരെ 1131 കുട്ടികളെ കേരള പൊലീസ് ഇത്തരം മാഫിയകളില്‍നിന്ന് മോചിപ്പിച്ചതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

2011-ല്‍ 14 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 22 കുട്ടികളെയാണ് ഗുജറാത്തില്‍നിന്ന് കോഴിക്കോട്ടേക്ക് ഇത്തരം മാഫിയ തട്ടിക്കൊണ്ടുവന്നത്. എന്നാല്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടല്‍മൂലം പൊലീസ് കേസെടുത്ത് കുട്ടികളെ രക്ഷിക്കുകയായിരുന്നു. 2011 ഫെബ്രുവരി 11നാണ് ആലുവയില്‍ ഒരു അഭിഭാഷകന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത തമിഴ്ബാലിക ക്രൂരമായ ശാരീരികപീഡനത്തെ തുടര്‍ന്ന് മരിച്ചത്. കുട്ടിയുടെ മൃതദേഹത്തില്‍ ആഴത്തിലുള്ള  70 മുറിവുകളാണ് ഉണ്ടായിരുന്നത്. ലൈംഗികപീഡനത്തിനുപുറമെ കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് കത്തിച്ച് പൊള്ളിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കേരളത്തിലെത്തുന്ന കുട്ടികളും ക്രൂരമായ പീഡനങ്ങള്‍ക്കാണ് വിധേയരാകുന്നത്.

നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും:  കേരളത്തിലെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി റിട്ട. ജസ്റ്റിസ് ചെയര്‍മാനായുള്ള അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതാണെന്ന് തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാ. മാര്‍ട്ടിന്‍ പുതുശ്ശേരി ചൂണ്ടിക്കാട്ടി. ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ക്കുപുറമെ ജില്ലാകലക്ടര്‍, ലേബര്‍ ഓഫീസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയുംകൂടി  കമ്മീഷനില്‍ അംഗങ്ങളാക്കിയാല്‍ തൊഴിലാളികള്‍ക്കിടയിലെ തൊഴില്‍പരമായ നിയമഘംഘനങ്ങള്‍ക്കുപുറമെ  മനുഷ്യാവകാശ പ്രശ്‌നങ്ങളും ഒരു പരിധിവരെയെങ്കിലും പരിഹരിക്കപ്പെടുമെന്ന് സാമൂഹ്യപ്രവര്‍ത്തകയായ അഡ്വ. എസ് ജെസിന്‍ പറയുന്നു.

 കേരളത്തിലെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളില്‍ 90 ശതമാനംപേരും ദളിത് ആദിവാസി വിഭാഗമായതിനാല്‍ ദുര്‍ബലവിഭാഗത്തോടുള്ള പരിഗണന തൊഴിലാളികളോടും കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദളിത് സംഘടനാപ്രവര്‍ത്തകനായ സി എസ് മുരളി ചൂണ്ടിക്കാട്ടി. തൊഴില്‍വകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുക, ക്ഷേമനിധി അംഗത്വം ഉറപ്പുവരുത്തുക, സര്‍ക്കാരിന്റെ ആരോഗ്യപദ്ധതികളില്‍ പങ്കാളികളാക്കുക, സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കി സൗജന്യ ചികിത്‌സ ഉറപ്പുവരുത്തുക,  അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ കണ്ണനാണയങ്ങളെ തിരിച്ചറിയുക, അന്യസംസ്ഥാനത്തൊഴിലാളികളെ വീട്ടുവേലയ്ക്ക് നിര്‍ത്തുന്ന കുടുംബങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം നടത്തുക,  അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍നിന്ന് അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
(അവസാനിച്ചു)

*
പി ആര്‍ സുമേരന്‍ ജനയുഗം

No comments: