Tuesday, July 24, 2012

ധീരതയും കരുണയും കൈമുതലായ പോരാളി: സിപിഐ എം


ക്യാപ്റ്റന്‍ ലക്ഷ്മിയുടെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. ധീരയായ സ്വാതന്ത്ര്യസമര സേനാനിയും പാവങ്ങളോട് കരുണയുള്ള സമര്‍പ്പണബോധമുള്ള ഡോക്ടറും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ വ്യക്തിയുമാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സിപിഐ എമ്മിലെ തലമുതിര്‍ന്ന അംഗമായ അവര്‍ എല്ലാവരുടെയും ആദരവ് നേടി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രക്ഷാധികാരികളില്‍ ഒരാള്‍കൂടിയാണ്. അസോസിയേഷന്‍ സ്ഥാപിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു. കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ചേര്‍ന്ന അവര്‍ ജീവിതാവസാനംവരെ ആ മൂല്യം കാത്തുസൂക്ഷിച്ചു. മാതാപിതാക്കള്‍ മിശ്രവിവാഹിതരായിരുന്നത് ജാതി ഉച്ചനീചത്വങ്ങള്‍ക്കെതിരായ നിലപാടെടുക്കാന്‍ അവര്‍ക്ക് പ്രേരണയായി.

എംബിബിഎസ് പാസായശേഷം സിംഗപ്പുരിലേക്ക് പോയ അവര്‍ അവിടെ ഇന്ത്യ ഇന്‍ഡിപ്പെന്‍ഡന്റ് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഐഎന്‍എയുടെ ഝാന്‍സിറാണി റജിമെന്റിനെ നയിച്ച് യുദ്ധരംഗത്തു പോയ ക്യാപ്റ്റന്‍ ലക്ഷ്മി പോരാട്ടമുന്നണിയിലും പരിക്കേറ്റ ഐഎന്‍എ ഭടന്മാരുടെ ജീവന്‍ രക്ഷിക്കുന്നതിലും മഹത്തായ പങ്കു വഹിച്ചു. സ്വാതന്ത്ര്യത്തിനുശേഷം കാണ്‍പുരില്‍ താമസമാക്കിയ ക്യാപ്റ്റന്‍ ലക്ഷ്മി പ്രതിഫലം വാങ്ങാതെ ലക്ഷക്കണക്കിനു പാവപ്പെട്ട സ്ത്രീകള്‍ക്ക് വൈദ്യസഹായം നല്‍കി. തന്റെ ക്ലിനിക്കില്‍ മിക്കവാറും എല്ലാ ദിവസവും അവര്‍ പോയിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ തലേദിവസംപോലും വളരെ മോശം ആരോഗ്യത്തിലും അവര്‍ രോഗികളെ കാണാന്‍ ക്ലിനിക്കില്‍ എത്തി. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിനുശേഷം പശ്ചിമബംഗാളില്‍ വൈദ്യസേവനത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ജ്യോതിബസുവിന്റെയും അഭ്യര്‍ഥന മാനിച്ച് അവര്‍ മാസങ്ങളോളം മെഡിക്കല്‍ ക്യാമ്പ് സ്ഥാപിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. ഇതിനുശേഷമാണ് സിപിഐ എമ്മില്‍ ചേരാന്‍ ക്യാപ്റ്റന്‍ ലക്ഷ്മി തീരുമാനിച്ചത്.

കാണ്‍പുര്‍ ജില്ലാ കമ്മിറ്റി അംഗമായും ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പ്രമുഖ കമ്യൂണിസ്റ്റ് വനിതാ നേതാക്കള്‍ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അനിവാര്യതയില്‍ അവര്‍ ശക്തമായി വിശ്വസിച്ചു. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ഒട്ടും ചിന്തിക്കാതെ ലളിതമായി ജീവിച്ച അവര്‍ യുവജനങ്ങള്‍ക്ക് നേതൃനിരയിലേക്ക് വരാന്‍ പ്രോത്സാഹനം നല്‍കി. രാജ്യത്തെ യുവജനങ്ങള്‍ക്ക് എത്രയും പ്രിയപ്പെട്ട മാതൃകാ വ്യക്തിത്വമായി മാറി. ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും രക്തപതാക താഴ്ത്തുകയും ചെയ്യുന്നു. അവരുടെ ജീവിതവും പ്രവര്‍ത്തനവും തലമുറകളെ പ്രചോദിപ്പിക്കും. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മക്കളായ സുഭാഷിണി അലി, അനീസ, പേരക്കുട്ടികള്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെ പാര്‍ടി അനുശോചനം അറിയിച്ചു.

നേതാജിയുടെ ആരാധിക; പിന്നെ സഹപ്രവര്‍ത്തക

എന്നും സുഭാഷ് ചന്ദ്രബോസിന്റെ ആരാധികയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. 1928ല്‍ കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് കൗമാരം പിന്നിട്ടിട്ടില്ലാത്ത ലക്ഷ്മി ആദ്യമായി സുഭാഷ്ചന്ദ്രബോസിനെ കണ്ടത്. യുവാവായിരുന്ന ബോസ് അന്ന് കോണ്‍ഗ്രസിലെ റിബലായാണ് കരുതപ്പെട്ടിരുന്നത്. സമ്മേളനപ്പന്തലിനടുത്ത് ദിവസവും പ്രഭാതത്തില്‍ സുഭാഷിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വളന്റിയര്‍മാര്‍ പരേഡ് നടത്തുന്നതു കാണാന്‍ ലക്ഷ്മിയും പോകുമായിരുന്നു. പിന്നീട് സിംഗപ്പൂര്‍ വാസക്കാലത്താണ് ലക്ഷ്മി സുഭാഷിന്റെ സഹപ്രവര്‍ത്തകയാകുന്നത്. ""ഗാന്ധിജിയിലും നെഹ്റുവിലും കാണാനാകാത്ത സഹിഷ്ണുത അദ്ദേഹത്തില്‍ കണ്ടു"" എന്നാണ് പിന്നീട് ക്യാപ്റ്റന്‍ ലക്ഷ്മി അനുസ്മരിച്ചത്. ""ഗാന്ധിജിയുടെ നിലപാടുകളെ വിമര്‍ശിച്ചിരുന്നപ്പോള്‍ പോലും അദ്ദേഹത്തെ കുറിച്ച് ആദരവോടെ മാത്രമേ നേതാജി സംസാരിച്ചിരുന്നുള്ളൂ.""

സ്വാതന്ത്ര്യ പോരാളികളെയെല്ലാം ഒരുമിപ്പിക്കാന്‍ നേതാജി വളരെ ശ്രമിച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജര്‍മനിയുടെയും ജപ്പാന്റെയും സഹായം തേടിയപ്പോഴും അദ്ദേഹം ഒരിക്കലും ഫാസിസത്തോട് സന്ധിചെയ്തില്ല. സോവിയറ്റ് യൂണിയനെ ആക്രമിച്ചത് തെറ്റായിപ്പോയെന്ന് ഹിറ്റ്ലറോട് നേരിട്ടുപറഞ്ഞ ആളാണ് സുഭാഷ് എന്ന് അവര്‍ ഒരഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയ വിവരം സുഭാഷ് അറിഞ്ഞത് ലക്ഷ്മിയില്‍ നിന്നാണ്. സിംഗപ്പൂരില്‍ നിന്ന് നിര്‍ത്താതെ കാറോടിച്ച് സെരംബാന്‍ അതിഥിമന്ദിരത്തിലെത്തി അവിടെയുണ്ടായിരുന്ന നേതാജിയോട് വിവരം പറഞ്ഞു. നേതാജിയുടെ നേതൃത്വത്തിലുണ്ടാക്കിയ താല്‍ക്കാലിക സര്‍ക്കാരില്‍ ലക്ഷ്മിയും മന്ത്രിയായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായി റംഗൂണിലെ തടവില്‍ കഴിയുമ്പോഴാണ് നേതാജിയുടെ മരണം ലക്ഷ്മി അറിഞ്ഞത്. രാത്രി രണ്ടിന് അമേരിക്കന്‍ ഇന്റലിജന്‍സുകാര്‍ വന്ന് വിവരം പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. പതിവുതട്ടിപ്പെന്നു കരുതി. മൂന്നുതവണ അമേരിക്കന്‍ ബോംബിങ്ങില്‍നിന്ന് നേതാജി രക്ഷപ്പെട്ടിരുന്നു. ഇത്തവണയും അങ്ങനെയാണ് പ്രതീക്ഷിച്ചതെങ്കിലും കേട്ടത് സത്യമാണെന്ന് വൈകാതെ തിരിച്ചറിഞ്ഞു. സുഭാഷിനോടുള്ള ആദരവാണ് തന്റെ മൂത്തമകള്‍ക്ക് സുഭാഷിണി എന്നുപേരിടാന്‍ ലക്ഷ്മിക്ക് പ്രേരണയായത്.

ഐഎന്‍എയില്‍നിന്ന് വിപ്ലവത്തീച്ചൂളയിലേക്ക്

പണിയെടുക്കുന്നവരുടെയും പട്ടിണിക്കാരുടെയും മോചനത്തിന്റെ പതാകയേന്തുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന തിരിച്ചറിവാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെ സിപിഐ എമ്മിലേക്ക് എത്തിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ തോക്കേന്തിയ ധീരവനിത ചെങ്കൊടിയേന്തിയത് കമ്യൂണിസ്റ്റുകാര്‍ക്കെതിരായ വലതുപക്ഷ വിമര്‍ശങ്ങളുടെ മുനയൊടിച്ച സംഭവമായിരുന്നു. ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍, രണ്ടാം ലോകയുദ്ധകാലത്ത്, അവരേക്കാള്‍ അപകടകാരിയായ ഫാസിസ്റ്റ്ചേരിയുടെ സഹായം തേടിയ സുഭാഷ് ചന്ദ്രബോസിന്റെ നിലപാടിനെ വിമര്‍ശിച്ചതിനും ക്വിറ്റ് ഇന്ത്യ സമരകാലത്ത് വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനുമാണ് പിന്തിരിപ്പന്മാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഉറഞ്ഞുതുള്ളിയത്. ജവഹര്‍ലാല്‍ നെഹ്റു അടക്കം ഒരു വിഭാഗം കോണ്‍ഗ്രസുകാരും രണ്ടാംലോകയുദ്ധം നിര്‍ണായകസന്ധിയിലെത്തിയ ആ അവസരത്തില്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിനുകൂലമായിരുന്നില്ല എന്ന വസ്തുത മറച്ചുവച്ചായിരുന്നു കമ്യൂണിസ്റ്റുകാര്‍ക്കെതിരായ നുണപ്രചാരണം.

ഐഎന്‍എയില്‍ ചേരുന്നതിനുമുമ്പുതന്നെ ലക്ഷ്മി കമ്യൂണിസത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. സരോജിനിനായിഡുവിന്റെ സഹോദരി സുഹാസിനിയും ഭര്‍ത്താവ് മലയാളിയായ സി നാരായണന്‍ നമ്പ്യാരുമാണ് കമ്യൂണിസത്തിന്റെ ആദ്യ പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നത്. ജര്‍മനിയിലായിരുന്ന ഈ ദമ്പതികള്‍ അവിടത്തെ കമ്യൂണിസ്റ്റുകാരുമായി ചേര്‍ന്ന് രാജ്യത്തിന്റെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഹിറ്റ്ലര്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ കേരളത്തിലേക്ക് കപ്പല്‍ കയറിയ അവര്‍ ഇവിടെയും വിപ്ലവപ്രവര്‍ത്തനം തുടര്‍ന്നു. മീററ്റ് ഗൂഢാലോചന കേസില്‍ പ്രതിയായി ഒളിവിലായ നമ്പ്യാര്‍ക്ക് ലക്ഷ്മിയുടെ മദ്രാസിലെ വീട്ടിലായിരുന്നു അഭയം നല്‍കിയത്. ഇക്കാലത്ത് എംബിബിഎസും സിജിഒയും പാസായി ലക്ഷ്മി മദ്രാസില്‍ പ്രാക്ടീസ് തുടങ്ങിയിരുന്നു. പിന്നീടാണ് യാദൃശ്ചികമായി സിംഗപ്പുരിലേക്ക് പോയതും ഐഎന്‍എ പോരാളിയായതും. ഇന്ത്യയില്‍ തിരിച്ചെത്തി യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ലക്ഷ്മിയിലെ വിപ്ലവകാരിക്ക് വേഗം മടുത്തു. തടവിലായ ഐഎന്‍എക്കാരുടെ മോചനത്തിന് നെഹ്റുവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമായി യത്നിക്കാത്തതാണ് ലക്ഷ്മിയെ പിന്നോട്ടടിപ്പിച്ചത്.

പോര്‍വീഥിയിലെ പെണ്‍പാരമ്പര്യം

ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലും സ്വാതന്ത്ര്യാനന്തരം ജനകീയ ജനാധിപത്യ പ്രസ്ഥാനത്തിലും വീരേതിഹാസം രചിച്ച ധീരപാരമ്പര്യമാണ് പാലക്കാട് ജില്ലയിലെ ആനക്കര വടക്കത്തുതറവാടിന്. അമ്മു സ്വാമിനാഥനില്‍ തുടങ്ങി ക്യാപ്റ്റന്‍ ലക്ഷ്മിയിലൂടെ സുഭാഷിണി അലിയിലെത്തി നില്‍ക്കുന്നു പോര്‍വീഥിയിലെ പെണ്‍പെരുമയുടെ മഹാപരമ്പര. ഐഎന്‍എ, റാണി ലക്ഷ്മി റെജിമെന്റ്് എന്നിവയിലൂടെ സ്വാതന്ത്ര്യപോരാളികളുടെ വീരനായികയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ അമ്മ അമ്മു സ്വാമിനാഥന്‍ അഖിലേന്ത്യാതലത്തില്‍ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ച മഹതിയായിരുന്നു. അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. സ്വാമിനാഥനാണ് വിവാഹശേഷം അമ്മുവിനെ പഠിപ്പിച്ചത്. മദ്രാസ് വിമെന്‍സ് അസോസിയേഷന്‍ പ്രസിഡന്റും അഖിലേന്ത്യാ വനിതാ സംഘടന സെക്രട്ടറിയുമായിരുന്ന അമ്മു "42ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് "44 വരെ ജയില്‍വാസം അനുഭവിച്ചു. 1934-39ല്‍ മദ്രാസ് നഗരസഭാ അംഗമായിരുന്ന അമ്മു സ്വാമിനാഥന്‍ കേന്ദ്രനിയമസഭയിലും ഭരണഘടനാ നിര്‍മാണസഭയിലും അംഗമായി. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ (1952) ലോക്സഭാ അംഗമായ ഇവര്‍ "56 മുതല്‍ 70 വരെ രാജ്യസഭാ അംഗമായി. "78ല്‍ അന്തരിച്ചു.

കെപിസിസി അധ്യക്ഷയായിരുന്ന എ വി കുട്ടിമാളുഅമ്മ, ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചിറ്റമ്മയായിരുന്നു. (അമ്മു സ്വാമിനാഥന്റെ അനുജത്തി). ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്കു പുറമെ ദക്ഷിണേന്ത്യന്‍ ഭാഷയെല്ലാം അവര്‍ക്ക് വശമായിരുന്നു. ദേശീയ മഹിളാ സമാജം, മലബാര്‍ ഹിന്ദി പ്രചാരസഭ എന്നിവയുടെ അധ്യക്ഷയായിരുന്നു. കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സിലിലും മദ്രാസ് സര്‍വകലാശാലാ സെനറ്റിലും അംഗമായിരുന്ന ഇവര്‍ "36ലും "46ലും മദ്രാസ് നിയമസഭാ അംഗമായിരുന്നു. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് പരേതനായ കോഴിപ്പുറത്തു മാധവമേനോന്റെ ഭാര്യയായ ഇവര്‍ 1985ലാണ് മരിച്ചത്. വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയാണ് ക്യാപ്റ്റന്‍ ലക്ഷ്്മിയുടെ സഹോദരി. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന വിക്രം സാരാഭായിയുടെ ഭാര്യ. ഇവരുടെ മകള്‍ മല്ലിക സാരാഭായി നര്‍ത്തകിയും അഭിനേത്രിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. അനുജത്തിയെപ്പോലെ നൃത്തവും വീണയും അഭ്യസിച്ചെങ്കിലും ലക്ഷ്മി തെരഞ്ഞെടുത്തത് ആതുരസേവനത്തിന്റെയും സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും വഴിയായിരുന്നു. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് നേതാവായി ഉയര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെ 1998ല്‍ രാഷ്ട്രം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സുഭാഷിണി അലിയും ദില്ലിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനീസയുമാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മക്കള്‍.

മാഞ്ഞു, ആ സാന്ത്വന സ്പര്‍ശം

ആര്യനഗറിലെ ഗലിയിലുള്ള ലക്ഷ്മി സൈഗാള്‍ ക്ലിനിക്കില്‍ കാത്തിരിക്കാറുള്ള രോഗികള്‍ ഇതുവരെ നിരാശരായിട്ടില്ല. സാന്ത്വനത്തിന്റെ സ്നേഹസ്പര്‍ശവുമായി ക്യാപ്റ്റന്‍ ലക്ഷ്മി സദാസന്നദ്ധയായി അവിടെയുണ്ടാകാറുണ്ട്. ആ കരങ്ങള്‍ സ്പര്‍ശിച്ചാലുള്ള ആശ്വാസത്തിന്റെ അനുഭവങ്ങളാണ് ഈ തെരുവിലെ പാവങ്ങള്‍ക്കുള്ളത്. വിവാഹം കഴിഞ്ഞ് കാണ്‍പുരിലെത്തി തൊട്ടടുത്ത വര്‍ഷം, 1948ലാണ് ഈ ഗലിയില്‍ ക്യാപ്റ്റന്‍ ലക്ഷ്മി ക്ലിനിക്ക് ആരംഭിക്കുന്നത്. ഒരു സിഖ് കുടുംബം അവരുടെ വീടിന്റെ മുറി ക്ലിനിക്കിനായി നല്‍കി. ഗൈനക്കോളജിയിലും ജനറല്‍ മെഡിസിനിലും വൈദഗ്ധ്യമുള്ള ക്യാപ്റ്റന്‍ ലക്ഷ്മി നേരമോ കാലമോ നോക്കാതെ എല്ലാ രോഗികളെയും ശുശ്രൂഷിച്ചു. പാവപ്പെട്ടവര്‍ക്ക് ചികിത്സ സൗജന്യം. മരുന്ന് വാങ്ങാന്‍ പണമില്ലാത്തവരാണെങ്കില്‍ മരുന്നുചീട്ടില്‍ അടയാളമിടും. അത് മരുന്നുകടയില്‍ കൊടുത്താല്‍ മരുന്നിന് പണം വാങ്ങില്ല. പിന്നീട് ഒന്നിച്ച് ക്യാപ്റ്റന്‍ ലക്ഷ്മി തന്നെ ആ കടം തീര്‍ക്കുകയാണ് പതിവ്. ക്ലിനിക്ക് സ്ഥാപിച്ച് നാളുകള്‍ക്കകം ഈ ഗലിതന്നെ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പേരില്‍ അറിയപ്പെട്ടു. ക്ലിനിക്കില്‍ എത്താന്‍ കഴിയാത്ത രോഗികളുടെ അടുത്തേക്ക് ചെല്ലാനും എത്ര ദൂരെയാണെങ്കിലും കുടിലുകളില്‍ച്ചെന്ന് പ്രസവമെടുക്കാനും പാതിരാവില്‍പ്പോലും അവര്‍ വൈമനസ്യം കാണിച്ചില്ല. അവര്‍ അരലക്ഷത്തോളം പ്രസവമെടുത്തിട്ടുണ്ടെന്നാണ് കണക്ക്. ക്യാപ്റ്റന്‍ ലക്ഷ്മിയെ ഒടുവില്‍ ചികിത്സിച്ച ഡോക്ടറും പിറന്നുവീണത് ആ കൈകളില്‍ത്തന്നെയാണ്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വേര്‍പാട് ആര്യനഗറുള്‍പ്പെടെയുള്ള ഗലികളില്‍ ദുഃഖത്തിന്റെ നിഴല്‍ വീഴ്ത്തിയിരിക്കുന്നു. അവര്‍ക്കറിയാം ഇനി ആ സ്നേഹസാന്ത്വനത്തിനായി കാത്തിരിക്കേണ്ടെന്ന്...
(കെ എം വാസുദേവന്‍)

ആനക്കരയുടെ പ്രിയപുത്രി

കൂറ്റനാട് (പാലക്കാട്): ആനക്കരയെന്ന ജന്മഗ്രാമത്തെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ വീരവനിതയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് ഒട്ടേറെ മഹാന്മാരെ സംഭാവന നല്‍കിയ ആനക്കര വടക്കത്ത് തറവാട്ടിലെ അംഗമായിരുന്ന അവര്‍ എത്തിപ്പെട്ടതും പോരാട്ടവീഥിയിലായിരുന്നു. ആനക്കര വടക്കത്ത് തറവാട്ടില്‍ ജനിച്ച് ഇന്ത്യയുടെ ധീരവനിതയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മി ആനക്കര ഗ്രാമത്തിലെ ജനങ്ങളെ ഏറെ സ്നേഹിച്ചു. തിരക്കുകള്‍ക്കിടയിലും ആനക്കരയിലെ വീട്ടിലെത്താന്‍ അവരുടെ ഹൃദയം വെമ്പല്‍കൊള്ളുമായിരുന്നു. 2005 ഒക്ടോബര്‍ 23നാണ് അവര്‍ അവസാനമായി ആനക്കരയിലെത്തിയത്. കുഷ്ഠരോഗം പിടിപെട്ടവരെ അന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഓണസദ്യയും പുടവകളും നല്‍കി. നാട്ടിലെത്തിയാല്‍ വീട്ടിലെ തൊഴിലാളികള്‍ക്കെല്ലാം വസ്ത്രങ്ങളും പണവും നല്‍കാറുണ്ട്. വടക്കത്ത് തറവാടിനെ ആശ്രയിച്ചുകഴിയുന്നവരുടെ കുട്ടികളുടെ പഠനത്തിനും മക്കളുടെ വിവാഹത്തിനും ക്യാപ്റ്റന്‍ ലക്ഷ്മി പ്രത്യേക താല്‍പ്പര്യത്തോടെ സാമ്പത്തികസഹായം നല്‍കുമായിരുന്നു. ആനക്കരയിലെത്തിയാല്‍ തറവാടിന്റെ വിശാലമായ പറമ്പില്‍ ചുറ്റിസഞ്ചരിക്കുന്നതും പതിവ്. നാട്ടിലെത്തിയാല്‍ ഔപചാരികതകള്‍ മാറ്റിവച്ച് വീട്ടമ്മയെപ്പോലെയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. തറവാട്ടിലെ ആയിരത്തഞ്ഞൂറോളംവരുന്ന എല്ലാവരുടെയും പേരുകള്‍വരെ അവര്‍ക്ക് മനഃപാഠം. അതുകൊണ്ടുതന്നെ ലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാര്‍ക്കെല്ലാവര്‍ക്കും ആവേശമാണ്.

ദുരിതംപേറുന്ന സ്ത്രീകളുടെ വഴികാട്ടിയായിരുന്ന, അമ്മ അമ്മുസ്വാമിനാഥന്റെ വഴിയിലൂടെ തന്നെയായിരുന്നു ലക്ഷ്മിയുടെയും യാത്ര. ഐഎന്‍എയുടെ വനിതാ റെജിമെന്റിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ധീരതയുടെ പെണ്‍രൂപമായി മാറിയ അവര്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വന്തം ജീവിതം നാടിനുവേണ്ടി മാറ്റിവച്ച് സേവനത്തിന്റെ പാത സ്വീകരിച്ചത് പുതുതലമുറയ്ക്ക് മാതൃകയാണ്. ജീവിതസായാഹ്നത്തിലും തന്റെ ക്ലിനിക്കിലെത്തുന്ന അശരണര്‍ക്കും നിര്‍ധനരോഗികള്‍ക്കും ആശ്വാസമേകി അവര്‍ വിശ്രമരഹിതയായി പ്രവര്‍ത്തിക്കുകയായിരുന്നു. വിദ്യാഭ്യാസ-സാംസ്കാരികരംഗത്തും ലക്ഷ്മിയുടെ ഇടപെടല്‍ ആനക്കരയ്ക്ക് മുതല്‍ക്കൂട്ടാണ്. മാതാപിതാക്കളുടെ സ്മരണയ്ക്കായി ലക്ഷ്മി, ആനക്കരയില്‍ സ്വാമിനാഥ ടീച്ചേഴ്സ് ട്രെയ്നിങ് സ്കൂള്‍ ആദ്യം തുടങ്ങി. പിന്നീടത് ഡയറ്റ്ലാബ് സ്കൂളായി മാറുകയും ലക്ഷ്മിയുടെയും മകള്‍ സുഭാഷിണി അലിയുടെയും ഇടപെടലിന്റെയും ഫലമായി സ്വാമിനാഥ ഡയറ്റ്ലാബ് സ്കൂളായി പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. വായനശാലകള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് സിപിഐ എം ആനക്കര ലോക്കല്‍ സമ്മേളനം ആനക്കരയില്‍ നടന്നപ്പോള്‍ റെഡ് വളന്റിയര്‍മാര്‍ച്ചിന്റെ സല്യൂട്ട് സ്വീകരിക്കാന്‍ ക്യാപ്റ്റന്‍ ലക്ഷ്മി എത്തി. നാട്ടിലെത്തിയാല്‍ മറ്റ് സിപിഐ എമ്മിന്റെ പൊതുപരിപാടികളിലും ഇവര്‍ സജീവസാന്നിധ്യമാണ്. ആനക്കരയുടെ സാംസ്കാരിക -സാമൂഹ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വിയോഗം ആനക്കര ഗ്രാമത്തിന് തീരാനഷ്ടമാണ്.
(സി കെ ഉണ്ണിക്കൃഷ്ണന്‍)

ഓര്‍മകളില്‍ നിറയുന്ന ലക്ഷ്മിയേടത്തി

പാലക്കാട്: ആനക്കരയിലെ വടക്കത്ത് വീട് ക്യാപ്റ്റന്‍ ലക്ഷ്മിക്ക് എന്നും സ്നേഹംതുളുമ്പുന്ന ഓര്‍മയാണ്. ഏറെക്കാലമൊന്നും ഈ വീട്ടില്‍ ചെലവഴിച്ചിട്ടില്ലെങ്കിലും അമ്മ ജനിച്ച മണ്ണിനോട് ലക്ഷ്മിക്ക് എപ്പോഴും നിറഞ്ഞ വാത്സല്യവും അടുപ്പവുമായിരുന്നു. രാജ്യമാകെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെന്ന ധീരവനിതയെക്കുറിച്ച് പറയുമ്പോള്‍ വടക്കത്തുവീട്ടുകാര്‍ക്ക് ആയിരം നാവാണ്. ഇപ്പോള്‍ വടക്കത്ത് വീട്ടിലുള്ള ചന്ദ്രശേഖരന് ലക്ഷ്മിയെക്കുറിച്ച് 1946 മുതലുള്ള ഓര്‍മയാണുള്ളത്. ലക്ഷ്മിയുടെ ജ്യേഷ്ഠത്തി എ വി കുഞ്ഞിലക്ഷ്മിയമ്മയുടെ മകന്റെ മകനാണ് ചന്ദ്രശേഖരന്‍. 1946ല്‍ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് കോഴിക്കോട്ട് നാട്ടുകാര്‍ സ്വീകരണം നല്‍കിയത് ചന്ദ്രശേഖരന്റെ ഓര്‍മയിലുണ്ട്. ചന്ദ്രശേഖരന്‍ അന്ന് സ്കൂള്‍ വിദ്യാര്‍ഥിയാണ്. ബാല്യകാലത്തുള്ള ലക്ഷ്മിയുടെ ഫോട്ടോ കൈയിലെടുത്ത് അദ്ദേഹം ഓര്‍മ പങ്കുവച്ചു.

""കോഴിക്കോട്ടെത്തിയ ലക്ഷ്മിയേട്ടത്തി ആനക്കരയിലെ വടക്കത്ത് വീട്ടിലും വന്നു. തന്നോട് വല്യ സ്നേഹമായിരുന്നു. കാണുമ്പോഴെല്ലാം നന്നായി പഠിക്കാന്‍ ഉപദേശിക്കും. എന്തെങ്കിലും സമ്മാനവും നല്‍കും. ലക്ഷ്മിയേടത്തി തറവാട്ട് വീട്ടിലെത്തിയാല്‍പ്പിന്നെ ഉത്സവാന്തരീക്ഷമാണ്. നാട്ടുകാരെല്ലാം കാണാനെത്തും. കുട്ടികളുമായി ആശയവിനിമയം നടത്തും. പാര്‍ടി പരിപാടികളില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്താറുണ്ട്. എല്ലാവരോടും നല്ല അടുപ്പവും സ്നേഹവുമായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുന്ന വലിയ മനസ്സായിരുന്നു ഏടത്തിയുടേത്. കലിക്കറ്റ് സര്‍വകലാശാല ലക്ഷ്മിയേടത്തിക്ക് ഡോക്ടറേറ്റ് നല്‍കുന്ന ചടങ്ങില്‍ അവര്‍ക്കുവേണ്ടി ബഹുമതി ഏറ്റുവാങ്ങിയത് ഞാനാണ്. ഇത് ജീവിതത്തില്‍ അഭിമാനവും ആവേശവും ഉണ്ടാക്കിയ മുഹൂര്‍ത്തമാണ്. ഈയിടെ എനിക്ക് ഒരു ടവല്‍ സമ്മാനമായി അയച്ചുതന്നിരുന്നു."" ചന്ദ്രശേഖരന്റെ കണ്ണുനിറഞ്ഞു.

ലക്ഷ്മിയുടെ അമ്മാവന്റെ മകള്‍ വിനോദിനി ലക്ഷ്മിയെ കണ്ടിരുന്നത് ആരാധനയോടെയായിരുന്നു. ""ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലും സ്വാതന്ത്ര്യാനന്തരം ജനകീയ ജനാധിപത്യപ്രസ്ഥാനത്തിലും നിറഞ്ഞുനിന്ന പോരാട്ടത്തിന്റെ പ്രതീകമായ ലക്ഷ്മിയേടത്തി ഞങ്ങള്‍ക്ക് ആവേശമായിരുന്നു"". ലക്ഷ്മിയേടത്തിക്കും ഭര്‍ത്താവ് പ്രേംകുമാര്‍ സൈഗാളിനും മദ്രാസിലെ മറീന ബീച്ചില്‍ നല്‍കിയ സ്വീകരണം വിനോദിനി ഓര്‍ക്കുന്നു. ""അന്ന് ഞാന്‍ മദിരാശിയിലായിരുന്നു. വന്‍ ജനാവലിയാണ് സ്വീകരണയോഗത്തില്‍ പങ്കെടുത്തത്. കാണ്‍പുരില്‍ താമസമാക്കിയശേഷം ലക്ഷ്മിയേടത്തി ക്ലിനിക് തുടങ്ങുകയും പാവപ്പെട്ടവര്‍ക്ക് സൗജന്യചികിത്സ നല്‍കുകയും ചെയ്തു. വീട്ടില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ മക്കളെ അവര്‍ സൗജന്യമായി പഠിപ്പിച്ചിരുന്നു. ഒരുതവണ അഹമ്മദാബാദിലെ വീട്ടിലെത്തി ഞങ്ങളോടൊപ്പം താമസിച്ചു. സുഭാഷ്ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇത്. പിന്നീട് രാഷ്ട്രപതിസ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ പ്രചാരണത്തിനായി ബറോഡയിലെത്തിയപ്പോഴും ഞങ്ങളോടൊപ്പം അല്‍പ്പസമയം ചെലവഴിച്ചു- വിനോദിനി ഓര്‍ക്കുന്നു"".
(സി അജിത്)

ആവേശം തുടിക്കുന്ന ഓര്‍മകള്‍

അവസാനമായി 2005ല്‍ ആനക്കരയിലെ തറവാട് വീട്ടിലെത്തിയ ക്യാപ്റ്റന്‍ ലക്ഷ്മിയെ കണ്ടപ്പോള്‍ അപ്പുനായര്‍ അറിയാതെ സല്യൂട്ട്ചെയ്തുപോയി. ഐഎന്‍എയില്‍ ഒരേകാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഓര്‍മയിലായിരുന്നു അത്. അന്ന് അപ്പുനായര്‍ ഐഎന്‍എയില്‍ ഹവീല്‍ദാര്‍. ലക്ഷ്മിയാണെങ്കില്‍ ക്യാപ്റ്റനും. ഉയര്‍ന്ന റാങ്കുള്ളവരെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യണമെന്നാണ് പട്ടാളച്ചിട്ട. ക്യാപ്റ്റന്‍ ലക്ഷ്മിയെ അപ്പുനായര്‍ ഓര്‍ക്കുന്നത് ബഹുമാനം കലര്‍ന്ന സ്നേഹത്തോടെയാണ്.

ഒരേ കാലഘട്ടത്തില്‍ ഐഎന്‍എയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുവരും ആനക്കര സ്വദേശികള്‍. ലക്ഷ്മിയുടെ വടക്കത്ത് തറവാടിന് തെട്ടടുത്താണ് അപ്പുനായരുടെ പൂക്കോട്ടുമേലേതില്‍ വീട്. തൊണ്ണൂറ്റെട്ടാം വയസ്സിലും പോരാട്ടകാലത്തെ സ്മരണങ്ങള്‍ അദ്ദേഹം നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു. ലക്ഷ്മിയെക്കാള്‍ 14 ദിവസം മുന്നേയാണ് അപ്പുനായര്‍ ജനിച്ചത്. മദ്രാസില്‍ പഠിക്കുകയായിരുന്ന ലക്ഷ്മി കുട്ടിക്കാലത്ത് അവധിദിവസങ്ങളില്‍ തറവാട് വീട്ടില്‍ വരുന്നത് അപ്പുനായര്‍ക്ക് ഓര്‍മയുണ്ട്. അന്നുമുതലുള്ള ബന്ധമാണ്. പിന്നീട് നാടുവിട്ട് പോയ അപ്പുനായര്‍ മദ്രാസിലും പിന്നീട് സിംഗപ്പൂരിലുമെത്തി. ഐഎന്‍എയുടെ രൂപീകരണകാലത്തുതന്നെ അതില്‍ അംഗമായി. ഈ സമയമാണ് ഡോക്ടറായിരുന്ന ലക്ഷ്മിയും ഐഎന്‍എയില്‍ എത്തുന്നത്. പരസ്പരം കണ്ടപ്പോള്‍ വലിയ സന്തോഷമായി. പോരാട്ടത്തിനിടെ തനിക്ക് അസുഖം ബാധിച്ചപ്പോള്‍ ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു ചികിത്സിച്ചത്. പാവങ്ങളോട് സഹാനുഭൂതി കാണിക്കാനുള്ള മനസ്സാണ് വലിയ സമ്പത്തും വിദ്യാഭ്യാസവും ഉണ്ടായിട്ടും പോരാട്ടത്തിന്റെ പാത ലക്ഷ്മി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് അപ്പുനായര്‍ പറയുന്നു. ലക്ഷ്മിയെ ഒരുനോക്കുകൂടി കാണാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇടറിയ വാക്കുകളില്‍ അദ്ദേഹം പറഞ്ഞു.

എന്റെ അമ്മ

മുത്തശ്ശി അമ്മുസ്വാമിനാഥന്‍ ആശുപത്രിക്കിടക്കയില്‍ ആയിരുന്ന സമയത്ത് അവരുടെ നേഴ്സ് സ്വര്‍ണമാലയും മോതിരവും മറ്റും ഊരി അമ്മയുടെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. ഇടയ്ക്ക് ബോധം വീണപ്പോള്‍ തന്റെ മാലയും മോതിരവും എവിടെയെന്ന് മുത്തശ്ശി അന്വേഷിച്ചു. നിങ്ങളുടെ മകള്‍ ലക്ഷ്മിയുടെ കൈയില്‍ കൊടുത്തിട്ടുണ്ടെന്ന് നേഴ്സ് പറഞ്ഞപ്പോള്‍ മുത്തശ്ശി ഉടനെ പറഞ്ഞത്രെ: ""വേഗം അവളുടെ കൈയില്‍നിന്ന് അത് തിരിച്ചുവാങ്ങിക്ക്. ഇല്ലെങ്കില്‍ അവള്‍ അതും കമ്യൂണിസ്റ്റുകാര്‍ക്ക് കൊടുക്കും"". വീട്ടില്‍നിന്ന് ഭക്ഷണവും വസ്ത്രങ്ങളും മോഷ്ടിച്ച് ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലെ പാവപ്പെട്ട രോഗികള്‍ക്ക് വിതരണംചെയ്യുന്ന ശീലമുണ്ടായിരുന്നു അമ്മയ്ക്ക്. ഇടയ്ക്ക് ഇത്തരം മോഷണങ്ങള്‍ക്കിടയില്‍ അവര്‍ കൈയോടെ പിടിക്കപ്പെട്ടിട്ടുമുണ്ട്. ഇതോര്‍ത്താണ് മുത്തശ്ശി അന്ന് അങ്ങനെ പറഞ്ഞത്.

സരോജിനി നായിഡുവിന്റെ സഹോദരിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്ന ആദ്യ വനിതയുമായ സുഹാസിനി ചതോപാധ്യായയുടെ വാക്കുകളിലൂടെയാണ് റഷ്യന്‍ വിപ്ലവേതിഹാസവും അനശ്വര രക്തസാക്ഷിത്വം വഹിച്ച ജര്‍മന്‍ വിപ്ലവകാരികളുടെ വീരചരിതവും അമ്മ കേള്‍ക്കുന്നത്. സുഹാസിനി അവരെ വളരെയധികം സ്വാധീനിച്ചിരുന്നു. പൊതുപ്രവര്‍ത്തകയായ മുത്തശ്ശിയുടെ രാഷ്ട്രീയവിഷയങ്ങളിലുള്ള ഇടപെടലുകളും അമ്മയെ സ്വാധീനിച്ചിട്ടുണ്ട്. സ്വദേശിപ്രസ്ഥാനത്തിന്റെ ഭാഗമായി മദ്രാസില്‍ വീടിന്റെ ഉമ്മറത്തുള്ള പുല്‍ത്തകിടിയില്‍ കൂട്ടിയ തീയിലേക്ക് ഫ്രോക്കുകളും ഷിഫോണ്‍ സാരികളും ഭംഗിയുള്ള പാവക്കുട്ടികളും വീഴുന്ന കാഴ്ച തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അമ്മ പലവട്ടം പറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു. നീണ്ടമുടിയും വലിയകണ്ണുകളും ഉള്ള അമ്മ കുട്ടിക്കാലത്ത് തന്നെ സുന്ദരിയായിരുന്നു. കീഴ്ജാതിക്കാരായ കുട്ടികളോടൊപ്പം കൂട്ടുകൂടിയാല്‍ കണ്ണു പൊട്ടിപ്പോകുമെന്ന് തന്റെ മുത്തശ്ശി പറഞ്ഞപ്പോള്‍ ഉടനെ പുറത്തേക്കോടി കീഴ്ജാതിക്കാരിയായ ഒരു കൊച്ചുകുഞ്ഞിനെ വാരിപ്പുണര്‍ന്നശേഷം അവര്‍ മുത്തശ്ശിയോട് പറഞ്ഞു: ""കണ്ടോ...എന്റെ കണ്ണിന് ഒരു കുഴപ്പവുമില്ല"".

കോളേജ് പഠനം പൂര്‍ത്തിയാക്കിയ ഉടനെ വിദേശത്ത് പോയി ഉപരിപഠനം നടത്താനുള്ള അവസരമുണ്ടായിട്ടും മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ വിഭാഗത്തിന് പഠിക്കാനാണ് അമ്മ ചേര്‍ന്നത്. സിംഗപ്പൂരിലെത്തിയശേഷം നേതാജി സുഭാഷ്ചന്ദ്രബോസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഐഎന്‍എയുടെ വനിതാവിഭാഗമായ ജാന്‍സി റെജിമെന്റിന്റെ റാണിയായും ആസാദ് ഹിന്ദ് ഗവണ്‍മെന്റില്‍ മഹിളാവിഭാഗം മന്ത്രിയായും സേവനമനുഷ്ഠിച്ചു. റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം നേതാജി പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്ക് പൂര്‍ണ സമ്മതമാണെന്ന് അമ്മ പറഞ്ഞു. സഹപ്രവര്‍ത്തകരോട് എന്നും സമഭാവത്തോടെയാണ് അവര്‍ ഇടപഴകിയിരുന്നത്. 1945ല്‍ അറസ്റ്റിലായശേഷം റങ്കൂണില്‍ വീട്ടുതടങ്കലിലായിരുന്നു അമ്മ. തിരിച്ച് ആനക്കരയിലെ തറവാട്ടിലേക്കുള്ള അമ്മയുടെ വരവിന് ഘോഷയാത്രയുടെ പ്രതീതിയായിരുന്നു. പുഴക്കരയിലൂടെ തറവാട്ടിലേക്ക് വന്ന അമ്മയുടെ പിന്നാലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുള്‍പ്പെടെ ഒരു ജാഥയ്ക്കുള്ള ആള്‍ക്കാരുമുണ്ടായിരുന്നെന്ന് ചില ബന്ധുക്കള്‍ പറഞ്ഞിരുന്നു. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും അമ്മയും അച്ഛന്‍ പ്രേം സേഗാളും പഴയ ഐഎന്‍എ സുഹൃത്തുക്കളും ഈ വിജയത്തില്‍ സന്തോഷിച്ചിരുന്നില്ല. രാഷ്ട്രീയത്തെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നതിനും സ്വന്തം തൊഴിലുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും ഇത് കാരണമായി. എന്നാല്‍, അഗതികള്‍ക്കും ആലംബഹീനര്‍ക്കുമുള്ള സഹായസഹകരണങ്ങള്‍ അവര്‍ തുടര്‍ന്നു. വിജയസാധ്യത കുറവായിരുന്നെങ്കിലും 2002ല്‍ രാഷ്ട്രപതിപദവിയിലേക്ക് ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ അമ്മ അതിനെ താരതമ്യപ്പെടുത്തിയത് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളോടാണ്. ""ഞങ്ങള്‍ യുദ്ധം തോറ്റിട്ടുണ്ടാകും. പക്ഷേ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ വിജയിക്കുക തന്നെയാണ് ചെയ്തത്. അതുപോലെ എന്തെങ്കിലും ഇത്തവണയുമുണ്ടാകും""- അവര്‍ അന്ന് പറഞ്ഞു.
(സുഭാഷിണി അലി)

*
കടപ്പാട്: ദേശാഭിമാനി 24 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. ധീരയായ സ്വാതന്ത്ര്യസമര സേനാനിയും പാവങ്ങളോട് കരുണയുള്ള സമര്‍പ്പണബോധമുള്ള ഡോക്ടറും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ വ്യക്തിയുമാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സിപിഐ എമ്മിലെ തലമുതിര്‍ന്ന അംഗമായ അവര്‍ എല്ലാവരുടെയും ആദരവ് നേടി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രക്ഷാധികാരികളില്‍ ഒരാള്‍കൂടിയാണ്. അസോസിയേഷന്‍ സ്ഥാപിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു. കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ചേര്‍ന്ന അവര്‍ ജീവിതാവസാനംവരെ ആ മൂല്യം കാത്തുസൂക്ഷിച്ചു. മാതാപിതാക്കള്‍ മിശ്രവിവാഹിതരായിരുന്നത് ജാതി ഉച്ചനീചത്വങ്ങള്‍ക്കെതിരായ നിലപാടെടുക്കാന്‍ അവര്‍ക്ക് പ്രേരണയായി.