Friday, July 6, 2012

ദൈവകണവും ദൈവവും

പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച മതാത്മക ധാരണകളെയും സങ്കല്‍പ്പങ്ങളെയും തകിടംമറിക്കാന്‍ പോന്നത് എന്ന് കരുതാവുന്ന പുത്തന്‍ അറിവുകളുടെ വിശാലലോകത്തേക്കാണ് "ദൈവകണം" എന്ന് ശാസ്ത്രലോകം വിശേഷിപ്പിച്ച ഹിഗ്സ് ബോസോണ്‍ മനുഷ്യരാശിയെ നയിക്കുന്നത്. ദൈവകണം എന്നാണ് വിശേഷണമെങ്കിലും ദൈവനിര്‍മിതമാണ് പ്രപഞ്ചം എന്ന വ്യവസ്ഥാപിത മതങ്ങളില്‍ പലതിന്റെയും ഉല്‍പ്പത്തിപുരാണങ്ങളുടെ അടിത്തറയെത്തന്നെയാണ് ഈ ആദികണത്തിന്റെ സാന്നിധ്യം ശാസ്ത്രയുക്തിയോടെ തകര്‍ക്കുന്നത് എന്നത് ശ്രദ്ധേയമായ ഒരു വൈരുധ്യമാണ്. ശാസ്ത്രലോകം ഹിഗ്സ് ബോസോണ്‍ എന്ന ആദികണം കണ്ടെത്തിയതായുള്ള വാര്‍ത്ത ഇന്ത്യക്ക് സവിശേഷമായ അഭിമാനം നല്‍കുന്ന ഒന്നാണ്. കാരണം, ഈ കണ്ടെത്തലിന്റെ പിതാവ് പീറ്റര്‍ ഹിഗ്സ് ആണെങ്കിലും പ്രപിതാമഹന്‍ ഇന്ത്യക്കാരനാണ്- കൊല്‍ക്കത്തക്കാരന്‍ സത്യേന്ദ്രനാഥ് ബോസ്.

വാതകത്തിന്റെ തെര്‍മല്‍ ഭാവമാറ്റങ്ങള്‍ സംബന്ധിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ സ്റ്റാറ്റിസ്റ്റിക്കല്‍ പഠനങ്ങളിലെ അപര്യാപ്തത ബോധ്യപ്പെട്ട ബോസ് ക്വാണ്ടം ഫിസിക്സിലെ തന്റെ കണ്ടെത്തലുകള്‍വച്ച് ബ്രിട്ടീഷ് ജേര്‍ണലിന് 1924ല്‍ പ്രബന്ധമെഴുതി അയച്ചു. അവര്‍ അത് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ബോസ് അത് വിശ്രുതശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് അയച്ചുകൊടുത്തു. ഐന്‍സ്റ്റീന്‍ അത് പ്രസിദ്ധീകരിച്ചു. ഇരുവരുംകൂടി ആലോചിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ബോസ്- ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്സുണ്ടാക്കി. ക്വാണ്ടം ഫിസിക്സിന്റെ അടിത്തറയായി അത്. ഫിസിക്സില്‍ ഇതുണ്ടാക്കുന്ന ദൂരവ്യാപകമായ ചലനങ്ങളെക്കുറിച്ച് ഐന്‍സ്റ്റീന്‍ ബോധവാനായിരുന്നു. ബോസ് തന്റെ പ്രബന്ധത്തില്‍ സൂചന നല്‍കുന്നത് ഒരു സബ് ആറ്റമിക് കണത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കിയ ഐന്‍സ്റ്റീന്‍ ബോസിന്റെ കണ്ടെത്തലായ ആ കണത്തിന് ബോസോണ്‍ എന്ന് പേരുകൊടുത്തു. ആ ബോസോണ്‍ ഇത്രകാലം ഒരു സങ്കല്‍പ്പം മാത്രമായിരുന്നെങ്കില്‍, ഇന്നത് യാഥാര്‍ഥ്യമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ആ ഹിഗ്സ് ബോസോണിനെ കണ്ടെത്തിയിരിക്കുന്നു. ഹിഗ്സിന്റെ മാത്രമല്ല, ഐന്‍സ്റ്റീന്റെയും സത്യേന്ദ്രനാഥ് ബോസിന്റെയും സ്മൃതിക്കുമുമ്പില്‍ പ്രണമിക്കേണ്ട ഉജ്വലമുഹൂര്‍ത്തമാണിത്. 99.99 ശതമാനവും കൃത്യമാണ് പുതിയ കണ്ടെത്തല്‍ എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നൂറുശതമാനമാകല്‍ കേവലം ഔപചാരികത മാത്രമാണ്. ബോസോണ്‍ കണ്ടെത്തിയ ബോസിനു മുമ്പില്‍ നാം ആദരവോടെ തലകുനിക്കുക. ഈ പ്രപഞ്ചം നാം കാണുന്ന രൂപത്തിലാകാന്‍ എന്താണ് കാരണമെന്ന കണ്ടെത്തലാണിത്. ഹിഗ്സ് ബോസോണിന്റെ സാന്നിധ്യമാണത്രേ ഈ പ്രപഞ്ചരൂപത്തെ നിര്‍ണയിച്ചത്. ഫ്രാന്‍സിനും സ്വിറ്റ്സര്‍ലന്‍ഡിനുമിടയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലായി തുരങ്കം സൃഷ്ടിച്ച് പ്രപഞ്ചോല്‍പ്പത്തി ഘട്ടത്തിലെ സാഹചര്യങ്ങള്‍ അവിടെ ഒരുക്കി പ്രോട്ടോണുകള്‍ കൂട്ടിമുട്ടിച്ച് നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ചാണ് ബിഗ്ബാങ്ങിന്റെ ചെറുപതിപ്പായ സംഘര്‍ഷം ഉണ്ടാക്കിയത്. കൂട്ടിയിടിയില്‍ ഉണ്ടാകുന്ന മൂലകണങ്ങള്‍ നിമിഷത്തിന്റെ ആയിരത്തിലൊന്നുനേരമേ നിലനില്‍ക്കൂ. അങ്ങനെ മിന്നിപ്പൊലിയുന്ന ഹിഗ്സ് ബോസോണ്‍ പിളര്‍ന്ന് രണ്ട് ഫോട്ടോണുകളാകുന്നതിനെ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് പുതിയ സത്യങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രപഞ്ചത്തെ രൂപപ്പെടുത്തിയ ആറ്റം ഫിസിക്സിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ സുപ്രധാനമായ ഈ ഘടകം- ഹിഗ്സ് ബോസോണ്‍- ഇതുവരെ ശാസ്ത്രത്തിന് വഴങ്ങാത്ത പ്രഹേളികയായി നില്‍ക്കുകയായിരുന്നു. അതിനെ കീഴടക്കി എന്ന് ശാസ്ത്രത്തിന് ഇനി അഭിമാനിക്കാം. ആറുപതിറ്റാണ്ടുനീണ്ട ശാസ്ത്രദൗത്യത്തിന്റെ സാഫല്യമാണിത്. കണികാ ഫിസിക്സിലെ ചേരാത്ത ഇഴകളെ ഇത് ചേര്‍ക്കുന്നു. ദ്രവ്യത്തിന് പിണ്ഡം (mass) നല്‍കുന്നതെന്ത്, പിണ്ഡവും ഗുരുത്വവും (gravity) ചേര്‍ന്ന് എന്തിനും ഭാരം നല്‍കുന്നതെങ്ങനെ തുടങ്ങിയ അടിസ്ഥാനചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്കാണ് ഹിഗ്സ് ബോസോണ്‍ കണ്ടെത്തല്‍ നയിക്കുന്നത്. ഈ ചോദ്യങ്ങള്‍ ആത്യന്തികമായി നയിക്കുന്നത് പ്രപഞ്ചമുണ്ടായതെങ്ങനെ, പ്രപഞ്ചം ഇങ്ങനെയായതെങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്കാണ്. സൈദ്ധാന്തിക സാന്നിധ്യം മാത്രമായിനിന്നിരുന്ന ഹിഗ്സ് ബോസോണ്‍ ഭൗതികസാന്നിധ്യമായി സ്ഥിരീകരിക്കപ്പെട്ടതോടെ പുതിയ ചോദ്യങ്ങളിലേക്കും പുതിയ കണ്ടെത്തലുകളിലേക്കും ശാസ്ത്രലോകം കടക്കും. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് സ്വിസ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ പ്രോട്ടോണുകളുടെ അത്യൂര്‍ജ സംഘര്‍ഷങ്ങള്‍ നടത്തിപ്പോന്നതിന്റെ ആത്യന്തിക ലക്ഷ്യംതന്നെ "ബിഗ് ബാങ്" എന്നറിയപ്പെടുന്ന ആദിമമഹാസ്ഫോടനത്തിലൂടെ പ്രപഞ്ചമുണ്ടായി എന്ന ശാസ്ത്രതത്വത്തിന്റെ ശരിയെ അളക്കാനായിരുന്നു. ആ വഴിയുള്ള വന്‍കുതിച്ചുചാട്ടമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് വ്യവസ്ഥാപിതമതങ്ങള്‍ പ്രചരിപ്പിച്ചുപോന്നിരുന്ന കാര്യങ്ങളുടെ അടിസ്ഥാനമില്ലായ്മയിലേക്ക് വിരല്‍ചൂണ്ടുന്ന പുതിയ കണ്ടെത്തല്‍ മനുഷ്യന്റെ അജയ്യമായ മേധാശക്തിയുടെയും ശാസ്ത്രയുക്തിയുടെയും പതാകയാണ് പ്രപഞ്ചത്തിനുമുകളില്‍ പാറിപ്പറപ്പിക്കുന്നത്. ഫിസിക്സിലെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തെ ഇത് തീവ്രവേഗത്തോടെ മുമ്പോട്ടുകൊണ്ടുപോകുന്നു.

ഹിഗ്സ് ബോസോണ്‍ സിദ്ധാന്തത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്ന ഗുണവിശേഷങ്ങളാണോ, അതോ അവയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഗുണവിശേഷങ്ങളാണോ പുതിയ കണത്തിനുള്ളത് എന്ന കാര്യം അന്വേഷിക്കലാകും ഇനി ഇഋഞച ല്‍ ഉണ്ടാവുക. അതിനുശേഷമേ നൂറുശതമാനം വിജയം എന്ന് അവര്‍ പറയൂ. ആ സാങ്കേതികത്വത്തിന് കാത്തിരിക്കലാണ് ഇപ്പോഴത്തെ വിജയത്തെ 99.99 ശതമാനമെന്നതില്‍ ശാസ്ത്രജ്ഞര്‍ ഒതുക്കിനിര്‍ത്തുന്നത്. ദ്രവ്യം എന്തുകൊണ്ടുണ്ടാക്കിയതാണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് മനുഷ്യരാശി നീങ്ങുകയാണ്. കണികാ ഭൗതികത്തിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ വിട്ടുനിന്ന ഒരു കണ്ണി- ദൈവകണം - കൂടിച്ചേരുകയാണ്. ഈ സ്റ്റാന്‍ഡേര്‍ഡ് മോഡലാണ് മതങ്ങളുടെ ഉല്‍പ്പത്തി പുരാണങ്ങളെ ചോദ്യംചെയ്ത ശാസ്ത്രത്തിന്റെ പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തത്തിന്റെ അടിത്തറ. വിട്ടുപോയ കണ്ണി- അത് ദൈവകണമെന്ന പേരിലാണെങ്കില്‍ക്കൂടി- ശരിവയ്ക്കുന്നത് മതങ്ങളുടെ ഉല്‍പ്പത്തിപ്പുരാണങ്ങളെയല്ല, മറിച്ച് ശാസ്ത്രത്തിന്റെ ഉല്‍പ്പത്തിസിദ്ധാന്തത്തെത്തന്നെയാണ്. ആത്മീയതയ്ക്കുമേലേ ഭൗതികത അതിന്റെ സത്യാത്മകത ഉറപ്പിക്കുകകൂടിയാണ് ഇതിലൂടെ.

*
ദേശാഭിമാനി മുഖപ്രസംഗം 06 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച മതാത്മക ധാരണകളെയും സങ്കല്‍പ്പങ്ങളെയും തകിടംമറിക്കാന്‍ പോന്നത് എന്ന് കരുതാവുന്ന പുത്തന്‍ അറിവുകളുടെ വിശാലലോകത്തേക്കാണ് "ദൈവകണം" എന്ന് ശാസ്ത്രലോകം വിശേഷിപ്പിച്ച ഹിഗ്സ് ബോസോണ്‍ മനുഷ്യരാശിയെ നയിക്കുന്നത്. ദൈവകണം എന്നാണ് വിശേഷണമെങ്കിലും ദൈവനിര്‍മിതമാണ് പ്രപഞ്ചം എന്ന വ്യവസ്ഥാപിത മതങ്ങളില്‍ പലതിന്റെയും ഉല്‍പ്പത്തിപുരാണങ്ങളുടെ അടിത്തറയെത്തന്നെയാണ് ഈ ആദികണത്തിന്റെ സാന്നിധ്യം ശാസ്ത്രയുക്തിയോടെ തകര്‍ക്കുന്നത് എന്നത് ശ്രദ്ധേയമായ ഒരു വൈരുധ്യമാണ്.