Friday, July 27, 2012

വീണ്ടും ഒരു എന്‍ട്രന്‍സ് സീസണ്‍

ഇത് സ്‌കൂള്‍ തുറക്കലിന്റെയും മഴയുടെയും പകര്‍ച്ചപ്പനിയുടെയും മാത്രമല്ല പ്രൊഫഷണല്‍ കോളജു പ്രവേശനത്തിന്റെയും കൂടി സീസണ്‍ ആണല്ലോ. ഇത്തവണ സര്‍ക്കാരും സ്വാശ്രയ മാനേജുമെന്റുകളും തമ്മിലുള്ള ചര്‍ച്ചാ പ്രഹസനങ്ങള്‍ പതിവിലും നേരത്തെ തീര്‍ന്നു. അതില്‍ അത്ഭുതമില്ല. മാനേജുമെന്റു ചോദിച്ചതെല്ലാം സര്‍ക്കാര്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സമ്മതിച്ചുകൊടുത്തല്ലോ. അങ്ങനെ മറ്റൊരു ചാകര സീസണ്‍ തുടങ്ങാനായി കാത്തിരിക്കുമ്പോഴാണ്  ഓര്‍ക്കാപ്പുറത്ത്  ഇടിത്തീ വീണത്. ഏതോ ഒരു സാമദ്രോഹി കൊടുത്ത പൊതു താത്പര്യ ഹര്‍ജിയില്‍ നിലവാരമില്ലാത്ത എന്‍ജിനീയറിംഗ് കോളജുകളൊക്കെ പൂട്ടിക്കണം എന്ന്  കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. ഇത് സാധാരണ സര്‍ക്കാരുമായി നടത്തുന്ന ഒളിച്ചുകളി ചര്‍ച്ചയൊന്നുമല്ല. സംഗതി സീരിയസ് ആണ്. ആവശ്യത്തിന് അധ്യാപകരും സന്നാഹങ്ങളും ഇല്ലാത്തതും യോഗ്യതയില്ലാത്തവര്‍ പഠിപ്പിക്കുന്നതും യോഗ്യതയില്ലാത്തവരെ ചേര്‍ക്കുന്നതും പത്തിലൊരാള്‍  പോലും പാസ്സാകാത്തതും എല്ലാം കോടതിയില്‍ തെളിവ് ആയിക്കഴിഞ്ഞു. ചാനലുകളിലും പത്രങ്ങളിലും സ്വാശ്രയപ്പിരാന്ത് തുടങ്ങിക്കഴിഞ്ഞ ശേഷം ആദ്യമായി സമൂഹം ഉണര്‍ന്നെഴുന്നേറ്റു ചോദിച്ചുതുടങ്ങിയിരിക്കുന്നു 'എങ്ങോട്ടാണ് ഈ പോക്ക്?' ഈ ചോദ്യം ഇതുവരെ വേണ്ടത്ര ഗൗരവത്തോടെ ഉയര്‍ത്തിയില്ല എന്നത് നമ്മുടെ ഒരു വലിയ വീഴ്ച തന്നെയാണ്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജു  പോലെയുള്ള പ്രശസ്തമായ സ്ഥാപനങ്ങളില്‍ നിന്ന്  നല്ല നിലയില്‍ പാസ്സാകുന്ന കുട്ടികള്‍ക്ക് കിട്ടുന്ന നല്ല ജോലികള്‍ കണ്ടു മോഹിച്ച് അതുപോലെ നാടുമുഴുവന്‍ എന്‍ജിനീയറിംഗ് കോളജുകള്‍ ഉണ്ടായാല്‍, ആഗ്രഹിക്കുന്നവര്‍ക്കൊക്കെ എന്‍ജിനീയര്‍മാര്‍ ആകാമല്ലോ എന്ന് നാം ചിന്തിച്ചുപോയി.

ഈ സന്ദര്‍ഭത്തില്‍ പഴയൊരു കഥയാണ് ഓര്‍മ വരുന്നത്. ഒരിക്കല്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ തലവനോട് ഒരു സന്ദര്‍ശകന്‍ ചോദിച്ചുവത്രേ: 'സര്‍, എന്താണ് നിങ്ങളുടെ ഗുണമേന്മയുടെ രഹസ്യം? എങ്ങനെയാണ് ഇതേ ഔന്നത്യമുള്ള ഒരു സ്ഥാപനം കെട്ടിപ്പടുക്കുക?' അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:  'സുഹൃത്തെ, അതാ മനോഹരമായ ആ പുല്‍ത്തകിടി കണ്ടുവോ? അത് എങ്ങനെയാണ് ഉണ്ടാക്കുക എന്നറിയുമോ? ഏറ്റവും നല്ല മണ്ണ് ഒരുക്കുക; എന്നിട്ട് ഏറ്റവും നല്ല വിത്തു വിതയ്ക്കുക. അനന്തരം വേണ്ട പരിചരണം നല്‍കുക. മുടങ്ങാതെ വെള്ളവും വളവും കൊടുത്തുകൊണ്ടേ ഇരിക്കുക. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇതുപോലെ മനോഹരമായ പുല്‍ത്തകിടി താനേ ഉണ്ടായ് വരും!' അതുപോലെ തന്നെയാണ് മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളും. ഏറ്റവും നല്ല അധ്യാപകരെ നിയമിക്കുക. ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക. മികവുറ്റ പഠന ബോധന പ്രവര്‍ത്തനങ്ങള്‍ക്ക്  ആവശ്യമായ പഠന സാമഗ്രികള്‍ തയാറാക്കുക. എന്നിട്ട്  അവര്‍ക്ക്  സ്വച്ചന്തമായി പ്രവര്‍ത്തിക്കാന്‍ സഹായകമായ അന്തരീക്ഷം  സൃഷ്ടിക്കുക. ഔന്നത്യം താനെ ഉണ്ടായ് വരും. അല്ലാതെ അത് സര്‍ക്കാര്‍ ഉത്തരവുകൊണ്ടോ പണം ഒഴുക്കിയതുകൊണ്ടോ കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റില്ല.

അടുത്തകാലത്ത് ഇവിടെ 'വേള്‍ഡ് ക്ലാസ് യൂണിവേഴ്‌സിറ്റി ഉണ്ടാക്കും' എന്നൊക്കെ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ കേള്‍ക്കുകയുണ്ടായി. അതുപോലെ ഇവിടെ സ്വാശ്രയ കോളജുകള്‍ തുടങ്ങിയ കാലത്ത്  'പത്തുകൊല്ലം  കൊണ്ട്  ഞങ്ങളുടെ കോളജിനെ തിരുവനന്തപുരം എന്‍ജിനീയറിംഗ്  കോളജിനെക്കാള്‍ മികച്ച കോളജ് ആക്കിക്കാണിക്കാം' എന്ന്  വീരവാദം മുഴക്കിയവരും ഉണ്ടായിരുന്നു. അവരൊക്കെ നല്ല അധ്യാപകരും ഭരണകര്‍താകളും ഭാവനാ സമ്പന്നരും ആയിരുന്നു. അവരുടെ സ്‌പോണ്‍സര്‍മാര്‍ക്ക് ആവശ്യത്തിന് പണവും ചിലവാക്കാന്‍ മനസ്സും ഉണ്ടായിരുന്നു. പക്ഷേ അവര്‍ പുല്‍ത്തകിടിയുടെ കാര്യം മറന്നുപോയി! തലപ്പത്ത് പെന്‍ഷന്‍ പറ്റിയ കുറച്ച് നല്ല അധ്യാപകര്‍ ഉണ്ടായതുകൊണ്ട്  മാത്രം എല്ലാം ശരിയാവില്ല. ഉയര്‍ന്ന യോഗ്യതയും അധ്യാപന പരിചയവും ഉള്ള മധ്യനിര ആണ് ഏതു ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നട്ടെല്ല്. അതാണു മിക്ക സ്വാശ്രയ കോളജുകളിലും ഇല്ലാത്തതും. തലപ്പത്തെ മിടുക്കര്‍ കഴിഞ്ഞാല്‍ പിന്നെ മിക്കയിടത്തും താത്കാലിക തുടക്കക്കാര്‍ മാത്രമേ ഉണ്ടാവൂ. അവരും കൂടെക്കൂടെ മാറികൊണ്ടിരിക്കും. ചിലര്‍ പഠിക്കാന്‍ പോകും. മറ്റു ചിലര്‍ കുറച്ചുകൂടിനല്ല ജോലി കിട്ടിപ്പോകും. പല കോളജുകളിലും ഏ ഐ സി റ്റി സ്‌കെയില്‍ എന്നൊക്കെ പറയുമെങ്കിലും പലപ്പോഴും അത് കടലാസ്സില്‍ മാത്രമായിരിക്കും. മാസം പതിനായിരം രൂപയ്ക്ക് ജോലിചെയ്യുന്ന എന്‍ജിനീയറിംഗ് അധ്യാപകര്‍ വരെ ഉണ്ടത്രേ. (അതുപോലും ശരിക്ക് കൊടുക്കാത്ത മാനേജര്‍മാരും ഉണ്ടെന്ന് കേള്‍ക്കുന്നു.) പിന്നെങ്ങനെ മറ്റു ജോലി തേടി പോകാതിരിക്കും?    ഇതൊന്നും പറ്റാത്തവര്‍ ആയിരിക്കും അവശേഷിക്കുക! അങ്ങനെയുള്ളിടത്ത് എങ്ങനെ പഠിപ്പിക്കല്‍ ശരിയാകും?

വിത്തുഗുണം പത്തുഗുണം എന്നത് പുല്‍ത്തകിടിയുടെ കാര്യത്തില്‍ മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിലും ശരിയാണ്. സ്‌കൂള്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്; ആയിരിക്കണം. അത് മൗലികാവകാശം ആണ്. അവിടെ ആരെയും തോല്‍പ്പിക്കാന്‍ പാടില്ല. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് ഓരോ കുട്ടിയുടെയും ബലവും ദൗര്‍ബല്യവും കാണിച്ചാല്‍ മതി. അതിനനുസരിച്ച് കുട്ടിക്ക് യോജിച്ച മേഖല തിരഞ്ഞെടുക്കാം. പക്ഷേ ഉന്നത വിദ്യാഭ്യാസം അങ്ങനെയല്ല. അത് അതിന്  അര്‍ഹതയുള്ളവര്‍ക്കെ പറ്റൂ. അര്‍ഹത എന്ന് പറഞ്ഞാല്‍ ബൗദ്ധികമായും മാനസികമായും ഉള്ള തയാറെടുപ്പ്  ആണ്. വിശേഷിച്ചും എന്‍ജിനീയറിംഗ് പഠിക്കാന്‍ വരുന്നവര്‍ക്ക് എന്‍ജിനീയറിങ്ങിനോട്  താത്പര്യം ഉണ്ടാകണം. അതിന് പുറമേ കണക്കില്‍ സാമാന്യത്തിലധികം മിടുക്ക് ഉണ്ടായേ തീരൂ. അല്ലെങ്കില്‍ പരീക്ഷ പാസ്സാകാന്‍ വിഷമിക്കും. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ്സില്‍ കണക്കിന് 50 % മാര്‍ക്ക് എങ്കിലും വേണം എന്നതാണ് പണ്ടുമുതല്‍ക്കെ ഉള്ള നിബന്ധന. പക്ഷേ ആ നിബന്ധന വയ്ക്കുന്ന കാലത്ത് 50 % കിട്ടാന്‍ നല്ല പ്രയാസം ആയിരുന്നു. ഇപ്പോള്‍ അതൊരു വലിയ കടമ്പയൊന്നുമല്ല. വാസ്തവത്തില്‍ അത് കുറഞ്ഞത് 60 % എങ്കിലും ആക്കി ഉയര്‍ത്തേണ്ടതാണ്.  പക്ഷേ 50 %  കിട്ടാത്തവര്‍ പോലും പല പഴുതുകളിലൂടെയും കടന്നുവരുന്നു എന്നതാണ് സത്യം. പിന്നെ വിജയശതമാനം കുറയുന്നതില്‍ എന്തിന്  അത്ഭുതപ്പെടണം?

വാസ്തവത്തില്‍ പല കോളജുകളിലും 10 % പേര്‍ പോലും ജയിക്കുന്നില്ല എന്നതിനര്‍ഥം പരീക്ഷയുടെ നിലവാരം കുറഞ്ഞിട്ടില്ല എന്നാണല്ലോ. 40 % പേര്‍ പാസ്സാകാത്ത കോളജുകള്‍ അടച്ചുപൂട്ടും എന്ന് വന്നാല്‍ കൂടുതല്‍ പേരെ ജയിപ്പിക്കാന്‍ സമ്മര്‍ദം ഉണ്ടാകും. അപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്നതുപോലുള്ള മോഡറേഷനും  മാര്‍ക്ക് ദാനവും വര്‍ധിക്കും. അപ്പോഴാണ് ശരിക്കും നിലവാരം ഇടിയുക! അതുകൊണ്ട് കൃത്രിമമായി വിജയശതമാനം കൂട്ടാനല്ല നാം ശ്രമിക്കേണ്ടത്. കണക്കില്‍ നിലവാരം കുറഞ്ഞ കുട്ടികള്‍ എഞ്ചിനീയറിങ്ങിനു ചേരുന്നില്ല എന്നാണ് ഉറപ്പുവരുത്തേണ്ടത്. പക്ഷേ കോളജുകളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരുന്നാല്‍ എങ്ങനെയും സീറ്റ് നിറയ്ക്കാനുള്ള വേവലാതി കൂടും. കഴിഞ്ഞകൊല്ലം 142 എന്‍ജിനീയറിംഗ് കോളജുകളാണ് സംസ്ഥാനത്തു ഉണ്ടായിരുന്നത്. 45000 ത്തോളം സീറ്റുകള്‍. ഇക്കൊല്ലം അധികമായി എട്ടു കോളജുകള്‍ അനുവദിച്ചിരിക്കുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ കോളജുകള്‍ അനുവദിച്ചത്? അടിയന്തിരമായി ചെയ്യേണ്ടത് പുതിയ കോളജുകളുടെ കാര്യത്തില്‍ ഒരു മോറട്ടോറിയം പ്രഖ്യാപിക്കുകയാണ്.
ആവശ്യത്തിന് അധ്യാപകരും സൗകര്യങ്ങളും ഇല്ല എന്ന്  കോടതി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയ  കോളജുകളില്‍ ഇക്കൊല്ലം വിദ്യാര്‍ഥി പ്രവേശനം അനുവദിക്കരുത്. നിശ്ചിതയോഗ്യതയുള്ള അധ്യാപകരും അനുസാരികളും ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അടുത്തകൊല്ലവും പ്രവേശനം അനുവദിക്കാവൂ. അടുത്തകൊല്ലം മുതല്‍ എന്‍ജിനീയറിങ്ങിനു അപേക്ഷിക്കാനുള്ള മിനിമം മാര്‍ക്ക് 60 % ആയി ഉയര്‍ത്തണം. ഇക്കാര്യത്തില്‍ എന്‍ ആര്‍ ഐ വിദ്യാര്‍ഥികള്‍ക്കോ സംവരണ വിഭാഗങ്ങള്‍ക്കോ സൗജന്യം അനുവദിക്കുന്നതിന്റെ പൊരുള്‍ എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. മിനിമം മാര്‍ക്ക് വയ്ക്കുന്നത് അപേക്ഷകരുടെ എണ്ണം കുറയ്ക്കാനല്ല, അതിനേക്കാള്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് എന്‍ജിനീയറിംഗ് പരീക്ഷ പാസ്സാകാന്‍ പ്രയാസം ആണെന്നതുകൊണ്ടാണ്. പരീക്ഷ പാസ്സാകുന്നതില്‍ ആര്‍ക്കും പ്രത്യേക ആനുകൂല്യം ഒന്നുമില്ലല്ലോ. പിന്നെ എന്തിനാണ് പ്രവേശന നിലവാരം താഴ്ത്തി അവരെ പ്രവേശിപ്പിച്ചു തോല്‍ക്കാന്‍ അനുവദിക്കുന്നത്? അതിനുപകരം അവര്‍ അവര്‍ക്ക് താത്പര്യവും കഴിവുമുള്ള മേഖലകളിലേക്ക് പോകട്ടെ.

എന്‍ജിനീയറിങ്ങിനു തോറ്റതുകൊണ്ടോ കണക്കിനു മോശം ആയതുകൊണ്ടോ ഒരുകുട്ടിയും മണ്ടനോ മണ്ടിയോ ആകുന്നില്ല. അവര്‍ക്ക് തീര്‍ച്ചയായും വേറെ എന്തെങ്കിലും മേഖലയില്‍ കഴിവും വാസനയും കാണും. ഇക്കാലത്ത് ഏതു മേഖലയിലായാലും കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ കിട്ടും. അതിന് അനുസരിച്ച് കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും വഴിതിരിച്ചുവിടുകയാണ് വേണ്ടത്.

*
ആര്‍ വി ജി മേനോന്‍ ജനയുഗം 27 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇത് സ്‌കൂള്‍ തുറക്കലിന്റെയും മഴയുടെയും പകര്‍ച്ചപ്പനിയുടെയും മാത്രമല്ല പ്രൊഫഷണല്‍ കോളജു പ്രവേശനത്തിന്റെയും കൂടി സീസണ്‍ ആണല്ലോ. ഇത്തവണ സര്‍ക്കാരും സ്വാശ്രയ മാനേജുമെന്റുകളും തമ്മിലുള്ള ചര്‍ച്ചാ പ്രഹസനങ്ങള്‍ പതിവിലും നേരത്തെ തീര്‍ന്നു. അതില്‍ അത്ഭുതമില്ല. മാനേജുമെന്റു ചോദിച്ചതെല്ലാം സര്‍ക്കാര്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സമ്മതിച്ചുകൊടുത്തല്ലോ. അങ്ങനെ മറ്റൊരു ചാകര സീസണ്‍ തുടങ്ങാനായി കാത്തിരിക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് ഇടിത്തീ വീണത്. ഏതോ ഒരു സാമദ്രോഹി കൊടുത്ത പൊതു താത്പര്യ ഹര്‍ജിയില്‍ നിലവാരമില്ലാത്ത എന്‍ജിനീയറിംഗ് കോളജുകളൊക്കെ പൂട്ടിക്കണം എന്ന് കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു.