Tuesday, July 17, 2012

പശ്ചിമ ബംഗാളില്‍ സ്ത്രീകള്‍ക്കു നേരെ അക്രമം പെരുകുന്നു

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി ഭരണത്തില്‍ വന്നതിനുശേഷം സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ബലാല്‍സംഗങ്ങളും വന്‍തോതില്‍ വര്‍ധിക്കുന്നു. സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമായിരുന്ന സ്ഥലമാണ് വനിതാ മുഖ്യമന്ത്രി അധികാരമേറ്റെടുത്തതിനു ശേഷം വ്യത്യസ്തമായ ചിത്രം കാഴ്ചവെയ്ക്കുന്നത്. സ്ത്രീകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണിപ്പോള്‍ പശ്ചിമ ബംഗാള്‍. ദേശീയ വനിതാ കമ്മിഷന്റേയും നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടേയും റിപ്പോര്‍ട്ടുകളിലാണ് ഇത് എടുത്തു കാട്ടിയത്. ബലാല്‍സംഗ കേസ്സുകളിലും ബംഗാളിന് രണ്ടാം സ്ഥാനമാണ്് നേടാന്‍ കഴിഞ്ഞത്. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ് ഈ വര്‍ദ്ധനവ്. ബംഗാളായിരുന്നു സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ രാജ്യത്ത് ഏറ്റവും താഴെ തട്ടില്‍ നിന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ എടുത്തു കാട്ടുന്നു.

വനിതകള്‍ക്കുനേരെ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന അക്രമണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ദേശീയ വനിതാ കമ്മീഷന്റെ മൂന്നംഗ സംഘം നടത്തിയ പരിശോധനയ്ക്കുശേഷമാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. സംഘം മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും പോലീസ് ഉദ്യോസസ്ഥരേയും സന്ദര്‍ശിച്ച് തങ്ങളുടെ അഭിപ്രായം അറിയിച്ചു. ഏഴു വയസ്സു മുതല്‍ 72 വയസ്സുവരെയുള്ളവര്‍ ആക്രമണത്തിനും ബലാല്‍സംഗത്തിനും ഇരയാകുന്നതായി സംഘം കണ്ടെത്തി. അതില്‍ വീട്ടമ്മമാരും തൊഴിലെടുക്കുന്നവരും, ആദിവാസികളും, മാനസികമായും ശാരീരികമായും അപാകതയുള്ളവരും ഉള്‍പ്പെടുന്നു. പകലും രാവും വ്യത്യാസമില്ലാതെ പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും, വീടുകളിലും, ജോലിസ്ഥലങ്ങളിലും എല്ലാം എപ്പോഴും ഏതു സമയത്തും അക്രമം നടക്കുന്നതായി റിപ്പോര്‍ട്ട് എടുത്തു കാട്ടുന്നു. വളരെ ആശങ്കാജനകമായ വിവരങ്ങളാണ്് റിപ്പോര്‍ട്ട് നല്‍കുന്നത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 44 ശതമാനവും കൂട്ടബലാല്‍സംഗങ്ങളാണ് നടന്നിട്ടുള്ളത്. അതിന് വിധേയരായവരില്‍ 39 ശതമാനം പേരും പ്രായമാകാത്ത പെണ്‍കുട്ടികളാണ്്. 17 ശതമാനം ശാരീരിക - മാനസിക തകരാറുകളുള്ളവര്‍; 8 ശതമാനം ബലാല്‍സംഗങ്ങള്‍ ആശുപത്രികളിലും ട്രയിനുകളിലുമാണ് നടന്നത്. കുറ്റവാളികളായ 44 ശതമാനം പേരെയും പിടിക്കാനോ കേസ്സില്‍പെടുത്താനൊ കഴിഞ്ഞിട്ടില്ല. 25 ശതമാനം കേസ്സുകളില്‍ എഫ്ഐആറുകള്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. അക്രമത്തിനും മാനഭംഗത്തിനും ഇരയാകുന്നവരുടെ പരാതി രജിസ്റ്റര്‍ ചെയ്യാതെയും ശ്രദ്ധിക്കാതെയും തള്ളിക്കളയുന്നു. അവരുടെ സ്വഭാവത്തെ തേജോവധം ചെയ്യുകയും സംശയിക്കുകയും ചെയ്യുന്ന നടപടികളും ധാരാളമായി നടക്കുന്നു. പൊതുജനരോഷവും കോടതി ഉത്തരവുകളും ഉണ്ടായതിനെ തുടര്‍ന്ന് പരാതികള്‍ രജിസ്റ്റര്‍ ചെയ്യുപ്പെടുന്നതും ധാരാളമായുണ്ട്. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളും വളരെ ആശങ്കാജനകമാണ്. ബ്യൂറോയുടെ ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഒട്ടാകെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 12.7 ശതമാനവും ബംഗാളിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 21.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ രംഗത്തുണ്ടായത്. ഇത് ദേശീയ ശരാശരിയേക്കാള്‍ രണ്ടര ഇരട്ടിയാണ്. 2011ല്‍ സംസ്ഥാനത്ത് സ്ത്രീകളുടെ നേരെ വിവിധ തരത്തിലുള്ള 29133 അപരാധങ്ങളാണ് നടന്നത്. അതില്‍ 2363 എണ്ണം ബലാല്‍സംഗ കേസ്സുകളാണ്. 2011 ല്‍ വന്‍തോതിലാണ് കുറ്റം വര്‍ദ്ധിച്ചത്. രാജ്യത്തെ മൊത്തം ബലാല്‍സംഗക്കേസ്സുകളില്‍ 10 ശതമാനവും ബംഗാളില്‍ നിന്നാണ്. മധ്യപ്രദേശാണ് ഇതില്‍ ഒന്നാം സ്ഥാനത്ത് - 14 ശതമാനം. സ്ത്രീധന പീഡനവും സംസ്ഥാനത്ത് വന്‍തോതില്‍ വര്‍ദ്ധിച്ചു. സ്ത്രീധന കലഹം മൂലം സംഭവിക്കുന്ന മരണങ്ങളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനമാണ് ബംഗാളിന്. 510 പേരാണ് സ്ത്രീധന കലഹത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഇവിടെ കൊല്ലപ്പെട്ടത്. സ്ത്രീധന സംബന്ധമായ മറ്റ് ഉപദ്രവങ്ങളുടെ പേരില്‍ ആയിരക്കണക്കിന് കേസ്സുകളും ഉണ്ടാകുന്നു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും സ്ത്രീധന പീഡന കേസ്സുകളും ഏറ്റവും ചുരുങ്ങിയ തോതില്‍ നടക്കുന്ന സ്ഥലമാണ് ബംഗാളെന്ന് ദേശീയതലത്തില്‍ തന്നെ ഖ്യാതി നേടിയിരുന്നിടത്താണ് അപമാനകരമായ മറ്റൊരു ചിത്രം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കാഴ്ച വെയ്ക്കുന്നത്.മൈത്രി എന്ന ഒരു സാമൂഹ്യ സംഘടന നടത്തിയ പഠനത്തിലും ബംഗാളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വന്‍തോതില്‍ വര്‍ദ്ധിച്ചതായി എടുത്തു കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ഇവിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം ഏറ്റവും അധികം പെരുകിയത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ലെന്നും ക്രൈം റിക്കാര്‍ഡസ് ബ്യൂറോ എടുത്തു കാട്ടി. വന്‍തോതില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമം തടയാന്‍ സ്ത്രീകള്‍ക്കുവേണ്ടി 24 മണിക്കൂര്‍ പോലീസ് ഹെല്‍പ് ലൈന്‍ ഉടന്‍ ആരംഭിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേ പോലെ അക്രമത്തിനും ബലാല്‍സംഗത്തിനും ഇരയാകുന്നവരെ സഹായിക്കാന്‍ പ്രത്യേക ഫണ്ട് ഏര്‍പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.

പരാതിയുമായി പോലീസിനെ സമീപിക്കുമ്പോള്‍ അവഹേളനപരമായ നിലപാട് കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തക്കതായ നടപടിയെടുക്കണമെന്നും. മെഡിക്കല്‍ പരിശോധനകള്‍ തക്ക സമയത്തു തന്നെ നടത്തുവാനുള്ള വ്യസ്ഥയും ഏര്‍പ്പാടുകളും ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തന്റെ ഗവണ്‍മെന്റിനെ താറടിക്കുന്നതിനായി ബലാല്‍സംഗങ്ങളും അക്രമങ്ങളും കെട്ടിച്ചമച്ചുണ്ടാക്കുന്നതാണന്ന് ഒരന്വേഷണവും നടത്താതെ തന്നെ മമതാ ബാനര്‍ജി പരസ്യമായി പല തവണ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍, കെട്ടിച്ചമച്ചതായി മുഖ്യമന്ത്രി പറഞ്ഞ പല കേസ്സുകളിലേയും പ്രതികളെ പിന്നിട് പൊതുജന രോഷം മൂലം അറസ്റ്റു ചെയ്യേണ്ടി വന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അതില്‍ പലരും. ആദ്യം മമത തള്ളിപ്പറഞ്ഞ വിവാദമായ കൊല്‍ക്കത്തയിലെ പാര്‍ക്സ്ട്രീറ്റ് ബലാല്‍സംഗ കേസ്സ്, ബാങ്കുറ മെഡിക്കല്‍ കോളേജില്‍ വിധവയെ ആക്രമിച്ച കേസ്സ് എന്നിവ അന്വേഷിച്ച് പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ പെട്ടെന്ന് സ്ഥലം മാറ്റിയതിനേയും കമ്മീഷന്‍ വിമര്‍ശിച്ചു. ഇടതുമുന്നണി ഭരണത്തില്‍ ഇല്ലാത്ത ഗര്‍ഭകഥകളും മാനഹാനി കഥകളും പടച്ചുണ്ടാക്കി അതിന്റെ പേരില്‍ സത്യഗ്രഹങ്ങളും സമരങ്ങളും സംഘടിപ്പിച്ച മമത അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ്് സംസ്ഥാനത്ത് സ്ത്രീകളുടെ നേരെയുള്ള ആക്രമണത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നത്. സ്ത്രീകള്‍ക്ക് എതിരെ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ആക്രമണവും പീഡനവും അവസാനിപ്പിക്കണ മെന്നും ക്രമസമാധാനില സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ജൂലൈ രണ്ടിന് ആയിരക്കണക്കിന് വനിതകള്‍ പ്രകടനവും നിയമലംഘനവും നടത്തി. നിയമലംഘനം നടത്തിയ എണ്ണൂറിലധികം വാളന്റിയര്‍മാര്‍ അറസ്റ്റു വരിച്ചു. നാല് ഇടതുപക്ഷ മഹിളാ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചത്. രാജാ സുബോധ മല്ലിക് സ്ക്വയറില്‍ നിന്നും ആയിരക്കണക്കിന് സ്ത്രീകള്‍ പ്രകടനമായി പോലീസ് ആസ്ഥാനമായ ലാല്‍ ബജാറിലേക്ക് നീങ്ങി. ബി ബി ഗാംഗുലി സ്ട്രീറ്റില്‍ പോലീസ് പ്രകടനം തടഞ്ഞു. അവിടെ യോഗം ചേര്‍ന്നതിനുശേഷം വാളന്റിയര്‍മാര്‍ ലാല്‍ ബജാറിലേക്ക് മാര്‍ച്ച് ചെയ്തു. മാര്‍ച്ച് തടയാന്‍ പോലീസ് ഏര്‍പ്പെടുത്തിയ ബാരിക്കേട് തള്ളിമാറ്റി പ്രകടനക്കാര്‍ മുമ്പോട്ടു നീങ്ങി.

സംസ്ഥാനത്ത് നടാടെ ഒരു വനിതാ മുഖ്യമന്ത്രി അധികാരത്തിലെത്തിയതിനുശേഷം സ്ത്രീകള്‍ക്കു നേരെ അക്രമം വന്‍തോതില്‍ വര്‍ദ്ധിച്ചതായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സാവിത്രി മജുംദാര്‍, സെക്രട്ടറി മിനതി ഘോഷ് എന്നിവര്‍ പറഞ്ഞു.

ബലാല്‍സംഗ കേസ്സുകള്‍ ക്രമാതീതമായി ഉയര്‍ന്നു. ഒരു കാലത്ത് സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായിരുന്ന ബംഗാള്‍ ഇപ്പോള്‍ അവര്‍ക്കെതിരെ അക്രമം നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണന്ന് ദേശീയ വനിതാ കമ്മീഷന്‍ തന്നെ അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് നേതാക്കള്‍ എടുത്തു കാട്ടി. ഭരണകക്ഷി പിന്തുണയുള്ള ആളുകളാണ് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്്. അക്രമികളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും ഭരണ കക്ഷിനേതാക്കളും തുടരുന്നതെന്നും നേതാക്കള്‍ പറഞ്ഞു. സ്ത്രീ സംരക്ഷണത്തില്‍ മുന്നില്‍ നിന്ന പ്രബുദ്ധമായ ബംഗാളിന്റെ സല്‍പേരിന് വന്‍ കളങ്കമാണ് പ്രഥമ വനിതാ മുഖ്യമന്ത്രി നേടി തന്നതെന്ന് നേതാക്കള്‍ അഭിപ്രായപെട്ടു.

*
ഗോപി കൊല്‍ക്കത്ത ചിന്ത 20 ജൂലൈ 2012

1 comment:

paarppidam said...

keralathil pennungalkku maryadakku jeevikkuvaan aakunnila pinne alle paschima bengal