Tuesday, July 31, 2012

പെന്‍ഷന്‍ ഔദാര്യമല്ല; അവകാശമാണ്

""പെന്‍ഷന്‍, ഒരാള്‍ ചെയ്തുതീര്‍ത്ത ആത്മാര്‍ഥമായ സേവനത്തിനുള്ള പ്രതിഫലമാണ്. എന്നാല്‍, അതിലുപരിയായി അത് സാമ്പത്തികസുരക്ഷാ വാഗ്ദാനമാണ്. പ്രായമാവുകയും തൊഴിലെടുക്കാന്‍ ശേഷിയില്ലാതാവുകയും ചെയ്യുന്ന ഘട്ടത്തില്‍ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട സാമൂഹിക- സാമ്പത്തിക നീതിയുടെ സാക്ഷാല്‍ക്കാരമാണത്. പെന്‍ഷന്‍ മാറ്റിവയ്ക്കപ്പെട്ട വേതനമാണ്. പെന്‍ഷന്‍ ഒരവകാശമാണ്. സര്‍ക്കാര്‍തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാറ്റാവുന്നതല്ല ഈ അവകാശം. അത് തൊഴിലുടമയുടെ സൗജന്യമോ ഔദാര്യമോ അല്ല. നല്‍കപ്പെട്ട സേവനത്തിനുള്ള മാറ്റിവച്ച വിഹിതമാണത്.""

മുപ്പതുവര്‍ഷംമുമ്പ് സുപ്രീംകോടതി പ്രസ്താവിച്ച വിധിയിലെ സുപ്രധാന വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. നകാര കേസ് എന്ന പ്രസ്തുത കേസിലെ വിധി പ്രഖ്യാപിച്ചത് ജസ്റ്റിസുമാരായ വൈ ബി ചന്ദ്രചൂഡ്, ഡി ദേശായി, ഒ ചിന്നപ്പറെഡ്ഡി, നൂറുല്‍ ഇസ്ലാം, വി ഡി തുല്‍സാപുകര്‍ എന്നിവരടങ്ങിയ ഭരണഘടനാബെഞ്ചാണ്. ബ്രിട്ടീഷ് ഭരണകാലംമുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സാമൂഹ്യസുരക്ഷാ സംവിധാനമാണ് പെന്‍ഷന്‍. ഈ "അവകാശ"ത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് പെന്‍ഷന്‍ കേവലം "ഔദാര്യ"മാക്കി മാറ്റുകയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലൂടെ ഭരണാധികാരികള്‍.

പുതിയ പദ്ധതിപ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം പെന്‍ഷന്‍ അക്കൗണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം. തുല്യമായ വിഹിതം സര്‍ക്കാരും (തൊഴിലുടമ) അടയ്ക്കണം. ഈ തുക രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ പോകുന്ന വിദേശ ബഹുരാഷ്ട്രകുത്തകകള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്ന പെന്‍ഷന്‍ഫണ്ടുകളില്‍ നിക്ഷേപിക്കും. പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ തുക ഷെയര്‍മാര്‍ക്കറ്റിലും മറ്റും നിക്ഷേപിക്കും. ഷെയര്‍മാര്‍ക്കറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് തുക കുറയുകയോ കൂടുകയോ ചെയ്യാം. റിട്ടയര്‍ ചെയ്യുമ്പോള്‍ ജീവനക്കാരന്റെ പേരില്‍ മൊത്തം ഫണ്ടിലുള്ള തുകയുടെ 60 ശതമാനം തിരിച്ചുനല്‍കും. ബാക്കി 40 ശതമാനം ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ആന്വിറ്റി സ്കീമില്‍ നിക്ഷേപിക്കും. ഈ തുകയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനിയായിരിക്കും പെന്‍ഷന്‍ നല്‍കുക.

ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്ലിലെ 20 (എഫ്) വകുപ്പുപ്രകാരം പുതിയ പെന്‍ഷന്‍ പദ്ധതിക്ക് ഒരുവിധ സര്‍ക്കാര്‍ ഗ്യാരന്റിയും ഉണ്ടായിരിക്കില്ല. ഫണ്ടില്‍ ചേരുന്നവര്‍ "ഓപ്റ്റ്" ചെയ്യുന്ന പദ്ധതിയുടെ കമ്പോളാധിഷ്ഠിത ഗ്യാരന്റിമാത്രമേ പുതിയ നിയമം ഉറപ്പുനല്‍കുന്നുള്ളൂ. ഷെയര്‍മാര്‍ക്കറ്റ് തകര്‍ച്ചയുടെയോ സാമ്പത്തികമാന്ദ്യത്തിന്റെയോ ഫലമായി അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ചതുപോലെ പെന്‍ഷന്‍ഫണ്ട് പൊളിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കാനുള്ള ഒരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല.

പെന്‍ഷനടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടങ്ങള്‍ പിന്മാറണമെന്നും എല്ലാം കമ്പോളത്തിന്റെ നിയമങ്ങള്‍ക്ക് (ആഗോള മൂലധനശക്തികളുടെ ദയാദാക്ഷിണ്യത്തിന്) വിട്ടുകൊടുക്കണമെന്നുമുള്ള ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായാണ് ലോകത്തിലെ മുതലാളിത്ത രാജ്യങ്ങളിലും ഇന്ത്യയിലും പെന്‍ഷന്‍ പരിഷ്കരണ നടപടികള്‍ ആരംഭിച്ചത്. 2001 സെപ്തംബറില്‍ ഇന്ത്യയില്‍ പെന്‍ഷന്‍ പരിഷ്കാരം ആവശ്യപ്പെടുന്ന ഐഎംഎഫ് പഠനം പുറത്തുവന്നു. "IMF work paper on pension Reforms in India" എന്നായിരുന്നു അവരുടെ രേഖയുടെ പേരുതന്നെ. ആഗോള മൂലധനവ്യവസ്ഥയ്ക്കുവേണ്ടിയുള്ള അടിയന്തര സാമ്പത്തിക- സാമൂഹ്യ നടപടികളാണ് പെന്‍ഷന്‍ പരിഷ്കരണമെന്ന് ഐഎംഎഫ് രേഖ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച് എന്‍ഡിഎ ഭരണകാലത്ത് "ഭട്ടാചാര്യ കമ്മിറ്റി"യെ നിയമിച്ചു. ഈ കമ്മിറ്റിയുടെ ശുപാര്‍ശയെന്ന വ്യാജേനയാണ് ഐഎംഎഫിന്റെ ഏതു നിര്‍ദേശവും ശിരസ്സാവഹിക്കുന്ന കേന്ദ്ര- സംസ്ഥാന ഭരണാധികാരികള്‍ പുതിയ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്‍ഡിഎ ഭരണം മാറി യുപിഎ ഭരണത്തിലും ഇതേനയംതന്നെ തുടര്‍ന്നു. ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത പെന്‍ഷന്‍ ഒറ്റയടിക്ക് അവകാശമല്ലാതായി മാറുന്നു എന്നതാണ്. പെന്‍ഷന്‍ഫണ്ടുകള്‍ പൊളിഞ്ഞാല്‍ ഗതകാലസമ്പാദ്യം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നതും മിനിമം പെന്‍ഷന്‍ ലഭിക്കുമെന്ന ഗ്യാരന്റിപോലും സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതും വിലവര്‍ധനയ്ക്കനുസരിച്ച് പെന്‍ഷന് ക്ഷാമബത്ത കിട്ടുന്ന സമ്പ്രദായം ഇല്ലാതാകുമെന്നതും പെന്‍ഷണര്‍ മരിച്ചാല്‍ "ഫാമിലി പെന്‍ഷന്‍" ലഭിക്കില്ല എന്നതും ജിപിഎഫ് നിര്‍ത്തലാക്കുമെന്നതും പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ കേവലം ഭാഗ്യക്കുറിയാക്കുന്നു. പെന്‍ഷന്‍ഫണ്ടുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഓഹരിക്കമ്പോളവും ചേര്‍ന്ന് ജീവനക്കാരുടെയും തൊഴിലാളികളുടെയും പെന്‍ഷന്‍കാരുടെയും നെഞ്ചുപിളര്‍ന്ന് ചോര കുടിക്കും.

*
എം കൃഷ്ണന്‍ (നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് അഖിലേന്ത്യാ സെക്രട്ടറി ജനറലാണ് ലേഖകന്‍)


ദേശാഭിമാനി 31 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

""പെന്‍ഷന്‍, ഒരാള്‍ ചെയ്തുതീര്‍ത്ത ആത്മാര്‍ഥമായ സേവനത്തിനുള്ള പ്രതിഫലമാണ്. എന്നാല്‍, അതിലുപരിയായി അത് സാമ്പത്തികസുരക്ഷാ വാഗ്ദാനമാണ്. പ്രായമാവുകയും തൊഴിലെടുക്കാന്‍ ശേഷിയില്ലാതാവുകയും ചെയ്യുന്ന ഘട്ടത്തില്‍ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട സാമൂഹിക- സാമ്പത്തിക നീതിയുടെ സാക്ഷാല്‍ക്കാരമാണത്. പെന്‍ഷന്‍ മാറ്റിവയ്ക്കപ്പെട്ട വേതനമാണ്. പെന്‍ഷന്‍ ഒരവകാശമാണ്. സര്‍ക്കാര്‍തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാറ്റാവുന്നതല്ല ഈ അവകാശം. അത് തൊഴിലുടമയുടെ സൗജന്യമോ ഔദാര്യമോ അല്ല. നല്‍കപ്പെട്ട സേവനത്തിനുള്ള മാറ്റിവച്ച വിഹിതമാണത്.""