Thursday, July 19, 2012

ഇരയെ പ്രതിയാക്കുന്ന വിദ്യ: റ്റി.പി.വധക്കേസിന്റെ രൂപപരിണാമങ്ങള്‍ അവസാന ഭാഗം

ഒന്നാം ഭാഗം: ചന്ദ്രശേഖരന്‍ വധക്കേസിന്റെ രൂപപരിണാമങ്ങള്‍

രണ്ടാം ഭാഗം: ഒറിജിനല്‍ ഇല്ലാത്ത പകര്‍പ്പ്: റ്റി.പി.വധക്കേസിന്റെ രൂപപരിണാമങ്ങള്‍ രണ്ടാം ഭാഗം

ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവം വലിയ രാഷ്ട്രീയ അനുഗ്രഹമായാണ് യുഡിഎഫ് പൊതുവിലും കോണ്‍ഗ്രസ് പ്രത്യേകിച്ചും കണ്ടത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന ചിന്തയേ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, കേരളത്തില്‍ ആകെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമാക്കാമെന്ന നിലപാടിലേക്ക് അവര്‍ പിന്നീടു മാറി. ഈ നിലപാടുമാറ്റം കൊലപാതകക്കേസ് അന്വേഷണത്തില്‍ കൃത്യമായി പ്രതിഫലിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സിപിഐ എം പ്രാദേശിക നേതാക്കളെ ഒരു സൂചനയുടെപോലും അടിസ്ഥാനത്തിലല്ലാതെ കസ്റ്റഡിയിലെടുക്കുക. അവര്‍ എന്ത് മൊഴി നല്‍കണമെന്ന് പൊലീസുതന്നെ കല്‍പ്പിക്കുക. സത്യവുമായി ഒരു ബന്ധവുമില്ലാത്ത അക്കാര്യങ്ങള്‍ ഏറ്റുപറയാന്‍ അവര്‍ തയ്യാറാകാത്തപ്പോള്‍, തങ്ങള്‍ എഴുതിത്തയ്യാറാക്കിയ മൊഴി അവര്‍ പറഞ്ഞതാണ് എന്ന മട്ടില്‍ മാധ്യമങ്ങള്‍ക്കു നല്‍കുക. അങ്ങനെ ഇല്ലാത്ത "സിപിഐ എം കുറ്റസമ്മതം" കൃത്രിമമായി ഉണ്ടാക്കിയെടുക്കാന്‍ നോക്കുക. ഇതായിരുന്നു പൊലീസ് രീതി. ഈ പ്രക്രിയയിലാണ് "ഉന്നതനു ബന്ധം" എന്നും മറ്റുമുള്ള കഥകള്‍ മാധ്യമങ്ങളില്‍ വന്നത്.

ഇല്ലാത്ത ഉന്നതബന്ധം ഉണ്ടെന്ന പ്രതീതി സൃഷ്ടിച്ചാല്‍ സിപിഐ എമ്മിനെ ജനമനസ്സുകളില്‍നിന്ന് ഒറ്റപ്പെടുത്താനാകും എന്ന കണക്കുകൂട്ടലോടെയാണ് പൊലീസ് നീങ്ങിയത്. ഇത് പൊലീസിന്റെ സ്വന്തം അജന്‍ഡയല്ല, മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അജന്‍ഡയാണ്. ഭൗതികതലത്തില്‍ ബംഗാളിലേതിനു സമാനമായി സംസ്ഥാന വ്യാപകമായി സിപിഐ എമ്മിനെതിരെ അടിച്ചമര്‍ത്തല്‍ നടപ്പാക്കാനും മാനസികതലത്തില്‍ സിപിഐ എമ്മിനെ ജനവിരുദ്ധശക്തിയായി ചിത്രീകരിക്കാനും അങ്ങനെ കേരള രാഷ്ട്രീയത്തില്‍ കാര്യമായ മേല്‍ക്കൈ നേടിയെടുക്കാനുമുള്ള തന്ത്രമാണിത്. വ്യക്തിഹത്യ സിപിഐ എം നയമല്ല. എന്നുമാത്രമല്ല, വ്യക്തിഹത്യയിലധിഷ്ഠിതമായ അതിസാഹസികതാവാദത്തോടു വീട്ടുവീഴ്ചയില്ലാതെ പൊരുതിയാണ് സിപിഐ എം കെട്ടിപ്പടുത്തതുതന്നെ. അതുകൊണ്ടുതന്നെയാണ് ടി പി ചന്ദ്രശേഖരന്‍ വധത്തെ സിപിഐ എം അപലപിച്ചതും പാര്‍ടിനയത്തിനു വിരുദ്ധമായി ഏതെങ്കിലും വ്യക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചതും.

അങ്ങനെ പ്രഖ്യാപിച്ച പാര്‍ടിയെത്തന്നെ പ്രതിക്കൂട്ടിലാക്കാനുള്ള സത്യവിരുദ്ധമായ നീക്കങ്ങള്‍ പിന്നീടുണ്ടായി. അതിന്റെ ഭാഗമായി ഒരു അടിസ്ഥാനവുമില്ലാതെ സിപിഐ എം ജില്ലാനേതാക്കളെവരെ പിടികൂടി കേസില്‍ കുരുക്കാന്‍ ശ്രമമാരംഭിച്ചു. ഇത് സിപിഐ എമ്മിനെ കരിവാരിത്തേയ്ക്കാനുള്ള രാഷ്ട്രീയനീക്കമാണെന്നത് തെളിയുകയാണിന്ന്. പൊതുയോഗത്തിലെ പ്രസംഗം എങ്ങനെ ഗൂഢാലോചനയാകുമെന്നും ജാമ്യം നിഷേധിക്കാന്‍തക്ക തെളിവ് എവിടെയെന്നും ഹൈക്കോടതിക്കുതന്നെ പൊലീസിനോട് ചോദിക്കേണ്ടിവന്നത് ഈ രാഷ്ട്രീയനീക്കം പൊളിയുന്നതിലേക്കുള്ള സൂചനകളാണ്. സി എച്ച് അശോകന്റെയും കെ കെ കൃഷ്ണന്റെയും കേസ് പരിഗണനയ്ക്കുവന്നപ്പോള്‍ ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണനാണ് ഈ ചോദ്യങ്ങളുന്നയിച്ചത്. പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തതെന്നുപറഞ്ഞ
അഡ്വക്കറ്റ് ജനറലിന് ആ ചോദ്യങ്ങള്‍ക്കുമുമ്പില്‍ കൃത്യമായ മറുപടിയുണ്ടായില്ല.

കൊല്ലുന്നവരുടെ പാര്‍ടിയല്ല, കൊല്ലപ്പെടുന്നവരുടെ പാര്‍ടിയാണ് സിപിഐ എം. വേട്ടയാടുന്നവരുടെ പാര്‍ടിയല്ല, വേട്ടയാടപ്പെടുന്നവരുടെ പാര്‍ടിയാണത്. മൊയാരത്ത് ശങ്കരനെയും സെയ്താലിയെയും കുഞ്ഞാലിയെയും സര്‍ദാര്‍ ഗോപാലകൃഷ്ണനെയും അഴീക്കോടന്‍ രാഘവനെയുമൊക്കെ കൊലപ്പെടുത്തിയവരാണിന്ന് മനുഷ്യത്വത്തിന്റെ മാലാഖചമയുന്നത്. ഇവരാരും സംഘട്ടനത്തില്‍ കൊല്ലപ്പെട്ടവരല്ല, പതിയിരുന്ന് ആക്രമിച്ചുകൊന്നതാണ് ഇവരെയൊക്കെ. കേരളത്തില്‍ മറ്റൊരു പ്രസ്ഥാനത്തിന്റെയും ഇത്ര പ്രമുഖരായ നേതാക്കള്‍ കൊലചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 109 പേരാണ് സിപിഐ എമ്മില്‍നിന്ന് കൊലചെയ്യപ്പെട്ടത്. ജി ഭുവനേശ്വരനെയും മുസ്തഫയെയും സുധീഷിനെയും പ്രസാദിനെയും ജോസിനെയും അനീഷിനെയുംപോലെ ഇളംപ്രായത്തിലേ എത്രയോ ഡസന്‍പേര്‍ കോണ്‍ഗ്രസുകാരാല്‍, ആര്‍എസ്എസുകാരാല്‍ ഈ പതിറ്റാണ്ടുകളില്‍ കൊല്ലപ്പെട്ടു.

കൊലചെയ്യപ്പെടുന്നവരുടെ പ്രസ്ഥാനത്തെ കൊലയാളികളുടെ പ്രസ്ഥാനമായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിതശ്രമങ്ങളാണിന്ന് നടക്കുന്നത്. ഇരകളെ പ്രതികളാക്കുന്ന വിദ്യയാണിത്. ഇത് നടത്തുന്നതാകട്ടെ, കൊലപാതക പരമ്പകള്‍ സിപിഐ എമ്മിനെതിരെ നടത്തിയ അതേ രാഷ്ട്രീയശക്തിതന്നെ. ഈ ദുഷ്ടനീക്കത്തില്‍ മുന്‍ കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റുവിരുദ്ധരും നക്സലുകളും മുന്‍ നക്സലുകളും തീവ്രവലതുപക്ഷക്കാരും ബുദ്ധിജീവിനാട്യക്കാരും അരാജകവാദികളും പാര്‍ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐ എമ്മില്‍നിന്ന് പുറത്തായവരും വര്‍ഗീയവാദികളും മാധ്യമമൂലധനശക്തികളുമൊക്കെ മുന്നിട്ട് കൈകോര്‍ത്തുനില്‍ക്കുന്നു. ഈ കാഴ്ചതന്നെയാണ് സിപിഐ എം ആണ് ശരിയെന്നതിന്റെ ഏറ്റവും വലിയ സ്ഥിരീകരണം. വാക്കുകൊണ്ടോ കര്‍മംകൊണ്ടോ മനസ്സുകൊണ്ടോ മൗനംകൊണ്ടോ ഈ സംഘടിതനീക്കത്തെ ആരെങ്കിലും അനുകൂലിക്കുന്നുവെങ്കില്‍ അത് ചരിത്രത്തോടും വരുംതലമുറയോടും ചെയ്യുന്ന മാപ്പില്ലാത്ത കുറ്റകൃത്യമാകും. കാരണം, ഈ പ്രസ്ഥാനമാണ് കേരളത്തെ ഇന്നുകാണുന്ന ആധുനികനാടാക്കി മാറ്റിയത്; വര്‍ഗീയ ഛിദ്രശക്തികള്‍ മതനിരപേക്ഷതയുടെ അടിവേരറുക്കാന്‍ ആക്രമണോത്സുകമായി എത്തിയപ്പോള്‍ നാടിന് കാവല്‍നിന്നത്; സാമ്പത്തികാധിനിവേശങ്ങളിലൂടെ രാജ്യത്തിന്റെ പരമാധികാരം ഞെരിച്ചമര്‍ത്താന്‍ സാമ്രാജ്യത്വം നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളെ വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടി ചെറുക്കുന്നത്.

പാട്ടവ്യവസ്ഥ അവസാനിപ്പിച്ചും പാട്ടക്കൃഷിക്കാരന് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കിയും കുടികിടപ്പവകാശം കൊടുത്തും മിച്ചഭൂമി ഏറ്റെടുത്ത് വിതരണംചെയ്തും കേരളത്തിലെ സ്വത്തുബന്ധങ്ങളില്‍ മാറ്റംവരുത്തിക്കൊണ്ട് ജാതിവ്യവസ്ഥയെവരെ നിര്‍വീര്യമാക്കി ആത്മാഭിമാനമുള്ള കേരളജനതയെ രൂപപ്പെടുത്തിയെടുത്ത പ്രസ്ഥാനമാണിത്. കരാര്‍കൃഷി സമ്പ്രദായത്തിലൂടെ കാര്‍ഷികമേഖലയെയും കോര്‍പറേറ്റ്വല്‍ക്കരണത്തിലൂടെ ചില്ലറവ്യാപാര മേഖലയെയുമൊക്കെ കൈയടക്കാന്‍ സാമ്രാജ്യത്വം വ്യഗ്രതപൂണ്ട് ആഞ്ഞടുക്കുകയും കേന്ദ്രം അതിന് കീഴ്പെടുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ അതിനെതിരെ ഉയരുന്ന ഏകശബ്ദം ഇടതുപക്ഷത്തിന്റെതാണ്. അന്ധകാരഗ്രസ്തമാകുന്ന ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രത്യാശയുടെ ഏക രജതരേഖയായി നില്‍ക്കുന്നത് ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തിന്റെ നടുനായകമായി നില്‍ക്കുന്ന പ്രസ്ഥാനം സിപിഐ എമ്മാണ്. അത് തകര്‍ന്നുകാണാന്‍ സാമ്രാജ്യത്വശക്തികളുടെമുതല്‍ വര്‍ഗീയവിധ്വംസക ശക്തികളുടെവരെ കിങ്കരന്മാര്‍ ആഗ്രഹിക്കുന്നു. ആ വലതുപക്ഷ ഗൂഢനീക്കങ്ങള്‍ക്ക് ശക്തിയും തീവ്രതയും വിശ്വാസ്യതയും പകര്‍ന്നുകൊടുക്കാന്‍ ഇടതുപക്ഷ വേഷധാരികളായ ചിലര്‍കൂടി സന്നദ്ധരായിരിക്കുന്ന വിപല്‍ക്കരമായ ഒരു കാലമാണിത്.

ലാഹോര്‍, കാണ്‍പുര്‍, മീററ്റ് ഗൂഢാലോചന കേസുകളെയും തെലങ്കാന, തേഭാഗ, മൊറാഴ, കയ്യൂര്‍, കരിവെള്ളൂര്‍, സേലം, ഒഞ്ചിയം, പുന്നപ്ര-വയലാര്‍, ശൂരനാട് തുടങ്ങിയയിടങ്ങളില്‍ നടന്ന മനുഷ്യത്വരഹിതമായ വേട്ടകളെയും ചൈനീസ്ചാരന്മാര്‍ എന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ട അറസ്റ്റുകളെയും ഭീകരമായ അടിയന്തരാവസ്ഥ വാഴ്ചയെയുമൊക്കെ അതിജീവിച്ചുവന്ന ഒരു പ്രസ്ഥാനത്തെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസും ഒരുപിടി വലതുപക്ഷമാധ്യമങ്ങളും ചേര്‍ന്ന് ഇന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നത് ഈ കാലത്തിന്റെ വിഡ്ഢിത്തമായേ ചരിത്രം രേഖപ്പെടുത്തൂ. ""കുലീന കുടുംബത്തിലെ അക്ഷരാഭ്യാസമുള്ള നല്ല യുവാക്കളെ വഴിതെറ്റിക്കുന്ന തെമ്മാടിക്കൂട്ടത്തിന്റെ നേതാവ്"" എന്ന് പി കൃഷ്ണപിള്ളയെ പണ്ട് വിശേഷിപ്പിച്ച "ദേശീയപത്രം" ഇന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കളെ "കൊലയാളികള്‍" എന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതത്തിനവകാശമില്ല. ഈ പത്രം ഏതെങ്കിലും ഒരു കമ്യൂണിസ്റ്റ് നേതാവിനെ വാഴ്ത്തുന്നുവെങ്കിലേ അമ്പരക്കേണ്ടതുള്ളൂ; അമ്പരപ്പിനപ്പുറം ചിലത് സംശയിക്കേണ്ടതുള്ളൂ.

""അവിശ്വാസികള്‍ ഭരണം തുടര്‍ന്നാല്‍ ഭരണഘടനയുടെ താക്കോല്‍സ്ഥാനങ്ങളിലാകെ അവര്‍ നിരീശ്വരവാദികളെ കുത്തിത്തിരുകും, ആരാധനാലയങ്ങളെ പൊതുവല്‍ക്കരിക്കും, തെരഞ്ഞെടുപ്പുകള്‍ എക്കാലത്തേക്കുമായി റദ്ദാക്കും. പിന്നീട് ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുകയേവേണ്ട"" എന്ന് ഇന്ദിരാഗാന്ധി വായിച്ചറിയാന്‍ ഇംഗ്ലീഷില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ എഡിറ്റോറിയല്‍ എഴുതിയ മലയാളപത്രം ഇന്ന് കമ്യൂണിസ്റ്റ് പാര്‍ടിയെക്കുറിച്ച് നല്ലതുപറഞ്ഞാലേ അത്ഭുതപ്പെടേണ്ടതുള്ളൂ. കേരളത്തിന് ഒരു ഇടതുപക്ഷമനസ്സുണ്ട്. ആ മനസ്സ് തകര്‍ത്താലേ തങ്ങളുടെ നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടൂവെന്ന് വലതുപക്ഷ രാഷ്രീയശക്തികള്‍ക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും നന്നായറിയാം. അതുകൊണ്ടുതന്നെ ഇരുവര്‍ക്കുമിടയില്‍ ഒരു അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഈ കൂട്ടുകെട്ട് ചിലപ്പോള്‍ മന്ദഗതിയിലാകും. തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നത് എന്ന് ഇവര്‍ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളില്‍ തീവ്രഗതിയിലാകും. കമ്യൂണിസ്റ്റ് പാര്‍ടിയെ നിരാകരിക്കുക എന്ന് നേരിട്ടുവന്ന് ആഹ്വാനംചെയ്താല്‍ ആധുനിക കേരളം രൂപപ്പെട്ടത് എങ്ങനെ എന്നറിയുന്ന കേരളത്തിന്റെ ഇടതുപക്ഷമനസ്സ് ആ ആഹ്വാനത്തെ നിരാകരിക്കുകയേയുള്ളൂ എന്ന് ഇവര്‍ക്കറിയാം.

അങ്ങനെ തുറന്നുപറഞ്ഞാല്‍ തങ്ങളുടെ വിശ്വാസ്യത തകരുമെന്നും ഇവര്‍ക്കറിയാം. അതുകൊണ്ട് അങ്ങനെ നേരിട്ടുപറയില്ല. ചില സന്ദര്‍ഭങ്ങള്‍ക്കായി ഇവര്‍ തക്കംപാര്‍ത്തിരിക്കും. അങ്ങനെ വലതുപക്ഷരാഷ്ട്രീയവും വലതുപക്ഷമാധ്യമങ്ങളും തങ്ങള്‍ക്ക് പറ്റിയത് എന്ന് കണ്ടെത്തി കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരവേലയ്ക്കായി ഉപയോഗിക്കുകയാണ് ടി പി ചന്ദ്രശേഖരന്‍ വധത്തെ. ഇടയ്ക്കൊക്കെ കൊലപാതകങ്ങള്‍ സംഭവിക്കാറുള്ള കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിന് പ്രത്യേക പ്രാധാന്യം വന്നത്, രമയോടോ ചന്ദ്രശേഖരന്റെ മകനോടോ ഇവര്‍ക്ക് അനുതാപമുള്ളതുകൊണ്ടല്ല, മറിച്ച് മുഖ്യ ഇടതുപക്ഷപ്രസ്ഥാനമായ സിപിഐ എമ്മിനെതിരെ ഉപയോഗിക്കാനുള്ള വെടിമരുന്ന് ഈ വധത്തില്‍നിന്ന് കണ്ടെത്താമെന്ന് ഇവര്‍ പദ്ധതിയിട്ടതുകൊണ്ടാണ്. (അവസാനിച്ചു)

*
പ്രഭാവര്‍മ്മ ദേശാഭിമാനി 19 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവം വലിയ രാഷ്ട്രീയ അനുഗ്രഹമായാണ് യുഡിഎഫ് പൊതുവിലും കോണ്‍ഗ്രസ് പ്രത്യേകിച്ചും കണ്ടത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന ചിന്തയേ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, കേരളത്തില്‍ ആകെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമാക്കാമെന്ന നിലപാടിലേക്ക് അവര്‍ പിന്നീടു മാറി. ഈ നിലപാടുമാറ്റം കൊലപാതകക്കേസ് അന്വേഷണത്തില്‍ കൃത്യമായി പ്രതിഫലിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.