Monday, July 9, 2012

അവഗണിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത്

സാഹിത്യ-കലാരംഗങ്ങളിലും മറ്റ് സാമൂഹ്യമേഖലകളിലും പ്രവര്‍ത്തിച്ച് ജീവിതം ധന്യമാക്കി മരണമടഞ്ഞവര്‍ക്ക് ഇഷ്ടികയും കമ്പിയും സിമന്റും ഉപയോഗിച്ചുള്ള സ്മാരകങ്ങള്‍ ആവശ്യമാണോ? ജീവിച്ചിരിക്കുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആവശ്യമില്ലെന്നേ മറുപടി പറയൂ. എന്നാല്‍ മണ്‍മറഞ്ഞ പ്രതിഭകളെ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ രൂപപ്പെടുത്തി സ്മരിക്കാന്‍ പിന്‍തലമുറ ശ്രമിക്കും. അങ്ങനെ സ്ഥാപിക്കപ്പെടുന്ന സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടാതെ അനാഥമായി കിടക്കുന്ന കാഴ്ച സങ്കടകരമാണ്. കൊല്ലം ജില്ലയില്‍ ഇതിനു നിരവധി ഉദാഹരണങ്ങളുണ്ട്.

ഏറ്റവും നല്ല സാക്ഷ്യം കൊല്ലം നഗരത്തിലെ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതിമണ്ഡപമാണ്. നിരന്തര പരിശ്രമങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് ഇടപ്പള്ളി രാഘവന്‍പിള്ളയെ സംസ്‌ക്കരിച്ചിടത്ത് അതൊന്നു രേഖപ്പെടുത്തിവെയ്ക്കാന്‍ നഗരസഭ സന്നദ്ധമായത്. നഗരസഭയുടെ നിയന്ത്രണത്തില്‍, കാവല്‍ക്കാര്‍ സഹിതമുള്ള മുളങ്കാടകം ശ്മശാനത്തിലാണ് ഈ സ്മൃതികുടീരം. മേല്‍ക്കൂരയില്ലാതെയും ശ്രദ്ധിക്കാന്‍ ആളില്ലാതെയും അത് ജീര്‍ണാവസ്ഥയിലായി. ഇടപ്പള്ളി സ്മൃതിമണ്ഡപമെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശീയപാതയില്‍ വച്ചിരുന്ന ഫലകവും വീണു നശിച്ചുപോയി, രമണന്‍ എന്ന അനശ്വരകൃതിയുടെ കേന്ദ്ര ബിന്ദു എന്ന് കരുതപ്പെടുന്ന യുവകവി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതി കുടീരത്തിനാണ് ഈ ദുര്‍ഗതി.

തേന്‍പോലെ മധുരിക്കുന്നതും ശാന്തിതരുന്നതുമായ നിരവധി പാട്ടുകള്‍ നമ്മള്‍ക്കുതന്ന രവീന്ദ്രന്‍ മാഷിന്റെ സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ ജന്മനാടായ കുളത്തൂപ്പുഴയിലാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി ബജറ്റില്‍ തുകവകയിരുത്തുകയും പണിതുടങ്ങുകയും ചെയ്തു. രാജീവ് അഞ്ചലിന്റെ ഭാവനയില്‍ വിടര്‍ന്ന വയലിന്‍ സാന്നിധ്യമുള്ള മനോഹരമാതൃകയാണ് അംഗീകരിക്കപ്പെട്ടത്. ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടതോടെ പണിമുടങ്ങി. കഴിഞ്ഞ ഒരുവര്‍ഷമായി ഒരു ഇഷ്ടികപോലും എടുത്തുവയ്ക്കാന്‍ കഴിയാതെ അപമാനിക്കലിന്റെ മുദ്രയായി നില്‍ക്കുകയാണ് ഹരിമുരളീരവ സ്മാരകം.

മലയാളത്തിലെ ആദ്യമഹാകാവ്യത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ഓര്‍മ്മയ്ക്കായി മുങ്ങിയും മുടന്തിയും നടക്കുന്ന ഒരു വായനശാലയാണ് ചവറ തെക്കും ഭാഗത്തുള്ളത്. മഹാകവി കെ സി കേശവപിള്ളയുടെ പേരില്‍ സ്മാരക ശ്രമങ്ങള്‍ പരവൂരില്‍ നടന്നെങ്കിലും പൂര്‍ണമായില്ല. പുനലൂര്‍ മുനിസിപ്പല്‍ ലൈബ്രറിക്ക് പുനലൂര്‍ ബാലന്‍ സ്മാരക ലൈബ്രറിയെന്ന് പേരുമാറ്റി അനുസ്മരിക്കുകയാണ് ചെയ്തത്.

സി എസ് സുബ്രഹ്മണ്യന്‍പോറ്റി, പന്നിശ്ശേരി നാണുപിള്ള, അഞ്ചല്‍ ആര്‍ വേലുപ്പിള്ള, അഞ്ചല്‍ ഭാസ്‌ക്കരപിള്ള, തേവാടി നാരായണക്കുറുപ്പ് ഇവരെയും വേണ്ടവിധം ഓര്‍മ്മിച്ച് ബഹുമാനിച്ചിട്ടില്ല. പരിശ്രമങ്ങള്‍ കാണുമ്പോള്‍ ഇതുമതിയോ എന്ന് നമ്മള്‍ ചോദിച്ചുപോകും.

കഥാകാരന്മാരില്‍ കാക്കനാടന്‍, പട്ടത്തുവിള, എ പി കളയ്ക്കാട്, നൂറനാട് ഹനീഫ്, തുളസി കുഴിതടത്തില്‍ തുടങ്ങിയവരും കൊല്ലത്തെ നെടുമ്പാതകളെ സ്‌നേഹിച്ചവരാണ്. ബന്ധുമിത്രാദികളുടെ താല്‍പര്യത്തോടെ ചിലശ്രമങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന് ശ്രദ്ധിക്കാന്‍ തോന്നിയിട്ടില്ല.

കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തപേരാണ് മണലില്‍ ജി നാരായണപിള്ള. കൊല്ലം നഗരപരിധിയിലുള്ള ഒരു ചെറുവായനശാലയും സമ്മാനവും ഒഴിച്ചാല്‍ വലിയ സംരംഭങ്ങളൊന്നും തന്നെ ഇല്ല.

തൊഴിലാളിവര്‍ഗസൗന്ദര്യ ശാസ്ത്രത്തിന്റെ മഹാകവിയായ തിരുനല്ലൂരിനെ അനുസ്മരിക്കുന്നത് തിരുനല്ലൂര്‍ സ്മൃതികേന്ദ്രമാണ്. സര്‍ക്കാരിന്റെ ശ്രദ്ധ ലഭിക്കുന്നില്ല. ലാലാലജ്പത്‌റായിക്കും, മഹാദേവ ദേശായിക്കും സ്മാരകമുള്ള നാടാണ് കൊല്ലം. എന്നാല്‍  കൊല്ലത്തുകാരായ പല മഹാപ്രതിഭകള്‍ക്കും സ്മൃതി കേന്ദ്രങ്ങളില്ല. ഒ മാധവന്‍, കടവൂര്‍ ചന്ദ്രന്‍പിള്ള, എന്‍ ബി ത്രിവിക്രമന്‍പിള്ള, സി എന്‍ ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവരെയും ഉചിതമായ രീതിയില്‍ അനുസ്മരിക്കാന്‍ ദേശിംഗ നാട്ടുകാര്‍ക്കു കഴിയുന്നില്ല. ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഒ നാണു ഉപാധ്യായന്‍, കെ പി അപ്പന്‍, കല്ലട രാമചന്ദ്രന്‍, കണ്ടച്ചിറ ബാബു എന്നീ പ്രതിഭകളെയും ദേശിംഗ നാട്ടുകാര്‍ ശരിക്കു കണ്ടില്ല.  ടോള്‍സ്റ്റോയിയെയും ഷേക്‌സ്പിയറിനെയും ബിമല്‍ മിത്രയെയുമെല്ലാം ലളിത മലയാളത്തില്‍ പരിചയപ്പെടുത്തിയ കാഥികപ്രതിഭ വി സാംബശിവന്റെ പ്രതിമ നഗരത്തിലെവിടെയും നിലം തൊടാന്‍ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ തന്നെ ഉറപ്പിക്കേണ്ടിവന്നു. ലജ്ജാകരമെന്നേ ഈ സ്ഥിതിയെക്കുറിച്ചു പറയാന്‍ കഴിയൂ.

കഥകളി രാവുകളെ ഹംസതൂലികയില്‍ ശയിപ്പിച്ച ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയാശാന്റെ സ്മാരക പ്രര്‍ത്തനവും മന്ദഗതിയിലാണ്. സ്ത്രീവേഷങ്ങളെ പൊലിപ്പിച്ച ചിറക്കര മാധവന്‍കുട്ടി എങ്ങോട്ടുപോയെന്ന് ആര്‍ക്കും അറിയുകയുമില്ല.

കാഥികരുടെ നാടായ ദേശിംഗ നാട് കടവൂര്‍ ബാലന്‍, കല്ലട വി വി കുട്ടി, ആര്‍ എം മംഗലശ്ശേരി, ബേബിതാമരശ്ശേരി തുടങ്ങിയവരെയും മറന്നു.

പാരമ്പര്യവും പൈതൃകവും സാംസ്‌ക്കാരിക ചരിത്രമഹത്വവും ഒക്കെ അവകാശപ്പെടുന്ന കൊല്ലത്തിന് അത്ര അഭിമാനിക്കാന്‍ വകയില്ലാത്ത ചില കാര്യങ്ങള്‍കൂടി ഉണ്ട് എന്നാണ് അവഗണനാ പര്‍വം പറയുന്നത്. സ്മാരകങ്ങളുണ്ടാക്കി അനാഥമാക്കി അപമാനിക്കുന്നതിനെക്കാള്‍ നല്ലത് ഉണ്ടാക്കാതിരിക്കുന്നതാണ്.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 07 ജൂലൈ 2012

No comments: