Tuesday, July 24, 2012

ധീരലക്ഷ്മിക്ക് വിട

ബാല്യം മുതല്‍ അവസാനശ്വാസം വരെ ഇതിഹാസതുല്യമായ ജീവിതം നയിച്ച വിപ്ലവവനിത ഓര്‍മയായി. ദേശീയ സ്വാതന്ത്ര്യസമരത്തിലെ ധീരനായികയും ഉജ്വലമാതൃകയായ സാമൂഹിക പ്രവര്‍ത്തകയും സിപിഐ എമ്മിന്റെ തലമുതിര്‍ന്ന അംഗവുമായ ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സിറാണി റജിമെന്റിനെ നയിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സമരഭരിതജീവിതം ഇനി തലമുറകള്‍ക്ക് നിതാന്തപ്രചോദനം. തിങ്കളാഴ്ച പകല്‍ 11.25ന് കാണ്‍പുര്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു.

മക്കളായ സുഭാഷിണി അലിയും അനീസയും പേരക്കുട്ടികളും സമീപത്തുണ്ടായിരുന്നു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് സഹോദരിയാണ്. പ്രമുഖ സംവിധായകന്‍ ഷാദ് അലി പേരക്കുട്ടി. മരണശേഷം നേത്രപടലം ഡോക്ടര്‍മാര്‍ മാറ്റി. കണ്ണുകളും മൃതദേഹവും ദാനംചെയ്യാനുള്ള സമ്മതപത്രം നേരത്തേ തയ്യാറാക്കിയിരുന്നു. മൃതദേഹം ഉച്ചയ്ക്കുശേഷം കാണ്‍പുര്‍ സിവില്‍ ലൈന്‍സിലെ ലക്ഷ്മിയുടെ പഴയ വീട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ കാണ്‍പുരിലെ സിപിഐ എം ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. രാവിലെ പത്തിന് വിലാപയാത്ര ആരംഭിക്കും. 11ന് കാണ്‍പുരിലെ ഗണേഷ്ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മൃതദേഹം കൈമാറും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, യുപിയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍, സമാജ്വാദി പാര്‍ടി, കോണ്‍ഗ്രസ്, ബിജെപി പാര്‍ടി നേതാക്കള്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യുപിയിലെ വിവിധ ജില്ലകളില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകരും സാധാരണജനങ്ങളും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

ഡല്‍ഹിയിലെ എ കെ ജി ഭവനില്‍ രക്തപതാക താഴ്ത്തിക്കെട്ടി. നിരവധി പേര്‍ എ കെ ജി ഭവനില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചിത്രത്തിനു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ജൂലൈ 19ന് രാവിലെ ഹൃദയാഘാതംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്യാപ്റ്റന്‍ ലക്ഷ്മിക്ക് അന്നുതന്നെ മസ്തിഷ്കാഘാതവുമുണ്ടായി. 20ന് വൈകിട്ട് രക്തസമ്മര്‍ദവും ഹൃദയസ്പന്ദനവും താഴ്ന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അവര്‍ മൂന്ന് ദിവസം അബോധാവസ്ഥയിലായിരുന്നു. 1914 ഒക്ടോബര്‍ 24ന് മദിരാശിയില്‍ പ്രശസ്ത അഭിഭാഷകനായ ഡോ. എസ് സ്വാമിനാഥന്റെയും കോണ്‍ഗ്രസ് നേതാവും നാഷണല്‍ വിമന്‍സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷയും പാര്‍ലമെന്റംഗവും ആനക്കര വടക്കത്ത് കുടുംബാംഗവുമായ അമ്മു സ്വാമിനാഥന്റെയും മകളായി ജനിച്ച ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായ കഥ അത്യാവേശകരവും വിസ്മയകരവുമാണ്. കുട്ടിക്കാലത്ത് വിദേശവസ്ത്രങ്ങളും പാവകളും കത്തിക്കാനും മദ്യഷാപ്പുകള്‍ പിക്കറ്റുചെയ്യാനും ലക്ഷ്മി മുന്നില്‍നിന്നു. വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ കമ്യൂണിസ്റ്റ് നേതാവും സരോജിനി നായിഡുവിന്റെ സഹോദരിയുമായ സുഹാസിനി ചതോപാധ്യായയില്‍നിന്ന് കേട്ട റഷ്യന്‍ വിപ്ലവത്തിന്റെയും കമ്യൂണിസ്റ്റ് പോരാളികളുടെയും കഥകള്‍ ലക്ഷ്മിയിലെ പോരാളിയെ വളര്‍ത്തി.

1940ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം സിംഗപ്പൂരില്‍ ക്ലിനിക് സ്ഥാപിച്ചു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സൗജന്യശുശ്രൂഷ നല്‍കി. ഒപ്പം ഇന്ത്യ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിലെ പ്രവര്‍ത്തനങ്ങളിലും സജീവമായി. 1942ല്‍ ജപ്പാന്‍ സിംഗപ്പൂര്‍ കീഴടക്കിയപ്പോള്‍ തടവുകാരായി പിടികൂടിയ ബ്രിട്ടീഷ് സൈന്യത്തില്‍ നിരവധി ഇന്ത്യക്കാരുണ്ടായിരുന്നു. തടവുകാരായി പിടിക്കപ്പെട്ടവര്‍ക്ക് എന്തുകൊണ്ട് സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സൈന്യം രൂപീകരിച്ചുകൂടാ എന്ന ചോദ്യം ലക്ഷ്മിയിലും ആവേശമുണര്‍ത്തി. ജനറല്‍ മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഐഎന്‍എ രൂപീകരിക്കുന്നതില്‍ ലക്ഷ്മിയും പങ്കുവഹിച്ചു. 1943 ജൂലൈ നാലിനാണ് ഐഎന്‍എയെ നയിക്കാന്‍ ബര്‍ലിനില്‍നിന്ന് ടോക്യോ വഴി സുഭാഷ്ചന്ദ്രബോസ് സിംഗപ്പൂരിലെത്തിയത്. ജൂലൈ അഞ്ചിന് ഐഎന്‍എയിലെ വനിതാവിഭാഗമായ ഝാന്‍സിറാണി റജിമെന്റിനെ നയിക്കാന്‍ പ്രാപ്തയായ വനിത ആരെന്ന നേതാജിയുടെ ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ കിട്ടിയുള്ളൂ. ക്ലിനിക് അടച്ചുപൂട്ടി ലക്ഷ്മി "ഝാന്‍സിറാണി റജിമെന്റി"ന്റെ നായികയായി.

1943 ഒക്ടോബര്‍ 21ന് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ ലക്ഷ്മി വനിതാക്ഷേമ മന്ത്രിയായി. 1947 മാര്‍ച്ചില്‍ ലാഹോറില്‍വച്ച് പ്രേംകുമാര്‍ സൈഗാളും ലക്ഷ്മിയും വിവാഹിതരായി. തുടര്‍ന്ന് ഇരുവരും കാണ്‍പൂരില്‍ സ്ഥിരതാമസമാക്കി. കാണ്‍പൂരിലെത്തിയ ഉടന്‍തന്നെ അഭയാര്‍ഥികളെ ശുശ്രൂഷിക്കാനും സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മി മുഴുകി. പിന്നീട് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലും അതിനുശേഷം വനിതാപ്രസ്ഥാനത്തിലും അവര്‍ സജീവമായി. 1971ല്‍ സിപിഐ എമ്മില്‍ ചേര്‍ന്നു. 1981ല്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. 1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് കാണ്‍പൂരില്‍ സിഖുകാരെ ആക്രമിക്കാന്‍ നടത്തിയ ശ്രമങ്ങളെ അവര്‍ തെരുവിലിറങ്ങിനിന്ന് തടഞ്ഞു. 2002ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എ പി ജെ അബ്ദുള്‍കലാമിനെതിരെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി അവര്‍ മത്സരിച്ചു. 1997ല്‍ പത്മവിഭൂഷണ്‍ പുരസ്കാരം നല്‍കി രാഷ്ട്രം അവരെ ആദരിച്ചു.

വി ജയിന്‍

വിട പറഞ്ഞത് തളരാത്ത പോരാളി

മുകളില്‍, വിമാനവേധത്തോക്കുകള്‍ക്കും വീഴ്ത്താനാകാത്തത്ര ഉയരത്തില്‍ ബോംബുകള്‍ വര്‍ഷിച്ച് ഇരമ്പിപ്പറക്കുന്ന ശത്രുവിമാനങ്ങള്‍. ചുറ്റും പതിക്കുന്ന ബോംബുകള്‍ വിതയ്ക്കുന്ന വന്‍ നാശം. ഇവയോടെതിരിട്ടു മുന്നേറിയ ഗറില്ലാസേനയ്ക്ക് ആയുധങ്ങളേക്കാള്‍ കരുത്തുപകര്‍ന്നത് അടങ്ങാത്ത സ്വാതന്ത്ര്യമോഹവും തോല്‍ക്കാന്‍ മനസ്സില്ലാത്ത ധീരതയുമായിരുന്നു. ഒടുവില്‍ പേമാരി ചതിച്ചപ്പോഴാണ് ഈ മുന്നേറ്റത്തിനു വിരാമമായത്. ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങള്‍വരെ വന്നെത്തിയ ഐഎന്‍എ ഭടന്മാര്‍ ഗത്യന്തരമില്ലാതെയാണ് പിന്‍വാങ്ങിയത്. അന്ന് ഐഎന്‍എയും ഝാന്‍സി റാണി റെജിമെന്റും നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയും ഉണ്ടായിരുന്നു, ഒരു കൈയില്‍ സ്റ്റെതസ്കോപ്പും മറുകൈയില്‍ യന്ത്രത്തോക്കുമായി.
                                        
സിംഗപ്പുരില്‍നിന്ന് ബര്‍മവഴി ഇന്ത്യയിലേക്കു നീങ്ങിയ ഐഎന്‍എ സംഘം പതിനായിരത്തില്‍പരം കിലോമീറ്ററുകള്‍ താണ്ടിയാണ് ഇംഫാല്‍വരെ വന്നത്. ദുര്‍ഘടമായ മലമ്പാതകളിലൂടെയും വനാന്തരങ്ങളിലൂടെയും ലോറികളിലും ചിലപ്പോള്‍ കാല്‍നടയായും യാത്ര. യാതനാപൂര്‍ണമായ ഈ യാത്രയിലും തുടര്‍ന്ന് ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലുകളിലും ഝാന്‍സി റാണി റെജിമെന്റിന്റെ പങ്ക് വിലപ്പെട്ടതായിരുന്നു. ഒരിക്കല്‍ ഝാന്‍സി റാണി റെജിമെന്റിന്റെ ഒരു സംഘം കാട്ടുപാതയിലൂടെ ഇംഫാലിലേക്ക് നീങ്ങുമ്പോഴാണ് ബ്രിട്ടീഷ് പട്ടാളത്തിനുമുന്നില്‍പ്പെട്ടത്. തങ്ങളെ തടഞ്ഞ ബ്രിട്ടീഷ് പട്ടാളക്കാരുമായി സംഘം ഏറെനേരം നേര്‍ക്കുനേര്‍ പോരാടി. ഒടുവില്‍ ബ്രിട്ടീഷ് സൈനികര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. ഗറില്ലായുദ്ധമുറകളിലൂടെ ഐഎന്‍എ ചിറ്റഗോങ്ങിലും കൊഹിമയിലും മറ്റും കൊടിനാട്ടിയപ്പോഴും വനിതാ സൈനികര്‍ക്ക് പങ്കുണ്ടായിരുന്നു. 1944 മാര്‍ച്ച് 21ന് ഇംഫാലില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ റെജിമെന്റ് നടത്തിയ ധീരമായ പോരാട്ടം കരയില്‍നടന്ന യുദ്ധങ്ങളില്‍ ഏറ്റവും ഭീകരവും ദയനീയവുമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.
                                        
ക്യാപ്റ്റന്‍ ലക്ഷ്മിയും മറ്റും പഴയ റംഗൂണില്‍നിന്ന് ഇംഫാലിലേക്കുള്ള വഴിയില്‍ പൊരുതി മുന്നേറുമ്പോഴാണ് കാലാവസ്ഥ ചതിച്ചത്. ശക്തമായ പേമാരി ഐഎന്‍എ ഭടന്മാരെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമാക്കി. അങ്ങനെ പരിക്കേറ്റ സൈനികരുമായി മറ്റുള്ളവര്‍ ബര്‍മീസ് കാടുകളിലേക്കു മടങ്ങി. വനത്തില്‍ കെട്ടിയുയര്‍ത്തിയ ഐഎന്‍എ ആശുപത്രിയില്‍ പരിക്കേറ്റ സഹപോരാളികളെ ചികിത്സിക്കുന്നതിലായിരുന്നു ലക്ഷ്മിയുടെ ശ്രദ്ധ. ഐഎന്‍എ പിന്‍വാങ്ങിയ അവസരം മുതലെടുത്ത് വ്യോമാക്രമണം ശക്തമാക്കിയ ബ്രിട്ടന്‍ ഈ ആശുപത്രിയിലും ബോംബിട്ടു. പരിക്കേറ്റ സൈനികരെയുംകൊണ്ട് പലായനം ചെയ്യുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. അങ്ങനെ ഡോക്ടര്‍മാരും നേഴ്സുമാരും മുറിവേറ്റ സൈനികരുമടങ്ങുന്ന സംഘം കാളവണ്ടിയില്‍ യാത്രയായി. ബ്രിട്ടീഷ് സേന ഇവരെ പിടികൂടി. പിന്നെ ക്യാപ്റ്റന്‍ ലക്ഷ്മിയും സംഘവും റംഗൂണില്‍ വീട്ടുതടങ്കലിലായിരുന്നു. ഒമ്പതുമാസത്തിനുശേഷം മോചിതയായ അവര്‍ 1946ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. സിംഗപ്പുരിലും പിന്നീട് ബര്‍മയിലും നടന്ന ഐഎന്‍എ ക്യാമ്പുകളിലെ മാസങ്ങള്‍ നീണ്ട പരിശീലനത്തിലൂടെയാണ് ഈ പരിതസ്ഥിതികളെ നേരിടാന്‍ ലക്ഷ്മിയും മറ്റും പഠിച്ചത്. നേഴ്സുമാരടക്കം 1500 സ്ത്രീകള്‍ പങ്കെടുത്തിരുന്നു. പുലര്‍ച്ചെ തുടങ്ങുന്ന പരിശീലനം അര്‍ധരാത്രിവരെ നീണ്ടു. രാഷ്ട്രീയക്ലാസ്സുകളും സായുധപരിശീലനവും ഒരുപോലെ ലഭിച്ചു. ബര്‍മയിലെ കൊടുംകാടുകള്‍ പരിചയപ്പെടാനുള്ള യാത്രകളും പതിവായിരുന്നു.
                                    
ജാപ്പ് സൈനികരുടെ പിടിയിലായ കഥ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ഐഎന്‍എയിലെ മുതിര്‍ന്ന ഓഫീസറായിരുന്ന യെല്ലപ്പയടങ്ങുന്ന ചെറുസംഘം ബര്‍മയിലെ ആളൊഴിഞ്ഞ കാരന്‍കുന്നുകളില്‍ കുടില്‍കെട്ടി താമസിക്കുകയായിരുന്നു. അടുത്തദിവസം ഇവര്‍ ഞെട്ടിയുണര്‍ന്നത് ജാപ്പ് സൈനികര്‍ ചൂണ്ടിയ ബയണറ്റുകള്‍ ദേഹത്തുകൊണ്ടാണ്. തങ്ങള്‍ സഖ്യശക്തികളാണെന്ന് അറിയാവുന്ന ജാപ്പനീസ് ഭാഷയില്‍ പറഞ്ഞിട്ടും അവര്‍ക്ക് ബോധ്യംവന്നില്ല. ഇവരെയെല്ലാം ഒരു മരത്തില്‍ പിടിച്ചുകെട്ടി ജാപ്പ് സൈനികര്‍ ഓഫീസറെ വിളിക്കാന്‍പോയി. ഓഫീസര്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ജാപ്പനീസ് മാസികയില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞാണ് അവരെ മോചിപ്പിച്ചത്. ഝാന്‍സി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ് മലയാളി പെണ്‍കൊടിയായിരുന്ന ലക്ഷ്മി ഒരു സൈനിക ഓഫീസറുടെ വേഷത്തിലേക്ക് മാറിയത്. റെജിമെന്റിന്റെ പ്രവര്‍ത്തനമേറ്റെടുക്കുംമുമ്പ് രണ്ടാംലോകയുദ്ധകാലത്ത് സിംഗപ്പുരില്‍ മുറിവേറ്റ സൈനികരെ ചികിത്സിക്കുന്നതിനും മറ്റും ലക്ഷ്മി മുന്നിലുണ്ടായിരുന്നു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് തുറന്ന അഭയാര്‍ഥി ക്യാമ്പുകളിലെ പ്രധാന ഡോക്ടര്‍മാരിലൊരാളായിരുന്നു ലക്ഷ്മി. സ്വാതന്ത്ര്യാനന്തരം 71ലെ ബംഗ്ലാദേശ് യുദ്ധവേളയിലും അഭയാര്‍ഥികള്‍ക്ക് ആശ്വാസവുമായി ലക്ഷ്മിയുണ്ടായിരുന്നു.
                                        
ഡോക്ടറെ ക്യാപ്റ്റനാക്കിയ സിംഗപ്പൂര്‍

സ്വാതന്ത്ര്യപ്രക്ഷോഭം ലക്ഷ്യത്തോടടുക്കുന്ന കാലം. അലയടിച്ചുയരുന്ന പ്രക്ഷോഭതരംഗത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ വിദേശമേധാവിത്വം കടപുഴക്കിയെറിയാനുള്ള ജീവന്മരണപോരാട്ടത്തില്‍. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമാധാനപരമായ സമരങ്ങള്‍ക്കുപുറമെ യുവ വിപ്ലവകാരികളുടെ സായുധപോരാട്ടവും ശക്തമായി. ഈ സന്ദര്‍ഭത്തിലാണ് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ സംഘടിപ്പിച്ച് രൂപീകരിച്ച ഇന്ത്യന്‍ ദേശീയസേന (ഐഎന്‍എ) ബ്രിട്ടീഷ് സേനയ്ക്കെതിരെ പടനീക്കമാരംഭിച്ചത്. ഐഎന്‍എയുടെ വനിതാവിഭാഗമായ റാണി ലക്ഷ്മി റെജിമെന്റിന്റെ പടനായികയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.

മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് വൈദ്യശാസ്ത്രപഠനം കഴിഞ്ഞ് യാദൃച്ഛികമായാണ് ഡോ. ലക്ഷ്മി സിംഗപ്പൂരിലെത്തിയത്. ഈ യാത്ര ലക്ഷ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള കുടുംബത്തില്‍ അംഗമായ ലക്ഷ്മി സിംഗപ്പൂരിലുണ്ടായിരുന്ന കെ പി കേശവമേനോനും കുടുംബവുമായി അടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മിയും ഭാഗഭാക്കായി. ലേഡി ഡോക്ടറുടെ കുറവുണ്ടെന്ന് അവിടത്തെ സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ അവിടെ തുടരാന്‍തന്നെ തീരുമാനിച്ചു. 1941ല്‍ രാഷ്ബിഹാരി ബോസ് ഇന്ത്യാ സ്വാതന്ത്ര്യ ലീഗ് സ്ഥാപിച്ചതുമുതല്‍ ലക്ഷ്മി അതിന്റെ പ്രവര്‍ത്തകയായി. രണ്ടാം ലോകയുദ്ധം കിഴക്കനേഷ്യയിലേക്കും കടന്നതോടെ ലീഗിന്റെ നേതൃത്വത്തില്‍ സിംഗപ്പൂരില്‍ അഭയാര്‍ഥികളുടെ ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് ലക്ഷ്മിയും മുന്‍കൈയെടുത്തു. ഒരു ഡോക്ടറെന്ന നിലയില്‍ ലക്ഷ്മിയുടെ സേവനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. രാഷ്ബിഹാരി ബോസ് ഇന്ത്യ സ്വാതന്ത്ര്യ ലീഗ് സ്ഥാപിച്ച സമയത്തുതന്നെ ജപ്പാന്റെ സഹായത്തോടെ ജനറല്‍ മോഹന്‍സിങ് ഐഎന്‍എയും രൂപീകരിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്നു മോഹന്‍സിങ്. ജപ്പാന്റെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട ബ്രിട്ടന്‍ കിഴക്കനേഷ്യന്‍ യുദ്ധമേഖലയില്‍ ഇന്ത്യന്‍ ഭടന്മാരെ നിര്‍ത്തി പിന്‍വലിയുകയായിരുന്നു. അങ്ങനെ തഴയപ്പെട്ട് ജപ്പാന്റെ പിടിയിലായ ഇന്ത്യന്‍ സൈനികരെ സംഘടിപ്പിച്ചാണ് ഐഎന്‍എ രൂപീകരിച്ചത്.

ഇതോടെ സ്വതന്ത്ര്യലീഗിന്റെയും ഐഎന്‍എയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രാഷ്ബിഹാരി ബോസ് അധ്യക്ഷനായി പ്രവര്‍ത്തകസമിതി രൂപീകരിച്ചു. പിന്നീട് ജപ്പാനുമായി തെറ്റിയ മോഹന്‍സിങ് അവരുടെ തടവിലാവുകയും ഐഎന്‍എയുടെ പ്രവര്‍ത്തനം അധ്യക്ഷന്‍ രാഷ്ബിഹാരി ബോസിലൊതുങ്ങുകയും ചെയ്തു. തുടര്‍ന്ന് ലക്ഷ്മിയുടെയും മറ്റും സഹായത്തോടെയാണ് ബോസ് ഐഎന്‍എയും ലീഗും പുനഃസംഘടിപ്പിച്ചത്. ലീഗും ഐഎന്‍എയും പ്രതിസന്ധി അതിജീവിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം രാഷ്ബിഹാരി ബോസ് സുഭാഷ്ചന്ദ്രബോസിനെ ക്ഷണിച്ചുവരുത്തി അവയുടെ നേതൃത്വം കൈമാറി. അതോടെയാണ് ലക്ഷ്മി സുഭാഷ്ചന്ദ്രബോസിന്റെ വിശ്വസ്ത സഹപ്രവര്‍ത്തകയായത്. 1943 ജൂലൈയില്‍ സുഭാഷ് ഐഎന്‍എയുടെ നേതൃത്വം ഏറ്റെടുത്തതോടെ ആറാഴ്ചകൊണ്ട് അതിന്റെ അംഗബലം 30,000ല്‍നിന്ന് 60,000 ആയി ഉയര്‍ന്നു. സേനയുടെ പ്രവര്‍ത്തനത്തില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ സുഭാഷ് തീരുമാനിച്ചു. ഇതിന്റെ നേതൃത്വം ഏല്‍പ്പിച്ചത് ലക്ഷ്മിയെയാണ്. അങ്ങനെ ജൂലൈയില്‍തന്നെ ഐഎന്‍എയുടെ വനിതാ വിഭാഗമായി ലക്ഷ്മി ക്യാപ്റ്റനായ റാണി ലക്ഷ്മി റെജിമെന്റ് രൂപീകരിക്കപ്പെട്ടു. അതോടെ ഡോക്ടര്‍ ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായി.

അതേവര്‍ഷം ഒക്ടോബര്‍ 21ന് സിംഗപ്പൂരിലെ കാതേ തിയറ്റില്‍ സുഭാഷ് സ്വതന്ത്രഭാരതത്തിന് ഒരു താല്‍ക്കാലിക പ്രവാസ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ലക്ഷ്മിയും അതില്‍ അംഗമായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനവേളയില്‍ ഒന്നൊന്നായി ഇന്ത്യന്‍ പ്രദേശങ്ങള്‍ മോചിപ്പിക്കാന്‍ ഐഎന്‍എ ഭടന്മാര്‍ പടനീക്കം ആരംഭിച്ചു. വഴിയില്‍ ലക്ഷ്മിയും സംഘവും ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായി. ദേശീയ നേതാക്കളുടെ സമ്മര്‍ദത്തെതുടര്‍ന്ന് 1946ല്‍ മോചിപ്പിക്കപ്പെട്ട ലക്ഷ്മി മാര്‍ച്ചില്‍ കല്‍ക്കത്തയില്‍ വന്നിറങ്ങി. തുടര്‍ന്ന് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി.

മനസ്ഥൈര്യത്തിന്റെ ക്യാപ്റ്റന്‍

ക്യാപ്റ്റന്‍ ലക്ഷ്മിയോടൊപ്പമുണ്ടായിരുന്നവര്‍ എന്നേ അരങ്ങൊഴിഞ്ഞു. എന്നാല്‍, രാജ്യത്തിന്റെ സമരപാതകളും ത്യാഗേതിഹാസങ്ങളും ഓര്‍മിപ്പിച്ച ദീപസ്തംഭമായി കാണ്‍പുരിലെ വീട്ടില്‍ അവര്‍ പ്രസരിപ്പോടെ ജീവിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം അറിയാവുന്ന ഏവര്‍ക്കും അഭിമാനാതിരേകം നല്‍കി ആ സാന്നിധ്യം. സിവില്‍ലെയ്നിലുള്ള ആ വീട്ടിലേക്ക് ചെല്ലുമ്പോള്‍ പ്രതീക്ഷിച്ചില്ല, 98 വയസ്സ് കഴിഞ്ഞ അവര്‍ ഇത്ര ശക്തമായും മനോഹരമായും സംസാരിക്കുമെന്ന്. പാലക്കാട്ട് ആനക്കര വടക്കത്ത് വീട്ടില്‍നിന്ന് മലേഷ്യയിലും സിംഗപ്പുരിലും ബര്‍മയിലും എത്തി ഇന്ത്യയുടെ മോചനത്തിനായി പടപൊരുതിയ ലക്ഷ്മി കാണ്‍പുരിന്റെയും പ്രിയപുത്രിയായി.

യുപിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടക്കെയാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെ കണ്ടത്. കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിന്റെ കാര്യം പറഞ്ഞപാടെ സ്വകാര്യം പറയുന്നതുപോലെ പറഞ്ഞു: ""ഞാന്‍ പറന്നെത്തും"" എന്ന്. മകള്‍ സുഭാഷിണി അലി കേള്‍ക്കാതിരിക്കാനായിരുന്നു സ്വകാര്യം. ""അമ്മയ്ക്ക് യാത്ര ചെയ്യാനൊന്നും വയ്യ, എവിടേയ്ക്കുമില്ല"" എന്നായിരുന്നു സുഭാഷിണി അലിയുടെ മറുപടി. മാര്‍ഗരി ദത്തയെന്നു പേരായ ഇംഗ്ലണ്ടുകാരി മുന്നിലിരുന്ന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മുഖത്തുതന്നെ നോക്കിയിരിക്കുന്നതും കണ്ടു. അവര്‍ നിത്യേനയുള്ള സന്ദര്‍ശകയാണെന്ന് പിന്നീട് അറിഞ്ഞു. കണ്ടുകൊണ്ടിരുന്ന ഹിന്ദിപരിപാടി നിര്‍ത്തി ക്യാപ്റ്റന്‍ സംസാരിച്ചു. യുപിയെക്കുറിച്ച്, പാലക്കാടിനെക്കുറിച്ച്, പഴയകാല സമരമുഖങ്ങളെക്കുറിച്ച്. ഓര്‍മക്കുറവുണ്ടെങ്കിലും ചോദിച്ചവയ്ക്കൊക്കെ കൃത്യമായ മറുപടി കിട്ടി. തണുത്തുറഞ്ഞ രാത്രിയിലേക്ക് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ വിചാരിച്ചില്ല അവരുമായി അഭിമുഖം നടത്തുന്ന അവസാനത്തെ പത്രപ്രവര്‍ത്തകനാണ് താനെന്ന്. ജീവിതത്തിലെ ലാളിത്യവും പാവങ്ങളോടുള്ള അനുകമ്പയും അവസാന കാലംവരെ കാത്തുസൂക്ഷിച്ചു അവര്‍. ഞങ്ങള്‍ ആദ്യം സിറ്റൗട്ടില്‍ കാത്തിരിക്കുമ്പോള്‍ കരുതിയത് അവര്‍ മുറിയില്‍ വിശ്രമിക്കുകയാണെന്നായിരുന്നു. ചോദിച്ചപ്പോള്‍ സഹായിയാണ് പറഞ്ഞത് ക്ലിനിക്കില്‍നിന്ന് എത്തിയിട്ടില്ലെന്ന്. തൊട്ടടുത്ത് ഒരു ക്ലിനിക്കിട്ട് സൗജന്യ ചികിത്സ നല്‍കിയിരുന്നു അവര്‍. രോഗാതുരതയുടെ വേദനയില്‍ പുളഞ്ഞ ദരിദ്രര്‍ക്ക് സൗജന്യ ശുശ്രൂഷനല്‍കാന്‍ കടല്‍ കടന്ന പാരമ്പര്യത്തിന്റെ തരുമ്പും ചോര്‍ന്നിരുന്നില്ല.

വീടിന്റെ ചുവരുകള്‍ നിറച്ച കറുപ്പ്-വെളുപ്പ് ചിത്രങ്ങളിലൂടെ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജിവിതം വായിച്ചെടുത്തു. കുട്ടിയായിരുന്നപ്പോള്‍, ഐഎന്‍എ ഭടനായിരുന്നപ്പോള്‍, സുഭാഷ് ചന്ദ്രബോസിനൊപ്പം, ആതുരാലയത്തില്‍, യുദ്ധമുഖത്ത്, കുടുംബം, നേതാക്കളോടോപ്പം, ഒക്കെയുള്ള നേര്‍ചിത്രങ്ങള്‍. ആതുരശുശ്രൂഷയോട് അവര്‍ക്കുള്ള സമര്‍പ്പണം എത്രയെന്ന് അന്ന് പറഞ്ഞ വാക്കുകള്‍തന്നെ നിദാനം: ""തീരെ ദരിദ്രരായ, ഉടുതുണിക്ക് മറുതുണിയില്ലാത്ത അനേകം സ്ത്രീകളുടെ പ്രസവമെടുക്കാനും ശുശ്രൂഷയ്ക്കും പോയിട്ടുണ്ട് ഇവിടെ. സിംഗപ്പുരിലും ബര്‍മയിലും യുദ്ധത്തില്‍ മുറിവേറ്റവരെയാണ് ശുശ്രൂഷിക്കാനുണ്ടായിരുന്നത്. ഇവിടെ വന്നശേഷവും ശുശ്രൂഷ തുടര്‍ന്നു. ഏത് പാതിരക്കായാലും പാവങ്ങള്‍ വന്നു വിളിച്ചാല്‍ പോകും. കുറ്റാ കൂരിരുട്ടില്‍ വൃത്തിഹീനമായ അന്തീക്ഷത്തില്‍ ഒക്കെ സ്ത്രീകള്‍ക്ക് ചികിത്സ നല്‍കാന്‍ ഓടിയെത്തിയിരുന്നു. ഇന്ന് അങ്ങോട്ട് പോകാന്‍ വയ്യാത്ത പ്രായം. അതുകൊണ്ട് ദിവസവും ഇപ്പോഴും, ഇവിടെ ക്ലിനിക്കില്‍ പോകും. അവിടെയും അനവധി ദരിദ്രരാണ് ചികിത്സ തേടിയെത്തുന്നത്. സൗജന്യമാണെന്നറിഞ്ഞ് പണമുള്ളവരും ചികിത്സയ്ക്കെത്താറുണ്ട്. എനിക്ക് മനസ്സിലാകുമെങ്കിലും ഞാന്‍ ഒന്നും മിണ്ടാറില്ല."" കേരളത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആനക്കരയിലെ പാടവരമ്പുകളും കൊന്നപ്പൂക്കളും മറ്റും അവര്‍ക്ക് ഓര്‍മ വന്നു, അച്ഛന്‍ സ്വാമിനാഥന്റെ കൈപിടിച്ച് നടന്ന കാലം. ""കഴിഞ്ഞ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്കായി നാട്ടില്‍ പോയിരുന്നു. ഒന്നു കൂടെ പോകണം, നടക്കുമോ എന്നറിയില്ല..."" കേരളത്തിലെ ജാതിഭ്രാന്തിന്റെ മ്ലേച്ഛമുഖത്തെ സ്വന്തം വീട്ടുമുറ്റത്ത് കണ്ട് വളര്‍ന്ന ക്യാപ്റ്റന്‍ അതിനെതിരെ കടുത്ത പോരാട്ടം നടത്തിയിട്ടുണ്ട്. ""അവരെ തൊടരുത്, മറ്റവരോട് മിണ്ടരുത് തുടങ്ങി വിലക്കുകള്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ പറയാറുള്ളത് ഇന്നും ഓര്‍ക്കുന്നു. എന്താണ് അവരെ തൊട്ടാല്‍, അവരും നമ്മുടെപോലെ മനുഷ്യരല്ലേയെന്നൊക്കെ അക്കാലത്തുതന്നെ തോന്നിയിരുന്നു."" മടങ്ങാന്‍ നേരം പറഞ്ഞത് കേരളത്തിലെ നേതാക്കള്‍ കാണ്‍പുരിലെത്താറുള്ള കഥകളാണ്. എന്തെങ്കിലും പരിപാടിക്കായി വരുമ്പോള്‍ ഈ വീട്ടില്‍ കയറാതെ മടങ്ങാറില്ല, ഭക്ഷണം നിര്‍ബന്ധം. തണുപ്പിന്റെ കാഠിന്യത്തില്‍ നൊന്ത് ഞങ്ങള്‍ കൈകള്‍ ചുരുട്ടി സ്വറ്ററിനുള്ളിലേക്ക് വലിച്ചു കയറ്റിയപ്പോള്‍ വെളുത്ത് മെലിഞ്ഞ കൈ വാനിലേക്ക് എറിഞ്ഞാണ് ക്യാപ്റ്റന്‍ ലക്ഷ്മി യാത്ര പറഞ്ഞത്. കാണ്‍പുരില്‍ കുടിലുകളില്‍ അവഗണനയും അവശതയും ഏറ്റുവാങ്ങിയ സ്ത്രീകള്‍ക്ക് തണലായിരുന്നു അവര്‍. ആ നാടിന്റെ പ്രിയപുത്രിയായിരുന്നു അവര്‍. അതുകൊണ്ടാണ് സമരവേദികളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ കാണ്‍പുരിലെ തൊഴിലാളികള്‍ ""ലക്ഷ്മി സൈഗാള്‍ സിന്ദാബാദ്"" എന്ന് മറക്കാതെ വിളിക്കാറുള്ളത്. ആ മുദ്രാവാക്യത്തിന് മരിക്കാനാവില്ലല്ലോ.

ദിനേശ് വര്‍മ

ബ്രിട്ടീഷുകാരെ വിറപ്പിച്ച വീര്യം

മുകളില്‍, വിമാനവേധത്തോക്കുകള്‍ക്കും വീഴ്ത്താനാകാത്തത്ര ഉയരത്തില്‍ ബോംബുകള്‍ വര്‍ഷിച്ച് ഇരമ്പിപ്പറക്കുന്ന ശത്രുവിമാനങ്ങള്‍; ചുറ്റും പതിക്കുന്ന ബോംബുകള്‍ വിതയ്ക്കുന്ന വന്‍ നാശം; ഇവയോടെതിരിട്ടു മുന്നേറിയ ഗറില്ലാസേനയ്ക്ക് ആയുധങ്ങളേക്കാള്‍ കരുത്തുപകര്‍ന്നത് അടങ്ങാത്ത സ്വാതന്ത്ര്യമോഹവും തോല്‍ക്കാന്‍ മനസ്സില്ലാത്ത ധീരതയുമായിരുന്നു. ഒടുവില്‍ പേമാരി ചതിച്ചപ്പോഴാണ് ഈ മുന്നേറ്റത്തിനു വിരാമമായത്. അന്ന് ഐഎന്‍എയും ഝാന്‍സി റാണി റെജിമെന്റും നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയും ഉണ്ടായിരുന്നു, ഒരു കൈയില്‍ സ്റ്റെതസ്കോപ്പും മറുകൈയില്‍ യന്ത്രത്തോക്കുമായി. സിംഗപ്പുരില്‍നിന്ന് ബര്‍മവഴി ഇന്ത്യയിലേക്കു നീങ്ങിയ ഐഎന്‍എ സംഘം പതിനായിരത്തില്‍പരം കിലോമീറ്ററുകള്‍ താണ്ടിയാണ് ഇംഫാല്‍വരെ വന്നത്. ദുര്‍ഘടമായ മലമ്പാതകളിലൂടെയും വനാന്തരങ്ങളിലൂടെയും ലോറികളിലും ചിലപ്പോള്‍ കാല്‍നടയായും യാത്ര. യാതനാപൂര്‍ണമായ ഈ യാത്രയിലും തുടര്‍ന്ന് ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലുകളിലും ഝാന്‍സി റാണി റെജിമെന്റിന്റെ പങ്ക് വിലപ്പെട്ടതായിരുന്നു.

ഒരിക്കല്‍ ഝാന്‍സി റാണി റെജിമെന്റിന്റെ ഒരു സംഘം കാട്ടുപാതയിലൂടെ ഇംഫാലിലേക്ക് നീങ്ങുമ്പോഴാണ് ബ്രിട്ടീഷ് പട്ടാളത്തിനുമുന്നില്‍പ്പെട്ടത്. തങ്ങളെ തടഞ്ഞ ബ്രിട്ടീഷ് പട്ടാളക്കാരുമായി സംഘം ഏറെനേരം നേര്‍ക്കുനേര്‍ പോരാടി. ഒടുവില്‍ ബ്രിട്ടീഷ് സൈനികര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. ഗറില്ലായുദ്ധമുറകളിലൂടെ ഐഎന്‍എ ചിറ്റഗോങ്ങിലും കൊഹിമയിലും മറ്റും കൊടിനാട്ടിയപ്പോഴും വനിതാ സൈനികര്‍ക്ക് പങ്കുണ്ടായിരുന്നു. 1944 മാര്‍ച്ച് 21ന് ഇംഫാലില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ റെജിമെന്റ് നടത്തിയ ധീരമായ പോരാട്ടം കരയില്‍നടന്ന യുദ്ധങ്ങളില്‍ ഏറ്റവും ഭീകരവും ദയനീയവുമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ക്യാപ്റ്റന്‍ ലക്ഷ്മിയും മറ്റും പഴയ റംഗൂണില്‍നിന്ന് ഇംഫാലിലേക്കുള്ള വഴിയില്‍ പൊരുതി മുന്നേറുമ്പോഴാണ് കാലാവസ്ഥ ചതിച്ചത്. ശക്തമായ പേമാരി ഐഎന്‍എ ഭടന്മാരെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമാക്കി. തുടര്‍ന്ന് പരിക്കേറ്റ സൈനികരുമായി മറ്റുള്ളവര്‍ ബര്‍മീസ് കാടുകളിലേക്കു മടങ്ങി. വനത്തില്‍ കെട്ടിയുയര്‍ത്തിയ ഐഎന്‍എ ആശുപത്രിയില്‍ പരിക്കേറ്റ സഹപോരാളികളെ ചികിത്സിക്കുന്നതിലായിരുന്നു ലക്ഷ്മിയുടെ ശ്രദ്ധ. ഐഎന്‍എ പിന്‍വാങ്ങിയ അവസരം മുതലെടുത്ത് വ്യോമാക്രമണം ശക്തമാക്കിയ ബ്രിട്ടന്‍ ഈ ആശുപത്രിയിലും ബോംബിട്ടു. പരിക്കേറ്റ സൈനികരെയുംകൊണ്ട് പലായനം ചെയ്യുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ഡോക്ടര്‍മാരും നേഴ്സുമാരും മുറിവേറ്റ സൈനികരുമടങ്ങുന്ന സംഘം കാളവണ്ടിയില്‍ യാത്രയായി. ബ്രിട്ടീഷ് സേന ഇവരെ പിടികൂടി. പിന്നെ ക്യാപ്റ്റന്‍ ലക്ഷ്മിയും സംഘവും റംഗൂണില്‍ വീട്ടുതടങ്കലിലായിരുന്നു. ഒമ്പതുമാസത്തിനുശേഷം മോചിതയായ അവര്‍ 1946ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

സിംഗപ്പുരിലും പിന്നീട് ബര്‍മയിലും നടന്ന ഐഎന്‍എ ക്യാമ്പുകളിലെ മാസങ്ങള്‍ നീണ്ട പരിശീലനത്തിലൂടെയാണ് ഈ പരിതസ്ഥിതികളെ നേരിടാന്‍ ലക്ഷ്മിയും കൂട്ടരും പഠിച്ചത്. നേഴ്സുമാരടക്കം 1500 സ്ത്രീകള്‍ പങ്കെടുത്തിരുന്നു. പുലര്‍ച്ചെ തുടങ്ങുന്ന പരിശീലനം അര്‍ധരാത്രിവരെ നീണ്ടു. രാഷ്ട്രീയക്ലാസ്സുകളും സായുധപരിശീലനവും ഒരുപോലെ ലഭിച്ചു. ബര്‍മയിലെ കൊടുംകാടുകള്‍ പരിചയപ്പെടാനുള്ള യാത്രകളും പതിവായിരുന്നു. ജാപ്പ് സൈനികരുടെ പിടിയിലായ കഥ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ഐഎന്‍എയിലെ മുതിര്‍ന്ന ഓഫീസറായിരുന്ന യെല്ലപ്പയടങ്ങുന്ന ചെറുസംഘം ബര്‍മയിലെ ആളൊഴിഞ്ഞ കാരന്‍കുന്നുകളില്‍ കുടില്‍കെട്ടി താമസിക്കുകയായിരുന്നു. അടുത്തദിവസം ഇവര്‍ ഞെട്ടിയുണര്‍ന്നത് ജാപ്പ് സൈനികര്‍ ചൂണ്ടിയ ബയണറ്റുകള്‍ ദേഹത്തുകൊണ്ടാണ്. തങ്ങള്‍ സഖ്യശക്തികളാണെന്ന് അറിയാവുന്ന ജാപ്പനീസ് ഭാഷയില്‍ പറഞ്ഞിട്ടും അവര്‍ക്ക് ബോധ്യംവന്നില്ല. ഇവരെയെല്ലാം ഒരു മരത്തില്‍ പിടിച്ചുകെട്ടി ജാപ്പ് സൈനികര്‍ ഓഫീസറെ വിളിക്കാന്‍പോയി. ഓഫീസര്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ജാപ്പനീസ് മാസികയില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞാണ് അവരെ മോചിപ്പിച്ചത്.

ഝാന്‍സി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ് മലയാളി പെണ്‍കൊടിയായിരുന്ന ലക്ഷ്മി ഒരു സൈനിക ഓഫീസറുടെ വേഷത്തിലേക്ക് മാറിയത്. റെജിമെന്റിന്റെ പ്രവര്‍ത്തനമേറ്റെടുക്കുംമുമ്പ് രണ്ടാംലോകയുദ്ധകാലത്ത് സിംഗപ്പുരില്‍ മുറിവേറ്റ സൈനികരെ ചികിത്സിക്കുന്നതിനും മറ്റും ലക്ഷ്മി മുന്നിലുണ്ടായിരുന്നു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് തുറന്ന അഭയാര്‍ഥി ക്യാമ്പുകളിലെ പ്രധാന ഡോക്ടര്‍മാരിലൊരാളായിരുന്നു ലക്ഷ്മി. സ്വാതന്ത്ര്യാനന്തരം 71ലെ ബംഗ്ലാദേശ് യുദ്ധവേളയിലും അഭയാര്‍ഥികള്‍ക്ക് ആശ്വാസവുമായി ലക്ഷ്മിയുണ്ടായിരുന്നു.

*
ദേശാഭിമാനി 24 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബാല്യം മുതല്‍ അവസാനശ്വാസം വരെ ഇതിഹാസതുല്യമായ ജീവിതം നയിച്ച വിപ്ലവവനിത ഓര്‍മയായി. ദേശീയ സ്വാതന്ത്ര്യസമരത്തിലെ ധീരനായികയും ഉജ്വലമാതൃകയായ സാമൂഹിക പ്രവര്‍ത്തകയും സിപിഐ എമ്മിന്റെ തലമുതിര്‍ന്ന അംഗവുമായ ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സിറാണി റജിമെന്റിനെ നയിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സമരഭരിതജീവിതം ഇനി തലമുറകള്‍ക്ക് നിതാന്തപ്രചോദനം. തിങ്കളാഴ്ച പകല്‍ 11.25ന് കാണ്‍പുര്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു.