Showing posts with label സാങ്കേതികവിദ്യ. Show all posts
Showing posts with label സാങ്കേതികവിദ്യ. Show all posts

Friday, October 12, 2012

കണ്ണുകളെന്തിനു വേറെ

ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ പദവി വരെയെത്തി. പ്രായം അമ്പത് കഴിയുന്നു. എന്നിട്ടും സത്യശീലന്‍ മാഷ് ഇന്ദുലേഖ വായിച്ചു തീര്‍ത്തത് ഈയടുത്ത കാലത്ത്. കവിതാപ്രേമിയായിട്ടും ആശാന്റെയും ചങ്ങമ്പുഴയുടെയും കൃതികള്‍ നേരിട്ട് വായിച്ച് ഹൃദിസ്ഥമാക്കുന്നതും ഇപ്പോള്‍. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും മാഷ് ഇപ്പോഴാണ് ഒന്ന് വായിച്ചുനോക്കുന്നത്. കാസര്‍കോട് വിദ്യാനഗര്‍ അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു സത്യശീലന്‍ മാഷ്. ഇപ്പോള്‍ പ്രധാനാധ്യാപകന്റെ ചുമതലയില്‍നിന്നൊഴിഞ്ഞെങ്കിലും മാഷ് അകക്കണ്ണിന്റെ കരുത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നതെല്ലാം വളരെ പ്രധാനം തന്നെ.

കാഴ്ചയെന്നാല്‍ കട്ട പിടിച്ച ഇരുട്ടാണെന്ന് മാത്രമറിഞ്ഞിരുന്ന സത്യശീലന്‍ മാഷുടെ കുട്ടികളിപ്പോള്‍ കാര്യങ്ങളെല്ലാം കാണും. ഒന്നും കാണാത്ത കണ്ണ് ഇവര്‍ക്കിപ്പോള്‍ ബലഹീനതയല്ല. ചെവിയിലേക്ക് പരാവര്‍ത്തനം ചെയ്ത ആറാമിന്ദ്രിയമാണ്. ഈ ഇന്ദ്രിയത്തിലൂടെ കുട്ടികള്‍ അറിവിന്റെ പുതിയ ചക്രവാളം തുറക്കുന്നു. "ഉബുണ്ടു" ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ, മാഷ് വികസിപ്പിച്ചെടുത്ത "ലിനക്സ് ഇന്റലിജന്റ് ഒസിആര്‍" എന്ന സോഫ്റ്റ്വെയര്‍ കാഴ്ചയില്ലാത്തവരുടെ ഉള്‍ക്കണ്ണായിരിക്കുകയാണിപ്പോള്‍. ഇതിന്റെ കഥ മാഷ് തന്നെ പറഞ്ഞുതരും. സ്വതന്ത്ര സോഫ്റ്റ്വെയറായതിനാല്‍ അറിഞ്ഞവര്‍ ഇതൊന്ന് പ്രചരിപ്പിക്കണമെന്ന അഭ്യര്‍ഥന മാത്രമാണ് മാഷിനുള്ളത്. വാക്ക് കേള്‍വിയാകുന്നു വായിക്കേണ്ട പുസ്തകത്തിന്റെ പേജ് സ്കാനറില്‍ വച്ച് ഇ- സ്പീക്കെന്ന വിദ്യയിലൂടെ കംപ്യൂട്ടര്‍, പുസ്തകത്തിലെ എഴുത്തിനെ ശബ്ദമാക്കി മാറ്റുന്നു. ലോകത്തിലെ 80 ഭാഷകള്‍ വരെ ഇങ്ങനെ കംപ്യൂട്ടര്‍ സംസാരിക്കും. ഇതില്‍ നമ്മുടെ മലയാളം സംസാരിക്കുന്ന വിദ്യ കണ്ടുപിടിച്ചത് ജൊനാഥന്‍ ഡെഡിങ്ടണ്‍ എന്ന ഇംഗ്ലീഷുകാരനാണ്. "കംപ്യൂട്ടര്‍ ഗുണ്ടര്‍ട്ട്" എന്നാണ് സത്യശീലന്‍ മാഷ് ഈ സായ്പിനെ വിശേഷിപ്പിക്കുന്നത്.

നിലവിലുള്ള ശാസ്ത്ര- സാങ്കേതിക ഭൗതികസൗകര്യങ്ങള്‍ കാഴ്ചയില്ലാത്തവര്‍ക്കും പ്രാപ്യമാണ് എന്നു തെളിയിച്ചതാണ് സത്യശീലന്‍ മാഷിന്റെ ജീവിതം. കണ്ണുണ്ടായിട്ടും, കാണേണ്ടത് കാണാത്ത നമ്മളെക്കാളെല്ലാം വേഗത്തില്‍ മാഷ് കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കും. ഗൂഗിള്‍ വിക്കീപീഡിയയില്‍ കാര്യങ്ങള്‍ തിരക്കും. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് വിദഗ്ധരുമായി ആശയവിനിമയം നടത്തും. ഇ- മെയില്‍ കത്തിടപാടും മുറയ്ക്ക് ഉണ്ടാകും. എന്‍ജിനിയര്‍മാര്‍ ഓണ്‍ലൈനിലുണ്ടെങ്കില്‍ ചാറ്റിങ്ങിലാകും സംശയനിവാരണം. മലയാളവും ഇംഗ്ലീഷും ഹിന്ദിയും വേഗത്തില്‍ മാഷ് കംപോസ് ചെയ്യും. നിലവില്‍ "ഡെയ്സി പ്ലെയര്‍"എന്ന സൗകര്യം കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് സഹായത്തിനുണ്ട്. പുസ്തകം അപ്പാടെ റെക്കോഡ് ചെയ്ത് കേള്‍പ്പിക്കുന്ന രീതിയാണ് ഡെയ്സി പ്ലയര്‍ പിന്തുടരുന്നത്. അതായത് പുസ്തകത്തിന്റെ ഓഡിയോ സിഡി കേള്‍പ്പിക്കുന്നതാണിത്. നമുക്ക് ആഗ്രഹമുള്ള എല്ലാത്തരം പുസതകവും ഇങ്ങനെ സിഡിയാക്കി കിട്ടണമെന്നില്ല. ലൈബ്രറിയില്‍നിന്ന് ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത് വായിക്കുന്ന വായനക്കാരന്റെ സുഖം ഈ രീതിക്ക് കിട്ടില്ല. അവിടെയാണ് മാഷിന്റെ "ലിനക്സ് ഇന്റലിജന്റ് ഒസിആര്‍" എന്ന പേരുള്ള സോഫ്റ്റ്വെയറിന്റെ പ്രധാന്യം. ഇതിന്റെ രൂപകല്‍പ്പനയില്‍ സാങ്കേതികമായ എന്‍ജിനിയറിങ് ജോലികള്‍ കംപ്യൂട്ടര്‍ വിദഗ്ധര്‍ സൗജന്യമായി ചെയ്തുകൊടുത്തു. ആശയവും രൂപകല്‍പ്പനയുമാണ് മാഷിന്റെ സംഭാവന. വിദ്യാനഗറിലെ ബ്ലൈന്‍ഡ് സ്കൂളിന്റെ തട്ടകവും കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡിന്റെ സഹായവും മുതല്‍ക്കൂട്ടായി.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്ന വെള്ളച്ചൂരല്‍ കാഴ്ചശക്തി കുറഞ്ഞ അനേകര്‍ക്ക് കംപ്യൂട്ടര്‍ ലോകത്തിലേക്കുള്ള ഊന്നുവടിയാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം. ഇതര കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ മേഖലയില്‍ "സ്പീച്ച് സപ്പോര്‍ട്ട്" ഉല്‍പ്പന്നത്തിന്റെ ഒറ്റകോപ്പിക്ക് കുറഞ്ഞത് അരലക്ഷം രൂപ ചെലവുവരും. ആ സ്ഥാനത്താണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിനകത്ത് അഞ്ചുപൈസ ചെലവില്ലാതെ ഗവേഷണം നടത്തി പുതിയ സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ മാഷിനടക്കമുള്ളവര്‍ക്കായത്. ഗൂഗിളില്‍ സൗജന്യമായി ലഭിക്കുന്ന "ടെസറാക്ട്" എന്ന സോഫ്റ്റ്വെയറാണ് പുസ്തകം സ്കാന്‍ ചെയ്യുന്ന ഒസിആര്‍ (ഒപ്ടിക്കല്‍ കാരക്ടര്‍ റെക്കഗ്നീഷന്‍) എന്‍ജിന്‍. ട്രിപ്പിള്‍ ഐടി ഹൈദരാബാദ് എന്ന സ്ഥാപനമാണ് മലയാളം സംസാരിക്കുന്ന സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ മാഷിനെ സാങ്കേതികമായി സഹായിച്ചത്. അവിടത്തെ ജവഹര്‍ എന്ന അധ്യാപകന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംരംഭകര്‍ മാഷുമായി കംപ്യൂട്ടറിന്റെ ലോകത്തെ കുറിച്ച് നിരന്തരം സംവദിച്ചു. "ക്യുനിഫോം" എന്ന റഷ്യന്‍ സോഫ്റ്റ്വെയറാണ് ഇംഗ്ലീഷടക്കമുള്ള ഭാഷകള്‍ വായിക്കാന്‍ സഹായിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറായതിനാല്‍ ഗൂഗിളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. ലോകത്തിന്റെ ഏതുഭാഗത്തുള്ള അന്ധനും ഇന്റര്‍നെറ്റും സ്കാനറുമുണ്ടെങ്കില്‍ എല്ലാവരെയും പോലെ വായിക്കാനും പഠിക്കാനും കഴിയും. ഉബുണ്ടുവെന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെ ലോകത്തെവിടെയിരുന്നും ഈ സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം.

കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി കാഴ്ചയില്ലാത്തവര്‍ക്ക് സബ്സിഡി നിരക്കില്‍ കംപ്യൂട്ടര്‍ വിതരണവുമുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഈ പദ്ധതിയില്‍ കംപ്യൂട്ടറൊന്നിന് 19,500 രൂപ സബ്സിഡി ലഭിക്കും. സംഗതി എളുപ്പമാണ്; പതിനായിരം രൂപ ചെലവില്‍ തന്റെ കാഴ്ചയുടെ പരിമിതി ഭേദിക്കാന്‍ തന്നെപ്പോലെയുള്ള കാഴ്ചയില്ലാത്തവര്‍ക്ക് എളുപ്പം സാധിക്കുമെന്ന് മാഷ് ധൈര്യപൂര്‍വം സാക്ഷ്യപ്പെടുത്തുന്നു. അഥവാ ഗൂഗിള്‍ ഡൗണ്‍ലോഡിങ്ങില്‍ നിങ്ങള്‍ക്ക് വല്ല പ്രയാസവുമുണ്ടോ? ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വല്ല സാങ്കേതിക ബുദ്ധിമുട്ടുമുണ്ടോ?... വിളിക്കാം സത്യശീലന്‍ മാഷിനെ; ഒരുമൊബൈല്‍ ഫോണ്‍ ദൂരത്തില്‍ മാഷുണ്ട്. നമ്പര്‍: 9446012215. ബ്രെയ്ലി പഠിക്കൂ; കണ്ണു തുറക്കാം കംപ്യൂട്ടറില്‍ മലയാളം കംപോസ് ചെയ്യാന്‍ ഏറ്റവും നല്ലത് ബ്രെയ്ലി പഠനമാണെന്നാണ് സത്യശീലന്‍ മാഷ് പറയുന്നത്. വെറും ആറ് കീ കൊണ്ട് നിങ്ങള്‍ക്ക് അമ്പത്താറക്ഷരവും എഴുതാം. അല്‍പ്പം അകക്കണ്ണ് ചെലവിട്ട് ഒന്നുമുതല്‍ ആറുവരെയുള്ള കീകളില്‍ തഴക്കംവന്നാല്‍ മാത്രം മതി. ഇത്തരത്തില്‍ എഴുതുന്ന "ശാരദ ബ്രെയ്ലി റൈറ്റര്‍" എന്ന സൂത്രവിദ്യയും വികസിപ്പിച്ചതും മാഷ് തന്നെ. (ശാരദ മറ്റാരുമല്ല; മാഷിന്റെ ഭാര്യ തന്നെ). ഭാഷയ്ക്ക് മേല്‍ ഈ കംപ്യൂട്ടര്‍ എഴുത്തുവിദ്യ എല്ലാവര്‍ക്കും മുതല്‍കൂട്ടാകുമെന്നു തന്നെയാണ് മാഷ് പറയുന്നത്.

കാഴ്ചയുണ്ടെന്ന് മേനി നടിക്കുന്നവര്‍ക്കും ഈ ടൈപ്പിങ് വിദ്യ സുഗമമാണ്. ഇനി ബ്രെയ്ലി ലിപി അറിയാത്ത അന്ധരായ കുട്ടികള്‍ക്ക് "അന്‍ജല ഓപ്പണ്‍ ടോക്കിങ് ടൈപ്പര്‍" എന്ന സോഫ്റ്റ്വെയറുമുണ്ട്. എല്ലാ പത്രങ്ങളുടെയും ഓണ്‍ലൈന്‍ പേജിലൂടെ കണ്ണോടിച്ചാണ് സത്യശീലന്‍ മാഷ് ദിവസം തുടങ്ങുന്നത്. ദേശാഭിമാനി പത്രം വീട്ടുകാര്‍ക്കായി രാവിലെ വീട്ടിലെത്തും. പക്ഷേ അപ്പോഴേക്കും മാഷത് കംപ്യൂട്ടറില്‍ വായിച്ച് കഴിഞ്ഞിട്ടുണ്ടാകും. ഓണ്‍ലൈനില്‍ ദേശാഭിമാനിയും ദ ഹിന്ദു പത്രവും അടക്കം നാല് പത്രങ്ങള്‍ വായിച്ചുതീര്‍ത്താണ് മാഷ് സ്കൂളിലേക്ക് പോകുന്നത്.

അന്ധവിദ്യാലയത്തിന്റെ അതിരിലെ ക്വാര്‍ട്ടേഴ്സില്‍ തന്നെയാണ് കണ്ണൂര്‍ അഴിക്കോട് സ്വദേശിയായ മാഷും കുടുംബവും താമസിക്കുന്നത്. വീട്ടിലെ മാഷിന്റെ മുറിയിലും ഒരുവെള്ളച്ചൂരല്‍ ദൂരത്തുള്ള സ്കൂള്‍ ലാബിലും കംപ്യൂട്ടര്‍ സ്ക്രീനില്‍ മാഷിന്റെ ഉള്‍ക്കണ്ണിന്റെ തിളക്കമുണ്ട്. നിരന്തരമായ അധ്വാനത്തിന്റെ വിജയസ്മിതങ്ങളുണ്ട്. ആ ചിരിയുടെ തിളക്കത്തിന് കൈകോര്‍ക്കുന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവിദ്യാര്‍ഥിയായ മകന്‍ നളിന്‍. കൂടെ കേന്ദ്രസര്‍വകലാശാലയില്‍ സാഹിത്യ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മകള്‍ ശാലിനിയും. "പുരോഗമന വിദ്യാഭ്യാസചിന്തകള്‍" എന്ന പുസ്തകമാണ് മാഷ് അടുത്തതായി വായിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ഈ പുസ്തകം മലര്‍ക്കെ തുറന്ന് സ്കാനറിനടിയില്‍ വയ്ക്കുന്നു. കംപ്യൂട്ടര്‍ അത് പരാവര്‍ത്തനം ചെയ്യുന്നു. മാഷിന്റെ ഉള്‍ക്കണ്ണില്‍ വായന തുടരുന്നു... ""കണ്ണുവേണമിരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴേം, കണ്ണിലെപ്പോഴും കത്തിജ്വലിക്കു- മുള്‍ക്കണ്ണുവേണമണയാത്ത കണ്ണ്"" (കടമ്മനിട്ട- കോഴി)

*
വിനോദ് പായം ദേശാഭിമാനി വാരാന്തപ്പതിപ്പ് 07 ഒക്ടോബര്‍ 2012

Friday, June 15, 2012

സാം പിട്രോഡ വക നവലിബറല്‍ കുറിപ്പടി

വിദേശത്തുനിന്ന് എത്തുമ്പോള്‍ ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ലാതിരുന്നതുപോലെ കേരളത്തെപ്പറ്റിയും തനിക്ക് ഒന്നും അറിയില്ല എന്നാണ് മലയാളമനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാം പിട്രോഡ പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ സാംപിട്രോഡ സംസ്ഥാന സര്‍ക്കാരിന്റെ വികസന മാര്‍ഗദര്‍ശിയാണ്. ആ നിലയ്ക്കാണ് കേരളവികസനത്തിനുള്ള പത്ത് നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചത്. കേരളത്തെക്കുറിച്ചുള്ള അറിവില്ലായ്മ ശരിക്കും വെളിപ്പെടുത്തുന്നതായി പത്തിന നിര്‍ദേശങ്ങള്‍. പിട്രോഡയുടെ അവതരണം കേട്ട മുഖ്യമന്ത്രിയോ മന്ത്രിമാരോ സംസ്ഥാന പ്ലാനിങ്ബോര്‍ഡംഗങ്ങളോ എന്തെങ്കിലും പ്രതികരിച്ചതായി റിപ്പോര്‍ട്ടില്ല. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനുമുന്നില്‍ അവര്‍ നിശബ്ദ സ്വീകര്‍ത്താക്കളായി ഇരുന്നു എന്നുവേണം കരുതാന്‍. വിശദപഠനത്തിനുള്ള ഉപസമിതികള്‍ക്ക് രൂപംനല്‍കിയാണ് അവതരണം അവസാനിപ്പിച്ചത്. നോളജ് സിറ്റി, തീരദേശ ചരക്കുഗതാഗതം, ആയുര്‍വേദം, മാലിന്യസംസ്കരണം, ഇ ഗവേണന്‍സ്, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, ആരോഗ്യ ഇന്‍ഷുറന്‍സ്, വിരമിച്ച ഉദ്യോഗസ്ഥരുടെ വിന്യാസം, അതിവേഗ റെയില്‍പ്പാത, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം എന്നിവയാണ് പത്ത് നിര്‍ദേശങ്ങള്‍.

ഇവയില്‍ സ്വീകാര്യങ്ങളായവ ചിലതുണ്ടെങ്കിലും ഭൂരിപക്ഷവും അപ്രധാനങ്ങളോ അപ്രസക്തങ്ങളോ ആയ നിര്‍ദേശങ്ങളാണ്. യഥാര്‍ഥ പ്രശ്നങ്ങളെ അഭിസംബോധനചെയ്യുന്നില്ല എന്നതാണ് അവയുടെ പ്രധാന ദൗര്‍ബല്യം. കേരളത്തിന്റെ ഭൗതിക-സാമ്പത്തിക-സാമൂഹിക പരിതസ്ഥിതികള്‍ സംബന്ധിച്ച അജ്ഞതയും പ്രശ്നങ്ങള്‍ സംബന്ധിച്ച ധാരണക്കുറവും സാധ്യതകള്‍ വിലയിരുത്തുന്നതിലെ യാഥാര്‍ഥ്യബോധമില്ലായ്മയുമാണ് ശുപാര്‍ശകളിലുടനീളം നിഴലിക്കുന്നത്.

സവിശേഷതകള്‍ അനവധിയുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളുടെയോ രാജ്യങ്ങളുടെയോ വികസന പാഠങ്ങളുടെ തനിയാവര്‍ത്തനം അപ്രസക്തം മാത്രമല്ല അനാവശ്യവുമാണ്. സാമൂഹികനീതിയും ക്ഷേമപ്രവര്‍ത്തനങ്ങളും ഉയര്‍ന്ന ജീവിതഗുണമേന്മയുമാണ് കേരളത്തിന്റെ പ്രധാന നേട്ടങ്ങള്‍. ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി നടത്തപ്പെട്ട സമരങ്ങള്‍, തുടര്‍ന്നുണ്ടായ കാര്‍ഷിക- വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍, സാക്ഷരതാ പ്രസ്ഥാനം, അധികാരവികേന്ദ്രീകരണം, പുരോഗമനപരമായ തൊഴില്‍ നിയമങ്ങള്‍, സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇവയെല്ലാമാണ് ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് നിദാനങ്ങളായത്. സാമ്പത്തിക വികസനം സാമൂഹികനീതി അപകടപ്പെടുത്തിക്കൊണ്ടാകരുത്. രണ്ടുലക്ഷ്യങ്ങളും ഒന്നിനൊന്നു ചേര്‍ന്നുപോകണം. സാമൂഹികനീതി ഉറപ്പിച്ചുനിര്‍ത്താന്‍ ഭൗതിക ഉല്‍പ്പാദനം, വിശേഷിച്ചും കാര്‍ഷിക-വ്യാവസായിക ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന യാഥാര്‍ഥ്യം വര്‍ഷങ്ങള്‍ക്കുമുമ്പേ കേരളം തിരിച്ചറിഞ്ഞതാണ്. ഒന്നാം വികസന കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ഇ എം എസ് ഊന്നിപ്പറഞ്ഞത് ആ യാഥാര്‍ഥ്യമാണ്.

കാര്‍ഷിക- വ്യാവസായിക ഉല്‍പ്പാദനം ഉത്തേജിപ്പിക്കത്തക നിര്‍ദേശങ്ങളൊന്നും പിട്രോഡ മുന്നോട്ടുവയ്ക്കുന്നില്ല. പിട്രോഡയ്ക്ക് വികസനമെന്നാല്‍ ഉയര്‍ന്ന സാങ്കേതികവിദ്യകളുടെ പ്രയോഗമാണ്. അതുപക്ഷേ സ്വാഭാവികം. പിട്രോഡ ഒരു ടെക്നോക്രാറ്റാണ്. സാമൂഹിക ശാസ്ത്രജ്ഞനോ സാമ്പത്തിക വിദഗ്ധനോ അല്ല. എന്നാല്‍, വികസനം കേവലം സാങ്കേതികസമസ്യയല്ല. അതൊരു സമഗ്രതയാണ്. മനുഷ്യനും പ്രകൃതിയും സമൂഹവും സംസ്കാരവും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സമഗ്രത. ഭൂവിസ്തൃതിയില്‍ വളരെ ചെറുതാണ് കേരളം. ഗ്രാമനഗരവ്യത്യാസമില്ലാതെ ഭൂപ്രദേശമാകെ വ്യാപിച്ചുകിടക്കുന്ന ആവാസവ്യവസ്ഥ കേരളത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കേരളത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് ഏക്കര്‍ കണക്കിന് ഭൂമി ലഭ്യമല്ല. കല്‍ക്കരി, ഇരുമ്പയിര്, മാംഗനീസ്, ബോക്സൈറ്റ്, ക്രൂഡ് ഓയില്‍ തുടങ്ങിയ അസംസ്കൃതവസ്തുക്കളും ലഭ്യമല്ല. പരുത്തി, ചണം, കരിമ്പ് തുടങ്ങിയവയ്ക്ക് അനുകൂലമായ കാലാവസ്ഥയും ഭൂപ്രകൃതിയുമല്ല കേരളത്തിലേത്. തന്മൂലം വന്‍കിടവ്യവസായങ്ങള്‍ക്കുള്ള സാധ്യത അടയുന്നു. റബര്‍, നാളികേരം, അടയ്ക്ക, കുരുമുളക്, കപ്പ, ഇഞ്ചി, മഞ്ഞള്‍, ഏലം, ചായ, കാപ്പി എന്നിവയുടെ ഉല്‍പ്പാദനത്തിലും വിണപനത്തിലുമാണ് കേരളം കേന്ദ്രീകരിക്കുന്നത്. അവ ദീര്‍ഘകാല വിളകളാണ്. അവയുടെ പരിപാലനത്തിന് അധ്വാനശേഷി കുറച്ചുമതി. നെല്‍കൃഷിക്കാകട്ടെ കൂടുതല്‍ അധ്വാനശേഷിവേണം.

നെല്‍വയലുകള്‍ ദീര്‍ഘകാലവിളകള്‍ക്കും കെട്ടിടങ്ങള്‍ക്കും വഴിമാറിയതോടെ, ധാരാളംപേര്‍ കാര്‍ഷികമേഖലയ്ക്കു പുറത്തായി. പരമ്പരാഗത വ്യവസായങ്ങള്‍ പ്രതിസന്ധിയിലായതോടെ ആ മേഖലയില്‍നിന്ന് ധാരാളംപേര്‍ പുറത്താക്കപ്പെട്ടു. പെയിന്റര്‍മാരും കല്‍പ്പണിക്കാരും ഡ്രൈവര്‍മാരുമായി മാറിയ ധാരാളംപേര്‍ ഗള്‍ഫ് മേഖലയില്‍ ചേക്കേറുന്നതാണ് പിന്നീട് കേരളം കണ്ടത്. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറിയ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസാധിഷ്ഠിത സേവനങ്ങളിലാണ് കേരളത്തിന്റെ കരുത്ത് എന്നുപറയുന്നത് ശരിയാണ്. എന്നാല്‍, പ്രസ്തുത മേഖലയിലെ കേന്ദ്രീകരണം വികസനത്തെ ഏകമുഖവും സങ്കുചിതവുമാക്കുന്നു. കാര്‍ഷിക- വ്യാവസായിക ഉല്‍പ്പാദനത്തെ വിഗണിച്ചുള്ള വികസനം ആത്മഹത്യാപരമാണ്. സേവനമേഖല സൃഷ്ടിക്കുന്ന വരുമാനവര്‍ധന അന്യസംസ്ഥാന ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളം സൃഷ്ടിക്കുകയാണ് ചെയ്യുക. നെല്ല്, പച്ചക്കറികള്‍, പാല്‍, മുട്ട, പഴങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനവര്‍ധന, ദീര്‍ഘകാലവിളകളുടെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണവും വിപണനവും, ഐടി- ബയോടെക്നോളജി- ടൂറിസം അധിഷ്ഠിത സംരംഭങ്ങള്‍, ചെറുകിട- ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ച ഇവയ്ക്കാകണം കേരളം ഊന്നല്‍ നല്‍കേണ്ടത്. ജില്ല- സംസ്ഥാന റോഡുകളുടെ വികസനം, വൈദ്യുതി ഉല്‍പ്പാദനശേഷി വര്‍ധന തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

അതിവേഗ റെയില്‍പ്പാത ഗതാഗത വികസനത്തിനുള്ള ഒറ്റമൂലിയല്ല. പക്ഷേ, വൈദ്യുതിയും റോഡുവികസനവും മറ്റും പിട്രോഡയുടെ ശ്രദ്ധയാകര്‍ഷിച്ചതായി കാണുന്നില്ല. കാര്‍ഷിക- മൃഗസംരക്ഷണ- മത്സ്യബന്ധന മേഖലകള്‍ പൂര്‍ണമായി അവഗണിക്കപ്പെടുന്നു. സംസ്ഥാനത്തെ തൊഴിലെടുക്കുന്നവരില്‍ 33.5 ശതമാനം കൃഷിയെയും അനുബന്ധതൊഴിലുകളെയും ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. മൊത്തം കൃഷിയിടങ്ങളില്‍  95.17 ശതമാനം ഒരു ഹെക്ടറില്‍ താഴെമാത്രം വിസ്തൃതിയുള്ളതാണ്. ഒരു ഹെക്ടറിനും രണ്ട് ഹെക്ടറിനും മധ്യേ വിസ്തൃതിയുള്ള കൃഷിയിടങ്ങള്‍ ആകെ കൃഷിയിടങ്ങളുടെ 3.4 ശതമാനമാണ്. നാമമാത്ര- ചെറുകിട കൃഷിക്കാരുടെ തൊഴിലും വരുമാനവും ഭക്ഷണവും ജീവിതവും മുഖ്യമായും തുണ്ടുകൃഷിയിടങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവരുടെ പുരോഗതി ലക്ഷ്യമാക്കാത്ത ഏതുവികസന നിര്‍ദേശവും പിന്തിരിപ്പനും യാഥാര്‍ഥ്യബോധമില്ലാത്തതുമാണ്.

വികസനത്തിന്റെ സാമൂഹിക- സാംസ്കാരിക മാനം ഗൗരവപൂര്‍വം സമീപിക്കേണ്ട പ്രശ്നമാണ്. കായികാധ്വാനത്തോടുള്ള കേരളീയരുടെ വിരക്തി പ്രസിദ്ധമാണ്. കായികവും മാനസികവുമായ അധ്വാനശേഷി പ്രയോഗിക്കാതെ ഉല്‍പ്പാദനം സാധ്യമല്ല. കായികാധ്വാനത്തോടുള്ള പ്രതിപത്തിക്കുറവിന്റെ സാമൂഹ്യശാസ്ത്രപരമായ കാരണങ്ങള്‍ വികസനചര്‍ച്ചയില്‍ അവഗണിക്കപ്പെടുന്നു. "ബാബുജി" മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് ഇനിയും നാം മോചിതരായിട്ടില്ല. അതിനുള്ള ഗൗരവതരമായ ശ്രമങ്ങളുമില്ല. സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ "സാങ്കേതിക ബാബുജി" മാരെ സൃഷ്ടിക്കുകയാണു ചെയ്തുവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും പുനര്‍നിര്‍വചിക്കുവാന്‍ സാംപിട്രോഡയ്ക്കാവുന്നില്ല.

നെല്‍കൃഷിയും മൃഗസംരക്ഷണവും ചേര്‍ന്ന ജൈവചക്രമായിരുന്നു കേരളീയരുടെ കാര്‍ഷിക സംസ്കൃതിയുടെ അടിസ്ഥാനശില. നെല്‍വയലുകള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം ഉറപ്പാക്കി. മൃഗപരിപാലനം വയലുകള്‍ക്ക് ജൈവവളവും മനുഷ്യര്‍ക്കു പോഷകാഹാരവും നല്‍കി. ഭൂമിയുടെ ജലവിതാനം സംരക്ഷിക്കുന്നതില്‍ നെല്‍വയലുകള്‍ മര്‍മപ്രധാനപങ്കു വഹിച്ചു. എന്നാല്‍ നെല്‍വയലുകളുടെ വിസ്തൃതി 1973-74 ലെ 8.75 ലക്ഷം ഹെക്ടറില്‍ നിന്ന് 2010-11 ല്‍ 2.13 ലക്ഷം ഹെക്ടറായി ഇടിഞ്ഞു. 75.65 ശതമാനത്തിന്റെ ഇടിവ.് ലഭ്യമായ കൃഷിഭൂമിയില്‍നിന്ന് എങ്ങനെ പരമാവധി ഉല്‍പ്പാദനം നടത്താമെന്ന പ്രശ്നം സാംപിട്രോഡയുടെ വിഷയമാവുന്നില്ല. അഥവാ കൃഷിക്കാര്‍ അദ്ദേഹത്തിന്റെ അജന്‍ഡയിലില്ല. കേരളത്തിലെ സാധാരണ മനുഷ്യരും.

പിട്രോഡയുടെ നിര്‍ദേശങ്ങള്‍ ഒരു പൊതുവായ രാഷ്ട്രീയ ദര്‍ശനം മുന്നോട്ടുവയ്ക്കുന്നുണ്ട്. നവഉദാരവല്‍ക്കരണ സാമ്പത്തിക നയം സര്‍ക്കാരിനു വിട്ടു നല്‍കുന്നത് പശ്ചാത്തലസൗകര്യമൊരുക്കുന്ന ധര്‍മമാണ്. പത്തു നിര്‍ദേശങ്ങളും ആ ഗണത്തില്‍പെടുന്നവയാണ്. അതിവേഗ റെയില്‍പ്പാതയും തീരദേശചരക്കുഗതാഗതവും മറ്റും കോടിക്കണക്കിന് രൂപയുടെ മുതല്‍മുടക്ക് ആവശ്യമാക്കുന്നവയാണ്. പത്തു ശതമാനമെങ്കിലും ആദായം ഉറപ്പുവരുത്താമെങ്കില്‍ യഥേഷ്ടം സ്വകാര്യമൂലധനം ലഭ്യമാകുമെന്ന പിട്രോഡയുടെ അഭിപ്രായം നവഉദാരവല്‍ക്കരണ സാമ്പത്തിക നയത്തെ പിന്താങ്ങലാണ്. പിട്രോഡയുടെ അഭിപ്രായത്തില്‍ വികസനം സ്വകാര്യമൂലധനത്തിനും ലാഭം നേടാനുമുള്ള വഴിയാണ്.


*****

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

Monday, December 19, 2011

അദൃശ്യത്തിനെതിരെ ദൃശ്യം ഡിജിറ്റല്‍ കാലത്തെ മാനവികത

എണ്‍പതുകളില്‍, കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍വത്ക്കരണവും വ്യാപകമായിത്തുടങ്ങിയ കാലം. നീതിബോധമില്ലാത്ത കമ്പ്യൂട്ടര്‍വത്ക്കരണത്തെ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ വിമര്‍ശനാത്മകമായിട്ടാണ് സമീപിച്ചത്. അക്കാലത്തുയര്‍ന്നുകേട്ട പ്രധാന മുദ്രാവാക്യങ്ങളിലൊന്നിപ്രകാരമായിരുന്നു: പണിയെത്തിക്കൂ കൈകളിലാദ്യം, പിന്നീടാകാം കമ്പ്യൂട്ടര്‍. അതായത്, തൊഴില്‍ മേഖലയില്‍ നിന്ന് തൊഴിലാളികളെ കമ്പ്യൂട്ടര്‍ വ്യാപകമായി പുറന്തള്ളുമെന്ന ഭീതിയായിരുന്നു ആ സമരത്തിന്റെ പശ്ചാത്തലം. പിന്നീട് പല മാറ്റങ്ങളും സംഭവിച്ചു. കമ്പ്യൂട്ടര്‍ പേന പോലെ എല്ലാവര്‍ക്കും അത്യാവശ്യമായ ഒരു ഉപകരണമായി പരക്കെ സ്വീകരിക്കപ്പെട്ടു. അപ്പോള്‍, ഇടതുപക്ഷം യാഥാസ്ഥിതികരാണെന്നും കാലത്തിന്റെ മാറ്റങ്ങളോട് പുറന്തിരിഞ്ഞു നില്‍ക്കുന്നവരാണെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നുവന്നു. ആ വിമര്‍ശനത്തിന്റെ ശരിതെറ്റുകള്‍ പരിശോധിക്കാനോ അതിനെ ന്യായീകരിക്കാനോ പ്രതിരോധിക്കാനോ ഈ ലേഖനത്തിലൂടെ മുതിരുന്നില്ല; അതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും. ഇടതുപക്ഷം ഉയര്‍ത്തിയ മുദ്രാവാക്യം, കമ്പ്യൂട്ടര്‍വത്ക്കരിച്ച; കുറെക്കൂടി കൃത്യമായി വ്യവഹരിച്ചാല്‍ ഡിജിറ്റലനന്തര സിനിമയുടെ പശ്ചാത്തലത്തില്‍ ഒന്നു പരിശോധിച്ചു നോക്കുക. ഇന്ത്യന്‍ സിനിമയില്‍ നിര്‍ബന്ധമുള്ള ഗാന-നൃത്ത രംഗങ്ങളില്‍ നായകനും നായികയും പാടാനും ആടാനും തുടങ്ങിക്കഴിഞ്ഞാല്‍ അവര്‍ക്കു പുറകിലും ചുറ്റിലുമായി നിറയെ പുരുഷ-സ്ത്രീ എക്സ്ട്രകള്‍ ആടിപ്പാടുന്നത് പതിവാണ്. ഡിജിറ്റല്‍ കാലഘട്ടം വന്നതോടെ ഈ എക്സ്ട്രകള്‍ക്ക് പകരം നായകന്റെയും നായികയുടെയും നിരവധി ഡിജിറ്റല്‍ പതിപ്പുകളാണ് നൃത്തം ചെയ്യുന്നത്. അതായത്, മനുഷ്യരുടെ തൊഴില്‍ കമ്പ്യൂട്ടര്‍ നഷ്ടപ്പെടുത്തുമെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ! അഥവാ ലെവ് മനോവിച്ച് പറയുന്നതു പോലെ സിനിമ കമ്പ്യൂട്ടറിന്റെ ഒരു അടിമയായി പരിണമിച്ചിരിക്കുന്നു. മറ്റൊരു രീതിയില്‍ വിശദീകരിച്ചാല്‍, സിനിമ എന്ന നാളിതുവരെ മനുഷ്യരുടെയും പ്രകൃതിയുടെയും ആഖ്യാനമായിരുന്ന ഒരു വ്യവഹാരവ്യവസ്ഥ ഇനി അപ്രകാരമായിരിക്കില്ല. അത്, ഡിജിറ്റല്‍ നിര്‍മിതികളും ഇടപെടലുകളും പൂര്‍ത്തീകരണങ്ങളും പാഠങ്ങളുമായി മുഴുവന്‍ മാറിമറിഞ്ഞിരിക്കുന്നു.

ലോകത്തിലും സമൂഹത്തിലും നമ്മളും ഉള്‍പ്പെട്ടിരിക്കുന്നു എന്ന തോന്നലിലൂടെ കടന്നുപോകാന്‍ പ്രേരിപ്പിക്കുന്നതു കൊണ്ടാണ് മാധ്യമം അഥവാ മാധ്യമങ്ങള്‍ മനുഷ്യര്‍ക്ക് പ്രിയങ്കരങ്ങളായ കൂട്ടാളികളായി നിലനില്‍ക്കുന്നതും കൂടെ യാത്രയാകുന്നതും. ദൃശ്യ-ശബ്ദ-ലിഖിത- സൂചനകളിലൂടെ പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധിയായ മാധ്യമങ്ങളുടെ അഭൂതപൂര്‍വവും അത്യത്ഭുതകരവുമായ സംയോജന(കണ്‍വെര്‍ജന്‍സ്)മാണ് പുതിയ കാലഘട്ടത്തിന്റെ ഏറ്റവും പ്രകടമായ സവിശേഷത. നാടകം, ചിത്രകല, ആനിമേഷന്‍, വീഡിയോ, ഫിലിം എന്നീ മാധ്യമങ്ങള്‍ എല്ലാം സംയോജിപ്പിച്ചുകൊണ്ടാണ് ഡിജിറ്റല്‍ സിനിമ അഥവാ ഡിജിറ്റല്‍ കാലത്തെ സിനിമ രൂപപ്പെടുന്നത്. സിനിമക്കു മുന്‍പും പിന്‍പുമുള്ള പ്രധാന മാധ്യമങ്ങളായ പത്രവും റേഡിയോവും സാഹിത്യവും ടേപ്പ് റിക്കാര്‍ഡറും ടെലിവിഷനും ഇന്റര്‍നെറ്റും വീഡിയോ ഗെയിമുകളും മൊബൈലും എല്ലാം കൂടിക്കുഴയുന്ന സാഹചര്യവും സംജാതമായിട്ടുണ്ട്. കണ്‍വെര്‍ജന്‍സിന്റെ കാലഘട്ടത്തില്‍; വ്യക്തികള്‍ക്കുള്ള സാങ്കേതികവിദ്യാലഭ്യത വന്‍ തോതില്‍ വര്‍ദ്ധിക്കുകയും സാങ്കേതികവിദ്യയും സാങ്കേതികമാധ്യമ സംവിധാനങ്ങളും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ സംഘടനാ സംവിധാനങ്ങള്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനപരവും പ്രബലവുമായിത്തീരുകയും ചെയ്യും. അതോടൊപ്പം, ഭരണകൂടത്തിന്റെ(ങ്ങളുടെ) മര്‍ദനവ്യവസ്ഥയും കോര്‍പ്പറേറ്റുകളുടെ ലോകക്രമവും അതിവേഗത്തില്‍ സാധൂകരിക്കപ്പെടുകയും ചെയ്യും. വിഷമകരവും സങ്കീര്‍ണവുമായ ഈ ഡിജിറ്റല്‍ സാഹചര്യത്തില്‍, മാനവികമൂല്യങ്ങള്‍ കേടു കൂടാതെയും കൂടുതല്‍ സ്വാതന്ത്ര്യപൂര്‍ണമായും എപ്രകാരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും പറ്റും എന്നതു തന്നെയാണ് ജനാധിപത്യവാദികളായ വിമര്‍ശകരുടെ ഉത്ക്കണ്ഠ.

മാധ്യമങ്ങളുടെ അധീശത്വം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കെ, അതിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവും ഘടനാപരവും പ്രാതിനിധ്യപരവുമായ മാനങ്ങള്‍ നിരന്തരമായ വിശകലനങ്ങള്‍ക്കും വിമര്‍ശനപ്രക്രിയകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്. കൂടുതല്‍ ചിന്താശീലപരവും ജനാധിപത്യപരവും പരീക്ഷണാത്മകവും സര്‍ഗാത്മകവുമായ മാധ്യമവ്യവഹാരങ്ങളും ദര്‍ശനവും ആണ് മുന്‍കാലത്തെന്നതു പോലെ ഡിജിറ്റല്‍ കാലത്തും നമ്മുടെ ലക്ഷ്യബോധത്തെ നിര്‍ണയിക്കേണ്ടത്.

പഴമയെ കൊട്ടിഘോഷിക്കുന്ന സ്വഭാവക്കാരായ നൊസ്റാല്‍ജിക് കവികള്‍ക്കും പ്രൊഫഷനല്‍ സാംസ്ക്കാരിക പ്രഭാഷകര്‍ക്കും മാധ്യമവിമര്‍ശനപ്പട്ടം എല്‍പ്പിച്ചുകൊടുത്തതിന്റെ അപകടവും വേദനയും നാം വേണ്ടത്ര അനുഭവിച്ചു കഴിഞ്ഞു. സിനിമ പ്രചാരത്തിലായ കാലത്ത്, അവര്‍ വായന മരിക്കുന്നു എന്നാര്‍ത്തു നിലവിളിച്ചു. റേഡിയോ കേള്‍ക്കുന്നവരെ ചൂണ്ടി അവര്‍ പറഞ്ഞു - കേള്‍ക്കുകയല്ല, വായിക്കുകയാണ് വേണ്ടത്; അപ്പോള്‍ മാത്രമേ ആഴത്തിലുള്ള അനുഭവങ്ങളിലേക്കും ഭാവനകളിലേക്കും നിങ്ങള്‍ക്ക് ഊളിയിടാന്‍ സാധിക്കൂ! ടെലിവിഷന്‍ വ്യാപകമായതോടെ, അവര്‍ സിനിമാ സംരക്ഷണപ്രസ്ഥാനവുമായി ഇറങ്ങിത്തിരിച്ചു. കാണുകയാണെങ്കില്‍, സിനിമ തിയറ്ററില്‍ പോയി കാണണം. സിനിമ ഉറച്ച നോട്ടത്തെയും(ഗെയ്സ്), ടെലിവിഷന്‍ പാഞ്ഞുള്ള ഒറ്റനോട്ടത്തെയും(ഗ്ളാന്‍സ്) ആണ് അഭിമുഖീകരിക്കുന്നത് എന്നതിനാല്‍ രണ്ടും നിലനിന്നുകൊള്ളും എന്ന് ഭാവിയിലേക്ക് നോക്കിക്കാണാന്‍ ഈ ഭീതിപരത്തല്‍ ആത്മാക്കള്‍ക്ക് സാധ്യമായില്ല. ഇന്റര്‍നെറ്റ് തരംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഇക്കൂട്ടര്‍ അതിനെതിരെ ടെലിവിഷനിലൂടെയടക്കം രംഗത്തു വന്നു. ഇന്റര്‍നെറ്റിന് മലയാളികളുടെ സംഭാവന എന്താണെന്നു ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ഗ്രഹണ സിദ്ധാന്തം എന്നായിരിക്കും. ചുമരിന് സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ മോണിറ്ററിന് മുന്‍വശത്തിരിക്കുന്ന കുട്ടിയുടെ പുറകില്‍ രക്ഷിതാവ് എല്ലായ്പോഴും നിലയുറപ്പിച്ചുകൊള്ളണമെന്നാണ് ഗ്രഹണ സിദ്ധാന്തം ശഠിക്കുന്നത്. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുന്നതുപോലെയായിരിക്കണം; മോണിറ്റര്‍, കുട്ടി, രക്ഷിതാവ് എന്നിവര്‍ നിലയുറപ്പിക്കേണ്ടത്. ഇന്റര്‍നെറ്റ് മുഴുവനും കുട്ടികളെ നശിപ്പിക്കുന്ന അശ്ളീലമാണെന്ന് പരത്തിയെഴുതുന്ന എത്ര മാത്രം ലേഖനങ്ങളാണ് ദിനപത്രങ്ങളുടെ വിദ്യാഭ്യാസ പുള്ളൌട്ടുകളിലും വനിതാ മാസികകളിലും ടെലിവിഷനിലുമായി നാം വായിച്ചും കണ്ടും ബോധം കെട്ടിട്ടുള്ളത്! ഇന്റര്‍നെറ്റിനു പുറകെ മൊബൈല്‍ ഫോണ്‍ എല്ലാവരുടെയും പ്രിയപ്പെട്ട ഉപകരണവും സുഹൃത്തുമായി മാറിയപ്പോള്‍, അതാ വരുന്നു പുതിയ ഭീഷണികള്‍. ഒരു ഭാഗത്ത്, മൊബൈല്‍ ഫോണ്‍ ചെവി മുതല്‍ തലച്ചോറും ഹൃദയവും വരെ നശിപ്പിക്കുമെന്ന 'ആരോഗ്യവിദഗ്ദ്ധരു'ടെ സചിത്ര വ്യാഖ്യാനങ്ങള്‍ ഇ മെയിലിലൂടെ പരക്കുന്നു. മറുഭാഗത്ത്, കൌമാരക്കാരെയും വീട്ടമ്മമാരെയും മൊബൈല്‍ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന സദാചാര ഗീര്‍വാണങ്ങളും. ആകെ തുലഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ!

ഡിജിറ്റല്‍ മാധ്യമങ്ങളും ഡിജിറ്റല്‍ സിനിമയും സിനിമയിലെ ഡിജിറ്റല്‍ ഇടപെടലുകളും, മനുഷ്യ സമൂഹത്തെ നന്മയിലേക്കോ തിന്മയിലേക്കോ ചുമ്മാതങ്ങ് നയിക്കുമെന്ന കേവലവും ലളിതവത്കൃതവുമായ വാദങ്ങളുടെ പുറകെ നാം പോകേണ്ടതില്ലെന്നു തന്നെയാണ് ഈ 'ഭീകരമായ' മുന്നനുഭവങ്ങള്‍ തെളിയിക്കുന്നത്. ഡിജിറ്റല്‍ വിപ്ളവത്തെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുകയും ദൃശ്യസങ്കല്‍പനത്തിനും സൈദ്ധാന്തീകരണത്തിനും വിധേയമാക്കി കൂടുതല്‍ സുവ്യക്തമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സൌന്ദര്യാത്മകവും സാങ്കേതികവും പ്രത്യയശാസ്ത്രപരവുമായ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമായിരിക്കണം നാം മുതിരേണ്ടത് എന്നര്‍ത്ഥം. യാഥാര്‍ത്ഥ്യം/ഭാവന, കാലം/സ്ഥലം, പുരുഷന്‍/സ്ത്രീ, സ്വന്തം/അന്യം, ശരീരം/ആത്മാവ്, അനലോഗ്/ഡിജിറ്റല്‍, കല/കച്ചവടം, എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ സംബന്ധിച്ച ജ്ഞാനമീമാംസാപരമായ വ്യാഖ്യാനങ്ങളെയും നിര്‍ണയനങ്ങളെയും ഡിജിറ്റല്‍ കാലഘട്ടം അപനിര്‍മാണം ചെയ്യുകയും പുനക്രോഡീകരിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. രൂപം, ഉപയോഗ്യത, ആവിഷ്ക്കാരം, സൌന്ദര്യം എന്നീ കലാ-മാധ്യമ പ്രക്രിയയുടെ ചലനനിയമങ്ങളെയെല്ലാം ഡിജിറ്റല്‍ മാധ്യമം പുനക്രമീകരിക്കുന്നുണ്ട്. അല്‍ത്തൂസറിന്റെ പ്രത്യയശാസ്ത്ര മര്‍ദന-ഭരണകൂട ഉപകരണം(ഐഡിയോളജിക്കല്‍ സ്റേറ്റ് അപ്പാരറ്റസ്) എന്ന പ്രയോഗത്തെ കുറച്ചു കൂടി പരിഷ്ക്കരിച്ച് പ്രത്യയശാസ്ത്ര കോര്‍പ്പറേറ്റ് ഉപകരണം (ഐഡിയോളജിക്കല്‍ കോര്‍പ്പറേറ്റ് അപ്പാരറ്റസ്) എന്നാണ് കണ്‍വെര്‍ജന്‍സിനു ശേഷമുള്ള നവമാധ്യമങ്ങളെ വിശേഷിപ്പിക്കാന്‍ അന്ന എവറെറ്റ് സ്വീകരിക്കുന്ന പ്രതിനിധാനം. മാധ്യമങ്ങളുടെ അധികാര സ്വഭാവവും മര്‍ദനപരതയും കൃത്യമായി ബോധ്യപ്പെടുമ്പോള്‍ തന്നെ അവയുടെ വിമോചനസാധ്യതകളെയും നാം അതേ അളവില്‍ തിരിച്ചറിയണം. എല്ലാ കലകളിലും വെച്ച് സിനിമയാണ് ഏറ്റവും മഹത്തരം എന്ന ലെനിന്റെ പ്രഘോഷണവും, 1932ല്‍ ബെര്‍ത്രോള്‍ഡ് ബ്രെഹ്റ്റ് എഴുതിയ 'ആശയ വിനിമയത്തിനുള്ള ഒരുപകരണം എന്ന നിലക്ക് റേഡിയോ' (ദ റേഡിയോ ആസ് ആന്‍ അപ്പാരറ്റസ് ഓഫ് കമ്യൂണിക്കേഷന്‍ ) എന്ന മാനിഫെസ്റോയുമായിരിക്കണം ഇക്കാര്യത്തില്‍ നമുക്ക് മാതൃക. ഒരു മാധ്യമത്തില്‍ നിന്ന് അടുത്തതിലേക്ക് എന്ന വണ്ണമുള്ള ചരിത്രപരമായ നൈരന്തര്യം; മുതലാളിത്തത്തിനെന്നതു പോലെ ജനാധിപത്യവത്ക്കരണത്തിനും അനിവാര്യമാണെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ.

രസതന്ത്ര-ജൈവയുദ്ധങ്ങള്‍ക്കും മനുഷ്യ ജെനോം മാപ്പിംഗിനും യൂണിവേഴ്സല്‍ ഐഡിക്കും വേണ്ടിയാണ് സാമ്രാജ്യത്വം ഡിജിറ്റല്‍ ഗവേഷണങ്ങളെ വഴി തിരിച്ചു വിടുന്നതെങ്കില്‍, മുത്തലിക്കിനെതിരായ പിങ്ക് ജഡ്ഡി പ്രചരണം മുതല്‍ മുല്ലപ്പൂ വിപ്ളവവും വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കലും വരെയുള്ള പുതിയ ജനാധിപത്യ-സ്വാതന്ത്ര്യ സമരങ്ങള്‍ക്കാണ് ജനാധിപത്യ വാദികള്‍ ഡിജിറ്റല്‍ കാലഘട്ടത്തെ ഉപയുക്തമാക്കുന്നത്. മൈക്കിള്‍ മൂര്‍ മുതല്‍ ആനന്ദ് പട്വര്‍ദ്ധനും രാകേശ് ശര്‍മയും വരെയുള്ളവരുടെ ജനാധിപത്യത്തിലും സ്വാതന്ത്ര്യബോധത്തിലുമൂന്നിയ ഡോക്കുമെന്ററികളും ഡിജിറ്റല്‍ സാധ്യതകളുടെ ഗുണപരതയെ ഉയര്‍ത്തിക്കാണിക്കുന്നു. യന്ത്രങ്ങള്‍ മനുഷ്യരെ അപ്രസക്തരാക്കുമെന്ന കേവല ഭീതിയെ, അദൃശ്യവത്ക്കരണത്തിനെതിരെ ദൃശ്യവത്ക്കരണം എന്ന മുദ്രാവാക്യം കൊണ്ടാണ് ഡിജിറ്റല്‍ സമരഭടന്മാര്‍ നേരിടുന്നത്.

കോര്‍പ്പറേറ്റുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കപ്പെടുന്ന സൂപ്പര്‍ താരങ്ങളുടെ വിലകൂടിയ സമയവും അവരെ ചിത്രീകരണസ്ഥലത്തെത്തിക്കുന്നതിനുള്ള പാടും മറ്റും കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് നിശ്ചിത പ്രതിഫലം കൊടുത്തതിനു ശേഷം, അവരുടെ ഡിജിറ്റല്‍ ക്ളോണുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ ചിത്രീകരിക്കുകയാണ് ലാഭകരം എന്ന് പരസ്യനിര്‍മാതാക്കള്‍ കണ്ടെത്തിക്കഴിഞ്ഞു. മനുഷ്യ ശരീരവും യന്ത്രവും തമ്മിലുള്ള ഒരു സംലയനത്തിന്റെ സാംസ്ക്കാരികമാനങ്ങള്‍ ഭീതിയുണര്‍ത്തുന്നതാണ്. മാട്രിക്സും അവതാറും മുതല്‍ എന്തിരനും രാ.വണ്ണും സൃഷ്ടിച്ച വിനോദതരംഗങ്ങളില്‍ ഈ സംലയനം മുഖ്യ ഘടകമായിരുന്നു. ഉത്തര മാനുഷിക (പോസ്റ് ഹ്യൂമന്‍) സാഹചര്യം എന്ന് പോലും ഈ കാലത്തെ നിര്‍വചിക്കേണ്ടിവന്നേക്കും.

ഡിജിറ്റല്‍ കാലഘട്ടത്തില്‍ മനുഷ്യശരീരത്തിന്റെ പവിത്രത നഷ്ടമായേക്കും എന്ന ഭീതി പോലെത്തന്നെയാണ്, കല എന്ന സങ്കല്‍പനത്തിന് ഈ അതിസാങ്കേതിക പരിസരത്തില്‍ നിലനില്‍പുണ്ടോ എന്ന സംശയവും. 1960കളില്‍ തന്നെ ഉത്തര രൂപവാദം (പോസ്റ് ഫോര്‍മലിസം) പോലുള്ള അന്വേഷണങ്ങള്‍ കലയുടെ അസ്തിത്വത്തെ സംശയാസ്പദമാക്കി. സൌന്ദര്യവാദത്തിന്റെയും ആധുനികതയുടെയും ധാര്‍മിക ന്യായങ്ങളെ ഘടനാനന്തരവാദവും ഉത്തരാധുനികതയും അപ്രസക്തമാക്കി. കലയുടെയും സൌന്ദര്യത്തിന്റെയും അപ്രമാദിത്വത്തെയും സാര്‍വകാലിക-സാര്‍വജനീന നാട്യങ്ങളെയും അട്ടിമറിക്കാന്‍ ഈ വാദങ്ങള്‍ സഹായകമായി എങ്കിലും അവ പുതിയ യാഥാസ്ഥിതികത്വങ്ങളും മഹാഖ്യാനങ്ങളും ആയി പരിണമിക്കുന്നില്ലേ എന്ന സംശയവും അസ്ഥാനത്തല്ല. അക്കാദമികവും സാംസ്ക്കാരികമാത്രവുമായ വിചാരങ്ങള്‍ക്കും പരിശോധനകള്‍ക്കും ഗവേഷണങ്ങള്‍ക്കും മാത്രമായി സൌന്ദര്യത്തെ പരിമിതപ്പെടുത്താനാവില്ലെന്നും, വാണിജ്യവത്ക്കരിക്കപ്പെട്ട ജനപ്രിയതയെ വന്‍ തോതിലും കൂടുതല്‍ ലാഭകരമായ വിധത്തിലും കൈവശപ്പെടുത്തുകയും മുതലെടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വ്യാവസായികതയിലേക്ക് സംസ്ക്കാരം പരിണമിച്ചിരിക്കുന്നുവെന്നതുമാണ് യാഥാര്‍ത്ഥ്യം. ഡിജിറ്റല്‍ മാധ്യമത്തിലെ കലാപരത, വര്‍ത്തമാനകാല സംസ്ക്കാരത്തെ അടിസ്ഥാനപരമായി തന്നെ പരിഗണിക്കാതെ വിലയിരുത്താനാവില്ലെന്നാണ് പറഞ്ഞു വരുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിലെ ശൈലി എന്നത് സാംസ്ക്കാരിക മൂലധനത്തിന്റെ രൂപവും ഭാവവുമാണ്. കലാ-മാധ്യമ-ഡിസൈന്‍ സ്കൂളുകളില്‍ നിന്ന് പുറത്തു വരുന്ന ഭാവനാ സമ്പന്നരും പ്രതിഭാധനരുമായ ചെറുപ്പക്കാര്‍ കലാപരീക്ഷണങ്ങള്‍ക്കു വേണ്ടി മാത്രം ജീവിതം മാറ്റി വെക്കേണ്ടതില്ലാത്തവിധത്തില്‍ അവരെ കോര്‍പ്പറേറ്റ് വ്യവസായം പിടികൂടിക്കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടര്‍ നിര്‍മിത ഇമേജുകളും ആനിമേഷനും ചലനഗ്രാഫിക്സും സൃഷ്ടിച്ചെടുക്കാനായി വ്യാവസായിക-വാണിജ്യ ലോകം അവരെ ഒഴിവില്ലാത്ത തരത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കലയും കച്ചവടവുമെന്നതു പോലെ, കലയും ശാസ്ത്രവും തമ്മിലുള്ള പിളര്‍പ്പും അദൃശ്യമാവുന്ന സാഹചര്യമാണ് ഡിജിറ്റല്‍ യുഗത്തില്‍ സംജാതമായിരിക്കുന്നത്. നവോത്ഥാന കാലഘട്ടത്തിലെ മഹാപ്രതിഭ ലിയോനാര്‍ദോ ഡാവിഞ്ചി, ഒരേ സമയം ഒരു ശാസ്ത്രജ്ഞനും കലാകാരനും സാങ്കേതികവിദഗ്ദ്ധനുമായിരുന്നു. ഡിജിറ്റല്‍ കാലത്തെ കലാകാരനും കലാകാരിയും ഇതേ വിധത്തിലുള്ള ബഹുമുഖ പ്രതിഭകളായിരുന്നേ മതിയാകൂ. മാത്രമല്ല, പുതിയ കാലത്തെ ആസ്വാദകരും ഇത്തരത്തില്‍ ബഹുമുഖത്തിലുള്ള രൂപഭാവങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാകണം. വിചാര-വിശകലന മാതൃകാപരിസരം മുഴുവനായി മാറിത്തീര്‍ത്തിന്നിരിക്കുന്നുവെന്ന് സാരം.

സംസ്ക്കാരവും പ്രാദേശികതയും വംശീയതയും എപ്രകാരമാണ് ഡിജിറ്റല്‍/മനുഷ്യേതര സന്ദര്‍ഭത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുക എന്ന ഉത്ക്കണ്ഠ ഇതിനൊക്കെ ശേഷവും സജീവമായി നിലനില്‍ക്കുന്നു. സംഗീതത്തിന്റെ കാര്യമെടുക്കുക. ശുദ്ധമായ വായ് പാട്ടും പശ്ചാത്തലത്തിലുള്ളതും സ്വതന്ത്രവുമായ ഉപകരണ സംഗീതവും അപ്രസക്തവും അനാവശ്യവുമാകുന്ന വിധത്തില്‍ എന്തും ഏതു വിധേനയും മിക്സ് ചെയ്യുകയും പുനരാവിഷ്ക്കരിക്കുകയും പുനക്രമീകരിക്കുകയും ചെയ്യാന്‍ സാധ്യമായ അനന്ത സാധ്യതകളാണ് ഡിജിറ്റല്‍ യുഗം തുറന്നിട്ടിരിക്കുന്നത്. ഓരോ സമുദായത്തിന്റെയും വംശത്തിന്റെയും പ്രദേശത്തിന്റെയും പാട്ടുകളെ മറ്റുള്ളവരെക്കൊണ്ടു കൂടി പാടിക്കുകയും കേള്‍പ്പിക്കുകയും ചെയ്ത ലോകമാനവികതയുടെയും ജനപ്രിയതയുടെയും ഒന്നാം ഘട്ടം കടന്ന് ഡിജിറ്റല്‍ സംഗീത യുഗം, പുതിയ ജനപ്രിയതയെയും അതുവഴി പുതിയ മനുഷ്യകുലത്തെയും സൃഷ്ടിക്കാന്‍ മാത്രം ശക്തമായി പരിണമിച്ചിരിക്കുന്നു. അതുവഴി, ദൃശ്യകല എന്ന അര്‍ത്ഥത്തില്‍ സാമാന്യമായി സങ്കല്‍പ്പിക്കപ്പെടുകയും നിര്‍വഹിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്തു പോന്നിരുന്ന സിനിമ അടക്കമുള്ള ആധുനിക മാധ്യമങ്ങളെ ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ പരിചരിക്കപ്പെടേണ്ട സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

എഴുത്തുകാരന്‍ അഥവാ കലാ സ്രഷ്ടാവ് എന്ന അതിരൂപത്തെ ഡിജിറ്റല്‍ കാലഘട്ടം കരിച്ചു കളയുന്നു. പലര്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന ശില്‍പമായി മാത്രമേ ഡിജിറ്റല്‍ കലക്ക് രൂപപ്പെടാനാവുകയുള്ളൂ. തീര്‍ന്നില്ല, ആസ്വാദകര്‍ക്ക് പ്രതിപ്രവര്‍ത്തനത്തിനുള്ള (ഇന്ററാക്റ്റീവ്) സാധ്യതകള്‍ കൂടി ലഭ്യമാവുന്ന തരത്തിലാണ് പുതിയ കാലത്തെ ഡിജിറ്റല്‍ കല വിഭാവനം ചെയ്യപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍; അടഞ്ഞ കലാരൂപങ്ങള്‍ക്കു പകരം, തുറന്ന കലാ പാഠങ്ങളായിരിക്കും ഡിജിറ്റല്‍ കാലത്തുണ്ടാകുക. സ്രഷ്ടാക്കള്‍ നിശ്ചയിച്ചിരിക്കുന്ന അനുപാതങ്ങള്‍(പരാമീറ്ററുകള്‍) അനുവാചകര്‍ മാറ്റിമറിക്കുമ്പോള്‍ വാകുലപ്പെടേണ്ടതില്ലെന്നു സാരം. എല്ലാ പുതിയ സാങ്കേതിക വിസ്ഫോടനങ്ങളും മാറ്റം ഉണ്ടാക്കുമെന്ന വിശ്വാസം ശരി വെക്കുന്ന തരത്തില്‍ തന്നെയാണ് ഡിജിറ്റല്‍ കാലഘട്ടവും കാര്യങ്ങളെ മാറ്റി മറിച്ചിരിക്കുന്നത്. എന്നാല്‍, ഭൂതകാലവുമായി മുഴുവന്‍ അര്‍ത്ഥത്തില്‍ വിടുതല്‍ പ്രാപിച്ച ഒരവസ്ഥയായി ഈ പരിണാമാനന്തര കാലത്തെ നിരൂപിക്കേണ്ടതുമില്ല. വീണ്ടും ബ്രെഹ്റ്റ് പറഞ്ഞതിലേക്ക് തിരിച്ചു വരാം. മുതലാളിത്ത കോര്‍പ്പറേഷനുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന സാങ്കേതിക വിസ്മയങ്ങളില്‍ കണ്ണഞ്ചിപ്പോകാതെ, അതേ സാങ്കേതികപ്പുതുമയെ ഗുണകരവും പുരോഗമനപരവുമായ സാമൂഹ്യ മാറ്റത്തിനായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ചലച്ചിത്ര വിമര്‍ശനത്തിന്റെ വിചാരപരിസരത്തെയും ഡിജിറ്റല്‍ കാലഘട്ടം മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുകയാണ്. സൌന്ദര്യം, ഇതിവൃത്തം, പ്രത്യയശാസ്ത്രം, പ്രതിനിധാനം എന്നീ ഘടകങ്ങളാണ് ചലച്ചിത്ര വിമര്‍ശനം സാമാന്യമായി അന്വേഷിച്ചു പോന്നിരുന്നത്. സങ്കീര്‍ണത, സന്ദിഗ്ദ്ധത, സാന്ദ്രത, വിവരങ്ങളുടെ ആധിക്യം എന്നിങ്ങനെയുള്ള വിഷയങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഏതായാലും പഴയ രീതികള്‍ മതിയാവില്ല. അക്കാദമികളിലെയും സര്‍വകലാശാലകളിലെയും പുസ്തകങ്ങളിലെയും ചലച്ചിത്ര വിമര്‍ശന സിദ്ധാന്തങ്ങള്‍ പലതും അസ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. വരേണ്യത/ജനകീയത, ജനപ്രിയത/ജനകീയത എന്നിങ്ങനെയുള്ള രണ്ടു ദ്വന്ദ്വങ്ങളുടെയെങ്കിലും അടിസ്ഥാനങ്ങളെ ഡിജിറ്റല്‍ കാലം മാറ്റിത്തീര്‍ത്തു കഴിഞ്ഞു. പ്രതിനിധാനം, ആഹ്ളാദം, ഉപഭോഗം എന്നീ അവസ്ഥകളില്‍ ഒതുങ്ങിയിരുന്ന സാമാന്യജനങ്ങളിലാരും ഏതു സമയവും സ്രഷ്ടാവായിത്തീരുന്ന ഘട്ടമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ബഹുജനമാധ്യമ(മാസ് മീഡിയ) ങ്ങളുടെ ഉത്പാദന-വിതരണ-ആസ്വാദന പ്രക്രിയകളും തകിടം മറിഞ്ഞുകൊണ്ടിരിക്കുകയാണ്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവുകള്‍ മുന്‍കാലത്തെന്നതു പോലെ ഇപ്പോഴുമുണ്ട്.

സിനിമ എന്ന സാങ്കേതിക രൂപം കണ്ടു പിടിക്കുന്നതിനും എത്രയോ മുമ്പു തന്നെ, യാഥാര്‍ത്ഥ്യത്തിന്റെ സമ്പൂര്‍ണമായ പ്രതിനിധാനം രൂപപ്പെടുത്താന്‍ മനുഷ്യര്‍ ആഗ്രഹിച്ചിരുന്നു. നിശ്ശബ്ദ സിനിമ വളര്‍ന്ന് ശബ്ദവും വര്‍ണവും ത്രിമാനവും മറ്റും ഉള്‍ച്ചേര്‍ത്ത് ഇപ്പോഴെത്തി നില്‍ക്കുന്ന അവസ്ഥ പരിപൂര്‍ണതയിലെത്തിയെന്ന് നമുക്ക് തോന്നുമെങ്കിലും ഇനിയും അതിന്റെ പരിണാമങ്ങള്‍ ഏതു വിധത്തിലായിരിക്കും എന്നു പ്രവചിക്ക വയ്യ. ആന്ദ്രേ ബാസിന്‍ പറയുന്നതു പോലെ, സിനിമ ഇനിയും കണ്ടു പിടിക്കപ്പെടേണ്ടിയിരിക്കുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാങ്കേതിക മുന്നേറ്റം, പരിപൂര്‍ണ സിനിമ എന്ന ലക്ഷ്യത്തിലേക്ക് ദൂരം കുറച്ചു എന്ന് കരുതാവുന്നതാണ്. കലാകാരന്റെ ഇടപെടലും കാലത്തിന്റെ അസാധ്യമായ തിരിച്ചു പോക്കും ബാധ്യതയാവാത്ത വിധത്തില്‍, ലോകത്തെ അതിന്റെ തന്നെ ഇമേജായി പുനര്‍ നിര്‍മിക്കാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നതാണ് സമഗ്ര സിനിമ എന്നാണ് ബാസിന്‍ നിര്‍വചിക്കുന്നത്. മുഴുവന്‍ ലോകത്തെയും ഇന്റര്‍നെറ്റിലൂടെ തൊട്ടും കണ്ടും കേട്ടും അറിയാനാകുകയും, അനലോഗ് ഇമേജ് നിര്‍മിതിയുടെ കാലതാമസങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഉപഗ്രഹങ്ങളിലൂടെയും കേബിളുകളിലൂടെയും വയര്‍ലെസ്സായും അപ്പപ്പോള്‍ ലോകം നമുക്കു മുമ്പിലും നമുക്കിടയിലും സ്ഥിതി ചെയ്യുകയും ചലിക്കുകയും ചെയ്യുന്നതു തന്നെയല്ലേ പരിപൂര്‍ണത? റുഡോള്‍ഫ് ആര്‍ണ്ഹീം 1933ല്‍ തന്നെ മുന്നറിയിപ്പു തന്നതു പോലെ; ഈ പരിപൂര്‍ണ സിനിമക്കൊപ്പം, നിശ്ശബ്ദ/ശബ്ദ/വര്‍ണ സിനിമകള്‍ക്കു കൂടി നില്‍ക്കാന്‍ അവസരം കൊടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ദുരന്താത്മകമായിത്തീര്‍ന്നേക്കും. മനുഷ്യരുടെ നഗ്ന നേത്രങ്ങള്‍ക്ക് അസാധ്യമായ തരത്തിലുള്ള ഒരു കാഴ്ചയും ദര്‍ശനവുമാണ് സിനിമ എന്ന കലാരൂപം രൂപപ്പെടുത്തിയെടുത്തത്. ആ അമാനുഷിക ദര്‍ശനവും കൂടി ചേരുമ്പോഴാണ് ആധുനിക കാലത്തെ മാനവികത കൂടുതല്‍ വികസിതമാവുന്നത്. ഡിജിറ്റല്‍ കാലത്തും അത് അപ്രകാരം തന്നെയായിരിക്കും.

*
ജി പി രാമചന്ദ്രന്‍

Thursday, October 6, 2011

ചരിത്രത്തിനു മുമ്പേ നടന്ന പ്രതിഭ

സാങ്കേതിക വിദ്യയ്ക്ക് എങ്ങനെ മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത അതുല്യ പ്രതിഭയായിരുന്നു അന്തരിച്ച സ്റ്റീവ് ജോബ്സ്.

വിവര സാങ്കേതിക രംഗത്തെ നിര്‍ണ്ണായക ചുവടുവെപ്പുകളിലൊന്നായിരുന്ന കമ്പ്യൂട്ടറിനെ കൂടുതല്‍ ജനകീയമാക്കിയതില്‍ സ്റ്റീവിന്റെ പങ്ക് വളരെ വലുതാണ്. രണ്ടുമുറികളില്‍ കൊള്ളാവുന്ന ഭീമന്‍ യന്ത്രം മൊബൈലുകളില്‍പോലും ഉപയോഗിക്കാന്‍ തക്കരീതിയിലേക്ക് രൂപപ്പെടുത്തിയതില്‍ ആപ്പിളിനും സ്റ്റീവ് ജോബ്സിനും നിര്‍ണ്ണായക പങ്കുണ്ട്. ഇത്തരത്തില്‍ കമ്പ്യൂട്ടറുകളുടെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായകമായ പങ്ക് വഹിച്ച സ്ഥാപനമാണ് ആപ്പിള്‍ . പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ ആദ്യമായി രംഗത്തിറക്കിയത് ആപ്പിളാണ്. സ്റ്റിവ് ജോബ്സ് ആപ്പിളിന്റെ തലപ്പത്തിരുന്നപ്പോഴാണ് കമ്പനി ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നത്. 15 വര്‍ഷം ആപ്പിളിന്റെ തലപ്പത്തിരുന്ന സ്റ്റീവ് ജോബ്സ് പേഴ്സണല്‍ കമ്പ്യൂട്ടറിനു പുറമെ മാക്ക്, ഐ പാഡ്, ഐ ഫോണ്‍ , ഐ പോഡ് തുടങ്ങിയ നൂതന സംവിധാനങ്ങളും രംഗത്തിറക്കി ലോകത്തെ അത്ഭുതപ്പെടുത്തി. 1976ല്‍ സ്റ്റീവ് വോസ്നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പമാണ് സ്റ്റീവ് ജോബ്സ് ആപ്പിളിന് തുടക്കം കുറിച്ചത്. പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച കമ്പനിയായി സ്റ്റീവ് ജോബ്സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ മാറി. ഇതോടെ വിനോദ വ്യവസായത്തിന്റെയും ടെക്ലോകത്തിന്റെയും

ആശയവിനിമയത്തിന്റെയും അടിത്തറതന്നെ സ്റ്റീവ് ജോബ്സും ആപ്പിളും പുനര്‍നിര്‍ണ്ണയിച്ചു. 1985ല്‍ അധികാര വടംവലിയെ തുടര്‍ന്ന് ആപ്പിളില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം 1997ല്‍ കമ്പനി മേധാവിയായാണ് തിരിച്ചെത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ആപ്പിളിന്റെ മാത്രമല്ല കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ രംഗത്തെയും മാറ്റത്തിന്റെ കാലമായിരുന്നു. ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്ഫോമായ നെക്സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്സറും ആരംഭിച്ചു.

സ്റ്റീവ് ജോബസിന്റെ പ്രധാന 10 കണ്ടെത്തലുകള്‍

1) ആപ്പിള്‍1(1976)- കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാര്‍ക്കായി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ .

2) ആപ്പിള്‍2(1977)- നല്ല സ്വീകാര്യത ലഭിച്ച ആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ .

3) ലിസ(1983)- വ്യാവസായികാടിസ്ഥാനത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച കമ്പ്യൂട്ടര്‍ . മൗസ് ഉപയോഗിച്ചു

4) മാക്കിന്റോഷ്(1984)- കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്(ജിയുഐ)

5) നെസ്റ്റ് കമ്പ്യൂട്ടര്‍(1989)- ആപ്പിളില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ ജോബ്സ് വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ . ലോകത്തിലെ ആദ്യത്തെ വെബ് ബ്രോസര്‍ കമ്പ്യൂട്ടര്‍ .

6) ഐമാക്(1998)- 1996ല്‍ ആപ്പിളില്‍ തിരിച്ചെത്തിയ ശേഷമുള്ള ജോബ്സിന്റെ പ്രധാന കണ്ടുപിടുത്തങ്ങളിലൊന്ന്. ഇന്റര്‍നെറ്റ് സംവിധാനത്തോടെയുള്ള കമ്പ്യൂട്ടര്‍ .

7) ഐ പോഡ്(2001)- ഹാര്‍ഡ് ഡ്രൈവ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലയര്‍ .

8) ഐ ടൂണ്‍സ് സ്റ്റോര്‍(2003)- പാട്ടുകളും മറ്റും സൗകര്യപൂര്‍വം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാവുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലയര്‍ .

9) ഐ ഫോണ്‍(2007)- കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച മാകിന്റോഷ് സംവിധാനം ഫോണില്‍ ഉപയോഗിച്ച് പുതുയുഗം തീര്‍ത്ത സ്റ്റീവിന്റെ കണ്ടുപിടിത്തം.

10) ഐ പാഡ്(2010)- ലോകവിപണിയില്‍ വന്‍ വിജയമായ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ .

1996ല്‍ നെക്സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് സ്റ്റീവ് ജോബ്സ് ആപ്പിളില്‍ തിരിച്ചെത്തുന്നത്. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ കുതിപ്പിന് കാരണമായതെന്നും കമ്പനി തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ തനിക്ക് ഇതൊന്നും വികസിപ്പിക്കാനാകില്ലായിരുന്നെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലൂക്കാസ് ഫിലിംസിനെ സ്വന്തമാക്കിയ ജോബ്സ് പിക്സറിനെ പിക്സര്‍ ആനിമേഷന്‍ സ്റ്റുഡിയോയാക്കി.

പിക്സറിനെ പിന്നീട് വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുത്തു. 1955ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ അബ്ദുല്‍ ഫത്താഹ് ജന്‍ഡാലിയുടെയും ജൊവാന്റെയും മകനായി ജനിച്ച സ്റ്റീവ് ജോബ്സിനെ പോള്‍ ജോബ്സ് ക്ലാര ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതിനാല്‍ കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങിയും നിത്യവൃത്തിയ്ക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ ഒരുകാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് കാലിഗ്രാഫി പഠിക്കാന്‍ റീഡ് കോളേജില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. ഇരുപതാം വയസില്‍ കൂട്ടുകാര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗാരേജില്‍ തുടങ്ങിയ ആപ്പിള്‍ 10 വര്‍ഷം കൊണ്ട്

20ലക്ഷം ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി വളര്‍ന്നു. 2003മുതല്‍ ജോബ്സ് അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍ അര്‍ബുദരോഗത്തെ മറികടന്നുകൊണ്ടുള്ള കണ്ടുപിടിത്തങ്ങളുമയി അദ്ദേഹം ലോകംകീഴടക്കുന്നതാണ് പിന്നീട് കണ്ടത്. 2009ല്‍ കരള്‍മാറ്റ ശസ്ത്രകൃയയെ തുടര്‍ന്ന് ദീര്‍ഘകാലം വിശ്രമത്തില്‍ പോകേണ്ടിവന്നതുമുതല്‍ അദ്ദേഹം ആപ്പിളിന്റെ നിത്യപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണസമയ ഇടപെടല്‍ കുറച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ പുറത്തിറക്കിയ സമാനതകളില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. 2011 ആഗസ്ത് 24ന് ആപ്പിളിന്റെ സിഇഒ സ്ഥാനം ടിം കുക്കിനെ ഏല്‍പിച്ച് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്‍മാറ്റം ഒരുയുഗത്തിന്റെ അവസാനമായിരുന്നു. മരണം വരെ കമ്പനിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ച അദ്ദേഹം ചരിത്രത്തിന് മുമ്പേ നടന്ന അതുല്യ പ്രതിഭയായിരുന്നു.

*
ശരത് കടപ്പാട്: ദേശാഭിമാനി

Sunday, August 21, 2011

മകളേ, നിനക്കുവേണ്ടി

മോളേ, നിന്നെ ഞാന്‍ കണ്ടിട്ടില്ല. എങ്കിലും ഏതൊരു കുട്ടിയോടും തോന്നേണ്ടുന്ന സഹാനുഭൂതിക്കു പുറമേ ഒരു മകളോടു തോന്നുന്ന വാത്സല്യം എനിക്ക് നിന്നോടു തോന്നുന്നതു കൊണ്ടാണ് മകളേ എന്നു സംബോധന ചെയ്യുന്നത്. സ്‌കൂളില്‍ നീ പഠിക്കാന്‍ മിടുക്കിയായിരുന്നു. പക്ഷേ, പ്ലസ്ടുവിന് നിനക്ക് കണക്കിനും സയന്‍സിനും വെറും സാധാരണ മാര്‍ക്കുമാത്രമേ കിട്ടിയുള്ളു. ഭാഷയിലും സാഹിത്യത്തിലുമായിരുന്നു നിനക്കു വാസന. പക്ഷേ, 'ഗള്‍ഫു'കാരായ നിന്റെ അച്ഛനമ്മമാര്‍ക്ക് നിന്നെ എന്‍ജിനീയര്‍ ആക്കണം എന്നായിരുന്നു വാശി. (നിന്റെ മൂത്ത സഹോദരനെ അവര്‍ എന്‍ജിനീയറിംഗ് കോളജില്‍ 'കയറ്റി' ക്കഴിഞ്ഞിരുന്നുവല്ലോ!) നിനക്കും എന്‍ ആര്‍ ഐ ക്വാട്ടയില്‍ നാട്ടിലെ ഒരു സ്വാശ്രയ എന്‍ജിനീയറിംഗ് കോളജില്‍ അവര്‍ സീറ്റുതരപ്പെടുത്തി. ''എനിക്കു ലിറ്ററേച്ചര്‍ പഠിച്ചാല്‍ മതി'' എന്ന നിന്റെ പരിദേവനങ്ങള്‍ക്കൊന്നും ഒരു വിലയുമുണ്ടായില്ല. അതൊക്കെ 'വിവരമില്ലാത്ത കുട്ടിയുടെ' ചാപല്യമായി അവഗണിക്കപ്പെട്ടു.

എന്തിനേറെപ്പറയുന്നു, ഒന്നാം വര്‍ഷപ്പരീക്ഷയില്‍ മിക്ക വിഷയങ്ങള്‍ക്കും നീ തോറ്റു. നിന്നെ ഞാന്‍ കുറ്റം പറയില്ല. കണക്കില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് എന്‍ജിനീയറിംഗ് കോളജിലെ മിക്ക വിഷയങ്ങളും തലയില്‍ കയറില്ല. പിന്നെ കാണാതെ പഠിച്ച് ചിലര്‍ കഷ്ടിച്ചു കടന്നുകൂടും എന്നുമാത്രം. മനസ്സിനു പിടിക്കാത്ത പാഠങ്ങള്‍ കാണാതെ പഠിക്കുന്നതിനും ഒരു പരിധി ഉണ്ടല്ലൊ. നമ്മുടെ സര്‍വകലാശാലകളില്‍ നിലവിലിരിക്കുന്ന രീതി അനുസരിച്ച് ഒന്നാം വര്‍ഷ പരീക്ഷ പാസ്സായില്ലെങ്കിലും രണ്ടാം വര്‍ഷത്തേയ്ക്കും മൂന്നാം വര്‍ഷത്തേയ്ക്കും എന്തിന് അവസാന വര്‍ഷം വരെയും തുടര്‍ച്ചയായി പഠിക്കാം. അതുകൊണ്ട് നീ പരീക്ഷകളില്‍ തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്ന വിവരമൊന്നും വീട്ടില്‍ അറിയിക്കാന്‍ നീ മിനക്കെട്ടില്ല. അതിനും ഞാന്‍ കുറ്റം പറയില്ല. ഇപ്പോഴത്തെ മിക്ക പിള്ളേരും അങ്ങനെയാണല്ലോ. ''നാലുവര്‍ഷം ആസ്വദിക്കുക, പിന്നത്തെ കാര്യം അപ്പോള്‍ കാണാം'' ഇതാണ് പൊതുരീതി.

പക്ഷേ സംഗതികള്‍ സീരിയസ്സായത് ഫൈനല്‍ ഇയര്‍ തീരാറായതോടെ നിനക്ക് കല്യാണം ആലോചിച്ചു തുടങ്ങിയപ്പോഴാണ്. ''എന്‍ജിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിനി, സുന്ദരി, സുശീല, സമ്പന്ന കുടുംബം...'' എന്നൊക്കെയാണല്ലോ 'കേരളാ മാട്രിമണി''യിലെ വിശേഷണങ്ങള്‍! പത്തിരുപതു പേപ്പര്‍ ജയിച്ചിട്ടില്ലെന്നും ജീവിതകാലം മുഴുവന്‍ എഴുതിയാലും ജയിക്കാനിടയില്ലെന്നും നിനക്കല്ലേ അറിയൂ! പെണ്ണുകാണാന്‍ വരുന്നവര്‍ മാര്‍ക്കുലിസ്റ്റും സര്‍ട്ടിഫിക്കറ്റും ഒന്നും ചോദിക്കില്ലായിരിക്കും. എന്നാലും ഇങ്ങനെയൊക്കെ തെറ്റിദ്ധരിപ്പിച്ച് കല്യാണം കഴിച്ചാല്‍ വിവാഹജീവിതം കുളമാകാന്‍ വേറെന്തെങ്കിലും വേണോ? നിന്റെ ധര്‍മസങ്കടം ആരോടു പറയാന്‍?

എങ്കിലും കുടുക്കില്‍ നിന്നു രക്ഷപ്പെടാന്‍ നീ തെരഞ്ഞെടുത്ത വഴി കുറേ കടുപ്പമായിപോയി. ഏതോ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ മറ്റോ ആയിരിക്കാം നിനക്കീ ഐഡിയ കിട്ടിയത്. എങ്കിലും ''വാട്ട് ആന്‍ ഐഡിയ,'' എന്റെ മോളേ! പെണ്ണുകാണാന്‍ വന്നവരോട് നീ ധിക്കാരമായി പെരുമാറി. അങ്ങനെ അത് അലസിപ്പോയി. അങ്കം ജയിച്ചു; പക്ഷേ യുദ്ധം തീര്‍ന്നിട്ടില്ലല്ലോ. ഇനിയും വരില്ലേ ചായ കുടിക്കാര്‍! അപ്പോഴും നിന്റെ 'ട്രിക്ക്' ആവര്‍ത്തിക്കുമോ? ഇത് എവിടെ എത്തിക്കും? അതുകൊണ്ട് എന്റെ മോളേ, ഇതുപറ്റില്ല. നേരായ വഴിതന്നെയാണു ഭേദം. എനിക്കൊരു അനുഭവമുണ്ട്, പറയാം.

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ഒരു 'അഡൈ്വസറി സിസ്റ്റം' ഉണ്ട്. ഇതുപതു കുട്ടികള്‍ക്ക് ഒരു സ്റ്റാഫ് അഡൈ്വസര്‍. കോളജില്‍ വന്നപ്പോള്‍ വളരെ ഉയര്‍ന്ന റാങ്ക് ഉണ്ടായിരുന്ന ഒരു മിടുക്കന്‍ എല്ലാ പരീക്ഷയിലും തോല്‍ക്കുന്നതായി അയാളുടെ അഡൈ്വസര്‍ ശ്രദ്ധിച്ചു. കുട്ടിയെ വിളിച്ചു സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ''ഞാനവരെ ഒരു പാഠം പഠിപ്പിക്കും''. അവന്റെ കണ്ണുകള്‍ വൈരാഗ്യം കൊണ്ടു ജ്വലിച്ചു. ''ആരെ? ''എന്റെ അച്ഛനെയും അമ്മയെയും. എനിക്ക് ലിറ്ററേച്ചര്‍ മതി എന്നു ഞാനവരോടു പറഞ്ഞതാണ്. അവരുടെ വാശിയാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാന്‍ കാണിച്ചു കൊടുക്കും അവര്‍ക്ക്''. സ്തബ്ധനായ അഡൈ്വസര്‍ കുട്ടിയുടെ അച്ഛനമ്മമാരെ വിളിച്ചുവരുത്തി. സ്ഥലത്തെ പ്രശസ്ത ഡോക്ടര്‍മാരാണവര്‍. മൂത്തമകളെ ഡോക്ടറാക്കി. ഇളയവനെ എന്‍ജിനീയറും ആക്കിയേ അവര്‍ അടങ്ങൂ. പക്ഷേ അധ്യാപകരുടെ ഉപദേശം അവരുടെ കണ്ണു തുറപ്പിച്ചു. മകനെ എന്‍ജിനീയറിംഗ് കോളജില്‍ നിന്നു പിന്‍വലിച്ച് ആര്‍ട്‌സ് കോളജില്‍ ചേര്‍ത്തു. അവന്‍ രക്ഷപ്പെട്ടു.

നിനക്കും സമയം വൈകിയിട്ടില്ല എന്ന് അച്ഛനമ്മമാരോടു തുറന്നു പറയൂ. നാലു കൊല്ലമല്ലേ നഷ്ടപ്പെടു, ജീവിതം മുഴുവന്‍ മുമ്പില്‍ കിടക്കുകല്ലേ? ഇഷ്ടപ്പെട്ട വിഷയം പഠിക്കുക എന്നതു തന്നെ വലിയൊരു ഭാഗ്യമാണ്. ഇഷ്ടമില്ലാത്ത വിഷയം പഠിക്കേണ്ടിവരാതിരിക്കുക എന്നത് അതിനേക്കാള്‍ വലിയ ഭാഗ്യവും. നീ അവരെ വഞ്ചിച്ചു എന്നൊക്കെ അവര്‍ പറഞ്ഞേക്കാം. പക്ഷേ നീ ശ്രമിക്കാഞ്ഞിട്ടല്ലല്ലൊ. ''ഇത്രയൊക്കെയേ എനിക്കു പറ്റൂ. ഈ വഴി എനിക്കു പറ്റില്ല'' എന്നു ശക്തമായി പറയൂ. എന്നിട്ട് ആദ്യം മുതല്‍ വീണ്ടും തുടങ്ങൂ.

ഇതു നിന്റെ മാത്രം കഥയല്ല എന്നും അവരോടു പറയൂ. കഴിഞ്ഞവര്‍ഷം കേരളത്തിലെ എന്‍ജിനീയറിംഗ് പരീക്ഷകളില്‍ പാസ്സായത് കഷ്ടിച്ച് 40 ശതമാനം മാത്രം ആണെന്ന് അവരോടു പറയൂ. അതായത് ഏതാണ്ട് 25000 കുട്ടികള്‍ അവസാനവര്‍ഷ പരീക്ഷ എഴുതിയപ്പോള്‍ 15000 പേര്‍ തോറ്റു! ഇവരെല്ലാം മണ്ടന്മാരും മണ്ടികളും ഒന്നുമല്ല. നിന്നെപ്പോലെ നല്ല രീതിയില്‍ സ്‌കൂളില്‍ നിന്നു പാസ്സായവരാണ്. പക്ഷേ കണക്ക് ഇഷ്ടപ്പെടാത്തവരെ എന്‍ജിനീയറിംഗ് പഠനത്തിനു വിട്ടതാണ് കുഴപ്പമായത്. എന്തിനിങ്ങനെ അവരെ പീഡിപ്പിക്കുന്നു? ഇവര്‍ക്കൊക്കെ എന്തു സംഭവിക്കുന്നു എന്ന് ആരന്വേഷിക്കുന്നു? മുന്തിയ കോളജുകളില്‍ നിന്ന് ആണ്ടില്‍ എട്ടും പത്തും ലക്ഷം രൂപ ശമ്പളത്തില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ചിലര്‍ക്കു ജോലി കിട്ടുന്നത് വാര്‍ത്തയാക്കുന്ന പത്രങ്ങള്‍ പല കോളജുകളിലും എഴുപത്-എണ്‍പതു ശതമാനം കുട്ടികള്‍ തോല്‍ക്കുന്നതു കണ്ടില്ലെന്നു നടിക്കുന്നു. മിനിമം യോഗ്യത പോലും ഇല്ലാത്ത കുട്ടികളെ കോഴ വാങ്ങി പ്രവേശിപ്പിക്കുന്ന മാനേജ്‌മെന്റും അതിനുനേരെ കണ്ണടയ്ക്കുന്ന സര്‍വകലാശാലകളും ഉന്നതാധികാര സമിതികളും ഈ പാതകത്തില്‍ പങ്കാളികളാണ്.

അതിരിക്കട്ടെ. അതവരുടെ കാര്യം. നീ നിന്റെ ജീവിതം ഇതിന്റെ പേരില്‍ നാനാവിധമാക്കരുത്. യാഥാര്‍ഥ്യത്തെ ധൈര്യപൂര്‍വം നേരിടൂ. ഒരബദ്ധം ആര്‍ക്കും പറ്റാം. അതില്‍ നിന്നു പാഠം പഠിച്ചു തിരുത്തി മാത്രമേ നമുക്കു മുന്നോട്ടു പോകാനാകൂ. അച്ഛനമ്മമാരോടു തുറന്നു പറയൂ, ''എനിക്കിനി ഈ കള്ളക്കളി തുടരാനാവില്ല; എനിക്കിഷ്ടപ്പെട്ട വിഷയം പഠിക്കാനനുവദിക്കൂ; ഞാന്‍ കാണിച്ചു തരാം എനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന്''.

ഞാനും സംസാരിക്കാം അവരോട്, അവരതു വകവയ്ക്കുമെങ്കില്‍!

*
ആര്‍ വി ജി മേനോന്‍ ജനയുഗം 21 ആഗസ്റ്റ് 2011

Monday, November 15, 2010

സമഗ്രതയുടെ വഴിയില്‍ ഇ-ഗ്രാന്റ്സ്

ദളിത്-ആദിവാസി-പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ - ലംപ്‌സംഗ്രാന്റ്, സ്റ്റൈപെന്‍ഡ്, ഫെലോഷിപ്പ് എന്നിവ - ഭരണകൂടം ഈ വിഭാഗങ്ങള്‍ക്കുവേണ്ടി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ സൂചകങ്ങളിലൊന്നാണ്. നല്‍കുന്ന ആനുകൂല്യങ്ങളുടെ പര്യാപ്‌തതപോലെതന്നെ പ്രധാനമാണ് സുഗമമായ ലഭ്യതയും വിതരണത്തിലെ സൂതാര്യതയും. അത് ഒരു ജനതയുടെ അവകാശമാണ്. എന്നാല്‍, ഇന്നലെവരെ അതിന്റെ വിതരണത്തില്‍ ഗുരുതരമായ പല പോരായ്‌മകളും ഉണ്ടായിരുന്നു. കോളേജ് ഓഫീസ് മാനേജ്‌മെന്റുകളുടെ ഭരണ നടപടികളില്‍ മാത്രമല്ല, പട്ടികജാതി-വര്‍ഗ വികസനവകുപ്പിന്റെ ഓഫീസുകളിലും അതു പ്രകടമായിരുന്നു. എന്നാല്‍ ഇന്ന്, ഇന്ത്യയിലാദ്യമായി, വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ നടപ്പാക്കിയ ഇ - ഗ്രാന്റ്സ് വ്യവസ്ഥ കേരളത്തില്‍, വിദ്യാഭ്യാസാനുകൂല്യവിതരണത്തില്‍ ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയിരിക്കുന്നു. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളിലും അവരുടെ ദരിദ്രകുടുംബങ്ങളിലും ഈ മാറ്റം പുത്തനുണര്‍വും സന്തോഷവും ഉളവാക്കിയിട്ടുണ്ട്. ചുവപ്പുനാടയില്‍ കുരുങ്ങുന്ന തങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങളുടെ കുരുക്കഴിച്ചുകിട്ടാന്‍ ഉദ്യോഗസ്ഥരുടെ ഔദാര്യത്തിനു കെഞ്ചേണ്ടി വരുന്ന ദുര്‍ഗതി മുന്‍പത്തെപ്പോലെ ഇനിയുണ്ടാവില്ല.

വിദ്യാഭ്യാസാനുകൂല്യ വിതരണകാര്യത്തില്‍ ദളിത് - ആദിവാസി വിദ്യാര്‍ഥികള്‍ അഭിമുഖീകരിച്ചിരുന്ന കടമ്പകള്‍ ചിലത് എടുത്തുപറയേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ സര്‍ക്കാരില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കു വാങ്ങിനല്‍കാന്‍ സ്ഥാപന മാനേജ്‌മെന്റുകള്‍ ബാധ്യസ്ഥമാണ്. പഠിക്കുന്ന സ്ഥാപനത്തില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാര്‍ഥി അപേക്ഷ നല്‍കിയാലേ ആനുകൂല്യം ലഭിക്കൂ. സ്ഥാപനമേധാവി പരിശോധിച്ച് അവശ്യനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശുപാര്‍ശയോടെ പട്ടികജാതി- വര്‍ഗ ജില്ലാവികസന ഓഫീസിലേക്ക് അയച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്വറിയിട്ട് മടക്കും. ഇങ്ങനെ പല പ്രയാസങ്ങള്‍ക്കൊടുവിലാണ് ഗ്രാന്റ് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തുക. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാര്‍ഥിയുടെ പഠനകാലയളവില്‍ പഠനത്തിനുപകരിക്കേണ്ട പണം യഥാസമയം ലഭിക്കാത്തതുമൂലം, കുട്ടി പഠനം നിര്‍ത്തേണ്ട ഘട്ടത്തില്‍ എത്താറുണ്ട്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും സ്‌റ്റൈപെന്‍ഡ് വാങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി ലക്ഷക്കണക്കിനു രൂപ മുന്‍കൂറായി ഡിപ്പാര്‍ട്മെന്റ് കൊടുത്തിട്ടാണ് ഇങ്ങനെ സംഭവിച്ചുകൊണ്ടിരുന്നത്.

ഏതാനും മാസത്തെ സ്‌റ്റൈപെന്‍ഡ് ഒന്നിച്ചു വരുന്നതുമൂലം സാമാന്യം ഭേദപ്പെട്ട സംഖ്യ ഉണ്ടെന്നുകണ്ടാല്‍, ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക കമന്റുകള്‍ക്കും ഇടയാകാറുണ്ട്. 'ഇത്രയും കിട്ടിയില്ലേ, ചെലവു ചെയ്‌താലെന്താ' എന്നു പറഞ്ഞ് ചെലവുചെയ്യിക്കുന്ന ഉദ്യോഗസ്ഥരുടെ കഥകളും കേട്ടിട്ടുണ്ട്. അവരറിയുന്നോ, ഈ വിദ്യാര്‍ഥികളുടെ മൂന്നോ നാലോ മാസത്തെ കടം വീട്ടിക്കഴിഞ്ഞാല്‍ പിന്നൊന്നും ബാക്കിയുണ്ടാവില്ലെന്ന്.

സാമുദായിക മതമാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസഗ്രാന്റ് കൈകാര്യംചെയ്യുന്നതില്‍ വിചിത്രമായ ഒരു സാമ്പത്തികശാസ്‌ത്രം ഉള്‍ച്ചേര്‍ത്തിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസമാകുമ്പോള്‍ ഒരു കോളേജ് വര്‍ഷം അവസാനിക്കുന്നു. രണ്ടോ നാലോ മാസത്തെ സ്‌റ്റൈപെന്‍ഡ് അപ്പോള്‍ കുടിശ്ശികയായിരിക്കും. കോളേജ് അടയ്‌ക്കുന്നതിനു മുമ്പ് അതു നേടി കുട്ടികള്‍ക്ക് വിതരണംചെയ്യുന്നതിനുള്ള വ്യഗ്രതയൊന്നും കോളേജ് മാനേജ്‌മെന്റിനുണ്ടാവില്ല. എന്നാല്‍, ഈ പണം വന്ന് കോളേജ് അക്കൌണ്ടില്‍ കിടക്കും. ജൂണില്‍ കോളേജ് തുറന്നുവരുമ്പോഴാവും ഈ തുക വിതരണംചെയ്യുക. ലക്ഷക്കണക്കിനു രൂപ മാനേജ്‌മെന്റിന്റെ അക്കൌണ്ടില്‍ കിടക്കുമ്പോള്‍ കിട്ടുന്ന പലിശ കയ്‌ക്കുമോ? ഇതൊക്കെയായിരുന്നു ഞങ്ങളുടെ അച്ഛനൊക്കെ കോളേജില്‍ പഠിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍.

വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് സ്‌റ്റൈപെന്‍ഡ് നിക്ഷേപിച്ചുകൊണ്ട് ഏതാനും വര്‍ഷംമുന്‍പ് മാറ്റത്തിനു തുടക്കം കുറിച്ചിരുന്നു. വിതരണത്തിന്റെ കുറെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അതുമൂലം കഴിഞ്ഞു. അപ്പോഴും ഗുരുതരമായ പല പ്രശ്‌നങ്ങളും നിലനിന്നിരുന്നു.

2009-2010 അധ്യായനവര്‍ഷം മുതല്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓൺ ലൈന്‍ സംവിധാനത്തിലൂടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നതിനായി ഇ-ഗ്രാന്റ്സ് പദ്ധതി ആവിഷ്‌കരിച്ചു. സി-ഡിറ്റിലെ എന്‍ജിനിയര്‍മാരുടെ സഹായത്തോടെയാണ് ഈ പദ്ധതി രൂപകല്‍പ്പനചെയ്‌തു നടപ്പാക്കിവരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശനസമയത്തു നല്‍കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീറോ ബാലന്‍സ്, അക്കൌണ്ട് തുറക്കാനുള്ള അപേക്ഷയും സ്‌കോളര്‍ഷിപ്പ് അപേക്ഷയും വിദ്യാര്‍ഥികള്‍ പൂരിപ്പിച്ചു നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം അക്കൌണ്ടുകളുണ്ടാവും. സ്ഥാപനങ്ങള്‍ ഇ-ഗ്രാന്റ്സ് സൈറ്റു വഴി ഓൺലൈനായി അപേക്ഷ നല്‍കണം. സ്ഥാപനത്തിന് അര്‍ഹതയുള്ള ഫീസ് സ്ഥാപനത്തിന്റെ അക്കൌണ്ടിലേക്കും വിദ്യാര്‍ഥികളുടെ ലംപ്‌സംഗ്രാന്റ്, പോക്കറ്റ് മണി, സ്‌റ്റൈപെന്‍ഡ്, ഫെലോഷിപ്പ് മുതലായവ വിദ്യാര്‍ഥികളുടെ അക്കൌണ്ടിലും എത്തുന്നു.

2008-09 ല്‍ ആലപ്പുഴ ജില്ലയില്‍ പരീക്ഷണാര്‍ഥം 52 പോസ്‌റ്റ് മെട്രിക് സ്ഥാപനങ്ങളില്‍ 3,000 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. വിജയകരമാണെന്നു കണ്ടപ്പോള്‍ 2009-10ല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു. ഏതാണ്ട് മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. മൂവായിരത്തിലധികം സ്ഥാപനങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറിതലം മുതല്‍ ഉന്നതവിദ്യാഭ്യാസം തേടുന്ന എല്ലാ പിന്നോക്ക വിദ്യാര്‍ഥികളും ഇ-ഗ്രാന്റ്സിലൂടെയാണ് ഇന്ന് അവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നത്.

സി-ഡിറ്റിലെ എന്‍ജിനിയറും ഇ-ഗ്രാന്റ്സ് പദ്ധതിയുടെ ടീം മാനേജരുമായ ദീപ പറയുന്നതിങ്ങനെ: 'മധ്യപ്രദേശ് സര്‍ക്കാര്‍ ഏതാണ്ടിതേമാതൃകയില്‍ ഒരു ഓൺലൈന്‍ പദ്ധതി വിദ്യാഭ്യാസാനുകൂല്യവിതരണത്തിനു നടപ്പിലാക്കിയിട്ടുണ്ട്, എന്നാല്‍ നൂറ്റമ്പതോളം സ്ഥാപനങ്ങളില്‍ മാത്രമാണ് ഇതു നടപ്പിലായിട്ടുള്ളതെന്നു മനസിലാക്കുന്നു.' മറ്റു സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഈ പദ്ധതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്; 'ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് അന്വേഷണം നടന്നിട്ടുണ്ടെ'ന്നു ദീപ പറഞ്ഞു. ഇ-ഗ്രാന്റ്സിന്റെ 'കേരള മാതൃക'യുടെ വിജയത്തെയാണ് ഇതു കാണിക്കുന്നത്. ഇതിന്റെ ശില്‍പ്പികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. എന്നാല്‍, സെല്‍ഫ് ഫിനാന്‍സിങ് കോളേജ് മാനേജ്‌മെന്റുകള്‍ക്ക് ഈ പദ്ധതി അത്ര പിടിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ ഒടുവില്‍ അവര്‍ കീഴടങ്ങുകയാണ് ചെയ്‌തത്.

തങ്ങളുടെ പണം, ഫയല്‍ നടപടികളുടെ പുരോഗതി തുടങ്ങിയവ ഗുണഭോക്താവിനുതന്നെ ഇന്റര്‍നെറ്റിലൂടെ നിരീക്ഷിക്കാനും ഇടപെടാനുമുള്ള അവസരമുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ഇ-ഗ്രാന്റ്സ് നടപ്പില്‍ വരുന്നതിനുമുമ്പ് ഈ ലേഖികയും സ്വന്തം ഫെലോഷിപ്പിനായി ജില്ലാ പട്ടികജാതി ഓഫീസില്‍ നിരവധി തവണ കയറിയിറങ്ങിയതാണ്. എന്നാല്‍, ഇന്ന് സ്വന്തം മുറിയിലിരുന്നുകൊണ്ട് ഫെലോഷിപ്പിന്റെ പുരോഗതിയറിയാനും ഇടപെടാനും കഴിയുന്നു. ചുരുക്കത്തില്‍ ഈ വ്യവസ്ഥ തീര്‍ത്തും സുതാര്യമാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ ഈ സംവിധാനം എത്ര കണ്ട് പ്രയോജനപ്പെടുത്തുന്നുണ്ടെന്നത് പുത്തന്‍ സാങ്കേതികവിദ്യ അവര്‍ എത്രത്തോളം ആര്‍ജിച്ചിട്ടുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും. വിവരസാങ്കേതികവിദ്യയുടെ സദ്ഫലങ്ങള്‍ ആസ്വദിക്കാന്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകം കൂടിയായിത്തീരുകയാണീ നൂതന പദ്ധതി.


*****

രാജേഷ് കോമത്ത്, റോഷ്‌നി പത്മനാഭന്‍, കടപ്പാട്

Thursday, September 23, 2010

സര്‍ഗാത്മകതയും സാമൂഹ്യ ഇടപെടലുകളും

ഇപ്പോള്‍ എഴുത്തുകാര്‍ ഫെയിസ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റുമാണ് ആശയവിനിമയം ചെയ്യുന്നത്. സാങ്കേതികവിദ്യയുടെ കാലത്തിന്റെ സൃഷ്‌ടികളായ യുവ എഴുത്തുകാര്‍ മാത്രമല്ല അങ്ങനെ ചെയ്യുന്നത്. നമ്മുടെ പ്രിയ കവി കെ സച്ചിദാനന്ദന്‍ ഫെയിസ് ബുക്കില്‍ സ്ഥിരമായി വരുന്ന ആളാണ്. അങ്ങനെ പലരുമുണ്ട്. ശശി തരൂരിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരൊക്കെ തങ്ങള്‍ എന്തു ചെയ്യുന്നുവെന്നും എവിടെ പോകുന്നുവെന്നുമെല്ലാം വായനക്കാര്‍ക്കുവേണ്ടി ഫെയിസ് ബുക്കിലും ട്വിറ്ററിലും അടയാളപ്പെടുത്തിവയ്‌ക്കുന്നു. സമകാലീന പ്രശ്‌നങ്ങളോടു പ്രതികരിക്കുവാനും അവര്‍ സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നു.

ഫെയിസ് ബുക്കിലെ സൌഹൃദക്കൂട്ടായ്‌മയില്‍ അംഗമാണെങ്കിലും ഈ സൈറ്റ് അപൂര്‍വമായേ ഞാന്‍ സന്ദര്‍ശിക്കാറുള്ളൂ. വായനക്കാരോടോ, സമൂഹത്തോട് മൊത്തത്തിലോ, എന്തെങ്കിലും പറയുവാനുണ്ടെങ്കില്‍ ഞാന്‍ സൈബര്‍ ലോകത്തിലേക്ക് കടക്കാതെ പേനക്കണ്ണ് എന്ന ഈ പംക്തിയില്‍ എഴുതുന്നു.

ഫെയിസ് ബുക്കില്‍ ഞാനെന്തെങ്കിലും പോസ്റ്റ് ചെയ്‌താല്‍ ദശലക്ഷം ആളുകള്‍ ഉടനെ അതു കണ്ടെന്നു വരാം. പക്ഷേ ഇവിടെ ഒരു ചോദ്യം: എഴുത്തുകാരന് ഇത്രയും വലിയ ഒരാള്‍ക്കൂട്ടത്തെ ആവശ്യമുണ്ടോ? മുഖമില്ലാത്ത ദശലക്ഷം ആളുകളേക്കാള്‍ മുഖമുള്ള പത്തോ പതിനഞ്ചോ ആയിരം വായനക്കാരല്ലേ നല്ലത് ?

ഇപ്പോള്‍ ഈ കുറിപ്പ് എഴുതുന്നത് ഈയിടെ ഒരു പ്രശസ്‌ത സാഹിത്യവിമര്‍ശകന്‍ പറഞ്ഞ ഒരു കാര്യത്തില്‍ പ്രതികരിക്കുവാന്‍ വേണ്ടിയാണ്. എന്റെ അടുത്ത സുഹൃത്ത് കൂടിയായ അദ്ദേഹം ഈയിടെ ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞതായി കണ്ടു:

"കാലികമായ കാര്യങ്ങള്‍ നിരന്തരം എഴുതുമ്പോള്‍ മൌലികമായ രചനകള്‍ നടത്താനോ അതിനുമുകളില്‍ അടയിരിക്കുവാനോ അവര്‍ക്ക് (എഴുത്തുകാര്‍ക്ക്) കഴിയാതെ വരുന്നു.''

"മുകുന്ദന്റെ കാര്യത്തില്‍ അങ്ങനെ ഒരപകടം സംഭവിച്ചതായി തോന്നുന്നില്ല.'' എന്നുകൂടി അദ്ദേഹം പറയുന്നുണ്ട്.

അതെനിക്ക് ആശ്വാസം പകര്‍ന്നുതരേണ്ടതാണ്. എല്ലാവരും അവനവന്റെ കാര്യങ്ങള്‍ നോക്കി മിണ്ടാതെ നടക്കുന്ന ഈ കാലത്ത് ഞാന്‍ പ്രതികരിക്കാന്‍ പോകാതെ മൌനം പാലിച്ചിരുന്നാല്‍ മതിയായിരുന്നു.

വളരെ പ്രധാനപ്പെട്ട ഒരു പ്രസ്‌താവനയാണ് വിമര്‍ശക സുഹൃത്തിന്റേത്. അതിനെക്കുറിച്ച് ഗൌരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്. എഴുത്തുകാരന് സ്വകാര്യത ആവശ്യമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നൂറുശതമാനം അവനവന്റേതായ ഒരു ഇടത്തില്‍ ഇരുന്നുകൊണ്ട് മാത്രമേ സാഹിത്യകാരന്മാര്‍ക്ക് ഫലവത്തായി എന്തെങ്കിലും എഴുതിയുണ്ടാക്കുവാന്‍ കഴിയുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം. ഇത് സ്വന്തം അനുഭവങ്ങളിലൂടെ പറയുന്നതാണ്.

എഴുത്തുകാരന്‍ ഏകാകിയായി എഴുതുന്നത് ആള്‍ക്കൂട്ടത്തിനുവേണ്ടിയാണ്. സമൂഹത്തില്‍നിന്ന് എഴുത്തുകാരന്‍ പലായനംചെയ്‌ത് ആരുടെയും കണ്ണെത്താത്ത സ്ഥലത്തിരുന്ന് എഴുതുന്നത് സമൂഹത്തിനുവേണ്ടിത്തന്നെയാണ്. സാമൂഹ്യനന്മയ്‌ക്കുവേണ്ടിത്തന്നെയാണ്. അതുകൊണ്ട് ഏകാന്തത തേടിപ്പോകുന്ന എഴുത്തുകാരനെ അതിന്റെ പേരില്‍ പരിക്കേല്‍പ്പിക്കേണ്ടതില്ല.

എഴുത്തുകാര്‍ പത്രവാരികകളില്‍ കോളം എഴുതുന്നത് അവരുടെ സര്‍ഗാത്മകതയെ ശോഷിപ്പിക്കുമെന്ന വാദത്തെ ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നത് നന്ന്. പംക്തി എഴുതുക എന്നുപറഞ്ഞാല്‍ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുക എന്നാണ് അര്‍ഥം. സാമൂഹ്യപ്രശ്‌നങ്ങളില്‍ ഗുണപരമായി ഇടപെടുന്നതുകൊണ്ട് ആരുടെയെങ്കിലും സര്‍ഗാത്മകതക്ക് പരിക്ക് പറ്റിയതായി കേട്ടിട്ടില്ല.

ഖസാക്കിന്റെ ഇതിഹാസം എഴുതുമ്പോള്‍തന്നെ ഒ വി വിജയന്‍ ഇംഗ്ളീഷിലും മലയാളത്തിലും സമകാലീന രാഷ്‌ട്രീയ സാംസ്‌കാരിക ജീവിതത്തെക്കുറിച്ച് നിരന്തരം എഴുതുകയും കാര്‍ട്ടൂണ്‍ വരയ്‌ക്കുകയും ചെയ്‌തുകൊണ്ടിരുന്നു എന്ന വസ്‌തുത ഓര്‍ക്കേണ്ടതാണ്. പില്‍ക്കാലം അദ്ദേഹത്തിന്റെ സര്‍ഗാത്മകതക്ക് മങ്ങലേറ്റിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചതുകൊണ്ടോ ലേഖനങ്ങള്‍ എഴുതിയതുകൊണ്ടോ അല്ല. തന്റെ പ്രതിഭയെ ആത്മീയതയിലേക്ക് ചുരുക്കിയെടുത്തതുകൊണ്ടാണ് എന്ന് വിശ്വസിക്കുവാനാണ് ഞാനിഷ്‌ടപ്പെടുന്നത്. സര്‍ഗാത്മകതയിലെ പ്രതിബദ്ധത ചോര്‍ന്നുപോകുമ്പോള്‍ അവിടെ ആത്മീയത കയറിവരുന്നുത് സ്വാഭാവികമാണ്. ഇങ്ങനെയൊക്കെ എന്തൊക്കെ പറഞ്ഞാലും വിജയന്‍ അപൂര്‍വ പ്രതിഭയുടെ , അതിരില്ലാത്ത സര്‍ഗാത്മകതയുടെ ഉടമയാണ്.

നമ്മുടെ നാട്ടില്‍ മാത്രമല്ല എഴുത്തുകാര്‍ പത്രമാസികകളില്‍ കോളം എഴുതുന്നത്. ഉംബര്‍ട്ടോ എക്കോ പതിവായി പത്രമാസികകളില്‍ സാംസ്‌കാരിക സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന എഴുത്തുകാരനാണ്. അദ്ദേഹം എഴുതുന്ന ആഗോളവല്‍ക്കരണം, ദൃശ്യമാധ്യമങ്ങള്‍, ഉപഭോഗസംസ്‌കാരം തുടങ്ങിയ ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള കൊച്ചു കുറിപ്പുകള്‍ ഞാന്‍ ആവര്‍ത്തിച്ചു വായിക്കാറുണ്ട്.

ഈ കാലഘട്ടത്തിലെ വലിയ എഴുത്തുകാരില്‍ ഒരാളാണ് ആമോസ് ഓസ്. അദ്ദേഹം പത്രപ്രവര്‍ത്തകൻ കൂടിയാണ്. ഈ നോവലിസ്റ്റ് പലസ്‌തീനിയന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുവാനായി നിരന്തരം ഇടപെടുന്നു.

വെയിറ്റിങ് ഫോര്‍ ബാര്‍ബേറിയന്‍സ്, ഡിസ്‌ഗ്രെയിസ് തുടങ്ങിയ നോവലുകളിലൂടെ നമ്മുടെ കരള്‍ പിളര്‍ന്ന ജെ എം കൂറ്റ്സീ നോവലിസ്റ്റു മാത്രമല്ല സാഹിത്യ വിമര്‍ശകന്‍ കൂടിയാണ്.

ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന എഴുത്തുകാരനാണ് "ഫ്രീഡം'' എന്ന നോവല്‍ രചിച്ച ജോനാഥന്‍ ഫ്രാന്‍സന്‍. അദ്ദേഹം പതിവായി ന്യൂയോര്‍ക്കര്‍ മാസികയില്‍ എഴുതുന്ന കോളമിസ്റ്റാണ്.

ഇങ്ങനെ സ്വന്തം സര്‍ഗാത്മക എഴുത്തിന്റെ അതിരുകളില്‍ ഇരുന്ന് കോളങ്ങളും സാഹിത്യ വിമര്‍ശനങ്ങളും രചിക്കുകയും പത്രപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന എത്രയോ എഴുത്തുകാര്‍ എന്നും ലോകത്തിലുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പംക്തി എഴുതുന്നതുകൊണ്ട് ആരും പംക്തികന്ധരന്‍ ആകണമെന്നില്ല.

അതുകൊണ്ട് ഈയുള്ളവനും വല്ലപ്പോഴും പേനക്കണ്ണുപോലുള്ള പംക്തികള്‍ എഴുതി ശിഷ്‌ടജീവിതം ജീവിച്ചുതീര്‍ത്തുകൊള്ളട്ടെ. അതുകാരണം ഉള്ളില്‍ അവശേഷിച്ചിരിക്കുന്ന സര്‍ഗാത്മകത വറ്റിപ്പോകുമെന്ന് ഞാന്‍ കരുതുന്നില്ല. അഥവാ ഇനി വറ്റിപ്പോയാല്‍ തന്നെ എന്ത് ? ജീവിതംപോലെ തന്നെ സര്‍ഗാത്മകതയും ഒരു ദിവസം കത്തിത്തീരാനുള്ളതാണ്.


*****

എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Saturday, September 18, 2010

സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം

സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രചാരണവും വ്യാപനവും ലക്ഷ്യമിട്ടാണ് സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം ആചരിക്കുന്നത്. ഇന്ത്യയിലെ അഖിലേന്ത്യാ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ (Free Software Movement of India-FSMI) ആദ്യത്തെ സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാചരണമാണ് സെപ്‌തംബര്‍ 16 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെയുള്ള ഏതെങ്കിലും സൌകര്യപ്രദമായ ദിവസം നടക്കുന്നത്. കേരളത്തിലെ ഘടക സംഘടനയായ വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയാണ് (Democratic Alliance for Knowledge Freedom-DAKF) ദിനാചരണം സമുചിതമായി സംഘടിപ്പിക്കുന്നത്.

പരമ്പരാഗതമായി കടലാസുപയോഗിച്ച് എഴുതിയും അച്ചടിച്ചും വിവരം കൈകാര്യം ചെയ്‌തിരുന്ന സ്ഥാനത്ത് പുതിയ വിവര കൈകാര്യ സംവിധാനം നിലവില്‍ വന്നിരിക്കുന്നു. ശബ്‌ദവും ചിത്രവും ലിപിയും ഉല്‍ഗ്രഥിക്കപ്പെട്ടിരിക്കുന്നു. അവ ഡിജിറ്റല്‍ രൂപത്തില്‍ വളരെ വേഗം കൈകാര്യം ചെയ്യാമെന്നായിരിക്കുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ഉല്‍ഗ്രഥിക്കപ്പെടുകയാണ്. ഇവിടെ, സാങ്കേതിക വിദ്യയെ നയിക്കുന്നത് സോഫ്‌റ്റ്‌വെയറാണ്. സോഫ്‌റ്റ്‌വെയറും അറിവാണ്. അതു കൊടുക്കുന്ന ആള്‍ക്കു നഷ്‌ടമുണ്ടാക്കാതെ മറ്റുള്ളവര്‍ക്കു എത്ര വേണമെങ്കിലും പകര്‍ത്തി ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ട് ഉപയോഗിച്ചു തീര്‍ന്നു പോകുന്നവയോ ഉപയോഗം പരിമിതമായതോ ആയ മറ്റ് ഭൌതിക ആസ്‌തികള്‍പോലെ കണക്കാക്കുന്നതില്‍ യുക്തിയില്ല. സോഫ്‌റ്റ്‌വെയര്‍ എത്ര വേണമെങ്കിലും ആവര്‍ത്തിച്ച് ഉപയോഗിക്കാം. ആയതിനാല്‍ സോഫ്‌റ്റ്‌വെയറിന് സ്വത്തവകാശം ബാധകമാക്കാന്‍ പാടില്ലാത്തതാണ്. മറിച്ച് പകര്‍പ്പവകാശമാണ്, വേണമെങ്കില്‍ തന്നെ, ഉപയോഗിക്കാവുന്ന നിയമ ചട്ടക്കൂട്. അവിടെയും ചില പരിമിതികളുണ്ട്. ഏതൊരു സോഫ്‌റ്റ്‌വെയറും അതിനുമുമ്പ് നിലവില്‍ വന്നതും ഉപയോഗിക്കുന്നതുമായ സോഫ്‌റ്റ്‌വെയറുകളുടെ പുനരാവിഷ്‌കരണമോ മെച്ചപ്പെടുത്തലോ കൂട്ടിച്ചേര്‍ക്കലോ ആണ്. ബൌദ്ധികോല്‍പ്പന്നമായതിനാല്‍, പലര്‍ പല കാലങ്ങളില്‍ പരസ്‌പരം പകര്‍ത്താതെ തന്നെ ഒരേ സൃഷ്‌ടി നടത്താനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യത്തില്‍ പകര്‍പ്പവകാശം ബാധകമാക്കിയാല്‍പ്പോലും അതിന്റെ ധ്വംസനത്തിന്റെ പേരില്‍ തര്‍ക്കങ്ങളും കോടതി വ്യവഹാരവുംമൂലം പുരോഗതി തടയപ്പെടുന്ന സ്ഥിതി ഉളവാകാം. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ, സ്വത്തവകാശത്തിന്റെ പരിധിയില്‍ സോഫ്‌റ്റ്‌വെയറിനെ കൊണ്ടുവരാന്‍ ബൌദ്ധിക സ്വത്തവകാശമെന്ന കാഴ്‌ചപ്പാട് നടപ്പാക്കുകയാണ് ലാഭക്കൊതി മൂത്ത മുതലാളിത്തം. പക്ഷേ, അനന്തമായ ഉപയോഗസാധ്യതയുള്ള സോഫ്‌റ്റ്‌വെയര്‍ ബൌദ്ധികസ്വത്തവകാശത്തിന്റെ പേരില്‍ രഹസ്യമാക്കി വയ്‌ക്കുന്നതും ഉപയോഗസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതും സാമൂഹ്യ പുരോഗതിക്കെന്നപോലെ മുതലാളിത്തവികസനത്തിനു തന്നെയും വിലങ്ങുതടിയായി മാറുന്നു.

മറ്റൊരു കാര്യം, യഥാര്‍ഥ സ്രഷ്‌ടാക്കളല്ല സ്വത്തവകാശമോ പകര്‍പ്പവകാശമോപോലും പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. ഇടനിലക്കാരാണ് ഫലം അനുഭവിക്കുന്നത്. സാഹിത്യ സൃഷ്‌ടികളുടെ പകര്‍പ്പവകാശം പ്രസാധകര്‍ക്കാണ്. എഴുത്തുകാര്‍ക്കല്ല. സോഫ്‌റ്റ്‌വെയറിന്റെ യഥാര്‍ഥ സ്രഷ്‌ടാക്കള്‍ സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരാണ്. സോഫ്‌റ്റ്‌വെയര്‍ പേറ്റന്റ് ഉപയോഗിക്കുന്നത് അവരുടെ അധ്വാനശേഷി വിലയ്‌ക്കെടുത്ത സോഫ്‌റ്റ്‌വെയര്‍ കമ്പനികളാണ്. അതിലെ തൊഴിലാളികള്‍ക്കാകട്ടെ അതതു സമയത്തെ വേതനംമാത്രമാണ് നല്‍കുന്നത്. അവരുടെ അധ്വാനഫലം ഉപയോഗിച്ച് വളരെക്കാലത്തേക്ക് മുതലാളി നേട്ടമുണ്ടാക്കുന്നു. മാത്രമല്ല, സൃഷ്‌ടികള്‍ സ്വന്തമായി ഉപയോഗിക്കാനും മാറ്റം വരുത്താനുമുള്ള സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ഇതിനെതിരെ, സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരുടെ പ്രതിഷേധ പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ എന്ന ആശയം മുന്നോട്ടുവച്ചതും പ്രാവര്‍ത്തികമാക്കിയതും നിയമ ചട്ടക്കൂട് സൃഷ്‌ടിച്ചതും വിജയത്തിലേക്കെത്തിച്ചതും. അവര്‍ സൃഷ്‌ടിക്കുന്ന സോഫ്‌റ്റ്‌വെയര്‍ സമൂഹവുമായി പങ്കു വയ്‌ക്കുന്നു. സമൂഹം അതിനെ കൂടുതല്‍ വികസിപ്പിക്കുന്നു. മെച്ചപ്പെടുത്തുന്നു. മെച്ചപ്പെടുത്തപ്പെട്ട സൃഷ്‌ടിയിലൂടെ സ്രഷ്‌ടാവിനും തിരിച്ച് കൂടുതല്‍ നേട്ടം കിട്ടുന്നു. സമൂഹ്യ ഉടമസ്ഥതയുടെ മേന്മ തെളിയിക്കുകയും അനിവാര്യത ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ഒന്നായി സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ അപ്രതിരോധ്യമായ വിജയം മാറിയിരിക്കുന്നു. പ്രധാനമായും രണ്ടുകാര്യങ്ങള്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രസ്ഥാനം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഒന്ന്, സാമൂഹ്യ ഉടമസ്ഥതയുടെ മേന്മ. രണ്ട്, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും പുരോഗതിക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യകത.

ആഗോള വിപണിത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സേവന മേഖലയില്‍ പ്രത്യേകിച്ചും ഇന്‍ഷുറന്‍സ് വിവരസാങ്കേതിക മേഖലകളില്‍ തൊഴില്‍ നിഷേധവും അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കലും വേതനം ചുരുക്കലും നടക്കുന്നു. വിപണിത്തകര്‍ച്ചയുടെ ആഘാതത്തില്‍നിന്ന് ഐടി കുത്തകകളെ രക്ഷിക്കുന്നതിനായി പതിനായിരക്കണക്കിന് കോടി രൂപ NUID, ഇ-ഭരണം (E-Governance), സ്ഥാപന ഭരണം (ERP) തുടങ്ങിയ പദ്ധതികളുടെ പേരില്‍ അവര്‍ക്ക് ഒഴുക്കിക്കൊടുക്കുന്നു. അവരാകട്ടെ, പ്രാദേശിക ചെറുകിട ഇടത്തരം സേവനദാതാക്കളുടെ കമ്പോളം കൈയടക്കുകയുംചെയ്യുന്നു. പൊതുവെ കോര്‍പറേറ്റ് ലാഭം വര്‍ധിപ്പിക്കുന്നതിനായി വരുമാനനികുതി, സ്വത്ത് നികുതി ഇളവുകള്‍ നല്‍കുന്നു.

ആഗോളമായി, മൂലധനം കൂടുതല്‍ ചലനവേഗം കൈവരിച്ചിരിക്കുന്നു. ഇതിനെല്ലാം പശ്ചാത്തല സൌകര്യമൊരുക്കുന്ന വിവരസാങ്കേതികമേഖല ആഗോളകുത്തകകളുടെ പിടിയിലാണ്. സേവനങ്ങള്‍ക്ക് അമിതനിരക്കുകള്‍ ഈടാക്കപ്പെടുന്നു. ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കപ്പെടുന്നു. അറിവ് മാത്രമാണെന്നതിനാല്‍ എത്രവേണമെങ്കിലും പകര്‍ത്തപ്പെടാവുന്ന സോഫ്‌റ്റ്‌വെയറുകള്‍ക്ക് അമിത ലൈസന്‍സ്‌ ഫീ ഈടാക്കുന്നു. മൊത്തത്തില്‍, കുത്തകമൂലധനത്തിന്റെയും വ്യാപാരവ്യവസായമേഖലകളുടെയും ലാഭസാധ്യതകള്‍ ഉയരുമ്പോള്‍ കാര്‍ഷികപരമ്പരാഗത ഉല്‍പ്പാദനമേഖലകളുടെയും ചെറുകിട ഇടത്തരം വ്യവസായവ്യാപാരമേഖലകളുടെയും വരുമാനം ഗണ്യമായി ഇടിക്കുന്ന സ്ഥിതി ഇത് ഉളവാക്കുന്നു.

സാമ്രാജ്യത്വ പ്രീണനത്തിന്റെ ഭാഗമായി, മൂല കോഡുകള്‍ രഹസ്യമാക്കി വയ്‌ക്കുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കുട്ടികള്‍ക്ക് സോഫ്‌റ്റ്‌വെയറില്‍ യഥാര്‍ഥ അറിവ് നേടാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. ഇത് എന്നെന്നേക്കും സാമ്രാജ്യത്വാശ്രിതത്വം നിലനിര്‍ത്തുന്നതിന് വഴിവയ്‌ക്കുന്നു. ദേശീയ വിഭവം സാമ്രാജ്യത്വ മേധാവിത്വം വഹിക്കുന്ന രാജ്യത്തേക്ക് ഒഴുക്കിക്കൊടുത്ത് സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പ് നീട്ടിക്കൊടുക്കുന്നു. തദ്ദേശീയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും അവശ്യം ആവശ്യമായ വിവര സാങ്കേതിക ശാക്തീകരണം നിഷേധിക്കുകയും അവയ്‌ക്കുമേല്‍ ആഗോള കുത്തകകള്‍ക്ക് മേധാവിത്വം നേടിക്കൊടുക്കുകയും ചെയ്യുന്നു. മൊത്തത്തില്‍, ദേശീയ താല്‍പ്പര്യത്തിനുപരി സാമ്രാജ്യത്വ താല്‍പ്പര്യമാണിവിടെ സംരക്ഷിക്കപ്പെടുന്നത്. ഇക്കാര്യങ്ങളാലെല്ലാം സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം പരമപ്രധാനമാകുന്നു.

ഇവയെല്ലാം മൊത്തത്തില്‍, സാധാരണക്കാരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെടുകയും വന്‍ മൂലധന കുത്തകകളുടെ കൊള്ളലാഭം വര്‍ധിപ്പിച്ച് എല്ലാ സ്വാതന്ത്ര്യങ്ങളും അവര്‍ക്കും അവരുടെ സേവകരായ ഏതാനും ചില വിഭാഗങ്ങള്‍ക്കും മാത്രമായി ചുരുക്കപ്പെടുകയും ചെയ്യുന്നു. ഉപ്പും ചര്‍ക്കയും ആയുധമാക്കി നടത്തിയ ത്യാഗോജ്വലമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇന്ന് അസമമായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കയുമായുള്ള യുദ്ധോപകരണ ഇടപാടുകളും ആണവ വൈദ്യുത നിലയം വാങ്ങുന്ന പരിപാടിയും ഉപേക്ഷിക്കുകയും അസ്വാതന്ത്യം പേറുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ ബഹിഷ്‌കരിക്കുകയും വേണം. മേല്‍പ്പറഞ്ഞവയ്‌ക്കുപകരം, സമത്വത്തില്‍ അധിഷ്‌ഠിതമായ അന്താരാഷ്‌ട്ര കരാറുകളും ദേശീയ ആണവ ശാക്തീകരണവും പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ വിപുലീകരണവുമാണ് നടത്തേണ്ടത്. അതോടൊപ്പം പങ്കാളിത്തവും സഹകരണവും സാമൂഹ്യ ഉടമസ്ഥതയും സാധ്യമാക്കുന്ന സ്വതന്ത്ര സോഫ്‌റ്റ്‌വെയറും അവയുടെ ശൃംഖലാ സാധ്യതകളും പരമാവധി ഉപയോഗിച്ചും ഉപകരണങ്ങള്‍ക്കുള്ള ചെലവ് കുറച്ചും മാതൃഭാഷയില്‍ വിവരം കൈകാര്യംചെയ്‌തും സ്വന്തമായി വിവര സാങ്കേതികവിദ്യ പ്രയോഗിച്ചും വിവര ധനികരും സ്വാശ്രയരും ശക്തരും ആകുകയാണ് വേണ്ടത്. അതാകട്ടെ, ഈ സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം മുന്നോട്ടുവയ്‌ക്കുന്ന സന്ദേശം.

*****

ജോസഫ് തോമസ്

(സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം, കേരള സംഘാടക സമിതി കൺവീനറാണ് ലേഖകന്‍)

Sunday, April 11, 2010

അറിവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ രൂപംകൊണ്ട ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനം പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള സംഘടനാരൂപമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രസ്ഥാനം പുതിയ സ്വാതന്ത്ര്യപ്രഖ്യാപനമാണ് നടത്തിയത്. കേരളത്തില്‍ കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്ന വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യവേദിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന ജോസഫ് തോമസാണ് പുതിയ സംഘടനയുടെ പ്രസിഡന്റ്. ആന്ധ്രയില്‍നിന്നുള്ള കിരണ്‍ സെക്രട്ടറിയും.

ആഗോളവല്‍ക്കരണകാലം പുതിയ സമരരൂപങ്ങളെയും സംഘടനകളെയും ആവശ്യപ്പെടുന്ന കാലംകൂടിയാണ്. പഴയ രൂപങ്ങളുടെ കേവലമായ തനിയാവര്‍ത്തനങ്ങള്‍കൊണ്ട് മാത്രം ഇന്നിന്റെ പ്രശ്നങ്ങളെ നേരിടാന്‍ കഴിയില്ല. അടിസ്ഥാനസങ്കല്‍പ്പങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ടുതന്നെ പുതിയ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഈ കാലം അറിവിനു പുതിയ മാനങ്ങള്‍ വരുന്ന കാലം കൂടിയാണ്. അറിവ് മൂലധനമായി മാറുന്നു. അറിവിന്റെ നിയന്ത്രണമുള്ളവരുടെ കൈയിലാണ് സമ്പത്ത് കൂടുതലായി കുമിഞ്ഞുകൂടുന്നത്. അറിവിനെ വളച്ചുകെട്ടി സമ്പത്തിനെ വളച്ചുകെട്ടുകയെന്നത് ഈ കാലത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണ്. അറിവധിഷ്ഠിത സമ്പദ്ഘടനയാണ് ഇപ്പോഴത്തേതെന്ന് ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. അറിവിന്റെ നിന്ത്രണം കൈയടക്കുന്നതിനായി വലിയ സമരങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്.

കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ വിന്‍ഡോസ് തെളിഞ്ഞുവരുമ്പോള്‍ ബില്‍ഗേറ്റ്സ് ചിരിക്കുന്നുണ്ട്. അതില്‍നിന്നുള്ള വിഹിതം മൈക്രോസോഫ്റ്റിനു കൃത്യമായി ലഭിക്കുന്നുണ്ട്. അതുമാത്രമാണ് കാര്യമെങ്കില്‍ വേണമെങ്കില്‍ നമുക്ക് അവഗണിക്കാം. ഓരോ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാനും അതിനായി ഓപ്പറേറ്റിങ് സോഫ്റ്റ്വയര്‍ ആവശ്യമാണ്. വിന്‍ഡോസ് ഒരു ഓപ്പറേറ്റിങ് സോഫ്റ്റ് വെയറാണ്. നമ്മള്‍ ഒരു സാധനം വിലകൊടുത്തു വാങ്ങികഴിഞ്ഞാല്‍ അതു നമ്മളുടെ സ്വന്തമായി എന്നതാണ് ധാരണ. വാങ്ങിയ സാധാനത്തെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനും മാറ്റി തീര്‍ക്കാനും വാങ്ങുന്നയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവകാശവുമുണ്ട്. നമ്മള്‍ ഒരു ഷര്‍ട് വാങ്ങിയാല്‍ നമ്മുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അതു മാറ്റിതീര്‍ക്കാം. മുഴുകൈയന്‍ ഷര്‍ട് വാങ്ങിയയാള്‍ക്ക് അതു മുറിക്കൈ ആക്കി മാറ്റാന്‍ ആരുടെയും അനുവാദം കാത്തുനില്‍ക്കേണ്ടതില്ല. എന്നാല്‍, വിന്‍ഡോസ് വാങ്ങുന്നയാള്‍ക്ക് ഈ സ്വാതന്ത്ര്യമില്ല. അറിവിന്റെ കുത്തക മൈക്രോസോഫ്റ്റിന്റെ കൈയില്‍ തന്നെയാണ്.

ഇതിനെതിരായ സമരം ലോകത്ത് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഫിന്‍ലന്‍ഡുകാരനായ ലിനസ് ടോര്‍വാള്‍ഡ്സ് വികസിപ്പിച്ച ലിനക്സ് വലിയ മാറ്റമാണ് ഈ രംഗത്തുണ്ടാക്കിയത്. എംഐടിയില്‍ പ്രവര്‍ത്തിച്ചിരുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ലോകത്തിലെ സ്വതന്ത്ര സോഫറ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഗുരുവായാണ് അറിയപ്പെടുന്നത്. ഫ്രീ സോഫ്റ്റ് വെയര്‍ എന്നു കേള്‍ക്കുമ്പോള്‍ നല്ലൊരു വിഭാഗവും സൌജന്യമായ സംഗതി എന്ന അര്‍ഥത്തിലാണ് കാണുന്നത്. ഫ്രീഡത്തില്‍നിന്നാണ് ഈ ഫ്രീ വരുന്നത്. സ്വാതന്ത്ര്യമാണ് അതു പ്രതിനിധീകരിക്കുന്നത്. പകര്‍ത്തുന്നതിനും കൈമാറുന്നതിനും വകസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നവര്‍ക്ക് അത് സ്വാതന്ത്ര്യം നല്‍കുന്നു. തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കാന്‍ ലഭിച്ച ഈ സ്വാതന്ത്ര്യത്തെ ലോകം കൈയും നീട്ടി സ്വീകരിച്ചു. ചൈനയടക്കമുള്ള പല രാജ്യങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് നേരത്തെ മാറി. എന്നാല്‍, കുത്തകയുടെ താല്‍പര്യം സംരക്ഷിക്കുന്നവര്‍ ഇതിനെതിരായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.

ജനറല്‍ പബ്ളിക്ക് ലൈസന്‍സിങ്, കോപ്പി ലെഫ്റ്റ് എന്നിവയെല്ലാം ഈ സംവിധാനം രൂപം കൊണ്ടതിനുശേഷം വന്ന പദങ്ങളാണ്. പകര്‍പ്പവകാശമാണ് കോപ്പി റൈറ്റെങ്കില്‍ അതിനെ ഉപേക്ഷിക്കലാണ് കോപ്പി ലെഫ്റ്റ്. പൊതുവായ ആവശ്യങ്ങള്‍ക്കായി കൈമാറുന്നതിനും പകര്‍ത്തുന്നതിനും വിലകൊടുത്ത് വാങ്ങുന്നവര്‍ക്ക് അവകാശം ഉറപ്പുനല്‍കുന്നു.

മുംബൈയില്‍ ലോക സോഷ്യല്‍ ഫോറം നടന്നപ്പോള്‍ സ്റ്റാള്‍മാനും ദീര്‍ഘമായി സംസാരിക്കുന്നതിനു അവസരം ലഭിച്ചിരുന്നു. അറിവിനെയും അതിന്റെ പ്രയോഗത്തെയും സംബന്ധിച്ച് ജനാധിപത്യപരമായ കാഴ്ചപ്പാടുകളാണ് അദ്ദേഹം പങ്കുവെച്ചത്. കേരളത്തിലും ഇന്ത്യയിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളുള്ള പലരും കുറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇതിനെ അടിസ്ഥാനപ്പെടുത്തിയ പ്രയോഗങ്ങളും വിജയകരമായി നടക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡ് ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഐടി അറ്റ് സ്കൂള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സംരംഭമാണ്. പ്രൊഫഷണല്‍ കോഴ്സുകളുടെ കൌണ്‍സലിങ്ങും പ്ളസ് ടുവിന്റെ കേന്ദ്രീകൃത പ്രവേശനത്തിനും ഉപയോഗിച്ചത് സ്വതന്ത്ര സോഫ്റ്റ്വെയറാണ്.

ഈ വര്‍ഷത്തെ ഐഐഎം പ്രവേശന പരീക്ഷാനടത്തിപ്പ് വലിയ വിവാദമായിരുന്നല്ലോ. സ്വയം നടത്താന്‍ ധൈര്യം കാണിക്കാതെ അമേരിക്കയിലെ കുത്തക കമ്പനിയെയാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല ഏല്‍പ്പിച്ചത്. വൈറസിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാതെ പലയിടങ്ങളിലും കുട്ടികള്‍ക്ക് ഓണ്‍ ലൈനില്‍ കയറാന്‍ പോലും കഴിഞ്ഞില്ല.

ഇതു സംബന്ധിച്ച് ഹിന്ദു പത്രത്തില്‍ ആനന്ദ് പാര്‍ഥസാരഥി എഴുതിയ ലേഖനത്തില്‍ കേരളത്തിലെ പരീക്ഷാനടത്തിപ്പിനെ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഉടമസ്ഥാവകാശമുള്ള സോഫ്റ്റ് വെയറുകള്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ചെലവുകള്‍ താങ്ങാന്‍ കഴിയാത്തവിധം വര്‍ധിക്കുകയും ചെയ്യും.

പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ഒത്തുചേര്‍ന്ന് പുതിയ കൂട്ടായ്മയെക്കുറിച്ച് ചിന്തിച്ചത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. നേരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ചില അന്താരാഷ്ട്ര സെമിനാറുകള്‍ സംഘടിപ്പിക്കുന്നതു മാത്രം പ്രവര്‍ത്തനമായി കണ്ടിരുന്നവര്‍ക്ക് ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. കൊച്ചി സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യ ഒത്തുചേരല്‍ ജനകീയ മുന്നേറ്റമായി ഈ പ്രവര്‍ത്തനത്തെ മാറ്റി. ഇപ്പോള്‍ ബംഗളൂരുവിലെ സമ്മേളനത്തില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. കേരളത്തില്‍ നിന്നും പ്രതിനിധികളായി 75 പേര്‍ പങ്കെടുത്തു.

അഖിലേന്ത്യാതലത്തില്‍ സംഘടന രൂപം കൊണ്ടത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. സാങ്കേതിക മേഖലയില്‍ ആവശ്യമായ സഹായം നല്‍കുന്നതിനും ഈ സംവിധാനത്തിനു കഴിയേണ്ടതുണ്ട്. അറിവിന്റെ മേഖലയിലെ പുതിയ സമരരൂപങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഈ കൂട്ടായ്മക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

Tuesday, November 17, 2009

അന്തക വിത്തുകളുടെ അര്‍ഥശാസ്ത്രം

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക ഗവേഷണ ശൃംഖലയായ കണ്‍സള്‍ടേറ്റീവ് ഗ്രൂപ്പ് ഓണ്‍ ഇന്റര്‍ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (സി ജി ഐ എ ആര്‍) ടെര്‍മിനേറ്റര്‍ ജീന്‍-അന്തകവിത്തുകള്‍ നിരോധിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക്മുമ്പു തന്നെ ആവശ്യപ്പെട്ടതാണ്. അത്യുല്പാദന ശേഷിയുള്ള വിത്തുകളുടെ പ്രചാരണത്തിന്റെ മറവില്‍ അത്യന്തം ഗുരുതരമായ ജനിതക പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കാവുന്ന ടെര്‍മിനേറ്റര്‍ ജീനുകളുടെ വ്യാപനത്തെക്കുറിച്ച് ഡോ. എം എസ് സ്വാമിനാഥനെപ്പോലുള്ള കാര്‍ഷിക ശാസ്ത്രജ്ഞര്‍ നിരന്തരമായി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുമുണ്ട്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം പരീക്ഷണഘട്ടത്തില്‍ത്തന്നെ വന്‍ എതിര്‍പ്പുകള്‍ക്ക് വിധേയമായ ബി ടി ഭക്ഷ്യവിളകള്‍ അവിടങ്ങളില്‍ നിരോധിക്കപ്പെട്ടിരിക്കയാണ്. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ക്കെതിരെ നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞരും ജനകീയ ആരോഗ്യപ്രവര്‍ത്തകരും വര്‍ഷങ്ങളായി പ്രചാരണപ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കയാണ്.

അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളായ കാര്‍ഗിലും മൊണ്‍സാന്റോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ജനിതക വിത്തുകള്‍ പരീക്ഷിച്ച കര്‍ണാടകയിലും ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലെ വിദര്‍ഭയിലും എല്ലാം അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. ജനിതകപരുത്തി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത വാറംഗലിലെയും വിദര്‍ഭയിലെയും കൃഷിക്കാര്‍ക്ക് ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടിവന്നു. ടെര്‍മിനേറ്റര്‍ ജീനുകളോടൊപ്പം ചേര്‍ന്നിരിക്കുന്ന വിളകളെയും കീടങ്ങളെയും നേരിടാന്‍ കീടനാശിനികള്‍ അമിതമായി ഉപയോഗിക്കേണ്ടിവന്ന സ്ഥലങ്ങളിലെ മനുഷ്യരും കന്നുകാലികളും മറ്റ് ജീവജാലങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്.

ഇതൊന്നും പരിഹരിക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ജനിതക എന്‍ജിനീയറിങ് അംഗീകാര സമിതി (GEAC) ബി ടി വഴുതിനങ്ങ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ അനുമതി നല്‍കിയത്. ജി ഇ എ സി യുടെ ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ജനകീയ ആരോഗ്യ പ്രവര്‍ത്തകരും രംഗത്തുവന്നതോടെ താല്‍ക്കാലികമായി ഈ തീരുമാനം നടപ്പാക്കേണ്ടെന്ന് വെച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ബി ടി രംഗത്തെ വന്‍കിട കോര്‍പറേറ്റുകളുടെ പിന്‍വാതില്‍ സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുമ്പില്‍ അധികകാലമൊന്നും യു പി എ സര്‍ക്കാര്‍ പിടിച്ചുനില്ക്കുമെന്ന് തോന്നുന്നില്ല. ബി ടി വഴുതിനങ്ങ കൃഷിക്ക് അനുമതി നല്‍കാന്‍ തന്നെയാണ് സാധ്യത.

2005 ല്‍ മന്‍മോഹന്‍സിങ്ങിന്റെ വാഷിങ്ടണ്‍ പര്യടനവേളയില്‍ ഒപ്പുവച്ച തന്ത്രപരമായ ബന്ധം ഉറപ്പുവരുത്തുന്ന കരാറുകളില്‍ പ്രധാനമാണ് കാര്‍ഷിക വിജ്ഞാന വിനിമയത്തിനുള്ള ഉടമ്പടി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കാര്‍ഷിക വിജ്ഞാന സമിതിയില്‍ അമേരിക്കയെ പ്രതിനിധീകരിച്ചത് മൊണ്‍സാന്റോ കമ്പനിയായിരുന്നു. അന്നുതന്നെ മൊണ്‍സാന്റോപോലുള്ള അമേരിക്കന്‍ അഗ്രി ബിസിനസ് കമ്പനികളുടെ താല്പര്യങ്ങളാണ് സമിതിയുടെ ശുപാര്‍ശകളില്‍ ഒളിഞ്ഞിരിക്കുന്നതെന്ന വിമര്‍ശനം ഇടതുപക്ഷ പാര്‍ടികള്‍ ഉന്നയിച്ചതാണ്. യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന കാലത്തുതന്നെ ജിഇഎസി ബി ടി വഴുതിനങ്ങക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലം കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുകയായിരുന്നല്ലോ. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് യുപിഎ സര്‍ക്കാര്‍ 2006 ല്‍ ബി ടി വഴുതിനങ്ങയുടെ പരീക്ഷണകൃഷിക്ക് അനുമതി നല്‍കിയത്. അന്ന് ആരംഭിച്ച പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

ലോകത്തിലെതന്നെ ജനിതക ഭക്ഷ്യവിള വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുവാദം നല്‍കുന്ന ആദ്യ കാര്‍ഷിക രാജ്യമാകുവാന്‍ പോവുകയാണ് ഇന്ത്യ. ബി ടി വഴുതിനങ്ങകൃഷിയിലൂടെ നമ്മുടെ രാജ്യത്തെ ലോകത്തിലെ ആദ്യത്തെ ജി എം പച്ചക്കറി ഉല്പാദിപ്പിക്കുന്ന രാജ്യമാക്കി മാറ്റിയെന്ന് യുപിഎ സര്‍ക്കാരിന് അവകാശപ്പെടാം, അഭിമാനിക്കാം. യഥാര്‍ഥത്തില്‍ കോര്‍പറേറ്റ് മൂലധനത്തിന്റെ മനുഷ്യത്വരഹിതമായ ചൂഷണ താല്പര്യങ്ങള്‍ക്ക് മണ്ണൊരുക്കുന്നവര്‍ ബി ടി കൃഷിയിലൂടെ രാജ്യത്തെ കാര്‍ഷിക മേഖലയെ ചാവുനിലമാക്കുകയാണ്. ബി ടി വിത്തുകളുടെ ഉപയോഗം ഉളവാക്കാന്‍ പോകുന്ന നാനാവിധമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച ജനങ്ങളുടെ അജ്ഞതക്കു മുകളിലാണ് മൊണ്‍സാന്റോ അടക്കമുള്ള അമേരിക്കന്‍ അഗ്രി ബിസിനസ് കമ്പനികള്‍ നിക്ഷേപം നടത്തുന്നത്. ജനജീവിതത്തെ കഠിനമായി ബാധിക്കുന്ന പ്രശ്നങ്ങളെയും ഭരണ നയങ്ങളെയും വിവാദങ്ങള്‍ പൊലിപ്പിച്ച് സമര്‍ഥമായി മറച്ചുപിടിക്കുന്ന മാധ്യമങ്ങള്‍ ബി ടി വഴുതിനങ്ങ ഉല്പാദനം ഇന്ത്യന്‍ ഭക്ഷ്യകൃഷിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് മൌനം പാലിക്കുന്നു. ശാസ്ത്രത്തിന്റെ നൂതനമായ മാര്‍ഗങ്ങളുപയോഗിച്ച് ഭക്ഷണവും തൊഴിലും സൃഷ്ടിക്കാനുള്ള നീക്കങ്ങളെ തടസ്സപ്പെടുത്തുകയാണ് ബി ടി വിത്തിനെ എതിര്‍ക്കുന്നവരെന്ന് അദ്വാനി മുതല്‍ കേന്ദ്രമന്ത്രി ജയറാം രമേശ് വരെയുള്ളവര്‍ രോഷം കൊള്ളുന്നത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും.

ജനിതക വിത്തുകള്‍ക്ക് പ്രതിരോധശേഷി കൂടുതലാണെന്നും അതുകൊണ്ട് ഉല്പാദന വര്‍ധനവ് ഉറപ്പാണെന്നുമാണ് ബി ടി കമ്പനികളുടെയും അവരുടെ ഏജന്റുമാരായ ഭരണാധികാരികളുടെയും അവകാശവാദം. കര്‍ഷകന്റെ വിത്തവകാശങ്ങളെപ്പോലും കവര്‍ന്നെടുക്കുന്ന ബി ടി കമ്പനികള്‍ കാര്‍ഷികോല്പാദന വ്യവസ്ഥക്ക് മുകളില്‍ കോര്‍പറേറ്റ് ആധിപത്യമാണ് ലക്ഷ്യമിടുന്നത്. അല്ലാതെ കര്‍ഷകന്റെ നന്മയും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയുമല്ല. ഈയൊരു വസ്തുതയെ കാണാതെ ശാസ്ത്രത്തിന്റെ നേട്ടങ്ങളെ മനുഷ്യ പുരോഗതിക്ക് ഉപയോഗിക്കുന്നതിലെന്താണ് തെറ്റെന്ന് ചോദിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ജനിതക സാങ്കേതിക വിദ്യയിലൂടെ രൂപപ്പെട്ട ഭക്ഷ്യവിളകൃഷിവഴി മനുഷ്യസമൂഹത്തിന്റെ നൈസര്‍ഗികാടിസ്ഥാനങ്ങളെയും ജീവനെത്തന്നെയും തങ്ങളുടെ മൂലധനാധിപത്യത്തിന്‍കീഴില്‍ കൊണ്ടുവരാനാണ് ബഹുരാഷ്ട്ര കുത്തകകള്‍ ലക്ഷ്യംവെക്കുന്നത്. മൊണ്‍സാന്റോ, കാര്‍ഗില്‍ ഇന്‍ കോര്‍പറേറ്റഡ്, നോവാര്‍ടീസ്, അഡ്രോഇവോ, ഡ്യുപോണ്ട്, സെനെക്ക, ഡോ തുടങ്ങിയ കുത്തകകളുടെ മേധാവിത്വത്തിലേക്ക് ലോക ഭക്ഷ്യഉല്പാദനത്തെത്തന്നെ എത്തിക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് നടക്കുന്നത്. ജനിതക സാങ്കേതികവിദ്യയും ലോകവ്യാപാര സംഘടനയുടെ ബൌദ്ധിക സ്വത്തവകാശ വ്യവസ്ഥകളും പേറ്റന്റ് നിയമങ്ങളുമെല്ലാം ഇതിനായി രൂപപ്പെടുത്തപ്പെട്ടതാണ്.

ജനിതക ടെക്നോളജിയോടുള്ള സമീപനം

നവലിബറല്‍ മുതലാളിത്തവും അതിന്റെ വികസന നയവും നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വേണം ജനിതക സാങ്കേതികവിദ്യയെ ഉപയോഗിച്ചുള്ള കൃഷിയെയും അത് സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെയും വിശകലനം ചെയ്യാന്‍. ശാസ്ത്രത്തിന്റെ നേട്ടവും കോട്ടവും വിലയിരുത്തി മനുഷ്യസമൂഹത്തിന്റെ പൊതുനന്മക്കും പുരോഗതിക്കും ഉപയുക്തമാക്കുക എന്നതാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാന സമീപനം. ശാസ്ത്ര സാങ്കേതിക വികസനത്തെയും ഉല്പാദന ശക്തികളെയും പരമാവധി തടസ്സപ്പെടുത്തുന്ന കുത്തകാധിപത്യത്തിന്റെ ഘട്ടമാണ് സാമ്രാജ്യത്വമെന്ന് ലെനിന്‍ വിശദമാക്കുന്നുണ്ട്. സാമ്രാജ്യത്വ വ്യവസ്ഥയുടെ കൂടുതല്‍ തീക്ഷ്ണമായ ആഗോളവല്‍ക്കരണ ഘട്ടമെന്നത് ശാസ്ത്ര സാങ്കേതിക പുരോഗതിയുമായി ബന്ധപ്പെട്ട സംഹാരാത്മകമായ ചൂഷണത്തിന്റെയും ജീര്‍ണതയുടെതുംകൂടിയാണ്. സ്വതന്ത്ര മത്സരത്തിന്റെ ആദ്യഘട്ടങ്ങളില്‍ (അധിക ലാഭത്തിനുവേണ്ടിയുള്ള അന്വേഷണത്തിനിടയില്‍) ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ടുപിടുത്തങ്ങളെ ഉപയോഗപ്പെടുത്തി ഉല്പാദനച്ചെലവ് കുറയ്ക്കാന്‍ മുതലാളിത്ത ശക്തികള്‍ നിരന്തരം ശ്രമിച്ചിരുന്നു. സ്വതന്ത്ര വ്യാപാരത്തിന്റെയും കുത്തകാധിപത്യത്തിന്റെയും സാധ്യതകളെ ഉപയോഗിച്ച് അധിക ലാഭമാര്‍ജിക്കുവാനുള്ള സാഹചര്യം നിലനിര്‍ത്താന്‍ സാമ്രാജ്യത്വത്തിന് ഇന്ന് കഴിയുന്നുണ്ട്. ഉല്പന്നങ്ങള്‍ക്ക് കുത്തകവില നിര്‍ണയിക്കാനും നിലനിര്‍ത്താനും പ്രാപ്തമായ അന്താരാഷ്ട്ര സംവിധാനങ്ങളെത്തന്നെ സാമ്രാജ്യത്വം രൂപപ്പെടുത്തിയിട്ടുണ്ട്. വിഭവങ്ങള്‍ക്കും വിപണിക്കും അന്താരാഷ്ട്ര വാണിജ്യ മാര്‍ഗങ്ങള്‍ക്കും മുകളില്‍ സൈനികവും രാഷ്ട്രീയവുമായ സാധ്യതകളെ ഉപയോഗപ്പെടുത്തി ആധിപത്യം നിലനിര്‍ത്താനും ഇന്ന് സാമ്രാജ്യത്വ ശക്തികള്‍ക്ക് കഴിയുന്നുണ്ട്. സാമ്രാജ്യത്വ പ്രതിസന്ധി തീവ്രമാകുന്നതിന്റെ പ്രത്യക്ഷാനുപാതത്തില്‍തന്നെ ഈ അധിനിവേശ പ്രവണതകളും ജീര്‍ണതകളും തീവ്രഗതിയാര്‍ജിക്കുന്നതാണ് നാം കാണുന്നത്.

ശാസ്ത്ര സാങ്കേതിക വിപ്ളവം മനുഷ്യവംശത്തിനു മുമ്പില്‍ അനന്തമായ സാധ്യതകളാണ് തുറന്നുതന്നിരിക്കുന്നത്. പ്രകൃതിയെ പുനര്‍നിര്‍മിക്കാനും മനുഷ്യജീവിതം മെച്ചപ്പെടുത്താനാവശ്യമായ ഭൌതിക സമ്പത്ത് ഉല്പാദിപ്പിക്കാനും പ്രാപ്തമായ ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങളാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മനുഷ്യരുടെ സര്‍ഗസാധ്യതകളെ വികസ്വരമാക്കുവാനും സര്‍വതോമുഖമായ പുരോഗതിയും പൊതുക്ഷേമവും ഉറപ്പുവരുത്തുവാനുമൊക്കെ കഴിയുന്ന അഭൂതപൂര്‍വമായ സാധ്യതകളാണ് രൂപപ്പെട്ടിരിക്കുന്നത്.

മനുഷ്യ പുരോഗതിക്ക് ഉപയോഗപ്പെടേണ്ട ഈ ശാസ്ത്ര സാങ്കേതിക വികാസത്തെ ബഹുരാഷ്ട്ര കുത്തക ഉപയോഗപ്പെടുത്തുന്നത് തങ്ങളുടെ ചൂഷണം ആഴത്തിലാക്കാനും ലാഭം വര്‍ധിപ്പിക്കാനുമാണ്. പരിസ്ഥിതിയുടെ നൈസര്‍ഗികാടിസ്ഥാനങ്ങളെത്തന്നെ അപകടപ്പെടുത്തുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും മര്‍ദിത രാജ്യങ്ങളെയും സമര്‍ഥമായി ചൂഷണം ചെയ്യുവാനുമാണ് സാമ്രാജ്യത്വമിന്ന് ശാസ്ത്രനേട്ടങ്ങളെ ഉപയോഗപ്പെടുത്തുന്നത്. മുതലാളിത്തത്തിന്റെ ലാഭം ലക്ഷ്യംവച്ചുള്ള വികസന നയങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉല്പാദനശക്തികളുടെ വളര്‍ച്ചയെയും ഉല്പാദന ബന്ധങ്ങളുടെ പുനഃസംഘാടനത്തെയും ലക്ഷ്യംവയ്ക്കുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയുമെല്ലാം മുതലാളിത്തത്തിന്റെ ലാഭചോദനയില്‍നിന്നു മാനവികതയുടെ സമഗ്ര പുരോഗതിക്കാവശ്യമായ രീതിയില്‍ പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് മാര്‍ക്സിസത്തിന്റെ സമീപനം. ആഗോളമൂലധന ക്രമത്തിന്റെ ലാഭാര്‍ത്തമായ ചൂഷണ താല്പര്യങ്ങള്‍ മനുഷ്യനും പ്രകൃതിക്കുമേല്പ്പിക്കുന്ന ദുരന്തങ്ങള്‍ ശാസ്ത്രത്തിന്റെ നേട്ടങ്ങളെ വകതിരിവില്ലാതെ ഉപയോഗിക്കുന്നതുകൊണ്ടുകൂടിയാണെന്ന് മാര്‍ക്സിസ്റ്റുകാരും പുരോഗമനകാരികളും തിരിച്ചറിയുന്നുണ്ട്.

ദുരമൂത്ത ലാഭതാല്പര്യങ്ങളാല്‍ പ്രചോദിതമാവുന്ന നവലിബറല്‍ മൂലധനശക്തികള്‍ ലോകത്തെ ഭൌമതാപനത്തിലും അതിരൂക്ഷമായ പാരിസ്ഥിതിക തകര്‍ച്ചയിലുമാണെത്തിച്ചിരിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും നല്‍കുന്ന സാധ്യതകളേക്കാള്‍ എത്രയോ പിറകിലാണ് ഉല്പാദനശക്തികളുടെ വികാസവും സാമൂഹ്യവികാസവുമെന്നതാണ് യാഥാര്‍ഥ്യം. ഇതിനുകാരണം സാമ്രാജ്യത്വ വ്യവസ്ഥ തങ്ങളുടെ മൂലധനാധിപത്യതാല്പര്യങ്ങള്‍ക്കനുസരണമായി രൂപപ്പെടുത്തിയ ബൌദ്ധികസ്വത്തവകാശ വ്യവസ്ഥകളാണ്. ലോകത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള പേറ്റന്റുകളുടെ 10 ശതമാനം മാത്രമേ വ്യാവസായികമായി ഉപയോഗപ്പെടുത്തുന്നുള്ളു. വിജ്ഞാനത്തിന്റെയും വിവരണങ്ങളുടെയും വളര്‍ച്ചക്കും വ്യാപനത്തിനും തടസ്സം സൃഷ്ടിക്കുന്ന പേറ്റന്റ് വ്യവസ്ഥകളാണ് മുന്നോട്ടുവെക്കപ്പെട്ടിട്ടുള്ളത്. ഗവേഷണവും വികസനവുമെല്ലാം ബഹുരാഷ്ട്രകുത്തകകളുടെ വാണിജ്യ താല്പര്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നു.

ശാസ്ത്രത്തിന്റെ 'ആത്യന്തികമണ്ഡല'മായിട്ടാണ് പലരും ജനിതക സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്. ജനിതക സാങ്കേതികവിദ്യയുടെയും ജനിതക എന്‍ജിനീയറിങ്ങിന്റെയും രംഗത്തെ സമീപകാല വികാസവും ആഗോള സാമ്രാജ്യത്വ വ്യവസ്ഥയുടെ വാണിജ്യ താല്പര്യങ്ങളും വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയുന്നതാണ്. ഈ മേഖലയില്‍ മറ്റുള്ളവരെക്കാള്‍ കഴിവും മുന്‍തൂക്കവുമുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ കര്‍ക്കശമായ പേറ്റന്റ് സംരക്ഷണ നിയമങ്ങളിലൂടെ കുത്തക നേടിയിരിക്കുകയാണ്.

ബി ടി, പേറ്റന്റ്, സാമ്രാജ്യത്വക്കൊള്ള

ലോകത്തിലെ തന്നെ ആദ്യത്തെ ബി ടി ഭക്ഷ്യവിളക്കൃഷിക്കാണ് യുപിഎ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നേരത്തെ ബി ടി പരുത്തിക്കൃഷിക്ക് അനുമതി നല്‍കിയതാണ്. അതിന്റെ ദുരന്തങ്ങള്‍ വിദര്‍ഭയിലെയും വാറംഗലിലെയും കൃഷിക്കാര്‍ ജീവിച്ച് തീര്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ജനിതക എന്‍ജിനീയറിങ്ങിലൂടെ സൃഷ്ടിച്ചെടുത്ത കാപ്പി, കുരുമുളക്, കോളിഫ്ളവര്‍, കാബേജ്, മത്തന്‍, തണ്ണിമത്തന്‍, പയര്‍ തുടങ്ങിയ ഭക്ഷ്യവിളകള്‍ക്കെല്ലാം അനുമതി നല്‍കാനുള്ള നീക്കമാണ് അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ബയോടെക്നോളജി രംഗത്തെ ബഹുരാഷ്ട്ര കുത്തകകളാണ് ഈ വിത്തുകളുടെയും പേറ്റന്റ് എടുത്തിരിക്കുന്നത്. മൊണ്‍സാന്റോ, ഡി എന്‍ എ പ്ളാന്റ്ടെക്, കാര്‍ഗില്‍, പയനീര്‍ ഹൈ-ബ്രൊഡ്, മൈക്കോജന്‍, ഐസിഐ, സീബാഗീഗി, സ്യുപോണ്ട്, റോക്ക് ഫെല്ലര്‍ യൂണിവ്, അട്രാസൈറ്റസ്, അഗ്രികള്‍ച്ചര്‍ ജനറ്റിക്സ്, അമോക്കോ, മിച്ചിഗണ്‍ സ്റ്റേറ്റ് യൂണീവ്, ലുബിന്‍സോന്‍ എന്നീ പതിനാല് കുത്തകകള്‍ WTO രൂപംകൊണ്ട (1995) വര്‍ഷംവരെയുള്ള കണക്കനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പേറ്റന്റുകളുടെ 79 ശതമാനവും കൈയടക്കിക്കഴിഞ്ഞിരുന്നു. ഇതില്‍ ഭൂരിഭാഗവും അമേരിക്കന്‍ കമ്പനികളാണ്. പതിനായിരക്കണക്കിന് പുതിയ പേറ്റന്റുകള്‍ക്കാണ് ഈ കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ ഭക്ഷ്യവിളകളുടെയും മറ്റു കാര്‍ഷികവിളകളുടെയും മേഖലയില്‍ സമ്പൂര്‍ണമായ കുത്തകാധിപത്യം തന്നെയാണ് ഈ അഗ്രി ബിസിനസ് കമ്പനികള്‍ നേടുന്നത്.

എസ്കാ ജെനറ്റിക് എന്ന അമേരിക്കന്‍ ബയോടെക്നോളജി രംഗത്തെ ഭീമന്‍കമ്പനി ജനറ്റിക്കല്‍ എന്‍ജിനീയറിങ്ങിലൂടെ സൃഷ്ടിച്ചെടുത്ത എല്ലാവിധ കാപ്പി ഇനങ്ങളുടെയുംമേല്‍ പേറ്റന്റ് എടുത്തിരിക്കുകയാണ്. അമേരിക്കയിലെ ഡിഎന്‍എ പ്ളാന്റ് ടെക്നോളജി ജനിതക മാറ്റം വരുത്തിയ എല്ലാ കുരുമുളക് ചെടികളുടെയും പേറ്റന്റ് എടുത്തുകഴിഞ്ഞു. കാര്‍ഗില്‍ ഇന്‍ കോര്‍പറേറ്റ് എന്ന അമേരിക്കന്‍ കമ്പനി ബ്രസീക്ക കുടുംബത്തില്‍പ്പെട്ട കാബേജ്, കോളിഫ്ളവര്‍, കടുക് തുടങ്ങിയ എല്ലാ ചെടികളുടെയും പേറ്റന്റ് എടുത്തതായി അവകാശപ്പെടുന്നു.

ലോകത്തിലെ കാപ്പി ജെംപ്ളാസത്തിന്റെ അമൂല്യമായ കലവറയായിട്ടാണ് ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യ അറിയപ്പെടുന്നത്. കാപ്പി ഇനങ്ങളിലുള്ള എല്ലാ ജെനറ്റിക് എന്‍ജിനീയറിങ്ങിലൂടെ രൂപപ്പെടുത്തിയ ഇനങ്ങള്‍ക്കും തങ്ങള്‍ പേറ്റന്റ് എടുത്തുകഴിഞ്ഞുവെന്ന് എസ്കാ ജെനറ്റിക്സ് അവകാശപ്പെടുന്നതിന്റെ അര്‍ഥമെന്താണ്. എത്യോപ്യന്‍ ജനതയ്ക്ക് (കാപ്പി കര്‍ഷകര്‍ക്ക്) ഇനി തങ്ങളുടെ ഏതെങ്കിലും കാപ്പിയുടെ ജെംപ്ളാസം ഉപയോഗിച്ച് പുതിയ എന്തെങ്കിലും കാപ്പിഇനം ഉണ്ടാക്കുവാനോ കയറ്റി അയക്കാനോ അധികാരമില്ല. WTO വില്‍ അംഗമായിരിക്കുന്ന ഒരു രാജ്യത്തേയ്ക്കും എത്യോപ്യക്ക് കാപ്പി ഉല്പന്നങ്ങള്‍ കയറ്റി അയക്കാനുള്ള അധികാരമോ സ്വാതന്ത്യ്രമോ ഇല്ല. ഈ കമ്പനിക്ക് വിലകൊടുത്തേ ഏതുതരം കാപ്പിയും എത്യോപ്യക്കാര്‍ക്ക് ഉല്പാദിപ്പിക്കാന്‍ അവകാശമുള്ളൂ.

മറ്റൊരു ജീവവസ്തുവിന്റെ ഡിഎന്‍എ ഉപയോഗിച്ച് ജെനറ്റിക്കല്‍ എന്‍ജിനീയറിങ്ങിലൂടെ സൃഷ്ടിക്കുന്ന ചെടികളെ ട്രാന്‍സ്ജെനിക് ചെടികളെന്നണ് പറയുന്നത്. ഇത്തരമൊന്നും ഇനി എത്യോപ്യക്കോ മറ്റെതെങ്കിലും രാജ്യത്തിനോ ഉപയോഗിക്കാനാവില്ല. 1985 ലാണ് അമേരിക്കന്‍ പേറ്റന്റ് ട്രേഡ്മാര്‍ക്ക് ഓഫീസ് (PTO) ചെടിയിനങ്ങള്‍ക്ക് പേറ്റന്റ് നല്‍കിത്തുടങ്ങിയത്. 1980 ലെ അമേരിക്കന്‍ സുപ്രീംകോടതിയുടെ ഒരു വിധിയെ തുടര്‍ന്നാണ് ചെടിയിനത്തിന് വ്യവസായപേറ്റന്റ് നല്‍കാന്‍ തീരുമാനിച്ചത്. ഒരു കംപ്യൂട്ടര്‍ ചിപ്പോ പ്രത്യേക മോഡലിലുള്ള ഫാനോപോലെ സൂക്ഷ്മ ജീവികളെയും വ്യാവസായിക കണ്ടുപിടുത്തംപോലെ പേറ്റന്റ് ചെയ്യാമെന്നായി.

വലിയ പ്രതിസന്ധി നേരിടുന്ന മുതലാളിത്ത രാജ്യങ്ങളിലെ ബയോടെക്നോളജി വ്യവസായത്തിന് ജീവനുള്ള വസ്തുകള്‍ക്കുമേല്‍ നിയമപരമായ മാര്‍ഗത്തിലൂടെ പേറ്റന്റ് നേടാന്‍ അവകാശം നല്‍കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതോടെ സൂക്ഷ്മജീവികളും ചെടികളും മൃഗങ്ങളും മനുഷ്യ ജനിതക ഘടകങ്ങളുടെല്ലാം പേറ്റന്റ് ചെയ്യപ്പെടുന്ന അവസ്ഥയായി. സര്‍വ ജീവരൂപങ്ങളും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നിയമപരമായ മാര്‍ഗങ്ങളിലൂടെ കൈയടക്കാനാവുന്ന സാഹചര്യമാണ് WTO വിന്റെ ബൌദ്ധികസ്വത്തവകാശ വ്യവസ്ഥകള്‍വഴി രൂപപ്പെട്ടിരിക്കുന്നത്.

ബി ടി വഴിയുള്ള കുത്തകാധിപത്യം

ഇന്ത്യയുടെ ജൈവവൈവിധ്യ മേഖലയില്‍ ബയോടെക്നോളജി ഉപയോഗിച്ചുള്ള ഉല്പന്ന പേറ്റന്റുകളിലൂടെ കടന്നുകയറാനാണ് ബഹുരാഷ്ട്ര കുത്തകകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മൊണ്‍സാന്റോയും കാര്‍ഗിലുമെല്ലാം ഇന്ത്യയിലെ ഭക്ഷ്യവിളകള്‍ക്കും കാര്‍ഷിക വിളകള്‍ക്കുംമേല്‍ കുത്തക സ്ഥാപിക്കാനാണ് ബി ടി വിത്തുകള്‍വഴി സാഹചര്യമൊരുക്കുന്നത്. വിത്തുകള്‍, സസ്യാംശങ്ങള്‍, പ്രകൃതിജന്യവും അല്ലാത്തതുമായ സൂക്ഷ്മജീവികള്‍ എന്നിവയ്ക്കെല്ലാം വിപണനാവകാശ കുത്തക നല്‍കുക എന്നതായിരുന്നു ലോകവാണിജ്യ സംഘടനയുടെ TRIPS വ്യവസ്ഥകളുടെ ലക്ഷ്യം. പ്രകൃതിജന്യമായ ജീവല്‍ ഘടകങ്ങളെ കൂട്ടിയോജിപ്പിക്കുകയോ വേര്‍പെടുത്തി മറ്റൊന്നുമായി സംയോജിപ്പിക്കുകയോ ആണ് ജനിതക എന്‍ജിനീയറിങ്ങിലൂടെ ചെയ്യുന്നത്. മനുഷ്യകോശങ്ങള്‍, പ്രോട്ടീനുകള്‍, ജീനുകള്‍ എന്നിവയ്ക്കൊക്കെ പേറ്റന്റ് എടുക്കാമെന്നായിരിക്കുന്നു. അര്‍ബുദത്തെ അതിജീവിക്കാന്‍ ശേഷിയുള്ള പനാമയിലെ ആദിവാസി സ്ത്രീയുടെ കോശസരണി (Cell line) യുടെ പേറ്റന്റ്അമേരിക്കല്‍ വാണിജ്യ വകുപ്പ് എടുത്തുകഴിഞ്ഞുവെന്നത് നവലിബറല്‍ മുതലാളിത്തം എന്തുമാത്രം ഭീകരമാണെന്നാണ് കാണിക്കുന്നത്. ജോണ്‍കൂര്‍ എന്ന ഒരു അര്‍ബുദ രോഗിയുടെ കോശസരണി അയാളറിയാതെ ലോസ് ആഞ്ചലോസ് സര്‍വകാലശാലയിലെ മെഡിക്കല്‍ വിഭാഗം പേറ്റന്റ് എടുത്തത് വലിയ വിവാദമായതാണ്. ഈ അവകാശം ഒരു മരുന്നുകമ്പനിക്ക് കൈമാറുകയാണല്ലോ ഡോക്ടര്‍മാര്‍ ചെയ്തത്. മനുഷ്യജീനുകള്‍ കൃത്രിമമായി സങ്കലനം നടത്തി മുലപ്പാല്‍ ഉല്പാദിപ്പിക്കുന്ന പശുക്കള്‍, ഔഷധങ്ങള്‍ ഉല്പാദിപ്പിക്കുന്ന ആടുകള്‍വരെ പേറ്റന്റ് അവകാശത്തിനായുള്ള അപേക്ഷകളിലുണ്ട്. സ്ത്രീയുടെ പാലുല്പാദന ഗ്രന്ഥി ഉപയോഗിച്ച് മരുന്നുകള്‍ ഉണ്ടാക്കുന്ന 'ജൈവനിലയ'ത്തിനുവരെ പേറ്റന്റ് അവകാശം നേടാനുള്ള നീക്കത്തിലാണ് ബഹുരാഷ്ട്ര കുത്തകകള്‍.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

Tuesday, November 10, 2009

കള്ളനോട്ട് വ്യാപനം അവഗണിക്കാവുന്നതോ; അപകടകരമോ?

2008-ല്‍ കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണം 3,98,111. മൊത്തം 15.6 കോടി രൂപാ. ആയിരത്തിന്റെ 31,857, അഞ്ഞൂറിന്റെ 2,19,739, നൂറിന്റെ 1,33,314 കള്ളനോട്ടുകള്‍. 2008 ഏപ്രില്‍ മുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണിത്. റിസർവ് ബാങ്ക് ഓഫീസുകളിലും രാജ്യത്തെ ബാങ്ക് ശാഖകളിലും മാത്രം പിടിക്കപ്പെട്ട കള്ളനോട്ടുകളുടെ കണക്ക്. പോലീസും മറ്റ് ഏജന്‍സികളും രാജ്യത്താകെ കണ്ടെടുത്ത കള്ളനോട്ടുകളുടെ എണ്ണം റിസർവ് ബാങ്കിന്റെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലതാനും. റിസർവ് ബാങ്ക് 2009 ആഗസ്റ് 27 ന് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. ഭയവും അറിവില്ലായ്മയുംമൂലം കള്ളനോട്ട് കൈവശം വന്നാല്‍ സാധാരണക്കാര്‍ റിപ്പോര്‍ട്ടു ചെയ്യാറില്ല. ചെറുകിട സ്ഥാപനങ്ങളും നൂലാമാലകള്‍ ഒഴിവാക്കും. ഇക്കാരണങ്ങളാലെല്ലാം റിസർവ് ബാങ്കിന്റെ കണക്കില്‍ ഉള്‍പ്പെടുന്നത് രാജ്യത്ത് പ്രചരിക്കുന്ന കള്ളനോട്ടിന്റെ ഒരു ചെറിയ അംശം മാത്രം.

കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ അളവ് മൊത്തം പ്രചാരത്തിലുള്ള കറന്‍സിയുടെ 0.0008 ശതമാനം (ദശലക്ഷത്തില്‍ എട്ട്) മാത്രമാണെന്നാണ് റിസർവ് ബാങ്ക് നിലപാട്. അത് അവഗണിക്കാവുന്ന അളവില്‍ മാത്രം എന്നും. ഇപ്പോള്‍ മൊത്തം പ്രചാരത്തിലുള്ളത് 49,000 ദശലക്ഷം നോട്ടുകളാണ്.

1999-2000 ല്‍ കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണം 38,000 ആയിരുന്നു. റിസർവ് ബാങ്കിലും, മറ്റ് ബാങ്കുകളിലും മാത്രം പിടിക്കപ്പെടുന്ന കള്ളനോട്ടുകളുടെ എണ്ണം പത്തുവര്‍ഷത്തില്‍ പത്തിരട്ടിയിലേറെ വര്‍ദ്ധിച്ചിട്ടും അതവഗണിക്കാവുന്ന അളവില്‍തന്നെയെന്ന റിസർവ് ബാങ്ക് നിലപാട് ഗൌരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ച് റിസർവ് ബാങ്കിന്റെ പ്രഖ്യാപിത നയം കള്ളനോട്ടിന്റെ ടോളറന്‍സ് ലവല്‍ പൂജ്യം ആയിരിക്കണം എന്നതിന്റെ വെളിച്ചത്തില്‍.

2008 ല്‍ ആയിരം രൂപയുടെ 31857 കള്ളനോട്ടുകള്‍ പിടികൂടി. ഇതേ കാലയളവില്‍ പരിശോധിച്ച് നശിപ്പിച്ചത് ആയിരത്തിന്റെ 39 ദശലക്ഷം നോട്ടുകളാണ്. റിസർവ് ബാങ്കിലെയും ബാങ്കുകളിലേയും പരിശോധനയിലാണ് ബാങ്കിംഗ് ചാനലില്‍ എത്തുന്ന കള്ളനോട്ടുകള്‍ പിടികൂടപ്പെടുന്നത്. അപ്പോള്‍ റിസർവ് ബാങ്കില്‍ പരിശോധിക്കപ്പെട്ട ആയിരത്തിന്റെ നോട്ടുകളുടെ എത്ര ശതമാനമാണ് പിടിക്കപ്പെട്ട കള്ളനോട്ടുകള്‍ എന്നു നോക്കിയാല്‍ അത് ദശലക്ഷത്തില്‍ 817 എന്നു കാണാം. ഇതെങ്ങനെ അവഗണിക്കാവുന്ന അളവിലെന്ന് പറഞ്ഞുതള്ളും?

അതുപോലെ 2008-ല്‍ പിടിക്കപ്പെട്ട അഞ്ഞൂറുരൂപാ കള്ളനോട്ടുകളുടെ എണ്ണം 2,19,739. ഏകദേശം 11 കോടി രൂപ. അത് പരിശോധിച്ചു നശിപ്പിച്ച 735 ദശലക്ഷം അഞ്ഞൂറുരൂപ നോട്ടുകളില്‍ ദശലക്ഷത്തില്‍ 298 കള്ളനോട്ടുകള്‍ എന്ന കണക്കിലാണ്.

റിസർവ് ബാങ്കിന്റെ പ്രഖ്യാപിത നയമനുസരിച്ച് കള്ളനോട്ടിന്റെ "ടോളറന്‍സ് ലവല്‍'' പൂജ്യം ആണ്. അപ്പോള്‍ ആയിരം രൂപയുടെ 817 കള്ളനോട്ടുകളെങ്ങനെ അവഗണിക്കാവുന്ന അളവിലാകും? ലോകത്ത് മറ്റൊരു രാജ്യവും അവരുടെ കറന്‍സി അവസാന ആഡിറ്റ് പോയിന്റില്‍ സാമ്പിള്‍ പരിശോധന മാത്രം നടത്തി നശിപ്പിക്കുന്നതായി അറിവില്ല.

റിസർവ് ബാങ്കില്‍ കള്ളനോട്ട് കണ്ടുപിടിക്കുന്നത് നോട്ടുകളുടെ അവസാന ആഡിറ്റിലാണ്. ആ നോട്ട് സമ്പദ്ഘടനയില്‍ ഏല്പിക്കാവുന്ന എല്ലാ ആഘാതവും ഏല്പിച്ചതിനുശേഷം റിസർവ് ബാങ്കില്‍ കണ്ടുപിടിക്കപ്പെടുന്ന ഒരു നോട്ടുപോലും അവഗണിക്കാവുന്നതല്ല എന്ന് ചുരുക്കം.

മുന്‍വര്‍ഷത്തേക്കാള്‍ 103 ശതമാനം വര്‍ദ്ധനവ് കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായി. മൂല്യത്തില്‍ 180 ശതമാനം വര്‍ദ്ധനവും. പത്തു വര്‍ഷത്തിനിടയില്‍ പത്തിരട്ടി വര്‍ദ്ധനവും. ഇപ്പോഴും അതവഗണിക്കാവുന്ന അളവിലെന്ന നിലപാട് വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. പ്രത്യേകിച്ച് കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകള്‍ ആ denomination ല്‍ പരിശോധിച്ചു നശിപ്പിച്ച നോട്ടുകളുടെ ശതമാനമായി കണക്കാക്കി നോക്കുമ്പോള്‍ അങ്ങനെ നോക്കുന്നതാണ് ശരിയായതും യുക്തിസഹവും.

മൊത്തം പ്രചാരത്തിലുള്ള കറന്‍സിയുടെ 4% മാത്രമാണ് ആയിരത്തിന്റെ നോട്ടുകള്‍. 13 ശതമാനം അഞ്ഞൂറുരൂപാ നോട്ടുകള്‍. 28% നൂറുരൂപാ നോട്ടുകളും. ഇവ മാത്രമാണ് നശിപ്പിക്കുന്നതിനുമുമ്പ് റിസർവ് ബാങ്കില്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുന്നത്.

മൊത്തം കറന്‍സിയുടെ 55% വരുന്ന മറ്റു നോട്ടുകള്‍ക്ക് സാമ്പിള്‍ പരിശോധന മാത്രവും. 2008 -ല്‍ 5214 ദശലക്ഷം നോട്ടുകള്‍ സാമ്പിള്‍ പരിശോധനമാത്രം നടത്തി നശിപ്പിച്ചു. അതുകൊണ്ടുതന്നെ അവയില്‍ പിടിക്കപ്പെടുന്ന കള്ളനോട്ടുകളുടെ എണ്ണം തുലോം വിരളവും.സ്ഥിതി ഇതായിരിക്കെ, 4% മാത്രം വരുന്ന ആയിരം രൂപയിലും 13% വരുന്ന അഞ്ഞൂറുരൂപയിലും പിടിക്കപ്പെടുന്ന കള്ളനോട്ടുകള്‍ 49000 ദശലക്ഷം മൊത്തം കറന്‍സിയുടെ ശതമാനമാക്കി അവതരിപ്പിക്കുന്നത് കള്ളനോട്ടു വ്യാപനത്തിന്റെ വ്യാപ്തിയും ആഴവും ചുരുക്കിക്കാണിക്കാന്‍ മാത്രമേ ഉപകരിക്കൂ.

എന്നാല്‍ റിസർവ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും, 2009 ജൂലൈയില്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലും, ആര്‍.ബി.ഐ. ഡപ്യൂട്ടി ഗവര്‍ണ്ണര്‍ ശ്രീമതി ഉഷാ തോറാട്ട് അധ്യക്ഷയായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലും നല്‍കിയിരിക്കുന്ന കണക്കുകള്‍ എല്ലാം കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകള്‍ പ്രചാരത്തിലുള്ള മൊത്തം കറന്‍സിയുടെ ദശലക്ഷത്തില്‍ 8 എണ്ണം മാത്രമാണ് എന്നാണ്.

ഉത്തര്‍പ്രദേശിലെ ദുമരിയാഗഞ്ചില്‍ ഒരു കറന്‍സി ചെസ്റ്റില്‍ വന്‍ കള്ളനോട്ടുശേഖരം കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമിക്കപ്പെട്ട ഉന്നതതലസമിതിയുടെ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും ഇപ്പോഴും റിസർവ് ബാങ്കിന്റെ പരിഗണനയിലുണ്ട്.

1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് നമ്മുടെ രാജ്യത്ത് കറന്‍സി മാനേജ്‌മെന്റ് റിസർവ് ബാങ്കില്‍ നിക്ഷിപ്തമാണ്. പുതിയ നോട്ടുകള്‍ പുറത്തിറക്കേണ്ടതും പ്രചാരത്തിലുള്ളവ പരിശോധിച്ച് വൃത്തിയുള്ളവമാത്രം തിരികെ നല്‍കേണ്ടതും റിസർവ് ബാങ്കിന്റെ ചുമതലയാണ്. നോട്ടുകള്‍ നശിപ്പിക്കുന്നതിനുമുമ്പ് വിശദമായി പരിശോധിച്ച് വ്യാജനില്ലെന്നുറപ്പു വരുത്തേണ്ടതും റിസർവ് ബാങ്കാണ്. ആ പരിശോധനയിലാണ് കറന്‍സി ചെസ്‌റ്റുകളിലും, റിസർവ് ബാങ്കിലുമായി കള്ളനോട്ടുകള്‍ കണ്ടുപിടിക്കപ്പെടുന്നത്.

റിസർവ് ബാങ്കിന് രാജ്യത്താകെയുള്ള 20 ഇഷ്യൂ ഓഫീസുകളിലും വിവിധ ബാങ്കുകളിലെ 4300 കറന്‍സി ചെസ്‌റ്റുകളിലും ആണ് കറന്‍സി നോട്ടുകള്‍ പരിശോധിക്കുന്നത്. കറന്‍സി ചെസ്‌റ്റുകളില്‍ പരിശോധിച്ചവ റിസർവ് ബാങ്കില്‍ ഫൈനല്‍ ആഡിറ്റ് നടത്തി നശിപ്പിക്കും. രാജ്യത്താകെ റിസർവ് ബാങ്കില്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 12000ത്തില്‍ കൂടുതല്‍ നോട്ടു പരിശോധകരുണ്ടായിരുന്നു.

2001 മുതല്‍ നോട്ടുപരിശോധകരെ ഒഴിവാക്കി. പകരം കോടികള്‍ മുടക്കി സ്ഥാപിച്ച കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് സിസ്‌റ്റം എന്ന യന്ത്രസംവിധാനം ഏര്‍പ്പെടുത്തി. യന്ത്രസംവിധാനം ഏര്‍പ്പെടുത്തുന്നത് എല്ലാ നോട്ടുകളും റിസർവ് ബാങ്കിന്റെ ഫൈനല്‍ ആഡിറ്റിങ്ങിന് വിധേയമാക്കുന്നതിനാണ് എന്ന് അന്നത്തെ കേന്ദ്രധനമന്ത്രി പാര്‍ലമെന്റംഗങ്ങള്‍ക്കുറപ്പുനല്‍കി. ജീവനക്കാരുടെ എണ്ണം കൂട്ടിയാലും അവര്‍ക്കു പരിശോധിച്ചുതീര്‍ക്കാന്‍ പറ്റാത്ത തരത്തില്‍ പരിശോധിക്കേണ്ട കറന്‍സിയുടെ അളവു കൂടുകയാണെന്നും അതിനാല്‍ യന്ത്രസംവിധാനം അനിവാര്യം ആണെന്നും വിശദീകരണമുണ്ടായി. എന്നാല്‍ വളരെ പെട്ടെന്നുതന്നെ നോട്ടുപരിശോധകര്‍ പൂര്‍ണ്ണമായി പിന്‍വലിക്കപ്പെട്ടു. നോട്ടുപരിശോധന യന്ത്രസംവിധാനത്തില്‍ മാത്രമായി.

നമ്മുടെ രാജ്യത്ത് ഇപ്പോള്‍ പ്രചാരത്തിലുള്ളത് 49000 ദശലക്ഷം നോട്ടുകളാണ്. ഇന്നത്തെ നിലയിലുള്ള വര്‍ദ്ധനവ് കണക്കാക്കിയാല്‍ 2012ല്‍ അത് 64000 ദശലക്ഷമാകും. 1938 ല്‍ ഇത് 124 ദശലക്ഷം മാത്രമായിരുന്നു. 1989ല്‍ ഇത് 18500 ദശലക്ഷവും. പി.ആര്‍. നായക് കമ്മിറ്റി ശുപാര്‍ശയനുസരിച്ച് ഇന്നത്തെ നിലയിലെങ്കിലും വൃത്തിയുള്ള നോട്ടുകള്‍ ലഭ്യമാക്കണമെങ്കില്‍ 25000 ദശലക്ഷം നോട്ടുകളെങ്കിലും ഓരോ വര്‍ഷവും പ്രചാരത്തില്‍നിന്ന് പിന്‍വലിച്ച്, പരിശോധിച്ച് നശിപ്പിച്ച് പുതിയവ പുറത്തിറക്കേണ്ടതുണ്ട്. അത്ര ബൃഹത്തും സങ്കീര്‍ണ്ണവുമാണ് സ്ഥിതി. ഒന്നിലധികം ഷിഫ്റ്റുകളിലായി 54 സി.വി.പി.എസ്. യന്ത്രങ്ങളില്‍ 2008 ല്‍ പരിശോധിക്കപ്പെട്ടത് 6748 ദശലക്ഷം നോട്ടുകളാണ്. 2008 മൊത്തം നശിപ്പിക്കപ്പെട്ട 11962 ദശലക്ഷം നോട്ടുകളില്‍ യന്ത്രം പരിശോധിച്ച 6748 ദശലക്ഷത്തിന്റെ ബാക്കി 5214 ദശലക്ഷം നോട്ടുകള്‍ സാമ്പിള്‍ പരിശോധന മാത്രമേ റിസർവ് ബാങ്കില്‍ നടത്തിയിട്ടുള്ളൂ.

റിസർവ് ബാങ്കിലെ കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് യന്ത്രവും ബാങ്കുകളിലെ നോട്ട് സോര്‍ട്ടിംഗ് മെഷിനും നേരിട്ട് കള്ളനോട്ടുകള്‍ കണ്ടുപിടിക്കുന്നവയല്ല. യന്ത്രം നല്ലതല്ലാത്ത നോട്ടുകള്‍ തരംതിരിക്കും. യന്ത്രം തരംതിരിച്ചുമാറ്റിയവയില്‍ കള്ളനോട്ടുകളും ഉണ്ടാകും. തരംതിരിച്ചു മാറ്റിയവയില്‍ കള്ളനോട്ടുകള്‍ എത്രയെന്ന് അവ ഓരോന്നു പരിശോധിച്ചുറപ്പുവരുത്തേണ്ടത് പരിചയസമ്പത്തുള്ള ജീവനക്കാരാണ്. യന്ത്രം തരം തിരിച്ചുമാറ്റുന്ന നോട്ടുകള്‍ ഓരോന്നും സൂക്ഷ്മമായി പരിശോധിക്കുന്നതിന് ആവശ്യത്തിന് പരിശോധകരെ നിയോഗിക്കാതെ പരിശോധന ചടങ്ങാക്കിയാല്‍ യന്ത്രം തരംതിരിച്ചവയില്‍ നിന്നുപോലും കള്ളനോട്ടുകളെല്ലാം പടിക്കപ്പെടണമെന്നില്ല.55% കറന്‍സിക്ക് സാമ്പിള്‍ പരിശോധന മാത്രം. ബാക്കി പരിശോധിക്കുന്നത് സി.വി.പി.എസ്. യന്ത്രസംവിധാനത്തില്‍. യന്ത്രം പാസ്സാക്കിയ നോട്ടുകള്‍ ഓണ്‍ലൈനില്‍ നശിപ്പിക്കുകയാണ് പതിവ്. യന്ത്രം പാസ്സാക്കുന്നതില്‍ കള്ളനോട്ടു കാണില്ല എന്നത് വിശ്വാസം മാത്രം. ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഇപ്പോള്‍ യാതൊരു സംവിധാനവുമില്ല. നിലവിലുള്ള പരിശോധനാ സംവിധാനം എല്ലാ കള്ളനോട്ടുകളും കണ്ടുപിടിക്കാന്‍ പര്യാപ്തമല്ല എന്നു ചുരുക്കം.

2001 മുതല്‍ നോട്ടുപരിശോധകരെ ഒഴിവാക്കി യന്ത്രത്തേയുംസാമ്പിള്‍ പരിശോധനയേയും ആശ്രയിച്ച് റിസര്‍വ്ബാങ്ക് കറന്‍സി മാനേജ്‌മെന്റ് മേഖലയില്‍ നടപ്പില്‍ വരുത്തിയ പരിഷ്ക്കാരങ്ങളുടെ ദുരന്തഫലങ്ങളും തീരെ കുറവല്ല. ദുമരിയാഗഞ്ചിലെ കറന്‍സി ചെസ്‌റ്റില്‍ കണ്ടുപിടിക്കപ്പെട്ട വന്‍ കള്ളനോട്ടുശേഖരം, മൈസൂറിലെ നോട്ട് പ്രസില്‍ നിന്ന് തിരുവനന്തപുരത്തേക്കയച്ചതില്‍ കണ്ടുപിടിച്ച 50 ലക്ഷം രൂപയുടെ കുറവ്, കത്തിച്ചതിനുശേഷം ചവറയിലെ ഫര്‍ണസില്‍ നിന്ന് റിസർവ് ബാങ്കിലെത്തിയ പഞ്ച്ചെയ്ത നോട്ടുകെട്ട്, തിരുവനന്തപുരത്തെ ഒരു കറന്‍സി ചെസ്‌റ്റില്‍ കണ്ടുപിടിക്കപ്പെട്ട തിരിമറി.... ഇവയെല്ലാം സംഭവിച്ചത് 2001 ല്‍ ആരംഭിച്ച പരിഷ്ക്കാരങ്ങള്‍ക്കുശേഷമാണ്. പരിഷ്കാരികള്‍ തകര്‍ത്തുകളഞ്ഞത് 65 വര്‍ഷം റിസര്‍വ് ബാങ്ക് വളര്‍ത്തി കാത്തുസംരക്ഷിച്ച വിശ്വാസ്യതയും.

കറന്‍സി ഓരോ പൌരന്റെയും ജീവിതത്തിന്റെ തന്നെ ഭാഗമാണ്. പൌരനെ സംബന്ധിച്ചിടത്തോളം കറന്‍സിയാണ് റിസർവ് ബാങ്കിന്റെ മുഖം. സാധാരണ പൌരന്റെ കൈവശം വന്നുപെടുന്ന കള്ളനോട്ടുകളില്‍ അവര്‍ കാണുന്നത് റിസർവ് ബാങ്കിന്റെ വികൃതമായ മുഖമായിരിക്കും.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും ധനകാര്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി 2008 ഡിസംബര്‍ 18 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമ്പദ്ഘടനയിലെ കള്ളനോട്ട് വ്യാപനത്തിന്റെ അപകടസ്ഥിതിയില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുകയും കറന്‍സി മാനേജ്‌മെന്റിലെ നിലവിലെ എല്ലാ സംവിധാനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും വീണ്ടും വിലയിരുത്തപ്പെടണം എന്നും നിര്‍ദ്ദേശിച്ചിക്കുകയും ചെയ്തിരുന്നു.

കള്ളനോട്ടു വ്യാപനം സമ്പദ്ഘടനയിലുണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ അതീവ ഗൌരവത്തോടെ കാണുകയും രാജ്യത്തെ കറന്‍സി സംവിധാനത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തില്‍ നിലവിലുള്ള പരിശോധനാ സംവിധാനങ്ങളെല്ലാം പുനക്രമീകരിച്ച് കുറ്റമറ്റതാക്കേണ്ടത് അടിയന്തിരാവശ്യമാണ്. രാജ്യത്തെ എല്ലാ നോട്ടുകളും നശിപ്പിക്കുന്നതിനുമുമ്പുള്ള ഫൈനല്‍ ആഡിറ്റില്‍ റിസർവ് ബാങ്കില്‍ പരിശോധിക്കപ്പെടണം.

***

റ്റി.കെ. തങ്കച്ചന്‍, വൈസ് പ്രസിഡന്റ്, ആള്‍ ഇന്ത്യാ റിസർവ് ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍

Sunday, September 20, 2009

ആണവായുധ പരീക്ഷണവും വിവാദങ്ങളും

ഇന്ത്യയുടെ 1998ലെ ആണവായുധ പരീക്ഷണത്തില്‍ പങ്കെടുത്ത പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ തീകൊളുത്തിയ വിവാദം ഇന്ത്യയിലെ രാഷ്ട്രീയരംഗത്തും ശാസ്ത്രരംഗത്തുമുള്ളവരെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

ആണവായുധ പരീക്ഷണത്തെ "പാഴ്വേല''യായി വിശേഷിപ്പിച്ച കെ. സന്താനം ആണവായുധ പരീക്ഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദത്തെ വെല്ലുവിളിക്കുക മാത്രമല്ല, ഇന്ത്യയുടെ ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ആണവായുധ പരീക്ഷണങ്ങള്‍ക്ക് സ്വമേധയാ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം, സമഗ്ര ആണവായുധ പരീക്ഷണ നിരോധന കരാറി (സിടിബിടി) നോടുള്ള ഇന്ത്യയുടെ മമത, ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയുമായുള്ള സിവിലിയന്‍ ആണവ സഹകരണ കരാര്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്നു.

"ഭൂചലനവുമായി ബന്ധപ്പെട്ട അളവുകളുടെയും വിദഗ്ധന്മാരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 1998 മെയ് മാസത്തില്‍ പൊഖ്റാനില്‍ നടത്തിയ ആണവായുധ പരീക്ഷണം വളരെ കുറഞ്ഞ നിലവാരത്തിലുള്ളതായിരുന്നു എന്നാണ് ആഗസ്റ്റ് 27ന് സന്താനം പറഞ്ഞത്. ആണവ ഭാഷാശൈലിപ്രകാരം അണുസ്ഫോടനം നിശ്ചിതഫലം പ്രദാനംചെയ്യുന്നതില്‍ പരാജയപ്പെടുമ്പോഴാണ് അതിനെ ഒരു "പാഴ്വേല'' (fizzle) എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യ ഇനിയും കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് തറപ്പിച്ചുപറയുന്ന സന്താനം, സിടിബിടിയില്‍ ഒപ്പിടുന്നതിന് ഇന്ത്യക്കുമേല്‍ വരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നു.

സന്താനത്തിന്റെ പ്രസ്താവന ശാസ്ത്രലോകത്തെ ഭിന്നിപ്പിച്ചിരിക്കുകയാണ്; രാഷ്ട്രീയ സംവിധാനത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുകയുമാണ്. എന്നാല്‍ ഇത് തികച്ചും പുതിയൊരു സംഭവവികാസമല്ല. 1998ലെ അണു ആയുധ പരീക്ഷണങ്ങളുടെ ഫലത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഇന്ത്യയിലെയും വിദേശങ്ങളിലെയും ശാസ്ത്രലോകത്ത് അത് നടത്തി ഒരാഴ്ചയ്ക്കകംതന്നെ ആരംഭിച്ചിരുന്നു.

അന്നത്തെ ഹൈഡ്രജന്‍ ബോംബ് 43 കിലോ ടണ്‍ ടിഎന്‍ടിയുടെ സ്ഫോടകശേഷി കൈവരിച്ചതായാണ് ഔദ്യോഗികമായ അവകാശവാദം. "അണുപ്രസരണം കുറയ്ക്കുന്നതിനും അയല്‍ ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി താരതമ്യേന കുറഞ്ഞ സ്ഫോടനശേഷി ലഭിക്കുന്ന തരത്തില്‍ ബോധപൂര്‍വം കൈകാര്യം ചെയ്യുകയായുണ്ടായത്'' എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അണുപരീക്ഷണത്തിനുശേഷം നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍, ആണവോര്‍ജ ഏജന്‍സിയുടെ തലവനായിരുന്ന ആര്‍ ചിദംബരവും പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡയറക്ടര്‍ ജനറലായിരുന്ന എപിജെ അബ്ദുള്‍കലാമും ഉള്‍പ്പെടെയുള്ള, ആണവായുധ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ പ്രമുഖ ശാസ്ത്രജ്ഞര്‍ തറപ്പിച്ചുപറഞ്ഞത് ആയുധവല്‍ക്കരണം സമ്പൂര്‍ണ്ണമായെന്നാണ്.

ആ പത്രസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒരാളായിരുന്നു കെ സന്താനം. അദ്ദേഹം അന്ന് ഡിആര്‍ഡിഒയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അണു ആയുധ പരീക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചയാളാണ് അദ്ദേഹം.

ഇന്ത്യയിലും വിദേശങ്ങളിലും ഈ അവകാശവാദങ്ങള്‍ വെല്ലുവിളിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍, ശാസ്ത്രലോകം പൊതുവെ ഔദ്യോഗികനയത്തെ അംഗീകരിച്ചെങ്കിലും ആണവോര്‍ജകമ്മീഷന്റെ മുന്‍ ഡയറക്ടറായ പി കെ അയ്യങ്കാര്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖ ശാസ്ത്രജ്ഞര്‍ ഗൌരവതരമായ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വിദേശങ്ങളിലെ വിശകലനവിദഗ്ധര്‍ ഇന്ത്യയുടെ അവകാശവാദങ്ങളെ അന്നുതന്നെ വെല്ലുവിളിച്ചിരുന്നതായും ആ അണുആയുധസ്ഫോടനം 12 മുതല്‍ 25 വരെ കിലോ ടണ്‍ നിലവാരത്തിലേ എത്തിയിരുന്നുള്ളു എന്ന് സീസ്മോഗ്രാഫിക് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിരുന്നതായും അന്താരാഷ്ട്ര ആണവായുധ സമൂഹത്തില്‍ ആ കാലത്തുനടന്ന സാങ്കേതിക സംവാദങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ ഓര്‍മ്മിക്കുന്നുണ്ടാവും.

"ശക്തികൂടിയ അണുവിഭജന''ആയുധം ആയിരുന്നു ശക്തി ക എന്നും അതിനെ ഹൈഡ്രജന്‍ ബോംബെന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലെന്നുമാണ് ചിലര്‍ സൂചിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിന്റെ വെബ്സൈറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു-

"ഹൈഡ്രജന്‍ ബോംബ് പരീക്ഷണം എന്ന് വിളിക്കപ്പെടുന്നതിന്റെ സ്ഫോടനശേഷി 12-25 കിലോ ടണ്‍ നിലവാരത്തില്‍ മാത്രമേ എത്തിയിരുന്നുള്ളുവെന്നും 43 കിലോ ടണ്‍ എന്ന ഇന്ത്യയുടെ അവകാശവാദം ശരിയല്ലെന്നുമാണ് ഭൂചലനം സംബന്ധിച്ച ഡാറ്റകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ വിദഗ്ധന്മാരും സ്വതന്ത്രരായ മറ്റു വിദഗ്ധന്മാരും എത്തിച്ചേര്‍ന്ന നിഗമനം. ഈ താഴ്ന്ന നിലവാരമാണ് ഹൈഡ്രജന്‍ ബോംബ് സ്ഫോടനം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്''.

ഇന്ത്യയുടെ രണ്ട് ഘട്ടങ്ങളുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ രണ്ടാംഘട്ടം ഉദ്ദേശിച്ച ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മൂര്‍ നാഷണല്‍ ലബോറട്ടറിയുടെ ഇസഡ് ഡിവിഷനിലെ ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയതായാണ് അന്താരാഷ്ട്ര ആണവ വ്യവസായത്തിന്റെ വാണിജ്യ പ്രസിദ്ധീകരണമായ "ന്യൂക്ളിയോണിക്സ് വീക്കി''ന്റെ 1998 നവംബര്‍ ലക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വിദേശ ആണവ ആയുധ പരിപാടികളിലെ പുരോഗതി വിലയിരുത്താന്‍ ബാധ്യതപ്പെട്ട നിരീക്ഷണ സംവിധാനമാണ് കാലിഫോര്‍ണിയയിലെ ഈ സ്ഥാപനം.

ചിദംബരവും കൂട്ടരും തങ്ങളുടെ അവകാശവാദം ആവര്‍ത്തിച്ചു. അതിനെ അല്‍പംകൂടി വിപുലപ്പെടുത്തുകപോലുമുണ്ടായി. 1999 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ശാസ്ത്ര സാഹിത്യകാരന്മാരുടെ അസോസിയേഷനുവേണ്ടി നടത്തിയ രണ്ടുമണിക്കൂര്‍ നീണ്ട വിശദീകരണത്തിനിടയില്‍ ഇന്ത്യയുടെ അണുവായുധ പരീക്ഷണങ്ങളുടെ "അന്യൂന''മായ അവസ്ഥയെക്കുറിച്ചും ഈ രാജ്യത്തിന്റെ "ഉന്നത സാങ്കേതിക വിദ്യയിലുള്ള മികവി''നെക്കുറിച്ചുമെല്ലാം ചിദംബരം ഒട്ടേറെ അവകാശവാദങ്ങള്‍ നടത്തി. ആണവായുധത്തിന് ഏറ്റവും അനുയോജ്യമായ രൂപമാതൃക സ്വായത്തമാക്കല്‍, കൈവരിക്കേണ്ട പ്രത്യേക നേട്ടത്തെക്കുറിച്ചുള്ള കണക്കുകൂട്ടല്‍, റേഡിയോ ആക്ടീവതമൂലമുള്ള മലിനീകരണം അല്‍പവും ഉണ്ടാവില്ല എന്ന് ഉറപ്പാക്കല്‍ - ഈ മൂന്നു കാര്യങ്ങളിലും "കൃത്യത'' കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

"കൃത്യത''യെയും മികവിനെയും സംബന്ധിച്ച ഈ അവകാശവാദമാണ് ഇപ്പോള്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. ഈ അവകാശവാദം തികച്ചും പൊള്ളയല്ലെങ്കില്‍പോലും സംശയാസ്പദമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ എ ഗോപാലകൃഷ്ണനെയും പി കെ അയ്യങ്കാറെയുംപോലെയുള്ള പ്രശസ്തരും പ്രഗത്ഭരുമായ ശാസ്ത്രജ്ഞന്മാര്‍ സന്താനത്തിന്റെ വിമര്‍ശനത്തോട് യോജിപ്പുള്ളവരാണ്. 1998ല്‍ ഇന്ത്യ പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബ് ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തിച്ചില്ലെന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്.

അതിന്റെ രൂപ മാതൃകയിലോ കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയിലോ എന്തോ ചില പിശക് സംഭവിച്ചതായാണ് അവര്‍ വാദിക്കുന്നത്. അതുകൊണ്ട് ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിന് ഈ കാര്യങ്ങളെല്ലാം പുന:പരിശോധിക്കേണ്ടതുണ്ട്; അതിന് കൂടുതല്‍ "മികവുറ്റ'' രൂപമാതൃക ഉണ്ടാക്കേണ്ടതും ആവശ്യമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സംബന്ധിച്ചിടത്തോളം, മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം അന്തിമ തീര്‍പ്പ് കല്‍പിച്ചതോടെ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതായാണ് വിശ്വസിക്കുന്നത്. പരീക്ഷണങ്ങള്‍ നടത്തിയ കാലത്ത് ഡിആര്‍ഡിഒയില്‍ തന്റെ കീഴ് ഉദ്യോഗസ്ഥനായിരുന്ന സന്താനത്തിന്റെ അവകാശവാദങ്ങളെ കലാം തള്ളിക്കളഞ്ഞു.

ഈ വിഷയത്തില്‍ ഏറ്റവും ആധികാരിക വ്യക്തിത്വമായി കരുതപ്പെടുന്ന കലാമിന്റെ യോഗ്യതയെത്തന്നെ ആണവോര്‍ജ്ജ കമ്മീഷന്റെ മറ്റൊരു മുന്‍ ചെയര്‍മാനായ ഹോമി സേത്ന ഉള്‍പ്പെടെയുള്ള പല ശാസ്ത്രജ്ഞന്മാരും ചോദ്യംചെയ്യുകയാണ്. സേത്ന ആയിരുന്നു 1974ലെ ആദ്യത്തെ ആണവായുധ പരീക്ഷണത്തിന്റെ മാര്‍ഗദര്‍ശി.

പിന്നീട് ഇന്ത്യയുടെ പ്രസിഡന്റായി തീര്‍ന്ന കലാം അണുപരീക്ഷണം കഴിഞ്ഞയുടനെ നടത്തിയ ഏറ്റവും പ്രധാനമായ പ്രസ്താവന ശാസ്ത്രീയമായതായിരുന്നില്ല; അത് വെറും രാഷ്ട്രീയമായിരുന്നു. "പൌരാണിക ഹിന്ദു സംസ്കാരത്തെ നിരന്തരം ചവിട്ടിമെതിച്ചുകൊണ്ടിരുന്ന വിദേശ ആക്രമണരങ്ങളില്‍നിന്നും ആണവായുധങ്ങളുള്ള ഇന്ത്യ'' എങ്ങനെ വിമുക്തമാക്കപ്പെടും എന്ന് അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് അധികാരത്തിലിരുന്ന ഭാരതീയ ജനതാപാര്‍ടിയുടെ നേതൃത്വത്തിന് കലാം പ്രീയപ്പെട്ടവനായത് ബോംബിനെക്കാള്‍ ഉപരി ഈ പ്രസ്താവനയായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റായിരുന്നു. സന്താനത്തിന്റെ വിമര്‍ശനത്തെ നിരാകരിച്ചുകൊണ്ടുള്ള കലാമിന്റെ പ്രസ്താവന ഒരു രാഷ്ട്രീയക്കാരന്റേതായിരുന്നുവെന്ന് സെത്ന ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളിലൂടെ ഈ വിവാദം നമ്മുടെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ എത്രത്തോളം ഉലച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സന്താനത്തിന്റെ പ്രസ്താവനയില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയുന്നതിനുപകരം നാരായണന്‍ അദ്ദേഹത്തെ "വെറുമൊരു കഥയില്ലാത്തവനാ''യി പുച്ഛിച്ചുതള്ളുകയാണുണ്ടായത്.

പാശ്ചാത്യ വിശകലനവിദഗ്ധര്‍ പൊഖ്റാന്‍ കക പരീക്ഷണത്തെ ചോദ്യംചെയ്യുന്നത്, ഒരു ആണവായുധശക്തിയായി പ്രത്യേകിച്ചും അണുസംയോജന പ്രയോഗം ആര്‍ജ്ജിച്ച രാജ്യമായി നമ്മെ അംഗീകരിക്കാന്‍ അവര്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നാണ് എം കെ നാരായണന്‍ പറഞ്ഞത്. നല്ല പെരുമാറ്റത്തോടുകൂടിയ യഥാര്‍ത്ഥ ആണവായുധരാഷ്ട്രമെന്ന നിലയില്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷില്‍നിന്നും ഇന്ത്യക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെലവഴിച്ച സമയവും ഊര്‍ജ്ജവും എത്രയെന്ന് നാരായണന് നന്നായി അറിയാവുന്നതാണ്.

പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നായിരുന്നു അണു ആയുധ പരീക്ഷണകാലത്ത് ചിദംബരത്തിന്റെയും കൂട്ടരുടെയും മറ്റൊരു അവകാശവാദം. മെയ് 16ന് അവര്‍ നടത്തിയ പ്രസ്താവനയില്‍ ഇതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ലാത്ത മറ്റു പരീക്ഷണങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യയിലുള്ള അമിതമായ ഈ ആത്മവിശ്വാസമായിരുന്നു തുടര്‍ന്ന് അണുവായുധ പരീക്ഷണമൊന്നും ആവശ്യമില്ലെന്ന് അവര്‍ അവകാശപ്പെട്ടതിന്റെയും കാരണം. ഈ അവകാശവാദവും ആ കാലത്തുതന്നെ വിവാദമായിരുന്നു. പെസഫിക് സമുദ്രത്തില്‍ ഇരുന്നൂറോളം പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഫ്രാന്‍സിന് പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല.

സിടിബിടിക്ക് ഫ്രാന്‍സിന്റെ പിന്തുണ ഉറപ്പാക്കാന്‍ അവര്‍ക്കുവേണ്ട സാങ്കേതിക സഹായം പ്രദാനംചെയ്യാനും ആണവായുധങ്ങളുടെ ആധികാരികത നിലനിര്‍ത്താന്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ പരിപോഷിപ്പിക്കാനും അമേരിക്കന്‍ ആണവായുധ ലബോറട്ടറികളുമായി സഹകരണത്തിനും അമേരിക്ക ഫ്രാന്‍സുമായി രഹസ്യധാരണയുണ്ടാക്കിയിരുന്നു. ആണവായുധ പരീക്ഷണങ്ങള്‍ കഴിഞ്ഞയുടന്‍തന്നെ ഇന്ത്യയും ഇതേ സഹായം ലഭിക്കുന്നതിന് അമേരിക്കയെ സമീപിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആണവായുധ ഇതര രാഷ്ട്രത്തിന് ഇത്തരം ഒരു സഹായം പ്രദാനംചെയ്യുന്നത് നോണ്‍ പ്രോലിഫെറേഷന്‍ ട്രീറ്റിയുടെ നഗ്നമായ ലംഘനമാകും എന്നതിനാല്‍ വാഷിങ്ടണ്‍ ഇത് ചെവിക്കൊണ്ടില്ല. ഇനിയും ഏറെ ആണവായുധ പരീക്ഷണങ്ങള്‍ നടത്താതെ സാധുതയുള്ള ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ മാതൃക നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ്, 1998ലെ പരീക്ഷണം പരാജയമായിരുന്നുവെന്ന് ഇപ്പോള്‍ പറയുന്ന, ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നത്.

സൈദ്ധാന്തികമായ ശൂന്യതയിലായിരുന്നു ആണവ പരീക്ഷണം നടപ്പാക്കിയത്. പരീക്ഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായി ഒരു സിദ്ധാന്തമോ പരീക്ഷണങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ആണവ സിദ്ധാന്തം എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച ഒരു സമവായമോ ഉണ്ടായില്ല. "നമ്മുടെ ആണവ സിദ്ധാന്തം നാം ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്'' എന്നാണ് 1998 ആഗസ്റ്റ് 4ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാര്‍ലമെന്റില്‍ പ്രസ്താവിച്ചത് "ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുകയെന്ന അടിസ്ഥാനത്തില്‍, നാം ആദ്യം ഉപയോഗിക്കില്ല'' എന്നതായിരിക്കും ഇന്ത്യയുടെ ആണവസിദ്ധാന്തം എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഒരു വര്‍ഷത്തിനുശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍, പുതുതായി രൂപീകരിച്ച ദേശീയ സുരക്ഷാ ഉപദേശകബോര്‍ഡ് നിര്‍ദ്ദേശിച്ച കരട് ആണവ സിദ്ധാന്തം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ വിലപ്പെട്ട ആധികാരിക രേഖയെക്കുറിച്ച് പിന്നീട് ദീര്‍ഘകാലം ഒന്നുംതന്നെ കേട്ടിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ മുന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി സ്ട്രോബ് താല്‍ബോട്ടുമായുള്ള തന്റെ കൂടിയാലോചനകളില്‍ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത്സിങ് ഈ രേഖ "അനൌദ്യോഗികം'' എന്നുപറഞ്ഞ് നിരാകരിച്ചിരുന്നതായാണ് പിന്നീട് മനസ്സിലായത്.

വളരെക്കാലം ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ മൌനം പാലിച്ചതിനുശേഷം 2003 ജനുവരി 4ന് സര്‍ക്കാര്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി.

"വിശ്വസനീയമായ മിനിമം പ്രതിരോധം കെട്ടിപ്പടുക്കുന്നതിനെയും നിലനിര്‍ത്തുന്നതിനെയും'' സംബന്ധിച്ചും "ആദ്യം ഉപയോഗിക്കില്ല എന്ന നിലപാടി''നെക്കുറിച്ചും പത്രക്കുറിപ്പില്‍ പറയുന്നു. "ഒരു ആണവ ആക്രമണമുണ്ടായാല്‍ പരിഹരിക്കാനാവാത്തവിധം കനത്ത നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതും സര്‍വ സ്പര്‍ശിയുമായിരിക്കും രണ്ടാം ആക്രമണശേഷി'' എന്നും ആ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ആ പ്രാമാണിക രേഖയില്‍ ഇങ്ങനെ പറയുന്നു'' ഇന്ത്യന്‍ ആണവ ആയുധങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഇന്ത്യയ്ക്കെതിരെയും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കെതിരെയും ഏതെങ്കിലും രാഷ്ട്രം ആണവായുധങ്ങള്‍ ഉപയോഗിക്കുകയോ ഉപയോഗിച്ചേക്കാമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അതിനെ പ്രതിരോധിക്കുകയെന്നതാണ്.''

വിശ്വസനീയമായ രണ്ടാം ആക്രമണശേഷിക്കും ഏതു രാജ്യത്തെയും ശിക്ഷിക്കുന്നതിനായി തിരിച്ചടിക്കുന്നതിനും ആവശ്യമായ മിനിമം പ്രതിരോധം എന്തായിരിക്കും? ഈ രാഷ്ട്രങ്ങളുടെയും സംഘടനകളുടെയും കൂട്ടത്തില്‍ അമേരിക്കയും ഉത്തര അറ്റ്ലാന്റിക് സഖ്യവും ഉള്‍പ്പെടുമോ?

ഏറ്റവും പ്രധാനപ്പെട്ട സംഗതി, "ഇന്ത്യക്കും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കും എതിരായ "ആക്രമണത്തെക്കുറിച്ച് ആ രേഖയില്‍ പറയുന്നു. കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ സിദ്ധാന്തവും ആയുധവല്‍ക്കരണവും തമ്മില്‍ ഒരു പൊരുത്തക്കേട് കാണുന്നു. പ്രതിരോധത്തിനുവേണ്ടി ഒരു കൂട്ടം ആണവായുധങ്ങള്‍ ഇന്ത്യക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ഇന്നേവരെ പ്രതിരോധാവശ്യത്തിന് ഏറ്റവും കുറഞ്ഞത് എന്തെല്ലാമാണ് ആവശ്യമായിട്ടുള്ളത് എന്നതിനെക്കുറിച്ച് പൊതുമണ്ഡലത്തില്‍ പരിമിതമായ ഒരു ചര്‍ച്ചയ്ക്കുപോലും നീക്കം നടന്നിട്ടില്ല.

ബരാക്ക് ഒബാമ സര്‍ക്കാരില്‍നിന്നും സിടിബിടിയില്‍ ഒപ്പിടാന്‍ ഇന്ത്യാ ഗവണ്‍മെന്റിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുന്നതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റ് വഴിതെറ്റിപ്പോകുന്നത് തടയുകയെന്നതാണ് തന്റെ പ്രസ്താവനയുടെ ലക്ഷ്യം എന്ന് സന്താനം വ്യക്തമാക്കിയിട്ടുണ്ട്. ആണവ പരീക്ഷണം നടത്തിയ സമയംവരെ ഇന്ത്യ സിടിബിടിയെ എതിര്‍ത്തിരുന്നു.

ഇന്ത്യയുടെ ആണവനയത്തെ സംബന്ധിച്ച് 1998 മെയ് 27ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രസ്താവനയില്‍, ഇന്ത്യ ഭൂഗര്‍ഭ ആണവ സ്ഫോടനങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും സ്വമേധയായുള്ള മൊറട്ടോറിയം നടപ്പാക്കുമെന്നുമുള്ള ഇന്ത്യയുടെ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

"പ്രഖ്യാപനത്തിന് നിയമാനുസൃതമുള്ള അംഗീകാരം നല്‍കുന്നതിലേക്ക് നീങ്ങാനും'' അങ്ങനെ സിടിബിടിയിലെ അടിസ്ഥാന ബാധ്യതകള്‍ പിന്‍വാതിലിലൂടെ നിറവേറ്റാനുമുള്ള സന്നദ്ധതയുടെ സൂചനയുമാണത്. പരീക്ഷണംകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്ര പറഞ്ഞത് സിടിബിടിയിലെ ചില വ്യവസ്ഥകള്‍ പാലിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നാണ്. ബ്രജേഷ് ഇങ്ങനെ തുടര്‍ന്നു-"ശൂന്യതയില്‍നിന്നും ഇത് ചെയ്യാനാവില്ല.''

അമേരിക്കയില്‍നിന്ന് ഇന്ത്യ ചില ആനുകൂല്യങ്ങളാണ് ആഗ്രഹിച്ചിരുന്നത്-പ്രത്യേകിച്ചും ഉന്നത സാങ്കേതികവിദ്യയുടെയും ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന്റെയും കാര്യത്തില്‍. പില്‍ക്കാലത്ത് തന്റെ "ഇന്ത്യയുമായി ഇടപെടല്‍'' എന്ന കൃതിയില്‍ താല്‍ബോട്ട് എഴുതി- "അമേരിക്കയുമായും ആഗോള ആണവ വ്യവസ്ഥിതിയുമായും ഒത്തൊരുമിച്ച് നീങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നു; ഒട്ടേറെ ആയുധ നിയന്ത്രണ കരാറുകളില്‍ പങ്കാളിയാകുന്നതിലൂടെയായിരുന്നു ഇത്. "സിടിബിടി''യുടെ അന്തഃസത്തയോട് യഥാര്‍ത്ഥത്തിലുള്ള യോജിപ്പ് ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന് പകരമായി ഇന്ത്യ അടുത്ത നടപടികളിലേക്ക് നീങ്ങും-നമ്മുടെ നിലപാട് ഔപചാരികമായി അംഗീകരിക്കലും കരാര്‍ പൂര്‍ണമായി അംഗീകരിക്കലും.''

അമേരിക്കന്‍ സെനറ്റ് സിടിബിടിക്ക് ഔപചാരികമായി അംഗീകാരം നല്‍കാതെ നിരാകരിച്ചപ്പോള്‍ ഇന്ത്യ സിടിബിടിയില്‍ ഒപ്പിടുന്നതിന് ഏറെക്കുറെ അടുത്തെത്തുകയാണുണ്ടായത്. അമേരിക്കയുമായി കരാര്‍ ഉണ്ടാക്കാന്‍ ജോര്‍ജ് ഡബ്ള്യു ബുഷ് അധികാരം ഒഴിയുന്നതുവരെ ഇന്ത്യ കാത്തുനില്‍ക്കണമായിരുന്നു. ആണവക്കരാറില്‍ സിടിബിടിയില്‍ ഇന്ത്യ ഒപ്പിടുന്നതിനെക്കാള്‍ ഏറെ കാര്യങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്. സ്വയം പ്രഖ്യാപിത മൊറട്ടോറിയം ഭാവിയില്‍ ആണവ പരീക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍തന്നെ നിരോധിക്കുന്നതായിട്ടുണ്ട്. അമേരിക്കയുമായുള്ള സിവില്‍ ആണവക്കരാറിന്റെ ഒരു വ്യവസ്ഥതന്നെ അതാണ്.

സിടിബിടിക്ക് സെനറ്റിന്റെ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് ഒബാമ സര്‍ക്കാര്‍. അത് ചെയ്തുകഴിഞ്ഞാല്‍ ഇന്ത്യയും സിടിബിടിയില്‍ ഒപ്പിടുന്നതിനായി അമേരിക്കയില്‍നിന്നു മാത്രമല്ല, എന്‍എസ്ജിയിലെ മറ്റ് അംഗരാഷ്ട്രങ്ങളില്‍നിന്നും സമ്മര്‍ദ്ദം ശക്തമാകും.

ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും എന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെങ്കിലും പ്രായോഗികമായി ഇന്ത്യക്ക് അതിന് അനുവാദമില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ അമേരിക്ക ഇന്ത്യയുമായുള്ള ആണവക്കരാര്‍ റദ്ദുചെയ്യും. കരാര്‍ നടപ്പാക്കിയശേഷം അമേരിക്ക അങ്ങനെ ചെയ്താല്‍ ഇന്ത്യക്ക് ഭീമമായ നഷ്ടത്തിന് അത് ഇടയാക്കും. ആയതിനാല്‍, കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ ഇതാണ് പറ്റിയ സമയം എന്നാണ് പറയുന്നത്.

"വിശ്വസനീയമായ ആണവ പ്രതിരോധം'' ഉണ്ടാക്കുന്നതിന് ഇനിയും കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വാദിക്കുന്നവരും അമേരിക്കയുമായുള്ള ആണവക്കരാര്‍മൂലം ദുര്‍ബലരാക്കപ്പെട്ട ഔദ്യോഗിക വക്താക്കളും തമ്മിലാണ് ഇപ്പോഴത്തെ സംവാദം. സ്ഫോടകാത്മകമായ ഈ ഉപദ്വീപില്‍ ആണവായുധ പന്തയം നടത്തുന്നതില്‍ കടുത്ത ഉത്ക്കണ്ഠയുള്ളവരുടെ ശബ്ദവും അന്തരീക്ഷത്തില്‍ ഉയര്‍ന്ന് മുഴങ്ങേണ്ടതുണ്ട്.

*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക