Showing posts with label ദര്‍ശനം. Show all posts
Showing posts with label ദര്‍ശനം. Show all posts

Monday, January 14, 2013

വിവേകാനന്ദനും നവ്യവേദാന്തവും

ജനുവരി മാസം 12 ന് വിവേകാനന്ദന്റെ ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ സന്ദേശത്തെപ്പറ്റി ഓര്‍ക്കാനും ചര്‍ച്ചചെയ്യാനും അതു നല്ലൊരവസരമാണ്. പക്ഷപാതരഹിതമായി ആ ദാര്‍ശനികഭഗീരഥന്റെ ആശയസംഭാവനകള്‍ അപഗ്രഥിക്കയാണെങ്കില്‍ അവ ഇപ്പോഴും പ്രയോജനവും പ്രസക്തിയും ഉള്ളവയാണെന്നു കാണാം. മതമൗലികവാദ താണ്ഡവത്തിനു മുക്കിക്കളയാന്‍ ആവാത്തവിധമുള്ള ശബ്ദഘനവും അര്‍ഥഘനവും ആ മഹാന്റെ ചിന്തകള്‍ക്ക് ഇപ്പോഴും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. വിവേകാനന്ദ ചിന്തകളെക്കുറിച്ച് സമഗ്രമായ ഒരു പഠനം ഇവിടെ ഉദ്ദേശിക്കുന്നില്ല. മനുഷ്യ സ്‌നേഹിയായ ആ സന്യാസി ഉന്നയിച്ച ചില പ്രധാന പ്രശ്‌നങ്ങള്‍ മാത്രം പുനഃപഠനത്തിന് വിധേയമാക്കയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.

വിവേകാനന്ദന്റെ ചിന്തയെ ദാര്‍ശനികന്മാര്‍ പൊതുവെ വിളിക്കുന്നത് നവ്യവേദാന്തം എന്നാണ്. യഥാര്‍ഥത്തില്‍ ഈ നവ്യവേദാന്താശയം രാജാറാം മോഹന്‍േറായി മുതല്‍ ആരംഭിക്കുന്നുണ്ട്. നാടുവാഴിത്ത പ്രധാനമായ സമൂഹഘടനയില്‍ നിന്നു കോളനിവ്യവസ്ഥയിലേക്ക് മാറിയ ഘട്ടത്തില്‍ ഉണ്ടായ കോളനിവിരുദ്ധമായ അവബോധമോ ആശയമോ ആണ് വാസ്തവത്തില്‍ ഈ നവ്യവേദാന്തത്തില്‍ കാണുന്നത്. പശ്ചാത്തല പരിശോധന ആഴത്തില്‍ നടത്തിയാല്‍ പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ പ്രകടമായിക്കണ്ട നവ്യന്യായസിദ്ധാന്തം ഇന്ത്യയുടെ പ്രത്യയശാസ്ത്രപുരോഗതിയില്‍ ആശ്ചര്യകരമായ ഒരു സംഭവമാണെന്നു കാണാം.

രാജാറാംമോഹന്റോയ് ഈ ശാഖയില്‍ വിദഗ്ധനായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ദാര്‍ശനികന്മാര്‍ നവ്യന്യായത്തിന്റെ സംഭാവനകള്‍ അവബോധവികാസത്തെ എത്ര സഹായിച്ചുവെന്നു വേണ്ടത്ര വിലയിരുത്തിയില്ല. വിവേകാനന്ദചിന്തയുടെ പശ്ചാത്തലം പരിശോധനാര്‍ഹമാണ്. രാജാറാം മോഹന്‍ റോയിയുടെ ചിന്തകളും ബ്രഹ്മസമാജത്തിന്റെ സന്ദേശവും അദ്ദേഹത്തില്‍ ചെലുത്തിയ സ്വാധീനമാണ് ഒന്നാമതായി ചൂണ്ടിക്കാണിക്കാനുള്ളത്.

രണ്ടാമത്തെ കാര്യം രാമകൃഷ്ണപരമഹംസരുടെ ശിഷ്യത്വമാണ്. സര്‍വമത സാഹോദര്യത്തിനുവേണ്ടി നിരന്തരമായി പ്രവര്‍ത്തിക്കുകയും ഈശ്വരഭജനം മനുഷ്യസേവനത്തിന്റെ ഭാഗമാണെന്നു കാണുകയും ചെയ്ത ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ ഗദാധര്‍ ചതോപാധ്യായയാണ് രാമകൃഷ്ണന്‍ എന്ന സന്യാസിയായി മാറിയത്. സുപ്രസിദ്ധ ഹിന്ദു ലിബറല്‍ ചിന്തകനും ബ്രഹ്മസമാജവാദിയും ആയ കേശവചന്ദ്രസേനനാണ് രാമകൃഷ്ണനെ പരമഹംസന്‍ എന്ന് വിളിച്ചത്. കേശവചന്ദ്രസേനന്റെ ഇന്ത്യന്‍മിറര്‍ എന്ന പത്രം വഴിയാണ് പരമഹംസരുടെ സന്ദേശം ഇടത്തരക്കാരുടെ ഇടയില്‍ എത്തിയത്. രാമകൃഷ്ണന്‍ സാധാരണ ഹിന്ദു സന്യാസിമാരില്‍ നിന്നു തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന് ക്രിസ്ത്യാനികളും മുഹമ്മദീയരുമായ ശിഷ്യന്മാരുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്ന ക്രിസ്തീയ പാതിരിസംഘത്തോടു ക്രിസ്തുവിന് നമസ്‌കാരം എന്നദ്ദേഹം പറഞ്ഞപ്പോള്‍ ആ സംഘം അമ്പരന്നുപോയി. പരമഹംസനോടു കാരണം ആരാഞ്ഞപ്പോള്‍ ഏറ്റവും ഉദാത്തനായ ദൈവപുത്രനാണ് ക്രിസ്തുവെന്നായിരുന്നു മറുപടി. യാദൃച്ഛികമായാണ് നരേന്ദ്രന്‍ രാമകൃഷ്ണനെ കണ്ടത്. വേഡ്‌സ്‌വര്‍ത്തിന്റെ കവിത പഠിക്കുമ്പോഴാണ് നരേന്ദ്രന്‍ മിസ്റ്റിസിസത്തെപ്പറ്റി കേള്‍ക്കുന്നത്. പ്രൊഫസറായ ഹേസ്റ്റിയോടു ചോദിച്ചപ്പോള്‍ പ്രസ്തുത വിഷയം മനസ്സിലാക്കാന്‍ രാമകൃഷ്ണനെ കാണുകയാണ് നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചു. അങ്ങനെയാണ് രാമകൃഷ്ണപരമഹംസരുമായി നരേന്ദ്രന്‍ പരിചയപ്പെടുന്നത്.  അേദ്ദഹവുമായി നടത്തിയ നിരന്തരമായ തര്‍ക്കത്തില്‍ കൂടിയാണ് ആ യുവാവ് ഒരു ദാര്‍ശികനായി മാറുന്നത്. ഇതരമത ചിന്തകളോടുളള ആദരവും സാമൂഹ്യസേവനത്തിലുള്ള ആഭിമുഖ്യവും സന്ന്യാസവൃത്തിയിലുള്ള വിശ്വാസവും രാമകൃഷ്ണന്റെ സ്വാധീനത്തില്‍ നിന്നാണ് നരേന്ദ്രന്‍ എന്ന വിവേകാനന്ദനുണ്ടായത്.

സമൂഹത്തിലെ ജീര്‍ണതയും പാവപ്പെട്ടവരുടെ ദുരിതങ്ങളും അദ്ദേഹത്തെ വളരെയധികം ദുഃഖിപ്പിച്ചിരുന്നുവെന്നതാണ് മൂന്നാമത്തെ കാര്യം. അദ്ദേഹത്തിന്റെ ഏതു പ്രസംഗത്തിലും എഴുത്തിലും സംഭാഷണത്തിലും ഈ പ്രശ്‌നങ്ങള്‍ എപ്പോഴും തേട്ടിത്തേട്ടി വന്നതായി കാണാം. ബ്രിട്ടീഷ് ഭരണമാണ് അന്തിമവിശകലനത്തില്‍ ഇതിനുത്തരവാദിയെന്നും സന്യാസി പൂര്‍ണമായി വിശ്വസിച്ചു. കൈത്തൊഴില്‍, കൃഷി എന്നിവയുടെ തകര്‍ച്ചയും സെമിന്ദാര്‍മാരുടെയും സര്‍ക്കാരിന്റെയും ചൂഷണവും അടിക്കടി ഉണ്ടായ ക്ഷാമവും ബംഗാള്‍ സംസ്ഥാനത്തെ മിക്കവാറും ചുടലക്കളമാക്കി മാറ്റിയ ഘട്ടമാണതെന്നോര്‍ക്കണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചൂഷണത്തെക്കുറിച്ച് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞത് ഇപ്രകാരമാണ്.''ധനികവര്‍ഗം അതതു നാട്ടിലെ ഗവണ്‍മെന്റുകളെ കയ്യിലാക്കുകയും ജനങ്ങളുടെ അധ്വാനഫലമായ വരുമാനത്തെ കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ജനങ്ങളെ പട്ടാളക്കാരാക്കി അന്യരാജ്യങ്ങളിലേക്കയക്കുകയും യുദ്ധം നടത്തുകയും ചെയ്യുന്നു. ജനങ്ങളെ കൊല്ലിക്കുന്നു. യുദ്ധം ജയിച്ചാല്‍ ഭണ്ഡാരം സ്വര്‍ണം കൊണ്ടു നിറയ്ക്കുന്നു. കീഴടക്കിയ രാജ്യങ്ങളിലെ ജനങ്ങളുടെ രക്തത്തില്‍ നിന്നാണ് ഈ സമ്പത്ത് കവര്‍ന്നെടുക്കുന്നത്. സാമ്രാജ്യത്വരാജ്യങ്ങളിലെ ഭരണഘടനയും പാര്‍ലമെന്റും സ്വാതന്ത്ര്യവും എല്ലാം വെറും നേരംപോക്കുകള്‍ മാത്രമാണ്. (സമ്പൂര്‍ണകൃതികള്‍- മൂന്നാം വാല്യം, ഭാഗം 158). ഇങ്ങനെ തുറന്നു പറഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ സന്യാസി എന്ന് ചിലര്‍ വിളിച്ചത്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഒരിക്കലും അദ്ദേഹം ഇടപ്പെട്ടിരുന്നില്ല എന്ന കാര്യം ഓര്‍ക്കണം. പക്ഷേ, രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നന്നായി ശ്രദ്ധിച്ചിരുന്നു. 1930  വരെ ബംഗാളിലെ തീവ്രവാദികളുടെ വാസസ്ഥലങ്ങള്‍ പരിശോധിച്ചപ്പോള്‍ എവിടെയും പൊലീസുകാര്‍ കണ്ട ഏകഗ്രന്ഥം 'കൊളമ്പോ മുതല്‍ അല്‍മോറവരെയുള്ള പ്രസംഗങ്ങള്‍' എന്ന വിവേകാനന്ദകൃതിയാണ്. അതൊരു ആവൃത്തി വായിച്ചാല്‍ ദേശാഭിമാനത്തിന്റെ ചൈതന്യം എന്തെന്ന് ആര്‍ക്കും മനസിലാകും.

പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്. ദാര്‍ശനിക ചിന്തയിലെ അവസാനവാക്ക് പറഞ്ഞുവെന്നോ, ജ്ഞാനാന്വേഷണം അവസാനിച്ചുവെന്നോ കരുതാത്ത ഒരു നവീനസന്യാസിയായിരുന്നു വിവേകാനന്ദന്‍. പ്രാപഞ്ചികസത്തയില്‍ അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ദാര്‍ശനിക പ്രശ്‌നത്തിന്റെ തുല്യ ഗൗരവത്തില്‍ മാനുഷികപ്രശ്‌നവും കൈകാര്യം ചെയ്യേണ്ടതാണെന്നദ്ദേഹം കരുതുന്നു. വേറൊരു ഭാഷയില്‍ പറയട്ടെ, ദാര്‍ശനിക പ്രശ്‌നത്തിന്റെ കാതല്‍ മനുഷ്യനാണെന്നദ്ദേഹം കണ്ടെത്തി. മതമൈത്രിയിലും മതതുല്യതയിലും മനുഷ്യനന്മയിലും സമൂഹവികാസത്തിലും അദ്ദേഹം വിശ്വസിച്ചു.

ദേശാഭിമാനവും പാവങ്ങളോടുള്ള സ്‌നേഹാദരങ്ങളും ആത്മീയവാദത്തിനെതിരായ സങ്കല്‍പങ്ങളായി അദ്ദേഹം കണ്ടില്ല. കപിലനിലും ബുദ്ധനിലും ശങ്കരനിലും ക്രിസ്തുവിലും മുഹമ്മദിലും എല്ലാം പൂര്‍ണതയുടെ അംശങ്ങള്‍ കാണുന്ന ആ യുവസന്യാസിയുടെ ചിന്തകള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ ധാരാളം പ്രസക്തി ഉണ്ടെന്നു തോന്നുന്നു. ആ അവധൂതന്റെ കൃതികള്‍ വായിക്കുന്നതും ചിന്തകള്‍ ചര്‍ച്ച ചെയ്യുന്നതും ആധുനികാവബോധത്തിന് മാറ്റ് കൂട്ടുമെന്നു തോന്നുന്നു.

*
( എന്‍ ഇ ബാലറാം സമ്പൂര്‍ണകൃതികള്‍ - വാല്യം ഒന്ന്) ജനയുഗം

Tuesday, November 6, 2012

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

ഇ.എം.എസ്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്നപ്പോള്‍ ഇടയ്ക്കൊക്കെ പത്രാധിപസമിതി അംഗങ്ങളായിരുന്ന ഞങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തിയിരുന്നു. പത്രഭാഷയായിരുന്നു അദ്ദേഹത്തിന്റെ സംസാരവിഷയം. എങ്ങനെ എഴുതണം? എങ്ങനെ പറയണം? ഇംഗ്ളീഷ് പരിഭാഷ എങ്ങനെ? അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തക്ക് വിഷയമായിരുന്നു. നിങ്ങള്‍ക്ക് ഒരുചിന്തകനെപ്പോലെ ഗഹനമായ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാം; പക്ഷെ എഴുത്ത് സാധാരണക്കാരനുവേണ്ടിയാവണം - ഇതായിരുന്നു ഇ.എം.എസിന്റെ സംസാരത്തിന്റെ അന്തഃസത്ത. അദ്ദേഹം ആവര്‍ത്തിച്ചുപറയും:

"പഴയതലമുറയില്‍പ്പെട്ട ഒരാളെന്ന നിലക്ക് പുതിയ തലമുറക്കാരുടെ സംസ്കൃത പദപ്രയോഗം നിമിത്തം വല്ലാത്ത അസഹ്യത തോന്നിയിട്ടുള്ള ഒരാളാണ് ഞാന്‍. ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാവണം. ആശയ സംബന്ധമായ പൊതു സിദ്ധാന്തം, അതിന്റെ സവിസ്തരമായ വിശദാംശങ്ങള്‍ എന്നിവയെ സംബന്ധിച്ച് ശരിയായ ധാരണയില്ലാത്തവര്‍ക്ക് ഭാഷ ശരിയായി ഉപയോഗിക്കാന്‍ കഴിയുകയില്ല. ഇംഗ്ളീഷ് ഭാഷയറിയാത്ത, അതിലെഴുതപ്പെട്ട കൃതികളുടെ ഉള്ളടക്കം മനസ്സിലാക്കാന്‍ കഴിയാത്ത, ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് മനസ്സിലാവണമെന്ന ഉദ്ദേശം എഴുത്തുകാര്‍ക്ക് ഉണ്ടോ? അതോ അഭ്യസ്തവിദ്യരായ ഒരു ചെറു ന്യൂനപക്ഷത്തെ ഉദ്ദേശിച്ചാണോ എഴുതുന്നത്? ആദ്യത്തേതാണെങ്കില്‍ ഉപയോഗിക്കേണ്ട ഭാഷ ഒന്ന്, രണ്ടാമത്തേതാണെങ്കില്‍ ഉപയോഗിക്കാവുന്നത് മറ്റൊന്ന്. ഈ വ്യത്യാസമുണ്ടെന്നുപോലും നമ്മുടെ എഴുത്തുകാര്‍ മനസ്സിലാക്കുന്നുണ്ടോ? ഇല്ലെന്ന് എനിക്കു തോന്നുന്നു.''
പാണ്ഡിത്യപ്രകടനം അല്ല എഴുത്ത് എന്നും എഴുത്ത് ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്ന് വ്യക്തമായ ധാരണയുള്ളവരാണ് തങ്ങളെന്നും ജീവിതത്തിലുടനീളം എഴുത്തിലും പ്രസംഗങ്ങളിലും തെളിയിച്ചവരാണ് കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ് നേതാക്കളായിരുന്ന ഇ.എം.എസും കെ. ദാമോദരനും സി. അച്യുതമേനോനും എം.എസ്. ദേവദാസും എന്‍.ഇ. ബലറാമും സി. ഉണ്ണിരാജയും. ഇവരില്‍ മുന്‍പന്തിയില്‍ കെ. ദാമോദരനാണെന്ന് അദ്ദേഹം എഴുതിയതെല്ലാം വായിച്ചാല്‍ നമുക്കു മനസ്സിലാകും. മാര്‍ക്സിയന്‍ ദര്‍ശനമായാലും ധനതത്വശാസ്ത്രമായും ഭാരതീയ തത്വചിന്തയായാലും ലളിതമായി, തെളിമയോടെ വിവരിക്കാനുള്ള ആ വൈഭവം ഒന്നുവേറെ; ഒരു പ്രസംഗം കേള്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പുരോഗമനസാഹിത്യമായിരുന്നു വിഷയം. എത്ര ലളിതമായിരുന്നു അവതരണം! ബുദ്ധിജീവിയുടെ കാപട്യമില്ല; നാട്യമില്ല. എനിക്ക് ചിലതൊക്കെ നിങ്ങളുമായി പങ്കു വയ്ക്കാനുണ്ട് എന്ന മട്ടിലാണ് തുടക്കം. പറയുന്നതോ ഗഹനവും ഏറെ പുതുമയുള്ളതുമായ കാര്യങ്ങള്‍. ആ തലമുറ ചെയ്ത സംഭാവനകളാണ് ഇന്നും നമ്മുടെ മുതല്‍കൂട്ടുകള്‍.

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന പവനന്‍ എഴുതിയ തൂലികാഗ്രന്ഥത്തില്‍ ദാമോദരന്റെ വ്യക്തിത്വത്തെ വരച്ചുവയ്ക്കുന്നുണ്ട്. പവനന്‍ എഴുതുന്നു: "മനുഷ്യനില്‍ നിന്ന് അകന്നു നിന്നുകൊണ്ട് പിടികിട്ടാത്ത കാര്യങ്ങളെപ്പറ്റി പിടികിട്ടാത്ത ഭാഷയില്‍ സംസാരിക്കുന്നതാണ് പാണ്ഡിത്യമെന്നു ധരിച്ചു വശായ പണ്ഡിതന്മാരില്‍ നിന്ന് വിഭിന്നനായി, പാണ്ഡിത്യം ജനങ്ങള്‍ക്കുവേണ്ടി ആര്‍ജിക്കുകയും ജനലക്ഷങ്ങളിലേക്കു പകരുകയും ചെയ്ത ബുദ്ധിജീവിയായിരുന്നു അദ്ദേഹം. ഉദ്ദേശമില്ലാത്ത ഒരു പഠനവും അദ്ദേഹം നടത്തിയിട്ടില്ല. പഠിച്ചതൊന്നും അദ്ദേഹത്തിന് ദഹനക്കേടുണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ലളിതമായ ഭാഷയില്‍ സാധാരണക്കാരുടെ ഇടയില്‍ ആശയപരമായ പ്രബോധനം നടത്താന്‍ കഴിഞ്ഞു. കേട്ടവര്‍ക്കു കാര്യം മനസ്സിലായതുകൊണ്ട് ബുദ്ധിപരമായ ഒരു വിപ്ളവത്തിന് നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.'' ഇത് അക്ഷരംപ്രതി ശരിയെന്ന് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ (ഇപ്പോള്‍ പ്രഭാത് ബുക്സ് അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികള്‍ പത്ത് വാല്യങ്ങളായി പുറത്തിറക്കുന്നു) വായിച്ചാല്‍ മതി.

കമ്യൂണിസ്റ് വിരുദ്ധപ്രചരണങ്ങളെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളും തെളിമയാര്‍ന്ന മറുപടിയുംകൊണ്ട് നേരിടുന്ന ദാമോദരന്റെ ശൈലി, ഇന്ന് എതിരാളികളെ മസ്സില്‍ പവര്‍ കൊണ്ട് മാത്രം നേരിടുന്നവര്‍ പാഠമാക്കേണ്ടതാണ്. 'യേശുക്രിസ്തു മോസ്കോവില്‍' എന്ന ലഘുലേഖകൊണ്ട് കമ്യൂണിസ്റ് വിരുദ്ധനായിരുന്ന ഫാദര്‍ വടക്കനെ ദാമോദരന്‍ നേരിട്ടത് എത്ര അസൂയാവഹമാണെന്ന് പരിശോധിച്ചാല്‍ കാണാം. 'യേശുക്രിസ്തു മോസ്കോവില്‍' എന്ന ലഘുലേഖ ദാമോദരന്‍ ഇറക്കി. ഫാദര്‍ വടക്കന് സഹിച്ചില്ല. 'യേശുക്രിസ്തു മോസ്കോവിലോ' എന്ന് ചോദിച്ച് വടക്കന്‍ മറുപടി പറഞ്ഞു ലഘുലേഖ പുറത്തിറക്കി. ദാമോദരന്‍ ഉടനെ 'യേശുക്രിസ്തു മോസ്കോവില്‍ തന്നെ' എന്ന മറുചോദ്യവുമായി ലഘുലേഖ ഇറക്കി വടക്കനെ നിശബ്ദനാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ദാമോദരന്റെ നിര്യാണത്തെ തുടര്‍ന്ന് ചേര്‍ന്ന അനുശോചനയോഗത്തില്‍ ഈ 'തര്‍ക്കം' സൂചിപ്പിച്ച് ഫാദര്‍ വടക്കന്‍ പറഞ്ഞു: "ദാമോദരന്റെ രണ്ടാമത്തെ ലഘുലേഖ - യേശുക്രിസ്തു മോസ്കോവില്‍തന്നെ-ക്ക് മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അതില്‍ ദാമോദരന്‍ പറഞ്ഞത് സത്യമായിരുന്നു. അതോടെ എനിക്ക് കമ്യൂണിസ്റ് പ്രസ്ഥാനത്തോട് സ്നേഹാദരവ് ഉണ്ടായി തുടങ്ങി.''

'യേശു ക്രിസ്തു മോസ്ക്കോവില്‍തന്നെ' എന്ന ലഘുലേഖ ദാമോദരന്‍ തുടങ്ങുന്നത് റോമന്‍ സാമ്രാജ്യത്തില്‍ അടിമകളും മര്‍ദകരായ ഉടമകളും തമ്മിലുള്ള വര്‍ഗസമരം മൂര്‍ധന്യത്തിലെത്തിയ സന്ദര്‍ഭത്തെ സൂചിപ്പിച്ചുകൊണ്ടാണ്. അനവധികലാപങ്ങള്‍ നടത്തി, സ്പാര്‍ട്ടക്കസ് ലഹളപോലും പരാജയപ്പെട്ട സന്ദര്‍ഭത്തില്‍, സ്വന്തം ത്യാഗം കൊണ്ട് തങ്ങളെ രക്ഷിക്കാന്‍ കഴിവുള്ള മഹാത്മാവിനെ അടിമകള്‍ സ്വപ്നം കണ്ട് കഴിയുമ്പോഴാണ് നസ്രത്തുകാരനായ ഒരാശാരിയുടെ മകന്‍ അവരുടെ മുന്നിലെത്തുന്നത്. ക്രിസ്തുവിന്റെ വാക്കുകള്‍ അടിമകളുടെ വ്രണങ്ങള്‍ക്ക് മുറി കെട്ടികൊടുത്തു. അവര്‍ അദ്ദേഹത്തിന്റെ മുന്നില്‍ അണിനിരന്നു. പഴയ മതങ്ങളുടെ സ്ഥാനത്ത് പുതിയൊരു മതം വന്നു. ക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ന്നുനിന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ക്രിസ്തുമതം കാട്ടുതീപോലെ പടര്‍ന്നു. ആ മതം പിന്നീട് ചൂഷണവ്യവസ്ഥയെ നിലനിര്‍ത്താനും സ്ഥാപിത താല്‍പര്യങ്ങളെ കാത്ത് സൂക്ഷിക്കാനുമുള്ള ഒരാത്മീയായുധമായി എങ്ങനെ മാറിയെന്ന് ദാമോദരന്‍ ഈ ലഘുലേഖയില്‍ വിശദമാക്കുന്നു. മാര്‍പ്പാപ്പയുടെ ശത്രു സോവിയറ്റ് യൂണിയനും സോഷ്യലിസവും കമ്യൂണിസവുമാണെന്ന് ദാമോദരന്‍ സ്ഥാപിക്കുന്നു. കൂട്ടത്തില്‍ വടക്കനച്ചനോട് ദാമോദരന്‍ ചോദിക്കുന്നു:  "ഒരു ധനികന് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയുന്നതിനെക്കാള്‍ എളുപ്പം ഒരൊട്ടകത്തിന് സൂചിത്തുളയിലൂടെ കടക്കാനാണ് എന്നാണല്ലോ യേശുക്രിസ്തു പ്രഖ്യാപിച്ചത്? യേശുക്രിസ്തുവിന്റെ ഈ പ്രഖ്യാപനം ശരിയാണെങ്കില്‍ നിങ്ങളും നിങ്ങളുടെ യജമാനന്മാരായ വന്‍കിട സ്വത്തുടമകളും മരണത്തിനുശേഷം എങ്ങോട്ടാണ് പോകുക?'' വടക്കനച്ചനെ ഉത്തരം മുട്ടിക്കുന്ന ഈ ചോദ്യം അദ്ദേഹത്തിന്റെ പിന്‍മുറക്കാരിലും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

ദാമോദരനോട് മാര്‍ക്സിസം അടക്കമുള്ള രാഷ്ട്രീയ സാഹിത്യസാമൂഹ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് സംശയങ്ങള്‍ ചോദിക്കൂ. മറുപടി വ്യക്തമായി കിട്ടും. അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്തുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളും താഴെകൊടുക്കുന്നു. ആധുനിക മാര്‍ക്സിസ്റ് പണ്ഡിതന്മാര്‍ക്കും സുവ്യക്തമായി എഴുതി പഠിക്കാന്‍ ഇത് സഹായിക്കും. അവര്‍ക്ക് എക്കാലവും അനുകരണീയമാണ് ദാമോദരന്റെ ജനകീയ ഭാഷ.

ചോദ്യം : ആദ്യം മനുഷ്യന്‍, പിന്നെ മാര്‍ക്സിസം ചില ഇടതുപക്ഷ ബുദ്ധിജീവികള്‍ പറയുന്നത് ശരിയാണോ?

മനുഷ്യനെയും മാര്‍ക്സിസത്തെയും രണ്ടാക്കി വെട്ടിമുറിച്ചു പരസ്പര ബന്ധമില്ലാത്ത രണ്ട് കള്ളറകളിലേക്കെറിയുന്ന ഈ മുദ്രാവാക്യം കേട്ടപ്പോള്‍ മാര്‍ക്സിസത്തിന്റെ ഒരു വിദ്യാര്‍ഥിയായ എനിക്ക് മറ്റൊരു മുദ്രാവാക്യം ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി, മാര്‍ക്സിസത്തില്‍ നിന്നു മനുഷ്യനെ കിഴിച്ചാല്‍ പിന്നെ വട്ടപൂജ്യം. മാര്‍ക്സ് എഴുതിയതിന്റെയെല്ലാം കേന്ദ്രബിന്ദു മനുഷ്യനാണ്. മനുഷ്യനപ്പുറത്ത് യാതൊന്നുമില്ല. മാര്‍ക്സിനു മുന്‍പ് ജീവിച്ചിരുന്ന മഹാന്മാര്‍ മനുഷ്യസ്നേഹമെന്ന പദത്തെ ധാര്‍മികമായ അര്‍ഥത്തിലാണ് ഉപയോഗിച്ചത്. മാര്‍ക്സാകട്ടെ, അതിന് ശാസ്ത്രീയമായ ഉള്ളടക്കം നല്‍കി.

ചോദ്യം : കുരുക്ഷേത്ര യുദ്ധത്തില്‍ ധര്‍മത്തെകുറിച്ചുള്ള അര്‍ജുന - കൃഷ്ണസംവാദത്തിന്റെ അന്തസത്ത എന്ത്?

രണ്ടുപേരും ധര്‍മത്തെ പിടിച്ചാണയിടുന്നു. അധര്‍മത്തെ രണ്ടുപേരും വെറുക്കുന്നു. പക്ഷെ അര്‍ജുനന്‍ കുലധര്‍മത്തിലാണ് ഊന്നുന്നത്. കൃഷ്ണനോ വര്‍ണ ധര്‍മത്തിലും. ഇങ്ങനെ രണ്ടുതരം ധാര്‍മിക മൂല്യങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കുരുക്ഷേത്രത്തിലെ യുദ്ധക്കളത്തില്‍ നടക്കുന്നത്. കുലധര്‍മത്തെക്കാള്‍ വര്‍ണധര്‍മമാണ് മേലെ എന്ന് തെളിയിക്കാന്‍ പതിനെട്ടധ്യായങ്ങള്‍ വേണ്ടിവന്നു. ഏതായാലും ഒടുവില്‍ കൃഷ്ണന്‍ തന്നെ ജയിച്ചു. സനാതനങ്ങളെന്നു വിശ്വസിക്കപ്പെട്ടുപോകുന്ന കുലധര്‍മങ്ങള്‍ വധിക്കപ്പെടുകയും അവയ്ക്കുപകരം വര്‍ഗവ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലുള്ള വര്‍ണ ധര്‍മങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

ചോദ്യം : പുരോഗമന സാഹിത്യകാരന് ഒരു നിര്‍വചനം?

സാഹിത്യകാരന്റെ ഉദ്ദേശ്യമോ ആഗ്രഹമോ എന്തുതന്നെയായാലും അതു വസ്തുനിഷ്ഠമായ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടിരിക്കണം. അതായത്, സമുദായത്തിലെ വളരുന്ന ശക്തികളെ വളരുന്ന ശക്തികളായും തകരുന്ന ശക്തികളെ തകരുന്ന ശക്തികളായും കണ്ടു ചിത്രീകരിക്കാന്‍ സാഹിത്യകാരനു സാധിക്കണം. അങ്ങനെ ചിത്രീകരിക്കുന്ന സാഹിത്യകാരനാണ് പുരോഗമന സാഹിത്യകാരന്‍, എന്തെന്നാല്‍, അയാളാണ്, സാമൂഹ്യപുരോഗതിയെ പ്രതിഫലിപ്പിക്കുന്നത്. അയാളാണ് സാമൂഹ്യവളര്‍ച്ചക്ക് പ്രചോദനം നല്‍കുന്ന സാഹിത്യം നിര്‍മിക്കുന്നത്.

ചോദ്യം : ധനശാസ്ത്രം എന്നാലെന്ത്?

ധനശാസ്ത്രം ഒരു സാമൂഹ്യശാസ്ത്രമാണ്. അത് മനുഷ്യനെ കേവലം ഒരു വ്യക്തിയെന്ന നിലക്കല്ല; ഒരു സാമൂഹ്യജീവിയെന്ന നിലയ്ക്കാണ് വ്യവഹരിക്കുന്നത്. കാടന്മാരുടെ സമുദായത്തിലായാലും ശരി, സോഷ്യലിസ്റ് സമുദായത്തിലായാലും ശരി, മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉല്‍പാദന വിതരണ പ്രവര്‍ത്തങ്ങളിലേര്‍പ്പെടുന്നത് ഒറ്റയ്ക്കൊറ്റക്കായിട്ടല്ല, സാമൂഹ്യമായിട്ടാണ്; പരസ്പരം സഹകരിച്ചുകൊണ്ടും പരസ്പരം ബന്ധപ്പെട്ടുകൊണ്ടുമാണ്. ഉല്‍പാദന വിതരണങ്ങള്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചല്ല, സവിശേഷങ്ങളായ ചില സാമ്പത്തിക നിയമങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആ സാമ്പത്തിക നിയമങ്ങളുടെ വസ്തുനിഷ്ഠമായ വിശകലനമാണ് ധനശാസ്ത്രം.

ചോദ്യം : അങ്ങ് എഴുതിയ 'പാട്ടബാക്കി'യെന്ന നാടകത്തെകുറിച്ച്?

അതിന് മുന്‍പൊരിക്കലും ഞാന്‍ നാടകം എഴുതിയിട്ടില്ല. കവിതയും കഥയും എഴുതിയിട്ടുണ്ട്. ഇ.എം.ആണ് പ്രേരണ ചെലുത്തിയത്. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്നതാകണം നാടകമെന്ന് ഇ.എം.എസ്. പറഞ്ഞു. ഞാന്‍ എഴുതി. നിരവധി വേദികളില്‍ കളിച്ചു അഭിനന്ദനം നേടി. എം.പി. ഭട്ടതിരിപ്പാടും പറയനും പറയിയുമൊക്കെ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ നാടകത്തിന്റെ കെട്ടും മറ്റും മാറാന്‍ തുടങ്ങി. ഓരോ പ്രാവശ്യം അഭിനയിക്കുമ്പോഴും പുതിയ പുതിയ പരീക്ഷണങ്ങളുണ്ടായി. അങ്ങനെ കളിച്ചു കളിച്ചു നാടകം എന്റെ സ്വന്തമല്ലാതായി. അതൊരു കൂട്ടായ പരിശ്രമത്തിന്റെ ഫലമായി തീര്‍ന്നു. അതോടെ കലാപരമായും അത് വളരെ മെച്ചപ്പെട്ടു. അതുകൊണ്ടാണ് അതു കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചത്.

ചോദ്യം : വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തില്‍ മാര്‍ക്സിസം വ്യക്തികള്‍ക്കുള്ള സ്ഥാനം നിഷേധിക്കുന്നുവെന്ന ആരോപണത്തോട് യോജിക്കുന്നുണ്ടോ?

സമൂഹമെന്നത് വ്യക്തികളുടെ ആകെത്തുകയാണ്. അതുകൊണ്ട് സമൂഹത്തിന്റെ പൂര്‍ണത അതിലടങ്ങിയ വ്യക്തികളുടെ പൂര്‍ണതയെ ആശ്രയിച്ചിരിക്കും. വ്യക്തി സമൂഹത്തിന്റെ ഭാഗം മാത്രമാണ്. അതുകൊണ്ട് വ്യക്തി പ്രശ്നത്തെ സാമൂഹ്യപ്രശ്നങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയെടുക്കാന്‍ കഴിയില്ല. വ്യക്തിയുടെ വളര്‍ച്ച സമൂഹത്തിന്റെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു. പട്ടിണിയും തൊഴിലില്ലായ്മയും ചൂഷണങ്ങളും അടിമത്തവും അനുഭവിക്കുന്ന വ്യക്തിക്കു വളരാന്‍ കഴിയില്ല. അതിനാല്‍, ഇത്തരം സാമൂഹ്യവൈകൃതങ്ങളവസാനിപ്പിക്കുക. വ്യക്തിത്വം സൌന്ദര്യത്തിലേക്കും പൂര്‍ണതയിലേക്കും വികസിച്ചുകൊള്ളും. മാര്‍ക്സിസം വ്യക്തികള്‍ക്ക് സമുദായത്തിലുള്ള സ്ഥാനത്തെ നിഷേധിക്കുന്നില്ല. ചില സവിശേഷഗുണങ്ങളും സ്വഭാവവിശേഷങ്ങളും കഴിവുകളുമുള്ള വ്യക്തികള്‍ ചരിത്രത്തിന്റെ ഭാഗധേയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അതുറപ്പിച്ചു പറയുന്നു.

ചോദ്യം : നേതാവും പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം? നേതാവിന്റെ അപ്രമാദിത്യവും തലക്കനവും എങ്ങനെ നോക്കി കാണുന്നു?


നേതാവ് അസാമാന്യമായ കഴിവുള്ളവനാണ്, ചരിത്രം സൃഷ്ടിക്കുന്നവനാണ്, ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കെല്‍പ്പുമുള്ളവനാണ്. മഹാനായ നേതാവില്‍ അചഞ്ചലമായ വിശ്വാസമര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളെ അന്ധമായി വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ മതി എല്ലാം ശരിയായി കൊള്ളും. സാധാരണ പാര്‍ടി അംഗങ്ങളോ ബഹുജനങ്ങളോ സ്വന്തമായി ചിന്തിക്കുകയോ പഠിക്കുകയോ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ടതില്ല. എന്തെന്നാല്‍, സംഭവഗതികള്‍ക്കു രൂപം കൊടുക്കേണ്ട ചുമതല ജനങ്ങള്‍ക്കല്ല, നേതാവിനാണ് - വ്യക്തി ആരാധനയില്‍ നിന്നും നേതൃപൂജയില്‍നിന്നും ഉളവാക്കുന്ന ഇത്തരം ചിന്താഗതികള്‍ സാമൂഹ്യ ജീവിതത്തെ മരവിപ്പിക്കുകയും വിപ്ളവ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കാനുള്ള ബഹുജനങ്ങളുടെ കഴിവിനെ നശിപ്പിക്കുകയും ചെയ്യും. നേതാക്കള്‍ തന്നെ തങ്ങളുടെ സ്വന്തം വ്യക്തിത്വത്തിന് അമിതമായ പ്രാധാന്യം സ്വയം കല്‍പിക്കും. നേതാക്കള്‍ എന്ന നിലക്ക് മാധ്യമങ്ങളും ജനങ്ങളും അമിത പ്രാധാന്യം നല്‍കുമ്പോള്‍ അധികാരം അവരുടെ തലക്ക് പിടിക്കും. അവസരം കിട്ടിയാല്‍ അവര്‍ അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും കിരീടം ധരിക്കാന്‍ തുടങ്ങും. അവരുടെ വ്യക്തിപരമായ ദുര്‍ഗുണങ്ങള്‍ പുറത്തുവരികയും ചെയ്യും.

ചോദ്യം : സ്റാലിനെ എങ്ങനെ വിലയിരുത്തുന്നു?

തൊഴിലാളിവര്‍ഗത്തോടും കമ്യൂണിസ്റ് പ്രസ്ഥാനത്തോടുമുള്ള കൂറ്, അഗാധമായ താത്വികജ്ഞാനം, ബഹുജനങ്ങളെ സംഘടിപ്പിക്കാനും അവരുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനുമുള്ള അസാമാന്യമായ കഴിവ്, ഊര്‍ജസ്വലമായ മനശക്തി എന്നിങ്ങനെ പല സത് ഗുണങ്ങള്‍ ഉള്ളതുകൊണ്ടാണ് സ്റാലിന്‍ അനിഷേധ്യ നേതാവായി തീര്‍ന്നത്. ഈ ഗുണങ്ങളോടൊപ്പം മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത, പ്രവര്‍ത്തകന്മാരെപ്പറ്റിയുള്ള അനാരോഗ്യകരമായ ദുശങ്കകള്‍, ധാര്‍ഷ്ട്യം, നിര്‍ദയത, നേതൃത്വഭ്രമം എന്നിങ്ങനെയുള്ള ദുര്‍ഗുണങ്ങള്‍ സ്റാലിനെ പിടികൂടി. വ്യക്തി പൂജ ഉയര്‍ന്നതോടെയാണ് ഇതെല്ലാം പുറത്തുവന്നത്. അത് സോഷ്യലിസ്റ് സമുദായത്തിന്റെ പുരോഗതിക്ക് വലിയ ഹാനി വരുത്തിവെച്ചു.

പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും ദാമോദരന്റെ സംഭാവനകള്‍ ശ്രദ്ധേയങ്ങളായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച 'പ്രഭാതം' പത്രത്തിന്റെ (1934) പത്രാധിപസമിതി അംഗമായിരുന്നു. 'കമ്യൂണിസ്റ്', 'മുന്നോട്ട്', 'മാര്‍ക്സിസ്റ്' എന്നീ മാസികകള്‍ക്ക് നേതൃത്വം നല്‍കി. ദീര്‍ഘകാലം 'നവയുഗ'ത്തിലും പ്രവര്‍ത്തിച്ചു. ഇതിലെല്ലാം വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ കാണുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സാര്‍വദേശീയം മുതല്‍ മലബാറിലെ കാര്‍ഷികപ്രശ്നം വരെ വിലയിരുത്തി അദ്ദേഹം എഴുതിയിരുന്നു. 'കമ്യൂണിസ്റ്' മാസിക വരും തലമുറക്കായി ലൈബ്രറികളില്‍ സൂക്ഷിച്ചു വയ്ക്കേണ്ട മാസികയായിരുന്നു. ഒന്നാന്തരം താത്വികമാസികയായിരുന്നു. 'ഇന്ത്യയുടെ ആത്മാവ്', 'ഭാരതീയചിന്ത', 'കേരളചരിത്രം', 'മനുഷ്യന്‍' തുടങ്ങിയ ഗ്രന്ഥങ്ങള്‍ എഴുതിയ അദ്ദേഹം പാര്‍ടിക്ളാസ് എടുക്കാന്‍ കഴിവുള്ള അധ്യാപകരില്‍ മുന്‍പന്തിയിലായിരുന്നു. വളരെ ലളിതമായി സോദ്ദോഹാരണ സഹിതം മാര്‍ക്സിസം ലെനിനിസം അദ്ദേഹത്തിന് അവതരിപ്പിക്കാന്‍ അസാമാന്യമായ പാടവം ഉണ്ടായിരുന്നു. ജീവിത സായാഹ്നത്തില്‍ ചരിത്രഗവേഷണത്തില്‍ മുഴുകിയിരുന്ന അദ്ദേഹത്തിന് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട് അവസാനനാളുകളില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു? എന്തായിരുന്നു ആ അഭിപ്രായ ഭിന്നത? ദാമോദരനോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോ മൌനത്തിലായിരുന്നു.

*****

രവി കുറ്റിക്കാട്, കടപ്പാട് : ഗ്രന്ഥാലോകം മാസിക

അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

Friday, October 5, 2012

സുനില്‍ പി. ഇളയിടം: സത്നാം സിങ്ങ്, ഗ്രുണ്‍ഡ്രിസ്സെ, സ്വാശ്രയവിദ്യാഭ്യാസം, മലയാളം സര്‍വകലാശാല,

സത്നാം സിങ്ങും മലയാള മാധ്യമങ്ങളും

സത്നാം സിങ്ങിന്റെ കൊലപാതകം കേരളീയ പൊതുസമൂഹത്തെയോ മലയാള മാധ്യമങ്ങളെയോ കാര്യമായി അലോസരപ്പെടുത്തിയില്ല. അധ്യാത്മീയത്തിന്റെ വിളികേട്ട് പുറപ്പെട്ട് അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിപ്പെട്ട ആ യുവാവ്, ഏതോ വിഭ്രാമക നിമിഷത്തില്‍ അതിരുകവിഞ്ഞ് ഒച്ചയുണ്ടാക്കി ഓടിയടുത്തതിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കപ്പെടുകയും മനോരോഗ ചികിത്സാകേന്ദ്രത്തില്‍ അടയ്ക്കപ്പെടുകയും പിന്നാലെ കൊല ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. മനോരോഗാശുപത്രിയിലെ ചില രോഗികളുടെ മനോനില പരിശോധിക്കലും മറ്റുമായി ആ കേസ് പതിയെപ്പതിയെ ഇഴയുന്നു. വൈകാതെ തെളിയുകയോ തെളിയാതിരിക്കുകയോ ചെയ്ത എണ്ണമറ്റ കൊലപാതകക്കേസ്സുകളിലൊന്നായി അത് ക്രമേണ വിസ്മൃതിയിലാകും.

ആധ്യാത്മികതയുടെ സ്വയം പ്രഖ്യാപിത ലോകങ്ങള്‍ അരുതായ്മയുടെ താവളങ്ങളായിത്തീരുന്നതിന്റെ മറ്റൊരുദാഹരണം കൂടി ചരിത്രത്തില്‍ പൊടി മൂടിക്കിടക്കും. സത്നാംസിങ്ങിന്റെ കൊലപാതകത്തെക്കുറിച്ച് സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം നാം നിരന്തരം മറച്ചുവയ്ക്കുന്ന അലോസരമുളവാക്കുന്ന, വസ്തുതകള്‍ തുറന്നു പറയുന്നുണ്ട്. പൊലീസിനും അവിടെനിന്ന് മനോരോഗ ചികിത്സാലയത്തിനും കൈമാറുന്നതിന് മുന്‍പ് സത്നാം സിങ് അതിക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നു എന്നതാണ് അതിലൊന്ന്. പിന്നീടുണ്ടായ അന്വേഷണങ്ങളിലൊന്നും ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കൊല്ലം ജില്ലാ ജയിലിനെയും തിരുവനന്തപുരം മനോരോഗാശുപത്രിയെയും മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ പോക്ക്. അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തുംമുന്‍പ് സത്നാംസിങ് തങ്ങിയിരുന്നത് വര്‍ക്കലയില്‍ മുനിനാരായണ പ്രസാദിനൊപ്പമായിരുന്നു. അവിടുത്തെ സര്‍വമത പ്രാര്‍ഥനയില്‍നിന്ന് അയാള്‍ പഠിച്ച "ബിസ്മില്ലാഹി റഹ്മാനി റഹിം" എന്ന സൂക്തം ഉറക്കെ ചൊല്ലിയതിനാണ് അയാള്‍ ഭീകരനായി ചിത്രീകരിക്കപ്പെട്ടതും കൈയേറ്റം ചെയ്യപ്പെട്ടതും. സക്കറിയ പറയുന്നതുപോലെ "ആധ്യാത്മിക ഗുരുക്കന്മാരുടെ അനുയായികള്‍ക്ക് രക്തദാഹികളായി പരിണമിക്കാന്‍ എത്ര കുറഞ്ഞ നിമിഷങ്ങളേ വേണ്ടൂ" എന്നതിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, നമ്മുടെ കണ്‍മുമ്പില്‍തന്നെ ഒരു തെളിവ് കൂടി ഉണ്ടായിരിക്കുന്നു.

എങ്കിലും ഇതൊന്നും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു പ്രശ്നമായില്ല. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ കടന്നുകയറി ബഹളമുണ്ടാക്കാന്‍ ശ്രമിച്ച ഒരു മനോരോഗിയുടെ കഥയായി ഈ കൊലപാതകത്തെ തമസ്കരിക്കുന്നതില്‍ മലയാള മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ അണിനിരന്നു. അതിലവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. വാസ്തവത്തില്‍ മതാധികാരം വിമര്‍ശനാതീതമായി പദവി കൈയാളുന്ന, അങ്ങേയറ്റം അസ്വാസ്ഥ്യജനകമായ സ്ഥിതിവിശേഷത്തിലേക്കാണ് കേരളം പതിയെപ്പതിയെ എത്തിപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തകരും വിമര്‍ശനവിധേയമാകുന്ന അതേ അനുപാതത്തില്‍ തന്നെ ആള്‍ദൈവങ്ങള്‍ മുതല്‍ മതജീവിതവും മതാധികാരവും വരെയുള്ള ലോകങ്ങള്‍ എല്ലാത്തരം വിമര്‍ശനങ്ങളില്‍നിന്നും ഒഴിച്ചുനിര്‍ത്തപ്പെടുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായി കേരളത്തില്‍ ഏറ്റവുമധികം വിദേശപ്പണം വന്ന് കുമിയുന്നത് മതസ്ഥാപനങ്ങളിലാണ് എന്നത് നമ്മുടെ പൊതുബോധത്തെ അസ്വസ്ഥമാക്കുന്നില്ല. ക്രൈസ്തവ വിദ്യാര്‍ഥികള്‍ ക്രൈസ്തവ വിദ്യാലയങ്ങളില്‍ തന്നെ പഠിക്കണം എന്ന് ആഹ്വാനംചെയ്ത പുരോഹിത പ്രമുഖന്റെ ആദരണീയതയ്ക്ക് കുറവൊന്നും വന്നിട്ടില്ല! ആധുനിക സമൂഹമെന്ന നിലയില്‍ കേരളം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച മൂല്യങ്ങളാണിവിടെ അപഹസിക്കപ്പെട്ടത് എന്നതില്‍ ആരും വ്യാകുലചിത്തരായതുമില്ല. പ്രവാചകന്റെ കത്താത്ത മുടിയും അതിന്റെ പേരിലുള്ള ധനസമാഹരണങ്ങളും മലയാള മാധ്യമങ്ങളുടെയോ പൊതുസമൂഹത്തിന്റെയോ വിമര്‍ശനാവബോധത്തെ സ്പര്‍ശിച്ചില്ല. ഒന്നോ രണ്ടോ ദിവസത്തെ കൗതുകവാര്‍ത്തകളില്‍ മേല്‍പറഞ്ഞ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. അതിനു പിന്നില്‍ ആഴത്തില്‍ വേരോടിപ്പടര്‍ന്ന മതാന്ധതയുടെ ലോകം ഒരു വെല്ലുവിളിയേയും അഭിമുഖീകരിക്കാതെ പഴയതുപോലെ, ഒരു പക്ഷേ പഴയതിനേക്കാള്‍ പ്രബലമായി തുടരുകയും ചെയ്യുന്നു. അതുകൊണ്ട്, മൗനത്തില്‍ അമര്‍ച്ച ചെയ്യപ്പെട്ട സത്നാം സിങ്ങിന്റെ കൊലപാതകം വലിയൊരു വിപത്തിന്റെ അടയാളവാക്യമാണ്.

പണ്ട്, പാഞ്ഞാളില്‍ അതിരാത്രത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ "പാഞ്ഞാള്‍പ്പാടത്തെ കശാപ്പുശാല" എന്ന തലക്കെട്ടിലാണ് വി ടി ഭട്ടതിരിപ്പാട് അതിനെതിരെ എഴുതിയത്. ഇപ്പോഴാകട്ടെ മിക്കവാറും എല്ലാ പഞ്ചായത്തിലും എല്ലാ വര്‍ഷവും എന്തെങ്കിലുമൊരു യാഗം നടക്കുന്നുണ്ട്. ഒരു വാക്കുപോലും അതിനെതിരെ എവിടെയും ഉയരാറില്ല. ആ മൗനത്തിന്റെ തുടര്‍ച്ചയാണ് സത്നാം സിങ്ങിന്റെ കൊലയ്ക്കുശേഷവും അവശേഷിക്കുന്നത് എന്ന കാര്യം നാം എപ്പോഴെങ്കിലും തിരിച്ചറിയേണ്ടിവരും.

സ്വാശ്രയവിദ്യാഭ്യാസത്തിന്റെ അര്‍ഥാന്തരങ്ങള്‍

തോറ്റുതൊപ്പിയിടുന്ന എന്‍ജിനിയറിങ് കോളേജുകളെക്കുറിച്ച് ആര്‍ വി ജി മേനോന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം ഈ വിഷയത്തെക്കുറിച്ച് സമീപകാലത്ത് പുറത്തുവന്ന ഏറ്റവും ശ്രദ്ധേയമായ പഠനമായിരുന്നു. നിശ്ചിത വിജയശതമാനമില്ലാത്ത എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ആര്‍ വിജിയുടെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള അത്യന്തം സൂക്ഷ്മമായ അവബോധവും സാമൂഹിക ജാഗ്രതയും ഒത്തിണങ്ങി നില്‍ക്കുന്ന ഒന്നായിരുന്നു ആ പഠനം. എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ഇപ്പോള്‍ വലിയ ഉത്ക്കണ്ഠ പുലര്‍ത്തുന്ന കോടതിയില്‍നിന്നുതന്നെയാണ്, സ്വാശ്രയക്കച്ചവടത്തെ നിയന്ത്രിക്കാനുള്ള മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ നിയമനിര്‍മാണങ്ങള്‍ക്കെതിരെ നിരന്തരം വിധികളുണ്ടായത്. ഇപ്പോഴത്തെ സാമൂഹിക ജാഗ്രത അന്നത്തെ ഉത്തരവുകളിലും ഉണ്ടായിരുന്നുവെങ്കില്‍, കൂണുപോലെ മുളച്ചുപൊന്തിയ സ്വാശ്രയകച്ചവട സ്ഥാപനങ്ങളില്‍ കുറെപ്പേരുടെ ഭാവിയും ജീവിതവും പാഴായിപ്പോകുന്നത് തടയാനാകുമായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസം കേരളത്തിലെ വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു എങ്കിലും അതിന്റെ വൈജ്ഞാനിക രാഷ്ട്രീയം ഇവിടെ കാര്യമായി വിശകലനം ചെയ്യപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വാശ്രയസ്ഥാപനങ്ങളുടെ സാമ്പത്തിക ചൂഷണവും അതിന്റെ സാമൂഹ്യനീതി നിഷേധവും മറ്റുമാണ് നമ്മുടെ ചര്‍ച്ചകളില്‍ പ്രാധാന്യം കൈവരിച്ചത്. ഇക്കാര്യങ്ങള്‍ പ്രസക്തമാണെന്നതില്‍ യാതൊരു സംശയവുമില്ല. നിയോ ലിബറല്‍ മൂലധനതാല്‍പര്യങ്ങള്‍ക്ക് ഇണങ്ങുന്ന വൈജ്ഞാനികതയുടേയും ലോകബോധത്തിന്റെയും നിര്‍മാണം സ്വാശ്രയ വിദ്യാഭ്യാസം വഴി എങ്ങനെ ഫലപ്രദമായി നിറവേറുന്നു എന്ന കാര്യവും അത്രതന്നെ പ്രധാനമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍കൊണ്ട് ഉന്നതവിദ്യാഭ്യാസത്തിന്റെയും അതുവഴി രൂപപ്പെട്ടുവരുന്ന സാമൂഹ്യാവബോധത്തിന്റെയും ഉള്ളടക്കത്തില്‍ സ്വാശ്രയവിദ്യാഭ്യാസം നടത്തിയ അട്ടിമറികള്‍ എത്രത്തോളം വിനാശകരമായിരുന്നു എന്ന കാര്യം പരിശോധിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. അത് പുത്തന്‍ മൂലധനതാല്‍പര്യങ്ങളെ എങ്ങനെയെല്ലാം സ്വാംശീകരിച്ചിരിക്കുന്നു എന്നതും. സ്വാശ്രയ വിദ്യാഭ്യാസം വിജ്ഞാനത്തെ വിവരകേന്ദ്രിതവും പ്രയോഗ വൈഭവത്തില്‍ അധിഷ്ഠിതവുമായ ഒന്നാക്കിത്തീര്‍ത്തു എന്നതാണ് ഈ പ്രശ്നത്തിന്റെ കാതല്‍. വിവരം (information) വ്യാഖ്യാനം (interpretation) വിമര്‍ശം (critique) എന്നീ ജ്ഞാനവിതാനങ്ങളില്‍ വ്യാഖ്യാനാത്മകവും വിമര്‍ശനാത്മകവുമായ ജ്ഞാനമണ്ഡലങ്ങളുടെ നിരാകരണമാണ് സ്വാശ്രയ വിദ്യാഭ്യാസം വഴി അരങ്ങേറിയത്.

അറിവിനെ തൊഴില്‍ പരിശീലനമോ മാനേജീരിയല്‍ വൈദഗ്ധ്യമോ ആയി ചുരുക്കിക്കെട്ടുന്നതില്‍ അത് വലിയ വിജയം കൈവരിച്ചു. ഇതിന്റെ ഫലമായി ഒരു ഭാഗത്ത് സാമൂഹ്യശാസ്ത്രവും ഭാഷാ-മാനവിക വിഷയങ്ങളും ഒഴിച്ചുനിര്‍ത്തപ്പെട്ടെങ്കില്‍ മറുഭാഗത്ത് ശാസ്ത്രപഠനവും ഇല്ലാതായി. സൈദ്ധാന്തികശാസ്ത്രം മിക്കവാറും ഇല്ലാതാവുകയും ശാസ്ത്രപഠനം സാങ്കേതിക വിദ്യാ പരിശീലനമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസവും ഉന്നതവിജ്ഞാനവും വിമര്‍ശനാത്മകമാവില്ല എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ നടന്നത്. വിവരവും വ്യാഖ്യാനവും തമ്മിലുള്ള മൗലികമായ വ്യത്യാസം വിവരം നിസ്സംഗമായ സ്വീകരണമാണ് (passive reception) ആവശ്യപ്പെടുന്നതെങ്കില്‍ വ്യാഖ്യാനം സജീവമായ പങ്കാളിത്തം (creative engagement) ആവശ്യപ്പെടുന്നു എന്നതാണ്. കൈവന്ന വിവരങ്ങള്‍ കൊണ്ട് ഒരു സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നതാണ് വ്യാഖ്യാനവൃത്തി. വ്യാഖ്യാതാവിന്റെ നിലപാടിനും ലോകബോധത്തിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്. വിവരത്തിലാകട്ടെ ഈ നിലപാട് അനാവശ്യവും അപ്രസക്തവുമാണ്. ഒരു ഭാഗത്ത് വിവരത്തിലേക്കും മറുഭാഗത്ത് തൊഴില്‍ പരിശീലനത്തിലേക്കും ശ്രദ്ധയൂന്നുന്ന വിദ്യാഭ്യാസം അധ്യേതാക്കളെ വിമര്‍ശനാത്മകബോധമില്ലാത്ത "വിദഗ്ധരാ"ക്കിയാണ് വളര്‍ത്തിയെടുക്കുക. പുത്തന്‍ മൂലധനത്തിനുവേണ്ടതും ഇത്തരം "വിദഗ്ധരെ"യാണ്. സ്വാശ്രയവിദ്യാഭ്യാസം ഈ വൈദഗ്ധ്യ നിര്‍മാണത്തിന്റെ പരിശീലനക്കളരിയാണ്. അതിന്റെ ഫലങ്ങള്‍, വാസ്തവത്തില്‍ നാം അനുഭവിച്ചു തുടങ്ങുന്നതേ ഉള്ളൂ.

മലയാളം സര്‍വകലാശാല

കേരളപ്പിറവി ദിനത്തില്‍ മലയാളം സര്‍വകലാശാല നിലവില്‍ വരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലയെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ളതാണെങ്കിലും ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെക്കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല. "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന സ്ഥിതി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ടാവുമോ?

മലയാളം സര്‍വകലാശാല വിഭാവനം ചെയ്യപ്പെട്ട രീതിയെ മുന്‍നിര്‍ത്തി ശ്രദ്ധേയമായ ഒരു ലേഖനം പ്രൊഫ. എസ് രാജശേഖരന്‍ സമകാലിക മലയാളം വാരികയില്‍ എഴുതിയിരുന്നു. "തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല" എന്ന പേരു മുതല്‍ക്കുള്ള കാര്യങ്ങളില്‍ പഠനറിപ്പോര്‍ട്ട് പുലര്‍ത്തുന്ന ഇടുങ്ങിയ വീക്ഷണം ആ ലേഖനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാതൃഭാഷയ്ക്കുവേണ്ടി ഉണ്ടാകുന്ന സര്‍വകലാശാല എങ്ങനെയായിക്കൂടാ എന്നതിന്റെ ഉദാഹരണമാകാന്‍ പോന്ന വിധത്തിലാവുമോ മലയാളം സര്‍വകലാശാല നടപ്പിലാവുകയെന്ന് സംശയിക്കേണ്ട സ്ഥിതിയാണ് റിപ്പോര്‍ട്ട് അവശേഷിപ്പിക്കുന്നത് എന്ന വസ്തുത ആ ലേഖനം വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു ഭാഷയെന്ന നിലയില്‍ മലയാളം നേരിടുന്ന വെല്ലുവിളി വൈജ്ഞാനികതയുടെ അഭാവമാണ്. വ്യത്യസ്ത ജ്ഞാനമേഖലകള്‍ക്കും അവയുടെ പ്രവൃത്തിലോകങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയുന്ന ഒന്നല്ല ഇപ്പോള്‍ മലയാള ഭാഷ. മലയാളത്തില്‍ എക്കാലത്തുമുള്ള പരാധീനതയാണിതെന്ന് പറഞ്ഞുകൂടാ. കൗടലിയത്തിന്റെ ഏറ്റവും ബൃഹത്തായ പരിഭാഷയ്ക്ക് ആറേഴു നൂറ്റാണ്ട് മുന്‍പ് ജന്മം നല്‍കാന്‍ കഴിഞ്ഞ ഭാഷയാണ് മലയാളം എന്നോര്‍ക്കണം. ഇന്ത്യന്‍ ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു പരിഭാഷ കൗടലിയത്തിന് ഉണ്ടായിട്ടില്ല. എങ്കിലും മലയാളഭാഷയില്‍ ഇന്ന് ഒരു രാഷ്ട്രമീമാംസാ പ്രബന്ധവും എഴുതപ്പെടുന്നില്ല. രാഷ്ട്രമീമാംസ എന്നല്ല, തത്വചിന്ത മുതല്‍ പുരാവിജ്ഞാനം വരെയും ഗണിതം മുതല്‍ നിയമം വരെയുമുള്ള എല്ലാത്തരം സമകാലിക ജ്ഞാനവ്യവഹാരങ്ങളും മലയാളത്തിന് പുറത്താണ്. അവയ്ക്കുതകുന്ന പദകോശമോ, ആ പദകോശത്തിന് നിലകൊള്ളാന്‍ കഴിയുന്ന വ്യവഹാര മണ്ഡലങ്ങളോ വര്‍ത്തമാന മലയാളത്തില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. സാഹിത്യവും കക്ഷിതല രാഷ്ട്രീയ വിചാരങ്ങളും ദൈനംദിന ജീവിതനിര്‍വഹണവും മാത്രം അരങ്ങേറുന്ന ഒന്നായി മലയാളം ചുരുങ്ങി വരികയാണ്.

ഈ അടിസ്ഥാന പ്രതിസന്ധിയെ അഭിസംബോധന ചെയ്യുകയെന്നതാണ് മലയാളം സര്‍വകലാശാലയുടെ മൗലികമായ ദൗത്യവും ഉത്തരവാദിത്തവും. അല്ലാതെ കേരളത്തിലെ അഞ്ച് സര്‍വകലാശാലകളും നൂറുകണക്കിന് കോളേജുകളിലും നടന്നുവരുന്ന കോഴ്സുകള്‍ കുറെക്കൂടി ശകലീകൃതമായ നിലയില്‍ ആവര്‍ത്തിക്കുകയല്ല. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ മാത്രമായി നിലവില്‍ വരുന്ന സര്‍വകലാശാലകൊണ്ട് മലയാളത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകാനിടയില്ല; കുറെപ്പേര്‍ക്ക് പുതിയ പദവികളും ലാവണങ്ങളും കൈവരും എന്നതല്ലാതെ കവിതയ്ക്കും നോവലിനും നാടകത്തിനുമെല്ലാം എംഎ കോഴ്സുകള്‍ നടത്തി മലയാളത്തെ ശക്തിപ്പെടുത്താന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാണ്. മലയാളപഠനം നവീകരിക്കപ്പെടേണ്ടത് ഈ വഴിയിലല്ല. ലോകമെമ്പാടും സാഹിത്യപഠനം വഴിതിരിയുന്നത് ഈ നിലയ്ക്കല്ലതാനും. പ്രൊഫ. രാജശേഖരന്റെ ലേഖനം ഇക്കാര്യങ്ങളിലേക്ക് അര്‍ഥവത്തായ നിലയില്‍ വിരല്‍ചൂണ്ടുന്നുണ്ട്.

ദൈനംദിന ജീവിതാവശ്യങ്ങളുടെ നിര്‍വഹണോപാധി മാത്രമാണ് ഭാഷ എന്ന പ്രയോഗവാദപരമായ യുക്തിയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ ആസൂത്രണത്തെ കുറെക്കാലമായി നയിച്ചുപോരുന്നത്. സാഹിത്യവും തത്വചിന്തയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അപ്രസക്തമാണ് എന്ന നിലപാട് ഇതിന്റെ തുടര്‍ച്ചയായി ഉയര്‍ന്നുവരികയും ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയൊരളവോളം നടപ്പിലാക്കപ്പെടുകയും ചെയ്തു. ഇതിന്റെ മുറപുറമാണ് ഭാഷയെ സാഹിത്യം മാത്രമായി ചുരുക്കിയെഴുതുന്ന രീതി. ആദ്യത്തേത് ഭാഷയെ ഉപകരണവാദപരമായി പരിഗണിക്കുന്ന യാന്ത്രികവാദമാണെങ്കില്‍, രണ്ടാമത്തേത് ഭാഷയെ സൗന്ദര്യാത്മകമായി മാത്രം വിലയിരുത്തുന്ന കേവലവാദമാണ്. ഭാഷാജീവിതത്തെ സമഗ്രമായി പരിഗണിക്കുന്നതില്‍ ഇരുനിലപാടുകളും പരാജയപ്പെടുന്നു എന്നതാണ് വാസ്തവം. ഭാഷയെ സംബന്ധിച്ചുള്ള ഉപകരണവാദത്തിന്റെ പിടിമുറുക്കമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവിലുള്ളതെങ്കില്‍ മറുപുറത്തേക്കുള്ള പോക്കാണ് മലയാളം സര്‍വകലാശാലയുടെ നയരേഖയില്‍ കാണുന്നത്. ഇത് ഭാഷയെ എവിടെയും എത്തിക്കില്ല എന്നറിയാന്‍ പ്രത്യേക വൈദഗ്ധ്യമൊന്നും ആവശ്യമില്ല.

ഗ്രുണ്‍ഡ്രിസ്സെ (Grundrisse)

ചരിത്രം നമ്മെ ഒരു പാഠവും പഠിപ്പിക്കുന്നില്ല എന്നുവരുന്നത് സങ്കടകരമാണ്. ഗ്രുണ്‍ഡ്രിസ്സെയും മാര്‍ക്സിസ്റ്റ് ചിന്താലോകവും മാര്‍ക്സിന്റെയും മാര്‍ക്സിസത്തിന്റെയും ധൈഷണിക ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള കൃതികളിലൊന്നാണ് ഗ്രുണ്‍ഡ്രിസ്സെ (Grundrisse) എന്ന പേരില്‍ അറിയപ്പെടുന്ന പഠനക്കുറിപ്പുകള്‍. 1857-58 കാലയളവില്‍ മൂലധനത്തിനുവേണ്ടിയുള്ള പഠനത്തില്‍ മുഴുകിയിരിക്കുന്ന കാലത്ത്, തന്റെതന്നെ വ്യക്തതയ്ക്കുവേണ്ടി മാര്‍ക്സ് തയാറാക്കിയ കുറിപ്പുകളാണ് പില്‍ക്കാലത്ത് ഈ പേരില്‍ പുറത്തുവന്നത്. {Grundrisse (outlines)} എന്ന ഈ ഗ്രന്ഥനാമവും എഡിറ്റര്‍മാര്‍ നല്‍കിയതാണ്. വിപ്ലവമുന്നേറ്റത്തിന്റെയും സാമ്പത്തികക്കുഴപ്പത്തിന്റെയും പുതിയ സന്ദര്‍ഭം സമാഗതമായിരിക്കുന്നു എന്ന അടിയന്തരപ്രേരണയാലാണ് തന്റെ പഠനപദ്ധതിയുടെ രൂപരേഖയെന്ന നിലയില്‍ മാര്‍ക്സ് ഇത് എഴുതിത്തയ്യാറാക്കിയത്. ചെറിയ അക്ഷരത്തില്‍ ഏകദേശം 800-900 അച്ചടിച്ച പേജുകള്‍ വരുന്നതാണ് ഈ കുറിപ്പുകള്‍. മാര്‍ക്സ് എഴുതാന്‍ ഉദ്ദേശിച്ചിരുന്ന ഗ്രന്ഥപരമ്പരയെക്കുറിച്ച് മനസ്സിലാക്കിയാല്‍ 900 പുറംവരുന്ന പഠനക്കുറിപ്പ് എന്നതില്‍ അതിശയം തോന്നാനിടയില്ലെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ് പണ്ഡിതനായ ഡേവിഡ് മക്മെല്ലന്‍ എഴുതുന്നുണ്ട്.

ആറു ഭാഗങ്ങളായി വിഭാവനം ചെയ്യപ്പെട്ട ആ ഗ്രന്ഥപരമ്പരയില്‍ ഒരുഭാഗം മാത്രമായാണ് മൂലധനം സങ്കല്‍പ്പിക്കപ്പെട്ടിരുന്നത്. രണ്ട് പതിറ്റാണ്ടുകളിലെ അക്ഷീണപരിശ്രമം കൊണ്ട് തയാറാക്കിയ മൂലധനത്തിന്റെ ഒന്നാം വാല്യം കാര്യമായ ഒരു ചലനവും ഉളവാക്കാത്തതുകൊണ്ടാവണം, 1867 നുശേഷം മാര്‍ക്സ് ഈ പഠനപദ്ധതി തുടരുകയുണ്ടായില്ല. ഇതെന്നല്ല, മൂലധനത്തിന്റെ തന്നെ പില്ക്കാലഭാഗങ്ങള്‍പോലും അദ്ദേഹം പ്രസിദ്ധീകരിച്ചുമില്ല. ("Scientific attempts to revolutionise a science can not be popular" എന്ന് മാര്‍ക്സ് എഴുതുന്നത് ഇതിന്റെ കൂടി പശ്ചാത്തലത്തിലാവണം). ഗ്രൂണ്‍ഡ്രിസ്സെ എന്ന പേരില്‍ ഈ പഠനക്കുറിപ്പുകള്‍ പുറത്തുവന്നത് 1941ല്‍ ആണ്. 1973ല്‍ ഇംഗ്ലീഷ് വിവര്‍ത്തനവും വന്നു. അങ്ങനെ എഴുതപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും മാര്‍ക്സിസ്റ്റ് ചിന്തയിലെന്നല്ല, ലോകചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായി ഇത് പരിഗണിക്കപ്പെട്ടു വരുന്നുണ്ട്. മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥത്തിന് നിര്‍ണായക സ്ഥാനമുള്ളതായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നു. ആദ്യകാലത്തെ തത്വചിന്തകനായ മാര്‍ക്സിനെയും പില്‍ക്കാലത്തെ സാമ്പത്തിക ചിന്തകനായ മാര്‍ക്സിനെയും കൂട്ടിയിണക്കുന്ന ധൈഷണിക സ്ഥാനമായി ഇത് പരിഗണിക്കപ്പെട്ടു വരുന്നു എന്നതാണ് ഈ പ്രാധാന്യത്തിന്റെ ആദ്യത്തെ കാരണം. മൂലധനത്തേക്കാള്‍ എത്രയോ വിപുലമായ ഒരു പരിപ്രേക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് മാര്‍ക്സ് ഗ്രൂണ്‍ഡ്രിസ്സെ തയാറാക്കിയിരിക്കുന്നത് എന്നതാണ് രണ്ടാമത്തെ കാരണം.

വാസ്തവത്തില്‍ മാര്‍ക്സ് വിഭാവനം ചെയ്ത ആറു ഭാഗങ്ങളുള്ള ഗ്രന്ഥപരമ്പരയുടെ ഒരു ഭാഗമായ "സാമ്പത്തികശാസ്ത്ര" (Economics)ന്റെ ഒരു ഭാഗം മാത്രമാണ് മൂലധനം! തുടര്‍ന്നുള്ള ഭാഗങ്ങളിലായി ഭര ണകൂടം, അന്താരാഷ്ട്ര തൊഴില്‍ വിഭജനം, ലോകകമ്പോളം തുടങ്ങിയ വിഷയങ്ങളും സാങ്കേതിക വിദ്യയുടെ വ്യാപനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, വ്യക്തിയും സമുദായവും തമ്മിലുള്ള ബന്ധം, ഏറുന്ന വിശ്രമവേളകള്‍ (Leisure), പ്രാങ് മുതലാളിത്ത സാമൂഹ്യരൂപീകരണം, മുതലാളിത്ത സാര്‍വദേശീയത തുടങ്ങിയ എത്രയോ പ്രമേയങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കാന്‍ മാര്‍ക്സ് ഉദ്ദേശിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു പഠനപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ദാരിദ്ര്യവും രോഗവും ഇടമുറിയാത്ത മരണങ്ങളും കൂടുകൂട്ടിയ ജീവിതം മാര്‍ക്സിനെ അനുവദിച്ചില്ല. എങ്കിലും ഈ പ്രമേയങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ ആലോചനകളുടെ കരട് രൂപം ഗ്രുണ്‍ ഡ്രിസ്സെ അവശേഷിപ്പിക്കുന്നുണ്ട്. മാര്‍ക്സിസത്തെ അവസാനത്തെ സത്യവേദ പുസ്തകമായി പരിഗണിക്കാത്തവര്‍ പലതും ആലോചിച്ചുതുടങ്ങാനുള്ള വക അതിലുണ്ട് താനും. (ഉദാഹരണത്തിന് സിദ്ധാന്തവല്‍ക്കരണത്തെയും പൊതുതത്വങ്ങളില്‍നിന്ന് പഠനം ആരംഭിക്കുന്നതിനെയും കുറിച്ച് ഗ്രൂണ്‍ഡ്രിസ്സെയിലെ ആമുഖ ചര്‍ച്ച). ഗ്രൂണ്‍ഡ്രിസ്സെയുടെ 150-ാം വാര്‍ഷികം പ്രമാണിച്ച് പ്രമുഖ പ്രസാധകരായ റൗട്ലഡ്ജ് പുറത്തിറക്കിയ കാള്‍ മാര്‍ക്സിന്റെ ഗ്രൂണ്‍ഡ്രിസ്സെ: രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശത്തിന്റെ അടിസ്ഥാനങ്ങള്‍ 150 വര്‍ഷത്തിനുശേഷം (Karl Marxs" Grundirisse: Foundations of the critique of political Economy 150 years later) എന്ന പുസ്തകം ഈ മഹാഗ്രന്ഥത്തിന്റെ സമസ്തതലങ്ങളെയും സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇറ്റാലിയന്‍ ഗവേഷകനും മാര്‍ക്സിസ്റ്റ് പണ്ഡിതനുമായ മാര്‍സെല്ലോ മസ്തോ ആണ് ഈ പുസ്തകം എഡിറ്റ്ചെയ്തിരിക്കുന്നത്. വിഖ്യാത മാര്‍ക്സിസ്റ്റ് ചരിത്രകാരനായ എറിക്ഹോബ്സ് ബാമിന്റെ പ്രൗഢമായ അവതാരികയും ഇതിനുണ്ട്.

മാര്‍ക്സിസം പല നിലകളില്‍ വീണ്ടും വായിക്കപ്പെടുന്ന സമകാലിക സന്ദര്‍ഭത്തില്‍ മാര്‍ക്സിന്റെ തന്നെ ഏറ്റവും സങ്കീര്‍ണവും അഗാധവുമായ രചനയായി പരിഗണിക്കപ്പെട്ടു വരുന്ന ഗ്രുണ്‍ഡ്രിസ്സെ ഇത്തരത്തില്‍ പുനര്‍മൂല്യനിര്‍ണയത്തിന് വിധേയമാകുന്നത് ആഹ്ലാദകരമാണ്. മൂന്ന് ഭാഗങ്ങളായി തരംതിരിക്കപ്പെട്ട 32 പ്രബന്ധങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒന്നാം ഭാഗത്തിലെ എട്ട് പ്രബന്ധങ്ങള്‍ ഗ്രൂണ്‍ ഡ്രിസ്സെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയോ പ്രേരണ ചെലുത്തുകയോ ചെയ്യുന്ന പ്രമേയങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ്. രീതി, പണത്തിന്റെ മൂല്യം, അന്യവല്‍ക്കരണം, മിച്ചമൂല്യം, മുതലാളിത്ത പൂര്‍വസമൂഹങ്ങളിലെ ചരിത്രപരമായ വൈരുധ്യാത്മകത, മുതലാളിത്തത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധി, വ്യക്തിയുടെയും സമുദായത്തിന്റെയും വിമോചനം, മൂലധനം എന്നിങ്ങനെ മാര്‍ക്സിസത്തിന്റെ കേന്ദ്ര പരിഗണനാ വിഷയങ്ങളെ ഗ്രൂണ്‍ഡ്രിസ്സെ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നാണ് ഈ പഠനങ്ങള്‍ പരിശോധിക്കുന്നത്. ടെറല്‍ ക്രാവറും ജോണ്‍ ബെല്ലമിഫോസ്റ്ററും ഉള്‍പ്പെടെ മാര്‍ക്സിസ്റ്റ് ചിന്താലോകത്തെ അതിപ്രഗത്ഭരാണ് ഈ പ്രബന്ധങ്ങള്‍ എഴുതിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

രണ്ടാംഭാഗത്തെ മൂന്ന് പ്രബന്ധങ്ങള്‍ ഗ്രുണ്‍ ഡ്രിസ്സെയുടെ രചനാകാലത്തെയും (1857-58) അക്കാലത്ത് അദ്ദേഹം അനുഭവിച്ച യാതനകളുടെയും വിവരണമാണ്. മൂന്നാം ഭാഗത്തുള്ള ഇരുപത് പ്രബന്ധങ്ങള്‍ ജര്‍മനിയും റഷ്യയും മുതല്‍ ഇറാനും തുര്‍ക്കിയും ഫിന്‍ലാന്‍ഡും വരെയുള്ള നൂറോളം ലോകരാജ്യങ്ങളില്‍ ഗ്രുണ്‍ഡ്രിസ്സെ എത്തിച്ചേര്‍ന്നതിന്റെയും വായിക്കപ്പെട്ടതിന്റെയും അത് അവിടങ്ങളിലെ മാര്‍ക്സിസ്റ്റ് ചിന്തയിലും പ്രസ്ഥാനങ്ങളിലും ചെലുത്തിയ സ്വാധീനത്തിന്റെയും ചരിത്രം ചര്‍ച്ച ചെയ്യുന്നവയാണ്. (നിര്‍ഭാഗ്യവശാല്‍ ഇതില്‍ ഇന്ത്യയെക്കുറിച്ച് ഒരധ്യായം ഇല്ല). മൂന്ന് ഭാഗങ്ങള്‍ക്കും എഡിറ്ററായ മാര്‍സെല്ലോ മസ്തോ വിശദമായ ആമുഖപഠനം എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. അങ്ങനെ ഗ്രുണ്‍ഡ്രിസ്സെ ജീവചരിത്രവും ആശയപ്രപഞ്ചവും ഫലപ്രദമായി സംഗ്രഹിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്തിരിക്കുന്ന ഒന്നാണ് ഈ പുസ്തകം.

മാര്‍ക്സിസവും മാര്‍ക്സിസ്റ്റ് സംവാദങ്ങളും നിരന്തരം അരങ്ങേറുന്നുണ്ടെങ്കിലും മാര്‍ക്സിസ്റ്റ് ധൈഷണികതയ്ക്ക് വളരെയേറെ പരാധീനതകളുള്ള ഒരു സമൂഹമാണ് കേരളം. മാര്‍ക്സിസത്തെ വൈരുധ്യാത്മക വിചിന്തനമെന്നതിനു പകരം താര്‍ക്കികയുക്തിയായി കൊണ്ടുനടക്കുന്നവര്‍ ഇവിടെ എത്രയെങ്കിലും ഉണ്ടുതാനും. ഗ്രൂണ്‍ ഡ്രിസ്സെയെപ്പോലുള്ള ക്ലാസിക്ക് നമ്മുടെ ചര്‍ച്ചകളിലും ആലോചനകളിലും കാര്യമായി പരാമര്‍ശിക്കപ്പെടുകപോലും ചെയ്യാതിരിക്കുന്നതിന്റെ കാരണവും അതുതന്നെയാവണം. ഇങ്ങനെയൊരു ഗ്രന്ഥം നിലവിലുണ്ട് എന്ന കാര്യം പോലും നമ്മുടെ സംവാദങ്ങളില്‍നിന്ന് മനസ്സിലാക്കിയെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും മാര്‍ക്സിസ്റ്റ് ചിന്തയുടെ ഭാവിജീവിതത്തിലെ കേന്ദ്രസ്ഥാനങ്ങളിലൊന്ന് ഈ കൃതിയായിരിക്കും എന്ന് ലോകം ഇപ്പോള്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ മാര്‍ക്സിസ്റ്റ് സംവാദങ്ങളും ഇക്കാര്യം തിരിച്ചറിയാതിരുന്നുകൂടാ.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക 07 ഒക്ടോബര്‍ 2012

Monday, October 1, 2012

എറിക് ഹോബ്സ്ബാം: വിപ്ലവങ്ങളുടെ ചരിത്രകാരന്‍

വിഖ്യാത ബ്രിട്ടീഷ് ചരിത്രകാരനും മാര്‍ക്സിസ്റ്റ് ചിന്തകനുമായ എറിക് ഹോബ്സ്ബാം അന്തരിച്ചു. 95 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഹോബ്സ്ബാമിന്റെ അന്ത്യം തിങ്കളാഴ്ച പുലര്‍ച്ചെ ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലായിരുന്നു. ഭാര്യ മര്‍ലീന്‍. മൂന്നു മക്കളുണ്ട്.

1936ല്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ അദ്ദേഹം ദശാബ്ദങ്ങളോളം പാര്‍ടി അംഗമായി തുടര്‍ന്നു. മരണംവരെ മാര്‍ക്സിസത്തില്‍ ഉറച്ചവിശ്വാസം പുലര്‍ത്തി. കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഹോബ്സ്ബാം 1947ല്‍ ലണ്ടന്‍ സര്‍വകലാശാലയിലെ ബിര്‍ക്ബെക് കോളേജില്‍ അധ്യാപകനായി. കമ്യൂണിസ്റ്റുകാരനായതിനാല്‍ ഏറെ കാലം അദ്ദേഹത്തിന് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. ബ്രിട്ടന്റെയും അമേരിക്കയുടെയും അധിനിവേശയുദ്ധങ്ങളുടെ കടുത്ത വിമര്‍ശകനായിരുന്നു ഹോബ്സ്ബാം. പതിനെട്ടാംനൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവംമുതല്‍ (1789) ഇരുപതാംനൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചവരെയുള്ള (1991) പാശ്ചാത്യചരിത്രം രേഖപ്പെടുത്തിയ നാലു കൃതികളാണ് ഹോബ്സ്ബാമിന്റെ പ്രധാന സംഭാവന. ദി ഏജ് ഓഫ് റവല്യൂഷന്‍: യൂറോപ് 1789-1848 (വിപ്ലവയുഗം), ദി ഏജ് ഓഫ് ക്യാപിറ്റല്‍: 1848-1875 (മൂലധനയുഗം), ദി ഏജ് ഓഫ് എംപയര്‍: 1875-1914 (സാമ്രാജ്യയുഗം), ദി ഏജ് ഓഫ് എക്സ്ട്രീംസ്: 1914-1991 (വിപരീതങ്ങളുടെ യുഗം) എന്നിവയാണ് ഈ നാലു കൃതികള്‍. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ "ഹൗ ടു ചേഞ്ച് ദ വേള്‍ഡ്: ടെയില്‍സ് ഓഫ് മാര്‍ക്സ് ആന്‍ഡ് മാര്‍ക്സിസം" ആണ് അവസാന കൃതി.

ഹോംബ്സ്ബാം എഴുതിയ മുപ്പതില്‍പ്പരം കൃതികളില്‍ "ദ ജാസ് സീന്‍" എന്ന ജാസ് സംഗീത നിരൂപണ ഗ്രന്ഥവുമുണ്ട്. ന്യൂ സ്റ്റേറ്റ്സ്മാന്‍ പത്രത്തിനുവേണ്ടി ഫ്രാന്‍സിസ് ന്യൂട്ടന്‍ എന്ന പേരില്‍ ഒരു പതിറ്റാണ്ട് ജാസ് നിരൂപണം എഴുതിയിരുന്നു. തെക്കന്‍ യൂറോപ്യന്‍ കൊള്ളക്കാരെക്കുറിച്ച് എഴുതിയ പ്രീമിറ്റിവ് റിബല്‍സ്(1959) ആണ് ആദ്യ പ്രശസ്ത പുസ്തകം. നിരവധി രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ ആദരബിരുദം സമ്മാനിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ന്യൂ സ്കൂള്‍ ഫോര്‍ സോഷ്യല്‍ റിസേര്‍ച്ചിലും അധ്യാപകനായിരുന്നു. 1998ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പാനിയന്‍ ഓഫ് ഓണര്‍ ബഹുമതി സമ്മാനിച്ചു. 1917ല്‍ ഈജിപ്തിലെ അലക്സാന്‍ഡ്രിയയില്‍ ബ്രിട്ടീഷ് ജൂതകുടുംബത്തിലാണ് ജനിച്ചത്. പിതാവ് പോളിഷ് വംശജനായ ബ്രിട്ടീഷ് കൊളോണിയല്‍ ഉദ്യോഗസ്ഥന്‍ ലിയോപോള്‍ഡ് പേഴ്സി ഒബ്സ്ത്ബോം. മാതാവ് ഓസ്ട്രിയക്കാരി നെല്ലി ഗ്രൂണ്‍. ഓസ്ട്രിയ, ജര്‍മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 12-ാംവയസ്സില്‍ പിതാവിനെയും 14-ാംവയസ്സില്‍ മാതാവിനെയും നഷ്ടപ്പെട്ട് അനാഥനായ ഹോബ്സ്ബാമിനെയും സഹോദരിയെയും പിന്നീട് പിതൃസഹോദരനാണ് വളര്‍ത്തിയത്.1933ല്‍ ജര്‍മനിയില്‍ അധികാരത്തിലെത്തിയ ഹിറ്റ്ലര്‍ ജൂതവേട്ട ആരംഭിച്ചതിനെതുടര്‍ന്ന് കുടുംബം ബ്രിട്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു.

വിപ്ലവങ്ങളുടെ ചരിത്രകാരന്‍

ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് എറിക് ഹോബ്സ്ബാം (1917-2012). കിഴക്കന്‍ യൂറോപ്പിലാണ് ജനിച്ചതെങ്കിലും അദ്ദേഹവും കുടുംബവും ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. 1933ല്‍ ഹിറ്റ്ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടുത്തു. നാസിസത്തിന്റെ ഈ കടന്നുവരവാണ് ഹോബ്സ്ബാമിനെയും കുടുംബത്തെയും ഇംഗ്ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചത്. ചരിത്ര സംബന്ധിയായ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എങ്കിലും ഫ്രഞ്ച് വിപ്ലവത്തിനു (1789) ശേഷമുള്ള കാലഘട്ടത്തിലാണ് അദ്ദേഹം പ്രധാനമായും കേന്ദ്രീകരിച്ചത്. ആര്‍നോള്‍ഡ് ടോയന്‍ബി മുതലായവരുടെ ശൈലിയിലല്ല ഹോബ്സ്ബാം ചരിത്രരചന നടത്തിയത്. ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹത്തിന് ചരിത്രവിവരണത്തിന് വിഷയമാണ്. ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും പോരാളികളുടെയും വിവരങ്ങള്‍ മിതമായി മാത്രമേ ഹോബ്സ്ബാമിന്റെ ചരിത്രരചനയില്‍ കാണൂ.

1789 മുതല്‍ 1848 വരെയുള്ള കാലഘട്ടത്തെക്കുറിച്ച് അദ്ദേഹമെഴുതിയ "ഏജ് ഓഫ് റെവല്യൂഷന്‍" (വിപ്ലവത്തിന്റെ യുഗം) ഏറെ വിലപ്പെട്ടതാണ്. 1884 വരെയുള്ള ചരിത്രം ക്യാപ്പിറ്റല്‍ അഥവാ മൂലധനം എന്ന പേരിലാണ് എഴുതിയത്. തുടര്‍ന്ന് ഒന്നാം ലോക മഹായുദ്ധംവരെയുള്ള കാലഘട്ടത്തിന് ഏജ് ഓഫ് എമ്പയര്‍ അഥവാ സാമ്രാജ്യത്വ യുഗം എന്നാണ് അദ്ദേഹം പേര് നല്‍കിയത്. തുടര്‍ന്ന് സോവിയറ്റ് യൂണിയന്റെ 1991ലെ തകര്‍ച്ചവരെയുള്ള കാലഘട്ടത്തെ ദി ഷോര്‍ട്ട് സെഞ്ച്വറി (ഹ്രസ്വ ശതകം) എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. പിന്നീടുള്ള കാലഘട്ടത്തെക്കുറിച്ചും അദ്ദേഹം ഒരു പുസ്തകമെഴുതി. ഇവയില്‍ ആദ്യം പറഞ്ഞ ഏജ് ഓഫ് റെവല്യൂഷന്‍ യൂറോപ്പിന്റെ മുഖഛായയും അതിന്റെ പദവിയും മാറ്റിമറിച്ച രണ്ട് വിപ്ലവത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ആദ്യം യൂറോപ്പിലും പിന്നീട് ലോകമാകെയും ജനാധിപത്യ പരിവര്‍ത്തനത്തിന് വഴിവച്ച ഫ്രഞ്ച് വിപ്ലവത്തെയും ബ്രിട്ടീഷ് സാമ്പത്തിക പരിവര്‍ത്തനത്തിന് വഴിവയ്ക്കുകയും അവരുടെ ലോകാധിപത്യത്തിന് വഴിതെളിക്കുകയും ചെയ്ത വ്യവസായിക വിപ്ലവത്തെയുമാണ് ഇരട്ടവിപ്ലവമെന്ന് ഹോബ്സ്ബാം നാമകരണം ചെയ്തത്. ഈ കാലഘട്ടത്തിലാണ് ഇംഗ്ലീഷ് ഭാഷയിലെ നിരവധി പദങ്ങള്‍ക്ക് പുതിയ അര്‍ഥം കല്‍പ്പിക്കുകയോ പഴയ അര്‍ഥങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയോ ചെയ്തത് എന്ന് ഹോബ്സ്ബാം പറയുന്നു.

സയന്‍സ്, ജേര്‍ണലിസം, ട്രെയിന്‍, ഇന്‍ഡസ്ട്രി, സ്ട്രൈക് തുടങ്ങിയ നിരവധി പുതിയ പദങ്ങള്‍ നിലവില്‍ വന്നത് ഈ കാലഘട്ടത്തിന്റെ സവിശേഷ സ്വഭാവത്തെ ഊന്നിക്കാണിക്കുന്നു. ഇവയ്ക്കു പുറമെ അന്നത്തെ വിദ്യാഭ്യാസം, ആഹാര രീതി, വേഷ ഭൂഷാദികള്‍, പെരുമാറ്റ മര്യാദകള്‍ എന്നിവയും വിശദീകരിക്കപ്പെടുന്നുണ്ട്. രണ്ട് ലോകമഹായുദ്ധങ്ങളും റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന് ലോകമെങ്ങും വ്യാപിച്ച സ്വാതന്ത്ര്യസമര വേലിയേറ്റവുമാണ് "ഷോര്‍ട്ട് സെഞ്ച്വറി"യില്‍ ഹോബ്സ്ബാം വിവരിക്കുന്നത്. ഹാബ്സ്ബാം ആത്മകഥ എഴുതിയിട്ടുണ്ട്. ചരിത്രപഠനത്തെ സംബന്ധിച്ച ശാസ്ത്രീയഗ്രന്ഥവും എഴുതിയിട്ടുണ്ട്.

ഹോബ്സ്ബാമിന്റെ കൊള്ളക്കാര്‍ എന്ന കൃതി എങ്ങനെയാണ് കൊള്ളക്കാര്‍ ഉണ്ടായതെന്നും കൊള്ളക്കാരുടെ പിറവി കൃഷിക്കാരെ ചൂഷണംചെയ്യുന്ന ഭൂപ്രഭുത്വത്തിലും കൊളോണിയല്‍ വാഴ്ചയിലും ആണെന്നും സ്ഥാപിക്കുന്നു. ഹോബ്സ്ബാമിനെ അനുപമനായ ചരിത്രകാരനായി ഉയര്‍ത്തിയത് അദ്ദേഹത്തിന്റെ മാര്‍ക്സിസ്റ്റ് വീക്ഷണമാണ്. ഗോര്‍ഡന്‍ ചെല്‍ഡ് തുടങ്ങിയ ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരുമായി സഹകരിച്ച് ചരിത്രകാരന്മാരുടെ ശില്‍പ്പശാലയും കൂട്ടായ്മയും സംഘടിപ്പിക്കാന്‍ 1950ല്‍ ഹോബ്സ്ബാം പ്രധാന പങ്ക് വഹിച്ചു. മാര്‍ക്സിസം അദ്ദേഹത്തിന്റെ വീക്ഷണത്തിന് രൂപംനല്‍കിയെങ്കിലും മാര്‍ക്സ് എഴുതിയ കാര്യങ്ങളെല്ലാം അതുപോലെ ഉള്‍ക്കൊള്ളുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ലായിരുന്നു. ഒരു വിമര്‍ശനാത്മക സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യവും വാര്‍ധക്യവും അദ്ദേഹത്തിന്റെ വരവിന് തടസ്സമായി. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തിയില്‍ അദ്ദേഹത്തിന് നല്ല മതിപ്പുമായിരുന്നു.
(പി ഗോവിന്ദപ്പിള്ള)
 
ഹൗ ടു ചേഞ്ച് ദ വേള്‍ഡ് ടെയില്‍സ് ഒഫ് മാര്‍ക്സ് ആന്റ് മാര്‍ക്സിസം എന്ന കൃതിയെപ്പറ്റി ചന്ദ്രദത്ത് എഴുതിയ പുസ്തക പരിചയം താഴെ:

ലോകത്തെ എങ്ങനെ മാറ്റാം

*
ദേശാഭിമാനി 02 ഒക്ടോബര്‍ 2012

Thursday, August 16, 2012

ഉത്തരാധുനികതയും മാര്‍ക്സിസവും

ഒന്ന്

ഉത്തരാധുനികതയുടെ സൈദ്ധാന്തികാകര്‍ഷകത്വം വലിയൊരളവില്‍ കെട്ടടങ്ങിക്കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ വിവിധ വിജ്ഞാന മേഖലകളില്‍ പല നിലകളില്‍ സ്വാധീനം ചെലുത്താന്‍ അതിന് കഴിഞ്ഞിരുന്നു. കേരളീയ സമൂഹത്തിന്റെ ബൗദ്ധിക ജീവിതത്തിലും 1990 -കള്‍ മുതല്‍ക്കുള്ള രണ്ട് പതിറ്റാണ്ടുകളിലെ പ്രബല സ്വാധീനം ഉത്തരാധുനികതയുടേതായിരുന്നു. സിദ്ധാന്ത വിചാരത്തിന്റേതായ പുതിയ ഒരു ഭാഷയ്ക്കും അതിന്റെ പദകോശത്തിനും ഉത്തരാധുനികത ജന്മംനല്‍കി. ഒട്ടനവധി സൈദ്ധാന്തികരും അവര്‍ രൂപപ്പെടുത്തിയ ചിന്താ പദ്ധതികളും നമ്മുടെ സംവാദമണ്ഡലങ്ങളില്‍ സ്ഥിര സാന്നിധ്യങ്ങളായി. ലോകത്തെയും യാഥാര്‍ഥ്യത്തെയും വിശദീകരിക്കാന്‍ നാം ആശ്രയിച്ചുപോന്ന സൈദ്ധാന്തിക സാമഗ്രികള്‍ വലിയൊരളവില്‍ പുതുക്കിപ്പണിയപ്പെട്ടു. ഇപ്പോഴവ ഏറെക്കുറെ നമ്മുടെ ചിന്തയുടെ സ്വാഭാവിക പരിസരങ്ങളായിത്തീര്‍ന്നിരിക്കുന്നു. ഇങ്ങനെ, രണ്ടു പതിറ്റാണ്ടുകൊണ്ട് കേരളീയ ധൈഷണിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചതിനുശേഷമാണ് ഉത്തരാധുനിക പ്രവണതകള്‍ ഇപ്പോള്‍ പിന്‍വാങ്ങിത്തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത് ഏകമുഖമായ ഒരു കൊഴിഞ്ഞുപോക്കല്ല.

പേരുകളും പരികല്‍പനകളും നിരന്തരം ആവര്‍ത്തിക്കപ്പെടുന്നത് കുറഞ്ഞാലും, അതിന്റെ ആശയലോകം അന്തരീക്ഷത്തിലുണ്ട്. ആ ആശയവ്യവസ്ഥയുടെ മാധ്യസ്ഥത്തിന് വിധേയമായിട്ടാണ് സമകാലിക ധൈഷണികാലോചനകള്‍ അരങ്ങേറുന്നത്. ചരിത്രത്തെ ആഗ്രഹിച്ച് ഇല്ലാതാക്കാന്‍ കഴിയാത്തതുപോലെ, ചിന്തയുടെ ചരിത്രത്തേയും നമുക്ക് തേച്ചുമാച്ചുകളയാന്‍ കഴിയില്ല എന്നതാണ് വാസ്തവം. മഹാപ്രമാണങ്ങള്‍ക്ക് എതിരായ പടപ്പുറപ്പാടായാണ് ഉത്തരാധുനികത പൊതുവെ വിശദീകരിക്കപ്പെട്ടത്. എങ്കിലും അതിനുമൊരു മഹാപ്രമാണം ഉണ്ടായിരുന്നു; "മഹാഖ്യാനങ്ങളുടെ മരണം" എന്ന ആശയം. സാര്‍വ്വത്രിക സിദ്ധാന്തങ്ങളുടെ അസ്വീകാര്യത ഊന്നിപ്പറയാന്‍ ഉത്തരാധുനിക ചിന്ത എപ്പോഴും ശ്രദ്ധ ചെലുത്തി. എല്ലാത്തിനേയും വിശദീകരിക്കാന്‍ കഴിയുന്ന പൊതു തത്വങ്ങള്‍ സമഗ്രാധിപത്യത്തിന്റെ പ്രച്ഛന്ന രൂപങ്ങളാണെന്ന നിലപാടാണ് ഉത്തരാധുനിക ചിന്തയുടെ മുഖ്യധാരയില്‍ ഉയര്‍ന്നുകേട്ടത്. അതുകൊണ്ടുതന്നെ, ഉത്തരാധുനികത മാര്‍ക്സിസത്തിന് എതിരായ യുദ്ധപ്രഖ്യാപനം കൂടിയായാണ് രംഗത്തുവന്നത്. അധ്വാനത്തിലും വര്‍ഗ്ഗബന്ധങ്ങളിലും യാഥാര്‍ത്ഥ്യത്തെ സത്താപരമായി സംഗ്രഹിക്കുകയാണ് മാര്‍ക്സിസം ചെയ്യുന്നത് എന്ന ആരോപണമുന്നയിച്ചുകൊണ്ട്, മാര്‍ക്സിസത്തെ സമഗ്രാധിപത്യപരമായ ജ്ഞാനവ്യവസ്ഥയും സാമൂഹ്യ സിദ്ധാന്തവുമായി അത് നിരാകരിച്ചു.

ഉത്തരാധുനികതയുടെ ചിന്താമണ്ഡലവുമായി മാര്‍ക്സിസത്തിനുള്ള ബന്ധമെന്താണ്? രണ്ട് തലങ്ങളില്‍ ഇതിന് വിശദീകരണം നല്‍കാം. ഒരുഭാഗത്ത് ഉത്തരാധുനികതയെ അതിന്റെ ശത്രുതാപരവും ഏകമുഖമായ മാര്‍ക്സിസ്റ്റ് നിരാകരണത്തെ മുന്‍നിര്‍ത്തി മാര്‍ക്സിസ്റ്റുകാര്‍ തള്ളിക്കളയുന്നു. പില്‍ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരികയുക്തി എന്നത് ഉത്തരാധുനികതയെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണകളുടെ സംഗ്രഹമായി പലപ്പോഴും അവതരിപ്പിച്ചു വരാറുണ്ട്. പില്‍ക്കാല മുതലാളിത്തം (late capitalism) എന്ന ഏണസ്റ്റ് മാന്‍ഡലിന്റെ സങ്കല്‍പനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഫ്രെഡറിക് ജയിംസണ്‍ ഇങ്ങനെയൊരു ആശയം അവതരിപ്പിക്കുന്നത്. മൂലധനത്തിന്റെ പുതിയ രൂപവും പ്രകൃതവും ജന്മം നല്‍കിയ പുതിയ സാമൂഹ്യ സന്ദര്‍ഭങ്ങളെയും ഭൗതിക യാഥാര്‍ത്ഥ്യങ്ങളെയുമാണ് ഉത്തരാധുനികത ആവിഷ്കരിക്കുന്നത് എന്നദ്ദേഹം പറയുന്നു. മുതലാളിത്ത മൂലധനത്തിന്റെ പില്‍ക്കാല സ്വരൂപത്തിന് സാംസ്കാരികമായ സാധൂകരണവും വിശദീകരണവും നല്‍കലാണ് ഉത്തരാധുനികത ചെയ്യുന്നത് എന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഇങ്ങനെയൊരു വിശദീകരണ പദ്ധതിയെ ആശ്രയിക്കാതെ, മുതലാളിത്തത്തിന്റെയും പുത്തന്‍ മൂലധന പ്രവണതകളുടെയും പ്രത്യയശാസ്ത്ര സംഗ്രഹം എന്ന നിലയില്‍ ഉത്തരാധുനിക സമീപനങ്ങളെ നിരാകരിക്കുന്ന മാര്‍ക്സിസ്റ്റ് ചിന്തകരുമുണ്ട്. ടെറി ഈഗിള്‍ട്ടനും മറ്റും പുലര്‍ത്തുന്ന നിലപാട് അത്തരമൊന്നാണ്. ഫ്രെഡറിക് ജയിംസണ്‍ അതിനെ ഒരു ഭൗതികാവസ്ഥയോട് ചേര്‍ത്തുവയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഈഗിള്‍ട്ടനും മറ്റും പ്രത്യയശാസ്ത്രപരമായ കപടധാരണയെന്ന നിലയിലാണ് ഉത്തരാധുനികതയെ സമീപിക്കുന്നത്. മിക്കവാറും ഏകമുഖമായ തിരസ്കാരത്തിന്റെ യുക്തിയാണ് അവര്‍ ഇതിനോട് പുലര്‍ത്തുന്നതും.

ഇതിന്റെയെല്ലാം മറുപുറത്ത് ഉത്തരാധുനിക സമീപനങ്ങളെ സ്വാഗതംചെയ്യുന്ന സ്വയം പ്രഖ്യാപിത മാര്‍ക്സിസ്റ്റുകളും ഉണ്ട്. പോസ്റ്റ്-മാര്‍ക്സിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വിഭാഗം ചിന്തകര്‍. മാര്‍ക്സിസത്തിന്റെ ധൈഷണിക/വിമോചന പാരമ്പര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഉത്തരാധുനികധാരണകളുമായി തങ്ങള്‍ സംവാദാത്മക ബന്ധം സ്ഥാപിക്കുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ ഇവരുടെ നിലപാട് വലിയൊരളവോളം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നില്ലെന്ന് വ്യക്തമാവും. സാര്‍വ്വത്രികമായ മൂലധനാധിപത്യത്തേയും സാമ്രാജ്യത്വ അധിനിവേശങ്ങളെയും പരിഗണിക്കാന്‍ സന്നദ്ധമല്ലാത്ത സമീക്ഷയാണ് പോസ്റ്റ് മാര്‍ക്സിസ്റ്റുകള്‍ അവതരിപ്പിക്കുന്നത്. വര്‍ഗ്ഗബന്ധങ്ങളും വര്‍ഗ്ഗ സംഘര്‍ഷങ്ങളും പൊതുവില്‍ അവരുടെ പരിഗണനാമണ്ഡലത്തിന് പുറത്താണ്. ബഹുസ്വരവും ശകലിതവുമായ യാഥാര്‍ത്ഥ്യം എന്ന അനുഭവതലത്തിന് ഏറിയ പ്രാധാന്യം നല്‍കുന്നത് വഴി, അഗാധമായ സാമൂഹ്യ പ്രവണതകളെയും അതിനാസ്പദമായ ഉല്‍പാദന-വിതരണ ക്രമങ്ങളെയും കയ്യൊഴിയാന്‍ അവര്‍ പ്രേരിപ്പിക്കപ്പെടുന്നു. മാര്‍ക്സിസത്തെച്ചൊല്ലിയുള്ള എല്ലാത്തരം അവകാശവാദങ്ങള്‍ക്കുശേഷവും പോസ്റ്റ്-മാര്‍ക്സിസം, മാര്‍ക്സിസവുമായി ഒത്തുപോകാത്തത് ഇതുകൊണ്ടാണ്.

ഇങ്ങനെ ബഹുരൂപിയായ സംവാദ വിനിമയ ബന്ധങ്ങളാണ് മാര്‍ക്സിസവും ഉത്തരാധുനികതയുടെ ധൈഷണിക മണ്ഡലവും തമ്മില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം നിലനിന്നു പോന്നത്. സൂക്ഷ്മതലത്തില്‍ ഒട്ടനവധി വ്യത്യാസങ്ങള്‍ പറയാനാവുമെങ്കിലും ഉത്തരാധുനികതയെ ഒരു മൂലധന പ്രത്യയശാസ്ത്രം എന്ന നിലയില്‍ വിലയിരുത്താന്‍തന്നെയാണ് മാര്‍ക്സിസ്റ്റുകാര്‍ (പോസ്റ്റ്-മാര്‍ക്സിസ്റ്റുകളെ ഇതിലുള്‍പ്പെടുത്തുന്നില്ല) ശ്രമിച്ചത്. ചെറുതുകള്‍ക്കും സൂക്ഷ്മ യാഥാര്‍ത്ഥ്യങ്ങള്‍ക്കും വേണ്ടിയുള്ള ന്യായ വാദങ്ങള്‍ എന്ന് അവകാശപ്പെട്ടപ്പോഴും ആഗോള മൂലധനത്തിന്റെയും സാമ്രാജ്യാധിനിവേശത്തിന്റെയും പ്രത്യക്ഷ പ്രമേയങ്ങളെ അഭിസംബോധനചെയ്യാന്‍ ഉത്തരാധുനിക നിലപാടുകള്‍ക്ക് കഴിഞ്ഞില്ല എന്ന വിമര്‍ശനം മാര്‍ക്സിസ്റ്റുകാര്‍ നിരന്തരം ഉന്നയിച്ചു. ആഘോഷപൂര്‍ണ്ണമായ അരങ്ങേറ്റത്തിനും പ്രതാപപൂര്‍ണ്ണമായ വാഴ്ചകള്‍ക്കുംശേഷം ഒട്ടൊക്കെ കെട്ടടങ്ങിയ ഒരു ധൈഷണിക പ്രവണതയായി അത് പരിഗണിക്കപ്പെട്ടു തുടങ്ങുമ്പോള്‍, മേല്‍പറഞ്ഞ വിമര്‍ശനങ്ങള്‍ വലിയൊരളവോളം ശരിവെയ്ക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്.

രണ്ട്

ഉത്തരാധുനികം എന്ന പരികല്‍പന പല നിലകളില്‍ വിശദീകരിക്കപ്പെട്ടുവരുന്നുണ്ട്. ഭൗതിക സന്ദര്‍ഭം എന്ന നിലയിലും ചിന്താ പദ്ധതി എന്ന നിലയിലും കലാസാഹിത്യ പ്രവണത എന്ന നിലയിലുമെല്ലാം ഇതിന് വിശദീകരണം ലഭിച്ചിട്ടുണ്ട്. ഈ വിശദീകരണ പദ്ധതികള്‍ ഒന്നിനൊന്നു വ്യത്യസ്തമായി, തീര്‍ത്തും വ്യതിരിക്തമായ നിലയില്‍ തുടരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. ഊന്നലുകളിലും പ്രയോഗസ്ഥാനങ്ങളിലുമുള്ള വ്യത്യാസമാണ്, വലിയൊരളവോളം, ഈ വ്യത്യസ്ത വിശദീകരണങ്ങളെ സാധുവാക്കുന്നത് എന്നു പറയാം. ഒന്നാമത്തേത് ഒരു ഭൗതിക-സാമൂഹിക യാഥാര്‍ത്ഥ്യം എന്ന നിലയിലുള്ള വിശദീകരണമാണ്. വിവര സാങ്കേതിക വിപ്ലവവും സമ്പദ്വ്യവസ്ഥയിലുണ്ടായ നിര്‍ണ്ണായകമായ പരിവര്‍ത്തനങ്ങളും ചേര്‍ന്ന് ജന്മം നല്‍കിയ പുതിയ ഭൗതികപരിതോവസ്ഥയെ ഉത്തരാധുനികം എന്ന് വിശേഷിപ്പിച്ചുവരുന്നുണ്ട്. അമേരിക്കന്‍ സാമൂഹ്യ ചിന്തകനായ ഡാനിയല്‍ ബെല്ലിന്റെ വ്യവസായാനന്തര സമൂഹം (post industrial society) എന്ന സങ്കല്‍പനത്തിന് ഇവിടെ വലിയ പ്രാധാന്യമുണ്ട്. ആധുനികപൂര്‍വ്വം, ആധുനികം, ആധുനികാനന്തരം എന്നിങ്ങനെയുള്ള ഒരു തരംതിരിവിന് ഉപയുക്തമാവുന്നമട്ടില്‍ സാമ്പത്തിക വിനിമയങ്ങളുടെ ഒരു തരംതിരിക്കല്‍ ഡാനിയല്‍ബെല്‍ നടത്തുന്നുണ്ട്. ഒരു സമൂഹത്തിലെ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രം കൃഷിയാണെങ്കില്‍ അത് ആധുനികപൂര്‍വ്വവും വ്യവസായമാണെങ്കില്‍ ആധുനികവുമാണ്. സമ്പദ്വ്യവസ്ഥയുടെ കേന്ദ്രം വ്യവസായത്തില്‍നിന്നും സേവനത്തുറകളിലേക്ക് നീങ്ങുമ്പോഴാണ് വ്യവസായാനന്തര സമൂഹം പിറവിയെടുക്കുക.

വിനോദവ്യവസായം, വിവര സാങ്കേതികത, ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന സേവനത്തുറകള്‍ സമ്പദ്വ്യവസ്ഥയുടെയും സാമ്പത്തിക വിനിമയങ്ങളുടെയും കേന്ദ്രമായിത്തീരുന്നതോടെ വ്യവസായാനന്തര സമൂഹം രൂപമെടുക്കുന്നു. പുതിയൊരു ലോക സന്ദര്‍ഭവും അതിന്റെ ജീവിതവീക്ഷണവും ഇതോടെ രംഗത്തെത്തുന്നു എന്നു പറയാം. ഉത്തരാധുനികത ഇത്തരമൊരു ഭൗതികാവസ്ഥയുടെയും അത് ജന്മം നല്‍കിയ ലോകാവബോധത്തിന്റെയും ആകെത്തുകയെന്ന നിലയിലാണ് വിശദീകരിക്കപ്പെടാറുള്ളത്. വാര്‍ത്താവിനിമയമേഖലയുടെ അതിഭീമമായ വളര്‍ച്ചയും ദൃശ്യ സംസ്കാരത്തിന് കൈവരുന്ന വലിയ മേല്‍കയ്യുമെല്ലാം ഇവിടെ കാണാം.

ആഴത്തെ അസാധുവും അസാധ്യവും ആക്കുന്ന ഒരു പ്രതല ജീവിതം ഉയര്‍ന്നുവരുന്നു എന്ന് ഈ പുതിയ സന്ദര്‍ഭത്തിന്റെ സ്വഭാവം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒഴുകുന്ന ബിംബ പരമ്പരകളുടേതായി യാഥാര്‍ത്ഥ്യം മാറിത്തീരുന്നു. പണം ഉള്‍പ്പെടെ സര്‍വ്വതും പ്രതല സ്വഭാവമുള്ളതായിത്തീരുന്നു. യാഥാര്‍ത്ഥ്യം ഭൗതികാസ്പദങ്ങളെ വിട്ട് ഒഴുകിനീങ്ങുന്ന മായിതയുടെ സ്വഭാവം കൈവരിക്കുന്നു. ഉത്തരാധുനികതയെക്കുറിച്ചുള്ള മുഖ്യധാരാ സങ്കല്‍പം അടിസ്ഥാനപരമായി ഇത്തരമൊന്നാണ്. മൂലധനത്തിന്റെ പുതിയ സന്ദര്‍ഭം ജന്മം നല്‍കിയ ഭൗതിക പരിതോവസ്ഥയെ വിശദീകരിക്കാനുള്ള ശ്രമം എന്നതാണ് ഈ സമീപനത്തിന്റെ വക്താക്കള്‍ അവകാശപ്പെടുക. മുഖ്യമായും മാധ്യമ കേന്ദ്രിതമായ, അമേരിക്കന്‍ മാധ്യമ പഠിതാക്കളും മറ്റും വികസിപ്പിച്ചെടുക്കുകയും പറഞ്ഞുറപ്പിക്കുകയും ചെയ്ത വീക്ഷണമാണിത്.

ഇതില്‍നിന്ന് ഭിന്നമായി കൂടുതല്‍ ഗഹനമായ നിലയില്‍ ഇതേ പ്രമേയത്തെ വിശദീകരിക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ഫ്രഞ്ച് ചിന്തകനായ ലോന്യാറിന്റെ ഉത്തരാധുനികാവസ്ഥയെക്കുറിച്ചുള്ള (post modern condition) വിശദീകരണങ്ങള്‍ അങ്ങനെയുള്ളതാണ്. ആധുനികത ബൃഹദാഖ്യാനങ്ങളുടെ ആധിപത്യകാലമാണെന്ന് അദ്ദേഹം കരുതുന്നു. അതിസൂക്ഷ്മയാഥാര്‍ത്ഥ്യം മുതല്‍ മഹാസ്ഥൂലംവരെ സര്‍വ്വതിനേയും വിശദീകരിക്കാന്‍ കഴിയും എന്ന് അവകാശപ്പെട്ട, അത്തരം വിശദീകരണങ്ങളിലൂടെ ലോകത്തെ വ്യവസ്ഥപ്പെടുത്തിയ മഹാപ്രമാണങ്ങളുടെ കാലം അവസാനിച്ചതായി ലോന്യാര്‍ കരുതി. പുതിയ സന്ദര്‍ഭം മഹാഖ്യാനങ്ങളിലുള്ള അവിശ്വാസത്തിന്റേതാണ് (incredibiltiy towards meta narratives ‍). ഏതെങ്കിലുമൊരു സാര്‍വ്വത്രിക പ്രമാണത്തെയോ സങ്കല്‍പനത്തെയോ മുന്‍നിര്‍ത്തി യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കാവുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഓരോ യാഥാര്‍ത്ഥ്യവും അതില്‍തന്നെ സവിശേഷമാണ്. അതിനാല്‍ ഓരോന്നിനും അതാതിന്റേതായ വ്യാഖ്യാന-വിശദീകരണ പദ്ധതികളാണ് വേണ്ടത്. ലഘു ആഖ്യാനങ്ങള്‍ (little narratives) എന്ന സങ്കല്‍പനത്തെ മുന്‍നിര്‍ത്തുന്ന ഈ വിശദീകരണത്തിന് ഉത്തരാധുനികതയുടെ ആശയ പ്രപഞ്ചത്തില്‍ വലിയ സ്വാധീനമാണ് ലഭിച്ചത്. ഒരര്‍ത്ഥത്തില്‍ ഉത്തരാധുനിക വിചാരങ്ങളുടെ കേന്ദ്രപ്രമേയംതന്നെ ഇതാണെന്ന് പറയാം. മാര്‍ക്സിസത്തിനെതിരായ ഉത്തരാധുനികതയുടെ പടനീക്കത്തിന്റെ കേന്ദ്രമായിത്തീര്‍ന്നതും ഇതുതന്നെ. ഈ പ്രമേയത്തെ ദൃഢീകരിക്കാന്‍ കഴിയുന്നവിധത്തില്‍ ഘടനാവാദാനന്തര ചിന്തയുടെ മേഖലയില്‍നിന്ന് വന്‍തോതില്‍ ആശയാവലികളും സംവര്‍ഗ്ഗങ്ങളുമെല്ലാം അത് സ്വാംശീകരിക്കുകയും ചെയ്തു.

ഘടനാ വാദാനന്തര സിദ്ധാന്തങ്ങള്‍ (post strutcural theories) പൊതുവെ രണ്ട് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയുണ്ടായി. യാഥാര്‍ത്ഥ്യത്തെ സത്താപരമായി വിശദീകരിക്കാനുള്ള എല്ലാത്തരം പരിശ്രമങ്ങളെയും അത് ഒരു നിലയില്‍ അല്ലെങ്കില്‍ മറ്റൊരു നിലയില്‍ നിരസിച്ചു. മനുഷ്യാവസ്ഥ മുതല്‍ സാമൂഹ്യ പ്രതിഭാസങ്ങള്‍വരെയുള്ളവയെ കേവലസത്തയായി സങ്കല്‍പിക്കാനോ അതുവഴിയുള്ള വിശദീകരണങ്ങള്‍ നല്‍കാനോ ഉള്ള എല്ലാ ശ്രമങ്ങളെയും കാലഹരണപ്പെട്ടതാക്കി മാറ്റാന്‍ ഘടനാവാദാനന്തര ചിന്തയ്ക്ക് കഴിഞ്ഞു എന്നു പറയാം. ഇതിന്റെ ഭാഗമായി കര്‍ത്താവിന്റെ അപകേന്ദ്രീകരണം (decentering of the subject) എന്നത് ഘടനാവാദാനന്തര ചിന്തയുടെ കേന്ദ്ര താല്‍പര്യമായിത്തീരുകയും ചെയ്തു. എല്ലാത്തരത്തിലുള്ള കേന്ദ്രീകരണങ്ങളെയും നിരാകരിക്കുന്ന ഉത്തരാധുനിക സമീപനത്തിന് ഏറ്റവും സ്വീകാര്യമയ സമീപനമായി ഇത് മാറിത്തീര്‍ന്നതില്‍ അത്ഭുതമൊന്നുമില്ല. അങ്ങനെ അപനിര്‍മ്മാണത്തിന്റെയും നവ മനോവിശ്ലേഷണത്തിന്റെയും വ്യവഹാര വിശകലനത്തിന്റേയും മറ്റും ആശയാവലികള്‍ ഉത്തരാധുനിക ധൈഷണികതയുടെ സ്വാഭാവിക ഭാഗങ്ങളായി. ഇവ തമ്മില്‍ കലര്‍ന്നു നില്‍ക്കുന്ന വിപുലമായ ഒരു വ്യവഹാരമേഖലയായി ഉത്തരാധുനിക ലോകം മാറിത്തീര്‍ന്നിരിക്കുന്നു.

മൂന്ന്

ഈ സ്ഥിതിവിശേഷത്തോടും ആശയലോകത്തോടും മാര്‍ക്സിസത്തിനുള്ള ബന്ധമെന്താണ്? ഇക്കാര്യത്തില്‍ ഒരു വ്യക്തത വരണമെങ്കില്‍ മാര്‍ക്സിസവും ആധുനികതയും തമ്മിലുള്ള ബന്ധമെന്താണ് എന്നാലോചിക്കേണ്ടതുണ്ട്. മുതലാളിത്തം, കോളനീകരണം, ദേശ-രാഷ്ട്രങ്ങള്‍, വ്യവസായവത്കരണം, അച്ചടി തുടങ്ങിയ ഭൗതികാസ്പദങ്ങളും യുക്തി, ആധുനിക ശാസ്ത്രം, മനുഷ്യ കേന്ദ്രിതത്വം, മതനിരപേക്ഷത തുടങ്ങിയ ആശയക്രമങ്ങളും ഇടകലര്‍ന്ന് ജന്മംനല്‍കിയ വിപുലമായ ഒരു സാമൂഹ്യവ്യവസ്ഥയെയാണ് ആധുനികത എന്ന് നാം വിളിച്ചുപോരുന്നത്. ഒരു ഭാഗത്ത് മുതലാളിത്ത ചൂഷണവും കൊളോണിയല്‍ കൊള്ളയും ഉള്ളപ്പോള്‍തന്നെ, മറുഭാഗത്ത് സ്വാതന്ത്ര്യത്തേയും പുരോഗതിയേയും മനുഷ്യ മഹത്വത്തേയും കുറിച്ചുള്ള ആശയങ്ങളും അവയുടെ സാക്ഷാത്കാരത്തിനായുള്ള നാനാവിധ പരിശ്രമങ്ങളും ആധുനികതയില്‍ ഉണ്ടായിരുന്നു. ഇവയില്‍ ഏതെങ്കിലും ഒരു ഘടകത്തെയോ ചില ഘടകങ്ങളെ മാത്രമോ മുന്‍നിര്‍ത്തി ആധുനികതയെ വിശദീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും അതിന്റെ ചരിത്രയാഥാര്‍ത്ഥ്യത്തെ നിരസിക്കുന്നതുമായിരിക്കും.

ആധുനികലോകത്തിന്റെ ഈ വൈരുദ്ധ്യാത്മക പ്രകൃതത്തെ മാര്‍ക്സ് ആദ്യംമുതല്‍ക്കുതന്നെ തിരിച്ചറിഞ്ഞിരുന്നു. ബൂര്‍ഷ്വാസി സ്വന്തം മാതൃകയിലാണ് ലോകം നിര്‍മ്മിക്കുകയെന്ന മാനിഫെസ്റ്റോയിലെ പ്രസിദ്ധമായ വിശദീകരണത്തിന്റെ ഒരു താല്‍പര്യം അതാണ്. ബൂര്‍ഷ്വാ മനുഷ്യനെ കേവല മനുഷ്യ മാതൃകതന്നെയാക്കിക്കൊണ്ടും ബൂര്‍ഷ്വാ ആധുനികതയെ ആധുനികതയായി ഉറപ്പിച്ചുകൊണ്ടുമാണ് ബൂര്‍ഷ്വാസി മുന്നോട്ടുവന്നത്. അതുകൊണ്ടുതന്നെ ആധുനികതയുടെ പ്രഖ്യാതമായ ആദര്‍ശസ്ഥാനങ്ങള്‍ക്കെല്ലാം ചില മറുപുറങ്ങള്‍ ഉണ്ടെന്ന് കാണാം. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചുമുള്ള ആധുനിക സങ്കല്‍പങ്ങള്‍ മുതലാളിത്ത കമ്പോളത്തിന്റെ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടവകൂടിയാണ്. സാര്‍വ്വദേശീയതയെക്കുറിച്ചുള്ള ആധുനിക വീക്ഷണങ്ങള്‍ വന്‍ വിപണികള്‍ക്കുവേണ്ടിയുള്ള മുതലാളിത്ത വാദങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. മുതലാളിത്തമാണ് ലോകത്തെ ഒരു ഏക വ്യവസ്ഥയിലേക്ക് ആദ്യമായി ആനയിച്ചതെങ്കിലും, ആ ഉദ്ഗ്രഥനത്തിന്റെ കാതല്‍ കോളനീകരണമായിരുന്നു. ആധുനികശാസ്ത്രം വിജ്ഞാനത്തിന്റെ വസ്തുനിഷ്ഠതയേയും യുക്തിപരതയേയുംഉറപ്പിച്ചെടുത്തപ്പോള്‍തന്നെ, അത്യന്തം വിനാശകരമായ പ്രകൃതി-വിഭവ ചൂഷണങ്ങളിലൂടെയാണ് അത് വളര്‍ന്നുവന്നത് എന്നതും കാണാതിരുന്നുകൂട. ഇങ്ങനെ ഏതെല്ലാം വിതാനങ്ങളില്‍ ആധുനികലോകം പുരോഗമനപരവും വിപ്ലവാത്മകവുമായി നിലകൊണ്ടുവോ, അതിന്റെയെല്ലാം മറുപുറങ്ങളില്‍ അത് മൂലധനാധിപത്യത്തിന്റെയും മുതലാളിത്ത ചൂഷണത്തിന്റെയും പ്രയുക്തസ്ഥാനമായും നിലനിന്നു. ഈ ഇരട്ട ജീവിതമാണ് ആധുനികലോകത്തെ വൈരുധ്യനിര്‍ഭരമാക്കുന്നത്. ആധുനികതയെ മുതലാളിത്ത ആധുനികത എന്ന് കൃത്യമായി വിശേഷിപ്പിക്കാന്‍ പല സമീപകാല ചിന്തകരും മാര്‍ക്സിസ്റ്റുകളും തുനിയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ആധുനികലോകത്തെ ഇങ്ങനെ വൈരുദ്ധാത്മകമായി തിരിച്ചറിയുന്നതിലുള്ള പോരായ്മകള്‍ പരസ്പരവിരുദ്ധമായ രണ്ട് നിലപാടുകള്‍ക്ക് ജന്മം നല്‍കും. ഒരു ഭാഗത്ത് അത് ആധുനികലോകത്തെ സാര്‍വ്വത്രികമായ പുരോഗതിയുടെയും സ്വാതന്ത്ര്യോന്മുഖമായ മാനുഷിക പ്രയാണത്തിന്റെയും സ്ഥാനമായി ഉറപ്പിക്കും. ലിബറല്‍ വ്യക്തിവാദവും ശാസ്ത്രവാദവും മുതല്‍ വിവിധതരം ദേശീയതാവാദങ്ങള്‍വരെ ഈ നിലപാടിന്റെ പലതരം ആവിഷ്കാരങ്ങളാണ്. മറുപുറത്ത് ഉത്തരാധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിന്താ പദ്ധതികള്‍ ആധുനികതയുടെ വ്യത്യസ്ത സ്വഭാവങ്ങളിലുള്ള അധിനിവേശ സ്വരൂപത്തെ മുന്‍നിര്‍ത്തുന്ന സിദ്ധാന്ത വിചാരങ്ങള്‍ക്കാണ് ജന്മം നല്‍കിയിട്ടുള്ളത്. ആധുനികതയെ മുതലാളിത്ത ആധുനികതയായി പരിഗണിക്കുന്നതിന് അവ പൊതുവെ സന്നദ്ധമല്ല. അത്തരമൊരു പരിഗണന യാഥാര്‍ത്ഥ്യത്തെ കേന്ദ്രവാദപരമായ - ഏതെങ്കിലുമൊരു പൂര്‍വ്വ നിശ്ചിതകേന്ദ്രത്തിലേക്ക് യാഥാര്‍ത്ഥ്യത്തെയാകെ സംഗ്രഹിക്കുന്ന സമീപനം- ഒന്നായിത്തീരുമെന്ന നിലപാടാണ് ഉത്തരാധുനിക സമീപനങ്ങള്‍ വച്ചുപുലര്‍ത്തുന്നത്. അതുകൊണ്ട് ആധുനികതയുടെ വ്യത്യസ്തങ്ങളായ ആവിഷ്കാരപ്രകാരങ്ങളെ (objectifications) വേറിട്ട് കാണുകയും വിമര്‍ശന വിധേയമാക്കുകയുമാണ് അവ ചെയ്യുന്നത്. മുതലാളിത്തവും മൂലധനാധിനിവേശവും ചര്‍ച്ചയില്‍നിന്ന് അപ്പാടെ ഒഴിച്ചുനിര്‍ത്തപ്പെടുന്നു എന്നതാണ് ഇതിന്റെ അന്തിമ ഫലം. മുതലാളിത്ത ആധുനികതയില്‍നിന്നും മുതലാളിത്തത്തെയും മൂലധനാധിനിവേശത്തിന്റെ പ്രശ്നങ്ങളെയും ഒഴിച്ചുനിര്‍ത്തുന്ന വിമര്‍ശനവിചാരങ്ങളാണ് ഉത്തരാധുനികതയുടെ സൈദ്ധാന്തിക ഭൂമികയായി തെളിഞ്ഞുവരുന്നത്. പ്രകൃതിചൂഷണവും ലിംഗപദവിഭേദവും ന്യൂനപക്ഷാത്മകതയുടെ പ്രശ്നങ്ങളും മുതല്‍ കൊളോണിയലിസത്തിന്റെ സാംസ്കാരിക വിവക്ഷകള്‍വരെ ആഴമേറിയ പരിശോധനകള്‍ക്കും വിമര്‍ശനത്തിനും വിധേയമാവുന്നുണ്ടെങ്കിലും ഉത്തരാധുനികചിന്തയില്‍ മൂലധനാധിപത്യം ഒരു നിര്‍ണ്ണായക പ്രമേയമായി വളര്‍ന്നുവരാതിരുന്നത് ഇതുകൊണ്ടാണ്. ആധുനികതയെയും ആധുനികലോകത്തെയും സാര്‍വ്വലൗകിക മാനവിക-പുരോഗമന വീക്ഷണമായി അവതരിപ്പിക്കാനാണ് ലിബറല്‍ സമീപനങ്ങളും മറ്റും ശ്രമിച്ചതെങ്കില്‍ ഇവിടെയുള്ളത് അതിന്റെ മറുപുറമാണ്. മുതലാളിത്ത ഉല്‍പാദനവ്യവസ്ഥയും അത് ജന്മം നല്‍കിയ മൂലധനാധിനിവേശവും ഇരു സമീപനങ്ങളിലും ഒരു കേന്ദ്രപ്രശ്നമായി വരുന്നില്ല എന്നര്‍ത്ഥം.

മേല്‍പറഞ്ഞ നിലപാടുകളില്‍ ഏതെങ്കിലും ഒന്നിനോട് ഏകമുഖമായി ഐക്യപ്പെടുവാന്‍ മാര്‍ക്സിസത്തിന് കഴിയില്ല. സൂക്ഷ്മമായൊരര്‍ത്ഥത്തില്‍ ആധുനികതയ്ക്കകമേ വികസിച്ചുവന്ന ആധുനികതാ വിമര്‍ശനത്തിന്റെ സ്ഥാനമാണ് മാര്‍ക്സിസം. ആധുനികത ജന്മംനല്‍കിയ സ്വാതന്ത്ര്യം, പുരോഗതി, സാര്‍വ്വദേശീയത തുടങ്ങിയ മൂല്യങ്ങളെ പിന്‍പറ്റുമ്പോള്‍തന്നെ, അവയുടെ വര്‍ഗ്ഗപരമായ ഉള്ളടക്കത്തേയും പ്രത്യയശാസ്ത്ര താല്‍പര്യങ്ങളേയും മാര്‍ക്സിസം കാണാതിരിക്കുന്നില്ല. അതുകൊണ്ടുതന്നെ ആധുനികതയുമായുള്ള - മുതലാളിത്ത ആധുനികതയുമായുള്ള - കേവലമായ ഏകീകരണം മാര്‍ക്സിസത്തിന് സാധ്യമല്ല. മറുഭാഗത്ത്, ഉത്തരാധുനികതയുടെ സമീപനം മൂലധനാധിപത്യത്തേയും സാമ്രാജ്യത്വത്തേയും പരിഗണിക്കുന്നതില്‍ പരാജയപ്പെട്ട ഒന്നാണെന്ന തിരിച്ചറിവ് മാര്‍ക്സിസത്തിനുണ്ട്. വിശാലാര്‍ത്ഥത്തില്‍ മൂലധന പ്രത്യയശാസ്ത്രത്തിന്റെ ആവിഷ്കാരപ്രകാരങ്ങളായി അവ പലപ്പോഴും മാറിത്തീരുന്നു എന്ന കാര്യം പ്രധാനമാണ്.

ഗായത്രി ചക്രവര്‍ത്തി സ്പിവാക്ക് ഒരു സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, "എല്ലാ മഹാഖ്യാനങ്ങളും മരിച്ചുകഴിഞ്ഞിട്ടും ചൂഷണം എന്ന മഹാഖ്യാനം തുടരുകതന്നെയാണെന്ന്" കാണാന്‍ ഉത്തരാധുനികര്‍ പൊതുവെ സന്നദ്ധരാകാറില്ല. അതുകൊണ്ട് ആധുനികതയുടെ മര്‍ദ്ദകവും വംശീയവും പുരുഷാധിപത്യപരവും പ്രകൃതിചൂഷകവും മറ്റുമായ സ്വഭാവങ്ങള്‍ക്കും ആഭ്യന്തര പ്രകൃതത്തിനും എതിരായ ഉത്തരാധുനിക വിമര്‍ശനങ്ങളെ അംഗീകരിക്കുമ്പോള്‍തന്നെ ഉത്തരാധുനികതയുടെ ലീലാപരതയോടും മൂലധനാധിപത്യത്തെ പരിഗണിക്കാത്ത കേവല ബഹുസ്വരതയോടും മറ്റും വിമര്‍ശനാത്മക നിലപാടുകള്‍ സ്വീകരിക്കാനും മാര്‍ക്സിസം ശ്രമിക്കുന്നുണ്ട്. ആധുനികതയെയോ, ഉത്തരാധുനികതയെയോ ചരിത്ര നിരപേക്ഷവും കേവലവുമായി വിലയിരുത്തുന്നത് മാര്‍ക്സിസത്തിന് നിരക്കുന്നതല്ല എന്നര്‍ത്ഥം. മറിച്ച് ഇവയെ മൂര്‍ത്തമായ ചരിത്രാനുഭവങ്ങളായി മനസ്സിലാക്കുകയും ആ ചരിത്രാനുഭവങ്ങളെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ സാമ്പത്തിക പ്രേരണകളെ വൈരുദ്ധ്യാത്മകമായി വിശകലനംചെയ്യുകയുമാണ് മാര്‍ക്സിസം ചെയ്യുന്നത്. ചരിത്രവത്കരിക്കുക! എപ്പോഴും ചരിത്രവത്കരിക്കുക എന്നത് മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുനിര്‍ത്താനാവാത്ത പ്രമാണവാക്യമാണ്.

*
സുനില്‍ പി ഇളയിടം ചിന്ത ജന്മദിന പതിപ്പ് 2012

Saturday, January 14, 2012

മതനിന്ദാവാദത്തിന്റെ മനഃശാസ്ത്രം

പ്രിന്‍സിപ്പല്‍ : ഇതൊരു മുസ്ലിം മാനേജ്മെന്റ് സ്കൂളല്ലേ മാഷേ! ഇങ്ങനെയൊക്കെ ഇവിടത്തെ കുട്ടികളോട് സംസാരിക്കാന്‍ പാടുണ്ടോ? ഞാനാണ് കുടുങ്ങുന്നത്....!!

ഞാന്‍ : ഞാന്‍ കുട്ടികളോട് എന്താണ് തെറ്റായി സംസാരിച്ചത് സാര്‍ ?...

പ്രിന്‍സിപ്പല്‍ : തെറ്റോ ശരിയോ എന്ന പ്രശ്നമൊന്നുമല്ല മാഷേ! പ്രശ്നം എന്റെ നിലനില്പിന്റേതാണ്...

ഞാന്‍ : ഞാന്‍ സംസാരിച്ചതിന് സാറിന്റെ നിലനില്പ് എങ്ങനെയാണ് പ്രശ്നത്തിലാവുന്നത്?

പ്രിന്‍സിപ്പല്‍ : കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ഒരാളെ സര്‍ഗ സംവാദത്തിന് സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തി എന്ന കുറ്റമാവും എന്റെ പേരില്‍ വരിക..

ഞാന്‍ : അതുശരി...! ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമെന്ന് ചിന്തിക്കാന്‍പോലും കഴിഞ്ഞില്ല സാര്‍ ...! ക്ഷമിക്കണം... എന്റെ സംസാരത്തിലെ ഏതു ഭാഗമാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. പറയാന്‍ പാടില്ലാത്ത ഒന്നും പറഞ്ഞതായി എനിക്കു തോന്നുന്നില്ലല്ലോ...

പ്രിന്‍സിപ്പല്‍ : മാഷിന് തോന്നുന്നുണ്ടാവില്ല. എന്നാല്‍ എനിക്കു തോന്നി. മതനിന്ദയാണ് "മാഷ്" നടത്തിയത്.

ഞാന്‍ : മതനിന്ദയോ? സത്യമായും എനിക്കു മനസ്സിലാകുന്നില്ല.

പ്രിന്‍സിപ്പല്‍ : മാഷ് കുട്ടികളെ പാടിക്കേള്‍പ്പിച്ച ആ സിനിമാഗാനമില്ലേ?... അത് ഏറ്റവും വലിയൊരു മതനിന്ദയാണ്.

ഞാന്‍ : ഏത്? വയലാറിന്റെ സിനിമാഗാനമോ?...

പ്രിന്‍സിപ്പല്‍ : അതേ! അതുതന്നെ...

ദുഃഖവും രോഷവും സഹതാപവും ഞെട്ടലും ഒരേ അളവില്‍ എന്നിലുണര്‍ത്തിയ ഈ സംഭാഷണം അടുത്തകാലത്തു നടന്നതാണ്. എന്റെ പ്രദേശത്ത് ഏറെ അറിയപ്പെടുകയും വിദ്യാഭ്യാസനിലവാരത്തില്‍ പ്രാദേശികമായി ഏറ്റവും മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ഒരു എയ്ഡഡ് ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ പ്രിന്‍സിപ്പലും ഞാനും തമ്മില്‍ നടന്ന സംഭാഷണമാണിത്. ഉപയോഗിച്ച വാക്കുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാമെങ്കിലും ആശയത്തില്‍ മാറ്റങ്ങളേതുമില്ലാതെയാണ് ഈ സംഭാഷണഭാഗം ഇവിടെ ഉദ്ധരിച്ചിട്ടുള്ളത്. പ്രസ്തുത സ്കൂളിലെ വിദ്യാര്‍ഥികളുമായി ഞാന്‍ നടത്തിയ സര്‍ഗസംവാദമായിരുന്നു വിഷയം.

പരാമര്‍ശ വിഷയമായ സിനിമാഗാനം ഏതെന്നല്ലേ! അതാണ് ഏറെ രസകരം.. വര്‍ഷങ്ങള്‍ക്കുമുമ്പ് വയലാറിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത "അച്ഛനും ബാപ്പയും" എന്ന സിനിമയിലെ ഏറെ പ്രശസ്തമായ വരികള്‍ ...

മനുഷ്യന്‍ , മതങ്ങളെ സൃഷ്ടിച്ചു..
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു...
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവച്ചു... മനസ്സു പങ്കുവച്ചു...

ഈ വരികള്‍ സര്‍ഗസംവാദത്തിന്റെ ഭാഗമായി ഞാന്‍ പാടിക്കേള്‍പ്പിച്ചതും വരികളിലെ ആശയം സത്യമല്ലേ എന്നു ചോദിച്ചതുമാണത്രേ ഞാന്‍ നടത്തിയ മതനിന്ദ!!

എന്റെ ചോദ്യത്തിന് കുട്ടികള്‍ "അതേ" എന്ന് ഏകകണ്ഠമായി ഉത്തരം പറഞ്ഞതാവാം പ്രിന്‍സിപ്പലിനെ അങ്കലാപ്പിലാക്കിയതെന്ന് ഞാന്‍ ഊഹിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാദ അന്തരീക്ഷത്തില്‍ (സംവാദ അന്തരീക്ഷം തീരെ കുറവാണ്) ഏറെ വൈകാരികമായി ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് "മതനിന്ദ". ശ്രദ്ധേയമായ കാര്യം "ദൈവനിന്ദ" എന്ന വാക്ക് അധികമൊന്നും കേള്‍ക്കാനില്ല എന്നതാണ്. ദൈവം എന്ന വാക്കിന് ഒരു മതേതര പ്രതിച്ഛായയുള്ളതാവാം കാരണം. ഇവിടെയാണ് വയലാറിന്റെ വരികള്‍ ഏറെ പ്രസക്തമാകുന്നത്.

മനുഷ്യന്റെ സൃഷ്ടിയായ മതങ്ങള്‍ ഒരു ദൈവത്തെയല്ല, പല ദൈവങ്ങളെയാണ് സൃഷ്ടിച്ചത്. ഈ ദൈവങ്ങളുടെ പേരില്‍ പണ്ടുമുതലേ ചേരിതിരിഞ്ഞ് അവര്‍ മണ്ണും മനസ്സും പങ്കുവച്ചെടുത്തു. ഈ അനീതിയെ ചോദ്യം ചെയ്യാന്‍ തയാറാകുന്ന മനുഷ്യസ്നേഹികളെ അവര്‍ ഇപ്പോഴും "മതനിന്ദകര്‍" എന്ന് മുദ്രകുത്തിക്കൊണ്ടേയിരിക്കുന്നു. ആധുനിക മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്കിയിട്ടുള്ള മഹാന്മാരായ ശാസ്ത്രജ്ഞന്മാരാണ് ഏറെയും മതനിന്ദാ ആരോപണത്തിന് വിധേയരായിത്തീര്‍ന്നിട്ടുള്ളത്. ആരോപണവിധേയരാവുക മാത്രമല്ല അപമാനിക്കലിനും ക്രൂരദണ്ഡനങ്ങള്‍ക്കും മരണത്തിനുവരെയും ഇരയായിത്തീര്‍ന്നിട്ടുണ്ട്. ഈ പാതകങ്ങളേറെയും ചെയ്തത് സംഘടിതമതങ്ങളുടെ പേരില്‍ മതപൗരോഹിത്യം മുന്‍നിന്നുകൊണ്ടാണ്. കൃത്യമായും സത്യസന്ധമായും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ ചരിത്രപാഠങ്ങളെയാണ്, പാഠപുസ്തകത്തിലെ ഏതാനും വരികളില്‍പ്പോലും രേഖപ്പെടുത്താന്‍ സമ്മതിക്കാതെ ഇപ്പോഴും മുള്‍ക്കിരീടം അണിയിച്ച് ചിലര്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്. പാഠപുസ്തകരചന നടത്തുന്ന മതവിശ്വാസികളും ദൈവവിശ്വാസികളുമായ അക്കാദമിക് പണ്ഡിതരും ഇപ്പോള്‍ "മതനിന്ദ"കരാണത്രേ!!

പഴയ ചില "മതനിന്ദകരുടെ" ചരിത്രം ചെറുതായൊന്ന് പരിശോധിക്കുന്നത് ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു.

1. നിക്കോളാസ് കോപ്പര്‍ നിക്കസ് (1478-1543).

പോളണ്ടിലെ ഒരു വൈദികനായിരുന്നു ഇദ്ദേഹം. "ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്" എന്ന പേരില്‍ അറിയപ്പെടുന്ന മഹാന്‍. സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. സൂര്യന്‍ നക്ഷത്രമാണെന്നും സൂര്യനു ചുറ്റും ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നു എന്നും ആദ്യമായി തെളിവുസഹിതം സിദ്ധാന്തിച്ചത് ഇദ്ദേഹമായിരുന്നു. 1543-ല്‍ "ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെപ്പറ്റി" എന്ന പുസ്തകം രചിച്ചു. മതകാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധം എന്ന പേരില്‍ നിരവധി മാനസിക പീഡനങ്ങള്‍ മതമേധാവികളില്‍നിന്ന് ഇദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. മരണശേഷം 1616-ല്‍ കത്തോലിക്കാസഭ ഈ പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തി. പിന്നീട് കെപ്ലര്‍ ആണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പൂര്‍ത്തീകരിച്ചത്.

2. ബ്രൂണോ, ജോര്‍ദാനോ (1548-1600):

ഇദ്ദേഹം ഒരു ഇറ്റാലിയന്‍ "പാന്തിസ്റ്റ്" ആയിരുന്നു. "ദൈവം എല്ലാമാണ്, എല്ലാം ദൈവവുമാണ്" എന്ന സിദ്ധാന്തമുയര്‍ത്തിയ ചിന്തകനായിരുന്നു ഇദ്ദേഹം. തത്വചിന്തകന്‍ , കവി, പ്രപഞ്ച വിജ്ഞാനി, ഗണിതശാസ്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം പേരെടുത്ത ബഹുമുഖ പ്രതിഭയായിരുന്നു. നാം അധിവസിക്കുന്ന ലോകത്തിന്റെ ബഹുലത, പ്രപഞ്ചത്തിന്റെ അനന്തത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കോപ്പര്‍നിക്കസ് രൂപം നല്‍കിയ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള പഠനം നടത്തി. ഇതിന്റെ വെളിച്ചത്തില്‍ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ചില ഗണിതസിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു. മതനിന്ദയുടെ പേരില്‍ ചിതക്കുറ്റിയില്‍ കെട്ടിയിട്ട് ഇദ്ദേഹത്തെ മതമേധാവികള്‍ ചുട്ടുകൊന്നു. അശാസ്ത്രീയ മതചിന്തകള്‍ക്കെതിരെ ശാസ്ത്രവിജ്ഞാനം പ്രചരിപ്പിച്ചതിന്റെ പേരില്‍ ആദ്യ "രക്തസാക്ഷി"യായ മഹാന്‍ എന്ന നിലയില്‍ ബ്രൂണോ പ്രഖ്യാതനായിത്തീര്‍ന്നു.

3. ഗലീലിയോ ഗലീലി (1564-1642).

ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനും ദാര്‍ശനികനുമായിരുന്നു ഇദ്ദേഹം. ഭൂമി സ്വയം ചലിക്കുന്നതാണെന്ന് ഇദ്ദേഹം തെളിയിച്ചു. പെന്‍ഡുലത്തിന്റെ തത്വം കണ്ടുപിടിച്ചതും ഇദ്ദേഹമാണ്. ദൂരദര്‍ശിനി സ്വയം നിര്‍മിച്ച് അതിന്റെ സഹായത്താല്‍ വാനനിരീക്ഷണം നടത്തി. "ഡയലോഗ് ഓഫ് ടോളമിക് ആന്‍ഡ് കോപ്പര്‍നിക്കന്‍ സിസ്റ്റം" എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ഗലീലിയോയുടെ കണ്ടുപിടുത്തങ്ങളും അതുമായി ബന്ധപ്പെട്ടു രചിച്ച പുസ്തകവും മതസിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഇത് മതമേധാവികളെ അസ്വസ്ഥരാക്കി. മതക്കോടതി ഗലീലിയോയെ വിസ്തരിച്ച് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. തടങ്കലിലെ മാനസിക പീഡനങ്ങള്‍ താങ്ങാനാവാതെ രോഗബാധിതനായി അദ്ദേഹം മരിച്ചു. സയന്‍സിന്റെ മറ്റൊരു "രക്തസാക്ഷി"യായിത്തീര്‍ന്നു ഇദ്ദേഹം.

4. ചാള്‍സ് ഡാര്‍വിന്‍ (1809-1882).

ജീവപരിണാമസിദ്ധാന്തത്തിന് വ്യക്തമായൊരു അടിത്തറ സൃഷ്ടിച്ച ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. വൈദിക വിദ്യാഭ്യാസത്തിനായി കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളേജില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കിയെങ്കിലും വൈദികവൃത്തിയില്‍ പ്രവേശിക്കാന്‍ ഇദ്ദേഹം തയാറായില്ല.1831 മുതല്‍ 1836 വരെ "ബീഗിള്‍" എന്ന നാവികക്കപ്പലില്‍ ലോകം ചുറ്റി. അമേരിക്കയിലെ ഗാലപ്പാഗോസ് ദ്വീപസമൂഹങ്ങളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ നിര്‍ധാരണം ചെയ്ത് 1859-ല്‍ "ഒറിജിന്‍ ഓഫ് സ്പിഷീസ്" എന്ന പുസ്തകം രചിച്ചു. ഈ പുസ്തകം ആധുനിക ജീവപരിണാമത്തിന്റെ ആധികാരിക രചനയായിത്തീര്‍ന്നു. മതസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടാന്‍ തയാറാകാത്തതിന്റെ പേരില്‍ ശക്തമായ "മതനിന്ദാ" ആരോപണത്തിന് ഇദ്ദേഹവും വിധേയനാകേണ്ടിവന്നു.

5. ആല്‍ബര്‍ട്ട് ഐൻ‌സ്റ്റൈന്‍ (1879-1955).

ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. 1905ല്‍ ഫോട്ടോ ഇലക്ട്രിക് എഫക്ട്, ബ്രൗണിയന്‍ ചലനം, ആപേക്ഷികതാ സിദ്ധാന്തം എന്നീ വിഷയങ്ങളെ ആധാരമാക്കി മൂന്നു പ്രബന്ധങ്ങള്‍ രചിച്ചു. ദ്രവ്യത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയുകയില്ല എന്ന ധാരണ ഇദ്ദേഹം തിരുത്തിക്കുറിച്ചു. പ്രപഞ്ചവുമായി ബന്ധപ്പെടുത്തിയുള്ള മതസിദ്ധാന്തങ്ങള്‍ക്ക് തികച്ചും വിരുദ്ധമായിരുന്നു ഇദ്ദേഹത്തിന്റെ ശാസ്ത്രീയ സിദ്ധാന്തങ്ങളും. 1921-ല്‍ നോബല്‍ പ്രൈസ് ലഭിച്ചു. തങ്ങളുടെ മതസിദ്ധാന്തങ്ങളെ കാറ്റില്‍ പറത്തി ശാസ്ത്രം പുരോഗമിക്കുകയാണെന്നും മുന്‍ ശാസ്ത്രജ്ഞന്മാരോടു കാട്ടിയ ക്രൂരതകള്‍ വലിയ എതിര്‍പ്പിനു കാരണമായിട്ടുണ്ട് എന്നും തിരിച്ചറിഞ്ഞതിനാലാവാം മുന്‍ ശാസ്ത്രജ്ഞന്മാര്‍ നേരിട്ടത്ര ശക്തമായ "മതനിന്ദാ" ആരോപണം ഐൻ‌സ്റ്റൈനെതിരെ ഉണ്ടായില്ല.

ഇതില്‍ നിന്നെല്ലാം വെളിപ്പെടുന്ന ചില അപ്രിയസത്യങ്ങളെ കണ്ടില്ലെന്ന് ചിലര്‍ നടിച്ചേക്കാം. പക്ഷേ അനുക്ഷണ വികസ്വരമാകുന്ന പ്രപഞ്ചവിജ്ഞാനത്തിനും മനുഷ്യന്റെ ഭൗതിക പുരോഗതിക്കും അടിത്തറ പാകിയത് മനുഷ്യന്റെ സാഹസികതയും ശാസ്ത്രാന്വേഷണത്വരയും തന്നെയാണെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. മതസിദ്ധാന്തങ്ങളുടെ ഭാവനാലോകത്തെ ചക്രവര്‍ത്തിമാരാണോ അവരുടെ ദണ്ഡനങ്ങള്‍ക്ക് വിധേയരായി "മതനിന്ദാ"പ്പട്ടം ഏറ്റുവാങ്ങേണ്ടിവന്ന മഹാന്മാരായ ശാസ്ത്രജ്ഞന്മാരാണോ മനുഷ്യസമൂഹത്തിന്റെ ഇതുവരെയുള്ള പുരോഗതിക്ക് ഏറെ സംഭാവന നല്‍കിയത് എന്ന ചോദ്യത്തില്‍നിന്ന് സമര്‍ഥമായി ഒഴിഞ്ഞുമാറുകയാണ് സമൂഹം. ഒരു മറുചോദ്യമുയര്‍ത്തി രക്ഷപ്പെട്ടു നില്‍ക്കുകയാണ് നാം. ചോദ്യമിതാണ്: എങ്കില്‍ എന്തുകൊണ്ട് മതങ്ങളുടെയും മതമേധാവികളുടെയും പ്രസക്തി ഇപ്പോഴും ലോകത്ത് ശക്തമായി നിലനില്‍ക്കുന്നു?

ഈ ചോദ്യത്തിന് ഉത്തരം പറയുംമുമ്പ് മറ്റു ചില കാര്യങ്ങള്‍ ആമുഖമായി സൂചിപ്പിക്കേണ്ടതുണ്ട്. വസ്തുനിഷ്ഠ പ്രപഞ്ചത്തെ ക്കുറിച്ചുള്ള മനുഷ്യന്റെ ആത്മനിഷ്ഠ അവബോധമാണ് "ദൈവം" എന്ന അവന്റെ പരികല്പനയുടെ അടിസ്ഥാനം. ആദിമ മനുഷ്യന്റെ അറിവില്ലായ്മയില്‍ പിറവികൊണ്ട ദൈവത്തിനും ആധുനിക മനുഷ്യന്റെ ആഗോള അവബോധത്തില്‍ ആത്മപരിണാമം സംഭവിച്ച ദൈവത്തിനും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. "ദൈവം" എന്ന വാക്കൊഴികെ അതിന്റെ പരികല്പനകളൊക്കെയും കാലാകാലമായി മാറിക്കൊണ്ടിരിക്കുകയുമാണ്. "ദൈവമാണ് സത്യം" എന്ന് ആദ്യകാലത്തു പറഞ്ഞിരുന്ന മഹാത്മാഗാന്ധി, നിരീശ്വരവാദിയായിരുന്ന രാമചന്ദ്രഗോറയുമായി നടത്തിയ നിരന്തരസംവാദത്തിനൊടുവില്‍ "സത്യമാണു ദൈവം" എന്നു തിരുത്തിപ്പറയാന്‍ തയാറായി. ദൈവത്തെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ആത്മനിഷ്ഠ അവബോധത്തിലുണ്ടായ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. എന്തായാലും പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ്, ഉടയവന്‍ എന്നീ സ്ഥാനങ്ങളില്‍നിന്ന് ദൈവത്തെ നീക്കം ചെയ്യണം എന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞന്മാരുടെ എണ്ണം വര്‍ധിച്ചുവരിക തന്നെയാണ്.

കോപ്പര്‍നിക്കസ് മതവിശ്വാസത്തെ തള്ളിപ്പറയുകയോ ചാള്‍സ് ഡാര്‍വിന്‍ പ്രപഞ്ചസ്രഷ്ടാവിനെ നിഷേധിക്കുകയോ ചെയ്തിട്ടില്ല എങ്കിലും ഇവരെ മതനിന്ദാവാദമുയര്‍ത്തി മതപൗരോഹിത്യം നിരാകരിക്കുകയാണുണ്ടായത്. ഇവരുടെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ മതസിദ്ധാന്തങ്ങള്‍ക്ക് എതിരായിരുന്നതും ദൈവാസ്തിത്വം ആ നിരീക്ഷണങ്ങളില്‍ പ്രതിഫലിക്കാതിരുന്നതാണ് കാരണം.

1996-ല്‍ ഫ്രീ തോട്ട് പീഡിയ നടത്തിയ സര്‍വേയില്‍ 60.7 ശതമാനം ശാസ്ത്രജ്ഞരും ദൈവവിശ്വാസികളോ മതവിശ്വാസികളോ അല്ല എന്ന് കണ്ടെത്തുകയുണ്ടായി. മഹാന്മാരായ ശാസ്ത്രജ്ഞരില്‍ 93 ശതമാനം പേരും ഈ വിഭാഗത്തില്‍ വരുന്നു എന്നാണ് ഫ്രീ തോട്ട് പീഡിയയുടെ മറ്റൊരു കണ്ടെത്തല്‍ . വിശ്വപ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് ഈ അടുത്തകാലത്തെഴുതിയ The Grand Design എന്ന കൃതിയില്‍ "പ്രപഞ്ചസൃഷ്ടി സംബന്ധിച്ച ശാസ്ത്രസിദ്ധാന്തങ്ങളില്‍ ദൈവത്തിന് ഒരു പങ്കുമില്ല" എന്ന് അസന്ദിഗ്ധമായി പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഗണ്യമായൊരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും സത്യവും സ്നേഹവും കരുണയും വഴിഞ്ഞൊഴുകുന്ന ഒരു നീതിമാനായി ദൈവം ജീവിക്കുക തന്നെയാണ്. സത്യവും സ്നേഹവും കരുണയുമൊക്കെയുള്ള സര്‍വശക്തനാണ് ദൈവമെങ്കില്‍ സ്ഥാപനവല്ക്കരിക്കപ്പെട്ട ഒരു മതസിദ്ധാന്തത്തിന്റെയും ഫ്രെയിമിനുള്ളില്‍ അദ്ദേഹത്തിന് ഒതുങ്ങിക്കൂടാനാവില്ല എന്ന് വാദിക്കുന്നവര്‍ ഏറെയുണ്ട്.

"ടൈം" മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു വ്യക്തികളില്‍ ഒരാളായി 2005-ല്‍ തെരഞ്ഞെടുത്ത അയാന്‍ ഹിര്‍സി അലി തന്റെ ജീവരക്തം തൊട്ടെഴുതിയ infidel (അവിശ്വാസി) എന്ന ആത്മകഥയില്‍ ഒരു ഭാഗത്ത് ഇങ്ങനെ ചോദിക്കുന്നു: "നീതിമാനായ അല്ലാഹുവിന് എങ്ങനെ സ്ത്രീകളെ ഇങ്ങനെ കാണാന്‍ കഴിയും? സ്ത്രീകളുടെ സാക്ഷ്യത്തിന് പുരുഷന്റേതിന്റെ പകുതി മൂല്യമേയുള്ളൂ എന്ന് മാ അലിം പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചിന്തിച്ചു. ദൈവം ദയാനിധിയാണെങ്കില്‍ മനുഷ്യരെ എന്തിനു പൊതുസ്ഥലങ്ങളില്‍ തൂക്കിലേറ്റാന്‍ നിര്‍ദേശിക്കുന്നു. ദൈവം അനുകമ്പയുള്ളവനാണെങ്കില്‍ അവിശ്വാസികളെ എന്തിന് നരകത്തിലേക്കയക്കുന്നു? അല്ലാഹു സര്‍വശക്തനാണെങ്കില്‍ എന്തുകൊണ്ട് അവിശ്വാസികളെയും വിശ്വാസികളാക്കിക്കൂടാ? എന്തുകൊണ്ട് അവരെയും സ്വര്‍ഗത്തിലേക്ക് എത്തിച്ചുകൂടാ?" ദൈവം സര്‍വശക്തനും കരുണാമയനുമാണെന്ന് പാടിപ്പുകഴ്ത്തുകയും സങ്കുചിത താല്പര്യങ്ങള്‍ക്കുവേണ്ടി ഈ മഹനീയ സാന്നിധ്യത്തിന് കടന്നെത്താന്‍ കഴിയാത്തവിധം മതചട്ടക്കൂടുകള്‍ നിര്‍മിക്കുകയും ദയാരഹിതമായ പെരുമാറ്റ സംഹിതകള്‍ ദൈവവചനങ്ങളെന്നപേരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന മതപൗരോഹിത്യത്തെയാണ് അയാന്‍ ഇവിടെ സ്വജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്യുന്നത്. ഒരിക്കല്‍ ഒരു പച്ചപ്പാവവും പില്‍ക്കാലത്ത് പെണ്‍കരുത്തിന്റെ ലോകമാതൃകയുമായി മാറിയ അയാന്‍ എന്ന സോമാലിയക്കാരിയുടെ ഈ ആത്മകഥ ലോകത്തെ "ബെസ്റ്റ് സെല്ലറു"കളില്‍ ഒന്നായി മാറിയിരിക്കുന്നു എന്നത് മതനിന്ദാകോലാഹലമുയര്‍ത്തുന്നവര്‍ക്ക് ഒട്ടും ആശ്വാസത്തിന് വക നല്കുന്നില്ല.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മതനിന്ദാകോലാഹലങ്ങള്‍ , മുമ്പ് നിലവിലുണ്ടായിരുന്ന തൊട്ടുകൂടായ്മ പോലെയും തീണ്ടിക്കൂടായ്മ പോലെയും അപകടകരമാംവിധം പ്രതിലോമസ്വഭാവം പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മതനിന്ദാവാദത്തിന് എങ്ങനെയാണ് സമൂഹത്തില്‍ മേല്‍ക്കൈ നേടാനാവുന്നത് എന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. തികച്ചും സാധാരണക്കാരായ മതവിശ്വാസികളുടെ മനോഭാവം ഒരു മുഖ്യരാസത്വരകമായി ഇവിടെ പ്രതിപ്രവര്‍ത്തിക്കുന്നതു കാണാം. അയാന്‍ ഹിര്‍സി അലി സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇതു സംബന്ധിച്ചു വ്യക്തമാക്കുന്ന ഒരു നിരീക്ഷണം ഏറെ ശ്രദ്ധേയവും പഠനാര്‍ഹവുമാണ്.

"വിശുദ്ധമായി നിങ്ങള്‍ കണക്കാക്കുന്ന ഒരു കാര്യം യഥാര്‍ഥത്തില്‍ അങ്ങനെയല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ , അത്തരമൊരു അഭിപ്രായത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ലെങ്കില്‍, നിങ്ങളുടെ വികാരങ്ങള്‍ക്ക് മുറിവേല്‍ക്കുക സ്വാഭാവികം". ചിന്തിക്കാനുള്ള പ്രാപ്തി ലഭ്യമാവും വിധമുള്ള ആശയവിനിമയ സാധ്യത ഉണ്ടാകുമ്പോള്‍ മതവികാരങ്ങള്‍ക്ക് മുറിവേല്ക്കാനുള്ള സാധ്യതയും കുറഞ്ഞുവരും. ഇതു മനസ്സിലാക്കി "ചിന്തകളുടെ പാരസ്പര്യ"ത്തിനുപകരം "ചിന്തകളുടെ ഏകപക്ഷീയത" നിലനിര്‍ത്താനും വികസിപ്പിക്കാനുമാണ് എല്ലാ മതമേധാവികളും തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. "വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് " എന്ന ശ്രീനാരായണഗുരുവിന്റെ പ്രസ്താവനക്ക് പ്രസക്തിയുള്ള മണ്ണായിരുന്നു കേരളത്തിന്റേത്. നവോത്ഥാനകാലഘട്ടത്തിന്റെ ആ വളക്കൂറ് കേരളത്തിന്റെ സാംസ്കാരിക ഭൂമികയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

മതനിന്ദാകോലാഹലവുമായി ബന്ധപ്പെട്ട് എപ്പോഴുമുയര്‍ന്നുകേള്‍ക്കുന്ന ഭീഷണി നിറഞ്ഞ ഒരു പ്രതിരോധപ്രയോഗമാണ് മതവികാരം വ്രണപ്പെടുന്നു എന്നത്. യഥാര്‍ഥത്തില്‍ ഒരു സാധാരണ മതവിശ്വാസിയുടെ വികാരങ്ങള്‍ സ്വയം വ്രണപ്പെടുന്നതേയില്ല. ചില താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി "മതനിന്ദ" എന്ന ആരോപണമുയര്‍ത്തി അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് വിരലിലെണ്ണാവുന്ന ചില മതമേധാവികളോ തല്പരകക്ഷികളോ ആണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. മുസ്ലിം ജനസാമാന്യത്തിനിടയില്‍ തനിക്കു നഷ്ടപ്പെട്ടുപോയ സ്വാധീനം വീണ്ടെടുക്കാന്‍ ഒരു മുന്‍ കേന്ദ്രമന്ത്രി മേല്‍ക്കൊടുത്ത തന്ത്രം പ്രയോഗിച്ചതും അല്പം വൈകിയാണെങ്കിലും അപ്രതീക്ഷിതമായി ഈ തന്ത്രം പുറത്തറിഞ്ഞതും വളരെ കാലപ്പഴക്കമുള്ള കഥയൊന്നുമല്ല. കര്‍ണാടകത്തില്‍ ഏറെ പ്രചാരമുള്ള "ഡെക്കാന്‍ ഹെറാള്‍ഡ്" എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ചെറുകഥയായിരുന്നു മതനിന്ദാകോലാഹലത്തിന് വിഷയമായത്. അതും മലയാളത്തില്‍നിന്ന് പരിഭാഷ ചെയ്യപ്പെട്ടത്.

ലഹളയുടെ ഒന്നാം ഘട്ടത്തില്‍ ഡെക്കാന്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഫീസ് എറിഞ്ഞു തകര്‍ക്കപ്പെട്ടു. കര്‍ണാടക ഭരണസിരാകേന്ദ്രമായ ബംഗളൂരുവിലെ വിധാന്‍ സൗധിന്റെ അങ്കണം ദിവസങ്ങളോളം കലാപഭൂമിയായി മാറി. പതിനാറ് നിരക്ഷരരായ മുസ്ലിം സഹോദരന്മാര്‍ അവിടെ വെടിയേറ്റു മരിച്ചു. അവരാരുംതന്നെ ഇംഗ്ലീഷ് ഭാഷ അറിയുന്നവരോ "മതനിന്ദ" ആരോപിക്കപ്പെട്ട ചെറുകഥ വായിച്ചിരുന്നവരോ അല്ല എന്ന് പിന്നീടാണ് വെളിവാക്കപ്പെട്ടത്. ഗൃഹനാഥന്മാര്‍ നഷ്ടപ്പെട്ട 16 മുസ്ലിം കുടുംബങ്ങളിലെ ജീവിച്ചിരുന്ന പാവം മനുഷ്യര്‍, ഇതുകൊണ്ട് നേട്ടമുണ്ടായത് മുസ്ലിം നാമധാരിയായ ഒരു കുബുദ്ധിക്കു മാത്രമാണെന്ന് തിരിച്ചറിഞ്ഞതേയില്ല. "മണ്ടനായ മുഹമ്മദ്" എന്ന ചെറുകഥയെഴുതിയ അത്ര പ്രശസ്തനൊന്നുമല്ലായിരുന്ന മലയാളി എഴുത്തുകാരന്‍ തന്റെ കഥയില്‍ പ്രവാചകസാന്നിധ്യം താന്‍ സ്വപ്നം കാണുകപോലുമുണ്ടായിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇത് മലയാള ദിനപത്രത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിലെ ഒരു മുസ്ലിമിന്റെയും മതവികാരം വ്രണപ്പെട്ടില്ല എന്നതുതന്നെയാണ്.

"മതവികാരം വ്രണപ്പെടുത്തുക" എന്നതുപോലെതന്നെ എളുപ്പമാണ് അതിലൂടെ നേട്ടം കൊയ്യുക എന്നതും. ചിലരുടെ തലതിരിഞ്ഞ ഈ തിരിച്ചറിവാണ് "മതനിന്ദാ" വാദത്തിനു പിന്നിലെ പ്രേരകശക്തി.

കേരളത്തില്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്ന "മതനിന്ദാ" വാദങ്ങളില്‍ പലതും തങ്ങള്‍തന്നെ ഉയര്‍ത്തിക്കൊണ്ടു വന്നതാണെന്ന കാര്യം ഇവിടത്തെ മതപൗരോഹിത്യം മറച്ചുവയ്ക്കുന്നതേയില്ല. അത്ര ആത്മവിശ്വാസമാണ് അവര്‍ക്ക് ഇക്കാര്യത്തില്‍ ഇപ്പോഴുമുള്ളത്. "വിശുദ്ധം" എന്നു പൊതുവെ വിശേഷിപ്പിക്കപ്പെട്ടു പോരുന്നതൊന്നും വിശകലന വിധേയമാക്കാനേ പാടില്ല എന്ന ഔദ്ധത്യമാണ് അവര്‍ക്കുള്ളത്. വിഭിന്ന ചേരികളില്‍ നില്‍ക്കുമ്പോഴും തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകാതിരിക്കാന്‍ ഇവര്‍ പരസ്പരം കൈകോര്‍ത്ത് ശക്തിപകര്‍ന്നു നില്‍ക്കുന്ന കാഴ്ച ഇപ്പോള്‍ കേരളത്തില്‍ പുതുമയുള്ളതല്ല.

വ്യക്തിയെ അവന്റെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പ്രാപ്തനാക്കുക, അവനില്‍ ആത്മവിശ്വാസം വളര്‍ത്താനുള്ള ഉപാധികള്‍ സൃഷ്ടിച്ചുകൊടുക്കുക എന്നീ കാര്യങ്ങളില്‍ ആധുനിക മനഃശാസ്ത്രം വിപ്ലവകരമായ നേട്ടം കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ മനഃശാസ്ത്രസിദ്ധാന്തങ്ങളോട് ഏറെ പൊരുത്തപ്പെട്ടു നില്‍ക്കുന്നവയാണ് മതേതര ജനാധിപത്യ കാഴ്ചപ്പാടുകളും അതുമായി ബന്ധപ്പെട്ട ഭരണസംവിധാനങ്ങളും. എന്നാല്‍ അതിനു നേര്‍വിപരീത ദിശയിലാണ് "വിശുദ്ധ"മെന്ന് വ്യവഹരിക്കപ്പെട്ടുപോകുന്ന പല "മതകല്പന"കളും. "ആട്ടിന്‍പറ്റവും നല്ല ഇടയനും" എന്ന വിശുദ്ധ മതബിംബത്തിന്റെ കാര്യം തന്നെ എടുക്കാം. പുരോഹിതന്‍ എന്ന ഇടയന്റെ ഇച്ഛയ്ക്കനുസരിച്ച് ആട്ടിത്തെളിക്കാന്‍ കഴിയുന്ന ആട്ടിന്‍പറ്റത്തിന്റെ സ്ഥാനം മാത്രമാണ് ഇവിടെ ജനസാമാന്യത്തിന് നല്‍കിയിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധമായ കാഴ്ചപ്പാടാണ്. മാത്രമല്ല, മതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന "മനുഷ്യപുത്ര" സങ്കല്പത്തിനുതന്നെ ഈ ബിംബകല്പന എതിരുമാണ്.

യേശുക്രിസ്തു ഒരു "മിത്തോ" ചരിത്രപുരുഷനോ എന്ന തര്‍ക്കവിഷയത്തെ നമുക്കതിന്റെ വഴിക്ക് വിടാം. ലോകത്ത് ഗണ്യമായൊരു വിഭാഗം ജനമനസ്സുകളില്‍ ഇപ്പോഴും ആരാധനാപാത്രമായി പുലര്‍ന്നുപോരുന്ന വിശുദ്ധരൂപനാണ് ക്രിസ്തു. എന്നാല്‍ ക്രിസ്ത്യന്‍ ജനസാമാന്യം എന്ന വലിയ ആട്ടിന്‍പറ്റത്തിന്റെ "നല്ല ഇടയനായി" ക്രിസ്തുവിനെ സങ്കല്പിക്കുന്നതുതന്നെ അദ്ദേഹത്തിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തലാവും. ഗോത്രകാല സംസ്കൃതിയില്‍ രൂപപ്പെട്ടതായിരുന്നെങ്കിലും സാമ്പത്തികസമത്വവും സമഭാവനയും ക്രിസ്തുവചനങ്ങളുടെ ഉള്‍ക്കരുത്തായിരുന്നു. ജനാധിപത്യത്തിന്റെ അരുണോദയം സ്വപ്നം കാണുന്നതിന്റെ മൂല്യബോധവും അവയിലുണ്ടായിരുന്നു. ക്രിസ്തുമതം പില്ക്കാലത്ത് സ്ഥാപനവല്ക്കരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ മൂല്യനിരാസമായിരിക്കാം ഈ പ്രതിലോമ ബിംബകല്പനയുടെ അടിസ്ഥാനം എന്നു കരുതേണ്ടിയിരിക്കുന്നു.

1825 ജൂണ്‍ 25ന്. കാള്‍മാര്‍ക്സ് എഴുതിയ "പള്ളിവിരുദ്ധ പ്രസ്ഥാനം-ഹൈഡ്പാര്‍ക്കിലെ പ്രകടനം" എന്ന കുറിപ്പിലെ ഒരു ഭാഗത്ത് ഈ മൂല്യനിരാസം സംബന്ധിച്ച് ശ്രദ്ധേയമായ ഒരു പരാമര്‍ശമുണ്ട്: "പണ്ടത്തെ ക്രിസ്തുമത പുണ്യാളന്‍ സാധാരണ മനുഷ്യരുടെ ആത്മാവിന് പുണ്യം കിട്ടാന്‍വേണ്ടി തന്റെ ദേഹം നിഗ്രഹിക്കുകയാണുണ്ടായതെങ്കില്‍ അഭ്യസ്തവിദ്യനായ ആധുനിക പുണ്യാളന്‍ തന്റെ ആത്മാവിന്റെ പുണ്യത്തിനായി സാധാരണ മനുഷ്യരുടെ ദേഹം നിഗ്രഹിക്കുകയാണ് ചെയ്തത്..." 1883 ആഗസ്തില്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയ "വെളിപാട് പുസ്തകം" എന്ന ലേഖനത്തില്‍ ഏണസ്റ്റ് രെനാലിനെ വിമര്‍ശിക്കുമ്പോഴും അദ്ദേഹം പറഞ്ഞ ഒരു നല്ല കാര്യം ഉദ്ധരിച്ചു ചേര്‍ക്കുന്നുണ്ട്. അതിങ്ങനെയാണ്: "ആദ്യകാലത്തെ ക്രൈസ്തവയോഗങ്ങളെപ്പറ്റി ശരിയായൊരു ധാരണ വേണമെങ്കില്‍ ഇന്നത്തെ ഇടവകയുമായി അവയെ ഒരിക്കലും താരതമ്യപ്പെടുത്തരുത്. സാര്‍വദേശീയ പണിയാള സമാജത്തിന്റെ പ്രാദേശിക ശാഖകളുമായാണവയ്ക്ക് കൂടുതല്‍ സാമ്യം".

ഇതൊക്കെ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാവുന്ന ശരിയായൊരു നിഗമനമുണ്ട്. ആദികാല ക്രൈസ്തവ സമൂഹത്തിന്റെ മൂല്യബോധം പിന്നീട് നഷ്ടപ്പെടുകയാണുണ്ടായതെന്ന്. ഇടയന്‍ പുരോഹിതനാണെന്നും മനുഷ്യവര്‍ഗം കുഞ്ഞാടുകളാണെന്നുമുള്ള ജനാധിപത്യവിരുദ്ധ പരികല്പന, "വിശുദ്ധം" എന്ന പേരില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടുകയാണുണ്ടായത് എന്നതിന് മറ്റുചില തെളിവുകളും ഇപ്പോള്‍ ലഭ്യമാണ്.

പില്ക്കാല ക്രൈസ്തവസഭ ഒരിക്കലും വെളിച്ചം കാണാന്‍ അനുവദിക്കാതെ തമസ്കരിച്ചുകളഞ്ഞ ചില സുവിശേഷങ്ങള്‍ ഈ അടുത്തകാലത്തായി പുറത്തുവന്നിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെന്ന് ഇന്ന് അംഗീകരിച്ചുപോരുന്ന യാഥാസ്ഥിതിക വിശ്വാസങ്ങളെയെല്ലാം സമൂലം വിമര്‍ശിക്കുന്ന ആശയങ്ങളാണ് ഈ സുവിശേഷങ്ങളിലുള്ളത്. 52 രേഖകള്‍ അടങ്ങിയ 13 തുകല്‍ ഗ്രന്ഥങ്ങള്‍ ഈജിപ്തിലെ കെയ്റോയ്ക്ക് 300 മൈല്‍ തെക്ക് നൈല്‍ നദീതീരത്തുള്ള നാഗഹമ്മാദി എന്ന ഗ്രാമത്തില്‍ നിന്നാണ് യാദൃച്ഛികമായി കണ്ടെടുക്കപ്പെട്ടത്. യേശു തന്റെ ശിഷ്യന്മാര്‍ക്ക് രഹസ്യമായി നല്‍കിയിരുന്ന ഉപദേശങ്ങളായിരുന്നു ഈ ഗ്രന്ഥങ്ങളില്‍ ഏറെയും. ക്രിസ്തുവര്‍ഷാരംഭം മുതലേ വ്യാപകമായി പ്രചരിച്ചിരുന്ന ഇത്തരം ഗ്രന്ഥങ്ങളെ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഓര്‍ത്തഡോക്സ് ക്രിസ്തുമതം "മതനിന്ദ"യായി മുദ്രകുത്തി. പ്രബലരായി മാറിയ ഓര്‍ത്തഡോക്സ് സഭയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ gnostic വിഭാഗം സന്യാസിമാരുടെ ആശയപ്രചരണത്തിന് കഴിഞ്ഞില്ല. ഈ ഗ്രന്ഥങ്ങള്‍ കണ്ടുകെട്ടി നശിപ്പിക്കപ്പെടുംമുമ്പ് അപ്പര്‍ ഈജിപ്തിലെ പച്ചേമിയസിന്റെ ആശ്രമത്തിലെ സന്യാസിമാര്‍ കുഴിച്ചുമൂടുകയാണത്രേ ഉണ്ടായത്. 1700 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ സുവിശേഷങ്ങള്‍ ഇപ്പോള്‍ വീണ്ടെടുക്കപ്പെട്ടിട്ടുള്ളത്.

നൂറ്റാണ്ടുകളായി നിശ്ശബ്ദരാക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിന് ശബ്ദം തിരിച്ചുകിട്ടിയതിനു തുല്യമായി നഷ്ടപ്പെട്ട ഈ സുവിശേഷങ്ങളുടെ വീണ്ടെടുക്കല്‍ . ഇവയില്‍ ഏറെ ചിന്തോദ്ദീപകമാണ് തോമസിന്റെ സുവിശേഷം. ആട്ടിന്‍പറ്റത്തെപ്പോലെ മനുഷ്യരെ തെളിച്ചുകൊണ്ടുപോകുന്ന ഒരു നല്ല ഇടയനായി യേശുവിനെ ഈ സുവിശേഷം വായിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയില്ല. തോമസിന്റെ സുവിശേഷത്തില്‍നിന്ന് ഏതാനും വചനങ്ങള്‍ ഇവിടെ ഉദ്ധരിക്കാം.

"നിങ്ങള്‍ എപ്പോള്‍ നിങ്ങളെത്തന്നെ അറിയുന്നുവോ അന്ന് നിങ്ങള്‍ അറിയപ്പെടുന്നവരാവുകയും ജീവിക്കുന്ന പിതാവിന്റെ പുത്രന്മാര്‍ നിങ്ങള്‍ തന്നെയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു" (വചനം-3).

"നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ നിങ്ങളുടെ ഉള്ളില്‍നിന്ന് പുറത്തുകൊണ്ടുവന്നാല്‍ അത് നിങ്ങളെ രക്ഷിക്കും. (വചനം-70)

എന്റെ വായില്‍നിന്ന് കുടിക്കുന്നവന്‍ ആരോ അവന്‍ എന്നെപ്പോലെ ആയിരിക്കും. ഞാന്‍ സ്വയം അവനായിത്തീരും. മറഞ്ഞിരിക്കുന്ന അവന് സ്വയം വെളിപ്പെടുകയും ചെയ്യും. (വചനം- 108).

ഈ ക്രിസ്തുവചനങ്ങളിലൊക്കെ എല്ലാ മനുഷ്യരെയും തന്നെപ്പോലെ മാനസിക ഔന്നത്യം ഉള്ളവരാക്കി വളര്‍ത്താന്‍ വ്യഗ്രത കാട്ടുന്ന ഒരു ശ്രേഷ്ഠ ഗുരുവിന്റെ മഹനീയ മനോഭാവമാണ് പ്രകടമാകുന്നത്. വിശേഷബുദ്ധിയില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെ മനുഷ്യസമൂഹത്തെ തരംതാഴ്ത്തിക്കാണുന്ന സൂചനകളേ ഇല്ല.

ക്ഷയോന്മുഖ ഏകാധിപത്യത്തിന്റെയും ശിഥില മതാധിപത്യത്തിന്റെയും കൊള്ളക്കൊടുക്കലുകളില്‍നിന്നാണ് ക്രൈസ്തവസഭ അതിന്റെ ശക്തി സംഭരിച്ചത് എന്ന് പഴയകാല ചരിത്രം പറയുന്നു. റോമിലെ ഏകാധിപതിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ ക്രൈസ്തവസഭാനേതൃത്വവും സഭാനേതൃത്വത്തെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും കലവറയില്ലാതെ സഹായിച്ചതിലൂടെ ഇരുകൂട്ടരും അപാരമായ ശക്തി സംഭരിക്കുകയായിരുന്നു. ക്ഷയോന്മുഖമായിരുന്ന റോമാസാമ്രാജ്യം ശക്തിപ്രാപിച്ച അതേഅളവില്‍ ശിഥിലമായിക്കൊണ്ടിരുന്ന സഭാനേതൃത്വവും ശക്തി പ്രാപിച്ചു. രണ്ടിനും ഏകാധിപത്യമുഖമാണുണ്ടായിരുന്നത്. ഈ മുഖഭാവത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഈ ജനാധിപത്യയുഗത്തിലും സഭ തയ്യാറല്ല. "ഇടയനും ആട്ടിന്‍പറ്റവും" സഭയ്ക്ക് അനുയോജ്യമായ മതബിംബകല്പനയാകുന്നത് അതുകൊണ്ടാണ്.

പഴയകാല ചക്രവര്‍ത്തിമാരോടെന്നപോലെ പുതുകാലത്ത് വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തോട് സഭ കാട്ടുന്ന ആഭിമുഖ്യത്തിനു പിന്നില്‍ തികഞ്ഞ നിക്ഷിപ്ത താല്പര്യങ്ങള്‍ തന്നെയാണുള്ളത്. ഇതിന്റെ ഫലമായി വിശകലനവിധേയമാക്കാന്‍ അനുവാദമില്ലാത്ത "വിശുദ്ധ" കല്പനകള്‍ ഇടയലേഖനങ്ങളായി പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. ആട്ടിന്‍പറ്റ മനോഭാവത്തിന്റെ അന്ധമായ അനുസരണാശീലത്തെ മുതലെടുക്കുന്ന മതപൗരോഹിത്യവും അതിനെ "വോട്ട്ബാങ്ക് " ആക്കിമാറ്റുന്ന വലതുപക്ഷ രാഷ്ട്രീയ കൗശലവും ഒത്തുചേര്‍ന്ന് മതേതര മാനവികതയ്ക്കുനേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് അടുത്തകാലത്ത് തുടരെത്തുടരെ ഉയര്‍ന്നുവരുന്ന "മതനിന്ദാ" കോലാഹലം. ഇതിനെ നമുക്ക് "ഗോത്രവര്‍ഗകാല വിശ്വാസ സംരക്ഷണത്തില്‍ അധിഷ്ഠിതമായ വിശുദ്ധയുക്തിരാഹിത്യം" എന്ന് വിശേഷിപ്പിക്കാം.

നവോത്ഥാന പരിരക്ഷയിലൂടെയും ജനാധിപത്യ ഭരണവികസന മാതൃകകളിലൂടെയും ഇത്രമേല്‍ പുരോഗതി നേടിയ കേരള സമൂഹത്തിലും മേല്‍പറഞ്ഞ തരം യുക്തിരാഹിത്യം എന്തുകൊണ്ട് മേല്‍ക്കൈ നേടുന്നു എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് സൂക്ഷ്മതലത്തില്‍തന്നെ വിശകലനവിധേയമാക്കേണ്ട ചില മനഃശാസ്ത്ര യാഥാര്‍ഥ്യങ്ങളിലേക്കാണ്. "ആശയങ്ങളുടെ പാരസ്പര്യം അസാധ്യമാകുന്നിടത്ത് യുക്തിവിചാരവും അസാധ്യമാകുന്നു" എന്നത് ഒരു മനഃശാസ്ത്ര നിരീക്ഷണമാണ്. ആശയങ്ങളുടെ പാരസ്പര്യം ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സംവാദസാധ്യതകളെ നിരാകരിക്കലാണ്. ഇപ്പോള്‍ കേരളത്തില്‍ ആശയരംഗത്ത് ഏറെയും നടക്കുന്നത് ഈ സംവാദസാധ്യതകളുടെ നിഷേധമാണ്. പകരം നടക്കുന്നത് അസഹിഷ്ണുതമുറ്റിയ വിവാദങ്ങളുടെ വിഴുപ്പലക്കലും. അത് പാഠപുസ്തകനിഷേധ പ്രസ്താവനകളാലും ഇടയലേഖന വിളംബരങ്ങളാലും വിശ്വാസസംരക്ഷണറാലികളായും ആശയങ്ങളുടെ പാരസ്പര്യത്തിനെതിരെ "മതനിന്ദാ"വാദത്തിന്റെ ഇരുമ്പുമറകള്‍ തീര്‍ക്കുന്നു. മുമ്പില്ലാത്തവിധം അസഹിഷ്ണുത മുറ്റിയ "മതസ്വത്വബോധ"ത്തിന്റെ യുക്തിരഹിത കാര്‍ക്കശ്യമായി അത് രൂപാന്തരപ്പെടുന്നു. "ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍തന്നെ പഠിക്കണം" എന്ന വാദം നമ്മെ കൊണ്ടെത്തിക്കുക "പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുക" എന്ന ഭയാനകവും മനുഷ്യത്വരഹിതവുമായ ചിന്താധാരയിലേക്കായിരിക്കും.

ആശയങ്ങളുടെ പാരസ്പര്യമില്ലായ്മ സൃഷ്ടിക്കുന്ന മാനസിക അസന്തുലിതാവസ്ഥ മനുഷ്യമസ്തിഷ്കത്തിന്റെ ഒരു ഭാഗത്തെ മാത്രം ആവശ്യത്തിലധികം സജീവമാക്കുകയും ബൗദ്ധിക പ്രവര്‍ത്തനകേന്ദ്രമായ സെറിബ്രത്തിന്റെ (cerebrum) പ്രവര്‍ത്തനത്തെ അത് ബാധിക്കുകയും ചെയ്യുമെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മാനസിക പ്രവര്‍ത്തനങ്ങള്‍ മസ്തിഷ്കത്തിന്റെ അടിത്തറയായ തലാമസില്‍ (thalamus) മാത്രം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായിത്തീരുന്നു. അതിന്റെ ഫലമായി യുക്തിയുടെയും ബുദ്ധിയുടെയും പ്രവര്‍ത്തനം മന്ദീഭവിക്കുകയും അതിവൈകാരികതയുടെ പ്രാഥമികതലം മാത്രം ഏറെ പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുന്നു. അമിതമായ മതാനുഭൂതിയും വിശ്വാസങ്ങളും ഉണര്‍ന്നു ശക്തമാകാന്‍ ഇതാണ് കാരണമെന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം.

മേല്‍കൊടുത്ത നിരീക്ഷണങ്ങള്‍ക്ക് അടിവരയിടുന്നതാണ് പ്രാക്തന ഗോത്രവര്‍ഗങ്ങളിലെ ചില ആദര്‍ശശാലികളായ മനുഷ്യസ്നേഹികളുടെ നിഷ്കളങ്ക മനസ്സുകളില്‍ രൂപപ്പെട്ടുവന്ന "അതീന്ദ്രിയ അനുഭൂതികള്‍". അവര്‍ ഏകാഗ്രതയോടെ മലമുകളിലും ഗുഹകളിലുമൊക്കെയിരുന്ന് ഏകാന്തധ്യാനം നടത്തിയതിന്റെ ഫലമാണ് അവര്‍ക്ക് ലഭിച്ച "അതീന്ദ്രിയബോധാനുഭവങ്ങള്‍". ആ ബോധാനുഭവങ്ങളാണ് അവരില്‍നിന്ന് "അരുളപ്പാടുകളായി" പുറത്തുവന്നത്. ആ അരുളപ്പാടുകളുടെ സമാഹാരമാണ് വിശുദ്ധ മതഗ്രന്ഥങ്ങള്‍. ഈ അരുളപ്പാടുകളെ മുന്‍നിര്‍ത്തി പില്‍ക്കാലത്ത് സ്ഥാപനവല്ക്കരിക്കപ്പെട്ട മതത്തിലെ പുരോഹിത നേതൃത്വം സ്വതാല്പര്യ സംരക്ഷണാര്‍ഥം ഈ മതഗ്രന്ഥങ്ങളില്‍ നിരവധി തിരിമറികളും കൂട്ടിച്ചേര്‍ക്കലുകളും വ്യാഖ്യാന വ്യതിചലനങ്ങളും തമസ്കരണങ്ങളും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റിമറിക്കലുകള്‍ ഒഴിവാക്കിയാല്‍ മതഗ്രന്ഥങ്ങള്‍ പൊതുവെ നിഷ്കളങ്കങ്ങളും നിരുപദ്രവകരങ്ങളും പ്രാക്തന മനുഷ്യബോധത്തിന്റെ ഔന്നത്യം പ്രകടിപ്പിക്കുന്നവയുമാണെന്ന് പറയാം.

പൊതു മാനവികമൂല്യങ്ങളില്‍ അധിഷ്ഠിതമായ പുതുകാല ജനാധിപത്യ ബോധത്തെ സംബന്ധിച്ചിടത്തോളം ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ചില നല്ല അരുളപ്പാടുകള്‍ ഈ മതഗ്രന്ഥങ്ങളില്‍ അവിടവിടെ ചിതറിക്കിടക്കുന്നുണ്ട്. എന്നാല്‍ കാലികപ്രസക്തി നഷ്ടപ്പെട്ടവയും അശാസ്ത്രീയവും ജനാധിപത്യബോധത്തിന് നിരക്കാത്തവയുമാണ് അവയില്‍ ഏറെയും എന്നു കാണാം. രചിക്കപ്പെട്ട കാലത്തിന്റെ പരിമിതി എന്നേ ഈ പോരായ്മകളെക്കുറിച്ച് വിലയിരുത്തേണ്ടതുള്ളൂ.
അപരിഷ്കൃത ഗോത്രസംസ്കൃതിയില്‍നിന്നും നാടുവാഴിത്തത്തില്‍നിന്നുമൊക്കെ മനുഷ്യവര്‍ഗം മോചനം നേടിയിട്ട് നാളേറെയായി. ജനാധിപത്യമെന്ന പൊതുവ്യവസ്ഥ നിലനില്ക്കുന്ന പുതിയ ഭൂമികയില്‍ ആധുനികമനുഷ്യര്‍ നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ പഴയവയില്‍നിന്ന് എത്രയോ അര്‍ഥവ്യാപ്തിയേറിയവയാണ്. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ , ആഗോളമുതലാളിത്തത്തിന്റെ നെറികേടുകള്‍ , സാമ്രാജ്യത്വത്തിന്റെ അധിനിവേശ മോഹങ്ങള്‍ , മതതീവ്രവാദം തുടങ്ങിയ പ്രശ്നങ്ങളുടെ മധ്യത്തിലാണ് നല്ലൊരു വിഭാഗം ജനങ്ങളും. ഗോത്രവര്‍ഗ സംസ്കൃതി നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയില്‍ രൂപപ്പെട്ട മതബോധനങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്നത്തെ മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം എന്നു കരുതുന്നത് തികച്ചും തലതിരിഞ്ഞ കാഴ്ചപ്പാടു തന്നെയാണ്; അശാസ്ത്രീയവുമാണ്.

മതഗ്രന്ഥങ്ങളിലെ ആശയങ്ങളില്‍ കാലിക പ്രസക്തിയുള്ളവ, ഇല്ലാത്തവ എന്നിങ്ങനെയുള്ള വേര്‍തിരിച്ചെടുക്കലിന് പോലുമുള്ള കഴിവ് മതാനുയായികളില്‍ പലര്‍ക്കും പൊതുവെ നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം "ബോധാവസ്ഥാവ്യതിയാനം" സാമാന്യജനങ്ങളില്‍ സൃഷ്ടിച്ചെടുക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും മതനേതൃത്വം ഒരു പരിധിവരെ വിജയിച്ചുനില്‍ക്കുന്നു എന്നുതന്നെ പറയാം. വലതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ ദൗര്‍ബല്യം കൗശലപൂര്‍വം ചൂഷണം ചെയ്തുകൊണ്ടാണ് ഇവര്‍ ഇത് സാധ്യമാക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ "കണ്ടില്ല" എന്ന നയവും ഇതിന് ശക്തി പകരുന്നുണ്ട്.
മനഃശാസ്ത്രജ്ഞന്മാര്‍ വ്യക്തിയെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ദൈവശാസ്ത്രം (Theology) സര്‍വശക്തനായ ദൈവത്തെ ആശ്രയിക്കാനാണ് പഠിപ്പിക്കുന്നത്. ദൈവത്തെ ആശ്രയിക്കുന്നതിനുപകരം സ്വാശ്രയത്വം പഠിപ്പിക്കുന്നത് "ദൈവനിന്ദ"യാണെന്ന് തിയോളജിസ്റ്റുകള്‍ പറയുന്നു. മാനുഷികം (humanistic ) ഫ്രോയിഡിയന്‍ (Freudian) പെരുമാറ്റരീതി (Behaviouristic) തുടങ്ങിയ മനഃശാസ്ത്രപഠനങ്ങളും ചികിത്സാരീതികളും മതേതരകാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമായവയാണെന്ന് ജോണ്‍സണ്‍ ഐരൂരിനെപ്പോലുള്ള മനഃശാസ്ത്രവിദഗ്ധന്മാര്‍ പറയുന്നു. ഈ രീതികളിലൊന്നിലും "ആത്മാവി"നെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിതമതങ്ങളായ ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയും വ്യക്ത്യതീത മനഃശാസ്ത്രം (Transpersonal psychology) എന്ന സിദ്ധാന്തത്തെ വ്യത്യസ്ത പാഠഭേദങ്ങളോടെ വികസിപ്പിച്ചെടുത്തിരിക്കുന്നു. മാത്രമല്ല ലഘുമനോരോഗങ്ങളെ അന്ധവിശ്വാസരഹിതമായ മനഃശാസ്ത്ര ചികിത്സാരീതികള്‍ ഉപയോഗപ്പെടുത്തി ഭേദമാക്കാമെന്നിരിക്കെ, അന്ധവിശ്വാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ താത്കാലിക രോഗശാന്തി മാത്രം ഉറപ്പുനല്കുന്ന സാങ്കല്പിക ഔഷധപ്രയോഗം (placebo effect) സാര്‍വത്രികമായി ഉപയോഗിക്കുന്ന സമീപനവും മതപൗരോഹിത്യം വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുമതത്തില്‍ ഈ പ്രതിഭാസം "ആള്‍ദൈവ" രോഗശാന്തി രൂപത്തിലാണ് ഏറെയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.സാമാന്യജനങ്ങളുടെ ബോധമണ്ഡലത്തെ അന്ധവിശ്വാസ ജടിലവും അനാരോഗ്യകരവുമായി നിലനിര്‍ത്താന്‍ ഈ അശാസ്ത്രീയരീതികള്‍ ഒട്ടും ചെറുതല്ലാത്ത പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

വന്‍തോതില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞ മതം, മനുഷ്യനന്മ ലക്ഷ്യമാക്കുന്ന മതേതരവും ശാസ്ത്രീയവുമായ ഇടപെടലുകളെ ചെറുക്കാന്‍ വ്യാപകമായി ഉപയോഗിച്ചു മൂര്‍ച്ച കൂട്ടിയെടുത്ത ഒരു വാക്കാണ് "മതനിന്ദ". മതനിന്ദാവാദത്തിനു മുന്നില്‍നിന്ന് സ്ഫുടം ചെയ്തെടുത്ത ഏത് ശാസ്ത്രീയ യുക്തിബോധവും വഴിമാറി പൊയ്ക്കൊള്ളണം എന്നായിട്ടുണ്ട് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

1959ലെ കുപ്രസിദ്ധ വിമോചനസമരത്തിലൂടെ അന്നത്തെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടപ്പോള്‍ ഏറെ സന്തോഷിച്ചത് മതമേധാവികളാണ്. കാരണം കേരളത്തിന്റെ സമഗ്രമായ മതേതര പുരോഗതിയെ താത്കാലികമായെങ്കിലും അവര്‍ക്ക് തടയാനായല്ലോ; ശാസ്ത്രീയമായൊരു മതേതര വിദ്യാഭ്യാസപദ്ധതിയുടെ മുളകള്‍ നുള്ളിക്കളയാനായല്ലോ. വിമോചനസമരത്തിന്റെ കയ്പ്പേറിയ അനുഭവങ്ങള്‍ പകര്‍ന്ന ചെകിടിപ്പില്‍നിന്ന് പൂര്‍ണമായി മോചനം നേടാന്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്ന ദുഃഖസത്യം അവശേഷിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വിമോചനസമരം നയിച്ചവര്‍ക്ക് ശക്തമായ പിന്തുണ നല്കിയിരുന്ന പലരും തെറ്റേറ്റു പറഞ്ഞ് സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ പില്‍ക്കാലത്ത് തയാറായിട്ടുണ്ട്. ഈ അടുത്തകാലത്ത് വിമോചനസമരത്തെ വീണ്ടും വാഴ്ത്തിപ്പാടാനും "രണ്ടാം വിമോചനസമരം" പ്രഖ്യാപിക്കാനും ചില മതമേധാവികള്‍ ശ്രമിച്ചപ്പോള്‍ അത് വിജയിക്കാതെ പോയത് മതേതരശക്തികള്‍ക്ക് കരുത്ത് പകരുന്നുണ്ട്.

വിമോചന സമരത്തിന്റെ ശക്തനായ വക്താവായിരുന്ന ലോനപ്പന്‍ നമ്പാടന്‍ തന്റെ ആത്മകഥയില്‍ ഇങ്ങനെ തുറന്നെഴുതുന്നു:
"അമേരിക്കന്‍ ചാരസംഘടനയായ സിഐഎയാണ് വിമോചനസമരത്തിനുവേണ്ടി ഫണ്ടൊഴുക്കിയത്. ഇക്കാര്യം 1957ല്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന എന്‍സ്വര്‍ത്ത് ബംഗര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. "അപകടകരമായ പ്രദേശം" എന്ന ഗ്രന്ഥത്തില്‍ ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍ സിഐഎയും കേരളത്തിലെ വിമോചന സമരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. കേന്ദ്ര കൃഷിമന്ത്രിയായിരുന്ന എസ് കെ പാട്ടീല്‍ വഴിയാണ് വിമോചനസമരത്തിനുള്ള ഫണ്ട് വന്നത്. 1957-59 കാലത്ത് കേരള രാഷ്ട്രീയത്തില്‍ അമേരിക്കന്‍ എംബസി സജീവമായി ഇടപെട്ടിരുന്നു. വിവിധ പ്രദേശങ്ങളില്‍ രൂപപ്പെട്ട പ്രശ്നങ്ങളെ വിമോചനസമരായുധമായി ഉപയോഗിച്ചത് കത്തോലിക്കാസഭയായിരുന്നു.

1959 മെയ് 7ന് കത്തോലിക്കാബിഷപ്പുമാരുടെ ഇടയലേഖനം ഇതിന് തെളിവാണ്... തിരിഞ്ഞുനോക്കുമ്പോള്‍ വിമോചനസമരം വന്‍ ഗൂഢാലോചനയുടെ ഫലമായിരുന്നു എന്ന് എനിക്ക് ബോധ്യമുണ്ട്. വിമോചനസമരം പള്ളിയും പ്രമാണിമാരും അമേരിക്കന്‍ ചാരസംഘടനയും കോണ്‍ഗ്രസ് പാര്‍ടിയും ചേര്‍ന്നു നടപ്പാക്കിയ ഗൂഢാലോചനയായിരുന്നു. അത് അന്ന് എന്നെപ്പോലെയുള്ളവര്‍ തിരിച്ചറിഞ്ഞില്ല... കമ്യൂണിസ്റ്റുകാര്‍ സെല്‍ഭരണമാണ് നടത്തുന്നത് എന്നായിരുന്നു പ്രചരണം. സെല്‍ഭരണമെന്താണെന്ന് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയില്ലായിരുന്നു. അടുത്തകാലത്ത് മുന്‍ ചങ്ങനാശ്ശേരി ബിഷപ്പ് ജോസഫ് പവ്വത്തില്‍ വിമോചനസമരം പാര്‍ടി സെല്‍ഭരണത്തില്‍നിന്നുള്ള മോചനത്തിനായിരുന്നു എന്നെഴുതിയ ലേഖനം വായിച്ച് ചിരിക്കാനാണ് എനിക്ക് തോന്നിയത്". "സഞ്ചരിക്കുന്ന വിശ്വാസി" - ലോനപ്പന്‍ നമ്പാടന്‍ (പേജ് 22-23).
കൂട്ടം തെറ്റാതെ തങ്ങള്‍ ആട്ടിത്തെളിക്കപ്പെട്ടത് തെറ്റായ വഴിയിലൂടെയാണെന്നു നമ്പാടന്‍മാസ്റ്റര്‍ അല്പം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. തിരിച്ചറിവു പകര്‍ന്ന നീതിബോധവും ആത്മവിശ്വാസവുമാണ് "ഇടയന്മാരെ" ധിക്കരിക്കാനും ശരിയായ വഴി കണ്ടുപിടിക്കാനും നമ്പാടന്‍മാസ്റ്റര്‍ക്ക് തുണയായത്. "മതനിന്ദാകോലാഹലം" ഉയര്‍ത്തി തെറ്റായ വഴിയേ ആട്ടിത്തെളിക്കപ്പെടുന്നവര്‍ക്ക് നമ്പാടന്‍മാസ്റ്ററുടെ ആത്മകഥ നല്ലൊരു വഴികാട്ടിയാണ്. ചില അഭിവന്ദ്യന്മാര്‍ക്കെതിരെയുള്ള താക്കീതു കൂടിയാണ് ഈ തുറന്നെഴുത്ത്.

മതസ്രഷ്ടാക്കളെന്ന് കരുതപ്പെടുന്ന മനുഷ്യപുത്രന്റെയും മഹാപ്രവാചകന്റെയും മഹാഋഷിമാരുടെയും അതീന്ദ്രിയ ദര്‍ശനങ്ങളില്‍ നിഴലിക്കുന്ന ആത്മാര്‍ഥതയും മനുഷ്യസ്നേഹവും അതോടൊപ്പം തന്നെ അവയില്‍ പലതിന്റെയും അപ്രായോഗികതയും നിരര്‍ഥകതയും കൃത്യമായി തിരിച്ചറിഞ്ഞ് വിശകലനം ചെയ്ത യുഗപ്രഭാവനാണ് കാള്‍മാര്‍ക്സ്. പലതവണ ഉദ്ധരിക്കപ്പെട്ടതെങ്കിലും മതത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ ഏറ്റവും പ്രശസ്തമായ നിരീക്ഷണം നിരന്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കേണ്ടുന്ന സാംസ്കാരിക പശ്ചാത്തലമാണ് കേരളത്തിലിപ്പോള്‍ നിലവിലുള്ളത് എന്നാണ് ഈ ലേഖകന്റെ പക്ഷം. മാര്‍ക്സിന്റെ മതവീക്ഷണത്തെ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് ഉദ്ധരിക്കട്ടെ. "മനുഷ്യനാണ് മതത്തെ സൃഷ്ടിച്ചത്; അല്ലാതെ മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്തത്. ഇനിയും സ്വയം കണ്ടെത്താത്തവനോ കണ്ടെത്തിയിട്ട് വീണ്ടും സ്വയം നഷ്ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം... മാനവസത്തയുടെ അയഥാര്‍ഥമായ സാക്ഷാത്കരണമാണത്; കാരണം മാനവസത്തയ്ക്ക് ശരിയായൊരു യഥാര്‍ഥതയില്ലല്ലോ. അതുകൊണ്ട് മതത്തിനെതിരായ പോരാട്ടമെന്നത് മതമെന്ന ആത്മീയ പരിമളത്തോടു കൂടിയ ഈ ലോകത്തിനുകൂടി എതിരായുള്ള പരോക്ഷമായൊരു പോരാട്ടമാണ്. മതം മര്‍ദിത ജീവിയുടെ നിശ്വാസമാണ്; ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്; അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന അവീന്‍ (കറുപ്പ്) ആണത്... മനുഷ്യന്‍ തനിക്ക് ചുറ്റും കറങ്ങാത്തിടത്തോളം അവനുചുറ്റും കറങ്ങുന്ന ഭാവനാസൂര്യന്‍ മാത്രമാണ് മതം". ....കാള്‍മാര്‍ക്സ് - "ഹെഗലിന്റെ നിയമദര്‍ശനത്തെക്കുറിച്ചുള്ള നിരൂപണത്തിന് ഒരു സംഭാവന".

മേല്‍ ഉദ്ധരിച്ചതില്‍നിന്ന് "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് കോലാഹലം സൃഷ്ടിക്കുന്നത് "മതനിന്ദാവാദം" പോലെ നിന്ദ്യമായൊരു പാതകമാണ് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.


*****


എ കെ പീതാംബരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Saturday, March 5, 2011

ഇന്ത്യന്‍ ഭൌതികവാദത്തിന്റെ വികാസ പരിണതികള്‍

ഇന്ത്യന്‍ ഭൌതികവാദം വികാസത്തിന്റെ നാലു ഘട്ടങ്ങള്‍ കടന്നിട്ടുണ്ട്. കേവലനിഷേധത്തിന്റെ ഒന്നാംഘട്ടം സത്വരവും ധ്യാനാത്മകവുമായ സമസ്ത വിജ്ഞാനങ്ങളെയും ചോദ്യം ചെയ്തു. എല്ലാ തെളിവുകളും കാഴ്ചപ്പാടുകളും സൂചനകളും വെല്ലുവിളിക്കപ്പെട്ടു. വേദപ്രാമാണ്യത്തെ പിടിച്ചുലച്ചു, നിഷേധിച്ചു. രണ്ടാംഘട്ടത്തില്‍ പ്രത്യക്ഷ പ്രമാണത്തെ അറിവിന്റെ പ്രഭവമായും ആത്മാവും ശരീരവും തമ്മിലുള്ള പാരസ്പര്യത്തിന്റെ സിദ്ധാന്തമായും കണ്ടു; സ്വഭാവ വാദത്തെ സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് തത്വചിന്താപദ്ധതിയായി ഭൌതികവാദം വികസിക്കാന്‍ തുടങ്ങുന്നത്. അജിതകേശകമ്പലിന്‍ (Ajita Kesakambalin), കമ്പലാശ്വതാര (Kambalaswatara), പുരാണകശ്യപ (PurnaKasyapa) തുടങ്ങിയ പ്രമുഖ ഭൌതികവാദികള്‍ അക്കാലത്തു വളര്‍ന്നുവന്നവരാണ്. ലോകായതമെന്ന പേര് ഈ ശാഖയ്ക്കു പതിയാന്‍ തുടങ്ങുന്നതും ഇക്കാലത്തുതന്നെ.

മൂന്നാംഘട്ടത്തില്‍ ഇന്ദ്രിയാനന്ദവാദം (Hedonism) ഇതിന്റെ തീവ്രമുഖങ്ങളിലൊന്നായി മാറി. സാമൂഹികവും മതപരവും രാഷ്ട്രീയവുമായ മേഖലകളിലെ ചിന്താസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തിനെതിരെ രൂപപ്പെട്ടതാണ് ഈ ആനന്ദവാദം. ഇന്ദ്രിയാസക്തി സ്വാതന്ത്ര്യത്തെ പുറന്തള്ളി. മാലാഖമാരുടെ ഇരിപ്പിടങ്ങള്‍ ചെകുത്താന്‍ കൈയടക്കി. ദുര്‍നടപ്പിന്റെയും തെറ്റിദ്ധാരണകളുടെയും പ്രപാതഫലങ്ങളുടെ സന്ദര്‍ഭത്തില്‍ അതിനോടുള്ള കലാപമായാണ് ചാര്‍വാകം ഉരുവംകൊണ്ടത്. അവര്‍ ഇങ്ങനെ ഉപദേശിച്ചു. തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്തെന്നാല്‍ ഒരുനാള്‍ ഏവരും മരിക്കും. തീവ്രമായ ഈ ആനന്ദാത്മകതയിലുള്ള ഊന്നല്‍ ചാര്‍വാകത്തിന്റെ ആന്തരചൈതന്യം തന്നെ തകര്‍ക്കുംവിധം തീവ്രമായിരുന്നു.

ആശയവാദത്തിനുനേരെ തിരിഞ്ഞ ഈ ഭൌതികവാദധാര ശരീരം തന്നെയാണ് ആത്മാവെന്നു സമര്‍ഥിച്ചു. ആത്മീയവാദികളുടെ കടുത്ത ആക്രമണത്തിന്റെ സന്ദര്‍ഭത്തില്‍, ലോകായതര്‍, ശരീരത്തില്‍നിന്ന് ഭിന്നമായി ആത്മാവില്ലെന്ന സിദ്ധാന്തത്തിലേക്കുണര്‍ന്നു. ആത്മാവിനൊപ്പം ഇന്ദ്രിയങ്ങള്‍, ശ്വാസം, മസ്തിഷ്കം എന്നിവയെക്കുറിച്ചും പഠിക്കാന്‍ തുനിഞ്ഞു. അനുമാനം അറിവിന്റെ മാര്‍ഗമല്ലെന്ന് ഭൌതികവാദികള്‍ നേരത്തെതന്നെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍, ആദ്യം സാധ്യതയെയും ചുരുങ്ങിയ അര്‍ഥത്തിലെങ്കിലും അനുമാനത്തെയും അറിവിന്റെ സ്രോതസ്സായി സ്വീകരിച്ചു. ഇന്ത്യന്‍ ഭൌതികവാദത്തില്‍ ഈ മുഖത്തിന്റെ വക്താക്കളാണ് പുരന്ദരന്‍ തുടങ്ങിയ ചിന്തകര്‍.

നാലാം ഘട്ടം, വേദാന്തികളെ എതിര്‍ക്കുന്നിടത്ത്, ഈ ധാര ബുദ്ധജൈനചിന്തകളോട് ഒത്തുനിന്നു. അതോടെ നാസ്തികം എന്ന പൊതുപേരില്‍ അറിയപ്പെടാനും തുടങ്ങി. വേദപ്രാമാണ്യം തിരസ്കരിക്കുന്നവരാണ് (nastiko veda-nindaka) നാസ്തികര്‍.

ലോകായതം സംബന്ധിച്ച പ്രമാണ ഗ്രന്ഥങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. എതിരാളികള്‍ ഖണ്ഡനാര്‍ഥം ഉദ്ധരിച്ചുചേര്‍ത്ത പൂര്‍വപക്ഷ രൂപത്തിലുള്ള ഖണ്ഡങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ ഭിന്നമുഖങ്ങളെയും കാഴ്ചകളെയും പ്രതിനിധീകരിക്കുന്ന മൌലികസൂത്രങ്ങള്‍ സമാഹരിച്ചവതരിപ്പിക്കുക അസാധ്യമാണ്. ലോകായതത്തിന്റെ വിവിധഘട്ടങ്ങളെ രൂപപ്പെടുത്തുന്ന ആശയങ്ങള്‍ സൂത്രങ്ങളുടെയും ശ്ളോകങ്ങളുടെയും രൂപത്തില്‍ അവിടവിടെ ചിതറിക്കാണാം. ഈ സൂത്രങ്ങളും ശ്ളോകങ്ങളും യുക്തിബദ്ധമായി സമാഹരിക്കുകവഴി ഇന്ത്യന്‍ ഭൌതികവാദത്തിന്റെ സമഗ്രചിത്രം പുനരെഴുതാന്‍ കഴിയും.

ലോകായതത്തിന്റെ സ്ഥാപകന്‍ ബൃഹസ്പദിയാണെന്നു വിചാരിക്കാന്‍ വേണ്ടത്ര യുക്തികള്‍ ഉണ്ട്. ബൃഹസ്പദിയുടെ പേരില്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുള്ളതും ലഭിച്ചുവരുന്നതുമായ സൂത്രങ്ങള്‍ ബൃഹസ്പദി ഒരു മിത്തല്ലെന്നും ചരിത്രപുരുഷനാണെന്നും തെളിയിക്കുന്നു. ആരെന്നു കൃത്യമായി കണ്ടെത്തുക പക്ഷെ പ്രയാസകരമാണുതാനും. പ്രൊഫസര്‍ ബല്‍വാക്കറെ (Belvalker)പ്പോലുള്ള പണ്ഡിതര്‍ ബാര്‍ഹസ്പദ്യത്തിന്റെ സ്ഥാപകന്‍ ബൃഹസ്പദിയാണെന്നഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഒന്നിലേറെയാളുകളെ ഒരു തുടര്‍ച്ചയായി പരിഗണിക്കുമ്പോള്‍, അജിതകേശകംബലില്‍, ചര്‍വാകന്‍, പുരന്ദരന്‍ എന്നീ പേരുകള്‍ യഥാക്രമം ലോകായതം, ചാര്‍വാകം, നാസ്തികപദ്ധതികളുടെ സ്ഥാപകരായി പരിഗണിക്കപ്പെടും. ലോകായതത്തിന്റെ വക്താക്കളില്‍ പ്രധാനിയാണ് ഭാഗിരി (Bhagiri). എന്നാല്‍ ഇദ്ദേഹത്തിന്റെ പേരില്‍ സൂത്രങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ലാത്തതിനാല്‍ ഭൌതികവാദചരിത്രത്തില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചിട്ടില്ല.

ഇന്ത്യന്‍ ഭൌതികവാദത്തിന്റെ നാലുഘട്ടങ്ങള്‍ ഇനി വിശദമായി പരിശോധിക്കാം.

ഇന്ത്യന്‍ ഭൌതികവാദത്തിന്റെയും ഇന്ദ്രിയാനന്ദവാദത്തിന്റെയും ചരിത്രം

അനുകൂലസമ്പന്നമായ ജീവിതസാഹചര്യങ്ങളാല്‍ നിറഞ്ഞ പ്രകൃതിയായിരുന്നു പ്രാചീന ഇന്ത്യയിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ നിലനില്‍പ്പിനായുള്ള സമരം താരതമ്യേന നിസ്സാരവുമായിരുന്നു. ജനാഭിരുചി ചെത്തിമിനുക്കപ്പെട്ടിരുന്നില്ല. ധ്രുവസൂര്യന്റെ തീക്ഷ്ണപ്രകാശത്തില്‍നിന്ന് രക്ഷതേടി മനുഷ്യര്‍ ഗുഹകളിലും പര്‍വതസാനുക്കളിലും താമസിച്ചുവന്നു. രാഷ്ട്രീയാധികാരങ്ങളുടെ ഇടപെടലുകള്‍ അവരുടെ മനഃശാന്തിയെ തീരെ ബാധിച്ചില്ല. എഴുത്തുവിദ്യയുടെ അഭാവത്തില്‍, സാഹിതീയ താല്‍പ്പര്യങ്ങള്‍ അവരില്‍ ഉണര്‍ന്നിരുന്നേയില്ല. കലയോ ശാസ്ത്രമോ അവരുടെ ഊര്‍ജം വഴിമാറ്റിയൊഴുക്കിയിരുന്നുമില്ല. ഓര്‍മയില്‍ നിലനില്‍ക്കുന്നതുമാത്രമേ അവര്‍ സാഹിത്യമായി പരിഗണിച്ചുള്ളു. ദാര്‍ശനികവും മതപരവുമായ പ്രശ്നങ്ങള്‍ അവര്‍ക്ക് കേവലം ചിന്താവിഷയമായിരുന്നു. ജീവിക്കുന്ന കാലത്തെയും ഭൌതികലോകത്തെയും കുറിച്ചേ അവര്‍ക്കാലോചിക്കാനുണ്ടായിരുന്നുള്ളു. തങ്ങള്‍ എന്താണ്? എവിടുന്നാണ് വന്നത്? എവിടെ പോകുന്നു? എന്ത് ധര്‍മം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സ്വന്തമായ ഉത്തരങ്ങള്‍ അവര്‍ കണ്ടെത്തി. ഇവിടെയാണ് ഇന്ത്യന്‍ തത്വചിന്തയുടെ തുടക്കം.

മനുഷ്യരചിത സാഹിത്യങ്ങളില്‍ ഏറ്റവും പഴക്കമേറിയ വേദങ്ങളില്‍ ഈ അന്വേഷണങ്ങള്‍ കാണാം. ഇവയെ പക്ഷെ, സൂക്ഷ്മ മാര്‍ഗത്തില്‍ തത്വചിന്തയെന്നു വിളിക്കുക സാധ്യമല്ല. അവ യുക്തിപൂര്‍ണമായ ആഖ്യാനങ്ങളല്ല. സമുദ്രത്തിലെ നാഴികകല്ലുകള്‍പോലെ അങ്ങിങ്ങ് ചിതറി ക്രമരഹിതമായി കാണുന്ന ചിന്താശകലങ്ങള്‍ മാത്രമാണവ. തത്വചിന്തയുടെ പ്രവണതകള്‍ അവയില്‍ അങ്ങിങ്ങ് കണ്ടെത്താമെന്നുമാത്രം. സാവധാനം ഇതു വികസിച്ചു. തത്വചിന്തയുടെ സൂക്ഷ്മതകളിലേക്കുള്ള വികാസവുമായിരുന്നു ഇതെന്നു പറയാം. വ്യവസ്ഥാപിതവും യുക്തിബദ്ധവുമായ ഈ പദ്ധതികള്‍ക്കിടയില്‍ ഭൌതികവാദം വളരെ പ്രാചീനമായി കരുതാം. ചിലര്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഇത് പ്രാചീനതമമാണെന്നഭിപ്രായപ്പെടുന്നുണ്ട്. മറ്റെല്ലാ ചിന്താശാഖകളും ഭൌതികവാദമുന്നയിച്ച സത്യത്തെ തിരസ്കരിക്കാന്‍ ശ്രമിക്കുന്നുവെന്നത് ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ദര്‍ശനമെന്ന വാക്ക് പ്രാഥമിക തലത്തില്‍ കാഴ്ചയെ സൂചിപ്പിക്കുന്നു. ശാസ്ത്രമെന്ന് രണ്ടാമത്തെ അര്‍ഥം. ഭൌതികവാദത്തെയാണ് ഈ പദം കൊണ്ടര്‍ഥമാക്കുന്നത്. ബൃഹസ്പദിയുടെ പിന്‍ഗാമികളാണ് ഈ വാക്കുപയോഗിച്ചത് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇവരില്‍ നിന്നായിരിക്കാം മറ്റു ചിന്താശാഖകള്‍ ഈ പദം കടംകൊണ്ടത്. ഭൌതികവാദ ദര്‍ശനത്തിന് ഇതര ദര്‍ശനങ്ങളെ അപേക്ഷിച്ചുള്ള പ്രാചീനത സൂചിപ്പിക്കുന്നു ഈ അഭിപ്രായം. ഭൌതികവാദമാണ് യഥാര്‍ഥ തത്വചിന്താപദ്ധതിയെന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യവംശത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മറ്റു ചിലരാകട്ടെ, ഭൌതികവാദം മറ്റുള്ളവയോടൊപ്പം പ്രാചീനമാകാമെങ്കിലും അവയെക്കാള്‍ പ്രാചീനമാണെന്നു പറയുക വയ്യെന്നു വാദിക്കുന്നു. വികലീകൃത ആശയങ്ങളെയോ പ്രയോഗങ്ങളെയോ എതിര്‍ത്തു തോല്‍പ്പിക്കുവാനല്ലാതെ കേവലാര്‍ഥത്തില്‍ ഭൌതികവാദം പോലൊരു ദര്‍ശനം രൂപപ്പെടുകയില്ലെന്നാണ് അവരുടെ വാദം. ബൃഹസ്പദിയെപ്പോലുള്ള ഭൌതികവാദികള്‍ കേവലാര്‍ഥത്തില്‍ ദര്‍ശനത്തിന്റെ നിര്‍മാണാത്മക പദ്ധതി രൂപപ്പെടുത്തുകയില്ല. മറ്റു ദര്‍ശനങ്ങളുടെ അസംബന്ധാത്മകതയും യാഥാസ്ഥിതികത്വവും തകര്‍ക്കുവാനുള്ള ശ്രമമായിരുന്നു അവരുടേത്. അതുകൊണ്ടുതന്നെ ബ്രാഹസ്പദ്യം ഒന്നാമത്തേതല്ല, അവസാനത്തേതാവാനേ സാധ്യതയുള്ളുവെന്നും പറയാം.

ഈ പദ്ധതികള്‍ക്കെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. വിഭിന്ന സരണികളില്‍പ്പെട്ട-വിരുദ്ധങ്ങള്‍ പോലുമായ-ഈ ശാഖകള്‍ വ്യത്യസ്ത തലമുറകളില്‍പെടുന്ന ഒറ്റപ്പെട്ട ചിന്തകരിലെ ആശയങ്ങളുടെ അവസാന ക്രോഡീകരണമല്ല. വ്യവസ്ഥാപിതമായ ആദ്യ സമീപനവുമല്ല. ക്രമീകൃതവും വരമൊഴിരൂപിയുമായി ഇന്ത്യയില്‍ തത്വചിന്തയുടെ ബൃഹത് സംസ്കൃതി രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

ഈ വളര്‍ച്ച സുദീര്‍ഘ വിസ്തൃതമായ കാലത്താണ് സംഭവിച്ചതെന്നു മറന്നുകൂട. ഈ സഞ്ചാരത്തിനിടയില്‍ ഒരു ശാഖയ്ക്കുള്ളില്‍ത്തന്നെ അനേകം ചര്‍ച്ചകള്‍ നടന്നിരിക്കണം. കൊള്ളക്കൊടുക്കലുകള്‍ സുലഭമായി നടന്നിരിക്കും. കേവല പ്രവണതകളായി നിലനിന്നിരുന്ന മറ്റു ചിന്തകളോട് ഏറ്റുമുട്ടിക്കൊണ്ടു തന്നെയാണ് ലോകായതം ഇന്നറിയുന്ന അവസ്ഥയിലെത്തുന്നതിനുമുമ്പ് വളര്‍ന്നു വന്നിരിക്കുക. ഭിന്ന ചരിത്ര സന്ദര്‍ഭങ്ങളില്‍പ്പെട്ട പദ്ധതികളെന്ന നിലയില്‍ കേവല പ്രവണതകളായിനിന്ന തുടക്കകാലത്ത് ഇവ സമകാലികമായിരിക്കും. മറ്റു ചിന്തകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രാഹസ്പദ്യം അക്കാലത്ത് ദുര്‍ബലമാണ്. പരിണാമ നിയമപ്രകാരം ആദ്യശാഖ ഏറ്റവും ദുര്‍ബലവും അവസാനത്തേത് ബലിഷ്ഠവുമായിരിക്കും. അതായത് ഭൌതികവാദം ദുര്‍ബലമാണെന്നതിനര്‍ഥം ഏറ്റവും പ്രാചീനമാണെന്നുതന്നെ.

ഒന്നാംഘട്ടം

ബൃഹസ്പദിയുടെ ചിന്താപദ്ധതി മൌലികമായി വിതണ്ഡവാദമെന്ന് വിലയിരുത്തപ്പെടുന്നു. വിതണ്ഡവാദം ഇതില്‍ ഒഴിവാക്കാനാവാത്തതുതന്നെയാണ്. മറ്റു പദ്ധതികളോടുള്ള കടുത്ത അസഹിഷ്ണുത മൂലം അവയെ ഖണ്ഡിച്ചില്ലാതാക്കുന്നതിന് ഈ ശാഖ ശ്രമിച്ചു. മൌലികാവസ്ഥയില്‍ വിപരീത സ്വഭാവിയും സംഹാരാത്മകവുമായ സമീപനമാണ് ഭൌതികവാദം സ്വീകരിച്ചത്. തത്വോപപ്ളവസിംഹകര്‍ത്താവായ ജയശ്രീ ഭട്ട ഇതുസംബന്ധിച്ച രേഖകള്‍ സൂക്ഷിച്ചിട്ടുണ്ട്.

ചിന്തയിലെ ഈ ഋണാത്മക(Negative) സമീപനം വേദങ്ങളില്‍തന്നെ പ്രകടമാണ്. വേദകാലത്ത് വൈദിക ദേവതകളില്‍ അവിശ്വസിക്കുന്നയാളുകളുണ്ടായിരുന്നു. അവിശ്വാസികളെയും നിന്ദകരെയും സൂചിപ്പിക്കുന്ന സ്തുതികള്‍ വേദങ്ങളില്‍ കാണാം. വേദങ്ങളുടെ വാച്യാര്‍ഥ പഠനത്തോടുള്ള എതിര്‍പ്പ് ബൃഹസ്പദിക്കു സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഋക്കുകളില്‍ കാണുന്നുണ്ട്. മഴയത്ത് ശബ്ദമുണ്ടാക്കുന്ന തവളകളോട് ഉപമിക്കുന്നു. അര്‍ഥമറിയാതെ വേദമന്ത്രങ്ങളുരുവിടുന്ന വൈദിക പൌരോഹിത്യത്തോടുള്ള കടുത്ത പരിഹാസമാണ് തവളക്കഥയുടെ ലാക്ഷണികാര്‍ഥമെന്ന് മാക്സ്മുള്ളര്‍ എഴുതുന്നുണ്ട്. അര്‍ഥമറിയാതെ മന്ത്രമുരുവിടുക മാത്രം ചെയ്യുന്നവര്‍ വേദത്തിന്റെ യഥാര്‍ഥ സത്യം/അര്‍ഥം മനസ്സിലാക്കുന്നില്ലെന്ന് യാസ്കന്‍ വ്യക്തമായി പറയുന്നു. ജ്ഞാനസഹിത പ്രയോഗം ജ്ഞാനരഹിത പ്രയോഗത്തേക്കാള്‍ പ്രയോജനകരമെന്ന് ചന്ദോഗ്യോപനിഷത്ത് വിശദീകരിക്കുന്നു. പൂര്‍വമീമാംസയില്‍ ജൈമിനിയും ഇതേ ആശയം വിശദീകരിച്ചുകാണാം. വേദങ്ങളിലെ മതവിരുദ്ധ പരമാര്‍ശങ്ങള്‍ പില്‍ക്കാല രചനകളിലും പിന്‍തുടരുന്നുണ്ട്. ഐതരേയ ആരണ്യകത്തില്‍ ഇങ്ങനെ വായിക്കാം.

നാം എന്തിന് വേദങ്ങള്‍ ആവര്‍ത്തിക്കണം? അഥവാ ഇത്തരം ത്യാഗങ്ങള്‍ വാഗ്ദാനം ചെയ്യണം? ബൃഹസ്പദിയുടെ പിന്‍ഗാമികളുടെ പ്രധാനകര്‍മം വേദപ്രാമാണ്യത്തെ എതിര്‍ത്തു തോല്‍പ്പിക്കുകയായിരുന്നു. തങ്ങളുടെ പ്രവൃത്തികളുടെ തുടക്കം മുതല്‍ തന്നെ അവര്‍ അത് തുടര്‍ന്നു. വേദങ്ങളും മന്ത്രങ്ങളും അര്‍ഥമറിയാതെ ഉരുവിടുന്നവരെയും ഇവര്‍ കഠിനമായെതിര്‍ത്തു, പരിഹസിച്ചു. ഇവയത്രയും ബൃഹസ്പദീശാഖയുടെ പിന്‍ഗാമികള്‍ ചിരേണ ഗുണാത്മകവശങ്ങള്‍ ഒന്നുമേയില്ലാത്ത കേവല നിഷേധികളായി പ്രചരിപ്പിക്കപ്പെട്ടു. ഗുണാത്മക ഘട്ടത്തിന്റെ അനിവാര്യതയിലേക്ക് ഇത് ചൂണ്ടി. ബൃഹസ്പദി ചിന്തയുടെ രണ്ടാം ഘട്ടത്തില്‍ എന്തുകൊണ്ട് എന്ന ചോദ്യമുയരുകയും വിശദീകരണാര്‍ഥം സ്വഭാവവാദത്തില്‍ എത്തുകയും ചെയ്തു. സംഭവങ്ങളെല്ലാം സ്വാഭാവികമായുണ്ടാകുന്നുവെന്ന് സ്വഭാവവാദം വിശദമാക്കും. മയില്‍പ്പീലിയിലെ കണ്ണുകള്‍ക്കു സദൃശമായ ഭാഗത്തിനോ താമരയുടെ മൊട്ടിനോ സവിശേഷകാരണങ്ങള്‍ ഒന്നും ഇല്ല. അവ അവയുടെ പ്രകൃതിസ്വഭാവമാണ്. കാണാന്‍ കഴിയാത്തതിനാല്‍ കാരണങ്ങള്‍ ഇല്ല. വൈവിധ്യാത്മകതമായ ഈ ലോകത്തിനും കാരണം ഇതുതന്നെ. ആഹ്ളാദം, വേദന തുടങ്ങിയ വികാരങ്ങളുടെ അവസ്ഥയും ഇതാണ്. അവയ്ക്ക് കാരണങ്ങളില്ല. സവിശേഷ സന്ദര്‍ഭങ്ങളില്‍ മാത്രമാണവ ഉണ്ടാകുന്നത്. സ്വഭാവവാദത്തിന് സ്വതന്ത്രമായ രീതികള്‍ ഉണ്ട്. കാലക്രമത്തില്‍ സ്വഭാവവാദത്തിന്റെ സ്വതന്ത്രത ബ്രാഹസ്പദ്യത്തോടിണങ്ങി ഇല്ലാതായിത്തീരുന്നു. സ്വഭാവവാദത്തിന്റെ തീവ്രവാദകാലങ്ങളില്‍ ബൃഹസ്പദിയുടെ പിന്‍ഗാമികള്‍ കൂടിക്കലര്‍ന്നു. അതോടെ, സ്വാഭാവികകാരണങ്ങളുടെ തിരസ്കാരം, പ്രവൃത്തികളുടെ നല്ലതും തീയതുമായ ചേരുവകളുടെ നിഷേധം എന്നിവ അതിന്റെ സര്‍വപ്രധാന മുഖമായി മാറി. കാരണങ്ങളൊന്നുമില്ലാതെതന്നെ വസ്തു സംഭവിക്കുമെന്നുവന്നു. വേദകാലത്തു തന്നെ ഭൌതികവാദപരമായ ഈ കാഴ്ചപ്പാട് ബൃഹസ്പദിയിലൂടെ ഉറച്ചിരുന്നു. ദൈവങ്ങളുടെ ആദ്യകാലത്ത് സത്ത് അസത്തില്‍നിന്നാണ് ഉത്ഭവിച്ചത്.

ലോകോല്‍പ്പത്തിയെക്കുറിച്ച് അക്കാലത്തു നിലനിന്നിരുന്ന പ്രശസ്തമായ സിദ്ധാന്തങ്ങളിലൊന്ന് ശ്വേതാശ്വതരോപനിഷത്തില്‍ കാണാം. പ്രകൃതിവാദം ഇത്തരത്തിലൊന്നാണ്. അക്കാലത്ത് ഇതു തികച്ചും സ്വതന്ത്രമായ സിദ്ധാന്തമായിരുന്നു. സമകാല അന്ധവിശ്വാസങ്ങളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സ്വതന്ത്ര ചിന്തകരായ അനേകം അനുയായികള്‍ ബൃഹസ്പദിക്കുണ്ടായിരുന്നു.

താമസിയാതെ ബ്രാഹസ്പദിയന്‍ ചിന്താപദ്ധതിക്കെതിരായ ചിന്ത വളര്‍ന്നുവന്നു. ഒരു പക്ഷേ ബ്രഹസ്പദിയന്‍ ചിന്തയിലെ നിഷേധാത്മക/ഹിംസാത്മക ഘടകമാവാം പ്രതിരോധത്തിന് എതിരാളികള്‍ക്ക് ഈ പ്രേരണയായത്. വൈദികചിന്തയില്‍നിന്നാണ് ഈ വിധം പ്രതിരോധം കടന്നുവന്നത്. ബൃഹസ്പദിയും അനുയായികളുമുള്‍പ്പെട്ട നാസ്തികചിന്തകരെ നീചരും സാമൂഹ്യദ്രോഹികളുമായി അവതരിപ്പിച്ചുകൊണ്ടാണ് ഈ ആക്രമണം തുടര്‍ന്നത്.

നിഷേധാത്മക ചിന്തയുടെ രീതിശാസ്ത്രം സ്വീകരിച്ച ഈ സ്വതന്ത്രചിന്തകരുടെ മേലെ കരിനിഴല്‍ വീഴ്ത്തപ്പെട്ടു. വിഭിന്നങ്ങളായ വേദാന്തപദ്ധതികളുടെ കടന്നാക്രമണത്തിന്‍കീഴില്‍ എല്ലാ സ്വതന്ത്ര ചിന്താപദ്ധതികളും വഴിമുട്ടി എന്നു സാരം.

രണ്ടാംഘട്ടം

സ്വഭാവവാദ(Naturalism)ത്തിന്റെ സ്വാധീനത്തോടെ കാര്യങ്ങളുടെ അവസ്ഥ മാറി. യാഥാസ്ഥിതിക സമുദായത്തിന്റെ കടുത്ത എതിര്‍പ്പ്മൂലം ലോകായതം സ്വഭാവവാദത്തോടു ചേര്‍ന്ന് പിന്‍വാങ്ങി. പ്രവൃത്തികളുടെ അനന്തരഫലമായി നന്മതിന്മകളില്‍ ഈ രണ്ടു ചിന്തകളും വിശ്വസിച്ചില്ല. ദീര്‍ഘകാലം സവിശേഷ പ്രവണതകളായി നിലനിന്ന ലോകായതം സ്വഭാവവാദത്തിന്റെ സ്വീകരണത്തോടെ സ്വതന്ത്രമായ തത്വചിന്താപദ്ധതിയായി വികസിച്ചു. അങ്ങനെ ആദ്യത്തെ ദര്‍ശനം-ലോകായത ദര്‍ശനം-ഉത്ഭവിച്ചു.

തികച്ചും പ്രത്യക്ഷ പ്രമാണത്തില്‍ ഊന്നുകയാണ് ഈ ദര്‍ശനം ചെയ്തത്. ബാര്‍ഹസ്പദ്യര്‍ പ്രത്യക്ഷപ്രമാണം ഈ സന്ദര്‍ഭത്തില്‍ ആധികാരിക പ്രമാണമായി സ്വീകരിച്ചു. അസ്തിത്വത്തിന്റെ ഒരേയൊരു മാനദണ്ഡം പ്രത്യക്ഷ പ്രമാണമായി മാറി. പ്രത്യക്ഷ പ്രമാണത്തിനു നിരക്കാത്തവയുടെ അസ്തിത്വം പൂര്‍ണമായിതന്നെ തിരസ്കരിച്ചു. ഇന്ദ്രിയപ്രമാണംകൊണ്ട് സവിശേഷ സത്യങ്ങള്‍ മാത്രമേ വിശദീകരിക്കാനാവൂ. പ്രാപഞ്ചിക സത്യങ്ങള്‍ കണ്ടെത്തി വിശദീകരിക്കാന്‍ കഴിയില്ല. അനുമാനം കൊണ്ട് തീരെ സാധ്യമല്ല. അറിവിന്റെ പറയപ്പെടുന്ന സ്രോതസ്സുകള്‍ ഒന്നുകൊണ്ടും പ്രാപഞ്ചിക ബന്ധം കണ്ടെത്തി വിശദീകരിക്കുക സാധ്യമല്ല. പ്രാപഞ്ചിക ബന്ധങ്ങളുടെ അസാധ്യത്തില്‍ അനുമാനം അസാധ്യമായതിനാലും പ്രാപഞ്ചിക ബന്ധം അപ്രാപ്യവുമായതിനാലും അറിവിന്റെ സ്രോതസ്സായി ആദ്യകാലത്ത് പരിഗണിച്ചുവന്ന അനുമാനത്തെ ലോകായതം കൈയൊഴിഞ്ഞു.

ഭൂമി, ജലം, വായു, അഗ്നി എന്നീ ചതുര്‍ഭൂതങ്ങള്‍ ചേര്‍ന്നു ലോകമുണ്ടാകുന്നുവെന്ന് ലോകായതം സമര്‍ഥിച്ചു. പ്രത്യക്ഷ പ്രമാണമല്ലാത്തതിനാല്‍ ആകാശത്തെ അവര്‍ പരിഗണിച്ചില്ല. അതുകൊണ്ട് ചതുര്‍ഭൂതങ്ങള്‍ സവിശേഷ അനുപാതത്തില്‍, സ്വാഭാവികമായ അണുഘടനയില്‍ സവിശേഷ സന്ദര്‍ഭങ്ങളില്‍ ലയിച്ച് ജീവജാലമായി പരിണമിക്കുന്നു.

ശരീരത്തിന്റെ ധര്‍മങ്ങളിലൊന്നാണ് ബോധം. ബോധം പ്രകടമാവുന്നതിന് ശരീരം കൂടിയേ കഴിയൂ. പദാര്‍ഥത്തിലെ ഘടകങ്ങളിലൊന്നല്ല ബോധം. ഈ ഘടകങ്ങള്‍ സവിശേഷരീതിയില്‍ കൂടിക്കലരുമ്പോള്‍ ജീവലക്ഷണം പ്രകടിപ്പിക്കുന്നു. ജീവനും ബോധവും സമാനങ്ങളാണ്. നമ്മുടെ ശരീരത്തെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ ശിഥിലമായി നശിക്കുന്നതോടെ ചിന്താശേഷിയും നശിക്കുന്നു. ഇന്ദ്രിയബോധമില്ലാതെ ചിന്ത സാധ്യമല്ല. ശരീരം നശിച്ചാല്‍ പിന്നെ ബോധം നിലനില്‍ക്കില്ല. അതും നശിക്കുന്നു. അതുകൊണ്ടുതന്നെ പുനര്‍ജന്മത്തിനോ ദേഹാന്തരത്തിനോ ഒന്നും അവശേഷിക്കുന്നില്ല. ശരീരം, ബോധം തുടങ്ങിയവ താല്‍ക്കാലിക (Momentary) ങ്ങളാണ്. രാസപ്രവര്‍ത്തനങ്ങള്‍ വഴിയുണ്ടാകുന്ന വീഞ്ഞ്, ലഹരിപദാര്‍ഥങ്ങള്‍ എന്നിവ പോലെ മനസ്സും സവിശേഷമൂലകങ്ങളുടെ ചേര്‍ച്ചയുടെ ഫലമാണ്. ചതുര്‍ഭൂതങ്ങള്‍ സവിശേഷ സന്ദര്‍ഭത്തില്‍ സംയോജിക്കുമ്പോള്‍ മനസ്സ് ഉണ്ടായിത്തീരുന്നു. ചതുര്‍ഭൂതങ്ങളാണ് ലോകത്തിലെ ഏക യാഥാര്‍ഥ്യം.

താമരയും മറ്റു പൂക്കളും സവിശേഷ സന്ദര്‍ഭങ്ങളില്‍ വിടരുകയും കൂമ്പുകയും ചെയ്യുന്നതുപോലെതന്നെ നവജാതശിശുക്കളുടെ സഹജ ചലനങ്ങള്‍ ബാഹ്യപ്രേരണകളുടെ സ്വാധീന ഫലമാണ്. ഇതേപോലെതന്നെ ചില സവിശേഷ ജീവജാതികളുടെ ഉത്ഭവം കാണപ്പെടുന്നു. അന്തരീക്ഷത്തിലും തൈര് തുടങ്ങിയ പദാര്‍ഥങ്ങളിലും കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ കാര്യം ഉദാഹരിക്കാം. ഇവ മഴ ഈര്‍പ്പം തുടങ്ങി അനുകൂല സന്ദര്‍ഭങ്ങളില്‍ വംശവര്‍ധനയുണ്ടായി വളരുന്നു. ശാരീരിക പ്രവര്‍ത്തനഫലമായി രൂപപ്പെടുന്നതാണ് ഇന്ദ്രിയങ്ങളും കാഴ്ചകളും. അതുകൊണ്ടുതന്നെ അവയ്ക്ക് ഏറ്റിറക്കങ്ങളും ഉണ്ടാവുക സ്വാഭാവികം. മേല്‍പ്പറഞ്ഞ സൂക്ഷ്മ പ്രാണികളുടെ സാന്നിധ്യം തിരിച്ചറിയാനാവാത്തത് അതുകൊണ്ടാണ്. ബോധത്തിന്റെ അധിഷ്ഠാനം ശരീരമല്ലെങ്കില്‍ മേല്‍സൂചിപ്പിച്ച ഏറ്റിറക്കം സംഭവിക്കില്ല. സവിശേഷമായി തയ്യാര്‍ ചെയ്യപ്പെട്ട ഭക്ഷണപാനീയങ്ങള്‍ ബൌദ്ധിക ശക്തി വര്‍ധിപ്പിക്കുന്നുവെന്നതും ബോധം ശാരീരിക പ്രവര്‍ത്തനഫലമാണെന്നതിനു തെളിവായി പറയാം.

മനസ്സും ശരീരവും തമ്മിലും ഭൌതികവും സിരകളും തമ്മിലും മനസ്സും ബുദ്ധിയും തമ്മിലും സന്ധിക്കുന്ന ബിന്ദുക്കളും അതിന്റെ പ്രമാണങ്ങളും മനസ്സിന്റെ ഇരിപ്പിടവും വ്യത്യസ്തങ്ങളല്ല. ഗുണം, പരിണതി, വളര്‍ച്ച, വികാസം, പാരമ്പര്യം, അളവ് എന്നിവയാണ് ഈ സന്ധിയുടെ പ്രധാന തലങ്ങള്‍.

ശരീരത്തിലെ ഏതെങ്കിലും ഭാഗത്തെ സിരകള്‍ തകര്‍ന്നാല്‍ ശരീരത്തിന്റെ ആ ഭാഗവും തലച്ചോറും തമ്മിലുള്ള സംവേദനബന്ധം ശിഥിലമാവുന്നു. ആ ഭാഗവുമായി ബന്ധമുള്ള എല്ലാ വികാരാനുഭവങ്ങളും അതോടെ നിലയ്ക്കുന്നു. ഉത്തേജനത്തിനും വികാരാനുഭവത്തിനുമിടയിലുള്ള സമയദൂരം മനഃശാസ്ത്ര പഠനത്തിലൂടെ തെളിയിക്കാനാവും. ദീര്‍ഘമായ ചിന്തയും തീവ്രമായ വികാരപ്രകടനവും തലച്ചോറില്‍ വൈകാരികമായ തളര്‍ച്ചയ്ക്കും നാശത്തിനും കാരണമായിത്തീരുന്നു. ഇതു തുടര്‍ന്നാല്‍ വേദനയും വിഭ്രാന്തിയും ഉണ്ടാകാം. മാനസികപ്രവര്‍ത്തനം വര്‍ധിക്കുമ്പോള്‍ തലച്ചോറിന്റെ പ്രവൃത്തിയും വര്‍ധിക്കും. വിഭിന്ന ജീവികളുടെയും ഭിന്ന വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരുടെയും ഭിന്ന വ്യക്തികളുടെയും ബുദ്ധി താരതമ്യം ചെയ്താല്‍ ബുദ്ധിയും തലച്ചോറിന്റെ വലിപ്പം, ഭാരം, സങ്കീര്‍ണത എന്നിവയുമായി സവിശേഷബന്ധം കാണാം. ശരീരത്തിന്റെ ബാക്കി ഭാഗത്തെ അപേക്ഷിച്ച് തലച്ചോറ് വലുതാണെങ്കില്‍ ബുദ്ധി ഏറിയിരിക്കും. അതുകൊണ്ടാണ് മനസ്സ് ശരീരത്തിന്റെ ഒരു ഉല്‍പ്പന്നം അഥവാ രൂപമാണെന്നു ലോകായതര്‍ പറയുന്നത്. പദാര്‍ഥം മാത്രമാണ് ആത്യന്തികയാഥാര്‍ഥ്യം. ബോധം അഥവാ ചിന്ത ശരീരത്തിന്റെ ഒരു പ്രവര്‍ത്തനമാണ്. സങ്കോച വികാസങ്ങള്‍ മസിലുകളുടെയും മൂത്ര രക്ത ശുദ്ധീകരണങ്ങള്‍ വൃക്കകളുടെയും ധര്‍മമാണ്. അതുപോലെ വികാരങ്ങള്‍, വിചാരങ്ങള്‍, ചലനങ്ങള്‍ എന്നിവ ഉണ്ടാക്കുകയാണ് മസ്തിഷ്കത്തിന്റെ ധര്‍മം. അതുകൊണ്ടുതന്നെ മനസ്സിന് അതിന്റേതുമാത്രമായ സത്താപരമായ യാഥാര്‍ഥ്യമില്ല. മസ്തിഷ്കത്തില്‍നിന്നുള്ള തന്മാത്രകളുടെ ത്രാസങ്ങളില്‍ നിന്നാണ് മനസ്സ് വിടര്‍ന്നുവരിക.

മസ്തിഷ്കത്തിന്റെ ഈ തന്മാത്രാ പ്രവൃത്തി നിശ്ചലതയോടടുക്കുമ്പോള്‍, ബോധം അപ്രത്യക്ഷമാവുകയും ഉറക്കത്തിലെന്നപോലെ മനസ്സ് ചലനരഹിതമാവുകയും ചെയ്യുന്നു. ഉണരുമ്പോള്‍ ഈ ബോധം വീണ്ടും ചലനാത്മകമായിമാറുന്നു. അതായത് ബോധം അല്ലെങ്കില്‍ മനസ്സ് അനുസ്യൂതമായ പ്രവാഹമല്ല. മനസ്സ് ഒരു ഉപോല്‍പ്പന്നമാണ്. ചുരുക്കത്തില്‍ മനസ്സ് തികച്ചും ഭൌതികമാണെന്നര്‍ഥം.

സ്വഭാവവാദമനുസരിച്ച് ബോധം ശരീരത്തിന്റെ ധര്‍മമാണ്. ഈ ശരീരം തന്നെയാണ് ആത്മാവും. പുനര്‍ജന്മം, പൂര്‍വജന്മം എന്നീ സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരലോക സിദ്ധാന്തം ലോകായതര്‍ നിഷേധിച്ചു. ജീവിതത്തിനുമുമ്പോ പിമ്പോ യാഥാര്‍ഥ്യം നിലനില്‍ക്കുന്നില്ലെന്ന് അവര്‍ വാദിച്ചു. ചതുര്‍ഭൂതങ്ങളാണ് മൌലിക യാഥാര്‍ഥ്യം. ഈ ഭൂതങ്ങളുടെ ഉല്‍പ്പന്നമാണ് മനസ്സ്. അതുകൊണ്ടുതന്നെ മരണശേഷം മനസ്സ് അഥവാ ആത്മാവ് മറ്റൊരു ശരീരത്തിലേക്ക് കൂടുമാറുക സാധ്യമല്ല. ഒരിക്കല്‍ നശിച്ച ശരീരം പിന്നീട് അതേ പടിയാകുകയില്ല. സര്‍വനാശത്തിനുശേഷം ഒരു മനസ്സിന് മറ്റൊരു മനസ്സിനെ നിര്‍മിക്കാനാവില്ല.

കര്‍മഫല നിരാസത്തോടെ വിധി, ദൈവം, അദൃഷ്ടം (A-dr-sta) തുടങ്ങിയ നിഗൂഢ പ്രപഞ്ചഘടകങ്ങള്‍ സംബന്ധിച്ച സിദ്ധാന്തങ്ങളും തകര്‍ന്നടിയുന്നു. പൂര്‍വജന്മത്തിന്റെ സദ്, ദുര്‍ ഫലങ്ങള്‍ അവിടെ ഉണ്ടാവില്ല. പ്രാതിഭാസിക ലോകത്തിലെ അന്തരങ്ങള്‍ക്കും നിര്‍ണയനങ്ങള്‍ക്കും വിധിവാദംകൊണ്ട് വിശദീകരണം നല്‍കുന്ന ആശയവാദ ചിന്തയെ ബ്രാഹസ്പദ്യര്‍ സ്വഭാവവാദംകൊണ്ട് ഖണ്ഡിക്കുന്നു. ഈ വാദമനുസരിക്കുമ്പോള്‍ പാപപുണ്യാസ്പദ ജീവിതചര്യകള്‍ നിരര്‍ഥകങ്ങളായിത്തീരുന്നു. മതം മയക്കുമരുന്നുപോലെ വ്യാജ സംതൃപ്തിയും ഉത്തേജനവും നല്‍കുന്ന ലഹരിയാണവിടെ. ഇച്ഛാശക്തിയില്ലാത്ത, ദുര്‍ബലരും മഠയരുമായ മനുഷ്യരുടെ മാര്‍ഗമാണ് പ്രാര്‍ഥന. നരകത്തിന്റെ പീഡകളില്‍നിന്ന് സ്വയം രക്ഷനേടാനുള്ള കപടമായ അഹന്തയാണ് ആരാധന. അര്‍ഥമില്ലാത്ത മന്ത്രങ്ങളുടെ സമാഹാരമാണ് വേദങ്ങള്‍. ഈ മന്ത്രങ്ങള്‍ അധികവും അസംബന്ധങ്ങളും പരസ്പര വിരുദ്ധങ്ങളും സന്ദിഗ്ധങ്ങളുമാണ്.

ജീവനാശത്തിനുശേഷവും ഒരാളെ സ്വര്‍ഗലോകത്തെത്തിക്കുവാന്‍ യജ്ഞത്തിന് കഴിയുമെങ്കില്‍ കാട്ടുതീയില്‍ വെന്തുകഴിഞ്ഞ വൃക്ഷത്തില്‍നിന്ന് ഫലസമൃദ്ധിയുണ്ടാകണം. അങ്ങനെ പക്ഷെ ഉണ്ടാകുന്നില്ല. ബുദ്ധിയും പൌരുഷവും കെട്ട മനുഷ്യരുടെ ഉപജീവന മാര്‍ഗങ്ങളാണ് മതവും സന്യാസവും. അതുകൊണ്ട് വിശുദ്ധ പുസ്തകങ്ങളെന്നറിയപ്പെടുന്ന മൂന്നുവേദങ്ങളും തെമ്മാടികളുടെ രചനകളാണ്. അവ ആധികാരികമേ അല്ല. പുത്രാര്‍ഥം നടത്തുന്ന പുത്രകാമേഷ്ടി സംശയാസ്പദമായ-അനുകൂലവും പ്രതികൂലവുമായ-രണ്ടുതരം ഫലമുണ്ടാക്കാം. പുത്രന്‍ ജനിച്ചാല്‍ തങ്ങളുടെ മന്ത്രോഛാരണത്തിന്റെ ഫലമാണെന്നു പറയും. കുട്ടി ജനിക്കാതെ വന്നാലോ, യാഗത്തില്‍ പിഴവോ അപൂര്‍ണതയോ സംഭവിച്ചതുമൂലമാണെന്നായിരിക്കും വിശദീകരണം. യജ്ഞത്തില്‍ കൊല്ലപ്പെടുന്ന മൃഗം സ്വര്‍ഗം പ്രാപിക്കുമെന്ന് പുരോഹിതര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ട് അവര്‍ അവരുടെ വൃദ്ധരായ പിതാക്കളെ യാഗത്തില്‍ കൊന്ന് നേരെ സ്വര്‍ഗത്തേക്കയക്കുന്നില്ല? ശ്രാദ്ധം കഴിച്ചാല്‍ മരിച്ചവരുടെ വിശപ്പ് മാറുമെങ്കില്‍ യാത്ര പോകുന്നവര്‍ക്കു വിശപ്പുമാറാന്‍ ബന്ധുക്കള്‍ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ മതിയല്ലോ. അതുകൊണ്ട് ഈ ചടങ്ങുകളെല്ലാം ബ്രാഹ്മണര്‍ ഉപജീവനാര്‍ഥം നടത്തുന്നതാണ്. അതിനപ്പുറം ഇവയ്ക്ക് അര്‍ഥമില്ല. അതുകൊണ്ട്, ദൈവങ്ങളെ പ്രാര്‍ഥനയും വാഗ്വാദങ്ങളുംകൊണ്ട് പ്രീതിപ്പെടുത്താനുള്ള മതപരമായ ചടങ്ങുകളെല്ലാം നിഷ്ഫലവും ആഭാസകരവുമാണ്. മതങ്ങളെല്ലാം സ്വാര്‍ഥപൂരണാര്‍ഥം സഹജീവികളായ മനുഷ്യര്‍ ഉണ്ടാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഇത്തരം അന്ധവിശ്വാസങ്ങള്‍ ഉപേക്ഷിക്കുക. തിന്നുക, കുടിക്കുക, ആഹ്ളാദിക്കുക. കാരണം നാളെ എല്ലാവരും മരിക്കും.’

ഈ മട്ടിലുള്ള ചിന്താക്രമം, കാമതൃഷ്ണകളുടെ പൂരണമാണ് ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് കരുതുന്നു. സ്വാതന്ത്ര്യത്തില്‍ മാത്രം ലഭ്യമാകുന്ന ധ്യാനാത്മകമായ ആനന്ദത്തില്‍ മാത്രമായിരുന്നു അവരുടെ അന്വേഷണം.

അങ്ങനെ ലോകായതര്‍ പരമ്പരാഗത മതചിന്തയെ തള്ളിനീക്കി മനുഷ്യനെ ഭൌതികമായ ഊര്‍ജത്തിലേക്കും ഇച്ഛാശക്തിയിലേക്കും ഉണര്‍ത്തി. സ്വര്‍ഗത്തിനുവേണ്ടി ഐഹിക ജീവിതത്തെ തള്ളിക്കളയുന്ന സമീപനം തിരസ്കരിച്ച് ഭൌമജീവിതത്തിന്റെ സൌഭാഗ്യങ്ങളിലേക്ക് തിരിച്ചു ചിന്തിക്കാന്‍ മനുഷ്യനെ പ്രചോദിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ഉണര്‍വാണ് ഈ പ്രസ്ഥാനത്തിന്റെ സ്വാഭാവികഫലം. ബൌദ്ധസംസ്കാരത്തിന്റെ ഉദയം ഈ സ്വാതന്ത്ര്യ പഥങ്ങളിലൂടെയാണ്. ലോകായതത്തിന്റെ സ്വാധീനം ബുദ്ധചിന്തയില്‍ പ്രകടമാണ്. ചര്‍വാകം എന്ന പേര് പലപ്പോഴും ബുദ്ധചിന്തയ്ക്കു വിശേഷണമായി പ്രയോഗിച്ചു കാണാം. കലകളുടെയും ശാസ്ത്രത്തിന്റെയും വികാസവും പ്രചാരവുമായിരുന്നു ഈ ചിന്താ പദ്ധതികളുടെ ഫലം. ഇന്ത്യന്‍ ഭൌതികവാദചിന്തയുടെ കാലത്ത് വികസിച്ചുവന്ന 64 കലകളെക്കുറിച്ച് വാത്സ്യായനന്‍ രേഖപ്പെടുത്തുന്നുണ്ട്. അജിതകേശകംബലിന്‍ തുടങ്ങിയവര്‍ ഭൌതികവാദചിന്തയെക്കുറിച്ച് ധാരാളം എഴുതി പ്രചരിപ്പിച്ചു. സാമന്തഫലസത്ത അജിതന്റെ കാഴ്ചകളെ ഇങ്ങനെ വിശദീകരിക്കുന്നു: യജ്ഞങ്ങള്‍, പ്രാര്‍ഥനകള്‍, നേര്‍ച്ചകള്‍ എന്നിവകൊണ്ട് ഫലമില്ല. നന്മതിന്മകളോ പാപപുണ്യങ്ങളോ ഈ ലോകത്തും പരലോകത്തും ഇല്ല. പരലോകങ്ങളെക്കുറിച്ച് ആധികാരികമായ അറിവുള്ള ബ്രാഹ്മണരോ പുരോഹിതരോ ഇല്ല. ചതുര്‍ഭൂതങ്ങളാലുണ്ടാക്കപ്പെട്ടതാണ് ഓരോ മനുഷ്യനും. മനുഷ്യന്‍ മരിക്കുമ്പോള്‍ അവ മണ്ണോടു ചേരുന്നു. ദ്രാവകം ജലത്തിലേക്കും ചൂട് അഗ്നിയിലേക്കും കാറ്റ് വായുവിലേക്കും ലയിച്ചുചേരുന്നു. മരണാനന്തര കര്‍മങ്ങള്‍ അര്‍ഥശൂന്യവും വിഡ്ഢിത്തവുമാണ്. അജിതകേശകംബലിന്‍ ഭൌതികവാദം പ്രചരിപ്പിച്ചത് ബുദ്ധന്റെ കാലത്താണ്. രാഷ്ട്രീയം തത്വചിന്തയില്‍ കാണപ്പെടാതിരുന്ന കാലമായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിചാരങ്ങളില്‍ രാഷ്ട്രീയ സൂചനകള്‍ കാണുന്നില്ല. അക്കാലത്തെ ലോകായതചിന്തയുടെ വിശദരൂപം കൃഷ്ണമിശ്രന്റെ ഗ്രന്ഥത്തില്‍ കാണാം. ലോകായതം മാത്രമാണ് ഒരേയൊരു ശാസ്ത്രം അഥവാ ദര്‍ശനം. പ്രത്യക്ഷപ്രമാണം മാത്രമാണ് അവിടെ ആധികാരികമാനദണ്ഡം. പ്രഥ്യപ്തേജോവായുക്കളാണ് ചതുര്‍ഭൂതങ്ങള്‍. സമ്പത്തും ആനന്ദവുമാണ് മനുഷ്യാസ്തിത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ദ്രവ്യമാണ് ചിന്തിക്കുന്നത്. പരലോകമില്ല. മരണം എല്ലാറ്റിന്റെയും അവസാനമാണ്.

മൂന്നാംഘട്ടം

ലോകായതചിന്ത പില്‍ക്കാലത്ത് വലുതായ വശീകരണങ്ങള്‍ക്കും തെറ്റായ ബോധനത്തിനും പ്രയോഗത്തിനും വിധേയമായി. അതോടെ ലോകായതപദ്ധതിയുടെ സമ്പന്നതയും ഔന്നത്യവും അവസാനിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ അതിരുവിട്ട ഉപയോഗം അനിയന്ത്രിതത്വത്തിനു വഴിവച്ചു. ആത്യന്തികാനന്ദം ഇന്ദ്രിയസുഖമായി തെറ്റി വ്യാഖ്യാനിക്കപ്പെട്ടു. മനുഷ്യന്റെ ഒരേയൊരു ലക്ഷ്യം ഇന്ദ്രിയസുഖമായി തെറ്റി വായിക്കപ്പെട്ടു. മനുഷ്യന്‍ ഇന്ദ്രിയങ്ങളുടെ അടിമയായി. ബൃഹസ്പദിയുടെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ വികൃതികളായ അനുയാത്രികരാല്‍ വഷളാക്കപ്പെട്ടു. ജീവിതത്തിലെ ഒരേയൊരാനന്ദം ഇന്ദ്രിയസുഖം മാത്രമായിതീര്‍ന്നു. ഈ ആനന്ദം പക്ഷെ വേദനയില്‍നിന്നു സ്വതന്ത്രമായി നില്‍ക്കുന്ന ഒന്നല്ല. ആപേക്ഷികതയിലാണ് അതിന്റെ അസ്തിത്വം. അമിശ്രിതമായ ആനന്ദം ലോകത്ത് ഒരിടത്തും കണ്ടെത്താനാവില്ല. ആനന്ദത്തെ അതാക്കിതീര്‍ക്കുന്നത് ശാരീരികവും മാനസികവും സാന്ദര്‍ഭികവുമായ കാരണങ്ങളാണ് ഭൂമിശാസ്ത്ര സന്ദര്‍ഭങ്ങള്‍ ആനന്ദത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്.

ലോകത്ത് ദുഃഖത്തേക്കാള്‍ ആഹ്ളാദമാണ് ഏറിനില്‍ക്കുന്നത്. അല്ലെങ്കില്‍ മനുഷ്യര്‍ ജീവിതത്തോട് ഇത്രയധികം തൃഷ്ണ പ്രകടിപ്പിക്കുകയില്ല. ദുരിതവുമായി ചേര്‍ന്നുനില്‍ക്കുമ്പോള്‍ ആഹ്ളാദത്തിന് മാറ്റേറുന്നു. അതുകൊണ്ട് ദുരിതങ്ങള്‍ക്ക് ലോകത്തില്‍ തനത് ധര്‍മങ്ങള്‍ ഉണ്ട്. നിത്യമായ ആഹ്ളാദം ആഗ്രഹചിന്ത അഥവാ ആശയം മാത്രമാണ്. പ്രയോഗത്തില്‍ അസാധ്യവും. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നന്മയാണ് ആഹ്ളാദം. വര്‍ത്തമാനകാലത്തെ അതുകൊണ്ട് നാം പൂര്‍ണമായി അനുഭവിക്കണം. നാളെയ്ക്കുവേണ്ടി ഇതിനെ ത്യജിക്കുന്നത് ബുദ്ധിശൂന്യതയാണ്. ഭൂതകാലം മൃതവും നശിച്ചതുമാണ്. വര്‍ത്തമാനമാണ് യാഥാര്‍ഥ്യം. അതുകൊണ്ട് നാമതുപയോഗിക്കണം. മനുഷ്യ ജീവിതത്തിന്റെ പാര്യന്തികവും ഏകവുമായ ലക്ഷ്യമായി ഇപ്രകാരം ആഹ്ളാദത്തെ വാഴ്ത്തുന്ന ആനന്ദവാദം (Hedonism) ലോകായതത്തിന്റെ കേന്ദ്രാശയമായിത്തീര്‍ന്നു. ഈ കാലത്താണ് ലോകായതത്തിന് ബാര്‍ഹസ്പദ്യം, ലോകായതം എന്നീ പേരുകള്‍ക്കുപുറമേ ചാര്‍വാകം എന്നു പേരുകൂടി ലഭിച്ചത്. ചവയ്ക്കുക, തിന്നുക എന്നൊക്കെയാണ് വാക്കിനര്‍ഥം. ജീവിച്ചിരിക്കുമ്പോള്‍ തിന്നുക, കുടിക്കുക, ആനന്ദിക്കുക. കാരണം ഒരുനാള്‍ എല്ലാവരും മരിക്കും. മരണശേഷം ആരും തിരികെ വരില്ല. തീവ്രമായ ഇന്ദ്രിയാനന്ദ വാദമാണ് ലോകത്തിലെ ഉന്നതമായ ഒരേയൊരു ദര്‍ശനമായിരുന്ന ലോകായതത്തിന്റെ പതനത്തിന് വഴിവച്ച കാരണങ്ങളില്‍ പ്രധാനം. ഈ സന്ദര്‍ഭത്തിലാണ്, ബൌദ്ധജൈനര്‍ ആദ്ധ്യാത്മികവാദവുമായി കടന്നുവന്നത്. ബൃഹസ്പദിയുടെ അനുയാത്രികരെന്ന നാട്യത്തിലാണിവര്‍ തുടങ്ങിയത്. വേദചിന്തയിലെ യജ്ഞം, ബലി തുടങ്ങിയവയ്ക്കെതിരെ ശബ്ദിക്കുകയായിരുന്നു അവരുടെ രീതി. ഭൌതികമായ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടരായിരുന്ന ജനങ്ങളുടെയിടയില്‍ ബൌദ്ധജൈന ചിന്തകര്‍ അങ്ങനെ പ്രസിദ്ധരായിത്തീര്‍ന്നു.

കാര്യങ്ങളുടെ അവസ്ഥ ക്രമേണ മാറി. ചാര്‍വാകര്‍ ബൌദ്ധജൈനരെ തിരിച്ചറിഞ്ഞ് എതിര്‍ക്കാന്‍ തുടങ്ങി. വേദാന്തത്തെയെന്നപോലെ ബൌദ്ധജൈനചിന്തയെയും അവര്‍ എതിര്‍ത്തു. ഫലമോ? ഒരു വശത്തുനിന്ന് ബൌദ്ധജൈനരും മറുവശത്ത് നിന്നും വേദാന്തികളും ചാര്‍വാകരെ എതിര്‍ത്തു. ചാര്‍വാകന്‍ ആദ്യമായി ഓരത്തേക്ക് ചവിട്ടിമാറ്റപ്പെട്ടു. വേദചിന്ത ഇതോടെ ബലിഷ്ഠമായി. ചാര്‍വാകരെ കഠിനമായി എതിര്‍ക്കാന്‍ അവര്‍ക്ക് ഈ അന്തരീക്ഷം കൂടുതല്‍ ഉചിതമായിത്തീര്‍ന്നു. ആധ്യാത്മവാദത്തെ പിന്തുണയ്ക്കുന്ന പൊതുപക്ഷം രൂപപ്പെടുകയായിരുന്നുവെന്നര്‍ഥം. ചാര്‍വാകത്തോടൊപ്പം ബൌദ്ധജൈനചിന്തകളെയും വേദാന്തികള്‍ ഒന്നൊന്നായി എതിര്‍ത്തു. ആത്മാവും ശരീരവും വിഭിന്നങ്ങളാണെന്ന ആശയം അവര്‍ വാദിച്ചുറപ്പിക്കുവാന്‍ തുടങ്ങി. അവിടെ അണുവാദിയായ കണാദന്‍ കടന്നുവന്നു. തുടര്‍ന്ന് കപിലനും. ഇവരെല്ലാം ചേര്‍ന്നതോടെ ജനമനസ്സ് മിക്കവാറും ആത്മവാദത്തിലേക്ക് തിരിഞ്ഞു പരകായബോധത്തെയും ആധ്യാത്മ ഗ്രന്ഥകൃതിയെയും കുറിച്ചുള്ള വിശ്വാസങ്ങള്‍ പൊതുബോധമെന്ന നിലയിലേക്ക് വ്യാപിച്ചുയര്‍ന്നു. വേദത്തിന്റെ ആധികാരികത ജൈമിനി വാദിച്ചുറപ്പിച്ചു. ദൈവികവിരുദ്ധചിന്ത ജനമനസ്സില്‍നിന്ന് മിക്കവാറും തുടച്ചുമാറ്റാനും ജൈമിനിക്കു കഴിഞ്ഞു. ഭൌതികവാദത്തിന്റെ പ്രബല ശത്രുക്കള്‍ ഒരുമിച്ചെതിര്‍ത്ത ചിന്താചരിത്രത്തില്‍ അതിരുകളിലേക്ക് ഇങ്ങനെ ചവിട്ടിയൊതുക്കപ്പെട്ടു. ഈ ഘട്ടത്തില്‍ ചാര്‍വാകം ആകാശത്തെ അടിസ്ഥാനഭൂതങ്ങളില്‍ അഞ്ചാമത്തേതായി അംഗീകരിച്ചു.

നാലാംഘട്ടം

ഓരോ പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ട്. വേദാന്തികളുടെ ഭൌതികവാദവിരുദ്ധതയ്ക്കും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. വേദത്തിലെ യജ്ഞാദികള്‍ക്കെതിരായ ആക്രമണത്തില്‍ ബുദ്ധജൈനചിന്തയുടെ സഹവര്‍ത്തിത്വം ചാര്‍വാകചിന്തയെ ബലപ്പെടുത്തി. നാസ്തികര്‍ എന്ന പൊതുനാമം അങ്ങനെ വന്നുറച്ചുവെങ്കിലും വൈദികചിന്തയുടെ സംസ്കാരം പിന്മാറിയിരുന്നില്ല. താന്ത്രികവും പൌരാണികവുമായ കൃതികള്‍ ഇക്കാലത്തിന്റെ അഭിരുചിയ്ക്കനുസരിച്ച് രൂപപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്ത് നിലനിന്നിരുന്ന ഭൌതികവാദ സിദ്ധാന്തങ്ങളെ പൊതുവെ സ്വാംശീകരിച്ച് ആശയവാദപരമായി പുനരാഖ്യാനം ചെയ്യുകയെന്ന തന്ത്രം ആധ്യാത്മവാദികള്‍ സ്വീകരിച്ചു. ബുദ്ധിസത്തിന്റെ പതനശേഷം രൂപപ്പെട്ട ഹൈന്ദവ പിന്മടക്കത്തെ തുടര്‍ന്നുള്ള കാലം ഇന്ത്യ വൈദികചിന്തയുടെ ദേശമെന്ന നിലയിലാണ് പ്രചരിപ്പിക്കപ്പെട്ടത്; വിശാലമായ കാഴ്ചപ്പാടില്‍ പൌരാണികവും താന്ത്രികവുമായ സംസ്കാരത്തിന്റെ ഇടം. ഇക്കാരണംകൊണ്ടാവാം സ്വന്തം രചനകളില്‍ സിദ്ധാന്തങ്ങളെന്ന നിലയില്‍ രേഖപ്പെടുത്തി വിമര്‍ശിച്ച ഹരീന്ദ്രന്‍ തുടങ്ങിയവരുടെ കാലത്തുതന്നെ ചാര്‍വാകചിന്ത നിലനിന്നിരുന്നുവെങ്കിലും ചാര്‍വാകരില്‍ പലരുടെയും പേരുകള്‍ ക്രിസ്തുവിനുശേഷമുള്ള നൂറ്റാണ്ടുകളില്‍ കേള്‍ക്കുന്നില്ല. ശങ്കരനും അനുയായികളുമാണ് ചാര്‍വാകത്തെ തത്വചിന്തയായി പരിഗണിക്കാത്ത വിഭാഗം. എങ്കിലും സര്‍വസിദ്ധാന്തസംഗ്രഹത്തില്‍ ചെറിയ ഭാഗം ഉദ്ധരിച്ചുചേര്‍ത്തു കാണാം. കൃഷി, കാലിവളര്‍ത്തല്‍, ഭരണം, രാഷ്ട്രീയം എന്നിങ്ങനെ. ബുദ്ധിമാനായ മനുഷ്യന്‍ ജീവിതാനന്ദത്തിനായി ഈ ലോകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന ഭാഗമാണ് ഉദ്ധരിച്ചുകാണുന്നത്. ഇന്ത്യന്‍ ഭൌതികവാദത്തിനെതിരെ ഏറ്റവും കടുത്ത പ്രതിരോധം പടുത്തുയര്‍ത്തിയത് ശങ്കരനും അനുയായികളുമാണ്. തത്വചിന്താപദ്ധതികളില്‍ ഏറ്റവും നീചചിന്തയായി ലോകായതത്തെ പരിഗണിച്ച മധ്വാനിലെത്തുമ്പോള്‍ ആശയവാദികള്‍ ആഗ്രഹിച്ച വിജയം നേടുന്നു.

ഉപസംഹാരം

പാശ്ചാത്യ ഭൌതികവാദചിന്തയുടെ പിതാവായ ഡെമോക്രാറ്റിസിന്റെ കൃതികള്‍ തേടിപ്പിടിച്ച് തീയിലിടാനാഗ്രഹിച്ച ഭ്രാന്തന്‍ ആശയവാദികളിലൊരാളായ പ്ളേറ്റോയെപ്പോലെ, വൈദികചിന്തകരും ഇന്ത്യയില്‍ ഭൌതികവാദത്തിന്റെ തീവ്രരൂപമായ ബൃഹസ്പദിശാഖയിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍ തീയിട്ടു നശിപ്പിച്ചു. ബുദ്ധജൈനശാഖകള്‍ ആധ്യാത്മിക സ്വഭാവം പുലര്‍ത്തുകയാല്‍ നാശത്തിനു വിധേയമായില്ല. അതായത് ചുരുങ്ങിയ കാലത്ത് ഈ ശാഖകള്‍ താരതമ്യേന ദുര്‍ബലവും അപ്രസിദ്ധവുമായിരുന്നു. പിന്നീട് സ്വതന്ത്രമായ അസ്തിത്വം നഷ്ടപ്പെടുകയും മറ്റ് ആധ്യാത്മിക പദ്ധതികളാല്‍ സ്വാംശീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ബൃഹസ്പദീശാഖയിലെ പ്രമാണകൃതികള്‍ നശിപ്പിക്കപ്പെട്ടുവെങ്കിലും ഇതിന്റെ സ്വാധീനവും തുടര്‍ച്ചയും ഒരു കാലത്തും പൂര്‍ണമായി തകര്‍ക്കപ്പെട്ടില്ല.

ബുദ്ധിസത്തോട് ചേര്‍ന്നു നിലനില്‍ക്കാന്‍ തുടങ്ങിയതോടെ നാസ്തികമെന്ന പേര് ലോകായതത്തിന് വന്നുചേര്‍ന്നുവല്ലോ. കുത്തഴിഞ്ഞ ലൈംഗിക സദാചാരം മുഖ്യസവിശേഷതയായിത്തീര്‍ന്ന ബൌദ്ധശാഖകളിലൊന്നിന്റെ പതിതരൂപം ചാര്‍വാകത്തെ ആഴത്തില്‍ സ്വാധീനിച്ചു. കാപാലികശാഖയാണിവയിലൊന്ന്. വളരെ പ്രാചീനമായ ശാഖയാണിത്. അവര്‍ മദ്യം കഴിച്ചു. മനുഷ്യബലി നടത്തി, സ്ത്രീസുഖം ആസ്വദിച്ചു. മനുഷ്യജന്മം, മദ്യം, സ്ത്രീ എന്നീ മാര്‍ഗങ്ങളിലൂടെയുള്ള ലക്ഷ്യസാക്ഷാത്ക്കാരമാണ് അവര്‍ സ്വീകരിച്ചത്. അമാനുഷമായ ക്രൂരതകള്‍കൊണ്ട് അവര്‍ ഭയം വിതച്ചു. മാലതീമാധവം, പ്രബോധചന്ദ്രോദയം, ചൈതന്യചന്ദ്രോദയം തുടങ്ങിയ കൃതികളില്‍ യഥാക്രമം ഭവഭൂതി, കൃഷ്ണമിശ്രന്‍, കവികര്‍ണപുരന്‍ എന്നിവര്‍ കാപാലികരെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കാപാലികരുടേതു മാത്രമാണ് ആഹ്ളാദം ലക്ഷ്യമിട്ട ശാഖയെന്ന് അര്‍ഥശാസ്ത്ര പ്രസിദ്ധനായ ബൃഹസ്പദി പറയുന്നു.

തുടക്കത്തില്‍ ഈ കാപാലികശാഖ സ്വതന്ത്രചിന്താപദ്ധതിയായി വികസിച്ചു. ക്രമേണ അത് തകര്‍ന്നു. ഒരുപക്ഷെ, അമാനുഷമായ ക്രൂരതയും ഭയജനകത്വവുമായിരിക്കാം നാശത്തിനു വഴിവച്ചത്. കാമം അഥവാ ഇന്ദ്രിയാനന്ദം ലക്ഷ്യമായി സ്വീകരിച്ചതോടെ ഇത് നാസ്തിക ശാഖയിലേക്കു ചരിഞ്ഞു. അങ്ങനെ കൊലയാളികളെപ്പോലെ, കാപാലികര്‍, ഭൌതികവാദചിന്തയ്ക്ക്, ക്രൌര്യം, ആസക്തി, അലൌകികശക്തി, ചിട്ടപ്പെടുത്തിയ കുറ്റകൃത്യം തുടങ്ങിയവയുമായുള്ള കലര്‍പ്പിന്റെ ചരിത്രത്തിലെ ഏകാന്തമായ ഉദാഹരണമായിത്തീര്‍ന്നു. യാഥാസ്ഥിതിക ചിന്തകര്‍ കടുത്ത പുച്ഛം നിമിത്തം ലോകായതരെ കാപാലികരായവതരിപ്പിച്ചു. ലോകായതികരെ തെമ്മാടികള്‍, മൃഗം, വ്യഭിചാരികള്‍ എന്നെല്ലാം പരിഹസിക്കുന്നത് അതുകൊണ്ടാണ്. അര്‍ഥശാസ്ത്രത്തിന്റെ കാലമായപ്പോള്‍ കാപാലികര്‍ സവിശേഷശാഖ തന്നെയായിത്തീര്‍ന്നിരുന്നു. ഗുണരത്നന്റെ കാലത്ത് ഇവരെ ലോകായതികരോടു ചേര്‍ത്തുവിളിക്കാന്‍ തുടങ്ങി. ലോകായതം പില്‍ക്കാലത്ത് വെറുക്കപ്പെട്ട തത്വചിന്തയുടെ പേരായി നിലനില്‍ക്കാന്‍ ഇതാവാം ഒരു കാരണം.

ആനന്ദത്തിന്റെ പ്രമാണസംഹിതയാണ് ലോകായതികം. ഇവരുടെ സ്വാധീനം, അക്കാലത്തെ ദേവാലയം, കൊട്ടാരം, കവിത, കല എന്നിവയെയെല്ലാം ഇന്ദ്രിയാനന്ദപരതകൊണ്ട് തിളക്കി. ഇന്ദ്രിയപരത രാജ്യത്തെ മൂടി. ബ്രാഹ്മണന്‍ ചണ്ഡാലന്‍, രാജാവ്, യാചകന്‍ എന്നിങ്ങനെ സകലരും മദനോത്സവത്തിന്റെ ആവേശത്തില്‍ പങ്കാളികളായി. കാളിദാസന്‍, വിശാഖദത്തന്‍, ശ്രീഹര്‍ഷന്‍ എന്നിവരുടെ കൃതികളില്‍ ഈ ഉത്സവത്തിന്റെ സൂചനകള്‍ ധാരാളം കാണാം. ലൈംഗിക പ്രണയത്തിന്റെ ഘടകങ്ങള്‍ കാപാലികശാഖയുടെ സ്വാധീനഫലമായി രൂപപ്പെട്ടതാണ്. ഇന്ദ്രിയപരതയുടെ ഈ തീവ്രമുഖത്തിനെതിരെ വൈഷ്ണവചിന്ത രൂപപ്പെട്ടുവന്നു. ആനന്ദവാദത്തെ കഠിനമായെതിര്‍ക്കാതെതന്നെ ഔപനിഷദാശയങ്ങളുടെ ചേരുവകൊണ്ട് പുതിയ ലക്ഷ്യങ്ങള്‍ അവര്‍ തീര്‍ത്തു.

ഇന്ത്യന്‍ സംസ്കാരത്തില്‍ ലോകായതധാര പക്ഷേ പുറന്തള്ളപ്പെട്ടില്ല. എതിര്‍പ്പുകളെയെല്ലാം അതു ചെറുത്തുനിന്നു. ബ്രാഹ്മണീയ നവോത്ഥാനത്തിനുശേഷം ലോകായതം ഭിന്നരൂപങ്ങളില്‍ ഇന്ത്യയുടെ ഭിന്ന സ്ഥലങ്ങളില്‍ അഭയം തേടി. ബംഗാളില്‍, ലൈംഗികപ്രണയ(Hedoism) വാദത്തിന്റെ ഒരു ധാര തനതു സ്വഭാവങ്ങള്‍ വെടിഞ്ഞ്, സ്വഭാവവാദത്തോടും കാപാലിക മതത്തോടുമിണങ്ങി നാസ്തികലോകായതികരായി പരിണമിച്ചു. എന്നാല്‍ ലോകായതികര്‍ പക്ഷെ ഇതിനോട് മുഖംതിരിച്ചുകളഞ്ഞു. നാസ്തികരുടെ ആനന്ദവാദത്തിന്റെ അനുമതിപത്രമായ മദനോത്സവത്തിലെ ഐന്ദ്രികതയുടെ സാന്നിധ്യം ഈ ധാരയില്‍ ഗാഢമായി നിലനില്‍ക്കുന്നു. സഹജ്യ (Sahajya) എന്നറിയപ്പെടുന്ന ഈ ധാര സ്വഭാവവാദത്തെയും പഴയ മതനിഷേധത്തെയും ഓര്‍മിപ്പിക്കുന്നു. തിന്നുക, കുടിക്കുക, ഇണചേരുക എന്നിവയാണ് മനുഷ്യജീവിതത്തിലെ മൌലികലക്ഷ്യങ്ങളെന്ന് ഇവര്‍ വാദിച്ചു.

മനുഷ്യര്‍ സ്വാര്‍ഥലക്ഷ്യാര്‍ഥം നിര്‍മിച്ചവയാണ് വേദങ്ങളും മറ്റു വിശുദ്ധഗ്രന്ഥങ്ങളുമെന്നാണിവരുടെ വിശ്വാസം. ബ്രാഹ്മണരെ ഇവര്‍ പരിഗണിച്ചേയില്ല. പുരോഹിത വര്‍ഗത്തെയോ തങ്ങളേക്കാള്‍ ഉയര്‍ന്ന വര്‍ഗത്തെയോ അവര്‍ ബഹുമാനിച്ചില്ല. ബ്രാഹ്മണര്‍ക്കും വേദങ്ങള്‍ക്കും സമൂഹത്തിനുമെതിരെ അവര്‍ തുറന്ന കലാപംതന്നെ നടത്തി. ലോകായതരുടെ ആനന്ദാനുഭവങ്ങളാണ് സഹജ്യരുടെ പാട്ടുകള്‍ ആവിഷ്കരിക്കുന്നത്. ജാതി, സാമൂഹ്യപദവി, വ്യത്യാസങ്ങള്‍, യാഥാസ്ഥിതികത എന്നിവ ചോദ്യം ചെയ്യപ്പെടാത്ത സാമൂഹ്യയാഥാര്‍ഥ്യങ്ങളായിരുന്നു. ഇവരാകട്ടെ ഇവയില്‍നിന്നെല്ലാം ഭിന്നമായി മതപരവും ചിന്താപരവും സാമൂഹികവുമായ കാര്യങ്ങളില്‍ തികഞ്ഞ സ്വതന്ത്രബുദ്ധി പുലര്‍ത്തിവന്നു. സാധാരണജനത പുലര്‍ത്തിവന്ന മുന്‍വിധികളില്‍നിന്ന് ഇവര്‍ അകന്നുതന്നെ നിന്നു. ആണ്‍ പെണ്‍ ബന്ധങ്ങളില്‍ സര്‍വവിധനിയന്ത്രണങ്ങളും ഇവര്‍ ലംഘിച്ചു. സ്നേഹമാണ് സഹജ്യരുടെ മതം. ദേഹം അഥവാ ഭൌതികശരീരം മാത്രമാണ് പ്രധാനമെന്നവര്‍ കരുതി. അതുകൊണ്ടുതന്നെ ആണും പെണ്ണും തമ്മിലുള്ള ഒത്തുചേരല്‍ അവരുടെ മതത്തിന്റെ പ്രയോഗികരീതിയായിത്തീര്‍ന്നു. ബംഗാളികവി ചണ്ഡിദാസന്‍ ഈ മതത്തിന്റെ വക്താവാണ്. അന്ധവിശ്വാസങ്ങള്‍ക്കും യാഥാസ്ഥിതികത്വത്തിനുമെതിരെ ഇങ്ങനെ കടുത്ത നിലപാടു സ്വീകരിച്ച ഈ ശാഖ തികഞ്ഞ അരാജകവാദം മുഖമുദ്രയായി നിലനിര്‍ത്തി.

മതനിഷേധികളായ പ്രാചീനചിന്തകരെ ഓര്‍മപ്പെടുത്തുന്നവയാണ് സഹജ്യലോകായതികരുടെ ആശയങ്ങള്‍. ചിരംജിബ് ഭട്ടാചാര്യയുടെ (Chiranjib Bhattacharya) വിദ്വന്‍മോദതരംഗിണിയില്‍ ഈ ശാഖയെക്കുറിച്ച് സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബൃഹസ്പദ്യ, ബുദ്ധ, ജൈന, കാപാലിക എന്നീ വിപുലമായ സ്വതന്ത്ര ചിന്താധാരകള്‍ നാസ്തികസ്കൂളില്‍പ്പെടുന്നു. വികാസഘട്ടങ്ങളില്‍, ബുദ്ധ, ജൈന, ഹിന്ദുമതങ്ങളില്‍ യാഥാസ്ഥിതികപക്ഷം ഇവരോട് കടുത്ത ശത്രുത പ്രഖ്യാപിച്ചുകാണാം. ഇതുകൊണ്ടാവാം നാസ്തികര്‍ തങ്ങളുടേതു മാത്രമായ രഹസ്യഭാഷ സൃഷ്ടിച്ചതും യോഗങ്ങള്‍ രഹസ്യമായി ചേര്‍ന്നതും. പൊതുസമൂഹത്തില്‍നിന്ന് അവര്‍ സ്വയം വെളിപ്പെടുത്താതെ ഒഴിഞ്ഞുനിന്നു. എതിരാളികള്‍ ഇവരുടെ പ്രമാണഗ്രന്ഥങ്ങള്‍ ചുട്ടെരിച്ചു. അതുകൊണ്ടുതന്നെ സന്ധ്യാഭാഷ (Sandhya bhasha) എന്ന രഹസ്യഭാഷ തങ്ങള്‍ക്കിടയില്‍ അവര്‍ രൂപീകരിച്ചെടുത്തു. ഇങ്ങനെ പകല്‍വെളിച്ചത്തില്‍ വവ്വാലുകളെപ്പോലെ ഒളിഞ്ഞുനിന്ന് യാഥാസ്ഥിതികര്‍ക്കെതിരെ അധികകാലം പൊരുതി നില്‍ക്കാന്‍ ഈ ബംഗാളിശാഖയ്ക്കു കഴിഞ്ഞില്ല.


*****


ഡി ആര്‍ ശാസ്ത്രി/വിവ: കെ വി ശശി, കടപ്പാട് : ദേശാഭിമാനി വാരിക