Showing posts with label ഹെയ്തി. Show all posts
Showing posts with label ഹെയ്തി. Show all posts

Monday, December 6, 2010

ഹെയ്തിയെ ഗ്രസിച്ച ദുരന്തം

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, കഴിഞ്ഞ ജൂലൈ 26 ന് സമാധാനത്തിനുവേണ്ടിയുള്ള അമേരിക്കയിലെ പുരോഹിതന്‍മാരുടെ സംഘടനയുടെ നേതാവായ ലൂസിയസ് വാക്കര്‍, ക്യൂബയിലെ ബുദ്ധിജീവികളുടെയും കലാകാരന്‍മാരുടെയും ഒരു യോഗത്തില്‍ വെച്ച് ഹെയ്ത്തിയുടെ പ്രശ്‌നത്തിനുള്ള പരിഹാരം എന്താണെന്ന് എന്നോടു ചോദിച്ചു.

ഒരു മടിയുമില്ലാതെ ഞാന്‍ മറുപടി പറഞ്ഞു. ''ഇന്നത്തെ ലോകത്ത് ഒരു പരിഹാരവുമില്ല. എന്നാല്‍ ഭാവിയില്‍ പരിഹാരമുണ്ടാകും. ഭക്ഷ്യസാധനങ്ങളുടെ ഒരു വന്‍ ഉല്‍പ്പാദകനാണ് അമേരിക്ക.

അമേരിക്കയ്ക്ക് 200 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാവും. ഭൂകമ്പങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന വീടുകള്‍ നിര്‍മിക്കാന്‍ അമേരിക്കയ്ക്ക് ശേഷിയുണ്ട്. എന്നാല്‍ പ്രശ്‌നം അമേരിക്ക വിഭവങ്ങള്‍ ഏതു തരത്തില്‍ വിതരണം ചെയ്യുന്നുവെന്നതാണ്. ഹെയ്ത്തിയുടെ ഭൂപ്രദേശങ്ങള്‍ പുനസ്ഥാപിക്കണം. എന്നാല്‍ സമകാലിക ലോക വ്യവസ്ഥയ്ക്കകത്ത് പരിഹാരമൊന്നുമില്ല''.

ഇന്നത്തെ സാഹചര്യങ്ങള്‍ മാറിയാല്‍ താങ്കള്‍ക്ക് ഹെയ്ത്തിയിലേയ്ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നും ഞാന്‍ പറഞ്ഞു.

മനുഷ്യസ്‌നേഹിയായ ലൂസിയസ് ആറ് ആഴ്ചകള്‍ക്കുശേഷം സെപ്തംബര്‍ ഏഴിന് 80-ാം വയസില്‍ അന്തരിച്ചു. അമേരിക്കയിലെ മറ്റ് പല പൗരന്‍മാര്‍ക്കും ഒരു മാതൃകയായിരുന്നു അദ്ദേഹം.

ഭൂകമ്പത്തിനു പിന്നാലെയുള്ള മറ്റൊരുദുരന്തം ലൂസിയസുമായി സംസാരിക്കുമ്പോള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. നവംബര്‍ 29 വരെ 75888 പേര്‍ക്കാണ് കോളറ രോഗം പിടിപെട്ടത്. ഇതോടൊപ്പം നവംബര്‍ അഞ്ചിന് ഭീകരമായ ചുഴലികൊടുങ്കാറ്റും ഹെയ്ത്തിയില്‍ വീശിയടിച്ചു.

ആധുനിക ചരിത്രത്തില്‍ കോളറ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1817 ലാണ്. നിരവധി പേര്‍ മരണമടഞ്ഞു. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഇന്ത്യയിലാണ്. 1826 ല്‍ കോളറ വീണ്ടും തല പൊക്കി. മോസ്‌ക്കോയും ബര്‍ലിനും ലണ്ടനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നഗരങ്ങളിലേയ്ക്ക് പടര്‍ന്നു. 1832 മുതല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കോളറ എത്തി. 1846 ല്‍ മൂന്നു ഭൂഖണ്ഡങ്ങളെ കോളറ ഗ്രസിച്ചു. ഏഷ്യയെയും ആഫ്രിക്കയെയും അമേരിക്കയെയും.

ആ നൂറ്റാണ്ടില്‍ പലവട്ടം ഈ പകര്‍ച്ചവ്യാധി ആവര്‍ത്തിച്ചു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്കയിലെയും കരീബീയയിലെയും രാജ്യങ്ങള്‍ ഏറക്കുറെ ഈ രോഗത്തില്‍ നിന്നും മുക്തമായിരുന്നു.

1991 ജനുവരി 27 ന് വടക്കന്‍ പെറുവിലെ ചാന്‍കെ തുറമുഖത്ത് ഈ രോഗം പ്രത്യക്ഷപ്പെടുന്നതുവരെ ഇതായിരുന്നു സ്ഥിതി. പെറുവില്‍ നിന്നും അതിവേഗം രോഗം വ്യാപിച്ചു. ശാന്തസമുദ്രത്തിന്റെയും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും തീരങ്ങളിലെ 16 രാജ്യങ്ങളില്‍ കോളറ പടര്‍ന്നു. ആറര ലക്ഷത്തോളം പേര്‍ രോഗബാധിതരായി.

ദരിദ്രരാജ്യങ്ങളിലാണ് കോളറ കൂടുതല്‍ വിനാശം വിതയ്ക്കുന്നത്. ശുദ്ധമായ കുടിവെള്ളത്തിന്റെയും അഴുക്കുചാലുകളുടെയും അഭാവവും നഗരങ്ങളിലെ ജനസാന്ദ്രതയും രോഗം പടരാന്‍ വഴിവെയ്ക്കുന്നു. ഹെയ്ത്തിയുടെ കാര്യത്തില്‍ ഭൂകമ്പം അവിടെ നിലവിലുണ്ടായിരുന്ന ശുദ്ധജലവിതരണ - അഴുക്കുചാല്‍ സംവിധാനമാകെ തകര്‍ത്തു. ദശലക്ഷകണക്കിനാളുകള്‍ തമ്പുകളില്‍ അഭയം തേടി. അവിടെ മലമൂത്ര വിസര്‍ജനത്തിനുള്ള സംവിധാനം പോലുമില്ല.

ഹെയ്ത്തിയിലെ കോളറ ലാറ്റിനമേരിക്കയിലെയും മൂന്നാം ലോകത്തിലെയും മറ്റു രാജ്യങ്ങള്‍ക്കും ഒരു ഭീഷണിയായി തീര്‍ന്നിട്ടുണ്ട്. ഹെയ്ത്തിയിലെ കോളറയ്ക്ക് എതിരായ പോരാട്ടത്തിലാണ് ഇപ്പോള്‍ ക്യൂബ. രോഗബാധിതരായ 75888 പേരില്‍ 27015 പേരെ ചികിത്സിച്ചത് ക്യൂബയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമാണ്.

ക്യൂബന്‍ മെഡിക്കല്‍ സംഘത്തില്‍ ലാറ്റിനമേരിക്കന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ബിരുദമെടുത്ത 201 പേരും ഉള്‍പ്പെടും. ഇവരില്‍ ഉറുഗ്വയ്, പരാഗ്വയ്, നിക്കാരഗ്വാ, ഹെയ്ത്തി എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടും.

നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമല്ല രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലും ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാണ്. കുന്നിന്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ മൊബൈല്‍ യൂണിറ്റുകളും രംഗത്തുണ്ട്.

കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ ദുരിതത്തിലുമല്ല, ചില വിദേശ മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

രാജ്യത്ത് അക്രമം വ്യാപിക്കുന്നതായി അവ പ്രചരിപ്പിക്കുന്നു. യാഥാര്‍ഥ്യത്തില്‍ നിന്നും ഏറെ അകലെയാണിത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില അക്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവ ഒറ്റപ്പെട്ടതും ചില മേഖലകളില്‍ പരിമിതപ്പെട്ടതുമാണ്. അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഹനിക്കുമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം ദിനപത്രം 06 ഡിസംബര്‍ 2010

Sunday, September 7, 2008

ഹെയ്തി പട്ടിണിമരണത്തിന്റെ പിടിയിൽ

ആദ്യനോട്ടത്തിൽ അതൊരു മൺപാത്ര നിർമ്മാണകേന്ദ്രമാണെന്ന്‌ തോന്നും. ഒരു മൈതാനത്ത്‌ സ്ത്രീകൾ മണ്ണും വെള്ളവും കുഴച്ച്‌ നൂറുകണക്കിന്‌ മൺതട്ടങ്ങൾ നിർമ്മിച്ച്‌ കരീബിയൻ സൂര്യന്‌ കീഴെ ഉണക്കിയെടുക്കുന്നു. നിർമ്മാണകുശലത കുറഞ്ഞ മൺതട്ടങ്ങൾ എല്ലാം ഒരുപോലെയല്ല എന്നത്‌ ഞങ്ങൾ ശ്രദ്ധിച്ചു. എന്നാൽ അതിന്റെ ഉപഭോക്താക്കൾക്ക്‌ അവയുടെ രൂപവൈശിഷ്‌ട്യത്തിൽ പരാതിയില്ല. കാരണം അവ ആഹാരം പാചകം ചെയ്യാനോ സൂക്ഷിക്കാനോ ഉള്ള പാത്രങ്ങളല്ല. അവ അവരുടെ ആഹാരം തന്നെയാകുന്നു. ഹെയ്തി എന്ന കരീബിയൻ രാജ്യത്തെ സൈറ്റ്സൊലൈൽ എന്ന ചേരിയിൽ ഞങ്ങൾ കണ്ട നഗ്നയാഥാർത്ഥ്യമാണിത്‌.

ഈ മൺകേക്കുകൾ ഹെയ്തിയിലെ പല പ്രദേശങ്ങളിലേയും പട്ടിണിപ്പാവങ്ങളുടെ പ്രധാന ആഹാരമാണ്‌. ഈ മണ്‍കേക്കുകൾ ഉപ്പും എണ്ണയും തേച്ച്‌ ചുട്ട്‌ അവർ തിന്നുന്നു. ദരിദ്രകുടുംബങ്ങളിലെ ഗർഭിണികളായ സ്ത്രീകൾ കാത്സ്യം കിട്ടാനായി വൈദ്യശാസ്ത്രപരമായി നിർദ്ദേശിക്കപ്പെടാതെ തന്നെ ഈ മൺകേക്കുകൾ കഴിച്ചുപോന്നിരുന്നു. എന്നാൽ ഇന്ന്‌ കുടുംബാംഗങ്ങളുടെ മുഴുവൻ ഭക്ഷണമായി ഈ മൺകേക്കുകൾ മാറിയിരിക്കുന്നു. അവയുടെ രുചിയോ പോഷകഗുണമോ കൊണ്ടല്ല ഈ ദരിദ്രർ ഇത്‌ കഴിക്കുന്നത്‌. ഉപ്പും എണ്ണയും പുരട്ടി പൊരിച്ചെടുക്കുമ്പോൾ ഈ അഴുക്കു കലർന്ന മണ്ണ്‌ വിശിഷ്ടഭോജ്യമാകുന്നത്‌ കൊണ്ടുമല്ല. മറിച്ച്‌ ഹെയ്തിയിലെ ദരിദ്രർക്ക്‌ വയറുനിറയ്ക്കാൻ സഹായിക്കുന്ന വിലകുറഞ്ഞ ആഹാരം ഇതാണെന്നതാണ്‌ കാരണം.

"ഇത്‌ വിശപ്പില്ലാതാക്കും" മൺകേക്ക്‌ നിർമ്മാണം തൊഴിലാക്കിയ മേരി കാർ മെല്ലെബാപ്റ്റിസ്റ്റ്‌ എന്ന മുപ്പത്തഞ്ചുകാരി പറഞ്ഞു. "വിശപ്പടക്കാൻ മറ്റു മാർഗമില്ലെങ്കിൽ ആരും ഇത്‌ കഴിച്ചു പോകും."

ആഗോള ഭക്ഷ്യക്ഷാമവും എണ്ണപ്രതിസന്ധിയും മറ്റേത്‌ രാജ്യത്തേക്കാളും ഹെയ്തിയെ കഠിനമായി ബാധിച്ചിരിക്കുന്നു. തന്മൂലം ദാരിദ്ര്യത്തിൽ കഴിയുന്ന ഹെയ്തിയിലെ വലിയൊരു വിഭാഗം ജനത പട്ടിണിയിലേക്കും കലാപത്തിലേക്കും വഴുതിവീണിരിക്കുന്നു. ഭക്ഷ്യകലാപം ഹെയ്തിയിൽ പ്രധാനമന്ത്രി സ്ഥാനഭ്രഷ്ടനാകുന്നതിനും നിരവധി പേരുടെ മരണത്തിനും ഇടയാക്കിയിരുന്നു. അടിയന്തിരമായി ഭക്ഷ്യ സബ്‌സിഡി ഏർപ്പെടുത്തി സമാധാനം പുന:സ്ഥാപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്‌ ഗവണ്‍മന്റ്‌ സംവിധാനം സബ്‌സിഡി നിർത്തലാക്കിക്കൊണ്ടിരിക്കുന്നു. കലാപം ഏതുനിമിഷവും വീണ്ടും പൊട്ടിപ്പുറപ്പെടാമെന്ന നിലയാണിന്നുള്ളത്‌.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്‌ മൂന്നിൽ രണ്ടിലധികം ഹെയ്തിക്കാരും ഒരുദിവസം ഒരു ഡോളറിൽ താഴെ വരുമാനമുള്ളവരാണ്‌. പകുതിയിൽ താഴെയാളുകൾ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്നവരാണ്‌. "ലഭ്യമായ ഭക്ഷ്യസാധനങ്ങൾ പോലും വിലക്കൂടുതൽ കാരണം വാങ്ങാൻ കഴിവില്ലാത്തവരാണ്‌ ഭൂരിപക്ഷവും. ഈ സ്ഥിതിവിശേഷം തുടരുകയാണെങ്കിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പട്ടിണിമരണം ഇവിടെ സാർവത്രികമാകും" ഇംഗ്ലണ്ട്‌ ആസ്ഥാനമായ ക്രിസ്റ്റ്യൻ എയ്‌ഡ് എന്ന സംഘടനയുടെ ഡയറക്ടറായ പ്രോസ്പെറി റയ്‌മണ്ട്‌ പറയുന്നു.

മാനവിക വികസന സൂചികകളിൽ അഫ്‌ഗാനിസ്ഥാനൊപ്പം ദയനീയമായ നിലയിലായിരുന്ന ഈ കരീബിയൻ രാഷ്ട്രം അടുത്ത കാലത്ത്‌ ഉണർവിന്റെ ചില ലക്ഷണങ്ങൾ കാണിച്ചിരുന്നതാണ്‌. രാഷ്ട്രീയ സ്ഥിരത, പുതിയ റോഡുകളുടെയും മറ്റ്‌ സൗകര്യങ്ങളുടെയും വളർച്ച, അധോലോക സംഘട്ടനങ്ങളിൽ വന്ന കുറവ്‌ തുടങ്ങി ആശാസ്യമായ ഒരു നിലയിലേക്ക്‌ ക്രമേണ രാജ്യം മാറുകയായിരുന്നു. "ഞങ്ങൾ ശരിയായ ദിശയിലേക്ക്‌ സഞ്ചരിക്കാൻ തുടങ്ങിയതായിരുന്നു. എന്നാൽ ഈ ഭക്ഷ്യപ്രതിസന്ധി ആ വളർച്ചക്ക്‌ ഭീഷണിയായി മാറുകയാണ്." പാർലമെന്റിലെ വൈസ്‌ പ്രസിഡന്റായ എലോൺ ഡോറെസ്‌ ചൂണ്ടിക്കാട്ടുന്നു.

ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും വർധിക്കുന്നതിന്‌ അനുസൃതമായി മൺകേക്കുകളുടെ ഉപയോഗവും വർധിച്ചുവരുന്നു. "കേക്ക്‌ ഉണ്ടാക്കാൻ പറ്റിയ മണ്ണിന്റെ വില സ്ഥലമുടമകൾ വർധിപ്പിക്കുമ്പോൾ മൺകേക്കിന്റെ വിലയും വർധിപ്പിക്കാൻ ഞങ്ങൾ നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ടെങ്കിലും വിലക്കയറ്റം മൂലം മറ്റ്‌ ആഹാരം ആവശ്യത്തിന്‌ ലഭിക്കാത്തവർക്ക്‌ മണ്‍കേക്കിന്റെ വിലവർധന താങ്ങാൻ കഴിയില്ല എന്നതിനാൽ ഇതിന്റെ വില ഞങ്ങൾ കൂട്ടുന്നില്ല" മൺകേക്ക്‌ നിര്‍മ്മാതാവായ ബാപ്റ്റിസ്റ്റ്‌ പരിതപിച്ചു. പല ചേരിപ്രദേശങ്ങളിലും വിലവർധനയെ തുടർന്ന്‌ മറ്റ്‌ ഭക്ഷ്യധാന്യങ്ങൾ വിൽപ്പന നടത്തുന്ന കച്ചവടക്കാർക്ക്‌ വേണ്ടത്ര കച്ചവടമില്ല.

പ്രതിസന്ധിയുടെ ലക്ഷണം ചേരികൾക്ക്‌ പുറത്തുള്ള പ്രദേശങ്ങളിലും കാണാം. സൗജന്യ ഭക്ഷണവിതരണത്തിൽ ഏര്‍പ്പെട്ടിട്ടുള്ള സംഘടനകളുടെ റിപ്പോർട്ട്‌ അനുസരിച്ച്‌ സൗജന്യ ഭക്ഷണം തേടുന്നവരുടെ എണ്ണം ഭക്ഷ്യപ്രതിസന്ധിയെ തുടർന്ന്‌ മൂന്നിരട്ടിയിലധികമായിട്ടുണ്ട്‌. ഒരു ചേരിയിലെ സൗജന്യ ഭക്ഷണവിതരണ കേന്ദ്രത്തിൽ പോഷകാഹാരക്കുറവ്‌ മൂലം മഞ്ഞനിറമാർന്ന തലമുടിയുള്ള കുഞ്ഞുങ്ങളുമായി ക്യൂ നിൽക്കുന്ന സ്ത്രീകളെ ഞങ്ങൾ കണ്ടു.

ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി പൊതുവേ ദയനീയമാണ്‌. ചേരിവൽക്കരണം വ്യാപകമാവുന്നു. ലഭ്യമായ പണം ഭക്ഷണത്തിനുവേണ്ടി ചെലവിടേണ്ടി വരുന്ന കർഷകർ അടക്കമുള്ള ദരിദ്രർ തങ്ങളുടെ കുട്ടികളുടെ പഠനം നിർത്തേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. ദേശവ്യാപകമായിത്തന്നെ സ്കൂളുകളിലെ ഹാജർ കുറയുന്നു. സ്കൂളുകളിലെത്തുന്ന കുട്ടികൾക്ക്‌ തന്നെ വിശപ്പുകാരണം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല.

ഹെയ്തിയിലെ ഇപ്പോഴത്തെ രൂക്ഷമായ ഈ ദുസ്ഥിതിക്ക്‌ പ്രധാന കാരണം ലോക ഭക്ഷ്യപ്രതിസന്ധിയും എണ്ണ വിലവര്‍ധനവുമാണ്‌. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി പ്രവാസികളായ ബന്ധുക്കൾ അയക്കുന്ന പണത്തിലും കാര്യമായ കുറവുണ്ടാക്കി. ഭക്ഷ്യഇറക്കുമതിയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളത്‌ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. ഹെയ്തിയിലെ കാർഷികരംഗം വൻ തകർച്ചയിലാണ്‌. മരക്കരിക്കും കൃഷിയാവശ്യത്തിനും വേണ്ടി കാടുകൾ തീയിട്ടു നശിപ്പിച്ചതുമൂലം മണ്ണിന്റെ ഘടന തകരാൻ ഇടയായി.

കാർഷിക മേഖലയിലെ ഗവണ്‍മന്റ്‌ മുതൽമുടക്ക്‌ തുടർച്ചയായി കുറഞ്ഞുവരുന്നതുമൂലം കൃഷി ആദായകരമല്ലാതായി. അന്താരാഷ്ട്ര വിപണിയിൽ ഭക്ഷ്യധാന്യങ്ങൾ വില കുറച്ചുകിട്ടിയിരുന്ന 1980 കളിൽ ഇറക്കുമതിച്ചുങ്കം ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക്‌ അരിയും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്ന നയം ഗവണ്‍മന്റ്‌ സ്വീകരിച്ചതിന്റെ ഫലമായി തദ്ദേശീയ കർഷകർ പിടിച്ചുനിൽക്കാനാകാതെ പാപ്പരായിത്തീർന്നു. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നപ്പോൾ ചിന്നഭിന്നമായിപ്പോയ കാർഷിക മേഖല പുനരുദ്ധരിക്കാൻ ഗവണ്‍മന്റ്‌ സത്വരനടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഒരു ഭഗീരഥ പ്രയത്നം കൊണ്ടുപോലും പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ അത് എത്തിപ്പെട്ടിരിക്കുന്നു.

*

റോറി കരോൾ എഴുതിയ Haiti: Mud Cakes Become Staple Diet as Cost of Food Soars Beyond a Family's Reach എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗാര്‍ഡിയന്‍