Saturday, May 24, 2014

യോജിച്ച പ്രക്ഷോഭത്തിലേക്ക്

മൂലധനശക്തികളുടെ കടുത്ത ചൂഷണങ്ങള്‍ക്കും ഭരണകൂടങ്ങളുടെ ചെലവുചുരുക്കല്‍ നടപടികള്‍ക്കുമെതിരെ സംഘടിതവും തീക്ഷ്ണവുമായ സമരങ്ങള്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് ലോകമെമ്പാടും. ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെ തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും വന്‍തോതില്‍ കവര്‍ന്നെടുക്കപ്പെടുന്നു. വികസിത- വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും വ്യാപകമായ തൊഴില്‍നഷ്ടത്തിനും വേതനം, പെന്‍ഷന്‍, സാമൂഹ്യസുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും തൊഴിലാളികള്‍ വിധേയരാകുന്നു. അതേസമയം, പ്രതിസന്ധിയുടെ സ്രഷ്ടാക്കളായ കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് വന്‍തോതില്‍ നികുതി ഇളവുകളും സൗജന്യങ്ങളും നല്‍കി അവര്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് മുതലാളിത്തരാജ്യങ്ങള്‍ മുന്നില്‍ത്തന്നെ.

മാന്യമായ തൊഴിലും സാമൂഹ്യ- സാംസ്കാരിക- സാമ്പത്തിക വികസനത്തിലെ അവസരങ്ങളും ഭൂരിപക്ഷം ഇന്ത്യന്‍ യുവത്വത്തിനും നിഷേധിക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനോ, നിലനിര്‍ത്തുന്നതിനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ ഫലമായി എഫ്എസിടി അടക്കമുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. സാധാരണ ജനങ്ങളുടെ ജീവിതം അത്യന്തം ശോചനീയമായ അവസ്ഥയിലെത്തിയിട്ടും അതിന് പരിഹാരം കാണാന്‍ തയ്യാറാകാതെ കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങളുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നത്. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ അഴിമതിയിലൂടെ പൊതുധനം കോര്‍പറേറ്റുകളുടെ പോക്കറ്റിലായി. അഴിമതിയിലൂടെ സ്വരൂപിച്ച അളവില്ലാത്ത സമ്പത്തിന്റെ സ്വാധീനം പൊതുതെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ജനാഭിപ്രായത്തെ വിലയ്ക്കെടുക്കുന്ന തരത്തില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

വഴിപിഴച്ച സാമ്പത്തികനയങ്ങളും കോര്‍പറേറ്റ് പ്രീണനവും അന്ധമായ അമേരിക്കന്‍ വിധേയത്വവുമാണ് 16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വിയിലേക്ക് നയിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധനയങ്ങളും യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. സാധാരണക്കാരന് അര്‍ഹതപ്പെട്ട സബ്സിഡികള്‍ നിഷേധിക്കുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും വാനം മുട്ടെ വിലകയറ്റുന്ന നടപടികള്‍ സ്വീകരിക്കുന്നതിനും പൊതുമേഖലയുടെ ശവക്കുഴി തോണ്ടുന്നതിനും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സ്വീകരിച്ച ഭരണനടപടി ഭയാനകമായിരുന്നു. യുപിഎ സര്‍ക്കാരിനെതിരായ ജനവികാരം അനുകൂലമാക്കുന്നതില്‍ ബിജെപിക്ക് വിജയിക്കാനായി. മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച ഗുജറാത്ത് വികസനത്തിന്റെ കെട്ടുകാഴ്ചയുടെ നിഴലില്‍ രാജ്യത്താകെ വര്‍ഗീയ ഫാസിസ്റ്റുകള്‍ നടത്തിയ പ്രചാരവേല ജനങ്ങളെ സ്വാധീനിച്ചു. ഒന്നര പതിറ്റാണ്ടിലെ ഭരണത്തിനുള്ളില്‍ ഗുജറാത്തില്‍ സന്തുലിത വികസനമോ അടിസ്ഥാനനേട്ടങ്ങളോ കൊണ്ടുവരാന്‍ കഴിയാത്ത നരേന്ദ്ര മോഡിക്ക് പരിവേഷംചാര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ പിന്തുണയുണ്ടായി.

കോണ്‍ഗ്രസിന്റെ പരാജയം തിരിച്ചറിഞ്ഞ കോര്‍പറേറ്റുകള്‍ മോഡിയെ സഹായിക്കുന്നതില്‍ മത്സരിച്ചു. മൂലധനശക്തികള്‍ക്ക് പ്രിയങ്കരനായ നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും നയങ്ങള്‍ കോണ്‍ഗ്രസ് നയങ്ങളില്‍നിന്ന് അല്‍പ്പംപോലും ഭിന്നമല്ല. മുന്‍ ബിജെപി സര്‍ക്കാരുകള്‍ അത് തെളിയിച്ചിട്ടുമുണ്ട്്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ കനത്ത ഭീഷണി ഉയരുകയാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ മുഖ്യ അജന്‍ഡയായി മാറുന്നു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. മൂന്നുവര്‍ഷം പിന്നിടുന്ന യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച യുഡിഎഫ് സര്‍ക്കാരിന് പുതിയ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ നിത്യനിദാന ചെലവുകള്‍ക്കായി 2000 കോടി രൂപ കടമെടുക്കേണ്ടിവന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഭരണരംഗത്തെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും വിഭവസമാഹരണത്തിലെ അനാസ്ഥയും നികുതിവെട്ടിപ്പുകാര്‍ക്ക് സംരക്ഷണമൊരുക്കിയ ഭരണനേതൃത്വത്തിന്റെ നടപടികളുമാണ് സാമ്പത്തികത്തകര്‍ച്ച സൃഷ്ടിച്ചത്. ഇതുമൂലം വികസനപ്രവര്‍ത്തനങ്ങള്‍ താറുമാറായി. സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ സ്തംഭിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ കേരളത്തില്‍ ജനങ്ങള്‍ക്കാശ്വാസം നല്‍കിയ പൊതുവിതരണ സംവിധാനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തു. സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായി ഉണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഏപ്രില്‍ ആദ്യം സറണ്ടര്‍, പിഎഫ് വായ്പ, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തെരഞ്ഞെടുപ്പു കാലമായിട്ടുപോലും ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിലെ അപകടം തിരിച്ചറിഞ്ഞാണ് ഏപ്രില്‍ അവസാനവാരം ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആനുകൂല്യങ്ങളില്‍ കൈവയ്ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാരിന് പിന്മാറേണ്ടിവന്നു. എന്നാല്‍, ഈ പിന്മാറ്റം താല്‍ക്കാലികംമാത്രമാണ്. ചെലവു ചുരുക്കല്‍ നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. സിവില്‍സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുക, തസ്തികകള്‍ വെട്ടിച്ചുരുക്കുക, വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികളാണ് ചെലവുചുരുക്കലിലൂടെ ലക്ഷ്യമിടുന്നത്. 2002ലും ഇതേ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍പദ്ധതി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളത്തിന്റെ പത്തുശതമാനം തുക നിര്‍ബന്ധമായും പിടിച്ചെടുത്ത് പെന്‍ഷന്‍ഫണ്ട് സ്വരൂപിക്കണമെന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ ഇതിന്റെ ഭാഗമാണ്. പെന്‍ഷന്‍പ്രായം വര്‍ധനയും പങ്കാളിത്ത പെന്‍ഷനും ഒരു പാക്കേജായി അവതരിപ്പിച്ച് പങ്കാളിത്ത പെന്‍ഷന്‍ വ്യാപകമാക്കാനുള്ള നീക്കത്തെ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. പത്താംശമ്പള കമീഷന്‍ രൂപീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാരംഭപ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ല. സംഘടിത പോരാട്ടങ്ങളെ അസഹിഷ്ണുതയോടെമാത്രം വീക്ഷിക്കുകയും സാമൂഹ്യപ്രശ്നങ്ങളില്‍ ജനവിരുദ്ധമായി ചിന്തിക്കുകയുംചെയ്യുന്ന വ്യക്തിയെ ചെയര്‍മാനായി നിയോഗിച്ചതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. ശമ്പളപരിഷ്കരണത്തേക്കാള്‍ പ്രധാനം ജീവനക്കാരുടെ എണ്ണം കുറച്ചും ഓഫീസുകള്‍ അടച്ചുപൂട്ടിയും ഭരണപരിഷ്കരണമാണെന്ന ചെയര്‍മാന്റെ നിലപാട് ജീവനക്കാരുടെ ആശങ്ക ശരിവയ്ക്കുന്നു.

അധികാരത്തിലിരുന്ന കാലയളവുകളിലെല്ലാം സമയബന്ധിത ശമ്പളപരിഷ്കരണതത്വം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. 1983ല്‍ വേതനപരിഷ്കരണത്തിന്റെ പ്രാബല്യ തീയതിക്ക് വളരെമുമ്പേ കമീഷനെ നിയമിച്ചിട്ടും, അനിശ്ചിതകാല പണിമുടക്കുകളിലൂടെയാണ് വേതനപരിഷ്കരണം നേടിയെടുക്കാനായത്. മാത്രമല്ല, ഇരുപത്തൊന്നുമാസത്തെ കുടിശ്ശിക തട്ടിയെടുക്കുകയുംചെയ്തു. എട്ടാം ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോള്‍ 37 മാസത്തെ കുടിശ്ശികയും 27 മാസത്തെ പ്രാബല്യതീയതിയും നിഷേധിച്ചു. സമാനമായ സാഹചര്യത്തിലേക്ക് വേതനപരിഷ്കരണത്തെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ മറപറ്റി നിലവിലുള്ള ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തീക്ഷ്ണമായ പോരാട്ടങ്ങള്‍ അനിവാര്യമാണ്. വര്‍ത്തമാനകാലത്ത് തൊഴില്‍മേഖലയില്‍ രൂപപ്പെടുന്ന പുതിയ പ്രതിസന്ധികളെ തിരിച്ചറിഞ്ഞ്, എല്ലാവിഭാഗം ജീവനക്കാരെയും കൂട്ടിയോജിപ്പിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകണം.

*
എ ശ്രീകുമാര്‍ ( കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

No comments: