Thursday, May 15, 2014

പത്മനാഭസ്വാമി ക്ഷേത്രം: സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത്?

ശ്രീപത്മനാസ്വാമിക്ഷേത്രം ഒരിക്കല്‍കൂടി വിവാദവിഷയമായി. ക്ഷേത്രം വസ്തുവകകളെയും കൈകാര്യകര്‍ത്തൃത്വത്തെയുംകുറിച്ചുള്ള തര്‍ക്കത്തെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടും അതിനോട് സര്‍ക്കാരും തിരുവിതാംകൂര്‍ മുന്‍ രാജകുടുംബവും നല്‍കിയ പ്രതികരണങ്ങളുമായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. വിവാദം അവസാനിപ്പിച്ചുകൊണ്ട് ജില്ലാജഡ്ജി ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയുള്‍പ്പെടുന്നതുമായ അഞ്ചംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരിക്കുന്നു. പഴയതുപോലെ മുന്‍ രാജാവ് (മൂലംതിരുനാള്‍ രാമവര്‍മ്മ) ട്രസ്റ്റിയായി തുടരും. ആവശ്യമുള്ള കാര്യങ്ങളില്‍ അഞ്ചംഗസമിതിക്ക് ട്രസ്റ്റിയുടെ അഭിപ്രായം തേടാം. സുപ്രീംകോടതി വിധി അതേപടി നടപ്പിലാക്കുമെന്നും മുന്‍ രാജകുടുംബത്തെ അവഹേളിക്കരുതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്.

ഭരണഘടനാബദ്ധമായ ജനാധിപത്യ വ്യവസ്ഥയിലെ ഭരണാധികാരിക്കും മുന്‍ രാജകുടുംബത്തോടുള്ള കൂറ് നിലനില്‍ക്കുന്നുണ്ടെന്നര്‍ഥം. പഴയതുപോലെ മുന്‍ രാജകുടുംബാംഗങ്ങള്‍ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ഥനയും മറ്റും നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രശ്നം പരിഹരിച്ചതായി സുപ്രീംകോടതിക്കും മറ്റും സമാധാനിക്കാമെങ്കിലും അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. ക്ഷേത്രത്തില്‍ സൂക്ഷിക്കപ്പെട്ട, അടുത്തകാലത്ത് ഏറെ വിവാദമായ വമ്പിച്ച സമ്പത്ത് പല രൂപങ്ങളിലും പുറത്തുകടത്താന്‍ ഈ കാലയളവില്‍ ശ്രമങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവറയില്‍ സൂക്ഷിച്ച വിഷ്ണു വിഗ്രഹത്തിന്റെ ഭാഗങ്ങള്‍പോലും കാണാനില്ലാതായിരിക്കുന്നു. നിലവറകളിലെ സ്വര്‍ണ ഉരുപ്പടികളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ മുന്‍ രാജകുടുംബം ഒരു സ്വര്‍ണപ്പണിക്കാരനെ നിയോഗിച്ചുവെന്നും അയാള്‍ ഇത്തരം കടത്തിക്കൊണ്ടുപോകലില്‍ പങ്കാളിയായിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏതായാലും ക്ഷേത്രസമ്പത്തിന്റെ സംരക്ഷണത്തില്‍ സൂക്ഷ്മതയും അവധാനതയും പുലര്‍ത്താന്‍ ട്രസ്റ്റിയായ രാജകുടുംബം ശ്രദ്ധിച്ചില്ല എന്നും ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് ഇത്തരം കടത്തലുകള്‍ ഏറ്റവുമധികം സംഭവിച്ചതെന്നും സൂചനയുണ്ട്. ഇതുതന്നെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ആദ്യം പരാതി നല്‍കിയ സുന്ദര്‍രാജന്‍ ചൂണ്ടിക്കാണിച്ചതും. സുന്ദര്‍രാജന്റെ പരാതിയില്‍ പ്രകടിപ്പിച്ച ഉല്‍കണ്ഠയും തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍നിന്നു കിട്ടിയ സൂചനയും ശരിയാണെന്നാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ സ്വത്ത് സാമൂഹ്യ സമ്പത്താണെന്നും അത് തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന്റെയോ മറ്റേതെങ്കിലും വിശ്വാസി സമൂഹത്തിന്റെയോ സ്വകാര്യ സ്വത്തല്ലെന്നുമാണ് ഈ പ്രശ്നത്തിലിടപെട്ട് അഭിപ്രായം പറഞ്ഞ ജനാധിപത്യവാദികള്‍ ചൂണ്ടിക്കാണിച്ചത്. സുപ്രീംകോടതിയുടെ വിധി ഈ വാദത്തെ അംഗീകരിക്കുന്നു. ക്ഷേത്രമോ മറ്റേതെങ്കിലും വസ്തുവോ ഒരു വ്യക്തിയുടെയോ കുടുംബത്തിെന്‍റയോ സ്വകാര്യ സ്വത്താണെങ്കില്‍ അതയാളുടെ താല്‍പര്യമനുസരിച്ച് വിനിയോഗംചെയ്യാം. അവിടെ നഷ്ടം സംഭവിക്കുകയാണെങ്കില്‍ നഷ്ടം വസ്തുവുടമയായ വ്യക്തിക്കോ കുടുംബത്തിനോ ആണ്. നഷ്ടത്തിന് പരിഹാരം കിട്ടാന്‍ ഉടമയ്ക്ക് അവകാശവുമുണ്ട്. എന്നാല്‍ ക്ഷേത്രം ഒരു പൊതു സ്ഥാപനമാണ്. അവിടെ നടത്തുന്ന വഴിപാടുകളില്‍നിന്നും പൂജകളില്‍ നിന്നുമൊക്കെയുള്ള വരുമാനം ക്ഷേത്രത്തിനാണ് ലഭിക്കുക. അവിടത്തെ സ്വത്തിന്റെ മുഴുവനും ഉടമയും ക്ഷേത്രമാണ്.

മുന്‍ രാജാക്കന്മാര്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റികള്‍ മാത്രമാണ്. അതായത് ക്ഷേത്രമെന്ന കോര്‍പറേറ്റ് സംവിധാനത്തെ നോക്കി നടത്തുന്ന വിശ്വസ്തന്‍ മാത്രമാണ് മുന്‍ രാജാവ്. ട്രസ്റ്റിയുടെ സ്ഥാനം സ്വകാര്യ ഉടമയുടേതല്ല. ഈ ലളിതമായ നിയമപരമായ യുക്തി മറികടന്ന് ക്ഷേത്രത്തിന്മേല്‍ സ്വകാര്യ ഉടമാവകാശം സ്ഥാപിക്കാനാണ് മുന്‍ രാജകുടുംബവും അവര്‍ നിയോഗിച്ച അഭിഭാഷകരും സുപ്രീംകോടതിയില്‍ ശ്രമിച്ചത്. സര്‍ക്കാര്‍ അഭിഭാഷകരും ഈ ശ്രമത്തിന് കൂട്ടുനില്‍ക്കുകയും ചെയ്തു. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന ലളിതവും പ്രധാനവുമായ ചോദ്യങ്ങളുണ്ട്. ക്ഷേത്രം ഒരു സ്വകാര്യ സ്ഥാപനമാണെങ്കില്‍, സ്വകാര്യ സ്ഥാപനത്തിന്റെ ആസ്തി - ബാധ്യതകളുടെ കണക്കുകള്‍ പുറത്തുകൊണ്ടുവരാനുള്ള ബാധ്യത ഉടമകള്‍ക്കുണ്ട്. ഇന്ത്യയിലെ വന്‍ ശതകോടീശ്വരന്മാര്‍ക്കും അവരുടെ സ്വത്ത് വെളിപ്പെടുത്തേണ്ട ബാധ്യതയുണ്ട്. എന്നാല്‍, ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ ""വിശ്വാസ""ത്തിന്റെപേരില്‍ മുന്‍ രാജകുടുംബം സമ്മതിച്ചില്ല. ആരുടെ വിശ്വാസമെന്ന ചോദ്യത്തിന് പത്മനാഭനെ ആരാധിക്കുന്ന നിരവധി ഭക്തരുടെ വിശ്വാസമെന്ന ഉത്തരം വന്നു. എന്നാല്‍ അമിക്കസ്ക്യൂറി ചൂണ്ടിക്കാണിച്ചത് ഈ നിലവറകളുടെ ദുരൂഹതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവിടെനിന്ന് സ്വര്‍ണം കടത്തുന്നുണ്ടായിരുന്നുവെന്നാണ്. അതായത് വേലിതന്നെ വിളവ് തിന്നുന്നുവെന്നര്‍ഥം. സ്വന്തം വീട്ടിലെ സ്വര്‍ണം കള്ളന്മാരെ വിട്ട് മോഷ്ടിപ്പിക്കുന്ന ഏര്‍പ്പാട് നാം സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഖജനാവിന്റെ പൂട്ടും താക്കോലും കൈവശമുള്ള കാരണവര്‍തന്നെ അതു ചെയ്യേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് തനിക്കവകാശമുള്ള സമ്പത്തല്ലെന്ന ബോധ്യം മോഷ്ടിക്കുന്ന ആള്‍ക്കുമുണ്ട്. ഇതല്ലേ ക്ഷേത്രത്തിലും നടന്നത്? പൊതു സമ്പത്തായ ക്ഷേത്രത്തിലെ സ്വര്‍ണവും മറ്റമൂല്യവസ്തുക്കളും നഷ്ടപ്പെടുന്നുണ്ടെങ്കില്‍ കൊള്ളയടിക്കപ്പെടുന്നതും പൊതുസമ്പത്താണ്. കള്ളനെത്തന്നെ താക്കോല്‍ ഏല്‍പിക്കരുത് എന്നത് സാമാന്യമായ തത്വമാണ്. അതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വന്നത്. അതിനെ പിന്തുണച്ചാണ് സുപ്രീംകോടതിയുടെ തീരുമാനവും വന്നത്. ക്ഷേത്രഭരണത്തെ സംബന്ധിച്ച നിലവിലുള്ള സംവിധാനത്തെ മാറ്റേണ്ട നിയമപരമായ ബാധ്യതയില്ലാത്തതുകൊണ്ടാകാം മുന്‍ രാജാവിനെ ട്രസ്റ്റിയായി തുടരാന്‍ സമ്മതിച്ചത്. അവര്‍ സ്ഥിരമായി കൈകാര്യംചെയ്തു പോന്ന സമ്പത്തിനുമേല്‍ ഉടമാവകാശം സ്ഥാപിക്കാന്‍ മുന്‍ തെറ്റോ ശരിയോ ആയ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ രാജകുടുംബം വെമ്പല്‍കൊള്ളുന്നത് മനസ്സിലാക്കാം. അതിനെക്കുറിച്ച് നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് തീര്‍പ്പ് കല്‍പിക്കേണ്ടത് ഭരണകൂടവും കോടതിയുമാണ്. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മുന്‍ രാജകുടുംബത്തിന്റെ അവകാശവാദങ്ങളുടെ കള്ളി വെളിച്ചത്താക്കുന്നതുമാണ്. ഇവിടെ വിചിത്രമായ നിലപാടെടുത്തത് സംസ്ഥാന സര്‍ക്കാരായിരുന്നു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം വകുപ്പുവഴി നടത്തുന്ന സംസ്ഥാനസര്‍ക്കാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള തര്‍ക്കം വന്നപ്പോള്‍ അതേ നിലപാട് സ്വീകരിച്ചില്ല എന്നുമാത്രമല്ല, മുന്‍ രാജകുടുംബത്തിന്റെ അവകാശവാദങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ക്ഷേത്രസമ്പത്തില്‍ തിരിമറി നടക്കുന്നതായി ആദ്യം പരാതി ഉയര്‍ന്നപ്പോഴും പിന്നീട് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ഇത്തരം പരാതികളെ സ്ഥിരീകരിച്ചപ്പോഴും ക്ഷേത്ര ഭരണ രീതിയെ വിമര്‍ശിക്കാനോ സ്വന്തമായ സംവിധാനങ്ങള്‍ നിര്‍ദേശിക്കാനോ ഒരു ശ്രമംപോലും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച ഭരണ സംവിധാനംപോലും നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റിന് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ അത്തരമൊരു നിര്‍ദേശം സ്വയം സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിക്കുമുമ്പില്‍ വയ്ക്കാമായിരുന്നു; അതുമുണ്ടായില്ല. അതായത്, ക്ഷേത്രസമ്പത്തിനെ സംബന്ധിച്ച തര്‍ക്കത്തിന്റെ മറവില്‍ വളര്‍ത്തിക്കൊണ്ടുവന്ന രാജഭക്തിയെയും ഹൈന്ദവവിശ്വാസങ്ങളെയും സംബന്ധിച്ച ശക്തമായ പ്രചരണത്തെ ശരിവയ്ക്കുകയാണ് ഫലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ആരെയാണ് സംസ്ഥാനസര്‍ക്കാര്‍ പേടിക്കുന്നത്? ഒരുകാലത്ത് സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി വാദിക്കുകയും പിന്നീട് രാജപ്രമുഖ് സ്ഥാനം കൈവശപ്പെടുത്തി നിലനില്‍ക്കാന്‍ ശ്രമിക്കുകയും പിന്നീട് ഭക്തിമാര്‍ഗത്തിലേക്കും ബിസിനസ് മാര്‍ഗത്തിലേക്കും തിരിയുകയും ചെയ്ത മുന്‍ രാജകുടുംബത്തെയാണോ? രാജഭക്തി ഇപ്പോഴും വ്രതമായി കൊണ്ടുനടക്കുന്ന ഏതാനും പ്രമാണിമാരെയാണോ? ശ്രീപത്മനാഭക്ഷേത്രംപോലെയുള്ള ഏതു ക്ഷേത്രത്തെ സംബന്ധിച്ചും ആള്‍ദൈവങ്ങളെ സംബന്ധിച്ചും പരാതികളും വിമര്‍ശനങ്ങളുമുയരുമ്പോള്‍ അട്ടഹസിച്ചു ചാടിപ്പുറപ്പെടുന്നവരെയാണോ? ക്ഷേത്രങ്ങള്‍ ഭക്തരുടെയും വിശ്വാസികളുടെയും കേന്ദ്രങ്ങളാകാം. അവയൊരിക്കലും അതതുകാലത്തെ നിയമങ്ങള്‍ക്കും നീതിക്രമങ്ങള്‍ക്കും അതീതമായി നിലനിന്നിട്ടില്ല. ക്ഷേത്രങ്ങളെ സംബന്ധിച്ച നിയമങ്ങളും വ്യവസ്ഥകളും മുന്‍ മറികടക്കാന്‍ രാജകുടുംബങ്ങള്‍ക്കുപോലും അധികാരമില്ല. ഇതിനൊക്കെ ഏറ്റവുമധികം തെളിവും ലഭിക്കുന്നത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നുതന്നെയാണ്.

ഇന്ന് വിശ്വാസികളും അല്ലാത്തവരുമായ ആളുകള്‍ നടത്തുന്ന പൊതു സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ട്. ക്ഷേത്രം ഒരു സ്വകാര്യ സ്ഥാപനമായാല്‍പോലും അവിടെ മോഷണവും തിരിമറിയും നടന്നാല്‍ പിടികൂടാനും ശിക്ഷിക്കാനും വ്യവസ്ഥകളുണ്ട്. ഈ നീതിന്യായക്രമത്തിന്റെ നിര്‍വഹണം അതതുകാലത്തെ ഗവണ്‍മെന്റുകള്‍ക്കാണ്. ""മുഖംനോക്കാതെ നടപടിയെടുക്കു""മെന്ന് ഇടയ്ക്കിടെ ഗര്‍ജിക്കുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍, അവര്‍ മുന്‍ രാജകുടുംബാംഗങ്ങളാണോ വിശ്വാസികളാണോ എന്നൊക്കെ ""മുഖം"" നോക്കേണ്ട ആവശ്യമില്ല. ഇവിടെ അങ്ങനെ നടപടിയെടുക്കാന്‍ ശ്രമിച്ചില്ല, എന്നുമാത്രമല്ല വിശ്വാസത്തിന്റെയും രാജഭക്തിയുടെയും മറവില്‍ ക്ഷേത്രമാകെ കട്ടുമുടിക്കാനുള്ള അവസരം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം വിക്രിയകള്‍ക്കുമുമ്പില്‍ നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കുന്നത് ഇതാദ്യമായല്ല. അതുകൊണ്ട് വിശ്വാസത്തെയും ഭക്തിയെയും മറ്റും ഉപയോഗിച്ച് വിലപേശാന്‍ ഇന്ന് പലരും സാമര്‍ത്ഥ്യം നേടിയിരിക്കുന്നു. മുസ്ലീം മത സമുദായത്തിലെ ബാല്യവിവാഹങ്ങള്‍ക്ക് നിയമപരമായ സാധൂകരണം നല്‍കാന്‍ സര്‍ക്കാരും അതിനെ ""പല്ലും നഖവും ഉപയോഗിച്ച്"" ന്യായീകരിക്കാന്‍ ചില മത സംഘടനകളും നടത്തിയ ശ്രമങ്ങള്‍ അടുത്തകാലത്തു നാം കണ്ടതാണ്. ഭരിക്കുന്ന പാര്‍ടിയുടെ സംഘടനാ പ്രസിഡണ്ട് മന്നം സമാധിയില്‍ കയറി ആരാധിച്ചതിനെതിരെ സമുദായ മുഖ്യന്‍ ആക്രോശിച്ചതും അതിനെതിരെ ഒന്നും ഉരിയാടാതെ ഭരണക്കാര്‍ക്ക് നില്‍ക്കേണ്ടി വന്നതും അടുത്തകാലത്തു നടന്ന സംഭവമാണ്. ഒരു ആള്‍ദൈവമഠത്തിലെ സ്ത്രീപീഡനത്തിനും തിരിമറിക്കുമെതിരെ വ്യക്തമായ ആരോപണങ്ങളുയര്‍ന്നപ്പോള്‍ ആ മഠം നടത്തുന്ന സാമൂഹ്യസേവനത്തെ നമ്മുടെ ഭരണാധികാരികള്‍ പ്രകീര്‍ത്തിച്ചതും ഈയിടെ തന്നെയാണ്. വിശ്വാസത്തിന്റെ പുറംചട്ടയുണ്ടെങ്കില്‍ ഇവിടെ എന്തു വിക്രിയയുമൊപ്പിക്കാമെന്നും അതുകണ്ടാല്‍ മുട്ടുവിറയ്ക്കുന്ന ഭരണാധികാരികളാണ് നമുക്കുള്ളതെന്നും ഇപ്പോള്‍ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണല്ലോ ബാര്‍ലൈസന്‍സ് പ്രശ്നത്തെക്കുറിച്ച് കേരള ബിഷപ്സ് കൗണ്‍സില്‍ അഭിപ്രായം പറയുന്നത്. വന്ദ്യപിതാക്കള്‍ക്ക് മദ്യഷാപ്പിലെന്തുകാര്യം എന്നു ചോദിക്കരുത്. പ്രശ്നം മുട്ടുവിറതന്നെയാണ്. മതസ്വാതന്ത്ര്യം പൂര്‍ണമായി ഉറപ്പുവരുത്തുകയും അതേസമയം മതനിരപേക്ഷമായ രാഷ്ട്രീയ ഭരണ സംവിധാനം ആവിഷ്കരിക്കുകയും ചെയ്യുന്ന ഭരണഘടന നമുക്കുണ്ട്. അതനുസരിച്ച് ഭരണനിര്‍വഹണം നടത്തുമെന്ന് സത്യപ്രതിജ്ഞ നടത്തി അധികാരത്തിലിരിക്കുന്ന ഭരണാധിപന്മാരാണ് നമുക്കുള്ളത്. മത സ്ഥാപനങ്ങളെയും വിശ്വാസ സംഹിതകളെയും സ്വസമുദായങ്ങളെയും സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ മറ്റെല്ലാ പൗരന്മാരെയുംപോലെ മതമേധാവികള്‍ക്കും ക്ഷേത്രഭരണക്കാര്‍ക്കും രാജാക്കന്മാര്‍ക്കും അവകാശമുണ്ട്. അത് കേള്‍ക്കാനും ഭരണഘടനയനുസരിച്ച് ഉചിതമായ തീരുമാനമെടുക്കാനും ഭരണാധികാരികളും ബാധ്യസ്ഥരാണ്. വിശ്വാസികള്‍ക്ക് സ്വന്തം വിശ്വാസത്തെ സംരക്ഷിക്കാനുള്ള പൂര്‍ണമായ അവകാശവുമുണ്ട്. പക്ഷേ, സ്വന്തം വിശ്വാസംവെച്ച് വിലപേശാന്‍ അവര്‍ക്കുള്ള അവകാശം ഭരണഘടനയനുസരിച്ചു മാത്രമാകും.

ദൈവം ചൂതാട്ടത്തിലെ കരുവാണെന്ന് ദൈവവിശ്വാസികളെങ്കിലും കരുതാന്‍ പാടില്ല. പത്മനാഭസ്വാമിക്ഷേത്രഭരണത്തെക്കുറിച്ചുള്ള വിവാദമുണ്ടായപ്പോള്‍ ചിലര്‍ വിലപേശല്‍ നടത്തിയത് ഹൈന്ദവ വിശ്വാസത്തെയും പത്മനാഭസ്വാമിയുടെ മഹനീയതയെയും മുന്‍ രാജാവും ക്ഷേത്രവും തമ്മില്‍ മറ്റൊരു ഭരണ വ്യവസ്ഥയില്‍ ഉണ്ടായിരുന്ന ബന്ധത്തെയും ഒക്കെ ആധാരമാക്കിയാണ്. ഇതില്‍ നമ്മുടെ ഭരണാധികാരികള്‍ക്കും കോടതികള്‍ക്കും എങ്ങനെ തീര്‍പ്പുകല്‍പിക്കാനാകും? അവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഇന്നത്തെ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയുടെ കീഴിലാണ്. അതുചെയ്യാന്‍ നമ്മുടെ ഭരണാധികാരികള്‍ ശങ്കിച്ചുനിന്നു എന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കുതന്നെ അപമാനമാണ്. നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷവും ദൈവവിശ്വാസികളാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ഭരണാധികാരികള്‍ ഉത്തരം പറയുമായിരിക്കും. തീര്‍ച്ചയായും അതെ. പക്ഷേ, ഇതേ ദൈവവിശ്വാസികള്‍ ഒരു ജനാധിപത്യ സമൂഹത്തിലെ പൗരന്മാരാണെന്നും മതനിരപേക്ഷമായ നീതിന്യായ വ്യവസ്ഥയ്ക്ക് വിധേയരാണെന്നുമുള്ള വസ്തുത മറക്കാന്‍ പാടില്ല.

ക്ഷേത്ര വിഗ്രഹം മോഷ്ടിക്കുന്നയാളും ലൈംഗികപീഡനം നടത്തുന്ന സന്യാസിയും വൈദികനും കൊലപാതകിയായ മതപ്രചാരകനും ദൈവവിശ്വാസികളാണെന്ന കാരണംകൊണ്ടുമാത്രം അവരുടെ ശിക്ഷയില്ലാതാകുകയില്ല. ഇവരുടെമേല്‍ നീതിന്യായ വ്യവസ്ഥയുടെയും ജനാധിപത്യവ്യവസ്ഥയുടെയും നിയന്ത്രണം പതിയുകതന്നെ വേണം. സാമൂഹ്യമായ ഉത്തരവാദിത്വങ്ങളും ബാധ്യതകളും അവര്‍ക്കും ബാധകമാകണം. അത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മുട്ടുവിറയ്ക്കുന്നതും ഭയന്നോടുന്നതും ജനാധിപത്യ വ്യവസ്ഥയുടെ കീഴടങ്ങലിനെയാണ് കാണിക്കുന്നത്. നമ്മുടെ സംസ്ഥാനം ഭരിക്കുന്നയാളുകള്‍ ഇപ്പോള്‍ നിര്‍ലജ്ജം കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കോടതികള്‍ക്ക് ഇടപെടേണ്ടി വരുന്നതും. ദൈവവിശ്വാസികളായ നമ്മുടെ ഭരണാധികാരികള്‍ സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട്. പത്മനാഭസ്വാമിയെ, ഈശ്വരനെ, നമുക്ക് ആരാധിക്കാം, പേടിക്കാം. പക്ഷേ, ഹിന്ദു വര്‍ഗീയതയുടെ പ്രതീകമായ രാഹുല്‍ ഈശ്വറിനെയും പേടിക്കേണ്ടതുണ്ടോ?

*
കെ എന്‍ ഗണേശ് ചിന്ത വാരിക

No comments: