Sunday, August 31, 2008

ദരിദ്രരുടെ ചൂട്ടുവിളക്കുകള്‍

ആഫ്രിക്കയ്ക്കകത്തും പുറത്തുമായി ജീവിക്കുന്ന ആഫ്രിക്കക്കാരുടെ സിനിമകളെയാണ് പൊതുവെ ആഫ്രിക്കന്‍ സിനിമയായി പരിഗണിക്കുന്നത്. നൂറ്റാണ്ടുകളുടെ അടിമത്തമാണ് ആഫ്രിക്ക അനുഭവിച്ചത്. 1960കളോടെ ഏറെ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഭാഷയിലും സംസ്കാരത്തിലും ജീവിത പരിതസ്ഥിതികളിലും കൊളോണിയലിസം സൃഷ്ടിച്ചുവെച്ച മുദ്രകളും ഭാണ്ഡക്കെട്ടുകളും പരിഹരിക്കാന്‍ ഇനിയും നൂറ്റാണ്ടുകളെടുത്തേക്കും. കറുപ്പ് എന്നാല്‍ തിന്മ എന്നും വെളുപ്പ് എന്നാല്‍ നന്മ എന്നുമുള്ള വിവേചനം പോലും വെളുത്ത വംശജരുടെ വര്‍ണവെറിയെയാണ് ആന്തരീകരിക്കുന്നതെന്ന് ബോധ്യപ്പെടാതെ ലോകം മുഴുവനും അംഗീകരിച്ചു പോരുകയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൊളോണിയല്‍ കാലഘട്ടത്തിലെ ആഫ്രിക്കന്‍ സിനിമ എന്നാല്‍ പാശ്ചാത്യ സിനിമാ സംവിധായകര്‍ ആഫ്രിക്കയെക്കുറിച്ചെടുത്ത സിനിമ എന്നാണ് വിശദീകരിക്കപ്പെടുക. അന്ന് ആ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ചരിത്രവും സംസ്ക്കാരവും ഇല്ലാത്ത ഒരു താഴ്ന്ന തരം ജനതയായി ആഫ്രിക്കന്‍ വംശജര്‍ ഈ സിനിമകളില്‍ സ്ഥാനപ്പെടുത്തപ്പെട്ടു. ടാര്‍സന്‍, ഫാന്റം, ദ ആഫ്രിക്കന്‍ ക്യൂന്‍, കിംഗ് സോളമന്‍സ് മൈന്‍സ്, വൈല്‍ഡ് സ്റോറീസ് എന്നിങ്ങനെ സീരിയലൈസ് ചെയ്യപ്പെട്ട അനവധി ആഫ്രിക്കന്‍ കഥകള്‍ സിനിമകളായി തുരുതുരാ പുറത്തു വന്നപ്പോള്‍ അതിലൊക്കെ കാട്ടുമനുഷ്യരും ആദിവാസികളും ആഫ്രിക്കക്കാരും കറുത്ത തൊലി നിറമുള്ളവരും നിരന്തരമായി അപഹസിക്കപ്പെട്ടു. ആ പരിഹാസമായിരുന്നു അത്തരം ചിത്രങ്ങളുടെയെല്ലാം വിജയ ഫോര്‍മുല. ഫ്രഞ്ച് കോളനി രാജ്യങ്ങളില്‍ ആഫ്രിക്കന്‍ വംശജര്‍ സിനിമ യെടുക്കുന്നതിന് നിരോധനം തന്നെ നിലനിന്നിരുന്നു. ഫ്രഞ്ച് ആഫ്രിക്കയിലെ ആദ്യ 'ആഫ്രിക്കന്‍' സിനിമയായി പരിഗണിക്കപ്പെടുന്ന ല ആഫ്രിക്ക സര്‍ സീനെ (1955/സംവിധാനം: പോളിന്‍ സോമാനൌ വിയേറ) യഥാര്‍ത്ഥത്തില്‍ പാരീസിലാണ് ചിത്രീകരിക്കപ്പെട്ടത്. അതുപോലെ തന്നെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് കൊളോണിയല്‍ വിരുദ്ധ സിനിമകള്‍ അപൂര്‍വമായിട്ടേ പുറത്തുവന്നിരുന്നുള്ളൂ. ക്രിസ് മേക്കറും അലന്‍ റെനെയും ചേര്‍ന്ന് സംവിധാനം ചെയ്ത ലെസ് സ്റാറ്റ്യൂസ് മ്യോറന്റ് ഓസി എന്ന സിനിമ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഈ ചിത്രം പത്തു വര്‍ഷക്കാലത്തോളം ഫ്രാന്‍സില്‍ നിരോധിക്കപ്പെട്ടിരുന്നു. ആഫ്രിക്കന്‍ കല യൂറോപ്യന്‍മാര്‍ മോഷ്ടിക്കുന്നതാണ് ചിത്രത്തിന്റെ പ്രതിപാദ്യം. കോട്ടെ ഡി ഐവറിയിലും അപ്പര്‍ വോള്‍ട്ടയിലും നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെക്കുറിച്ചുള്ള ആഫ്രിക്കെ ഫിഫ്റ്റി (സംവിധാനം: റെനെ വോത്തിയര്‍) മറ്റൊരുദാഹരണമാണ്.

ആഫ്രിക്കന്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിലൊരാളായ ഒസ്മാന്‍ സെംബെനേയുടെ ല നോയര്‍ ദെ അഥവാ കറുത്ത പെണ്‍കുട്ടി (1966) ആണ് അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിയ ആദ്യത്തെ പ്രധാനപ്പെട്ട ആഫ്രിക്കന്‍ സിനിമ. സെനെഗാളാണ് സെംബെനെയുടെ രാജ്യം. ആഫ്രിക്കന്‍ സിനിമയുടെ പിതാവായി സെംബെനെ വിശേഷിപ്പിക്കപ്പെടുന്നു. 1923 ജനുവരി 1ന് ജനിച്ച സെംബെനെ 2007 ജൂണ്‍ 9നാണ് മരിച്ചത്. മുസ്ളിം വോളോഫ് വംശജനായ സെംബെനെ ഒരു മീന്‍ പിടുത്ത തൊഴിലാളിയുടെ മകനാണ്. വോളോഫ് എന്ന മാതൃഭാഷക്കു പുറമെ അറബും ഫ്രഞ്ചും പഠിച്ച സെംബെനെ പ്രിന്‍സിപ്പാളുമായി കലഹിച്ചതിനെ തുടര്‍ന്ന് പതിമൂന്നാം വയസ്സില്‍ പുറത്താക്കപ്പെട്ടു. പിന്നീട് അദ്ദേഹം പല പണികളും ചെയ്തു. 1944ല്‍ അദ്ദേഹം ഫ്രഞ്ച് പട്ടാളത്തിലും ചേര്‍ന്നിരുന്നു. 1947ല്‍ രാജ്യത്ത് തിരിച്ചെത്തിയ സെംബെനെ റെയില്‍വെ സമരത്തില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ മഹത്തായ നോവല്‍ ഗോഡ്സ് ബിറ്റ്സ് ഓഫ് വൂഡ് ഈ റെയില്‍ സമരത്തെ അവലംബിച്ചെഴുതിയതാണ്. പിന്നീട് ഫ്രാന്‍സിലെത്തിയ സെംബെനെ അവിടെ തൊഴിലാളിയായി പണിയെടുക്കുകയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലും കമ്യൂണിസ്റ് പാര്‍ടിയിലും പ്രവര്‍ത്തിക്കുകയും ചെയ്തു. വിയറ്റ്നാമില്‍ അമേരിക്ക നടത്തിയ യുദ്ധത്തിനാവശ്യമായ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള കപ്പല്‍ തടഞ്ഞ സമരത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. ഫ്രഞ്ച് ഭാഷയിലും മാതൃഭാഷയിലും നിരവധി നോവലുകളും സാഹിത്യകൃതികളും ഇക്കാലത്ത് അദ്ദേഹം എഴുതി. സാഹിത്യകാരന്‍ എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട കൂട്ടത്തില്‍ മോസ്കോയിലെത്തിയ സെംബെനെ അവിടെ ഒരു വര്‍ഷം താമസിച്ച് ഗോര്‍ക്കി സ്റുഡിയോവില്‍ നിന്ന് സിനിമ പഠിക്കുകയും ചെയ്തിരുന്നു. 1960ല്‍ സെനെഗാളില്‍ തിരിച്ചെത്തിയ സെംബെനെ കൂടുതല്‍ ജനങ്ങളോട് സംവദിക്കുന്നതിന് യുക്തമായ മാധ്യമം സിനിമയാണെന്ന് തിരിച്ചറിയുകയും ചലച്ചിത്രസംവിധാനത്തിലേക്ക് തിരിയുകയുമായിരുന്നു. ഫ്രാന്‍സില്‍ വീട്ടു വേലക്കാരിയായി ജോലി ചെയ്യുന്ന ഒരു ആഫ്രിക്കന്‍ വംശജയുടെ കഥയാണ് ബ്ളാക്ക് ഗേള്‍ എന്ന ആദ്യ ഫീച്ചര്‍. നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചു. മണ്ഡാപി, സാല, സെഡ്ഡോ, ക്യാമ്പ് ദെ തിയറോയെ, ഗോള്‍വാര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകള്‍. സാമ്രാജ്യത്വത്തിന്റെ ചരിത്രം, മതത്തിന്റെ പരാജയങ്ങള്‍, പുതിയ ആഫ്രിക്കന്‍ ബൂര്‍ഷ്വായെക്കുറിച്ചുള്ള വിമര്‍ശനം, ആഫ്രിക്കന്‍ സ്ത്രീത്വത്തിന്റെ കരുത്ത് എന്നിവയാണ് അദ്ദേഹം നിരന്തരമായി പരിചരിക്കുന്ന ആശയങ്ങള്‍. ആഫ്രിക്കന്‍ സ്ത്രീകളുടെ ശിശ്നഛേദന കര്‍മവും അതു സംബന്ധിച്ചുള്ള ചടങ്ങുകളും അന്ധവിശ്വാസങ്ങളുമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രമായ മൂലാദേ (2004)യുടെ മുഖ്യ ഇതിവൃത്തം. കാനിലടക്കം നിരവധി മേളകളില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതാണ് സെംബെനെയുടെ സിനിമകള്‍. വെളിച്ചത്തിന്റെ മഹാമാര്‍ഗത്തിലേക്ക് ദരിദ്രരെ വഴി തെളിയിച്ചുകൊണ്ടുപോയ ചൂട്ടു വിളക്കുകളാണവ.

ബര്‍ക്കിനാ ഫാസോ, ടുണീഷ്യയിലെ കാര്‍ത്താഗോ എന്നീ നഗരങ്ങളില്‍ മാറി മാറി നടക്കുന്ന ചലച്ചിത്രമേളകളില്‍ ആഫ്രിക്കന്‍ സിനിമകള്‍ കാണുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഫെപ്പാസി (ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫിലിം മേക്കേഴ്സ്) എന്ന സംഘടന ആഫ്രിക്കന്‍ സിനിമയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മെഡ് ഹോണ്ടോ സംവിധാനം ചെയ്ത ഓ സൊളേല്‍ ഓ (1969) ഫ്രാന്‍സില്‍ കറുത്ത തൊലിനിറത്തോടെ ജീവിക്കുന്നതിന്റെ വൈഷമ്യങ്ങള്‍ കൂടുതല്‍ തീവ്രതയോടെ ആവിഷ്ക്കരിക്കുന്നു. ദിബ്രില്‍ ദ്യോപ്പ് മാമ്പെറ്റിയുടെ തൂക്കി ബൂക്കി (1973) ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ദാക്കറിലെ യുവകമിതാക്കള്‍ പാരീസിലേക്ക് എന്തു വിലകൊടുത്തും നടത്താന്‍ തുനിയുന്ന ഒരു യാത്രയുടെ തയ്യാറെടുപ്പുകളെക്കുറിച്ചാണ് ഈ ചിത്രം. സൂളിമേന്‍ സിസ്സെ സംവിധാനം ചെയ്ത യീലേന്‍ (മാലി/1987), ചീക്ക് ഓമര്‍ സീസോക്കോ സംവിധാനം ചെയ്ത ഗ്യൂംബ (മാലി/1995) എന്നീ സിനിമകള്‍ പാശ്ചാത്യ പ്രേക്ഷകരില്‍ വലിയ താല്‍പര്യം ജനിപ്പിക്കുകയുണ്ടായി. ഴാങ് പിയെറേ ബെക്കാലോ സംവിധാനം ചെയ്ത ക്വാര്‍ട്ടിയര്‍ മൊസാര്‍ട്ട് (കാമറൂണ്‍/1992) ആഗോളവല്‍ക്കരിക്കപ്പെട്ട ആഫ്രിക്കന്‍ മഹാനഗരം എന്ന പുതിയ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നു.

ആഫ്രിക്കയിലെ ഏറ്റവും ശ്രദ്ധേയനായ രണ്ടാം തലമുറ സംവിധായകനാണ് അബ്ദറഹ്മാന്‍ സിസാക്കോ(മൌറീഷ്യാന). അദ്ദേഹത്തിന്റെ സിനിമകള്‍, 1960കളിലെ ആദ്യകാല ആഫ്രിക്കന്‍ സംവിധായകരുടെ ധീരമായ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. തീര്‍ച്ചയായും ആദ്യകാല സിനിമകളില്‍ നിന്ന് അവ ഒരു പാട് മുന്നോട്ടു പോയിട്ടുണ്ട്. പുതിയ കാലത്ത് പ്രസക്തമാവുന്ന ഇതിവൃത്തമുള്ള ബമാക്കോ ഇരുത്തം വന്ന ഒരു സംവിധായകന്റെ കൈയൊതുക്കമുള്ള സൃഷ്ടിയാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം, കോളനിവല്‍ക്കരണത്തിനെതിരായ ചെറുത്തു നില്‍പ്, പുതിയ ഭാഷ കണ്ടെത്താനുള്ള ശ്രമം - നിരാസത്തിന്റെ സിനിമയുടെ വക്താക്കള്‍ക്കുണ്ടായിരുന്ന ഊര്‍ജ്ജം സിസാക്കോയിലൂടെയും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലൂടെയും നമുക്ക് കണ്ടെത്താനാവും. പ്രാദേശിക ചരിത്രഗാഥകള്‍ അടുത്ത തലമുറക്ക് കൈമാറിയിരുന്ന ഗോത്രഗായകരെപ്പോലെ, തന്റെ കാലത്തെ അടയാളപ്പെടുത്തുകയാണ് ചലച്ചിത്രകാരന്റെ കടമ എന്ന ചിന്താഗതിയാണ് അക്കാലത്തുണ്ടായിരുന്നത്.

ആഫ്രിക്കന്‍ സിനിമയിലെ ഒരു സ്ഥിരം ഘടകമാണ് പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം. ആഫ്രിക്കയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള അടുപ്പമായും അകലമായും വ്യാഖ്യാനിക്കാവുന്ന ഈ ഘടകം സിസാക്കോയുടെ ചിത്രങ്ങളിലും സജീവമാണ്. ആഫ്രിക്കയില്‍ നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള ദൂരം ഇക്കാലത്ത് വളരെ കുറഞ്ഞിട്ടുണ്ട്. ആഫ്രിക്ക കൂടി പങ്കു ചേരാന്‍ നിര്‍ബന്ധിതമായ ആഗോളീകരണത്തിന്റെ പരിണത ഫലമായി വേണമെങ്കില്‍ ഇതിനെക്കാണാം. പക്ഷെ, ആഫ്രിക്കയെ ഇതര ലോകത്തിന് പിന്നിലാക്കുന്ന സംഗതികള്‍ ഇപ്പോഴും അവിടെത്തന്നെ ധാരാളമുണ്ട്. ലൈഫ് ഓണ്‍ എര്‍ത്തില്‍ ഈ അന്തരം വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തതയായി അവതരിപ്പിക്കുന്നു. ടെലിഫോണ്‍ വിളിച്ചു കിട്ടാനും ഒരു ഭാഗ്യം വേണം എന്നാണ് ചിത്രത്തിലെ പബ്ളിക് ടെലിഫോണ്‍ ഓപ്പറേറ്റര്‍ പറയുന്നത്. സഹസ്രാബ്ദത്തിന്റെ അവസാനമാണ് ഈ ചിത്രം നിര്‍മിച്ചത്. പുതിയ സഹസ്രാബ്ദത്തിലേക്ക് ഔത്സുക്യത്തോടെ ഉറ്റുനോക്കുന്ന ലോകത്തെ മുഴുവനായി വരച്ചുകാട്ടാനായി ആര്‍ട്ടെ ടെലിവിഷന്‍ ചാനല്‍ പണം മുടക്കി ആരംഭിച്ച ചലച്ചിത്ര സംഘാതത്തില്‍ പ്രകോപന സ്വഭാവമുള്ള ലൈഫ് ഓണ്‍ എര്‍ത്ത് നിര്‍മ്മിച്ചുകൊണ്ടാണ് സിസാക്കോ പങ്കു ചേര്‍ന്നത്. തന്റെ അഛന്റെ വീടു സ്ഥിതി ചെയ്യുന്ന മാലിയിലെ ഒറ്റപ്പെട്ട ഒരു ഗ്രാമമാണ് സിസാക്കോ ചിത്രത്തിനായി തെരഞ്ഞെടുത്തത്. സഹസ്രാബ്ദം അവസാനിക്കുന്നതോ തുടങ്ങുന്നതോ അവിടത്തെ ജീവിതങ്ങളെ ബാധിക്കുന്നതേയില്ല. അന്നും പതിവുപോലെ ജീവിതം കരുപ്പിടിപ്പിക്കാനിറങ്ങിത്തിരിക്കുന്ന ഗ്രാമീണരെ സംബന്ധിച്ചിടത്തോളം സഹസ്രാബ്ദാഘോഷം അപ്രസക്തമാണ്. അവിടെ ടെലിവിഷന്‍ ദൃശ്യങ്ങളോ ഉത്സവാലങ്കാരങ്ങളോ ആഹ്ളാദപ്രകടനങ്ങളോ ഇല്ല. ഫ്രാന്‍സിലെ ആഘോഷങ്ങളുടെ മാറ്റൊലി, ഏക മാധ്യമമായ റേഡിയോയിലൂടെ നാട്ടുകാര്‍ക്ക് താല്‍പര്യമില്ലെങ്കിലും അവിടെ എത്തുന്നുണ്ടായിരുന്നു. പുതിയ സഹസ്രാബ്ദത്തിലേക്ക് ആഫ്രിക്ക കടന്നത് പ്രത്യേകിച്ചൊരു മാറ്റവും കൂടാതെയാണെന്ന് അതിശക്തമായി അവതരിപ്പിക്കുന്ന ചിത്രമാണ് ലൈഫ് ഓണ്‍ എര്‍ത്ത്.

ഇതേ അടയാളങ്ങള്‍ വെയിറ്റിംഗ് ഫോര്‍ ഹാപ്പിനെസിലും വരുന്നുണ്ട്. അല്‍പം വ്യത്യസ്തമായ രീതിയില്‍, ഇവിടെ ഒരു ഇലക്ട്രിക് ബള്‍ബാണ് പടിഞ്ഞാറിനെ പ്രതിനിധീകരിക്കുന്നത്. വ്യവസായവത്കൃത സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായ വൈദ്യുതി, മനുഷ്യനും പകല്‍വെളിച്ചവും തമ്മിലുള്ള ബന്ധത്തെ വരെ മാറ്റിമറിച്ചു. ചിത്രത്തില്‍ ആരും കാണാനില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ടെലിവിഷന്‍ നോക്കി മാതാ എന്ന പ്രായമായ ഇലക്ട്രീഷ്യന്‍ ചോദിക്കുന്നത് അവര്‍ക്ക് ശരിക്കും വൈദ്യുതി ആവശ്യമുണ്ടോ എന്നാണ്. അതേ സമയം സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുദ്രകള്‍ ചിത്രത്തില്‍ പലയിടത്തും കാണാം. പുത്തന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ചൈനീസ് വഴിയോരക്കച്ചവടക്കാരന്‍, കരോക്കെകള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. ആഫ്രിക്കയുടെ രണ്ടു മുഖങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. ഒരു വശത്ത് ആഗോളീകരണത്തിന്റെ ചിഹ്ന വ്യവസ്ഥ സമൂഹത്തെ ഗ്രസിക്കുമ്പോള്‍ മറുവശത്ത് ആഫ്രിക്കയിലെ ഗ്രാമീണരുടെ ജീവിതം മാറ്റമില്ലാതെ തുടരുന്നു. പാശ്ചാത്യ അധിനിവേശം പുതിയൊരു സമയക്രമം പോലും ഇവിടെ സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയും പടിഞ്ഞാറന്‍ ജിവിതവും തമ്മിലുള്ള ദൂരം, സിസാക്കോയുടെ ചിത്രങ്ങളില്‍ ഇപ്രകാരം വ്യക്തമായും ശക്തമായുമാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. ഇവിടെ ഭൂഖണ്ഡാന്തര സംവാദമാകുകയാണ് സിസാക്കോയുടെ സിനിമ.

ആഗോളവല്‍ക്കരണം ആഫ്രിക്കന്‍ സമൂഹത്തില്‍ സൃഷ്ടിച്ച ഉച്ചനീചത്വങ്ങളെ പ്രതീകാത്മകമായ വിചാരണക്ക് വിധേയമാക്കുകയാണ് ബമാക്കോയില്‍. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയുമാണ് ഈ വിചാരണയില്‍ പ്രതി ചേര്‍ക്കപ്പെടുന്നത്. മാലിയുടെ തലസ്ഥാനമായ ബമാക്കോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടുമുറ്റത്താണ് പ്രതീകാത്മക വിചാരണ നടക്കുന്നത്.രംഗത്തുള്ള അഭിഭാഷകരെ സിസാക്കോ രണ്ടു ഗ്രൂപ്പാക്കിയിരിക്കുന്നു. ഒരു കൂട്ടര്‍ ആഫ്രിക്കന്‍ ജനതക്കു വേണ്ടിയും മറ്റൊരു കൂട്ടര്‍ പ്രതികള്‍ക്കു വേണ്ടിയും വാദിക്കുന്നു. ആഫ്രിക്കയെ തകര്‍ത്തതില്‍ ഈ രണ്ടു സംഘടനകള്‍ക്കുമുള്ള പങ്ക് വിചാരണ ചെയ്യപ്പെടുമ്പോള്‍ സാധാരണ ജീവിതം അഭംഗുരം തുടരുന്നു. സങ്കല്‍പനത്തേയും യാഥാര്‍ത്ഥ്യത്തെയും ചെറിയ അതിര്‍വരമ്പിട്ട് വേര്‍തിരിക്കുന്ന സിസാക്കോയുടെ പതിവുരീതി തന്നെയാണിവിടെയുമുള്ളത്. പലപ്പോഴും യഥാര്‍ത്ഥജീവിതത്തില്‍ നിന്നുള്ളവര്‍ ഈ ചെറിയ അതിര്‍വരമ്പ് ലംഘിച്ച് ഈ വിചാരണയില്‍ പങ്കെടുക്കുന്നു. പ്രതികള്‍ക്കെതിരെ തെളിവു നല്‍കാന്‍ പലപ്പോഴും ഗ്രാമീണര്‍ സാങ്കല്‍പികമായ കോടതിമുറിയിലേക്ക് ക്ഷണിക്കപ്പെടുകയാണ്. റെയില്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ ഈ വിചാരണയില്‍ പങ്കെടുക്കുന്നു. റെയില്‍ഗതാഗതം സ്വകാര്യവല്‍ക്കരിച്ചതോടെ ഇത് സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുന്നത് ആഫ്രിക്കയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. പൊതു ഗതാഗതസംവിധാനം ഇല്ലാതാക്കിക്കൊണ്ട് എങ്ങനെ ഒരു സമൂഹത്തിന് വികസനപാതയിലെത്താന്‍ കഴിയുമെന്നാണ് ബമാക്കോയിലെ സാങ്കല്‍പികകോടതിയില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യം. ആഫ്രിക്കന്‍ വന്‍കരയുടെ ദുരിതങ്ങള്‍ ലോകത്തിന് ഏറെ പരിചിതമാണ്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വന്‍കരയെ ചിത്രീകരിക്കുന്നത് ദുരിതങ്ങളിലൂടെ മാത്രമാണ്. എന്നാല്‍, പാശ്ചാത്യ ലോകവുമായി നടക്കുന്ന സംവാദങ്ങളുടെ കര്‍തൃസ്ഥാനത്ത് ആഫ്രിക്കയെ പ്രതിഷ്ഠിച്ചുകൊണ്ട് ഒരു വഴിത്തിരിവുണ്ടാക്കുകയാണ് സിസാക്കോയുടെ സിനിമ. കൃത്യമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ സിനിമകളുടെ നിരാശാഭരിതവും വേദനിപ്പിക്കുന്നതുമായ ഭാവമല്ല. മറിച്ച് സംവേദനാത്മകമായ ആഹ്ളാദമാണ് ബമാക്കോയുടെ സവിശേഷത.

സംസ്ക്കാരം, കല, ജീവിതം, സാമ്പത്തിക വ്യവസ്ഥ എന്നീ പ്രതിഭാസങ്ങളെല്ലാം ആഗോള സാമ്രാജ്യത്വ ശക്തികളുടെ അധീശത്വത്തിനോ വിഴുങ്ങലിനോ വിധേയമാകുന്ന ദുരവസ്ഥയെ മൂന്നാംലോക രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പ്രത്യേകിച്ച് ചലച്ചിത്രകാരന്മാര്‍ എപ്രകാരമാണ് അഭിമുഖീകരിക്കുന്നത് എന്നത് തുടരെ തുടരെ മുഴങ്ങുന്ന ഒരു ചോദ്യമാണ്. ഈ ചോദ്യത്തിന്റെ ഉത്തരം അവ്യക്തമാണെങ്കിലും ചോദ്യത്തിന്റെ പ്രസക്തി അതുകൊണ്ടില്ലാതാകുന്നില്ല. ആഫ്രിക്കന്‍ സിനിമ, 'ഇരുണ്ടുപോയതു' കൊണ്ട് മുഖ്യധാരയില്‍ നിന്ന് നിഷ്ക്കാസിതരാക്കപ്പെട്ട ജനങ്ങളെയാണ് പ്രത്യക്ഷ വിഷയമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആ സിനിമകളെ വൈജാത്യങ്ങള്‍ക്കിടയിലും ഒന്നിച്ച് പോരാടുന്ന മാനുഷിക പ്രതിരോധത്തിന്റെ അടയാളമായി രേഖപ്പെടുത്താന്‍ ചരിത്രത്തെ നിര്‍ബന്ധിപ്പിക്കുന്നത്.

*
ജി. പി. രാമചന്ദ്രന്‍

വനിതാ സംവരണ ബില്‍ - രാഷ്ട്രീയവും ചരിത്രവും

നിയമനിര്‍മാണ സഭകളില്‍ ഇനിയെങ്കിലും വനിതകള്‍ക്ക് സംവരണം ലഭിക്കുമോ? വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്.

2008 മെയ് 7 ന് രാജ്യസഭയിലെ ബില്‍ അവതരണം കലാപാന്തരീക്ഷത്തില്‍ മുങ്ങിപ്പോയത് ദുരന്തസൂചിയാണ്. മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് ഇത്തരം അസംബന്ധ നാടകങ്ങളുടെ തനിയാവര്‍ത്തനമാണെന്നതും ബില്ലിന്റെ ചരിത്രസ്മരണകളും ദുരന്ത പരിണിതി അടിവരയിടുന്നു.

ലോകസഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി-108 -ാം ഭേദഗതി-ബില്‍ നാലാം തവണയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. മുമ്പ് മൂന്നു പ്രാവശ്യവും ലോകസഭയാണ് ബില്ലിന് അവതരണവേദിയായത്. സംവരണത്തിനുള്ളില്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗ സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ട വേണമെന്ന തര്‍ക്കം നീണ്ടതിനാല്‍ മുമ്പ് അവതരിപ്പിച്ച മൂന്ന് ബില്ലുകളും ലാപ്സായി. ഇപ്പോഴത്തെ ബില്ലിനെയും ഈ വാദം വേട്ടയാടുന്നുണ്ട്.

ബില്‍ അവതരിപ്പിക്കുന്നു


1996 -ല്‍ ദേവഗൌഡ സര്‍ക്കാരാണ് വനിതാ സംവരണത്തിന് 81 -ാം ഭരണഘടനാ ഭേദഗതി ബില്‍ ആദ്യം കൊണ്ടുവന്നത്. ആദ്യ വായനയ്ക്ക്ശേഷം ബില്‍ ഗീതാമുഖര്‍ജി അധ്യക്ഷയായ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്ക് വിട്ടു. ഇടതുപക്ഷം ഒഴികെ രാഷ്ട്രീയ കക്ഷികളുടെ രൂക്ഷമായ എതിര്‍പ്പ് ബില്‍ നേരിട്ടു. പ്രതിപക്ഷ ട്രഷറിബഞ്ചുകളിലെ 80 എം പിമാരാണ് അന്ന് ബില്‍ പാസാക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയത്. 'പ്രത്യേക ക്വാട്ടാ'വിവാദം നീണ്ടതിനാല്‍ ബില്‍ നിയമമായില്ല.

1998 ല്‍ വാജ്‌പേയി സര്‍ക്കാര്‍ ബില്‍ രണ്ടാമത് 84 -ാം ഭരണഘടനാ ഭേദഗതിയായി ലോകസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ അല്പായുസ്സായതോടെ ബില്ലും ആവിയായിപ്പോയി.

2000-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും ബില്‍ അവതരിപ്പിച്ചു. നിയമമന്ത്രിയായിരുന്ന രാംജത് മലാനിയുടെ ബില്‍ അവതരണം സമാജ്‌വാദി, ആര്‍ജെഡി അംഗങ്ങള്‍ പരുഷമായാണ് നേരിട്ടത്. സഭയുടെ അന്തസ്സ് ഹനിക്കുന്ന തടസ്സപ്പെടുത്തലിന് എന്‍ഡിഎയിലെ തന്നെ ചില ചെറുകക്ഷികളും ശക്തിപകര്‍ന്നിരുന്നു. എതിര്‍പ്പുകള്‍ക്കിടയില്‍ സര്‍ക്കാരിന്റെ അധികാരകാലത്തിനുള്ളില്‍ ബില്‍ പാസാക്കാനായില്ല.

ഈ അനുഭവപാഠങ്ങളാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ അവതരിപ്പിച്ച ബില്ലിന്റേയും ഗതി സംശയാസ്പദമാക്കുന്നത്. പ്രത്യേകിച്ചും ബില്‍ അവതരിപ്പിച്ചവരുടെ ആത്മാര്‍ഥതപോലും സംശയിക്കപ്പെടാവുന്നതാകുമ്പോള്‍! ഒരു കാര്യത്തില്‍ ആശ്വസിക്കാം. നേരത്തെ മൂന്ന് തവണയും ലോകസഭയിലാണ് ബില്‍ അവതരിപ്പിച്ചത്. അതിനാല്‍ ലോകസഭ പിരിച്ചുവിടുന്നതോടെ ബില്ലും ഇല്ലാതാകും. ഇക്കുറി രാജ്യസഭയില്‍ ആയതിനാല്‍ ആ ദുര്യോഗമില്ല.

96ല്‍ ആദ്യം ബില്‍ അവതരിപ്പിച്ചശേഷം എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും പ്രകടന പത്രികകളില്‍ വനിതാസംവരണം അണിയിച്ചൊരുക്കി എഴുന്നള്ളിച്ചിരുന്നു. യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയിലും വനിതാ സംവരണത്തിന് മഷി ചെലവഴിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം നിയമമാക്കുവാന്‍ പ്രാരംഭനടപടികള്‍ക്ക് നാല് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. മാത്രമല്ല തെരഞ്ഞെടുപ്പ് വര്‍ഷംതന്നെ ബില്‍ അവതരണത്തിന് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയ ലാഭേച്ഛ കാണുന്നതില്‍ തെറ്റില്ല. വിലക്കയറ്റം, ആണവക്കരാര്‍ തുടങ്ങി ജനവിചാരണ നേരിടുന്ന പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ സര്‍ക്കാരിന് പുതപ്പണിയിക്കേണ്ടതുമുണ്ട്. ഇതൊക്കെ പരിഗണിച്ചാകും ഇപ്പോള്‍ തിടുക്കത്തില്‍ ബില്‍ അവതരിപ്പിച്ചത്.

ബില്ലിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന ആര്‍ജെഡി യുടെ ഔദാര്യത്തിലാണ് ഇപ്പോള്‍ ബില്‍ അവതരിപ്പിക്കാനായത്. അവതരണാനുമതി നല്‍കിയെങ്കിലും ബില്ലിലെ വ്യവസ്ഥകളോടുള്ള എതിര്‍പ്പ് അവര്‍ തുടരുകയാണ്.

ബില്ലും ന്യൂനപക്ഷ വിവാദവും

ആദ്യ ബില്ലില്‍നിന്നും പ്രകടമായ മാറ്റങ്ങള്‍ ഇപ്പോഴത്തെ ബില്ലില്‍ ഇല്ല. ഭരണഘടനയുടെ 239 എഎ വകുപ്പില്‍ പട്ടികജാതി വിഭാഗം എന്നു പറയുന്നിടത്ത് വനിത എന്നുകൂടി ചേര്‍ക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ഇതിനൊപ്പം സംവരണം സംബന്ധിച്ച വ്യവസ്ഥകളുമുണ്ട്. നിലവില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച സീറ്റുകളിലും ബില്‍ വനിതാസംവരണം ബാധകമാക്കും. പുറമെ പൊതു സീറ്റിലും. സംവരണസീറ്റുകള്‍ ഓരോ തെരഞ്ഞെടുപ്പിലും മാറിക്കൊണ്ടിരിക്കും. മാറ്റം എങ്ങനെയെന്ന് പാര്‍ലമെന്റ് നിശ്ചയിക്കും. സംവരണ സീറ്റുകള്‍ മൂന്നെണ്ണത്തില്‍ കുറവായ സംസ്ഥാനങ്ങളില്‍ ഇടവിട്ട തെരഞ്ഞെടുപ്പുകളിലാകും സംവരണം നടപ്പാക്കുക. ആകെ ലോകസഭാ സീറ്റുകള്‍ മൂന്നില്‍ കുറവായ സംസ്ഥാനങ്ങള്‍ക്കും ഇതേ മാനദണ്ഡം ബാധകമായിരിക്കും. ബില്‍ പാസായാല്‍തന്നെ വ്യവസ്ഥകള്‍ പ്രാബല്യത്തിലാകാന്‍ 1952 ലെ ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണം.

ബില്ലിനെ വിമര്‍ശിക്കുന്നവരെ ആണ്‍കോയ്മയുടെ സുവിശേഷകരായി ചിത്രീകരിക്കേണ്ടതില്ല. എസ്പി, ആര്‍ജെഡി കക്ഷികളുടെ ആത്മാര്‍ഥത സംശയിക്കപ്പെടാമെങ്കിലും അവര്‍ ഉയര്‍ത്തുന്ന വാദങ്ങളിലെ കാര്യഗൌരവം തിരിച്ചറിയേണ്ടതുണ്ട്. ബില്‍ പ്രകടമായിതന്നെ സവര്‍ണ മൂല്യങ്ങള്‍ ഒളിക്കുന്നുണ്ട്. വനിതകളില്‍ ഏറ്റവും ദുരിതം പേറുന്നവര്‍ പിന്നോക്ക ന്യൂനപക്ഷ സ്ത്രീകളാകുമ്പോള്‍ അവര്‍ക്ക് പ്രത്യേക ക്വാട്ട അനുവദിക്കപ്പെടാത്തിടത്തോളം ബില്ലിന്റെ ലാഭം കൊയ്യുന്നത് ആരാകുമെന്ന് വ്യക്തമാണ്. ബില്‍ നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷയും ഇതാണ്.

ബില്ലിനെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികളുടെ മനോവ്യാപാരങ്ങളുടെ മാറ്റ് തിരിച്ചറിയപ്പെടേണ്ടതുണ്ട്. ബില്‍ അജന്‍ഡയാകുന്നതിന് മുമ്പ് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകളുടെ രാഷ്ട്രീയ ശാക്തീകരണത്തിന് അധരവ്യായാമം പോലും ഈ കക്ഷികള്‍ നടത്തിയതിന് തെളിവില്ല. ഇവരുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കിയതായും കാണുന്നില്ല. ന്യൂനപക്ഷ പിന്നോക്ക വനിതകള്‍ക്ക് പ്രത്യേക ക്വാട്ട ആവശ്യപ്പെടുന്ന ഈ കക്ഷികള്‍ തങ്ങളുടെ പാര്‍ടികളില്‍ ഇത്തരം ക്വാട്ട നടപ്പാക്കി കാണുന്നില്ല. എന്തിന് ഈ കക്ഷികളുടെ ഉന്നതാധികാര സമിതികളില്‍ വനിതകള്‍ അദൃശ്യരായി തുടരുകയാണ്. ബില്‍ നിയമമായാല്‍ തങ്ങളുടെ അധികാര കുത്തക നഷ്ടപ്പെടുമോ എന്ന ഭീതി മാത്രമാണ് അവരുടെ ധിഷണക്ക് ഊര്‍ജം നല്‍കുന്നത്.

മാത്രമല്ല ഇവര്‍ ആവശ്യപ്പെടുന്ന ജാതിസംവരണം ദേശീയ സമരത്തോളം ചരിത്രമുള്ളൊരു സമസ്യയാണ്. ഭരണഘടനാ നിര്‍മാണസഭ ഈ വഷയം തലനാരിഴ കീറി ചര്‍ച്ച ചെയ്ത് പ്രതിലോമപരമെന്ന് വിധിയെഴുതിയതാണ്. വനിതാ സംവരണം എന്നു കേള്‍ക്കുമ്പോള്‍ മാത്രം പിന്നോക്ക ന്യൂനപക്ഷ ക്വാട്ട എന്ന വാള്‍ ഈ കക്ഷികള്‍ ഉയര്‍ത്തുന്നതിന്റെ ഗൂഢലക്ഷ്യം ഗീതാമുഖര്‍ജി സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ നിയമമാകുന്നത് തടയാനുള്ള ശക്തമായ തന്ത്രം മാത്രമാണിതെന്ന് സമിതിയും വിധിയെഴുതിയിട്ടുണ്ട്.

അദൃശ്യ വനിത

നിയമനിര്‍മാണ സഭകളില്‍ ജനസംഖ്യയില്‍ പകുതിയിലധികമുള്ള വനിതകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു (ലിങ്ക് ). സഭകളില്‍ മാത്രമല്ല പൊതുതെരഞ്ഞെടുപ്പുകളിലും വനിതകള്‍ അദൃശ്യരാണെന്നും കണക്കുകള്‍ ഓര്‍മിപ്പിക്കുന്നു. വനിതാ സംവരണത്തെ ന്യായീകരിക്കുന്നതാണ് ഈ സ്ഥിതി വിവരങ്ങള്‍. മാത്രമല്ല 73,74 ഭരണഘടനാ ഭേദഗതികളിലൂടെ പ്രാദേശിക സര്‍ക്കാരുകളില്‍ വനിതകള്‍ 33% സംവരണം 15 വര്‍ഷത്തിലധികമായി അനുവദിക്കുന്നുണ്ട്. നിയമനിര്‍മാണ സഭകളിലെ സംവരണം ഈ ഭരണഘടനാ ഭേദഗതിയുടെ സ്വാഭാവികമായ തുടര്‍ച്ച മാത്രമാണ്. 73,74 ഭരണഘടനാ ഭേദഗതികളുടെ മികവുകള്‍ ഇതിനകം ഗുണദോഷ വിചിന്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക സര്‍ക്കാരുകളിലെ വനിതാ ഇടപെടലുകള്‍ ഏറെയും ഗുണാത്മകമെന്നാണ് ഈ വിലയിരുത്തലുകളില്‍ വ്യക്തമാകുന്നത്.

സ്ത്രീകളെ അടിച്ചമര്‍ത്തുന്നതും ചൂഷണം ചെയ്യുന്നതുമായ നിഷേധഘടകങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് 73, 74 ഭരണഘടനാ ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടത്. പ്രാദേശിക സര്‍ക്കാരുകളില്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ 33% സംവരണം നടപ്പായതോടെ ഈ നിഷേധഘടകങ്ങളില്‍ ചിലതെങ്കിലും ഒഴിവാക്കാനായെന്നത് പ്രസക്തമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിലെ പങ്കാളിത്തം, വികസന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, പരമ്പരാഗതമായി തങ്ങളുടെ മനസ്സില്‍ നിറയ്ക്കപ്പെട്ട ഭീതിയില്‍ നിന്നുള്ള മോചനം, ജാതി വിവേചനങ്ങള്‍ അവസാനിപ്പിക്കാനായത് എന്നിവയാണ് ഇവയില്‍ പ്രധാനം. ഇതില്‍ ഏറ്റവും പ്രധാനമാണ് ജാതി വിവേചനം അവസാനിപ്പിക്കാനായത്. സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിന് എന്നും വിലങ്ങുതടി ജാതിവിവേചനമായിരുന്നു. അതിനെ ഒരു പരിധിവരെ ചെറുക്കാനായതിലൂടെ പ്രാദേശിക സര്‍ക്കാരുകളിലെ വനിതാ പ്രാതിനിധ്യം സ്ത്രീശാക്തീകരണത്തിലേക്കുള്ള പ്രധാന കാല്‍വെപ്പായിരുന്നു.

ഭരണഘടനയും വനിതാ സംവരണത്തിന് നിയമസാധുത നല്‍കുന്നുണ്ട്. അനുഛേദം 15(3) സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നതിക്ക് പ്രത്യേക നിയമനിര്‍മാണം അനുവദിക്കുന്നുണ്ട്. ഈ ഭരണഘടനാ വകുപ്പിലെ 'എന്ത് നിയമനടപടി'കളും എന്ന പദപ്രയോഗത്തില്‍ ജനപ്രതിനിധി സഭകളില്‍ സംവരണവും ഉള്‍പ്പെടും. മാത്രമല്ല 14 -ാം അനുഛേദം ലിംഗാതീതമായി നിയമത്തിന് മുന്നില്‍ തുല്യതയും തുല്യ നിയമപരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. സുപ്രീംകോടതിയുടെ വ്യാഖ്യാന പ്രകാരം 14 -ാം അനുഛേദം സാമൂഹ്യ സാമ്പത്തിക, രാഷ്ട്രീയ നീതി എല്ലാവര്‍ക്കും അനുവദിക്കുന്നതായി വ്യക്തമാക്കുന്നു. രാഷ്ട്രീയ നീതിയിലേക്കുള്ള കാല്‍വെപ്പില്‍ സുപ്രധാനമാണ് നിയമനിര്‍മാണ സഭകളിലെ തുല്യപങ്കാളിത്തം.

രാഷ്ട്രീയത്തില്‍ ഉന്നത നയരൂപീകരണ വേദികളിലെ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തം ഇന്ത്യന്‍ അനുഭവം മാത്രമല്ല. അതിന് ആഗോളമാനങ്ങളുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇന്റര്‍ പാര്‍ലമെന്ററി യൂണിയ (ഐ പി യു) ന്റെ 2003 ലെ കണക്ക്, ലോകത്ത് ആകെയുള്ള 42012 പാര്‍ലമെന്റ് അംഗങ്ങളില്‍ 6133 പേര്‍ മാത്രമാണ് -15.1% വനിതകള്‍. ഐപിയുവിന്റെ 93 -ലെ കണക്കും -ആകെയുള്ള 35884 പാര്‍ലമെന്റ് അംഗങ്ങളില്‍ 3626- 10.1% -മാത്രമായിരുന്നു വനിതകള്‍ എന്ന് വ്യക്തമാക്കുന്നു. ഒരു ദശാബ്ദം കൊണ്ടും വനിതകളുടെ പ്രാതിനിധ്യം കാര്യമായി വര്‍ധിച്ചില്ലെന്ന് മേല്‍കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ കണക്കുകളും ഇതേ സ്വഭാവം പുലര്‍ത്തുന്നു. 2006 -ലെ കണക്കുകള്‍ ആഗോളതലത്തില്‍ നിയമനിര്‍മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം 13% എന്ന് വ്യക്തമാക്കുന്നു. നോര്‍സിക് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം -37.5%. എറ്റവും കുറവ്- 3.5% അറബ് രാജ്യങ്ങളിലും. ഇന്ത്യയിലാകട്ടെ ലോക്സഭയിലെ വനിതാ പ്രാതിനിധ്യം ഏറ്റവും താണനിലയിലാണ്. സ്വാതന്ത്യ്രാനന്തരം നിയമനിര്‍മാണസഭകളിലെ വനിതാ പ്രാതിനിധ്യം 4% നും 8.8% ഇടയില്‍ തളച്ചിടപ്പെട്ടിരിക്കുന്നു. പരിമിതമായ ഈ പ്രാതിനിധ്യത്തിനുതന്നെ ഇടയാക്കിയത് പരേതരായ നേതാക്കന്മാരുടെ വിധവകളോ പുത്രിമാരോ ആണെന്നതാണ് ഏറെ വിചിത്രം. ലോക്സഭയില്‍ വനിതാ പ്രാതിനിധ്യം ഏറ്റവും ഉയര്‍ന്നത് 84 ലും 2004 ലുമാണ്. 84 ല്‍ 8 ശതമാനവും 2004 ല്‍ 8.3 ശതമാനവും.

എട്ടു പതിറ്റാണ്ടിന്റെ ചരിത്രം

വനിതാ സംവരണ വാദത്തിന് 80 -ല്‍ അധികം വര്‍ഷത്തെ ചരിത്രമുണ്ട്. 1929 ല്‍ വനിതാ സംവരണം പിന്തിരിപ്പന്‍ നടപടിയായും സ്ത്രീകളുടെ അന്തസ്സിനെ ദോഷകരമായി ബാധിക്കുന്നതായും കരുതി നിരസിച്ചു. 1939-40 ല്‍ ദേശീയ ആസൂത്രണ കമ്മിറ്റിയുടെ വനിതാ സബ്കമ്മിറ്റി ഈ ആശയം വീണ്ടും നിരസിച്ചു. 1970 ലെ ഇന്ത്യയിലെ സ്ത്രീകളുടെ പദവിയെപ്പറ്റിയുള്ള കമ്മിറ്റി സ്ത്രീകള്‍ക്ക് തുല്യപദവി അംഗീകരിച്ചെങ്കിലും വനിതാ സംവരണം പിന്തിരിപ്പന്‍ ആശയമായി കണ്ട് എതിര്‍ത്തു. ഭരണഘടന വ്യവസ്ഥ ചെയ്യുന്ന തുല്യതക്ക് ഇത്തരം സംവരണം വിരുദ്ധമാണെന്നായിരുന്നു കമ്മിറ്റിയുടെ നിലപാട്. മാത്രമല്ല സംവരണവാദം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വനിതകളുടെ കഴിവുകേടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഫലത്തില്‍ ഇത് സാമൂഹ്യമായും രാഷ്ട്രീയമായും മേധാവിത്വമുള്ള വിഭാഗങ്ങളുടെ മേല്‍ക്കോയ്മ പ്രചരിപ്പിക്കുന്നതാണെന്നും കമ്മിറ്റി വ്യക്തമാക്കി.

98 ലെ ദേശീയ സ്ത്രീ പരിപ്രേക്ഷ്യ പദ്ധതി സ്ത്രീകളുടെ കുറഞ്ഞ രാഷ്ട്രീയ പങ്കാളിത്തം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഇത്. പഞ്ചായത്ത് നഗരസഭകളില്‍ വനിതകള്‍ക്ക് ക്വാട്ട എന്ന ആശയം പദ്ധതി പരിചയപ്പെടുത്തി. പിന്നോക്ക വിഭാഗ സ്ത്രീകള്‍ക്ക് ഉയര്‍ന്ന പ്രാതിനിധ്യം ഉറപ്പാക്കി 30 % വനിതാ സംവരണമായിരുന്നു പദ്ധതി നിര്‍ദേശം.

ബീജിങ് അന്താരാഷ്ട്ര വനിതാ സമ്മേളനത്തിനുവേണ്ടി തയാറാക്കിയ റിപ്പോര്‍ടില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയത്തിലെ കുറഞ്ഞ വനിതാ പങ്കാളിത്തം അംഗീകരിച്ചിരുന്നു. കായബലം, അഴിമതി, അക്രമം എന്നിവയില്‍ ആണ്ട് മുങ്ങിയ ഇന്ത്യന്‍ രാഷ്ട്രീയം സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശം തടയുന്നതായും റിപ്പോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം വാദങ്ങളുടെ സ്വാഭാവിക പരിണതിയായിരുന്നു 1995 ല്‍ വനിതാ സംവരണവാദം കൂടുതല്‍ ശക്തമാകുവാന്‍ ഇടയാക്കിയതും 96 ലെ ആദ്യ ഭരണഘടനാ ഭേദഗതിയിലേക്ക് നയിച്ചതും.

വനിതാ സംവരണ ബില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പുരുഷ, സവര്‍ണ മേധാവിത്യം ആഴത്തില്‍ വേരുകളാഴ്ത്തിയ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ലിംഗനീതിയുടെ സമത്വചാരുത ബില്‍ പകരുമോ? ഭാര്യ, മകള്‍, സഹോദരി എന്നീ ബന്ധുക്കള്‍ക്ക് സംവരണ സീറ്റുകള്‍ വീതിച്ച് നല്‍കി പുരുഷാധിപത്യത്തെ കൂടുതല്‍ ദൃഢീകരിക്കുന്ന ശിഖണ്ഡിവത്കരണത്തിന് രാഷ്ട്രീയ നേതാക്കള്‍ മുതിരുമോ? നഗരവത്കൃത സമ്പന്ന പ്രമാണി വര്‍ഗ വനിതകള്‍ സംവരണ സീറ്റുകള്‍ ഭൂരിഭാഗവും കൈയടക്കി ദളിത് പിന്നോക്ക സ്ത്രീകളെ നിയമനിര്‍മാണ സഭകളില്‍നിന്ന് പുറത്താക്കുമോ? ബലാത്സംഗം, സതി, സ്ത്രീധന പീഡാനുഭവങ്ങളില്‍നിന്ന്, സംവരണം സൃഷ്ടിക്കുന്ന നിയമനിര്‍മാണ സഭകളിലെ വര്‍ധിച്ച വനിതാ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് മോചനം നല്‍കുമോ? വനിതാ ശാക്തീകരണത്തിന് അത് സഹായകമാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിന് ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും ഉയരുന്ന വാദങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. അതിനുംമുമ്പ് ഈ ബില്ല് ആരേയാണ് അഭിമുഖീകരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

സ്ത്രീ ദളിതന്റെ പ്രതിനിധി

ഇന്ത്യന്‍ സമൂഹത്തില്‍ അടിച്ചമര്‍ത്തലിന്റെയും ചവിട്ടിത്താഴ്ത്തലിന്റെയും പ്രത്യക്ഷ സാക്ഷ്യങ്ങളാണ് സ്ത്രീകള്‍. ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയുടെ രംഗപടം ചമയ്ക്കുന്നത് ഇപ്പോഴും പുരുഷാധിപത്യ മൂല്യങ്ങളാണ്. രാഷ്ട്രീയം ഉള്‍പ്പെടെ പൊതുഇടങ്ങള്‍ ആണ്‍കോയ്മകളുടെ തട്ടകങ്ങളായി അത് നിര്‍ണയിക്കുന്നു. സ്ത്രീകളെ വീട്ടകങ്ങളില്‍ കാണുവാനാണ് ആണ്‍കോയ്മയുടെ മൂല്യബോധ്യം ആഗ്രഹിക്കുന്നത്. തൊഴില്‍ എടുക്കുന്ന സ്ത്രീകള്‍ മുമ്പ് കുടുംബത്തില്‍ നിഷിദ്ധമായിരുന്നു. ഉപഭോഗസംസ്കാരത്തിന്റെ തീവ്ര തൃഷ്ണകള്‍ നിറവേറ്റുന്നതിന് പുരുഷന്‍ സ്ത്രീ തൊഴിലിന്റെ വിപണിമൂല്യം അംഗീകരിക്കുന്നുവെന്നുമാത്രം. അപ്പോഴും സ്ത്രീകളുടെ ഇടപെടല്‍ ആണ്‍കോയ്മയുടെ മൂല്യബോധത്തിന് അനുഗുണമാകണമെന്ന് അത് ശഠിക്കുന്നു. എളുപ്പത്തില്‍ നിയന്ത്രിക്കാവുന്നതും എതിരില്ലാതെ ചൂഷണം ചെയ്യാവുന്നതുമായ ഉല്‍പ്പാദനശക്തികളാകണം സ്ത്രീകള്‍. ചോദ്യംചെയ്യപ്പെടാത്ത വിധേയത്വമാണ് അത് സ്ത്രീകളില്‍നിന്നും ആവശ്യപ്പെടുന്നത്. പുരുഷാധിപത്യ സമൂഹം സ്ത്രീകളുടെ സംഭാവനകളെ തുച്ചമൂല്യമുള്ളതായോ മൂല്യമില്ലാത്തതായോ അടയാളപ്പെടുത്തുന്നു. ഇത് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയാണ് പ്രധാനമായും പരിമിതപ്പെടുത്തുന്നത്. സാമ്പത്തിക പരാധീനത വീട്ടിലും പൊതുഇടങ്ങളിലും അവരെ കൂടുതല്‍ പുരുഷന്റെ ദാസികളാക്കുന്നു. ഇതിന്റെ അനുരണനങ്ങളാണ് നിയമനിര്‍മാണ സഭകളില്‍പോലും അവരെ അല്പദൃശ്യങ്ങളാക്കുന്നത്.

ജീവിതഗുണതയുടെ എല്ലാ കണക്കുകളും സ്ത്രീകളെ താഴത്തെ പടിയിലാണ് അടയാളപ്പെടുത്തുന്നത്. 2001 ലെ സെന്‍സസ് കണക്കുകള്‍ സ്ത്രീസാക്ഷരത 54.16% (പുരുഷന്‍ 75.85%), ലിംഗാനുപാതം 933. ലോക സാമ്പത്തിക ഫോറത്തിന്റെ ലോക ജണ്ടര്‍ ഗ്യാപ് റിപ്പോര്‍ട് ആകെയുള്ള 128 രാജ്യങ്ങളില്‍ 114 ത്തേതായാണ് ഇന്ത്യയുടെ സ്ഥാനം നിര്‍ണയിക്കുന്നത്. നേപ്പാളും പാകിസ്ഥാനും പോലും ഇന്ത്യക്ക് മുകളിലാണ്. ഗ്രാമീണ കാര്‍ഷിക തൊഴിലാളികളില്‍ 42.95% സ്ത്രീകളാണ്. സംഘടിത തൊഴില്‍ മേഖലയിലെ സ്ത്രീസാന്നിധ്യം 18.7% മാത്രമാണ്. 2004 ലെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ സംഘടനയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 9.8% വളര്‍ച്ചയാണ് നിര്‍ണയിച്ചിരിക്കുന്നത്. സ്ഥിതിവിവരക്കണക്കുകളുടെ ഈ കറുത്ത ഭൂമികയിലേക്കാണ് വനിതാ സംവരണ ബില്‍ വിക്ഷേപിക്കപ്പെടുന്നത് എന്നതാണ് അതിനെ ഏറ്റവും ദുരന്തപൂര്‍ണമാക്കുന്നത്.

വരേണ്യ സ്ത്രീ

ഈ യാഥാര്‍ഥ്യങ്ങളാണ് ബില്ലിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണെന്ന ചോദ്യം ഉയര്‍ത്തുന്നത്. വനിതാ സംവരണത്തിന്റെ നന്മകള്‍ അളക്കുവാനുള്ള ആദ്യ ചോദ്യവും ഇതുതന്നെയാണ്. സമൂഹത്തിലെ പ്രമാണിവര്‍ഗങ്ങളിലെ ശക്തരായ വനിതകളാകും മുഖ്യഗുണഭോക്താക്കള്‍. പുരുഷനൊപ്പം എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ആഘോഷിക്കുന്നവരാണിവര്‍. ഇന്ത്യന്‍ സമൂഹത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ ഇവര്‍ക്ക് മാധ്യമസാക്ഷ്യങ്ങള്‍ മാത്രമാണ്. വിമോചിതരായ ഇവര്‍ക്ക് വനിതാ സംവരണം ലക്ഷ്യമിടുന്ന രാഷ്ട്രീയ ശാക്തീകരണം ആവശ്യമില്ല. കാരണം അത് അവര്‍ എന്നേ നേടിയിരിക്കുന്നു. ഇവരുടെ കുലത്തില്‍ നിന്നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാവ മുഖ്യമന്ത്രിമാര്‍ പിറന്നതും അധികാരക്കൂത്ത് ആടിയതും. പിതാക്കന്മാര്‍ക്കോ ഭര്‍ത്താക്കന്മാര്‍ക്കോ സഹോദരര്‍ക്കോ വേണ്ടി പാവ എംപിമാരാകാനും ഇവര്‍ക്ക് പ്രതിഭയുണ്ട്. ആണ്‍കോയ്മയുടെ ബൌദ്ധിക വികിരണനം നടത്തുന്ന ഇത്തരം സ്ത്രീകള്‍ക്ക് എങ്ങനെ വനിതകളെ ശാക്തീകരിക്കാനാകും?

ഫലത്തില്‍ ഇത് വനിതാശാക്തീകരണത്തിന് 'ലല്ലുമോഡല്‍' നിര്‍മിക്കുകയാകും. അഴിമതി കുറ്റങ്ങള്‍ ജയിലറ വിധിച്ചപ്പോള്‍ അധികാരാസക്തന്മാരില്‍നിന്നും മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാനുള്ള ഉപായം മാത്രമായിരുന്നു ലല്ലുപ്രസാദ് യാദവിന് റാബ്റിദേവി. പുരുഷന് യഥാര്‍ഥ അധികാരത്തില്‍ അഭിരമിക്കാനുള്ള മറ മാത്രമാകും വനിതാ സംവരണമെന്ന് ലല്ലുമോഡല്‍ ഓര്‍മിപ്പിക്കുന്നു. ഇതാകട്ടെ വനിതാ സംവരണം രാഷ്ട്രീയത്തില്‍ പ്രതിലോമ പ്രതികരണം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാകുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീ ഇടം നേടുന്നത് പുരുഷന്റെ താല്പര്യത്തിലോ തണലിലോ ആണെന്നത് ചരിത്രസത്യമാണ്. പുരുഷന്റെ ആവശ്യത്തിനോ സൌകര്യത്തിനോവേണ്ടി; അല്ലെങ്കില്‍ സൌജന്യത്തില്‍. ദേശീയസമരത്തിലെ സ്ത്രീപങ്കാളിത്തം സ്വാതന്ത്ര്യാനന്തരം അധികാര രാഷ്ട്രീയത്തിലേക്ക് ഗുണപരമായി ഉദ്ഗ്രഥിക്കാന്‍ സാംസ്കാരിക പുരുഷാധിപത്യമൂല്യങ്ങള്‍ തടസ്സമായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദുര്‍ഗയെന്ന് വിശേഷിപ്പിക്കുന്ന ഇന്ദിരാഗാന്ധിപോലും ഈ പരികല്പനയില്‍നിന്ന് മുക്തയല്ല. മഹാനായ പിതാവിന്റെ പുത്രിയെന്നതായിരുന്നു ഇന്ദിരയുടെ രാഷ്ട്രീയ മൂലധനം. സമകാല രാഷ്ട്രീയം ഉരുക്ക് വനിതയെന്ന് വിശേഷിപ്പിക്കുന്ന സോണിയയുടെ വളര്‍ച്ചയും രാജീവ്ഗാന്ധിയുടെ ഭാര്യയെന്ന നിലയിലാണ്.

പൊതു ഇടങ്ങള്‍ സ്വന്തം നിലയില്‍ വെട്ടിപ്പിടിക്കുന്ന കരുത്തരായ സ്ത്രീകള്‍ അധികവും സര്‍ക്കാരിതര സംഘടനകളിലാണ്. ഇവരെ അംഗീകരിക്കാനും ഇവരുടെ രാഷ്ട്രീയ വളര്‍ച്ച വഴിതെളിക്കാനും ഇടതുകക്ഷികള്‍ തയാറായേക്കും. മേധാപട്കര്‍, അരുന്ധതീറോയി, അരുണ റോയ് എന്നിവര്‍ പ്രതിനിധീകരിക്കുന്ന പോരാട്ട ശക്തികള്‍ക്ക് 100% വനിതാ സംവരണം നിലവില്‍ വന്നാല്‍പോലും മറ്റു കക്ഷികള്‍ സ്ഥാനാര്‍ഥിത്വം നല്‍കുമെന്ന് വിശ്വസിക്കാനാവില്ല. ഇത്തരം ശക്തിശാലിനികളായ സ്ത്രീകളെ ഭയക്കുന്നു എന്നതാണ് വനിതാ സംവരണം ഉയര്‍ത്തുന്ന പ്രധാന പരിമിതി.

ഒറ്റമൂലിയോ?

വനിതാസംവരണത്തിലൂടെ ഇന്ത്യന്‍ സ്ത്രീകള്‍ ഇന്ന് അനുഭവിക്കുന്ന അവഗണന, അടിച്ചമര്‍ത്തല്‍, വിവേചനം, ലിംഗചൂഷണം എന്നിവ അവസാനിപ്പിക്കാനാകുമെന്നൊരു തീവ്രവാദം വ്യാപകമായി പ്രചാരത്തിലുണ്ട്. രാഷ്ട്രീയ ശാക്തീകരണത്തിലൂടെ എല്ലാ വിവേചനങ്ങളും കൊഴിഞ്ഞുപോകുമെന്ന് വിശ്വസിക്കുന്ന സരളബുദ്ധികളെയാണ് ഈ വാദം ആകര്‍ഷിക്കുന്നത്. രാഷ്ട്രീയ ശാക്തീകരണത്തിന് അതിന് കഴിവുണ്ടെന്ന് വിശ്വസിച്ചാല്‍തന്നെ അതിലേക്ക് വഴിതെളിക്കുന്ന സാമൂഹ്യ സാമ്പത്തിക ശാക്തീകരണങ്ങളെപ്പറ്റി ഇവര്‍ നിശ്ശബ്ദത പാലിക്കുന്നു. സാമ്പത്തിക സാമൂഹ്യശാക്തീകരണത്തിന്റെ അടിത്തറയില്ലാതെയുള്ള സംവരണം സവര്‍ണേഛയുടെ വിളനിലങ്ങളാക്കും.

സാമൂഹികമായ അടിച്ചമര്‍ത്തലിന്റെ ഇരകള്‍ സ്ത്രീകളാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പേരില്‍മാത്രം സംവരണം ന്യായീകരിക്കപ്പെടുമോ? സ്ത്രീ ശാക്തീകരണത്തിനുള്ള പരിഹാരം സംവരണം മാത്രമായി പരിമിതപ്പെടുത്തുന്നത് കാല്പനികവാദമാണ്. രാഷ്ട്രീയ സംവരണത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നതിന് വനിതകളെ പ്രാപ്തരാക്കുന്നതിന് ജീവിതത്തില്‍ അടിസ്ഥാന മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. ബൌദ്ധികമായും കായികമായും വനിതകളെ ശക്തരാക്കി രാഷ്ട്രീയത്തില്‍ സ്വന്തം ഇടങ്ങള്‍ വെട്ടിപ്പിടിക്കുവാനുള്ള ശേഷി നിര്‍മിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് രാഷ്ട്രീയ സംവരണത്തിനു മുമ്പ് സാമൂഹ്യ സാമ്പത്തിക ശാക്തീകരണ പ്രക്രിയകള്‍ തുടങ്ങേണ്ടതിന്റ പ്രസക്തി.

സമൂഹത്തിന്റെ വിധിനിര്‍ണയങ്ങള്‍ സാമൂഹ്യപദവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. വിദ്യാഭ്യാസം, തൊഴില്‍, വരുമാനം എന്നിവയും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്. ഇവയിലെ ഗുണപരമായ മാറ്റങ്ങള്‍ സാമൂഹ്യപദവി പുതിയതായി നിര്‍ണയിക്കും. ഇത്തരം നിര്‍ണയങ്ങള്‍ രാഷ്ട്രീയ അധികാരസമ്പാദനത്തിലേക്കു വഴിതെളിക്കും.

ഇത്തരത്തില്‍ വനിതകളുടെ വിദ്യാഭ്യാസം, തൊഴില്‍,വരുമാനം എന്നിവ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ സംവരണത്തിന് മുമ്പു നടപ്പാക്കണം. സര്‍ക്കാരിതര സാമൂഹ്യസംഘടനകളുടെ സാധ്യതകള്‍ ഈ രംഗങ്ങളില്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ചില സ്ഥലങ്ങളിലെങ്കിലും സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിന് ഫലപ്രദമായ ഇടപെടല്‍ സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് പാസ്സാക്കിയ സാമൂഹ്യ സുരക്ഷിതത്വനിയമങ്ങളും സുപ്രീംകോടതിയുടെ ലൈംഗികപീഡന നിരോധന നിയമവ്യാഖ്യാനങ്ങളും അക്ഷരാര്‍ഥത്തില്‍ നടപ്പാക്കേണ്ടതുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഉന്നതിക്കും പ്രത്യേക പദ്ധതികള്‍ തയാറാക്കണം. അതോടൊപ്പം സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കണം. അങ്ങനെ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ആണ്‍ക്കോയ്മയുടെ മൂല്യവിചാരങ്ങള്‍ പൊളിച്ചെഴുതുന്ന സാമൂഹ്യസാമ്പത്തിക മുന്നേറ്റങ്ങള്‍ ഇല്ലാതെ വനിതാസംവരണം ഗുണത്തേക്കാള്‍ ദോഷകരമായിരിക്കും.

സ്ത്രീപദവിയെപ്പറ്റിയുള്ള യു എന്‍ കമീഷന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. 'ഭൂരിഭാഗം രാജ്യങ്ങളും രാഷ്ട്രീയ നേതാക്കളെ തെരഞ്ഞെടുക്കുന്നതിലും നയരൂപീകരണത്തിലും ജനാധിപത്യ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ സമ്മതിദായകരില്‍ പകുതിയിലധികം സ്ത്രീകളാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ആപേക്ഷികമായി വളരെ കുറഞ്ഞ എണ്ണം സ്ത്രീകളാണ് രാഷ്ട്രീയ പങ്കാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലകളില്‍ എത്തുന്നത്. അതിലും വളരെ കുറച്ചുപേര്‍ മാത്രമാണ് പൊതുനയ സ്രഷ്ടാക്കളാകുന്നത്. സ്ത്രീകളുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളെ ബാധിക്കുന്ന നയതീരുമാനങ്ങള്‍ എടുക്കുന്ന ഏതാണ്ട് എല്ലാ സമിതികളിലും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്'-കമീഷന്‍ വ്യക്തമാക്കി. ഇതിന്റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ വനിതാസംവരണം ന്യായീകരിക്കത്തക്കതാണ്. വളരെ കുറച്ച് സ്ത്രീകള്‍ മാത്രമാണ് സ്വമേധയാ രാഷ്ടീയത്തില്‍ ഇടപെടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം കല്ല് മുള്‍ വഴികളും അഴിമതി, ക്രിമിനല്‍വത്കരണം എന്നിവയുടെ കാനകളും നിറഞ്ഞതാണ്. അതുകൊണ്ട് സംവരണത്തിലൂടെ അവരെ രാഷ്ട്രീയരംഗത്തേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്. നമ്മുടെ സാംസ്കാരിക സാമൂഹ്യ വ്യവസ്ഥകളും സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശം ആഗ്രഹിക്കാത്തതിനാല്‍ അവയെ മറികടക്കാന്‍ നിയമസഹായം തേടേണ്ടതാണ്. മാത്രമല്ല രാഷ്ട്രീയത്തിലേക്ക് സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനോ, തെരഞ്ഞെടുപ്പുകളില്‍ അവരെ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ആക്കുന്നതിലോ ഇന്ത്യയിലെ രാഷ്ട്രീയപാര്‍ടികളില്‍ അധികവും പരാജയപ്പെട്ടിരിക്കുന്നു. ഇത്തരം നിലപാടുകള്‍ തിരുത്തുന്നതിന് വനിതാസംവരണം അനിവാര്യമാണെന്ന് സംവരണവാദികള്‍ വാദിക്കുന്നു. 73,74 ഭരണഘടനാ ഭേദഗതികള്‍ വനിതാസംവരണം അനുവദിച്ചപ്പോഴും അതിന് എതിരെ നിരവധി വാദങ്ങള്‍ ഉയര്‍ന്നതും പ്രയോഗത്തില്‍ അവയൊക്കെ നിരര്‍ഥകമെന്ന് തെളിഞ്ഞതും ഇവര്‍ ഓര്‍മിപ്പിക്കുന്നു.

ഇതിനൊരു എതിര്‍വാദമുണ്ട്. പാര്‍ലമെന്റില്‍ ഇപ്പോള്‍ വനിതകള്‍ ഇല്ലെന്നു പറയാനാകില്ല. കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ചിന്തിക്കുമ്പോള്‍ കുറവ് കാണാം. എന്നാല്‍ നമുക്ക് വനിതാ പ്രധാനമന്ത്രിയുണ്ടായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതിയും വനിതയാണ്. ദേശീയരാഷ്ട്രീയത്തില്‍ ഇപ്പോള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരില്‍ വനിതകള്‍ കുറവല്ല. പാര്‍ലമെന്റില്‍ ഇപ്പോഴുള്ള വനിതാ എംപിമാര്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്താണ് ചെയ്തത്? കാര്യമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചതിന് തെളിവില്ല.

തൃണമൂലതല പ്രവര്‍ത്തനം

ഇന്ത്യയിലെ സാധാരണക്കാരും ദരിദ്രരുമായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ അവരില്‍ ആത്മവിശ്വാസം ജനിപ്പിക്കുന്നതിനോ ഇപ്പോഴത്തെ വനിതാ എംപിമാരുടെ പ്രവര്‍ത്തനം പര്യാപ്തമല്ല. തൃണമൂലതലത്തിലെ പുരോഗമനപരമായ കര്‍മങ്ങളാണ് സാധാരണക്കാരായ സ്ത്രീകളുടെ വിമോചനത്തിന് ആവശ്യം. യുപിഎയുടെ അധ്യക്ഷ വനിതയായിട്ടും വനിതാസംവരണ ബില്‍ അവതരിപ്പിക്കുന്നതിന് നാലുവര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വര്‍ഷംവരെ കാത്തിരിക്കേണ്ടിവന്നു എന്നതും ഇവിടെ ഓര്‍ക്കുക.

രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവായിരിക്കെ സംവരണത്തിലൂടെ നിയമനിര്‍മാണ സഭകളില്‍ എത്തുന്നതില്‍ അധികവും പുരുഷന്റെ 'ഡമ്മി' കളായിരിക്കും. ഇവരിലൂടെ സ്ത്രീ വിമോചനത്തിന് ഇടയാക്കുന്ന സാമൂഹ്യമാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത് നിഷ്ഫലമാണ്. നിയമനിര്‍മാണങ്ങള്‍ കൊണ്ടുമാത്രം സാമൂഹിക നവീകരണം സാധ്യമല്ല. സാമൂഹികമാറ്റങ്ങള്‍ക്ക് കഠിന പ്രയത്നങ്ങളും ഇച്ഛാശക്തിയുമാണു വേണ്ടത്. ഇന്ന ത്തെ രാഷ്ട്രീയക്കാര്‍ -സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ -ചലിക്കുന്നത് നവീകരണ അഭിവാഞ്ഛയിലല്ല. അതുകൊണ്ടുതന്നെ വനിതാസംവരണം രണ്ടു പ്രശ്നങ്ങള്‍ ഉയര്‍ത്തും. വനിതാ സംവരണത്തിലൂടെ സഭയില്‍ എത്തുന്നവര്‍ പുരുഷന്മാരായ അടുത്ത ബന്ധുക്കളുടെ ശിങ്കിടികളായി അധഃപതിക്കും. അല്ലെങ്കില്‍ മറ്റു തൊഴില്‍മേഖലകളില്‍ മികവ് തെളിയിച്ച വിജയാന്വേഷികളായ വനിതകള്‍ക്ക് കൂടുതല്‍ നേട്ടം കൊയ്തെടുക്കുവാനുള്ള സുഗമ പാതയായി സംവരണം മാറും.

രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം കുറയ്ക്കുവാന്‍ ഇടയാക്കിയതായി സംവരണാനുകൂലികള്‍ ചൂണ്ടിക്കാട്ടുന്ന വാദങ്ങളുടെ വിശകലനവും രാഷ്ട്രീയ സംവരണത്തിന് മുമ്പ് ഉണ്ടാകേണ്ട സാമൂഹിക നവീകരണം അടിവരയിടുന്നു. സംവരണവാദികളുടെ പ്രധാനവാദം സ്ത്രീസാക്ഷരതയുടെ താണ നിലയാണ്. സാക്ഷരതയും രാഷ്ട്രീയ ശാക്തീകരണവും തമ്മില്‍ നേര്‍ബന്ധം ഉണ്ടെന്ന വിശ്വാസമാണ് ഈ വാദത്തിന് അടിസ്ഥാനം. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഉയര്‍ന്ന സ്ത്രീസാക്ഷരതയുള്ള വികസിത രാഷ്ട്രങ്ങളില്‍ സ്ത്രീപ്രാതിനിധ്യം പരിമിതമാണ്. അമേരിക്ക-11.7%, ഇംഗ്ളണ്ട് - 9.5% ഫ്രാന്‍സ് -6.4% എന്നിങ്ങനെയാണ് കണക്കുകള്‍. ക്യൂബ, വിയത്നാം തുടങ്ങിയ അല്പ വികസിത രാഷ്ട്രങ്ങളില്‍ സ്ത്രീപ്രാതിനിധ്യം 25 മുതല്‍ 30 ശതമാനം വരെയാണ്.

മറ്റൊരു വാദം രാഷ്ട്രീയ വ്യവസ്ഥക്ക് അനുസരിച്ച് വനിതാ പ്രാതിനിധ്യം ഏറുന്നു എന്നതാണ്. ഇതനുസരിച്ച് ജനാധിപത്യ രാഷ്ട്രങ്ങളില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകേണ്ടതാണ്. അതു ശരിയല്ലെന്ന് ഇന്ത്യതന്നെ തെളിയിക്കുന്നു. എന്നാല്‍ ജനാധിപത്യ രാഷ്ട്രങ്ങളായ നോര്‍സ് രാഷ്ട്രങ്ങളിലെ ഉയര്‍ന്ന- 30 മുതല്‍ 40%വരെ- സ്ത്രീ പ്രാതിനിധ്യം അവഗണിക്കാനുമാകില്ല. ജനാധിപത്യകേന്ദ്രീകരണ പ്രവണതകള്‍ പ്രകടമാക്കിയിരുന്ന കമ്യൂണിസ്റ്റ് വ്യവസ്ഥയിലും 20 മുതല്‍ 30% വരെ സ്ത്രീ പ്രാതിനിധ്യമുണ്ട്.

മേല്‍വാദങ്ങള്‍ രാഷ്ട്രീയ സംവരണത്തിന് മുമ്പ് ഉണ്ടാകേണ്ട സാമൂഹ്യ നവീകരണത്തെ ഓര്‍മിപ്പിക്കുന്നു. സ്ത്രീകളുടെ രാഷ്ട്രീയപ്രവേശം തടയുന്ന സമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മൂല്യബോധങ്ങള്‍ക്ക് എതിരെ കലാപം സൃഷ്ടിക്കുവാനും അതിലൂടെ പുരോഗാമിയായ മാറ്റങ്ങള്‍ കടഞ്ഞെടുക്കുവാനും അസാമാന്യമായ ധൈര്യവും മേധാശക്തിയും വേണം. ഇത്തരം ധൈര്യത്തിന്റെ വര്‍ണരേണുകള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരോ നിയമനിര്‍മാതാക്കളോ തെളിയിച്ചിട്ടില്ല. പാര്‍ലമെന്റ് ചമച്ച നിയമങ്ങളിലെ സ്ത്രീവിരുദ്ധത വനിതാസംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ക്ക് ദേഹണ്ഡം നടത്തിയ രാഷ്ട്രീയക്കാരുടെ വനിതാസംവരണ തീവ്രവാദം ഫലപ്രദമാകുമോ എന്നത് സംശയാസ്പദമാണ്. സംവരണത്തിലൂടെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്ത് അധികാരത്തിന്റെ ശീതളഛായയില്‍ മേയുകയാണ് ഇവരുടെ ലക്ഷ്യം. ഇവരുടെ സ്ത്രീശാക്തീകരണ പ്രേമം അധരങ്ങളില്‍ ഒടുങ്ങുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ ലിംഗഭേദമില്ലാതെ ബത്തയും അലവന്‍സുകളും വര്‍ധിപ്പിക്കുന്നതിനും സൌജന്യയാത്ര, ടെലഫോണ്‍ സൌകര്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തിതാല്പര്യങ്ങള്‍ക്കുവേണ്ടി വിലപിക്കുന്നവരായിരിക്കെ വനിതാസംവരണത്തിലൂടെ വര്‍ധിക്കുന്ന സ്ത്രീപ്രാതിനിധ്യം സാമൂഹ്യമുന്നേറ്റങ്ങള്‍ സൃഷ്ടിക്കുമെന്നത് വ്യാമോഹം മാത്രമായേക്കും.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രമാണിവര്‍ഗ വനിതകളുടെ വര്‍ധിച്ച പ്രാതിനിധ്യം ദളിത് പിന്നോക്ക വനിതകള്‍ക്ക് സഹായകമാവില്ല. സമ്പന്ന ഗൃഹങ്ങളിലെ വേലക്കാരായ പെണ്‍കുട്ടികളുടെ പീഡ നകഥകള്‍ മാത്രം മതി ഇതിനു തെളിവായി.

തൊഴില്‍ സംവരണം പോലെയല്ല നിയമനിര്‍മാണ സഭകളിലെ സംവരണം. നമ്മുടെത് ഒരു പാര്‍ലമെന്ററി ഭരണക്രമമാണ്. ഇവിടെ പാര്‍ലമെന്റാണ് പരമോന്നത നിയമനിര്‍മാണവേദി. രാഷ്ട്രം നേരിടുന്ന മാരകമായ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് അവക്ക് പരിഹാരം സൃഷ്ടിക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തേണ്ടതുണ്ട്. ആഗോളവത്കരണത്തിന്റെ അധിനിവേശങ്ങളെ ചെറുക്കുന്നതിന് വിദ്യാഭ്യാസവും കഴിവും ശിക്ഷണയും പ്രതിഭാശക്തിയുമുള്ളവരാകണം നിയമനിര്‍മാതാക്കള്‍. കൂടാതെ നിര്‍ണായക ദേശീയ പ്രശ്നങ്ങളിലും വിദേശകാര്യങ്ങളിലും പ്രതിരോധമേഖലയിലെ വിഷയങ്ങളിലും അവര്‍ക്ക് അറിവുണ്ടാകണം. പാര്‍ലമെന്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ജീര്‍ണത അനുഭവിക്കുകയാണ്. കഴിവും കാര്യപ്രാപ്തിയും പ്രതിബദ്ധതയുമുള്ള നിയമനിര്‍മാതാക്കളിലൂടെയേ ഈ ജീര്‍ണത പ്രതിരോധിക്കാനാവൂ. വനിതാസംവരണം ഈ ജീര്‍ണതയെ പ്രതിരോധിക്കാന്‍ കഴിയുന്ന തീക്ഷ്ണ പ്രതിഭയുള്ള വനിതകളെ സഭാതലത്തില്‍ എത്തിക്കുമോ എന്നതാണ് പ്രധാന പ്രശ്നം.

*

ഡോ. കെ സൂര്യപ്രസാദ്, വി കെ രഞ്ജീവ്, കടപ്പാട്: ദേശാഭിമാനി

അധിക വായനയ്ക്ക്

Parliament - still a man's world

Women's reservation bill - A social necessity, national obligation -- By Rajindar Sachar

Woman power

ഗുജറാത്ത്, ഒറീസ, ടി.കെ.രാമചന്ദ്രന്‍

'ഒറീസയായിരിക്കണം ഭാരതത്തിലെ ആദ്യരാമരാജ്യം, അതു യാഥാര്‍ഥ്യമാവണമെങ്കില്‍ ഇവിടത്തെ ആദിവാസികളെ മതപരിവര്‍ത്തനം നടത്തുന്ന ക്രിസ്ത്യന്‍ പാതിരിമാരെ നാം തോല്‍പിക്കണം'

പ്രവീണ്‍ തൊഗാഡിയ 2003

സീറ്റിനും ചെയര്‍മാന്‍ പദവിക്കുംവേണ്ടി ബിജെപിയുമായി വിലപേശുന്നതില്‍ പേശീബലം കാട്ടുന്ന ബിജെഡി ഹിന്ദുത്വരാഷ്ട്രീയമായ പ്രശ്നം വരുമ്പോള്‍ ബിജെപിക്ക് പൂര്‍ണമായും കീഴടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. മുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ തടയാമായിരുന്ന വര്‍ഗീയസംഘര്‍ഷമായിരുന്നു ഫുല്‍ബാനിയിലേത്. അതിന് തയ്യാറില്ലെന്നു മാത്രമല്ല സംഘപരിവാര്‍ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ എറെ അവസരം നല്‍കുകയായിരുന്നു നവീന്‍ പട്നായിക് ഗവണ്‍മെന്റ്. രണ്ടാഴ്‌ചയ്‌ക്കുശേഷവും സ്ഥിതി നിയന്ത്രണാധീനമാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കലാപം തുടരുന്നിടത്തോളം ഗുണം സംഘപരിവാറിനാണ്. അതുകൊണ്ടാണ് സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍പോലും ബിജെപി തയ്യാറാകാത്തത്. കോണ്‍ഗ്രസാകട്ടെ നിശ്ശബ്ദ കാഴ്ചക്കാര്‍ മാത്രവും. മതനിരപേക്ഷതയുടെ കാവല്‍ഭടന്മാരായി പ്രവര്‍ത്തിക്കേണ്ട കോണ്‍ഗ്രസിന്റെ ഈ സമീപനം സംഘപരിവാറിന് ചൂട്ടുപിടിക്കലാണ്. ഒറീസയില്‍നിന്ന് വാര്‍ത്തകള്‍ തുടങ്ങിയിട്ടേയുള്ളൂ. വംശീയവും വര്‍ഗീയവുമായ സംഘര്‍ഷങ്ങളുടെ വിളനിലമായി ഈ പിന്നോക്ക സംസ്ഥാനം മാറുകയാണ്.

ശ്രീ. വി.ബി.പരമേശ്വരന്‍ 2007 ഡിസംബര്‍

രണ്ടു ഉദ്ധരണികളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഒറീസ വീണ്ടും കത്തിയെരിയുകയാണ്. വി.എച്ച്.പി. നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വധത്തെത്തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ്‌ദളും അവിടത്തെ ക്രൈസ്തവര്‍ക്കും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും ആരാധാനാലയങ്ങള്‍ക്കും നേരെ അഴിച്ചുവിട്ട ‘സ്വാഭാവിക പ്രതികരണം’ നിരവധി ജീവനുകള്‍ എടുത്തുകഴിഞ്ഞു. സ്വാമിയുടെയും കൂട്ടരുടേയും വധത്തിനു പിന്നിലെ കുറ്റവാളികളെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെയും നിയമവ്യവസ്ഥയുടേയും കടമയാണ്. അത് ചെയ്യുവാന്‍ ബിജു ജനതാ‍ദളും ബിജെപിയും ചേര്‍ന്ന ബി.ജെ.ഡി സര്‍ക്കാരിനു ബാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വാദിക്കുമ്പോള്‍ തന്നെ കേന്ദ്രത്തിലിരിക്കുന്ന സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് മൌനം ദീക്ഷിക്കുകയാണ്. ലക്ഷ്മണാനന്ദയെയും കൂട്ടാളികളെയും വധിച്ചത് മാവോയിസ്റ്റുകളാണെന്ന് ബി.ജെ.പിക്ക് പങ്കുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും, മാവോയിസ്റ്റുകള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി വാര്‍ത്തകള്‍ വരികയും ചെയ്തത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. എങ്കിലും നടപ്പാക്കപ്പെടേണ്ട അജണ്ടകള്‍ കൃത്യമായും നിര്‍വചിക്കപ്പെട്ടിട്ടുള്ള അവര്‍ക്ക് വീണുകിട്ടിയ അവസരം മുതലാക്കാതിരിക്കാനാവില്ലല്ലോ. അതു കൊണ്ട് തന്നെ കുറ്റം ക്രിസ്ത്യന്‍ സംഘടനകളില്‍ ചാരി ‘സ്വാഭാവിക പ്രതികരണത്തിന്റെ’ മണ്ണെണ്ണ മനുഷ്യശരീരങ്ങളിലും, സ്ഥാപനങ്ങളിലും, ആരാധനാ‍ലയങ്ങളിലും കോരിയൊഴിച്ച് തീപ്പെട്ടിക്കോലിന്റെ നീതി നടപ്പിലാക്കുകയാണവര്‍. ബി.ജെ.പി മുന്നില്‍ നിന്നു കത്തിക്കുന്നില്ലെങ്കിലും, വിശ്വഹിന്ദുപരിഷത്തും ബജ്‌രംഗ് ദളും ശിവകാശിയുടെ പ്രേതം ബാധിച്ച മട്ടില്‍ ഉറഞ്ഞു തുള്ളുക തന്നെയാണ്.

1999ല്‍ ആസ്ത്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സും മക്കളും മൃഗീയമായി കൊലചെയ്യപ്പെട്ടതും തുടര്‍ന്ന് കത്തോലിക്കാ പുരോഹിതനായ അരുള്‍ദാസ് വധിക്കപ്പെട്ടതും ഒറീസയിലായിരുന്നു. മുപ്പതോളം സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഒറീസയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഫുല്‍ബാനി ജില്ലയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ നടന്ന സംഘടിതമായ ആക്രമണവും, നേരത്തെ മധ്യപ്രദേശിലെ ജാബുവയിലും ഗുജറാത്തിലെ ഡാങ്സിലും ഉണ്ടായ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങളും ഒക്കെ കൃത്യമായ ആസൂത്രണം ഓരോ ആക്രമണത്തിന്റെ പിന്നിലും ഉണ്ട് എന്ന് തെളിയിക്കുന്നവയാണ്.

കൃത്യമായ ആസൂത്രണം കൃത്യമായ അജണ്ടയിലേക്കാണ് വിരല്‍ ചൂണ്ടുക. ആ അജണ്ടക്കും പിന്നില്‍ കൃത്യമായ ഒരു പ്രത്യയശാസ്ത്രവുമുണ്ട്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതും പഠിക്കുന്നതും ആ രാഷ്ട്രീയത്തിനെതിരായ ചെറുത്തു നില്പിനു സഹായകമാവുമെന്നത് എടുത്തു പറയേണ്ടതില്ല.

ഈയിടെ അന്തരിച്ച ഡോ.ടി.കെ. രാമചന്ദ്രന്റെ നാമം പ്രസക്തമാവുന്നതവിടെയാണ്. മതേതര ബുദ്ധിജീവികള്‍ക്കിടയിലൊരു വലിയ വിഭാഗം 'സവര്‍ണത'ക്കെതിരെ കുറ്റകരമായ മൌനം പുലര്‍ത്തുകയോ, പരസ്യമായി അതിനെ ന്യായീകരിക്കാന്‍ സന്നദ്ധരാവുകയോ ചെയ്യുന്ന ഒരു കാലത്ത്, തന്റെ സാംസ്കാരികാന്വേഷണങ്ങളുടെ 'സൂക്ഷ്മരാഷ്ട്രീയം' കൊണ്ട് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനത്തിന് ശക്തിപകരുന്ന മുഖ്യസ്രോതസ്സുകളിലൊന്നായി മുന്നില്‍ നിന്ന ടി.കെ. ഫാസിസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചിട്ടുള്ള വ്യക്തിയാണ്. ആദ്യം ജനകീയ സാംസ്കാരികവേദിയുടെ ഭാഗമായും, പിന്നീട് പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തോട് സഹകരിച്ചും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സൈദ്ധാന്തിക ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന്റെ കരാളമുഖം തീര്‍ത്തും പുറത്തുവന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ “ഒരു മിഥ്യയുടെ ഭാവി“”പ്രസിദ്ധീകരിക്കുന്നത്. പുസ്തകപ്രസാധനം എന്നതിലേറെ ഫാസിസത്തിനെതിരെ സാംസ്കരികമായ ഒരിടപെടല്‍ എന്ന നിലയ്ക്കാണ് ഈ ദൌത്യം പ്രസക്തമാവുന്നത്. ഇപ്പോള്‍ ഈ ദൌത്യത്തിന്റെ വര്‍ധിച്ച പ്രസക്തി തെളിയിക്കുന്ന വിധത്തിലാണ് ഗുജറാത്തിലെ സംഭവഗതികള്‍, ഒറീസയിലെ സംഭവഗതികള്‍ എല്ലാം‍....

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനമായ ഭീഷണി ഹിന്ദുത്വഫാസിസമാണെന്ന് നിസ്സംശയം പ്രഖ്യാപിക്കാന്‍ തയാറായ ധൈഷണികര്‍ നമുക്കിടയില്‍ ഏറെയില്ല. എല്ലാ അന്വേഷണങ്ങളും ചരിത്രനിരപേക്ഷമാവുന്ന ഒരു ഘട്ടത്തില്‍, ചരിത്രത്തില്‍ ഊന്നിയുള്ള വൈരുധ്യാത്മകവീക്ഷണത്തെ അന്വേഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഉപാധിയായി എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖം ഈയവസരത്തില്‍ പ്രസക്തമായിരിക്കും.

ചോദ്യം: വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഫാഷിസ്റ്റുകള്‍ക്കുള്ള പ്രത്യേക താല്‍പ്പര്യം എന്തുകൊണ്ടാണ്? കൊളോണിയല്‍ കാലത്തെ ഇന്ത്യയിലെ വര്‍ഗീയകലാപങ്ങളില്‍ നിന്ന് ഇന്നുണ്ടാവുന്ന കലാപങ്ങള്‍ക്ക് എന്തെങ്കിലും വ്യത്യസ്തതയുണ്ടോ?

ഉത്തരം: വര്‍ഗീയകലാപം നടക്കുന്നിടത്തെ ഏറ്റവും വലിയ പ്രശ്നം ഗെറ്റോവല്‍ക്കരണമാണ്. അതായത്, വിവിധ വിഭാഗം ആളുകള്‍ കൂടിപ്പാര്‍ക്കുകയും ഇടതിങ്ങിപ്പാര്‍ക്കുകയും ചെയ്യുന്ന അവസ്ഥ മാറ്റി അവരില്‍ വ്യക്തമായ ചേരിതിരിവുണ്ടാക്കുക. ഇതുകൊണ്ടാണ് ഒരു പ്രത്യേക ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഫാഷിസ്റ്റുകള്‍ വര്‍ഗീയകലാപം സൃഷ്ടിക്കുന്നത്. വര്‍ഗീയകലാപം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെയതു സ്വയം പ്രവര്‍ത്തിച്ചുകൊള്ളും. ഓട്ടോമെക്കാനിസം പോലെ അതു വീണ്ടും വീണ്ടും വര്‍ഗീയതയെ സൃഷ്ടിച്ചുകൊണ്ടിരിക്കും. കൊളോണിയല്‍ കാലഘട്ടത്തിലാണല്ലോ ആധുനിക അര്‍ഥത്തിലുള്ള വര്‍ഗീയകലാപങ്ങള്‍ ആദ്യമായി ഉണ്ടാവുന്നത്. ഈ കലാപങ്ങളുടെ പിന്നിലുണ്ടായിരുന്ന പ്രശ്നം എന്തായിരുന്നു? മിക്കവാറും പ്രശ്നങ്ങളില്‍ വ്യക്തമായ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നു. ഭീവണ്ടി കലാപം വന്‍തോതിലുള്ള മയക്കുമരുന്ന് കള്ളക്കടത്തിനു പശ്ചാത്തലമൊരുക്കിയെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഈ രീതി വിട്ടു രാഷ്ട്രീയമായി കലാപങ്ങളെ ബോധപൂര്‍വം ഉപയോഗിച്ചുതുടങ്ങിയത് പുതിയ പ്രക്രിയയുടെ ഭാഗമായാണ്. ഫാഷിസത്തിന്റെ അക്രമോല്‍സുകത വര്‍ധിച്ചുവന്നതോടെ മുമ്പ് വളരെ ഒറ്റപ്പെട്ടു മാത്രം നടന്നിരുന്ന കലാപങ്ങള്‍ക്ക് ഒരു നൈരന്തര്യം സൃഷ്ടിക്കപ്പെട്ടു. ഇത് എഴുപതുകള്‍ക്കു ശേഷമാണ്. എല്ലാ മേഖലകളിലും ഒട്ടേറെ ചലനങ്ങളുണ്ടാക്കിയ ജനകീയപ്രസ്ഥാനങ്ങള്‍- വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, കര്‍ഷകര്‍ എന്നിവരുടെയൊക്കെ പോരാട്ടങ്ങള്‍- ഏതാണ്ടു ദുര്‍ബലമായിത്തുടങ്ങിയ വേളയാണത്. അടിയന്തരാവസ്ഥയോടെയായിരുന്നു ഈ മുന്നേറ്റങ്ങളുടെ അവസാനത്തെ കൊട്ടിക്കലാശം. ഇതുകഴിഞ്ഞുള്ള എണ്‍പതുകള്‍ എടുത്തു പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള ജനകീയപ്രസ്ഥാനങ്ങള്‍ വന്‍തോതില്‍ കുറഞ്ഞുവരുന്നതു കാണാം. എല്ലായ്പ്പോഴും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും വിപ്ലവപ്രസ്ഥാനങ്ങളുടെയും വേലിയിറക്കസമയത്താണു പ്രതിലോമചിന്തകള്‍ വികസിക്കുക. കേരളം തന്നെ ഉദാഹരണം. കേരളത്തിലെ ഇന്നത്തെ വലതുപക്ഷവല്‍ക്കരണത്തെ രാഷ്ട്രീയസമരങ്ങളുടെ അഭാവവുമായി ബന്ധിപ്പിക്കാം. ഇതെല്ലാ രംഗത്തുമുണ്ട്.

ചോദ്യം: ദേശീയത എന്ന വികാരത്തെ ഫാഷിസ്റ്റുകള്‍ക്കു ഫലപ്രദമായി ഉപയോഗിക്കാനാവുന്നുണ്ടല്ലോ?

ഉത്തരം: ദേശീയതയെ ഫാഷിസം പുനര്‍നിര്‍വചിക്കുന്നുണ്ട്. ഫാഷിസം എല്ലായ്പ്പോഴും ഒരു അപരനെ സൃഷ്ടിക്കുകയും ഈ അപരനെ എല്ലാ തിന്മകളുടെയും കേന്ദ്രമായി കാണുകയും ചെയ്യും. ഇവരില്‍ നിന്നുള്ള നിരന്തരമായ ആക്രമണത്തെ നേരിടുന്ന ദേശസ്നേഹികളായി സ്വയം അവരോധിക്കലാണ് അടുത്ത പടി. ഇതു വളരെ സങ്കീര്‍ണമായ ഒരു പ്രത്യയശാസ്ത്ര പ്രക്രിയയാണ്. ഈ പ്രക്രിയയുടെ ഭാഗമായാണു ദേശീയതയെ ഫാഷിസ്റ്റുകള്‍ ആയുധമായി കൈയാളുന്നത്. ജര്‍മനിയില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ വിശാലമായ ഐക്യത്തിലൂടെയാണു ദേശീയത ഉണ്ടായിട്ടുള്ളത്. അതു സാമ്രാജ്യത്വശക്തികള്‍ക്കെതിരേയും അധിനിവേശശക്തികള്‍ക്കെതിരേയുമുള്ള സമരത്തില്‍ക്കൂടി രൂപപ്പെട്ടതാണ്. ഈ ദേശീയതയെ പാശ്ചാത്യ ദേശീയതയെ നിര്‍വചിക്കുന്നതുപോലെ ലളിതമായി വംശീയതയുടെയും മറ്റും വെളിച്ചത്തില്‍ നിര്‍വചിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് ഒരു പുനര്‍നിര്‍വചനം ആവശ്യമായിവരുന്നത്. സ്വാതന്ത്ര്യസമരത്തിലെ ഒട്ടേറെ ത്യാഗങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ മതനിരപേക്ഷമായി നിര്‍വചിക്കപ്പെട്ട ഒരു സ്റേറ്റിനെ എങ്ങനെ ഫാഷിസ്റ്റായി പുനര്‍നിര്‍വചിക്കാം എന്നതാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ ദൌത്യം.

ചോദ്യം: ആഗോളതലത്തില്‍ ഒരു ഇസ്ലാമിക മൌലികവാദം രൂപംകൊള്ളുന്നുണ്ടെന്നും അതിനോടുള്ള ഒരു സ്വാഭാവിക പ്രതികരണമാണ് ഹിന്ദുത്വ ഫാഷിസമെന്നും വാദമുണ്ട്?

ഉത്തരം: ഇന്നത്തെ സാഹചര്യത്തില്‍, ലോകത്താകമാനം ഒരു ഇസ്ലാമിക മൌലികവാദമുണ്ട് എന്നു പറഞ്ഞുകഴിഞ്ഞാല്‍ ഈ ഇസ്ലാമിക മൌലികവാദമുള്ള ആളുകളെ എല്ലാ സാഹചര്യത്തിലും ഫാഷിസ്റ്റുകളുമായി തുലനപ്പെടുത്തിക്കളയാമെന്നുള്ള അവസ്ഥയുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ന്യൂനപക്ഷ ഫാഷിസമുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ന്യൂനപക്ഷ തീവ്രവാദമുണ്ട്. അതു വിമര്‍ശിക്കപ്പെടേണ്ടതുമാണ്. പക്ഷേ, അതു ഫാഷിസമാവില്ല. കാരണം, ഫാഷിസമെന്ന വിശകലനാത്മക ഗണം ഉപയോഗിക്കണമെങ്കില്‍ അതു സാമ്പത്തികമായിത്തന്നെ നിര്‍വചിക്കണം. ന്യൂനപക്ഷ ഫാഷിസത്തെപ്പറ്റിയുള്ള വാദങ്ങള്‍ പലപ്പോഴും വളരെ അപകടമായിട്ടുള്ളതാണ്; പ്രത്യേകിച്ചും, ന്യൂനപക്ഷ തീവ്രവാദത്തെ ഫാഷിസവുമായി വളരെ ലാഘവബുദ്ധിയോടെ തുലനം ചെയ്യുന്നത്. ഇവ രണ്ടിനെയും പരസ്പരം സഹായിക്കുന്ന, വളരെ വ്യത്യസ്തമൊന്നുമല്ലാത്ത, രണ്ടുതരം ഫാഷിസങ്ങളായി ചുരുക്കിക്കാണുന്നതു വിശകലനത്തിനു സഹായകമാവില്ല. എന്തുതരത്തിലുള്ള ചരിത്രസന്ദര്‍ഭത്തിലാണു മൌലികവാദത്തില്‍ നിന്ന് അക്രമം ഉണ്ടാവുന്നത് എന്ന് ആലോചിക്കണം. പണ്ടും വളരെ ആഴത്തില്‍ മതവിശ്വാസം പുലര്‍ത്തിയിരുന്ന ആളുകളുണ്ടായിരുന്നു. അവരില്‍ പലരും വളരെ നല്ല മനുഷ്യരായൊക്കെ ജീവിച്ചിട്ടുമുണ്ട്. അക്രമം കാണിച്ചിരുന്നില്ലെന്നു മാത്രമല്ല, അവരില്‍ പലരും അക്രമരാഹിത്യത്തിന്റെ വക്താക്കളുമായിരുന്നു. ഉദാഹരണത്തിന് ഗാന്ധി. വളരെ ശക്തമായ മതവിശ്വാസം പുലര്‍ത്തിയിരുന്ന ഗാന്ധി ആ അര്‍ഥത്തില്‍ മതമൌലികവാദി എന്നു വിളിക്കാവുന്ന ഒരാളായിരുന്നു. വളരെ കര്‍ക്കശമായ മതവിശ്വാസമുണ്ടായിരുന്നു ഗാന്ധിജിക്ക്. പക്ഷേ, അതില്‍ നിന്നു വല്ലാത്തൊരു ഊര്‍ജം ഉണ്ടാക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടു ചരിത്രപരമായി മൌലികവാദം സമം അക്രമം എന്നു നിര്‍വചിക്കാനാവില്ല.

ചോദ്യം: മതന്യൂനപക്ഷങ്ങള്‍, പ്രധാനമായും മുസ്ലിം ജനവിഭാഗങ്ങള്‍, നവോത്ഥാന പ്രവണതകളോടു കടുത്ത വിമുഖത പുലര്‍ത്തുന്നവരാണെന്നും ഇതു ഫാഷിസത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നുണ്ടെന്നുമുള്ള വാദത്തോട് എങ്ങനെ പ്രതികരിക്കും?

ഉത്തരം:ഫാഷിസത്തിന് അതിന്റെ ഇരകളെ അതിനാവശ്യമായ രീതിയില്‍ നിര്‍വചിക്കാന്‍ കഴിയുന്നു എന്നതു വളരെ ഗൌരവമായി കാണണം. ചരിത്രപരമായി പരിശോധിക്കുമ്പോള്‍, മറ്റെല്ലാ സമുദായങ്ങളിലുമെന്നപോലെ മുസ്ലിം സമുദായത്തിലും നവോത്ഥാന പ്രവണതകള്‍ക്ക് ഇടമുണ്ടായിരുന്നു. മുഹമ്മദ് അബ്‌ദുര്‍റഹ്മാന്‍ സാഹിബിനെപ്പോലുള്ളവരുടെ ഘട്ടം മുസ്ലിം സമുദായത്തിന്റെ നവോത്ഥാനദശയെയാണു പ്രതിനിധീകരിക്കുന്നത്. ഇന്നു മറ്റെല്ലാ സമുദായങ്ങളിലും പുനരുത്ഥാന പ്രവണതകള്‍ പ്രകടമായിരിക്കുന്നതുപോലെ മുസ്ലിം സമുദായത്തിലും അതു പ്രകടമാണ്. ഹിന്ദുമതത്തിലെ വ്യത്യസ്ത ജാതിസമൂഹങ്ങളും ഇന്നു സ്വന്തം സമുദായത്തിന്റെ പേരില്‍ അഭിമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതു സൂചിപ്പിക്കുന്നത്, നവോത്ഥാന പ്രവണതകളോടു വിമുഖത കാണിക്കുന്ന മൌലികസ്വഭാവം മുസ്ലിം സമുദായത്തിന്റേതു മാത്രമല്ല എന്നുതന്നെയാണ്. ഫാഷിസം ഉയര്‍ത്തുന്ന ഭീഷണിയാണു മുസ്ലിം സമുദായത്തില്‍ പുനരുത്ഥാന പ്രവണതകള്‍ ശക്തമാവാന്‍ കാരണമാവുന്നത് എന്ന വസ്തുത കാണാതിരുന്നുകൂടാ.

ചോദ്യം: ഫാഷിസത്തിനെതിരേയുള്ള ഐക്യമുന്നണി ഏതുവിധത്തിലാണു രൂപപ്പെടുത്തേണ്ടത്? മതമൌലികവാദികള്‍ക്ക് ഇത്തരം മുന്നണിയിലുള്ള പങ്കെന്ത്?

ഉത്തരം: ഐക്യമുന്നണിയുടെ തലത്തില്‍ രണ്ടു കാര്യങ്ങള്‍ ഒരേപോലെ പ്രസക്തമാണ്. ഒരുഭാഗത്ത് വിശാലമായ ഐക്യത്തിന്റെ തലം. അതേസമയം, വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായ സമരം നിലനിര്‍ത്തുകയും വേണം. ഐക്യം മാത്രമുണ്ടാവുകയും സമരം ഇല്ലാതിരിക്കുകയും എന്ന രീതി ശാസ്ത്രീയമല്ല. എന്നാല്‍, ഈ സമരം ശത്രുതാപരമാവാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഐക്യമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത വിധത്തില്‍ ഈ സമരങ്ങളെ മുന്നോട്ടുകൊണ്ടുപോവണം. ആശയസമരത്തിന്റെ തലത്തിലാണ് അതു നിലനിര്‍ത്തേണ്ടത്. ഈ രീതിയിലുള്ള പ്രവര്‍ത്തനമില്ലാതെ ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതു ബാലിശമാണ്. ഐക്യമുന്നണി ഉണ്ടായിവരേണ്ടത് പൊരുതുന്ന മുന്നണിയായാണ്. എന്നാല്‍, ഇന്ത്യയില്‍ പലപ്പോഴും മാറുന്ന ഭരണവ്യവസ്ഥയുടെ ഭാഗമായി അപ്പപ്പോള്‍ പടച്ചുവിടുന്ന ചില ഐക്യമുന്നണികളാണു രൂപപ്പെട്ടിട്ടുള്ളത്.

ചോദ്യം: മുതലാളിത്തം അതിന്റെ മനുഷ്യവിരുദ്ധ സ്വഭാവമാകെ പുറത്തെടുക്കുകയും ഇന്ത്യയില്‍ ഫാഷിസം യാഥാര്‍ഥ്യമാവുകയും ചെയ്ത ഈ സന്ദര്‍ഭത്തില്‍ ശുഭപ്രതീക്ഷയ്ക്കു വകയില്ലേ?

ഉത്തരം: ഉണ്ടെന്നുതന്നെയാണ് എന്റെ അഭിപ്രായം. ഫാഷിസം അധികാരമുറപ്പിച്ച ഘട്ടത്തിലാണ് ഇറ്റലിയില്‍ അന്റോണിയോ ഗ്രാംഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പ്രസിദ്ധീകരണം പുറത്തിറക്കുന്നത്. അതിന്റെ തലവാചകം 'ബുദ്ധിയുടെ ദുരന്തബോധവും ഇച്ഛയുടെ ശുഭാപ്തിവിശ്വാസവും' എന്നാണ്. മുതലാളിത്ത ചൂഷണവ്യവസ്ഥ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും നീങ്ങി എല്ലാ അമൂല്യവിഭവങ്ങളെയും ധൂര്‍ത്തടിക്കുകയും ഈയൊരു വ്യവസ്ഥ നിര്‍ബാധം മുന്നോട്ടുപോവുകയും ചെയ്യുമെന്ന് അംഗീകരിക്കലാവും അശുഭാപ്തിവിശ്വാസത്തിന്റെ ഫലം. അപ്പോള്‍ അത്തരത്തിലുള്ള അശുഭാപ്തിവിശ്വാസം മനുഷ്യന്റെ ഭാവിയെപ്പറ്റിത്തന്നെയുള്ള അശുഭാപ്തിവിശ്വാസമാവും. അതുകൊണ്ട് ഇതിനെതിരേ പടപൊരുതുക എന്നത് ഒഴിവാക്കാന്‍ പറ്റില്ല. ഭാവിയുണ്ടാവണമെങ്കിലും ദൈനംദിനം സാധ്യമാവണമെങ്കിലും വ്യവസ്ഥയുമായുള്ള പോരാട്ടം ആവശ്യമാണ്. ഈ വ്യവസ്ഥ മുന്നോട്ടുപോവും എന്നുള്ള ധാരണ ആത്മഹത്യാപരമാണ്. ഏറ്റവും വലുത് രാഷ്ട്രീയം എന്ന സങ്കല്‍പ്പം തന്നെയാണ്. അധ്വാനിക്കുന്നവരുടെയും പീഡിതരുടെയും ഐക്യമാണ് ഉയര്‍ന്നുവരേണ്ടത്. അതിനു രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്, സംഘടനാപരമായ ഐക്യം. മറ്റൊന്ന് സൈദ്ധാന്തികമായ വ്യക്തത. ഈ രണ്ടുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും വേണം. അതു വളരെ ശ്രമകരമാണ്. ലോകത്തുണ്ടായിട്ടുള്ള പരാജയങ്ങളില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, എങ്ങനെയാണു നിസ്വരായ ജനതയുടെ ഐക്യനിര കെട്ടിപ്പടുക്കുക എന്നതു സങ്കീര്‍ണം തന്നെയാണ്. അതിനു ശക്തമായ സംഘടനാരൂപം ആവശ്യമാണ്.

****

കടപ്പാട്: തേജസ് ഓണ്‍‌ലയിന്‍, ദേശാഭിമാനി

Saturday, August 30, 2008

സ്വതന്ത്ര കമ്പോളങ്ങള്‍ തകരുന്നു

അമേരിക്കന്‍ ഭവനവ്യവസായവും ധനകാര്യകമ്പോളവും സമ്പദ്ഘടനയും ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഇന്ത്യയിലെ മുഖ്യധാരാ പത്രമാധ്യമങ്ങള്‍ക്ക് അത്ര വലിയ വാര്‍ത്തയല്ല. മാത്രമല്ല, അശുഭകരമായ ഈ വാര്‍ത്തകളെ മറച്ചുപിടിച്ച്, സ്വന്തം ഈറ്റില്ലങ്ങളില്‍ തന്നെ കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും ഇന്ത്യന്‍ കമ്പോളത്തില്‍ വിറ്റഴിക്കാന്‍ അമിതമായ ശുഷ്കാന്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

ജിങ്കിള്‍ മെയില്‍

ഹോളിവുഡ് നഗരമെന്നു പേരുകേട്ട അമേരിക്കയിലെ തെക്കന്‍ ഫ്ലോറിഡാ തെരുവുകളില്‍ ‘വീട് വില്പനക്ക്’എന്നു രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ഇന്ന് സുലഭമാണ്. വാങ്ങാനാളില്ലാതെ വരുമ്പോള്‍ സ്വന്തം കൈപ്പടയില്‍ വീട്ടുടമ തന്ന ‘കുറഞ്ഞ വില’ എന്നോ ‘വില കുറച്ചിരിക്കുന്നു’ എന്നാ എഴുതിവെക്കുന്ന കാഴ്ചകളും കുറവല്ല. ഭവന വായ്പാ തവണകള്‍ അടക്കാന്‍ കഴിയാതെ, വീട്ടുപകരണങ്ങള്‍ പെറുക്കി വിറ്റ്, ഒടുവില്‍ ഗത്യന്തരമില്ലാതെ വജ്രം പതിച്ച സ്വന്തം വിവാഹമോതിരങ്ങളും സ്വര്‍ണ്ണപ്പല്ലുകളും വരെ ഊരിയിളക്കി പണയം വെക്കുന്നവരുടെ കദനകഥകള്‍ ഗാര്‍ഡിയന്‍ പത്രത്തില്‍ ജോനാതന്‍ ഫ്രാങ്ക്ലിന്‍ വിവരിക്കുന്നത് ബിസിനസ് ലൈന്‍ പത്രം പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ വഴികളുമടയുമ്പോള്‍ വീട്ടുടമ വീടിന്റെ താക്കോല്‍ കവറിലാക്കി തപാലില്‍ ബാങ്കിലേക്കയക്കുന്നു ; വീട് തുറന്നിട്ട് സ്ഥലം വിടുന്നു. തപാല്‍ ശേഖരിക്കാന്‍ പോകുന്ന ബാങ്ക്ജീവനക്കാര്‍ താക്കോല്‍ കിലുങ്ങുന്ന കവറുകള്‍ക്ക് ഒരു പേരിട്ടിരിക്കുന്നുഃ ജിങ്കിള്‍ മെയില്‍.

ഇന്ത്യയില്‍ ICICI ബാങ്കും HDFC ബാങ്കും പഴയ സെഞ്ചൂറിയന്‍ ബാങ്കും 2005ല്‍ പൊളിഞ്ഞ ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കും തുടര്‍ന്നു പോന്ന ‘ഈസി മണി പോളിസി’ യുടെ ഉറവിടം അമേരിക്കയാണ്. വായ്പയെടുക്കാനെത്തുന്നവരോട് വെറും മൂന്നു ചോദ്യങ്ങളേ ചോദിക്കൂ;
1. ‘വരുമാനമെത്ര?’
2. ‘മുമ്പ് പാപ്പരായിട്ടുണ്ടോ?’
3. ‘എത്ര പണം ആവശ്യമുണ്ട്?’

ശമ്പള സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ തൊഴിലുടമകള്‍ ഒരു പിശുക്കും കാണിച്ചില്ല. ഇഷ്ടമുള്ള ശമ്പളമെഴുതി വിടും. പോയി വായ്പയെടുത്ത് അടിച്ചു പൊളിക്കാനായിരുന്നു ഉപദേശം. ഇടപാടുകാരന്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ ബാങ്കുകളും തുനിഞ്ഞില്ല. ഈടു വസ്തു കണ്ടുകെട്ടി, തകര്‍ന്ന അമേരിക്കന്‍ സ്വപ്നങ്ങളുടെ കഥകളാണ് ജോനാതന്‍ ഫ്രാങ്ക്ലിന്‍ പറയുന്നത്.

വായ്പയില്‍നിന്ന് സമൃദ്ധി

പൊളിയുന്ന സ്വകാര്യ ബാങ്കുകളെ കരകയറ്റാന്‍ നികുതി ദായകന്‍ പണം മുടക്കണമോ? ഇത് അമേരിക്കയില്‍ വലിയ സൈദ്ധാന്തിക ചര്‍ച്ചാ വിഷയമാണിപ്പോള്‍. വസന്തകാലങ്ങളില്‍ കൊള്ളലാഭമെല്ലാം ഊറ്റിയെടുത്തുല്ലസിച്ചു നടന്ന അത്യാഗ്രഹികളായ സ്ഥാപനമുടമകളും അമിതോത്സാഹികളായ ജീവനക്കാരും സമര്‍ത്ഥമായി രക്ഷപ്പെടുന്നു. നിര്‍ദ്ദോഷിയായ നികുതിദായകര്‍ പതനത്തിന്റെ പാപഭാരം ചുമക്കുന്നു. സര്‍ക്കാര്‍ ഇടപെടലിനെ ‘ധീരവും സൃഷ്ടിപരവും ആക്രമണോത്സുകവുമായ’ നടപടിയെന്ന് വിശേഷിപ്പിക്കുന്ന വലിയൊരു വിഭാഗം അമേരിക്കയില്‍ ഇന്നുണ്ട്. 1930 കളില്‍ പ്രസിഡന്റ് റൂസ്‌വെല്‍ട്ട് ഖജനാവില്‍ നിന്ന് പണമിറക്കിയ കാര്യമിവര്‍ എടുത്തു കാട്ടുന്നു. ഇടപെടലിനെ വിമര്‍ശിക്കുന്നവരുടെ മാനസികാവസ്ഥയിലാണ് മാറ്റം വരേണ്ടതെന്നാണവരുടെ വാദം.

20 വര്‍ഷക്കാലം പണമിറക്കി പണം കൊയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ച യു.എസ്. ഫെഡ് ചെയര്‍മാന്‍ അല്ലന്‍ ഗ്രീന്‍സ്പാന്‍ വിരമിച്ചതിനു ശേഷമാണ് ഇന്നത്തെ ദുര്‍ദ്ദശയാരംഭിക്കുന്നത്. അല്ലന്‍ ഗ്രീന്‍സ്പാന്‍ സമസ്തവും സ്വകാര്യമേഖലക്കും കമ്പോളത്തിനും വിട്ടുകൊടുത്തു. മത്സരവും ലാഭമെടുപ്പും ആഘോഷിച്ചു. സര്‍ക്കാരിനെ ധനകാര്യമേഖലയില്‍ നിന്ന് തീര്‍ത്തും വിച്ഛേദിച്ചു. നിയന്ത്രണവും മേല്‍നോട്ടവും ഉപേക്ഷിച്ചു. പലിശ കുറച്ചു. വായ്പ വര്‍ദ്ധിപ്പിച്ചു. തൊഴിലും വരുമാനവും കൂടി. ഉപഭോഗം വര്‍ദ്ധിച്ചു. എങ്ങും ഉത്സവഭേരിയായിരുന്നു. വായ്പയെടുത്ത് ആഘോഷം. വായ്പയില്‍ നിന്നുള്ള സമൃദ്ധി. വിലയും കൂലിയും കമ്പോളം നിര്‍ണ്ണയിച്ചു. സര്‍വ്വശക്തനായ കമ്പോളം എങ്ങും എപ്പോഴും നന്മ വര്‍ഷിക്കുമെന്ന് കമ്പോളവേദക്കാര്‍ വിശ്വസിച്ചു.

കമ്പോളം ചതിക്കുന്നു

പക്ഷെ, വൈകാതെ കമ്പോളം ചതിച്ചു. കടമെടുത്ത ഐശ്വര്യങ്ങള്‍ അസ്തമിച്ചു. ആഘോഷങ്ങള്‍ കെട്ടടങ്ങി. തൊഴിലുകള്‍ നഷ്ടപ്പെട്ടു. വരുമാനം കുറഞ്ഞു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം പടിയിറങ്ങി. 168 ബില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ പാക്കേജിനു പോലും അമേരിക്കന്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനായില്ല. 50 ബില്യണ്‍ ഡോളറിന്റെ പുതിയ പാക്കേജ് വേണ്ടിവരും. 50 എന്നത് 150 ബില്യണ്‍ ഡോളറായേക്കുമെന്നാണ് ഇപ്പോഴത്തെ കണക്ക്.

കമ്പോള മൌലികവാദികള്‍ ഇപ്പോഴും വാദിക്കുന്നത് ഇതൊരു താല്‍കാലിക ചാക്രിക മാന്ദ്യമാണെന്നാണ്. മുതലാളിത്തത്തിന്റെ വളര്‍ച്ച തരംഗരൂപത്തിലായിരിക്കും. കയറ്റിറക്കങ്ങള്‍ സാധാരണയാണ്. ഇക്കുറി തരംഗത്തിന്റെ കീഴ്‌ഭാഗം കുത്തനെ ഇറങ്ങിപ്പോയി. താമസിയാതെ കീഴറ്റത്തു നിന്ന് കയറ്റമാരംഭിക്കും. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘V’ ആകൃതിയില്‍. പക്ഷെ കാര്യവിവരമുള്ളവര്‍ ഇതംഗീകരിക്കുന്നില്ല. കീഴറ്റത്തു നിന്നുള്ള പ്രയാണം നിരപ്പായിട്ടായിരുക്കുമെന്നവര്‍ പ്രവചിക്കുന്നു. ചുരുങ്ങിയ പക്ഷം 2011 വരെ വളര്‍ച്ച ‘L’ രൂപത്തിലായിരിക്കുമത്രെ. മാന്ദ്യം അഗാധമാണ്. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കും.

ജെഫ്രി സാക്സ് പ്രശസ്തനായ അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധനാണ്. അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് ‘കോമണ്‍വെല്‍ത്ത് : ജനസാന്ദ്രമായ ഒരു ഗ്രഹത്തിനാവശ്യമായ ധനശാസ്ത്രം’ എന്നാണ്. പുസ്തകത്തില്‍ അദ്ദേഹം ഇപ്രകാരം പറയുന്നു:
‘കമ്പോള ശക്തികള്‍ക്കു മാത്രമായി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവില്ല. രാഷ്ട്രങ്ങള്‍ തമ്മിലുള്ള അനന്തമായ മത്സരം പരസ്പര സഹകരണത്തിന് വഴിമാറേണ്ടിയിരിക്കുന്നു.’

നിയന്ത്രണത്തിന്റെ മഹത്വം

2008 മാര്‍ച്ച് 16 ന് അമേരിക്കന്‍ കേന്ദ്രബാങ്ക് സ്വന്തം നിയമപുസ്തകം തിരുത്തിയെഴുതിയതായി മാര്‍ച്ച് 22 ലെ ‘ദ ഇക്കണോമിസ്റ്റ്’ വാരികയെഴുതി. ‘വാള്‍ സ്ട്രീറ്റ് പ്രതിസന്ധി’ എന്നായിരുന്നു ലേഖനത്തിന്റെ പേര്. ബിയര്‍ സ്റ്റിയേണ്‍സ് അമേരിക്കയിലെ അഞ്ചാമത്തെ വലിയ നിക്ഷേപ ബാങ്കായിരുന്നു. ഈ ബാങ്ക് പൊളിയുന്നത് തടയുകയായിരുന്നു ലക്ഷ്യം. 3000 കോടി ഡോളര്‍ ഖജനാവില്‍ നിന്നാഴുക്കി. താരതമ്യേന സുശക്തമായ ജെ. പി. മോര്‍ഗനെക്കൊണ്ട് ബിയറിനെ ഏറ്റെടുപ്പിച്ചു. ഇതില്‍ 600 കോടി ഡോളര്‍ വ്യവഹാരത്തിനായി മാത്രം മോര്‍ഗന്‍ നീക്കിവെച്ചു.

ആധുനിക ധനകാര്യകമ്പോളത്തിന്റെ വിമര്‍ശകര്‍ ഇതിനെ സ്വതന്ത്രകമ്പോള ദര്‍ശനത്തിന്റെ അനിവാര്യ പതനമെന്ന് മുദ്രകുത്തി. കനേഡിയന്‍ ഗവേഷണസ്ഥാപനമായ ബി.സി.എ യിലെ മാര്‍ട്ടിന്‍ ബേണ്‍സ് പറയുന്നതു ശ്രദ്ധിക്കുക: അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെ ലാഭത്തിന്റെ 40% ഇപ്പോള്‍ ധനകാര്യ സേവനവ്യവസായത്തിന്റെ വകയാണ്. 1980 ല്‍ ഇത് വെറും 10% ആയിരുന്നു. ഓഹരിവിപണിയില്‍ നിന്നുള്ള ലാഭം 1980 ല്‍ 6% ആയിരുന്നു. ഇപ്പോഴത് 19% ആയി ഉയര്‍ന്നു. എന്നാല്‍ കോര്‍പ്പറേറ്റ് അമേരിക്കയുടെ മൊത്തം മൂല്യ വര്‍ദ്ധനവില്‍ ധനകാര്യമേഖലയുടെ പങ്ക് 15% മാത്രമാണ്. സ്വകാര്യമേഖലാ തൊഴിലില്‍ വെറും 5 ശതമാനവും. ഇത് സുസ്ഥിരമല്ല.

ബിയറിന്റെ പതനം രണ്ടു സത്യങ്ങള്‍ സ്ഥിരീകരിച്ചു.

1. പണം അപൂര്‍വ്വ വസ്തുവായി മാറുമ്പോള്‍ ആഴമുള്ള കീശയുടെ ഉടമ രാജാവാകും. ജെ.പി.മോര്‍ഗനെപ്പോലെ. ഇതൊരു പഴഞ്ചന്‍ സത്യമാണ്.
2. രണ്ടാമത്തേത് ഒരു പുതിയ സത്യമാണ്. അത് കേന്ദ്രബാങ്കിന്റെ നിയന്ത്രണാധികാരത്തെ പരാമര്‍ശിക്കുന്നു. അവസാനത്തെ ആശ്രയമെന്ന ധര്‍മ്മം(lender of last resort) ഫെഡറല്‍ റിസര്‍വ്വ് വീണ്ടെടുത്തു. ബിയര്‍ സ്റ്റിയേണ്‍സ് ഒരു സ്വകാര്യ ബാങ്കായിരുന്നു. എന്നിട്ടും ഫെഡ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കെ പൊതുപണമിറക്കി തകര്‍ച്ചയെ തടഞ്ഞു. കാരണം, ബിയര്‍ അത്ര വലുതായിരുന്നു. തകര്‍ച്ചയുടെ ആഘാതം അത്രക്ക് ഭീകരമാകുമായിരുന്നു.

‘’ദി ഇക്കണോമിസ്റ്റ് ’വാരികയുടെ മാര്‍ച്ച് 29 ലക്കത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘നിയന്ത്രണാധികാരികള്‍ വരുന്നു’ എന്നായിരുന്നു. നിയന്ത്രണ, മേല്‍നോട്ട ചട്ടക്കൂടാകെ പൊളിച്ചെഴുതണമെന്ന് ഹെന്‍ട്രി പോള്‍സന്‍ വാദിക്കുന്നു.

കേന്ദ്രബാങ്കുകളുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റ്സിന്റെ (ബി. ഐ.എസ്) വാര്‍ഷിക റിപ്പോര്‍ട്ട് ഈ നിലപാടിനെ പിന്തുണക്കുന്നുണ്ട്.

പകര്‍ച്ചവ്യാധി

മാര്‍ച്ച് മാസത്തില്‍ നിന്ന് ജൂലായ് മാസത്തിലേക്കെത്തുമ്പോള്‍ ഇന്‍ഡി മാക് എന്നു പേരായ മറ്റൊരു അമേരിക്കന്‍ ബാങ്കിന്റെ തകര്‍ച്ചയുടെ കഥയാണ് നാം കേള്‍ക്കുന്നത്. പൊളിഞ്ഞ ശാഖയുടെ മുന്നില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിന്നിടയിലൂടെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുപോയ ഒരു യുവാവിനെക്കുറിച്ച് പോള്‍ ക്രൂഗ്മാന്‍ വിവരിക്കുന്നുണ്ട്. ബാങ്കു തകര്‍ച്ചക്കുത്തരവാദികള്‍ പെരുങ്കള്ളന്മാരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണെന്ന് ചെറുപ്പക്കാരന്‍ വിളിച്ചു കൂവിയപ്പോള്‍ ജനം ആര്‍ത്തട്ടഹസിച്ചുവത്രെ.

ഇന്ത്യക്കാര്‍ മാതൃകാ ബാങ്കെന്നു കരുതുന്ന സിറ്റി ബാങ്ക് 500 ബില്യണ്‍ ഡോളറിന്റെ കിട്ടാക്കടം വെറും 100 ബില്യണ്‍ ഡോളറിനു വിറ്റു. 400 ബില്യണ്‍ ഡോളറിന്റെ നഷ്ടം. ഈ ഭീമമായ പൈതൃക ആസ്തികള്‍ കൈകാര്യം ചെയ്യുക എളുപ്പമല്ലന്ന് ഇന്ത്യക്കാരനായ ബാങ്ക് മേധാവി വിക്രം പണ്ഡിറ്റ് പ്രസ്താവിക്കുന്നു.

ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ലങ്കിലും അമേരിക്കന്‍ ധനകാര്യവ്യവസായത്തിന്റെ പതനം സമ്പദ്ഘടനയെ മാന്ദ്യത്തിലേക്കു നയിച്ചു കഴിഞ്ഞു. ഇത് പറയുന്നത് മറ്റാരുമല്ല. അമേരിക്കയിലെ ധനാഢ്യനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് തന്നെ. തുടര്‍ച്ചയായി രണ്ട് കാല്‍ വര്‍ഷങ്ങളില്‍(quarter) സാമ്പത്തിക വളര്‍ച്ച കീഴ്പ്പോട്ടായിരുന്നു. ജനങ്ങള്‍ക്ക് ഇതനുഭവപ്പെടുന്നുണ്ട്. സിറ്റി ബാങ്കിന്റെയും മെറിള്‍ ലിന്‍ചിന്റെയും ബാലന്‍സ് ഷീറ്റുകള്‍ക്കിപ്പോള്‍ തീരെ തിളക്കമില്ല. ഒരു പകര്‍ച്ചവ്യാധി കണക്കെ പണയ ദുരന്തം( mortgage crisis) യൂറോപ്പിലേക്കും ഏഷ്യയിലേക്കും പടരുകയാണ്. കരടികളുടെ ബറ്റാലിയന്‍ ആഗോളവിപണികളിലേക്കിറങ്ങിക്കഴിഞ്ഞു. പൊളിഞ്ഞ നോര്‍ത്തേണ്‍ റോക്ക് ബാങ്കിനെ പ്രത്യയശാസ്ത്രം മറന്ന്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശസാല്‍ക്കരിച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ ഭവനനിര്‍മ്മാണ കമ്പനിയായ ടെയ്‌ലര്‍ വിംപിയും വസ്ത്രവ്യാപാരികളായ മാര്‍ക്സ് ആന്റ് സ്പെന്‍സറും തകര്‍ച്ചയുടെ വക്കിലാണ്. സ്വിസ് ബാങ്കുകളായ യു. ബി.എസ്സും ക്രെഡിറ്റ് സ്യൂസ്സും തകര്‍ച്ചയോട് മല്ലിട്ടുകൊണ്ടിരിക്കുന്നു. തകര്‍ച്ച സ്പെയിനെയും പിടികൂടിക്കഴിഞ്ഞു. സോഷ്യലിസ്റ്റ് പ്രധാനമന്ത്രി ജോസ് ലൂയീസ് സപാട്ടെരോ തുറന്നു സമ്മതിക്കുന്നില്ലന്നു മാത്രം. കടകമ്പോളങ്ങള്‍ക്കു മുമ്പില്‍ തൂങ്ങുന്നത് ‘വാടകക്ക് ‘ എന്നോ ‘അടച്ചുപൂട്ടും മുമ്പുള്ള ക്ലിയറന്‍സ് വില്‍പ്പന’ എന്നോ എഴുതിയ ബോര്‍ഡുകളാണ്. വടക്കന്‍ നോര്‍വ്വേയിലെ മുനിസിപ്പാലിറ്റികള്‍ പ്രതിസന്ധിയിലാണ്. കാരണം അവരുടെ പണവും ഭൂപണയ ബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ നിക്കോളാസ് സര്‍ക്കോസിയുടെയും ബ്രിട്ടണില്‍ ഗോര്‍ഡണ്‍ ബ്രൌണിന്റെയും ജനപിന്തുണയിടിഞ്ഞിട്ടുണ്ട്.

ഫാനി & ഫ്രെഡി

പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് ഫാനിയും ഫ്രെഡിയുമാണ്. രണ്ടും ഫെഡറല്‍ നാഷണല്‍ മോര്‍ട്ട്ഗേജ് അസോസിയേഷനുകള്‍. മുഴുവന്‍ പേര് ഫാനി മേ, ഫ്രെഡി മാക് എന്നാണ്. രണ്ടു സ്ഥാപനങ്ങളും അനിവാര്യമായ തകര്‍ച്ചയിലേക്കു നീങ്ങുന്നു. ഭൂപണയാടിസ്ഥാനത്തില്‍ വീട് സ്വന്തമാക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താന്‍ 1930 കളില്‍ സ്ഥാപിതമായ തീര്‍ത്തും സ്വകാര്യസ്ഥാപനങ്ങളാണിവ. ബാങ്കുകളില്‍ നിന്ന് ഭൂപണയങ്ങള്‍ വാങ്ങി മറിച്ചു വില്‍ക്കുന്ന ഫാനിക്കും ഫ്രെഡിക്കും ഫെഡറല്‍ ഗവണ്മെന്റിന്റെ ഗ്യാരന്റിയില്ലങ്കിലും സ്പോണ്‍സര്‍ഷിപ്പുണ്ടെന്നാണ് നിക്ഷേപകരുടെ ധാരണ. അതിനര്‍ത്ഥം ഫാനി യും, ഫ്രെഡിയും ലാഭത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഓഹരിയുടമകള്‍ക്ക് നേട്ടമാണെന്നാണ്. എന്നാല്‍ സ്ഥാപനം പൊളിഞ്ഞാല്‍ നഷ്ടം സര്‍ക്കാരിനും നികുതിദായകര്‍ക്കുമായിരിക്കും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ലാഭം സ്വകാര്യവല്‍ക്കരിക്കുകയും നഷ്ടം സാമൂഹ്യവല്‍ക്കരിക്കുകയും ചെയ്യുന്ന അതീവ വിചിത്രമായ അവസ്ഥ.

2008ല്‍ വിദേശരാഷ്ട്രങ്ങളുടെ പക്കലുള്ളത് ഏകദേശം 1500 ബില്യണ്‍ ഡോളര്‍ മതിക്കുന്ന ഫാനി, ഫ്രെഡിയുള്‍പ്പെടെയുള്ള അര്‍ദ്ധസര്‍ക്കാര്‍, ട്രഷറിയേതര സെക്യൂരിറ്റികളുടെ ശേഖരമാണ്. 2001ല്‍ ഇത് വെറും 504 ബില്യണായിരുന്നു. ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ചൈനയുടെ പക്കല്‍ 376 ബില്യണ്‍ ഡോളറും ജാപ്പാന്റെ കൈവശം 228 ബില്യണ്‍ ഡോളറും വിലമതിക്കുന്ന . സെക്യൂരിറ്റികളുണ്ട്. നിരവധി വിദേശ ഗവണ്മേന്റുകളും, ബാങ്ക് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളും ട്രഷറി സെക്യൂരിറ്റികള്‍ക്കു പകരം ഫാനിയുടെയും, ഫ്രെഡിയുടെയും സെക്യൂരിറ്റികളാണ് സൂക്ഷിക്കുന്നത്. ഈ രണ്ടു കമ്പനികളെയും എപ്രകാരം രക്ഷപ്പെടുത്തുന്നു എന്നതിലാണ് അമേരിക്കയുടെ വിശ്വാസ്യത കുടികൊള്ളുന്നത്. വായ്പയെടുക്കാനുള്ള അമേരിക്കയുടെ ശേഷി തുലാസില്‍ തൂങ്ങുന്നു. വിദേശകമ്പനികള്‍ അമേരിക്കന്‍ സെക്യൂരിറ്റികള്‍ ബഹിഷ്കരിച്ചാല്‍ സ്ഥിതി വഷളാകും. ഫാനി, ഫ്രെഡി ഓഹരി വില നിലം പൊത്തി. എന്നിട്ടും സെക്യൂരിറ്റികളുടെ വിലയില്‍ മാറ്റമില്ല. ഈ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് ട്രഷറി സെക്രട്ടറി ഹെന്റ്റി പോള്‍സന്‍ പരിധിയില്ലാത്ത തുകയനുവദിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ മുമ്പില്‍ തൊഴുകൈകളോടെ നില്‍ക്കുന്നത്.

സ്വതന്ത്ര കമ്പോളവാദം പാശ്ചാത്യലോകത്താകെ പരാജയപ്പെട്ടുവെന്നും മത്സരം കാര്യക്ഷമതയിലേക്കുമാത്രമല്ല തകര്‍ച്ചയിലേക്കും നയിക്കുമെന്നു ബോധ്യപ്പെടാന്‍ ഇതില്‍പരം തെളിവ് നിരത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല. പാശ്ചാത്യ സര്‍ക്കാരുകള്‍ കമ്പോളത്തില്‍ ഇടപെടുന്നു. ഖജനാവില്‍ നിന്നു പണമിറക്കി, പൊളിയുന്ന സ്വകാര്യ നിക്ഷേപ ബാങ്കുകളെപ്പോലും ജാമ്യത്തിലെടുക്കുന്നു. ബാങ്കുകളെ ദേശസാല്‍ക്കരിക്കുന്നു. ഇത്രയൊക്കെയായിട്ടും സ്വതന്ത്ര കമ്പോളം ദിവ്യമാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഘോരപാപമാണെന്നും അന്ധമായി വിശ്വസിച്ച്, ഇന്ത്യന്‍ ബാങ്കിംഗ്, ധനകാര്യമേഖലകളെയും പടുകുഴിയിലേക്കു നയിക്കുന്ന രഘുറാം രാജനെപ്പോലുള്ള വിദഗ്ദ്ധരെയും അവരുടെ ശുപാര്‍ശകളെയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

******

കെ.വി.ജോര്‍ജ്

(BEFI-Kerala ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Friday, August 29, 2008

ബി എസ് എന്‍ എല്‍ സ്വകാര്യവല്‍ക്കരണം ദേശരക്ഷക്ക് ഭീഷണി

ശബ്ദം, മിന്നല്‍പിണറിന്റെ വേഗത കൈവരിച്ചു കഴിഞ്ഞ കമ്യൂണിക്കേഷന്‍ വിപ്ലവത്തിന്റെ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഭൂമിക്കടിയിലും സമുദ്രാന്തര്‍ഭാഗത്തും വിന്യസിച്ച കേബിളുകളും, വായുമണ്ഡലവും ശൂന്യാകാശവും, ശബ്ദത്തോടൊപ്പം ചിത്രങ്ങളുടെയും സന്ദേശങ്ങളുടെയും ചലിക്കുന്ന കാഴ്ചകളുടെയും സഞ്ചാരമാധ്യമമായി പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ കമ്യൂണിക്കേഷന്‍ കുതിപ്പില്‍ ഇന്ത്യയും ഒപ്പത്തിനൊപ്പമെത്തുന്നുവെന്നതില്‍ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം. വാര്‍ത്താവിനിമയ വിപ്ലവത്തിന് അനിവാര്യമായ അതിബൃഹത്തായ പശ്ചാത്തല സംവിധാനങ്ങള്‍ രാജ്യത്തിനു വേണ്ടി ഒരുക്കിയ, ഒന്നര നൂറ്റാണ്ടിന്റെ സേവനപാരമ്പര്യമുള്ള ഇന്ത്യന്‍ ടെലികോം വകുപ്പിന്റെ നേരവകാശിയാണ് ഇന്നത്തെ ബി എസ് എന്‍ എല്‍. ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച് നാളിതുവരെ നിലനില്‍ക്കുകയും വളരുകയും ചെയ്ത ഈ സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ചാണ് ഞങ്ങള്‍ക്ക് ചിലത് പറയുവാനുള്ളത്.

ബി എസ് എന്‍ എല്‍ പിറക്കുന്നു

രണ്ടായിരാമാണ്ട് ഒക്ടോബറിലാണ് ടെലികോം വകുപ്പ് കമ്പനിയായി രൂപാന്തരം പ്രാപിക്കുന്നത്. വര്‍ഷത്തില്‍ മുപ്പത് ശതമാനം എന്ന നിരക്കില്‍ ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ രംഗത്ത് കുതിച്ചുചാട്ടം നടത്തി, ലോകത്തില്‍ തന്നെ അത്ഭുതമായ വളര്‍ച്ചാനിരക്കാണ് അന്ന് ഇന്ത്യന്‍ ടെലികോം വകുപ്പ് കാഴ്ചവെച്ചത്. ഇന്ന് സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞ മൊബൈല്‍ ടെലഫോണ്‍ ഇന്ത്യയില്‍ കാലെടുത്തുവച്ചത് 1995 ലായിരുന്നു. അതിനു ഒരു വര്‍ഷം മുമ്പ് തന്നെ, അതായത് 1994 ല്‍ ഇന്ത്യന്‍ ടെലികോം രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍ കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടെലികോം വകുപ്പിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് ഭരണാധികാരികള്‍ മൊബൈല്‍ രംഗം സ്വകാര്യകമ്പനികള്‍ക്ക് മാത്രമായി റിസര്‍വ് ചെയ്യുകയും, ടെലികോം വകുപ്പ് ലാന്‍ഡ് ലൈന്‍ രംഗത്ത് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന് തീരുമാനിക്കുകയുമാണ് ചെയ്തത്. ടെലികോം വകുപ്പിന്റെ പശ്ചാത്തലസൌകര്യങ്ങള്‍ ആവോളം ഉദാരവ്യവസ്ഥയില്‍ ഉപയോഗപ്പെടുത്തിയ സ്വകാര്യ കമ്പനികള്‍ ഉപഭോക്താക്കളെ കൊള്ളക്ക് വിധേയരാക്കി മിനുട്ടിന് 16 രൂപവരെ ചാര്‍ജ് ഈടാക്കി. മൊബൈല്‍ ഫോണുകളെ സമ്പന്നന്റെ കീശയിലെ പ്രൌഢമായ അലങ്കാരവസ്തുവാക്കി മാറ്റി സാധാരണക്കാരനെ അകറ്റിനിര്‍ത്തിയതാണ് സ്വകാര്യ കമ്പനികള്‍ ചെയ്ത 'സേവനം'! അവസാനം തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 2002 ല്‍ ഗത്യന്തരമില്ലാതെ ഇന്ത്യാ ഗവണ്‍ മെന്റ് മൊബൈല്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ പൊതുമേഖലാ കമ്പനിയായ ബി എസ് എന്‍ എല്ലിനു അനുവാദം നല്‍കിയത്.

മൊബൈല്‍ ഫോണുകള്‍ വ്യാപകമാകുന്നു

അഭിമാനത്തോടെ പറയട്ടെ ബി എസ് എന്‍ എല്‍ രംഗത്തു വന്നതോടെ മൊബൈല്‍ ഫോണുകള്‍ പ്രചുരപ്രചാരം നേടി; സാധാരണക്കാരന്റെ വാര്‍ത്താവിനിമയ ഉപകരണമായി മാറി. തൊട്ടാല്‍ പൊള്ളുന്ന ചാര്‍ജുകള്‍ക്ക് പകരം താങ്ങാവുന്ന നിരക്കില്‍ സേവനം നല്‍കാന്‍ ബി എസ് എന്‍ എല്‍ തയ്യാറായപ്പോള്‍ സ്വകാര്യ കമ്പനികള്‍ ചുവട് മാറ്റുകയും പാക്കേജുകളും ഓഫറുകളുമായി വിപണിയിലിറങ്ങുകയും ചെയ്തു. അന്നുവരെ പരസ്പരം ഒത്തുകളിച്ച് ഉപഭോക്താക്കളെ കൊള്ള ചെയ്ത് സ്വകാര്യ കമ്പനികള്‍ ബി എസ് എന്‍ എല്ലിനെ ഒരു ശത്രുവായി കണ്ടതില്‍ അത്ഭുതമില്ല. ആഗോളവല്‍ക്കരണത്തിന്റെ അഴുക്കുചാലില്‍ തുടികൊട്ടാന്‍ തയ്യാറായ ഇന്ത്യാ ഗവണ്മെന്റാകട്ടെ ബി എസ് എന്‍ എല്ലിന്റെ വളര്‍ച്ചക്ക് പ്രോത്സാഹനം നല്‍കുന്നതിനു പകരം സാമ്പത്തികമായി സ്ഥാപനത്തെ ഉപരോധിച്ച് തടയിടാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിവന്നത്.

ബി എസ് എന്‍ എല്ലിനെ സാമ്പത്തികമായി തകര്‍ക്കുന്നു

നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ സാര്‍വത്രിക സേവനം നല്‍കിവന്ന ബി എസ് എന്‍ എല്ലിന് സ്വകാര്യ കമ്പനികള്‍ നിയമപ്രകാരം നല്‍കേണ്ട ഫീസ് ഒരു ഉത്തരവിലൂടെ ടെലികോം റഗുലേറ്ററി അതോറിറ്റി ഇല്ലാതാക്കി. രാഷ്ട്രാന്തരീയ കോളുകള്‍ കൈകാര്യം ചെയ്യുന്ന വിദേശസഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന അന്താരാഷ്ട്ര നിലവാരമുള്ളതും കോടികളുടെ ആസ്തിയുള്ളതുമായ സ്ഥാപനം മുടക്കുമുതലിന്റെ നാലില്‍ ഒന്നിന് ടാറ്റക്ക് കൈമാറി. വന്‍കിട സ്വകാര്യ കമ്പനികളുടെ എല്ലാ കൃത്രിമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മൌനാനുവാദം നല്‍കി. അന്താരാ ഷ്ട്ര കോളുകള്‍, ലോക്കല്‍ കോളുകളാക്കി മാറ്റി റിലയന്‍സ് കമ്പനി കോടികളുടെ വെട്ടിപ്പ് നടത്തി. സ്വകാര്യ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ടെലകോം നയങ്ങള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി.

ടെണ്ടര്‍ വെട്ടിക്കുറക്കുന്നു; വികസനം സ്തംഭിക്കുന്നു

2002 മുതല്‍ മൊബൈല്‍ രംഗത്ത് പ്രവേശിച്ച ബി എസ് എന്‍ എല്ലിന്റെ വിപണി പങ്കാളിത്തം വലിയ തോതിലാണ് വര്‍ദ്ധിച്ചത്. എന്നാല്‍ 2005 ഓടുകൂടി മൊബൈല്‍ കണക്ഷന്‍ നല്‍കാനാവശ്യമായ ശേഷിയില്‍ കുറവുവരാന്‍ തുടങ്ങി. ഇതു കണക്കിലെടുത്ത് 4.5 കോടി പുതിയ ടെലഫോണ്‍ കണക്ഷ ന്‍ നല്കാനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 2006 മാര്‍ച്ചില്‍ കരാര്‍ നല്‍കി. ദയാനിധിമാരന്‍ മന്ത്രിയായിരുന്ന കാലത്താണ് കരാര്‍ നല്‍കിയത്. ഒട്ടനവധി കോടതി കേസുകളുടെയും മറ്റും പശ്ചാത്തലത്തില്‍ കരാര്‍ നടപടി നീണ്ടുപോയെങ്കിലും എറിക്സണ്‍ കമ്പനിക്ക് ഓര്‍ഡര്‍ നല്‍കാന്‍ 2007 ഏപ്രിലില്‍ തീരുമാനമായി. എന്നാല്‍ മാരന്‍ രാജിവെച്ച് രാജ മന്ത്രിയായതോടുകൂടി പ്രസ്തുത കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. 2006 മുതല്‍ വികസനരംഗത്ത് ചെറിയ തോതില്‍ മാന്ദ്യം നേരിട്ട ബി എസ് എന്‍ എല്ലിന് യഥാസമയം ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പുതിയ കരാര്‍ സംബന്ധിച്ച് ടെലികോം വകുപ്പ് തീരുമാനമെടുക്കാതിരുന്നതിനാല്‍ വികസനം സ്തംഭനാവസ്ഥയിലായി. സ്വകാര്യ കമ്പനികള്‍ ഈ അവസരം മുതലെടുത്തുകൊണ്ട് വിപണിയില്‍ ആധിപത്യം നേടാ ന്‍ ശ്രമങ്ങളാരംഭിച്ചു. കേന്ദ്രസര്‍ക്കാരും സ്വകാര്യ കമ്പനിക ളും തമ്മിലുള്ള അവിഹിതബന്ധം എല്ലാ സീമകളും ലംഘിച്ച് പുരോഗമിച്ചപ്പോഴാണ് ബി എസ് എന്‍ എല്ലിലെ ഓഫീസര്‍മാരും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ 2007 ജൂലൈ 11ന് പണിമുടക്കിയത്. സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് വേണ്ടി തൊഴിലാളികള്‍ നടത്തിയ മാതൃകാപരമായ ഇടപെടല്‍ എന്നാണ് പല ദേശീയപത്രങ്ങളും പണിമുടക്കിനെ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ടെലികോം രംഗം ഇന്ന്

2000 ഒക്ടോബറില്‍ ബി എസ് എന്‍ എല്ലിന്റെ വിപണി പങ്കാളിത്തം 78 ശതമാനമായിരുന്നു. ഈ വളര്‍ച്ചാ നിരക്ക്, അതായത് 30% നിലനിര്‍ത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വാര്‍ത്താവിനിമയ ലക്ഷ്യങ്ങള്‍ ഒരു സ്വകാര്യ ഇടപെടലോ, വിദേശ സഹായമോ ഇല്ലാതെ തന്നെ കൈവരിക്കാന്‍ കഴിയുമായിരുന്നുവെന്ന് ടെലികോം വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് വിദേശനിക്ഷേപ പരിധി 74 ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനും ദേശീയവും വിദേശീയവുമായ കുത്തകകള്‍ക്ക് എല്ലാ സൌകര്യങ്ങളും അനുവദിക്കാനുമാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. തല്‍ഫലമായി ബി എസ് എന്‍ എല്ലിന്റെ വിപണിയിലെ മേധാവിത്വം കുറയാന്‍ തുടങ്ങി. വിദേശ നിക്ഷേപം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഈ രംഗത്ത് വിദേശ കമ്പനികള്‍ മേധാവിത്വം സ്ഥാപിച്ചു. നിലവിലുണ്ടായിരുന്ന പല സ്വകാര്യ കമ്പനികളേയും വമ്പന്‍ വിദേശ കമ്പനികള്‍ വിഴുങ്ങി. ബി പി എല്ലിനെ ഹച്ചും ഹച്ചിനെ വോഡഫോണും കൈക്കലാക്കി. കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്കോട്ടല്‍ അപ്രത്യക്ഷമായി പുതുരൂപത്തില്‍ പുറത്തിറങ്ങി. ദേശീയ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം അവഗണിക്കപ്പെട്ടു. ഇന്ത്യന്‍ ടെലികോം കമ്പോളം പൂര്‍ണ്ണമായും വിദേശ-നാടന്‍ കുത്തകകളുടെ കൈകളിലെത്തി. പൊതുമേഖലാ കമ്പനിയായ ബി എസ് എന്‍ എല്ലിനെ സാമ്പത്തികമായി ഞെരുക്കിയും വികസനം നടത്താന്‍ ഉപകരണങ്ങള്‍ യഥാസമയം ലഭ്യമാക്കാതെ വീര്‍പ്പുമുട്ടിച്ചും തകര്‍ക്കാന്‍ ശ്രമം തുടങ്ങി. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടെലികോം കമ്പോളത്തില്‍ ബി എസ് എന്‍ എല്ലിന്റെ വിപണി പങ്കാളിത്തം ഗണ്യമായി കുറയാന്‍ തുടങ്ങി. 2005 ല്‍ 48 ശതമാനമായിരുന്നത് 2008 മാര്‍ച്ചില്‍ 22.92 ശതമാനമായി കുറഞ്ഞു. എയര്‍ടെല്‍, വോഡാഫോണ്‍, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ കാര്‍ട്ടലുകളുണ്ടാക്കി 20 ശതമാനം ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. മൂന്നു മാസക്കാലം സുഗമമായി ഉപഭോക്താക്കളില്‍ നിന്ന് അധികചാര്‍ജ്ജ് ഈടാക്കാന്‍ ഇവര്‍ക്കു സാധിച്ചു. ടെലികോം ട്രിബ്യൂണലിന്റെ ഇടപെടല്‍ മൂലമാണ് പഴയ നിരക്ക് പുനഃസ്ഥാപിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായത്.

വരുമാനം വര്‍ദ്ധിക്കുന്നു ബി എസ് എന്‍ എല്ലിന്റെ പങ്ക് കുറയുന്നു

ടെലികോം വ്യവസായത്തില്‍ നിന്ന് കോടികളുടെ വരുമാനമാണ് ഇക്കാലയളവില്‍ വോഡാഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ നേടിയത്. ഇതിന് ഉതകുന്ന എല്ലാ സഹായങ്ങളും സര്‍ക്കാരും വകുപ്പും നല്‍കുകയും ചെയ്തു. 1,30,561 കോടി രൂപയാണ് ഇന്ത്യന്‍ ടെലികോം വ്യവസായരംഗത്തെ വരുമാനം. അതില്‍ ബി എസ് എന്‍ എല്ലിന്റെ പങ്ക് കേവലം 35,296കോടി മാത്രമാണ്. ബി എസ് എന്‍ എല്ലിന് ലഭിക്കുന്ന ഓരോ രൂപയുടെ വരുമാനവും ഇന്ത്യക്കാരന്റെ ജീവിതച്ചെലവിലേക്കാണെന്ന യാഥാര്‍ത്ഥ്യം പോലും സര്‍ക്കാര്‍ കണക്കിലെടുക്കാതെ സ്വകാര്യകമ്പനികളുടെ താളത്തിന് തുള്ളാനും അവര്‍ക്കായി ടെലകോം രംഗം ഉഴിഞ്ഞുവെക്കാനുമാണ് ശ്രമിക്കുന്നത്.

ദേശീയ സുരക്ഷിതത്വത്തിന് ഭീഷണി

അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് ഇതോടെ ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്നത്. സാമ്രാജ്യത്വത്തിനുവേണ്ടി മൂന്നാം ലോക രാജ്യങ്ങളില്‍ രാഷ്ട്രീയ അട്ടിമറിക്ക് കൂട്ടു നിന്ന ടെലികോം വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് നിര്‍ബാധം കടന്നുവരികയാണ്. വിളിക്കുന്ന കോളുകളുടെ ഉറവിടമോ ഉള്ളടക്കമോ തിരിച്ചറിയാന്‍ കഴിയാത്ത വിധം പ്രച്ഛന്നവേഷധാരികളായ സന്ദേശങ്ങള്‍ ഇന്ത്യയിലുടനീളം പ്രവഹിക്കുകയാണ്. ഇതിന്റെ നടത്തിപ്പുകാരാകട്ടെ ഇന്ത്യയില്‍ രജിസ്റര്‍ ചെയ്ത ഇന്ത്യന്‍-വിദേശ കമ്പനികളും. ഇന്ത്യാ ഗവണ്മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗത്തിനു പോലും പരിശോധിക്കാന്‍ കഴിയാത്ത വിധം, ടെലഫോണ്‍ കാളുകള്‍ നല്‍കുന്ന കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ലൈസന്‍സ് എടുക്കാതെ വാടകക്ക് എയര്‍ടൈം വാങ്ങി സര്‍വീസ് നടത്തുന്ന മൊബൈല്‍ വെര്‍ച്ച്വല്‍ നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ പെരുകുന്നു. അത്യന്താധുനിക സൌകര്യങ്ങളോടെ പുറത്തിറക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ക്ക് (മൊബൈല്‍ ഫോണ്‍ നിര്‍മാണം സ്വകാര്യ കമ്പനികള്‍ക്കു മാത്രം) അപകടകരമായ സന്ദേശങ്ങള്‍ പോലും ഒളിച്ചുവെക്കാന്‍ കഴിയുമെന്നാണ് പത്രവാര്‍ത്തകള്‍. അതായത് നമ്മുടെ ആഭ്യന്തര സുരക്ഷിതത്വത്തിന് വെല്ലുവിളിയാകുന്ന രീതിയിലാണ് വിദേശ മൂലധനപങ്കാളിത്ത വര്‍ദ്ധനവ് എത്തിച്ചേര്‍ന്നിട്ടുള്ളത്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ കേവലം 33 ശതമാനം മാത്രം വിദേശ പങ്കാളിത്തമുള്ളപ്പോഴാണ് ഇന്ത്യയില്‍ 74 ശതമാനമാക്കിയതെന്ന കാര്യം ഗൌരവപൂര്‍വ്വം നാം തിരിച്ചറിയണം. വിദേശ യജമാനന്മാരോടുള്ള തങ്ങളുടെ കൂറ് ഭരണാധികാരികള്‍ ഏറ്റവും കൂടുതല്‍ വ്യക്തമാക്കിയത് ടെലികോം പരിഷ്കരണങ്ങളിലൂടെയാണ്.

ഓഹരി വില്പന

വികസനപ്രവര്‍ത്തനങ്ങള്‍, അതായത് പുതിയ കണക്ഷന്‍ നല്‍കാനാവശ്യമായ നടപടികള്‍ക്ക് ബോധപൂര്‍വ്വം തടസ്സം സൃഷ്ടിച്ചും കാലതാമസമുണ്ടാക്കിയും, സ്വകാര്യ കമ്പനികള്‍ നല്‍കേണ്ട ലെവി നിഷേധിച്ചും ഈ പൊതുമേഖലാ സ്ഥാപനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഊരാക്കുടുക്കിലേക്ക് വലിച്ചു താഴ്ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ നയം സൃഷ്ടിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനെന്ന വ്യാജേന ഓഹരികള്‍ വില്‍ക്കണമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബി എസ് എന്‍ എല്ലിന്റെ ആസ്തി 4 ലക്ഷം കോടി രൂപയാണ്. ഈ ആസ്തിയുടെ 10 ശതമാനം, അതായത് 40,000 കോടി രൂപയുടെ, ഓഹരി വില്‍ക്കാനാണ് നീക്കം. ബി എസ് എന്‍ എല്ലിന്റെ സാന്നിധ്യമാണ് തങ്ങളുടെ പൂര്‍ണ്ണമായ ആധിപത്യത്തിന് തടസ്സം എന്ന് മനസ്സിലാക്കിയ സ്വകാര്യ കമ്പനികളും അവരുടെ ഒത്താശക്കാരും, ഈ നടപടിയെ സ്വാഗതം ചെയ്തുകഴിഞ്ഞു. ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ സ്വകാര്യവല്‍ക്കരണം ഫലത്തില്‍ ഉപഭോക്താക്കളുടെ താല്പര്യത്തിനും, ദേശീയ സുരക്ഷിതത്വത്തിനും ഭീഷണിയായി മാറും.

സ്വകാര്യ മൂലധനത്തിന് അഴിഞ്ഞാടാന്‍ എല്ലാ അവസരവും നല്‍കുമെന്ന പ്രഖ്യാപനമാണ് അവിശുദ്ധ മാര്‍ഗത്തിലൂടെ പാര്‍ലമെന്റില്‍ നേടിയ വിജയത്തിനു ശേഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബി എസ് എന്‍ എല്ലിന്റെ ഓഹരി വില്‍ക്കാനുള്ള നടപടികള്‍. രാജ്യത്തെ പണയപ്പെടുത്തിയിട്ടായാലും സ്വകാര്യ മൂലധനതാല്‍പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാറിന്റെ നയം. ഇന്ത്യയെ സ്നേഹിക്കുന്നവര്‍ അരുത് എന്ന് ഉറക്കെ പറയേണ്ട സന്ദര്‍ഭം വന്നുചേര്‍ന്നിരിക്കുന്നു.

****

കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം, ആഗസ്റ്റ് 2008 ലക്കം

മഹാകവി അറസ്റ്റില്‍

സ്റ്റേഷനതിര്‍ത്തിയില്‍ കൊള്ള, കൊല, പിടിച്ചുപറി, മോഷണം എന്നിവ പൂര്‍വാധികം ഭംഗിയായി കൊണ്ടാടി വരവേയാണ് മേലാവില്‍നിന്ന് ഉത്തരവ് എത്തിയത്.

'ഒരെണ്ണത്തിനെയെങ്കിലും തപ്പിയില്ലെങ്കില്‍ തലയില്‍ തൊപ്പിയുണ്ടാവില്ല.'

അതോടെ എസ് ഐ കാച്ചാംകുറിച്ചി ഭരത്കുമാറും ഏഡ് അടുത്തൂണ്‍ പിള്ളയും രാത്രികള്‍ നിദ്രാവിഹീനങ്ങളാക്കി.

നൈറ്റ് പെട്രോളിംഗ്.

മനസ്സില്‍ കൊടുങ്ങല്ലൂരമ്മക്ക് ഭരണി പാടി ഇരുവരും ജീപ്പില്‍ കയറി. കണ്ണ് കത്തിയാക്കി ഇരുട്ടിനെ കീറിമുറിച്ചു.

ഒരെണ്ണത്തിനെയും കിട്ടുന്നില്ല.

പൊടിയന്മാര്‍ പോയിട്ട് പൊടി പോലുമില്ല.

മോഷ്ടാക്കള്‍ പണിമുടക്കില്‍.

സമരം ഗംഭീരവിജയം.

കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില പകല്‍പോലെ തന്നെ രാത്രിയിലും. വാഹന മോഷ്ടാക്കളും സമരത്തില്‍ പങ്കെടുത്തതിനാല്‍ തെരുവുകള്‍ ശൂന്യം. വല്ലപ്പോഴും വന്ന ഇരുകാലികളല്ലാതെ നാല്‍ക്കാലികള്‍ ആ വഴി വന്നില്ല. ചന്തകളില്‍ വെറും കാലികള്‍ മാത്രം. അവര്‍ 'ധീര സമീരെ യമുനാ തീരെ ' എന്നു പാടിനടന്നു. വഴി തെറ്റി വന്ന വിദേശ സഞ്ചാരികള്‍ ഫോട്ടോഗ്രാഫര്‍മാരെ കാത്ത് കുത്തിയിരുന്നു.

കാച്ചാംകുറിച്ചിയും അടുത്തൂണ്‍ പിള്ളയും പരസ്പരം നോക്കി. ഇനിയെവിടെ തപ്പും നമ്മള്‍ ഇണക്കുയിലേ..എന്ന് തൊണ്ടയിടറിപ്പാടി.

ഗതികെട്ട ഈ രണ്ടു പുലികളും അവസാനം ഒരു കുടം അന്വേഷിച്ചിറങ്ങി.

എല്ലാ പാത്രക്കടകളും പൂട്ടിയിരിക്കുന്നു.

കുന്തം തപ്പാന്‍ ഇനിയെന്തു ചെയ്യും?

പെട്ടെന്നു അടുത്തൂണ്‍ പിള്ളയ്ക്ക് ഒരാശയം ഉദിച്ചു.

'പലവിധ കാര്യങ്ങളില്‍ ഒന്നുപോലെ പ്രസിദ്ധമായ ഒരു പെട്ടിക്കടയുണ്ട് സാര്‍. നമുക്കൊന്ന് അവിടെ തപ്പിയാലൊ?'

വിരഹാര്‍ത്തനായ ജീപ്പ് പരക്കം പാഞ്ഞു.

തേടിയ കള്ളന്‍ കാലില്‍ ചുറ്റിയേക്കും.

ദൈവം കാത്തു.

അവിടെ ഒരുത്തന്‍ പരുങ്ങുന്നു. കണ്ടാല്‍ തന്നെ കള്ളന്‍. നെറ്റിയില്‍ എഴുതിയിട്ടുമുണ്ട്.

ആദ്യ പരുങ്ങലില്‍ വിശ്വാസമില്ലാതെ അവന്‍ ഒന്നുകൂടി പരുങ്ങി.

കാച്ചാംകുറിച്ചി അവനെ തൂക്കിയെടുത്തു. ഒരു നാല്‍പ്പത്തിരണ്ടരക്കിലോ കാണും.

ചരക്കിനെ സ്റ്റേഷനില്‍ കൊണ്ടു പോയി ഇറക്കി.

കാച്ചാംകുറിച്ചി ചോദിച്ചു.

'ആരെടാ നീ ?'

മൌനം പ്രതിക്ക് ഭൂഷണം.

മൌന സന്ദേശം കാച്ചാംകുറിച്ചിക്ക് സഹിച്ചില്ല. കലി ബാധിച്ചു. അതോടെ കാച്ചാംകുറിച്ചി ഉണ്ണായിവാര്യരായി.

'സാരമേയ സന്തതീ..തവ നാമം ചൊല്‍ക സാമ്പ്രതം..' എന്ന് മൂന്നിലൊന്നായി സംഗ്രഹിച്ചു പറഞ്ഞു.

പ്രതി മൌനം പിന്‍വലിച്ചു.

നിശയുടെ നിശ്ശബ്ദതയില്‍ ആ വാക്കുകള്‍ അടര്‍ന്നു വീണു.

'ഞാന്‍ കവി..മഹാകവി..'

വേലിയേല്‍ കിടന്നതിനെ...എന്ന ചൊല്ലിലെ സന്ദേഹം അടുത്തൂണ്‍ പിള്ളയുമായി പങ്കുവെച്ച് കാച്ചാംകുറിച്ചി രണ്ടുമിനിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഈ ഇനവും രാത്രി ഇറങ്ങി നടക്കുമോ എന്നും ചിന്തിക്കാതിരുന്നില്ല.

'ഡാ...'അതൊരു ശബ്ദമായിരുന്നില്ല, കാച്ചാംകുറിച്ചിയുടെ പ്രഖ്യാപനമായിരുന്നു.

'കവ്യാ..സത്യം പറയെടാ..അടിച്ചു നിന്റെ .....' പിന്നെപ്പറഞ്ഞ വാക്കുകള്‍ക്കൊന്നും അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. അച്ചടിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.

കവി പറഞ്ഞു.

'ഞാന്‍ കവി..സത്യം പറയുന്നവന്‍...പ്രവാചകന്‍..

എന്റെ സത്യം

ഉടഞ്ഞു പോയ

മുട്ടത്തോടല്ല.

ഉദിക്കാത്ത സൂര്യനാണ്

എന്റെ ദൈവം

കൃഷ്ണശിലയല്ല,

കത്തുന്ന കാളിയനാണ്.'

അടുത്തൂണ്‍ പിള്ളക്ക് സംശയം.

'സാറേ ഇത് എങ്ങനാ എഴുതേണ്ടത്?'

കാച്ചാംകുറിച്ചി പറഞ്ഞു.

'പഠിച്ച കള്ളന്‍.

'എവ്ടത്തുകാരനാണെടാ നീ?'

'കാലപ്രവാഹത്തില്‍ ഒരു പാദരേണു'

അങ്ങനെ ഒരു സ്ഥലമുണ്ടോയെന്ന് അടുത്തൂണ്‍ പിള്ളയോട് കാച്ചാംകുറിച്ചി രഹസ്യമായി അന്വേഷിച്ചു.

അടുത്തൂണ്‍ പിള്ള ഉറപ്പിച്ചു പറഞ്ഞു.

'ഇല്ല സാറേ. അങ്ങനെ ഒരു സ്ഥലമില്ല..ഞാന്‍ ജോലി ചെയ്യാത്ത ഒരു സ്ഥലോം കേരളത്തിലില്ലെന്ന് സാറിനറിയാമല്ലോ..!'

'എടാ വീടെവിടെയാണെന്ന്...?'

കവി അതിനുത്തരമായി 'തടവ്' എന്ന കവിത ചൊല്ലി.

'പത്തു മാസം ഗര്‍ഭപാത്രത്തില്‍

തടവിലായിരുന്നു

പിന്നെ പരോള്‍ കിട്ടി.

വീണു കിടന്നിടം വീടായി

വീട്ടാത്തൊരു കടമായി

മായാത്തൊരു പാടായി.'

കാച്ചാംകുറിച്ചിയുടെ സമസ്ത ശൌര്യവും കൊഴിഞ്ഞു. ആഴ്ചപ്പതിപ്പിന്റെ ശപിക്കപ്പെട്ട വായനക്കാരനെപ്പോലെ ചോദിച്ചു.

'അഛന്റെ പേരെന്താണ്?'

'അസ്ഥിത്തറയില്‍

വിളക്കു വെച്ചു പോരുമ്പോള്‍

പുറകില്‍ ഒരു ശബ്ദം കേട്ടു

ഒരു മരക്കൊമ്പ് ഒടിയുന്നു

ഞാന്‍ തിരിഞ്ഞു നോക്കി

അമ്മ പറഞ്ഞു,

അതാണ് അഛന്‍!'

അടുത്തൂണ്‍ പിള്ള എഴുതി.

'അസ്ഥിത്തറയില്‍ വിളക്കുവെച്ച വീട്ടില്‍ മരക്കൊമ്പിന്റെ മകന്‍...'

'അമ്മ?'

'മൂടാത്തൊരു ശവക്കുഴി.

പരാജയപ്പെട്ട ആത്മഹത്യ.

വറ്റിയ എണ്ണ.

കളയാന്‍ മറന്ന എച്ചില്‍.'

ഇത് എങ്ങനെ എഴുതണമെന്ന് അടുത്തൂണ്‍ പിള്ളക്ക് മനസ്സിലായില്ല.

വായനക്കാരുടെ കത്തുകളിലേക്ക് കാച്ചാംകുറിച്ചി പിന്നെയും എഴുതി.

'രാത്രിയില്‍ എന്തിനായിരുന്നു അവിടെ പതുങ്ങിയത്?'

'രാത്രി....

പ്രണയത്തിന്റെ തണുത്ത വിരലുകളാണ്.

കാത്തിരിപ്പിന്റെ ചോറുരുളയാണ്.

മറച്ചു വെച്ച ചിരിയാണ്.

സ്വപ്നങ്ങളുടെ രഥോല്‍സവമാണ്.

പുനര്‍ജനിക്കുന്ന മരണമാണ്.

എന്നെ ഞാന്‍ ചുംബിക്കുന്ന മധുവിധുവാണ്.....'

കാച്ചാംകുറിച്ചിക്ക് തലകറങ്ങി.

രംഗം അടുത്തൂണ്‍ പിള്ള ഏറ്റെടുത്തു.

ഒരു കള്ളനും ആദ്യം അത് സമ്മതിക്കില്ല. അതിന് ചില രീതികളുണ്ട്.

അടുത്തുണ്‍ പിള്ള ചോദിച്ചു.

'താന്‍ കവിയാണെന്നതിനെന്താ തെളിവ്?'

'പിതൃത്വം തേടുന്ന ജാര സന്തതികളല്ല എന്റെ സൃഷ്ടികള്‍...

അതെന്റെ നോവുകളാണ്..

എന്റെ മുറിഞ്ഞു വീണ ഞരമ്പുകളാണ്...

തെരുവില്‍ പിടയുന്ന എന്റെ നാവാണ്...'

'റോഡൊക്കെ തന്റെ സാധനങ്ങള്‍ കൊണ്ടു വന്ന് ചൊരിയാനുള്ളതല്ല. വെറുതെ കോര്‍പ്പറേഷന് പണിയുണ്ടാക്കണ്ട. ഓരോ അവമ്മാര് കേറി വന്ന് കവിയാണ്,മഹാകവിയാണ്, മുക്കാക്കവിയാണെന്നൊക്കെപ്പറഞ്ഞാ ഞങ്ങളെന്തു ചെയ്യും?. തെളിവൊണ്ടോടോ..? താന്‍ കവിയാണെങ്കി ഞാമ്പറയാം വിഷയം, താനെഴുത്..'

'കവിത തട്ടു ദോശയല്ല.'

അടുത്തൂണ്‍ പിള്ള ഒന്നെഴുന്നേറ്റു. മൂന്നാമത്തെ വാരിയെല്ലിന്റെ താഴെ ഒരു നിരൂപണമെഴുതി. കവി വഴങ്ങി,കവിതയും.

അടുത്തൂണ്‍ പിള്ള വിഷയം പറഞ്ഞു.

'പിടിച്ചുപറി.'

കവി നാല്‍പ്പതു ഡിഗ്രി തല ചരിച്ചു.

കവിത വന്നു.

'നിളയുടെ നെഞ്ചില്‍

നീളത്തിലുള്ള മുറിവുകള്‍

മലമുകളില്‍ കാറ്റിന്റെ ജഡം

ആകാശത്ത് അലസിപ്പോയ ഗര്‍ഭം

ഞാന്‍ നട്ടുനനച്ച പിച്ചകം

വേലിക്കപ്പുറത്തേക്കു നോക്കി

അഛാ എന്നു വിളിച്ചു

ഞാന്‍ നിര്‍ത്താതെ പോയ അവസാന വണ്ടി.'

പയ്യന്‍ കൊള്ളാം.

അടുത്തൂണ്‍ പിള്ള അടുത്ത വിഷയത്തിലേക്കു കടന്നു.

'മൂട്ട.'

കവിയുടെ പ്രിയപ്പെട്ട വിഷയമായിരുന്നു അത്.

'അന്ന് രാത്രി പുതപ്പിനടിയില്‍

ഞാന്‍ എന്റെ ജഡം ഒളിപ്പിച്ചു വെച്ചു.

രാവിലെ,

ജഡം നിറയെ തടിച്ച പാടുകള്‍.

എന്റെ വിരല്‍ത്തുമ്പില്‍ ചോര...'

അടുത്തൂണ്‍ പിള്ള കാച്ചാംകുറിച്ചിയോട് പറഞ്ഞു.

'സാറേ..ഇവന്‍ കവി തന്നെ..നമുക്ക് പോലുമില്ലാത്ത പദസമ്പത്തല്ലെ സാറേ..സരസ്വതീ ദേവി ഇവനു കൊടുത്തത്.'

'താന്‍ ഒന്നു കൂടി പരീക്ഷിക്ക്'

അടുത്തൂണ്‍ പിള്ള അവസാന വിഷയം കൊടുത്തു.

'വയറെളക്കം'

വിഷയം പറഞ്ഞു തീരും മുമ്പെ കവിത വന്നു.

'തിരുവയറൊഴിഞ്ഞു

ഒരു നക്ഷത്രം തിരുനാള്‍ കൂടി പിറന്നു.

പട്ടും വളയും കിട്ടിയ

ചാപിള്ളമാര്‍ മല്‍സരിച്ചെഴുതി

രാരിരം രാരിരം രാരോ..

രാരി രാരിരം രാരിരം രാരോ'

അടുത്തൂണ്‍ പിള്ള ഉറപ്പിച്ചു.

'സാറെ..ഇവന്‍ നിസ്സാരക്കാരനല്ല..കൂടീതാ..എട്ടടി വീരനാ..എട്ടു വരി മതി..അതിനു മുമ്പ് ചത്തു വീഴും..'

' ഇനി എന്ത് ചെയ്യും?'

കാവ്യകൈരളിക്ക് ലോക്കപ്പ് മര്‍ദനം എന്ന ഒരു തലക്കെട്ട് പൊലീസ് ഡിപ്പാര്‍ട്മെന്റിനു വേണ്ട.

കാച്ചാംകുറിച്ചിയും അടുത്തൂണ്‍ പിള്ളയും ചേര്‍ന്ന് കവിയെ ആദരപൂര്‍വം എടുത്തുകൊണ്ടു പോയി വൈദികവിധിപ്രകാരം പൂര്‍വസ്ഥാനത്തു പ്രതിഷ്ഠിച്ചു.

കവിത പിന്നേം കൂമ്പടയാതെ രക്ഷപ്പെട്ടു.

****

എം എം പൌലോസ്

Wednesday, August 27, 2008

‘ക്യാ?’

ഗുജറാത്തില്‍ നിന്നും മടങ്ങുമ്പോള്‍
കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയുമായി ട്രെയിനില്‍വച്ച് ഞാന്‍ പരിചയപ്പെട്ടു.
‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാള്‍ ചോദിച്ചു.
‘രാമകൃഷ്ണന്‍’ ഞാന്‍ പറഞ്ഞു.
‘റാം കിശന്‍ ! റാം കിശന്‍ ! റാം റാം’
എന്നഭിനന്ദിച്ചുകൊണ്ട് അയാള്‍
എന്നിലേക്കേറെ അടുത്തിരുന്നു.
‘താങ്കള്‍ മാംസഭുക്കാണോ?’അയാള്‍ ചോദിച്ചു.
‘അങ്ങനെയൊന്നുമില്ല’ ഞാന്‍ പറഞ്ഞു.
‘താങ്കളോ?’ ഞാന്‍ ചോദിച്ചു.
‘ഞങ്ങള്‍ വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’
തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
‘നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ
വയറു കീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
തള്ളയേയും’ ഞാന്‍ പെട്ടെന്നു ചോദിച്ചുപോയി.
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍
കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചുകൊണ്ട്
എന്റെ നേരെ മുരണ്ടു: ‘ക്യാ? ’

***

കടമ്മനിട്ട രാമകൃഷ്ണന്‍

അധിക വായനയ്ക്ക് :

എന്റെ കടമ്മന്‍ കെ ഇ എന്‍
ശ്രീ കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിക്കുന്നു.

മാര്‍ ‍പവ്വത്തില്‍ കണ്ട ഹിന്ദുത്വം

എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിക്കുന്ന സങ്കല്‍പ്പമാണ് ഹിന്ദുത്വമെന്ന് എല്‍ കെ അദ്വാനി കേരളത്തില്‍ വന്നപ്പോള്‍ തുറന്നുപറഞ്ഞെന്നും അദ്വാനിയുടെ മതേതരസങ്കല്‍പ്പംപോലും സിപിഐ എമ്മിന് ഇല്ലെന്നും ഇന്റര്‍ ചര്‍ച്ച് കൌസില്‍ വിദ്യാഭ്യാസസമിതി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതായി കാണുന്നു.

അദ്വാനിയുടെ ഹിന്ദുത്വവും ഹിന്ദുമതവിശ്വാസവും ഒന്നല്ലെന്ന് പവ്വത്തില്‍ തിരുമേനി തിരിച്ചറിയേണ്ടതുണ്ട്. അദ്വാനിയുടെ വാക്കുകള്‍ പവ്വത്തില്‍ താല്‍പ്പര്യത്തോടെ പ്രചരിപ്പിക്കുന്നതും അദ്വാനിക്ക് നല്ല സാക്ഷ്യപത്രം നല്‍കുന്നതും യഥാര്‍ഥ ഹിന്ദുത്വത്തെപ്പറ്റിയുള്ള അജ്ഞത കൊണ്ടാണെന്ന് കരുതാന്‍ ‍വയ്യ. 1959ലെ വിമോചനസമരം സദാ സ്വപ്നം കാണുന്ന തിരുമേനിക്ക് അന്ന് മന്നത്ത് പത്മനാഭനും ചങ്ങനാശേരി ബിഷപ്പും മറ്റു സകല ജാതിമത പിന്തിരിപ്പന്‍ ശക്തികളും ഒന്നിച്ചുചേര്‍ന്ന് കോണ്‍ഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തിയ സമരാഭാസങ്ങള്‍ അയവിറക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, കാലവും കോലവും മാറിയത് ഓര്‍ക്കാതെ പോകരുതെന്നു മാത്രം.

ബിജെപിയുടെ നേതൃത്വത്തിലുള്ള ആറുവര്‍ഷത്തെ കേന്ദ്രഭരണത്തിന്റെ തിക്തഫലം അനുഭവിച്ച് അറിഞ്ഞവരാണ് ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍. ഒറീസയില്‍ ഗ്രഹാംസ്റ്റെയിന്‍സും രണ്ടുമക്കളും ഒരു വാഹനത്തില്‍ കിടന്നുറങ്ങുമ്പോഴാണ് ആര്‍എസ്എസ് കാപാലികര്‍ ചുട്ടുകൊന്നത്. ക്രൂരമായ ആ സംഭവത്തെ തള്ളിപ്പറയാനോ അപലപിക്കാനോ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയോ ആഭ്യന്തരമന്ത്രി അദ്വാനിയോ തയ്യാറായില്ല. പകരം മതപരിവര്‍ത്തനത്തെപ്പറ്റി ദേശീയ ചര്‍ച്ച വേണമെന്നാണ് പറഞ്ഞത്. അതായത് ഈ കൊടുംകൊലപാതകത്തെ ന്യായീകരിക്കുകയാണ് ചെയ്തതെന്ന് അര്‍ഥം.

ഒറീസയില്‍ ബിജു ജനതാദളും ബിജെപിയും ചേര്‍ന്നാണ് ഭരിക്കുന്നത്. അവിടെയാണ് കഴിഞ്ഞ ക്രിസ്മസ് നാളില്‍ ക്രിസ്ത്യന്‍ ‍പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ക്രിസ്ത്യന്‍ ‍പള്ളികളെയും ആക്രമിച്ചത്. പ്രാണരക്ഷാര്‍ഥം പാതിരിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും കാട്ടില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അവര്‍ അനുഭവിക്കേണ്ടിവന്ന ദുരിതം പവ്വത്തില്‍ അറിയാതെ പോയതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഒറീസയിലെ മേല്‍പരാമര്‍ശിച്ച ആക്രമണത്തെയും അദ്വാനിയും കൂട്ടരും അപലപിച്ചതായി കേട്ടിട്ടില്ല.

അദ്വാനി നയിക്കുന്ന ബിജെപി ഒരു സാധാരണ രാഷ്ട്രീയപാര്‍ടിയല്ല. ആ പാര്‍ടിയെ നിയന്ത്രിക്കുന്നതും നയിക്കുന്നതും രാഷ്ട്രീയസ്വയം സേവക് സംഘ് (ആര്‍എസ്എസ്) എന്ന തനി ഫാസിസ്റ്റ് സംഘടനയാണ്. ആര്‍എസ്എസിലും ഒപ്പം ജനതാപാര്‍ടിയിലും ദ്വയാംഗത്വം വേണമെന്ന് ശഠിച്ചതിന്റെ പേരിലാണ് ജനതാപാര്‍ടിയില്‍നിന്ന് ആര്‍എസ്എസുകാര്‍ക്ക് പുറത്തുപോകേണ്ടിവന്നത്. അന്നത്തെ ഹിന്ദുമഹാസഭയും ജനസംഘവും ഒക്കെയാണ് ഭാരതീയ ജനതാപാര്‍ടിയായി രൂപംകൊണ്ടത്. ആര്‍എസ്എസിന്റെ ആദ്യത്തെ സര്‍സംഘചാലക് ആയിരുന്ന ഡോ. ഹെഡ്‌ഗേവാര്‍ പറയുന്നു:

"ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ ഒരു വിഹഗവീക്ഷണം നടത്തിയാല്‍ നമുക്ക് മനസ്സിലാകും ക്രിസ്ത്യാനി, മുസ്ലിം, ഹിന്ദു, ബൌദ്ധര്‍ എന്നിവര്‍ ഈ ഖണ്ഡങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതായി. ലോകത്തില്‍ ക്രിസ്തുമതാവലംബികളാണ് മറ്റെല്ലാവരിലുമധികം. പിന്നീട് വരുന്നത് മുസല്‍മാന്മാരാണ്. "ഹിന്ദുവും ബൌദ്ധനും പ്രായേണ ഏഷ്യാഭൂഖണ്ഡത്തിലേയുള്ളൂ. വിശേഷിച്ചും ഹിന്ദുക്കളില്‍ ബഹുഭൂരിഭാഗവും ഹിന്ദുസ്ഥാനില്‍ മാത്രമാണ്. എന്നാല്‍, ഇവിടെയും എല്ലായിടത്തും അവര്‍ക്ക് ഭൂരിപക്ഷമില്ല. ഈ രാജ്യത്തിലെ 35 കോടി ആളുകളില്‍ 25 കോടിയേ ഹിന്ദുക്കളുള്ളൂ. ബാക്കി പത്തുകോടി ഇന്ന് ഹിന്ദുക്കളല്ല. ഈ പത്തുകോടിയും മുമ്പ് ഹിന്ദുക്കളായിരുന്നു. നമ്മുടെ ഉദാസീനതയും നിഷ്‌ക്രിയതയും മൂലം അവരെ നമുക്ക് നഷ്ടപ്പെട്ടുവെന്നുമാത്രം''.
(ഡോ. ഹെഗ്‌ഡ്‌ഗേവാര്‍ പ്രസംഗങ്ങള്‍, കത്തുകള്‍, പേജ് 11)

പവ്വത്തില്‍ പറയുംപോലെ എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിക്കുന്ന സങ്കല്‍പ്പമാണ് ഹിന്ദുത്വമെങ്കില്‍ ഇവിടെ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം വര്‍ധിക്കുന്നതിലും ഹിന്ദുക്കളുടെ എണ്ണം താരതമ്യേന കുറയുന്നതിലും എന്തിന് ആര്‍എസ്എസ് വേവലാതിപ്പെടണം. ഇതേ ഗ്രന്ഥത്തില്‍ 50-ാം പേജില്‍ പറയുന്നു:

"ഹിന്ദുസ്ഥാനം ഹിന്ദുക്കളുടേതാണെന്ന വാക്യത്തെ അന്വര്‍ഥമാക്കിത്തീര്‍ക്കാന്‍ വേണ്ടിയാണ് സംഘം. ഹിന്ദുസ്ഥാന്‍ ദേശം ഹിന്ദുക്കളുടെ മാത്രമാണ്. അന്യദേശങ്ങളിലെന്നപോലെതന്നെ ഈ ദേശം ഹിന്ദുക്കളുടേതാകയാല്‍ ഇവിടെ ഹിന്ദുക്കള്‍ ചെയ്യുന്നതെന്തോ അതേ പ്രമാണമായിത്തീരൂവെന്ന് സംഘം അംഗീകരിക്കുന്നു.'' "ഹിന്ദുസ്ഥാന്‍ എങ്ങനെയാണ് കേവലം ഹിന്ദുക്കളുടെ മാത്രമായിത്തീരുക എന്നു ചോദിക്കാന്‍പോലും ചില മാന്യന്മാര്‍ മടിക്കുന്നില്ല. ഇവിടെ താമസിക്കുന്നവരുടെയെല്ലാമാണ് ഹിന്ദുസ്ഥാന്‍ എന്നാണവരുടെ അഭിപ്രായം. ഇത്തരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് രാഷ്ട്രസങ്കല്‍പ്പത്തിന്റെ അര്‍ഥംപോലും അറിയില്ലെന്നതാണ് വ്യസനകരം. കേവലം ഒരു കഷണം ഭൂമിയെ ആരും രാഷ്ട്രമെന്നു വിളിക്കുകയില്ല. ഒരു ആചാരം, ഒരു സംസ്കാരം, ഒരു പാരമ്പര്യം എന്നിവയോടുകൂടി പുരാതനകാലം മുതല്‍ ഒരുമിച്ച് ജീവിച്ചുവരുന്ന ജനതയാണ് രാഷ്ട്രമായിത്തീരുന്നത്. ഈ ദേശത്തിന് നാം ഹേതുവായിട്ടാണ് ഹിന്ദുസ്ഥാനമെന്ന പേരുണ്ടായത്. മറ്റ് ആളുകള്‍ മര്യാദയോടുകൂടി ഇവിടെ ജീവിക്കുന്നെങ്കില്‍ ജീവിച്ചുകൊള്ളട്ടെ. നാം ഒരിക്കലും അവരെ മുടക്കിയിട്ടില്ല. മുടക്കുകയുമില്ല. എന്നാല്‍, നമ്മുടെ വീട്ടില്‍ വിരുന്നുണ്ണാന്‍ വന്നിട്ട് നമ്മുടെ മാറില്‍ കത്തിയിറക്കാന്‍ ഉദ്യമിക്കുന്നവന് ഇവിടെ ലവലേശം സ്ഥാനമില്ല. "അതിനാല്‍, സ്വയംസേവക സഹോദരന്മാരേ, ഹിന്ദുസ്ഥാനം ഹിന്ദുക്കളുടേതാണ്' എന്ന് നിര്‍ഭയമായി ഉദ്ഘോഷിക്കുക! വിദേശികളിവിടെ താമസിച്ചു കൂടാ എന്ന് നാം പറയുന്നില്ല. എന്നാല്‍, തങ്ങള്‍ ഹിന്ദുക്കളുടെ ഹിന്ദുസ്ഥാനത്തിലാണ് താമസിക്കുന്നതെന്നും അവരുടെ അധികാരങ്ങളില്‍ കൈകടത്താന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും വിദേശികള്‍ ശരിക്ക് ഓര്‍മിക്കണം''. (പേജ് 18) ഈ ഗ്രന്ഥത്തിലുടനീളം ഇത്തരം വാദഗതികളാണ് ഉള്ളത്.

മുസ്ലിങ്ങളും ക്രിസ്ത്യാനികളും വിദേശികളാണെന്നാണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ കാഴ്ചപ്പാട്. അദ്വാനിയും വാജ്‌പേയിയും ആര്‍എസ്എസുകാരാണ് എന്നതില്‍ അഭിമാനിക്കുന്നുവെന്നും മരണംവരെ അങ്ങനെതന്നെയായിരിക്കുമെന്നും പലതവണ ആണയിട്ടു പറഞ്ഞവരാണ് എന്നുകൂടി ഓര്‍ക്കണം. ഇതില്‍ എല്ലാ മതങ്ങള്‍ക്കും തുല്യമായ അവകാശമുണ്ടെന്ന കാഴ്ചപ്പാടല്ല ഉള്ളത്. ഹിന്ദുവിന്റെ ആധിപത്യം നിലനിര്‍ത്തണമെന്നാണ്. ജനനംമുതല്‍ മരണംവരെ ഹിന്ദുവിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അംഗീകരിച്ചുകൊണ്ടുവേണം മറ്റു മതക്കാര്‍ ഇവിടെ താമസിക്കാനെന്നാണ്. അതാണ് ഹിന്ദുത്വം. അദ്വാനിയുടെ ഈ മതനിരപേക്ഷതയാണ് സ്വീകാര്യമെങ്കില്‍ പവ്വത്തിലിനും കൂട്ടര്‍ക്കും അത് സ്വീകരിക്കാം. സിപിഐ എം അത് അംഗീകരിക്കുന്നില്ല. സര്‍വശക്തിയും ഉപയോഗിച്ച് ഹിന്ദുത്വത്തെ എതിര്‍ക്കുകതന്നെ ചെയ്യും.

ഇന്ത്യയുടെ ഭരണഘടനയില്‍ ആലേഖനംചെയ്ത മതനിരപേക്ഷതയെപ്പറ്റി (സെക്കുലറിസം) അദ്വാനിയുടെ സംഘത്തിന്റെ കാഴ്ചപ്പാട് രേഖപ്പെടുത്തിയ മറ്റൊരു പുസ്തകമാണ് 'കപട മതേതരത്വവും യഥാര്‍ഥ ദേശീയതയും'. പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ഗിരിലാല്‍ ജെയിന്‍ ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യത്തില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അതില്‍ നാലാം അധ്യായത്തില്‍ പറയുന്നു: 'പാശ്ചാത്യ ചിന്തയില്‍ മുദ്രണം ചെയ്യപ്പെട്ട നെഹ്റുവിന്റെ മതനിരപേക്ഷ ചട്ടക്കൂട് തകര്‍ന്ന് തവിടുപൊടിയായിരിക്കുകയാണ്. ഈ രാജ്യത്തിന്റെ യഥാര്‍ഥ അന്ത:ചേതന പ്രബലമായി തനിസ്വരൂപം അഭിവ്യഞ്ജിപ്പിക്കാന്‍ എരിപൊരികൊള്ളുന്ന ഇരുശക്തികളുടെയും സംഘര്‍ഷത്തിന് സമയമായി. ഒന്നുനശിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റേത് അതിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ കുതികൊള്ളുന്നു. അതിനാല്‍ ഇന്ന് എല്ലാതരത്തിലും ധ്രുവീകരണം ബലവത്തായി വരുന്നത് നിങ്ങള്‍ക്ക് കാണാം. ഏതു കക്ഷിയാണ് പരിവര്‍ത്തനത്തോടൊപ്പം നില്‍ക്കുന്നതെന്നും എതു കക്ഷിയാണ് എതിര്‍ നില്‍ക്കുന്നതെന്നും രാഷ്ട്രീയരംഗത്ത് വ്യക്തമായി കാണാം. എന്റെ അഭിപ്രായത്തില്‍ ഹൈന്ദവ അനുകൂലം, ഹൈന്ദവവിരുദ്ധം എന്ന് രണ്ടുചേരികളായി രാഷ്ട്രീയരംഗം വേര്‍തിരിഞ്ഞുകഴിഞ്ഞു. ഭാരതീയ ജനതപാര്‍ടി മാത്രമാണ് ഹൈന്ദവാനുകൂല കക്ഷി എന്നുപറയാന്‍ സംശയംവേണ്ട. അതിനാല്‍ ധ്രുവീകരണം മാത്രമല്ല വിവിധ കാരണങ്ങളെക്കൊണ്ട് പൊട്ടിപ്പുറപ്പെടുന്ന ഹിന്ദു- മുസ്ലിം കലാപങ്ങളെയും ഞാന്‍ പരിവര്‍ത്തനത്തിന്റെ ഈ ഏറ്റുമുട്ടലിന്റെ ഭാഗമായി കാണുന്നു. ഇത് മറ്റു പ്രക്രിയയുടെ പരിണാമമാകുന്നു''.

വര്‍ഗീയസംഘട്ടനങ്ങളെ പരിവര്‍ത്തനത്തിന്റെ ഭാഗമായി കാണാന്‍ മാത്രമുള്ള വര്‍ഗീയഭ്രാന്താണ് ഇതില്‍ പ്രതിഫലിച്ചുകാണുന്നത്. കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍ മദര്‍ ‍തെരേസയുടെ അനുയായികളായ ജീവകാരുണ്യപ്രവര്‍ത്തകരായ കന്യാസ്ത്രീകളെ ആക്രമിച്ചുപരിക്കേല്‍പ്പിക്കാന്‍ പ്രേരണയായതും ഈ വിചാരധാരയാണെന്ന് തിരിച്ചറിയാന്‍ പവ്വത്തില്‍ തിരുമേനിക്ക് ആവില്ലെങ്കില്‍ വേണ്ടാ. അദ്ദേഹം അദ്വാനിയെ സ്തുതിച്ചുകൊള്ളട്ടെ. പവ്വത്തിലിന്റെ ചിന്താധാര അംഗീകരിക്കാന്‍ കുഞ്ഞാടുകളെ കിട്ടുമെന്ന് തോന്നുന്നില്ല.

മൂന്നാമതായി, ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലേക്കൊന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. സംഘപരിവാറിന്റെ വേദപുസ്തകമായ വിചാരധാരയില്‍ അവരുടെ തനതായ ചിന്താഗതി രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ആന്തരികഭീഷണികള്‍ ഒന്ന് മുസ്ലിങ്ങളാണ്. ആന്തരികഭീഷണികള്‍ രണ്ട് ക്രിസ്ത്യാനികളാണ്. ആന്തരികഭീഷണികള്‍ മൂന്ന് കമ്യൂണിസ്റ്റുകാര്‍. അതില്‍ പറയുന്നു: "ക്രിസ്ത്യാനികളെ സംബന്ധിച്ചാണെങ്കില്‍ ഒരു ബാഹ്യനിരീക്ഷകന് അവര്‍ തീരെ നിരുപദ്രവികളായി മാത്രമല്ല മനുഷ്യവര്‍ഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായിപ്പോലും തോന്നും! മനുഷ്യവര്‍ഗത്തെ ഉദ്ധരിക്കുന്നതിനായി സര്‍വശക്തനാല്‍ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടില്‍ 'സേവനം, മനുഷ്യവര്‍ഗത്തിന്റെ മുക്തി' തുടങ്ങിയ വാക്കുകള്‍ അവരുടെ പ്രഭാഷണങ്ങളില്‍ ധാരാളം കേള്‍ക്കാം. എല്ലായിടത്തും അവര്‍ വിദ്യാലയങ്ങളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും നിഷ്കളങ്കരുമായ നമ്മുടെയാളുകള്‍ ഇവ കൊണ്ടെല്ലാം ഭ്രമിച്ചുപോകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നതില്‍ ക്രിസ്ത്യാനികളുടെ യഥാര്‍ഥ ഉദ്ദേശ്യമെന്താണ്?''

അടുത്ത ഭാഗം പുലിനഖങ്ങള്‍ പുറത്തുവരുന്നു എന്നാണ്. ക്രിസ്ത്യന്‍ മതപുരോഹിതന്മാര്‍ മതപരിവര്‍ത്തനം നടത്തി യേശുക്രിസ്തുവിന്റെ അനുയായികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിലാണ് ഗോള്‍വാള്‍ക്കര്‍ക്ക് അഹിതമുള്ളത്. വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുമ്പോള്‍ കോഴ വാങ്ങരുതെന്നും മെറിറ്റ് അടിസ്ഥാനത്തില്‍ പകുതിയെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്നും മാത്രമേ എല്‍ഡിഎഫ് പറഞ്ഞുള്ളൂ. ക്രിസ്തുമതത്തില്‍പ്പെട്ട ഏതെങ്കിലും ഒരു വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിക്കണമെന്ന് സിപിഐ എം പറഞ്ഞിട്ടില്ല. പവ്വത്തില്‍ ഇപ്പോള്‍ സ്തുതിഗീതംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ലാല്‍കൃഷ്ണ അദ്വാനി ആര്‍എസ്എസിന്റെ മേല്‍പറഞ്ഞ തത്വസംഹിതകളോ സമീപനങ്ങളോ ഒന്നുംതന്നെ ഉപേക്ഷിക്കുമെന്ന് സൂചന നല്‍കുന്ന ഒരക്ഷരമെങ്കിലും ഇതേവരെ ഉരിയാടിയിട്ടില്ല. മുഹമ്മദലി ജിന്ന മതേതരവാദിയായിരുന്നു എന്നു പറയുന്ന ഒരു പരാമര്‍ശം മാത്രമേ അദ്വാനി ചെയ്തതായി പറഞ്ഞുകേട്ടിട്ടുള്ളൂ.

സിപിഐ എമ്മിനെയാണല്ലോ പവ്വത്തില്‍, അദ്വാനിയുമായി താരതമ്യംചെയ്തത്. ആര്‍എസ്എസിനെയും ബിജെപിയെയും ഉള്‍പ്പെടെ സംഘപരിവാറിനെ അധികാരത്തില്‍നിന്ന് അകലെ നിര്‍ത്താന്‍ സഹായിക്കുന്ന നയം സ്വീകരിച്ചതിനാണല്ലോ പവ്വത്തിലിന് വിഷമവും വിമ്മഷ്ടവും. അതുകൊണ്ടുതന്നെ സിപിഐ എം പരിപാടിയിലെ പ്രസക്തഭാഗംകൂടി ഇവിടെ ഉദ്ധരിക്കേണ്ടതുണ്ട്.

പരിപാടിയുടെ 5.8 ഖണ്ഡികയില്‍ പറയുന്നു: 'അതിനാല്‍ മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഓരോ സമുദായത്തിലുംപെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും അതുപോലെ തന്നെ ഒരുമതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങള്‍ ചെയ്യാനും ഒരനുഷ്ഠാനത്തിലും ഏര്‍പ്പെടാതിരിക്കുന്നതിനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ടി പോരാടണം. സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ്റ് പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാതലത്തിലും ഉറച്ചുപോരാടേണ്ടതാണ്.

5.9 ഭരണഘടനാ വ്യവസ്ഥകള്‍പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ല. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവര്‍ വിവേചനത്തിന് ഇരയാകുകയും ചെയ്യുന്നു. മുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമുദായത്തെക്കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് അന്യതാ ബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത് മതമൌലികവാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതു പ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ''.

ആര്‍എസ്എസിന്റെയും അദ്വാനിയുടെയും മേല്‍പറഞ്ഞ മതനിരപേക്ഷത പവ്വത്തിലിന് സഹര്‍ഷം സ്വാഗതം ചെയ്യാം. എന്നാല്‍, മാരാമണ്‍ കവെന്‍ഷന്‍ ഉള്‍പ്പെടെ തകര്‍ക്കാന്‍ നടത്തിയ ശ്രമവും പള്ളിമേടയില്‍ കടന്നുചെന്ന് പുരോഹിതനെ വെട്ടിക്കൊന്നതും ഓര്‍ത്താല്‍ നന്ന്. മതന്യൂനപക്ഷങ്ങള്‍ സിപിഐ എം പരിപാടി മനസ്സിലാക്കുമെന്നും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ, വിശ്വസിക്കാന്‍ കൊള്ളാവുന്ന കൂട്ടുകാരനും സംരക്ഷകനും സിപിഐ എം ആണെന്നും യഥാര്‍ത്ഥ ക്രിസ്തു മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് പാര്‍ടിയോടുള്ള കൂറും വിശ്വാസവും തുടരുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്

*
വി വി ദക്ഷിണാമൂര്‍ത്തി, കടപ്പാട്: ദേശാഭിമാനി