Wednesday, August 13, 2008

നാത്തൂനേ നമ്മുടെ ഒളിമ്പിക്സ്

അങ്ങനെ ഒളിംപിക്സ് തുടങ്ങി നാത്തൂനേ. ആകെ അടിച്ചുപിരിഞ്ഞു അലങ്കോലമായി കിടക്കുന്ന ലോകരാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും, കുറേ നാളത്തേക്കെങ്കിലും, നമ്മളൊക്കെ ഒന്നാണെന്നും, സൌരയൂഥത്തില്‍ (ചിലപ്പോള്‍ പ്രപഞ്ചത്തില്‍ തന്നെയും) നമുക്ക് കൂട്ട് നമ്മളേ ഉള്ളൂ എന്നും ഒക്കെ ഒരു ചിന്തയുണ്ടാക്കാന്‍ ഉതകുന്ന മേള. കളിയും ചിരിയും മത്സരങ്ങളും കൂട്ടുകെട്ടും ഒന്നിച്ചുചേരലും, ഒത്തുകൂടലും, അവസാനം വേര്‍പിരിയലിന്റെ സുഖമുള്ള കണ്ണുനീരും...........ആഫ്രിക്കയും ആസ്ത്രേലിയയും അമേരിക്കയും ഏഷ്യയും യൂറോപ്പുമൊക്കെ ഒറ്റ വില്ലേജില്‍.....ഒളിംപിക് വില്ലേജില്‍...ജയിക്കുന്നതിനുമപ്പുറം പങ്കെടുക്കുന്നതാണ് മഹത്വമെന്ന വലിയ ചിന്ത ഉയര്‍ത്തിച്ചിടുന്ന മത്സരം. എവിടെയോ വായിച്ചതുപോലെ ഒളിംപിക്സ് മത്സരമല്ല....ഒരു സംസ്കാരമാണ്.

ലോകരാജ്യങ്ങളെല്ലാം ഒളിംപിക്സില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഈ വേളയില്‍ ഞാന്‍ ആലോചിച്ചു നാത്തൂനേ, യഥാര്‍ഥത്തില്‍ നമ്മള്‍, ശരാശരിക്കാരായ സാദാ പൊതുജനം യഥാര്‍ഥ ഒളിംപിക് ഗെയിമിനെയും ഒളിംപിക് സ്പോര്‍ട്സിനെയുമൊക്കെ വെല്ലുന്ന കായികമാമാങ്കം ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുകയല്ലേ? യഥാര്‍ഥ ഒളിംപിക്സ് നാലുവര്‍ഷത്തിലൊരിക്കലേ വരികയുള്ളൂ എങ്കില്‍ നമുക്ക് ജീവിതമേ ഒളിംപിക്സാണ്. രാവിലെ ഉറക്കമെണീക്കുന്നതുമുതല്‍ രാത്രി ഉറക്കം തൂങ്ങുന്നതുവരെ എന്തെന്തു മത്സരങ്ങള്‍......എന്തൊക്കെ കായികാഭ്യാസങ്ങള്‍.....ഇതാ അവയില്‍ ചിലത്.

വെയ്റ്റ്ലിഫ്റ്റിംഗ്-ഭാരോദ്വഹനം

ശരാശരി മലയാളിയുടെ ഏറ്റവും പ്രധാനപ്പെട്ട കായികഇനമാണ് വെയ്റ്റ്ലിഫ്റ്റിംഗ്. ഒരു മലയാളി ജനിച്ച് കാലുറച്ചു തുടങ്ങുമ്പോള്‍ മുതല്‍ വെയ്റ്റ്ലിഫ്റ്റ് ചെയ്യാന്‍ തുടങ്ങുന്നു. പത്തുവര്‍ഷം നീണ്ടുനില്‍ക്കുന്നു ഈ ഭാരോദ്വഹനം. പറഞ്ഞു വരുന്നത് നാത്തൂനേ നമ്മുടെ പിള്ളേര്‍ മുതുകത്ത് ചുമക്കുന്ന സ്കൂള്‍ബാഗുകളെക്കുറിച്ചാണ്. ഒരു ഉത്തേജകവും അടിക്കാതെ ആ വാവിടാപ്രാണികള്‍ കിലോ കണക്കിന് വരുന്ന തുകല്‍ഭാണ്ഡങ്ങളല്ലേ പുഷ്പം പോലെ തൂക്കിനീങ്ങുന്നത്. ബാഗിന്റെ ബെല്‍റ്റ് തൊണ്ടയില്‍ കുരുങ്ങി കണ്ണുതള്ളിയാലും വേദന പുറത്തുകാണിക്കില്ല. ഒളിംപിക് വെയ്റ്റ്ലിഫ്റ്റിംഗില്‍ വെയ്റ്റ് തോളത്തുവെച്ചു കൊടുക്കാന്‍ സഹായികളുള്ളതുപോലെ ഈ പറഞ്ഞ ജീവിതഭാരം ഉയര്‍ത്തിവയ്ക്കുന്നതിനും ഒരു കൈ അല്ല, ഇരുകൈ സഹായമുണ്ടാകും. അച്ഛനമ്മമാരുടെ. പിള്ളേര്‍ പുസ്തകഭാണ്ഡവും ചുറ്റി നടക്കുമ്പോള്‍ ഭാവിയില്‍ ഡോക്ടറായും എഞ്ചിനീയറായും, സ്വപ്നം കാണാതെ ഒരു വെയ്റ്റ്ലിഫ്റ്ററായി അച്ഛനമ്മമാര്‍ അവരെക്കുറിച്ച് സ്വപ്നം കണ്ട് ആ വഴിക്ക് വളര്‍ത്തിവന്നാല്‍ സ്വര്‍ണമെഡലിന്റെ അയ്യരുകളിയായിരിക്കും ഒളിംപിക്സില്‍ ഇന്ത്യയ്ക്ക്. കല്യാണവേളയില്‍ കഴുത്തില്‍ കിലോക്കണക്കിന് സ്വര്‍ണവും തൂക്കിയിട്ടിട്ടും, കഴുത്തിന് ക്ഷതമേല്‍ക്കാതെ ബാലന്‍സ് പിടിച്ചുനില്‍ക്കുന്നവധുവും ഭാരോദ്വഹനത്തിന്റെ അത്ഭുതമുഖമാണ് കാണിച്ചുതരുന്നത്.

ഹൈജംപ്-ഓപ്പണ്‍സ്ളാബ് സ്പെഷ്യല്‍

നമ്മള്‍ നിത്യവും നടത്തുന്ന മറ്റൊരു സ്പോര്‍ട്സ് ഇനമാണ് ഓപ്പണ്‍സ്ളാബ് ഹൈജംപ്. നടപ്പാതയിലൂടെ വരുമ്പോള്‍ സ്ളാബുകള്‍ ഇളകിക്കിടക്കുന്നു. നമ്മള്‍ ഉയര്‍ന്നു ചാടി അപ്പുറത്ത്. ഗട്ടര്‍ ലോംഗ്ജംപ് ഇതിന്റെ സഹോദരനാണ്. റോഡിലെ ഗട്ടര്‍ മറികടക്കാനുള്ള പറന്നു ചാട്ടമാണിത്.

ചപ്പല്‍ ഡാമേജിംഗ് മാരത്തോണ്‍

പച്ചമലയാളത്തില്‍ പറഞ്ഞാല്‍ നടന്നുനടന്ന് കാലിലെ ചെരിപ്പുതേയല്‍. ഈ ഒരു കായികാഭ്യാസത്തിന് ഇത്രയും എക്സപര്‍ട്ടുകള്‍ നമ്മളെപ്പോലെ മറ്റൊരു വിഭാഗം കാണില്ല. ചില ഓഫീസുകളില്‍ എന്തെങ്കിലും കാര്യസാധ്യത്തിനുവേണ്ടിയുള്ള കയറ്റിറക്കമാണ് ഈ മാരത്തോണ്‍. യഥാര്‍ഥ ഒളിംപിക് മാരത്തോണിസ്റ്റുകള്‍, ഈ മാരത്തോണില്‍ ഒന്നു പങ്കെടുത്തു നോക്കട്ടെ. അപ്പോള്‍ കാണാം കാല്‍ കുഴഞ്ഞ് വായില്‍ നിന്ന് നുരയും പതയും വരുന്നത്. പക്ഷെ നമ്മളെനോക്കണം നാത്തൂനേ."ഫയല്‍ വിട്ടിട്ടുണ്ട്. അടുത്തയാഴ്ച വാ'' "ഓഫീസര്‍ സ്ഥലത്തില്ല. രണ്ടു ദിവസം കഴിയും'' തുടങ്ങിയ മറുപടികള്‍ കേട്ട് യാതൊരു ഭാവഭേദവുമില്ലാതെ നമ്മള്‍ പടിയിറങ്ങുന്നു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും പടികയറുന്നു. ഇറങ്ങുന്നു-കയറുന്നു-ഈ മാരത്തോണിനൊപ്പം ഏതു മാരത്തോണൊക്കും നാത്തൂനേ?

കനോയിംഗ്-വള്ളം തുഴച്ചില്‍

വെള്ളം അകത്താക്കി നമ്മുടെ ചില അണ്ണന്മാര്‍ ബാറില്‍ നിന്നും ഷാപ്പില്‍ നിന്നുമൊക്കെ നിത്യവും ചില തുഴച്ചിലുകള്‍ നടത്താറുണ്ട്. ചിലര്‍ തങ്ങളുടെ തന്നെ തത്സമയരചനയിലൂടെ വരുന്ന വഞ്ചിപ്പാട്ടുകളും മൂളിയാണ് തുഴയുന്നത്. കൈകള്‍ അന്തരീക്ഷത്തിലേക്ക് തുഴഞ്ഞുവീശി, വഴിയില്‍ കാണുന്ന ഇലക്ട്രിക്പോസ്റ്റുകളെ പങ്കായമായി സങ്കല്‍പ്പിച്ച് പിടിച്ചുനടത്തുന്ന ആ സ്പോര്‍ട്സ് ഐറ്റം ജീവിത ഒളിംപിക്സിലെ പ്രധാന ഇനങ്ങളിലൊന്നാണ്.

ബോക്സിംഗ്

ടിവിയുടെ റിമോട്ടിനു വേണ്ടിയുള്ള വീട്ടുകാരുടെ പൊരിഞ്ഞപോരാട്ടം. സീരിയലും സിനിമയും കോമഡിഷോയും വാര്‍ത്തയുമൊക്കെ ഒരേ സമയം കാണാനുള്ള ആക്രാന്തത്തില്‍ നടത്തുന്ന ആക്രമണം.

ചുരുക്കിപ്പറഞ്ഞാല്‍ നാത്തൂനേ, മെഡല്‍ കിട്ടുന്നില്ലെന്നേയുള്ളൂ. ഒളിംപിക് ചാമ്പ്യന്മാരേക്കാള്‍ പലതിലും ഒരുപടി മുന്നില്‍ നമ്മള്‍ സദാ പൊതുജനം തന്നെയാണ്.

*

കൃഷ്ണപൂജപ്പുര

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അങ്ങനെ ഒളിംപിക്സ് തുടങ്ങി നാത്തൂനേ. ആകെ അടിച്ചുപിരിഞ്ഞു അലങ്കോലമായി കിടക്കുന്ന ലോകരാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും, കുറേ നാളത്തേക്കെങ്കിലും, നമ്മളൊക്കെ ഒന്നാണെന്നും, സൌരയൂഥത്തില്‍ (ചിലപ്പോള്‍ പ്രപഞ്ചത്തില്‍ തന്നെയും) നമുക്ക് കൂട്ട് നമ്മളേ ഉള്ളൂ എന്നും ഒക്കെ ഒരു ചിന്തയുണ്ടാക്കാന്‍ ഉതകുന്ന മേള. കളിയും ചിരിയും മത്സരങ്ങളും കൂട്ടുകെട്ടും ഒന്നിച്ചുചേരലും, ഒത്തുകൂടലും, അവസാനം വേര്‍പിരിയലിന്റെ സുഖമുള്ള കണ്ണുനീരും...........ആഫ്രിക്കയും ആസ്ത്രേലിയയും അമേരിക്കയും ഏഷ്യയും യൂറോപ്പുമൊക്കെ ഒറ്റ വില്ലേജില്‍.....ഒളിംപിക് വില്ലേജില്‍...ജയിക്കുന്നതിനുമപ്പുറം പങ്കെടുക്കുന്നതാണ് മഹത്വമെന്ന വലിയ ചിന്ത ഉയര്‍ത്തിച്ചിടുന്ന മത്സരം. എവിടെയോ വായിച്ചതുപോലെ ഒളിംപിക്സ് മത്സരമല്ല....ഒരു സംസ്കാരമാണ്.

കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

കുഞ്ഞന്‍ said...

ഓ.ടോ..ക്ഷമിക്കണമേ...

സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?

**ചോര ചീത്തി
**സാതന്ത്യദിന

ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!