Tuesday, August 26, 2008

ഇന്ത്യന്‍ സമ്പദ് രംഗം വന്‍ തിരിച്ചടി നേരിടുന്നു

ഇന്ത്യന്‍ രാഷ്ട്രീയ രംഗമാകെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. ഇന്ത്യന്‍ ഭരണാധികാരികള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യവും, പരമാധികാരവും, സ്വയംപര്യാപ്തതയും ആകെ അമേരിക്കക്ക് അടിയറവയ്ക്കുന്ന തിരക്കിലാണ്. ഇതിനിടയില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗമാകെ കലുഷിതമായിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ജീവിതം ദുരിതമയമാക്കുന്ന തരത്തില്‍ പണപ്പെരുപ്പവും, ഭക്ഷ്യവസ്തുക്കളുടേയും മറ്റവശ്യ വസ്തുക്കളുടെയും വിലയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്.

പണപ്പെരുപ്പം കുതിച്ചുയരുന്നു

2008 ജൂലൈ 11ാം തീയതിയിലെ കണക്കനുസരിച്ച് വാര്‍ഷിക പണപ്പെരുപ്പം 11.89 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. (ആഗസ്റ്റ് 21ന് അത് 12.44 ശതമാനം ആയിട്ടുണ്ട്) .ഏപ്രില്‍ 1995 നു ശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4.42 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം. 2008 ആദ്യം മുതല്‍തന്നെ പണപ്പെരുപ്പം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2008 മെയ് 17-ാം തീയതി അവസാനിച്ച ആഴ്ചയില്‍ അത് 8 ശതമാനം കടന്നു. അരി, ഗോതമ്പ്, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍, പയറുവര്‍ഗ്ഗങ്ങള്‍, ഭക്ഷ്യഎണ്ണ തുടങ്ങി അവശ്യവസ്തുക്കള്‍ക്കാകെ വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രധനകാര്യമന്ത്രിയുടെ ഉപദേശകന്‍ സുഭാഷിഷ് ഗംഗോപാദ്ധ്യയയുടെ അഭിപ്രായത്തില്‍ ഡിസംബര്‍മാസംവരെ പണപ്പെരുപ്പനിരക്ക് രണ്ടക്കത്തില്‍ തുടരും. പണപ്പെരുപ്പം ഇത്തരത്തില്‍ കുതിച്ചുയര്‍ന്ന് സാധാരണക്കാരുടെ ജീവിതം ദുരിതമയമാകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയായിരിക്കുന്നതേയുള്ളൂ. ആകെ എടുത്തനടപടി റിസര്‍വ് ബാങ്ക് ക്യാഷ് റിസര്‍വ് റേഷ്യോയും, റിപ്പോനിരക്കും പലപ്രാവശ്യം ഉയര്‍ത്തിയതാണ്. അതാകട്ടെ യാതൊരു ഫലവും നല്കിയതുമില്ല.

വ്യാവസായിക ഉല്പാദനം കുത്തനെ താഴേക്ക്

ഇപ്പോള്‍ പുറത്തു വന്ന കണക്കുകള്‍ അനുസരിച്ച് 2008 മേയ് മാസത്തില്‍ രാജ്യത്ത് വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 3.8 ശതമാനത്തിലൊതുങ്ങി. 2007 മേയില്‍ വ്യാവസായിക വളര്‍ച്ച 10.6 ശതമാനമായിരുന്നു എന്നു പറയുമ്പോള്‍ തകര്‍ച്ചയുടെ ആഴം മനസ്സിലാകും. പ്രധാനമായും നിര്‍മാണം, വൈദ്യുതോല്പാദന മേഖലകളിലെ ഇടിവാണു വ്യാവസായിക ഉല്‍പ്പാദന രംഗത്ത് ഇത്രയും തിരിച്ചടി നേരിടാന്‍ കാരണം. വൈദ്യുതി ഉല്പാദനത്തിനു നേരിടുന്ന തിരിച്ചടി സ്വാഭാവികമായും മറ്റു മേഖലകളിലേക്കും പെട്ടെന്നുതന്നെ പടര്‍ന്നുപിടിക്കും. തുടര്‍ച്ചയായി രണ്ടാം മാസമാണ് വ്യവസായി ഉല്പാദന സൂചികയില്‍ ഇടിവുണ്ടായത്. 2007 ഏപ്രില്‍-മെയ് കാലത്ത് 10.9% വളര്‍ച്ച രേഖപ്പെടുത്തിയ സൂചിക കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളില്‍ കൈവരിച്ചത് അഞ്ച് ശതമാനം വര്‍ദ്ധന മാത്രമാണ്. നിര്‍മാണ മേഖലയില്‍ മേയ് മാസത്തില്‍ നേടിയത് 3.9% വളര്‍ച്ചയാണ്. 2007 മേയില്‍ ഈ മേഖലയിലെ വളര്‍ച്ച 11.3% ആയിരുന്നു. വൈദ്യുതി ഉല്പാദന രംഗത്ത് മേയില്‍ കൈവരിച്ചത് വെറും 2 ശതമാനം വര്‍ദ്ധന മാത്രമാണ്. എന്നാല്‍ 2007 മേയില്‍ വൈദ്യുതി ഉല്പാദനത്തില്‍ 9.4% വര്‍ധന കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. പലിശനിരക്കിലെ വര്‍ദ്ധനവും, സമ്പദ്വ്യവസ്ഥ മൊത്തം നേരിടുന്ന പ്രതിസന്ധിയുടേയും ഫലമാണ് വ്യാവസായിക മേഖലയിലെ തിരിച്ചടി.

ഓഹരിക്കമ്പോളം തകര്‍ന്നടിഞ്ഞു

കഴിഞ്ഞ രണ്ടുമാസമായി ഓഹരിക്കമ്പോളം തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഓഹരിക്കമ്പോള സൂചികയില്‍ 2008 ല്‍ വന്ന ഇടിവ് 40 ശതമാനത്തോളമാണ്. പ്രധാനപ്പെട്ട പല ഓഹരികളുടേയും വില 50 ശതമാനത്തിലധികം ഇടിഞ്ഞു. 1979-ല്‍ ഓഹരിക്കമ്പോളം ഇന്ത്യയില്‍ ആരംഭിച്ചതിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഓഹരി സൂചിക 21206.77 പോയിന്റ്വരെ ഉയര്‍ന്നശേഷം ജൂലൈ 11-ാം തീയതി അവസാനിച്ച ആഴ്ചയില്‍ 13469 വരെ താണിരിക്കുകയാണ്. ഇതില്‍ ഏറ്റവും അധികം നഷ്ടം വന്നത് കമ്പോളത്തിന്റെ മായികപ്രബന്ധത്തില്‍ ആകൃഷ്ടരായി എത്തിയ ചെറുകിട നിക്ഷേപകര്‍ക്കാണ്. പലരുടേയും ജീവിതസമ്പാദ്യമാകെ ഒലിച്ചുപോയി.


സമീപകാലത്തെ വിലയിടിവുമൂലം ഓഹരിക്കമ്പോളത്തിന് 201 ട്രില്യന്‍ രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് വിദഗ്ദ്ധരുടെ കണക്ക്. ലോകത്തെ ഇതര ഓഹരിക്കമ്പോളങ്ങളുമായി താരതമ്യപ്പെടുത്തിയാലും ഇക്കാലത്ത് ഇന്ത്യന്‍ കമ്പോളത്തിലാണ് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായത്.

വിദേശനാണയ നീക്കിയിരിപ്പില്‍ ഇടിവ്

നവ-ലിബറല്‍ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയശേഷം ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് അനുസ്യൂതമായി വളര്‍ന്നുകൊണ്ടിരുന്ന വിദേശനാണയ നീക്കിയിരുപ്പാണ്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി വിദേശ നാണയ നീക്കിയിരിപ്പ് താഴേക്കു പോകുന്ന പ്രവണത കാണിച്ചു തുടങ്ങിയിരിക്കുകയാണ്. ജൂലൈ 4-ാം തീയതി അവസാനിച്ച ആഴ്ചയില്‍ വിദേശനാണയ നീക്കിയിരിപ്പില്‍ 3.4 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി.

ഉയരുന്ന പലിശനിരക്ക്

കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് പല പ്രാവശ്യം റിപ്പോറേറ്റും (റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ നിരക്ക്) സി.ആര്‍.ആര്‍ ഉം (cash reserve ratio) ഉയര്‍ത്തി. ഇപ്പോള്‍ റിപ്പോറേറ്റ് 8.5 ശതമാനവും, സി.ആര്‍.ആര്‍. നിരക്ക് 8.75 ശതമാനവുമാണ്. റിപ്പോ റേറ്റും, സി.ആര്‍.ആറും ഉയര്‍ത്തിയതുമൂലം ബാങ്കുകള്‍ അവര്‍ നല്‍കുന്ന വായ്പയിന്മേലുള്ള പലിശ കുത്തനെ ഉയര്‍ത്തി. ഇപ്പോഴത് ശരാശരി 13 ശതമാനം വരെ ഉയര്‍ന്നുകഴിഞ്ഞു. ജൂലൈ 11 ലെ കണക്കനുസരിച്ച് പണപ്പെരുപ്പം 11.89 ശതമാനമായിരിക്കുകയാണ്. പണപ്പെരുപ്പം ഇനിയും ഉയരും എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അനുമാനം. ഉയര്‍ന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പം നിയന്ത്രക്കാന്‍ റിസര്‍വ് ബാങ്കിന് റിപ്പോറേറ്റും, സി.ആര്‍.ആറും ഉയര്‍ത്തുക എന്ന രണ്ടുമാര്‍ഗ്ഗമേയുള്ളൂ. അത് വീണ്ടും പലിശനിരക്കുയരാന്‍ കാരണമാകും. പലിശനിരക്ക്, കമ്പോളത്തിന്റെ നിയന്ത്രണത്തിനു വിട്ടിരിക്കുന്നതുമൂലം ഇതിനെ നേരിട്ടു നിയന്ത്രിക്കാന്‍ റിസര്‍വ്ബാങ്കിന് കഴിയില്ല. ഉയരുന്ന പലിശനിരക്ക് വ്യവസായങ്ങളെ പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങളെ അത്യന്തം പ്രതികൂലമായി ബാധിക്കും. പലിശനിരക്കിന്റെ ഉയര്‍ച്ച ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുകയും ഉപഭോഗം കുറയുകയും ചെയ്യും. ഇത് വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. വ്യവസായങ്ങളെ ബാധിക്കുന്ന പ്രതിസന്ധി തൊഴിലിനേയും കൂലിയേയും ആക്രമിക്കാന്‍ മുതലാളിമാരെ പ്രേരിപ്പിക്കും. ഇങ്ങനെ കമ്പോളമാകെ വലിയ പ്രതിന്ധിയിലേക്കു പോകാനുള്ള സാധ്യത നാനാതരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഉയരുന്ന കറന്റ് അക്കൌണ്ട് കമ്മി

ഇന്ത്യയുടെ G.D.P (Gross Domestic Product) വളര്‍ച്ച ഒമ്പതു ശതമാനത്തില്‍ നിന്നും താഴേക്കു പോയിരിക്കുകയാണ്. ധനക്കമ്മിയും, കറന്റ് അക്കൌണ്ട് കമ്മിയും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2006-07 ല്‍ 9.8 ബില്യണ്‍ ഡോളറായിരുന്ന കറന്റ് അക്കൌണ്ട് കമ്മി 17.4 ബില്യന്‍ ഡോളറായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഏകദേശം 77% വര്‍ദ്ധന. ഇതോടൊപ്പം ഉയരുന്ന പണപ്പെരുപ്പം കൂടി ചേര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാകാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലയും, തൊഴിലില്ലായ്മയും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്തര്‍ദേശീയ റേറ്റിംഗ് ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്താനുള്ള സാധ്യത വിദഗ്ദ്ധര്‍ കാണുന്നുണ്ട്. അങ്ങിനെ വന്നാല്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് അന്തര്‍ദേശീയ കമ്പോളത്തില്‍ നിന്നും ധനസമാഹരണം നടത്താന്‍ ബുദ്ധിമുട്ട് നേരിടും. ഇതു വന്‍വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കും.

അന്തര്‍ദേശീയ പ്രശ്നങ്ങള്‍

അന്തര്‍ദേശീയ വിപണിയില്‍ ജൂലൈ 11 ന് ക്രൂഡോയിലിന്റെ വില 147.27 ഡോളറിലെത്തിയിരിക്കുകയാണ്. ഇസ്രായേല്‍ ഇറാനെതിരെ യുദ്ധഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നതും ഇറാന്‍ അതിനെതിരായി തയ്യാറെടുപ്പുകള്‍ നടത്തുന്നതും, നൈജീരിയയില്‍ തീവ്രവാദികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയും, ഊഹക്കച്ചവടവും ഒക്കെ അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡോയില്‍ വില ഉയരാന്‍ കാരണമായി.

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ജൂലൈ 11-ന് ഇന്‍ഡിമാക് ബാങ്ക് (Indymac Bank) എന്ന പ്രധാന ധനകാര്യസ്ഥാപനം തകര്‍ന്നിരിക്കുകയാണ്. ഇത് അമേരിക്കന്‍ ബാങ്കിംഗ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ തകര്‍ച്ചയാണ്. ഈ വര്‍ഷം തകരുന്ന അഞ്ചാമത്തെ ബാങ്കും. ഭവനവായ്പ നല്‍കുന്ന അമേരിക്കന്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സ്ഥാപനങ്ങളായ ഫാനിമേ (Fannie Mae), ഫ്രെഡി മാക് (Freddie Mac) (അമേരിക്കന്‍ ബാങ്കുകളെ ഭവനവായ്പ രംഗത്ത് സഹായിക്കാന്‍ 1930 ലെ വലിയ സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് സര്‍ക്കാര്‍ ഇടപെട്ട് സ്ഥാപിച്ച സ്ഥാപനങ്ങളാണ്) എന്നിവയും തകര്‍ച്ചയെ നേരിടുകയാണ്. ഇവയെ എങ്ങനെയും രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ പ്രധാന ലക്ഷ്യമെന്നാണ് അമേരിക്കന്‍ ട്രഷറി സെക്രട്ടറി ഹെന്റി പോള്‍സണ്‍ പറഞ്ഞത്. ഈ പ്രതിസന്ധി മുറിച്ചുകടക്കാന്‍ അമേരിക്കന്‍ സെനറ്റ് ജൂലൈ 11 ന് 300 ബില്യന്‍ ഭവനവായ്പയെടുത്തവരെ സഹായിക്കാന്‍ അനുവദിച്ചിരിക്കുകയാണ്. അമേരിക്ക നേരിടുന്ന പ്രതിസന്ധി വികസിത അവികസിത രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി കുറയാന്‍ കാരണമാകും. അന്തര്‍ ദേശീയ സ്ഥിതിഗതികളും പലതരത്തില്‍ വഷളായിവരുകയാണെന്നു ചുരുക്കം. ഈ സംഭവവികാസങ്ങളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലക്കും.

1991 ല്‍ തുടങ്ങിവച്ച ഉദാരവല്‍ക്കരണ നയങ്ങള്‍മൂലം അന്തര്‍ദേശീയ കമ്പോളത്തിന്റെ ചാഞ്ചാട്ടങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ്ഘടനയെ സംരക്ഷിച്ചു നിര്‍ത്താനുള്ള എല്ലാ സാധ്യതകളും കേന്ദ്രസര്‍ക്കാര്‍ കളഞ്ഞുകുളിച്ചിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തില്‍ പണിയെടുത്ത് ജീവിക്കുന്നവരുടേയും ചെറുകിട കൃഷിക്കാരുടേയും, കച്ചവടക്കാരുടേയും വ്യവസായികളുടേയും ഒക്കെ സ്ഥിതി കൂടുതല്‍ കൂടുതല്‍ പരുങ്ങലിലായിക്കൊണ്ടിരിക്കുകയാണ്. കമ്പോളത്തില്‍ എല്ലാ വസ്തുക്കളുടേയും വില ഉയരുമ്പോള്‍ തൊഴില്‍ ശക്തിക്കു മാത്രം (അതായത് കൂലി) വിലയിടിയുന്ന സ്ഥിതിയാണ് ആഗോളവല്‍ക്കരണ കാലത്തെ ഒരു പ്രധാന പ്രതിഭാസം.

പണപ്പെരുപ്പം ചെറുനിക്ഷേപകരെ വലക്കുന്നു

പണപ്പെരുപ്പം 11.89% (ജൂലൈ 11 ലെ നിരക്ക്) മായി ഉയരുകയും, ഓഹരിക്കമ്പോളം 40% മാനത്തിലധികം ഇടിയുകയും ചെയ്തതോടെ ചെറുകിട നിക്ഷേപകരുടെ സമ്പാദ്യത്തില്‍ വലിയ ചോര്‍ച്ച സംഭവിച്ചു കൊണ്ടിരിക്കുകാണ്. പണപ്പെരുപ്പം ബാങ്ക് നിക്ഷേപങ്ങളുടേയും, ഇ.പി.എഫ്-ന്റെയും പലിശനിരക്കിനെക്കാള്‍ ഉയരത്തിലായതോടെ യഥാര്‍ത്ഥ പലിശ നെഗറ്റീവ് ആയിരിക്കുകയാണ്. പണപ്പെരുപ്പം 11.89 ശതമാനവും, ബാങ്ക് നിക്ഷേപ പലിശ 9.5 ശതമാനവും ആയിരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബാങ്കില്‍ 9.5 ശതമാനം പലിശക്ക് നിക്ഷേപിക്കുന്ന ഒരാള്‍ക്ക് അയാളുടെ നിക്ഷേപത്തില്‍ 2.39 ശതമാനത്തിന്റെ ചോര്‍ച്ച സംഭവിക്കുന്നു. അതായത് ഒരാളുടെ നിക്ഷേപം വളരുന്നതിനുപകരം ചുരുങ്ങുന്നു. ഇ.പി.എഫ് നിരക്ക് 8.5 ശതമാനമായതിനാല്‍ അതിലുണ്ടാകുന്ന ചോര്‍ച്ച 3.39 ശതമാനമാണ്. എന്നാല്‍ 1995 കാലത്ത് പണപ്പെരുപ്പം 11 ശതമാനത്തിലധികമായിരുന്നപ്പോള്‍ പലിശനിരക്ക് അതിനും മേലെയായിരുന്നു.

*

ജോസ് ടി എബ്രഹാം

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ രാഷ്ട്രീയ രംഗമാകെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. ഇന്ത്യന്‍ ഭരണാധികാരികള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യവും, പരമാധികാരവും, സ്വയംപര്യാപ്തതയും ആകെ അമേരിക്കക്ക് അടിയറവയ്ക്കുന്ന തിരക്കിലാണ്. ഇതിനിടയില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗമാകെ കലുഷിതമായിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ജീവിതം ദുരിതമയമാക്കുന്ന തരത്തില്‍ പണപ്പെരുപ്പവും, ഭക്ഷ്യവസ്തുക്കളുടേയും മറ്റവശ്യ വസ്തുക്കളുടെയും വിലയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്......

ശ്രീ ജോസ് റ്റി. എബ്രഹാം എഴുതിയ ലേഖനം.

Anonymous said...

There was a period when India's finance minister take gold from here to Bank of England to pledge and pay salaries, the man who saved the nation from that situation is Dr.Manmohan Singh. He is still ruling this country, he is trying to curb the inflation. The whole world is facing an economic crisis, compared to that the situation is not panic, the rains are good, the crops are going to be good, by October prices may come down.

Anyone can accuse things but can anyone give creative solutions, signing Atom Treaty is not responsible for inflation. International Terrorism, Oil price hike, American policies all may be causes.

Since when Marxists started worrying about Indian economny?

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട ആരുഷി

താങ്കള്‍ പറഞ്ഞത് ശരിയാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ ഉണ്ടായിരുന്ന കുറച്ച് സ്വര്‍ണ്ണം 1991 ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പണയം വയ്ക്കേണ്ടി വന്നു എന്നത് വസ്തുതയാണ്. താങ്കള്‍ പറയുന്നു ആ അവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷപെടുത്തിയ മഹാനാണ് ഡോ. മന്‍‌മോഹന്‍ സിംഗ് എന്ന്. ഒന്നു തിരിഞ്ഞു നോക്കിയാല്‍ ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതിലും അദ്ദേഹത്തിന് കാര്യമായ റോളുണ്ടായിരുന്നു എന്നു കാണാം. റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായും പ്ലാനിംഗ് കമ്മീഷന്‍ സെക്രട്ടറിയായും ഐ എം എഫിലെ ആക്ക്ട്ടര്‍നേറ്റ് ഡയറക്ടറായും എന്തിനേറെ പ്രധാന മന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായും അദ്ദേഹം ഇക്കാലമത്രയും തിരശ്ശീലയ്ക്കു പിറകിലുണ്ടായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല, സോവിയറ്റ് യൂണിയന്റെ പതനശേഷം ഇങ്ങനെയൊരു സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുകയായിരുന്നു എന്നൊരു വിശകലനവും ഉണ്ട്. അതില്‍ നിന്നും രക്ഷപെടാന്‍ രാജ്യം ഐ എം എഫി നെ സമീപിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്‍ പി ജി നയങ്ങള്‍ നടപ്പിലാക്കുകയുമായിരുന്നു .

വിലക്കയറ്റത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അതൊരു ആഗോള പ്രതിഭാസമാണെന്നു പറഞ്ഞു കൈകഴുകാനാകുമോ? നമ്മുടെ പൊതു വിതരണ സമ്പ്രദായം തകര്‍ത്തതും എല്ലാം കമ്പോളത്തിന്റെ കൃപാകടാക്ഷത്തിനു വിട്ടുകൊടുത്തതും കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധി വ്യാപാരം അനുവദിച്ചതും ഒക്കെ മൂലധന നാഥന്മാരുടെ താല്‍പ്പര്യ സംരക്ഷണാ‍ര്‍ത്ഥമായിരുന്നു.

ഇന്റര്‍നാഷണല്‍ ടെററിസവും എണ്ണവില വര്‍ദ്ധനയും ഒക്കെ വിശകലനം ചെയ്താല്‍ അതിനു പിറകില്‍ ആരാണെന്ന് കണ്ടെത്താനാകും.

ഒരു കാര്യം കൂടി..വിദേശ നാണ്യ ശേഖരം ( forex reserves) കൂടി വരുന്നത് കൊണ്ട് നേട്ടങ്ങള്‍ മാത്രമേയുള്ളോ? ഇതിനെക്കുറിച്ചുള്ള് ഒരു കുറിപ്പ് നോക്കിയാലും..

......Foreign exchange reserve are a source of strength to any country. It sends positive signals to the outside world about the ability of the country to be able to meet its liabilities as and when they arise. Considerable progress has been made since 1991-92 in this respect . But holding of reserves is not without its costs. Reserves increase when the Reserve Bank purchases dollars in the market. By purchasing dollars, rupees are infused into the system and can have an inflationary impact......

ചുരുക്കത്തില്‍ വമ്പന്‍ കയറ്റുമതിക്കാര്‍ക്കുവേണ്ടി നമ്മുടെ നാട്ടിലെ ദരിദ്ര നാരായണന്മാര്‍ ഈ ഭാരവും ചുമക്കുകയല്ലേ?

അവസാനമായി ഇതു കൂടി , ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വിശദമായി പഠിക്കുകയും അഭിപ്രായരൂപീകരണം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇടതു പക്ഷ കക്ഷികളാണെന്ന് കണ്ണു തുറന്നു ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെ നോക്കിക്കാണുന്ന ആര്‍ക്കും ബോധ്യമാവേണ്ടതാണ്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലല്ലോ? :)

Baiju Elikkattoor said...

Forum, thanks for the informative comment.

Anonymous said...

ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ വിശകലനം ചെയ്യുമ്പോള്‍ രണ്ടു ഘട്ടങ്ങള്‍ ആണുള്ളതു ഒന്നു നെഹ്രു ഇന്ദിര ഗാന്ധി സോഷ്യലിസ്റ്റ്‌ വ്യവസ്ഥ രണ്ട്‌ നരസിംഹറാവു കൊണ്ടുവന്ന പുതന്‍ സാമ്പത്തികനയങ്ങള്‍ കമ്മ്യൂണീസ്റ്റുകറ്‍ക്കു ഇതില്‍ ഏതെങ്കിലും ഒന്നിനെ സപ്പോര്‍ട്ട്‌ ചെയ്തേ പറ്റു കാരണം വേറെ ആള്‍ട്ടര്‍നെറ്റിവ്‌ ഇല്ല എന്നതു തന്നെ. നെഹ്രൂ ലെനിണ്റ്റെ പഞ്ചവത്സര പധതി കോപ്പിയടിക്കാന്‍ ശ്രമിച്ചു കുറെ വാന്‍ വ്യവസായങ്ങള്‍ ഉണ്ടായി ഭിലായി തുടങ്ങിയ പ്ളാണ്റ്റുകള്‍ മിഡില്‍ ക്ളാസ്‌ സൈക്കിളില്‍ സഞ്ചരിച്ചു ഗവണ്‍മണ്റ്റ്‌ ജോലി സ്വപ്നം കണ്ടു കേരളീയര്‍ ഭിലായി റൂര്‍ക്കല ബോംബേ അല്ലെങ്കില്‍ പട്ടാളം ഈ തുറകളില്‍ പോയി രക്ഷപെട്ടു. ഇന്ദിര ഗാന്ധി ബാങ്കു ദേശസാല്‍ക്കരണം ലൈസന്‍സ്‌ രാജ്‌ എന്നിവ നടപ്പാക്കി യഥാര്‍ഥത്തില്‍ ഇതാണു ഇന്ത്യയുടെ സാമ്പതിക പുരോഗതിയെ പിന്നോട്ടടിച്ച ഘടകം ബജാജ്‌ സ്കൂട്ടറും അംബാസിഡര്‍ കാറുമായി നമ്മള്‍ പത്തു പതിനഞ്ചു കൊല്ലം ജീവിച്ചു ക്ളോസ്ഡ്‌ എക്കോണോമി ശരിയാണൂ മാന്‍ മോഹന്‍ സിംഗ്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ആയിരുന്നു ഇക്കാലം പക്ഷെ തിരുവായ്ക്കെതിര്‍ വാ ഇല്ലാത്ത കാലമാണതു എന്നും ഓര്‍ക്കണം

ഇന്ദിരാ ഗാന്ധി മരിക്കുമ്പോള്‍ ഫോറിന്‍ എക്സ്ചേഞ്ചു ശേഖരം ഉണ്ടായിരുന്നു രാജീവ്‌ ഗാന്ധി തുടങ്ങിവച്ച ഇന്ത്യയെ വിദേശങ്ങളില്‍ പരിചയപ്പെടുത്തുക തുടങ്ങി കുറെ തല തിരിഞ്ഞ നയങ്ങള്‍ ഇന്ത്യാ ഉത്സവ്‌ ഇതൊക്കെ ഫോറിന്‍ എക്സ്ചേഞ്ചു ഇല്ലാതാക്കി ഇടക്കു ഭരിച്ച ചരണ്‍ സിംഗ്‌ വീ പീ സിംഗ്‌ ദേവ ഗൌഡ ഇവരെല്ലാം ആവോളം നശിപ്പിച്ചു ആരും പുതിയ ഒന്നും കൊണ്ടു വന്നില്ല അങ്ങിനെ നരസിംഹ രാവുവിനു ഭരണം കിട്ടുമ്പോള്‍ രാജ്യം രൂക്ഷമായ സാമ്പത്തിക പ്റതിസന്ധി നേരിട്ടു ഇവിടെയാണു പുതിയ ഇന്ത്യ ജനിക്കുന്നത്‌ ചരിത്റം മാറ്റിയെഴുതിയ മഹാനാണു നരസിംഹ റാവു അതുവരെ തുടറ്‍ന്ന നയങ്ങളെല്ലം ഒറ്റ രാത്റി കൊണ്ടു പൊളിച്ചെഴുതി ന്യൂന പക്ഷ ഗവണ്‍മണ്റ്റ്‌ കാലാവധി തീറ്‍ത്തു നവ ലിബറലിസം കൊണ്ടു വന്നു ഇന്നു ഇത്യ സാമ്പതിക ശക്തി അല്ല എന്നു പറയുന്നവറ്‍ കണ്ണടച്ചിരുട്ടാക്കുന്നു

ഇതല്ലാതെ എന്താണൂ ബദല്‍ അതു പറയൂ ഗവണ്‍മണ്റ്റ്‌ എന്തു ചെയ്യണം പഴയ ഇരുപതിന പരിപാടി റേഷന്‍ കാലത്തേക്കു പോകണോ? അന്നും നിങ്ങള്‍ അതെല്ലാം എതിര്‍ത്തതല്ലെ? ഇപ്പോള്‍ ഇന്ദിര ഗാന്ധിയാണോ നിങ്ങളൂടെ റോള്‍ മോഡല്‍? സബ്സിഡി നല്‍കി എത്ര നാള്‍ ഒരു ഗവണ്‍മെണ്റ്റിനു മുന്നോട്ടു പോകാന്‍ കഴിയും? ആ പണം എവിടെ നിന്നും നല്‍കുന്നു , ടാക്സ്‌ കൊടുക്കുന്നവണ്റ്റെ പണം എടുത്തു വെറുതെ നടക്കുന്നവനു നല്‍കുന്നു ഇതല്ലെ? മര്യാദക്കു അധ്വാനിച്ചു ജീവിക്കുന്നവണ്റ്റെ മേല്‍ അനാവശ്യ ടാക്സ്‌ ചുമത്തി നിങ്ങള്‍ ജനകീയാസൂത്റണം എന്ന പേരില്‍ പ്രു പണീയും ചെയ്യാതെ വെള്ളം അടിച്ചു നടക്കുന്ന ഒരുത്തനു ആടു വാങ്ങിക്കൊടുക്കുന്നു അവന്‍ അടുത്ത മാസം അതിനെ വിറ്റു വീണ്ടും പഴയപടി ജീവിക്കുന്നു ഇതാണൊ ശരിയായ രീതി? പ്റക്റ്‍തി എവിടെ എങ്കിലും ഇങ്ങിനെ ചെയ്യുന്നുണ്ടോ? സറ്‍വൈവല്‍ ഓഫ്‌ തെ ഫിറ്റസ്റ്റ്‌ ആണൂ പ്റക്റ്‍തി നിയമം അതു തന്നെയാണൂ മുതലാളിത്തവും , പടറ്‍ ന്നു പന്തലിച്ച ഒരു ആല്‍മരം അതിണ്റ്റെ ശഖകള്‍ ചുരുക്കി താഴെയുള്ള കൊച്ചു ചെടികള്‍ക്കും വളരാന്‍ സ്ഥലം കൊടുക്കണം , ആ ചെടികളേല്ലം ഒരുപോലെ വളറ്‍ച്ച എത്തുന്നതുവരെ ആല്‍മരം തണ്റ്റെ വളറ്‍ച്ച നിറ്‍ത്തിവെക്കണം എന്നു വല്ലതും പറയാന്‍ പറ്റുമോ? വെറുതെ എന്തിനെയും വിമറ്‍ശിക്കുക ഒരു ക്രിയേറ്റീവ്‌ ഐഡിയയും നല്‍കാതിരിക്കുക ഇതല്ലാതെ മറ്റെന്താണു ഈ ലേഖനം പറയുന്നത്‌