Showing posts with label വിജ്ഞാന സമൂഹം. Show all posts
Showing posts with label വിജ്ഞാന സമൂഹം. Show all posts

Wednesday, September 25, 2013

വിവര സുരക്ഷയുടെ പ്രാധാന്യം

എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ചാരനിരീക്ഷണ പരിപാടിക്കും ഇന്റര്‍നെറ്റ് ചോര്‍ത്തലിനുമെതിരെ വമ്പിച്ച പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. അമേരിക്കന്‍ പൗരന്മാരുടെ ഫോണുകളും ലോകമാകെയുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സന്ദേശങ്ങളും നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. മൈക്രോസോഫ്റ്റും ജിമെയിലും ഫേസ്ബുക്കും ട്വിറ്ററും അടക്കം പ്രധാനപ്പെട്ട 10 ഇന്റര്‍നെറ്റ് സന്ദേശവാഹകരുടെ സെര്‍വറുകളില്‍നിന്ന് വിവരംചോര്‍ത്തി നിരീക്ഷിക്കാനുള്ള "പ്രിസം" എന്ന പദ്ധതിയാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറാക്കി പ്രവര്‍ത്തിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര ശൃംഖലകളില്‍നിന്ന് വിവരംചോര്‍ത്തുന്ന എക്സ് കീസ്കോര്‍പോലെ വേറെയുമുണ്ട് അമേരിക്കന്‍ ചാരപരിപാടികള്‍. ലോകമാകെ ടെലി കമ്യൂണിക്കേഷന്‍ ശൃംഖലകളും കേബിള്‍പഥങ്ങളും മൈക്രോവേവ് പ്രസരണപഥങ്ങളും ഉപഗ്രഹ പ്രസരണവും ചോര്‍ത്തുന്ന പരിപാടിയും നടക്കുന്നുണ്ട്. ആയിരത്തഞ്ഞൂറോളം നിരീക്ഷണകേന്ദ്രങ്ങളാണ് ലോകമാകെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ എംബസികളും കോണ്‍സുലേറ്റുകളും അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനികളുമാണ് ആ പണി ചെയ്യുന്നത്. ഇന്ത്യയിലടക്കം ഇത് നടക്കുന്നുണ്ട്.

അമേരിക്കയില്‍ കേന്ദ്രീകരിച്ച ആഗോള വിവരവിനിമയ ശൃംഖലയും കമ്യൂണിക്കേഷന്‍ രംഗത്തെ അമേരിക്കന്‍ മേധാവിത്വവുമാണ് ഇത്തരം ചോര്‍ത്തലിന് അവരെ പ്രാപ്തമാക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചാരനിരീക്ഷണ സമ്പ്രദായം കരുപ്പിടിപ്പിച്ചതെന്നാണ് അമേരിക്കയുടെ ന്യായീകരണം. എന്നാല്‍, ഭീകരവാദവും തീവ്രവാദവും മറയാക്കി തങ്ങളുടെ സാമ്പത്തിക വാണിജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് അമേരിക്ക വിവരം ചോര്‍ത്തുന്നതെന്ന് വ്യക്തമാണ്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും സംബന്ധിച്ചിടത്തോളം വ്യക്തിപരമായ സ്വകാര്യതയിലുപരി സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വവും ദേശീയ പരമാധികാരവുമാണ് ഈ വിഷയത്തില്‍ ഉള്‍പ്പെട്ട പ്രധാന പ്രശ്നം. ഭീകരവാദത്തെക്കുറിച്ചോ തീവ്രവാദത്തെക്കുറിച്ചോ പരാതിപ്പെടാന്‍ അമേരിക്കയ്ക്ക് അര്‍ഹതയില്ല. ലോകമാകെ തീവ്രവാദവും ഭീകരവാദവും വളര്‍ത്തുന്നതില്‍ മറ്റാരേക്കാളും പങ്ക് അമേരിക്കന്‍ ഭരണകൂടത്തിനുണ്ട്. തെമ്മാടിരാഷ്ട്രമായി ഇസ്രയേലിനെ വളര്‍ത്തി നിലനിര്‍ത്തുന്നു. ബിന്‍ലാദനെയും താലിബാനെയും പാലൂട്ടി വളര്‍ത്തി. പാകിസ്ഥാനില്‍ ഐഎസ്ഐയെ ശക്തിപ്പെടുത്തി. ശത്രുരാജ്യമെന്നോ മിത്രരാജ്യമെന്നോ നോക്കാതെ മറ്റെല്ലാ രാജ്യങ്ങളിലും ആജ്ഞാനുവര്‍ത്തികളായ മത-ഭാഷാ തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തി. കോള്‍മാന്‍ ഹെഡ്്ലിയെപ്പോലെ ജനദ്രോഹികളെ സൃഷ്ടിച്ചു. ചില രാജ്യങ്ങളില്‍ ഏകാധിപതികളെ പതിറ്റാണ്ടുകളോളം പിന്തുണച്ച് നിലനിര്‍ത്തിപ്പോന്നു. എത്രയെത്ര ഭരണാധികാരികളെയാണ് അമേരിക്കന്‍ ഭരണകൂടം തീറ്റിപ്പോറ്റുന്ന പട്ടാളം കൊന്നൊടുക്കിയത്.

ലോകത്താകമാനം ആയിരത്തഞ്ഞൂറിലേറെ സൈനിക താവളങ്ങള്‍ അമേരിക്കയും അവര്‍ക്ക് പങ്കാളിത്തമുള്ള സൈനിക സഖ്യങ്ങളും നിലനിര്‍ത്തുന്നുണ്ട്. ഇതെല്ലാം അമേരിക്കയുടെ ദേശീയ സുരക്ഷയുടെ ആവശ്യമാണെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ അതും ലോകമാകെ ചാരപ്പണി നടത്താനും മേധാവിത്വം ഉറപ്പാക്കാനുമുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധിയായി അമേരിക്കയുടെ കൈയിലെത്തി. ലോകത്തെല്ലായിടത്തുനിന്നും വിവരം അവരുടെ കംപ്യൂട്ടറിലേക്ക് ഒഴുകിയെത്തുന്നു. കാരണം അമേരിക്കയിലാണ് ലോകത്ത് മിക്കവരുടെയും വിവര വിനിമയാവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ഇന്റര്‍നെറ്റിന്റെ പശ്ചാത്തല വിഭവങ്ങളെല്ലാം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സെര്‍വറുകളും മെമ്മറി ഫാമുകളും കേന്ദ്രീകരിച്ചിരിക്കുന്നത് കാലിഫോര്‍ണിയയിലാണ്. ലോകമാകെ കൈകാര്യംചെയ്യപ്പെടുന്ന വിവരമെല്ലാം അവിടെയെത്തിയാണ് വിതരണംചെയ്യപ്പെടുന്നത്. സെര്‍വറുകളില്‍ നിന്ന് ആവശ്യമുള്ളതെടുത്ത് വിശദമായി പരിശോധിച്ചാല്‍ മാത്രംമതി. ഇന്റര്‍നെറ്റ് അമേരിക്കയില്‍ തുടങ്ങിയതാണ്. അമേരിക്കയില്‍ വ്യാപിച്ച് വളര്‍ന്നു, തുടര്‍ന്ന് പുറത്തേക്കും. ഇന്ന് ലോകമാകെ അതില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. അതിന്റെ വ്യാപനം മറ്റെന്തിനേക്കാളും വേഗത്തില്‍ നടക്കുന്നു. അത് വികേന്ദ്രീകൃതമാണെങ്കിലും അമേരിക്കയില്‍ തുടങ്ങിയതായതിനാല്‍ അതിന്റെ കേന്ദ്രം അവിടെയാണെന്ന ധാരണ പരക്കെ നിലനില്‍ക്കുന്നു. ആദ്യ പഥികര്‍ എന്ന നിലയില്‍ അവര്‍ക്ക് കിട്ടിയ മുന്‍കൈ ഒരു യാഥാര്‍ഥ്യമാണ്. അവിടെയാണ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പാദനവും സോഫ്റ്റ്വെയര്‍ വികസനവും സെര്‍വറുകളും വിവരസംഭരണികളും വെബ് ഹോസ്റ്റിങ് സ്ഥാപനവും സാമൂഹ്യ സേവനപ്രദാന സ്ഥാപനങ്ങളും അടക്കം ശൃംഖല വിഭവങ്ങളും ശൃംഖലകളും നിലവില്‍ വന്നിട്ടുള്ളത്്. മറ്റാര്‍ക്കും സ്വന്തം ശൃംഖലകള്‍ കെട്ടിപ്പടുക്കുകയും ശൃംഖലാ വിഭവങ്ങള്‍ സഥാപിച്ചുപയോഗിക്കുകയും ചെയ്യാമെന്നിരിക്കിലും ഇന്നും അമേരിക്കന്‍ വിഭവങ്ങള്‍മാത്രം ഉപയോഗിക്കുക എന്ന ശീലമാണ് നിലനില്‍ക്കുന്നത്. ലോകത്താകെ ജനങ്ങള്‍ അമേരിക്കന്‍ സേവനദാതാക്കളെയും വിഭവങ്ങളെയും ആശ്രയിക്കുന്നതുമൂലം അവര്‍ക്ക് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. ഏത് രാജ്യക്കാരും ഉപകരണങ്ങള്‍ വാങ്ങുന്നത് അവിടെനിന്നാണ്. പ്രത്യേകിച്ചും കംപ്യൂട്ടറുകളുടെയും മറ്റിതര വിവര വിനിമയോപകരണങ്ങളുടെയും പ്രധാന ഘടകമായ മൈക്രോ പ്രോസസറുകള്‍. ലോകത്താര് ഇന്റര്‍നെറ്റ് ഉപയോഗിച്ചാലും അമേരിക്കയ്ക്ക് വരുമാനം കിട്ടുന്നു.

ഇന്റര്‍നെറ്റുപയോഗിച്ചുള്ള ചാരപ്പണി അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്നമാണ്. വിജയകരമായി യുദ്ധതന്ത്രങ്ങള്‍ മെനയുന്നതിന് ഇത് അവരെ സഹായിക്കുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. വല്യേട്ടന്റെ കണ്ണുകള്‍ പതിയാത്ത ഇടങ്ങള്‍ ലോകത്തിലില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. അതാകട്ടെ മറ്റ് രാജ്യങ്ങളുടെ വിവരം ചോര്‍ത്തുക മാത്രമല്ല, അമേരിക്കക്കാരുടെ സ്വകാര്യതയും നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെയാണ് എഡ്വേഡ് സ്നോഡന്‍ പ്രതികരിച്ചത്. വ്യക്തിയുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന അമേരിക്കന്‍ സമൂഹത്തിന്റെ ഗണ്യമായ വിഭാഗം സ്നോഡനെ പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങി. അമേരിക്കന്‍ മാധ്യമങ്ങള്‍ പലതും സ്നോഡനെ പിന്തുണയ്ക്കുന്നു. ലോകമാകെ സ്നോഡന് പിന്തുണ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ ഉരുത്തിരിഞ്ഞു. സ്നോഡനെ പിന്തുണയ്ക്കാന്‍ ലോകജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. കാരണം, അമേരിക്കയുടെ ചാരപ്രവര്‍ത്തനം അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ എന്നതിലുപരി ലോകജനതയ്ക്കും രാഷ്ട്രങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും എതിരെയുള്ളതാണ്.

ഭീകരപ്രവര്‍ത്തനങ്ങളും ശത്രുരാജ്യങ്ങളുടെ നീക്കങ്ങളും കണ്ടറിഞ്ഞ് രാജ്യസുരക്ഷ ഉറപ്പാക്കുക എന്ന സൈനിക വിവര ചോര്‍ത്തലിനുപരി വ്യാവസായിക പ്രാധാന്യമുള്ള വിവരങ്ങളും ചോര്‍ത്തപ്പെടുകയാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും സ്വന്തം താല്‍പ്പര്യംകൂടി സംരക്ഷിച്ചുള്ള ജനാധിപത്യ ലോകക്രമം ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. സ്നോഡന് പിന്തുണയും അമേരിക്കന്‍ മേധാവിത്വത്തിനെതിരെ ചെറുത്തുനില്‍പ്പും അമേരിക്കന്‍ നിലപാടുകളെ പിന്തുണയ്ക്കുന്ന സ്വന്തം സര്‍ക്കാരുകള്‍ക്കെതിരായ രാഷ്ട്രീയ സമരങ്ങളും ആവശ്യമാണ്. അവ മാത്രം പോരാ. അവയെല്ലാറ്റിനുമൊപ്പം ആഗോള വിവരവിനിമയ ശൃംഖലയില്‍ അമേരിക്കന്‍ മേധാവിത്വം അവസാനിപ്പിക്കാനാവശ്യമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലും ലോകജനത മുഴുകണം. എങ്കില്‍മാത്രമേ നിലവിലെ സാമ്രാജ്യത്വ മേധാവിത്വത്തിലുള്ള ആഗോള ക്രമത്തിനുപകരം ബഹുധ്രുവലോകം സാധ്യമാകൂ. ദേശീയ പരമാധികാരവും രാജ്യസുരക്ഷയും മറ്റ് രാജ്യങ്ങളുമായി പരസ്പര ബഹുമാനത്തിന്റെയും സമഭാവനയുടെയും അടിസ്ഥാനത്തിലുള്ള സാര്‍വദേശീയ ബന്ധവും ഭീകരാക്രമണത്തില്‍നിന്നും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍നിന്നും മോചനവും ആഗ്രഹിക്കുന്ന രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും കൂട്ടായ്മയുടെയും മുമ്പില്‍ വിവരം ചോര്‍ത്തല്‍ തടയാന്‍ മാര്‍ഗങ്ങളുണ്ട്. വിവര സാങ്കേതികരംഗത്ത് പ്രത്യേകിച്ച് ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ അമേരിക്കയുടെ മേധാവിത്വം അവസാനിപ്പിക്കുക തന്നെയാണത്. സ്വന്തം വിവര വിനിമയ ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചുപയോഗിക്കാന്‍ ഓരോ രാജ്യത്തിനും കഴിയും. അവയെ നിലവിലുള്ള ആഗോളശൃംഖലയുമായി ബന്ധപ്പെടുത്തുമ്പോള്‍ ആവശ്യമായ ഉറപ്പുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാകാം. ദേശ രാഷ്ട്രങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും അവയുടെ സ്വന്തം ശൃംഖലകള്‍ സ്ഥാപിച്ചുപയോഗിക്കാം. സ്വന്തമായി ശൃംഖലാവിഭവങ്ങളുണ്ടാക്കാം. അതിനെല്ലാം സഹായിക്കുന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യ സ്വാംശീകരിക്കുകയും പ്രയോഗിക്കുകയുംചെയ്ത് സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചും ശൃംഖലകള്‍ കെട്ടിപ്പടുത്തും സ്വന്തമായി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിവര സുരക്ഷ ഉറപ്പാക്കാം.

*
ജോസഫ് തോമസ് (ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റാണ് ലേഖകന്‍)

Sunday, December 30, 2012

ഇവരുടെ ജീവന് വിലയില്ലേ?

മാര്‍ച്ച് രണ്ടിനാണ് 17 ഇന്ത്യന്‍ പൗരന്മാര്‍ ജോലിക്കാരായുള്ള എംടി റോയല്‍ ഗ്രേസ് എന്ന ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒമാന്‍ തീരത്തുവച്ച് റാഞ്ചിയത്. ബന്ദികളാക്കപ്പെട്ടവരില്‍ അഞ്ചു മലയാളികളും ഉള്‍പ്പെടുന്നു. ഇവരുടെ മോചനത്തിന് കൊള്ളക്കാര്‍ ആദ്യം ഒമ്പത് മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടെങ്കില്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 1.7 മില്യണ്‍ ഡോളറാണ്. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്ന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ബന്ദികളാക്കപ്പെട്ട മലയാളികളുടെ വീട്ടില്‍ വല്ലപ്പോഴും വരുന്ന ഫോണ്‍സന്ദേശങ്ങള്‍ ഭീതിജനകമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട ഈ ചെറുപ്പക്കാര്‍ തീര്‍ത്തും നിരപരാധികളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ പൗരന്മാരെന്ന നിലയ്ക്ക് ഇവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം അപലപനീയമാണ്.

ബന്ദികളുടെ മോചനത്തിന് അവരുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് നടത്തിയ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊന്നും കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിരവധി നിവേദനം നല്‍കി. പ്രധാനമന്ത്രിക്ക് ഹര്‍ജി നല്‍കി. സെക്രട്ടറിയറ്റ് നടയില്‍ ഉപവാസം നടത്തി. കേരള മുഖ്യമന്ത്രിയുടെ മുന്നില്‍ നിരവധിതവണ പ്രശ്നമുന്നയിച്ചു. അദ്ദേഹം ചില ഇടപെടലുകള്‍ നടത്തിയെങ്കിലും ഒന്നും ഫലംകാണാത്ത അവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാര്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ബന്ദികളെ വധിക്കുമെന്ന അന്ത്യശാസനം കഴിഞ്ഞദിവസം കടല്‍ക്കൊള്ളക്കാര്‍ മുഴക്കി. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട ഒരാളും ഇനിയും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത സകലമനുഷ്യരെയും അസ്വസ്ഥമാക്കുന്ന ഈ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചുവരുന്ന നിലപാട് സാമാന്യനീതിക്ക് നിരക്കുന്നതല്ല.

ഈ അവസ്ഥ മറ്റൊരു രാജ്യത്തെ പൗരനാണ് സംഭവിച്ചിരുന്നതെങ്കില്‍ എന്തായിരിക്കും ഫലമെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന സംഭവമാണ് ഹെന്‍റിക്ക ലെക്സി കാട്ടിത്തരുന്ന പാഠം. ഈ എണ്ണക്കപ്പലില്‍ സുരക്ഷാജോലിയിലായിരുന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ കടലില്‍വച്ച് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നു. അവര്‍ കേരളത്തിലെ ജയിലിലായപ്പോള്‍ കുറ്റക്കാരായിരുന്നിട്ടും തങ്ങളുടെ പൗരന്മാരെ ഇറ്റാലിയന്‍ സര്‍ക്കാര്‍ എപ്രകാരമാണ് സഹായിച്ചതെന്ന് നാം കണ്ടു. ഇറ്റലിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി അവര്‍ക്ക് എല്ലാ സുരക്ഷയും പ്രത്യേക താമസസൗകര്യങ്ങളുമടക്കം ഏര്‍പ്പെടുത്തി. ഇതിനെല്ലാം നേതൃത്വം നല്‍കാന്‍ ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റഫാന്‍ ഡി മിസ്തുരയും കോണ്‍സല്‍ ജനറല്‍ ജിയാം പൗലോ കുട്ടീലിയോയും എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോയി ക്രിസ്മസ് ആഘോഷിച്ച് മടങ്ങിയെത്താന്‍ ഹൈക്കോടതി ഉപാധികളോടെ അനുവാദം നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ പോയി ചോര നീരാക്കി പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയോളം കേരളത്തിലേക്ക് അയക്കുന്ന പ്രവാസികളില്‍പ്പെട്ട ഒരു മലയാളി അറബിനാടുകളില്‍ എവിടെയെങ്കിലും മരിച്ചാല്‍ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കാന്‍ നാം പെടുന്ന പാട് ഓര്‍ത്തുനോക്കാവുന്നതാണ്. എയര്‍ ഇന്ത്യപോലും ഭീകരവാദികളോടെന്നപോലെയാണ് അവരോട് പെരുമാറുന്നത്.

പുകള്‍പെറ്റ ജനാധിപത്യസംവിധാനത്തിന്റെ ഗരിമയെപ്പറ്റി നാം ഊറ്റംകൊള്ളുമെങ്കിലും ആ സംവിധാനം ഇവിടത്തെ സാധാരണക്കാരായ മനുഷ്യന് നല്‍കുന്ന സുരക്ഷയും സേവനവും എത്ര അളവിലുണ്ടെന്നത്് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ടവരില്‍ ഭരണാധികാരികളുടെയോ പൗരപ്രമുഖരുടെയോ മക്കളോ ബന്ധുക്കളോ ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാരുകള്‍ ഇത്ര നിസ്സംഗത കാട്ടുമായിരുന്നോ എന്ന ബന്ദികളുടെ രക്ഷിതാക്കളുടെ ഹൃദയഭേദകമായ ചോദ്യത്തോട് മുഖംതിരിച്ചിട്ട് കാര്യമില്ല. തോക്കിന്‍മുനയില്‍ ജീവനുവേണ്ടി യാചിക്കുന്ന അഞ്ചു മലയാളികളടക്കമുള്ള ബന്ദികളുടെ മോചനത്തിനും കരഞ്ഞുകണ്ണീര് വറ്റി മരിച്ചുജീവിക്കുന്ന അവരുടെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടേ മതിയാകൂ.

*
മുല്ലക്കര രത്നാകരന്‍

Sunday, August 5, 2012

ഔഷധ പരീക്ഷണം: പരീക്ഷണ മൃഗങ്ങളാക്കപ്പെടുന്ന ഇന്ത്യന്‍ ജനത

ഇന്ത്യന്‍ ജനതയുടെ മേല്‍ നടക്കുന്ന അനധികൃത ഔഷധപരീക്ഷണങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു വരികയാണ്. മധ്യപ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അനധികൃത മരുന്നുപരീക്ഷണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സ്വാസ്ഥ്യ അധികാര്‍മഞ്ച് എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇക്കാര്യത്തിലുള്ള നിരുത്തരവാദിത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ജസ്റ്റിസുമാരായ ആര്‍ എം ലോധ, അനില്‍ ആര്‍ ദവെ എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
 
ഭോപാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ കഴിഞ്ഞ വര്‍ഷം ഭോപാല്‍ ദുരന്തത്തെ തുടര്‍ന്ന് അനധികൃത മരുന്നു പരീക്ഷണം നടത്തിയതായി സിഎന്‍എന്‍ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മധ്യപ്രദേശിലും മറ്റു ചില സംസ്ഥാനങ്ങളിലും ആദിവാസികളിലും ദളിതരിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഔഷധങ്ങളും ഗര്‍ഭപാത്ര കാന്‍സറിനുള്ള വാക്സീനുകളും പരീക്ഷിച്ചുവരുന്നതായി ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിപരിഗണിച്ചുകൊണ്ടാണ് സുപ്രീകോടതി ഇപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിശദീകരണ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഔഷധപരീക്ഷണങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് ഇന്ത്യയില്‍ കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ട്. ഔഷധപരീക്ഷണം സംബന്ധിച്ച് എല്ലാ വിവരങ്ങളും നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഔഷധ പരീക്ഷണം നടത്താന്‍ അവകാശമുള്ളു. ഇതനുസരിക്കാതെ നടത്തുന്ന ഔഷധപരീക്ഷണങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ലേഖനങ്ങള്‍ വൈദ്യശാസ്ത്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കാനും പാടില്ല. 2006 മുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ മനുഷ്യശരീരത്തില്‍ നടത്തുന്ന ഔഷധ പരീക്ഷണങ്ങളില്‍ പിന്തുടരേണ്ട നിര്‍ദ്ദേശക തത്വങ്ങളും മാനദണ്ഡങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്.

ഇതിനുപുറമേ ഔഷധപരീക്ഷണം നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ നിയമആരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തി എത്തിക്സ് കമ്മറ്റി രൂപീകരിക്കേണ്ടതാണ്. എത്തിക്സ് കമ്മറ്റി അംഗീകാരം നല്‍കുന്ന ഔഷധ പരീക്ഷണങ്ങള്‍ മാത്രമെ നടത്താവൂ എന്നും നിബന്ധനയുണ്ട്. എന്നാല്‍ ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെടുന്നു എന്നാണ് സുപ്രീകോടതിയുടെ മുന്നിലെത്തിയിരിക്കുന്ന അനുഭവങ്ങള്‍ തെളിയിക്കുന്നത്. ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ പലതും ഇന്ത്യയെ പോലുള്ള വികസ്വരരാജ്യങ്ങളാണ് ഔഷധ പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുക്കാറുള്ളത്. ഇതിനു പലകാരണങ്ങളുമുണ്ട്. നവീന ഔഷധങ്ങള്‍ ഗവേഷണം നല്‍കി കണ്ടെത്തി മാര്‍ക്കറ്റ് ചെയ്യുന്നതിനായി വിദേശരാജ്യങ്ങളില്‍ വന്‍ തുക ചെലവിടേതുണ്ട്. ഇതിന്റെ നാല്‍പതു ശതമാനത്തോളം മനുഷ്യശരീരത്തില്‍ നടത്തുന്ന മൂന്നാം വട്ട പരീക്ഷണത്തിനായിട്ട് ചെലവിടേണ്ടിവരും. വികസിതരാജ്യങ്ങളില്‍ മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്കായി ഓരോമരുന്നിനും ഏതാണ്ട് 15 കോടി ഡോളറാണ് വേണ്ടിവരിക. ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ ഇതിന്റെ പകുതിയില്‍ താഴെ ചെലവിട്ടാല്‍ മതിയാവും. വികസിതരാജ്യങ്ങളിലെ ജനങ്ങള്‍ ഔഷധപരീക്ഷണങ്ങള്‍ക്ക് വിധേയരാവാന്‍ വിസമ്മതിക്കുന്നതും ഇത്തരം പരീക്ഷണങ്ങള്‍ ഇവിടെ നടത്തുന്നതിനുള്ള കാരണമാണ്. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ ചികിത്സതന്നെ അപ്രാപ്യരായ ദരിദ്രരായ രോഗികള്‍ പരീക്ഷണത്തിന്റെ ഭാഗമായിട്ടെങ്കിലും സൗജന്യമായി ലഭിക്കുന്ന മരുന്നു സ്വീകരിക്കാന്‍ തയ്യാറാവുന്നു. കര്‍ശനമായ നിരീക്ഷണ സംവിധാനങ്ങളുടെ കീഴില്‍ രോഗികളുടെ അറിവോടുകൂടിയ സമ്മതത്തോടുകൂടി (Informed Consent) മാത്രമേ വികസിതരാജ്യങ്ങളില്‍ മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്താനാവൂ. എന്നാല്‍ ഇവിടെയാവട്ടെ നിയമങ്ങളിലെ പഴുതുകളും നിരീക്ഷണ സംവിധാനങ്ങളുടെ പിടിപ്പുകേടും നാട്ടുകാരുടെ ഇത്തരം കാര്യങ്ങളിലുള്ള അജ്ഞതയും മുതലെടുത്ത് എന്തു പരീക്ഷണവും നടത്താനാവും.

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും വിദേശകമ്പനികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. ഉദാഹരണത്തിന് ഇന്ത്യയില്‍ ഏതാണ്ട് രണ്ടുകോടി പ്രമേഹരോഗികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രമേഹത്തിനെതിരെ നിരവധി മരുന്നുകള്‍ പരീക്ഷണ ഘട്ടത്തിലുമാണ്. വിവിധ രോഗങ്ങളുടെ സാന്നിധ്യം സൃഷ്ടിക്കുന്ന ജനിതക വൈവിധ്യവും നിരവധി മരുന്നുകള്‍ പരീക്ഷിക്കുന്നതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. അതേയവസരത്തില്‍ വികസ്വരരാജ്യങ്ങളിലേയും സ്വന്തം നാട്ടിലേയും ദരിദ്രജനവിഭാഗങ്ങളെ കുറച്ചുപേരെ മാത്രം ബാധിക്കുന്ന രോഗങ്ങളും ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ കണ്ടെത്തുന്നതില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കൊട്ടും താത്പര്യവുമില്ല. ഇത്തരം രോഗങ്ങളെ അവഗണിക്കപ്പെട്ടുവരുന്ന രോഗങ്ങള്‍ (Neglected Diseases), അനാഥ രോഗങ്ങള്‍ (Orphan Diseases) എന്നെല്ലാമാണ് വിശേഷിപ്പിക്കാറുള്ളത്. ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കണ്ടെത്തി വിലകുറച്ച് ജനങ്ങള്‍ക്കെത്തിക്കുന്നതിനായി ആഗോള ഗവേഷണ ഫണ്ട് രൂപീകരിച്ച് പൊതു ഗവേഷണസ്ഥാപനങ്ങളിലൂടെ ഔഷധഗവേഷണം ആരംഭിക്കണമെന്നാണ് ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവരുന്നത്.

ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ 2005ല്‍ ലോകവ്യാപാര സംഘടനയുടെ നിബന്ധന പ്രകാരം മാറ്റം വരുത്തിയതോടെ മുന്‍കാലങ്ങളിലെ പോലെ വിദേശത്ത് പേറ്റന്റ് ചെയ്യപ്പെടുന്ന മരുന്നുകള്‍ ഇതരരീതികളുപയോഗിച്ച് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിയില്ല. അതോടെ പല ഇന്ത്യന്‍ കമ്പനികളും വിദേശകമ്പനികള്‍ക്ക് വേണ്ടി പുറംകരാര്‍ ഗവേഷണവും (Contract Research) ഔഷധപരീക്ഷണവും നടത്തുന്നതിനുള്ള ഏജന്‍സികളായി മാറിക്കൊണ്ടിരിക്കയാണ്. ഇതിനകം വിദേശകമ്പനികളായ അവന്റിസ്, നൊവാര്‍ട്ടിസ്, ഗ്ലാസ്കോ സ്മിത്ത് ക്ലിന്‍, എലി ലില്ലി, ഫൈസര്‍ തുടങ്ങിയ കമ്പനികള്‍ നിരവധി ഔഷധ പരീക്ഷണ പ്രൊജക്ടുകള്‍ ഇന്ത്യയില്‍ നടപ്പിലാക്കി വരികയാണ്. കരാര്‍ ഗവേഷണത്തിനുള്ള നിരവധി ദേശീയ അന്തര്‍ദേശീയ ഏജന്‍സികളും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നത് ക്യുന്റൈത്സ്, ഓമ്നികെയര്‍, ഫാര്‍മാനെറ്റ്, ഫാര്‍മ ഒലാം തുടങ്ങിയ അമേരിക്കന്‍ ഏജന്‍സികളാണ്. 2007 ഓടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശകമ്പനികളില്‍ നിന്നും കരാര്‍ ഗവേഷണത്തിലൂടെ ലഭിച്ചത് 20 കോടി ഡോളറാണ്. രണ്ടായിരത്തി പത്തില്‍ നൂറുകോടി ഡോളറിന്റെ ബിസിനസ്സ് ഈ മേഖലയില്‍ നടന്നതായി കരുതപ്പെടുന്നു. വന്‍കിട കമ്പനികളുടെ ഈ സാമ്പത്തിക ദുരക്കിടെ വിസ്മരിക്കപ്പെട്ടു പോവുന്നത് പരീക്ഷണ വിധേയരാവുന്ന രോഗികളുടെ മനുഷ്യാവകാശങ്ങളും ജീവനുമാണ്. സുപ്രീം കോടതിയില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ബോധിപ്പിച്ചത് കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായിമാത്രം 2000 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്. ഇതിനിടെ പാര്‍ലമെന്റിലെ ആരോഗ്യകുടുംബക്ഷേമ സ്റ്റാന്റിങ് കമ്മറ്റി 2012 മെയ് മാസത്തില്‍ അവതരിപ്പിച്ച അമ്പത്തി ഒമ്പതാം റിപ്പോര്‍ട്ടില്‍ (59th Report of the Parliamentary Standing Committee on Health and Family Welfare) ഔഷധപരീക്ഷണങ്ങളൊന്നും ഇന്ത്യയിലോ വിദേശത്തോ നടത്താത്ത നിരവധി മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റുവരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

2008 ജനുവരി മുതല്‍ 2010 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള 33 ഔഷധങ്ങള്‍ മാര്‍ക്കറ്റുചെയ്യാന്‍ അനുവദിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മാര്‍ക്കറ്റുചെയ്യുന്ന മരുന്നുകള്‍ക്കനുമതി നല്‍കേണ്ട സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ നിരവധി പ്രവര്‍ത്തന വൈകല്യങ്ങള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുമുണ്ട്. എന്നാല്‍ നാളിതുവരെ ഈ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. ഔഷധപരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ ലഭ്യതയുടെ കുറവും അനഭിലഷണീയമായ നിരവധി പ്രവണതകള്‍ക്ക് കാരണമാവുന്നുണ്ട്.

ഇന്ത്യയിലിപ്പോള്‍ പ്രാക്ടീസുചെയ്യുന്ന ഏഴുലക്ഷത്തോളം ഡോക്ടര്‍മാരില്‍ ആയിരത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് ഔഷധ ഗവേഷണത്തില്‍ പരിശീലനം നേടിയിട്ടുള്ളത്. ഔഷധപരീക്ഷണത്തിന് വിധേയരാക്കപ്പെടുന്ന ഓരോ രോഗിക്കും 30,000 രൂപവരെ പ്രതിഫലമായി പരീക്ഷണം നടത്തുന്ന ആശുപത്രികള്‍ക്ക് ലഭിക്കുന്നതു മൂലം ഇന്ത്യയില്‍ നിരവധി ആശുപത്രികള്‍ ഈ മേഖലയിലേക്ക് ചാടിവീണിരിക്കയാണ്. അതേയവസരത്തില്‍ ഇന്ത്യയില്‍ 20,000 ത്തോളം വരുന്ന ജനറല്‍ ആശുപത്രികളില്‍ കേവലം നൂറ്റിഅമ്പതില്‍ മാത്രമാണ് ഔഷധ പരീക്ഷണത്തിനുള്ള പരിമിതമായ സൗകര്യമെങ്കിലും ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ടില്‍ 2005ല്‍ വരുത്തിയ മാറ്റങ്ങളും കരാര്‍ ഗവേഷണം നടത്തുന്നതിനു സഹായകരമായിട്ടുണ്ട്. ഫെയിസ് 1,2,3 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് മനുഷ്യരില്‍ ഔഷധപരീക്ഷണം നടത്തുക. വിദേശരാജ്യങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയശേഷം മാത്രമേ ഓരോഘട്ടം പരീക്ഷണങ്ങളും ഇന്ത്യയില്‍ നടത്താവൂ എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നിയമം. എന്നാല്‍ ഇതില്‍ മാറ്റം വരുത്തുകയും വിദേശരാജ്യങ്ങളില്‍ പൂര്‍ത്തിയാക്കാത്ത പരീക്ഷണഘട്ടങ്ങള്‍ ഇന്ത്യയില്‍ നടത്താമെന്ന് നിയമഭേദഗതി വരുത്തുകയും ചെയ്തിരിക്കയാണ്. ഈ അനുകൂല അന്തരീക്ഷം മുതലെടുത്ത് 2010 ആയപ്പോഴേക്കും 20 ലക്ഷം രോഗികളിലാണ് നവീന ഔഷധങ്ങള്‍ പരീക്ഷക്കപ്പെട്ടത്. അമേരിക്കയില്‍ നിന്ന് തന്നെയുള്ള നാഷണല്‍ ബയോഎത്തിക്സ് ഉപദേശകസമിതി ഇരുന്നൂറ് ഗവേഷകര്‍ വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ഔഷധ പരീക്ഷണങ്ങള്‍ വിലയിരുത്തിക്കൊണ്ട് ഒരു റിപ്പോര്‍ട്ട് വിശ്രുത ജേര്‍ണലായ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്സില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇതനുസരിച്ച് വികസ്വര രാജ്യങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ നാലിലൊന്നില്‍ മാത്രമേ വൈദ്യശാസ്ത്ര നൈതികതത്വങ്ങള്‍ പാലിക്കപ്പെടാറുള്ളൂ എന്നു കണ്ടെത്തിയിരിക്കുന്നു. ചില സന്നദ്ധസംഘടനകളുടെ പരാതിയെ തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ട രണ്ടു സംഭവങ്ങള്‍ അഖിലേന്ത്യാതലത്തില്‍ നേരത്തെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ വൃദ്ധജന സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആടാര്‍ ഡെസ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഓള്‍ഡ് പീപ്പിള്‍സ് ഹോം എന്ന സംഘടന ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജൈവസാങ്കേതികവിദ്യാകമ്പനികളായ ശാന്താ ബയോടെക്കും ബംഗ്ലലുരുവില്‍ നിന്നുമുള്ള ബയോകോള്‍ ഇന്ത്യയും നടത്തിവരുന്ന നിയമാനുസൃതമല്ലാത്ത ഔഷധപരീക്ഷണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സുപ്രീകോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ചെയ്തതോടെയാണ് ഈ കമ്പനികളുടെ തട്ടിപ്പ് വെളിയില്‍വന്നത്.

ഔഷധപരീക്ഷണമാണെന്ന് രോഗികളെ അറിയിക്കാതെ ഹൃദ്രോഗചികിത്സക്കുള്ള സ്ട്രപ്റ്റോകൈനേസ് എന്ന മരുന്ന് യാതൊരു മാനദണ്ഡവും പാലിക്കാതെ രോഗികള്‍ക്ക് നല്‍കുകയാണെന്നാണ് ആരോപിക്കപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രോഗികളെ തെരഞ്ഞെടുക്കുന്നതിലും മറ്റും ശാസ്ത്രീയ നിബന്ധനകള്‍ പിന്തുടരാതിരുന്നതിന്റെ ഫലമായി മരുന്നു സ്വീകരിച്ച എട്ടു പേര്‍ മരണമടഞ്ഞതായും കണ്ടെത്തി. ജനിതക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നതിനു മുന്‍പ് ജെനറ്റിക്ക് എഞ്ചിനീയറിംഗ് അപ്രൂവല്‍ കമ്മറ്റിയുടെ  അനുമതി തേടേണ്ടതാണെന്ന നിബന്ധന അനുസരിക്കാതെയാണ് മരുന്നുകമ്പനികള്‍ അങ്ങനെ നിര്‍മ്മിച്ച് സ്ട്രപ്റ്റോകൈനേസ് രോഗികള്‍ക്ക് നല്‍കിയത്. സ്തനാര്‍ബുദത്തിന് ആര്‍ത്തവം നിലച്ച സ്ത്രീകള്‍ക്ക് നല്‍കിവരുന്ന ലെട്രോസോള്‍  എന്ന മരുന്നുപയോഗിച്ച് സണ്‍ ഫാര്‍മസ്യൂട്ടിക്കത്സ് എന്ന ഇന്ത്യന്‍ കമ്പനി നൊവാര്‍ട്ടിസ്  എന്ന വിദേശകമ്പനിക്കു വേണ്ടി നടത്തിയ ഔഷധപരീക്ഷണവും ഡല്‍ഹിയില്‍നിന്നുള്ള മറ്റൊരു സംഘടനയുടെ പരാതിയെ തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ട് തടയുകയുണ്ടായി. നാന്നൂറോളം യുവതികള്‍ക്ക് അവരുടെ പൂര്‍ണ്ണമായ അറിവില്ലാതെ ലെട്രോസോള്‍ നല്‍കിയത്. വന്ധ്യത പരിഹരിക്കാന്‍ ഈ മരുന്ന് പ്രയോജനപ്പെടുമെന്ന് തെളിയിക്കുന്നതിനായിട്ടായിരുന്നു പരീക്ഷണം നടത്തിയത്. പശ്ചിമബംഗാളില്‍ 790 ദരിദ്രരും നിരക്ഷരരുമായ ഗ്രാമീണ വനിതകളില്‍ രാസ വന്ധീകരണം ലക്ഷ്യമിട്ട് എറിത്രോമൈസിന്‍ (ഋൃ്യവേൃീാ്യരശി) എന്ന മരുന്ന് പരീക്ഷിച്ചവിവരവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കരാര്‍ഗവേഷണവും അധാര്‍മ്മികങ്ങളായ ഔഷധ ഗവേഷണങ്ങളും ഉയര്‍ത്തുന്ന ഗുരുതരമായ പ്രശ്നങ്ങളെ സംബന്ധിച്ച് ഇന്ത്യയിലെ ജനകീയാരോഗ്യ പ്രസ്ഥാനങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പുറം ഗവേഷണത്തിലേര്‍പ്പെടുന്ന കമ്പനികളെ നിരീക്ഷിക്കുന്നതിനായി മനുഷ്യാവകാശ ജനകീയാരോഗ്യ പ്രവര്‍ത്തകരെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടുള്ള കരാര്‍ ഗവേഷണ സ്ഥാപനം (Contract Research Organisation) എന്നൊരു പുതിയ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ഗവേഷണത്തിനും അനുചിത ഔഷധപരീക്ഷണങ്ങള്‍ക്കുമെതിരെ കൂടുതല്‍ ശക്തമായ ചെറുത്തു നില്‍പ് സംഘടിപ്പിക്കാന്‍ ജൂലൈ 6 മുതല്‍ 11 വരെ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ സംഘടിപ്പിക്കപ്പെട്ട സാര്‍വദേശീയ ജനകീയാരോഗ്യ അസംബ്ലി തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പൊതു ഗവേഷണസ്ഥാപനങ്ങളിലൂടെ നാട്ടിനാവശ്യമായ ഔഷധങ്ങള്‍ ഗവേഷണം ചെയ്തു കണ്ടെത്തി പൊതുമേഖല ഔഷധകമ്പനികള്‍ വഴി ഉല്‍പാദിപ്പിച്ച് വിലക്കുറച്ച് ജനങ്ങളിലെത്തിക്കാനുള്ള ദേശീയ സംരംഭം ആരംഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിനു മാതൃക കാട്ടാവുന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിപോലുള്ള ആധുനിക ഗവേഷണ സ്ഥാപനങ്ങളുടേയും ഔഷധസസ്യങ്ങളുടേയും പരമ്പരാഗത വിജ്ഞാനത്തിന്റേയും സാന്നിധ്യമുള്ള കേരളത്തില്‍ ഒരു ആധുനിക ഔഷധ ഗവേഷണകേന്ദ്രം സ്ഥാപിക്കാനും കേരള സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതാണ്. അതോടൊപ്പം ഒരു ജനകീയ ആരോഗ്യ നയത്തിന്റെ ഭാഗമായി സമഗ്രമായ ഔഷധനയം ആവിഷ്കരിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം.

*
ഡോ. ബി. ഇക്ബാല്‍ ചിന്ത 04 ആഗസ്റ്റ് 2012

Tuesday, July 10, 2012

പളളികള്‍ മുസ്ലീങ്ങള്‍ തന്നെ തകര്‍ക്കുന്നതെന്തുകൊണ്ട്?

മനുഷ്യന്‍ ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയാണ്. ഭൗതീകമായ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെട്ടാലും സംതൃപ്തമാകാത്ത ഒരാത്മാന്വേവഷണം ജീവിതത്തിലൊരിക്കലെങ്കിലും നടത്താത്തവരുണ്ടാകില്ല. ഇത്തരം ആത്മാന്വേഷണങ്ങള്‍ ആത്മീയതയിലേക്കും സാധാരണഗതിയില്‍ മതത്തിലേക്കും മനുഷ്യനെ നയിക്കുകയും മതതത്വസംഹിതകളുമായി അവനെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യും. ഇതുകൊണ്ടാണ് വെളിച്ചമില്ലാത്ത കാലത്തെ വെളിച്ചമായിരുന്നു മതങ്ങളെന്ന് മാര്‍ക്‌സ് നിരീക്ഷിച്ചത്. ശാസ്ത്രബോധം നന്നെ വിരളമായ പുരാതന കാലഘട്ടത്തില്‍ ശാസ്ത്രീയമായ ഒരു ലോകവീക്ഷണം കൂടിയായിരുന്നു മതങ്ങള്‍ അന്ന് പ്രതിനിധാനം ചെയ്തത്. അതായത് പ്രകൃതി ആരാധനയില്‍ നിന്നും കൂടുതല്‍ പരിഷ്‌കൃതവും ആധുനികവുമായ പ്രകൃതിശക്തികള്‍ക്കും അതീതനായ ഒരു ദൈവം എന്ന ചിന്ത അക്കാലത്ത് മനുഷ്യ മനസ്സിന്റെ ഒരു ശാസ്ത്രീയമായ കണ്ടെത്തലായിരുന്നു. എന്നാല്‍ പള്ളിയും പട്ടക്കാരുമായി ഒരു സാമൂഹിക സ്ഥാപനമായി മതം മാറിയപ്പോള്‍ അതിനു ശാസ്ത്രീയ സമീപനം നഷ്ടമായി എന്നു മാത്രമല്ല ശാസ്ത്രചിന്തയുടെ മുഖ്യ ശത്രുവുമായി. അതായത് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഓള്‍ട്ടോ സീരിസിലെ ആദ്യകാര്‍ മാരുതി എണ്ണൂറ് എന്ന പേരില്‍ ഇന്ത്യയിലിറക്കുകയും ഓള്‍ട്ടോയുടെ ഏറ്റവും പുതിയ  മോഡല്‍ കമ്പനി തന്നെ ഓള്‍ട്ടോ എന്ന പേരില്‍ പിന്നീട് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയപ്പോള്‍ മാരുതി 800 എന്ന പേരില്‍ പഴയ മോഡല്‍ അതിന്റെ തന്നെ ആധുനിക രൂപത്തോട് വിപണി പിടിച്ചടക്കാന്‍ മത്സരിച്ചതുപോലെ. ഇങ്ങനെ രാഷ്ട്രീയ സാമൂഹിക സ്ഥാപനമെന്ന നിലയില്‍ ശാസ്ത്രചിന്തക്കും പുരോഗമനാശയങ്ങള്‍ക്കും മുഖം തിരിച്ചു നിന്ന മതത്തിന്റെ കാലഹരണപ്പെട്ട രൂപത്തെയാണ് പില്‍കാലഘട്ടത്തില്‍ മാര്‍ക്‌സ് തന്നെ മനുഷ്യനെ മയക്കുന്ന മയക്കുമരുന്നായി നിദര്‍ശിച്ചത്. കാരണം അപ്പോഴേക്കും റോമന്‍ സാമ്രാജ്യത്വത്തിന്റെയും സ്പാനിഷ് കൊളോണിയല്‍ ഭീകരതയുടെയുമെല്ലാം പ്രത്യയശാസ്ത്ര ഉപാധി മാത്രമായി ഭരണകൂടത്തിന്റെ ഒരാവാന്തര വിഭാഗമായി മതം മാറിയിരുന്നു. മതത്തിന്റെ ഈ പരിഹാസ്യമായ അവസ്ഥാവിശേഷം വെളിപ്പെടുന്ന ഒരു സംഭവം പോയവാരം ആഫ്രിക്കന്‍ രാജ്യമായ മാലിയിലുണ്ടായി.

കുറച്ചുകാലമായി ആഭ്യന്തര യുദ്ധങ്ങളുടെ പേരില്‍ ലോക മാധ്യമങ്ങളില്‍ മാലി പ്രത്യക്ഷപ്പെടുന്നുണ്ട്. അങ്ങനെ നില്‍ക്കുമ്പോഴാണ് അന്‍സാര്‍ദിന്‍ അഥവാ വിശ്വാസത്തിന്റെ സംരക്ഷകരെന്ന് സ്വയം വിളിക്കുന്ന അല്‍ക്വയിദയുമായി ബന്ധമുള്ള ഒരു വിഭാഗം ഈ ആഭ്യന്തരയുദ്ധത്തില്‍ പങ്കാളികളാകുന്നത്. എതിരാളികളില്‍ നിന്നും സ്വന്തം പ്രദേശം തിരിച്ചു പിടിക്കുവാന്‍ ശ്രമിച്ച വടക്കന്‍ മാലിയിലെ തുരഗ് ഗോത്രക്കാരുടെ അണിയില്‍ ഇവര്‍ സൂത്രത്തില്‍ നുഴഞ്ഞുകയറി. തുരഗ് സൈന്യത്തെ തന്ത്രപരമായി ഉപയോഗിക്കപ്പെടുത്തിക്കൊണ്ട് ഇവര്‍ വടക്കന്‍ മാലിയിലെ ചരി്രത നഗരമായ തിംബുകു പിടിച്ചടക്കി. പിന്നീടാണ് കൊടിയ ചതി അരങ്ങേറിയത്. മുമ്പ് ഇറാനിയന്‍ വിപ്ലവാനന്തരം കൂടെ നിന്ന കമ്മ്യൂണിസ്റ്റുകാരെ കൊന്നൊടുക്കികൊണ്ട് ഇസ്ലാമിസ്റ്റുകള്‍ ആ വിപ്ലവത്തെ കുരുതികഴിച്ചതുപോലെ നഗരം കൈവശപ്പെടുത്തിയപ്പോള്‍ തുരഗുകളെ എല്ലാ അധികാര സ്ഥാനത്തുനിന്നും നീക്കിയ അന്‍സാര്‍ദിന്‍ തീവ്രവാദികള്‍ അവരെ നഗരത്തിനു പുറത്തേക്കാട്ടി പായിച്ചു. തുടര്‍ന്ന് തിംബുകുവിനു ചുറ്റും അവര്‍ മൈന്‍ വിതറി. തുടര്‍ന്നാണ് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തെ പോലും നാണിപ്പിക്കുന്ന പള്ളിപൊളിക്കല്‍ സംഭവങ്ങള്‍ക്ക് തിംബുകു സാക്ഷ്യം വഹിച്ചത്.

മധ്യകാല ലോകത്തെ ഒരു സുപ്രധാന നഗരമായ തിംബുകുവില്‍ മൂന്ന് വന്‍ മുസ്ലിം പള്ളികളും സൂഫിവര്യന്മാരുടെ അനേകം ശവകുടീരങ്ങളുമുണ്ട്. ഇവയെല്ലാം തന്നെ ഇസ്ലാമിക വിശ്വാസങ്ങള്‍ക്കൊപ്പം തദ്ദേശീയമായ സാംസ്‌കാരിക പൈതൃകം കൂടിചേര്‍ന്ന് രൂപംകൊണ്ടവയാണ്. അതായത് മധ്യകാലഘട്ടത്തിലെ ഒരു ലോകപ്രശസ്ത വിദ്യാഭ്യാസ സാംസ്‌കാരികകേന്ദ്രമായിരുന്നു തിംബുകു.

തങ്ങളുടെ നിയന്ത്രണത്തില്‍ വന്നതോടെ കൊടിയ അസഹിഷ്ണുതയുടേതായ സ്വന്തം വഹാബി വിശ്വാസപ്രമാണങ്ങള്‍ തിംബുകുവിലെ തദ്ദേശീയമായ ഇസ്ലാമിക പാരമ്പര്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അന്‍സാര്‍ദിന്‍ ശ്രമിച്ചത്. ആദ്യമായി അവര്‍ ചെയ്തത് ഷരിയ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയാണ്. പിന്നീട് വിഗ്രഹാരാധന പ്രോത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ബാബറി മസ്ജിദിനേക്കാളും പഴക്കമുള്ള തിംബുകുവിലെ സിദ്ധന്മാരുടെ ശവകുടീരങ്ങള്‍ തകര്‍ത്തു. ഏതാണ്ട് ഏഴോളം ശവകുടീരങ്ങളാണിങ്ങനെ കല്ലോട് കല്ല് ബാക്കി വെക്കാതെ പൊളിച്ചു കളഞ്ഞത്. തുടര്‍ന്ന് അവരുടെ ലക്ഷ്യം ക്രിസ്ത്വബ്ദം 1400 ല്‍ സ്ഥാപിച്ച സിദ്ധിയന്യ പള്ളിയായിരുന്നു. പള്ളിയുടെ കവാടവും നൂറ്റാണ്ടുകളായി അടഞ്ഞുകിടന്നിരുന്ന വിലക്കപ്പെട്ട വാതിലും അവര്‍ തകര്‍ത്തുകളഞ്ഞു. മറ്റു പല പള്ളികളും ഭീഷണിയുടെ നിഴലിലുമാണ്.

മുസ്ലീങ്ങളായ അന്‍സാര്‍ദിന്‍ മുസ്ലിം ദേവാലയങ്ങളും വിശുദ്ധരുടെ ശവകുടീരങ്ങളും തകര്‍ക്കുന്നതെന്തുകൊണ്ടാണ് എന്ന് സ്വാഭാവികമായും ചോദിച്ചുപോകും. ഉത്തരം ഇസ്ലാമുള്‍പ്പെടെയുള്ള ഒരു ലോകമതവും എല്ലാ അര്‍ഥത്തിലും ഏകശിലാത്മകമല്ല എന്നാണ്. ദൈവത്തിലും വിശുദ്ധഗ്രന്ഥത്തിലും പ്രവാചകനിലും നിസ്‌കാരം, നൊയ്മ്പു പോലെയുള്ള ചില അടിസ്ഥാന കാര്യങ്ങളിലുള്ള വിശ്വാസവും സാമ്യവും ഒഴിച്ച് ലോക മുസ്ലിം സമൂഹങ്ങള്‍ തമ്മില്‍ മുക്കാല്‍ പങ്കും വ്യത്യാസങ്ങളാണുള്ളത്. ഈ വ്യത്യാസങ്ങള്‍ സാംസ്‌കാരികവും സാമൂഹികവുമാണ്. അതായത് ഇസ്ലാമിക വിശ്വാസം സ്വീകരിച്ച ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായി പുതിയ വിശ്വാസത്തെ സ്വീകരിച്ചു എന്നു മാത്രമേയുള്ളൂ. ഇതിനുദാഹരണമാണ് കേരളത്തിലെ സുന്നി വിഭാഗത്തില്‍ പെട്ട മാപ്പിള മുസ്ലിങ്ങള്‍. എന്നാല്‍ അന്‍സാര്‍ദിന്നിനെ പോലെയുള്ള വഹാബികള്‍ പ്രവാചകന്റെ കാലത്ത് സൗദി അറേബ്യയില്‍ നിലനിന്നിരുന്നു എന്നവര്‍ പറയുന്ന ഇസ്ലാമിക സമൂഹത്തിന്റെ വാര്‍പ്പുമാതൃകയാവണം ലോകത്തെ ഒരോ മുസ്ലിം സമൂഹവും എന്ന് വാശിപിടിക്കുന്നവരാണ്. ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ സുവര്‍ണകാലഘട്ടത്തില്‍ പോലും നടക്കാതെപോയ അപ്രായോഗികമായ ഒരു ആശയമാണിത്. അതുമാത്രമല്ല ഒരു മാതൃകാ ഇസ്ലാം പ്രവാചകന്റെ കാലത്തു തന്നെ നിലനിന്നിരുന്നു എന്നതിന് എന്താണ് തെളിവ് ? മറിച്ചുള്ള തെളിവുകള്‍ ധാരാളമുണ്ട് താനും. പ്രവാചകന്റെ ഖബറില്‍ അവസാനത്തെ ഒരുപിടി മണ്ണ് വീഴും മുമ്പുതന്നെ പിന്‍ഗാമിയെ ചൊല്ലി കലഹിച്ചവരാണ് അദ്ദേഹത്തിന്റെ അനുയായികള്‍. ഇതിന്റെ പേരില്‍ നടന്ന കടിപിടിയിലാണ് മൂന്നാമത്തെ ഖലീഫയായ ഉസ്മാന്‍ നാലാമനും പ്രവാചകന്റെ പുത്രിയുടെ ഭര്‍ത്താവുമായ അലിയും, അലിയുടെ പുത്രന്മാരും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. അലിയെ പള്ളിയില്‍ വെച്ചാണ് വെട്ടിക്കൊന്നത്. അള്ളാഹുവിന് കീഴ്‌പ്പെട്ട് സമാധാനപൂര്‍വം സഹവസിക്കുക എന്ന ഖുറാന്റെ അടിസ്ഥാനതത്വം പോലും നബിയുടെ അടുത്ത അനുയായികളില്‍ നല്ലൊരു പങ്കും അന്നേ അനുസരിച്ചിരുന്നില്ല എന്നാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്. ഇനി പള്ളികളുടെ തച്ചുശാസ്ത്രം നോക്കാം. ക:അബ എന്ന മക്കയിലെ ആരാധനകേന്ദ്രവും മറ്റ് ഏതാനും പള്ളികളുമല്ലാതെ പ്രവാചകന്റെ കാലഘട്ടത്തില്‍ വന്‍ പള്ളികളൊന്നും ഖിലാഫത്ത് അഥവാ ഇസ്ലാമിക ഭരണം നിലനിന്നിടങ്ങളില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗത്തുമുള്ള പള്ളികളില്‍  99 ശതമാനവും നിര്‍മ്മിക്കപ്പെട്ടത് പ്രവാചകന്റെ കാലത്തെ മാതൃകയിലുമല്ല. മറിച്ച് അന്ന് ഇസ്ലാമിക സാമ്രാജ്യത്വത്തില്‍ പെടാതിരുന്ന ഇറാന്‍, ബൈസന്‍ന്റൈന്‍ മാതൃകയിലാണ്. ഇന്ന് മക്കയില്‍ ക:അബയെ ചുറ്റിനില്‍ക്കുന്ന പള്ളിയില്‍പോലും ഈ വൈദേശിക സ്വാധീനം പ്രകടമാണുതാനും. അതുകൊണ്ട് തന്നെ വഹാബികള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു മാതൃക ഇസ്ലാമൊന്നും പ്രവാചകന്റെ കാലഘട്ടത്തില്‍ തന്നെ നിലനിന്നിരുന്നില്ല എന്നു കാണാനാകും. അതുകൊണ്ട് തന്നെ അന്‍സാര്‍ദിനും മറ്റുപുരിട്ടാനിക് പ്രസ്ഥാനങ്ങളും അവരുടെയെല്ലാം ബുദ്ധികേന്ദ്രമായ അബ്ദുള്‍ വഹാബും പ്രതിനിധാനം ചെയ്യുന്ന ഏകതാനമായ ഇസ്ലാം ഒരു ഭാവന മാത്രമാണ്. ഇതൊരപകടകരമായ ഭാവനയുമാണ്. കാരണം കേരളമുള്‍പ്പെടെയുള്ള ബഹുസ്വര സമൂഹങ്ങളില്‍ മുസ്ലീങ്ങളെ സമൂഹജീവിതത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്ന ഒരു പൊതു സാംസ്‌കാരികധാരയുമായുള്ള നാഭീനാളബന്ധമാണ്. വഹാബിസ്റ്റുകള്‍ ആവശ്യപ്പെടുംപ്രകാരം ഈ ബന്ധം അറുത്തെറിഞ്ഞാല്‍ ഉത്തരേന്ത്യയിലെന്നപോലെ വെറും പൊങ്ങുതടികളായി സമൂഹമുഖ്യധാരയില്‍ നിന്നും ഒറ്റപ്പെട്ട് ലോകത്തിലെ വിവിധ മുസ്ലിം  സമൂഹങ്ങള്‍ക്ക് എലിജന്മം നയിക്കേണ്ടതായി വരും. ഇനി വിഗ്രഹാരാധനക്കു കാരണമാകുന്നതാണ് മാലിയിലെ ശവകുടീരങ്ങളുടെ പ്രശ്‌നമെങ്കില്‍ ഇത്തരക്കാര്‍ ആദ്യം തകര്‍ക്കേണ്ടത് ക:അബയാണ്. കാരണം ഇസ്ലാമിക പൂര്‍വകാലഘട്ടത്തില്‍ അറേബ്യയില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയുടെ ഭാഗമാണത്.

ഇവിടെ പ്രശ്‌നം മതത്തെ ശാസ്ത്രീയമായും ചരിത്രപരമായും മനസ്സിലാക്കലാണ്. അങ്ങനെ മനസ്സിലാക്കിയാല്‍ അത് ജനാധിപത്യത്തിലേക്കും ബഹുസ്വരതയിലേക്കും സഹിഷ്ണുതയിലേക്കും നയിക്കും. എന്നാല്‍ അങ്ങനെ മനസ്സിലാകാത്തതുകൊണ്ടാണ് ഹിന്ദുവാദികളും അന്‍സാര്‍ദിനും ഒരുപോലെ പള്ളികള്‍ തകര്‍ക്കുന്നത്. ഹിന്ദുത്വവാദികള്‍ ചെയ്യുമ്പോള്‍ മാത്രമല്ല ആരാധനാലയ ധ്വംസനം തെറ്റാകുന്നത്. ബാമിയാനും തിംബുക്കുവും വഹാബി അസഹിഷ്ണുതയും തെറ്റുതന്നെയാണ്.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം 09 ജൂലൈ 2012

കന്യാവ്രത കശാപ്പുശാല തുറന്ന് കര്‍ത്താവിന്റെ മണവാട്ടി


""ഒരു കന്യാസ്ത്രീ താന്‍ പ്രസവിച്ച ചോരക്കുഞ്ഞിനെ തലകീഴായി ടോയ്ലെറ്റിലെ ക്ലോസറ്റിലേക്ക് തള്ളിക്കയറ്റി. കുഞ്ഞിന്റെ തല ക്ലോസെറ്റിനുള്ളിലെ മലിനജലത്തില്‍. ബാത്ത്റൂം നിറച്ച് ചോര. കുഞ്ഞിന്റെ കാലുമാത്രം പുറത്തേക്ക് തള്ളിനിന്ന് പിടയ്ക്കുന്നു. എത്ര ശ്രമിച്ചിട്ടും പ്രസവിച്ച കുഞ്ഞിനെ ഒളിപ്പിക്കാന്‍ പറ്റാത്ത പരാക്രമത്തിലായിരുന്നു ആ സിസ്റ്റര്‍"". സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കന്യാസ്ത്രീമഠത്തിലെ കാഴ്ചയായിരുന്നു ഇത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടിട്ടും അനങ്ങാതിരുന്നു മറ്റു കന്യാസ്ത്രീകള്‍. ""കന്യാസ്ത്രീയെന്നും അച്ചനെന്നും ഒക്കെ പറഞ്ഞാല്‍ ഇതാണോ എന്നു ഞാന്‍ അതിശയിച്ചു. അവര്‍ കുട്ടികളുടെ അച്ഛനും അമ്മയുമാണോ? അതോ ഈശോയുടെ പ്രതിപുരുഷന്മാരോ?"" കന്യാസ്ത്രീമഠങ്ങളിലെ അകത്തളരഹസ്യങ്ങള്‍ തുറന്നെഴുതിയ സിസ്റ്റര്‍ മേരി ചാണ്ടിയുടെ "നന്മനിറഞ്ഞവളേ സ്വസ്തി" എന്ന പുസ്തകത്തിലേതാണീ വരികള്‍.

കത്തോലിക്കാസഭയ്ക്കകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സിസ്റ്റര്‍ നടത്തുന്നത്. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ താഴെയങ്ങാടിയിലെ വാടകക്കെട്ടിടത്തില്‍ ശാന്തിസദന്‍ അനാഥമന്ദിരം നടത്തുന്ന അവര്‍ 40 വര്‍ഷത്തെ കന്യാസ്ത്രീജീവിതം തുറന്നെഴുതിയിരിക്കുന്നു. കന്യാസ്ത്രീകള്‍ മഠത്തിനകത്ത് ഒരിക്കലും സുരക്ഷിതരല്ലെന്നാണ് മേരി ചാണ്ടിയുടെ പക്ഷം. മഠത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരുടെ വാ പിന്നെ തുറക്കേണ്ടിവരില്ല. 40 വര്‍ഷത്തിലധികം മഠത്തില്‍ ചെലവഴിച്ച അവര്‍ക്ക് മഠത്തില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ കണ്ണടയ്ക്കാനാകുമായിരുന്നില്ല. കന്യാസ്ത്രീകള്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. എന്നാല്‍, മിക്കയിടങ്ങളിലും അച്ചന്മാരുടെ മണവാട്ടിമാരായാണ് ഇവര്‍ കഴിയുന്നതെന്ന് മേരി ചാണ്ടി സാക്ഷ്യപ്പെടുത്തുന്നു. ഒന്നോ രണ്ടോ പേരുടെ പ്രവൃത്തിമൂലം സഭയ്ക്ക് മുഴുവന്‍ ദുഷ്പേരുണ്ടാകുന്നു. മഠത്തിലെ ചില കന്യാസ്ത്രീകളുടെ അശ്ലീലതകളെയും കപട ആത്മീയതയെയും മേരി ചാണ്ടി പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു. മഠത്തിലെ ചില കന്യാസ്ത്രീകള്‍ വൃത്തികെട്ട പടമുള്ള മാസികകള്‍ വായിക്കുന്ന ശീലമുള്ളവരായിരുന്നു. ചില അച്ചന്മാര്‍ മഠത്തില്‍ ആവശ്യമില്ലാതെ വരുന്നതിനോട് എനിക്കെതിര്‍പ്പായിരുന്നു. ഞാനക്കാര്യം തുറന്നു പറഞ്ഞു. ചില കന്യാസ്ത്രീകള്‍ മുറിയില്‍ കയറി അച്ചന്മാരോട് വളരെയേറെ സമയം ചിരിച്ചുകുഴഞ്ഞ് വര്‍ത്തമാനം പറയുന്നത് എന്തിനാണെന്നും ചിന്തിച്ചിരുന്നു. അതൊക്കെ വഴിപിഴച്ചുപോകുന്നതിനുള്ള കാരണങ്ങളാകാമെന്നും സഭയെ നാണംകെടുത്തുമെന്നും തോന്നിയിരുന്നു. മഠത്തില്‍ പലപ്പോഴും കന്യാസ്ത്രീകളുടെ മുറികളിലേക്ക് എന്തെങ്കിലും കാര്യത്തിന് കയറിച്ചെന്നാല്‍ കാണുന്ന രംഗം വളരെ ലജ്ജിപ്പിക്കുന്നതായിരിക്കും. അച്ചന്മാര്‍ക്ക് വഴങ്ങിക്കൊടുക്കാത്തവര്‍ക്ക് എന്നും പ്രശ്്നമായിരുന്നു മഠത്തില്‍. വഴങ്ങാത്തവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുക പതിവാണ്.

കന്യാസ്ത്രീമഠത്തില്‍വച്ച് 20-ാംവയസ്സില്‍, തന്നെ ഒരു പുരോഹിതന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. തന്നെ കയറിപ്പിടിച്ച പുരോഹിതനെ കസേരയെടുത്ത് തലയ്ക്കടിച്ചതുകൊണ്ട് രക്ഷപ്പെടാനായി. ചോരയൊലിച്ചുകൊണ്ട് ഇദ്ദേഹം പുറത്തുകിടന്നു. എന്നാല്‍, പരാതിപ്പെട്ടപ്പോള്‍ തനിക്ക് എതിരെയാണ് ആരോപണമുണ്ടായത്. അച്ചന്മാര്‍ എന്തുചെയ്താലും എതിര്‍ക്കാന്‍ പാടില്ലെന്നതായിരുന്നു മഠത്തിലെ അലിഖിത നിയമം. ഈ അച്ചനിപ്പോള്‍ വയനാട്ടിലെ ഒരു ഇടവകയില്‍ മര്യാദക്കാരനായി കഴിയുന്നു- പുസ്തകത്തില്‍ "റേപ്പിങ് ഫാദേഴ്സ്" എന്ന തലക്കെട്ടില്‍ എഴുതിയ ഓര്‍മക്കുറിപ്പില്‍ സിസ്റ്റര്‍ മേരി ചാണ്ടി ആഞ്ഞടിക്കുന്നു. കന്യാമഠങ്ങള്‍ കന്യാവ്രതത്തിന്റെ കശാപ്പുശാലകളാണെന്ന് പുസ്തകം വിളിച്ചുപറയുന്നു. കുര്‍ബാന, പട്ടം, വിവാഹം, കുമ്പസാരം, രോഗീലേപനം, മാമ്മോദിസ, സ്ഥൈര്യലേപനം എന്നീ ഏഴു കൂദാശകള്‍ക്കുപുറമെ പൗരസ്ത്യ കാനാന്‍ നിയമത്തിന്റെ മറപിടിച്ച് രഹസ്യവിവാഹം എന്ന പേരില്‍ വ്യഭിചാരത്തെക്കൂടി കൂദാശകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെയും സ്വസ്തി വിമര്‍ശിക്കുന്നു.

സിസ്റ്റര്‍ അഭയ, ജ്യോതിസ് തുടങ്ങി നിരവധി കന്യാസ്ത്രീകള്‍ പൗരോഹിത്യത്തിന്റെ ക്രൂരമായ പ്രതികാരത്തിന്റെ ബാക്കിപത്രമായിരുന്നുവെന്നും ഈ പുസ്തകം തുറന്നടിക്കുന്നുണ്ട്. തെറ്റിനെ ചോദ്യംചെയ്തതിന്റെ പേരില്‍ സഭയിലെ ചിലരുടെ അപ്രീതിക്ക് പാത്രമാകേണ്ടി വന്ന സിസ്റ്റര്‍ ഒറ്റപ്പെടുത്തലുകളില്‍ തളര്‍ന്നില്ല. മഠം വിട്ടശേഷം പുല്‍പ്പള്ളി താഴെയങ്ങാടിയിലെ വാടകക്കെട്ടിടത്തിലെ ശാന്തിസദനിലെ നിര്‍ധനകുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ "അമ്മ"യായി ജീവിതം നയിക്കുകയാണ് ഈ അറുപത്തേഴുകാരി. അനാഥമന്ദിരം രൂപതയുടെ പേരില്‍ എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഇതോടെ ഒറ്റപ്പെടുത്തലിന്റെ കാഠിന്യം വര്‍ധിച്ചതായും തന്റെ പദ്ധതി തകര്‍ക്കാനുമായി ഇവരുടെ ചട്ടംകെട്ടലെന്നും പാലാ വടക്കേക്കര ചാണ്ടി- മറിയാമ്മ ദമ്പതികളുടെ മകളായ സിസ്റ്റര്‍ മേരി ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ഇന്ന്

പള്ളിമേടയിലേക്കോ ബിഷപ്സ് ഹൗസിലേക്കോ കടന്നുവരുന്നവര്‍ക്ക് ആധുനികസൗകര്യങ്ങളുടെ മേടകളാണ് കാണാന്‍ സാധിക്കുന്നത്. ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍ ബിസിനസ് മാര്‍ഗങ്ങളാണ് ഇവര്‍ക്ക്. പൊതുസമൂഹത്തിന്റെ ലാഭക്കൊതിക്കൊപ്പം ക്രൈസ്തവ സ്ഥാപനങ്ങള്‍ നീങ്ങാന്‍ പാടില്ല. സഭയില്‍ സമ്പത്തിനും ലൈംഗിക അരാജകത്വത്തിനുംവേണ്ടി എന്തുംചെയ്യാന്‍ മടിയില്ലാത്ത ഒരു വിഭാഗം വളര്‍ന്നുവരുന്നുണ്ട്. കോടികളുടെ ഫണ്ട് ധൂര്‍ത്തടിച്ച് കൊഴുക്കുകയാണ്. അര്‍ഹതപ്പെട്ടവരെ സഹായിക്കുന്നില്ല, പകരം ചില പുരോഹിതന്മാരും കന്യാസ്ത്രീകളും സുഖജീവിതം നയിക്കുന്നു.

സഭയിലെ ചിലര്‍ ചെയ്ത കുറ്റങ്ങളെ മറയ്ക്കാനും ഈ പണം ഉപയോഗിക്കുന്നു. അഭയ കേസില്‍ സഭയ്ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനായി ചാക്കുകണക്കിന് പണമാണ് നല്‍കിയത്- സിസ്റ്റര്‍ വെളിപ്പെടുത്തി. അഭയയുടെ മരണം ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകമാണ്. തിരുവനന്തപുരത്ത് ഒരു കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനുപിന്നിലും ദുരൂഹതയുണ്ട്. മനസ്സിനും ശരീരത്തിനും കടിഞ്ഞാണിടാന്‍ കഴിയാത്തവര്‍ സഭയില്‍നിന്ന് മാറി വിവാഹം കഴിക്കുകയാണ് നല്ലത്- സിസ്റ്റര്‍ ഓര്‍മിപ്പിക്കുന്നു. തന്റെ പുസ്തകം ഇറക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞതുമുതല്‍ തന്നെ സഭാനേതൃത്വം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് മേരി ചാണ്ടി പറഞ്ഞു. സഭയെ പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ കാര്യമുണ്ട് പുസ്തകത്തില്‍. മഠത്തില്‍ നടക്കുന്ന പലകാര്യത്തിലും എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ ഫലമായി തന്നെ വകവരുത്താന്‍ സഭയിലെ ചിലര്‍ തീരുമാനിച്ച വിവരം അറിഞ്ഞതോടെ കോഴിക്കോട്ടുള്ള ഒരു മഠത്തില്‍നിന്ന് ആണ്‍വേഷം ധരിച്ച് രക്ഷപ്പെടുകയാണുണ്ടായത്. അതുകൊണ്ടാണ് താനിപ്പോഴും ജീവനോടെ കഴിയുന്നതെന്നും മേരി ചാണ്ടി പറയുന്നു.

മോഹിച്ച് സഭാവസ്ത്രമണിഞ്ഞ സിസ്റ്റര്‍ മേരി ആഗ്രഹിച്ചതുപോലൊരു ജീവിതമായിരുന്നില്ല കന്യാസ്ത്രീമഠത്തിലേത്. സഭാവസ്ത്രമുപേക്ഷിച്ച താന്‍ സ്വതന്ത്രയാണ്. താന്‍ ഇപ്പോഴും കടുത്ത ഭീഷണി നേരിടുകയാണെും അവര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് സിസ്റ്റര്‍ ജെസ്മിയിലൂടെ സഭയ്ക്കകത്തെ ദുര്‍ഗന്ധം പൊതുസമൂഹം അറിഞ്ഞു. "ആമേന്‍" എന്ന പേരില്‍ തന്റെ സന്യസ്തജീവിതത്തെ പ്രതിപാദിക്കുന്ന ആത്മകഥയാണ് സിസ്റ്റര്‍ ജെസ്മി പുറത്തിറക്കിയത്. സിസ്റ്റര്‍ മേരി ചാണ്ടികൂടി സഭയ്ക്കെതിരെ രംഗത്തെത്തിയതോടെ വിഷയം കേരളത്തില്‍മാത്രമല്ല വത്തിക്കാനില്‍വരെ എത്തിയിരിക്കുകയാണ്. സംഭവം അന്വേഷിക്കാന്‍ വത്തിക്കാനില്‍നിന്നുള്ള സംഘം ഉടന്‍ കേരളത്തിലെത്തിയേക്കും. സംഭവങ്ങള്‍ വെളിപ്പെടുത്തിയ സിസ്റ്റര്‍ മേരി ചാണ്ടിക്കെതിരെയും അത് പുസ്തകമാക്കിയ നോവലിസ്റ്റ് ജോസ് പാഴൂക്കാരനെതിരെയും കേസ് കൊടുക്കാന്‍ സഭ നീക്കം തുടങ്ങിയിട്ടുണ്ട്. 102 പേജുള്ള പുസ്തകം കണ്ണൂരിലെ കൈരളി ബുക്സാണ് പുറത്തിറക്കിയത്.

*
എസ് വിനേഷ് കുമാര്‍ ദേശാഭിമാനി

മാതംഗലീലയില്‍ ഇല്ലാത്തത്

ആറന്മുള, കണങ്കുളങ്ങര, ചെങ്ങന്നൂര്‍, തിരുവല്ല, പുലിയൂര്‍, കായംകുളം എന്നിവ നമ്മുടെ കൊച്ചുകേരള ഭൂപടത്തില്‍ ഈ വര്‍ഷമാദ്യം ചുവപ്പുമഷിയാല്‍ രേഖപ്പെട്ടത് പത്രവായനയെങ്കിലും ശീലമാക്കിയ പൊതുമലയാളിക്ക് ഓര്‍മയുണ്ടാവും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കേരളത്തില്‍ ഉത്സവസീസണാണ്. അങ്കച്ചമയ വേഷഭൂഷാദികളോടെ അമ്മദൈവങ്ങളും ഭഗവദ് സ്വരൂപങ്ങളും കൂട്ടത്തില്‍ ചില ആള്‍പ്പിടിയന്‍ ആള്‍ദൈവങ്ങളും മണ്ണിലേക്കിറങ്ങിനടക്കുന്ന സമയം. മേല്‍പ്പറഞ്ഞ സ്ഥലനാമങ്ങള്‍ ജനുവരി-ഫെബ്രുവരി മാസങ്ങളിലെ മാത്രം കണക്കുപ്പെട്ടിയില്‍ നിന്നും ഉദ്ധരിച്ചതാണ്. പിന്നെയും രണ്ടുമാസം ശേഷിക്കുന്നു, കണ്ണില്‍ ചോരയില്ലാത്ത മനുഷ്യമൃഗങ്ങളുടെ പെരുങ്കളിയാട്ടത്തിന്.
പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലെ ആനകളെന്ന ജീവിവര്‍ഗത്തെ കുറിച്ചാണ്. ഇപ്പറഞ്ഞ ഭൂപ്രവിശ്യകളിലൊക്കെയും ആനയിടഞ്ഞെന്ന വാര്‍ത്ത മൂന്ന് കോളം വാര്‍ത്തയായി കണ്ണില്‍വന്നുപെട്ട് മാഞ്ഞുപോയി. കൊച്ചുവെളുപ്പാന്‍കാലത്തെ ചുടുചായയ്‌ക്കൊപ്പം ആ ചിന്നം വിളികളും ഒഴിഞ്ഞുപോയി. രണ്ടായിരത്തി ഇരുന്നൂറോളം കരിവീരന്മാര്‍ കേരളത്തില്‍ പണ്ട് ഉത്സവസീസണുകളിലും തടിക്കൂപ്പുകളിലും കാര്യവാഹികളായി പ്രത്യക്ഷപ്പെടുമായിരുന്നെങ്കില്‍ ഇന്നത്, അവസാന കണക്കുപ്രകാരം 628 ആണ്. അതായത് അഖില കേരളാടിസ്ഥാനത്തില്‍ നാട്ടാനകള്‍ ഇത്രമാത്രം! കണക്കുകളിലെ ഈ ഇടിച്ചില്‍ ''കാട്ടാനകള്‍ കാട്ടാനകളായിത്തന്നെ കഴിയുകയാണല്ലോ'' എന്ന ആശ്വാസത്തിനുമല്ല അവസരം തരുന്നത്. കാരണം നമ്മുടെ വനമേഖലയിലും ആന സമ്പത്ത് കുറഞ്ഞുവരികയാണ്. ഐക്യരാഷ്ട്രസഭയുടെ നേച്വര്‍ കണ്‍സര്‍വേഷന്‍ ഇക്കാര്യത്തില്‍ വളരെ മുമ്പുതന്നെ ഇന്ത്യയിലെ പരിസ്ഥിതി സ്‌നേഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്.

2003 ല്‍ കേരളത്തില്‍ പുറത്തിറങ്ങിയ നാട്ടാനപരിപാലന നിയമങ്ങളുണ്ട്. വിചിത്രങ്ങളായ ഈ നിയമനിര്‍ദേശങ്ങള്‍ വായിച്ചാല്‍ ഇതുണ്ടാക്കിയ ബുദ്ധികേന്ദ്രത്തിനെ പൂവിട്ട് തൊഴേണ്ടിവരും. ആന സംരക്ഷണത്തിനുതകുന്നത് എന്ന വ്യാജേന ആ സാധുജീവിയെ കൊല്ലാക്കൊല ചെയ്യുന്നതിന് അനുയോജ്യമായ വിധത്തിലാണ് അത് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. 'നാട്ടാന' നിയമം എന്നുവച്ചാല്‍ നാട്ടിലെ ആഢ്യന്മാരുടെ ആനക്കമ്പത്തിന് കൂട്ടുചേരുക എന്നതാണ് എന്നുവന്നാല്‍ എന്തു ചെയ്യും? ഉത്സവത്തറകളില്‍ നിന്നും തടിക്കൂപ്പുകളിലേക്കും അവിടെ നിന്നും സിനിമാലൊക്കേഷനുകളിലേക്കും ആനകളെ 'ക്രയവിക്രയം' ചെയ്യിക്കുന്നതിനുള്ള അതിവിശേഷ ബുദ്ധി ഈ നിയമം ഒളിച്ച് കടത്തുന്നു! ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ആനകളെ കൊണ്ടുപോകുന്നതിന് നിയമത്തില്‍ എട്ടാം ചട്ടം കാട്ടുന്ന കുടിലത സമര്‍ത്ഥമാണ്.

അതിക്രൂരമാണ്, ആനകളോട് നമ്മള്‍ കാട്ടുന്ന ഈ മൃഗീയത. ഒരു 'മൃഗ'ത്തിന്റെ സ്വഭാവരീതികളൊന്നും കാട്ടാതെ, ആവശ്യത്തിലേറെ ഭക്ഷണവും കഴിച്ച് സ്വസ്ഥതയോടെ വനവിഹാരം നടത്തേണ്ട ഈ ജന്തുശ്രേഷ്ഠരെ 'തട്ടിക്കൊണ്ടു'വന്ന് സാംസ്‌കാരിക മുഖമുദ്രയാക്കുന്ന മലയാളിയുടെ ഈ നാണംകെട്ട ഏര്‍പ്പാട് അവസാനിപ്പിക്കേണ്ട സമയമേറെ കഴിഞ്ഞിരിക്കുന്നു. എരണ്ടക്കെട്ടെന്ന രോഗം നമ്മുടെ നാട്ടിലെ ആനകളെ അകാലമൃത്യുവിനിടയാക്കുന്നുണ്ട്. തെങ്ങോലകളുടെ ഈര്‍ക്കില്‍ വയറ്റിലെത്തുന്നതുവഴി ഉണ്ടാക്കുന്ന രോഗമാണിത്. ആനകള്‍ തെങ്ങോല തിന്നുന്നത്, അതേറെ പ്രിയപ്പെട്ട ഭക്ഷണമായതുകൊണ്ടുമല്ല, കാട്ടിലെവിടെയാണ് തെങ്ങുകളും തെങ്ങോലകളും? പശുവളര്‍ത്തലുകാരന്‍ പുല്ലുപറിക്കാന്‍ മടിച്ച് വൈക്കോലിട്ടുകൊടുത്താല്‍ ആര്‍ത്തിയോടെ പശു തിന്നുന്നത് കണ്ടിട്ടില്ലേ, ഇവിടെയും അതുതന്നെ സംഗതി! ഇഷ്ടമില്ലാഭക്ഷണം കഴിച്ച്, എരണ്ടക്കെട്ട് പിടിപെട്ട്, കൊലകൊല്ലിയെന്ന് വിളിപ്പേര് സമ്പാദിച്ച്, 25 ഡിഗ്രിക്കുമേല്‍ ചൂടുതാങ്ങാനാവാത്ത ദേഹത്തില്‍ 32 ഡിഗ്രി വരെ കൊണ്ടറിഞ്ഞ്, മുഴക്കം കുറഞ്ഞ ചിന്നംവിളികള്‍ നടത്തി ഗതികെട്ട് ചത്തുജീവിക്കുകയാണ് നമ്മുടെ ആഢ്യത്തദാഹത്തിനുമുമ്പില്‍ ഈ ഗജകേസരികള്‍.

ഈ വിഷയം ചൂണ്ടിക്കാട്ടി മുഖത്തെഴുത്തുകാരന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലിട്ട സ്റ്റാറ്റസിന് ഒരു മണിക്കൂറിനുള്ളില്‍ അഞ്ഞൂറിലേറെ 'ലൈക്കു'കളാണ് കിട്ടിയത്. ഈ അഭിപ്രായ സ്വരൂമിപ്പും വെള്ളത്തില്‍ പടം വരച്ചതുപോലാകുമോ?
******
ചലച്ചിത്രസംഘടനയായ ഫെഫ്ക്കക്ക് എന്തോ മാനസിക വൈകൃതമുണ്ട്. കെ പി സി സിക്ക് ഇടയ്ക്കിടക്ക് 'പുന:സംഘടന, പുന:സംഘടന' എന്നൊരു ഉള്‍പ്പുളകം ഉണ്ടാകുന്നതുപോലെ. രണ്ടാഴ്ച ഈ നിലവിളി കാണും. പിന്നെയൊരു ഹൈക്കമാന്‍ഡുതല നിശബ്ദതയില്‍ എല്ലാം കെട്ടടങ്ങും. ഈ പ്രകിയ ഇപ്പോള്‍ ഫെഫ്‌ക്കെയെ ബാധിച്ചിരിക്കുന്നു. ഫെഫ്ക്കയുടെ മുജ്ജന്മശത്രുവായ വിനയന്റെ ചിത്രത്തില്‍ സഹകരിച്ചതിന് കലാസംവിധായകന്‍ സാലു കെ ജോര്‍ജിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. വിലക്കിന്റെ അസ്‌കിത ഉടനെയൊന്നും ഈ ചേട്ടന്മാരെ വിട്ടുപോകുകയുമില്ല.  ഇങ്ങനെ ''എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം''  കലാകാരന്മാരുടെയൊക്കെ മേല്‍ കെട്ടിവയ്ക്കാന്‍ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട് ഈ സംഘടനകള്‍. എന്നിട്ടെന്തായി; വിലക്കപ്പെട്ടവര്‍ അന്തസായി പിന്നെയും കുറേക്കാലം സിനിമയില്‍ നിന്ന് ഒഴിച്ചുകൂടാത്തവരായി നിലകൊണ്ടു. സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചതിന് അദൃശ്യവിലക്കേര്‍ക്കപ്പെട്ട തിലകന്റെ പുറകേയാണ് സകലമാന ചലച്ചിത്ര കേമന്മാരും! കഴിവുള്ള കലാകാരന്മാരെ ആര്‍ക്കാണ് വിലക്കാനാവുക!
ഇത്രയും ഓര്‍മ്മിപ്പിച്ചത് വിനയചന്ദ്രന്‍ പി എസ് എന്ന ഫെയ്‌സ്ബുക്ക് സഞ്ചാരിയാണ്. അദ്ദേഹത്തിന് നന്ദി.

ടാഗ്ഗിംങ്:

ഒരിക്കല്‍ അഹമ്മദാബാദില്‍ വച്ച് നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയില്‍ സംസാരിക്കുയായിരുന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. അദ്ദേഹം പറഞ്ഞു.
''ഖാദി തൊപ്പിക്ക് എല്ലാവരും ബഹുമാനം നല്‍കും. അതെനിക്കുമറിയാം. എന്നാല്‍ അതൊരു രക്ഷാകവചമാക്കരുത്. തൊപ്പിയല്ല. അതിനുതാഴെയുള്ളതാണ് ഉപയോഗിക്കേണ്ടത്.''
കോണ്‍ഗ്രസുകാര്‍ തങ്ങളുടെ തൊപ്പി തലയില്‍ നിന്നെടുത്ത് കാര്യം മനസിലാവാതെയിരുന്നപ്പോള്‍ നെഹ്‌റു ദേഷ്യത്തോടെ പറഞ്ഞു ''തൊപ്പിക്ക് താഴെ തലയാണെന്നും അറിഞ്ഞുകൂടേ?''

*
വി സി അഭിലാഷ് ജനയുഗം 10 ജൂലൈ 2012

Thursday, December 22, 2011

നേഴ്സിങ് മേഖലയിലെ ചൂഷണം

മുല്ലപ്പെരിയാര്‍പ്രശ്നവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാറില്‍ ഉപവാസ സത്യഗ്രഹം നടത്തിയശേഷം ഞാന്‍ ആലുവ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ അറിഞ്ഞത് വിളിപ്പാടകലെയുള്ള അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ ഒന്നടങ്കം സമരരംഗത്തിറങ്ങിയതാണ്. പിറ്റേന്ന് ഉച്ചയ്ക്ക് മറൈന്‍ ഡ്രൈവില്‍ മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണിചേരാന്‍ പോകാനിറങ്ങുമ്പോള്‍ ഒരു സംഘം നേഴ്സുമാര്‍ എന്നെ കാണാനെത്തി. ക്രൂരമായ മര്‍ദനമേറ്റതിന്റെ പരിക്കുകള്‍ കാണിച്ചുകൊണ്ട് അവര്‍ പറഞ്ഞ കദനകഥ ഹൃദയഭേദകമായിരുന്നു. അമൃത ആശുപത്രി സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ സ്പെഷ്യാലിറ്റി ആശുപത്രികളിലൊന്നാണ്. ആയിരത്തില്‍പ്പരം നേഴ്സുമാര്‍ അവിടെ ജോലിചെയ്യുന്നുണ്ട്. അവരുടെ ശുശ്രൂഷയും പരിചരണവും കൂടിയാണ് ആ ആശുപത്രിയുടെ പ്രശസ്തിക്ക് അടിസ്ഥാനം. എന്നാല്‍ , പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലിചെയ്താല്‍ മൂവായിരവും നാലായിരവും രൂപയാണ് അവരില്‍ ഭൂരിപക്ഷത്തിനും ലഭിക്കുന്ന പ്രതിമാസ ശമ്പളം. അതിനെതിരെ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ ; ഗുണ്ടാമര്‍ദനം... ഇത് ഒറ്റപ്പെട്ട സംഭവമല്ല.

കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രിയിലെ നേഴ്സുമാര്‍ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയപ്പോള്‍ ഗുണ്ടകളുടെ ആക്രമണത്തിനിരയായി. ഡല്‍ഹിയിലും നോയിഡയിലുമെല്ലാം കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് നേഴ്സുമാര്‍ സമരരംഗത്തിറങ്ങി. ഡല്‍ഹിയില്‍ സമരംചെയ്ത നേഴ്സുമാരെ മുതലാളിമാര്‍ പിരിച്ചുവിട്ടു. അവിടത്തെ നേഴ്സുമാരുടെ സംഘടനാ നേതാക്കളുമായി ഞാന്‍ സംസാരിക്കുകയുണ്ടായി. പ്രശ്നം ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അവര്‍ ചില നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ മാസം മുംബൈയില്‍ ആദര്‍ശ് വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴും കൊടിയ ചൂഷണത്തിനിരയാവുന്ന നേഴ്സ് സമൂഹത്തെക്കുറിച്ചാണ് എല്ലാവരും പറഞ്ഞത്. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ആയിരക്കണക്കിന് നേഴ്സുമാര്‍ അന്ന് സമരരംഗത്തായിരുന്നു. ആശുപത്രി ഉടമകളുടെ ക്രൂരമായ മാനസിക പീഡനത്തെതുടര്‍ന്ന് ബീന ബേബി എന്ന നേഴ്സ് ആത്മഹത്യചെയ്തത് ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലാണ്. സര്‍ട്ടിഫിക്കറ്റ് തിരിച്ചുചോദിച്ചിട്ടും കൊടുക്കാതെ പീഡിപ്പിക്കുകയായിരുന്നു ബീന ബേബിയെ. അവിടെ സമരം നടത്തുന്ന നേഴ്സുമാരുടെ പ്രതിനിധികള്‍ ക്രൂരമായ ചൂഷണത്തെക്കുറിച്ച് എന്നോട് വിശദീകരിക്കുകയുണ്ടായി.

കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ജീവത്യാഗംചെയ്ത രണ്ട് മലയാളി നേഴ്സുമാരെ അഭിമാനത്തോടെയാണ് കേരളം ഓര്‍ക്കുന്നത്. ഇന്ത്യയിലാകെ സ്വകാര്യ ആശുപത്രി മേഖലയില്‍ നേഴ്സുമാര്‍ കടുത്ത ചൂഷണത്തിനിരയായി ജീവിതദുരിതമനുഭവിക്കുകയാണ്. സ്വകാര്യ ആശുപത്രി മേഖലയില്‍ നേഴ്സുമാര്‍ക്ക് സേവന-വേതന വ്യവസ്ഥയുണ്ടാക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് പലതവണ ആവശ്യമുയര്‍ത്തിയെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം നേഴ്സിങ് മേഖലയില്‍ മലയാളി നേഴ്സുമാര്‍ക്ക് പ്രത്യേക അംഗീകാരമുണ്ട്. ആതുര ശുശ്രൂഷാരംഗത്ത് നമ്മുടെ നാട്ടുകാര്‍ക്കുള്ള അംഗീകാരത്തിന്റെ തെളിവാണ് നേഴ്സിങ് രംഗത്തെ മലയാളി മേധാവിത്വം. ഇന്ത്യയിലെ വിവിധ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കുന്ന പതിനേഴര ലക്ഷം നേഴ്സുമാരില്‍ പന്ത്രണ്ട് ലക്ഷവും മലയാളികളാണ്. നമ്മുടെ സംസ്ഥാനത്ത് അരലക്ഷം നേഴ്സുമാര്‍ ജോലിചെയ്യുന്നുണ്ട്. അതില്‍ നാല്‍പ്പതിനായിരവും സ്വകാര്യ മേഖലയിലാണ്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിലൂടെയായി കാല്‍ലക്ഷത്തോളം മലയാളിക്കുട്ടികള്‍ ഓരോ കൊല്ലവും നേഴ്സിങ് ഡിപ്ലോമയോ ബിരുദമോ നേടി പുറത്തുവരുന്നുണ്ട്. നാലു മുതല്‍ ആറ് ലക്ഷം രൂപവരെ ചെലവഴിച്ചാണ് ഡിപ്ലോമയോ ഡിഗ്രിയോ നേടുന്നത്. വളരെ ദരിദ്രമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന്, ബാങ്ക് വായ്പയെമാത്രം ആശ്രയിച്ച് പഠനത്തിന് പോകുന്നവര്‍ പഠനകാലത്തും പഠനം കഴിഞ്ഞാല്‍ രണ്ടുവര്‍ഷത്തോളവും പഠിക്കുന്ന ആശുപത്രിയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. ആയിരത്തഞ്ഞൂറോ രണ്ടായിരമോ രൂപയാണ് പഠനാനന്തരം "ബോണ്ട്" കാലത്ത് വേതനം. തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലി. അടിമത്തം അവസാനിപ്പിച്ച രാജ്യമാണ് നമ്മുടേത്. എന്നാല്‍ , നിരവധി വന്‍കിട സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരും നേഴ്സിങ് അസിസ്റ്റന്റുമാരും അടിമപ്പണിക്കിരയാക്കപ്പെടുന്നു.

കാര്‍ഷികമേഖലയിലും നിര്‍മാണമേഖലയിലുമെല്ലാം കിട്ടുന്ന ദിവസവേതനമുമായി തട്ടിച്ചുനോക്കുമ്പോള്‍ അതിന്റെ നാലിലൊന്നുപോലും കിട്ടാത്ത നേഴ്സുമാര്‍ അനവധിയാണ്. മുംബൈയിലും നോയിഡയിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മറ്റുമുള്ള പല സ്വകാര്യ ആശുപത്രികളിലും നേഴ്സുമാര്‍ക്ക് സേവന-വേതന വ്യവസ്ഥകളില്ലെന്നു മാത്രമല്ല, കടുത്ത ഭീഷണിക്കും പീഡനത്തിനും ഇരയാക്കപ്പെടുന്നു. മതിയായ വിശ്രമസമയമോ, താമസസൗകര്യമോ ലഭ്യമല്ലതാനും. കേരളത്തില്‍ സ്ഥിതി അല്‍പ്പം ഭേദമായിരുന്നു. എന്നാല്‍ , അടുത്തിടെ പുറത്തുവന്ന ചില വാര്‍ത്തകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. സ്വകാര്യമേഖലയിലെ നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് സമഗ്ര നിയമം ഇതുവരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 2000, 2009 വര്‍ഷങ്ങളില്‍ അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മിനിമംവേതനം പ്രഖ്യാപിക്കുകയുണ്ടായി. ഒരു നേഴ്സിന് പതിനൊന്നായിരം രൂപയെങ്കിലും ശമ്പളമായി നല്‍കണമെന്നാണ് 2009ല്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ , മിക്ക സ്വകാര്യ ആശുപത്രികളിലും അത് നടപ്പാക്കുന്നില്ല.

ആവശ്യത്തിന് നേഴ്സുമാരെ നിയമിക്കാതിരിക്കുക; വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കുക; നേഴ്സിങ് അസിസ്റ്റന്റുമാരെ തുച്ഛവേതനം നല്‍കി നിയമിക്കുക; യോഗ്യതയുള്ള നേഴ്സുമാരെ നിയമിക്കുമ്പോള്‍ കരാര്‍ സമ്പ്രദായമോ ദിവസക്കൂലി സമ്പ്രദായമോ നടപ്പാക്കി അതുവഴി മിനിമം വേതനവ്യവസ്ഥ അട്ടിമറിക്കുക- ഇതാണ് പല സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ചെയ്തുകൊണ്ടിരിക്കുന്നത്. 280 ദിവസത്തിനുശേഷവും ജോലിയില്‍ തുടരുന്നവര്‍ , അവര്‍ താല്‍ക്കാലിക ജീവനക്കാരായാലും സ്ഥിരം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കര്‍ഹരാണ്. എന്നാല്‍ , സ്വകാര്യ ആശുപത്രി മേഖലയില്‍ വലിയൊരു വിഭാഗത്തിനും പിഎഫ് ഉള്‍പ്പെടെയുള്ള ആനുകൂലങ്ങള്‍ നിഷേധിക്കപ്പെടുന്നു.

മഹത്തായ നേഴ്സിങ് ജോലിയെ അടിമപ്പണിയാക്കി മാറ്റുന്ന കച്ചവട ആശുപത്രിക്കാര്‍ക്ക് മൂക്കുകയറിടണമെന്ന് ഒടുവില്‍ സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ബോണ്ട് പ്രശ്നം, ഇന്റേണ്‍ഷിപ്പ് പീഡനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെല്ലാം നേഴ്സുമാര്‍ക്ക് ഭേദപ്പെട്ട പ്രതിഫലം ലഭിക്കുന്നുണ്ട്. മികച്ച സേവന-വേതന വ്യവസ്ഥകളുണ്ട്. പതിനാല് മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യേണ്ടതില്ല. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാര്‍ക്ക് മികച്ച സേവന-വേതന വ്യവസ്ഥകള്‍ , എട്ടുമണിക്കൂര്‍ ജോലിസമ്പ്രദായം ഉള്‍പ്പെടെ നടപ്പാക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. കഴുത്തറുപ്പന്‍ ഫീസ് ചുമത്തുന്ന സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് ചോദിക്കുന്ന വേതനം നല്‍കുമ്പോള്‍ നേഴ്സുമാരും മറ്റ് ജീവനക്കാരും കൊടിയ ചൂഷണത്തിനിരയാകുന്നു.

ആശുപത്രിയുടെ നിലനില്‍പ്പിലും വളര്‍ച്ചയിലും നേഴ്സുമാരുടെ സേവനം മുഖ്യമാണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഉടമകള്‍ക്ക് കഴിയുന്നില്ല. പ്രത്യേക കൊടിക്കീഴില്‍ അണിനിരന്നുകൊണ്ടല്ലെങ്കിലും നേഴ്സുമാര്‍ രാജ്യത്താകെ ഉണര്‍ന്നെണീറ്റിരിക്കുന്നു. ഇന്നത്തെ തുച്ഛവേതനം തുടര്‍ന്നാല്‍ ബാങ്കുകളില്‍നിന്നെടുത്ത വിദ്യാഭ്യാസ വായ്പ എങ്ങനെ തീര്‍ക്കുമെന്നറിയാത്ത വേവലാതികൂടി പുതിയ അസ്വസ്ഥതയ്ക്ക് പിന്നിലുണ്ട്. കാര്‍ഷിക മേഖലയിലേത് പോലെതന്നെ വലിയൊരു കടക്കെണിയാണ് നേഴ്സിങ് വിദ്യാഭ്യാസ മേഖലയിലും രൂപപ്പെട്ടുവരുന്നതെന്ന് കാണാതിരുന്നുകൂടാ. ഏറ്റവും മഹത്തായ സേവനമായ ആതുര ശുശ്രൂഷാരംഗത്ത് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന നേഴ്സുമാര്‍ക്ക്, മെച്ചപ്പെട്ട വേതനവും സേവനാന്തരീക്ഷവും ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം. അതിനായി നിയമം കൊണ്ടുവരണം; പൊതുസമൂഹം സമ്മര്‍ദം ചെലുത്തണം.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 22 ഡിസംബര്‍ 2011

Monday, December 19, 2011

അദൃശ്യത്തിനെതിരെ ദൃശ്യം ഡിജിറ്റല്‍ കാലത്തെ മാനവികത

എണ്‍പതുകളില്‍, കമ്പ്യൂട്ടറുകളും കമ്പ്യൂട്ടര്‍വത്ക്കരണവും വ്യാപകമായിത്തുടങ്ങിയ കാലം. നീതിബോധമില്ലാത്ത കമ്പ്യൂട്ടര്‍വത്ക്കരണത്തെ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ വിമര്‍ശനാത്മകമായിട്ടാണ് സമീപിച്ചത്. അക്കാലത്തുയര്‍ന്നുകേട്ട പ്രധാന മുദ്രാവാക്യങ്ങളിലൊന്നിപ്രകാരമായിരുന്നു: പണിയെത്തിക്കൂ കൈകളിലാദ്യം, പിന്നീടാകാം കമ്പ്യൂട്ടര്‍. അതായത്, തൊഴില്‍ മേഖലയില്‍ നിന്ന് തൊഴിലാളികളെ കമ്പ്യൂട്ടര്‍ വ്യാപകമായി പുറന്തള്ളുമെന്ന ഭീതിയായിരുന്നു ആ സമരത്തിന്റെ പശ്ചാത്തലം. പിന്നീട് പല മാറ്റങ്ങളും സംഭവിച്ചു. കമ്പ്യൂട്ടര്‍ പേന പോലെ എല്ലാവര്‍ക്കും അത്യാവശ്യമായ ഒരു ഉപകരണമായി പരക്കെ സ്വീകരിക്കപ്പെട്ടു. അപ്പോള്‍, ഇടതുപക്ഷം യാഥാസ്ഥിതികരാണെന്നും കാലത്തിന്റെ മാറ്റങ്ങളോട് പുറന്തിരിഞ്ഞു നില്‍ക്കുന്നവരാണെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നുവന്നു. ആ വിമര്‍ശനത്തിന്റെ ശരിതെറ്റുകള്‍ പരിശോധിക്കാനോ അതിനെ ന്യായീകരിക്കാനോ പ്രതിരോധിക്കാനോ ഈ ലേഖനത്തിലൂടെ മുതിരുന്നില്ല; അതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും. ഇടതുപക്ഷം ഉയര്‍ത്തിയ മുദ്രാവാക്യം, കമ്പ്യൂട്ടര്‍വത്ക്കരിച്ച; കുറെക്കൂടി കൃത്യമായി വ്യവഹരിച്ചാല്‍ ഡിജിറ്റലനന്തര സിനിമയുടെ പശ്ചാത്തലത്തില്‍ ഒന്നു പരിശോധിച്ചു നോക്കുക. ഇന്ത്യന്‍ സിനിമയില്‍ നിര്‍ബന്ധമുള്ള ഗാന-നൃത്ത രംഗങ്ങളില്‍ നായകനും നായികയും പാടാനും ആടാനും തുടങ്ങിക്കഴിഞ്ഞാല്‍ അവര്‍ക്കു പുറകിലും ചുറ്റിലുമായി നിറയെ പുരുഷ-സ്ത്രീ എക്സ്ട്രകള്‍ ആടിപ്പാടുന്നത് പതിവാണ്. ഡിജിറ്റല്‍ കാലഘട്ടം വന്നതോടെ ഈ എക്സ്ട്രകള്‍ക്ക് പകരം നായകന്റെയും നായികയുടെയും നിരവധി ഡിജിറ്റല്‍ പതിപ്പുകളാണ് നൃത്തം ചെയ്യുന്നത്. അതായത്, മനുഷ്യരുടെ തൊഴില്‍ കമ്പ്യൂട്ടര്‍ നഷ്ടപ്പെടുത്തുമെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ! അഥവാ ലെവ് മനോവിച്ച് പറയുന്നതു പോലെ സിനിമ കമ്പ്യൂട്ടറിന്റെ ഒരു അടിമയായി പരിണമിച്ചിരിക്കുന്നു. മറ്റൊരു രീതിയില്‍ വിശദീകരിച്ചാല്‍, സിനിമ എന്ന നാളിതുവരെ മനുഷ്യരുടെയും പ്രകൃതിയുടെയും ആഖ്യാനമായിരുന്ന ഒരു വ്യവഹാരവ്യവസ്ഥ ഇനി അപ്രകാരമായിരിക്കില്ല. അത്, ഡിജിറ്റല്‍ നിര്‍മിതികളും ഇടപെടലുകളും പൂര്‍ത്തീകരണങ്ങളും പാഠങ്ങളുമായി മുഴുവന്‍ മാറിമറിഞ്ഞിരിക്കുന്നു.

ലോകത്തിലും സമൂഹത്തിലും നമ്മളും ഉള്‍പ്പെട്ടിരിക്കുന്നു എന്ന തോന്നലിലൂടെ കടന്നുപോകാന്‍ പ്രേരിപ്പിക്കുന്നതു കൊണ്ടാണ് മാധ്യമം അഥവാ മാധ്യമങ്ങള്‍ മനുഷ്യര്‍ക്ക് പ്രിയങ്കരങ്ങളായ കൂട്ടാളികളായി നിലനില്‍ക്കുന്നതും കൂടെ യാത്രയാകുന്നതും. ദൃശ്യ-ശബ്ദ-ലിഖിത- സൂചനകളിലൂടെ പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധിയായ മാധ്യമങ്ങളുടെ അഭൂതപൂര്‍വവും അത്യത്ഭുതകരവുമായ സംയോജന(കണ്‍വെര്‍ജന്‍സ്)മാണ് പുതിയ കാലഘട്ടത്തിന്റെ ഏറ്റവും പ്രകടമായ സവിശേഷത. നാടകം, ചിത്രകല, ആനിമേഷന്‍, വീഡിയോ, ഫിലിം എന്നീ മാധ്യമങ്ങള്‍ എല്ലാം സംയോജിപ്പിച്ചുകൊണ്ടാണ് ഡിജിറ്റല്‍ സിനിമ അഥവാ ഡിജിറ്റല്‍ കാലത്തെ സിനിമ രൂപപ്പെടുന്നത്. സിനിമക്കു മുന്‍പും പിന്‍പുമുള്ള പ്രധാന മാധ്യമങ്ങളായ പത്രവും റേഡിയോവും സാഹിത്യവും ടേപ്പ് റിക്കാര്‍ഡറും ടെലിവിഷനും ഇന്റര്‍നെറ്റും വീഡിയോ ഗെയിമുകളും മൊബൈലും എല്ലാം കൂടിക്കുഴയുന്ന സാഹചര്യവും സംജാതമായിട്ടുണ്ട്. കണ്‍വെര്‍ജന്‍സിന്റെ കാലഘട്ടത്തില്‍; വ്യക്തികള്‍ക്കുള്ള സാങ്കേതികവിദ്യാലഭ്യത വന്‍ തോതില്‍ വര്‍ദ്ധിക്കുകയും സാങ്കേതികവിദ്യയും സാങ്കേതികമാധ്യമ സംവിധാനങ്ങളും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ സംഘടനാ സംവിധാനങ്ങള്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനപരവും പ്രബലവുമായിത്തീരുകയും ചെയ്യും. അതോടൊപ്പം, ഭരണകൂടത്തിന്റെ(ങ്ങളുടെ) മര്‍ദനവ്യവസ്ഥയും കോര്‍പ്പറേറ്റുകളുടെ ലോകക്രമവും അതിവേഗത്തില്‍ സാധൂകരിക്കപ്പെടുകയും ചെയ്യും. വിഷമകരവും സങ്കീര്‍ണവുമായ ഈ ഡിജിറ്റല്‍ സാഹചര്യത്തില്‍, മാനവികമൂല്യങ്ങള്‍ കേടു കൂടാതെയും കൂടുതല്‍ സ്വാതന്ത്ര്യപൂര്‍ണമായും എപ്രകാരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും പറ്റും എന്നതു തന്നെയാണ് ജനാധിപത്യവാദികളായ വിമര്‍ശകരുടെ ഉത്ക്കണ്ഠ.

മാധ്യമങ്ങളുടെ അധീശത്വം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കെ, അതിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവും ഘടനാപരവും പ്രാതിനിധ്യപരവുമായ മാനങ്ങള്‍ നിരന്തരമായ വിശകലനങ്ങള്‍ക്കും വിമര്‍ശനപ്രക്രിയകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്. കൂടുതല്‍ ചിന്താശീലപരവും ജനാധിപത്യപരവും പരീക്ഷണാത്മകവും സര്‍ഗാത്മകവുമായ മാധ്യമവ്യവഹാരങ്ങളും ദര്‍ശനവും ആണ് മുന്‍കാലത്തെന്നതു പോലെ ഡിജിറ്റല്‍ കാലത്തും നമ്മുടെ ലക്ഷ്യബോധത്തെ നിര്‍ണയിക്കേണ്ടത്.

പഴമയെ കൊട്ടിഘോഷിക്കുന്ന സ്വഭാവക്കാരായ നൊസ്റാല്‍ജിക് കവികള്‍ക്കും പ്രൊഫഷനല്‍ സാംസ്ക്കാരിക പ്രഭാഷകര്‍ക്കും മാധ്യമവിമര്‍ശനപ്പട്ടം എല്‍പ്പിച്ചുകൊടുത്തതിന്റെ അപകടവും വേദനയും നാം വേണ്ടത്ര അനുഭവിച്ചു കഴിഞ്ഞു. സിനിമ പ്രചാരത്തിലായ കാലത്ത്, അവര്‍ വായന മരിക്കുന്നു എന്നാര്‍ത്തു നിലവിളിച്ചു. റേഡിയോ കേള്‍ക്കുന്നവരെ ചൂണ്ടി അവര്‍ പറഞ്ഞു - കേള്‍ക്കുകയല്ല, വായിക്കുകയാണ് വേണ്ടത്; അപ്പോള്‍ മാത്രമേ ആഴത്തിലുള്ള അനുഭവങ്ങളിലേക്കും ഭാവനകളിലേക്കും നിങ്ങള്‍ക്ക് ഊളിയിടാന്‍ സാധിക്കൂ! ടെലിവിഷന്‍ വ്യാപകമായതോടെ, അവര്‍ സിനിമാ സംരക്ഷണപ്രസ്ഥാനവുമായി ഇറങ്ങിത്തിരിച്ചു. കാണുകയാണെങ്കില്‍, സിനിമ തിയറ്ററില്‍ പോയി കാണണം. സിനിമ ഉറച്ച നോട്ടത്തെയും(ഗെയ്സ്), ടെലിവിഷന്‍ പാഞ്ഞുള്ള ഒറ്റനോട്ടത്തെയും(ഗ്ളാന്‍സ്) ആണ് അഭിമുഖീകരിക്കുന്നത് എന്നതിനാല്‍ രണ്ടും നിലനിന്നുകൊള്ളും എന്ന് ഭാവിയിലേക്ക് നോക്കിക്കാണാന്‍ ഈ ഭീതിപരത്തല്‍ ആത്മാക്കള്‍ക്ക് സാധ്യമായില്ല. ഇന്റര്‍നെറ്റ് തരംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഇക്കൂട്ടര്‍ അതിനെതിരെ ടെലിവിഷനിലൂടെയടക്കം രംഗത്തു വന്നു. ഇന്റര്‍നെറ്റിന് മലയാളികളുടെ സംഭാവന എന്താണെന്നു ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ഗ്രഹണ സിദ്ധാന്തം എന്നായിരിക്കും. ചുമരിന് സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ മോണിറ്ററിന് മുന്‍വശത്തിരിക്കുന്ന കുട്ടിയുടെ പുറകില്‍ രക്ഷിതാവ് എല്ലായ്പോഴും നിലയുറപ്പിച്ചുകൊള്ളണമെന്നാണ് ഗ്രഹണ സിദ്ധാന്തം ശഠിക്കുന്നത്. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുന്നതുപോലെയായിരിക്കണം; മോണിറ്റര്‍, കുട്ടി, രക്ഷിതാവ് എന്നിവര്‍ നിലയുറപ്പിക്കേണ്ടത്. ഇന്റര്‍നെറ്റ് മുഴുവനും കുട്ടികളെ നശിപ്പിക്കുന്ന അശ്ളീലമാണെന്ന് പരത്തിയെഴുതുന്ന എത്ര മാത്രം ലേഖനങ്ങളാണ് ദിനപത്രങ്ങളുടെ വിദ്യാഭ്യാസ പുള്ളൌട്ടുകളിലും വനിതാ മാസികകളിലും ടെലിവിഷനിലുമായി നാം വായിച്ചും കണ്ടും ബോധം കെട്ടിട്ടുള്ളത്! ഇന്റര്‍നെറ്റിനു പുറകെ മൊബൈല്‍ ഫോണ്‍ എല്ലാവരുടെയും പ്രിയപ്പെട്ട ഉപകരണവും സുഹൃത്തുമായി മാറിയപ്പോള്‍, അതാ വരുന്നു പുതിയ ഭീഷണികള്‍. ഒരു ഭാഗത്ത്, മൊബൈല്‍ ഫോണ്‍ ചെവി മുതല്‍ തലച്ചോറും ഹൃദയവും വരെ നശിപ്പിക്കുമെന്ന 'ആരോഗ്യവിദഗ്ദ്ധരു'ടെ സചിത്ര വ്യാഖ്യാനങ്ങള്‍ ഇ മെയിലിലൂടെ പരക്കുന്നു. മറുഭാഗത്ത്, കൌമാരക്കാരെയും വീട്ടമ്മമാരെയും മൊബൈല്‍ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന സദാചാര ഗീര്‍വാണങ്ങളും. ആകെ തുലഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ!

ഡിജിറ്റല്‍ മാധ്യമങ്ങളും ഡിജിറ്റല്‍ സിനിമയും സിനിമയിലെ ഡിജിറ്റല്‍ ഇടപെടലുകളും, മനുഷ്യ സമൂഹത്തെ നന്മയിലേക്കോ തിന്മയിലേക്കോ ചുമ്മാതങ്ങ് നയിക്കുമെന്ന കേവലവും ലളിതവത്കൃതവുമായ വാദങ്ങളുടെ പുറകെ നാം പോകേണ്ടതില്ലെന്നു തന്നെയാണ് ഈ 'ഭീകരമായ' മുന്നനുഭവങ്ങള്‍ തെളിയിക്കുന്നത്. ഡിജിറ്റല്‍ വിപ്ളവത്തെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുകയും ദൃശ്യസങ്കല്‍പനത്തിനും സൈദ്ധാന്തീകരണത്തിനും വിധേയമാക്കി കൂടുതല്‍ സുവ്യക്തമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സൌന്ദര്യാത്മകവും സാങ്കേതികവും പ്രത്യയശാസ്ത്രപരവുമായ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമായിരിക്കണം നാം മുതിരേണ്ടത് എന്നര്‍ത്ഥം. യാഥാര്‍ത്ഥ്യം/ഭാവന, കാലം/സ്ഥലം, പുരുഷന്‍/സ്ത്രീ, സ്വന്തം/അന്യം, ശരീരം/ആത്മാവ്, അനലോഗ്/ഡിജിറ്റല്‍, കല/കച്ചവടം, എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ സംബന്ധിച്ച ജ്ഞാനമീമാംസാപരമായ വ്യാഖ്യാനങ്ങളെയും നിര്‍ണയനങ്ങളെയും ഡിജിറ്റല്‍ കാലഘട്ടം അപനിര്‍മാണം ചെയ്യുകയും പുനക്രോഡീകരിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. രൂപം, ഉപയോഗ്യത, ആവിഷ്ക്കാരം, സൌന്ദര്യം എന്നീ കലാ-മാധ്യമ പ്രക്രിയയുടെ ചലനനിയമങ്ങളെയെല്ലാം ഡിജിറ്റല്‍ മാധ്യമം പുനക്രമീകരിക്കുന്നുണ്ട്. അല്‍ത്തൂസറിന്റെ പ്രത്യയശാസ്ത്ര മര്‍ദന-ഭരണകൂട ഉപകരണം(ഐഡിയോളജിക്കല്‍ സ്റേറ്റ് അപ്പാരറ്റസ്) എന്ന പ്രയോഗത്തെ കുറച്ചു കൂടി പരിഷ്ക്കരിച്ച് പ്രത്യയശാസ്ത്ര കോര്‍പ്പറേറ്റ് ഉപകരണം (ഐഡിയോളജിക്കല്‍ കോര്‍പ്പറേറ്റ് അപ്പാരറ്റസ്) എന്നാണ് കണ്‍വെര്‍ജന്‍സിനു ശേഷമുള്ള നവമാധ്യമങ്ങളെ വിശേഷിപ്പിക്കാന്‍ അന്ന എവറെറ്റ് സ്വീകരിക്കുന്ന പ്രതിനിധാനം. മാധ്യമങ്ങളുടെ അധികാര സ്വഭാവവും മര്‍ദനപരതയും കൃത്യമായി ബോധ്യപ്പെടുമ്പോള്‍ തന്നെ അവയുടെ വിമോചനസാധ്യതകളെയും നാം അതേ അളവില്‍ തിരിച്ചറിയണം. എല്ലാ കലകളിലും വെച്ച് സിനിമയാണ് ഏറ്റവും മഹത്തരം എന്ന ലെനിന്റെ പ്രഘോഷണവും, 1932ല്‍ ബെര്‍ത്രോള്‍ഡ് ബ്രെഹ്റ്റ് എഴുതിയ 'ആശയ വിനിമയത്തിനുള്ള ഒരുപകരണം എന്ന നിലക്ക് റേഡിയോ' (ദ റേഡിയോ ആസ് ആന്‍ അപ്പാരറ്റസ് ഓഫ് കമ്യൂണിക്കേഷന്‍ ) എന്ന മാനിഫെസ്റോയുമായിരിക്കണം ഇക്കാര്യത്തില്‍ നമുക്ക് മാതൃക. ഒരു മാധ്യമത്തില്‍ നിന്ന് അടുത്തതിലേക്ക് എന്ന വണ്ണമുള്ള ചരിത്രപരമായ നൈരന്തര്യം; മുതലാളിത്തത്തിനെന്നതു പോലെ ജനാധിപത്യവത്ക്കരണത്തിനും അനിവാര്യമാണെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ.

രസതന്ത്ര-ജൈവയുദ്ധങ്ങള്‍ക്കും മനുഷ്യ ജെനോം മാപ്പിംഗിനും യൂണിവേഴ്സല്‍ ഐഡിക്കും വേണ്ടിയാണ് സാമ്രാജ്യത്വം ഡിജിറ്റല്‍ ഗവേഷണങ്ങളെ വഴി തിരിച്ചു വിടുന്നതെങ്കില്‍, മുത്തലിക്കിനെതിരായ പിങ്ക് ജഡ്ഡി പ്രചരണം മുതല്‍ മുല്ലപ്പൂ വിപ്ളവവും വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കലും വരെയുള്ള പുതിയ ജനാധിപത്യ-സ്വാതന്ത്ര്യ സമരങ്ങള്‍ക്കാണ് ജനാധിപത്യ വാദികള്‍ ഡിജിറ്റല്‍ കാലഘട്ടത്തെ ഉപയുക്തമാക്കുന്നത്. മൈക്കിള്‍ മൂര്‍ മുതല്‍ ആനന്ദ് പട്വര്‍ദ്ധനും രാകേശ് ശര്‍മയും വരെയുള്ളവരുടെ ജനാധിപത്യത്തിലും സ്വാതന്ത്ര്യബോധത്തിലുമൂന്നിയ ഡോക്കുമെന്ററികളും ഡിജിറ്റല്‍ സാധ്യതകളുടെ ഗുണപരതയെ ഉയര്‍ത്തിക്കാണിക്കുന്നു. യന്ത്രങ്ങള്‍ മനുഷ്യരെ അപ്രസക്തരാക്കുമെന്ന കേവല ഭീതിയെ, അദൃശ്യവത്ക്കരണത്തിനെതിരെ ദൃശ്യവത്ക്കരണം എന്ന മുദ്രാവാക്യം കൊണ്ടാണ് ഡിജിറ്റല്‍ സമരഭടന്മാര്‍ നേരിടുന്നത്.

കോര്‍പ്പറേറ്റുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കപ്പെടുന്ന സൂപ്പര്‍ താരങ്ങളുടെ വിലകൂടിയ സമയവും അവരെ ചിത്രീകരണസ്ഥലത്തെത്തിക്കുന്നതിനുള്ള പാടും മറ്റും കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് നിശ്ചിത പ്രതിഫലം കൊടുത്തതിനു ശേഷം, അവരുടെ ഡിജിറ്റല്‍ ക്ളോണുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ ചിത്രീകരിക്കുകയാണ് ലാഭകരം എന്ന് പരസ്യനിര്‍മാതാക്കള്‍ കണ്ടെത്തിക്കഴിഞ്ഞു. മനുഷ്യ ശരീരവും യന്ത്രവും തമ്മിലുള്ള ഒരു സംലയനത്തിന്റെ സാംസ്ക്കാരികമാനങ്ങള്‍ ഭീതിയുണര്‍ത്തുന്നതാണ്. മാട്രിക്സും അവതാറും മുതല്‍ എന്തിരനും രാ.വണ്ണും സൃഷ്ടിച്ച വിനോദതരംഗങ്ങളില്‍ ഈ സംലയനം മുഖ്യ ഘടകമായിരുന്നു. ഉത്തര മാനുഷിക (പോസ്റ് ഹ്യൂമന്‍) സാഹചര്യം എന്ന് പോലും ഈ കാലത്തെ നിര്‍വചിക്കേണ്ടിവന്നേക്കും.

ഡിജിറ്റല്‍ കാലഘട്ടത്തില്‍ മനുഷ്യശരീരത്തിന്റെ പവിത്രത നഷ്ടമായേക്കും എന്ന ഭീതി പോലെത്തന്നെയാണ്, കല എന്ന സങ്കല്‍പനത്തിന് ഈ അതിസാങ്കേതിക പരിസരത്തില്‍ നിലനില്‍പുണ്ടോ എന്ന സംശയവും. 1960കളില്‍ തന്നെ ഉത്തര രൂപവാദം (പോസ്റ് ഫോര്‍മലിസം) പോലുള്ള അന്വേഷണങ്ങള്‍ കലയുടെ അസ്തിത്വത്തെ സംശയാസ്പദമാക്കി. സൌന്ദര്യവാദത്തിന്റെയും ആധുനികതയുടെയും ധാര്‍മിക ന്യായങ്ങളെ ഘടനാനന്തരവാദവും ഉത്തരാധുനികതയും അപ്രസക്തമാക്കി. കലയുടെയും സൌന്ദര്യത്തിന്റെയും അപ്രമാദിത്വത്തെയും സാര്‍വകാലിക-സാര്‍വജനീന നാട്യങ്ങളെയും അട്ടിമറിക്കാന്‍ ഈ വാദങ്ങള്‍ സഹായകമായി എങ്കിലും അവ പുതിയ യാഥാസ്ഥിതികത്വങ്ങളും മഹാഖ്യാനങ്ങളും ആയി പരിണമിക്കുന്നില്ലേ എന്ന സംശയവും അസ്ഥാനത്തല്ല. അക്കാദമികവും സാംസ്ക്കാരികമാത്രവുമായ വിചാരങ്ങള്‍ക്കും പരിശോധനകള്‍ക്കും ഗവേഷണങ്ങള്‍ക്കും മാത്രമായി സൌന്ദര്യത്തെ പരിമിതപ്പെടുത്താനാവില്ലെന്നും, വാണിജ്യവത്ക്കരിക്കപ്പെട്ട ജനപ്രിയതയെ വന്‍ തോതിലും കൂടുതല്‍ ലാഭകരമായ വിധത്തിലും കൈവശപ്പെടുത്തുകയും മുതലെടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വ്യാവസായികതയിലേക്ക് സംസ്ക്കാരം പരിണമിച്ചിരിക്കുന്നുവെന്നതുമാണ് യാഥാര്‍ത്ഥ്യം. ഡിജിറ്റല്‍ മാധ്യമത്തിലെ കലാപരത, വര്‍ത്തമാനകാല സംസ്ക്കാരത്തെ അടിസ്ഥാനപരമായി തന്നെ പരിഗണിക്കാതെ വിലയിരുത്താനാവില്ലെന്നാണ് പറഞ്ഞു വരുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിലെ ശൈലി എന്നത് സാംസ്ക്കാരിക മൂലധനത്തിന്റെ രൂപവും ഭാവവുമാണ്. കലാ-മാധ്യമ-ഡിസൈന്‍ സ്കൂളുകളില്‍ നിന്ന് പുറത്തു വരുന്ന ഭാവനാ സമ്പന്നരും പ്രതിഭാധനരുമായ ചെറുപ്പക്കാര്‍ കലാപരീക്ഷണങ്ങള്‍ക്കു വേണ്ടി മാത്രം ജീവിതം മാറ്റി വെക്കേണ്ടതില്ലാത്തവിധത്തില്‍ അവരെ കോര്‍പ്പറേറ്റ് വ്യവസായം പിടികൂടിക്കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടര്‍ നിര്‍മിത ഇമേജുകളും ആനിമേഷനും ചലനഗ്രാഫിക്സും സൃഷ്ടിച്ചെടുക്കാനായി വ്യാവസായിക-വാണിജ്യ ലോകം അവരെ ഒഴിവില്ലാത്ത തരത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കലയും കച്ചവടവുമെന്നതു പോലെ, കലയും ശാസ്ത്രവും തമ്മിലുള്ള പിളര്‍പ്പും അദൃശ്യമാവുന്ന സാഹചര്യമാണ് ഡിജിറ്റല്‍ യുഗത്തില്‍ സംജാതമായിരിക്കുന്നത്. നവോത്ഥാന കാലഘട്ടത്തിലെ മഹാപ്രതിഭ ലിയോനാര്‍ദോ ഡാവിഞ്ചി, ഒരേ സമയം ഒരു ശാസ്ത്രജ്ഞനും കലാകാരനും സാങ്കേതികവിദഗ്ദ്ധനുമായിരുന്നു. ഡിജിറ്റല്‍ കാലത്തെ കലാകാരനും കലാകാരിയും ഇതേ വിധത്തിലുള്ള ബഹുമുഖ പ്രതിഭകളായിരുന്നേ മതിയാകൂ. മാത്രമല്ല, പുതിയ കാലത്തെ ആസ്വാദകരും ഇത്തരത്തില്‍ ബഹുമുഖത്തിലുള്ള രൂപഭാവങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാകണം. വിചാര-വിശകലന മാതൃകാപരിസരം മുഴുവനായി മാറിത്തീര്‍ത്തിന്നിരിക്കുന്നുവെന്ന് സാരം.

സംസ്ക്കാരവും പ്രാദേശികതയും വംശീയതയും എപ്രകാരമാണ് ഡിജിറ്റല്‍/മനുഷ്യേതര സന്ദര്‍ഭത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുക എന്ന ഉത്ക്കണ്ഠ ഇതിനൊക്കെ ശേഷവും സജീവമായി നിലനില്‍ക്കുന്നു. സംഗീതത്തിന്റെ കാര്യമെടുക്കുക. ശുദ്ധമായ വായ് പാട്ടും പശ്ചാത്തലത്തിലുള്ളതും സ്വതന്ത്രവുമായ ഉപകരണ സംഗീതവും അപ്രസക്തവും അനാവശ്യവുമാകുന്ന വിധത്തില്‍ എന്തും ഏതു വിധേനയും മിക്സ് ചെയ്യുകയും പുനരാവിഷ്ക്കരിക്കുകയും പുനക്രമീകരിക്കുകയും ചെയ്യാന്‍ സാധ്യമായ അനന്ത സാധ്യതകളാണ് ഡിജിറ്റല്‍ യുഗം തുറന്നിട്ടിരിക്കുന്നത്. ഓരോ സമുദായത്തിന്റെയും വംശത്തിന്റെയും പ്രദേശത്തിന്റെയും പാട്ടുകളെ മറ്റുള്ളവരെക്കൊണ്ടു കൂടി പാടിക്കുകയും കേള്‍പ്പിക്കുകയും ചെയ്ത ലോകമാനവികതയുടെയും ജനപ്രിയതയുടെയും ഒന്നാം ഘട്ടം കടന്ന് ഡിജിറ്റല്‍ സംഗീത യുഗം, പുതിയ ജനപ്രിയതയെയും അതുവഴി പുതിയ മനുഷ്യകുലത്തെയും സൃഷ്ടിക്കാന്‍ മാത്രം ശക്തമായി പരിണമിച്ചിരിക്കുന്നു. അതുവഴി, ദൃശ്യകല എന്ന അര്‍ത്ഥത്തില്‍ സാമാന്യമായി സങ്കല്‍പ്പിക്കപ്പെടുകയും നിര്‍വഹിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്തു പോന്നിരുന്ന സിനിമ അടക്കമുള്ള ആധുനിക മാധ്യമങ്ങളെ ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ പരിചരിക്കപ്പെടേണ്ട സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

എഴുത്തുകാരന്‍ അഥവാ കലാ സ്രഷ്ടാവ് എന്ന അതിരൂപത്തെ ഡിജിറ്റല്‍ കാലഘട്ടം കരിച്ചു കളയുന്നു. പലര്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന ശില്‍പമായി മാത്രമേ ഡിജിറ്റല്‍ കലക്ക് രൂപപ്പെടാനാവുകയുള്ളൂ. തീര്‍ന്നില്ല, ആസ്വാദകര്‍ക്ക് പ്രതിപ്രവര്‍ത്തനത്തിനുള്ള (ഇന്ററാക്റ്റീവ്) സാധ്യതകള്‍ കൂടി ലഭ്യമാവുന്ന തരത്തിലാണ് പുതിയ കാലത്തെ ഡിജിറ്റല്‍ കല വിഭാവനം ചെയ്യപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍; അടഞ്ഞ കലാരൂപങ്ങള്‍ക്കു പകരം, തുറന്ന കലാ പാഠങ്ങളായിരിക്കും ഡിജിറ്റല്‍ കാലത്തുണ്ടാകുക. സ്രഷ്ടാക്കള്‍ നിശ്ചയിച്ചിരിക്കുന്ന അനുപാതങ്ങള്‍(പരാമീറ്ററുകള്‍) അനുവാചകര്‍ മാറ്റിമറിക്കുമ്പോള്‍ വാകുലപ്പെടേണ്ടതില്ലെന്നു സാരം. എല്ലാ പുതിയ സാങ്കേതിക വിസ്ഫോടനങ്ങളും മാറ്റം ഉണ്ടാക്കുമെന്ന വിശ്വാസം ശരി വെക്കുന്ന തരത്തില്‍ തന്നെയാണ് ഡിജിറ്റല്‍ കാലഘട്ടവും കാര്യങ്ങളെ മാറ്റി മറിച്ചിരിക്കുന്നത്. എന്നാല്‍, ഭൂതകാലവുമായി മുഴുവന്‍ അര്‍ത്ഥത്തില്‍ വിടുതല്‍ പ്രാപിച്ച ഒരവസ്ഥയായി ഈ പരിണാമാനന്തര കാലത്തെ നിരൂപിക്കേണ്ടതുമില്ല. വീണ്ടും ബ്രെഹ്റ്റ് പറഞ്ഞതിലേക്ക് തിരിച്ചു വരാം. മുതലാളിത്ത കോര്‍പ്പറേഷനുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന സാങ്കേതിക വിസ്മയങ്ങളില്‍ കണ്ണഞ്ചിപ്പോകാതെ, അതേ സാങ്കേതികപ്പുതുമയെ ഗുണകരവും പുരോഗമനപരവുമായ സാമൂഹ്യ മാറ്റത്തിനായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ചലച്ചിത്ര വിമര്‍ശനത്തിന്റെ വിചാരപരിസരത്തെയും ഡിജിറ്റല്‍ കാലഘട്ടം മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുകയാണ്. സൌന്ദര്യം, ഇതിവൃത്തം, പ്രത്യയശാസ്ത്രം, പ്രതിനിധാനം എന്നീ ഘടകങ്ങളാണ് ചലച്ചിത്ര വിമര്‍ശനം സാമാന്യമായി അന്വേഷിച്ചു പോന്നിരുന്നത്. സങ്കീര്‍ണത, സന്ദിഗ്ദ്ധത, സാന്ദ്രത, വിവരങ്ങളുടെ ആധിക്യം എന്നിങ്ങനെയുള്ള വിഷയങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഏതായാലും പഴയ രീതികള്‍ മതിയാവില്ല. അക്കാദമികളിലെയും സര്‍വകലാശാലകളിലെയും പുസ്തകങ്ങളിലെയും ചലച്ചിത്ര വിമര്‍ശന സിദ്ധാന്തങ്ങള്‍ പലതും അസ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. വരേണ്യത/ജനകീയത, ജനപ്രിയത/ജനകീയത എന്നിങ്ങനെയുള്ള രണ്ടു ദ്വന്ദ്വങ്ങളുടെയെങ്കിലും അടിസ്ഥാനങ്ങളെ ഡിജിറ്റല്‍ കാലം മാറ്റിത്തീര്‍ത്തു കഴിഞ്ഞു. പ്രതിനിധാനം, ആഹ്ളാദം, ഉപഭോഗം എന്നീ അവസ്ഥകളില്‍ ഒതുങ്ങിയിരുന്ന സാമാന്യജനങ്ങളിലാരും ഏതു സമയവും സ്രഷ്ടാവായിത്തീരുന്ന ഘട്ടമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ബഹുജനമാധ്യമ(മാസ് മീഡിയ) ങ്ങളുടെ ഉത്പാദന-വിതരണ-ആസ്വാദന പ്രക്രിയകളും തകിടം മറിഞ്ഞുകൊണ്ടിരിക്കുകയാണ്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവുകള്‍ മുന്‍കാലത്തെന്നതു പോലെ ഇപ്പോഴുമുണ്ട്.

സിനിമ എന്ന സാങ്കേതിക രൂപം കണ്ടു പിടിക്കുന്നതിനും എത്രയോ മുമ്പു തന്നെ, യാഥാര്‍ത്ഥ്യത്തിന്റെ സമ്പൂര്‍ണമായ പ്രതിനിധാനം രൂപപ്പെടുത്താന്‍ മനുഷ്യര്‍ ആഗ്രഹിച്ചിരുന്നു. നിശ്ശബ്ദ സിനിമ വളര്‍ന്ന് ശബ്ദവും വര്‍ണവും ത്രിമാനവും മറ്റും ഉള്‍ച്ചേര്‍ത്ത് ഇപ്പോഴെത്തി നില്‍ക്കുന്ന അവസ്ഥ പരിപൂര്‍ണതയിലെത്തിയെന്ന് നമുക്ക് തോന്നുമെങ്കിലും ഇനിയും അതിന്റെ പരിണാമങ്ങള്‍ ഏതു വിധത്തിലായിരിക്കും എന്നു പ്രവചിക്ക വയ്യ. ആന്ദ്രേ ബാസിന്‍ പറയുന്നതു പോലെ, സിനിമ ഇനിയും കണ്ടു പിടിക്കപ്പെടേണ്ടിയിരിക്കുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാങ്കേതിക മുന്നേറ്റം, പരിപൂര്‍ണ സിനിമ എന്ന ലക്ഷ്യത്തിലേക്ക് ദൂരം കുറച്ചു എന്ന് കരുതാവുന്നതാണ്. കലാകാരന്റെ ഇടപെടലും കാലത്തിന്റെ അസാധ്യമായ തിരിച്ചു പോക്കും ബാധ്യതയാവാത്ത വിധത്തില്‍, ലോകത്തെ അതിന്റെ തന്നെ ഇമേജായി പുനര്‍ നിര്‍മിക്കാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നതാണ് സമഗ്ര സിനിമ എന്നാണ് ബാസിന്‍ നിര്‍വചിക്കുന്നത്. മുഴുവന്‍ ലോകത്തെയും ഇന്റര്‍നെറ്റിലൂടെ തൊട്ടും കണ്ടും കേട്ടും അറിയാനാകുകയും, അനലോഗ് ഇമേജ് നിര്‍മിതിയുടെ കാലതാമസങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഉപഗ്രഹങ്ങളിലൂടെയും കേബിളുകളിലൂടെയും വയര്‍ലെസ്സായും അപ്പപ്പോള്‍ ലോകം നമുക്കു മുമ്പിലും നമുക്കിടയിലും സ്ഥിതി ചെയ്യുകയും ചലിക്കുകയും ചെയ്യുന്നതു തന്നെയല്ലേ പരിപൂര്‍ണത? റുഡോള്‍ഫ് ആര്‍ണ്ഹീം 1933ല്‍ തന്നെ മുന്നറിയിപ്പു തന്നതു പോലെ; ഈ പരിപൂര്‍ണ സിനിമക്കൊപ്പം, നിശ്ശബ്ദ/ശബ്ദ/വര്‍ണ സിനിമകള്‍ക്കു കൂടി നില്‍ക്കാന്‍ അവസരം കൊടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ദുരന്താത്മകമായിത്തീര്‍ന്നേക്കും. മനുഷ്യരുടെ നഗ്ന നേത്രങ്ങള്‍ക്ക് അസാധ്യമായ തരത്തിലുള്ള ഒരു കാഴ്ചയും ദര്‍ശനവുമാണ് സിനിമ എന്ന കലാരൂപം രൂപപ്പെടുത്തിയെടുത്തത്. ആ അമാനുഷിക ദര്‍ശനവും കൂടി ചേരുമ്പോഴാണ് ആധുനിക കാലത്തെ മാനവികത കൂടുതല്‍ വികസിതമാവുന്നത്. ഡിജിറ്റല്‍ കാലത്തും അത് അപ്രകാരം തന്നെയായിരിക്കും.

*
ജി പി രാമചന്ദ്രന്‍

Wednesday, August 24, 2011

ഉത്തരാധുനിക ഒളിപ്പുരകള്‍

ബോളിവുഡ് സിനിമയും മറാത്തി, തമിഴ് അടക്കമുള്ള മറ്റ് ഇന്ത്യന്‍ പ്രാദേശിക ഭാഷാ സിനിമകളും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി. പുതിയ തലമുറ സംവിധായകരും പുതുമുഖ നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ധാരാളമായി സിനിമാ രംഗത്തേക്ക് കടന്നുവന്നു. നാടക സംസ്കാരത്തിന്റെ മഹത്തായ ഭൂതകാലത്തെ പുതിയ രീതിയില്‍ പ്രയോജനപ്പെടുത്തുന്ന നവ മറാത്തി സിനിമയും; തമിഴകത്തിനകത്തുള്ള വിഭിന്ന പ്രാദേശികതകളെ ആഘോഷിക്കുന്നതും ശിവാജി ഗണേശന്‍ മുതല്‍ തുടങ്ങി തമിഴ് സിനിമയെ മൂടിനിന്ന അതിഭാവുകത്വം വെടിയുന്നതുമായ നവ-യഥാതഥ തമിഴ് സിനിമയും; സദാചാരമടക്കമുള്ള വിഷയങ്ങളില്‍ വേറിട്ട സമീപനങ്ങള്‍ പരീക്ഷിച്ച ബോളിവുഡും സ്വീകരിക്കപ്പെട്ടപ്പോഴും മലയാള സിനിമ മാറില്ല എന്നു തന്നെയാണ് കരുതപ്പെട്ടിരുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൗണ്‍ പോലുള്ള അറുബോറന്‍ സിനിമകള്‍ ഈയടുത്തും ബോക്സ് ഓഫീസില്‍ വിജയം നേടുന്നതും; നീലത്താമര, രതിനിര്‍വേദം, അവളുടെ രാവുകള്‍ , തകര, ഇണയെതേടി, ചട്ടക്കാരി തുടങ്ങിയ അര്‍ധ അശ്ലീല(സോഫ്റ്റ് പോണോ) സിനിമകള്‍ "ക്ലാസിക് സിനിമകള്‍" എന്ന വ്യാജ വേഷമണിഞ്ഞ് പുനരവതരിക്കുന്നതും പോലുള്ള കപടനാടകങ്ങള്‍ കാണുമ്പോള്‍ , മലയാള മുഖ്യധാരാ സിനിമ കെട്ടിക്കിടക്കുന്നതും ഒഴുക്കു നിലച്ചതുമായ ചെളിക്കുളമായി തുടരും എന്ന പ്രതീതിയാണുണ്ടാക്കിപ്പോന്നിരുന്നത്. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ മഹാനഗരങ്ങളില്‍ നൂറുകണക്കിന് മള്‍ട്ടിപ്ലെക്സുകള്‍ പ്രവര്‍ത്തനമാരംഭിച്ചതും വിദേശരാജ്യങ്ങളില്‍ ഫലപ്രദമായ റിലീസ് സാധ്യമായതും പുതിയതരം ഹിന്ദി, മറാത്തി, തമിഴ് സിനിമകളുടെ സാമ്പത്തിക നിലകളെയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശത്തും കുടിയേറിയിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ദേശത്തേക്കുള്ള തിരിച്ചുപോക്കിന്റെ പ്രതീതിയാണ് പ്രാദേശിക സിനിമകള്‍ ഉളവാക്കുന്നത്. മെട്രോ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളില്‍ പ്രാദേശിക സിനിമകള്‍ക്ക് സ്ലോട്ട് അനുവദിക്കുന്നതിനാല്‍ പുതിയ രീതിയിലുള്ള ഒരു സംസ്കാര/പ്രദേശ വിനിമയം സാധ്യമാവുന്നു എന്നു ചുരുക്കം. വളരെ കൂടിയ ടിക്കറ്റ് നിരക്കുകളുള്ളതിനാല്‍ , "അലമ്പുകേസുകള്‍" മള്‍ട്ടിപ്ലെക്സിനകത്തേക്ക് കയറില്ല. തിയറ്ററുകളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്ന വരേണ്യ/മധ്യ വര്‍ഗ പ്രേക്ഷകര്‍ ഇതുമൂലം സിനിമ കാണാന്‍ തിരിച്ചെത്തി എന്നാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസം നടപ്പായപ്പോള്‍ , കണ്ട "അണ്ടനും അടകോടനും" ഇടയിലിരുന്നു പഠിക്കാന്‍ നിര്‍ബന്ധിതരായ സവര്‍ണ-വെണ്ണപ്പാളിക്കുട്ടികള്‍ , ഇംഗ്ലീഷ് മീഡിയവും സിബിഎസ്ഇയും ഐസിഎസ്ഇയും വന്നപ്പോള്‍ രക്ഷപ്പെട്ടതു പോലുള്ള ഒരു രക്ഷപ്പെടലാണ്, മള്‍ട്ടിപ്ലെക്സുകള്‍ വന്നപ്പോള്‍ വരേണ്യ/മധ്യ വര്‍ഗത്തിനുണ്ടായിരിക്കുന്നത്. പാന്‍ പരാഗ് തുപ്പി നിറക്കുന്നവരും സിഗരറ്റും ബീഡിയും വലിച്ചൂതി വിടുന്നവരും മദ്യപാനികളും കടുത്ത തോതില്‍ അശ്ലീലമായ കമന്റുകള്‍ പാസാക്കുന്നവരുമായ "തെണ്ടി"വര്‍ഗത്തില്‍ പെട്ട കാണികളില്‍നിന്ന് മാന്യന്മാര്‍ക്കും കൊച്ചമ്മമാര്‍ക്കും അമുല്‍ ബേബിമാര്‍ക്കും രക്ഷപ്പെടാനും അവരുടെ വിനോദാവകാശം സംരക്ഷിക്കാനുമുള്ള ഉത്തരാധുനിക ഒളിപ്പുരകളായി മള്‍ട്ടിപ്ലെക്സുകള്‍ പരിണമിച്ചുകഴിഞ്ഞു.

ള്‍ട്ടിപ്ലെക്സുകള്‍ വ്യാപകമാകുന്നതോടെ, ഇവയിലെത്തുന്ന തരത്തിലുള്ള ധനികരും വരേണ്യരും സവര്‍ണരുമായ കാണികളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള സിനിമകളും നിര്‍മിക്കപ്പെട്ടു തുടങ്ങി. ശരത്ചന്ദ്ര ചതോപാധ്യായ 1917ല്‍ എഴുതിയ പ്രസിദ്ധ ബംഗാളി നോവലായ "ദേവദാസി"ന്റെ പല ചലച്ചിത്ര ഭാഷ്യങ്ങള്‍ ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, ഉറുദു, ആസാമീസ് ഭാഷകളിലായി ഇന്ത്യ, പാകിസ്ഥാന്‍ , ബംഗ്ലാദേശ് രാജ്യങ്ങളില്‍നിന്ന് ഇറങ്ങിയിട്ടുണ്ട്. ഷാരൂഖ് ഖാനും ഐശ്വര്യാ റായിയും മാധുരി ദീക്ഷിതും നടിച്ച് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പതിപ്പായിരുന്നു(2002) ഇന്ത്യയില്‍ അവസാനമിറങ്ങിയത്. മള്‍ട്ടിപ്ലെക്സ് യുഗത്തില്‍ , അത്തരം പ്രേക്ഷകരോട് സംവദിക്കുന്ന തരത്തിലുള്ള ഒരു "ദേവദാസ്" അടുത്ത കാലത്ത് ഹിന്ദിയിലിറങ്ങുകയുണ്ടായി. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ദേവ് ഡി(2009) ആയിരുന്നു അത്. പേരില്‍പോലും കടന്നുവരുന്ന എസ്എംഎസ്/ഇമെയില്‍ ചുവ ശ്രദ്ധേയമാണ്. പഞ്ചാബിന്റെയും ഡല്‍ഹിയുടെയും പശ്ചാത്തലത്തിലാണ് ദേവ് ഡി ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെ ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ, കമിതാക്കളുടെ കുടുംബങ്ങള്‍ നടത്തുന്ന ആദരക്കൊലപാതകങ്ങളു(ഓണര്‍ കില്ലിങ്)ടെയും ഡല്‍ഹി പബ്ലിക് സ്കൂളിലുണ്ടായ എംഎംഎസ് വിവാദത്തിന്റെയും ബിഎംഡബ്ല്യു കാറോടിച്ച് മദ്യപനും നിരാശനുമായ ധനികന്‍ വഴിയോരത്തുള്ളവരെ കൊന്നതിന്റെയും മറ്റും സമകാലിക സൂചനകള്‍ തിങ്ങിനിറയുന്ന നൂതനമായ രീതിയാണ് ദേവ് ഡിക്കുള്ളത്. ബോളിവുഡിലെ ഗതിമാറ്റ ചിത്രമായിട്ടാണ് ദേവ് ഡി വിലയിരുത്തപ്പെട്ടത്. കേരളത്തിലിതിനകം രണ്ട് മള്‍ട്ടിപ്ലെക്സുകളേ(ഒബ്റോണ്‍ മാളിലെ സിനിമാക്സ്(ഇടപ്പള്ളി), ഗോള്‍ഡ് സൂക്കിലെ ക്യൂ സിനിമാസ്(വൈറ്റില)) പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളൂ എങ്കിലും മള്‍ട്ടിപ്ലെക്സ് പ്രേക്ഷകര്‍ക്കിണങ്ങുന്ന തരത്തിലുള്ള സിനിമകള്‍ (കോക്ക്ടെയില്‍ , മെട്രോ, ട്രാഫിക്ക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് ന്‍ പെപ്പര്‍ , ചാപ്പാക്കുരിശ്) തുടരെത്തുടരെ ഇറങ്ങിത്തുടങ്ങിയെന്നത് ഈ പശ്ചാത്തലത്തിലാണ് പ്രസ്താവ്യമാകുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നായകനെന്നു നാം കരുതിപ്പോരുന്ന ആള്‍ അവസാനം വില്ലനും വില്ലനെന്നു ധരിക്കുന്ന ആള്‍ നന്മയുടെ പക്ഷത്തുള്ള ആളുമായി മാറുന്ന മറിമായംകൊണ്ടാണ് കോക്ക്ടെയില്‍(അരുണ്‍ കുമാര്‍) ശ്രദ്ധേയമാകുന്നത്.

ഒരു വിവാഹബന്ധത്തിലെ ഭര്‍ത്താവും മറ്റൊരു വിവാഹബന്ധത്തിലെ ഭാര്യയും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ; അവരുടെ സാമ്പ്രദായിക വിവാഹബന്ധങ്ങളും അവിടത്തെ സ്നേഹപരിലാളനകളും ബര്‍ത്ത്ഡേ കേക്കുകളും ഒരുവശത്ത് നിലനിര്‍ത്തിക്കൊണ്ടു തന്നെ, മറുവശത്ത് അവിഹിതബന്ധത്തിലേര്‍പ്പെടുന്നതാണ് കഥാതന്തു. ഈ സദാചാര ധ്വംസനത്തെ തുറന്നുകാണിക്കാനായി, ഇരകളാക്കപ്പെട്ട ധാര്‍മിക ഭര്‍ത്താവും ധാര്‍മിക ഭാര്യയും ചേര്‍ന്നൊരുക്കുന്ന ഭീഷണി നാടകങ്ങളാണ് രവി ഏബ്രഹാം(അനൂപ് മേനോന്‍) എന്ന മുഖ്യ കഥാപാത്രത്തെയും കാണികളെയും സ്തബ്ധരാക്കിക്കൊണ്ട് സിനിമയില്‍ നിറഞ്ഞുകിടക്കുന്നത്. ന്യൂക്ലിയര്‍ വിദഗ്ധനായ വെങ്കിടി(ജയസൂര്യ)യുടെ പത്നിയുമായി രഹസ്യ പ്രണയത്തിലാകുന്ന അയാള്‍ക്ക് ജോലി, സമ്പാദ്യം, ദാമ്പത്യം, പിതൃത്വം എന്നീ കാര്യങ്ങളിലൊക്കെ നഷ്ടം സംഭവിക്കുന്നതായി തോന്നലുളവാക്കിക്കൊണ്ട്; എന്നാല്‍ നഷ്ടങ്ങള്‍ സംഭവിക്കാത്ത വിധത്തിലുള്ള കഥാന്ത്യത്തിലേക്കാണ് ഇതിവൃത്തം സഞ്ചരിക്കുന്നത്. അതേ സമയം വെങ്കിടിയെ വഞ്ചിക്കുന്ന ദേവി എന്ന ഭാര്യക്കോ ആത്മഹത്യാ ശ്രമത്തിനുശേഷം ജീവഛവമായി കിടക്കേണ്ട ഗതിയാണുണ്ടാകുന്നത്. "പിഴച്ച" സ്ത്രീക്ക് മാന്യ/സമാധാന ജീവിതം നിഷേധിക്കുന്ന പഴയ മലയാള/തമിഴ് സിനിമകളുടെ ശിക്ഷാവിധി ലഭിക്കുകയും ചെയ്യുന്നു. സാമാന്യമായ ഇതിവൃത്ത സ്വീകരണത്തിലും ആഖ്യാനശൈലിയിലും നൂതനത്വം പരീക്ഷിക്കവെ തന്നെ സദാചാര-ധാര്‍മിക ബലതന്ത്രങ്ങളിലും സ്ത്രീപുരുഷ സ്വഭാവരൂപീകരണാഭ്യാസങ്ങളിലും സാമ്പ്രദായികതയോട് രാജിയാവുന്നതിലൂടെയാണ് പുതിയ സിനിമയുടെ ജനപ്രിയതയും രൂപീകരിക്കപ്പെടുന്നത് എന്നതിന്റെ കൃത്യമായ ലക്ഷണമായി കോക്ക്ടെയിലിനെ വിലയിരുത്താം. മലയാള സിനിമ എത്ര മാറിയാലും അതിന്റെ കമ്യൂണിസ്റ്റ് വിരുദ്ധവും മുസ്ലിംവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മുന്‍വിധികള്‍ മാറില്ല എന്നതിന്റെ ഉദാഹരണമായി ട്രാഫിക്ക് എന്ന സിനിമ മാറിത്തീര്‍ന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതി രാജേഷ്പിള്ള സംവിധാനം ചെയ്ത ഈ സിനിമ, മലയാള സിനിമയുടെ മാറ്റത്തിന്റെ സൂചകം എന്ന വിധത്തില്‍ അച്ചടി/ദൃശ്യ മാധ്യമങ്ങളിലും ബ്ലോഗുകളിലും ഗൂഗിള്‍ ബസ്സ്/ഫെയ്സ് ബുക്ക് ചര്‍ച്ചകളിലും കൊണ്ടാടപ്പെടുകയും തിയറ്റര്‍ സര്‍ക്യൂട്ടില്‍ സാമാന്യം തിരക്കോടെ ഓടുകയും ചെയ്തു. ഇപ്പോള്‍ ട്രാഫിക്കിന്റെ ഡിവിഡികളും സിഡികളും വ്യാപകമായി വിറ്റഴിയുന്നു.

സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നത്, കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലായ സുദേവന്‍ (ശ്രീനിവാസന്‍) എന്ന പൊലീസുകാരന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫീസില്‍ പോയി പതിനായിരങ്ങള്‍ കവറിലിട്ട് പാര്‍ടി സെക്രട്ടറിക്ക് കൈക്കൂലി കൊടുത്ത് മന്ത്രിക്ക് ശുപാര്‍ശ നടത്തി ജോലിയില്‍ തിരികെ കയറുന്ന സീനാണ്. പാര്‍ടി സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് വിളിക്കുമ്പോഴാകട്ടെ സസ്പെന്‍ഷനിലായ പൊലീസുകാരന്‍ "നായരാ"ണെന്ന കാര്യവും ശ്രദ്ധിക്കണമെന്ന് പറയുന്നുണ്ട്. പാര്‍ടി അഴിമതിക്കും സവര്‍ണഹിന്ദുത്വത്തിനും കീഴ്പ്പെട്ടിരിക്കുന്നുവെന്ന മാധ്യമ പ്രചാരണമാണ് തിരക്കഥാകാരന്മാര്‍ക്കും സംവിധായകനും പ്രേരകമായതെന്നും കരുതാം.

കൊച്ചി നഗരത്തിലെ തിരക്കുള്ള ഒരു നാല്‍ക്കവലയിലുണ്ടാകുന്ന അപകടത്തില്‍ പെട്ട് റെയ്ഹാന്‍ (വിനീത് ശ്രീനിവാസന്‍) എന്ന യുവാവ് മരണാസന്നനാകുന്നു. ഇനിയും മിടിപ്പ് നിലച്ചിട്ടില്ലാത്ത അയാളുടെ ഹൃദയം രണ്ടര മണിക്കൂര്‍കൊണ്ട് പാലക്കാട്ടുള്ള അഹല്യ ഹോസ്പിറ്റലിലെത്തിച്ചാല്‍ അവിടെ മരിക്കാന്‍ കിടക്കുന്ന കൗമാരക്കാരിയുടെ ജീവന്‍ രക്ഷിക്കാനാവും എന്ന കണ്ടെത്തലിനെ തുടര്‍ന്ന് വഴിയിലുള്ള ട്രാഫിക്ക് മുഴുവനും മരവിപ്പിച്ചു നിര്‍ത്തി പൊലീസ് വാഹനത്തില്‍ ഹൃദയവുമായി കുതിക്കുന്നതാണ് കഥാതന്തു. ബോധത്തിലും അബോധത്തിലുമുള്ള മുസ്ലിം വിരുദ്ധതയാണ് ട്രാഫിക്കിനെ സംബന്ധിച്ച ഏറ്റവും ആശങ്കാകുലമായ വസ്തുത. റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ലാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകനും ഹൃദയം പോകുന്ന പോക്കില്‍ ഒരു ബിലാല്‍ കോളനിയെ ഘടിപ്പിച്ചാണ് പ്രശ്നം രൂക്ഷമാക്കുന്നത്. മൈനോറിറ്റിയുടെ കോളനിയാണത്, മുമ്പേ റെയ്ഡിനു പോയപ്പോള്‍ പൊലീസിനെ തടഞ്ഞവരാണ് എന്നെല്ലാമുള്ള മുന്‍വിധിയോടെ ഈ മുസ്ലിം കോളനിയായിരിക്കും വിശാലമായ മാനുഷിക കാരുണ്യ പ്രവര്‍ത്തനത്തിന് വിഘാതമാകുക എന്ന് പ്രഖ്യാപിക്കുന്ന ബോബി, സഞ്ജയ്, രാജേഷ്പിള്ള എന്നിവര്‍ കൊച്ചിയില്‍നിന്ന് പാലക്കാട്ടേക്കു പകരം കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കോ അല്ലെങ്കില്‍ പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കോ ഒന്നു യാത്ര ചെയ്യണം. ഇത്തിരി സ്പീഡില്‍ വിട്ടാലും തരക്കേടില്ല. കൊച്ചിയില്‍ നിന്നാണെങ്കില്‍ , ചങ്ങരം കുളം വിട്ടാലും; പാലക്കാട്ടു നിന്നാണെങ്കില്‍ കരിങ്കല്ലത്താണി വിട്ടാലും നിങ്ങള്‍ പ്രവേശിക്കുന്നത് മലപ്പുറം ജില്ലയിലേക്കായിരിക്കും. പിന്നെ ഏതാണ്ട് രാമനാട്ടുകര എത്തുന്നതു വരെയും, സംഘപരിവാറിന്റെയും മലയാള സിനിമാക്കാരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഈ "ഭീകര"ജില്ലയിലൂടെ (ബോംബിവിടെ മലപ്പുറത്ത് ഇഷ്ടംപോലെ ലഭിക്കുമല്ലോ(ആറാം തമ്പുരാന്‍), മലപ്പുറത്തുണ്ടായ വര്‍ഗീയ ലഹള(വിനോദയാത്ര) നിങ്ങള്‍ക്ക് യാത്ര ചെയ്തേ മതിയാവൂ. പക്ഷേ ഒരു കാര്യമുണ്ട്. അപകടം പറ്റുകയാണെങ്കില്‍ മലപ്പുറത്തുവെച്ച് പറ്റണം എന്നാണ് തെക്കന്‍ മലബാറിലെ പ്രയോഗം. കേസുവരുമോ; പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങി കാലു തേയുമോ; രക്തം കൊടുക്കേണ്ടി വരുമോ; ആശുപത്രിയില്‍ പണമടച്ച് കറങ്ങേണ്ടി വരുമോ എന്നൊന്നും പേടിക്കാതെ അപകടത്തില്‍ പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയും വേണ്ട വൈദ്യ ശുശ്രൂഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കാര്യത്തില്‍ മലപ്പുറം ജില്ലയിലുള്ള മുസ്ലിങ്ങളും ഹിന്ദുക്കളും അല്ലാത്തവരുമടങ്ങുന്ന മുഴുവന്‍ ജനങ്ങളും കാണിക്കുന്ന ശുഷ്കാന്തി ലോകോത്തരമാണ്. അതു മനസ്സിലാക്കാതിരിക്കുകയും മുസ്ലിം കോളനിക്കാരെ നിയന്ത്രിക്കാന്‍ സൂപ്പര്‍ സ്റ്റാറിന്റെ ഫാന്‍സ് അസോസിയേഷന്‍ എന്ന കൂവല്‍ സംഘത്തെ ഇറക്കുകയും ചെയ്യുന്നതായി കാണിക്കുന്ന ട്രാഫിക് എന്ന സിനിമ ഒരു സാംസ്കാരിക കുറ്റകൃത്യമാണെന്ന് സധൈര്യം അഭിപ്രായപ്പെട്ട ബി അബൂബക്കര്‍ (മലയാള്‍ ഡോട്ട് എഎം) അഭിനന്ദനമര്‍ഹിക്കുന്നു.

എന്‍ട്രന്‍സ് ജ്വരത്തെക്കാളും മികച്ചത് റിയാലിറ്റി ഷോയാണെന്ന അസംബന്ധം എഴുന്നള്ളിച്ച "മകന്റെ അച്ഛനെ" വിജയിപ്പിച്ച മലയാളികള്‍ ട്രാഫിക്കിനെയും വിജയിപ്പിച്ചു എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. വീട്ടിലെ പ്ലെയറില്‍ ഡിവിഡി കാണുന്നതു പോലെയാണ് സിറ്റി ഓഫ് ഗോഡി(ലിജോ ജോസ് പെല്ലിശ്ശേരി)ന്റെ ആഖ്യാനം. ഫാസ്റ്റ് ഫോര്‍വേഡ്, ബാക്ക്, സ്പീഡ്, സ്ലോ എന്നിങ്ങനെ. താന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സങ്കീര്‍ണമായ ഒരു കളി(puzzle) ഇട്ടു കൊടുക്കുകയാണ് ചെയ്തത് എന്ന് സംവിധായകന്‍ ഒരു ടി വി അഭിമുഖത്തില്‍ അഭിമാനിക്കുന്നതും കാണാനിടയായി. അതായത്, പ്രേക്ഷകനെ കേവലമായി വിഭ്രമിപ്പിക്കുക എന്നല്ലാതെ, നൂതനമായ ഒരു ഇതിവൃത്തമോ ആഖ്യാനരീതിയോ കൊണ്ടുവരാന്‍ തന്റെ പക്കല്‍ സ്കോപ്പില്ല എന്ന് പറയാതെ പറയുകയാണ് സംവിധായകന്‍ .

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ , റിയല്‍ എസ്റ്റേറ്റ് മാഫിയ, ബിസിനസ് ഗ്രൂപ്പുകള്‍ എന്നിവരുടെ കഥകളാണ് പരസ്പരം ഇടകലര്‍ന്ന് സിറ്റി ഓഫ് ഗോഡിനെ പ്രസക്തമാക്കുന്നതെങ്കിലും ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനോ വിശകലനം ചെയ്യാനോ ശ്രമിക്കാതെ ആഖ്യാനത്തില്‍ സങ്കീര്‍ണതയും കളികളും പരീക്ഷിച്ചു നോക്കുന്നതിലപ്പുറം ഒന്നും കാണികളെ ചലിപ്പിക്കാന്‍ ചിത്രത്തിലില്ല എന്നതാണ് വാസ്തവം. മുസ്ലിമിനെയും ഒരളവു വരെ തമിഴരെയും കുറ്റാരോപിതര്‍/പരിഹാസ്യര്‍/രാജ്യത്തോടും സമൂഹത്തോടും സമാധാനത്തോടും കൂറില്ലാത്തവര്‍ എന്ന പ്രതിനിധാനത്തില്‍ തളച്ചിടാതിരിക്കാനുള്ള സിറ്റി ഓഫ് ഗോഡിന്റെ പരിമിതമെങ്കിലും ശ്രദ്ധേയമായ ശ്രമം രേഖപ്പെടുത്താതിരിക്കാനുമാവില്ല.

ലൈംഗികതയെ മാനുഷികാനുഭവം എന്ന അവസ്ഥയില്‍നിന്ന് പറിച്ചുമാറ്റി പ്രദര്‍ശിപ്പിക്കാനും കണ്ട് നിര്‍വൃതിയടയാനുമുതകുന്ന രീതിയില്‍ ചരക്കുവത്ക്കരിക്കുന്നതില്‍ സിനിമ, പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമ നിര്‍വഹിച്ച പങ്ക് അതിവിപുലമാണ്. ലോകത്തിലെ ഏറ്റവും ലൈംഗികോത്തേജനപരമായ സിനിമ (മോസ്റ്റ് ഇറോട്ടിക് സിനിമ) എന്നാണ് ഇന്ത്യന്‍ സിനിമ ഒരര്‍ഥത്തില്‍ നിര്‍വചിക്കപ്പെടുന്നതു തന്നെ. ഈ പ്രവണത പുതിയ കാലത്തും നിര്‍ബാധം തുടരുന്നുണ്ട്. അതോടൊപ്പം, മനുഷ്യ ജീവിതത്തിന്റെ മറ്റൊരു അവിഭാജ്യ ഘടകമായ ഭക്ഷണത്തെയും ഇപ്രകാരം പ്രദര്‍ശനച്ചരക്കായി മാറ്റാന്‍ ടെലിവിഷന്റെ കടന്നുവരവോടെ ദൃശ്യമാധ്യമ വ്യവസായത്തിനു സാധിച്ചിരിക്കുന്നു. ചാനലുകളിലെ നൂറായിരം പാചകപരിപാടികള്‍ ജനപ്രിയമായതിനു പുറകിലെ രഹസ്യം മറ്റൊന്നുമല്ല. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാത്തിനെയും മുതലാളിത്തം മുമ്പുതന്നെ ചരക്കുവത്ക്കരിച്ചിരുന്നു. ധാന്യങ്ങളും പച്ചക്കറിയും ഇറച്ചിയും മീനും ടിന്‍ ഫുഡും ഹോട്ടലുകളും ബേക്കറികളും ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകളും മുതല്‍ അവശിഷ്ട ഭക്ഷണംവരെ മുതല്‍ മുടക്കാനും ലാഭം കുന്നുകൂട്ടാനും കഴിയുന്ന ചരക്കുകളായതിനാല്‍ , നേരിട്ടുള്ള കച്ചവടത്തിനും ഊഹക്കച്ചവടത്തിനും വിധേയമായിട്ടാണ് മുതലാളിത്തം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെയാണ്, ഭക്ഷണത്തെ ഒരു പകിട്ടാര്‍ന്ന പ്രദര്‍ശന വസ്തുവാക്കി പരിണമിപ്പിച്ച് അതില്‍നിന്ന് ലാഭം കൊയ്യാനുള്ള മുതലാളിത്തത്തിന്റെ തന്ത്രങ്ങള്‍ പുതിയ കാലത്ത് പ്രാവര്‍ത്തികമായിരിക്കുന്നത്. ലക്ഷ്മി നായരെപ്പോലുള്ള പാചകറാണികള്‍ ടെലിവിഷനിലെ സൂപ്പര്‍സ്റ്റാറുകളായതിനു പിന്നില്‍ ഈ പ്രതീതി/പ്രദര്‍ശന/ചരക്കുവത്ക്കരണ രാഷ്ട്രീയമാണ് കാരണമാകുന്നത് എന്നു കാണാം.

ഈ പ്രവണതയുടെ ചലച്ചിത്ര രൂപാന്തരമായിട്ടു വേണം സോള്‍ട്ട് ന്‍ പെപ്പര്‍ (ഉപ്പും കുരുമുളകും) എന്ന ആഷിക് അബു സംവിധാനം ചെയ്തതും വമ്പിച്ച തോതില്‍ ജനപ്രീതി നേടിയെടുത്തതുമായ, നവ തലമുറ സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്ന സിനിമയെയും പരിഗണിക്കാന്‍ . സോള്‍ട്ട് ന്‍ പെപ്പറിന്റെ തുടക്കത്തിലുള്ള ടൈറ്റില്‍ രംഗം വളരെ സവിശേഷമാണ്. ടൈറ്റിലിനു മുമ്പ്, പഴയ കാലത്തെ ഒരു ക്ലാസ് മുറി കാണിച്ച് ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് അല്ല, ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത് എന്ന പഴകിപ്പുളിച്ച ഫലിതം ആവര്‍ത്തിക്കുകയും; നായക കഥാപാത്രമായ കാളിദാസന്റെ കുട്ടിപ്പതിപ്പിനെക്കൊണ്ട് ഉണങ്ങിയ വാളന്‍പുളി വായിലിട്ട് ഊമ്പിക്കുടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാണികളുടെ മുഴുവന്‍ വായില്‍ വെള്ളം വരുത്തുന്ന തന്ത്രത്തെ പ്രശംസിച്ചേ മതിയാകൂ! ഇതിനു പിറകെ; തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടല്‍ , ചാലയിലെ ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കുന്ന കട, എറണാകുളത്തെ ബി ടി എച്ച്, കോഴിക്കോട്ടെ പാരഗണും സാഗറും പോലുള്ള ഹോട്ടലുകള്‍ , പാരഗണ്‍ ഹോട്ടലിനടുത്ത് കണ്ണൂര്‍ റോഡില്‍ പടിഞ്ഞാറു ഭാഗത്തായുള്ള സര്‍ബത്ത് കട തുടങ്ങി കേരളത്തിലെ പ്രധാന ഫുഡ് ജോയിന്റുകള്‍ മുഴുവനും അവയിലെയും അല്ലാത്തതുമായ ഭക്ഷണ വിഭവങ്ങളും നിറത്തെളിമയോടെ ആഘോഷിക്കുന്ന ടൈറ്റില്‍ രംഗം ഗംഭീരമായിട്ടുണ്ട്. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് സാള്‍ട്ട് എന്‍ പെപ്പറിന്റെ വിശേഷണപദം തന്നെ. കേരളീയ ഭക്ഷണം എന്ന രീതിയില്‍ കാളനോലനവിയലും ഇഡ്ഡലിയും സ്ഥാപനവല്‍ക്കരിക്കുന്ന സവര്‍ണാധീശത്വപരമായ മുന്‍ ശ്രമങ്ങളെ (ദേശാടനം/ജയരാജ്- ഓരോ ഫ്രെയിമിലും ഒരു മലയാള സിനിമ(ഒ എന്‍ വി), ഇഡ്ഡലിയിലും ഫാസിസമോ?(അടൂര്‍)) പൊളിച്ചടുക്കുന്നതിനാല്‍ സോള്‍ട്ട് ന്‍ പെപ്പറിന് ചരിത്രപ്രസക്തിയുമുണ്ടെന്നത് സുവ്യക്തമാണ്. കാളനാവാമെങ്കില്‍ കാളയുമാവാമെന്ന കെ ഇ എന്നിന്റെ വിവാദപരാമര്‍ശം ശ്രദ്ധിച്ചിട്ടാണെങ്കിലും അല്ലെങ്കിലും ശരി, ഭക്ഷണത്തിന്റെ പ്രാചീന/നവ കേരളത്തെ പ്രദര്‍ശിപ്പിക്കാനുള്ള പരിശ്രമത്തിലെങ്കിലും മാംസഭക്ഷണത്തെ നിറവോടെ ഉള്‍പ്പെടുത്തിയത് അഭിനന്ദനാര്‍ഹമാണ്.

നൂതനമായ രീതിയിലുള്ള പോസ്റ്റര്‍/പ്രൊമോ ഡിസൈനുകള്‍ , ബോറടിപ്പിക്കാത്ത അവതരണം, അധരവും അധരവും സ്പര്‍ശിച്ചുകൊണ്ടുള്ള ചുംബനത്തിന്റെ ഒളിപ്പിക്കാത്ത ദൃശ്യം, ഒന്നിച്ച് ഒരേ വീട്ടില്‍ താമസിക്കുന്ന സ്ത്രീകള്‍ നവവത്സരം ആഘോഷിക്കുന്നതിന് ബീര്‍ കഴിക്കുന്ന രംഗം എന്നിങ്ങനെ യാഥാസ്ഥിതികരെ അമ്പരപ്പിക്കുന്ന ചില പൊടിക്കൈകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ലിംഗപരവും വംശീയവുമായ ധ്വനികളും ഊന്നലുകളും അത്യപകടകരമാം വിധം അധികാരോന്മുഖവും പ്രതിലോമപരവുമാണ്. ഒരു ഫോണ്‍ മേടിക്കാനും അത് ചെവിയില്‍ വച്ചുകൊണ്ടു നടക്കാനും ഏതു കൊശവനും സാധിക്കും എന്ന മായ(ശ്വേതാ മേനോന്‍)യുടെ അധിക്ഷേപം അങ്ങേയറ്റം ദളിത് വിരുദ്ധവും ഇന്ത്യന്‍ ഭരണഘടനാ ലംഘനവുമാണ്. സെന്‍സര്‍ ബോര്‍ഡ് എന്തിന് കുത്തിയിരിക്കുന്നു എന്ന ചോദ്യവും ഉന്നയിക്കാനാഗ്രഹിക്കുന്നു. തെറി പറയുമ്പോള്‍ , അധരം അതിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയും പീ..പ്പീ എന്ന ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുക എന്ന, പുതിയ സെന്‍സറിങ്ങിനെ പരിഹസിക്കല്‍ രീതിക്കു പകരം തങ്ങളുടെ ജാതിക്കുശുമ്പ് ഇപ്രകാരം നഗ്നമായി ഉള്‍പ്പെടുത്തിയ തിരക്കഥാകൃത്തുക്കളുടെയും സംവിധായകന്റെയും അഹന്ത തികച്ചും പ്രതിഷേധാര്‍ഹമാണ്.

ഇബ്നു ബത്തൂത്ത കൊടുത്ത കവചകുണ്ഡലം ശേഖരിക്കാനും പിന്നെ കാടന്‍ രീതിയിലുള്ള ഭക്ഷണപാചകവിധി പഠിക്കാനുമെന്ന പേരില്‍ ആദിവാസി മൂപ്പനെ ബലമായി കടത്തിക്കൊണ്ടു വന്ന് വീട്ടില്‍ നിലത്തിരുത്തുന്ന നായകനായ കാളിദാസന്റെ(ലാല്‍) രീതികള്‍ നഗരവത്കൃത മധ്യവര്‍ഗ സവര്‍ണരുടെയും സവര്‍ണ ബോധത്തിന് കീഴ്പ്പെട്ട ഒബിസിക്കാരുടെയും ജാത്യാധീശത്വമല്ലാതെ മറ്റൊന്നുമല്ല. മേജര്‍ രവി ചിത്രങ്ങളിലേതു പോലെ, മനുഷ്യാവകാശ പ്രവര്‍ത്തകരെ പരസ്യമായി പരിഹസിക്കുന്ന രംഗവും നിഷ്കളങ്കമായ ഒന്നല്ല. നവവത്സരത്തിന് കള്ളടിച്ച് ബോധം കെട്ട് കിടന്നുറങ്ങുന്ന മനു(ആസിഫ് അലി) കാലത്ത് ഉണരുമ്പോള്‍ , ആദിവാസി മൂപ്പനെ കെട്ടിപ്പിടിച്ചാണ് കിടക്കുന്നതെന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന ഞെട്ടല്‍പോലുള്ള തമാശകളുടെ നാഗരികപൈങ്കിളിത്തരം അറപ്പുളവാക്കുന്നു. കൊശവന്‍ പ്രയോഗത്തിലൂടെ ദളിത് വിരുദ്ധവും ആദിവാസിമൂപ്പനെ മൂലക്കിരുത്തുന്നതിലൂടെ ആദിവാസി വിരുദ്ധവുമായി മാറിക്കഴിയുന്ന സോള്‍ട്ട് ന്‍ പെപ്പറിന് മുസ്ലിം വിരുദ്ധവും കൂടിയാകാതെ "സമഗ്ര" മലയാള സിനിമയാവാനാവില്ല എന്ന തിരിച്ചറിവിനാലാകണം, പര്‍ദയെ പരിഹസിക്കുന്ന രംഗവുംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. മായയും മീനാക്ഷിയും(മൈഥിലി) കല്‍പനയും ചേര്‍ന്ന് താമസിക്കുന്ന വീട്ടിന്റെ ഉമ്മറത്ത് കല്‍പന നടത്തുന്ന ബ്യൂട്ടി പാര്‍ലറിലെ സ്ഥിരം കസ്റ്റമറായ മധ്യവയസ്ക, സൗന്ദര്യവര്‍ധനവെല്ലാം വരുത്തി പര്‍ദ ധരിച്ച് പുറത്തിറങ്ങി, വെളിയില്‍ കാത്തിരിക്കുന്ന ഭര്‍ത്താവിനു മുന്നില്‍ പ്രത്യക്ഷപ്പെടുകയും മുഖപടം ഒന്ന് പൊന്തിച്ച് അയാളില്‍ യാ അള്ളാ എന്ന് ആശ്ചര്യമുളവാക്കിപ്പിക്കുകയും ചെയ്തതിനുശേഷം മുഖംമൂടി അയാളോടൊപ്പം നടന്നു നീങ്ങുന്നു. ഇയാളെ കാണിക്കാന്‍ മാത്രമാണോ ഇവള്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നതെന്ന പരാമര്‍ശം തിയറ്ററിലെ കാണികളില്‍ നിന്നുയരുകയും ചെയ്യുന്നു. ബോധപൂര്‍വം കാണികളുടെ മുസ്ലിം വിരുദ്ധതയും പര്‍ദ പരിഹാസവും ഉദ്ദീപിപ്പിച്ച് മുതലെടുക്കാനാണ് സംവിധായകന്റെ ശ്രമമെന്ന് വ്യക്തം.

നിലനിന്നു പോരുന്ന മലയാള സിനിമയുടെ ഭാവുകത്വത്തെ പരിഹസിക്കാനുള്ള സോള്‍ട്ട് ന്‍ പെപ്പറിന്റെ ഉദ്യമം, ഉദയനാണ് താരം പോലെ പ്രകടനാത്മകമല്ലെങ്കിലും അതിനേക്കാള്‍ ഗുണപരമാണ്. ഡബ്ബിങ് ആര്‍ടിസ്റ്റായ മായ തിരശ്ശീലയിലെ പഴഞ്ചനും വഴുവഴുക്കനുമായ ദൃശ്യങ്ങള്‍ നോക്കി, കരിമീശക്കാരാ നീ ആല്‍ത്തറയില്‍ വന്നു നിന്ന കാലം പോലുള്ള അറുബോറനും പൈങ്കിളിയുമായ ഡയലോഗുകള്‍ പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും; ഒറ്റക്കാണെന്നതിനാല്‍ ലൈംഗികാവശ്യങ്ങള്‍ക്കായി സംവിധായകരാലും മറ്റ് സാങ്കേതിക പ്രവര്‍ത്തകരാലും സമീപിക്കപ്പെടുന്നതും മലയാള സിനിമക്കകത്തും പുറത്തും നിലനില്‍ക്കുന്ന കാലത്തിന്റെ മാറ്റത്തിനു വിരുദ്ധമായ രാഷ്ട്രീയ അപാകവും സ്ത്രീവിരുദ്ധതയും സൂചിപ്പിക്കാനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അതോടൊപ്പം, അവസാന ടൈറ്റിലുകള്‍ക്ക് മുമ്പുള്ള അവിയല്‍ ബ്രാന്റിന്റെ നാടന്‍പാട്ട്-അയ്യപ്പന്‍ കുയ്യപ്പന്‍ ആനക്കള്ളന്‍ -റോക്ക് രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ പാട്ടുകാര്‍ അണിയുന്ന ടീഷര്‍ടുകള്‍ ശ്രദ്ധിക്കുക. കഴിഞ്ഞ പത്തു നാല്‍പതു വര്‍ഷമായി മലയാള സിനിമാ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ ഭാവുകത്വത്തിന്റെ കീ വേഡുകളാണ് ടീഷര്‍ടുകളിലെ ലിറ്ററേച്ചര്‍ .

ദശകങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധ മഹാഖ്യാനം രൂപീകരിച്ചെടുക്കുന്നതില്‍ തുടര്‍ച്ചയായി വിജയിക്കുന്ന "സന്ദേശ"ത്തില്‍നിന്ന് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, "നാടോടിക്കാറ്റി"ല്‍ നിന്ന് സാധനം കൈയിലുണ്ടോ, "പട്ടണപ്രവേശത്തി"ല്‍നിന്ന് മലപ്പുറം കത്തി അമ്പും വില്ലും, "ഒരു വടക്കന്‍ വീരഗാഥ"യില്‍നിന്ന് ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ തുടങ്ങിയ ഡയലോഗുകളെഴുതിപ്പിടിപ്പിച്ചിരിക്കുന്നത്, ഇവയെല്ലാം കളഞ്ഞ് പുതിയ കാലത്തേക്ക് മലയാള സിനിമാ പ്രേക്ഷകരെ ആനയിക്കാനുള്ള ക്ഷണമായി കരുതാം. വിവാഹിതയാകാതെ സ്ത്രീക്ക് നിലനില്‍പ്പില്ല എന്ന, മലയാള/തമിഴ് സിനിമകള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ധാര്‍മിക/സദാചാര ഉപദേശം സ്ഥാപിച്ചെടുക്കുന്നതിനുതകുന്ന തരത്തിലുള്ള ഇതിവൃത്താന്ത്യം ചിത്രത്തെ വീണ്ടും പുരുഷാധീശത്വപരമായ സാമൂഹിക വീക്ഷണത്തില്‍ കൊണ്ടു ചെന്നു കെട്ടുകയും ചെയ്യുന്നു. പുതിയ കാലത്തെ വര്‍ഗ/ലിംഗ/വംശ/മത സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തപ്പെടുന്ന, സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാക്കുരിശ്, കിം ഹാന്‍ മിന്‍ സംവിധാനം ചെയ്ത ഹാന്റ് ഫോണി(2009/തെക്കന്‍ കൊറിയ)ന്റെ കോപ്പിയടിയാണെന്നാണ് ഇന്റര്‍നെറ്റിലെ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഒബിസിക്കാരനും കറുത്ത തൊലിനിറക്കാരനുമായ നടന്‍ (പ്രശസ്ത ചലച്ചിത്രകാരനും നടനുമായ ശ്രീനിവാസന്റെ മകനും, പാട്ടുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ വിനീത് ശ്രീനിവാസന്‍) അവതരിപ്പിക്കുന്ന അടിസ്ഥാന വര്‍ഗക്കാരനായ മുസ്ലിം കഥാപാത്രമാണ് അന്‍സാരി(അഭയാര്‍ഥി, കുടിയേറ്റക്കാരന്‍ , പ്രവാസി എന്നൊക്കെയാണ് അഭയാര്‍ഥി എന്ന പദത്തിന്റെ വാച്യാര്‍ഥം)യുടേതെങ്കില്‍ , വെളുവെളുത്തവനായ മുസ്ലിം നടന്‍ (പ്രശസ്ത സംവിധായകനും ഹിറ്റ് മേക്കറുമായ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍) അവതരിപ്പിക്കുന്ന ഉന്നതകുലജാതനായ ക്രിസ്ത്യാനിയാണ് അര്‍ജുന്‍ സാമുവല്‍ . ദരിദ്രനേക്കാള്‍ സമര്‍ഥനും വഞ്ചകസ്വഭാവവുമുള്ളവനായിരിക്കും ധനികന്‍ എന്ന പഴയ മലയാള, തമിഴ് സിനിമകളുടെ തീരുമാനം ചാപ്പാക്കുരിശും ആവര്‍ത്തിക്കുന്നുണ്ട്. ദരിദ്രരായ കാണികളോട് സമഭാവപ്പെട്ടു നില്‍ക്കാനും അവരിലൂടെ ജനപ്രിയത നേടിയെടുക്കാനുമുള്ള അക്കാലത്തെ സിനിമാക്കാരുടെ തന്ത്രമായി വിലയിരുത്തപ്പെട്ട ഈ പക്ഷപാതിത്വം മാറിയ കാലത്തെ കച്ചവടക്കാരെ സഹായിക്കുമോ എന്ന് കണ്ടറിയണം. ദാരിദ്ര്യം = നന്മ, സമ്പത്ത് = തിന്മ എന്ന സമവാക്യദ്വന്ദ്വം സമ്പന്നന്മാരുടെയും ജനപ്രീതി നേടിയെടുക്കുന്നതെന്തുകൊണ്ട് എന്ന കൗതുകകരമായ പ്രശ്നം ഇതിനു പുറകെ നാം നിര്‍ധാരണം ചെയ്യേണ്ടി വരുകയും ചെയ്യും.

വില കൂടിയതും ആകര്‍ഷണീയവുമായ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വളരെ സമീപത്ത് കൈയകലത്ത് എപ്പോഴുമുണ്ടായിരിക്കുകയും ധനികര്‍ അത് നിഷ്പ്രയാസം വാങ്ങിപ്പെറുക്കുകയും ചെയ്യുന്നത് കണ്ട് വെള്ളമിറക്കാനല്ലാതെ അവ അനുഭവിക്കാന്‍ കഴിയാത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലെ അനേകം അസംഘടിത തൊഴിലാളികളിലൊരാള്‍ എന്ന നിലയില്‍ അന്‍സാരിയുടെ കഥാപാത്രം ആധുനികകാലത്തെ വര്‍ഗ സംഘര്‍ഷത്തെ വ്യക്തമാക്കാന്‍ ഉതകുന്നതാണ്. വേണ്ടപ്പോള്‍ ഉപയോഗിക്കുകയും പിന്നെ വലിച്ചെറിയുകയും ചെയ്യുക എന്ന നവ-ഉപഭോക്താവിന്റെ മനോഭാവമാണ് അര്‍ജുന്‍ എന്ന ധനികന്‍ സോണിയ(രമ്യാ നമ്പീശന്‍) എന്ന തന്റെ സെക്രട്ടറി അടക്കമുള്ള സ്ത്രീകളോടും വച്ചു പുലര്‍ത്തുന്നത്. സ്ത്രീയെ ചരക്കായി കണക്കാക്കുന്ന, കേരളീയവത്ക്കരിച്ച മുതലാളിത്തരീതി കൃത്യമായി പിന്തുടരുന്ന ഒരു പുരുഷ-ധനികനാണയാള്‍ എന്നു ചുരുക്കം. ഐ ഫോണ്‍ , ബ്ലാക്ക് ബെറി, നോക്കിയ 1100, ലാപ്പ്ടോപ്പ് തുടങ്ങിയ ഗാജറ്റുകള്‍(നവീന സാങ്കേതിക ഉപകരണങ്ങള്‍); യു ട്യൂബ്, നെറ്റ് വര്‍ക്ക് തുടങ്ങിയ സാങ്കേതിക പശ്ചാത്തലങ്ങള്‍ ; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക, ബാറ്ററി ചാര്‍ജ്, പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാതിരിക്കുക എന്നിങ്ങനെയുള്ള മൊബൈല്‍ പെരുമാറ്റങ്ങള്‍ വരെ കഥാപാത്രങ്ങളുടെ തുല്യസ്ഥാനത്തു വരുന്നു എന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. ഇടക്കാലത്തു കെട്ടിപ്പൊക്കിയതും പാതി ഉപേക്ഷിക്കപ്പെട്ടതുമായ ഏതോ പടുകൂറ്റന്‍ ഷോപ്പിങ് കോപ്ലക്സിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങിലുള്ള വൃത്തികെട്ട മൂത്ര-മല വിസര്‍ജനാലയങ്ങളില്‍ വച്ച് അവര്‍ നടത്തുന്ന ദീര്‍ഘമായ സംഘട്ടനം പുതിയ കേരളത്തിലെ നഗരവത്ക്കരണ വൈരുധ്യങ്ങളെ വ്യക്തമായി തുറന്നു കാണിക്കുന്നു.

അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക/ലൈംഗികേതര ഭാവനകള്‍ ചുമരെഴുത്തുകളായും ചിത്രങ്ങളായും ബഹിര്‍ഗമിക്കപ്പെടുന്ന പൊതു കക്കൂസുകളുടെ പശ്ചാത്തലം തികച്ചും അര്‍ഥഗര്‍ഭമാണ്. പ്രതിലോമകരമായ ഭാവുകത്വ പുനര്‍ നിര്‍മാണത്തിലൂടെ, മുഖ്യധാരാ മലയാള സിനിമയെ താരാധിപത്യത്തിലും സാറ്റലൈറ്റ് അവകാശങ്ങളുടെ സാമ്പത്തിക വിഷമവൃത്തത്തിലും തളച്ചിടാനുള്ള തന്ത്രങ്ങളെ പുതുതലമുറ മറികടക്കുവാന്‍ ആരംഭിച്ചു എന്നതാണ് ഈ സിനിമകളില്‍ ചിലത് ഭേദപ്പെട്ട ബോക്സ് ഓഫീസ് വിജയങ്ങള്‍ നേടുന്നു എന്നതിന്റെ സ്വാഗതാര്‍ഹമായ സൂചന. അങ്ങനെയായിരിക്കുമ്പോഴും, നവോത്ഥാനാനന്തര കേരളത്തിന്റെ രാഷ്ട്രീയ ഉന്മുഖതയെ പരിഹസിക്കുന്നതും വംശീയവും ലിംഗപരവും ആയ ആധിപത്യ വാസനകളെ പുനരാനയിക്കുന്നതുമായ ഇതിവൃത്ത/ആഖ്യാന രീതികള്‍ പുതിയ ജനപ്രിയതാ രൂപീകരണത്തെയും നിര്‍ണയിക്കുന്നുവെന്ന ആശങ്കാകുലമായ വസ്തുത കാണാതിരിക്കാനുമാവില്ല.

*
ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരിക 21 ആഗസ്റ്റ് 2011

Friday, April 8, 2011

തെരഞ്ഞെടുപ്പിൽ ചര്‍ച്ചാവിഷയങ്ങളാകേണ്ട വിഷയങ്ങൾ

അഴിമതി തുടച്ചുനീക്കലും, വിജ്ഞാനസമൂഹസ്ഥാപനവും, മലയാളഭാഷയുടെ ശാക്തീകരണവും , അതുവഴിയുള്ള കേരളത്തിന്റെ സമഗ്രവികസനവും ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങളാക്കുക

തെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതിനിര്‍മാര്‍ജ്ജനവും, സമഗ്രവികസനവും സജീവചര്‍ച്ചാവിഷയങ്ങളായിരിക്കുകയാണല്ലോ. അഴിമതി തടയാനായി ഒരു പുതിയ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രശസ്ത ഗാന്ധിയനായ അന്ന ഹസാരെ തുടങ്ങിയ നിരാഹാരസമരം വമ്പിച്ച ജനപിന്തുണ നേടിക്കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും, കോൺ‌ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഒരു തലവേദനയായി മാറിയിരിക്കുന്നു. വികസനത്തിന്റെ മറവില്‍ പലപ്പോഴും നടക്കുന്ന അഴിമതിയെ രാഷ്ട്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ ശ്രീ ഹസാരെയും , ശ്രീമതി മേധാപട്കര്‍ പോലുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിജയിച്ചിരിക്കുന്നു. അതിലവര്‍ നമ്മുടെ കൃതജ്ഞത അര്‍ഹിക്കുന്നു,

പക്ഷേ ഇത്തരം സമരങ്ങളില്‍ എടുത്തുചാടുന്ന പലരുടെയും ലോകവീക്ഷണത്തിന്റെ പരിമിതിയും ഈ സമരം വെളിപ്പെടുത്തുന്നു. ഒരു ലോക്പാല്‍ നിയമം വന്നാല്‍ അഴിമതി ഇല്ലാതാകുമോ? നിയമങ്ങളുടെയോ , നീതീന്യായ സ്ഥാപനങ്ങളുടെയോ കുറവാണോ അഴിമതി പെരുകാന്‍ കാരണം? നീതിപീഠത്തെത്തന്നെ അഴിമതി വിഴുങ്ങിയില്ലേ ? ഉദ്യോഗസ്ഥസംവിധാനവും പട്ടാളം പോലും അഴിമതിയുടെ കയത്തില്‍ മുങ്ങിയില്ലേ? ഇത്തരം പ്രശ്നങ്ങളൊന്നും സമഗ്രമായി പരിഗണിക്കാതെ കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കാനോടുന്ന മൂഢന്‍മാരെപ്പോലെ അഴിമതിക്കു ഒറ്റമൂലിയായി ജന്‍ ലോക്പാല്‍ സംവിധാനത്തെ അവതരിപ്പിക്കുന്നതു ലോകവീക്ഷണത്തിന്റെ പരിമിതി തന്നെ.

എന്നാല്‍ ഇത്തരത്തില്‍ അഴിമതിനിര്‍മാര്‍ജനവും വികസനവും ആയി ബന്ധപ്പെട്ടു കാലാകാലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും പലതുകൊണ്ടും വ്യത്യസ്തമായിരുന്നു 2011 ആദ്യ ആഴ്ചയില്‍ തിരുവനന്തപുരത്തു നടന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകള്‍.

സാമ്രാജ്യത്വ നേതൃത്വത്തിലുള്ള ആഗോളവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ സാമ്രാജ്യത്വആഗോളവല്‍ക്കരണത്തിനുള്ള യഥാര്‍ത്ഥ ബദലായി സാര്‍വദേശീയസഹകരണത്തില്‍ അധിഷ്ഠിതമായ സാര്‍വദേശീയവിജ്ഞാനസമൂഹം എന്ന സങ്കല്പത്തെ അത് തത്വത്തില്‍ അംഗീകരിച്ചു. അതുപോലെ തന്നെ വിജ്ഞാനസമൂഹമെന്ന അവസ്ഥയിലേക്കുള്ള കേരളത്തിന്റെ (മറ്റു നാടുകളുടെയും) പ്രയാണത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള ഇ-ഭരണത്തിനും, അതുവഴി ഉണ്ടാകാന്‍ പോകുന്ന സമഗ്രഭരണപരിഷ്കാരത്തിനും, നിര്‍ണ്ണായകപങ്കുവഹിക്കാനുണ്ട് എന്നും പഠനകോണ്‍ഗ്രസ് വിലയിരുത്തി. പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകളെ വിലയിരുത്തികൊണ്ട് അതിന്റെ അമരക്കാരിലൊരാളായിരുന്ന കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് എഴുതിയ പ്രൌഢമായ വിശകലനത്തിലെ പ്രസക്തഭാഗങ്ങള്‍ മാത്രം ഇവിടെ ഉദ്ധരിക്കട്ടെ. (ഇതിന്റെ പൂര്‍ണ്ണരൂപം ശാസ്ത്രഗതി മാസികയുടെ ഫെബ്രുവരി - മാര്‍ച്ച് 2011 പ്രത്യേക പതിപ്പിലുള്ള അദ്ദേഹത്തിന്റെ "ആഗോളവല്‍ക്കരണ കാലത്ത് കേരളത്തിന്റെ വികസന കാഴ്ചപ്പാട് എന്തായിരിക്കണം'' എന്ന ലേഖനത്തിലുണ്ട് ).

സ്വതന്ത്രസോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള ഇ-ഗവേര്‍ണന്‍സാണ് കേരളം ലക്ഷ്യമിടേണ്ടത് -.തോമസ് ഐസക്ക്

'പരിസ്ഥിതി സൌഹൃദ സമീപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് (കേരള പഠന)കോണ്‍ഗ്രസ് വിലയിരുത്തി. ഉയര്‍ന്ന വളര്‍ച്ച സ്ഥായിയാക്കാന്‍ ഇത് കൂടിയേ തീരൂ. എല്ലാ മേഖലകളിലെയും ലിംഗനീതിയുടെ പ്രശ്നങ്ങളും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു. കേരളത്തില്‍ അടുത്തതായി നടക്കേണ്ട സാമൂഹ്യമാറ്റത്തിന്റെ ഏറ്റവും പ്രധാനമായ പ്രശ്നം ലിംഗനീതിയുടേതാണ്.

വൈജ്ഞാനിക സമൂഹമായി കേരളം മാറേണ്ടത് നമ്മുടെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതിന് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ക്ക് കേരളം നല്‍കിക്കൊണ്ടിരിക്കുന്ന മുന്‍ഗണന തുടരണം. ഇടക്കാലത്ത് വന്ന അവഗണന തിരുത്തുന്നതിന് ഈ മേഖലയിലെ നിക്ഷേപം സമീപകാലത്ത് ഗണ്യമായി ഉയര്‍ത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ മുതല്‍മുടക്ക് കൂടിയേ തീരൂ. സ്കൂള്‍ വിദ്യാഭ്യാസത്തിന്റേയും പ്രാഥമിക ആരോഗ്യ സൌകര്യങ്ങളുടേയും ഗുണനിലവാരത്തിലുണ്ടായ വലിയ ഉയര്‍ച്ച ഇനിയും മുന്നോട്ട് കൊണ്ടുപോകണം. ആരോഗ്യകരമായ കായിക സംസ്കാരത്തിനായി ആവിഷ്കരിച്ച സ്കീമുകള്‍ സമയബന്ധിതമായി നടപ്പാക്കപ്പെടണം.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് നിര്‍ണായക പങ്ക് സര്‍ക്കാരിനുണ്ട്. ഇതിന് സര്‍ക്കാരിന്റെ വിഭവശേഷി ഗണ്യമായിട്ടുയരണം. അതോടൊപ്പം കര്‍മശേഷിയിലും സമൂലമാറ്റം വേണ്ടതുണ്ട്. വിവിധ ഭരണമേഖലകളിലെ പരിഷ്കാരങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് വിലയിരുത്തി. അവയെല്ലാം സംയോജിപ്പിച്ച് ഒരു സമഗ്ര ഭരണപരിഷ്കാര സമയബന്ധിത പരിപാടി ആവിഷ്കരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഈ കടമ ഇനി നീട്ടിവയ്ക്കാനാകില്ല.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍അടിസ്ഥാനമാക്കിയുള്ള ഇ-ഗവേര്‍ണന്‍സാണ് കേരളം ലക്ഷ്യമിടേണ്ടത്. സമഗ്ര നിയമ പരിഷ്കാര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും പഠനകോണ്‍ഗ്രസ് വിലയിരുത്തി. ഭരണപരിഷ്കാരരംഗത്തെ ഏറ്റവും പ്രധാന കാല്‍വയ്പായി അധികാരവികേന്ദ്രീകരണരംഗത്തെ ഇതുവരെയുള്ള നേട്ടങ്ങളെ കണക്കാക്കണം. എന്നാല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഉദ്യോഗസ്ഥ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയും വികസനവകുപ്പുകളുടെ വിവിധതലങ്ങളിലെ ഏകോപനം സാധ്യമാക്കിയും ഈ രംഗത്തെ കടമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഭരണസംവിധാനംപോലെ വികസനത്തില്‍ സുപ്രധാന പങ്ക് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനും വഹിക്കാനുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തിരസ്കരിക്കുമ്പോള്‍തന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പുനഃസംഘടന സുപ്രധാന കടമയാണെന്ന് വിലയിരുത്തി.

പുത്തന്‍ വികസന സംസ്കാരത്തിന്റെ ആവശ്യകത ഇ.എം.എസ്. പല വട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേ‌ദങ്ങള്‍ നിലനില്ക്കും. ആഗോളവത്കരണ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പും തുടരും. എന്നാല്‍ അതേ സമയം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഇത്തരമൊരു സമീപനത്തിന് ജനാധിപത്യപരവും മതനിരപേക്ഷവുമായ സംസ്കാരം അത്യന്താപേക്ഷിതമാണ്, സാസ്കാരിക മണ്ഡലത്തിലെ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് മാധ്യമ മേഖലയെക്കുറിച്ച് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി. സമവായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും സുപ്രധാനമായ പങ്കുണ്ട്. മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരവും നിക്ഷിപ്ത താത്പര്യങ്ങളും ഇതിനു തടസ്സം നില്‍ക്കരുത്.

പഠന കോണ്‍ഗ്രസ് മുന്നോട്ടുവച്ച വികസനപരിപാടിയുടെ അടിത്തറ നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഇതിനുള്ള തുടര്‍ച്ചയാണ് ഇനി വേണ്ടത്. ഈ തുടര്‍ച്ച ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പൊതുജനാഭിപ്രായം ഉണ്ടാകണം. '

( ആഗോളവത്കരണകാലത്ത് കേരളത്തി൯റെ വികസനകാഴ്ചപ്പാട് എന്തായിരിക്കണം? -ഡോ.തോമസ് ഐസക്, ശാസ്ത്രഗതി , ഫെബ്--മാര്‍ച് 2011. തലക്കുറിപ്പ് കൂട്ടിച്ചേര്‍ത്തതാണ്. ശാസ്ത്രഗതിയുടെ വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണരൂപത്തിലുള്ള ലേഖനം വായിക്കാം)

പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകളെ ക്രോഡീകരിച്ചുകൊണ്ട് ഡോ. ഐസക് അവതരിപ്പിക്കുന്ന പുതിയ സമീപനം സര്‍വ്വാത്മനാ സ്വാഗതാര്‍ഹമാണ്. എന്നിരിക്കിലും ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ കൂടി കേരളസമൂഹത്തില്‍ നടക്കുന്ന തുടര്‍ചര്‍ച്ചകളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. വിജ്ഞാനസമൂഹനിര്‍മ്മിതി മാതൃഭാഷയില്‍ കൂടി മാത്രമേ സാധ്യമാകൂ. കേരളശാസ്ത്ര സാഹിത്യപരിഷത്തിന്റെ 48-ാം വാര്‍ഷികസമ്മേളനം പാസാക്കിയ "വിവരസാങ്കേതിക വിദ്യാരംഗത്ത് മലയാളഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക'' എന്ന പ്രമേയം ഇക്കാര്യത്തില്‍ നല്ലൊരു വഴികാട്ടിയാണ്. പ്രമേയത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു. പ്രമേയം പൂര്‍ണ്ണരൂപത്തില്‍ പരിഷത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 48ാം സംസ്ഥാനവാര്‍ഷികം അംഗീകരിച്ച പ്രമേയം

വിവരസാങ്കേതിക വിദ്യാരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക

ലോകത്തെല്ലായിടത്തേയും പോലെ കേരളത്തിലും വിവരസാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്തമേഖലകളിലും വ്യാപിക്കുകയാണ്. വിവരസാങ്കേതികവിദ്യയുടെ ഈ വ്യാപനം അറിഞ്ഞോ അറിയാതെയോ നമ്മുടെ ദൈനംദിനവ്യവഹാരങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗത്തെ തടസ്സപ്പെടുത്തുന്ന രീതിയിലായി മാറുന്നു എന്ന വസ്തുതയിലെ അപകടം ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കേരള സര്‍ക്കാരിന്റെ പ്രധാന വെബ്സൈറ്റ് മലയാളത്തില്‍ ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. മലയാളം ഉള്ള നിരവധി വെബ്സൈറ്റുകളില്‍ പോലും ഏകീകൃതലിപികള്‍ (ഫോണ്ടുകള്‍) ഉപയോഗപ്പെടുത്താത്തതുകാരണം വിദേശമലയാളികള്‍ ഉള്‍പ്പെടെ പലര്‍ക്കും അവ അപ്രാപ്യമായി തുടരുന്നു എന്ന യാഥാര്‍ത്ഥ്യവുമുണ്ട്. കേരളവുമായി ബന്ധപ്പെട്ട എല്ലാ ഐടി സംവിധാനങ്ങളിലും യൂണികോഡ് സമ്പ്രദായത്തിലുള്ള മലയാളലിപികള്‍ ഉപയോഗപ്പെടുത്തി ഇവയുടെ ഉപയോഗം സുഗമമാക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതു നടപ്പിലാക്കുന്നില്ല.

ബഹുഭൂരിപക്ഷം പേരുടെ കയ്യിലും മൊബൈല്‍ഫോണ്‍ എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഭരണസുതാര്യതക്കായി ഉപയോഗപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ എം-ഗവേണ്‍സ് അഥവാ മൊബൈല്‍ ഭരണപദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, ഇത്തരം പദ്ധതികളില്‍ അയക്കുന്ന എസ്.എം.എസുകള്‍ മലയാളത്തിലല്ല മറിച്ച് ഇംഗ്ലീഷിലാണ് എന്ന കുറവ് ചൂണ്ടികാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇംഗ്ലീഷ് ലിപി അറിയാത്ത സാധാരണ സാക്ഷരര്‍ക്ക് മൊബൈല്‍ ഭരണസംവിധാനം ഉപയോഗിക്കുന്നതിന് ഈ കുറവ് തടസ്സമാകുന്നു. മൊബൈല്‍ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ തനതുലിപിയിലുള്ള ഉപയോഗം സാധ്യമാക്കാനും, പ്രചരിപ്പിക്കാനും ഉള്ള നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളത്തേക്കാള്‍ എത്രയോ അധികം സങ്കീര്‍ണ്ണമായ ലിപികളുള്ള ചൈനീസ്, ജാപ്പാനീസ് ഭാഷകള്‍ മൊബൈല്‍ ഫോണുകളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ മലയാളം ലിപി ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത് സാങ്കേതികമായി അസാധ്യമായ ഒരു കാര്യമല്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവേഷകര്‍, മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുടെ സഹായം തേടാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

മലയാളം മറന്നുകൊണ്ടുള്ള ഐടി വ്യാപനത്തിന്റെ അപകടങ്ങളെപ്പറ്റി പറയുമ്പോള്‍ തന്നെ, ഐടിയുടെയും വിശേഷിച്ച് യൂണികോഡ് സാങ്കേതികവിദ്യയുടേയും വളര്‍ച്ച മലയാളമുള്‍പ്പെടെയുള്ള എല്ലാ പൌരസ്ത്യഭാഷകള്‍ക്കും തരുന്ന പുതിയ സാധ്യതകള്‍ കേരളത്തിലെ ഭരണവകുപ്പുകളിലും കോടതികളിലും, ബാങ്ക്, സഹകരണബാങ്ക് മുതലായ ധനകാര്യസ്ഥാപനങ്ങളിലും മലയാളത്തിന്റെ പ്രയോഗം വ്യാപകമാക്കാന്‍ ഉപയോഗിക്കണമെന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്റര്‍നെറ്റും, യൂണികോഡും വ്യാപകമാകുന്നതിന് മുമ്പ് സാങ്കേതിക വൈഷമ്യങ്ങള്‍, വിശേഷിച്ചും ടൈപ്പ്റൈറ്റര്‍ കീബോര്‍ഡുമായി ബന്ധപ്പെട്ട സാങ്കേതികവൈഷമ്യങ്ങള്‍, മലയാളത്തിന്റെ വ്യാപകഉപയോഗത്തെ തടസ്സപ്പെടുത്തിയിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ സാങ്കേതികവിദ്യാരംഗത്തെ പുതിയ മുന്നേറ്റങ്ങള്‍ അത്തരം വൈഷമ്യങ്ങള്‍ പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് സന്തോഷപ്രദമാണ്. ഈ പുതിയ സാഹചര്യത്തില്‍ മലയാളത്തിന്റെ ഔദ്യോഗികരംഗത്തെ ഉപയോഗം ശക്തിപ്പെടുത്താന്‍ താഴെപറയുന്ന നടപടികള്‍ എടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

  1. താഴ്ന്നതലം മുതല്‍ ഏറ്റവും ഉയര്‍ന്നതലം വരെയുള്ള (ഐ.എ.എസ്.കാര്‍ ഉള്‍പ്പെടെ) എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മലയാളം ഫയലുകള്‍ കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉറപ്പാക്കാനുള്ള പരിശീലനം നല്‍കണം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയ്ഡഡ് ഉള്‍പ്പെടെയുള്ള സ്കൂള്‍ / കോളേജ് അധ്യാപകര്‍ക്കും മലയാളം കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കാനുള്ള സംവിധാനം ഒരുക്കണം. ഐടി അറ്റ് സ്കൂള്‍ മുതലായ നിലവിലുള്ള സംവിധാനങ്ങളെ ഇതിനുപയോഗപ്പെടുത്തണം. കടലാസ് രഹിത ഭരണസംവിധാനത്തിന്റെ ഭാഗമായി എല്ലാ ഉദ്യോഗസ്ഥരുടെ മുമ്പിലും കമ്പ്യൂട്ടര്‍ ടെര്‍മിനലുകള്‍ എത്തുമ്പോള്‍ അവര്‍ ഫയലുകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കില്ല എന്നത് ഉറപ്പുവരുത്താന്‍ ഇതാവശ്യമാണ്.
  2. ബാങ്ക്, സഹകരണബാങ്ക് മുതലായ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കും ഇത്തരം പരിശീലനസംവിധാനം ഒരുക്കണം. എല്ലാ രേഖകളും മലയാളത്തില്‍ കൂടി ലഭ്യമാക്കാന്‍ ഈ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളെ പ്രേരിപ്പിക്കണം.
  3. നിലവില്‍ ഇംഗ്ലീഷില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് മലയാളത്തിലേക്ക് മാറുക എളുപ്പമല്ല എന്ന യാഥാര്‍ത്ഥ്യമുണ്ട്. ഈ മാറ്റം എളുപ്പമാക്കാന്‍ വേണ്ടി കേരള സര്‍ക്കാരിന്റെ മുന്‍കയ്യില്‍ വെബ്അധിഷ്ഠിത യാന്ത്രികതര്‍ജമ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അതിവേഗം തുടങ്ങണമെന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സംവിധാനം നടപ്പിലായാല്‍ ഇന്ന് ഇംഗ്ലീഷില്‍ ഉത്തരവുകളും, വിധികളും തയ്യാറാക്കുന്ന ഉന്നതഉദ്യോഗസ്ഥര്‍ക്കും, ജഡ്ജിമാര്‍ക്കും ഇംഗ്ളീഷ് പകര്‍പ്പിനോടൊപ്പം തത്സമയം തന്നെ അതിന്റെ മലയാളം പകര്‍പ്പും (ആവശ്യമെങ്കില്‍ ഹിന്ദി പകര്‍പ്പും) തയ്യാറാക്കാനും, അതുവഴി ഭരണഭാഷ (കോടതിഭാഷയും) മലയാളമാക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താനും കഴിയും
  4. മലയാളം ഇന്ന് നേരിടുന്ന ഒരു പ്രതിസന്ധി ശാസ്ത്രസാങ്കേതിക പ്രസിദ്ധീകരണങ്ങളുടെ കുറവാണ്. മൌലികമായ കൃതികളുടെ രചനവഴിയും, തര്‍ജ്ജമ വഴിയും ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരു ബൃഹദ്പരിപാടി ആവിഷ്കരിക്കണമെന്നും ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. മുകളില്‍ സൂചിപ്പിച്ച യാന്ത്രികതര്‍ജ്ജമസംവിധാനം നടപ്പിലായാല്‍ അത് ഈ കുറവ് പരിഹരിക്കാനും വഴിയൊരുക്കും.
  5. യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ സാങ്കേതിക പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കുന്നതിനും ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ്‌ പോലുള്ള കുത്തകകളുടെ താല്പര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് തടയുന്നതിനുമായി കേരള സര്‍ ക്കാര്‍ യൂണിക്കോഡ് കണ്‌സോര്‍ഷ്യത്തില്‍ അംഗമാകണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

2. വിജ്ഞാനസമൂഹനിര്‍മ്മിതിയുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട മറ്റൊരു പ്രധാന നിര്‍ദ്ദേശം സമ്പൂര്‍ണ്ണ വിജ്ഞാന സാക്ഷരതയുമായി ബന്ധപ്പെട്ടതാണ്. വിജ്ഞാനസമൂഹം തരുന്ന സാധ്യതകള്‍ തങ്ങളുടെ തൊഴില്‍ മേഖലകളിലും നിത്യജീവിതത്തിലും ഉപയോഗപ്പെടുത്താനുള്ള പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്നതാണ് ഇതുകണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ പരിശീലനം ഉദ്യോഗസ്ഥന്മാര്‍ക്കും, അധ്യാപകര്‍ക്കും, പ്രൊഫഷണല്‍ ജോലിക്കാര്‍ക്കും മാത്രമല്ല കൃഷിക്കാര്‍ക്കും ചെറുകച്ചവടക്കാര്‍ക്കും, ഡ്രൈവര്‍മാര്‍, മരപ്പണിക്കാര്‍, കല്പണിക്കാര്‍, കോണ്‍ക്രീറ്റ് പണിക്കാര്‍, ചുമട്ടുകാര്‍, പ്ളംബര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി എല്ലാവിഭാഗം തൊഴിലെടുക്കുന്നവര്‍ക്കും നല്‍കണം. ഇന്നു തൊഴിലില്ലാത്തവര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പരിശീലനം നല്‍കണം.

കേരളത്തിന്റെ പ്രത്യേകസാഹചര്യത്തില്‍ ഇത്തരം തുടര്‍പരിശീലനത്തില്‍ പ്രത്യേകപരിഗണന നല്‍കേണ്ട വിഭാഗങ്ങളാണ് പ്രവാസികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സഹകരണബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍, സഹകരണബാങ്ക് ജോലിക്കാര്‍ എന്നിവര്‍. കേരളം ഇന്നു നേരിടുന്ന പല പ്രശ്നങ്ങളും, പരിഹരിക്കാന്‍ ഇവരുടെ ശാക്തീകരണം സഹായിക്കും.

യഥാര്‍ത്ഥത്തില്‍ വിജ്ഞാനസാക്ഷരതയെ (സാധാരണ സാക്ഷരതയേയും) പശ്ചാത്തല സൌകര്യവികസനത്തിന്റെ ഭാഗമായാണ് ഇന്ന് പരിഗണിക്കേണ്ടത്. പഴയ വ്യവസായ യുഗത്തില്‍ തൊഴിലാളികളില്‍ നിന്ന് പരിമിതമായ സാക്ഷരതയേ പ്രതീക്ഷിച്ചിരുന്നുള്ളു. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് സാമൂഹ്യബാധ്യതയായി മുഖ്യധാരാധനശാസ്ത്രം കണ്ടിരുന്നത്. അതേ സമയം റോഡ്, റെയില്‍, തുറമുഖങ്ങള്‍, വൈദ്യുതി ഉല്പാദനവും, വിതരണവും എന്നീ മേഖലകളിലായിരുന്നു സാമൂഹ്യഇടപെടലുകള്‍ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ വിജ്ഞാനസമൂഹത്തില്‍ തൊഴിലാളികള്‍ക്ക് കായികകഴിവുകള്‍ മാത്രം പോരാ. മറിച്ച് ബൌദ്ധികകഴിവുകള്‍ക്കാണ് പ്രാധാന്യം. യന്ത്രവല്‍ക്കരണം വ്യാപകമായതോടെ കായികപ്രാധാന്യമുള്ള തൊഴിലുകള്‍ വളരെയേറെ കുറഞ്ഞിരിക്കുന്നു. ഇന്നു വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ തൊഴില്‍ നാശകവളര്‍ച്ച. ഇതിന്റെ ഫലമായി ഫാക്ടറി തൊഴിലാളികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. അത്തരം തൊഴിലുകളുടെ ആപേക്ഷികവരുമാനവും കുറഞ്ഞിരിക്കുന്നു. കൃഷി, ചെറുകച്ചവടം തുടങ്ങിയ തൊഴില്‍ മേഖലകളുടെ കാര്യം തികച്ചും പരിതാപകരമാണ്. ഇന്ന് കര്‍ഷകന്റേയോ, ചെറുകച്ചവടക്കാരന്റേയോ, ഫാക്ടറിതൊഴിലാളികളുടെയോ മക്കള്‍ അതേ മേഖലയില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നില്ല.

ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കും തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഈ സമ്പൂര്‍ണ്ണവിജ്ഞാനസാക്ഷരതാ പരിപാടിയെ എതിര്‍ക്കാന്‍ ചിലര്‍ വന്നേക്കാം. പല ബുദ്ധിജീവികളും പ്രത്യയശാസ്ത്രപരമായിത്തന്നെ ഇത്തരം പരിപാടികളില്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കു തൊഴില്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടിനു കാരണം നിലവിലുള്ള മുതലാളിത്ത സമൂഹത്തിന്റെ സഹജമായ പരിമിതികള്‍ മാത്രമാണ്. ഉന്നതവിദ്യാഭ്യാസവും, വിജ്ഞാനസാക്ഷരതയും ഉള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മയും പട്ടിണിയും വ്യാപകമായാല്‍ അത്തരം ഒരു സമൂഹത്തെ മാറ്റുന്ന പ്രക്രിയ അവര്‍ തന്നെ നടത്തിക്കൊള്ളും. ഈജിപ്തിലും, ടുണീഷ്യയിലും ബഹ്റൈനിലും ലിബിയയിലും എന്തിന് സൌദി അറേബ്യയില്‍ പോലും ഈ പ്രക്രിയയാണ് നാം കാണുന്നത്.

ഈ പ്രക്രിയയില്‍ ആദ്യഘട്ടത്തില്‍ അരാജകവാദികള്‍ക്കാണ് മുന്‍കൈ എന്നത് സത്യമാണ്. തുടക്കം എപ്പോഴും ഇങ്ങിനെ തന്നെ ആയിരിക്കും. കാലക്രമേണ അരാജകവാദം ഫലത്തില്‍ ഭരണവര്‍ഗത്തിനെയാണ സഹായിക്കുന്നതെന്ന് അധ്വാനിക്കുന്ന ഭൂരിപക്ഷം മനസ്സിലാക്കുകയും നിലനില്‍ക്കുന്ന സാമൂഹ്യമാറ്റത്തിനുവേണ്ടി യത്നിക്കുന്ന ശക്തികളുമായി ഐക്യപ്പെടുകയും ചെയ്യും.

വിവിധ രാജ്യങ്ങളിലായി ദശലക്ഷകണക്കിനും, കോടിക്കണക്കിനും ആയ ജനങ്ങള്‍ നടത്തിയ ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടങ്ങളോട് എക്കാലത്തും മുഖം തിരിഞ്ഞുനിന്നിട്ടുള്ളവരില്‍ ചിലരെങ്കിലും സാര്‍വ്വദേശീയ വിജ്ഞാനസമൂഹവും ആഗോളവല്‍ക്കരണത്തിന്റെ ഉദാഹരണം തന്നയല്ലേ എന്ന മുട്ടുചോദ്യം ചോദിച്ചേക്കാം. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതു കഥയറിയാതെയുള്ള ആട്ടം കാണലാണ്. ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടം എന്ന പദം ഒറ്റനോട്ടത്തില്‍ എല്ലാ വിദേശബന്ധങ്ങള്‍ക്കും വിദേശികള്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നാല്‍ വസ്തുത എന്താണ്? തുടക്കം മുതല്‍ തന്നെ സാമ്രാജ്യത്വനേതൃത്വത്തിലുള്ള ആഗോളവല്‍ക്കരണത്തിനെതിരായ സാര്‍വ്വദേശീയ ഐക്യമായാണ് ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടം നിലവില്‍ വന്നത്. ഒരു രാജ്യത്തെ ഫാക്ടറികളില്‍ തൊഴിലാളികള്‍ സമരം ചെയ്താല്‍ ഓര്‍ഡറുകള്‍ മറ്റു രാജ്യങ്ങളിലെ ഫാക്ടറികളിലേക്ക് തിരിച്ചുവിട്ട് തങ്ങളെ വിഷമവൃത്തത്തിലാക്കാനുള്ള ആഗോളമൂലധനത്തിന്റെ കഴിവ് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞ തൊഴിലാളികള്‍ സ്വമേധയാ സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരെ ആഗോള (അതായത് സാര്‍വദേശീയ) ഐക്യത്തിന് മുന്‍കയ്യെടുക്കുകയായിരുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അന്താരാഷ്ട്ര കാര്‍ ഭീമനായ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്ത് ഫാക്ടറിയില്‍ നടന്ന സമരത്തിന് സാര്‍വദേശീയ ലോഹതൊഴിലാളി ഫെഡറേഷന്‍ നല്‍കിയ പിന്തുണ. ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്തത് ഗുജറാത്ത് ഫാക്ടറിയിലെ സമരത്തിന് നേതൃത്വം കൊടുത്ത ഐ.എന്‍.ടി.യു.സി. യൂണിയനാണെന്നതും ശ്രദ്ധേയമാണ്.തൊഴിലാളികള്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും, യുവജനങ്ങളും കര്‍ഷകരും മുതല്‍ സാമൂഹ്യമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആദിവാസികള്‍വരെ ഈ സമരത്തിന്റെ സാര്‍വദേശീയ സ്വഭാവം തിരിച്ചിറിയുന്നുണ്ട്. അതുകൊണ്ടാണ് ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടങ്ങളെ വഴിതെറ്റിച്ച് വിദേശികള്‍ക്കെതിരായുള്ള അക്രമങ്ങളായും, വര്‍ഗ്ഗീയ, വംശീയ കലാപങ്ങളായും മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ പോയത്. കേരളത്തിലാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ജോലിക്ക് പോകുന്നവര്‍ ആഗോളവല്‍ക്കരണ വിരുദ്ധപോരാളികളുടെ ശത്രുസ്ഥാനത്താണ് എന്ന കുപ്രചരണം നടന്നിരുന്നു. ഐടി, ഐടി അനബന്ധമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെയും ഇത്തരം കുപ്രചരണങ്ങള്‍ നടന്നിരുന്നു. ടൂറിസം വ്യവസായവും വിമര്‍ശന വിധേയമായി. ഏതായാലും ഇന്ന് അതെല്ലാം അവസാനിച്ചിരിക്കുന്നു. ആഗോളവല്‍ക്കരണവിരുദ്ധസമരം എന്നാല്‍ മറ്റു രാജ്യങ്ങളിലെ ജനങ്ങളും നമ്മളും തമ്മില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ക്കെതിരെയുള്ള സമരമല്ല, മറിച്ച് ഇന്നത്തെ ലോകത്തിനെ കൈപ്പിടിയിലാക്കിയിരിക്കുന്ന ആഗോളകുത്തകകള്‍ക്കെതിരെയുള്ള സമരമാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

നമുക്ക് വിഷയത്തിലേക്കു കടക്കാം. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ആഗോളവല്‍ക്കരണം ഇന്നും കടുത്ത മല്‍സരവും, കീഴടങ്ങലും ആയാണ് അനുഭവപ്പെടുന്നത് എന്നത് വ്യക്തമാണ്. അഴിമതിയും കള്ളപ്പണവും ജനജീവീതം ദുസ്സഹമാക്കിയിരിക്കുന്നു. ഏതാനും ആയിരം വരുന്ന വ്യക്തികളാണ് ഇന്നത്തെ ആഗോളവല്‍കൃതസമൂഹത്തില്‍ കോടാനുകോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ ഏതാണ്ടെല്ലാം എടുക്കുന്നത്. ലോകം വെട്ടിപ്പിടിക്കാന്‍ വേണ്ടി ആഗോളകുത്തകകള്‍ നടത്തുന്ന കടുത്ത മല്‍സരങ്ങളുടെയും , നിയമലംഘനങ്ങളുടെയും , പരിസ്ഥിതിനശീകരണത്തിന്റെയും ഫലങ്ങളാണ് ആഗോളതാപനം തുടങ്ങി ഇന്ന് മനുഷ്യസമൂഹം നേരിടുന്ന ഏതാണ്ടെല്ലാ പ്രധാന പ്രതിസന്ധികളും. ഇന്ന് നാം നേരിടുന്ന ഈ പ്രതിസന്ധികളെല്ലാം തന്നെ പരസ്പരസഹകരണത്തിനായി മനുഷ്യസമൂഹത്തെ നിര്‍ബന്ധിക്കുകയാണ്. അനുനിമിഷം അനിവാര്യമായിമാറിക്കൊണ്ടിരിക്കുന്ന ഈ സാര്‍വദേശീയപരസ്പരസഹകരണവും സാമ്രാജ്യത്വനേതൃത്വത്തിലുള്ള ആഗോളവല്‍ക്കരണവും ഒന്ന് തന്നെയെന്ന് വ്യാഖ്യാനിച്ച് എതിര്‍ക്കുന്ന അരാജകവാദികള്‍ ഫലത്തില്‍ ബദലില്ലാവാദത്തെ ശക്തിപ്പെടുത്തുകയാണ്, അതുവഴി ജനങ്ങളെ നിസ്സഹായരാക്കുകയാണ്.

മുതലാളിത്തവ്യവസ്ഥയില്‍ മത്സരം മൂര്‍ഛിക്കുമ്പോള്‍ മത്സരം അതിന്റെ വൈരുദ്ധ്യാത്മകദ്വന്ദമായ സഹകരണത്തിന് വഴിമാറാന്‍ നിര്‍ബന്ധിതമാകുന്ന പ്രക്രിയയുടെ ഉദാഹരണമായും വേണമെങ്കില്‍ നമുക്ക് സാര്‍വദേശീയസഹകരണത്തില്‍ അധിഷ്ഠിതമായ സാര്‍വദേശീയവിജ്ഞാനസമൂഹം എന്ന സങ്കല്പത്തിന്റെ ആവിര്‍ഭാവത്തെ പരിഗണിക്കാം.

വിജ്ഞാനസമൂഹത്തിന്റെ വ്യാപനം തുടക്കം കുറിച്ചിട്ടേയുള്ളു. തുടക്കത്തില്‍ തന്നെ ഇത്ര വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ വിജ്ഞാനസമൂഹത്തിന്റെ വരവിനായെങ്കില്‍ പത്തുവര്‍ഷത്തിനുശേഷം എന്തായിരിക്കും അതിന്റെ പ്രഭാവം എന്ന് ചിന്തിക്കാവുന്നതേയുള്ളു. വരാന്‍ പോകുന്ന ഈ മാറ്റങ്ങളെ കണ്ണുതുറന്നു കാണാനുള്ള ബുദ്ധിയില്ല സമ്പൂര്‍ണ്ണ വിജ്ഞാനസാക്ഷരതയെ എതിര്‍ക്കുന്നവര്‍ക്ക് എന്നതാണ് വസ്തുത. കംപ്യൂട്ടര്‍ വ്യാപകമായാല്‍ തൊഴിലാളിവര്‍ഗം തന്നെ ഇല്ലാതാകും, അതോടെ സാമൂഹ്യമാറ്റത്തെയും, വിപ്ളവത്തെയും കുറിച്ചുള്ള കമ്യൂണിസ്റ്റ് സ്വപ്നങ്ങളും കട്ടപ്പുറത്തുകയറും എന്ന് വ്യാമോഹിച്ച് കംപ്യൂട്ടറിനെ സ്വാഗതം ചെയ്ത കമ്യൂണിസ്റ്റ് വിരുദ്ധരേയും, ഇതേ കാരണം കൊണ്ട് ഭയചകിതരായി കംപ്യൂട്ടറിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച ചില ഇടതുപക്ഷ ഉട്ടോപ്യന്മാരെയും ഒരുപോലെ ഇളിഭ്യരാക്കുകയാണ് ചരിത്രമെന്നു പറയേണ്ടി വരുന്നു.

ഈദൃശ നിര്‍ദ്ദേശങ്ങളും ആശയങ്ങളും കൂടി വിജ്ഞാനസമൂഹവൂം കേരളവികസനവുമായി ബന്ധപ്പെട്ടു നടക്കുന്ന ഈ സംവാദത്തില്‍ പരിഗണിക്കപ്പെടുമെന്ന പ്രത്യാശയോടെ ചുരുക്കുന്നു.

കേരളത്തില്‍ വരുന്ന ഏപ്രില്‍ 13 നു നടക്കുന്ന തിരഞ്ഞെടുപ്പും ഒരര്‍ത്ഥത്തില്‍ ഈ സംവാദത്തിന്റെ ഭാഗം തന്നെ . അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ അഴിമതി തുടച്ചുനീക്കുന്നതിനും, വിജ്ഞാനസമൂഹസ്ഥാപനത്തിനും, മലയാളഭാഷയുടെ ശാക്തീകരണത്തിനും , അതുവഴി കേരളത്തിന്റെ സമഗ്രവികസനത്തിനും പ്രതിജ്ഞാബദ്ധമായ ശക്തികളുമായി താങ്കളും അണിചേരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.


*****


ജി.പി.എല്‍ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പുനപ്രസിദ്ധീകരിക്കാം,

പൊതു സംവാദത്തിനായി തയ്യാറാക്കിയത് - അശോകന്‍ ഞാറക്കല്‍