Saturday, May 31, 2014

തൊഴിലും വ്യവസായങ്ങളും സംരക്ഷിക്കാന്‍ പ്രക്ഷോഭം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവ-ഉദാരവല്‍ക്കരണ നയങ്ങളാണ് കേരളം നേരിടുന്ന പ്രതിസന്ധികള്‍ക്കുത്തരവാദി. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങള്‍ മിക്കവയും തകര്‍ച്ചയിലാണ്. ഫാക്ട് പുനരുദ്ധാരണത്തിനായി അംഗീകരിച്ച പാക്കേജനുസരിച്ചുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭ്യമായില്ലെങ്കില്‍, ഫാക്ട് അടച്ചു പൂട്ടപ്പെടും. തൊഴിലാളികള്‍ ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തെ യുപിഎ സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്യാര്‍ഡ്, എച്ച്എംടി, എച്ച്ഒസി, ഐആര്‍ഇ, പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധി നേരിടുകയാണ്.

കേരളത്തിന് വാഗ്ദാനംചെയ്യപ്പെട്ട കോച്ച് ഫാക്ടറി, വാഗണ്‍ഫാക്ടറി തുടങ്ങിയ പുതിയ പദ്ധതികളൊന്നും യാഥാര്‍ഥ്യമായില്ല. റെയില്‍വേയുടെ കാര്യത്തില്‍ കടുത്ത അവഗണന നേരിടുന്ന സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ച എല്ലാ പൊതുമേഖലാ വ്യവസായങ്ങളും പിറകോട്ടു പോയി. ചില സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഒരു പുതിയ നിക്ഷേപവും കേരളത്തില്‍ വന്നിട്ടില്ല. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായി. മാസങ്ങളായി പെന്‍ഷന്‍ വതരണവും നടക്കുന്നില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ ഒരു പദ്ധതിയും യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തില്ല. ചീമേനി പദ്ധതി നിശ്ചലമായി. ഒഡിഷയിലെ ബൈതരണിയില്‍, കേരളത്തിനുവദിച്ച കല്‍ക്കരിപ്പാടം ഈ സര്‍ക്കാരിന്റെ കാലത്ത് നഷ്ടപ്പെട്ടു. കൂടംകുളം പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാനുള്ള ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല.

പുതവൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയായെങ്കിലും, പൈപ്പ്ലൈന്‍ പ്രവൃത്തി പൂര്‍ത്തിയാവാത്തതിനാല്‍, ഒരു പദ്ധതിക്കും പ്രകൃതിവാതകം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഭൂഉടമകള്‍ക്ക് ന്യായമായ വില നല്‍കി ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇതിന് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വം എല്ലാ വികസന പദ്ധതികളും മരവിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന പരമ്പരാഗത വ്യവസായങ്ങളെല്ലാം തകര്‍ച്ചയിലാണ്. കയര്‍, കശുവണ്ടി, കൈത്തറി, ആര്‍ട്ടിസാന്‍, കള്ളുചെത്ത്, മത്സ്യം, ഖാദി, ബീഡി, ഈറ്റ-പനമ്പ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ നിരന്തരമായി പ്രക്ഷോഭം നടത്തിയിട്ടും, ഈ വ്യവസായങ്ങളെ പുനരുദ്ധരിക്കാനും, തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. നിര്‍മാണ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. മണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ലഭിക്കാന്‍ നരവധി തടസ്സങ്ങളുണ്ട്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സിമന്റ്, കമ്പി എന്നിവയുടെ വിലക്കയറ്റം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതാണ് പ്രശ്നം. കളിമണ്ണ് ലഭിക്കാനുള്ള തടസ്സംമൂലം ഓട് - ഇഷ്ടിക നിര്‍മാണ വ്യവസായങ്ങളും പ്രതിസന്ധിയിലാണ്.

മോട്ടോര്‍ വ്യവസായം വലിയ കുഴപ്പത്തിലാണ്. ടാക്സ് വര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടക്കടിയുള്ള വിലവര്‍ധന തുടങ്ങിയവ ഈ മേഖലയെ കലുഷമാക്കുന്നു. സര്‍ക്കാരിന്റെ നിസ്സംഗത, ഈ മേഖലയിലെ പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും, ഉല്‍പ്പന്ന വിലയിടിവും തോട്ടം വ്യവസായത്തെയും ഗുരുതരമായി ബാധിച്ചു.യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച ആസിയന്‍ കരാര്‍, സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സഹകരണ മേഖല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയംമൂലം തകര്‍ച്ച നേരിടുകയാണ്. സ്വകാര്യവല്‍ക്കരണ ഭീഷണിയില്‍, ബാങ്കിങ് മേഖലയും കുഴപ്പത്തിലാണ്. എസ്ബിഐ-റിലയന്‍സ് കരാര്‍, സ്റ്റേറ്റ് ബാങ്കിനെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതാണ്.

തുച്ഛമായ വേതനം പറ്റുന്ന വിവിധ സ്കീം തൊഴിലാളികളുടെ സ്ഥിതി ദുരിതപൂര്‍ണമാണ്. അങ്കണവാടി, ആഷ, സ്കൂള്‍ പാചക തൊഴിലാളികള്‍, ദേശീയ സമ്പാദ്യ പദ്ധതി പിരിവുകാര്‍ തുടങ്ങിയവരെല്ലാം കടുത്ത ദുരിതത്തിലാണ്. തൊഴിലാളി ക്ഷേമപദ്ധതികള്‍ എല്ലാം താറുമാറായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കെടുകാര്യസ്ഥത, ലക്ഷക്കണക്കിന് തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ താറുമാറാക്കി. ക്ഷേമനിധിഫണ്ട് തിരിമറി നടത്തിയും, ഉദ്യോഗസ്ഥ മേധാവികളുടെ താന്തോന്നിത്തത്തിന് വിധേയമാക്കിയും, എല്ലാ ക്ഷേമപദ്ധതികളും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വ്യാപാര മേഖലയിലും ഐടി മേഖലയിലും മറ്റും കടുത്ത നിയമനിഷേധമാണ് നടക്കുന്നത്. തുച്ഛമായ വേതനംമാത്രം നല്‍കി തൊഴിലാളികളെ ചൂഷണംചെയ്യുകയാണ്. ജോലിസ്ഥിരത എന്നത് ഒരിടത്തുമില്ല. പുതുതലമുറ ബാങ്കുകള്‍, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയും എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്നു. സ്വകാര്യ ആശുപത്രികള്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങിയവയിലും കടുത്ത തൊഴില്‍ ചൂഷണമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഇതിനെല്ലാം മൂകസാക്ഷിയാവുന്നു. കരാര്‍, പുറംജോലി സമ്പ്രദായം വ്യാപിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായങ്ങള്‍, ഐടി മേഖല, വ്യാപാര മേഖല എന്നിവിടങ്ങളിലെല്ലാം ഈ സ്ഥിതി വ്യാപിക്കുന്നു. റെയില്‍വേ, ടെലികോം തുടങ്ങിയ മേഖലകളിലും വിവിധ ജോലികള്‍ കരാര്‍ നല്‍കുന്നു. ജോലിസ്ഥിരതയില്ലാത്തതിനാല്‍, നിയമാനുസൃത അവകാശങ്ങള്‍പോലും ചോദിക്കാന്‍ തൊഴിലാളികള്‍ക്കാവുന്നില്ല. വികസനം സംബന്ധിച്ച് വികലമായ കാഴ്ചപ്പാടാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. "പുകക്കുഴല്‍ വ്യവസായം" വേണ്ട എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം, ഉല്‍പ്പാദന മേഖലയെ പൂര്‍ണമായും പുറംതള്ളലാണ്. ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നടപടിയുമില്ല. എമര്‍ജിങ് കേരളപോലുള്ള പ്രചാരണ പരിപാടികള്‍ നടത്തിയിട്ടും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഒരു രൂപയുടെ കേന്ദ്ര നിക്ഷേപം പോലും നേടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായില്ല.

അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ കടുത്ത ആശങ്കയിലാണ്. സ്വകാര്യ-അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത് മുടക്കി, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന, യുവതീ യുവാക്കളുടെ മുമ്പില്‍ ഒരു തൊഴിലവസരവും ഇല്ല. സംരംഭകത്വ വികസനമെന്ന വായ്ത്താരിയല്ലാതെ, പുതിയ തൊഴില്‍ സൃഷ്ടിക്കാനോ, നിലവിലുള്ള തൊഴില്‍ സംരക്ഷിക്കാനോ, യുഡിഎഫ് സര്‍ക്കാരിനാവുന്നില്ല. എല്ലാറ്റിനും പരിഹാരം സ്വകാര്യപങ്കാളിത്തം മാത്രമാണെന്ന വിനാശകരമായ നയമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാനം കടുത്ത വികസന മുരടിപ്പാണ് നേരിടുന്നത്.

വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരന്തര സമരത്തിലാണ്. പക്ഷേ, സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല. ഈ സാഹചര്യത്തില്‍, മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായി ചേര്‍ന്ന്, പ്രക്ഷോഭം നടത്തുകയല്ലാതെ മറ്റ് പോംവഴികളില്ല.

*
(സിഐടിയു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍നിന്ന്)

No comments: