പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ്പെടുത്തിയുള്ള ഭാഷാപഠനരീതിക്ക് മുന്‍തൂക്കം ലഭിച്ചതോടെ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും രൂപപ്പെടുന്നുണ്ട്. സംവാദാത്മകവും അന്വേഷണാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് മികച്ച പഠനം സാധ്യമാവുന്നതെന്നും പങ്കുവയ്‌ക്കലുകളും വിശകലനങ്ങളും പുതിയ ആശയലോകത്തേക്ക് പഠിതാക്കളെ എത്തിച്ചേര്‍ക്കാനുതകുന്നുവെന്നും തിരിച്ചറിയാന്‍ ഇതിലൂടെ സാധിച്ചു.
ഫലപ്രദമായ ആശയവിനിമയം, വൈജ്ഞാനിക സാഹിത്യമേഖലകളിലേക്കറിങ്ങിച്ചെല്ലല്‍, സാഹിത്യാസ്വാദനം, ഭാഷയുടെ പ്രയോഗരീതികളെ തിരിച്ചറിഞ്ഞ് ഭാഷാവ്യവഹാര രൂപങ്ങളില്‍ അവഗാഹം നേടല്‍, സാഹിത്യ- സംസ്‌ക്കാര- കലാപഠനം, സാമൂഹ്യവ്യവസ്ഥകളുടെയും സര്‍ഗാത്മകതയുടെയും ആവിഷ്‌കാരം തുടങ്ങിയവയിലാണ് പ്രധാനമായും പാഠ്യപദ്ധതി ഊന്നല്‍ നല്‍കുന്നത്.
ഭാഷാപഠനത്തോടനുബന്ധമായി ഓരോ വിദ്യാര്‍ഥിയും ഒട്ടേറെ വ്യവഹാര രൂപങ്ങളുമായി പരിചയപ്പെടുകയും അവയില്‍ പരിശീലനം നേടേണ്ടതുമുണ്ട്. സംവാദാത്മക പ്രവര്‍ത്തനങ്ങള്‍, അവതരണാത്മക പ്രവര്‍ത്തനങ്ങള്‍, രചനാ പ്രവര്‍ത്തനങ്ങള്‍, അന്വേഷണാത്മക പ്രവര്‍ത്തനങ്ങള്‍ എന്നീ നാലുവിഭാഗങ്ങളില്‍ എല്ലാ വ്യവഹാര രൂപങ്ങളും ഉള്‍പ്പെടുത്താം.
സംവാദാത്മക പ്രവര്‍ത്തനങ്ങള്‍
സെമിനാര്‍, സംവാദം, ഗ്രൂപ്പ്ചര്‍ച്ച, അഭിമുഖം തുടങ്ങിയ വ്യവഹാര രൂപങ്ങളെയാണ് ഈ വിഭാഗത്തില്‍ പരിചയപ്പെടുത്തുന്നത്. അറിവ് പകരാനുള്ള ശേഷിയും മനോഭാവവും ഇതിലൂടെ രൂപപ്പെടുത്താന്‍ സാധിക്കുന്നു.
അവതരണാത്മക പ്രവര്‍ത്തനങ്ങള്‍
കവിതാലാപനം, കഥാവതരണം, അഭിനയം, പ്രഭാഷണം, നര്‍മഭാഷണം എന്നീ വ്യവഹാരരൂപങ്ങളെ പരിചയപ്പെടുന്നതിലൂടെ ഒരു സദസ്സിനുമുന്നില്‍ നിന്നുകൊണ്ട് തന്റെ ഉള്ളിലുള്ള ആശയങ്ങളെയും ആസ്വാദനാംശങ്ങളെയും സമര്‍ഥമായി ആവിഷ്‌കരിക്കാനുള്ള ശേഷി നേടുന്നു.
രചനാ പ്രവര്‍ത്തനങ്ങള്‍
കവിത, കഥ, നിരൂപണം, ആസ്വാദനം, കാര്‍ട്ടൂണ്‍, നാടകം, തിരക്കഥ, നിവേദനം, കത്ത്, പരാതി, വാര്‍ത്ത, എഡിറ്റോറിയല്‍, ഫീച്ചര്‍ തുടങ്ങിയ ഭാഷാവ്യവഹാര രൂപങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.
അന്വേഷണാത്മക പ്രവര്‍ത്തനങ്ങള്‍
പ്രൊജക്‌ട്, സര്‍വേ, ലഘുലേഖ തുടങ്ങിയ വ്യവഹാര രൂപങ്ങളെയാണ് ഈ മേഖലയില്‍ പരിചയപ്പെടുന്നത്. നിരീക്ഷണങ്ങളിലൂടെയും വിചിന്തനങ്ങളിലൂടെയും കണ്ടെത്തലുകളില്‍ എത്തിച്ചേരാനും കാഴ്‌ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനും ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങളാണിവ. കണ്ടെത്തലിന്റെ സമഗ്രത, ആശയത്തനിമ, ആവിഷ്‌കാരമികവ്, ആകര്‍ഷണീയത എന്നിവ ഇതിന്റെ അടിസ്ഥാന സ്വഭാവമായിരിക്കും.
വിവിധ വ്യവഹാര രൂപങ്ങള്‍ എന്ത്, എങ്ങനെ തയാറാക്കും?
ലഘുലേഖ
വിവിധ വിഷയങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച നൂതനപ്രവ ണതകളെ പ്രയോജനപ്പെടുത്തി സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായി തയാറാക്കുന്നവയാണ് ലഘുലേഖ. ആശയപ്രചാരണവും ഉല്‍പന്നങ്ങളുടെ വിപണനവും ലക്ഷ്യംവച്ചുകൊണ്ടുള്ള ലഘുലേഖകള്‍ ഇന്ന് ലഭ്യമാണ്.
ചെറുവാക്യങ്ങളിലായി ആകര്‍ഷകമായി തയാറാക്കുന്ന കുറിപ്പുകളാണിവ. ആകര്‍ഷകമായ ശീര്‍ഷകവും ഉപശീര്‍ഷകങ്ങളും ഇവയുടെ വായനയെ സജീവമാക്കുന്നു. ലഘുലേഖയുടെ സ്വഭാവമനുസരിച്ച് ചിത്രങ്ങള്‍കൊണ്ടോ രേഖാചിത്രങ്ങള്‍കൊണ്ടോ അക്ഷരങ്ങളുടെ വലിപ്പച്ചെറുപ്പംകൊണ്ടോ ക്രമീകരിക്കാറുണ്ട്.
ഒരു പ്രത്യേക മേഖലയില്‍ പുതുതായി രൂപപ്പെട്ട അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്താം. പകര്‍ച്ചവ്യാധികള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍, പുതിയ ശാസ്‌ത്രാന്വേഷണങ്ങള്‍ തുടങ്ങി ഒരു പുതിയ പ്രശ്‌നത്തെ ജനങ്ങളിലെത്തിക്കുന്നതിനുവരെ ലഘുലേഖകള്‍ തയാറാക്കുന്നുണ്ട്.
ബ്രോഷര്‍
ഉല്‍പന്നങ്ങള്‍, സ്ഥാപനങ്ങള്‍, വിവിധ പ്രോഗ്രാമുകള്‍ എന്നിവയെ ജനശ്രദ്ധയാകര്‍ഷിക്കുംവിധം പരസ്യപ്പെടുത്തുവാന്‍ ബ്രോഷര്‍ തയാറാക്കുന്നു. നാടോടിക്കലാരൂപങ്ങളെ പരിചയപ്പെടുത്തുവാനും, സെമിനാര്‍ പ്രബന്ധങ്ങള്‍ ക്ഷണിച്ചുകൊണ്ടും ബ്രോഷര്‍ തയാറാക്കുന്നുണ്ട്.
ഫീച്ചര്‍
ഫീച്ചറുകളില്‍ ഭാവനയ്‌ക്കല്ല; വസ്‌തുതകള്‍ക്കാണ് പ്രാധാന്യം. ഈ വസ്‌തുതകള്‍ സാധാരണ വായനക്കാര്‍ക്കുപോലും ഉള്ളില്‍ത്തട്ടുംവിധം കഥയുടെ രചനാരീതി സ്വീകരിച്ചുകൊണ്ട് രൂപപ്പെടുത്തുന്നവയാണ് ഫീച്ചര്‍. പത്രവാര്‍ത്തകളില്‍നിന്ന് വ്യത്യസ്‌തമാണിത്. കാലികപ്രസക്തി അഥവാ സാമൂഹ്യപ്രസക്തിയാണ് ഫീച്ചറിന്റെ നട്ടെല്ല്. സംഭാഷണം, കത്ത്, കവിത, ലളിതവും നേരെചൊവ്വയുള്ളതുമായ ആഖ്യാനം തുടങ്ങി ഏതുതരത്തിലുള്ള രൂപവും ഫീച്ചറില്‍ സ്വീകരിച്ചുവരാറുണ്ട്.
വ്യക്തികള്‍, സംഭവങ്ങള്‍, പ്രസ്ഥാനങ്ങള്‍, പ്രവണതകള്‍ തുടങ്ങിയവയാണ് ഫീച്ചറുകള്‍ക്ക് വിഷയമാവാറുള്ളത്. ഫീച്ചറുകളില്‍ ചിത്രങ്ങള്‍ ഔചിത്യപൂര്‍വം ചേര്‍ക്കുമ്പോഴാണ് അവയ്‌ക്ക് മിഴിവ് ലഭിക്കുന്നത്.
പോസ്‌റ്റര്‍
വളരെ വേഗത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന വ്യവഹാര രൂപമാണിത്. അതുകൊണ്ടുതന്നെ ജനശ്രദ്ധയാകര്‍ഷിക്കേണ്ടുന്ന വിഷയമാണ് ഇതിന്റെ രചനയ്‌ക്ക് സ്വീകരിക്കുക. സംക്ഷിപ്‌തമായും അക്ഷരങ്ങളുടെ വലിപ്പച്ചെറുപ്പത്തില്‍ ശ്രദ്ധിച്ചും തയാറാക്കുന്നവയാണ് പോസ്‌റ്റര്‍. പോസ്‌റ്ററുകളില്‍ കാലികപ്രസക്തിക്ക് മുന്‍തൂക്കമുണ്ടാകും.
പുറന്താള്‍ക്കുറിപ്പ്
ഒരു കൃതിയുടെ പുറംതാളില്‍ പ്രസാധകര്‍ രേഖപ്പെടുത്തുന്ന ലഘുകുറിപ്പാണിത്. കൃതിയുടെ പേര്, പ്രസാധകര്‍, വില, ഉള്ളടക്ക സൂചനകള്‍ തുടങ്ങിയ വിവരങ്ങള്‍ കുറിപ്പിലുണ്ടാകും. കൃതിയുടെ കേന്ദ്ര ആശയം ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ ആവിഷ്‌കരിക്കാനാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.
നിവേദനം
പൊതുതാല്‍പര്യവുമായി ബന്ധപ്പെട്ട വിഷയമാണ് നിവേദനത്തിന്റെ ഉള്ളടക്കം. പ്രശ്‌നങ്ങളെയും പരിഹാരങ്ങളെയും ഒരുപോലെ ഇതില്‍ സൂചിപ്പിക്കാറുണ്ട്. അവയെ യുക്തിപൂര്‍വം അധികാരികളോടുള്ള യുക്തമായ ഭാഷയിലൂടെയായിരിക്കണം വ്യക്തമാക്കേണ്ടത്. സംബോധന, വിഷയം, സ്ഥലം, തീയതി, ഉപസംഹാരം എന്നീ ഘടന പാലിച്ചിരിക്കണം.
സെമിനാര്‍
സാമൂഹ്യപ്രാധാന്യമുള്ളതും വ്യത്യസ്‌ത വീക്ഷണഗതികള്‍ക്ക് അവസരമുളളതുമായ വിഷയം തെരഞ്ഞെടുത്ത് സെമിനാര്‍ സംഘടിപ്പിക്കണം. ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കല്‍, ആശയങ്ങള്‍ക്ക് ആധികാരിത വരുത്താനുള്ള തെളിവുകള്‍, സ്ഥിതിവിവരകണക്കുകള്‍, സ്വന്തം നിരീക്ഷണങ്ങള്‍ തുടങ്ങിയവ സെമിനാറിന് വിഷയഭേദമനുസരിച്ച് നിര്‍ബന്ധമാണ്. അതതു യൂണിറ്റുമായി ബന്ധപ്പെട്ട് നിര്‍ദേശിക്കപ്പെടുന്ന വിഷയങ്ങളോ അതതുകാലത്ത് പ്രസക്തമായ വിഷയങ്ങളോ സെമിനാറിന് സ്വീകരിക്കാവുന്നതാണ്.
താരതമ്യക്കുറിപ്പ്
സാഹിത്യകൃതികളില്‍ ഇതിവൃത്തം ഏതെല്ലാം രചനാ തന്ത്രങ്ങളിലൂടെയാണ് കടന്നുപോവുന്നത് എന്നതിനോടനുബന്ധമായി രചനാതന്ത്രങ്ങളെ താരതമ്യം ചെയ്യാം. ജീവിതാവസ്ഥകളെയും കാഴ്‌ചപ്പാടുകളെയും ഭാഷയെയും ചിഹ്നങ്ങളെയും സൂചനകളെയും വിശകലനംചെയ്ത് താരതമ്യത്തിന് വിധേയമാക്കാം.
കഥാപാത്ര നിരൂപണം
ഇതിവൃത്തവുമായി നേരിയ ബന്ധമെങ്കിലും വച്ചുപുലര്‍ത്തുന്നവരായിരിക്കും മിക്ക കഥാപാത്രങ്ങളും. കഥാപാത്രം ഏതൊക്കെ രീതിയില്‍ കഥാഘടനയെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കണം. കഥാപാത്രത്തിന്റെ പൊതുവായ വര്‍ണന, കഥയിലുള്ള സ്ഥാനം എന്നിവ വിശദമാക്കണം.
പ്രബന്ധ രചന
വാര്‍ത്തകള്‍, സംഭവങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍, സര്‍വേ വിവരങ്ങള്‍ എന്നിവ വിശകലനംചെയ്ത് പ്രബന്ധരചന നിര്‍വഹിക്കുന്നു. പ്രബന്ധത്തിന് ആധികാരികതയുടെ പിന്‍ബലമുണ്ടാവണം.
എഡിറ്റോറിയല്‍ അഥവാ മുഖപ്രസംഗം
കാലികപ്രസക്തിയുള്ള സുപ്രധാനമായ ഏതെങ്കിലും സംഭവത്തോടോ പ്രശ്‌നങ്ങളോടോ വിയോഗങ്ങളാടോ പത്രങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് തയാറാക്കുന്ന വിശകലനമാണ് എഡിറ്റോറിയല്‍. വിഷയാവതരണം, സ്വാഭിപ്രായവും വാദമുഖങ്ങളും വെളിവാക്കല്‍, പ്രശ്‌നപരിഹാര നിര്‍ദേശം, ഉപസംഹാരം തുടങ്ങിയവയാണ് പൊതുവെ എഡിറ്റോറിയലിന്റെ ക്രമം.
അഭിമുഖം
വായനക്കാരനോട് കൂടുതല്‍ വൈകാരിക ബന്ധം/ ആത്മബന്ധം പുലര്‍ത്താന്‍ ഈ വ്യവഹാര രൂപത്തിനു കഴിയും. ലേഖനത്തിലേതുപോലുള്ള ഭാഷയല്ല; സംഭാഷണഭാഷയ്‌ക്കാണ് ഇതില്‍ മുന്‍തൂക്കം. നല്ല പ്രയത്നം ആവശ്യപ്പെടുന്നുണ്ട് ഈ വ്യവഹാര രൂപം. ആരെയാണ് അഭിമുഖം നടത്തുന്നതെന്നും എന്താണ് ആ വ്യക്തിയുടെ സംഭാവനയെന്നും അഭിമുഖകാരന്‍ അറിഞ്ഞിരിക്കണം. എല്ലാ മേഖലകളിലേക്കും കടന്നുചെല്ലാനുതകുന്ന നിലവാരമുള്ള ചോദ്യങ്ങളാവണം. ചോദ്യങ്ങള്‍ മൂന്‍കൂട്ടി തയാറാക്കുകയോ, അഭിമുഖം നടത്തിേക്കൊണ്ടിരിക്കുമ്പോള്‍ ഉത്തരത്തില്‍ നിന്ന് ചോദ്യങ്ങളിലേക്ക് തെന്നിമാറുകയോ, മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങള്‍ അഭിമുഖം നടത്തേണ്ടുന്ന വ്യക്തിക്ക് അയച്ചുകൊടുത്ത് ഉത്തരം എഴുതിവാങ്ങിക്കുകയോ ചെയ്യുകയെന്നത് അഭിമുഖത്തിന്റെ വിവിധ രീതികളാണ്.
എഡിറ്റിങ്
ആവശ്യമുള്ളവയെ കൂട്ടിച്ചേര്‍ത്തും അല്ലാത്തവയെ മുറിച്ചുമാറ്റിയും വാക്യഘടനയെ മെച്ചപ്പെടുത്തലാണ് എഡിറ്റിങ്. ആവര്‍ത്തിച്ചുവരുന്ന വാക്കുകളും, ആശയങ്ങളും ഒഴിവാക്കണം. സംഭാഷണഭാഷയിലെ അര്‍ഥരഹിതമായ ശബ്ദങ്ങളെ ഒഴിവാക്കി തികച്ചും സംക്ഷിപ്‌തമാക്കി മാറ്റണം. ആശയവ്യക്തതക്ക് മിഴിവ് പകരുംവിധം ഭാഷാപരമായ മികവ് കാത്തുസൂക്ഷിക്കണം.
ആസ്വാദനക്കുറിപ്പ്
ആദ്വാദനക്കുറിപ്പ് ആശയസംഗ്രഹമല്ല. ആസ്വാദനക്കുറിപ്പില്‍ ഉള്ളടക്കസൂചന ഉണ്ടായിരിക്കണം. അതിലെ പ്രമേയത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കുകയും ആസ്വാദ്യമായിത്തോന്നിയ ഭാഗങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കുകയും വേണം. ചമല്‍ക്കാരഭംഗി, ബിംബകല്‍പന, വാങ്മയചിത്രം, പ്രയോഗ സവിശേഷത, ഔചിത്യം, സാമൂഹ്യപ്രസക്തി തുടങ്ങിയ ഭാഷാപരമായ സവിശേഷതകള്‍ പരിഗണിക്കണം.
സംവാദം
ലേഖനം/ പഠനം ആധികാരികതയ്‌ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ സംവാദം നിലപാടുകള്‍ക്ക് മൂന്‍തൂക്കം നല്‍കുന്നു. നിശിതവും ലക്ഷ്യവേധിയുമായ യുക്തി ഈ വ്യവഹാര രൂപത്തിന് അവശ്യംവേണ്ട ഒന്നാണ്. വിരുദ്ധങ്ങളായ രണ്ടു ആശയങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ ഏറ്റുമുട്ടല്‍ ഇവിടെ നടക്കുന്നു. ഇന്ന് ദൃശ്യമാധ്യമങ്ങള്‍ ഇതിന്റെ സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തുന്നു. മാസികകളിലും ആഴ്‌ചപ്പതിപ്പുകളിലും വരുന്ന സംവാദം ഇതില്‍നിന്നും വ്യത്യസ്‌തമായി ലേഖനസ്വഭാവം സൂക്ഷിക്കുന്നവയാണ്.
ഭാഷാപഠനം സാര്‍ഥകമായിത്തീരണമെങ്കില്‍ ഇത്തരത്തിലുള്ള ഒട്ടനവധി വ്യവഹാര രൂപങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ധാരണ നേടേണ്ടതുണ്ട്. ഭാഷാപഠനത്തിന്റെ ഉയര്‍ന്ന മേഖലകളിലേക്ക് കടന്നുപോകുവാന്‍ ഇവയെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കണം. കത്ത്, സര്‍വേഫോറം, ഡയറിക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ്, യാത്രാവിവരണം, തത്സമയ വിവരണം, നോട്ടീസ്, തിരക്കഥ, കവിത, പ്രഭാഷണം, നാടകം തുടങ്ങി ഒട്ടേറെ വ്യവഹാരരൂപങ്ങളെക്കുറിച്ച് ഇവിടെ പരാമര്‍ശിച്ചിട്ടില്ല.
****
കടപ്പാട് : ദേശാഭിമാനി വാരിക
Sunday, November 14, 2010
ഭാഷാ പഠനവും വ്യവഹാര രൂപങ്ങളും
Subscribe to:
Post Comments (Atom)
2 comments:
പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ്പെടുത്തിയുള്ള ഭാഷാപഠനരീതിക്ക് മുന്‍തൂക്കം ലഭിച്ചതോടെ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും രൂപപ്പെടുന്നുണ്ട്. സംവാദാത്മകവും അന്വേഷണാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് മികച്ച പഠനം സാധ്യമാവുന്നതെന്നും പങ്കുവയ്‌ക്കലുകളും വിശകലനങ്ങളും പുതിയ ആശയലോകത്തേക്ക് പഠിതാക്കളെ എത്തിച്ചേര്‍ക്കാനുതകുന്നുവെന്നും തിരിച്ചറിയാന്‍ ഇതിലൂടെ സാധിച്ചു.
വളരെ അനുകൂലിക്കുന്നു. ഭാഷ അനുഭവമായെങ്കിലേ ചിന്തയുടെ ഭാഗമാകാന്‍ കഴിയൂ എന്നു ചുരുക്കം.
Post a Comment