Monday, November 29, 2010

കോണ്‍ഗ്രസിന്റെ യജമാനസ്‌നേഹം

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ എത്ര ഉദാരമായ സഹായമാണ് ഇന്ത്യയിലെ കുത്തക മുതലാളിമാര്‍ക്ക്, കോര്‍പ്പറേറ്റ് മേഖലയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്! ഓരോ കേന്ദ്ര ബജറ്റും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഈ സഹായം മുന്‍വര്‍ഷത്തിലേതിനേക്കാള്‍ ഗണ്യമായി വര്‍ധിപ്പിക്കുവാന്‍ കേന്ദ്രത്തിലെ ധനകാര്യ മന്ത്രിമാര്‍ മറക്കാറില്ല; ഏതാണ്ട് ഒരു യജമാനസ്‌നേഹം പോലെ.

2008-09 കേന്ദ്ര ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുവഴി നല്‍കിയ സഹായം കേവലം 4,14,100 കോടി രൂപ മാത്രമായിരുന്നു. ഈ 'ചെറിയ' തുക കൊണ്ട് പാവം ഇന്ത്യന്‍ കുത്തക മുതലാളിമാര്‍ എന്തു ചെയ്യുമെന്നുള്ള വ്യാകുലതയായിരുന്നു കേന്ദ്ര സര്‍ക്കാരിന്. അവരെ വേണ്ടത്ര സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം പ്രകടിപ്പിക്കുന്നതുപോലെ.

2010-11 ലെ കേന്ദ്ര ബജറ്റില്‍ മുഴുവനായില്ലെങ്കിലും അല്‍പം കൂടി കോര്‍പ്പറേറ്റ് മേഖലയെ സഹായിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ട് കേന്ദ്ര സര്‍ക്കാരിന്. പോര, എങ്കിലും ഇത്തവണ അവര്‍ക്ക് നല്‍കിയ നികുതി ഇളവ് സ്വല്‍പം കൂടി വര്‍ധിപ്പിച്ചു. അതിപ്പോള്‍ 5,02,299 കോടി രൂപ.

ഇനി പരോക്ഷമായി മറ്റെന്തെല്ലാം! നികുതി വെട്ടിപ്പുകള്‍, നികുതി കുടിശികകള്‍, വിദേശ വ്യാപാരത്തിലെ അണ്ടര്‍ ഇന്‍വോയിസുകളും ഓവര്‍ ഇന്‍വോയിസുകളും പിന്നെ കൊത്തുലാഭവും അവരെഴുതി എടുക്കുന്ന ഭാരിച്ച ശമ്പളങ്ങളും എല്ലാം കൊണ്ട് 'ആ പാവങ്ങള്‍ കഷ്ടിച്ചു കഴിഞ്ഞുകൂടുന്നു'.

സര്‍ക്കാര്‍ കണക്കനുസരിച്ച് ഇന്ത്യയില്‍ 24 കോടി പാവപ്പെട്ടവരുണ്ട്. ഈയിടെ അന്തരിച്ച കോണ്‍ഗ്രസ് എം പിയും സാമ്പത്തിക വിദഗ്ധനുമായിരുന്ന അര്‍ജുന്‍സെന്‍ ഗുപ്തയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ പാവപ്പെട്ടവര്‍ 80 കോടിയിലധികമുണ്ട്. അതു മറന്നുകളയുക!
സര്‍ക്കാരിന്റെ കണക്കനുസരിച്ചുള്ള ബി പി എല്‍ കുടുംബങ്ങള്‍ക്ക് കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യന്നതു പോലെ രണ്ട് രൂപയ്ക്ക് ഒരു കിലോ അരി എന്ന പദ്ധതി 24 കോടി ജനങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കിയാല്‍ കേന്ദ്രത്തിന് വരുന്ന അധികച്ചെലവ് കേവലം 1,47,500 കോടി രൂപ മാത്രം. (മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കേന്ദ്രമന്ത്രിയായിരുന്ന എ രാജയുടെ നേതൃത്വത്തില്‍ നടന്ന ''2-ജി സ്‌പെക്ട്രം'' അഴിമതിയില്‍ നികുതിദായകരുടെ നഷ്ടപ്പെട്ട 1,76,000 കോടി രൂപയേക്കാള്‍ ചെറിയൊരു തുകയാണിത്). പക്ഷേ, അത്തരം ഒരു സ്‌കീം നടപ്പിലാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. നോക്കണം! പാവങ്ങളോട് എത്ര അലിവാണ് കോണ്‍ഗ്രസിനെന്ന്.!

ഓരോ വര്‍ഷവും ഭക്ഷ്യ സബ്‌സിഡി വെട്ടിച്ചുരുക്കുകയാണെങ്കിലും 2010-11 കേന്ദ്ര ബജറ്റില്‍ ഭക്ഷ്യ സബ്‌സിഡിക്കായി നീക്കിവച്ചത് 55,578 കോടി രൂപയാണ്. ഈ തുകയോടൊപ്പം 91,922 കോടി രൂപ കൂടി മുടക്കാന്‍ തയ്യാറായാല്‍ മേല്‍ സൂചിപ്പിച്ച പദ്ധതി നടപ്പിലാക്കി ഒരു വലിയ പരിധിവരെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും.

വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും കേന്ദ്ര സര്‍ക്കാരും പ്ലാനിംഗ് കമ്മിഷനും തീരുമാനിച്ചത് ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി മുടക്കാന്‍ ഇത്രയും വലിയൊരു തുക സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്നാണ്.

ഗോതമ്പും അരിയും ഉള്‍പ്പെടെ ഭക്ഷ്യ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ് കേന്ദ്രം. എന്തിന്? കഷ്ടിച്ച് നമ്മുടെ ജനങ്ങള്‍ക്ക് ആഹാരം ഉറപ്പാക്കാന്‍.

എന്നാല്‍ ഈ സന്ദര്‍ഭത്തിലാണ് മറ്റൊരു വസ്തുത പുറത്തുവന്നത്. അതവസാനം സുപ്രിം കോടതിയില്‍ കേസാവുകയും ചെയ്തു. ദശലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ വേണ്ടത്ര ഗോഡൗണ്‍ സൗകര്യമില്ലാതെ കെട്ടിക്കിടന്നു കേടായിപ്പോകുന്നു. അവ എലികള്‍ക്കും പക്ഷികള്‍ക്കും പുഴുക്കള്‍ക്കും ആഹാരമാകുന്നു. പാവപ്പെട്ട മനുഷ്യനിവിടെ ഭക്ഷണമില്ലാതെ വലയുന്നു, തെണ്ടുന്നു, മരിക്കുന്നു. ഈ പ്രശ്‌നം സര്‍ക്കാരിന്റെ മുന്നില്‍ വന്നപ്പോള്‍ പതിവു മറുപടി. എന്തുചെയ്യാം. പണമില്ല, ഗോഡൗണ്‍ സൗകര്യം സൃഷ്ടിക്കുവാന്‍ എത്ര പണം വേണം? പരിമിതമായെങ്കിലും ഈ സൗകര്യം സൃഷ്ടിക്കുവാന്‍? വേണ്ടത് തുക: 20,000 കോടി രൂപ. അതിനു പണമില്ല. പാവം കുത്തക മുതലാളിമാര്‍ കഞ്ഞികുടിച്ചു കഴിയട്ടെ. അതുകൊണ്ട് അവര്‍ക്ക് നല്‍കിയ ചെറിയ നികുതിയിളവ് 5,02,299 കോടി രൂപ മാത്രം. അവരുടെ കാര്യം നടക്കട്ടെ. അതാണ് കോണ്‍ഗ്രസ് നയം.

ലോകത്ത് ഏറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉല്‍പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യതന്നെ. എന്നാല്‍ അവ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജ് സൗകര്യമില്ലാത്തതുകൊണ്ട് ഏതാണ്ട് പകുതിയിലേറെയും ചീഞ്ഞുനശിക്കുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി മാത്രമല്ല; നല്ല സാമ്പത്തിക വിദഗ്ധനും കൂടിയാണ്. തന്റെ എല്ലാ നയപ്രഖ്യാപന പ്രസംഗങ്ങളിലും അദ്ദേഹം ആവര്‍ത്തിച്ചു പറയും; എട്ട് ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനത്തിലേയ്ക്കും അവിടെ നിന്ന് പത്ത് ശതമാനത്തിലേയ്ക്കും കുതിക്കുന്ന നമ്മുടെ ജി ഡി പി വെറും സോപ്പുകുമിളപോലെ പൊട്ടിപ്പോകാതിരിക്കണമെങ്കില്‍ ജി ഡി പിയുടെ 4 ശതമാനമെങ്കിലും സംഭാവന ചെയ്യാന്‍ കഴിയുംവിധം കാര്‍ഷിക മേഖലയെ ശക്തമാക്കണം. എത്ര മനോഹരമായ സ്വപ്നം.

സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷമാകുന്നെങ്കിലും കഴിഞ്ഞെങ്കിലും ഇന്നും ഇന്ത്യയിലെ കൃഷി ഭൂമിയില്‍ കേവലം 40 ശതമാനത്തില്‍ താഴെ മാത്രമാണ് ജലസേചന സൗകര്യം ലഭ്യമായ ഭൂമി. ലോകത്തേറ്റവും കൂടുതല്‍ കൃഷിഭൂമിയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നമ്മളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മേക്കാള്‍ വളരെക്കുറവു കൃഷിഭൂമിയുള്ള ചൈന നമ്മുടേതിലും മൂന്ന് ഇരട്ടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു.

ഇന്ത്യയുടെ ആസൂത്രണം എത്ര വികലമാണ്. ജനങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് എത്ര അകന്നു നില്‍ക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കാര്‍ഷിക മേഖലയോടുള്ള അവഗണനയും അകല്‍ച്ചയും മാത്രം നോക്കിയാല്‍ മതി. ഇവിടെ ഉല്‍പാദിപ്പിക്കുന്ന മികച്ച കാര്‍ഷിക വിഭവങ്ങള്‍ സൂക്ഷിച്ചുവയ്ക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ നശിപ്പിക്കുന്നു. എന്നിട്ട് നാം ഇറക്കുമതിയെ ആശ്രയിച്ച് ഭക്ഷ്യസുരക്ഷ സ്വപ്നം കാണുന്നു.
ഇന്നത്തെ വേഗതയിലാണ് ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതെങ്കില്‍ ഇനിയും ഒരു നൂറ്റാണ്ടുകാത്തിരുന്നാലും അതു സംഭവിക്കുകയില്ല. തകരുന്ന കാര്‍ഷിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്ന കടക്കെണിയില്‍പ്പെട്ട കര്‍ഷകന്റെ ആത്മഹത്യകള്‍ ഇന്ത്യയില്‍ വീണ്ടും വീണ്ടും വര്‍ധിക്കുകയാണ്, കാര്‍ഷിക കടാശ്വാസ നടപടികള്‍ കേന്ദ്രം സ്വീകരിച്ചതിനു ശേഷവും.

ഇതിന്റെ കാരണം കൃഷിക്കാരനെ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുതകുന്ന ഒരു കാര്‍ഷികനയം ഇന്നും നമുക്കില്ല എന്നതാണ്. അത്തരം ഒരു നയം രൂപീകരിക്കുന്നതിനു വേണ്ടി ഡോ. എം എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ഒട്ടേറെ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ സഹിതം. ആ റിപ്പോര്‍ട്ട് മന്ത്രാലയങ്ങളുടെ ഇരുണ്ട ഗോഡൗണുകളില്‍ പൊടിയും മാറാലയും പിടിച്ച് വിസ്മൃതിയിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ രണ്ടു കാര്യങ്ങള്‍ ഇന്ത്യയില്‍ നടന്നേപറ്റൂ. ഒന്ന്, ഭക്ഷ്യസുരക്ഷയെക്കുറിച്ച് പ്രസംഗങ്ങള്‍ പോര. ക്രിയാത്മകമായ നടപടികളിലൂടെ അതുറപ്പുവരുത്തണം. രണ്ട്, കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടത് ഈ പശ്ചാത്തലത്തില്‍ അനുപേഷണീയമാണ്. ഇന്ത്യയ്ക്ക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ''കാര്‍ഷിക ശക്തി''യാകാന്‍ എല്ലാ സാധ്യതകളുമുണ്ട്. അടുത്ത ഏതാനും ശതാബ്ദങ്ങള്‍ക്കകം ലോകം വമ്പിച്ച ഭക്ഷ്യ കമ്മി നേരിടുമെന്നു പറയുന്നു, ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും. ഈ സാഹചര്യത്തില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കുറപ്പു വരുത്തിയാല്‍ ഇന്ത്യ ലോകത്തെ വന്‍കിട ''ഭക്ഷ്യശക്തി''യായിമാറും. അതിനു വേണ്ടത് സമയബന്ധിതമായി ഇന്ത്യയിലെ കൃഷിഭൂമിയില്‍ ജലസേചനം ഉറപ്പാക്കുക, മികച്ച ഗോഡൗണ്‍ സൗകര്യങ്ങളും രാജ്യവ്യാപകമായ കോള്‍ഡ് ചെയിനും ഉറപ്പാക്കുക, കാര്‍ഷിക വിഭവങ്ങള്‍ക്ക് മൂല്യവര്‍ധന വരുത്താനുള്ള വമ്പിച്ച സംരംഭങ്ങള്‍ ജന പങ്കാളിത്തത്തോടെ ഉറപ്പാക്കുക, മികച്ച വിത്ത് ആവശ്യമുള്ളത്രയും ഉറപ്പാക്കുക, ഭക്ഷ്യ ചുമതല ബഹുരാഷ്ട്ര കുത്തകകളെ ഏല്‍പിക്കാതിരിക്കുക. കീടനാശിനിയുടെയും രാസവളത്തിന്റെയും പേരില്‍ കൃഷി വിഷമയമാക്കാനനുവദിക്കാതിരിക്കുക, നമ്മുടെ തനതായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം വന്‍തോതില്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റിക്ക് നമുക്കാവശ്യമായ ഗവേഷണങ്ങള്‍ നടത്തി കൃഷിയെ ആധുനികവല്‍കരിക്കുക, പലിശരഹിതവായ്പ കൃഷിക്ക് ലഭ്യമാക്കുക, കര്‍ഷകന് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, ഭക്ഷ്യസുരക്ഷയും ഭക്ഷ്യഗുണമേന്മയും ഉറപ്പാക്കുവാന്‍ മൃഗസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രോതാസാഹിപ്പിക്കുക.

ഈവക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ പത്തു ലക്ഷം കോടി രൂപയുടെ ഒരു ബൃഹത്തായ കാര്‍ഷിക വികസന പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കണം എന്നതാണ് അഖിലേന്ത്യ കിസാന്‍സഭയുടെ ഡിസംബറില്‍ നടക്കുന്ന ദേശീയ സമ്മേളനം ഔറംഗബാദില്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യ പ്രമേയം.

ഐക്യരാഷ്ട്രസഭയില്‍ ലോകത്തെ വന്‍ശക്തികളോടൊത്തു തോളുരുമി ഇരിക്കാനുള്ള ഇന്ത്യയുടെ മോഹം നല്ലതാണ്. പക്ഷേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലോകത്തെ ഒരു പ്രധാന ''കാര്‍ഷികശക്തി''യാകുന്ന ഇന്ത്യയ്ക്ക് അത്തരം ഒരിരുപ്പില്‍ കൂടുതല്‍ മാന്യതയും അംഗീകാരവും ലഭിക്കും.

*
സി കെ ചന്ദ്രപ്പന്‍ കടപ്പാട്: ജനയുഗം 29-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ എത്ര ഉദാരമായ സഹായമാണ് ഇന്ത്യയിലെ കുത്തക മുതലാളിമാര്‍ക്ക്, കോര്‍പ്പറേറ്റ് മേഖലയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്! ഓരോ കേന്ദ്ര ബജറ്റും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഈ സഹായം മുന്‍വര്‍ഷത്തിലേതിനേക്കാള്‍ ഗണ്യമായി വര്‍ധിപ്പിക്കുവാന്‍ കേന്ദ്രത്തിലെ ധനകാര്യ മന്ത്രിമാര്‍ മറക്കാറില്ല; ഏതാണ്ട് ഒരു യജമാനസ്‌നേഹം പോലെ.

2008-09 കേന്ദ്ര ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുവഴി നല്‍കിയ സഹായം കേവലം 4,14,100 കോടി രൂപ മാത്രമായിരുന്നു. ഈ 'ചെറിയ' തുക കൊണ്ട് പാവം ഇന്ത്യന്‍ കുത്തക മുതലാളിമാര്‍ എന്തു ചെയ്യുമെന്നുള്ള വ്യാകുലതയായിരുന്നു കേന്ദ്ര സര്‍ക്കാരിന്. അവരെ വേണ്ടത്ര സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം പ്രകടിപ്പിക്കുന്നതുപോലെ.