Thursday, November 18, 2010

കവിതയുടെ രസതന്ത്രം

എഴുത്തിനെ സംബന്ധിച്ച 'സുവര്‍ണ നിയമങ്ങള്‍' ഒന്നുമില്ലെനിക്ക്. മലയാളത്തിന്റെ കാവ്യപാരമ്പര്യവും വിശാലമായ ഇന്ത്യന്‍ കവിതാപാരമ്പര്യവും ഇതിലുപരിയായി ലോകകവിതയുടെ പാരമ്പര്യവും ഞാനുള്‍ക്കൊണ്ടിട്ടുണ്ട്. ഏകവചനമാണ് ഉപയോഗിച്ചതെങ്കിലും ഓരോ കവിതാപാരമ്പര്യവും ബഹുധാരകള്‍ ഉള്‍പ്പെട്ടതാണെന്ന് നമുക്കറിയാം. ഇവയില്‍നിന്നൊക്കെ നല്ല കൃതികളെ തെരഞ്ഞെടുക്കുന്നതിന് എന്റേതായ ഇഷ്‌ടങ്ങളാണ് ഞാന്‍ പിന്തുടരാറുള്ളത്. ഇത് പലപ്പോഴും സാമ്പ്രദായികമായി പഠിച്ചുവന്നതും വിമര്‍ശകവൃന്ദം പൊതുവില്‍ അംഗീകരിച്ചതുമായ പട്ടികയ്‌ക്ക് വിരുദ്ധമാവാറുമാണ് പതിവ്. പത്താം ക്ളാസിനപ്പുറത്തേക്ക് ഞാന്‍ മലയാളം പഠിച്ചിട്ടില്ല; ഇതിന്റെ കോട്ടവും എനിക്കുണ്ടായിരിക്കണം. സ്വന്തം നിലയില്‍ വായന തുടരാനും എന്റേതായ നിശ്ചയങ്ങളിലും ഉള്‍ക്കാഴ്‌ചകളിലും എത്തിച്ചേരാനും കഴിഞ്ഞു എന്നുള്ളത് ഇതിന്റെ നേട്ടവുമാണ്. പഠിക്കുന്ന കാലം മുതല്‍ തന്നെ ചെയ്‌തുവരുന്ന കവിതാ വിവര്‍ത്തനങ്ങള്‍ വലിയൊരു പരിശീലനം തന്നെയായിരുന്നിട്ടുണ്ടെനിക്ക്. ലോകത്തിന്റെ പലഭാഗത്തുള്ള എഴുത്തുകാരുടെ 1600ലധികം പേജ് കവിതകള്‍ ഞാന്‍ ഇതിനോടകം വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. സൂക്ഷ്‌മമായ തന്‍മയീഭാവത്തോടെയുള്ള വായനയാണ് വിവര്‍ത്തനം. തൊട്ടുപിന്നില്‍ തൊട്ടുനിന്ന് കവിശ്രേഷ്‌ഠരുടെ എഴുത്തനുഭവമറിയാനുള്ള ഒരവസരം. പദ-ശൈലീ വിന്യാനങ്ങള്‍, ബിംബസൃഷ്‌ടിപ്പുകള്‍, മിത്തിന്റെയും ആര്‍ക്കിടൈപ്പുകളുടെയും ഉപയോഗം, പ്രാസ താളങ്ങളുടെ സമ്മേളനം... ചുരുക്കത്തില്‍ സര്‍വവിധ ഭാഷാ ഭാവനാവിലാസങ്ങള്‍.

നിരന്തരമായ നിരീക്ഷണം എന്റെ പരിശീലനത്തിന്റെ മറ്റൊരു ഭാഗമാണ്: മഴ, മരം, പുഴ, നക്ഷത്രങ്ങള്‍, മേഘം, മൃഗം, ആണുങ്ങള്‍, പെണ്ണുങ്ങള്‍, കുട്ടികള്‍. ലോകത്തിന്റെ പലഭാഗത്തേക്കും നടത്താന്‍ കഴിഞ്ഞ യാത്രകള്‍, വിഭിന്നങ്ങളായ വീക്ഷണങ്ങളെയും സംസ്‌കാരങ്ങളെയും ഭാഷകളെയും ജീവിതരീതികളെയും ആദരിക്കാന്‍ എന്നെ ശീലിപ്പിച്ചിട്ടുണ്ട്. ഒരുവിധം മതങ്ങളുടെയെല്ലാം പ്രധാന ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട് - വിഭിന്നങ്ങളായ ഭാഷകളിലാണെങ്കിലും അവയെല്ലാം പറയുന്നത് ഒരേ വിസ്‌മയത്തെപ്പറ്റിത്തന്നെ. വ്യത്യസ്‌തങ്ങളാവുന്നത് ബാഹ്യരൂപങ്ങളായ ദൈവങ്ങളുടെ വിളിപ്പേരുകളിലും ആചാരാനുഷ്‌ഠാനങ്ങളിലും ആഘോഷങ്ങളിലും മാത്രം. ഈ തിരിച്ചറിവ്, എല്ലാ തരത്തിലുള്ള യാഥാസ്ഥിതിക കാഴ്‌ചപ്പാടുകളെയും ചെറുക്കാനുള്ള കരുത്ത് എനിക്ക് നല്‍കിയിട്ടുണ്ട്.

ആശയസംഹിതകളെപ്പറ്റിയാണെങ്കിലും സത്യമിതുതന്നെ. വിമോചനാശയസംഹിതകള്‍ പലതും മര്‍ദനോപാധികളാവുന്നതിനും ശരിയായ അര്‍ഥത്തിലുള്ള സ്വാതന്ത്ര്യത്തിലേക്ക് വഴികാട്ടേണ്ടിയിരുന്ന വിപ്ളവങ്ങള്‍പോലും സമഗ്രാധിപത്യത്തിലേക്കും പിന്നീട് ഏകാധിപത്യത്തിലേക്കും വഴിമാറുന്നതിനും ഞാനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് എല്ലാ വരട്ടുതത്ത്വവാദങ്ങളും ഞാനുപേക്ഷിച്ചിരിക്കുന്നത്.
ചിത്രം, ശില്‍പം, സംഗീതം, നാടകം, സിനിമ പിന്നെ ഇതെല്ലാം ഒന്നിച്ചുപയോഗിക്കുന്ന പുത്തന്‍ കലാരൂപങ്ങള്‍ - ഇവയില്‍നിന്നെല്ലാം ഞാന്‍ ഏറെ പഠിച്ചിട്ടുണ്ട്. എല്ലാ കലാരൂപങ്ങളും പരസ്‌പരബന്ധിതങ്ങളാണെന്നിരിക്കെ, ഒന്നു മറ്റൊന്നിനോട് സംവദിക്കാനും പരസ്‌പരം പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും തയ്യാറാവണമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം സംവാദങ്ങള്‍ സജീവമായിരുന്ന, അതുകൊണ്ടുതന്നെ കലാരംഗം മൊത്തത്തില്‍ ജീവസുറ്റതായിരുന്ന അറുപതുകളിലാണ് ഞാന്‍ കവിതയിലേക്ക് വരുന്നത്.

സാഹിത്യത്തെപ്പറ്റി എഴുതിയ അത്രതന്നെ മറ്റു കലാരൂപങ്ങളെപ്പറ്റിയും - വിശിഷ്യ ചിത്രകലയെപറ്റി - ഞാനെഴുതിയിട്ടുണ്ട്. എവിടെ യാത്രപോയാലും ഞാന്‍ ആദ്യം സന്ദര്‍ശിക്കാറുള്ളത് അവിടത്തെ ആര്‍ട്ട് ഗാലറികളും മ്യൂസിയങ്ങളുമാണ്. സാല്‍വദോര്‍ ദാലി, പോള്‍ ക്ളീ, ദുഷാമ്പ് എന്നിങ്ങനെയുള്ളവരുടെ ശില്‍പ - ചിത്രങ്ങളെപ്പറ്റിയും മല്ലികാര്‍ജുന്‍ മന്‍സൂര്‍, കുമാര്‍ ഗന്ധര്‍വ്, എം.ഡി. രാമനാഥന്‍, ജോണ്‍ കെയ്‌ജ് എന്നീ സംഗീതകാരന്മാരെപ്പറ്റിയും ഞാന്‍ കവിതകളെഴുതിയിട്ടുണ്ട്. ഇതിനെപ്പറ്റിയൊക്കെ എഴുതാത്തപ്പോള്‍പോലും ഈ കലാരൂപങ്ങളൊക്കെ എന്റെ കവിതകളെ ദീപ്‌തമാക്കുകയും ബിംബങ്ങള്‍ക്കും ചിന്തകള്‍ക്കുമുള്ള സ്രോതസ്സായി വര്‍ത്തിക്കയും ചെയ്യാറുണ്ട്. ബര്‍ഗ്‌മാന്‍, കുറസോവ, ഗൊദാര്‍ദ്, തര്‍ക്കോവ്സ്‌കി, കീസ്ലോവ്സ്‌കി, ജാന്‍സ്‌കോ, ആന്‍ജലോ പൌലോസ്, കിം കിഡുക്ക് എന്നിവരുടെയൊക്കെ സിനിമയുടെ കാര്യത്തിലും ഇതുതന്നെയാണ് അനുഭവം.

ഉള്ളിലെ സംഗീതം, കനം, വര്‍ണം, ഗന്ധം, രുചി, സൂചന, സാംഗത്യം ഇവയൊക്കെ അറിയുമ്പോഴാണ് നമ്മള്‍ വാക്കുകളെ വാഴ്ത്താന്‍ തുടങ്ങാറുള്ളത്. ബഹുതമമായ അര്‍ഥസാധ്യതകള്‍ ഉള്‍ച്ചേര്‍ന്ന സൂക്ഷ്‌മരൂപമാണ് ഓരോ വാക്കും. അക്കാദമിക് പഠനങ്ങളോ ഘടനാവാദാനന്തര ചിന്തകളില്‍ നടത്തിയ ഔപചാരിക ഗവേഷണമോ എന്റെ കവിതകളെ നേരിട്ട് ബാധിച്ചിട്ടില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്നാല്‍, പതഞ്ജലിയും ഭര്‍തൃഹരിയും പാണിനിയും ഭരതമുനിയും കുന്തകനും ഭാമഹനും മുതല്‍ സൊഷൂറും ദെറിദയും ലെക്കാനും ബാര്‍തും ഫൂക്കോയും ഷിഷെക്കും വരെയുള്ള ചിന്തകരും കാവ്യമീമാംസകരും ഭാഷയുടെ രസതന്ത്രത്തെപ്പറ്റി വലിയ ഉള്‍ക്കാഴ്‌ചകള്‍ നല്‍കിയിട്ടുണ്ടെനിക്ക്.

എന്റെ വായനയുടെ സ്വഭാവവും ഇങ്ങനെയൊക്കെ തന്നെയാണ്. ഒരു പ്രത്യേക മേഖല എന്നൊന്നുമില്ല. കവിതയും നോവലും നാടകവും ധാരാളം വായിക്കും; വിമര്‍ശ സിദ്ധാന്തങ്ങളും ചരിത്രവും രാഷ്‌ട്രീയവും... പിന്നെ, പുതിയ ശാസ്‌ത്രങ്ങളും വായിക്കാറുണ്ട് - എനിക്ക് മനസ്സിലാവുന്നിടത്തോളം. ഇന്ന രീതിയിലുള്ള കവിതയാണ് കൂടുതലിഷ്‌ടം എന്നുമില്ല. എഴുത്തിനാധാരമായ അനുഭവങ്ങള്‍ തന്നെയാണ് കാവ്യസ്വരൂപത്തെയും നിര്‍ണയിക്കുന്നത്. ഒരുവിധമെല്ലാ ദ്രാവിഡ വൃത്തങ്ങളിലും ഞാന്‍ എഴുതിയിട്ടുണ്ട്. ചിലപ്പോഴൊക്കെ സംസ്‌കൃതവൃത്തങ്ങളിലും നാടോടി ഈണങ്ങളിലും എഴുതിയ കവിതകളില്‍ അധികവും പ്രാസവൃത്താദികള്‍ ഇല്ലാത്തവയോ ഗദ്യ കവിതകളോ ആണ് എന്നതാണ് യാഥാര്‍ഥ്യം.

പലപ്പോഴും കവിതകളുടെ കേന്ദ്രബിന്ദുവായി ഭവിക്കുന്ന വിരുദ്ധോക്തി, ഒരു കാവ്യ സങ്കേതം എന്നതിലുപരി ജീവിതത്തിന്റെ അനിവാര്യമായ വിരോധാഭാസങ്ങളെ നോക്കിക്കാണാനുള്ള ഒരു മാര്‍ഗമാണെനിക്ക്. ഇത്, കവിതയില്‍ കൈകാര്യം ചെയ്യപ്പെടുന്ന വിഷയത്തില്‍നിന്ന് ഒരകലം സാധ്യമാക്കുന്നുമുണ്ട്. ദൃഢബിംബങ്ങള്‍ ഒട്ടുണ്ടാവാറുണ്ടെന്നതുകൊണ്ടുതന്നെ ആത്യന്തികമായി എന്റെ കവിതകള്‍ക്ക് ഒരു ദൃശ്യസ്വഭാവമാണുള്ളതെന്ന് പല വിമര്‍ശകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, ശബ്‌ദപ്രധാനമായ കവിതകളും ഞാനെഴുതിയിട്ടുണ്ട്.

ചിന്തയും വികാരവും കവിതയില്‍ വേറിട്ട് നില്‍ക്കുന്ന കാര്യങ്ങളല്ല. ഇവ രണ്ടും ചേര്‍ന്നാണ് ജീവസ്സുള്ള കാവ്യാനുഭവത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സംവേദനക്ഷമതയില്ലാത്തവരെപ്പോലെ തന്നെ ചിന്താശേഷി കുറഞ്ഞവരും എഴുത്തില്‍ ശരാശരി നിലവാരത്തിനപ്പുറമെത്താതിരിക്കുന്നത്. ചിന്തയില്‍ സ്‌ഫുടം ചെയ്യാത്ത വൈകാരികത അതിഭാവുകത്വത്തില്‍ ചെന്നടിയും; വൈകാരികത തൊട്ടുതീണ്ടാത്ത ചിന്തകള്‍ നമ്മെ അതിബൌദ്ധികതയിലെത്തിക്കും. ഡബ്ള്യു. എച്ച്. ഓഡന്‍, ബെര്‍ തോള്‍ട് ബ്രെഹ്റ്റ്, എന്‍സെന്‍സ് ബെര്‍ഗര്‍, നികാനോര്‍ പാര്‍റ എന്നിവരുടെയോ അല്ലെങ്കില്‍ ലോര്‍ക, നെരൂദ, മഹ്മൂദ് ദര്‍വീശ്, ലിയോപോള്‍ഡ് സെന്‍ഗോര്‍ എന്നിവരുടെയോ കവിതകള്‍ ഒന്നെടുത്തുനോക്കൂ. റീല്‍കെ, സെസാര്‍ വയേഹോ, യാന്നിസ് റിറ്റ്സോസ്, യഹൂദ അമിച്ചായി എന്നിങ്ങനെ ഞാനേറെ ആരാധിക്കുന്ന കവികളുടെ രചനകളില്‍ വൈകാരികതയ്‌ക്കാണോ ചിന്തയ്‌ക്കാണോ മേല്‍ക്കൈ എന്നു തീരുമാനത്തിലെത്താന്‍ നമ്മള്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടിവരും.

*
സച്ചിദാനന്ദന്‍

('ഞാന്‍ എന്തിന് എഴുതുന്നു?' ലേഖനത്തില്‍ നിന്ന്)

കടപ്പാട്: ഗ്രന്ഥാലോകം

1 comment:

വര്‍ക്കേഴ്സ് ഫോറം said...