Friday, November 26, 2010

തുറമുഖ വികസനവും കേരളത്തിന്റെ മുന്നേറ്റവും

കേരളവും കടലും നമ്മുടെ തീരദേശവും തമ്മിലുള്ള ബന്ധം കേരളത്തിന്റെ ഉല്‍പ്പത്തിയുമായിതന്നെ ബന്ധപ്പെട്ടു കിടക്കുന്നു. ചില ഭൗമാന്തരീക്ഷ വ്യതിയാനങ്ങള്‍ വഴി കടലില്‍ നിന്നും ഉയര്‍ന്നുവന്നതാണ് കേരളഭൂമിയെന്ന് ശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നു.

പ്രാചീനകാലം മുതല്‍ കേരളത്തിന്റെ അഭിവൃദ്ധിക്കു നിദാനമായിരിക്കുന്നത് നമ്മുടെ കടല്‍ മാര്‍ഗ്ഗങ്ങളെ ആശ്രയിച്ചുള്ള വാണിജ്യബന്ധങ്ങള്‍ തന്നെയായിരുന്നു. ചൈന, ഫിനിഷ്യ, ബാബിലോണിയ എന്നീ രാജ്യങ്ങളും പിന്നീട് അറബ് രാജ്യങ്ങളും ഡച്ച്, പോര്‍ച്ചുഗല്‍, ഫ്രഞ്ച് എന്നിവരുമായുള്ള ബന്ധങ്ങളും ഒടുവില്‍ ബ്രിട്ടീഷുകാരുമായും നമുക്കുണ്ടായിരുന്ന സാമ്പത്തിക വ്യാപാര ഇടപാടുകള്‍ നമ്മുടെ തുറമുഖങ്ങള്‍ വഹിച്ച പങ്ക് ചരിത്രസത്യങ്ങളാണ്.

കേരളത്തിന്റെ സുദീര്‍ഘമായ വൈദേശികബന്ധവും സുഗന്ധ വ്യജ്ഞന വ്യാപാരവും നമ്മുടെ പുരാതന തുറമുഖങ്ങള്‍ വഴിയായിരുന്നു. കിഴക്കിന്റെ വെനീസായ ആലപ്പുഴയും മുസരീസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരും കൊച്ചിയും ബേപ്പൂരുമൊക്കെ ഒരുകാലത്ത് ഏഷ്യയുടെ തന്നെ സുപ്രധാന തുറമുഖങ്ങളായി ലോകമെമ്പാടും അറിയപ്പെട്ടിരുന്നു. തുറമുഖങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇത്തരം ഗതകാലസ്മരണകള്‍ അയവിറക്കി കഴിയാനെ അടുത്തകാലംവരെ നമുക്ക് കഴിയുമായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷങ്ങള്‍ കൊണ്ട് ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തിന്റെ തുറക്കാത്ത നിരവധി സാഗര കവാടങ്ങള്‍ തുറക്കാനുള്ള പരിശ്രമത്തിലാണ്. സാഗരസഞ്ചാരവും വ്യാപാരവും യാഥാര്‍ഥ്യമാക്കി കൊണ്ട് ഒരു പുത്തന്‍ ഉണര്‍വ് തീരദേശത്ത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.

ഉദ്ദേശം 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നമ്മുടെ തീരദേശത്ത് ചെറുതും വലുതുമായി 17 തുറമുഖങ്ങളുണ്ട്. നന്നായി വികസിപ്പിക്കാവുന്ന പ്രധാനപ്പെട്ട ചില തുറമുഖങ്ങള്‍ പ്രൈവറ്റ് പബ്ലിക് പാര്‍ട്ടിസിപ്പേഷനിലൂടെ (പി പി പി) വികസിപ്പിച്ച് അനന്തസാധ്യതകളുള്ള വ്യാപാര മേഖലകളാക്കി മാറ്റാനാണ്് ഗവണ്‍മെന്റ് ഇപ്പോള്‍ മുന്നോട്ടുപൊയ്‌കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളാണ് അഴീക്കല്‍, പൊന്നാനി, ബേപ്പൂര്‍, കൊല്ലം (തങ്കശേരി), വിഴിഞ്ഞം എന്നിവ. സാധാരണ തുറമുഖങ്ങള്‍ വികസിപ്പിക്കുവാന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സികളോ പണം മുടക്കണം. എന്നാല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊച്ചി വല്ലാര്‍പാടം ഒഴികേയുള്ള ഒരു പദ്ധതിക്കും കേന്ദ്ര സഹായം ലഭ്യമായിട്ടില്ല. അതിനാല്‍ സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് ലഭ്യമാകുന്ന സാഹചര്യങ്ങള്‍ മുതലാക്കി തുറമുഖങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് നാം ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. നമ്മുടെ ഖജനാവിന്റെ പ്രയാസങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും പരിശോധിച്ചാല്‍ കോടിക്കണക്കിന് രൂപ തുറമുഖ വികസനത്തിനുവേണ്ടി ഒന്നിച്ച് മുടക്കാന്‍ ഇല്ലാത്ത സ്ഥിതിയാണ്. അപ്പോള്‍ മറ്റുള്ള ഏജന്‍സികളുടേയോ സ്ഥാപനങ്ങളുടേയോ സഹായത്തോടുകൂടിയല്ലാതെ ഈ തുറമുഖങ്ങളെ വികസിപ്പിക്കുക സാധ്യമല്ല. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അഴീക്കല്‍ തുറമുഖത്തിന്റെ വികസനത്തിന്, ആവശ്യമുള്ള ആഴം ഡ്രെഡ്ജ് ചെയ്ത് പുതിയ വാര്‍ഫുകള്‍ നിര്‍മിച്ച്, അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശം 3308 കോടി രൂപയുടെ വന്‍ പദ്ധതി നടപ്പിലാക്കാനുള്ള അന്തിമ ഘട്ടത്തിലാണ് ഗവണ്‍മെന്റ്. അതുപോലെതന്നെ പൊന്നാനിയിലും ബേപ്പൂരിലും യഥാക്രമം 978, 170 കോടി രൂപ മുടക്കി ഈ തുറമുഖങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൊല്ലം തുറമുഖം ഇപ്പോള്‍തന്നെ വികസനത്തിന്റെ പാതയിലാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉദ്ദേശം 30 കോടി രൂപയുടെ വികസനം യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. ഇനിയൊരു 20 കോടി രൂപകൂടി മുടക്കിയാല്‍ കൊല്ലം തുറമുഖം അതിന്റെ ഗതകാല സ്മരണകള്‍ ഉയര്‍ത്തി പ്രൗഢിയോടുകൂടി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചരക്ക് കയറ്റിറക്കുമതി കേന്ദ്രമാക്കി മാറ്റാന്‍ കഴിയും.

ദീര്‍ഘവര്‍ഷങ്ങളായി പറഞ്ഞുപതിഞ്ഞ കാര്യമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനം. വിഴിഞ്ഞം തുറമുഖത്തിന്റെ 10 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് അന്താരാഷ്ട്ര കപ്പല്‍ ചാനല്‍. ലോകത്തിലെ മറ്റിതര തുറമുഖങ്ങളെപോലെ കോടാനുകോടികള്‍ മുടക്കിയുള്ള ഡ്രെഡ്ജിംഗ് ഇവിടെ ആവശ്യമില്ല. മദര്‍ഷിപ്പുകള്‍ക്ക് യഥേഷ്ടം സുരക്ഷിതമായി കടന്നുവന്ന് നങ്കൂരമിടാനുള്ളത്ര ആഴം (ഡ്രാഫ്റ്റ്) ഇപ്പോള്‍തന്നെ വിഴിഞ്ഞത്തിന് ഉണ്ട്. അതുകൊണ്ടാണ് വിഴിഞ്ഞം ഒരു സ്വാഭാവിക തുറമുഖമെന്ന പെരുമയോടുകൂടി വികസിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് ഏറെക്കാലമായി പലരും പറഞ്ഞുകൊണ്ടിരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നാം നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും പല കാരണങ്ങള്‍കൊണ്ട് മുന്നോട്ടുനീങ്ങാന്‍ പറ്റാതെവന്നു. ഏറ്റവും അവസാനം ഒരു തുറമുഖത്തിന് ആവശ്യമുള്ള ഭൗതിക സാഹചര്യങ്ങളായ റോഡ്, റയില്‍, വൈദ്യുതി, കുടിവെള്ളം, ആളുകളെ മാറ്റിപാര്‍പ്പിക്കല്‍, സ്ഥലമെടുപ്പ് എന്നിവ ഒരുക്കുന്ന പ്രക്രിയ അസാധ്യമാണെന്ന് കരുതുകയും എപ്പോഴും വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇപ്പറഞ്ഞ എല്ലാ കാര്യങ്ങളിന്‍മേലും തദ്ദേശവാസികളുടെ സഹകരണത്തോടുകൂടി പരിഹാരം കാണുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായിട്ട് സര്‍ക്കാര്‍ മുന്നോട്ടുപോയതിനാല്‍ വിഴിഞ്ഞം ഇന്ന് പ്രവര്‍ത്തനപാതയിലെത്തിയിരിക്കുന്നു. ഇതിനുവേണ്ടി കേരള സര്‍ക്കാര്‍ 450 കോടി രൂപയാണ് മാറ്റിവച്ചിരുന്നത്. ആ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരള സര്‍ക്കാര്‍ തുറമുഖം നേരിട്ട് നിര്‍മിക്കാനും ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് ആവശ്യമുള്ള തുക സമാഹരിക്കുവാനും തീരുമാനിച്ചത്. 2500 കോടി രൂപ സമാഹരിക്കാന്‍ ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നേതൃത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതോടൊപ്പംതന്നെ പോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു പോര്‍ട്ട് ഓപ്പറേറ്റര്‍ എന്ന നിലയിലേക്ക് ഒരു ഏജന്‍സിയെ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലുമാണ് സര്‍ക്കാര്‍. സുതാര്യമായ നടപടിക്രമങ്ങളിലൂടെ ആ ദൗത്യംകൂടി പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും പരിസ്ഥിതി ക്ലീയറന്‍സ് ലഭിക്കുന്ന മുറയ്ക്ക്, ദീര്‍ഘകാലമായി മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമായ, ഏഷ്യയുടെ സാഗരകവാടമെന്ന് അറിയപ്പെടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ നമുക്കുകഴിയും.

നീണ്ടകര, ആലപ്പുഴ, മുനമ്പം (കൊടുങ്ങല്ലൂര്‍), വിഴിഞ്ഞം, പൊന്നാനി, വടകര, അഴീക്കല്‍, ചെറുവത്തൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ തീരങ്ങളില്‍ ടൈഡല്‍ മെറ്റീരിയോളജിക്കല്‍ സ്റ്റേഷന്‍സ് ആരംഭിക്കാന്‍വേണ്ടി നടപടികള്‍ കൈക്കൊണ്ടുകഴിഞ്ഞു. ഈ പദ്ധതിയുടെ പ്രയോജനം മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേകിച്ച് പൊതുജനങ്ങള്‍ക്കുമാണ് ഏറെ ലഭിക്കുക.

മലബാറിന്റെ തുറമുഖ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന മൂന്ന് തുറമുഖങ്ങളാണ് പൊന്നാനി, അഴീക്കല്‍, ബേപ്പൂര്‍. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറെ പരിഗണന ലഭിച്ചിട്ടില്ലാത്ത തുറമുഖങ്ങളാണ് ഇവ. എന്നാല്‍ ആ തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ മലബാറിന്റെ വികസനം യാഥാര്‍ഥ്യമാക്കാമെന്ന തിരിച്ചറിവാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ബേപ്പൂരില്‍ ഇക്കഴിഞ്ഞ നാളുകളില്‍ നാം ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍. ബേപ്പൂരില്‍ ലക്ഷദ്വീപിനുവേണ്ടി പ്രത്യേകമായ ഒരു വാര്‍ഫ് നിര്‍മിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയ്ക്കും പ്രത്യേകിച്ച് മലബാറിനും പ്രത്യേകമായ ഒരു വ്യാപാരമുഖം തുറന്നുകൊടുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ലക്ഷദ്വീപ് നിവാസികള്‍ ഏറെ താല്‍പര്യപ്പെടുന്ന ഈ വികസനം വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പരിഗണനയില്‍ മാത്രമായി നിലനില്‍ക്കുകയായിരുന്നു. ബേപ്പൂരില്‍ ഇപ്പോള്‍ ആരംഭിക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളോടൊപ്പംതന്നെ ബേപ്പൂര്‍ തുറമുഖത്ത് സ്വകാര്യ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ 400 മീറ്റര്‍ വാര്‍ഫിന്റെ പണി, ഇപ്പോഴുള്ള ആഴം (ഡ്രാഫ്ട്) 4 മീറ്ററില്‍ നിന്ന് 11 മീറ്ററായി വര്‍ധിപ്പിക്കല്‍, 20000 ടണ്‍ കേവ് ഭാരമുള്ള കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്തില്‍ അടുപ്പിക്കല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സജീവ നേതൃത്വം കൊടുക്കുന്നു.

അഴീക്കല്‍, പൊന്നാനി, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കോസ്റ്റല്‍ ഷിപ്പിംഗ് ഓപ്പറേഷന്‍ എന്നൊരു പുതിയ പദ്ധതിക്ക് ഇതോടെ തുടക്കം കുറിക്കും. ഈ പദ്ധതിയുടെ രണ്ടാം ഘട്ടമായി കാസര്‍കോഡ്, കൊടുങ്ങല്ലൂര്‍, ആലപ്പുഴ എന്നീ തുറമുഖങ്ങളേയുംകൂടി ബന്ധിപ്പിക്കുന്നു. ടൂറിസം പ്രാധാന്യമുള്ള പോര്‍ട്ടായി തലശ്ശേരി, കോട്ടയം തുറമുഖങ്ങളെ മാറ്റിയെടുക്കുന്ന നടപടികളും പുരോഗമിച്ചുവരുന്നു. ഈ പദ്ധതി 2012 ജനുവരിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ തെക്കുവടക്ക് തീരദേശ ജില്ലകള്‍ക്ക് നേരിട്ടും കേരളത്തിന്റെ മൊത്തത്തിലുള്ള വ്യാപാര വാണിജ്യ ചരക്ക് ഗതാഗത ടൂറിസം മേഖലകള്‍ക്ക് പ്രത്യേകിച്ചും ഒരു പുത്തനുണര്‍വ് ഈ സമഗ്ര തീരദേശ വികസന പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നു. റോഡ് വഴിയുള്ള ചരക്ക് ഗതാഗതം പല കാരണങ്ങള്‍ കൊണ്ടും ഇനിയുള്ള കാലം ഏറെ ക്ലേശകരമാണ്. മാത്രവുമല്ല റോഡ് വഴിയുള്ള ചരക്ക് ഗതാഗതത്തിന്റെ മൂന്നിലൊന്ന് ചെലവ് മാത്രമേ ജലമാര്‍ഗമുള്ള ചരക്ക് ഗതാഗതത്തിന് വേണ്ടിവരികയുള്ളൂ. ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗോവ, ഒറീസ, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ദൂരം ഉപയോഗയോഗ്യമായ കടല്‍ സാമീപ്യമുള്ള സംസ്ഥാനം കേരളമാണ്. നിര്‍ഭാഗ്യവശാല്‍ മറ്റിതര സംസ്ഥാനങ്ങളിലെ തുറമുഖ വികസനത്തിനുവേണ്ടി കേന്ദ്ര ഗവണ്മെന്റ് ഏറ്റെടുത്തിട്ടുള്ള താല്‍പര്യങ്ങള്‍ കേരളത്തിന് ലഭിച്ചിട്ടില്ല എന്നുള്ള ദുഃഖസത്യം പറയാതെ വയ്യ. കേന്ദ്ര ഗവണ്മെന്റിന്റെ സഹായം മുന്‍കാലങ്ങളില്‍ ലഭിക്കാത്തതുമൂലം ഉണ്ടായിട്ടുള്ള വികസന മുരടിപ്പ് മാറ്റിയെടുക്കാന്‍ സംസ്ഥാന ഗവണ്മെന്റ് നടത്തുന്ന പരിശ്രമങ്ങളാണ് ഇവിടെ വിവരിച്ചിട്ടുള്ളത്.

ഇത്തരത്തില്‍ നാം സുസജ്ജമാക്കുന്ന 17 ചെറുതുറമുഖങ്ങളുടേയും കൊച്ചി, വിഴിഞ്ഞം എന്നീ മേജര്‍ തുറമുഖങ്ങളുടേയും അനന്തസാധ്യതകള്‍ വിലയിരുത്തി ഭാവിയില്‍ എന്തൊക്കെ സൗകര്യങ്ങള്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയുമെന്നുകൂടി പരിശോധിക്കുന്നതിനാണ് ഇന്നലെയും ഇന്നുമായി തിരുവനന്തപുരത്ത് സര്‍ക്കാരിന്റെയും കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാരിടൈം കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന വിദഗ്ദ്ധരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും തീര്‍ച്ചയായും നമ്മുടെ നാടിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കും. സ്വദേശികളും വിദേശികളുമായ 200 ല്‍പ്പരം വ്യവസായ സംരംഭകരുടെ ഒത്തുചേരലിലൂടെ കേരളത്തിലെ മാരിടൈം വ്യാപാരങ്ങള്‍ക്ക് ആവശ്യമായ നിക്ഷേപകരേയും പങ്കാളികളെയും കണ്ടെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തുറമുഖമേഖലയിലും അനുബന്ധ വ്യവസായങ്ങളിലുമായി കൂടുതല്‍ നിക്ഷേപകരേയും വ്യാപാര പങ്കാളികളെയും കണ്ടെത്തുന്നതുവഴി നമ്മുടെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് കേരളത്തിന്റെ തീരദേശമേഖല ഏറെ സാധ്യതകളാണ് ഒരുക്കിക്കൊടുക്കുന്നത്.

*
വി സുരേന്ദ്രന്‍ പിള്ള കടപ്പാട്: ജനയുഗം ദിനപത്രം 26-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളവും കടലും നമ്മുടെ തീരദേശവും തമ്മിലുള്ള ബന്ധം കേരളത്തിന്റെ ഉല്‍പ്പത്തിയുമായിതന്നെ ബന്ധപ്പെട്ടു കിടക്കുന്നു. ചില ഭൗമാന്തരീക്ഷ വ്യതിയാനങ്ങള്‍ വഴി കടലില്‍ നിന്നും ഉയര്‍ന്നുവന്നതാണ് കേരളഭൂമിയെന്ന് ശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നു.

പ്രാചീനകാലം മുതല്‍ കേരളത്തിന്റെ അഭിവൃദ്ധിക്കു നിദാനമായിരിക്കുന്നത് നമ്മുടെ കടല്‍ മാര്‍ഗ്ഗങ്ങളെ ആശ്രയിച്ചുള്ള വാണിജ്യബന്ധങ്ങള്‍ തന്നെയായിരുന്നു. ചൈന, ഫിനിഷ്യ, ബാബിലോണിയ എന്നീ രാജ്യങ്ങളും പിന്നീട് അറബ് രാജ്യങ്ങളും ഡച്ച്, പോര്‍ച്ചുഗല്‍, ഫ്രഞ്ച് എന്നിവരുമായുള്ള ബന്ധങ്ങളും ഒടുവില്‍ ബ്രിട്ടീഷുകാരുമായും നമുക്കുണ്ടായിരുന്ന സാമ്പത്തിക വ്യാപാര ഇടപാടുകള്‍ നമ്മുടെ തുറമുഖങ്ങള്‍ വഹിച്ച പങ്ക് ചരിത്രസത്യങ്ങളാണ്.