Thursday, November 18, 2010

ഞാന്‍ എന്തിനെഴുതുന്നു?

"നിങ്ങള്‍ എന്തിനെഴുതുന്നു?'' എല്ലാ എഴുത്തുകാരും ഈ ചോദ്യത്തിന് വിശദീകരണം നല്‍കേണ്ടി വന്നിട്ടുണ്ടാവും; ഒരു വട്ടമല്ല, പലവട്ടം. തത്ത്വശാസ്‌ത്രപരമോ രാഷ്‌ട്രീയമോ അതല്ലെങ്കില്‍ വൈയക്തികമായോ ഈ ചോദ്യത്തെ വായിച്ചെടുക്കാമെന്നിരിക്കെ പലപ്പോഴായി ഉത്തരങ്ങളും വിഭിന്നങ്ങളായിരുന്നിരിക്കണം. പോരാത്തതിന് ഇതേ ചോദ്യം തന്നെ, വ്യത്യസ്‌തമായ ഊന്നലുകളോടെ ഉയര്‍ത്തപ്പെടാം.

'നിങ്ങള്‍' എന്തിന് എഴുതുന്നു?

നിങ്ങള്‍ 'എന്തിന് ' എഴുതുന്നു?

നിങ്ങള്‍ എന്തിന് 'എഴുതുന്നു'?

ഒന്നാമത്തേത്, എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ സാംഗത്യവുമായി ബന്ധപ്പെട്ട ചോദ്യമാണ്. രണ്ടാമത്തേത്, വളരെ സാധാരണമായ, പൊതുവായ ഒരന്വേഷണം (സ്വരമൊന്നുമാറിയാല്‍ തികഞ്ഞ അവജ്ഞയാവാം ചോദ്യത്തില്‍). ആത്മാവിഷ്‌കാരത്തിനോ അതല്ലെങ്കില്‍ 'ഒരിടപാട് ' എന്ന നിലയ്‌ക്കോ മറ്റു പല മാര്‍ഗങ്ങളുമുണ്ടെന്നിരിക്കെ, 'എഴുത്ത്' എന്ന ഈ മാധ്യമംതന്നെ നിങ്ങള്‍ എന്തിന് സ്വീകരിച്ചു എന്നാണ് അവസാന ചോദ്യത്തിന്റെ വിവക്ഷ. രണ്ടാമത്തെ ചോദ്യമാണിവിടെ ഉയര്‍ത്തപ്പെട്ടതെന്ന് ഞാന്‍ വിചാരിക്കുന്നു. എഴുത്തിന്റെ അസ്‌തിത്വകാരണം എന്ത് ?

ഈ ചോദ്യത്തിന് ഋജുവായ ഒരുത്തരം എന്റെ കൈയിലുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അല്ലെങ്കില്‍, ഒന്നിലേറെ ഉത്തരങ്ങളുണ്ട് എന്നതാവാം; ഓരോ കവിതയുടെ കാര്യത്തിലും വ്യത്യസ്‌തമായ ഉത്തരങ്ങള്‍! ഉദാഹരണത്തിന് അടിയന്തരാവസ്ഥക്കാലത്തെഴുതിയ കവിതകള്‍. വിയറ്റ്നാമിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും പിന്നീട് 1984ലെ സിഖ് കൂട്ടക്കൊലയുടെ കാലത്തും ബാബറി മസ്‌ജിദ് സംഭവത്തെത്തുടര്‍ന്നും അതുപോലെ ഗുജറാത്ത് കലാപത്തിന്റെയും ഒറീസ കൂട്ടക്കൊലയുടെയും ഒടുവില്‍ നിഥാരിയിലെ കുട്ടികളെ കൊലചെയ്‌ത സംഭവമുണ്ടായപ്പോഴുമൊക്കെ ഞാനെഴുതിയ കവിതകളുടെ പ്രചോദനം സാമൂഹികമായ ജാഗ്രതയായിരുന്നു എന്നു വേണം കരുതാന്‍. ഭോപാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെഴുതിയ കവിതകളും എഴുപതുകളിലെ രാഷ്‌ട്രീയ കവിതകളും ഈ ഗണത്തില്‍പ്പെടുന്നവ തന്നെയാണ്.

വ്യത്യസ്‌തമായ ഭൂപ്രദേശങ്ങള്‍, പുഴകള്‍, പൂക്കള്‍, പക്ഷികള്‍, ചിത്രങ്ങള്‍, സംഗീതം, കവിത, മരണം... ഇവയെപ്പറ്റി ഞാനെഴുതിയിട്ടുള്ളത് അവയുടെ ശുദ്ധ സൌന്ദര്യാത്മകതകൊണ്ടുതന്നെയാവും.

മൂന്നാമതൊരു കൂട്ടം കവിതകള്‍ - ഭാഷാപരമായ സാധ്യതകള്‍ ഉപയോഗിക്കാനുള്ള എന്റെ ആഗ്രഹത്തിന്റെ സൃഷ്‌ടികള്‍:
പൂച്ച, സംഗീതം ജോണ്‍ കെയ്‌ജിനുശേഷം, കോവണിയിറങ്ങുന്ന നഗ്ന എന്നിവയൊക്കെ.

പാരമ്പര്യവുമായി സംഭാഷണത്തിലേര്‍പ്പെടാനുള്ള ആശയുടെ ഫലമാണ് എനിക്കുമുമ്പത്തെ മലയാള കവികളെപ്പറ്റിയും പിന്നീട് ഇന്ത്യയിലെ ഋഷി കവികളെപ്പറ്റിയുമൊക്കെ എഴുതിയിട്ടുള്ളവ.

വളരെ വ്യക്തിപരമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ വേണ്ടിയുള്ള ഒരുകൂട്ടം കവിതകളാണ് അഞ്ചാമത്തെ വിഭാഗത്തില്‍പ്പെടുന്നത്. ആത്മഗീത, അസ്വസ്ഥം, മറ്റ് ആത്മകഥാപരമായ കവിതകള്‍, അനന്തം, അപൂര്‍ണം പോലുള്ള പ്രണയ കവിതകള്‍...

ഒരര്‍ഥത്തില്‍ ഈ അംശങ്ങളൊക്കെ എല്ലാ കവിതകളിലുമുണ്ട്. വളരെ വ്യക്ത്യധിഷ്‌ഠിതമായ കവിതയ്‌ക്കുമുണ്ടാവും ഒരു സാമൂഹികമാനം. അതുപോലെത്തന്നെ, ഏതൊരു സാമൂഹിക വിഷയവും ഞാന്‍ നോക്കിക്കാണുന്നത് എന്റെ വ്യക്തിപരമായ കാഴ്‌ചപ്പാടിലൂടെയാണുതാനും. പ്രകൃതിയെപ്പറ്റിയും പുഴകളെപ്പറ്റിയും ഞാനെഴുതിയതിലൊക്കെയുമുണ്ട് മാനുഷികമായൊരംശം. കവിതാ പാരമ്പര്യവുമായി സംവദിക്കാന്‍ ശ്രമിച്ച് ഞാനെഴുതിയ കവിതകള്‍ക്കും സാമൂഹികമായ ഒരു സന്ദര്‍ഭമുണ്ട്.

അതുകൊണ്ടുതന്നെ, ചരിത്രവുമായി സംവദിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഞാന്‍ എഴുതുന്നത്.
ഞാനെഴുതുന്നത് സമൂഹത്തോട് സംവദിക്കാനാണ്, പ്രപഞ്ചത്തിന്റെയും സ്വത്വത്തിന്റെയും നിഗൂഢതകളന്വേഷിക്കാനാണ്, മനുഷ്യനും പ്രകൃതിയുമുള്‍ച്ചേര്‍ന്ന ചുറ്റുപാടുകളോടുള്ള എന്റെ പ്രതികരണങ്ങള്‍ അടയാളപ്പെടുത്താനാണ്, ജീവിതത്തിന്റെ വൈവിധ്യവും സമൃദ്ധിയും ആഘോഷിക്കാനാണ്, വ്യക്തിപരമായ വേദനകളും ആകാംക്ഷകളും പ്രകടിപ്പിക്കാനാണ്, ഭാഷയെ പുനരുദ്ധരിക്കാനും പുനരുജ്ജീവിപ്പിക്കാനുമാണ്, മരണമെന്ന ശാശ്വതസത്യത്തെ വെല്ലുവിളിക്കാനാണ് - ഇതെല്ലാം പരസ്‌പരവൈരുധ്യത്തെ ഭയക്കാതെതന്നെ എനിക്ക് പറയാനാവും.

നാടിന്റെ അവസ്ഥയെ അഭിമുഖീകരിക്കാത്ത കവിതകള്‍ നിഷ്‌ഫലങ്ങളാണെന്ന് അഭിപ്രായപ്പെടുന്ന Cseslaw Miloz നോട് യോജിക്കുമ്പോള്‍ത്തന്നെ വ്യക്തികളുടെ അവസ്ഥയെ അവഗണിക്കുന്ന കവിത മാനുഷിക ധര്‍മത്തിന്റെ തലത്തില്‍ പരാജയപ്പെടും എന്നുകൂടെ എനിക്കഭിപ്രായമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കവിതയ്‌ക്ക് രണ്ടു ചിറകുകളാണുള്ളത്: വൈയക്തികാംശവും സാമൂഹികാംശവും. ഒന്നാമത്തേത് അതിന് ആധികാരികത നല്‍കുന്നു, രണ്ടാമത്തേത് അതിന്റെ പ്രസക്തി ഉറപ്പാക്കുന്നു. "ഓഷ്വിറ്റ്സിനുശേഷം കവിത അസാധ്യമാണ് '' എന്ന അഡോണയുടെ പ്രസ്‌താവനയുടെ അര്‍ഥം ബോധ്യമുള്ളപ്പോള്‍ത്തന്നെ "ദുഷ്‌കാലത്തും കവിതയുണ്ടാവും, ദുഷ്‌കാലത്തെക്കുറിച്ചുള്ള കവിത'' എന്ന ബ്രെഹ്തിന്റെ വാക്കുകളെയും ഞാന്‍ വിശ്വസിക്കുന്നു.

സച്ചിദാനന്ദന്‍

('ഞാന്‍ എന്തിന് എഴുതുന്നു?' ലേഖനത്തില്‍ നിന്ന്)

സൂര്യമുദ്ര

സച്ചിദാനന്ദന്റെ ആദ്യകാല കവിതകളെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍

നിരന്തരമായ സ്വയംനവീകരണത്തിന്റെ അടയാളങ്ങളായി പരിഗണിക്കാവുന്നവയാണ് സച്ചിദാനന്ദന്റെ കവിതകള്‍. വൈവിധ്യപൂര്‍ണമാണത്. എന്നാല്‍ അകമേ ചില ഭാവബദ്ധതകള്‍ തുടരുന്നുമുണ്ട്. മലയാളത്തിലെ ആധുനികതാവാദ കവിതകളില്‍ സവിശേഷമായൊരിടമുണ്ട് അവയ്‌ക്ക്. എന്നാല്‍ ആധുനികതാവാദത്തിന്റെ പ്രസ്ഥാനസ്വഭാവം അയഞ്ഞും അഴിഞ്ഞും പോയതിനുശേഷവും സച്ചിദാനന്ദന്റെ കവിതകള്‍ക്ക് തുടര്‍ച്ചയുമുണ്ട്. പരിണാമിയായ ആ കവിതാസഞ്ചയത്തില്‍നിന്ന് ശ്രദ്ധാര്‍ഹമായ ചില ആദ്യകാലരചനകളെ സവിശേഷം നിരീക്ഷിച്ചുകൊണ്ട്, നമ്മുടെ കവിതയിലെ ആധുനികതാവാദത്തിന്റെ സൃഷ്‌ടിയില്‍ സച്ചിദാനന്ദന്റെ കവിതകള്‍ ഇടപെട്ടതിന്റെ ചില വശങ്ങള്‍ അന്വേഷിക്കാനാണ് ഈ ലേഖനം പരിശ്രമിക്കുന്നത്.

മലയാളത്തിലെ ആധുനികതാവാദ കവിതയുടെ പ്രസ്ഥാനാത്മകമായ സവിശേഷതകള്‍ 1950കളുടെ പാതിയോടെ തെളിയാനും 1980കളുടെ ആദിയോടെ മായാനും തുടങ്ങിയെന്ന് സാമാന്യമായി പറയാം. കണിശമായി ആണ്ടുമാസം കുറിക്കുന്നതു പന്തിയല്ലെന്നുവന്നാലും ഇങ്ങനെയൊരു കാലഗണന ആവശ്യമാണ്. ആധുനികതാവാദകവിതയുടെ തുടക്കക്കാലത്ത് പ്രധാനമായി മൂന്നു കാവ്യധാരകള്‍ മലയാളത്തിലുണ്ടായിരുന്നു. ഒന്ന്, ഇടപ്പള്ളിക്കവികളിലൂടെ, വിശേഷിച്ച് ചങ്ങമ്പുഴയിലെ ഈട്ടം കൂടി വന്ന കാല്‍പനികധാര. ചങ്ങമ്പുഴയുടെ വൈവിധ്യമേറിയ കാവ്യപ്രപഞ്ചത്തെ പ്രസ്ഥാനാത്മക കാല്‍പനികതയില്‍ മാത്രം ഒതുക്കാന്‍ ഇന്ന് പ്രയാസമായിരിക്കുമെങ്കിലും മലയാളത്തിലെ കാവ്യകാല്‍പനികതയുടെ സ്വരം നിര്‍ണയിക്കുന്നതില്‍ അതിനുള്ള സവിശേഷസ്ഥാനം കണക്കിലെടുത്ത് ഇവിടെ കാല്‍പനികധാര എന്നു വിളിക്കാമെന്നു തോന്നുന്നു. രണ്ട്, ചങ്ങമ്പുഴക്കാല്‍പനികതയുടെ സമ്പ്രദായങ്ങളില്‍നിന്ന് ധാരാളം ഊര്‍ജം ഉള്‍ക്കൊള്ളുകയും വീക്ഷണപരമായി സവിശേഷാര്‍ഥത്തിലുള്ള ഒരു നവലോകസൃഷ്‌ടി ലക്ഷ്യമാക്കുകയും ചെയ്യുന്ന കാല്‍പനികപുരോഗമന കവിത. ഇവയെ കാല്‍പനികധാരയുടെ തുടര്‍ച്ചയായി കണക്കാക്കാന്‍ തോന്നുമെങ്കിലും വീക്ഷണപരമായ വ്യതിരിക്തത വേറിട്ടു പരിഗണിക്കാനും പ്രേരിപ്പിക്കുന്നു. മൂന്ന്, ഈ രണ്ടു ധാരകളെയും സംശയിക്കുകയോ തള്ളിക്കളയുകയോ വിമര്‍ശിക്കുകയോ ചെയ്‌തുകൊണ്ട്, അനുഭവിക്കുന്നതിലും ആവിഷ്‌കരിക്കുന്നതിലും കൂടുതല്‍ യഥാതഥരീതി പുലര്‍ത്തുന്ന കാവ്യധാര. ഇവ തമ്മില്‍ത്തമ്മില്‍ കുറെയൊക്കെ കലര്‍ന്നുകാണുന്നതും സ്വഭാവികം.

ഈ മൂന്നു ധാരകളെയും ഒട്ടൊക്കെ അപരിചിതവല്‍ക്കരിച്ചുകൊണ്ടാണ് ആധുനികതാവാദ കവിത മലയാളത്തില്‍ ഇടം നേടിയത്. പക്ഷേ, ഈ മൂന്നു ധാരകളുടെയും ഊര്‍ജം തീര്‍ത്തും വറ്റിപ്പോയിട്ടില്ലാതിരുന്നതുകൊണ്ട് അവയുടെ അംശങ്ങളും അവിടവിടെ കലര്‍ന്നുകാണും. അതെന്തായാലും പ്രമേയതലത്തിലും ആവിഷ്‌കാരതലത്തിലും ഇവയുടെ തുടര്‍ച്ചകളെക്കാള്‍ ഇടര്‍ച്ചകള്‍ അനിവാര്യമായിരുന്ന ഒരു കാലയളവാണ് ആധുനികതാവാദ കവിത അടയാളപ്പെടുത്തുന്നത്.

മലയാളികളുടെ ജീവിതം പുതിയ ദശാസന്ധിയിലേക്കും പുതിയ പ്രതിസന്ധികളിലേക്കും പ്രവേശിച്ച കാലയളവുമാണത്. നവോത്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തില്‍ വികസിച്ചുവന്നതെന്നു കരുതാവുന്ന പ്രസാദാത്മക വീക്ഷണത്തിന് കാര്യമായ മങ്ങലേറ്റു. സ്വാതന്ത്ര്യത്താല്‍ പരഭാരതത്തിന്റെ സാമൂഹ്യമര്യാദയായിത്തീര്‍ന്ന ധനലോഭത്തെയും ധാര്‍മികമൂല്യച്യുതിയെയുംപറ്റി എന്‍.എന്‍. കക്കാട് സൂചിപ്പിച്ചിട്ടുണ്ടല്ലോ. സാമൂഹികജീവിതത്തില്‍ വരുന്ന പരിണാമങ്ങളിലുള്ള ഉല്‍ക്കണ്‌ഠകളാണ് ഇമ്മാതിരി അഭിപ്രായങ്ങളില്‍നിന്നു കേള്‍ക്കാനാവുന്നത്. സാമൂഹിക മര്യാദകളോടു ചേരാതെ നില്‍ക്കുന്ന വ്യക്തിസത്തയാണ് പുതിയ പരിണാമങ്ങളില്‍ അനുശയം കൊള്ളുന്നത്. ഈ പൊരുത്തക്കേട് തന്നെപ്പറ്റി - വ്യക്തിസത്തയെപ്പറ്റി - ഉള്ള പുതിയതും വലിയതുമായ അന്വേഷണങ്ങളിലേക്ക് ആധുനികതാവാദ കവിതയെ നയിച്ചു.

II

കാല്‍പനികപ്രസ്ഥാനകാലത്തെ കവിതകളില്‍ കാണുന്നതില്‍നിന്നു വ്യത്യസ്‌തമായാണ് ഇവിടെ വ്യക്തിയുടെ തെറ്റിപ്പിരിയലും തന്നിലേക്കുള്ള നോട്ടവും. കാല്‍പനിക കവിതകളില്‍ വ്യക്തിക്ക് തന്നെപ്പറ്റി താരതമ്യേന കൃത്യമായ ധാരണകളുണ്ടെന്ന് സാമാന്യമായി പറയാം. കാര്യമായി പഴുതുകളില്ലാത്ത നിര്‍വചനമാണ് അവിടെ വ്യക്തി സ്വയം നല്‍കുന്നത്. തനിക്ക് തന്നെപ്പറ്റി അറിയാം; പക്ഷേ ലോകത്തിനറിയില്ല. അതുകൊണ്ട് ഈ ലോകത്തില്‍ താന്‍ പരാജയമാണ്. ലോകം കപടമാണ്, ആത്മാര്‍ഥമായ ഹൃദയം തനിക്കുമാത്രം, അതു പരാജയകാരണം എന്നു ചങ്ങമ്പുഴ. ലോകം സഹതപിക്കാത്തതാണെന്നും ശാരദാകാശം മാത്രമാണ് എന്തിലും സഹകരിക്കുന്നതെന്നും ഇടപ്പള്ളി. ഓരോരുത്തനും അവനവന്റെ കഴിവിനൊത്തു വികസിക്കാന്‍ സമൂഹം അനുവദിക്കുന്നില്ല എന്നതാണു ചങ്ങമ്പുഴയുടെ തത്ത്വശാസ്‌ത്രം എന്നു കേസരി. ഇതാണ് അക്കാലത്തെ കാല്‍പനിക കവിതകളിലെ വ്യക്തിയുടെ സാമാന്യ സ്വഭാവം. താരതമ്യേന ദാര്‍ഢ്യമുള്ളതാണത്. കാല്‍പനിക പുരോഗമന കവിതയിലും യഥാതഥ കവിതയിലുമാകട്ടെ ഈ ദാര്‍ഢ്യത്തോടൊപ്പം ഏറെക്കുറെ പ്രസാദാത്മക വീക്ഷണവും പുലര്‍ത്തുന്ന വ്യക്തിയാണുള്ളത്.

ആധുനിക കവിതകളില്‍ വ്യക്തിക്കു പക്ഷേ, ഈ ദാര്‍ഢ്യമില്ല. തന്നില്‍ത്തന്നെയുള്ള പൊരുത്തക്കേടുകളും വൈചിത്ര്യങ്ങളും കൂടുതലായി തിരിച്ചറിയുന്നതാണത്. അതുകൊണ്ടുതന്നെ ആത്മാന്വേഷണത്തിന്റെയും ആത്മവിചാരണയുടെയും സ്വഭാവം ആ കവിതകളില്‍ കൂടുതലാണ്. അത് നമ്മുടെ ആധുനികതാവാദ കവിതയുടെ ആദ്യകാലത്തെ പ്രധാന സ്വരങ്ങളിലൊന്നുമാണ്. 'കുരുക്ഷേത്രം' തന്നെ ആ നിലയില്‍ ആധുനിക വ്യക്തിയുടെ ആത്മാന്വേഷണമായി വായിക്കാം. ആറ്റൂര്‍ രവിവര്‍മ 'കല്ലുമുരുക്കും മണലും പുതിയൊരു കൂട്ടില്‍' വാര്‍ത്തെടുത്ത പുതിയ മനുഷ്യനെക്കുറിച്ച് 'ഒരു പുതിയ മനുഷ്യന്‍' എന്ന കവിതയില്‍ എഴുതുന്നതിലും ഈ വ്യക്തിയുടെ നിഴലുണ്ടാവാം.

III

സച്ചിദാനന്ദന്റെ ആദ്യകാല കവിതകളുടെയും പ്രധാന സ്വരം നിര്‍ണയിക്കുന്നത്, കാലത്തെയും ലോകത്തെയും നേരിടുന്ന വ്യക്തിയുടെ അകത്തേക്കും പുറത്തേക്കുമുള്ള നോട്ടങ്ങളും അവയുടെ സങ്കീര്‍ണതകളുമാണെന്നു പറയാം. ആ നോട്ടങ്ങള്‍ അകത്തേക്കും പുറത്തേക്കുമുള്ള പടര്‍ച്ചകളുമാണ്. ശരീരത്തിന്റെ എല്ലാ അംശങ്ങള്‍കൊണ്ടും അറിഞ്ഞും അനുഭവിച്ചുമുള്ള ആത്മനിര്‍വചനങ്ങള്‍ പോലെ തോന്നും ആ കവിതകള്‍. എല്ലാം കാണുകയും എല്ലാറ്റിനെയും പ്രകാശിപ്പിക്കുകയും എല്ലാവരെയും ഉണര്‍ത്തുകയും ചെയ്യുന്ന സൂര്യന്‍ ആ കവിതകളില്‍ പ്രധാനപ്പെട്ട സൂചകമായി വരുന്നു. കവി തന്നെയും ('സച്ചിദാനന്ദന്റെ കവിതകള്‍ 65-83' കുറിപ്പുകള്‍ പു. 89) കെ.ജി. ശങ്കരപ്പിള്ളയും ('തെരഞ്ഞെടുത്ത കവിതകള്‍ 1965 - 1998' - സച്ചിദാനന്ദന്‍. അവതാരിക, പു. 11) ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ജംഗമങ്ങളും സ്ഥാവരങ്ങളുമായ എല്ലാറ്റിന്റെയും ആത്മാവ് സൂര്യനാണെന്ന് ഋഗ്വേദം. അതുപോലെ ഒരു വ്യാപകത്വം സച്ചിദാനന്ദന്റെ സൂര്യസങ്കല്‍പത്തിന് ആദ്യകാലകവിതകളിലുണ്ട്. 'ആത്മഗീത'യില്‍ ഋഗ്വേദത്തിലെ സൌരസൂക്തങ്ങളെ അനുസ്മരിപ്പിക്കുന്ന വരികളുമുണ്ടല്ലോ.

ആത്മനിര്‍വചനത്തിന്റെ പ്രധാന സൂചകമായി സൂര്യന്‍ വരുന്ന പ്രധാന കവിത 'അഞ്ചുസൂര്യന്‍' തന്നെയാണ്. ചുവന്നതും നീലയും മഞ്ഞയും വെള്ളയും കറുത്തതുമായ സൂര്യന്മാരെ ചോരയിലും കണ്‍കളിലും അസ്ഥിയിലും നാഡിയിലും പ്രാണനിലും സാക്ഷാല്‍ക്കരിക്കുന്ന ആ കവിത ഒറ്റനോട്ടത്തില്‍ സ്ഥലത്തില്‍ വിന്യസിച്ച ഒരു വര്‍ണചിത്രം പോലെയുണ്ട്. എന്നാല്‍ അതു നിശ്ചലചിത്രവുമല്ല; ചലനത്തെ ഉള്‍ക്കൊള്ളുന്നതാണ്. കുങ്കുമഗന്ധം വിതറിയും ചെങ്കനല്‍ ചുറ്റും ചിതറിയും കത്തുന്ന അരുണസൂര്യനും നീലിമയിമയില്‍ നിവര്‍ത്തി നീലപ്പീലി വിടര്‍ത്തി നൃത്തം ചെയ്യുന്ന നീലസൂര്യനും മറ്റും ചലനത്തിന്റെ അനുഭവം കൊണ്ടുവരുന്നുണ്ട്. കറുത്തും തണുത്തും ഉറഞ്ഞുകൂടുന്ന ശ്യാമളസൂര്യന്റെ അനുഭവവുമുണ്ട്.

സച്ചിദാനന്ദന്റെ ആദ്യകാല കവിതകളിലെ പല സ്വഭാവങ്ങളെയും സംഗ്രഹിക്കുന്നുണ്ട് ഈ കവിത. ഒന്ന്, അറിയലിന്റെ സൂചകമായി സര്‍വാശ്ളേഷിയായ സൂര്യന്‍ വരുന്നു. രണ്ട്, ശരീരത്തിന്റെ സൂക്ഷ്‌മഘടകങ്ങളിലൂടെയാണ് അറിയല്‍ സാക്ഷാല്‍കൃമാകുന്നത്. മൂന്ന്, അറിയലിന്റെ പരിണാമസ്വഭാവവും മൃത്യുവിലും അതിനു സഹോദരമാകാവുന്ന ഇരുണ്ട അനുഭവങ്ങളിലും ഉള്ള അതിന്റെ വിശ്രാന്തിയും (ഇതില്‍നിന്നുള്ള ഉണര്‍ച്ച പിന്നീടു പല കവിതകളിലും വരുന്നുണ്ട്. ഈ കവിതയില്‍ ഇല്ലെന്നു മാത്രം).

ശരീരത്തിന്റെ സൂക്ഷ്‌മസ്ഥാനങ്ങളില്‍ത്തന്നെ സൂര്യനേത്രങ്ങള്‍ സ്ഥാപിച്ച് അറിവുകളെയും അനുഭവങ്ങളെയും ബോധത്തെയും സ്വത്വത്തെയും നിര്‍മിക്കുന്ന ഈ വ്യക്തി പ്രകൃതിയിലേക്ക് തന്നെ പടര്‍ത്തുകയോ പ്രകൃതിപ്രതിഭാസങ്ങളുമായി ലയം കൊള്ളുകയോ ചെയ്യുന്നതായും സങ്കല്‍പിക്കപ്പെടുന്നുണ്ട്. 'അസ്വസ്ഥം' എന്ന കവിതയില്‍ അതു കാണാം;

"അച്ഛന്‍ കറുത്ത മുതുകില്‍
എന്നെയുമേറ്റിപ്പോകുന്ന മേഘമായിരുന്നു
അമ്മ പാലും താരാട്ടും ചുരത്തുന്ന
ഇളം ചൂടുറ്റ വെളുത്ത അരുവിയും
തത്തകള്‍ക്കറിയാമായിരുന്നു എന്റെ വിശപ്പ്
അവ കാടുകളോടു പറഞ്ഞു
കാടുകള്‍ പഴങ്ങള്‍ നീട്ടിവന്നു
മീനുകള്‍ക്കറിയാമായിരുന്നു എന്റെ ദാഹം
അവ പുഴകളോടു പറഞ്ഞു
പുഴകള്‍ തൊട്ടിലിലേക്കൊഴുകി വന്നു
മഴ കിടപ്പുമുറിയില്‍ പെയ്‌തു
ഒരിക്കലും വറ്റാത്ത മുലകളുമായി യക്ഷികള്‍
വന്നു
ഞാന്‍ ഇല്ലായിരുന്നു
വിശപ്പുണ്ടായിരുന്നു, ദാഹവും'' (പു. 55)

ഇങ്ങനെ പലതും. പ്രകൃതിയിലേക്കു മാത്രമല്ല പഴങ്കഥകളിലേക്കും മുജ്ജന്മസങ്കല്‍പങ്ങളിലേക്കും പടര്‍ച്ചയുള്ളതാണ് ഈ വ്യക്തിസത്ത.

പ്രകൃതിയുമായി കലര്‍ന്നുള്ള ഈ ആത്മനിര്‍വചനം പിന്നീട് പലതരം ജ്ഞാനവ്യവസ്ഥകളുമായി കലര്‍ന്ന്, പല ദേശങ്ങളും കാലങ്ങളുമായി കലര്‍ന്ന് പെരുക്കം കൊള്ളുന്നതാണ് നാം കാണുന്നത്. ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ശാസ്‌ത്രങ്ങള്‍, രാഷ്‌ട്രീയം, ചരിത്രം എന്നുവേണ്ട എല്ലാത്തരം അറിവുരൂപങ്ങളുമായി കലര്‍ന്ന് അത് പെരുകിപ്പെരുകിപ്പോകുന്നു. ഉറപ്പുകളും സംശയങ്ങളും പ്രതീക്ഷകളും കലര്‍ന്ന്.

'ശ്യാമഗീതം' എന്ന കവിതയില്‍ വിഹ്വലതകള്‍ക്കും നിഷേധങ്ങള്‍ക്കുമാണു മുന്‍തൂക്കം.

"കവിതയിലൊതുങ്ങില്ല
കഥയിലുമൊതുങ്ങില്ല
സൂക്ഷ്‌മപരീക്ഷണക്കുഴലിലുമൊതുങ്ങില്ല ഞാന്‍
നീറുമീയുഗം കണികണ്ട മര്‍ത്ത്യന്‍'' (പു. 66)

എന്നാണ് അവിടെ ആത്മനിര്‍വചനം. രാമായണവും ബൈബിളുമൊക്കെ ഈ വ്യക്തിയുടെ വിശദീകരണത്തിന് നിഷേധാര്‍ഥത്തില്‍ ഉപയോഗിക്കുന്നു. പതിവുഭാഷയെയും നിഷേധിച്ചുകൊണ്ടാണ് ആ അന്വേഷണം: വെറുതെയുപമാനങ്ങള്‍, വെറുതെയീ നരവന്നു ചുളിവീണ ഭാഷ.

'കര്‍ണന്‍' എന്ന കവിതയില്‍ ധര്‍മാധര്‍മങ്ങള്‍ തമ്മിലുള്ള വ്യത്യാസം നശിച്ചിരിക്കുന്നുവെന്നും ഈ ലോകം പരാജയവും യത്നം വ്യര്‍ഥവും വിശ്വാസം വിഫലവുമാണെന്നും തിരിച്ചറിയുന്നു. ഈ തിരിച്ചറിവുകൊണ്ട് അഭിശപ്‌തനായ കര്‍ണനുമായി വക്താവ് താദാത്മ്യം പ്രാപിക്കുന്നു.

'ആത്മഗീത' ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കവിതയാണെന്നു തോന്നുന്നു. സൂര്യധ്യാനം എന്ന പ്രാരംഭം കൂടാതെ വിരഹം, പ്രയാണം, ദര്‍ശനം എന്നിങ്ങനെ മൂന്നു ദീര്‍ഘഖണ്ഡങ്ങള്‍കൂടി ഉള്‍പ്പെടുന്ന കാവ്യമാണത്. ഇവിടെ താനും ഇണയുമുണ്ട്. ആത്മനിര്‍വചനം ഈ ഘട്ടത്തില്‍ പൂര്‍ണമാവുന്നത് ഇണയുടെ - സ്‌ത്രൈണസത്തയുടെ - ചേര്‍ച്ചയോടെയാണെന്നതു ശ്രദ്ധിക്കാം. സൂര്യധ്യാനം എന്ന ആദ്യഖണ്ഡത്തില്‍ ഋഗ്വേദത്തിലെ സൌരസൂക്തങ്ങള്‍, ഛന്ദസ്സുകള്‍, സംഗീതശാസ്‌ത്രത്തിലെ സപ്‌തസ്വരങ്ങള്‍, മഹാഭാരതസന്ദര്‍ഭങ്ങള്‍ ഇങ്ങനെ പല സൂചനകളും കൊരുത്തെടുത്ത ഭാഷയിലാണ് കവി പുതിയ വ്യക്തിയെ അവതരിപ്പിക്കുന്നത്. ഒടുവില്‍,

"കറങ്ങുന്നൂ ഞാനു
മെനിക്കു തിങ്കളാ
യിവളും കാതുകള്‍
കഥകേള്‍ക്കാന്‍ നീര്‍ത്തി
ചന്ദ്രന്നു വെളിച്ചം നീ
പതയാറില്ലേ, ഇന്നെന്‍
പെണ്ണുമായ് പകുക്കണ
മെനിക്കെന്നിതിഹാസം'' (പു. 89)

എന്ന് താന്‍ സൂര്യനും ഇണ ചന്ദ്രനുമായി അധ്യവസായം ചെയ്യപ്പെടുന്നു. സ്വത്വത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമായി ഇവിടെ ബന്ധം കടന്നുവരുന്നു. വിരഹം എന്ന ഖണ്ഡത്തിലെ കാറ്റിന്റെ പാട്ടില്‍ ഈ ബന്ധത്തെക്കുറിച്ച് വിടര്‍ത്തിപ്പറയുന്നുണ്ട്. മാത്രകള്‍ തോറും വളരുന്ന മമതാബന്ധങ്ങളെ ബന്ധുരകാഞ്ചനനീഡങ്ങളായി അവിടെ അടയാളപ്പെടുത്തുന്നു.

"ബന്ധങ്ങളില്‍ മുഴുകുവതും ദുഃഖം
മുഴുകാതകലാനടരാടുകിലും ദുഃഖം'' (പു. 106)

എന്നതാണ് ഇവിടെ അനുഭവം.

പ്രയാണം എന്ന ഖണ്ഡം കൂടുതല്‍ ദുരന്തമയമാണ്. മരണത്തിന്റെ താണ്ഡവമാണ് അതില്‍ പൊതുവെ വര്‍ണിക്കപ്പെടുന്നത്. അതുപോലെ നിര്‍വേദത്തിന്റെയും അന്യത്വത്തിന്റെയും അനുഭവങ്ങളും. 'ജനി - ഇണചേരല്‍ - മരണം/അതെന്നോ മാനുഷജന്മം' എന്നും

"ഒന്നാം ദിവസം പാലമൃതൂട്ടും പാര്‍വണചന്ദ്രിക,
രണ്ടാം ദിവസം ചോറിലിരുട്ടിന്‍ കല്ലുകടിക്കും
മൂന്നാംദിവസം കല്ലുകള്‍ മാത്രം
പിന്നെക്കല്ലുകള്‍ പൊട്ടിയലിഞ്ഞവ കണ്ണീരാവും,
നാം വെറുമന്യര്‍,
ഇവിടെ വിരുന്നിനു വന്നവരോ നാം?'' (പു. 117)

എന്നുമുള്ള വരികള്‍ ശ്രദ്ധിക്കുക.

ദര്‍ശനം എന്ന അവസാന ഖണ്ഡം വീണ്ടും പ്രതീക്ഷയിലേക്കും പ്രസാദാത്മകതയിലേക്കും തിരിയുന്നു. ഇണയുമായുള്ള ബന്ധം തന്നെയാണുതാനും ആ പ്രത്യാശ കൊണ്ടുവരുന്നത്. നിന്നെ പുണരുമ്പോള്‍ ഏതോ വിദൂര നക്ഷത്രത്തിലെ കുതിരപ്പുറത്തേറി നീയുമൊത്തു സവാരി നടത്തുകയാണെന്നും നീയുമൊത്തു കരയുമ്പോള്‍ ഏതോ അജ്ഞാത നാകത്തിലെ സുരാംഗനയുടെ ഉദരത്തില്‍ താനുയിര്‍ക്കുകയാണെന്നും അയാളറിയുന്നു. മാത്രമല്ല നീ മണ്ണടിഞ്ഞു കഴിഞ്ഞാലും ഇങ്ങനെ പറയണമെന്നു കവി:

"സ്‌നേഹിച്ചതൊന്നുമേ ജീര്‍ണിക്കയില്ലെന്നു
ഞാനുമ്മ വച്ചതനശ്വരമാണെന്നു, ചൊല്ലുക''

(പു. 131)

പ്രസാദാത്മകതയുടെ ഈ അന്തരീക്ഷത്തില്‍ സൂര്യന്റെ പാട്ടോടെയാണു കവിത സമാപിക്കുന്നത്. അങ്ങനെ സൂര്യധ്യാനത്തില്‍ തുടങ്ങി സൂര്യന്റെ പാട്ടില്‍ അവസാനിക്കുന്നു.

'അഞ്ചുസൂര്യനി'ലെ സൂര്യസങ്കല്‍പത്തിന്റെ ഒരു വഴി ഇവിടേക്കുമുണ്ടാവാം. ശരീരത്തിലൂടെയുള്ള അറിയല്‍ എന്നത് ഇവിടെയും പുതിയ രീതിയില്‍ തുടരുന്നുമുണ്ട്. ഇണയെ ശരീരം കൊണ്ടറിയുന്നതിന്റെയും രൂപകങ്ങള്‍ ഇതില്‍ വരുന്നുണ്ട്. അറിയല്‍ ഇന്ദ്രിയാനുഭവങ്ങളിലൂടെയാണെന്ന ആശയത്തെ ഈ കവിതകളൊന്നും നിഷേധിക്കുന്നില്ലെന്നു മാത്രമല്ല, കൊണ്ടാടുന്നുണ്ടെന്നുതന്നെ വരാം.

IV

1965നും 1970നും ഇടയിലെഴുതിയ ചില കവിതകളാണ് ഇവിടെ പരിശോധിച്ചത്. ഈ ദിങ്മാത്ര നിരീക്ഷണത്തില്‍നിന്നുതന്നെ ഇവയില്‍ ഒരു പാറ്റേണ്‍ പ്രവര്‍ത്തിക്കുന്നതായി പറയാമെന്നു തോന്നുന്നു: ശരീരത്തിലൂടെ, അതിനുമുകളിലത്തെ അടരായി പ്രകൃതിപ്രതിഭാസങ്ങളിലൂടെ, അതിനും മുകളിലത്തെ അടരായി വിവിധ ജ്ഞാനവ്യവസ്ഥകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ദേശകാലാനുഭവങ്ങളിലൂടെയും നടത്തുന്ന ആത്മനിര്‍വചനങ്ങളും ആത്മാന്വേഷണങ്ങളുമാണ് ഈ കവിതകള്‍ നമ്മോടു പറയുന്നത്. ഇണയുമായുള്ള ബന്ധത്തില്‍ (മറ്റൊരാളുമായുള്ള ബന്ധത്തില്‍ എന്നു വികസിപ്പിക്കാനുമായേക്കും) അത്, ഏതു ദുരനുഭവങ്ങള്‍ക്കിടയിലും, പുതിയൊരു ഉന്മേഷം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഈ സ്വഭാവങ്ങള്‍ പല നിലയില്‍ സച്ചിദാനന്ദന്റെ പില്‍ക്കാല കവിതകളിലും തുടരുന്നുണ്ട്.
ഈ കവിതകളുടെ പൊതുവായ രൂപം പടര്‍ച്ചയുടേതാണ്; അഥവാ വികാസത്തിന്റേതാണ്. ആ രൂപവും കവിതകളുടെ ഭാവവും തമ്മില്‍ വളരെയേറെ ചേര്‍ച്ചയുണ്ടുതാനും. ഇവിടെ വ്യക്തിയുടെ ദാര്‍ഢ്യം ശിഥിലീകരിക്കപ്പെടുകയല്ല; അഥവാ അത് മാത്രമല്ല സംഭവിക്കുന്നത്. അത് വിശാലതകളിലേക്കും സൂക്ഷ്‌മതകളിലേക്കും നവാനുഭവങ്ങളിലേക്കും പടര്‍ന്നേറുകയാണ്. ആ നിലയിലുള്ള കവിതയ്‌ക്ക് ഏതു ദുരന്തത്തിന്റെ ഇരുട്ടിലും പ്രസാദാത്മകതയുടെയും പ്രത്യാശയുടെയും കിരണം തീര്‍ത്തും കൈയൊഴിയാനാവില്ല.

ഇവയുടെ താളഗതിയും ശ്രദ്ധാര്‍ഹമായി തോന്നുന്നു. കുറുകിയ വൃത്തങ്ങളാണു പൊതുവേ. അതായത് തെരുതെരെ വായിച്ചു മുന്നേറാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പദസംവിധാനമാണു പലതിലും കാണുന്നത്.

'വെറുതെയഭിമന്യു, തവ തരുണസമരാഗ്രഹം,
ഇപ്പടയണി ഞെരിക്കും വെളിച്ചം (പു. 68)

നുരയിട്ടുണരുക
സ്വപ്‌നത്തില്‍, ജാഗ്രത്തില്‍, നിന്‍
ഭ്രമണവീര്യം കുത്തി
വയ്‌ക്കുകെന്‍ സുഷുപ്‌തിയില്‍'' (പു. 86)

മുതലായ വരികളില്‍ കാണുന്നതുപോലെ (എല്ലാ കവിതകളും ഇങ്ങനെയെന്നു വിവക്ഷയില്ല. അതു സ്വാഭാവികവുമല്ല.) മുന്‍പു സൂചിപ്പിച്ച പടര്‍ച്ചയുടെ സ്വഭാവവുമായി, സൂര്യനെപ്പോലെ സര്‍വാശ്ളേഷകത്വത്തോടെ എല്ലാറ്റിലേക്കും വ്യാപിക്കുന്ന സ്വഭാവവുമായി ഈ താളഗതിക്കു ബന്ധമുണ്ടാവുമോ? ആശാനില്‍ ഹ്രസ്വവൃത്തങ്ങള്‍ ആന്തരികമായ വിങ്ങലിനെ സൂചിപ്പിക്കാവുന്നതുപോലെ, ആറ്റൂരില്‍ ഉള്ളിലേക്കുള്ള താളത്തെ സൂചിപ്പിക്കാവുന്നതുപോലെ, സച്ചിദാനന്ദനില്‍ ഇതൊരു പടര്‍ന്നുപടര്‍ന്നുപോകലിനെ സൂചിപ്പിക്കുന്നുണ്ടെന്നു വരുമോ?

കുറിപ്പ് : സച്ചിദാനന്ദന്റ കവിതകള്‍ 1965-2005 ഒന്ന് അകം, എന്ന കൃതിയില്‍ നിന്നാണ് ഉദ്ധരണികള്‍.

*
എന്‍. അജയകുമാര്‍
തേവാരത്തുമഠം
പുതുവേലി പി.ഒ
കോട്ടയം - 686 641

കടപ്പാട്: ഗ്രന്ഥാലോകം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"നിങ്ങള്‍ എന്തിനെഴുതുന്നു?'' എല്ലാ എഴുത്തുകാരും ഈ ചോദ്യത്തിന് വിശദീകരണം നല്‍കേണ്ടി വന്നിട്ടുണ്ടാവും; ഒരു വട്ടമല്ല, പലവട്ടം. തത്ത്വശാസ്‌ത്രപരമോ രാഷ്‌ട്രീയമോ അതല്ലെങ്കില്‍ വൈയക്തികമായോ ഈ ചോദ്യത്തെ വായിച്ചെടുക്കാമെന്നിരിക്കെ പലപ്പോഴായി ഉത്തരങ്ങളും വിഭിന്നങ്ങളായിരുന്നിരിക്കണം. പോരാത്തതിന് ഇതേ ചോദ്യം തന്നെ, വ്യത്യസ്‌തമായ ഊന്നലുകളോടെ ഉയര്‍ത്തപ്പെടാം.

'നിങ്ങള്‍' എന്തിന് എഴുതുന്നു?

നിങ്ങള്‍ 'എന്തിന് ' എഴുതുന്നു?

നിങ്ങള്‍ എന്തിന് 'എഴുതുന്നു'?