Friday, November 26, 2010

കാര്‍ഷികരംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ അടിസ്ഥാനസൗകര്യവികസന നിധി വേണം

ഇന്ത്യന്‍ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് 21000 കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തുവെന്നത് ഈ പ്രതിസന്ധിയുടെ ആഴം തെളിയിക്കുന്നു. തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടകം, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് കാര്‍ഷിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തത്.

കാര്‍ഷികമേഖലയോടുള്ള കടുത്ത അവഗണനയാണ് ഈ പ്രതിസന്ധിക്ക് മുഖ്യ കാരണം. തൊണ്ണൂറുകള്‍ മുതല്‍ കാര്‍ഷികമേഖലയിലെ പൊതു നിക്ഷേപം ഗണ്യമായി കുറയ്ക്കുകയും കാര്‍ഷിക വികസനം പാടേ ഉപേക്ഷിക്കുകയും ചെയ്യുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

രാജ്യത്തെ കാര്‍ഷികമേഖല ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് പല കാരണങ്ങളുണ്ട്. രാജ്യത്ത് ഭൂപരിഷ്‌കരണം നടപ്പിലാക്കാത്തതാണ് അതില്‍ പ്രധാനം. ഭൂമിയുടെ നീതിപൂര്‍വമായ വിതരണം ഇനിയും നടന്നിട്ടില്ല. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന് ആ മണ്ണിന്റെ ഉടമസ്ഥാവകാശം ലഭ്യമായിട്ടില്ല. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭൂപരിഷ്‌കരണം ഇന്നും മരിചീകയാണ്. ഇതിന് രാജ്യവ്യാപകമായ ഭൂപരിഷ്‌കരണത്തിനുള്ള നിയമനിര്‍മാണം വേണം. കാര്‍ഷികാവശ്യത്തിനുള്ള ജലദൗര്‍ലഭ്യവും ജലസേചന സൗകര്യങ്ങളുടെ അഭാവവും വലിയൊരു പ്രശ്‌നമാണ്. കാര്‍ഷികമേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ ലഭ്യതക്കുറവാണ് മറ്റൊരു പ്രശ്‌നം. കാര്‍ഷികാവശ്യങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങളും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പുവരുത്താനാവാത്തതും ഈ രംഗത്തെ ഗൗരവമുള്ളൊരു പ്രശ്‌നമാണ്. ഇതിനെല്ലാം പുറമെ കാലാവസ്ഥാ വ്യതിയാനം കര്‍ഷകരുടെ കൃഷിനാശത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമായിതീരുന്നു രാജ്യത്തെ ഭൂരിപക്ഷം വരുന്ന ചെറുകിട-നാമമാത്ര കര്‍ഷകരും പാട്ടകൃഷിക്കാരുമാണ് ഈ ദുരന്തങ്ങളുടെയെല്ലാം പ്രധാന ഇരകള്‍. ആദിവാസികളും കര്‍ഷകത്തൊഴിലാളികളും കൂട്ടായി കൃഷി നടത്തുന്നവരും ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നു.

2001 ലെ കാനേഷുമാരി കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ 71.5 കോടി ഗ്രാമീണ ജനങ്ങളില്‍ 10.67 കോടി കര്‍ഷകരാണ്. ഇതിന് പുറമെ 10.6 കോടി കര്‍ഷകതൊഴിലാളികളുമുണ്ട്. ഈ കര്‍ഷകതൊഴിലാളികള്‍ക്ക് ജോലിയും കൂലിയും നല്‍കുന്ന ബാധ്യത ഈ 10.67 കോടി കര്‍ഷകരുടെതാണ്. കാര്‍ഷിക ചിലവുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക വരുമാനത്തിലും മതിയായ വര്‍ധനവ് ഉണ്ടാവണം. എന്നാല്‍ കാര്‍ഷികരംഗത്തെ വരുമാനം കുറയുകയാണ്. ഗ്രാമീണമേഖലയിലെ കുടിയേറ്റ പ്രശ്‌നത്തിന് പരിഹാരം കാണണമെങ്കില്‍ കര്‍ഷകരുടെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാക്കുന്നതിനാവശ്യമായ നടപടികള്‍ വേണം. കാര്‍ഷികമേഖലയില്‍ നിന്നുള്ള വരുമാനവര്‍ധനവിലൂടെ മാത്രമേ കര്‍ഷക ആത്മഹത്യയ്ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.

1993-94 ലെ വിലനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കാര്‍ഷിക മേഖലയുടെ പ്രതിശീര്‍ഷ വരുമാനം 3802 രൂപയാണ്. അതായത് പ്രതിമാസം 318 രൂപ. 2002-03 ആയപ്പോള്‍ കാര്‍ഷിക വരുമാനം 3732 രൂപയായി കുറഞ്ഞു. അതായത് പ്രതിമാസം 311 രൂപ. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ളവരെ കണക്കാക്കാന്‍ 1999-2000 ല്‍ ആസൂത്രണ കമ്മിഷന്‍ നിശ്ചയിച്ച നിരക്ക് പ്രതിമാസം 327.56 രൂപയാണ്. വാര്‍ഷിക വരുമാനം 3936 രൂപ. അതായത് മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കൃഷിയില്‍ നിന്നുള്ള വരുമാനം ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നവരെക്കാള്‍ താഴെയാണെന്നാണ് ഇത് കാണിക്കുന്നത്. ഇതില്‍ നിന്നും രാജ്യത്തെ കാര്‍ഷിക മേഖലയുടെ ദയനീയ ചിത്രം വ്യക്തമാവും.

കഴിഞ്ഞ അഞ്ച് പഞ്ചവല്‍സര പദ്ധതികളില്‍ കാര്‍ഷിക മേഖലയിലെ മൂലധന നിക്ഷേപം ഗണ്യമായി കുറയുകയോ മന്ദീഭവിക്കുകയോ ചെയ്തിരിക്കുകയാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.3 ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയിലെ മൂലധന നിക്ഷേപം. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ കാര്‍ഷിക മേഖല നല്‍കുന്ന സംഭാവനയും ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങളുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 6.5 ശതമാനമെങ്കിലും മൂലധന നിക്ഷേപം കാര്‍ഷികമേഖലയില്‍ ഉണ്ടാവണം. ഈ രംഗത്തെ പൊതുമൂലധനനിക്ഷേപത്തിന്റെ തോതും ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതില്‍ വര്‍ധന വരുത്താന്‍ സര്‍ക്കാരുകള്‍ ബോധപൂര്‍വമായ ശ്രമം നടത്തണം.

രാജ്യത്ത് 14 കോടി ഹെക്ടര്‍ ഭൂമിയാണ് കാര്‍ഷികോല്‍പാദനത്തിനായി വിനിയോഗിക്കുന്നത്. അതില്‍ 38 ശതമാനം ഭൂമിയില്‍ മാത്രമാണ് ജലസേചന സൗകര്യമുള്ളത്. 16 ശതമാനം കൃഷിയിടങ്ങളില്‍ മാത്രമേ പൂര്‍ണമായും ജലസേചന സൗകര്യം ലഭിക്കുന്നുള്ളൂ. 22 ശതമാനം കൃഷിയിടങ്ങളില്‍ ഭാഗിക ജലസേചനം മാത്രമാണുള്ളത്. രാജ്യത്തെ മൊത്തം കൃഷി ഭൂമിയില്‍ 62 ശതമാനത്തിലും ജലസേചന സൗകര്യം ലഭ്യമല്ലെന്നര്‍ഥം.

ചെറുകിട കര്‍ഷകരുടെ 29 ശതമാനം ഭൂമിയിലും നാമമാത്ര കര്‍ഷകരുടെ 22.2 ശതമാനം ഭൂമിയിലുമേ ഭാഗികമായെങ്കിലും ജലസേചന സൗകര്യമുള്ളൂ. ഇന്ത്യയിലെ മഹാഭൂരിപക്ഷം കര്‍ഷകരും മഴയെ മാത്രം ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. 1990-91 ലെ കണക്കനുസരിച്ച് 10.47 കോടി ഹെക്ടര്‍ കൃഷി ഭൂമിയില്‍ 8.4 കോടിയും ചെറുകിട നാമമാത്ര കര്‍ഷകരുടേതാണ്. ഈ കൃഷിയിടങ്ങളില്‍ 5.45 കോടി ഹെക്ടറിലും ജലസേചന സൗകര്യമില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷക്കണക്കിന് തരിശുഭൂമി ഉപയോഗിക്കാതെ കിടക്കുകയാണ്. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഏകദേശം 7.7 കോടി ഹെക്ടര്‍ ഭൂമി ഇത്തരത്തില്‍ തരിശായി പാഴാകുകയാണ്. ഭൂരഹിതരായ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ഈ തരിശുഭൂമി വിതരണം നടത്തിയാല്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവിടം ഫലഭൂയിഷ്ടമാക്കി മാറ്റാനാവും. ഇതിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. പക്ഷേ, ഇതിന് രാജ്യം ഭരിക്കുന്നവര്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തിവേണം. ഒപ്പം കര്‍ഷകരോടും കാര്‍ഷികവൃത്തിയോടും താല്‍പര്യം. അതില്ലാത്തതാണ് കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധിക്കെല്ലാം കാരണം.
രാജ്യത്തിന്റെ വിദേശ നിക്ഷേപ കരുതല്‍ ഏകദേശം ഏഴ് ലക്ഷം കോടി (135 ബില്യണ്‍ ഡോളര്‍) രൂപയാണ്. എല്ലാ മാസവും രണ്ട് ബില്യണ്‍ വര്‍ധിക്കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതില്‍ വിദേശ ഇന്ത്യാക്കാരുടെ വിഹിതം 30 ബില്യണ്‍ ആണ്. ഈ വിദേശനിക്ഷേപ കരുതലില്‍ നിന്നും 20 ബില്യണ്‍ ഡോളര്‍ ഉപയോഗപ്പെടുത്തി കാര്‍ഷികമേഖലയില്‍ അടിസ്ഥാന സൗകര്യവികസനനിധി രൂപീകരിക്കണം. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് ഉപകരിക്കും. ഇതിലൂടെ മാത്രമേ ഗ്രാമീണ ഇന്ത്യന്‍ ജനതയ്ക്ക് എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ.

*
അതുല്‍കുമാര്‍ അഞ്ജാന്‍ കടപ്പാട്: ജനയുഗം ദിനപത്രം 26-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് 21000 കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തുവെന്നത് ഈ പ്രതിസന്ധിയുടെ ആഴം തെളിയിക്കുന്നു. തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടകം, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് കാര്‍ഷിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തത്.

കാര്‍ഷികമേഖലയോടുള്ള കടുത്ത അവഗണനയാണ് ഈ പ്രതിസന്ധിക്ക് മുഖ്യ കാരണം. തൊണ്ണൂറുകള്‍ മുതല്‍ കാര്‍ഷികമേഖലയിലെ പൊതു നിക്ഷേപം ഗണ്യമായി കുറയ്ക്കുകയും കാര്‍ഷിക വികസനം പാടേ ഉപേക്ഷിക്കുകയും ചെയ്യുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.