Sunday, November 21, 2010

ഞാന്‍ എങ്ങനെ കമ്യൂണിസ്റ്റായി

കിഴക്കനേറനാട്ടിന്റെ കിഴക്കേഅറ്റത്ത് നിലകൊള്ളുന്ന കുഗ്രാമം, ഇപ്പോഴത്തെ വണ്ടൂര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡ്; കൂരാട്. അതൊരു ഓണംകേറാമൂലയായിരുന്നു. അവിടേക്ക് റോഡുകള്‍ ഉണ്ടായിരുന്നില്ല. വാഹനങ്ങളും വരുമായിരുന്നില്ല. നടവഴിയും, കഷ്ടിച്ച് കാളവണ്ടിവരുന്ന ഇടവഴിയും മാത്രമായിരുന്നു ഗതാഗതമാര്‍ഗം.

ആ ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത് കോട്ടമലയും, തൊട്ടുപിന്നില്‍ കോഴിപ്രമലയും തോളുരുമ്മി നില്‍ക്കുന്നു. ആ മലകളില്‍നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന ചോക്കാടന്‍പുഴയും കോട്ടപ്പുഴയും സംഗമിച്ച് ഈ ഗ്രാമത്തിന്റെ വടക്കുഭാഗത്തുകൂടെ ഒഴുകുന്നു. തെക്കുഭാഗത്ത് പരിയങ്ങാടന്‍ പുഴയും. രണ്ടുംകൂടി ഗ്രാമത്തിന്റെ പടിഞ്ഞാറുഭാഗത്ത് അമരമ്പലത്തുവെച്ച് കൂടിച്ചേര്‍ന്ന് ഒന്നായിപ്പോകുന്നു.

ചുരുക്കത്തില്‍ കൂരാട് ഗ്രാമത്തില്‍നിന്ന് പുഴ മുറിച്ചുകടക്കാതെ ഒരു ഭാഗത്തേക്കും പോകാന്‍ കഴിയുമായിരുന്നില്ല. ഈ പുഴകളായിരുന്നു കൂരാടിന്റെ പുരോഗതിക്ക് തടസ്സമായിരുന്നത്. എന്നാല്‍ അവ തന്നെയായിരുന്നു ആ നാടിന്റെ സൌന്ദര്യവും അനുഗ്രഹവും.

എനിക്ക് ഓര്‍മവെച്ചകാലം, ഏതാണ്ട് നാല് വയസ്സുള്ളപ്പോള്‍ ജന്മസ്ഥലമായ കൂരാടുനിന്നും എന്റെ കുടുംബം ഏതാണ്ട് നാല് കിലോമീറ്റര്‍ കിഴക്ക്ഭാഗത്തുള്ള ചോക്കാട് എന്ന സ്ഥലത്തേക്ക് താമസംമാറ്റി. അവിടെ എന്റെ വീട് നിന്നിരുന്ന സ്ഥലത്തിന് ആനക്കല്ല് എന്നായിരുന്നു പേര്. വീടിന്റെ മുന്‍വശത്ത് വിശാലമായി നീണ്ടുകിടക്കുന്ന നെല്‍പ്പാടം. ആ പാടത്ത് ദൂരത്തുനിന്ന് നോക്കിയാല്‍ ഒരു ആന കിടക്കുന്നതുപോലെ തോന്നിക്കുന്ന കൂറ്റന്‍ പാറക്കല്ല് കാണാം. അതാണ് ആ സ്ഥലത്തിന് ആനക്കല്ല് എന്ന് പേര് വന്നത്. ആ നെല്‍പ്പാടവും തുടര്‍ന്ന് ഇടതൂര്‍ന്നുനിന്നിരുന്ന കുറ്റിക്കാടുകളും ആദ്യം പറഞ്ഞ മലകളുടെ അടിവാരത്തെത്തിനില്‍ക്കുന്നു.

എന്റെ വീടിന്റെ മുന്‍ഭാഗത്ത് കോലായില്‍ ഇരുന്ന് കിഴക്കോട്ടുനോക്കിയാല്‍ പ്രകൃതി കൈയയച്ച് സംഭാവനനല്‍കിയ സൌന്ദര്യം അത്യാകര്‍ഷകമായിരുന്നു. രാത്രികാലങ്ങളില്‍, മലകളില്‍ ഇരുള്‍ മുറ്റിനില്‍ക്കുന്ന സമയത്ത് മലയിലെ കാട്ടാളന്മാര്‍ മരക്കഷ്ണങ്ങളും കൊമ്പും ചില്ലകളും കൂട്ടിയിട്ടു അങ്ങിങ്ങായി തീയിട്ടു കത്തിക്കും. ആകാശത്ത് നക്ഷത്രങ്ങള്‍പോലെ മലകളിലെ, ഇരുളില്‍ ചിതറിക്കിടക്കുന്ന ചെറിയ ചെറിയ തീജ്വാലകള്‍ കാണാന്‍ എന്തൊരു കൌതുകമായിരുന്നു. ആ കാട്ടാളന്മാരെ 'അറനാടന്മാര്‍' എന്നാണ് വിളിച്ചിരുന്നത്.

കോഴിപ്ര മലവാരം എന്റെ കുടുംബവക ആയിരുന്നതിനാല്‍ ആ കാട്ടാളന്മാര്‍ ഞങ്ങളുമായി അടുപ്പത്തിലായിരുന്നു. അവരുടെ കൂട്ടത്തിലെ പ്രധാനി 'അറനാടന്‍ മണി'യും കുടുംബവും എപ്പോഴും വീട്ടില്‍ വരുമായിരുന്നു. അവര്‍ വീട്ടിലും വളപ്പിലും ജോലിചെയ്യുമായിരുന്നു. അന്ന് രസകരമായ, എന്നാല്‍ പിന്നീട് സങ്കടംതോന്നിയ ഒരു സംഭവം ഉണ്ടായി. എന്റെ ഉമ്മ ഒരാളോട് ചക്ക ഇട്ടുതരാന്‍ പറഞ്ഞു. ഉടനെ പോയി ഒരാള്‍ പിലാവില്‍ കേറി, മറ്റൊരാള്‍ താഴെ നിന്നു. ചക്ക ഇടുമ്പോള്‍ നിലത്തുവീണ് പൊട്ടിപ്പോകാതിരിക്കാന്‍, വീഴുമ്പോള്‍ പിടിക്കാനാണ് ഒരാള്‍ താഴെ നില്‍ക്കുന്നതെന്ന് പിന്നീടാണ് മനസ്സിലാകുന്നത്. വീഴുന്ന ചക്ക രണ്ടാമന്‍ നിലത്തുവീഴാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചു. അയാളുടെ മൂക്ക് മുതല്‍ നെഞ്ഞത്ത് കൂടി ചോരവാര്‍ന്ന് ഒഴുകി. ഒരു പ്രശ്നവുമില്ലാത്തവിധം പാവം അതു മുണ്ടുകൊണ്ട് തുടച്ചു.

അറനാടന്മാര്‍ മലയിലെ നോട്ടക്കാരും നടത്തിപ്പുകാരുമായിരുന്നു. അവര്‍ മലയില്‍നിന്ന് പന്തം, തേന്‍, ചീനിക്ക, ഈങ്ങാതാളി എന്നിവ ശേഖരിച്ചു കൊണ്ടുവരും. തേനീച്ചകള്‍ തേന്‍ സംഭരിക്കുന്ന പലകയോടുകൂടിയാണ് കൊണ്ടുവരിക. അതിനെ ചെറുതേന്‍ എന്നാണ് പറഞ്ഞിരുന്നത്. ആ പലകകളിലെ തേന്‍ ഒരു പാത്രത്തിലേക്ക് പിഴിഞ്ഞ് ചെറുതേന്‍ എടുത്ത്, വെള്ളം ചേര്‍ത്ത് തിളപ്പിക്കും. അങ്ങനെയാണ് നമ്മള്‍ ഉപയോഗിക്കുന്ന തേനാക്കി മാറ്റുന്നത്. ഈ കൃത്യം വീട്ടില്‍വെച്ച് നടത്തിയിരുന്നത് എന്റെ ഉമ്മതന്നെയായിരുന്നു.

പിഴിഞ്ഞ് തേന്‍ എടുത്ത് ഒഴിവാക്കുന്ന പലകകളില്‍ അവശേഷിക്കുന്ന തേന്‍ ഊമ്പാനും കൈയിട്ടുവാരി നൊട്ടിനുണയാനും ഞങ്ങള്‍, കുട്ടികള്‍ വട്ടംകൂടുമായിരുന്നു. കുട്ടിക്കാലത്തിന്റെ കുളിര്‍മയുള്ള ഓര്‍മ, ഗ്രാമീണജീവിതത്തിലെ ബാലചാപല്യങ്ങള്‍ അയവിറക്കുമ്പോള്‍ ഉണ്ടാകുന്ന മധുരാനുഭൂതികള്‍ കടലാസില്‍ പകര്‍ത്താന്‍ കഴിയുന്നതല്ല. ഞാനും ജ്യേഷ്ഠന്‍ കുഞ്ഞാമുട്ടിയും, സഹോദരി പാത്തുണ്ണിയും പിന്നെ അയല്‍പക്കത്തെ ചില കുട്ടികളും - അതായിരുന്നു ഞങ്ങളുടെ സംഘം. എന്റെ തൊട്ടുതാഴെ ഒരു അനിയന്‍ ഉണ്ടായിരുന്നു; കുഞ്ഞിമുഹമ്മദ്. ഒരു വയസ്സിന്റെ വ്യത്യാസം മാത്രം. ഞങ്ങള്‍ ഒരുമിച്ചു കളിച്ചും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുവന്നു. ഒരു ദിവസം അവന് ഒരു പനി. പിറ്റെ ദിവസം രാവിലെ അവന്‍ അനങ്ങുന്നില്ല. കൂട്ടക്കരച്ചില്‍ കേട്ട് ഞാന്‍ പേടിച്ചു. അവന്‍ മരിച്ചതാണെന്ന് പിന്നെ ഞാന്‍ മനസ്സിലാക്കി. എനിക്ക് പത്ത് വയസ്സ് പ്രായമാകുമ്പോള്‍ ഒരു സഹോദരികൂടി ഉണ്ടായി. അതാണ് നഫീസ.

ഞാന്‍ പറഞ്ഞുവന്നത് അറനാടന്മാരുടെ കഥയാണ്. അവരുടെയിടയിലെ രസകരമായ പല സംഭവങ്ങളും ഹരംപിടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നവയുമാണ്. ഒരിക്കല്‍ അവര്‍ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ അവര്‍ക്ക് നേരെ ഒരു നരി ചാടി. വ്യാഘ്രം പല്ലിളിച്ചു നഖമുള്ള കൈകള്‍ ഉയര്‍ത്തി. മണിയും മക്കളും പേടിച്ച് ഓടിയില്ല. സാധാരണ കൊണ്ടുനടക്കുന്ന ആയുധമാണ് കോടാലി. അതുകൊണ്ട് അവര്‍ നരിയെ വെട്ടി. വേദനകൊണ്ട് പുളഞ്ഞ് നരി അവര്‍ക്ക് നേരെ വീണ്ടും ചാടി, മാന്തിയും കടിക്കാന്‍ ശ്രമിച്ചും ശക്തമായി ആക്രമിച്ചു. അറനാടന്മാരും നരിയുംകൂടി കാട്ടില്‍ ഒരു യുദ്ധം തന്നെ നടത്തി. ഒടുവില്‍ നരിയെ അവര്‍ വെട്ടിക്കൊന്നു. പക്ഷേ അവര്‍ക്കും മാരകമായ മുറിവുകള്‍ പറ്റി, ചോരവാര്‍ന്നു. അവരെ എന്റെ ഉപ്പയും മറ്റും ചേര്‍ന്ന് കാളവണ്ടിയില്‍ നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്കുപറ്റി ചോരയില്‍ മുഴുകി വണ്ടിയില്‍ കിടക്കുന്ന അവരെക്കണ്ട ഞങ്ങള്‍ കുട്ടികള്‍ അത്ഭുതപ്പെട്ടു. എന്നാല്‍ അവര്‍ക്ക് യാതൊരു കൂസലുംഉണ്ടായിരുന്നില്ല. മലകളില്‍ സ്ഥിരമായി ജീവിക്കുന്ന അവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങള്‍ പലപ്പോഴും നേരിടേണ്ടതായി വരാറുണ്ട്.

ഒരിക്കല്‍ മണിയുടെ കുടുംബവും മലയില്‍ത്തന്നെ മറ്റൊരു കുന്നില്‍ താമസിക്കുന്ന വേറെ ഒരു അറനാടന്‍ കുടുംബവും തമ്മില്‍ വഴക്കായി. അത് സംഘട്ടനത്തിന്റെ വക്കത്തെത്തിയപ്പോള്‍ എന്റെ ഉപ്പ രണ്ടുകൂട്ടരെയും വിളിച്ചുവരുത്തി. പ്രശ്നം മധ്യസ്ഥം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചു. അത് ഒരു രാത്രി ആയിരുന്നു. ഏതാണ്ട് പത്തുമണിവരെ പറഞ്ഞിട്ടും തര്‍ക്കം തീരുന്നില്ല.

രണ്ടുകൂട്ടരും അന്യോന്യം അടിച്ചുതീര്‍ക്കും എന്നതാണ് നില. മദ്യപാനം അവരുടെ സ്ഥിരം ശീലവുമാണ്. അവസാനം അവരുടെ ഇരുകൂട്ടരുടെയും കൈകളില്‍നിന്ന് കോടാലി, കത്തി, വടി എന്നീ ആയുധങ്ങള്‍ പിടിച്ചുവാങ്ങി. രണ്ടുകൂട്ടരെയും മുറ്റത്ത് ഇറക്കി അന്യോന്യം അടിക്കാന്‍ തീരുമാനമായി. പിന്നെ ഒന്നരമണിക്കൂര്‍ നേരം നടന്ന അടിയും ഇടിയും കുത്തും ചവിട്ടും ഭയാനകരംഗമായിരുന്നു.

അവസാനം ഇരുകൂട്ടരെയും പിടിച്ചുമാറ്റി പ്രശ്നങ്ങള്‍ തീര്‍ന്നതായി സമ്മതിച്ച് ഇരുകൂട്ടരും അന്യോന്യം കൈകൊടുത്തു സൌഹാര്‍ദത്തോടെ മലയിലേക്ക് പോയി. ഇതായിരുന്നു അവരുടെ സ്വഭാവം. ഇനി അറനാടന്മാരെ വിട്ട് എന്റെ വീട്ടുമുറ്റത്തേക്ക് വരാം.

പുലര്‍കാലങ്ങളില്‍ വീട്ടുമുറ്റത്തിറങ്ങി കിഴക്കോട്ട് നോക്കിനില്‍ക്കാന്‍ എന്തൊരു രസമായിരുന്നു. മലവാരത്തിലെ ശിഖരങ്ങള്‍ക്കിടയിലൂടെ പ്രഭാതസൂര്യന്റെ കിരണങ്ങള്‍ ചക്രവാളത്തില്‍ ശോഭപരത്തി മെല്ലെ, മെല്ലെ പൊങ്ങിവരുന്ന മനോഹരമായ കാഴ്ച ഹൃദയാവര്‍ജകമായിരുന്നു. "നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം'' എന്ന് കവി പാടിയതിന്റെ പൊരുള്‍ പിന്നീടാണ് മനസ്സിലാകുന്നത്.

വീട്ടുവളപ്പിന്റെ പുറകില്‍ ഇടതൂര്‍ന്ന് മരങ്ങള്‍ നില്‍ക്കുന്ന കാട്. അധികവും തേക്കുമരങ്ങള്‍ തന്നെ. ഏതാണ്ട് പന്ത്രണ്ട് ഏക്കറോളം വിസ്തീര്‍ണമുണ്ട്. ആ കാടിന് കൂട്ടുപുരപ്പൊട്ടി എന്നായിരുന്നു പേര്. അതിന്റെ വടക്ക്ഭാഗം ചുറ്റി മുക്കാല്‍ ഭാഗവും ചോക്കാടന്‍ പുഴ ഒഴുകുന്നു. കാട്ടില്‍ മാന്‍, മുയല്‍, മുള്ളന്‍, കൂരന്‍ എന്നീ കാട്ടുമൃഗങ്ങള്‍ കാണുക പതിവായിരുന്നു. മരങ്ങളില്‍ കാവല്‍പുര കെട്ടി രാത്രിയില്‍ അതില്‍ പതിയിരുന്ന് ഇത്തരം മൃഗങ്ങളെ വെടിവെച്ചുകൊണ്ടുവരുന്നത് എന്റെ പിതാവിന്റെ വിനോദവും ഞങ്ങള്‍, കുട്ടികള്‍ക്ക് തിന്നാന്‍ രസവുമായിരുന്നു.

കുട്ടികള്‍, ഞാനും ജ്യേഷ്ഠനും ഒരു പെങ്ങളുമായി പിന്നെ അയല്‍പക്കത്തെ കുട്ടികളും കൂടുമ്പോള്‍ ബാലലീലകളുടെ വേലിയേറ്റമായി. തൊട്ടുകളി, അമ്മായിയും മൂതരക്കല്ലുംകളി, കെട്ടുപന്തുണ്ടാക്കി ഒരുതരം തലമക്കളി, കക്ക് കളി അങ്ങനെ പോകുന്നു വിനോദങ്ങള്‍. പട്ടണത്തിന്റെ പച്ചപ്പരിഷ്കാരങ്ങള്‍ അറിയാതെ ഞങ്ങളുടെ ബാല്യം തികച്ചും ഗ്രാമീണജീവിതത്തിന്റെ തനിമയില്‍ കഴിഞ്ഞുപോയി. ഞാന്‍ 1937 ജൂലൈ 14ന് ബുധനാഴ്ച ആദ്യം പറഞ്ഞ കൂരാട് ഗ്രാമത്തിലാണ് ജനിച്ചത്. എന്നാല്‍ ബാല്യകാലം കഴിച്ചത് ചോക്കാട് എന്ന സ്ഥലത്താണെന്ന് പറഞ്ഞല്ലോ. എന്റെ തൊട്ടുതാഴെയുണ്ടായിരുന്ന അനിയന്‍ കുഞ്ഞിമുഹമ്മദ് പനിവന്നു മരിച്ചത് മുമ്പ് സൂചിപ്പിച്ചല്ലോ. ഒരു ജ്യേഷ്ഠനും പെങ്ങളുംകൂടി എനിക്ക് ഓര്‍മവെക്കുന്നതിന് മുമ്പ് ചോക്കാട്ട്വെച്ചുതന്നെ മരിച്ചിട്ടുണ്ട്.

ചോക്കാട് മലകള്‍ക്ക് അടുത്ത് താഴ്വാരത്തില്‍ കിടക്കുന്നതുകൊണ്ട് ആ കാലത്ത് മലമ്പനി സാധാരണമായിരുന്നു. ശീതക്കാറ്റടിച്ചാല്‍ പനിവരും. പിറ്റേന്ന് കുലുക്കിപ്പനി, പെട്ടെന്ന് മരണം. അന്ന് ഫലപ്രദമായി ചികിത്സ ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരുടെ സേവനവും അന്നുണ്ടായിരുന്നില്ല. സ്കൂളിലൂടെ വിതരണം ചെയ്യുന്ന 'കൊയിനാവിന്റെ' ഗുളികകള്‍ മാത്രമാണ് കഴിച്ചിരുന്നത്. എട്ടു നാഴിക ദൂരം പോയി നിലമ്പൂര്‍ ആശുപത്രിയില്‍ചെന്ന് വിവരം പറഞ്ഞാല്‍ ഒരു കൈപ്പുള്ള മിക്സ്ചര്‍ തരും. വയറിളക്കാനും വയറിളക്കം നിര്‍ത്താനും അതുതന്നെയാണ് മരുന്ന്. സാധാരണ കിട്ടാറുള്ളത് കുഞ്ഞന്‍ വൈദ്യരുടെ കഷായവും ഗുളികയും. പിന്നെ മൊല്ലാക്ക വന്ന് മന്ത്രിച്ചു ഊതി, ചരട് കെട്ടും. ഈ തരത്തിലാണ് അന്നത്തെ ചികിത്സാരീതി.

പലതരത്തിലുള്ള ക്ളേശങ്ങള്‍ അനുഭവിച്ചും പ്രകൃതിദുരന്തങ്ങളോട് മല്ലടിച്ചുംകൊണ്ടായിരുന്നു നമ്മുടെ പിതാമഹന്മാര്‍ ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തിയിരുന്നതും സ്വത്തുക്കള്‍ സമ്പാദിച്ചിരുന്നതും. മുന്‍പറഞ്ഞ കൂരാട് തറവാടു മുതല്‍ ചോക്കാട് മലവാരംവരെയുള്ള സ്വത്തുക്കള്‍ എന്റെ പിതാമഹന്‍ കുഞ്ഞാമുട്ടിഹാജിയുടേതായിരുന്നു. അദ്ദേഹത്തിന്റെ ഏഴ് മക്കളില്‍ രണ്ടാമത്തെ ആള്‍ മുഹമ്മദ്കുട്ടിഹാജിയായിരുന്നു എന്റെ പിതാവ്.

ഞാന്‍ ഒന്നാംതരം മുതല്‍ സ്കൂളില്‍ പഠിച്ചുതുടങ്ങിയത് ചോക്കാട് ഗവണ്‍മെന്റ് എലിമെന്ററി സ്കൂളിലായിരുന്നു. മതപഠനത്തിനുള്ള ഓത്ത് പള്ളിയും അതേ സ്കൂള്‍ തന്നെ. രാവിലെ പത്ത് മണിവരെ ഓത്തും പിന്നെ സ്കൂളും. സ്കൂളില്‍ മലയാളം, കണക്ക്, ചരിത്രം, ഭൂമിശാസ്ത്രം എന്നീ ബാലപാഠങ്ങള്‍ പഠിപ്പിച്ചിരുന്നു. മൂന്നാംതരം വരെ ഞാന്‍ അവിടെ പഠിച്ചു. പിന്നീട് നിലമ്പൂര്‍ മാനവേദന്‍ ഹൈസ്കൂളില്‍ അഞ്ചാംതരത്തില്‍ കുറച്ചുകാലവും പഠിച്ചിട്ടുണ്ട്. അഞ്ചാംതരം പൂര്‍ത്തിയാവാതെ പഠിപ്പ് നിര്‍ത്തി. കുടുംബത്തിലെ പലേ രോഗങ്ങള്‍ കാരണം ചോക്കാട്ടെ താമസം പഴയ കൂരാട് ഗ്രാമത്തിലേക്ക് മാറ്റുകയും ചെയ്തു. അതിനുശേഷം പിന്നത്തെ ജീവിതം തനി നാട്ടിന്‍പുറത്തായി, പച്ച ഗ്രാമീണന്‍. നേരം അസ്തമിച്ചു കഴിഞ്ഞാല്‍ രാത്രി ഭക്ഷണം കഴിക്കുന്നതുവരെ മണ്ണെണ്ണ വിളക്കാണ്. ഓത്ത് പള്ളിയില്‍നിന്ന് പഠിച്ച പാഠങ്ങള്‍ ഖുര്‍-ആന്‍, ദീനിയ്യാത്ത്, അമലിയ്യാത്ത് എന്നിവ പഠിക്കണമായിരുന്നു. പഠിപ്പിക്കാന്‍ ഒരു മൊല്ലാക്കയും വരും. അദ്ദേഹം വളരെ ദൂരത്തുനിന്നാണ് വന്നിരുന്നത്. ഇരുട്ടാകുംമുമ്പ് തിരക്കു പിടിച്ച് ഓടിക്കിതച്ചാണ് അദ്ദേഹം വന്നിരുന്നത്. അദ്ദേഹത്തിന്റെ വരവ് മാവിന്മേലും മറ്റും ഉണ്ടാവാറുള്ള ഒരുതരം മഞ്ഞനിറത്തിലുള്ള വലിയ ഉറുമ്പ് ഓടുംപോലെയാണ്. ആ ഉറുമ്പിനെ 'പുളിയുറുമ്പ്' എന്നാണ് പറയുക. അതിനാല്‍ ഞങ്ങള്‍ "പുളിയുറുമ്പ് മൊല്ലാക്ക'' എന്നാണ്, അദ്ദേഹം കേള്‍ക്കാതെ വിളിച്ചിരുന്നത്. ചിലപ്പോള്‍ "മണ്ടിക്കുത്തിമൊല്ലാക്ക'' എന്നും പറഞ്ഞിരുന്നു. കുട്ടികള്‍ക്കുള്ള ബാലപാഠങ്ങള്‍ കഴിഞ്ഞവര്‍ക്ക് അഥവാ കുറച്ചു മുതിര്‍ന്നവര്‍ക്ക് പഠനത്തില്‍ കയറ്റം കൊടുക്കും. അപ്പോഴാണ് സബീന പഠിപ്പിക്കല്‍. അതില്‍ മൌലൂദും, മാലപ്പാട്ടും പാടി പറഞ്ഞുതരും. നല്ല ഈണത്തില്‍, മണി മണിച്ച് മൊല്ലാക്ക മാലപ്പാട്ടുപാടിത്തരുമ്പോള്‍ ഞങ്ങള്‍ അറിയാതെ അവ മനപ്പാഠമാക്കും.

മൊല്ലാക്ക ഭക്ഷണം കഴിച്ചുപോയാല്‍ പിന്നെ കുറച്ചുനേരം ഉമ്മ ഈ ജോലി ഏറ്റെടുക്കും. മാലപ്പാട്ടുകള്‍ ഇമ്പമാര്‍ന്ന ഈണത്തില്‍ പാടുന്നത് ഉമ്മാക്ക് ഹരമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ശാന്തരായി ഇരുന്ന് കാത് കൂര്‍പ്പിച്ചു കേള്‍ക്കും. മുഹിയദ്ദീന്‍മാല, രിഫായിമാല, ബദര്‍മാല, നഫീസത്ത്മാല അങ്ങനെ നീണ്ടുപോകുന്നു പാട്ടുകള്‍. അതില്‍ ശ്രവണസുന്ദരമായ പാട്ട് നഫീസത്ത് മാലയാണ്. രണ്ടുവരി താഴെ ചേര്‍ക്കാം:

"ബിസ്മിയും ഹംദുംസ്വാലത്തും നല്‍സലാമും മുന്നെ
ബിള്ളി നെഫീസത്ത് മാല ഞാന്‍ തുടങ്ങീടുന്നെ
മുശ്ഫി ഹുന്‍ മുഫള്ളലും മുഖദ്ദമുന്നൂറളളാ
മൂസിലും മുഹൈമിനും മൂബല്ലി ഹുന്‍സ അദുള്ള''

അതിമനോഹരമായ ഈണത്തില്‍ ഉമ്മ ഈ മാലപ്പാട്ടു മുഴുവന്‍ പാടി അര്‍ഥം പറഞ്ഞുതന്നിരുന്നു. ഈ പാട്ടിന്റെ ഈണത്തിലാണ് പിന്നീട് സുന്ദരവും പ്രശസ്തവുമായ ഒരു മാപ്പിളപ്പാട്ട് ഉണ്ടായത്. അത് താഴെ ഉദ്ധരിക്കാം.

"താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ പൈങ്കിളിയില് പങ്ക് റങ്കുള്ളോളെ''

ഇവയെല്ലാം കണ്ടും കേട്ടും ആസ്വാദിക്കാന്‍ കുട്ടിക്കാലത്ത്തന്നെ കിട്ടിയ അവസരങ്ങളാണ് പില്‍ക്കാലത്ത് എനിക്ക് മാപ്പിളപ്പാട്ടില്‍ ഉണ്ടായ കമ്പത്തിനിടവന്നത്.

ചോക്കാട് താമസിച്ചിരുന്ന കാലത്ത് എന്റെ പിതാവിന്, നിലമ്പൂര്‍ കേന്ദ്രമാക്കി മരക്കച്ചവടം ഉണ്ടായിരുന്നു. റെയില്‍പ്പാളങ്ങള്‍ക്കടിയില്‍ ഇടുന്ന 'സ്ളീപ്പര്‍' മലവാരത്തില്‍നിന്നു വെട്ടിയുണ്ടാക്കി, കാലികളെക്കൊണ്ടും, മനുഷ്യര്‍ നേരിട്ടും കെട്ടിവലിച്ച് മലയുടെ താഴെ എത്തിക്കും. അവിടെനിന്ന് ലോറിയില്‍ ലോഡ് ചെയ്ത് കേറ്റിക്കൊണ്ടുപോകും. ലോറികള്‍ എന്റെ വീടിന്റെ മുന്‍ഭാഗത്തുള്ള റോഡിലൂടെയാണ് മരം കൊണ്ടുപോയിരുന്നത്. ലോഡിങ്ങുകാരായ തൊഴിലാളികള്‍ ലോഡ് ചെയ്ത മരത്തിന്റെ മുകളില്‍ ഇരുന്നുകൊണ്ട് നല്ല ഈണത്തില്‍ പാട്ടുപാടുമായിരുന്നു. ചിലപ്പോള്‍ അവര്‍ തന്നെ സ്വന്തമായി കെട്ടിയുണ്ടാക്കുന്ന പാട്ടുകളായിരിക്കും. എന്റെ പിതാവിനെ കൂട്ടിച്ചേര്‍ത്ത് അവര്‍ പാടിയിരുന്ന ഒരു പാട്ടിന്റെ ആദ്യവരികള്‍ എനിക്ക് ഇന്നും ഓര്‍മയുണ്ട്:

"ചോക്കാട്ടുമരക്കച്ചവടക്കാര് വലിയെ
ശ്രീമന്യരം താണ്ട്വാറയില്‍ മുഹമ്മതലിയെ
ബഹുമാനപുലിയെ.........''

എന്റെ വീടിന്റെ മുന്‍ഭാഗത്ത്കൂടെയാണ് കാളികാവ് - നിലമ്പൂര്‍ റോഡ് പോകുന്നത്. റോഡില്‍ ഇന്നത്തെപ്പോലെ ടാര്‍ ഇടുന്ന പതിവ് ആ കാലത്തില്ല. റോഡിന് "ചെത്ത്വഴി'' എന്നാണ് പറഞ്ഞിരുന്നത്. കരിങ്കല്ല് ഉടച്ച് രണ്ട് ഇഞ്ച് വലിപ്പത്തിലാക്കി റോഡില്‍ നിരത്തും. അതിന്മേല്‍ മണ്ണിട്ട്, വെള്ളംപാറ്റി അമ്മിക്കുട്ടിപോലെയുള്ള വലിയ ഒരു ഉരുള്കൊണ്ട് അമര്‍ത്തുകയാണ് ചെയ്തിരുന്നത്. അതിനാലാവാം ചെത്ത് വഴിക്ക് "നെരത്ത്'' എന്നുംകൂടി പേര് പറഞ്ഞിരുന്നത്.

മരപ്പണിക്കാരായ ലോഡിങ്ങുകാരെപ്പോലെ ചെത്ത്വഴി പണിക്കാരും അമ്മിക്കുട്ടി ഉരുള് വലിക്കുമ്പോള്‍ ആയാസം കുറയ്ക്കാന്‍ വേണ്ടിയാവാം കൂട്ടായി ഇമ്പമാര്‍ന്ന പാട്ടുകള്‍ പാടുമായിരുന്നു. ചെത്ത്വഴി പണി കാണാനും ഈ പാട്ടുകള്‍ കേള്‍ക്കാനും ഞങ്ങള്‍ കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുമായിരുന്നു. "അബ്തേരെ ശിവ, കോനുമെര, കൃഷ്ണകിനയ്യാ'' എന്ന ഹിന്ദിപ്പാട്ടിന്റെ രീതിയില്‍ അവര്‍ പാടിയിരുന്ന ഒരു പാട്ട് ഞാന്‍ ഒമ്പത് വയസ്സില്‍ കേട്ടത് ഇന്നും മറന്നിട്ടില്ല.

"കുറച്ചോലക്കൊടി തന്നിടണെ ചൂട്ടുകെട്ടുവാന്‍
ഒരു കണ്ടം നാരും തന്നിടണെ കൂട്ടിക്കെട്ടുവാന്‍
ഒരു കുണ്ടം വടിതന്നിടണെ കാല്‍ക്കെതട്ടുവാന്‍
ഒരു തുണ്ടം തുണി തന്നിടണെ നാണം മാറ്റുവാന്‍''

ഇങ്ങനെ പണിയാളരുടെ ജീവിതവുമായി ബന്ധപ്പെടാന്‍ കുട്ടിക്കാലത്തുതന്നെ കിട്ടിയ അവസരങ്ങളായിരുന്നു ഇതെല്ലാം. ലോഡിങ്ങുകാരും, ചെത്ത് വഴിപ്പണിക്കാരും മാത്രമല്ല പാടത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍, പ്രത്യേകിച്ച് ഹരിജനങ്ങള്‍ ഞാറ് പറിക്കുമ്പോഴും, നടീല്‍ നടത്തുമ്പോഴും ഇമ്പമാര്‍ന്ന പാട്ടുകളാണ് പാടിയിരുന്നത്. അവരുടെ പാട്ടുകള്‍ ആരെങ്കിലും എഴുതിവെച്ചതോ പഠിപ്പിച്ചതോ ആയിരുന്നില്ല. വായയില്‍ വരുന്നതൊക്കെ അവര്‍ക്ക് പാട്ടാണ്. പക്ഷേ ഏകസ്വരവും ഇമ്പമാര്‍ന്ന ഈണവും കേള്‍ക്കാന്‍ നല്ല ഹരംതന്നെയായിരുന്നു. അവരുടെ പാട്ടുകള്‍ ചിലത് പില്‍ക്കാലത്ത് നാടകത്തിലും വന്നിരുന്നു.

"എല്ലാരും പറക്ണ് പറക്ണ്
ചക്കിപ്പെണ്ണും നന്നന്നെ
കല്ലീം കാറേം കെട്ട്യോക്കുമ്പം
ഇക്കും തോന്നുണ് നന്നന്നെ.''

'ഏലില്ലൊ, മാലില്ലൊ, ലില്ലാലില്ലൊ...''

മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ചെറുപ്പത്തിലെ ഗ്രാമീണജീവിതത്തിന്റെ പച്ചയായ വ്യവഹാരങ്ങളാണ്. കണ്ണിനും കാതിനും കുളുര്‍മയേകുന്ന അനുഭവങ്ങള്‍തന്നെ. തൊഴിലെടുത്ത് അധ്വാനിക്കുന്നവരുടെയും പാടത്ത് പണിയെടുക്കുന്നവരുടെയും തനിമയാര്‍ന്ന ജീവിതത്തിന്റെ ഗന്ധം ഉള്‍ക്കൊണ്ട അനുഭവങ്ങളും സ്മരണകളും എന്റെ വ്യക്തിത്വത്തില്‍ വലിയ സ്വാധീനംചെലുത്തീട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.

*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക
(ടി.കെ. ഹംസയുടെ ആത്മകഥയില്‍ നിന്ന്)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കിഴക്കനേറനാട്ടിന്റെ കിഴക്കേഅറ്റത്ത് നിലകൊള്ളുന്ന കുഗ്രാമം, ഇപ്പോഴത്തെ വണ്ടൂര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡ്; കൂരാട്. അതൊരു ഓണംകേറാമൂലയായിരുന്നു. അവിടേക്ക് റോഡുകള്‍ ഉണ്ടായിരുന്നില്ല. വാഹനങ്ങളും വരുമായിരുന്നില്ല. നടവഴിയും, കഷ്ടിച്ച് കാളവണ്ടിവരുന്ന ഇടവഴിയും മാത്രമായിരുന്നു ഗതാഗതമാര്‍ഗം.

ആ ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത് കോട്ടമലയും, തൊട്ടുപിന്നില്‍ കോഴിപ്രമലയും തോളുരുമ്മി നില്‍ക്കുന്നു. ആ മലകളില്‍നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന ചോക്കാടന്‍പുഴയും കോട്ടപ്പുഴയും സംഗമിച്ച് ഈ ഗ്രാമത്തിന്റെ വടക്കുഭാഗത്തുകൂടെ ഒഴുകുന്നു. തെക്കുഭാഗത്ത് പരിയങ്ങാടന്‍ പുഴയും. രണ്ടുംകൂടി ഗ്രാമത്തിന്റെ പടിഞ്ഞാറുഭാഗത്ത് അമരമ്പലത്തുവെച്ച് കൂടിച്ചേര്‍ന്ന് ഒന്നായിപ്പോകുന്നു.

(ടി.കെ. ഹംസയുടെ ആത്മകഥയില്‍ നിന്ന്.)