Friday, November 5, 2010

വയലാറിനെ ഓർക്കുമ്പോൾ

കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകള്‍ നല്‍കിയ കവിയാണ് വയലാര്‍ രാമവര്‍മ. സാമൂഹികമൂല്യങ്ങള്‍ക്കൊപ്പം സൌന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകള്‍ മരണമില്ലാതെ നില്‍ക്കുന്നു. 1928 മാര്‍ച്ച് 25ന് രാമവര്‍മ ജനിച്ചു. ആദ്യ കവിത 'സ്വരാട്ട് ' എന്ന വാരികയില്‍. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. ചെറുകഥകളും നാടകങ്ങളും രചിച്ചു. 1951ല്‍ 'ജനാധിപത്യം' വാരിക ആരംഭിച്ചു. അന്വേഷണം വാരികയുടെ പത്രാധിപരായി അല്‍പ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. 1948 ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ 'പാദമുദ്രകള്‍' പ്രസിദ്ധീകരിക്കുന്നത്. 1975ലെ 'വൃക്ഷ'മാണ് അവസാന കവിത. മൂന്നു ദശാബ്ദം മലയാള കാവ്യരംഗത്ത് പ്രവര്‍ത്തിച്ച വയലാര്‍ 1975 ഒക്ടോബര്‍ 27ന് അന്തരിച്ചു.

കോവിലകങ്ങളില്‍ നിലനിന്ന ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്കൃതവിദ്യാഭ്യാസവും ചേര്‍ത്തല ഇംഗ്ളീഷ് സ്കൂളിലെ ഒമ്പതാംതരംവരെയുള്ള പഠനവുമാണ് ഔപചാരിക വിദ്യാഭ്യാസം. 1946ല്‍ പുന്നപ്ര-വയലാര്‍ സമരം നടക്കുമ്പോള്‍ പതിനെട്ടു വയസ്സായിരുന്നു. പാരമ്പര്യമായി കിട്ടിയ സഞ്ചിത സംസ്കാരത്തിന്റെ കേവല സൌന്ദര്യബോധത്തോടൊപ്പം സമരംചെയ്യുന്ന മനുഷ്യന്റെ ലക്ഷ്യബോധവും നാടിന്റെ പോര്‍വീര്യവും വയലാറിനെ സാമൂഹികബോധമുള്ള കവിയാക്കി. അധ്വാനിക്കുന്നവന്റെ വിയര്‍പ്പില്‍നിന്ന് ജീവിതമൂല്യങ്ങള്‍ കഴുകിയെടുത്തു ശുദ്ധീകരിച്ച കവിതകള്‍.

'കൊന്തയും പൂണൂലും' എന്ന സമാഹാരം വിപ്ളവകവിയായി വയലാറിനെ മാറ്റി. ഗാന്ധിഭക്തിയുടെ 'പാദമുദ്ര'കളില്‍നിന്ന് വിപ്ളവാവേശത്തിന്റെ കനല്‍ക്കാടുകള്‍ ചികഞ്ഞ് സാമൂഹികനീതിക്കായി ആ തൂലിക ചലിക്കാന്‍തുടങ്ങിയത് ഇരുപത്തിരണ്ടു വയസ്സില്‍.

'മതം മതംഹാ! നിങ്ങള്‍ക്കിനിയും കാട്ടാളത്തത്തിന്‍
മദാന്ധ വികൃതികള്‍ നിര്‍ത്തിത്തമ്മില്‍ പുണരാറായില്ലേ''?

'ജീവിത ഗായകന്‍' എന്ന കവിതയില്‍ മഹാത്മാഗാന്ധി കൊല്ലപ്പെട്ട പ്രമേയം അവതരിപ്പിച്ച് മതാന്ധതയുടെ നേര്‍ക്ക് ചലിപ്പിച്ച തൂലിക, കവിതകളിലുടനീളം മതസാഹോദര്യത്തിലൂന്നി മതചൂഷണത്തിനെ എതിര്‍ത്തുകൊണ്ടിരുന്നു.

ചങ്ങമ്പുഴയുടെ കളരിയില്‍ ചുവടുറപ്പിച്ച വയലാര്‍ കവിതകള്‍ സാമാന്യമായി വാചാലമായവയാണ്. 1950നും 1961നും ഇടയില്‍ നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗസംഗീതം എന്നീ സമാഹാരങ്ങള്‍ക്കൊപ്പം 'ആയിഷ' ചെറുകഥാസമാഹാരവും പുരുഷാന്തരങ്ങളിലൂടെ യാത്രാവിവരണവും രചിച്ചു. മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭേദചിന്തകള്‍ക്കപ്പുറമുള്ള മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ഥതലങ്ങളിലേക്ക് സംവേദനം നടക്കുന്നവയാണ് ഒട്ടുമിക്ക കവിതകളും.

'ഞാനീ പ്രപഞ്ചം വളര്‍ത്തീടുന്നു
ഞാനീ പ്രപഞ്ചം നയിച്ചീടുന്നു
സര്‍ഗലയ സ്ഥിതികാരന്‍ ഞാന്‍
സത്യസ്വരൂപിഞാന്‍; ഞാന്‍ മനുഷ്യന്‍

മനുഷ്യന്റെ അനുസ്യൂതമായ പ്രയാണത്തിലും അജയ്യശക്തിയിലും വയലാര്‍ അടിയുറച്ചു വിശ്വസിച്ചു.

'മരിച്ചിട്ടില്ല ഞങ്ങളിന്നോളം, മൊരുനാളും
മരിക്കില്ലൊടുങ്ങാത്ത സൃഷ്ടി ശക്തികള്‍ ഞങ്ങള്‍'

പ്രപഞ്ചത്തില്‍ അശ്വമേധം നടത്തുന്ന, ഗോളാന്തരങ്ങളെ ഉള്ളംകൈയില്‍ അമ്മാനമാടുന്ന മനുഷ്യനെ പ്രപഞ്ചവിധാതാവിന്റെ സ്ഥാനത്തേക്ക് വയലാര്‍ ഉയര്‍ത്തി.

'കാലമാണവിശ്രമം പായുമെന്നശ്വം; സ്നേഹ
ജ്വാലയാണെന്നില്‍ക്കാണും ചൈതന്യം സനാതനം'

പ്രയത്നത്തില്‍ ഊന്നി സ്വപ്നത്തിലൂടെ സംഗീതാത്മകമായി ആധുനിക മനുഷ്യന്റെ ശാസ്ത്രമുന്നേറ്റം കവി ദീര്‍ഘദര്‍ശനം ചെയ്തു.

'ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍
ആരൊരാളെന്‍ മാര്‍ഗം മുടക്കുവാന്‍
വിശ്വസംസ്കാരവേദിയില്‍ പുത്തനാം
അശ്വമേധം നടത്തുകയാണ് ഞാന്‍'

തുടരുന്ന ഈ അശ്വമേധങ്ങളില്‍ വയലാര്‍ കവിതകള്‍ ഇന്നും ജ്വലിക്കുന്ന നാളമാണ്. മതം, പാരമ്പര്യം, ദുരഭിമാനം എന്നിവ ജീവിതത്തിനേല്‍പ്പിച്ച ആഘാതവും തൊഴിലാളികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും പുതിയ മനുഷ്യന്റെ മുന്നേറ്റവും സമ്പന്നരുടെ ദുരഹങ്കാരവും ദാരിദ്യ്രത്തിന്റെ വേദനയും പ്രവാചകരുടെ മനുഷ്യസ്നേഹവും അധികാരിവര്‍ഗത്തിന്റെ അടിച്ചമര്‍ത്തലുകളും വയലാര്‍ കവിതകളുടെ ആത്മാവായി വര്‍ത്തിച്ചതിനാല്‍ ഇന്നും അവ മലയാളികള്‍ പരിലാളിക്കുന്നു.

വാക്കുകളവയെത്ര-
ശക്തമാകിലും യന്ത്ര-
ത്തോക്കുകളാകാത്തതില്‍
ഞാനിന്നു ദുഃഖിക്കുന്നു'

എന്നിങ്ങനെ സ്വയം കവിതയുടെ പരിമിതി തിരിച്ചറിയുകകൂടി ചെയ്ത കവിയായിരുന്നു വയലാര്‍.

1960കളില്‍ പൌരാണിക മിത്തുകള്‍ പുനഃസൃഷ്ടിക്കുന്ന രചനാ സമ്പ്രദായം മലയാള കവിതയില്‍ സാര്‍വത്രികമായിരുന്നു. വയലാറിന്റെ കല്യാണസൌഗന്ധികം, രാവണപുത്രി, താടക എന്ന ദ്രാവിഡ രാജകുമാരി, സൂര്യകാന്തിയുടെ കഥ, വൃക്ഷം, പ്രൊക്രൂസ്റ്റസ്സ് എന്നിവ സമകാലിക ജീവിത സംത്രാസങ്ങളെ പുരാവൃത്തങ്ങളിലൂടെ ആവിഷ്കരിക്കാന്‍ സ്വീകരിച്ച രചനാ സമ്പ്രദായത്തിന് ഉദാഹരണമാണ്. വയലാറിനെ എന്നും അനശ്വരമാക്കുന്നത് സിനിമ-നാടക ഗാനങ്ങള്‍തന്നെയാണ്. കാല്‍പ്പനികതയുടെ സൌന്ദര്യവും വശ്യതയും പ്രമേയങ്ങളില്‍ കോര്‍ത്ത് ഇഴുക്കിയെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇന്നും മലയാളിയുടെ നാവിന്‍തുമ്പില്‍ നല്ല സിനിമാഗാനങ്ങളായി ഇവ പ്രത്യക്ഷപ്പെടുന്നത്. ചലച്ചിത്രഗാനത്തെ കവിതയോടടുപ്പിച്ചത് കവിതയിലെ കാല്‍പ്പനിക സൌന്ദര്യത്തിന്റെ അമൃതവര്‍ഷമാണ്.

"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'

എന്ന ഈ മനുഷ്യന്റെ പക്ഷമാണ് കാലാതീതമായ കവിതയുടെ ഊര്‍ജപ്രവാഹം.


*****

ഡോ. സന്തോഷ് വള്ളിക്കാട്, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മനുഷ്യന്റെ അനുസ്യൂതമായ പ്രയാണത്തിലും അജയ്യശക്തിയിലും വയലാര്‍ അടിയുറച്ചു വിശ്വസിച്ചു.

'മരിച്ചിട്ടില്ല ഞങ്ങളിന്നോളം, മൊരുനാളും
മരിക്കില്ലൊടുങ്ങാത്ത സൃഷ്ടി ശക്തികള്‍ ഞങ്ങള്‍'

പ്രപഞ്ചത്തില്‍ അശ്വമേധം നടത്തുന്ന, ഗോളാന്തരങ്ങളെ ഉള്ളംകൈയില്‍ അമ്മാനമാടുന്ന മനുഷ്യനെ പ്രപഞ്ചവിധാതാവിന്റെ സ്ഥാനത്തേക്ക് വയലാര്‍ ഉയര്‍ത്തി.

'കാലമാണവിശ്രമം പായുമെന്നശ്വം; സ്നേഹ
ജ്വാലയാണെന്നില്‍ക്കാണും ചൈതന്യം സനാതനം'

പ്രയത്നത്തില്‍ ഊന്നി സ്വപ്നത്തിലൂടെ സംഗീതാത്മകമായി ആധുനിക മനുഷ്യന്റെ ശാസ്ത്രമുന്നേറ്റം കവി ദീര്‍ഘദര്‍ശനം ചെയ്തു.

'ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍
ആരൊരാളെന്‍ മാര്‍ഗം മുടക്കുവാന്‍
വിശ്വസംസ്കാരവേദിയില്‍ പുത്തനാം
അശ്വമേധം നടത്തുകയാണ് ഞാന്‍'

തുടരുന്ന ഈ അശ്വമേധങ്ങളില്‍ വയലാര്‍ കവിതകള്‍ ഇന്നും ജ്വലിക്കുന്ന നാളമാണ്.