Thursday, November 4, 2010

കോര്‍പ്പറേറ്റ് കഴുകന്‍മാര്‍ ഗ്രീന്‍ ട്രിബ്യൂണലിനെ റാഞ്ചരുത്

ഹരിത ട്രിബ്യൂണല്‍ രാജ്യമെമ്പാടും ചര്‍ച്ചാ വിഷയമാവുകയാണ്. ലോകവ്യാപകമായിത്തന്നെ പരിസ്ഥിതിയുടെ സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ട് പ്രത്യേക നീതിന്യായ സംവിധാനങ്ങള്‍ രൂപവല്‍കരിക്കുന്ന കാര്യം സര്‍ക്കാരുകള്‍ ഗൗരവപൂര്‍വം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ എന്നത് അഭിമാനകരം തന്നെ.

എന്നാല്‍ കോര്‍പറേറ്റ് ഭീമന്‍മാര്‍ ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും ചോദ്യം ചെയ്യാനാവാത്ത യജമാനന്‍മാരായി മാറാന്‍ ശ്രമിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ നിയമത്തിലെ പഴുതുകളെയും പോരായ്‌മകളെയും കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കു കഴിയില്ല.

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ച്, മതഗ്രന്ഥങ്ങളില്‍ ധാരാളം പരാമര്‍ശങ്ങള്‍ കാണാം. ഹൈന്ദവ, ക്രിസ്‌ത്യന്‍, ഇസ്ലാം ഗ്രന്ഥങ്ങളില്‍ നിന്ന് ഇതിന് ഉപോല്‍ബലകമായ ഒട്ടേറെ ഉദ്ധരണികള്‍ നല്‍കാനാവും. ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പായുടെ ഒടുവിലത്തെ ചാക്രിക ലേഖനത്തിലും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. പ്രകൃതിയും മനുഷ്യനുമായുള്ള വൈരുധ്യാത്മക ബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കൃതികളിലും ധാരാളമുണ്ട്.

പരിസ്ഥിതി സംരക്ഷണം ലോകരാഷ്‌ട്രങ്ങളുടെ പ്രധാന പരിഗണനാവിഷയങ്ങളിലൊന്നായി മാറിയത് 1972 ലെ സ്റ്റോക് ഹോം സമ്മേളനത്തോടെയാണ്. പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക് കീഴില്‍ പ്രത്യേക ഏജന്‍സി-യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാം രൂപീകരിക്കുന്നതിനും അതിന്റെ ആഭിമുഖ്യത്തില്‍ നിയമനിര്‍മ്മാണപരവും പ്രചരണപരവുമായ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ആ സമ്മേളനം ലോകരാഷ്‌ട്രങ്ങള്‍ക്ക് പ്രേരണ നല്‍കി.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ ദിശയില്‍ ഒട്ടേറെ മുന്നോട്ടുപോകാന്‍ ലോകത്തിന് തീര്‍ച്ചയായും സാധിച്ചിട്ടുണ്ട്. എന്നാല്‍ ലാഭത്തിന്റെയും ആര്‍ത്തിയുടെയും കണ്ണില്‍ചോരയില്ലാത്ത ലക്ഷ്യങ്ങളുമായി കോര്‍പറേറ്റ് ലാഭമോഹം പ്രകൃതിയ്‌ക്കുമേല്‍ പിടിമുറുക്കുമ്പോള്‍ വനങ്ങളുടെയും ജലത്തിന്റെയും ഭൂമിയുടെയും സംരക്ഷണത്തിനായി സമൂഹത്തിന് ശക്തമായ പോരാട്ടങ്ങള്‍ നടത്തേണ്ടി വരുന്നു. ഇത്തരത്തിലുള്ള ചെറുത്തു നില്‍പുകളുടെ കഥ നമുക്കും അപരിചിതമല്ല. എന്നാല്‍ ഭോപ്പാല്‍ കേസിലെ വിധി ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും വിശ്വാസ്യതയില്‍ സാധാരണക്കാരന് അങ്ങേയറ്റത്തെ സംശയം ജനിപ്പിക്കാന്‍ പോന്നതായിരുന്നു.

പ്രകൃതിക്കുമേല്‍ മൂലധനം നടത്തുന്ന കടന്നുകയറ്റത്തിന്റെയും അതിനെതിരെയുള്ള ജനകീയ സമരങ്ങളുടെയും നിരവധി ഉദാഹരണങ്ങള്‍ വര്‍ത്തമാന ഇന്ത്യയില്‍ നമുക്കു കാണാം. കേരളത്തിലെ പ്ലാച്ചിമട സമരവും ഒറീസയിലെ പോസ്‌കോ കമ്പനിയ്‌ക്കെതിരെയുള്ള പോരാട്ടവും ദേശീയ ശ്രദ്ധ നേടിയതാണ്. അത്തരമൊരു സാഹചര്യത്തില്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ആക്‌ടിലെ വ്യവസ്ഥകള്‍ വനസംരക്ഷണത്തെയും പരിസ്ഥിതി സംരക്ഷണത്തെയും എത്രമാത്രം സഹായിക്കുമെന്നത് വിമര്‍ശനബുദ്ധ്യാ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊതുവേ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായം. ഇക്കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി ജയറാം രമേശിന് ഞാന്‍ എഴുതുകയുണ്ടായി.

പുതിയ ഗ്രീന്‍ ട്രിബ്യൂണല്‍ ആക്‌ട് നിലവില്‍ വരുന്നതോടുകൂടി 1980 ലെ വനസംരക്ഷണ നിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2002 ലെ ജൈവവൈവിധ്യ നിയമം, 1974 ലെയും 1981 ലെയും ജല-വായു മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ തുടങ്ങി ഏഴ് കേന്ദ്ര നിയമങ്ങളില്‍ ഭേദഗതികള്‍ വരുകയാണ്. വനങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തില്‍ ഏറ്റവും ഉദാത്തമെന്നു വിശേഷിപ്പിക്കപ്പെട്ട 1980 ലെ കേന്ദ്ര വനസംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ത്തുവെന്ന ആശങ്ക ഗ്രീന്‍ ട്രിബ്യൂണല്‍ ആക്‌ട് ഉയര്‍ത്തുന്നുണ്ട്. ഈ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരോ മറ്റേതെങ്കിലും അധികാരികളോ എടുത്ത ഒരു തീരുമാനമോ പുറപ്പെടുവിച്ച ഒരു ഉത്തരവോ പ്രതികൂലമായി ബാധിക്കുന്ന ഏതൊരാള്‍ക്കും ഗ്രീന്‍ ട്രിബ്യൂണല്‍ ആക്‌ട് പ്രകാരം ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. ഇത് ആരെല്ലാം എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തും എന്നുള്ളതാണ് പ്രശ്‌നം. 1972 ലെ സ്റ്റോക് ഹോം സമ്മേളനത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ദിരാഗാന്ധി 1980 ലെ കേന്ദ്ര വനസംരക്ഷണ നിയമം കൊണ്ടുവന്നത്. നമ്മുടെ രാജ്യത്തെ വനങ്ങളുടെ സംരക്ഷണത്തില്‍ നിര്‍ണായകമെന്ന് കരുതപ്പെടുന്ന ഈ നിയമത്തിന്റെ ഉദ്ദേശങ്ങള്‍ക്ക് എതിരായിക്കൂടാ ജയറാം രമേശ് കൊണ്ടുവന്ന ട്രിബ്യൂണല്‍.

മലിനീകരണം നടത്തിയ ആള്‍ അതിന് പ്രായശ്ചിത്തം ചെയ്യണം എന്ന തത്വം പണം കൊടുത്താല്‍ പ്രകൃതിയെ ചൂഷണം ചെയ്യാം എന്ന രീതിയില്‍ നിക്ഷിപ്‌ത താല്‍പര്യക്കാര്‍ വ്യാഖ്യാനിക്കുന്ന ഇക്കാലത്ത് ഗ്രീന്‍ ട്രീബ്യൂണലിന്റെ പഴുതുകള്‍ എങ്ങനെയെല്ലാം ദുരപയോഗപ്പെടുത്തുമെന്ന് പ്രകൃതി സ്‌നേഹികള്‍ ആശങ്കപ്പെടുന്നു.

കേന്ദ്ര വനസംരക്ഷണ നിയമ പ്രകാരം വനചൂഷണത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീര്‍പ്പുകല്‍പിക്കുന്ന വിഷയങ്ങളില്‍ അപ്പീല്‍ അനുവദിക്കുമ്പോള്‍, അമൂല്യമായ വനങ്ങളില്‍ കണ്ണുവയ്‌ക്കുന്ന കോര്‍പറേറ്റ് ശക്തികള്‍ക്ക് വനചൂഷണത്തിന് അത് അവസരമൊരുക്കുമെന്ന് നാം കരുതിയിരിക്കണം. വനസംരക്ഷണത്തെ ശക്തിപ്പെടുത്താനെന്ന പേരില്‍ വരുന്ന ട്രിബ്യൂണല്‍ വനചൂഷണത്തിനു വഴിയൊരുക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവാന്‍ പാടില്ല. കര്‍ണാടകയിലും ആന്ധ്രയിലും ഗോവയിലും മഹാരാഷ്‌ട്രയിലെയുമൊക്കെയുള്ള ഖനിയുടമകളായ കോര്‍പറേറ്റ് ശക്തികള്‍ വനചൂഷണം നടത്തുന്നതും കോടികള്‍ വാരിയെറിഞ്ഞ് രാഷ്‌ട്രീയത്തില്‍ അനാശാസ്യമായ സ്വാധീനങ്ങള്‍ ചെലുത്തുന്നതും ഈ അവസരത്തില്‍ കാണാതിരുന്നുകൂടാ.

ട്രിബ്യൂണലിന് അഞ്ച് പ്രാദേശിക ബഞ്ചുകളാണ് രൂപീകരിക്കാനുദ്ദേശിക്കുന്നത്. പുതിയ നിയമമനുസരിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സിവില്‍ കോടതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ഓരോ സംസ്ഥാനത്തിനും ഓരോ ബഞ്ച് രൂപീകരിച്ചില്ലെങ്കില്‍ ട്രിബ്യൂണല്‍ സാധാരണക്കാരന് അപ്രാപ്യമാകുന്ന സാഹചര്യം ഉണ്ടാവും.

ആക്‌ടിന്റെ 16-ാം വകുപ്പില്‍, ട്രിബ്യൂണലില്‍ അപ്പീല്‍ പോകുന്നതിന് വ്യവസ്ഥയുണ്ടെങ്കിലും ഉത്തരവിന്റെ പകര്‍പ്പ് നേരിട്ട് ലഭിക്കുന്ന ഒരാള്‍ക്ക് മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. കേസുമായി നേരിട്ട് ബന്ധമില്ലാത്ത ഏതെങ്കിലും വ്യക്തികള്‍ക്കോ പരിസ്ഥിതി സംഘടനകള്‍ക്കോ സമൂഹത്തിന്റെ പൊതു താല്‍പര്യാര്‍ഥം അപ്പീല്‍ നല്‍കാന്‍ കഴിയാത്ത ഒരു സാഹചര്യം ഇതുമൂലം സംജാതമാകുമോ? 23(2) വകുപ്പു പ്രകാരം ഏതെങ്കിലും ഒരു കേസ് ദുരുദ്ദേശപരമായി പ്രഖ്യാപിക്കാനും അതിനു പിഴ ചുമത്താനുമുള്ള ട്രിബ്യൂണലിന്റെ അധികാരം പണക്കൊഴുപ്പിന്റെ പിന്‍ബലമില്ലാത്ത പരിസ്ഥിതിസ്‌നേഹികളെ നിയമവ്യവസ്ഥയില്‍ നിന്ന് അകറ്റാന്‍ മാത്രമേ സഹായിക്കൂ.

പരിസ്ഥിതി സംരക്ഷണത്തിന് ശക്തി പകരാനുദ്ദേശിച്ചുകൊണ്ട് രൂപം കൊടുക്കുന്ന ഒരു നിയമ സംവിധാനം നിക്ഷിപ്‌തതാല്‍പര്യക്കാരായ മൂലധന ശക്തികള്‍ക്ക് പ്രകൃതി ചൂഷണം കുറേക്കൂടി എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്ന ഒന്നായിക്കൂടെന്ന ബോധ്യം ഈ നിയമത്തിലെ വ്യവസ്ഥകളെ വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ട്രിബ്യൂണല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് സംസ്ഥാനങ്ങളിലെ വനം പരിസ്ഥിതി വകുപ്പുമന്ത്രിമാരുടെ ഒരു യോഗം വിളിച്ചുചേര്‍ത്ത് വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ട്. കേന്ദ്ര മന്ത്രി ജയറാം രമേശിന് അയച്ച കത്തില്‍ ഞാന്‍ ഈ ആവശ്യവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പുതിയ ഗ്രീന്‍ ട്രിബ്യൂണല്‍ ആക്‌ട് പരിസ്ഥിതിസ്‌നേഹികള്‍ക്കിടയില്‍ ആഴമേറിയ ചര്‍ച്ചയ്‌ക്ക് വിധേയമാകണം. ആഗോളതാപനത്തിന്റെ വിപത്തില്‍ നിന്ന് മോചനം നേടാനുള്ള ജനങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഗ്രീന്‍ ട്രിബ്യൂണല്‍ ആക്‌ടും ട്രിബ്യൂണലും ഒരു തരത്തിലും വിഘാതമാവുകയില്ലെന്ന് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. അതിന് നിയമ ഭേദഗതികള്‍ ആവശ്യമാണെങ്കില്‍ അതിന് തയ്യാറാകുകയുംവേണം.


*****

ബിനോയ് വിശ്വം, ജനയുഗം

No comments: