Showing posts with label വിലക്കയറ്റം. Show all posts
Showing posts with label വിലക്കയറ്റം. Show all posts

Thursday, April 24, 2014

ഗ്യാസ് വില കൂടുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്

പുഞ്ചപ്പാടത്തിലെ വെള്ളം ഇരുളിന്റെ മറവില്‍ അയല്‍വയലുകാരന്‍ കുത്തിച്ചോര്‍ത്തിയാല്‍ ഒരു സാധാരണ കര്‍ഷകന്‍ എന്തുചെയ്യും? മോഷ്ടാവിനെ പിടികൂടി രണ്ടു പെട പെടയ്ക്കൂം. കുറേക്കൂടി മര്യാദക്കാരനാണെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ കയറും. അതല്ലാതെ, വെള്ളം കവര്‍ന്നെടുത്തോ എന്നറിയാന്‍ ഒരു നിരീക്ഷകനെ വയ്ക്കുമോ? അതേക്കുറിച്ച് രണ്ടുപേരുംചേര്‍ന്ന്, എന്നുവച്ചാല്‍ മോഷ്ടാവും മോഷ്ടിക്കപ്പെട്ടവനും ഒന്നിച്ചുചെന്ന് വെള്ളം നഷ്ടപ്പെട്ടോ എന്ന് പഠനം നടത്തുമോ? സര്‍ക്കാരിന്റെ കാര്യമാവുമ്പോള്‍ അതങ്ങനെയാണ്. പ്രത്യേകിച്ചും മോഷ്ടാവിന്റെ സ്ഥാനത്ത് റിലയന്‍സാണെങ്കില്‍; നഷ്ടപ്പെടുന്നത് പൊതുമേഖലാ സ്ഥാപനത്തിനാണെങ്കില്‍! കൃഷ്ണാ ഗോദാവരീ നദീതടത്തില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ അതാണ് തെളിയിക്കുന്നത്.

കെ ജി ബേസിന്‍ എന്നാണ് പറയുക. അവിടെനിന്ന് പര്യവേക്ഷണം നടത്തി പ്രകൃതിവാതകം ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയത് ഒഎന്‍ജിസിയാണ്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കമീഷന്‍ എന്ന പൊതുമേഖലാ സ്ഥാപനം. അത് 1983-ലായിരുന്നു. ന്യൂ എകണോമിക് പോളിസി(ചഋജ)ക്കൊപ്പം ന്യൂ എക്സ്പ്ലൊറേഷന്‍ ലൈസന്‍സ് പോളിസി(ചഋഘജ)യും പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഒഎന്‍ജിസിക്കൊപ്പം റിലയന്‍സിനും കൂടി എണ്ണ-ഗ്യാസ് പര്യവേക്ഷണത്തിന് അനുമതി നല്‍കുന്നത്. ഒഎന്‍ജിസിക്ക് കൊടുക്കേണ്ട 7500 ചതുരശ്ര കിലോമീറ്റര്‍ എണ്ണപ്പാടമാണ് ചങ്ങാത്ത മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത തിരിമറിയിലൂടെ റിലയന്‍സിനു വിട്ടുകൊടുത്തത്. പതിച്ചുകിട്ടിയ 7500 ചതുരശ്ര കിലോമീറ്ററില്‍ (എന്നുവച്ചാല്‍ ഏതാണ്ട് 86 കിലോമീറ്റര്‍ നീളം, 86 കിലോമീറ്റര്‍ വീതിയിലുള്ള ഭൂമിയില്‍) 400 കിലോമീറ്ററില്‍ താഴെയാണ് റിലയന്‍സ് ഖനനത്തിനുപയോഗിച്ചത്. കരാറനുസരിച്ച് ഖനനത്തിനു പുറത്തുള്ള ഭൂമിയുടെ 25 ശതമാനംവച്ച് സര്‍ക്കാറിന് തിരിച്ചുകൊടുക്കണം. ഇത് റിലയന്‍സ് ഒരിക്കലും പാലിച്ചുമില്ല. സര്‍ക്കാരൊട്ട് ചോദിച്ചതുമില്ല. അക്കാര്യത്തില്‍ സിഎജി തന്നെ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു എന്നത് വേറെ കാര്യം.

അതിനിടക്ക് ഒഎന്‍ജിസിയേക്കാള്‍ കേമനായി വെച്ചടിവെച്ചടി കയറിപ്പോയി റിലയന്‍സ്. (കയറാതിരിക്കുന്നതെങ്ങനെ? റിലയന്‍സ് കടന്നുവരുമ്പോള്‍ ഒഎന്‍ജിസി ഒരു യൂണിറ്റ് പ്രകൃതി വാതകത്തിന് ഈടാക്കിയ വില 1.83 ഡോളറാണ്. 1.43 ഡോളര്‍ ഉല്‍പാദനച്ചെലവും ബാക്കി ലാഭവും എന്നാണ് ഒഎന്‍ജിസി പറഞ്ഞത്. അവിടെയാണ് 4.2 ഡോളര്‍ വിലക്ക് വിറ്റുകൊള്ളാന്‍ റിലയന്‍സിന് അനുമതി നല്‍കുന്നത്. അതിപ്പോള്‍ ഈ ഏപ്രില്‍ 1 മുതല്‍ 8.4 ഡോളറാക്കിയാണ് വര്‍ധിച്ചത്. പാചക വാതക ഗ്യാസിന്റെ വിലവര്‍ധനവിന്റെ കാരണം വേറെ തിരയേണ്ടല്ലോ). റിലയന്‍സ് അങ്ങനെ കയറിക്കയറിപ്പോവുന്നതിനിടക്ക്, തങ്ങളുടെ സ്ഥലത്തേക്ക് കൂടി കള്ളക്കൈ നീട്ടുകയാണ് എന്നാണ് ഒഎന്‍ജിസി പറയുന്നത്. റിലയന്‍സ് സാമ്രാജ്യത്തിന്റെ വിസ്തൃതി കൂടിക്കൂടി വരുന്നതിനിടക്ക് ആരാന്റെ കുളത്തിലെ എണ്ണ കൂടി അവര്‍ തങ്ങളുടെ കുളത്തിലേക്ക് ഊറ്റിയെടുക്കുകയാണ് എന്ന്! തര്‍ക്കം മൂത്ത് മൂത്ത് വന്നപ്പോള്‍ മാധ്യമങ്ങള്‍ അതിനിട്ട പേര് ഗ്യാസ്വാര്‍ എന്ന്! വാതകയുദ്ധം! സര്‍ക്കാര്‍ ഭൂമിയിലെ എണ്ണ സ്വകാര്യഭൂമിയിലേക്ക് കുത്തിച്ചോര്‍ത്തിയാല്‍, നമ്മുടെ നാടന്‍ പുഞ്ചക്കര്‍ഷകരെപ്പോലെ പെരുമാറാന്‍ കേന്ദ്രത്തിനാവുമോ? പ്രത്യേകിച്ചും റിലയന്‍സാണ് എതിര്‍പക്ഷത്ത് എന്നു വരുമ്പോള്‍!

ഒഎന്‍ജിസിയുടെ കൈവശമുള്ള ഗഏഉണച 98/2 ന് തൊട്ടടുത്താണ് റിലയന്‍സിന്റെ വിവാദഭൂമിയായ ഗഏഉ6 ബ്ലോക്ക്. അതില്‍നിന്ന് മെല്ലെമെല്ലെ ആരുമറിയാതെ എണ്ണയൂറ്റുകയാണ് എന്നതാണ് പരാതി. ഉടനെ കേസാക്കാന്‍ പറയുന്നതിനുപകരം സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്തെന്നോ? ഒഎന്‍ജിസിയുടെയും റിലയന്‍സിന്റെയും പ്രതിനിധികള്‍ അടങ്ങുന്ന ഒരു പഠനസംഘത്തെ കാര്യം പഠിക്കാനായി നിയോഗിക്കാന്‍. എന്നാല്‍ തങ്ങളുടെ മുതല്‍ കട്ടുകടത്തിക്കൊണ്ടുപോവുന്നവരുമായി ചേര്‍ന്ന് പഠനത്തിന് പോവാന്‍ ആവില്ല എന്നായി ഒഎന്‍ജിസി എന്ന സര്‍ക്കാര്‍ സ്ഥാപനം. റിലയന്‍സിന്റെ ഗഏഉ6 ബ്ലോക്കിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്നാണ് കമ്പനി സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.

പക്ഷേ പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ വച്ച നിര്‍ദേശം വളരെ ലളിതമാണ്. എടങ്ങേറ് പിടിച്ച പണിക്കൊന്നും പോകേണ്ട; കേസും കൂട്ടവും ഒന്നും വേണ്ട. ഒരു അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റിനെ കണ്ടെത്തി മോഷണകാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിടാം എന്ന്! എന്നുവച്ചാല്‍ കാശ് വാങ്ങി പറഞ്ഞതിന്‍പടി റിപ്പോര്‍ട്ടെഴുതിക്കൊടുക്കുന്ന ഏതെങ്കിലും ഒരു കണ്‍സള്‍ട്ടന്റിനെക്കൊണ്ട് റിലയന്‍സിന് അനുകൂലമായി ഒരു പഠനരേഖ എഴുതി വാങ്ങിയാല്‍ മതി എന്ന്! ഇപ്പോഴത്തെ തീരുമാനമനുസരിച്ച് അടുത്ത മാസം തന്നെ ഈ അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റ് ആരാണെന്ന് തീരുമാനിക്കാന്‍ റിലയന്‍സും ഒഎന്‍ജിസിയും യോഗം ചേരും. എന്നിട്ട് തീരുമാനം അങ്ങോര്‍ക്ക് വിട്ടുകൊടുക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. പുതിയ ഗവണ്‍മെന്റ് അടുത്ത മാസം ചുമതലയേല്‍ക്കും. പക്ഷേ അതിനു മുമ്പുതന്നെ കണ്‍സള്‍ട്ടന്റിനെ നിയമിക്കുകയാണ്. കാട്ടിലെ മരം... തേവരുടെ ആന. വലിയെടാ വലി... അതിനിടക്ക് ഗ്യാസിനും എണ്ണയ്ക്കുമൊക്കെ വില ഇത്തിരി കൂടിയാലെന്താ?

*
എ കെ രമേശ്

Tuesday, March 18, 2014

പെട്രോളിയം വിലവര്‍ധനയ്ക്കു പിന്നില്‍ നവലിബറല്‍ നയങ്ങള്‍

കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ കനത്തഭാരം ഏല്‍പ്പിച്ചുകൊണ്ട് അഞ്ചുവര്‍ഷമായി തുടര്‍ച്ചയായിട്ട് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. വിലക്കയറ്റത്തിന്റെ നാളുകളില്‍ സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുകയാണ് ഇന്ധനവില വര്‍ധനയിലൂടെ കേന്ദ്രം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയര്‍ന്നു, കസ്റ്റംസ്, എക്സൈസ് തീരുവകള്‍ കുറച്ച് ഖജനാവിന് 49000 കോടിരൂപയുടെ നഷ്ടം, എണ്ണക്കമ്പനികള്‍ക്ക് വന്‍നഷ്ടം, അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധനവില ഇന്ത്യയില്‍ കുറവാണ് എന്നിങ്ങനെ വിലവര്‍ധനവിനെ ന്യായീകരിക്കുന്നു അവര്‍. അതിനുപുറമെ, അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ആഭ്യന്തരവില ക്രമീകരിച്ചില്ലെങ്കില്‍ ഇന്ധനവിതരണംതന്നെ പ്രശ്നത്തിലാവും എന്നും കേന്ദ്രം വാദിക്കുന്നു.

അസംസ്കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോഴത്തേത്. അതിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ അവിടെ ഇന്ധനവില കുറയ്ക്കുന്നു എന്ന വാര്‍ത്ത വരുന്ന സമയത്താണ് വിലകൂടുന്നു എന്ന വാദം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ആഭ്യന്തരവില ക്രമീകരിക്കണമെന്നു വാദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍പ്പോലും വിലകുറയുന്ന സമയത്ത് ഇവിടെ വിലകുറച്ചിട്ടില്ല. വിലകൂടുമ്പോള്‍ കൂട്ടുകയും കുറയുമ്പോള്‍ കുറയ്ക്കാതിരിക്കുകയുമാണ് ഇവിടുത്തെ സമീപനം. രാജ്യത്താവശ്യമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ട അസംസ്കൃതഎണ്ണയുടെ 80 ശതമാനവും ഇറക്കുമതിചെയ്യുകയാണ്. ബാക്കി 20ശതമാനം ഇവിടെനിന്നും കുഴിച്ചെടുക്കുന്നതാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നവയ്ക്കും അന്താരാഷ്ട്രവിലതന്നെ വേണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കുവേണ്ട ശുദ്ധീകരണച്ചെലവും മറ്റെല്ലാച്ചെലവുകളും ലാഭവും ചേര്‍ത്താണ് ഉപഭോക്താക്കളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. എന്നാല്‍ ആഗോളതലത്തിലുള്ള വില പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെയില്ല എന്നുപറഞ്ഞ് അവ തമ്മിലുള്ള വ്യത്യാസം നഷ്ടമായി അവതരിപ്പിക്കുന്നു. അണ്ടര്‍ റിക്കവറി എന്നതാണിത്. ഇത് സാങ്കല്‍പ്പിക നഷ്ടമാണ്.

പെട്രോളിയവുമായി ബന്ധപ്പെട്ട പല കമ്മിറ്റികളും ഈ നഷ്ടക്കണക്കിനോട് വിയോജിക്കുന്നുണ്ട്. ലോകമുതലാളിത്തത്തിന്റെ ചങ്ങാതിമാരായ മന്‍മോഹന്‍സിങ്ങും അലുവാലിയയും അണ്ടര്‍ റിക്കവറിയെ നഷ്ടമായിക്കണ്ട് അത് നികത്തുന്നതിനായി സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നു. എന്നാല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ കണ്ടെത്തല്‍ വര്‍ഷംകഴിയുംതോറും സബ്സിഡി കുറച്ചുകൊണ്ടുവരുന്നു എന്നാണ്. 2008-09ല്‍ 76,688 കോടിരൂപയാണ് പെട്രോളിയം ഉല്‍പ്പന്ന സബ്സിഡിയായി നല്‍കിയിരുന്നതെങ്കില്‍ 2010-11ല്‍ അത് 46,830 കോടി രൂപയായി കുറഞ്ഞു. ശുദ്ധീകരണകാര്യത്തില്‍ മികവാര്‍ന്ന ഇന്ത്യ എണ്ണ ഇറക്കുമതിചെയ്ത്, ശുദ്ധീകരിച്ച് കയറ്റി അയയ്ക്കുന്നു. അതിലൂടെ വന്‍വരുമാനം നേടുന്നത് മറച്ചുപിടിക്കുന്നു. എന്നിട്ടും നഷ്ടത്തിന്റെ കണക്കാണ് നിരത്തുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളെല്ലാം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് എന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2009 - 10ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി, ഭാരത് പെട്രോളിയം കമ്പനി എന്നിവയെല്ലാം ലാഭത്തിലായിരുന്നു. ഈ സ്ഥാപനങ്ങളില്‍നിന്നെല്ലാമായി കേന്ദ്രസര്‍ക്കാരിന് നികുതിയായും മറ്റും വലിയ തുക ലഭിച്ചിട്ടുണ്ട്. അതാതു സ്ഥാപനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്ന കണക്കുകള്‍ പ്രകാരം ഓഹരിയുടമകള്‍ക്ക് അവര്‍ ലാഭവിഹിതം നല്‍കിയിട്ടുമുണ്ട്. ഇങ്ങനെ എണ്ണക്കമ്പനികള്‍ ലാഭത്തിലായിരിക്കെ, അണ്ടര്‍ റിക്കവറി എന്നത് നഷ്ടമായി അവതരിപ്പിച്ചാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകൂട്ടുന്നത്.

ഇല്ലാത്ത നഷ്ടത്തിന്റെ പേരില്‍ കമ്പനികളുടെ കൊള്ളലാഭേച്ഛയ്ക്കു കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം ഓരോതവണ വിലകൂട്ടുമ്പോഴും കൂടുന്നുണ്ട്. കേന്ദ്ര ഖജനാവിലേക്കുള്ള മൊത്തം വരുമാനത്തിന്റെ 20.1 ശതമാനം (2010-11) പെട്രോളിയം രംഗത്തുനിന്നുമാണ്. കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടി, സര്‍വീസ് ടാക്സ്, വില്‍പ്പന നികുതി, ലാഭവിഹിതം എന്നിങ്ങനെയാണ് വരുമാനം. ഉപഭോക്താക്കള്‍ ഒരു ലിറ്റര്‍ പെട്രോളിനു നല്‍കുന്ന വിലയില്‍ പകുതിയും ഡീസലിനു നല്‍കുന്ന വിലയുടെ 40 ശതമാനവും നികുതികളാണെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഈ വരുമാനത്തിന്റെ മൂന്നിലൊന്നുപോലും സബ്സിഡിയായി നല്‍കുന്നില്ല എന്നുകാണാം. വിലകൂടുന്നതിനനുസരിച്ച് എക്സൈസ് ഡ്യൂട്ടി വര്‍ധിക്കുന്ന തരത്തില്‍ നിന്നുമാറ്റി ഒരു പ്രത്യേക നിരക്കായി നിജപ്പെടുത്തണമെന്ന് രംഗരാജന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത് അവഗണിച്ച് വിലകയറ്റുമ്പോഴെല്ലാം സംസ്ഥാനങ്ങളോട് അവര്‍ക്കു ലഭിക്കുന്ന നികുതിയില്‍ കുറവുവരുത്താനോ ഉപേക്ഷിക്കാനോ ആണ് കേന്ദ്രം ഉപദേശിക്കാറുള്ളത്. ഇടതുപക്ഷത്തിന്റെ നിരന്തരമായ ആവശ്യം നികുതിഘടനയില്‍ മാറ്റംവരുത്തി വിലവര്‍ധനവ് ഒഴിവാക്കണമെന്നതാണ്. എണ്ണയുത്പാദക രാജ്യങ്ങളിലാകെ സംഘര്‍ഷം പടര്‍ന്നപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നു. അക്കാലയളവില്‍ 70 മുതല്‍ 113 ഡോളര്‍വരെ വിലയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായി. ക്രൂഡ്ഓയിലിന്റെ അന്താരാഷ്ട്ര വിപണിയിലെ വില കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യമാണ് സമീപകാലത്തുള്ളത്്. 2008 ജൂലൈയില്‍ വീപ്പയ്ക്ക് 147 ഡോളറായിരുന്നത് ഗണ്യമായിക്കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ഇവിടെ വില കൂട്ടുന്ന എണ്ണക്കമ്പനികള്‍ വിലകുറയുന്ന സമയത്ത് ആനുപാതികമായി ഇവിടെ വില കുറച്ചിട്ടില്ല.

ഒരുവീപ്പ ക്രൂഡ്ഓയിലിന്റെ അന്താരാഷ്ട്ര വിപണിയിലെ വില 2008 ജൂലൈയില്‍ 147 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയിലെ പെട്രോള്‍വില ലിറ്ററിന് 40 രൂപയായിരുന്നു. അന്ന് പെട്രോളിന്റ വില നിയന്ത്രിച്ചിരുന്നത് സര്‍ക്കാരായിരുന്നു. എന്നാല്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനുശേഷം, 2011 ജനുവരിയില്‍ ഒരുവീപ്പ ക്രൂഡ്ഓയിലിന്റെ വില 92 ഡോളറായികുറഞ്ഞപ്പോഴും പെട്രോളിന്റെ വില ലിറ്ററൊന്നിന് 60രൂപയായി കൂട്ടുകയായിരുന്നു എണ്ണക്കമ്പനികള്‍. ക്രൂഡ്ഓയിലിന്റെ വില 87 ഡോളറായിരിക്കെ ഒരുലിറ്റര്‍ പെട്രോളിന്റെ വില എഴുപത് രൂപയ്ക്കടുത്ത്. സര്‍ക്കാര്‍ നിയന്ത്രിത വിലനിര്‍ണ്ണയ സംവിധാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയത് 1976ലാണ്. ഉദാരവത്ക്കരണ നയങ്ങളുടെ ഫലമായി പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനരംഗത്തേക്കും സ്വകാര്യകമ്പനികള്‍ കടന്നുവന്നു. അന്നുമുതല്‍തന്നെ വിലനിയന്ത്രണ സംവിധാനം മാറ്റണമെന്ന ആവശ്യമുയര്‍ന്നുവന്നു. 2002ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 1976നു മുന്‍പുള്ള ഇറക്കുമതി സന്തുലിത നിരക്ക് സംവിധാനം തിരികെ കൊണ്ടുവന്നു. അന്താരാഷ്ട്ര വിലയ്ക്കു തുല്യമായ വില - യഥാര്‍ഥത്തിലുള്ള സംസ്കരണ, ശുദ്ധീകരണച്ചെലവുകള്‍ കണക്കിലെടുക്കാതെ - ചുമത്തുന്നതാണീ സമ്പ്രദായം. അതിന്റെ ഫലമായി രാജ്യത്തിനകത്തുനിന്നും കുഴിച്ചെടുക്കുന്ന അസംസ്കൃത എണ്ണ സംസ്ക്കരിച്ച്, ശുദ്ധീകരിച്ച് വില്‍പ്പനക്കെത്തിയാലും അന്താരാഷ്ട്ര നിലവാരത്തിലുള്ള വില ഉപഭോക്താക്കള്‍ നല്‍കണം.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെ വിലനിയന്ത്രണം ഒഴിവാക്കുന്നതിനെക്കുറിച്ചുപഠിക്കാന്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. വിലനിയന്ത്രണം എടുത്തുകളയരുതെന്നതായിരുന്നു അവരുടെ നിര്‍ദ്ദേശം. ഇതു അവഗണിച്ചിട്ട് കിരിത് പരീഖ് കമ്മീഷന്‍ നല്‍കിയ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടണമെന്നും വിലനിയന്ത്രണം മാറ്റണം എന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മന്‍മോഹന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. അതിന്റെ ഫലമായി പെട്രോളിന്റെ വിലനിയന്ത്രണം ഒഴിവാക്കിയതിനുശേഷം തുടരെത്തുടരെ അതിന്റെ വില കമ്പനികള്‍ കൂട്ടി. ചരക്കുകടത്തു വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് ഡീസലായതിനാല്‍ സ്വാഭാവികമായും അതിന്റെ വിലകൂടിയാല്‍ കടത്തുകൂലി കൂടും. ട്രക്ക് ലോറി ഉടമാസംഘം എട്ടുശതമാനംകണ്ട് കടത്തുകൂലി കൂട്ടിക്കഴിഞ്ഞു. കടത്തുകൂലിയിലെ ഈ വര്‍ധനവ് ഉപഭോക്തൃ സാധനങ്ങളുടെ പ്രത്യേകിച്ച് അവശ്യസാധനങ്ങളുടെ വില ഉയര്‍ത്തുന്നു. ഇതേപോലെയാണ് പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും കാര്യം. ഭക്ഷ്യസാധനങ്ങളുടെ വിലകയറിക്കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ സ്വീകരിച്ചുവന്നത്.

*
രഘു Chintha Weekly

Thursday, January 16, 2014

വിലക്കയറ്റം എന്തുകൊണ്ട്?

2013 നവംബറില്‍, അതിനുമുമ്പത്തെ ഒരു വര്‍ഷത്തേതിനെ അപേക്ഷിച്ച് വിലക്കയറ്റം 7.52 ശതമാനമായിരുന്നു. അതില്‍ത്തന്നെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 19.93 ശതമാനമായിരുന്നു; വൈദ്യുതിയുടെയും എണ്ണയുടെയും വിലക്കയറ്റം 11.08 ശതമാനവും. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ നാല് അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടതില്‍ അല്‍ഭുതത്തിന്നവകാശമില്ലല്ലോ. ബിജെപിയ്ക്ക് ഭൂരിപക്ഷം ലഭിയ്ക്കുന്നതിനെ തടഞ്ഞുകൊണ്ടും കോണ്‍ഗ്രസ്സിനെ തറപറ്റിച്ചുകൊണ്ടും ആം ആദ്മി പാര്‍ടി ഡെല്‍ഹിയില്‍ ഉയര്‍ന്നുവന്നത്, കൊള്ളലാഭക്കാരെ അനുകൂലിക്കുന്ന കോണ്‍ഗ്രസ്സിെന്‍റയും ബിജെപിയുടെയും നയങ്ങളോട് ജനങ്ങള്‍ക്കുള്ള അമര്‍ഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

2004നും 2013നും ഇടയില്‍ ഭക്ഷ്യസാധനങ്ങളുടെ വില 157 ശതമാനം കണ്ടാണ് വര്‍ധിച്ചത്. പാവങ്ങളുടെ ഭക്ഷണമായ ഭക്ഷ്യധാന്യങ്ങളുടെ വില 137 ശതമാനം കണ്ട് വര്‍ധിച്ചു; ഗോതമ്പിന്റെ വില 117 ശതമാനം വര്‍ധിച്ചു. പയര്‍വര്‍ഗങ്ങളുടെ വില 123 ശതമാനം കണ്ട് വര്‍ധിച്ചു; ഉരുളക്കിഴങ്ങിെന്‍റ വില 185 ശതമാനം കണ്ടാണ് വര്‍ധിച്ചത്. പച്ചക്കറികളുടെ വില 350 ശതമാനം കണ്ടും ഉള്ളിയുടെ വില 521 ശതമാനം കണ്ടും വര്‍ധിച്ചതോടെ, അവയൊക്കെ പാവപ്പെട്ടവരുടെ ഭക്ഷണസാധനങ്ങളല്ലാതായിത്തീര്‍ന്നു. ഇതൊക്കെ സംഭവിച്ചത്, തങ്ങള്‍ വില കുറയ്ക്കും എന്ന് കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നതിന്നിടയിലാണുതാനും. വെറും വാചകമടിയല്ലാതെ അവര്‍ യാതൊന്നും ചെയ്യുകയുണ്ടായില്ല. പൂഴ്ത്തിവെപ്പുകാര്‍ക്ക്, എതിരായി ഗവണ്‍മെന്‍റ് നടപടിയെടുക്കുമെന്ന് കരുതി ജനങ്ങള്‍ കാത്തിരുന്നു. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ പൂഴ്ത്തിവെപ്പുകാരന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയായതുകൊണ്ട് കേന്ദ്ര ഗവണ്‍മെന്‍റ് ഒന്നും തന്നെ ചെയ്തില്ല. 2013 ഒക്ടോബര്‍ ഒന്നിലെ കണക്കനുസരിച്ച്, എഫ്സിഐയുടെ കയ്യില്‍ ആവശ്യത്തിലധികമായി 240 ലക്ഷം ടണ്‍ ഗോതമ്പ് സ്റ്റോക്കുണ്ടായിരുന്നു. എന്നാല്‍ അവര്‍ ആ സ്റ്റോക്ക് എപിഎല്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്നതിനായി വിട്ടുകൊടുത്തില്ല; അഥവാ വില കുറയ്ക്കുന്നതിനുവേണ്ടി വിപണിയില്‍ ഇറക്കിയതുമില്ല. എന്താണ് അവര്‍ കണ്ടിരിക്കുന്നത് എന്ന് ആരും അല്‍ഭുതപ്പെട്ടുപോകും. എഫ്സിഐ ഗോഡൗണുകളില്‍ക്കിടന്ന് നശിച്ചു പോകുന്ന ഭക്ഷ്യധാന്യങ്ങള്‍ എടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സുപ്രീംകോടതി ഒരിയ്ക്കല്‍ നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ഭരണഘടനാപരമായ വകുപ്പില്ല എന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചത്! ജനങ്ങള്‍ പട്ടിണികിടക്കുന്നതിനും അവര്‍ പട്ടിണികിടക്കുന്ന അവസരത്തില്‍ത്തന്നെ പൂഴ്ത്തിവെച്ച് വിലക്കയറ്റം സൃഷ്ടിക്കുന്നതിന് പൂഴ്ത്തിവെപ്പുകാരെ അനുവദിക്കുന്നതിനും ഭരണഘടനാപരമായ വകുപ്പു വല്ലതുമുണ്ടോ? രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ഏറ്റവും വലിയ പൂഴ്ത്തിവെപ്പുകാരന്‍ എഫ്സിഐ ആയതുകൊണ്ട് ചെറുകിട പൂഴ്ത്തിവെപ്പുകാരെ ഗവണ്‍മെന്‍റ് ഫലപ്രദമായി നിയന്ത്രിക്കും എന്ന് കരുതുന്നത് ബുദ്ധിശൂന്യതയാണ്. കൃഷിക്കാരുടെ ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്നതും ഈ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ കുത്തക നേടിക്കൊണ്ട് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം ഉണ്ടാക്കുന്നതും വന്‍കിട കച്ചവടക്കാരാണ്. അത്തരം മൊത്തക്കച്ചവടക്കാര്‍ക്ക് അനുകൂലമായിട്ടാണ്, കാര്‍ഷികോല്‍പന്ന വിപണനക്കമ്മിറ്റിനിയമം നിലക്കൊള്ളുന്നത്. ഗവണ്‍മെന്റിന്റെ മിനിമം താങ്ങുവില സംവിധാനം (വിലക്കയറ്റത്തിന് കാരണം അതാണ് എന്നാണ് പലരും ആക്ഷേപിക്കുന്നത്) അനുസരിച്ച് ഗോതമ്പിന്റെ താങ്ങുവില ക്വിന്‍റലിന് 1350 രൂപയാക്കി നിശ്ചയിച്ചിരിക്കുന്നു. (പിന്നീടത് 1400 രൂപയാക്കി പുതുക്കി നിശ്ചയിക്കുകയുണ്ടായി).

മാര്‍ക്കറ്റില്‍ ഗോതമ്പിന് ക്വിന്‍റലിന് 1800 രൂപ വില ലഭിച്ചുകൊണ്ടിരുന്നപ്പോഴാണിത്. അതായത് ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച താങ്ങുവില വിപണിയിലെ വിലയേക്കാള്‍ ഏറെ കുറവാണ്. 2011-12 വര്‍ഷത്തില്‍ അരിയ്ക്ക് ക്വിന്‍റലിന് ന്യായവിലയായി ഡോക്ടര്‍ എം എസ് സ്വാമിനാഥന്‍ കണക്കാക്കിയത് 1331.73 രൂപയാണ്. 2012-13 വര്‍ഷത്തില്‍ ഗവണ്‍മെന്‍റ് നല്‍കിയ മിനിമം താങ്ങുവിലയേക്കാള്‍ (1260 രൂപ) കൂടുതലാണത്. കൃഷിക്കാരന് ന്യായമായി ലഭിയ്ക്കേണ്ടിയിരുന്ന വിഹിതം അവനില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുന്നു എന്ന് ഇതില്‍നിന്ന് വ്യക്തമാണ്; അതോടൊപ്പം കുത്തകകള്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും വമ്പിച്ച ലാഭമുണ്ടാക്കാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു. അതേ അവസരത്തില്‍ വിലക്കയറ്റത്തിന് കൃഷിക്കാരനെ കുറ്റം പറയുകയും ചെയ്യുന്നു! അതുകൊണ്ടാണ് ഭക്ഷ്യവിലക്കയറ്റം 10 ശതമാനത്തില്‍ നില്‍ക്കുമ്പോഴും ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം 15 - 17 ശതമാനമായി ഉയര്‍ന്നുനില്‍ക്കുന്നത്. ഈ നിലയില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്‍റും മിക്ക സംസ്ഥാന ഗവണ്‍മെന്‍റുകളും കാര്യമായി ഒന്നും തന്നെ ചെയ്യുന്നില്ല. വില നിലവാരം പിടിച്ചു നിര്‍ത്തുന്നതില്‍ ഗവണ്‍മെന്റിന്റെ നയത്തിനുള്ള പ്രാധാന്യം എത്രത്തോളമുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതില്‍ ഗവണ്‍മെന്‍റ് പരാജയപ്പെട്ടുവെന്ന് മാത്രമല്ല, പൊതുവിതരണ വ്യവസ്ഥയിലൂടെ വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് അവര്‍ വിലക്കയറ്റത്തിന് ആക്കം കൂട്ടുകയും ചെയ്തു; എന്‍ഡിഎ ഗവണ്‍മെന്‍റും യുപിഎ ഗവണ്‍മെന്‍റും ചെയ്തത് അതുതന്നെയാണ്. അതേ അവസരത്തില്‍ത്തന്നെ, പെട്രോളിന്റെയും ഡീസലിന്റെയും വില അടിയ്ക്കടി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്, ഒരു വശത്ത് ചരക്കു കടത്തിനുള്ള കൂലി വര്‍ധിപ്പിയ്ക്കുന്നു; മറുവശത്താകട്ടെ, പമ്പു സെറ്റുകളുടെയും മറ്റും പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിച്ചുകൊണ്ട് ഉല്‍പാദനച്ചെലവ് കൂട്ടുകയും ചെയ്യുന്നു.

ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിയുടെ വില 1997-98ല്‍ ക്വിന്‍റലിന് 350 രൂപയായിരുന്നത് 2007-08 ആയപ്പോഴേക്ക് 415 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതേ കാലഘട്ടത്തില്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിയുടെ വില ക്വിന്‍റലിന് 550 രൂപയില്‍നിന്ന് 755 രൂപയായും വര്‍ധിപ്പിച്ചു. ഗോതമ്പിന്റെ വില ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ക്വിന്‍റലിന് 250 രൂപയായിരുന്നത് 415 രൂപയാക്കി വര്‍ധിപ്പിച്ചു. എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പിന്റെ വില 450 രൂപയില്‍നിന്ന് 610 രൂപയായും വര്‍ധിപ്പിച്ചു. ഇത്രയും വര്‍ധന വരുത്തിയത് പത്തുകൊല്ലത്തിനുള്ളിലാണ്. ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡിത്തുക പണമായി നല്‍കുന്ന പരിപാടി നടപ്പിലാകുന്നതോടെ റേഷന്‍ സാധനങ്ങളുടെ വിലയും വിലക്കയറ്റത്തിന് കാരണമായിത്തീരും. കാരണം അത്രയും പണവും വിപണിയിലേക്ക് നേരിട്ട് കടന്നുവരികയാണല്ലോ ചെയ്യുക. എന്നുതന്നെയല്ല, വില വര്‍ധിയ്ക്കുമ്പോള്‍, ഒരു കുടുംബത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവും കുറയും. അതിനാല്‍ പൂഴ്ത്തിവെപ്പുകാരേയും കൊള്ളലാഭക്കാരേയും ആശ്രയിച്ചായിരിക്കും ഉപഭോഗം. (പൂഴ്ത്തിവെപ്പുകാരുടെ ആശാനാണല്ലോ നമ്മുടെ ഗവണ്‍മെന്‍റ്). ഭക്ഷ്യധാന്യങ്ങളുടെ അവധിവ്യാപാരം നിയമാനുസൃതമാക്കുന്നതുകൊണ്ട് പൂഴ്ത്തിവെപ്പുകാര്‍ കൊള്ളലാഭമുണ്ടാക്കും. ആഗോളതലത്തിലും ഇന്ത്യയിലും വിലക്കയറ്റത്തിന് ഒരു പ്രധാന കാരണം അതാണല്ലോ. എന്നു തന്നെയല്ല, ഗവണ്‍മെന്റിന്റെ നയങ്ങള്‍ കാരണം ഉല്‍പാദനച്ചെലവും വലിയ അളവില്‍ വര്‍ധിച്ചിട്ടുണ്ട്. യൂറിയ ഉല്‍പന്നങ്ങളല്ലാത്ത രാസവളങ്ങളുടെ വില ഇരട്ടിയില്‍ അധികമായിട്ടാണ് വര്‍ധിച്ചത്. നൈട്രേറ്റുകളുടെയും പൊട്ടാസിയം അധിഷ്ഠിത രാസവളങ്ങളുടെയും വിലനിയന്ത്രണം നീക്കം ചെയ്യപ്പെട്ടതോടെ പൂഴ്ത്തിവെപ്പുകാര്‍ക്ക് കൊള്ളലാഭത്തിനുള്ള കളമൊരുങ്ങി. ഡീസലിന്റെയും മറ്റ് പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിലക്കയറ്റവും റെയില്‍വെ കടത്തുകൂലി വര്‍ധനയും ഇതിന്നുപുറമെയാണ്. ഗവണ്‍മെന്‍റില്‍നിന്ന് അതിനുള്ള അനുമതി ലഭിച്ചതോടെ, പൂഴ്ത്തിവെപ്പുകാരും കുത്തകക്കാരുമായ മൊത്തക്കച്ചവടക്കാര്‍ കൊള്ളലാഭം കൊയ്തു തുടങ്ങി. പട്ടിണിയും പരിവട്ടവുമായി കഴിയുന്നവരുടെ പോലും ലാഭം ഞെക്കിപ്പിഴിയാന്‍ പ്രതിജ്ഞാബദ്ധമായ ഗവണ്‍മെന്‍റ് ആണ്, ഇത്തരം കരിഞ്ചന്തക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിന് ഒത്താശ ചെയ്തു കൊടുക്കുന്നത്.

ഈ സംഭവവികാസത്തിന് ഒരു നല്ല ഉദാഹരണമാണ് ഉള്ളിയുടെ വിലക്കയറ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കപ്പെടുന്ന പച്ചക്കറികളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഉള്ളിയുടെ വ്യാപാരത്തില്‍ 70 - 80 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. ഏറ്റവും അധികം ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്ര തന്നെ. ഈ രണ്ടു സംസ്ഥാനങ്ങളിലും വിളവെടുപ്പ് നടക്കുന്നത് ശൈത്യകാലത്താണ്. എന്നാല്‍ വിപണികളിലെ കുത്തകവല്‍ക്കരണം കാരണം; ചെറുകിട ഉല്‍പാദകരായ സംസ്ഥാനങ്ങള്‍, ഇവയുടെ മുന്നില്‍ ഒന്നുമല്ല. എന്നുതന്നെയല്ല, വ്യാപാരികള്‍ കൃഷിക്കാര്‍ക്ക് വായ്പ നല്‍കി അവരെ ചൂഷണം ചെയ്യുകയുമാണ്. ഈ വ്യാപാരികള്‍ ഒരേ സമയം കമ്മീഷന്‍ ഏജന്‍റുമാരും മൊത്തക്കച്ചവടക്കാരുമാണ്; സംഭരണശാലകളുടെ ഉടമസ്ഥരുമാണ്; ഓര്‍ഡര്‍ എടുക്കുന്നതും കൊടുക്കുന്നതും ചരക്കു കടത്തുന്നതും അവര്‍ തന്നെ. കൃഷിക്കാരേയും ഉപഭോക്താക്കളെയും ഒരേ സമയം വട്ടം കറക്കുന്നതിന് അവര്‍ക്ക് കഴിവുണ്ട്; അതിന്നവരെ വലിയ അളവില്‍ ഗവണ്‍മെന്‍റ് സഹായിക്കുകയും ചെയ്യുന്നു. നാസിക്കുകാരായ ഏതാനും വ്യാപാരികള്‍ക്കാണ് ഉള്ളി വിപണിയുടെ കുത്തക എന്നു തന്നെ പറയാം. മഹാരാഷ്ട്രയിലെ ഒരൊറ്റ വ്യാപാരിയാണത്രേ, ആകെ ഉള്ളി വ്യാപാരത്തിന്റെ 20.4 ശതമാനവും കയ്യടക്കിവെച്ചിരിക്കുന്നത്. അതിന്റെ വില കൊടുക്കേണ്ടിവരുന്നത് രാജ്യത്തെ ജനങ്ങളാണ്. ഓണം, ദുര്‍ഗാപൂജ, ദീപാവലി, ഈദ്, ക്രിസ്തുമസ്സ് തുടങ്ങിയ വിശേഷ ദിവസങ്ങളെല്ലാം വരുന്ന ശൈത്യകാലത്ത് ഈ പൂഴ്ത്തിവെപ്പുകാര്‍ ഉള്ളി വില കൂട്ടിവില്‍ക്കുന്നു. പിന്നെ ശൈത്യകാല വിള മുഴുവനും വാങ്ങിക്കൂട്ടി പൂഴ്ത്തിവെയ്ക്കുന്നു. വില്‍ക്കാന്‍ വിസമ്മതിക്കുന്നു. 2010-11 വര്‍ഷത്തില്‍ ഉണ്ടായത് അതാണ്. പച്ചക്കറി വ്യാപാരം മുഴുവനും ഗവണ്‍മെന്‍റ്, സ്വകാര്യ വ്യാപാരികള്‍ക്ക് വിട്ടുകൊടുത്തതു കാരണം, പൂഴ്ത്തിവെപ്പുകാരുടെയും കൊള്ളലാഭക്കാരുടെയും കുത്തകകളുടെയും ദയാദാക്ഷിണ്യങ്ങള്‍ക്ക് മുന്നിലേക്ക് കൃഷിക്കാരും ഉപഭോക്താക്കളും വലിച്ചെറിയപ്പെടുന്നു. ഗവണ്‍മെന്റിന്റെ കാര്‍ഷികോല്‍പന്ന വിപണന നിയമം വന്‍കിട കുത്തകകളുടെ വളര്‍ച്ചയെയാണ് സഹായിക്കുന്നത്; മല്‍സരത്തെയല്ല.

ഇതിന്നൊക്കെ പുറമെ, ഇക്കാര്യങ്ങളെല്ലാം അവഗണിക്കുന്ന ഗവണ്‍മെന്‍റ്, മിച്ചമുള്ള ഉല്‍പന്നം ആഭ്യന്തര വിപണിയില്‍ ഇറക്കുന്നതിനുപകരം കയറ്റിയയയ്ക്കാന്‍ കച്ചവടക്കാര്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്നു; അങ്ങിനെ വിലക്കയറ്റത്തിന് വീണ്ടും വഴിവെയ്ക്കുന്നു. 2010ല്‍ അകാലത്തിലുണ്ടായ മഴ കാരണം ഉള്ളിക്കൃഷി നശിച്ചപ്പോഴും 1,33,000 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യാന്‍ ഗവണ്‍മെന്‍റ് വ്യാപാരികള്‍ക്ക് അനുവാദം നല്‍കുകയാണുണ്ടായത്. അതോടെ വിലക്കയറ്റമുണ്ടായി. ഇക്കൊല്ലവും സ്ഥിതി വ്യത്യസ്തമല്ല. 2012ല്‍ ഏപ്രില്‍ മാസത്തിനും ഡിസംബറിനുമിടയില്‍ 3,00,000 ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. കാലാവസ്ഥ പിഴച്ചിട്ടും അതാണ് സര്‍ക്കാര്‍ ചെയ്തത്. എന്നു തന്നെയല്ല, 2013 ജനുവരി തൊട്ട് മെയ് വരെ വീണ്ടും കയറ്റുമതി നടത്താന്‍ അനുവദിച്ചു. അതിന്റെ ഫലമായി കഴിഞ്ഞവര്‍ഷം 244.6 ശതമാനമാണ് വില വര്‍ധിച്ചത്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലും ഗവണ്‍മെന്‍റ് അനുവര്‍ത്തിക്കുന്നത് അതേനയം തന്നെയാണ്. ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയരാന്‍ തുടങ്ങിയപ്പോള്‍, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യധാന്യക്കയറ്റുമതിക്കാണ്, 2012-13ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് അനുമതി നല്‍കിയത്! 101 ലക്ഷം ടണ്‍ അരിയും 65 ലക്ഷം ടണ്‍ ഗോതമ്പും 48 ലക്ഷം ടണ്‍ ചോളവും ആണ് ആ വര്‍ഷം കയറ്റുമതി ചെയ്തത്. അതോടെ ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയര്‍ന്നു. എഫ്സിഐ ഗോഡൗണുകളില്‍നിന്ന് ഇത്രയും വമ്പിച്ച അളവിലുള്ള ഭക്ഷ്യധാന്യശേഖരം ആഭ്യന്തര വിപണിയില്‍ ഇറക്കിയിരുന്നുവെങ്കില്‍ അത്രയും വലിയ വിലക്കയറ്റം ഉണ്ടാകുമായിരുന്നില്ല. വ്യാപാരികള്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞിരുന്നു, അത് മാനിയ്ക്കാതെ തരമില്ലല്ലോ എന്ന് പറഞ്ഞ ഗവണ്‍മെന്‍റ്, വ്യാപാരികളുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധിച്ചത്! അതുമൂലം ജനങ്ങള്‍ പട്ടിണികിടന്നാല്‍, ഗവണ്‍മെന്‍റിനെന്തു നഷ്ടം! സാര്‍വത്രികമായ പൊതുവിതരണം ഉറപ്പുവരുത്തിക്കൊണ്ട് പൊതുവിതരണശൃംഖല ശക്തിപ്പെടുത്തിയിരുന്നുവെങ്കില്‍ സ്ഥിതി മെച്ചപ്പെടുമായിരുന്നു. അത്തരം ഒരു നീക്കം നടത്തിയിരുന്നുവെങ്കില്‍, എണ്ണയും പഞ്ചസാരയും ഉപ്പുമടക്കം പതിനാല് അവശ്യസാധനങ്ങള്‍കൂടി പൊതുവിതരണശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍, ഭക്ഷ്യധാന്യങ്ങളുടെ മാത്രമല്ല, പൊതുവില്‍ ഭക്ഷ്യസാധനങ്ങളുടെയാകെ വില കുറയുമായിരുന്നു; ആഭ്യന്തരമായ പൂഴ്ത്തിവെപ്പ് അവസാനിക്കുമായിരുന്നു; ഗവണ്‍മെന്റിന്റെ ഗോഡൗണുകളില്‍കിടന്ന് ഭക്ഷ്യധാന്യങ്ങള്‍ നശിക്കുകയില്ലായിരുന്നു. എന്നാല്‍ ഇതിനൊക്കെ വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടന്നത്.

ഭക്ഷ്യവസ്തുക്കളുടെ വില ഇങ്ങനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി കേന്ദ്ര ഗവണ്‍മെന്‍റും വിവിധ സംസ്ഥാന ഗവണ്‍മെന്‍റുകളും അവലംബിച്ചുവരുന്ന നയങ്ങളാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുകൊല്ലക്കാലമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ വിലക്കയറ്റത്തിന് മറ്റൊരു കാരണം കൂടിയുണ്ട്: ചില്ലറ വ്യാപാരത്തില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ അത്യാര്‍ത്തിയാണത്. നമ്മുടെ ചില്ലറ വ്യാപാരം വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുന്നതിനുള്ള അവരുടെ ഭ്രാന്തന്‍ നീക്കങ്ങള്‍ ഇത്ര നാളും പരാജയപ്പെടുകയാണുണ്ടായത്. അതിനാല്‍ വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, നമ്മുടെ ചില്ലറ വ്യാപാരം ലാഭക്ഷമമാണെന്ന് മനസ്സിലാക്കിയ്ക്കുന്നതിനായി വിലകള്‍ കണ്ടമാനം ഉയരുന്നതിന് - ഗവണ്‍മെന്‍റ് അനുവദിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ചില്ലറ വ്യാപാരികള്‍ക്ക് ഇത്രനാളും ലഭിച്ചുവന്നിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്‍റില്‍നിന്ന് നേടിയെടുക്കുന്നതിനുവേണ്ടി വാള്‍മാര്‍ട്ടിനെപോലെയുള്ള വിപണന ഏജന്‍സികള്‍ അമേരിക്കന്‍ ഗവണ്‍മെന്‍റില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കുവേണ്ടി കങ്കാണിപ്പണി ചെയ്യാന്‍ തയ്യാറുള്ള വലിയ രാഷ്ട്രീയക്കാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും കൈക്കൂലി നല്‍കുകയാണ് അത് നടന്നു കിട്ടുന്നതിനുള്ള ഒരു പോംവഴി. ഇന്ത്യന്‍ ജനതയിലെ മഹാഭൂരിപക്ഷത്തിന്റെയും ജീവനും ജീവനോപാധികളും തകര്‍ത്തുകൊണ്ടുപോലും, ഈ നീക്കം പ്രാബല്യത്തില്‍ വരുത്തേണ്ടത് പരമപ്രധാനമാണെന്ന് അവര്‍ കരുതുന്നത് എന്തുകൊണ്ടാണ് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതിനുള്ള ഉത്തരം വ്യക്തമാണ്. ക്ലാസിക്കല്‍ വികസനത്തെ സംബന്ധിച്ച മുതലാളിത്തത്തിന്റെ ചില നിയമങ്ങള്‍ പുരോഗതിയുടെ മാര്‍ഗത്തിലൂടെയുള്ള ചലനത്തിന് അനിവാര്യമാണെന്നുള്ള കാലഹരണപ്പെട്ട ധാരണകളോട് പ്രതിജ്ഞാബദ്ധതയുള്ള, അന്ധമായും സാമ്പത്തിക മൗലികവാദികളായ ഒരു ഗൂഢസംഘത്തിന്റെ (അവരുടെ നേതൃത്വം പ്രധാനമന്ത്രിയ്ക്കാണ്) നിയന്ത്രണത്തിലുള്ളതാണ് കേന്ദ്ര ഗവണ്‍മെന്‍റ്.

എന്തൊക്കെയാണ് ആ തത്വങ്ങള്‍? മുതലാളിത്ത ഉല്‍പാദനത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ചക്രവാളത്തിന്, സ്വത്തില്ലാത്ത കൂലിവേലക്കാരായ ജനങ്ങളുടെ നിലനില്‍പ് അനിവാര്യമാണ് എന്നതാണ് ഒന്നാമത്തെ കാര്യം. എന്നാല്‍ ഈ കൂലിവേലക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ വേണ്ടിയല്ല അവരെ നിലനിര്‍ത്തിയിരിക്കുന്നത്, മറിച്ച് തൊഴിലാളിവര്‍ഗത്തോട് കൂടുതല്‍ ശക്തമായി വില പേശുന്നതിന് മുതലാളിവര്‍ഗത്തിന് കഴിയുന്നതിനായി അവരെ കരുതല്‍ തൊഴില്‍സേനയായി ഉപയോഗപ്പെടുത്തുകയാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ കൂടുതല്‍ കൂടുതല്‍ ലാഭം കൊയ്തെടുക്കുന്നതിനുവേണ്ടി നിലവിലുള്ള തൊഴിലാളികളുടെ ജോലി ഭാരം വര്‍ധിപ്പിക്കുകയും യന്ത്രവല്‍ക്കരണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിന്റെ ഫലമായി ഇത്തരം കരുതല്‍ തൊഴില്‍സേന ആവശ്യത്തിലധികമായിത്തീരുന്ന അവസ്ഥയുണ്ടാവുകയാണെങ്കില്‍, അവര്‍ കുറ്റവാളികളുടെയും ഗുണ്ടകളുടെയും മാഫിയകളുടെയും കൂട്ടത്തില്‍ ചെന്ന് ചേരുകയാണെങ്കില്‍, ഈ മുതലാളിത്ത വികസനം, സമൂഹത്തെ സംബന്ധിച്ചിടത്തോളം വിനാശകരമായിത്തീരുന്നു. അപ്പോള്‍ ആ വ്യവസ്ഥയേയും അതിനെ നിയന്ത്രിക്കുന്ന സാമ്പത്തിക ആശയങ്ങളെയും തൂത്തെറിയേണ്ടത് ആവശ്യമായിത്തീരുന്നു; അഥവാ അതു പരാജയപ്പെടുകയാണെങ്കില്‍ ആ സമൂഹത്തിന്റെ തന്നെ ശിഥിലീകരണം നടക്കുന്നു. ഇങ്ങനെയുള്ള പരാജയത്തിന്റെ ഫലമായി, തൊഴിലാളിവര്‍ഗം സമരങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യ അവകാശങ്ങള്‍ അട്ടിമറിയ്ക്കപ്പെടുകയും അരാജകത്വം പൊട്ടിപ്പുറപ്പെടുകയും യുദ്ധങ്ങള്‍ തന്നെ ഉണ്ടാവുകയും ചെയ്യാം. സാമ്പത്തിക മൗലികവാദികള്‍ ചിന്തിയ്ക്കുന്നതായി തോന്നുന്നപോലെ, ഇക്കാര്യത്തില്‍ നമുക്ക് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടാവുകയില്ല എന്ന് വ്യക്തമാണ്.

ഒരു പിടി ആളുകളുടെ കൈകളിലേക്ക് മൂലധനം കേന്ദ്രീകരിക്കുക എന്നതാണ് മറ്റൊരു തത്വം. ഇന്ത്യയില്‍ അതിന്നര്‍ഥം കര്‍ഷക ജനസാമാന്യത്തിന്റെ ഭൂമി അവരില്‍നിന്ന് തട്ടിപ്പറിച്ചെടുത്ത് മാഫിയകളും കാര്‍ഷിക വ്യവസായവും തോട്ടമുടമകളും റിയല്‍ എസ്റ്റേറ്റുകാരും കയ്യടക്കുക എന്നതാണ്. തൊഴില്‍വിപണിയിലെ ആളുകളുടെ സംഖ്യ അതുമൂലം വര്‍ധിക്കും എന്നു മാത്രമല്ല, ചെറുകിട കൃഷിയ്ക്കും സഹകരണ കൃഷിയ്ക്കും ലഭ്യമായ ഭൂമിയുടെ അളവ് കുറയ്ക്കുകയും ചെയ്യും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സംഖ്യ വലിയ അളവില്‍ വര്‍ധിച്ചതും ഗ്രാമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ആത്മഹത്യ ചെയ്യുന്നതും കാണിക്കുന്നത് ഇതും പ്രവര്‍ത്തനക്ഷമമല്ലെന്നാണ്. കൂട്ടക്കുഴപ്പവും മനുഷ്യവിഭവശേഷിയുടെ വമ്പിച്ച നഷ്ടവുമാണ് അതിന്റെ ഫലം. ഒരുപിടി ആളുകള്‍ക്കുണ്ടാകുന്ന ലാഭത്തെ വളര്‍ച്ചയായി ചിത്രീകരിക്കുകയും 84 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ കഴിയുന്നതിനെ അവഗണിയ്ക്കുകയും ചെയ്യുന്ന സാമ്പത്തിക മൗലികവാദികള്‍ യഥാര്‍ത്ഥത്തില്‍ ഉല്‍പാദനപരമായ കഴിവിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ഈ സ്ഥിതിയ്ക്ക് ഒരൊറ്റ പരിഹാരമേയുള്ളൂ; സമ്പാദിയ്ക്കപ്പെടുന്ന സ്വത്ത് സ്വകാര്യ കുത്തകകളുടെ കൈകളില്‍ എത്തിച്ചേരാത്തവിധത്തില്‍ വിഭവങ്ങള്‍ വഴി തിരിച്ചുവിടുന്ന ഒരു വ്യവസ്ഥ കണ്ടെത്തുക. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും സ്വത്ത് കൂടുതല്‍ വിശാലമായി വിതരണം ചെയ്യുന്നതിനും ഉപകരിക്കുന്ന ആസൂത്രണത്തില്‍ അധിഷ്ഠിതമായിരിക്കണം ആ വ്യവസ്ഥ. വികസന മൂലധനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിഭവശേഷിയെ വികസിപ്പിയ്ക്കാന്‍ ആ വ്യവസ്ഥയില്‍ ആഭ്യന്തര വിപണിയ്ക്ക് കഴിയും. ഏറ്റവും താഴെ തട്ടുതൊട്ട് മുകളറ്റം വരെ ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തമായ ഉപകരണങ്ങള്‍ ഉണ്ടാവേണ്ടത് ഇതിന്നാവശ്യമാണ്. മേല്‍പ്പറഞ്ഞ വിനാശകരമായ പ്രവണതകളെ ചെറുക്കുന്നതിന് ഒരു തരത്തിലുള്ള സോഷ്യലിസ്റ്റ് പരിഹാരങ്ങള്‍ തന്നെയാണ് ആവശ്യം. കോര്‍പറേറ്റ്വല്‍ക്കരണത്തിന്റെയും വിപണികുത്തകകളുടെയും ധനമൂലധനത്തിന്റെ ഊഹാധിഷ്ഠിതമായ പകല്‍കൊള്ളയുടെയും പ്രവണതയ്ക്കെതിരെ കടുത്ത ആക്രമണം നടത്തേണ്ടത് ഇതിന്നാവശ്യമാണ്. സാമൂഹ്യ ഉടമസ്ഥത ശക്തിപ്പെടുത്തുന്നതിനും സഹകരണവല്‍ക്കരണത്തിനും ലഭ്യമായ വിഭവങ്ങള്‍വെച്ചുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മുന്‍ഗണന നല്‍കുന്നതിനും ഉള്ള ശ്രമങ്ങള്‍ ഇതിനാവശ്യമാണ്.

ഗ്രാമങ്ങളില്‍ താമസിക്കുന്ന വലിയ സംഖ്യ വരുന്ന തൊഴിലാളികളാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട വിഭവം. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എംഎന്‍ആര്‍ഇജിഎ) നിയമവും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളുംപോലുള്ള നിയമങ്ങള്‍ വഴി നാം അവരെ ശാക്തീകരിയ്ക്കേണ്ടതുണ്ട്. വിതരണം ചെയ്യുന്നതിന് യഥേഷ്ടം ഭൂമി ഇവിടെയുണ്ട്; അതില്‍ കൃഷി ചെയ്യുന്നതിന് തൊഴിലാളികളുമുണ്ട്. ഇതായിരിക്കണം ഗവണ്‍മെന്റിന്റെ മുന്‍ഗണനയില്‍ വരേണ്ടത്. ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പാക്കുന്നതിന് ശക്തമായ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ വിലക്കയറ്റത്തിനുനേരെ ശക്തമായ ആക്രമണം നടത്തണം; വന്‍കിട കച്ചവടക്കാരും സര്‍ക്കാരും നടത്തുന്ന പൂഴ്ത്തിവെപ്പ് തടയുന്നതിന് ശക്തമായ പൊതുവിതരണ സംവിധാനം വളര്‍ത്തിക്കൊണ്ടുവരണം; ഗവണ്‍മെന്‍റ് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉള്ള അഴിമതികള്‍ തടയുന്നതിന് കര്‍ശനമായ നിയമങ്ങള്‍ നിര്‍മിയ്ക്കണം; ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച് അവരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെമേല്‍ ഫലപ്രദമായ പൊതുനിയന്ത്രണം കൊണ്ടുവരണം. തൊഴിലാളികളുടെയും കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംഘടിതമായ സമരങ്ങള്‍ കെട്ടഴിച്ചുവിട്ടുകൊണ്ടേ ഇതെല്ലാം സാധിക്കൂ. ആ സമരങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണം.

*
സുനീത് ചോപ്ര ചിന്ത വാരിക

Monday, January 13, 2014

കോര്‍പറേറ്റുകള്‍ക്കുവേണ്ടി

2009ല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന കാലത്ത് വെറും 279 രൂപയായിരുന്നു ഡല്‍ഹിയില്‍ സിലിണ്ടറൊന്നിന് പാചകവാതകത്തിന്റെ വില. 1989ല്‍ അത് 57 രൂപയും. 57 രൂപയില്‍ നിന്ന് 279 ല്‍ എത്താന്‍ വേണ്ടിവന്നത് ഇരുപതു വര്‍ഷം. അതേ പാചകവാതകത്തിന് ഇന്ന് വില 1290 രൂപ. സബ്സിഡി കിട്ടിയാല്‍ കിട്ടിയെന്നു പറയാം. പാചകവാതക സിലിണ്ടര്‍ വേണമെങ്കില്‍ രൊക്കം 1290 രൂപ നല്‍കിയേ തീരൂ. വെറും അഞ്ചു കൊല്ലത്തിനുള്ളില്‍ വന്ന മാറ്റമാണിത്.

വിലക്കയറ്റത്തിന്റെ രൂക്ഷത വരച്ചിടാന്‍ ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. 2009 തുടങ്ങുമ്പോള്‍ 40 രൂപയായിരുന്ന പെട്രോളിന് ഇന്ന് 73 രൂപയാണ്. നാലു വര്‍ഷത്തിനുളളില്‍ 33 രൂപയുടെ വര്‍ധന. 1989ല്‍ 8.50 രൂപയായിരുന്ന പെട്രോള്‍വില 20 വര്‍ഷം കൊണ്ടാണ് 40 ല്‍ എത്തിയത്. ഇരട്ടിയിലേക്കു പറക്കാന്‍ വെറും അഞ്ചുവര്‍ഷം.

നമ്മുടെ അക്കൗണ്ടിലേക്ക് പിന്നീട് ഇടുന്ന സബ്സിഡി കിഴിച്ചാല്‍ ഗാര്‍ഹിക പാചകവാതകത്തിന് വിലവര്‍ധനയില്ല എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍പ്പിന്നെ ആ കുറഞ്ഞ വിലയ്ക്ക് തുടക്കത്തില്‍ത്തന്നെ ഗ്യാസ് നല്‍കിയാല്‍ പോരേ. 445 രൂപ കിഴിച്ചു ബാക്കി രൂപ പലിശയൊന്നുമില്ലാതെ എണ്ണക്കമ്പനികളുടെ പോക്കറ്റില്‍ ഇടണോ? ഇതിന്റെ ലക്ഷ്യം മറ്റൊന്നല്ല. ഭാവിയില്‍ ഇനിയും വില വര്‍ധിപ്പിക്കും. പക്ഷേ, സബ്സിഡി കൂടില്ല. സബ്സിഡി മാസങ്ങള്‍ കഴിഞ്ഞു കിട്ടുന്ന ഒന്നായതുകൊണ്ട് തങ്ങള്‍ കബളിപ്പിക്കപ്പെടുന്ന വിവരം ഉപഭോക്താക്കള്‍ അറിയില്ല. ഇപ്പോള്‍ ഡീസലിന് മാസം 50 പൈസ കൂട്ടുന്ന അതേ അടവ്.

സിലിണ്ടറിന്റെ എണ്ണം കൂട്ടില്ലെന്നു ശഠിച്ച മൊയ്ലി ഇപ്പോഴതു 12 ആക്കുന്ന കാര്യം പരിഗണിക്കാമെന്നു പറഞ്ഞുതുടങ്ങി. പക്ഷേ, ഒരു സിലിണ്ടറേ ഒരു സമയം കിട്ടൂ. ബുക്കു ചെയ്താല്‍ മുപ്പതു മുതല്‍ 60 ദിവസം വരെ കാത്തിരുന്നാലേ സിലിണ്ടര്‍ കിട്ടൂ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പന്ത്രണ്ടല്ല, 24 ആക്കി വര്‍ധിപ്പിച്ചാലും പ്രയോഗത്തില്‍ ആറില്‍ക്കൂടുതല്‍ കിട്ടില്ല. എന്തെല്ലാം തട്ടിപ്പുകള്‍.

കോര്‍പറേറ്റു കുത്തകകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയുടെ യഥാര്‍ഥചിത്രം പരിശോധിക്കാം.

വിദേശത്തുനിന്ന് ഒരു സിലിണ്ടര്‍ വാതകം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതനുസരിച്ച് 1061 രൂപയാണ്. രാജ്യത്ത് ആകെ ആവശ്യമുള്ള എല്‍പിജിയുടെ 20 ശതമാനംപോലും ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ല. കടത്തുകൂലിയും ബോട്ട്ലിങ് ചാര്‍ജും ചേര്‍ത്തു കഴിയുമ്പോള്‍ 1061 രൂപയ്ക്ക് റിഫൈനറിയില്‍നിന്ന് ലഭിക്കുന്ന പാചകവാതകത്തിന്റെ വില സിലിണ്ടര്‍ ഒന്നിന് 1259 രൂപയാകും. ബോട്ട്ലിങ് പ്ലാന്റിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 23 രൂപയാണ്. വിതരണക്കാരുടെ ലാഭവും മറ്റു ചെലവുകളും ചേര്‍ത്ത് 1277 രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം ഒരു സിലിണ്ടറിന്റെ മതിപ്പുവില. ഗാര്‍ഹിക സിലിണ്ടറിന് 1290 രൂപ ഈടാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ 13 രൂപയുടെ വ്യത്യാസമേയുള്ളു.

വാണിജ്യസിലിണ്ടറിന്റെ കാര്യമെടുത്താലോ? ഗാര്‍ഹിക സിലിണ്ടര്‍ 14.5 കിലോഗ്രാമും വാണിജ്യ സിലിണ്ടര്‍ 19 കിലോഗ്രാമുമാണ്. ആനുപാതികമായി വില വര്‍ധിപ്പിച്ചാല്‍ വാണിജ്യസിലിണ്ടറിന് 1708 രൂപ വരും. പക്ഷേ, വര്‍ധിപ്പിച്ചത് 386 രൂപ. ഇതാണ് യഥാര്‍ഥത്തിലുള്ള തീവെട്ടിക്കൊള്ള. ന്യായീകരണമില്ലാത്ത ഈ വിലവര്‍ധനയുടെ ഫലമായി ഹോട്ടലുകളില്‍ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നു.

വിലനിര്‍ണയത്തിലെ മറ്റൊരു കള്ളക്കളികൂടി പറയാം. നമുക്കാവശ്യമുളള പാചകവാതകത്തിന്റെ 20 ശതമാനംമാത്രമാണ് ഇറക്കുമതിചെയ്യുന്നത് എന്നു പറഞ്ഞുവല്ലോ. ബാക്കി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതാണ്. പക്ഷേ, ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പാചകവാതകത്തിനും ഇറക്കുമതിചെയ്യുന്ന പാചകവാതകത്തിന്റെ വില ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കുത്തകക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ സംസ്കരിക്കുമ്പോഴും പ്രകൃതിവാതകം കുഴിച്ചെടുക്കുമ്പോഴും ഉപോല്‍പ്പന്നമായി പാചകവാതകം ലഭിക്കും. ഇറക്കുമതിചെയ്യുന്ന പാചകവാതക വിലയേക്കാള്‍ എത്രയോ താഴ്ന്നതായിരിക്കും ഇങ്ങനെ ലഭിക്കുന്ന പാചകവാതകത്തിന്റെ ഉല്‍പ്പാദനച്ചെലവ്. അതിന്റെ നേട്ടം അനുഭവിക്കാനുള്ള ഭാഗ്യം ഇന്ത്യയിലെ ജനങ്ങള്‍ക്കില്ല. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് ന്യായമായ വിലയ്ക്ക് ഇന്ത്യാക്കാര്‍ക്ക് അനുഭവിക്കാന്‍ അവസരമുണ്ടാക്കുകയല്ല, കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പകരം അന്തര്‍ദേശീയ വിലയ്ക്കു വിറ്റ് കൊള്ളലാഭംകൊയ്യാന്‍ ഇന്ത്യയിലെ ഉല്‍പ്പാദകരെ കയറൂരിവിടുന്നു.

കൃഷ്ണാ ഗോദാവരി ബേസിനില്‍നിന്ന് കുഴിച്ചെടുക്കുന്ന പ്രകൃതിവാതകത്തിന് റിലയന്‍സ് നിശ്ചയിച്ച വില അംഗീകരിച്ചു നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന്റെ യഥാര്‍ഥ ഉല്‍പ്പാദന ചെലവ് 1.8 ഡോളറാണ്. മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ നടന്ന കേസില്‍ സുപ്രീംകോടതിയില്‍ വെളിപ്പെട്ട കണക്കാണിത്. ഈ വില 4.2 ഡോളറായി കേന്ദ്രസര്‍ക്കാര്‍ പുതുക്കിക്കൊടുത്തു. പക്ഷേ, അന്തര്‍ദേശീയ വില കിട്ടണമെന്നായിരുന്നു റിലയന്‍സിന്റെ ശാഠ്യം. ആ ശാഠ്യത്തെ പരസ്യമായി അനുകൂലിക്കുന്ന ആളാണ് നമ്മുടെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. ഉല്‍പ്പാദനം കുത്തനെ വെട്ടിക്കുറച്ച് റിലയന്‍സ് സര്‍ക്കാരില്‍ വലിയ സമ്മര്‍ദം ചെലുത്തി. പാചകവാതകം അവശ്യവസ്തുവായി ഉപയോഗിക്കുന്ന ഫാക്ടറികള്‍ അടച്ചിടേണ്ട അവസ്ഥയായി. ഇറക്കുമതി കുത്തനെ കൂടി. അതോടെ വില എട്ടു ഡോളറായി വര്‍ധിപ്പിച്ചുകൊടുത്തു. എന്നിട്ടും റിലയന്‍സിന്റെ മുറുമുറുപ്പു തീര്‍ന്നിട്ടില്ല. അന്തര്‍ദേശീയ വിലയായ 14 ഡോളര്‍ ലഭിക്കാനുള്ള സമ്മര്‍ദം അവര്‍ തുടരുകയാണ്. ഇതേ കൊള്ളതന്നെയാണ് പാചകവാതകത്തിന്റെ കാര്യത്തില്‍ റിഫൈനറികളും നടത്തുന്നത്.

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയ്ക്ക് അന്താരാഷ്ട്രവില ഈടാക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് വന്‍ ലാഭം ഉണ്ടാകുന്നുണ്ട്. ഇത് എത്രയെന്ന് ആരും വെളിപ്പെടുത്തുന്നില്ല. ഈ ലാഭം മറച്ചുവച്ചാണ് അണ്ടര്‍ റിക്കവറി എന്ന പേരില്‍ നഷ്ടക്കണക്ക് പ്രചരിപ്പിക്കുന്നത്. അണ്ടര്‍ റിക്കവറി എന്നതുതന്നെ ഒരു അനുമാനക്കണക്കാണ്. ഉപയോക്താക്കളുടെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കാനുളള ഒരടവ്.

ഒരുവശത്ത് കള്ളക്കണക്കു പ്രചരിപ്പിച്ച് ഭീമമായ വിലവര്‍ധന വരുത്തുമ്പോള്‍ മറുവശത്ത് ആധാറിന്റെ പേരില്‍ മറ്റൊരു കള്ളക്കളി കളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരമാവധി പേരെ സബ്സിഡി ആനുകൂല്യത്തിന് പുറത്താക്കുക എന്നതാണ് ആധാറിന്റെ ആത്യന്തിക ലക്ഷ്യം. ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ബന്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ നല്‍കിയ സമയപരിധി 2013 ഡിസംബര്‍ 31ന് അവസാനിച്ചപ്പോള്‍ കേരളത്തില്‍മാത്രം 50 ശതമാനത്തിലധികം കുടുംബങ്ങള്‍ പാചകവാതക സബ്സിഡി ലഭിക്കാത്തവരായി. ഇവരില്‍ ആധാര്‍ എടുക്കാത്തവരും ഏറെയുണ്ട്. രൊക്കം 1294 രൂപ മുടക്കി ഗ്യാസ് വാങ്ങാന്‍ കഴിയാത്തവരുടെ എണ്ണവും ചെറുതല്ല. സമയപരിധി രണ്ടുമാസംകൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നാണ് നമ്മുടെ ഭക്ഷ്യമന്ത്രി ആശ്വസിക്കുന്നത്. പക്ഷേ, രണ്ടു മാസം കഴിയുമ്പോഴും സ്ഥിതി ഇതുതന്നെയാവും.

ആധാറിന്റെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെയും സുപ്രീംകോടതിയെയും വെല്ലുവിളിക്കുകയാണ് ഈ കമ്പനികളും കേന്ദ്രസര്‍ക്കാരും. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി. ആധാറിന് നിയമപ്രാബല്യം നല്‍കുന്ന ബില്‍ ഇതേവരെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. ശക്തമായ ജനകീയ വികാരം ഉയര്‍ന്നപ്പോള്‍ ആധാര്‍ നിര്‍ബന്ധിതമാക്കുകയില്ല എന്നൊരു ഉറപ്പ് 2013 മെയ് 8നും ആഗസ്ത് 23നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ നല്‍കുകയുംചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്റിനു നല്‍കിയ ഉറപ്പുപോലും പാലിക്കാതെ കോര്‍പറേറ്റു കമ്പനികള്‍ക്കു മുന്നില്‍ മുട്ടിലിഴയുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളും പാര്‍ലമെന്റും കോടതിയുമൊന്നും അവര്‍ക്കൊരു പ്രശ്നമേയല്ല.

ആധാറിന്റെ മറവില്‍ സബ്സിഡി പടിപടിയായി വെട്ടിക്കുറയ്ക്കപ്പെടും. പാചകവാതകത്തിന് ഇപ്പോള്‍ വരുത്തിയ 230 രൂപയുടെ വര്‍ധന സബ്സിഡിയായി ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. ഇപ്പോള്‍ പാലിച്ചാലും ഭാവിയില്‍ അങ്ങനെയുണ്ടാകുമെന്നതിന് ഒരുറപ്പുമില്ല. വര്‍ഷത്തിലൊരിക്കല്‍ ആറുരൂപ ഒറ്റയടിക്കു വര്‍ധിപ്പിച്ചാലുണ്ടാകുന്ന രൂക്ഷമായ പ്രതിഷേധത്തെ മറികടക്കാന്‍ മാസം തോറും ഡീസലിന്റെ വില അമ്പതു പൈസ വീതം വര്‍ധിപ്പിച്ചതു നാം കണ്ടതാണ്. അതുപോലുള്ള ഒരടവാണിതും. ബാങ്ക് അക്കൗണ്ടിലേക്കു വരുന്ന സബ്സിഡിത്തുക ഉയരില്ല. അങ്ങനെ ക്രമേണ സബ്സിഡിതന്നെ ഇല്ലാതാകും. ആധാറിന്റെ മറവില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം റിലയന്‍സ് പോലുള്ള സ്വകാര്യകുത്തകകളുടെ ഖജനാവിലുമെത്തും. നിലവില്‍ സ്വകാര്യ കമ്പനികള്‍ക്കു സബ്സിഡി ആനുകൂല്യം ലഭിക്കുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം പലരീതിയില്‍ കേന്ദ്രസര്‍ക്കാര്‍തന്നെ നികത്തും. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളുടെ ലാഭത്തില്‍ ഒരുവിഹിതം പൊതുമേഖലാ വ്യാപാരക്കമ്പനികള്‍ക്ക് നല്‍കിയും ഓയില്‍ ബോണ്ടുകള്‍ ഇറക്കിയും കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളെ സഹായിക്കാറുണ്ട്.

സ്വകാര്യക്കുത്തകകള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത് വിവേചനമാണെന്ന് അന്തര്‍ദേശീയ എനര്‍ജി കമിഷനിലും മറ്റും റിലയന്‍സ് പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം വിവേചനംഇല്ലാതാക്കാനുള്ള ബാധ്യത ലോകവ്യാപാര കരാര്‍ അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റേതാണ്. അതു നിറവേറ്റാനുളള എളുപ്പവഴി ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്സിഡി പണമായി നല്‍കലാണ്. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഏതു കമ്പനിയില്‍നിന്ന് ഗ്യാസ് വാങ്ങിയാലും ഉപയോക്താവിന്റെ അക്കൗണ്ടില്‍ സബ്സിഡി പണമായി എത്തും. അങ്ങനെ റിലയന്‍സിനും കിട്ടും കേന്ദ്രസര്‍ക്കാര്‍ പണം. ആധാറും വിലവര്‍ധനയുമൊക്കെ പൊതുമേഖലാ എണ്ണക്കമ്പനികളെ രക്ഷിക്കാനാണ് എന്ന് വീരപ്പമൊയ്ലി വീമ്പടിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ ലക്ഷ്യം റിലയന്‍സുപോലുളള സ്വകാര്യ കുത്തകകളെ സഹായിക്കുകയാണ്. മറയില്ലാത്ത ഈ കോര്‍പറേറ്റ് ദാസ്യമാണ് രൂക്ഷമാകുന്ന വിലക്കയറ്റത്തിന്റെ യഥാര്‍ഥ കാരണം.

*
ഡോ. ടി എം തോമസ് ഐസക്

Friday, December 27, 2013

വിലക്കയറ്റം വാര്‍ത്തയല്ലാതാകുമ്പോള്‍

സാധാരണക്കാരന് ജീവിതം നിഷേധിക്കുന്ന നടപടികളുമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അവര്‍ മുന്നോട്ടുവയ്ക്കുന്ന, നടപ്പാക്കുന്ന പരിപാടികളും സംസ്ഥാനത്തെ ജനങ്ങളെ അരക്ഷിതരാക്കുന്നു. കേരളം അഭിമുഖീകരിക്കുന്ന വിലക്കയറ്റം സമാനതകളില്ലാത്തവിധം രൂക്ഷമാണ്. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഭാഗമായി ഒരു നിയന്ത്രണവുമില്ലാതെ വിലകയറുകയാണ്. സംസ്ഥാന സര്‍ക്കാരിനാകട്ടെ വിപണിയില്‍ ഇടപെടാനും സാധിക്കുന്നില്ല. വിലക്കയറ്റത്തിന് കാരണക്കാരായ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരം അലയടിക്കുന്നുണ്ട്. ജനങ്ങളില്‍ വ്യാപകമായി അസംതൃപ്തിയും പ്രതിഷേധവും ഉയരുന്നു. ഇത്തരത്തിലുള്ള പ്രതികരണങ്ങളെ സര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കി മറികടക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും കരുതുന്നത്.


ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത ബഹുഭൂരിപക്ഷത്തിന് പരസ്യത്തിലെ കെട്ടുകാഴ്ചകളല്ല വേണ്ടത്. മറിച്ച്, അരിയുടെയും പലവ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടെയും വില കുറയണം, കുഞ്ഞുങ്ങള്‍ക്ക് ഒരുനേരമെങ്കിലും വയറുനിറച്ച് ആഹാരം കൊടുക്കാനുള്ള സാഹചര്യമുണ്ടാകണം.

2011 മെയ് പതിനെട്ടിനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. അതിനുശേഷം സംസ്ഥാനത്ത് ഉണ്ടായ വലിയരീതിയിലുള്ള വിലക്കയറ്റം സര്‍ക്കാരിന്റെ രേഖകള്‍തന്നെ വെളിപ്പെടുത്തുന്നുണ്ട്. കേരള സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2010ല്‍ പുറത്തിറക്കിയ പ്രൈസ് ബുള്ളറ്റിനും 2013 ഡിസംബര്‍ 23നു പുറത്തിറക്കിയ പ്രൈസ് ബുള്ളറ്റിനും താരതമ്യം ചെയ്താല്‍ കേരളത്തിലെ വിപണിയില്‍ വില കുതിച്ചുകയറുന്നതിന്റെ ദൃശ്യം വ്യക്തമാകും. 2010ല്‍ മട്ട അരിക്ക് സംസ്ഥാന ശരാശരിവില കിലോക്ക് 20.07 രൂപയായിരുന്നു. 2013ലെ സംസ്ഥാന ശരാശരി 33 രൂപയാണ്. 20 രൂപയുള്ള ചമ്പാ അരിക്ക് ഇപ്പോള്‍ 36 രൂപയാണ്. 21.77 രൂപ വിലയുണ്ടായിരുന്ന ആന്ധ്ര വെള്ള അരിക്ക് ഇപ്പോള്‍ ശരാശരിവില വില 31.33 രൂപയും. ഉഴുന്നിന് 50.07 രൂപ ഉണ്ടായിരുന്നതായി പ്രൈസ് ലിസ്റ്റ് പറയുമ്പോള്‍ തിരുവനന്തപുരം പൊതുവിപണിയില്‍ ഇപ്പോള്‍ 85 രൂപയാണ്. നേരത്തെ 47.7 രൂപയായിരുന്ന ചെറുപയറിന് ഇന്ന് തിരുവനന്തപുരം പൊതുവിപണിയില്‍ 77 രൂപ നല്‍കണം. പഞ്ചസാരയ്ക്ക് നേരത്തെയുള്ള സംസ്ഥാന ശരാശരിവില 22.37 ആയിരുന്നു. ഇപ്പോള്‍ അത് 32.54 ആയി.

2010ല്‍ ഒരു ലിറ്റര്‍ പശുവിന്‍ പാല്‍ 20 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് മില്‍മ പാലിന്റെ വില ലിറ്ററിന് 32 രൂപയാണ്. വെളിച്ചെണ്ണയ്ക്ക് 2010ല്‍ സംസ്ഥാന ശരാശരിവില ലിറ്ററിന് 54.50 രൂപയായിരുന്നു. ഇപ്പോള്‍ വെളിച്ചെണ്ണ ലൂസിന് 110.71 രൂപയും കേര വെളിച്ചെണ്ണയ്ക്ക് 127.62 രൂപയുമാണ്. 2010ല്‍ വലിയ ഉള്ളിയുടെ ശരാശരിവില കിലോക്ക് 11.14 രൂപയായിരുന്നു. ഇപ്പോള്‍ അത് 25.36 ആയി. 2010ല്‍ തക്കാളിക്ക് എട്ടുരൂപ, പച്ചക്കായക്ക് 20.36 രൂപ. ഇന്ന് തക്കാളിക്ക് 23 രൂപയും പച്ചക്കായക്ക് 42രൂപയും. സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ രേഖകള്‍ ഈ വിലമാഹാത്മ്യം വെളിപ്പെടുത്തുമ്പോള്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കുത്തകകളെ സഹായിക്കുക എന്ന ഒറ്റ അജന്‍ഡയുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ ഷോപ്പിങ്മാള്‍ സംസ്കാരത്തിലേക്ക് ആനയിക്കപ്പെടുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ബഹുരാഷ്ട്രകുത്തകകള്‍ തങ്ങളുടെ നീരാളിക്കൈ നാട്ടിന്‍പുറങ്ങളിലെ പച്ചപ്പുകളിലേക്കും നന്മകളിലേക്കും നീട്ടുകയാണ്. പെട്ടിക്കടകളും ചെറുകിട പലവ്യഞ്ജനക്കടകളും ഇല്ലാതാകുന്നു. മാര്‍ജിന്‍ഫ്രീ ഷോപ്പുകള്‍ പൂട്ടാനൊരുങ്ങുന്നു. എല്ലാം ലഭിക്കുന്ന ഷോപ്പിങ് മാളുകള്‍ ചെറുനഗരങ്ങളില്‍ വരെ കാലുറപ്പിച്ചു. ചെറുകിട കച്ചവടക്കാരുടെ കണ്ണീരുകാണാത്ത കേന്ദ്രസര്‍ക്കാര്‍, അമേരിക്കന്‍ കുത്തകയായ വാള്‍മാര്‍ട്ടിനു മുന്നില്‍ പരവതാനി വിരിക്കുകയാണ്. റിലയന്‍സ്, ബിഗ്ബസാര്‍ പോലുള്ള കുത്തകകള്‍, കുത്തകസംഭരണം നടത്തി "വിലക്കുറവി"ന്റെ വാരാഘോഷം സംഘടിപ്പിക്കുമ്പോള്‍ പൊതുവിതരണശൃംഖലയ്ക്ക് അന്ത്യകൂദാശ നടത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. റേഷന്‍കടകളില്‍ ഓരോ ഇനമായി ഇല്ലാതാകുന്നു. നേരത്തെ എല്ലാവര്‍ക്കും റേഷന്‍കടകളില്‍ നിന്ന് ഗോതമ്പ് ലഭിക്കുമായിരുന്നു. ഇപ്പോള്‍ അത് ബിപിഎല്ലുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഈ തീരുമാനം ആട്ട ഉല്‍പ്പാദിപ്പിക്കുന്ന കുത്തകകളെ സഹായിക്കാന്‍ കൈക്കൊണ്ടതാണ്. ഇത്തരത്തില്‍ സര്‍ക്കാരുകളുടെ ജനവിരുദ്ധ തീരുമാനങ്ങളുടെയെല്ലാം പിറകില്‍ കുത്തകകളുടെ സാന്നിധ്യവും കൈക്കൂലിപ്പണവുമുണ്ട്. വിലവര്‍ധനയുണ്ടാകുമ്പോള്‍ സ്വാഭാവികമായും അതിനെതിരായ പ്രതിഷേധമുയര്‍ന്നുവരും. പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനുള്ള പരിപാടികള്‍ സാമ്രാജ്യത്വം നടപ്പില്‍വരുത്തുന്നുണ്ട്. എന്‍ജിഒകളെയും അവരുടെ കൂട്ടായ്മകളെയും ഇതിനായി ബുദ്ധിപൂര്‍വം ഉപയോഗിക്കുന്നു. വിലവര്‍ധനയ്ക്ക് ഇടവേളകള്‍ ഇല്ലാതാക്കുകയും അതൊരു സ്വാഭാവികമായ കാര്യമാണെന്ന നിലയില്‍ ജനങ്ങളുടെ മനോനില പരുവപ്പെടുത്തുകയും ചെയ്യുന്ന തന്ത്രവും പ്രയോഗിക്കപ്പെടുന്നുണ്ട്. രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കല്‍ ഇതിന് ഉദാഹരണമാണ്. ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത നിലയിലാണ് വില വര്‍ധിപ്പിക്കുന്നത്. അതില്‍ പുതുമയില്ല എന്ന അവസ്ഥ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്നു.

എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കി. മാധ്യമങ്ങളില്‍ വാര്‍ത്തപോലുമാകാതെ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം ജനങ്ങളുടെ ചുമലില്‍ സംസ്ഥാന സര്‍ക്കാര്‍വക നികുതിഭാരം കൂടി അടിച്ചേല്‍പ്പിക്കുന്നു. പാചകവാതകവും മണ്ണെണ്ണയും ഇരട്ടിയിലേറെ വിലവര്‍ധനയുമായി നില്‍ക്കുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമാകുന്നതിനെപ്പറ്റി പരാതിയുയരുമ്പോള്‍, സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വര്‍ഷാവര്‍ഷം നികുതിയിളവ് പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍, അതോടൊപ്പം പാവങ്ങള്‍ക്ക് ഗുണമാകുന്ന സബ്സിഡികള്‍ ഓരോന്നായി എടുത്തുകളയുന്നു. ജനങ്ങളേക്കാള്‍ പരിഗണിക്കേണ്ടത് കുത്തകകളെയും മുതലാളിമാരെയുമാണെന്നതാണ് വലതുപക്ഷ ഭരണകൂടങ്ങളുടെ കാഴ്ചപ്പാട്. രാജ്യത്താകമാനമുള്ള കര്‍ഷകത്തൊഴിലാളികള്‍ വലിയരീതിയിലുള്ള പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്.

ഭരണകൂടങ്ങളുടെ സാമ്രാജ്യത്വ വിധേയമനോഭാവവും നവ ഉദാരവല്‍ക്കരണനയങ്ങള്‍ കൊണ്ടുള്ള വേട്ടയാടലുകളും കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തെ പ്രശ്നഭരിതമാക്കുന്നുണ്ട്. ദേശീയതലത്തിലുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചകളിലൂടെ മാത്രമേ ഇവിടെ എന്തെങ്കിലും മാറ്റം സംഭവിക്കൂ. കേരളത്തിലും ശക്തമായ പ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങളുണ്ടാക്കാന്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം സജ്ജമാകണം. വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരായും സമഗ്രമായ രീതിയില്‍ കേന്ദ്ര കാര്‍ഷികനയം ആവിഷ്കരിക്കുന്നതിനും കേന്ദ്രവിഹിതം ഉറപ്പുവരുത്തി ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടും ഭൂരഹിതര്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് വീടും ഉറപ്പാക്കാനും പിന്നോക്കവിഭാഗങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങള്‍ തടയുന്നതിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത് അപാകങ്ങള്‍ പരിഹരിക്കാനും ആറന്മുള വിമാനത്താവളപദ്ധതി ഉപേക്ഷിക്കാന്‍ അധികാരികളെ നിര്‍ബന്ധിതരാക്കുന്നതിനുമായി ശക്തമായ മുന്നേറ്റങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകേണ്ടതുണ്ട്.

*
എം വി ഗോവിന്ദന്‍

Saturday, May 25, 2013

നാണക്കേടിന് നാലുവര്‍ഷം

രണ്ടാം യുപിഎ സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഭരണമാകട്ടെ, ഒമ്പതുവര്‍ഷം പൂര്‍ത്തിയാക്കി പത്താംവര്‍ഷത്തിലേക്ക് കടന്നു. ഇടതുപക്ഷം നിര്‍ണായക പിന്തുണ നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം. വിവരാവകാശനിയമവും തൊഴിലുറപ്പുനിയമവും മറ്റും പാസാക്കിയ ഒന്നാം യുപിഎ സര്‍ക്കാരുമായി ഒരു തരത്തിലും രണ്ടാം യുപിഎ സര്‍ക്കാരിനെ താരതമ്യപ്പെടുത്താനാകില്ല. നാലുവര്‍ഷം ഭരിച്ചുവെന്നതിനപ്പുറം ഒരു നേട്ടവും അവര്‍ക്ക് അവകാശപ്പെടാനുമില്ല. ഭരണമേറി നൂറുദിവസത്തിനകം കൊണ്ടുവരുമെന്ന് പറഞ്ഞ ഭക്ഷ്യസുരക്ഷാബില്ലും ഭൂമി ഏറ്റെടുക്കല്‍ നിയമവും ഇനിയും പാസാക്കിയിട്ടില്ല. അഴിമതിയാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് എന്ന നിലയില്‍ ദിനംപ്രതി അഴിമതിക്കഥകള്‍ പുറത്തുവരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരെന്നാകും രണ്ടാം യുപിഎ സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്തുക. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച, ഉത്തരേന്ത്യയിലുണ്ടായിരുന്ന ജനസ്വാധീനം ഇല്ലാതാക്കിയ ബൊഫോഴ്സ് അഴിമതിയില്‍നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ലെന്ന് ഈ അഴിമതികള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച പടിയിറങ്ങിയ വിനോദ് റായിയെന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളിലൂടെയാണ്് യുപിഎ സര്‍ക്കാരിന്റെ ഭീമന്‍ അഴിമതിക്കഥകള്‍ പുറംലോകമറിഞ്ഞത്. കോമണ്‍വെല്‍ത്ത് അഴിമതിയിലൂടെയാണ് തുടക്കം. അന്താരാഷ്ട്രരംഗത്തുതന്നെ ഇന്ത്യയുടെ മുഖം നഷ്ടപ്പെടുത്തിയ അഴിമതിയായിരുന്നു ഇത്. ഇതിന് നേതൃത്വം നല്‍കിയ സുരേഷ് കല്‍മാഡിയെന്ന പുണെയില്‍ നിന്നുള്ള എംപി ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നു.

2ജി സ്പെക്ട്രം അഴിമതിയിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കേന്ദ്ര ഖജാനാവിനുണ്ടായത്. കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചത് വഴി 1.86 ലക്ഷം കോടി രൂപയും. ഈ രണ്ട് വമ്പന്‍ അഴിമതികളിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നു. അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് പ്രധാനമന്ത്രി നേരിട്ട് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴായിരുന്നു. അന്നത്തെ സഹമന്ത്രിമാരായ ശ്രീപ്രകാശ് ജയ്സ്വാളും സന്തോഷ് ബഗോഡിയയും കോണ്‍ഗ്രസുകാരായിരുന്നു. സ്പെക്ട്രം അനുവദിക്കുന്ന ഒരോഘട്ടത്തിലും, ടെലികോംമന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ നേരിട്ടും കത്ത് വഴിയും അറിയിച്ചിരുന്നു. അഴിമതി തടയാന്‍ അവസരമുണ്ടായിട്ടും പ്രധാനമന്ത്രി അതിന് തയ്യാറായില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന പരസ്യമായ നീക്കവും രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്നുണ്ടായി. ഇതിന്റെ ഭാഗമായാണ് അഴിമതി നടന്ന കാലത്തെ ടെലികോം സെക്രട്ടറി പി ജെ തോമസിനെ ബിജെപിയുടെ എതിര്‍പ്പുണ്ടായിട്ടും കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചത്.

അഴിമതിക്ക് കൂട്ടുനിന്ന ആളെത്തന്നെ അഴിമതി തടയുന്ന ഏജന്‍സിയുടെ അധ്യക്ഷനായി നിയമിച്ച് ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി പി ജെ തോമസിന്റെ നിയമനം റദ്ദാക്കി. ഈ തിരിച്ചടിയില്‍നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് പുതിയ സിഎജി നിയമനം വ്യക്തമാക്കുന്നു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് പ്രതിരോധ ഇടപാടില്‍ അഴിമതിക്ക് കാരണമായ ഇടപാട് നടന്ന വേളയിലെ പ്രതിരോധ സെക്രട്ടറിയാണ് ശശികാന്ത് ശര്‍മ. ഈ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് സിഎജി പാര്‍ലമെന്റില്‍ വയ്ക്കാനിരിക്കുകയാണ്. കല്‍ക്കരിപ്പാടങ്ങളുടെ അഴിമതിക്കേസില്‍ നിന്ന് പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമ മന്ത്രി അശ്വനികുമാര്‍ തിരുത്ത് വരുത്തിയത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അവസാനം ബന്‍സലിനൊപ്പം അശ്വനികുമാറിനെയും ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായി. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന സന്ദേശമല്ല സോണിയഗാന്ധിയും മന്‍മോഹന്‍സിങ്ങും നല്‍കിയിട്ടുള്ളത്. അഴിമതിക്കാരെ രക്ഷപ്പെടുത്താന്‍ എല്ലാ നിയമവിരുദ്ധവഴികളും സ്വീകരിച്ചിട്ടും രക്ഷയില്ലാത്ത ഘട്ടത്തില്‍ മാത്രമാണ് മന്ത്രിമാരെ ഉള്‍പ്പെടെ ഒഴിവാക്കിയത്.

എന്നാല്‍, അമേരിക്കയ്ക്ക് വേണ്ടി എഴുതി തയ്യാറാക്കിയ വോള്‍ക്കര്‍ റിപ്പോര്‍ട്ടിന്റെപേരില്‍ വിദേശമന്ത്രിയായ നട്വര്‍സിങ്ങിനെ പുറത്താക്കാന്‍ ഒരു സംശയവും മന്‍മോഹന്‍സിങ്ങിനുണ്ടായിരുന്നില്ല. അഴിമതിക്കാരനെന്ന മുഖമുദ്ര നല്‍കിയാണ് നട്വര്‍സിങ്ങിനെ മന്‍മോഹന്‍ പുറത്താക്കിയത്. മണിശങ്കരയ്യരുടെ സ്ഥിതിയും മറിച്ചല്ല. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് നിലകൊള്ളുന്നതില്‍ കാട്ടുന്ന ശുഷ്കാന്തിയും താല്‍പ്പര്യവും അഴിമതി തടയുന്നതില്‍ കാട്ടിയിരുന്നെങ്കില്‍ രാജ്യം ഏറെ പുരോഗതി നേടുമായിരുന്നു. "കോണ്‍ഗ്രസിന്റെ കൈകള്‍ സാധാരണക്കാര്‍ക്കൊപ്പം" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കോണ്‍ഗ്രസ് 2009 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, സാധാരണക്കാരുടെ ഒപ്പം നിന്നില്ലെന്ന് മാത്രമല്ല, അവരുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാരില്‍നിന്നുണ്ടായത്.

വിലക്കയറ്റം സാധാരണ ജനങ്ങളുടെ കീശ കാലിയാക്കിക്കൊണ്ടിരിക്കുന്നു. വിലക്കയറ്റം തടയുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം ഒഴിവാക്കി വില കുത്തനെ വര്‍ധിപ്പിക്കുന്ന നവലിബറല്‍ നയമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച് ആര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് തെളിയിച്ചു. ഇതോടൊപ്പം പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടിയും ഇന്‍ഷുറന്‍സ്-ബാങ്കിങ് സ്വകാര്യവല്‍ക്കരണവും മറ്റും ഉടന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പി ചിദംബരം ആവര്‍ത്തിക്കുകയാണ്. 2009ല്‍ തങ്ങള്‍ക്കുലഭിച്ച മധ്യവര്‍ഗ വോട്ടുകളാണ് ഈ നടപടികളിലൂടെ നഷ്ടമാകുന്നതെന്ന അടക്കംപറച്ചില്‍ കോണ്‍ഗ്രസില്‍നിന്നുതന്നെ ഉയരുന്നുണ്ട്. സര്‍ക്കാരിനെതിരെ ജനരോഷം കഴിഞ്ഞ നാല് വര്‍ഷമായി വര്‍ധിക്കുകയാണെന്നും വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു. ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണ ഹസാരെ നടത്തിയ നിരാഹാര സത്യഗ്രഹ വേളയിലും ഇരുപത്തിമൂന്നുകാരി ഡല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും പതിനായിരങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. ഇടതുപക്ഷവും മറ്റും നടത്തുന്ന പ്രക്ഷോഭങ്ങളിലെ വമ്പിച്ച ജനപങ്കാളിത്തവും സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് തെളിയിക്കുന്നത്. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരിനെതിരെയുണ്ടായ ജനവിധി അഴിമതിക്കെതിരെയുള്ളതാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിനെതിരെയും അത്തരമൊരു ജനവിധി ഉണ്ടാകുമെന്ന് എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും വ്യക്തമാക്കുന്നു. ബുധനാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഒദ്യോഗികവസതിയിലെ അത്താഴവിരുന്നും റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കലും നിറംമങ്ങിയ ചടങ്ങായി മാറിയതും ഇതുകൊണ്ടാണ്. എന്‍സിപിയും അപൂര്‍വം ഘടക കക്ഷികളും മാത്രമാണ് ചടങ്ങിന് എത്തിയത്.

2012ലെ വാര്‍ഷിക അത്താഴവിരുന്നിനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഡിഎംകെയുടെ ടി ആര്‍ ബാലുവും എഐഎം നേതാവ് ഒവൈസിയും ജാര്‍ഖണ്ഡ് വികാസ്മഞ്ച് നേതാക്കളും ചടങ്ങിനെത്തിയില്ല. 16 കക്ഷികളുണ്ടായിരുന്ന യുപിഎ ഇന്ന് ശുഷ്കമായ ഭരണസഖ്യമായി മാറി. യുപിഎക്കൊപ്പം നിന്നാല്‍ ഉള്ള ജനസ്വാധീനവും ഇല്ലാതാകുമെന്ന ഭയമാണ് സഖ്യകക്ഷികള്‍ ഒന്നൊന്നായി പുറത്തുപോകാന്‍ കാരണം. ജമ്മു കശ്മീരിലെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസുമായി വഴിപിരിഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസും അവരുടെ നേതൃത്വത്തിലുള്ള സഖ്യവും അധികാരത്തില്‍നിന്ന് പുറത്തേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനിയൊരു അത്താഴവിരുന്ന് നല്‍കാന്‍ മന്‍മോഹന്‍സിങ്ങിന് കഴിയില്ല. ഭീമന്‍ അഴിമതിക്ക് ചുക്കാന്‍ പിടിച്ച മന്‍മോഹന്‍സിങ് മാറണമെന്ന് കമല്‍നാഥ് അടക്കമുള്ള, സര്‍ക്കാരിനെ നയിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെടുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.


****

വി ബി പരമേശ്വരന്‍

Tuesday, February 12, 2013

കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ കറുത്തനാളുകള്‍

ഭാരതം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ കക്ഷികളും മുന്നണികളും പ്രതിനിധാനം ചെയ്യുന്ന നയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയും ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയും തമ്മില്‍ സാമ്പത്തിക നയങ്ങളില്‍ മൗലികമായി യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇല്ലെന്ന് മാത്രമല്ല യോജിപ്പിലുമാണ്. തൊള്ളായിരത്തി തൊണ്ണൂറുകള്‍ മുതല്‍ നടപ്പിലാക്കിയ, പ്രത്യേകിച്ച് ഡോ. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തികനയം രാജ്യത്തെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു? ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവുമാണ് പുത്തന്‍ സാമ്പത്തികനയത്തിന്റെ കാതല്‍.

അതിവേഗവികസനത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങള്‍ ചൈനയും ഇന്ത്യയും ആയിരിക്കുമെന്നാണ് അടുത്തകാലം വരെ നമ്മുടെ ഭരണകര്‍ത്താക്കളും അവരുടെ സ്തുതിപാടകരായ സാമ്പത്തിക വിദഗ്ധരും പറഞ്ഞിരുന്നത്. അന്താരാഷ്ട്ര നാണയനിധിയുടെ ഇപ്പോള്‍ പുറപ്പെടുവിച്ച കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനമായി കുറഞ്ഞിരിക്കുന്നു. അതേസമയം ലോകത്തെ ഏറ്റവും വളര്‍ച്ചാനിരക്കുള്ള രാജ്യമെന്ന സ്ഥാനം ചൈന നിലനിര്‍ത്തി. ചൈനയുടെ വളര്‍ച്ചാനിരക്ക് 7.8 ശതമാനമാണ്. ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ വികസനമല്ല മറിച്ച് മൊത്ത ആഭ്യന്തര ഉല്‍പാദന (ജി ഡി പി)ത്തിന്റെ വളര്‍ച്ചാനിരക്കാണ് വികസനത്തിന്റെ മാനദണ്ഡമെന്നാണ് ഇതുവരെ യു പി എ സര്‍ക്കാര്‍ മേന്‍മ നടിച്ചിരുന്നത്. അന്താരാഷ്ട്ര നാണയനിധിയുടെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചാനിരക്ക് സമീപ രാജ്യങ്ങളെക്കാളും തെക്ക് - കിഴക്കന്‍ രാജ്യങ്ങളെക്കാളും പുറകിലാണ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച അഞ്ച് ശതമാനമാണ്.

വളര്‍ച്ചാനിരക്കിലെ കുറവ് മാത്രമല്ല യു പി എ നേരിടുന്ന പ്രശ്‌നം. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമായിക്കൊണ്ടിരിക്കുന്നു. ഇത് ഇടതുപക്ഷമോ ഭരണത്തെ എതിര്‍ക്കുന്നവരോ മാത്രമല്ല, ഭരണപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ വരെ പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇ ബാലാനന്ദന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാലാനന്ദന്‍ സ്മാരക പ്രഭാഷണത്തില്‍ ഐ എന്‍ ടി യു സി പ്രസിഡന്റ് സജ്ഞീവ റെഡ്ഢി, യു പി എ തുടരുന്ന നയങ്ങള്‍ ജനജീവിതം ദുസഹമാക്കിയെന്ന് തുറന്നടിച്ചിരിക്കുന്നു. ഈ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 20, 21  തീയതികളില്‍ അഖിലേന്ത്യാ പണിമുടക്കമെന്നും അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയനുകളുടെ ദ്വിദിന പണിമുടക്കിനെ തമസ്‌കരിക്കാനാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ കോണ്‍ഗ്രസ് ചിറക്കല്‍ ബ്ലോക്ക് സമ്മേളനത്തില്‍ നടത്തിയ പ്രസംഗവും ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാരിലും കോണ്‍ഗ്രസിലും ശക്തമായ നേതൃത്വത്തിന്റെ അഭാവം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിന്റെ എഫിഷ്യന്‍സികൊണ്ടോ ഡൈനാമിസം കൊണ്ടോ അല്ല എതിരാളികള്‍ ശക്തരായതുകൊണ്ടാണ് പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തിന് എഫിഷ്യന്‍സിയോ ഡൈനാമിസമോ ഇല്ലെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം തികഞ്ഞ പരാജയമാണ്.
രാജ്യം ഇന്നൊരു സാമ്പത്തിക പ്രതിസന്ധിയിലാണ്. വിദേശവ്യാപാര രംഗം ആഴമേറിയൊരു കുഴപ്പത്തില്‍ ചെന്നുപ്പെട്ടിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കയറ്റുമതിയില്‍ 5.95 ശതമാനം കുറവ് വന്നതായിട്ടാണ് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ കാലയളവില്‍ വ്യാപാരകമ്മി 129.5  ബില്യണ്‍ ഡോളറാണ്. (ദി ഹിന്ദു ബിസിനസ് ലൈന്‍ ഡിസംബര്‍ 27). രാജ്യത്തിന്റെ വ്യാപാരകമ്മി ആദ്യമായി ജി ഡി പിയുടെ 5.4 ശതമാനമായി വര്‍ധിച്ചു. രാജ്യത്ത് ആദ്യമായി വ്യാപാരകമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ച് ശതമാനത്തില്‍ അധികരിച്ചു. രാജ്യം നടപ്പിലാക്കുന്ന നയങ്ങളുടെയും ഭരണത്തിന്റെ പിടിപ്പുകേടും മൂലമാണ് ഇതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാവും. വ്യാപാരകമ്മി വര്‍ധിച്ചതിന്റെ കാരണം എണ്ണയുടെയും പാചകവാതകത്തിന്റെയും സ്വര്‍ണത്തിന്റെയും അനിയന്ത്രിതമായ ഇറക്കുമതിയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാന്‍ ഇറക്കുമതി തീരുവ നാല് ശതമാനം വര്‍ധിപ്പിച്ചു. എന്നിട്ടും ഇറക്കുമതി കുറയുന്നില്ലെന്ന് മാത്രമല്ല കള്ളക്കടത്ത് വര്‍ധിക്കുകയും ചെയ്യുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ കഴിയാത്തത് ഭരണത്തിന്റെ പരാജയമാണ്.

ഇറക്കുമതിയില്‍ ഏറ്റവും പ്രധാനം എണ്ണയും പാചകവാതകവുമാണ്. ഇന്ത്യയില്‍ എണ്ണയും പാചകവാതകവും ഇല്ലേ? ഇത് ഖനനം ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതില്‍ യു പി എ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്യുന്നതിന് ലൈസന്‍സ് നല്‍കിയ 52 ബ്ലോക്കുകളില്‍ ഇതുവരെ യാതൊരുവിധ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല എന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഖനനത്തിന് പ്രതിരോധ വകുപ്പ്, പരിസ്ഥിതി മന്ത്രാലയം, ബഹിരാകാശ വകുപ്പ്, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവയുടെ അനുമതിയും അംഗീകാരവും വേണം.

ഇപ്പോള്‍ ലൈസന്‍സ് നല്‍കിയ 52 ബ്ലോക്കുകള്‍ക്കും ഈ വകുപ്പുകളുടെയെല്ലാം അനുവാദം കിട്ടിയിട്ടും ഖനനം നടത്താന്‍ റിലയന്‍സും ഒ എന്‍ ജി സിയുമെല്ലാം കാത്തു നില്‍ക്കുകയാണ്. അതേസമയം എണ്ണയും പാചകവാതകവും ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതി വര്‍ധിക്കുമ്പോള്‍ വിലയും കൂടിയിരിക്കും. ഭരണം നടത്തുന്നവരുടെ നിരുത്തരവാദപരമായ നടപടിയാണ് ലൈസന്‍സ് നല്‍കിയത്, ഖനനം നടത്താന്‍ അനുവദിക്കാതിരിക്കുന്നത്. അല്ലെങ്കില്‍ ഇതിന് പിന്നില്‍ എന്തോ ഗൂഢലക്ഷ്യമുണ്ട്.

രാജ്യത്ത് എണ്ണനിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയ 113 ബ്ലോക്കുകളില്‍ ആറ് എണ്ണത്തില്‍ മാത്രമേ ഉല്‍പാദനം ആരംഭിച്ചിട്ടുള്ളൂവെന്ന് ഫെബ്രുവരി രണ്ടിലെ ദി ഹിന്ദു ബിസിനസ് ലൈന്‍ വെളിപ്പെടുത്തുന്നു. ഈ മേഖലയില്‍ കൂടുതല്‍ വ്യാപകമായ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എണ്ണ നിക്ഷേപം കണ്ടെത്താനാവും. രാജ്യത്ത് എണ്ണനിക്ഷേപം കണ്ടെത്തി ഖനനം നടത്താന്‍ നടപടി സ്വീകരിക്കാതെ ഇറക്കുമതി ചെയ്യാനും നിലവിലുള്ള സബ്‌സിഡികള്‍ ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ജനങ്ങളോടുള്ള അവഗണനയുടെ ഉദാഹരണമാണ്.

രാജ്യത്തെ സാധാരണക്കാര്‍ വിലക്കയറ്റം കൊണ്ടും യാത്രാകൂലി വര്‍ധനമൂലവും വീര്‍പ്പു മുട്ടിയിരിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയാധികാരം എണ്ണകമ്പനികള്‍ക്ക് നല്‍കി. ഡീസലിന്റെ വില മാസംതോറും വര്‍ധിപ്പിക്കാനും മൊത്തമായി ഡീസല്‍ വാങ്ങുന്നവര്‍ക്ക് 11 രൂപക്ക് മേലെ വിലവര്‍ധിപ്പിക്കാനും അനുവാദം നല്‍കി. ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. റയില്‍വേ യാത്രാകൂലി ഇനിയും വര്‍ധിക്കും. ചരക്ക് കൂലിയും വര്‍ധിക്കും. ലോറികളുടെ ചരക്ക് കൂലിയും വര്‍ധിക്കും.

വിലക്കയറ്റത്തിന്റെ കറുത്തനാളുകളാണ് വരാന്‍ പോകുന്നത്. ഇത്രയും ഗൗരവമേറിയ പ്രശ്‌നം പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ യു പി എ ഭരണമോ അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസോ തയാറായിട്ടില്ല. ശരിക്കും രാജ്യം ഭരിക്കാനുള്ള അവകാശം ഇവര്‍ക്കുണ്ടോ?

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 12 ഫെബ്രുവരി 2013

Wednesday, January 23, 2013

എല്ലാം കമ്പോളത്തിന്

ഡീസലിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് പൂര്‍ണമായും കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. 2010 ജൂണിലാണ് പെട്രോളിന്റെ വിലനിയന്ത്രണാധികാരം സര്‍ക്കാരില്‍നിന്ന് എടുത്തുകളഞ്ഞത്. അതിനുശേഷം വലിയ വര്‍ധനയാണ് പെട്രോളിന്റെ വിലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. പാചകവാതകത്തിന്റെ വിലനിര്‍ണയാധികാരം ഭാഗികമായി കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നിശ്ചിതമാക്കിയത്. ഈ നടപടികളെല്ലാം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉദാരവല്‍ക്കരണനയങ്ങളുടെ അവിഭാജ്യഘടകമാണ്. എല്ലാം കമ്പോളം തീരുമാനിക്കട്ടെയെന്നതാണ് അത് പിന്തുടരുന്ന ദര്‍ശനം. സര്‍ക്കാരിനു വിലനിര്‍ണയത്തില്‍ ഒരു പങ്കും വഹിക്കാനില്ലെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ തുടര്‍ച്ചയായി പറയുന്നത് ഇതിന്റെ ഭാഗമാണ്. പെട്രോളിന്റെയും ഡീസലിന്റെയും മാത്രമല്ല രാസവളത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും കാര്യത്തില്‍ ഇതുതന്നെയാണ് സമീപനം. സബ്സിഡി പണമായി നല്‍കുമെന്നും വില കമ്പോളം തീരുമാനിക്കുമെന്നതുമാണല്ലോ പുതിയ കാഷ് ട്രാന്‍സ്ഫര്‍ സംവിധാനത്തിനെയും നയിക്കുന്ന സമീപനം.

രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്ന നടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം. സര്‍ക്കാരിന്റെ സബ്സിഡി ഭാരം കുറയ്ക്കണം. അതുവഴി ധനകമ്മി കുറയ്ക്കാന്‍ കഴിയും. ഒരേസമയം ധനകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും നാണയമൂല്യത്തകര്‍ച്ചയും നേരിടുന്ന ലോകത്തിലെ അപൂര്‍വം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയത് സബ്സിഡി നല്‍കുന്നതിന്റെ ഭാഗമായാണോ? യഥാര്‍ഥത്തില്‍ ധനകമ്മി പ്രധാനപ്രശ്നമാണെങ്കില്‍ മറ്റു ചെലവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അതേ സമീപനം സ്വീകരിക്കുന്നില്ല? കഴിഞ്ഞ ബജറ്റ് രേഖകള്‍ പ്രകാരം അഞ്ചുലക്ഷം കോടി രൂപയിലധികമാണ് വിവിധ നികുതി ഇളവുകളായി കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. സര്‍ക്കാരിന്റെ ഭാഷ്യത്തില്‍ അത് ഇന്‍സെന്റീവാണ്. എന്നാല്‍, ഈ പ്രചോദനം നല്‍കിയിട്ടും നിര്‍മാണമേഖല ഉള്‍പ്പെടെ എല്ലാ രംഗത്തും തളര്‍ച്ചയാണ് കാണിക്കുന്നത്. യഥാര്‍ഥത്തില്‍ ഇതും സബ്സിഡിതന്നെയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ജീവിതം കഷ്ടിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന സബ്സിഡികളെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നവര്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന സബ്സിഡികളെക്കുറിച്ച് നിശബ്ദത പാലിക്കുന്നു. ഈ സബ്സിഡികള്‍ പിന്‍വലിച്ചാല്‍തന്നെ ഇന്നു രാജ്യം അഭിമുഖീകരിക്കുന്ന ധനകമ്മി എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും.

രണ്ടാമതായി ധനകമ്മി കുറയ്ക്കണമെങ്കില്‍ വരുമാനം വര്‍ധിപ്പിക്കണം. അമേരിക്കപോലും ധനികവിഭാഗത്തിന്റെ നികുതി വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുന്ന സന്ദര്‍ഭത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നികുതി ഇളവുകളാണ് നല്‍കുന്നത്. നികുതി നഷ്ടം ഒഴിവാക്കുന്നതിനാണ് ഗാര്‍ നടപ്പിലാക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍ അന്നത്തെ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി നിര്‍ദേശിച്ചത്. പാര്‍ലമെന്റ് ആ നിര്‍ദേശം അംഗീകരിക്കുകയുംചെയ്തു. മുന്‍കാലപ്രാബല്യത്തോടെ നികുതി ഏര്‍പ്പെടുത്തുന്നതിന് കോര്‍പറേറ്റ് ലോകം എതിര്‍പ്പ് പ്രകടിപ്പിച്ചു. ഗാര്‍ തന്നെ പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടപ്പാക്കിയ മുന്‍കാല പ്രാബല്യം ഇന്ത്യയില്‍ അനുവദിക്കില്ലെന്ന കോര്‍പറേറ്റുകളുടെ വാശിക്ക് മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങി. ഗാര്‍ നടപ്പാക്കുന്നത് രണ്ടു വര്‍ഷംകൂടി നീട്ടിവയ്ക്കാനും പുതിയ ധനമന്ത്രി ചിദംബരം തീരുമാനിച്ചു. യഥാര്‍ഥത്തില്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു കാര്യത്തില്‍ ഏകപക്ഷീയമായി എക്സിക്യൂട്ടിവിന് മാറ്റം വരുത്താന്‍ കഴിയില്ല. എന്നാല്‍, അത്തരം ജനാധിപത്യ കീഴ്വഴക്കങ്ങളൊന്നും ബാധകമല്ലാത്തയാളാണ് ഇന്നത്തെ ധനമന്ത്രി. പാര്‍ലമെന്ററി കമ്മിറ്റികള്‍ നല്‍കുന്ന ശുപാര്‍ശകളെയോ പാര്‍ലമെന്റ് തീരുമാനത്തെയേ മാനിക്കാതെ അതിനു മുകളില്‍ വിദഗ്ധ സമിതികളെ കെട്ടിയേല്‍പ്പിച്ച് അവരുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതാണ് ഇന്നത്തെ രീതി.

മൂന്നാമത്തെ പ്രശ്നം ഇപ്പോഴത്തെ തീരുമാനം വിലക്കയറ്റം രൂക്ഷമാക്കുമെന്നതാണ്. ഒരു തവണ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് മൊത്തവിലസൂചികയില്‍ 14.67 ശതമാനം വെയിറ്റേജ് സൃഷ്ടിക്കുമെന്നതാണ് കണക്ക്. ചരക്കുകടത്തിനായി ഇന്നും പ്രധാനമായും ആശ്രയിക്കുന്നത് റോഡ് മാര്‍ഗത്തെയാണ്. ഡീസലിന്റെ വിലവര്‍ധന എല്ലാ അവശ്യസാധനങ്ങളുടെ വിലയിലും നേരിട്ട് പ്രതിഫലിക്കും. ഇപ്പോള്‍ത്തന്നെ പണപ്പെരുപ്പവും ഭക്ഷ്യപണപെരുപ്പവും രൂക്ഷമാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഡീസല്‍ വിലവര്‍ധന ഈ സാഹചര്യം രൂക്ഷമാക്കും. മൊത്തത്തില്‍ ഡീസല്‍ വാങ്ങിക്കുന്ന ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന വില നിശ്ചയിച്ചതോടെ പൊതുഗതാഗതവും എറ്റവും ചെലവേറിയ ഒന്നായി മാറും.

അതുപോലെ ഡീസല്‍ വിലവര്‍ധന പ്രത്യാഘാതം സൃഷ്ടിക്കുന്ന മറ്റു രണ്ടു മേഖല കാര്‍ഷികരംഗവും മത്സ്യബന്ധനവുമാണ്. രാജ്യത്ത് നല്ലൊരു പങ്കും കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി ആശ്രയിക്കുന്നത് ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോറുകളെയാണ്. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുകയായിരിക്കും ചെയ്യുന്നത്. ഡീസല്‍ എന്‍ജിനുകളെ ആശ്രയിക്കുന്ന മത്സ്യബന്ധനബോട്ടുകളുടെ പ്രവര്‍ത്തനവും പ്രശ്നത്തിലാകും. ഇപ്പോള്‍ തന്നെ പട്ടിണിയിലായ കടലോരങ്ങള്‍ കൂടുതല്‍ ദുരിതത്തിലേക്ക് പതിക്കും. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. കണക്കില്‍ ലാഭത്തിലായ എണ്ണക്കമ്പനികള്‍ക്കുവേണ്ടിയാണ് ഈ കടുത്ത തീരുമാനം സര്‍ക്കാര്‍ എടുത്തത്. 2011-12-ലെ കണക്കുപ്രകാരം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നികുതികളെല്ലാം കഴിച്ച് 3955 കോടി രൂപ ലാഭമാണ് ഉണ്ടാക്കിയത്. ബിപിസിഎല്‍ 1311 കോടിയും എച്ച്പിസി 911 കോടി രൂപയും ലാഭമുണ്ടാക്കി. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരംകൂടി ഉള്‍പ്പെടുത്തിയതാണ് ഈ കണക്കുകളെന്നാണ് കമ്പനികളുടെ ലാഭം. എന്നാല്‍, എന്തിനാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്? ഇന്ന് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത് നഷ്ടം നികത്തുന്നതിനല്ല, പകരം അണ്ടര്‍ റിക്കവറിയെ ബാലന്‍സ് ചെയ്യുന്നതിനാണ്. അത് യഥാര്‍ഥ വിലയെ അടിസ്ഥാനപ്പെടുത്തുന്ന കണക്കല്ല. അതുകൊണ്ടാണ് വിലനിര്‍ണയ രീതി പുനഃപരിശോധിക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെടുന്നത്.

ഏതൊരു ചരക്കിന്റെയും അടിസ്ഥാന വില നിശ്ചയിക്കുന്നതിന് മുതലാളിത്തത്തിന് അതിന്റേതായ രീതിയുണ്ട്. അതനുസരിച്ച് ഡീസലിന്റെ വില നിര്‍ണയിക്കുകയാണെങ്കില്‍ കണക്കിലെടുക്കേണ്ടത് ഒരു ലിറ്റര്‍ ഡീസല്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്കൃത എണ്ണയുടെ വിലയും അത് റിഫൈനറിയിലേക്ക് എത്തിക്കുന്നതിനും ഡീസല്‍ കമ്പോളത്തിലേക്ക് എത്തിക്കുന്നതിനുള്ള ചെലവും സംസ്കരണത്തിന്റെയും മറ്റു ചെലവുകളുമാണ്. അതിനു ചുറ്റുമായിരിക്കും വില നില്‍ക്കേണ്ടത്. എന്നാല്‍, സാധാരണ ചരക്കിന്റെ വിലനിര്‍ണയ രീതി പിന്തുടരാത്ത രംഗമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടേത്. അതിനായി ഇപ്പോള്‍ പിന്തുടരുന്ന രീതി ഉല്‍പ്പന്നത്തിന്റെ അന്താരാഷ്ട്ര വിലയുടെ തുല്യതയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ബിഎസ് മൂന്നു നിലവാരമുള്ള ഡീസലിന്റെ വിലയാണ് അടിസ്ഥാന വിലയായി ഇന്ത്യയില്‍ പരിഗണിക്കുന്നത്. ഈ വിലയ്ക്ക് വില്‍ക്കാത്തതുകൊണ്ട് എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാകുന്ന സാങ്കല്‍പ്പിക നഷ്ടമാണ് അണ്ടര്‍റിക്കവറി. ഇതിനെ അടിസ്ഥാനമാക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിനു 46.60 രൂപ കിട്ടണമെന്നാണ് കമ്പനികളുടെ വാദം. ഇതാണ് ഒരു ലിറ്റര്‍ ഡീസലിന് 9.46 രൂപ ഉല്‍പ്പാദനഷ്ടമുണ്ടെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്്. പാര്‍ലമെന്ററി കമ്മിറ്റി ഈ പ്രശ്നം ഗൗരവമായി പരിശോധിക്കുകയുണ്ടായി. ഇന്ത്യ ഡീസലോ പെട്രോളോ ഇറക്കുമതി ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഈ വിലനിര്‍ണയ രീതി അശാസ്ത്രീയമാണ്. ലോകത്ത് ഏറ്റവും കുറഞ്ഞ സംസ്കരണചെലവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് സാധാരണ വിലനിര്‍ണയ രീതിയാണ് പിന്തുടരുന്നതെങ്കില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 32 രൂപയില്‍ താഴെമാത്രമായിരിക്കുമെന്നാണ് എണ്ണക്കമ്പനികള്‍തന്നെ പറയുന്നത്. യഥാര്‍ഥ ഉല്‍പ്പാദന ചെലവും ഈ വിലയും തമ്മില്‍ പതിനഞ്ചു രൂപയോളം വ്യത്യാസമുണ്ടെന്നര്‍ഥം. അപ്പോള്‍ 9.46 രൂപ ഒരു ലിറ്ററിനു നഷ്ടമുണ്ടെന്നു പറയുന്ന കമ്പനികള്‍ക്ക് യഥാര്‍ഥത്തില്‍ അഞ്ചുരൂപയിലധികം ലാഭമാണുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വിറ്റാല്‍ത്തന്നെ കമ്പനികള്‍ ലാഭത്തിലായിരിക്കും. ഇന്ത്യയില്‍നിന്ന് കുഴിച്ചെടുക്കുന്നതാണ് നാലിലൊന്നോളം വരുന്ന അസംസ്കൃത എണ്ണ. ഇതിന്റെ വിലയും അന്താരാഷ്ട്ര അസംസ്കൃത എണ്ണയുടെ വിലയെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുന്നത്. അതുകൊണ്ടാണ് ഒഎന്‍ജിസി പോലുള്ള കമ്പനികള്‍ വന്‍ ലാഭംകൊയ്യുന്ന കമ്പനികളാകുന്നത്.

അങ്ങേയറ്റം അശാസ്ത്രീയമായ വിലനിര്‍ണയ രീതി മാറ്റിയേ മതിയാകൂ. കമ്പനികള്‍ക്ക് നിര്‍ണയാവകാശം കൊടുക്കുന്നവര്‍ ഈ വഞ്ചനയെക്കുറിച്ച് നിശബ്ദത പാലിക്കുന്നത് അപലപനീയമാണ്. ഇപ്പോഴത്തെ തീരുമാനത്തിനു പിന്നില്‍ മറച്ചുവയ്ക്കപ്പെട്ട മറ്റു ലക്ഷ്യങ്ങളുമുണ്ട്. എണ്ണക്കമ്പനികളുടെ ഓഹരി വില്‍പ്പന സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പുള്ള സമ്പൂര്‍ണ ബജറ്റില്‍ പല പദ്ധതികളും സര്‍ക്കാരിനു പ്രഖ്യാപിക്കാനുണ്ട്. അതിനാവശ്യമായ വകയിരുത്തലിനായി ആശ്രയിക്കുന്ന വിഭവസമാഹരണമേലഖ ഓഹരി വില്‍പ്പനയാണ്. എന്നാല്‍, ഇപ്പോള്‍ അതിനു നല്ല പ്രതികരണമില്ല. വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ അവയുടെ ഓഹരികളുടെ മൂല്യം കുത്തനെ വര്‍ധിക്കാന്‍ തുടങ്ങി. ഇത് വില്‍പ്പനയെ സഹായിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ട്. എന്നാല്‍, അത് രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിന് എതിരാണ്. വില്‍പ്പനകൂടി കഴിഞ്ഞാല്‍ സ്വകാര്യകുത്തകകള്‍ വില നിര്‍ണയിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തും. ചില്ലറ വ്യാപാരമേഖലയില്‍ വിദേശ മൂലധനം അനുവദിക്കുന്ന തീരുമാനം പാസാക്കിയെടുക്കുന്നതിന് പാര്‍ലമെന്റില്‍ കഴിഞ്ഞതോടെ ഉദാരവല്‍ക്കരണത്തിന്റെ ബാക്കിയുള്ള അജന്‍ഡകള്‍ നടപ്പിലാക്കുന്നതിനുള്ള ധൃതിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. കനത്ത പ്രഹരശേഷിയുള്ള, യോജിച്ച പോരാട്ടങ്ങള്‍ വഴിമാത്രമേ അതിന്റെ ഗതിവേഗം കുറയ്ക്കാന്‍ കഴിയുകയുള്ളു.

*
പി രാജീവ് ദേശാഭിമാനി 23 ജനുവരി 2013

Tuesday, November 27, 2012

കത്തിക്കാളുന്ന വിലക്കയറ്റം

ആം ആദ്മിയുടെ ക്ഷേമമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വീമ്പിളക്കുന്ന യുപിഎ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. ഏതാനും വര്‍ഷമായി ഉപഭോക്തൃ വിലസൂചികയിലുണ്ടായ അന്തരം ഭീമമാണ്. പണപ്പെരുപ്പംമൂലം സമ്പദ്ഘടന തകര്‍ന്നുകൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യം അടിക്കടി ഇടിയുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേരിട്ട മൂല്യത്തകര്‍ച്ചമൂലം നിരവധി ഉല്‍പ്പന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. വിലക്കയറ്റം തടയാന്‍ റിസര്‍വ് ബാങ്ക് രണ്ടുവര്‍ഷത്തിനിടയില്‍ 12 തവണ പലിശനിരക്ക് ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഭക്ഷ്യപ്പണപ്പെരുപ്പം ഇരട്ട അക്കത്തിലായതാണ് ഈ വര്‍ഷത്തെ സവിശേഷത.

ഭക്ഷ്യസബ്സിഡികള്‍ വെട്ടിക്കുറച്ചതും പൊതുവിതരണ സമ്പ്രദായം തകര്‍ത്തതുമാണ് കാരണം. ഭക്ഷ്യ സുരക്ഷാ നിയമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ഇതൊരു ആകാശകുസുമമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരില്‍ത്തന്നെ പരമദരിദ്രര്‍ക്കുമാത്രം ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന കരടുനിയമം ചതിക്കുഴികള്‍ നിറഞ്ഞതാണ്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും ഭീമമായ വിലക്കയറ്റമാണ് ഇന്ത്യന്‍ സമ്പദ്ഘടനയെയും ജനജീവിതത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയും ഇന്ധന സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടിയാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പെട്രോളിന്റെ വില രണ്ടുവര്‍ഷത്തിനിടയില്‍ 44ല്‍നിന്ന് 70 രൂപയിലധികമായി വര്‍ധിച്ചു. ഡീസല്‍വിലയാകട്ടെ, 42ല്‍നിന്ന് 50 ലേക്ക് കുതിച്ചുചാടി. ചരക്കുഗതാഗതക്കൂലിയില്‍ ഉണ്ടായ ഭീമമായ വര്‍ധനമൂലം അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു കൊണ്ടുവരുന്ന അവശ്യവസ്തുക്കളുടെയും നിത്യോപയോഗസാധനങ്ങളുടെയും വിലയില്‍ അസഹനീയ വര്‍ധനയാണ് ഉണ്ടായത്. പാചകവാതകത്തിന്റെ വിലവര്‍ധനയും സിലിണ്ടറുകളുടെ എണ്ണം ചുരുക്കിയതും അടുപ്പില്‍ തീപുകയാത്ത അവസ്ഥയുണ്ടാക്കി. മാസങ്ങള്‍ കഴിഞ്ഞാലും പാചകവാതകം കിട്ടാത്ത അവസ്ഥയാണ്. വിറകും മണ്ണെണ്ണയും ആവശ്യാനുസരണം ലഭിക്കാത്തതിനാല്‍ പലയിടത്തും പാചകവാതകത്തിന് വൈദ്യുതിയെ ആശ്രയിക്കേണ്ടിവരുന്നു. നിലവിലുള്ള സ്ലാബില്‍നിന്ന് മുകളിലേക്ക് പ്രതിമാസ വൈദ്യുതിത്തോത് കൂടുമ്പോള്‍ ബില്‍ത്തുക ഭീമാകാരമാകുന്നു. താരിഫ് വര്‍ധനയ്ക്കു പുറമെ സര്‍ചാര്‍ജും ഈടാക്കുന്ന വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ രാക്ഷസരൂപം പൂണ്ടിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടിയ വൈദ്യുതനിരക്ക് കേരളത്തിലാണ്.

ഇന്ധനവില വര്‍ധനമൂലം യാത്ര യാതനയായി. ബസുകളിലെ മിനിമം നിരക്ക് അഞ്ചുരൂപയില്‍നിന്ന് ആറു രൂപയായി വര്‍ധിപ്പിച്ചു. ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെ കള്ളക്കളിമൂലം ചില പോയിന്റുകളില്‍ ചാര്‍ജ് വര്‍ധന 50 ശതമാനത്തിലധികമാണ്. ഓട്ടോ- ടാക്സി നിരക്കുവര്‍ധനയും ഇടത്തരക്കാരെയാണ് ബാധിച്ചത്. പൊതുവിതരണസമ്പ്രദായം തകര്‍ത്തതോടെ നിത്യോപയോഗ സാധനങ്ങളുടെയും അവശ്യവസ്തുക്കളുടെയും വില കുതിച്ചുയര്‍ന്നു. ഊഹക്കച്ചവടം വ്യാപകമായി. പലവ്യഞ്ജനങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും വിലയാണ് നിയന്ത്രണാതീതമായത്. അരിക്കും ഗോതമ്പിനും പൊതുവിപണിയില്‍ 20 ശതമാനം വിലയേറി. ഭക്ഷ്യസാധനങ്ങള്‍ കുറഞ്ഞനിരക്കില്‍ വിതരണംചെയ്തിരുന്ന സപ്ലൈകോയുടെ ശൃംഖലകളിലും മാവേലിസ്റ്റോറുകളിലും ത്രിവേണി സ്റ്റോറുകളിലും സാധനം ഇല്ലാത്ത അവസ്ഥയാണ്. ഒരു രൂപയ്ക്ക് ഒരുകിലോ അരി എന്ന സര്‍ക്കാര്‍ മുദ്രാവാക്യം പരസ്യപ്പലകകളില്‍ വ്യാപകമാണെങ്കിലും ഈ ആനുകൂല്യം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുപോലും ലഭിക്കുന്നില്ല. അരി കിലോയ്ക്ക് 25 മുതല്‍ 35 രൂപവരെയാണ് പൊതുകമ്പോളത്തിലെ വില. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് വേണ്ടത്ര അരി ലഭ്യമല്ലാത്തതിനാല്‍ പൂഴിത്തിവയ്പ് വ്യാപകമാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും വിലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും ഉല്‍പ്പാദനം കൂടിയെങ്കിലും വില കുറയുന്നില്ല. കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെക്കൂടുതലാണ് കമ്പോളവില. ഇടത്തട്ടുകരുടെ ചൂഷണം നിര്‍ബാധം തുടരുന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഭക്ഷ്യവസ്തുക്കള്‍ കൃഷിക്കാരില്‍നിന്ന് ശേഖരിക്കുന്നുണ്ടെങ്കിലും അത് സ്വകാര്യ കച്ചവടക്കാര്‍ക്ക് വില്‍ക്കാനാണ് താല്‍പ്പര്യം. ക്ഷീരകര്‍ഷകരെ സഹായിക്കാനെന്ന വ്യജേനയാണ് കേരളത്തില്‍ മില്‍മപാലിന്റെ വില ഒരു വര്‍ഷത്തിനിടയില്‍ രണ്ടുതവണ ലിറ്ററിന് അഞ്ചുരൂപ വീതം വര്‍ധിപ്പിച്ചത്. സമാന്തരമായി കാലിത്തീറ്റയുടെ വില 50 കിലോയുടെ ചാക്കിന് 200 രൂപ വര്‍ധിപ്പിച്ചു. അതായത്, 650ല്‍നിന്ന് 850 രൂപയായി. കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചതോടെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിച്ച ആനുകൂല്യം ഇല്ലാതായി. മില്‍മയെ പിന്തുടര്‍ന്ന് സ്വകാര്യ കാലിത്തീറ്റ കമ്പനിക്കാരും വില വര്‍ധിപ്പിച്ചു.

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്മേല്‍ ഇതുവരെയും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അംഗീകൃത ഹോട്ടലുകളിലും വിലവിവരപ്പട്ടികയോ മെനുകാര്‍ഡോ കാണാനില്ല. ഹോട്ടലുകള്‍ക്ക് ഗ്രേഡ് നിശ്ചയിച്ച് വില ഏകീകരിക്കുന്നതിന് സര്‍ക്കാരിന് ഒരു ശ്രദ്ധയുമില്ല. ഇടത്തരം ഹോട്ടലുകളിലെ ഭക്ഷണവിലയില്‍ സമീപകാലത്ത് വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായത്. ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയുടെ മറവില്‍ എല്ലാത്തരം ഹോട്ടലുകളിലും തീവെട്ടിക്കൊള്ളയാണ്. മരുന്നുവില വര്‍ധനയാണ് സ്ഫോടനാത്മകം. സ്വകാര്യ ഔഷധനിര്‍മാണ കമ്പനികള്‍ ഒരു വ്യവസ്ഥയുമില്ലാതെ പുതിയ പേരുകളില്‍ മരുന്നിറക്കി കൊള്ളലാഭം നേടുകയാണ്. ചെറിയ പനി വന്നാല്‍പ്പോലും മടിശ്ശീല കീറും. ജീവന്‍രക്ഷാ ഔഷധങ്ങള്‍ വാങ്ങണമെങ്കില്‍ സമ്പാദ്യം മുഴുവന്‍ വിനിയോഗിക്കേണ്ടിവരും. വേദനസംഹാരികള്‍ക്കും സ്റ്റിറോയ്ഡുകള്‍ക്കും ഊഹവിലയാണ്. ചില കമ്പനികളുടെ മരുന്നുപായ്ക്കറ്റില്‍ എംആര്‍പിപോലും രേഖപ്പെടുത്താറില്ല.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുസംഭരണവും വിതരണവും കാര്യക്ഷമമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. 620 ഇനം മരുന്നുകളില്‍ 183 ഇനം മരുന്നുകള്‍ക്ക് അമിത വില നല്‍കേണ്ടിവരുന്നു. മരുന്നുവില നിയന്ത്രിക്കാന്‍ കോര്‍പറേഷന്റെ പുതിയ ഔട്ട്ലറ്റുകള്‍ വ്യാപകമായി തുടങ്ങുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്നുക്ഷാമം ഉണ്ടായതോടെ സ്വകാര്യമേഖലയുടെ ചൂഷണം വര്‍ധിച്ചു. കത്തിക്കാളുന്ന വിലക്കയറ്റം കുടുംബ ബജറ്റുകളെ തകര്‍ത്ത് തരിപ്പണമാക്കുന്നു. വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ സാമാന്യജനങ്ങള്‍ പെടാപ്പാട് പെടുകയാണ്. സാമ്പത്തിക കുത്തകകളെ തോളിലേറ്റി താലോലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് കമ്പോളത്തിലെ പകല്‍കൊള്ളയ്ക്കു കാരണം. ജനങ്ങളെ പിഴിയുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് വെള്ളപൂശുകയാണ് സംസ്ഥാനസര്‍ക്കാര്‍.

*****

ചെറിയാന്‍ ഫിലിപ്

ആസിയന്‍ കരാറും വിലത്തകര്‍ച്ചയും

ആസിയന്‍ കരാറിന്റെ അപകടം ചൂണ്ടിക്കാണിച്ചാണ് സിപിഐ എം സമരം നടത്തിയതും ജനങ്ങളെ അണിനിരത്തി 2009 ഒക്ടോബര്‍ രണ്ടിന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചതും. ലക്ഷക്കണക്കിനാളുകള്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു. ഇറക്കുമതിച്ചുങ്കം ഒഴിവാക്കുന്നതുമൂലം ആസിയന്‍ രാജ്യങ്ങളില്‍നിന്ന് വാണിജ്യവിളകളുടെ കുത്തൊഴുക്കുതന്നെ ഉണ്ടാകുമെന്നും, അത് കേരളത്തിന്റെ കാര്‍ഷികസമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നുമായിരുന്നു കരാറിനെതിരായ മുഖ്യവിമര്‍ശം. കോണ്‍ഗ്രസും യുഡിഎഫ് ഘടകകക്ഷികളും വിമര്‍ശത്തെ ഗൗരവമായി കണ്ടില്ല. കേന്ദ്രസര്‍ക്കാരാകട്ടെ, ഒക്ടോബര്‍ രണ്ടിനുമുമ്പ് മൂന്നുദിവസം തുടര്‍ച്ചയായി പ്രമുഖ മാധ്യമങ്ങളില്‍ പരസ്യം നല്‍കി സമരത്തെ ക്ഷീണിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ജനങ്ങള്‍ സര്‍ക്കാര്‍ പ്രചാരണത്തെ അവഗണിച്ചുതള്ളി. ആസിയന്‍ കരാര്‍ കേരളത്തിന് പ്രയോജനംചെയ്യുമെന്നായിരുന്നു പരസ്യത്തിലെ മുഖ്യവാദം.

കരാറിനെതിരെ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ ശരിയായിരുന്നു എന്ന് അനുഭവം തെളിയിക്കുന്നു. കേരളത്തിന്റെ രണ്ടു പ്രധാന വിളകളായ റബറിന്റെയും നാളികേരത്തിന്റെയും വില തുടര്‍ച്ചയായി ഇടിയുകയാണ്. തന്മൂലം വന്‍ നഷ്ടമാണ് കൃഷിക്കാര്‍ക്ക് ഉണ്ടാകുന്നത്. 2011 മേയില്‍ ഒരു കിലോ നാലാം ഗ്രേഡ് റബര്‍ (ആര്‍എസ്എസ് ഫോര്‍) വിറ്റാല്‍ കൃഷിക്കാരന് 234.50 രൂപ കിട്ടുമായിരുന്നു. 2012 നവംബര്‍ എട്ടിന് കിട്ടുക 175.50 രൂപ മാത്രം. ഒരു കിലോ റബറിന്മേല്‍ 59 രൂപ നഷ്ടം. 2011-12ല്‍ ഇന്ത്യയില്‍ ആകെ ഉല്‍പ്പാദിപ്പിച്ചത് 903700 ടണ്‍ റബറാണ്. ഇന്ത്യയില്‍ എന്നത് കേരളത്തില്‍ എന്നും വായിക്കാം. കാരണം, രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തില്‍ 90 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 5241 കോടി രൂപ. താരതമ്യത്തിനു വേണ്ടി 2011 നവംബറിലെ വില പരിഗണിക്കാം. അതായത് 209.50 രൂപ. ആ നിലയ്ക്ക് നഷ്ടം കിലോഗ്രാമിന് 34 രൂപയാണ്. ആകെ നഷ്ടം 3073 കോടി രൂപ.

തൊണ്ടോടുകൂടിയ ഒരു നാളികേരം വിറ്റാല്‍ കൃഷിക്കാരന് 2011 മേയില്‍ 9.27 രൂപ കിട്ടുമായിരുന്നു. 2012 നവംബര്‍ എട്ടിന് കിട്ടുക വെറും ആറു രൂപ. നഷ്ടം 3.27 രൂപ. 2010-11ല്‍ 5287 ദശലക്ഷം നാളികേരം ഉല്‍പ്പാദിപ്പിച്ചു എന്നാണ് കണക്ക്. വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 1729 കോടി രൂപയാണ്. ആസിയന്‍ കരാര്‍ ഒപ്പിട്ട ഉടനെ കാര്‍ഷിക വിലത്തകര്‍ച്ച ഉണ്ടായില്ല. റബറിന്റെ വില ഉയര്‍ന്നു. 2009 ഒക്ടോബറില്‍ ഒരു കിലോഗ്രാം റബറിന്റെ ശരാശരി വില 108 രൂപയായിരുന്നു. 2010ല്‍ 171 രൂപയായും 2011ല്‍ 208.50 രൂപയായും വര്‍ധിച്ചു. ആസിയന്‍ കരാറിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നില്ല എന്നുമാത്രമേ അതിനര്‍ഥമുള്ളു.

കാര്‍ഷികവിളകളുടെ വില ഉല്‍പ്പാദനത്തിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണെന്നും, വാണിജ്യവിളകളുടെ വില വിദേശ ഡിമാന്‍ഡിനുസരിച്ച് മാറും എന്നും മനസിലാക്കേണ്ടതുണ്ട്. 2008-09ലാണല്ലോ അത്യധികം രൂക്ഷമായ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. തുടര്‍ന്ന് സമ്പദ്വ്യവസ്ഥകള്‍ മെല്ലെ തല പൊക്കാന്‍ തുടങ്ങി. (വീണ്ടും മറ്റൊരു പ്രതിസന്ധിയിലേക്കു മുതലക്കൂപ്പ് കുത്തി എന്നതു മറ്റൊരു കാര്യം). സാമ്പത്തികമായ ഉണര്‍വ് ഓട്ടോമൊബൈല്‍ വ്യവസായത്തിന് കരുത്തുപകര്‍ന്നു; കൂടുതല്‍ റബറും റബറുല്‍പ്പന്നങ്ങളും ആവശ്യമായി വന്നു. റബര്‍വിലയും ഉയര്‍ന്നു. ആസിയന്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ആണ് കരാറിലെ മുഖ്യവ്യവസ്ഥ. ഒറ്റയടിക്ക് നിബന്ധന നടപ്പില്‍ വരുത്തണമെന്നല്ല വ്യവസ്ഥ. മിക്ക ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കം 2013 ഡിസംബറോടെ കുറയ്ക്കണം. മറ്റു ചിലതിന്റേത് 2016 ആവുമ്പോഴേക്കും ഇനിയും ചിലതിന്റേത് 2019 ആവുമ്പോഴേക്കും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. മറ്റൊരു കൂട്ടം ഉല്‍പ്പന്നങ്ങളുടേത് പ്രതിവര്‍ഷം നാലുശതമാനം വീതം കുറവുചെയ്ത് നിശ്ചിതനിരക്കില്‍ എത്തിക്കണം. ഇറക്കുമതിച്ചുങ്കം "പ്രതിബദ്ധതയോടെ" കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്. സ്വാഭാവികറബറിന്റെ ഇറക്കുമതിച്ചുങ്കം 20 ശതമാനമായിരുന്നു. അത് ഏഴ് ശതമാനമായി ചുരുക്കി. 2011 മാര്‍ച്ച് 31 വരെ 40,000 ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്യാനും അനുവാദം നല്‍കി. റബറിന്റെ അന്താരാഷ്ട്രവില ആഭ്യന്തരവിലയേക്കാള്‍ കുറഞ്ഞിരിക്കാന്‍ സര്‍ക്കാര്‍ മറ്റൊരു തന്ത്രവും പ്രയോഗിക്കുന്നു. മാര്‍ച്ച് 31നു ശേഷമുള്ള ഇറക്കുമതിയിന്മേല്‍ 20 ശതമാനം ചുങ്കം അല്ലെങ്കില്‍ 20 രൂപ എന്ന് വ്യവസ്ഥചെയ്തു. ഇവയില്‍ ഏതാണോ കുറച്ച് അതാകും ചുങ്കനിരക്ക്. ഇറക്കുമതിച്ചുങ്കം ഇളവുചെയ്തതിനെത്തുടര്‍ന്ന് റബര്‍ ഇറക്കുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. ഒപ്പം ആഭ്യന്തരവിപണിയില്‍ വിലത്തകര്‍ച്ചയും.

രാജ്യത്തെ നാളികേര ഉല്‍പ്പാദനത്തിന്റെ 40 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തമിഴ്നാടും കര്‍ണാടകവുമുണ്ട്. ഇന്തോനേഷ്യയില്‍നിന്നും മലേഷ്യയില്‍നിന്നും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതിചെയ്യുന്ന പാമോയിലുമായി വേണം കേരളത്തിന്റെ വെളിച്ചെണ്ണ മത്സരിക്കാന്‍. സണ്‍ഫ്ളവര്‍ ഓയിലും സോയാബീന്‍ ഓയിലും ഇറക്കുമതിചെയ്യുന്നുണ്ട്. എല്ലാംകൂടിച്ചേര്‍ന്ന് കേരകര്‍ഷകന്റെ നടുവൊടിക്കുന്നു.

2008 മാര്‍ച്ച് 21ന് അസംസ്കൃത പാമോയിലിന്മേല്‍ 20 ശതമാനവും ശുദ്ധീകരിച്ച പാമോയിലിന്മേല്‍ 27.5 ശതമാനവും ഇറക്കുമതിച്ചുങ്കം ഉണ്ടായിരുന്നു. 2008 ഏപ്രില്‍ ഒന്നുമുതല്‍ അസംസ്കൃത പാമോയില്‍ പൂര്‍ണമായും ചുങ്കവിമുക്തമാക്കി. ശുദ്ധീകരിച്ച പാമോയിലിന്മേലുണ്ടായിരുന്ന ചുങ്കം 7.5 ശതമാനമായി വെട്ടിക്കുറച്ചു. ശുദ്ധീകരിച്ച പാമോയിലിന്റെ അഞ്ചിരട്ടിയാണ് അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി. അഥവാ അസംസ്കൃത പാമോയില്‍ എത്ര വേണമെങ്കിലും ചുങ്കം കൂടാതെ ഇറക്കുമതിചെയ്യാം. ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിക്ക് 15 ശതമാനം സബ്സിഡിയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. ചുങ്കം 7.5 ശതമാനംമാത്രം. അതായത് ശുദ്ധീകരിച്ച പാമോയില്‍ വിലയില്‍ 7.5 ശതമാനത്തിന്റെ കുറവ്. ഇത് ഇറക്കുമതിക്കു മതിയായ പ്രോത്സാഹനമാണ്. 2012 നവംബര്‍ 10 ന് രാജ്യത്തെ പ്രമുഖ വിപണികളില്‍ ഒരു കിലോഗ്രാം വെളിച്ചെണ്ണയ്ക്ക് 60 രൂപയുള്ളപ്പോള്‍ പാമോയിലിന്റെ വില 51 രൂപ 20 പൈസയാണ്. 2010-11ല്‍ ഇറക്കുമതിചെയ്തത് 83.5 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ആയിരുന്നു. പാമോയിലും സണ്‍ഫ്ളവര്‍ ഓയിലും സോയാബീന്‍ ഓയിലുമാണ് പ്രധാന ഭക്ഷ്യ എണ്ണകള്‍. ഇതില്‍ മൂന്നില്‍ രണ്ടുഭാഗവും പാമോയില്‍ ഇറക്കുമതിയാണ്.

2011 നവംബര്‍ മുതല്‍ 2012 സെപ്തംബര്‍വരെ 68.29 ലക്ഷം ടണ്‍ പാമോയിലാണ് ഇറക്കുമതിചെയ്തത്. സോപ്പ് നിര്‍മാണത്തിനും മരുന്നുകള്‍ക്കും പാചകത്തിനുമാണ് മുഖ്യമായും വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. പാമോയിലും സോപ്പ് നിര്‍മാണത്തിനുപയോഗിക്കുന്നുണ്ട്. കര്‍ഷകരുടെ താല്‍പ്പര്യം പരിഗണിക്കാതെ, കേരളം ഉല്‍പ്പാദിപ്പിക്കുന്ന അതേ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്നതെന്തിനെന്ന ചോദ്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ആസിയന്‍ രാജ്യങ്ങളിലെ വ്യവസായ-സേവന വിപണി തുറന്നുകിട്ടുന്നതിന് ഇവിടത്തെ കര്‍ഷകരെ ബലികൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ആസിയന്‍ കരാറിന് ചൂട്ടുപിടിച്ച യുഡിഎഫിന്, റബര്‍-നാളികേര കൃഷിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍, വിലത്തകര്‍ച്ച കണ്ടതായി കേരളസര്‍ക്കാര്‍ ഭാവിക്കുന്നതേയില്ല.

*****

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

Wednesday, October 10, 2012

കേരളം കണികണ്ടുണരുന്ന കൊള്ള

പാല്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന മില്‍മ ബോര്‍ഡ് മീറ്റിങ്ങില്‍ ധാരണയായിരിക്കുന്നു. കര്‍ഷകനെ രക്ഷിക്കാനെന്ന പേരില്‍ വില കൂട്ടാനുള്ള നടപടി യഥാര്‍ഥത്തില്‍ മില്‍മയ്ക്ക് കൊള്ളലാഭം ഉണ്ടാക്കാനും അന്യസംസ്ഥാന ലോബികളെ സഹായിക്കാനും മാത്രമേ ഉപകരിക്കൂ. പാല്‍വില കൂട്ടിയതിനൊപ്പം കാലിത്തീറ്റയുടെ വിലയില്‍ 250 രൂപ എന്ന വന്‍വര്‍ധനയാണ് വരുത്തിയത്. ഫലത്തില്‍ അധികം ലഭിക്കുന്ന പണത്തേക്കാള്‍ വന്‍ചെലവാണ് കര്‍ഷകനുമുകളില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഒരേസമയം ഉപഭോക്താവിനെ കൊള്ളയടിക്കുകയും കര്‍ഷകരെ വഞ്ചിക്കുകയുമാണ് ഈ നടപടിയിലൂടെ മില്‍മ. അവശ്യസാധനങ്ങളുടെയും പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധനയിലും കറന്റ് ചാര്‍ജ് വര്‍ധനയിലും ജനം നട്ടംതിരിയുമ്പോഴാണ് ഇരുട്ടടിയായി മില്‍മയുടെ തീരുമാനം.

ഒരുവര്‍ഷത്തിനിടെ ഇത് രണ്ടാംതവണയാണ് പാല്‍വില വര്‍ധിപ്പിക്കുന്നത്. 2011 സെപ്തംബറില്‍ അഞ്ചുരൂപ വര്‍ധിപ്പിച്ചിരുന്നു. ഓരോതവണ പാല്‍വില കൂട്ടുമ്പോഴും ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ മില്‍മയും കാലിത്തീറ്റ കമ്പനികളുമാണ്. ഒരു ലിറ്റര്‍ പാലിന് അഞ്ചുരൂപ കൂടുമ്പോള്‍ ഇതേഅനുപാതത്തില്‍ കാലിത്തീറ്റയ്ക്കും വിലകൂടും. മില്‍മ കാലിത്തീറ്റയുടെ വില 50 കിലോയുടെ ചാക്കിന് നിലവില്‍ 650 രൂപയാണ്. ഇനി 900 രൂപ നല്‍കണം. മില്‍മയുടെ കെടുകാര്യസ്ഥതയാണ് കാലിത്തീറ്റവില വര്‍ധനയ്ക്ക് പ്രധാന കാരണം. മില്‍മയുടെ കാലിത്തീറ്റ നിര്‍മാണ ഫാക്ടറിയില്‍ ഉല്‍പ്പാദനം നടക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പോഷകമൂല്യം കുറഞ്ഞ കാലിത്തീറ്റ വാങ്ങി മില്‍മയുടെ ലേബല്‍ ഒട്ടിച്ച് വില്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വകാര്യ കാലിത്തീറ്റ കമ്പനികള്‍ ശക്തിപ്പെട്ടു.

കാലിത്തീറ്റയുടെ വിലവര്‍ധനയിലൂടെ മില്‍മ കോടികളാണ് നേടുക. പാലുല്‍പ്പാദനത്തില്‍ കേരളം ഇന്ന് 13-ാംസ്ഥാനത്താണ്. എട്ടുലക്ഷത്തി മുപ്പതിനായിരം കുടുംബങ്ങള്‍ പാലുല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും 60 ലക്ഷം ലിറ്റര്‍ പാല്‍മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മൂവായിരത്തോളം അപ്പക്സ് സൊസൈറ്റികള്‍ മുഖേന 8,30,000 ലിറ്റര്‍ പാലാണ് മില്‍മ ശേഖരിക്കുന്നത്. വില്‍ക്കുന്നതാകട്ടെ 12 ലക്ഷത്തിലധികം ലിറ്ററും. ഇത് വ്യക്തമാക്കുന്നത്, നാലുലക്ഷം ലിറ്ററോളം പാല്‍ മറ്റ് വഴികളിലൂടെ സംഭരിക്കുന്നുണ്ടെന്നാണ്. ഇതില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്നതും കൃത്രിമമായി നിര്‍മിക്കുന്നതും ഉള്‍പ്പെടും. കര്‍ഷകര്‍ക്ക് വില കൂട്ടി നല്‍കി എന്നു പറയുമ്പോഴും മറ്റു മാര്‍ഗങ്ങളിലൂടെ സംഭരിക്കുന്നതില്‍ ലക്ഷങ്ങളുടെ ലാഭമാണ് മില്‍മ വാരിക്കൂട്ടുന്നത്. എട്ടരലക്ഷം ലിറ്റര്‍ പാലിന്റെ അധികവില ഗുണഭോക്താക്കളില്‍നിന്ന് വസൂല്‍ചെയ്ത് കര്‍ഷകന് നല്‍കുന്നു എന്നു പറയുമ്പോള്‍, ബാക്കി നാലുലക്ഷം ലിറ്റര്‍ പാലിന്റെ അധികവില മില്‍മ സ്വന്തം പോക്കറ്റില്‍ നിക്ഷേപിക്കുന്നു. യഥാര്‍ഥത്തില്‍ കര്‍ഷകരില്‍നിന്നും ഉപഭോക്താക്കളില്‍നിന്നുമുള്ള ഇരട്ടചൂഷണമാണ് മില്‍മ നടത്തുന്നത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍ ഇറക്കുമതിചെയ്ത് കച്ചവടം ചെയ്യുന്നവര്‍ക്കും ഈ വിലവര്‍ധനയിലൂടെ കൊള്ളലാഭം കൊയ്യാനാകും. നേരത്തെ പാല്‍വില അഞ്ചുരൂപ കൂട്ടിയപ്പോള്‍ 4.20 രൂപ കര്‍ഷകനും 20 പൈസ പ്രാഥമികസംഘങ്ങള്‍ക്കും 20 പൈസ മില്‍മയ്ക്കും 20 പൈസ ഏജന്‍സി കമീഷനും എന്നാണ് കണക്കാക്കിയത്. കര്‍ഷകര്‍ക്ക് 4.20 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് നടപ്പാക്കാന്‍ തയ്യാറായില്ല. കൂടിയ വില ലഭിക്കണമെങ്കില്‍ 3.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും ഉണ്ടായിരിക്കണമെന്ന് നിബന്ധനവച്ചു. മില്‍മ നിശ്ചയിക്കുന്ന ഈ ഗുണമേന്മ ഒരിക്കലും പാലിലുണ്ടാകില്ല. അതുകൊണ്ടുതന്നെ കര്‍ഷകന് പുതുക്കിയ വില ലഭിക്കാത്ത സ്ഥിതിയുണ്ടായി. വില്‍ക്കുന്ന പാലിന് എല്ലാ നിലവാരത്തിലും അഞ്ചുരൂപ കൂട്ടിയപ്പോഴാണ് സംഭരണവിലയില്‍ ഗുണനിലവാരത്തിന്റെ പേരില്‍ വിലകുറച്ച് നല്‍കാന്‍ മില്‍മ തീരുമാനിച്ചത്. 4.20 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഉല്‍പ്പാദകര്‍ക്കുണ്ടായ വരുമാന നഷ്ടം 5.05 രൂപയാണ്. പാലിന്റെ കൊഴുപ്പ്, കൊഴുപ്പിതര ഘടകങ്ങളുടെ പേരില്‍ 1.05 രൂപയും കാലിത്തീറ്റ സബ്സിഡി ചാക്കിന് 150 രൂപ കുറച്ചതിന്റെ പേരില്‍ ലിറ്ററിന് മൂന്നു രൂപയും ഇന്‍സെന്റീവ് റദ്ദാക്കിയതുമൂലം ഒരു രൂപയും ഉള്‍പ്പെടെ 5.05 രൂപയുടെ വരുമാന നഷ്ടമാണ് യഥാര്‍ഥത്തില്‍ കര്‍ഷകര്‍ക്കുണ്ടായത്.

അശാസ്ത്രീയമായ വിലനിര്‍ണയസംവിധാനം വഴി കര്‍ഷകരെ വര്‍ഷങ്ങളായി കബളിപ്പിക്കുകയാണ് മില്‍മ. ഉദാഹരണത്തിന് മൂന്ന് ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളുമുള്ള പാലിന് കര്‍ഷകന് ഇപ്പോള്‍ നല്‍കുന്ന വില 21.30 രൂപയാണ്. എന്നാല്‍, ഇത്തരം പാലിന് 12 ശതമാനം ടിഎസ് ഇല്ലെന്ന കാരണത്താല്‍ 20 പൈസ പിഴ ഈടാക്കുകയും ഗുണനിലവാരം അനുസരിച്ച് വില നല്‍കുന്നതില്‍ ചൂഷണം ചെയ്യുകയുമാണ്. ഇന്ന് മില്‍മ സംഭരിക്കുന്ന പാലിന്റെ ശരാശരി ഗുണനിലവാരം 3.4 ശതമാനം കൊഴുപ്പും 8.2 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളുമുള്ളതാണ്. മില്‍മ ആകെ സംഭരിക്കുന്ന പാലിനുപോലും ശരാശരി ഗുണനിലവാരം ടിഎസ് 12 ശതമാനം ഇല്ലാതിരിക്കെ കര്‍ഷകരില്‍നിന്ന് സ്വീകരിക്കുന്ന പാലിന് 12 ശതമാനത്തില്‍ കുറഞ്ഞാല്‍ പിഴ ഈടാക്കുന്നതിന്റെ ശാസ്ത്രീയവശം മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നാണ്. 2010 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാല്‍വില വര്‍ധിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു. കര്‍ഷകപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധസമിതിയെ രൂപീകരിച്ച് പാല്‍വിലസംബന്ധിച്ചും ഉല്‍പ്പാദനച്ചെലവുസംബന്ധിച്ചും വിശദമായ പഠനം നടത്തുകയും ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പാല്‍വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാനുമാണ് തീരുമാനിച്ചത്. ഇതില്‍ 2.76 രൂപ ക്ഷീരകര്‍ഷകനും 24 പൈസ വിവിധതട്ടിലായി കമീഷനായും നിശ്ചയിച്ചു. എന്നാല്‍, 2011 മാര്‍ച്ചില്‍ പാല്‍വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ഏകപക്ഷീയമായി തീരുമാനമെടുത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടതിനെതുടര്‍ന്ന് ഏകപക്ഷീയമായ ആ തീരുമാനം സ്റ്റേചെയ്തു. സര്‍ക്കാര്‍സ്റ്റേയ്ക്കെതിരെ പാല്‍വില നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം തങ്ങള്‍ക്കാണെന്ന വാദം ഉന്നയിച്ച് മില്‍മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ പാല്‍വില വര്‍ധനയ്ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് പാല്‍വില വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ അധികാരത്തെ ചോദ്യംചെയ്യാത്ത സാഹചര്യത്തില്‍ പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് പൂര്‍ണ അധികാരമുണ്ടെന്ന് ഹൈക്കോടതി 2011 ആഗസ്തില്‍ വിധി പ്രഖ്യാപിച്ചു. ഈ വിധിക്കെതിരെ അപ്പീല്‍പോകാതെ മില്‍മയുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍.

ഈ വിധിയുടെ ചുവടുപിടിച്ചാണ് ഇപ്പോള്‍ അഞ്ചുരൂപ വര്‍ധിപ്പിച്ചത്. ഓപ്പറേഷന്‍ ഫ്ളഡ് പരിപാടിയുടെ ഭാഗമായി മില്‍മ രൂപീകൃതമാകുന്നത് കര്‍ഷകരെ ചൂഷണത്തില്‍നിന്ന് രക്ഷിക്കാനുള്ള സംരംഭം എന്ന നിലയിലായിരുന്നു. എന്നാല്‍, ഇന്ന് ക്ഷീരകര്‍ഷകരെ ചൂഷണംചെയ്യുന്ന ഏജന്റായാണ് മില്‍മ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ വിലവര്‍ധന മില്‍മയ്ക്ക് കൊള്ളലാഭം നേടാനുള്ള അവസരമാണ്. മില്‍മയുടെ ചൂഷണത്തിന് വിധേയരാകുന്ന ക്ഷീരകര്‍ഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും ക്ഷീരവികസനവകുപ്പിനുമുണ്ട്.

*
ഇ പി ജയരാജന്‍ ദേശാഭിമാനി 10 ഒക്ടോബര്‍ 2012

Saturday, October 6, 2012

ഇത് ജനാധിപത്യമല്ല പണാധിപത്യം

സാമ്പത്തികപരിഷ്കാരം എന്ന് ഓമനപ്പേരിട്ട് രണ്ടു പതിറ്റാണ്ടുമുമ്പ് നരസിംഹറാവു സര്‍ക്കാരിന്റെകാലത്ത് ഇന്ത്യയില്‍ നടപ്പാക്കാന്‍ തുടങ്ങിയ സാമ്രാജ്യത്വ സാമ്പത്തികനയം അതിന്റെ തനിരൂപം ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സാമ്രാജ്യത്വശക്തികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കിയ മന്‍മോഹന്‍ സര്‍ക്കാര്‍ അവര്‍ പറയുന്നതെന്തും അനുസരണയോടെ അനുവദിച്ചുകൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ സാമാന്യനിയമങ്ങളും മര്യാദകളും ധിക്കാരത്തോടെ ലംഘിക്കാനും ജനഹിതം ചവിട്ടിമെതിക്കാനും അസാമാന്യ ധൈര്യമാണ് കാണിക്കുന്നത്. പെട്രോളിന്റെ വിലനിയന്ത്രണം നീക്കുകയും 14 തവണ തുടരെ പെട്രോള്‍വില വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഡീസല്‍വില ലിറ്ററിന് അഞ്ചുരൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. സബ്സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറായി കുറച്ചു.

രണ്ടാം യുപിഎയിലെ രണ്ടാമത്തെ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍നിന്ന് പുറത്തുപോയി, അവരുടെ മന്ത്രിമാര്‍ രാജിവച്ചു. എന്നിട്ടും പ്രധാനമന്ത്രിക്ക് ഒരു കുലുക്കവും ഉണ്ടായില്ല. സഖ്യത്തിലെ മറ്റൊരു പ്രമുഖ കക്ഷിയായ ഡിഎംകെ ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ പരസ്യമായി സമരംചെയ്യാന്‍ തയ്യാറായി. സര്‍ക്കാരിന് പുറമെനിന്ന് പിന്തുണ നല്‍കുന്ന സമാജ്വാദി പാര്‍ടിയും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു. ഇതൊക്കെയായിട്ടും ജനവിരുദ്ധനീക്കത്തില്‍നിന്ന് ഒരിഞ്ചുപോലും പിറകോട്ടുപോകാന്‍ മന്‍മോഹന്‍സിങ് തയ്യാറായില്ല. ലോക്സഭയില്‍ കോണ്‍ഗ്രസിന് 205 സീറ്റാണുള്ളത്. യുപിഎയ്ക്ക് മൊത്തം 260 മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷത്തിന് 272 വേണം. ലോക്സഭയില്‍ രണ്ടാം യുപിഎ സഖ്യത്തിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമാണ്. പുറമെനിന്നുള്ള പിന്തുണ പ്രതീക്ഷിച്ച് മാത്രമാണ് ഭരണം തുടരുന്നത്. ചെറുകിട വ്യാപാരമേഖലയില്‍ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കുത്തകകളെ ക്ഷണിച്ചുവരുത്താന്‍ ഇതോടൊപ്പം തീരുമാനിച്ചതാണ്. ഈ തീരുമാനത്തെയും തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തതാണ്. എന്നാല്‍, സഖ്യകക്ഷികളുടെ എതിര്‍പ്പല്ല, സാമ്രാജ്യത്വശക്തിയുടെ ഭീഷണിയും സമ്മര്‍ദവുമാണ് പ്രധാനമന്ത്രി വിലമതിക്കുന്നതെന്ന് സ്വന്തം നടപടിയിലൂടെ തെളിയിച്ചുകഴിഞ്ഞു.

അമേരിക്കയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇന്ത്യയിലെ നാലുകോടിയോളം ചെറുകിടവ്യാപാരികളെ തെരുവിലേക്ക് വലിച്ചെറിയാന്‍ ഇടവയ്ക്കുന്ന തീരുമാനം കൈക്കൊള്ളാന്‍ പ്രധാനമന്ത്രിക്ക് തെല്ലും മടിയുണ്ടായില്ല. ഇത്തരം ജനവിരുദ്ധ നടപടികളെ സഖ്യകക്ഷികളും പ്രതിപക്ഷവും ഒറ്റക്കെട്ടായി എതിര്‍ക്കുന്ന വേളയിലാണ് കൂടുതല്‍ ദേശദ്രോഹ- ജനവിരുദ്ധനയങ്ങള്‍ ധൃതിപിടിച്ച് നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെയാണ് സ്വകാര്യമേഖലയിലെ ഇന്‍ഷുറന്‍സ് ദേശസാല്‍ക്കരിക്കാന്‍ തയ്യാറായത്. ഇന്ദിര ഗാന്ധിയുടെ ഭരണത്തില്‍ത്തന്നെയാണ് 14 ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചതും ഇടതുപക്ഷം ഈ നടപടിക്ക് നിരുപാധിക പിന്തുണ നല്‍കിയതും. എന്നാല്‍, അതേ കോണ്‍ഗ്രസ്, നെഹ്റുവിന്റെ കാലത്ത് വളര്‍ത്തിയെടുത്ത പൊതുമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള വ്യഗ്രതയിലാണിപ്പോള്‍. ഇന്‍ഷുറന്‍സ് മേഖലയില്‍നിന്നുള്ള മൂലധനവും ലാഭവും ഇന്ത്യയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികളെ ഇന്നത്തെ രീതിയില്‍ വളര്‍ത്തിയെടുത്തത് ഈ മേഖലയില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ഏജന്റുമാരും ജീവനക്കാരുമാണ്. അവരെ അവജ്ഞയോടെ അവഗണിച്ചാണ് വിദേശകുത്തകകള്‍ക്ക് 49 ശതമാനം ഓഹരി നല്‍കാന്‍ തീരുമാനിച്ചത്. ഇന്‍ഷുറന്‍സ് ജീവനക്കാരും ഏജന്റുമാരും രാജ്യസ്നേഹികളായ ജനങ്ങളും സ്വകാര്യവല്‍ക്കരണനയത്തെ അടിമുടി എതിര്‍ക്കുന്ന ഘട്ടത്തിലാണ് എല്ലാവരെയും വെല്ലുവിളിച്ച് ഇത്തരം ഒരു നടപടിക്ക് മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറായത്. അതോടൊപ്പം തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രോവിഡന്റ് ഫണ്ടും ലാഭക്കൊതിയരായ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാന്‍ തയ്യാറായിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതം ചെറുതായി കാണാനാകില്ല. അമേരിക്കയില്‍ സാമ്പത്തികപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പെന്‍ഷന്‍ ഫണ്ട് നഷ്ടപ്പെട്ടതാണ്. പതിനായിരക്കണക്കിനു പെന്‍ഷന്‍കാര്‍ അതിന്റെ ദുരിതം നേരിട്ടനുഭവിച്ചതാണ്. ഈ അനുഭവം അവഗണിച്ചാണ് പെന്‍ഷന്‍ ഫണ്ട് ചൂതാട്ടക്കാര്‍ക്കായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. തൊഴില്‍ചെയ്ത് ജീവിച്ച കാലത്ത് കഷ്ടപ്പെട്ട് സ്വരൂപിച്ച സമ്പാദ്യമായ പ്രോവിഡന്റ് ഫണ്ട് മന്‍മോഹന്‍ സര്‍ക്കാരിന് ചൂതാടാനുള്ളതല്ല; വിദേശ കുത്തകകള്‍ക്ക് യഥേഷ്ടം കട്ടുമുടിക്കാനുള്ളതുമല്ല. ലോക്സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച് സ്വീകരിക്കുന്ന ഇത്തരം ജനവിരുദ്ധനയങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതൊക്കെ നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണം.

പണക്കാരുടെ സഹായത്തോടെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തട്ടിപ്പടച്ചുണ്ടാക്കിയ പാരമ്പര്യമാണ് നരസിംഹറാവുവിനും മന്‍മോഹന്‍സിങ്ങിനുമുള്ളത്. സാമ്രാജ്യത്വശക്തികളുടെ സ്വാധീനവും സഹായവും സമ്മര്‍ദവും ഉപയോഗിച്ച് ശതകോടീശ്വരന്മാരുടെ ഒത്താശയോടെ പാര്‍ലമെന്റിലെ ന്യൂനപക്ഷം ഭൂരിപക്ഷമാക്കി മാറ്റാന്‍ കഴിയുമെന്നാണ് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും കരുതുന്നതെങ്കില്‍ അവര്‍ നിരാശപ്പെടേണ്ടിവരും. മന്‍മോഹന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുത്താന്‍ കഴിയാവുന്നതൊക്കെ ചെയ്യുമെന്ന് പ്രതിപക്ഷകക്ഷികള്‍ മാത്രമല്ല, ഭരണസഖ്യത്തില്‍പ്പെട്ട പാര്‍ടികളും പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള യോജിപ്പ് ശക്തിപ്പെട്ടുവരികയാണ്. ജനങ്ങള്‍ തികച്ചും അസംതൃപ്തരാണ്. ജനരോഷം അനുദിനം ശക്തിപ്പെടുന്ന കാഴ്ചയാണ് എല്ലായിടത്തും കാണുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ അടങ്ങിയിരിക്കാന്‍ പോകുന്നില്ല.

ധനികര്‍ അധികാരം കൈയാളുന്ന, ധനികര്‍ക്കുവേണ്ടിയുള്ള, ധനികരുടെ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ പോകുന്ന ജനരോഷത്തില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കടപുഴകി വീഴുമെന്നതില്‍ സംശയം വേണ്ട. ചെറുകിട വ്യാപാരമേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതാനുള്ള, ഡീസല്‍, പാചകവാതകവില വര്‍ധിപ്പിക്കാനുള്ള, ഇന്‍ഷുറന്‍സ് മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറവയ്ക്കാനുള്ള, പെന്‍ഷന്‍ ഫണ്ട് കൊള്ളയടിക്കാനുള്ള അറുപിന്തിരിപ്പന്‍ നയങ്ങളില്‍നിന്ന് മന്‍മോഹന്‍ സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാകൂ. അതാണ് ജനഹിതം. അത് മറന്നാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും.

*
ദേശാഭിമാനി മുഖപ്രസംഗം 06 ഒക്ടോബര്‍ 2012

Saturday, August 11, 2012

വിലക്കയറ്റവും ഭക്ഷ്യസുരക്ഷയും

അതിരൂക്ഷമായ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. എല്ലാത്തരം സാധനങ്ങളുടെയും വിലകള്‍ ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍, അസംസ്കൃത പദാര്‍ഥങ്ങള്‍, ഔഷധങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി സകലതിനും തീപിടിച്ച വില. കയ്യിലുള്ള പണം ഒന്നിനും തികയാത്ത നിസ്സഹായാവസ്ഥയിലാണ് ജനങ്ങള്‍. റിസര്‍വ് ബാങ്കിന്റെ കറന്‍സിനോട്ടുകള്‍ വെറും കടലാസുകഷണങ്ങളായി മാറുന്നു. നൂറുരൂപ മാറിയാല്‍ മണിക്കൂറുകള്‍ക്കകം തീരുന്ന നിലവിട്ട് അഞ്ഞൂറുരൂപ മാറിയാല്‍ മിനിറ്റുകള്‍ക്കകം തീരുന്ന സ്ഥിതി. കുറഞ്ഞ വരുമാനക്കാരും നിശ്ചിത വരുമാനക്കാരുമാണ് ഏറ്റവും കഷ്ടപ്പെടുന്നത്. കടം വാങ്ങുകയല്ലാതെ അവര്‍ക്കുമുന്നില്‍ മാര്‍ഗങ്ങളില്ല. അതല്ലെങ്കില്‍ കുറച്ചുമാത്രം സാധനങ്ങള്‍ വാങ്ങി മുണ്ടുമുറുക്കിയുടുത്ത് ജീവിക്കണം.

കെട്ടിടനിര്‍മാണമുള്‍പ്പെടെയുള്ള നിര്‍മാണമേഖല സ്തംഭനത്തിലാണ്; തൊഴിലാളികള്‍ക്കാകട്ടെ ജോലിയുമില്ല. ദാരിദ്ര്യരേഖയെ നിര്‍വചിച്ചിട്ടുള്ളത് നിശ്ചിത ഭക്ഷ്യഊര്‍ജം കിട്ടാന്‍വേണ്ട ഭക്ഷണത്തിനുള്ള തുക എന്നാണല്ലോ. ഗ്രാമങ്ങളില്‍ പ്രതിദിനം 22.42 രൂപയും പട്ടണങ്ങളില്‍ 28.35 രൂപയുമാണ് ദാരിദ്ര്യരേഖ. ഇത്രപോലും പ്രതിദിനവരുമാനമില്ലാത്ത പരമദരിദ്രരാണ് 35.46 കോടി ഇന്ത്യക്കാര്‍. അതായത് ജനസംഖ്യയുടെ 29.8 ശതമാനം. ഇത്ര വരുമാനമോ അതിനേക്കാള്‍ കുറച്ചു കൂടുതലോ ഉള്ളവരും ദരിദ്രര്‍തന്നെയാണ്. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനും രാജ്യം പുരോഗമിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നതിനുമാണ് ദാരിദ്ര്യരേഖ താഴ്ത്തി വരയ്ക്കുന്നത്. പ്രതിദിന ഉപഭോക്തൃചെലവ് സംബന്ധിച്ച് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനറിപ്പോര്‍ട്ട് ആഗസ്ത് ഒന്നിന് പുറത്തുവന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. അങ്ങേയറ്റം ദരിദ്രരായ പത്തുശതമാനം ഗ്രാമീണരുടെ പ്രതിദിനവരുമാനം 16.78 രൂപയും പട്ടണത്തിലുള്ളവരുടേത് 23.40 രൂപയുമാണ്. ഗ്രാമങ്ങളിലെ പകുതി ജനങ്ങള്‍ പരമദരിദ്രരാണ്. വിലക്കയറ്റം ഭക്ഷ്യലഭ്യത കുറയ്ക്കും. ദരിദ്രര്‍ പരമദരിദ്രരുടെ പട്ടികയിലേക്ക് എറിയപ്പെടും; ദാരിദ്ര്യരേഖയ്ക്കുമുകളിലുള്ളവര്‍ ദരിദ്രരുടെ പട്ടികയിലേക്കും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് മുന്നോട്ടല്ല, പിന്നോട്ടാണ്.

2004-05 മുതല്‍ 2010-11വരെ ആറുവര്‍ഷത്തെ ശരാശരി വാര്‍ഷിക വളര്‍ച്ച നിരക്ക് 8.7 ശതമാനമായിരുന്നു. 2011-12ല്‍ കേവലം 6.5 ശതമാനമായി ഇടിഞ്ഞു. 2011 മാര്‍ച്ചില്‍ അവസാനിച്ച മൂന്നുമാസം കൈവരിച്ചത് 5.2 ശതമാനം വളര്‍ച്ചമാത്രം. ദേശീയ വരുമാന വളര്‍ച്ചനിരക്ക് ഇടിയാനുള്ള കാരണങ്ങളിലൊന്ന് വിലക്കയറ്റമാണ്. എത്ര വെട്ടിക്കുറച്ചാലും അരിഭക്ഷണം ഉപേക്ഷിക്കാനാവില്ലല്ലൊ. ഒരു ഗ്രാമീണ കുടുംബം അല്ലെങ്കില്‍ പട്ടണത്തിലെ കുടുംബം കിലോഗ്രാമിന് 32 രൂപക്ക് അരി വാങ്ങിയാല്‍ അവശേഷിക്കുന്നത് എത്രയെന്ന് ആലോചിച്ചാല്‍ മതി.

വിലക്കയറ്റം വ്യവസായ- സേവന ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയ്ക്കും. ആ മേഖലയില്‍ ഉല്‍പ്പാദനം നടത്തിയിട്ട് ഫലമില്ലെന്നുവരും. സ്വാഭാവികമായും നിക്ഷേപം ചുരുക്കും. ഒപ്പം തൊഴിലവസരങ്ങളും ചുരുങ്ങും. ഭക്ഷ്യസാധനങ്ങളുടെ മാത്രമല്ല, അസംസ്കൃതവസ്തുക്കളുടെയും എല്ലാവിധ നിര്‍മാണസാമഗ്രികളുടെയും വിലകള്‍ ഉയരുകയാണ്. ഇത് ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിക്കും. നിക്ഷേപം ലാഭകരമല്ലാതാകും. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂലധനിക്ഷേപനിരക്കാണ് 2011-12ല്‍ രേഖപ്പെടുത്തിയത്. 29.75 ശതമാനം. 2007-08ല്‍ അത് 32.9 ശതമാനമായിരുന്നു. അവിടെനിന്നാണ് 29.75ലേക്ക് താഴ്ന്നത്. ദേശീയവരുമാനത്തിന്റെ ചെറിയൊരു ഭാഗംമാത്രമേ നിക്ഷേപമായി മാറുന്നുള്ളൂ. വരുംവര്‍ഷങ്ങളില്‍ ഉല്‍പ്പാദനവും തൊഴിലും ഗണ്യമായി ഇടിയുമെന്നതിന് വേറെന്തു തെളിവാണ് വേണ്ടത്?

കാര്‍ഷിക വളര്‍ച്ച ഇപ്പോള്‍ത്തന്നെ മുന്‍വര്‍ഷത്തെ ഏഴ് ശതമാനത്തില്‍നിന്ന് 2.8 ശതമാനമായും വ്യവസായ വളര്‍ച്ച 7.6 ശതമാനത്തില്‍നിന്ന് 2.5 ശതമാനമായും ഇടിഞ്ഞിരിക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ നല്‍കുന്ന കണക്കുകളാണിവ. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടത്തുന്ന ശ്രമങ്ങള്‍ ഫലം തരുന്നില്ലെന്നുമാത്രമല്ല വിപരീതഫലം സൃഷ്ടിക്കുകയുംചെയ്യുന്നു. പലിശനിരക്ക് (റിപ്പോനിരക്ക്) നിരന്തരമായി ഉയര്‍ത്തിയാണ് ബാങ്ക് വായ്പയുടെ അളവ് ചുരുക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. റിസര്‍വ് ബാങ്ക് നിസ്സഹായമാണെന്നും പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരാണെന്നും ഏറ്റവും ഒടുവിലെ ധനയം വ്യക്തമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രസ്താവിച്ചു.

വായ്പയുടെ പലിശ ആകെ ഉല്‍പ്പാദനച്ചെലവിന്റെ ഭാഗമാണ്. പലിശനിരക്ക് ഉയരുമ്പോള്‍ ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കും. ഈ സ്ഥിതി മറികടക്കാന്‍ വ്യവസായികള്‍ വിദേശവായ്പകളെ ആശ്രയിക്കുന്നു. കാരണം പലിശനിരക്ക് കുറവാണ്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ ആ രാജ്യങ്ങള്‍ പലിശനിരക്ക് ഗണ്യമായി വെട്ടിക്കുറച്ചുവരികയാണ്. പക്ഷേ, വിദേശവായ്പകള്‍ (കമേര്‍ഷ്യല്‍ വായ്പകള്‍) രാജ്യത്തിന്റെ കടഭാരം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം വിദേശകടത്തിന്റെ 30.2 ശതമാനം വിദേശ വായ്പകളാണ്. വായ്പ ലഭിക്കുന്നത് ഡോളറിലോ മറ്റ് വിദേശകറന്‍സികളിലോ ആണ്. വായ്പ വര്‍ധിക്കുമ്പോള്‍ ഡോളറിന് ആവശ്യമുയരും. കൂടുതല്‍ രൂപ കൊടുത്താലേ ഡോളര്‍ കിട്ടൂവെന്നു വരും. രൂപയുടെ മൂല്യമിടിയും. രൂപയുടെ മൂല്യത്തകര്‍ച്ച, ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കും. ഇറക്കുമതിക്കൊപ്പം കയറ്റുമതിയും ഉയരുന്നില്ലെങ്കില്‍ (ഉയരുകയില്ല, കാരണം, ആഗോള സാമ്പത്തിക പ്രതിസന്ധി), വ്യാപാരകമ്മി താങ്ങാനാവാത്തവിധം ഉയരും. ഇന്ത്യയുടെ വ്യാപാരകമ്മി ഏറ്റവും ഉയര്‍ന്നതോതില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതംമൂലമാണ് ദേശീയവരുമാനം ഇടിഞ്ഞതെന്ന് വാദിക്കാം. അമേരിക്കയിലേക്കും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി നടത്തുന്നത്. കയറ്റുമതിയുടെ തോത് ഇടിഞ്ഞിരിക്കുന്നു. എന്നാല്‍, ദേശീയവരുമാനം ഇടിഞ്ഞതിന്റെ മുഖ്യകാരണം ആഭ്യന്തരകമ്പോളം വിപുലപ്പെടാത്തതാണ്. കൃഷിചെയ്യാന്‍ കൃഷിഭൂമിയോ തൊഴിലോ ബഹുഭൂരിപക്ഷത്തിനും ഇല്ലാത്തതാണ് ആഭ്യന്തര കമ്പോളം ചുരുങ്ങുന്നതിനുള്ള കാരണം.

ദേശീയ വരുമാന വളര്‍ച്ചനിരക്ക് കുറഞ്ഞ നിലയില്‍ (സ്റ്റാഗ്നേഷന്‍) തുടരുമ്പോള്‍ മറുവശത്ത് വിലക്കയറ്റം സകലസീമകളും ലംഘിച്ച് വളരുന്നു (ഇന്‍ഫ്ളേഷന്‍). രണ്ടും ചേര്‍ന്ന സ്റ്റാഗ്ഫ്ളേഷനാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്നത്. രണ്ടും സാധാരണക്കാരുടെ നില പരുങ്ങലിലാക്കുന്നു. വേണ്ടത്ര മഴ ലഭിക്കാത്തത് കാര്‍ഷികോല്‍പ്പാദനത്തെ പിന്നോട്ടടിക്കുമെന്ന ആശങ്ക റിസര്‍വ് ബാങ്ക് അതിന്റെ ധനയം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നുണ്ട്. കാര്‍ഷികോല്‍പ്പാദനത്തിലെ ഇടിവ് ഭക്ഷ്യവിലകള്‍ ഇനിയുമുയര്‍ത്തും; കാര്‍ഷിക അസംസ്കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം വ്യവസായ വളര്‍ച്ചയെ തളര്‍ത്തുകയുംചെയ്യും. ഇതിനെതിരായ മുന്‍കരുതല്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ദുരിതകാലത്തേക്കു വാങ്ങി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

എന്നാല്‍, മറിച്ചാണ് സര്‍ക്കാരിന്റെ പ്രവൃത്തി. 2011-12ല്‍ മുന്‍വര്‍ഷത്തെ ഏഴ് ശതമാനത്തില്‍നിന്ന് കാര്‍ഷികോല്‍പ്പാദനം 2.8 ശതമാനമായി ഇടിഞ്ഞെങ്കിലും അരിയുടെയും ഗോതമ്പിന്റെയും വിളവ് മെച്ചമായിരുന്നു. 25.7 ടണ്‍ അരിയും ഗോതമ്പും ഉല്‍പ്പാദിപ്പിച്ചു. താങ്ങുവില നല്‍കി എഫ്സിഐ മുഖേന സമാഹരിച്ച ഭക്ഷ്യധാന്യത്തിന്റെ നല്ലൊരുഭാഗം സംഭരിച്ചുസൂക്ഷിക്കാന്‍ ഇടമില്ലാതെ കാറ്റിലും മഴയിലും നശിക്കുകയാണ്. പട്ടിണിക്കാര്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായോ വിതരണംചെയ്യാത്തതെന്തെന്ന ചോദ്യം സാധാരണക്കാരുടേത് മാത്രമല്ല; സുപ്രീംകോടതി ചോദിച്ചതും ഇതേ ചോദ്യമാണ്. സര്‍ക്കാരിന് പക്ഷെ മറുപടിയില്ല. അപ്രകാരം വിതരണംചെയ്യുമ്പോള്‍ നഷ്ടം സബ്സിഡിയായി സര്‍ക്കാര്‍ വഹിക്കണം. അതിന് സര്‍ക്കാരിന് സമ്മതമല്ല.

പകരം സ്വീകരിക്കുന്ന മാര്‍ഗമാണ് ഏറെ ഗര്‍ഹണീയം. താങ്ങുവില നല്‍കി സംഭരിച്ച അരിയും ഗോതമ്പും സബ്സിഡി നല്‍കി കുറഞ്ഞവിലയ്ക്ക് മൊത്ത വ്യാപാരികള്‍ക്കും കയറ്റുമതിക്കാര്‍ക്കും കൈമാറുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ടണ്ണിന് 12750 രൂപയ്ക്ക് സംഭരിച്ച ഗോതമ്പ് കയറ്റുമതിക്കാര്‍ക്ക് നല്‍കുന്നത് 11700 രൂപയ്ക്കാണ്. നഷ്ടം സര്‍ക്കാര്‍ വഹിക്കും. ഇങ്ങനെ വാങ്ങുന്ന ഭക്ഷ്യധാന്യം വ്യാജകൃഷിക്കാരുടെ മേല്‍വിലാസത്തില്‍ താങ്ങുവിലയ്ക്കുതന്നെ സര്‍ക്കാരിന് വില്‍ക്കുന്നു. അല്ലെങ്കില്‍ കയറ്റുമതി വിപണി ലാഭകരമെങ്കില്‍ കയറ്റുമതിചെയ്യുന്നു. അതുമല്ലെങ്കില്‍ കയറ്റുമതി നടത്തിയതായി ഇറക്കുമതി പങ്കാളിയുമായി ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി ഇന്ത്യന്‍ കമ്പോളത്തില്‍ത്തന്നെ കരിഞ്ചന്ത വിലയ്ക്ക് വില്‍ക്കുന്നു.

ഭക്ഷ്യസുരക്ഷയെക്കുറിച്ച് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന നാള്‍മുതല്‍ സംസാരിക്കപ്പെടുന്നതാണ്. 2011 ഫെബ്രുവരിയില്‍ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ കരടുരൂപം പുറത്തിറക്കി. നീണ്ടുപോകുന്ന ചര്‍ച്ചകളല്ലാതെ ബില്‍ നിയമമാക്കുന്നതിന് ഒരു നീക്കവും നടത്തുന്നില്ല. 80 ശതമാനം ജനങ്ങള്‍ ദരിദ്രരാണെന്നതും അതില്‍ പകുതി ജനങ്ങള്‍ പരമദരിദ്രരാണെന്നതുമാണ് ഇന്ത്യന്‍ യാഥാര്‍ഥ്യം. ഇവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാകണം ലക്ഷ്യം. പക്ഷെ, നിര്‍ദേശിക്കപ്പെട്ട ബില്‍, ജനങ്ങളെ മൂന്നു തട്ടുകളായി തരംതിരിച്ച് ബഹുഭൂരിപക്ഷത്തിനും ഭക്ഷ്യസുരക്ഷ നിരസിക്കുന്നു. ഒഴിവാക്കപ്പെടുന്നവരാണ് ആദ്യത്തെ വിഭാഗം. ശേഷിക്കുന്നവരെ വീണ്ടും രണ്ടായി തിരിക്കുന്നു: മുന്‍ഗണനാ വിഭാഗവും പൊതുവിഭാഗവും.  മുന്‍ഗണനാവിഭാഗ കുടുംബങ്ങളിലാണ് കിലോഗ്രാമിന് 3 രൂപ നിരക്കില്‍ പ്രതിമാസം 35 കിലോ അരിക്ക് അര്‍ഹതയുണ്ടാകുക. പൊതുവിഭാഗം കുടുംബങ്ങള്‍ താങ്ങുവിലയുടെ അമ്പതുശതമാനം വില നല്‍കണം. താങ്ങുവില ഉയര്‍ത്തുമ്പോള്‍, വിലയും കൂടും. ബിപിഎല്‍- എപിഎല്‍ ഭേദമില്ലാതെ എല്ലാ വിഭാഗം കുടുംബങ്ങള്‍ക്കും കിലോഗ്രാമിന് 2 രൂപ നിരക്കില്‍ അരി വിതരണംചെയ്ത എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തിലെ നിര്‍ദേശങ്ങള്‍.

പാവങ്ങള്‍ക്ക് സബ്സിഡി നല്‍കാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് ഭീമമായ ആനുകൂല്യങ്ങളാണ് വച്ചുനീട്ടുന്നത്. കേന്ദ്ര സാമ്പത്തിക സര്‍വേ പ്രകാരം 2010-11ല്‍ ഭക്ഷ്യ സബ്സിഡി ഇനത്തില്‍ ചെലവായത് 62929 കോടി രൂപയാണ്. അക്കൊല്ലം കോര്‍പറേറ്റുകള്‍ക്ക് മാത്രമായി നല്‍കിയത് 88263 കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. ആകെ നല്‍കപ്പെട്ട പ്രത്യക്ഷ നികുതി ഇളവാകട്ടെ 1,38,921 കോടി രൂപയും.

വ്യവസ്ഥിതിയുടെ ഉല്‍പ്പന്നമാണ് വിലക്കയറ്റം. ഉല്‍പ്പാദനവും വിതരണവും കൈയാളുന്നവര്‍ വില നിശ്ചയിക്കും. ഉല്‍പ്പാദനവും വിതരണവും സര്‍ക്കാര്‍ കൈയാളുന്ന വ്യവസ്ഥയില്‍, വില നിയന്ത്രണാധികാരം സര്‍ക്കാരിനായിരിക്കും. സ്വകാര്യ വിപണിയാണ് കൈയാളുന്നതെങ്കില്‍, മുതലാളികള്‍ വില നിയന്ത്രിക്കും. സബ്സിഡികള്‍ വെട്ടിച്ചുരുക്കിയും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയും വില നിര്‍ണയാവകാശം സ്വകാര്യമേഖലയ്ക്ക് കൈമാറിയും ഊഹവ്യാപാരത്തെ പ്രോത്സാഹിപ്പിച്ചും സ്വതന്ത്ര കമ്പോളവ്യവസ്ഥ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഈ നടപടികളാണ് വിലക്കയറ്റം സൃഷ്ടിക്കുന്നതും രൂക്ഷമാക്കുന്നതും. സര്‍ക്കാര്‍ ഇടപെടല്‍ ശക്തിപ്പെടുത്തുകയാണ് വിലനിയന്ത്രണത്തിനുള്ള വഴി.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 11 ആഗസ്റ്റ് 2012

Sunday, June 10, 2012

മാധ്യമങ്ങള്‍ യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നത്

പെട്രോളിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിന്റെ പിറ്റേദിവസത്തെ മലയാളത്തിലെ പ്രധാനപത്രം എടുത്തുനോക്കി. സ്വാഭാവികമായും അന്നത്തെ ലീഡ് വാര്‍ത്ത അതായിരിക്കണമല്ലോ. കാരണം ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, കണക്കുകൂട്ടല്‍ തെറ്റി. ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതക അന്വേഷണം തന്നെ അന്നും ലീഡ്. പെട്രോള്‍ വില വര്‍ധനയുടെ വാര്‍ത്ത പേരിന് ഒന്നില്‍ നല്‍കിയിട്ടുണ്ട്. അതു വായിച്ചാല്‍ എണ്ണക്കമ്പനികളുടെ മാത്രം തീരുമാനമാണ് വില വര്‍ധനയിലേക്ക് നയിച്ചതെന്ന് തോന്നിപ്പോകും. പെട്രോള്‍ സംബന്ധിയായ വാര്‍ത്തകള്‍ ആ പത്രത്തിന് വലിയ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് എന്നു തെറ്റിദ്ധരിക്കേണ്ടതില്ല. ഇത് എഴുതുന്ന ദിവസം അതേ പത്രത്തിന്റെ ലീഡ് പെട്രോളിന്റെ വര്‍ധിപ്പിച്ച വിലയില്‍ ചെറിയ കുറവ് വരുത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന പ്രഖ്യാപിക്കുന്നത് ലീഡ് വാര്‍ത്തയാകാത്തതും അതില്‍ വരുത്താന്‍ പോകുന്ന ചെറിയ കുറവ് ലീഡായി നിറഞ്ഞുനില്‍ക്കുന്നതുമാണ് മഹത്തായ പത്രധര്‍മം. കുറവ് വരുത്തുന്ന വാര്‍ത്ത വായിച്ചാല്‍ പിന്നെയും അത്ഭുതപ്പെട്ടുപോകും. കുറയ്ക്കുന്നതിനുള്ള തീരുമാനം വൈകാന്‍ കാരണം പ്രതിപക്ഷത്തിന്റെ സമരമാണത്രേ. നിഷ്പക്ഷതയ്ക്ക് പുതിയ അര്‍ഥം ശബ്ദതാരാവലിയില്‍ ഉള്‍പ്പെടുത്തേണ്ടിവരും!

മാധ്യമങ്ങളുടെ വാര്‍ത്ത തെരഞ്ഞെടുക്കലിന്റെ അരിപ്പകളെക്കുറിച്ച് നോം ചോംസ്കി വിശദീകരിച്ചിട്ടുണ്ട്. മലയാളത്തിലെ മിക്കവാറും മാധ്യമങ്ങള്‍ അതിലൊന്നിനെയാണ് അരിച്ചെടുക്കുന്നതിനായി ഉപയോഗിക്കുന്നത്. അത് കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ഇതിനുള്ള അവസരമായി ഉപയോഗിക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ നേരത്തെ ഈ കോളത്തില്‍ എഴുതിയിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്. അതിനു പറ്റുന്ന രീതിയിലാണ് അന്വേഷണം നടക്കേണ്ടത്. എന്നാല്‍, ഇവിടെ ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. എല്ലാ മര്യാദകളും ലംഘിച്ചാണ് ഈ വേട്ടയാടല്‍ നടക്കുന്നത്. സിപിഐ എമ്മിന്റെ ഏരിയാ സെക്രട്ടറി സിഎച്ച് അശോകന്‍ കുറ്റം സമ്മതിച്ചെന്ന് മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയാക്കി. എന്നാല്‍, ഈ വാര്‍ത്ത നല്‍കുന്ന സമയത്ത് ചോദ്യം ചെയ്യല്‍ പോലും തുടങ്ങിയിട്ടില്ലെന്ന് ചില മാധ്യമങ്ങള്‍ വ്യക്തമാക്കി. അത് എന്തുമാകട്ടെ അശോകന്റെ നിലപാടാണല്ലോ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

തങ്ങള്‍ നല്‍കിയ വാര്‍ത്തയ്ക്ക് വസ്തുതയുമായി പുലബന്ധം പോലുമില്ലെന്ന് തെളിഞ്ഞ മാധ്യമങ്ങള്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നു സമ്മതിച്ചില്ല. നേരത്തെ നല്‍കിയ വാര്‍ത്തകള്‍, പുതിയ വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ മുങ്ങിപ്പോകുമെന്ന് മാധ്യമങ്ങള്‍ക്ക് നന്നായിട്ടറിയാം. മറവികള്‍ക്കെതിരായ ഓര്‍മകളുടെ വീണ്ടെടുക്കലിന്റെ സമരത്തെ മിലന്‍ കുന്ദേര ഓര്‍മിപ്പിച്ചത് ഇവിടെയും പ്രസക്തം. സിപിഐ എമ്മിനെതിരായ മാധ്യമനിര്‍മിതികളായ എത്രയെത്ര വിവാദങ്ങളാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കെട്ടിപ്പൊക്കിയത്. അതില്‍ പ്രധാനം ലാവ്ലിന്‍ കേസ് തന്നെയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നതില്‍ വലിയ മത്സരത്തോടെയാണ് വര്‍ഷങ്ങളോളം മാധ്യമങ്ങള്‍ നിര്‍മിത കഥകള്‍ നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍, പിണറായി അഴിമതിയൊന്നും നടത്തിയിട്ടില്ലെന്നും സാമ്പത്തികമായി ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും സിബിഐ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിനെ തമസ്കരിക്കുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്തു.

കവിയൂര്‍, കിളിരൂര്‍ വിവാദം മറന്നിട്ടില്ലല്ലോ. വിഐപി വിവാദം ഉയര്‍ത്തി മാധ്യമങ്ങള്‍ പികെ ശ്രീമതി ടീച്ചറെയും മറ്റു നേതാക്കളെയും വേട്ടയാടി. ശ്രീമതി ടീച്ചറും ജോസഫൈനും ഒന്നിച്ചാണ് ഐസിയുവില്‍ സംസാരിക്കാന്‍പോലും കഴിയാതെ കിടക്കുന്ന കുട്ടിയെ കണ്ടതെന്ന വസ്തുത ഒരിക്കല്‍പ്പോലും മാധ്യമങ്ങള്‍ നല്‍കിയില്ല. ഒടുവില്‍ സിബിഐ തന്നെ വിഐപി സാന്നിധ്യം തള്ളിക്കളഞ്ഞു. മുത്തൂറ്റ് പോള്‍ വധത്തില്‍ ശരിയായി നടക്കുന്ന അന്വേഷണത്തില്‍ മാധ്യമങ്ങള്‍ ഇടപെട്ടു. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരിയുടെ മകനെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചിരുന്ന രണ്ടു ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നും ഇവരെ സിപിഐ എം ബന്ധം കാരണം പൊലീസ് സംരക്ഷിക്കുന്നുവെന്നുമായിരുന്നു പ്രചാരവേല. ഒടുവില്‍ പൊലീസ് അവരെയും പ്രതിയാക്കി. പിന്നീട് അന്വേഷണം കോടതി സിബിഐക്ക് വിട്ടു. ഒടുവില്‍ സിബിഐ അന്വേഷണം കഴിഞ്ഞപ്പോള്‍ പൊലീസ് പ്രതിയാക്കിയ ഗുണ്ടകള്‍ സിബിഐയുടെ അന്വേഷണത്തില്‍ പ്രതികളേ അല്ല. ഈ പ്രശ്നത്തില്‍ മാസങ്ങളോളം സിപിഐ എമ്മിനെയും പാര്‍ടി നേതാക്കളെയും വേട്ടയാടിയ മാധ്യമങ്ങള്‍ തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞില്ല. ഇത്രമാത്രം ഉത്തരവാദിത്ത രഹിതമായി വേട്ടയാടല്‍ നടത്തുന്ന മാധ്യമരീതി ഒരുപക്ഷേ കേരളത്തില്‍ മാത്രമേ കാണുകയുള്ളൂ. കള്ളിവെളിച്ചത്താകുമ്പോള്‍ മര്‍ഡോക്ക് വരെ ഏറ്റു പറഞ്ഞെന്നുവരും. എന്നാല്‍, നമ്മുടെ മാധ്യമങ്ങളില്‍നിന്നും അതു പ്രതീക്ഷിക്കേണ്ട.

സാംസ്കാരികലോകത്തിന്റെ നിശ്ശബ്ദതയെക്കുറിച്ച് വിലാപങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അതു നടത്തിയവര്‍ തന്നെ സ്വയം സംഘടിപ്പിച്ചെടുത്ത പ്രതികരണങ്ങള്‍ ദിവസങ്ങളോളം വിളമ്പി. എന്നാല്‍, പ്രശസ്തനായ ഒരു കവി എഴുതിയ ലേഖനത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ കവിതയുടെ പ്രസിദ്ധീകരണം തന്നെ നിര്‍ത്തലാക്കിയ സാംസ്കാരിക ഫാസിസത്തെ ഇക്കൂട്ടര്‍ വാഴ്ത്തിപ്പാടി. അതുമാത്രമേ ഇവരില്‍നിന്നും പ്രതീക്ഷിക്കാവൂ. മഹാശ്വേതാദേവിയും സംഘവും കഷ്ടപ്പെട്ട് അധികാരത്തില്‍ കൊണ്ടുവന്ന മമത ബാനര്‍ജി നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമാണല്ലോ ചാനല്‍ ചര്‍ച്ചയില്‍ ചോദ്യം ചോദിച്ചവര്‍ക്കെതിരെ വരെ കേസെടുക്കുന്നതില്‍ കണ്ടത്. തനിക്ക് ഇ-മെയിലില്‍ വന്ന ഒരു കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്തതിന് ലോക്കപ്പിലും ജയിലിലും കഠിനമര്‍ദനം ഏറ്റുവാങ്ങേണ്ടിവന്ന കോളേജ് പ്രൊഫസറുടെ അനുഭവത്തെയും വിശാല ജനാധിപത്യമായി ഇവര്‍ പാടിപ്പുകഴ്ത്തുമായിരിക്കും!

അടുത്തിടെ ഇടുക്കിയില്‍ കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ട അനീഷ് രാജനെക്കുറിച്ച് എന്തേ ഈ മാധ്യമങ്ങള്‍ എഴുതാത്തത്. ഈ കേസിലെ പ്രതികളെ പിടിക്കാത്തതിനെക്കുറിച്ച് ഒരു വാക്കുപോലും മാധ്യമങ്ങളില്‍ വരുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രചാരവേല നടത്തുന്നവര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന നിശ്ശബ്ദതയാണോ നിഷ്പക്ഷത? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ഗവേഷണം നടത്തി പരമ്പരയും സീരിയലുമാക്കുന്നവര്‍ കേരളത്തില്‍ കൊല്ലപ്പെട്ട ഏക എംഎല്‍എയായ കുഞ്ഞാലിയെക്കുറിച്ച് പറയാന്‍ മടിക്കുന്നു. ആ കൊലക്കേസില്‍ പ്രതിയായിരുന്നയാളെ മന്ത്രിസഭയില്‍ ഒപ്പം ഇരുത്തി ഉമ്മന്‍ചാണ്ടി നടത്തുന്ന വര്‍ത്തമാനങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ ഈ കപടമുഖം തുറന്നുകാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

*
പി രാജീവ്