Tuesday, February 12, 2013

കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ കറുത്തനാളുകള്‍

ഭാരതം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ കക്ഷികളും മുന്നണികളും പ്രതിനിധാനം ചെയ്യുന്ന നയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയും ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയും തമ്മില്‍ സാമ്പത്തിക നയങ്ങളില്‍ മൗലികമായി യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇല്ലെന്ന് മാത്രമല്ല യോജിപ്പിലുമാണ്. തൊള്ളായിരത്തി തൊണ്ണൂറുകള്‍ മുതല്‍ നടപ്പിലാക്കിയ, പ്രത്യേകിച്ച് ഡോ. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തികനയം രാജ്യത്തെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു? ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവുമാണ് പുത്തന്‍ സാമ്പത്തികനയത്തിന്റെ കാതല്‍.

അതിവേഗവികസനത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങള്‍ ചൈനയും ഇന്ത്യയും ആയിരിക്കുമെന്നാണ് അടുത്തകാലം വരെ നമ്മുടെ ഭരണകര്‍ത്താക്കളും അവരുടെ സ്തുതിപാടകരായ സാമ്പത്തിക വിദഗ്ധരും പറഞ്ഞിരുന്നത്. അന്താരാഷ്ട്ര നാണയനിധിയുടെ ഇപ്പോള്‍ പുറപ്പെടുവിച്ച കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനമായി കുറഞ്ഞിരിക്കുന്നു. അതേസമയം ലോകത്തെ ഏറ്റവും വളര്‍ച്ചാനിരക്കുള്ള രാജ്യമെന്ന സ്ഥാനം ചൈന നിലനിര്‍ത്തി. ചൈനയുടെ വളര്‍ച്ചാനിരക്ക് 7.8 ശതമാനമാണ്. ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ വികസനമല്ല മറിച്ച് മൊത്ത ആഭ്യന്തര ഉല്‍പാദന (ജി ഡി പി)ത്തിന്റെ വളര്‍ച്ചാനിരക്കാണ് വികസനത്തിന്റെ മാനദണ്ഡമെന്നാണ് ഇതുവരെ യു പി എ സര്‍ക്കാര്‍ മേന്‍മ നടിച്ചിരുന്നത്. അന്താരാഷ്ട്ര നാണയനിധിയുടെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചാനിരക്ക് സമീപ രാജ്യങ്ങളെക്കാളും തെക്ക് - കിഴക്കന്‍ രാജ്യങ്ങളെക്കാളും പുറകിലാണ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച അഞ്ച് ശതമാനമാണ്.

വളര്‍ച്ചാനിരക്കിലെ കുറവ് മാത്രമല്ല യു പി എ നേരിടുന്ന പ്രശ്‌നം. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമായിക്കൊണ്ടിരിക്കുന്നു. ഇത് ഇടതുപക്ഷമോ ഭരണത്തെ എതിര്‍ക്കുന്നവരോ മാത്രമല്ല, ഭരണപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ വരെ പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇ ബാലാനന്ദന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാലാനന്ദന്‍ സ്മാരക പ്രഭാഷണത്തില്‍ ഐ എന്‍ ടി യു സി പ്രസിഡന്റ് സജ്ഞീവ റെഡ്ഢി, യു പി എ തുടരുന്ന നയങ്ങള്‍ ജനജീവിതം ദുസഹമാക്കിയെന്ന് തുറന്നടിച്ചിരിക്കുന്നു. ഈ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 20, 21  തീയതികളില്‍ അഖിലേന്ത്യാ പണിമുടക്കമെന്നും അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയനുകളുടെ ദ്വിദിന പണിമുടക്കിനെ തമസ്‌കരിക്കാനാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ കോണ്‍ഗ്രസ് ചിറക്കല്‍ ബ്ലോക്ക് സമ്മേളനത്തില്‍ നടത്തിയ പ്രസംഗവും ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാരിലും കോണ്‍ഗ്രസിലും ശക്തമായ നേതൃത്വത്തിന്റെ അഭാവം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിന്റെ എഫിഷ്യന്‍സികൊണ്ടോ ഡൈനാമിസം കൊണ്ടോ അല്ല എതിരാളികള്‍ ശക്തരായതുകൊണ്ടാണ് പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തിന് എഫിഷ്യന്‍സിയോ ഡൈനാമിസമോ ഇല്ലെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം തികഞ്ഞ പരാജയമാണ്.
രാജ്യം ഇന്നൊരു സാമ്പത്തിക പ്രതിസന്ധിയിലാണ്. വിദേശവ്യാപാര രംഗം ആഴമേറിയൊരു കുഴപ്പത്തില്‍ ചെന്നുപ്പെട്ടിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കയറ്റുമതിയില്‍ 5.95 ശതമാനം കുറവ് വന്നതായിട്ടാണ് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ കാലയളവില്‍ വ്യാപാരകമ്മി 129.5  ബില്യണ്‍ ഡോളറാണ്. (ദി ഹിന്ദു ബിസിനസ് ലൈന്‍ ഡിസംബര്‍ 27). രാജ്യത്തിന്റെ വ്യാപാരകമ്മി ആദ്യമായി ജി ഡി പിയുടെ 5.4 ശതമാനമായി വര്‍ധിച്ചു. രാജ്യത്ത് ആദ്യമായി വ്യാപാരകമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ച് ശതമാനത്തില്‍ അധികരിച്ചു. രാജ്യം നടപ്പിലാക്കുന്ന നയങ്ങളുടെയും ഭരണത്തിന്റെ പിടിപ്പുകേടും മൂലമാണ് ഇതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാവും. വ്യാപാരകമ്മി വര്‍ധിച്ചതിന്റെ കാരണം എണ്ണയുടെയും പാചകവാതകത്തിന്റെയും സ്വര്‍ണത്തിന്റെയും അനിയന്ത്രിതമായ ഇറക്കുമതിയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാന്‍ ഇറക്കുമതി തീരുവ നാല് ശതമാനം വര്‍ധിപ്പിച്ചു. എന്നിട്ടും ഇറക്കുമതി കുറയുന്നില്ലെന്ന് മാത്രമല്ല കള്ളക്കടത്ത് വര്‍ധിക്കുകയും ചെയ്യുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ കഴിയാത്തത് ഭരണത്തിന്റെ പരാജയമാണ്.

ഇറക്കുമതിയില്‍ ഏറ്റവും പ്രധാനം എണ്ണയും പാചകവാതകവുമാണ്. ഇന്ത്യയില്‍ എണ്ണയും പാചകവാതകവും ഇല്ലേ? ഇത് ഖനനം ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതില്‍ യു പി എ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്യുന്നതിന് ലൈസന്‍സ് നല്‍കിയ 52 ബ്ലോക്കുകളില്‍ ഇതുവരെ യാതൊരുവിധ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല എന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഖനനത്തിന് പ്രതിരോധ വകുപ്പ്, പരിസ്ഥിതി മന്ത്രാലയം, ബഹിരാകാശ വകുപ്പ്, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവയുടെ അനുമതിയും അംഗീകാരവും വേണം.

ഇപ്പോള്‍ ലൈസന്‍സ് നല്‍കിയ 52 ബ്ലോക്കുകള്‍ക്കും ഈ വകുപ്പുകളുടെയെല്ലാം അനുവാദം കിട്ടിയിട്ടും ഖനനം നടത്താന്‍ റിലയന്‍സും ഒ എന്‍ ജി സിയുമെല്ലാം കാത്തു നില്‍ക്കുകയാണ്. അതേസമയം എണ്ണയും പാചകവാതകവും ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതി വര്‍ധിക്കുമ്പോള്‍ വിലയും കൂടിയിരിക്കും. ഭരണം നടത്തുന്നവരുടെ നിരുത്തരവാദപരമായ നടപടിയാണ് ലൈസന്‍സ് നല്‍കിയത്, ഖനനം നടത്താന്‍ അനുവദിക്കാതിരിക്കുന്നത്. അല്ലെങ്കില്‍ ഇതിന് പിന്നില്‍ എന്തോ ഗൂഢലക്ഷ്യമുണ്ട്.

രാജ്യത്ത് എണ്ണനിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയ 113 ബ്ലോക്കുകളില്‍ ആറ് എണ്ണത്തില്‍ മാത്രമേ ഉല്‍പാദനം ആരംഭിച്ചിട്ടുള്ളൂവെന്ന് ഫെബ്രുവരി രണ്ടിലെ ദി ഹിന്ദു ബിസിനസ് ലൈന്‍ വെളിപ്പെടുത്തുന്നു. ഈ മേഖലയില്‍ കൂടുതല്‍ വ്യാപകമായ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എണ്ണ നിക്ഷേപം കണ്ടെത്താനാവും. രാജ്യത്ത് എണ്ണനിക്ഷേപം കണ്ടെത്തി ഖനനം നടത്താന്‍ നടപടി സ്വീകരിക്കാതെ ഇറക്കുമതി ചെയ്യാനും നിലവിലുള്ള സബ്‌സിഡികള്‍ ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ജനങ്ങളോടുള്ള അവഗണനയുടെ ഉദാഹരണമാണ്.

രാജ്യത്തെ സാധാരണക്കാര്‍ വിലക്കയറ്റം കൊണ്ടും യാത്രാകൂലി വര്‍ധനമൂലവും വീര്‍പ്പു മുട്ടിയിരിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയാധികാരം എണ്ണകമ്പനികള്‍ക്ക് നല്‍കി. ഡീസലിന്റെ വില മാസംതോറും വര്‍ധിപ്പിക്കാനും മൊത്തമായി ഡീസല്‍ വാങ്ങുന്നവര്‍ക്ക് 11 രൂപക്ക് മേലെ വിലവര്‍ധിപ്പിക്കാനും അനുവാദം നല്‍കി. ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. റയില്‍വേ യാത്രാകൂലി ഇനിയും വര്‍ധിക്കും. ചരക്ക് കൂലിയും വര്‍ധിക്കും. ലോറികളുടെ ചരക്ക് കൂലിയും വര്‍ധിക്കും.

വിലക്കയറ്റത്തിന്റെ കറുത്തനാളുകളാണ് വരാന്‍ പോകുന്നത്. ഇത്രയും ഗൗരവമേറിയ പ്രശ്‌നം പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ യു പി എ ഭരണമോ അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസോ തയാറായിട്ടില്ല. ശരിക്കും രാജ്യം ഭരിക്കാനുള്ള അവകാശം ഇവര്‍ക്കുണ്ടോ?

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 12 ഫെബ്രുവരി 2013

No comments: