Thursday, February 21, 2013

ആം ആദ്മി ബജറ്റില്‍ നയംമാറ്റം അനിവാര്യം

ബജറ്റ് അവതരിപ്പിക്കാറാകുമ്പോള്‍ സാധാരണ കാണപ്പെടാറുള്ള ആവേശം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഏറ്റവും മോശപ്പെട്ട ഒരു വര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ബജറ്റ് വരുന്നത്. ഈ ധനവര്‍ഷത്തെ ജിഡിപി വളര്‍ച്ചാനിരക്ക് ഉടനെ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെടും. എന്നാല്‍ എല്ലാ കണക്കുകളും കാണിക്കുന്നത്, അത് 6 ശതമാനത്തേക്കാള്‍ എത്രയോ കുറവായിരിക്കും എന്നാണ്. സമ്പദ്വ്യവസ്ഥയുടെ വന്‍തോതിലുള്ള മന്ദീകരണത്തിലേയ്ക്കാണ് ഇത് നയിയ്ക്കുന്നത്; അതോടൊപ്പം തന്നെ, സ്വാഭാവികമായ അനന്തരഫലങ്ങളായ ഉയര്‍ന്ന നിരക്കിലുള്ള തൊഴിലില്ലായ്മയും താഴ്ന്ന നിലവാരങ്ങളിലുള്ള വരുമാനവും സംഭവിക്കുന്നു. എല്ലാവിധ ചരക്കുകളുടെയും (പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ) നിരന്തരമായ വിലക്കയറ്റം കാരണം ജനങ്ങളുടെ യഥാര്‍ത്ഥ വരുമാനം വലിയ തോതില്‍ ഇടിയുന്നത്, ഇതിനു പുറമെയാണ്. ഇത്തരം സാഹചര്യങ്ങളില്‍, കൂടുതല്‍ മെച്ചപ്പെട്ട ഉപജീവനമാര്‍ഗത്തിലേക്ക് നയിക്കുന്ന ചില ആശ്വാസ നടപടികള്‍ ഉണ്ടാകുമെന്ന് ജനങ്ങള്‍ ആശിക്കുന്നത് സ്വാഭാവികമാണ്.

എല്ലാ വികസിത രാജ്യങ്ങളിലെയും വളര്‍ച്ച കഴിഞ്ഞ പാദത്തില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍, ഈ സമ്പദ്വ്യവസ്ഥകളുടെ ഈ വര്‍ഷത്തെ വളര്‍ച്ച വെറും 1.4 ശതമാനം മാത്രമായിരിക്കും എന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍, തങ്ങളുടെ ലാഭം പരമാവധിയാക്കിത്തീര്‍ക്കുന്നതിനായി, അന്താരാഷ്ട്ര ധനമൂലധനം, നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക് തള്ളിക്കയറുന്നതിനാണ് ശ്രമിക്കുന്നത്. അന്താരാഷ്ട്ര ധനമൂലധനത്തേയും ഇന്ത്യയിലെ വന്‍കിട ബിസിനസ്സുകാരേയും തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി എങ്ങനെ വളയാനും രണ്ടാം യുപിഎ ഗവണ്‍മെന്‍റ് തയ്യാറാണ്. വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും ചെറുകിട വ്യാപാരത്തില്‍ വിദേശ പ്രത്യക്ഷ നിക്ഷേപത്തിന് ഇതിനകം തന്നെ ഗവണ്‍മെന്‍റ് അനുവാദം നല്‍കിക്കഴിഞ്ഞു. ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിന്റെ നേട്ടങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്ന വിധത്തിലുള്ള ബാങ്കിങ്ങ് പരിഷ്കരണ നിയമങ്ങള്‍ കൊണ്ടുവന്നു കഴിഞ്ഞു. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ വിഴുങ്ങാന്‍ വിദേശ ബാങ്കുകള്‍ക്ക് വഴിയൊരുക്കിക്കൊടുക്കുന്നതാണ് ആ നിയമം.

ഇന്‍ഷ്വറന്‍സ് മേഖലയില്‍ വിദേശ പ്രത്യക്ഷ നിക്ഷേപത്തിനുണ്ടായിരുന്ന പരിധി ഉയര്‍ത്താന്‍ പോകുന്നു. ഇന്ത്യയിലെ വമ്പിച്ച പെന്‍ഷന്‍ ഫണ്ടിലേക്ക് പ്രവേശിയ്ക്കാന്‍ എഫ്ഡിഐയ്ക്ക് അനുവാദം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ബജറ്റില്‍ ആവിഷ്കരിച്ച ജനറല്‍ ആന്‍റി അവോയ്ഡന്‍സ് റൂള്‍  രണ്ടു വര്‍ഷത്തേക്ക് മാറ്റിവെയ്ക്കപ്പെട്ടിരിക്കുന്നു. മൗറീഷ്യസ് റൂട്ടിലൂടെ വരുന്ന, ഇന്ത്യനും വിദേശിയുമായ എല്ലാ നിക്ഷേപകര്‍ക്കും, അവര്‍ നമ്മുടെ രാജ്യത്തുനിന്നുണ്ടാക്കുന്ന ലാഭത്തിന്മേലുള്ള എല്ലാ നികുതികളില്‍നിന്നും ഒഴിഞ്ഞുമാറുന്നതിന്, ഈ മാറ്റിവെയ്ക്കല്‍ നടപടി സൗകര്യമൊരുക്കിക്കൊടുക്കുന്നു. തങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്തേണ്ട ബാധ്യതയില്ലാതാക്കിത്തീര്‍ക്കുന്ന വിധത്തില്‍, പാര്‍ടിസിപേറ്ററി നോട്ട് റൂട്ടില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുന്നതിലൂടെ, വലിയ തോതിലുള്ള നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിയ്ക്കുന്നതിനും വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പ്രോല്‍സാഹനം നല്‍കുന്നു. ബജറ്റിനു മുമ്പു തന്നെ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയതിലൂടെ, നവലിബറല്‍ പരിഷ്കരണ നയങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന സൂചനയാണ് ധനകാര്യമന്ത്രി നല്‍കിയിരിക്കുന്നത്. രണ്ട് ഇന്ത്യക്കാര്‍ തമ്മിലുള്ള വിടവ് കൂടുതല്‍ വര്‍ധിപ്പിയ്ക്കുക തന്നെയാണ്, ഇതുകൊണ്ടുണ്ടാകുന്നത്.

അന്താരാഷ്ട്ര വിദേശമൂലധനത്തെ പ്രീണിപ്പിക്കുന്ന വിധത്തിലുള്ള അത്തരം നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇനിയും കൂടുതല്‍ ഉണ്ടാവുകയാണെങ്കില്‍, അല്‍ഭുതപ്പെടേണ്ടതില്ല. വിദേശമൂലധനം കൂടുതല്‍ ഒഴുകി വന്നാല്‍ നിക്ഷേപത്തിന് ആവശ്യമായ ഫണ്ടിെന്‍റ ലഭ്യത വര്‍ധിയ്ക്കുമെന്നും അതാകട്ടെ, കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേക്കും അതുവഴി നമ്മുടെ ജനങ്ങളുടെ പൊതുവിലുള്ള അഭിവൃദ്ധിയിലേക്കും നയിക്കും എന്നും ഉള്ള, തികച്ചും വഞ്ചനാപരമായ, തെറ്റിദ്ധാരണാജനകമായ വാദത്തിന്റെ അടിസ്ഥാനത്തിലാണ്, ഇത്തരം പരിഷ്കരണമാര്‍ഗത്തെ യുപിഎ ഗവണ്‍മെന്‍റ് ന്യായീകരിക്കുന്നത്. അത്തരം ഫണ്ടുകള്‍ ലഭ്യമാവുകയാണെങ്കില്‍ത്തന്നെ, അത്തരം നിക്ഷേപങ്ങള്‍വഴി ഉണ്ടാക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ ഉപഭോഗത്തിനായി വാങ്ങിയ്ക്കുന്നുവെങ്കില്‍ മാത്രമേ, ഈ നിക്ഷേപങ്ങള്‍ ഉയര്‍ന്ന വളര്‍ച്ചയിലേക്ക് നയിയ്ക്കുകയുള്ളൂ. ഇന്ത്യന്‍ ജനങ്ങളുടെ വാങ്ങല്‍ കഴിവ് ഇടിഞ്ഞുകൊണ്ടിരിക്കുന്ന പരിതഃസ്ഥിതിയില്‍, വളര്‍ച്ചയുണ്ടാകുമെന്ന അത്തരം പ്രത്യാശകള്‍ വെറും വ്യാമോഹങ്ങള്‍ മാത്രമാണ്. അതായത്, ഇപ്പോള്‍ത്തന്നെ സമ്പന്നരായിട്ടുള്ളവരുടെ ലാഭം വര്‍ധിപ്പിയ്ക്കാനേ ഈ തന്ത്രം ഉപകരിയ്ക്കുകയുള്ളൂ; ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും മേല്‍ അത്, കൂടുതല്‍ സാമ്പത്തികഭാരം കയറ്റിവെയ്ക്കുകയും ചെയ്യും. അത്തരമൊരു തന്ത്രത്തിന്റെ ഭാഗമായി, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന, വമ്പിച്ച നികുതി സൗജന്യങ്ങള്‍ നല്‍കുന്ന നയം ഗവണ്‍മെന്‍റ് തുടരുക തന്നെയാണ് ചെയ്യുക. വളരെ വലിയ സംഖ്യയായ, 5.28 ലക്ഷം കോടി രൂപയുടേതാണ് അത്തരം സൗജന്യങ്ങള്‍ എന്ന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. അഭൂതപൂര്‍വമായ ഉയര്‍ന്ന നിരക്കിലുള്ള ധനക്കമ്മി, ജിഡിപിയുടെ 6.9 ശതമാനമാണ്. അതായത് മൊത്തം 5.22 ലക്ഷം കോടി രൂപ. ഗവണ്‍മെന്‍റിലേക്ക് ന്യായമായും ലഭിക്കേണ്ടതായിരുന്ന, ഗവണ്‍മെന്‍റ് ഉപേക്ഷിച്ച നികുതിത്തുകയേക്കാള്‍ 6000 കോടി രൂപ കുറവാണിത്. ഇപ്പോഴിതാ, ധനപരമായ അച്ചടക്കത്തിന്റെ പേരില്‍ ഉയര്‍ന്ന നിരക്കിലുള്ള കമ്മി കുറയ്ക്കുന്നതിന്റെ പേരില്‍, ഗവണ്‍മെന്‍റ് നിര്‍ദയമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്നതിനുവേണ്ടി ദരിദ്രരെ കൂടുതല്‍ പാപ്പരാക്കുന്ന ഇത്തരം കടുത്ത അന്യായത്തെ എതിര്‍ക്കുന്നവരെ, ""പണം മരത്തില്‍ കായ്ക്കുകയില്ല"" എന്ന് പറഞ്ഞുകൊണ്ട്, പ്രധാനമന്ത്രി പരിഹസിക്കുകയാണ്. അത്തരം നയസമീപനംകൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവര്‍, ഗ്രാമീണ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളാണ്. കാര്‍ഷികത്തകര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണ്; അതുപോലെത്തന്നെ ദുരിതബാധിതരായ കൃഷിക്കാരുടെ ആത്മഹത്യയും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 40 ശതമാനം കൃഷിക്കാരും കടുത്ത കടക്കെണിയിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 20 കൊല്ലത്തിനുള്ളില്‍, 10 ശതമാനത്തിലധികം വിളകള്‍ക്ക് വിള ഇന്‍ഷ്വറന്‍സ് നല്‍കാന്‍ ഗവണ്‍മെന്‍റിന് കഴിഞ്ഞിട്ടില്ല. കൃഷിക്കാരുടെ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്ന വിലയുടെ നിരക്കിനേക്കാള്‍ എത്രയോ ദ്രുതഗതിയിലാണ്, കൃഷിച്ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. വിരോധാഭാസമെന്നു പറയട്ടെ, ഗവണ്‍മെന്റിന്റെ കയ്യില്‍ 665 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ഇന്ന് സ്റ്റോക്കുള്ളത്. ഈ വര്‍ഷം, ഈ കാലയളവില്‍ ഗവണ്‍മെന്റിന്റെ കയ്യില്‍ ഉണ്ടായിരിക്കേണ്ട ബഫര്‍ സ്റ്റോക്കിന്റെ മൂന്നിരട്ടിയാണിത്. അരിയുടെയും ഗോതമ്പിന്റെയും വിപണിവില വര്‍ധിച്ചുകൊണ്ടേയിരിക്കുമ്പോള്‍, അത് ജനങ്ങളുടെ തലയില്‍ കടുത്ത ഭാരം കെട്ടിയേല്‍പ്പിക്കുമ്പോള്‍, തങ്ങളുടെ കയ്യിലുള്ള അധിക സ്റ്റോക്ക് ബിപിഎല്‍ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് വിസമ്മതിക്കുകയാണ്.

ഗവണ്‍മെന്‍റ് അങ്ങനെ വിട്ടു നല്‍കിയിരുന്നുവെങ്കില്‍, പരസ്യ വിപണിയിലെ വില കുറയ്ക്കുന്നതിന് അത് സഹായകമാകുമായിരുന്നു. ഓരോ മാസവും ഓരോ ടണ്‍ ധാന്യം ഗോഡൗണില്‍ സൂക്ഷിക്കുന്നതിന് ഖജനാവിന് ടണ്ണിന് 200 രൂപ വെച്ച് ചെലവ് വരുന്നു. ഉള്ള സ്റ്റോക്ക് സൂക്ഷിക്കുന്നതിനായി ഗവണ്‍മെന്‍റ് 15,960 കോടി രൂപ ചെലവാക്കിക്കൊണ്ടിരിക്കുകയാണ്. ഗോതമ്പിന്റെ കാര്യത്തില്‍ മറ്റൊരു വമ്പന്‍ വിളവെടുപ്പാണ് വരാന്‍ പോകുന്നതെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്നു. ധാന്യം സൂക്ഷിക്കുന്നതിനുള്ള ചെലവ്, അതുമൂലം വീണ്ടും വര്‍ധിയ്ക്കും; അതുവഴി ഭക്ഷ്യസബ്സിഡിയ്ക്കുള്ള ചെലവും വര്‍ധിയ്ക്കും. എന്നാല്‍ ജനങ്ങള്‍ക്ക് അതുകൊണ്ട് ഗുണമൊന്നും ഉണ്ടാവുകയുമില്ല. ഇത്രയും വമ്പിച്ച അളവില്‍ ഉള്ള ഭക്ഷ്യധാന്യ സ്റ്റോക്കുകൊണ്ട്, ബിപിഎല്‍ വിഭാഗത്തിലും എപിഎല്‍ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങള്‍ക്കും കിലോയ്ക്ക് 2 രൂപ വെച്ച് ഓരോ കുടുംബത്തിനും 35 കിലോ വീതം ഭക്ഷ്യധാന്യങ്ങള്‍ നല്‍കുവാനും അങ്ങനെ സാര്‍വത്രികമായ ഭക്ഷ്യസുരക്ഷ കൈവരിയ്ക്കാനും ഗവണ്‍മെന്‍റിന് കഴിയും.

""സാധാരണക്കാര്‍ക്കു"" (ആം ആദ്മി) വേണ്ടിയുള്ളതെന്ന് പറയപ്പെടുന്ന ഈ ബജറ്റ്, അതിനാല്‍, സമ്പന്നര്‍ക്ക് കൂടുതല്‍ നികുതിയിളവുകള്‍ നല്‍കുന്ന ഇന്നത്തെ നയം തിരുത്തി, നേര്‍വിപരീതമാക്കിത്തീര്‍ക്കണം. സര്‍ക്കാരിന് ന്യായമായും ലഭിക്കേണ്ട ഈ നികുതി സംഭരിയ്ക്കണം; വളരെ അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും അതോടൊപ്പം തന്നെ പുതിയ തൊഴിലവസരങ്ങള്‍ വലിയ തോതില്‍ ഉണ്ടാക്കുന്നതിനും ഉതകുന്ന വിധത്തില്‍ ഈ റവന്യൂ വരുമാനത്തെ പൊതുനിക്ഷേപം വലിയ അളവില്‍ വര്‍ധിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തണം. അതാകട്ടെ, ആഭ്യന്തരചോദനം ഉയര്‍ന്ന നിലവാരത്തിലെത്തുന്നതിലേയ്ക്കു നയിക്കും; അങ്ങനെ സ്ഥായിയായ വളര്‍ച്ചാപഥം കൈവരിക്കാനും കഴിയും.

*
സീതാറാം യെച്ചൂരി ചിന്ത വാരിക 21 ഫെബ്രുവരി 2013

No comments: