Wednesday, February 13, 2013

ചരിത്രപ്രക്ഷോഭത്തിന് രാജ്യമൊരുങ്ങുന്നു

ഇരുപത്, 21 തീയതികളില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്കിനുള്ള എല്ലാ തയ്യാറെടുപ്പും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 11 കേന്ദ്ര ട്രേഡ് യൂണിയനും വിവിധ ദേശീയ ഫെഡറേഷനുകളും ആഹ്വാനം നല്‍കിയ പണിമുടക്കിന് മേഖലാതലത്തിലുള്ള ഇതര സംഘടനകളില്‍നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ഇതോടൊപ്പം, ഫാക്ടറിതലത്തിലുള്ള സ്വതന്ത്ര ട്രേഡ് യൂണിയനുകളും മറ്റ് സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും ബദല്‍ നയരേഖ മുന്നോട്ടുവച്ചുമുള്ള ഐക്യ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഈ ഘട്ടം, രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായിരിക്കുമെന്ന് രാജ്യമെങ്ങുംനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പി വി നരസിംഹറാവു നയിച്ച കേന്ദ്രസര്‍ക്കാര്‍ 1991ല്‍ നവഉദാര നയങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ട്രേഡ് യൂണിയനുകള്‍ ഇതിനെതിരായ പോരാട്ടത്തിന് തുടക്കംകുറിച്ചു. 1980കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐഎംഎഫ് കുറിപ്പടിപ്രകാരമുള്ള നയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ മുതിര്‍ന്നപ്പോഴേ ട്രേഡ് യൂണിയനുകള്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി. ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും തൊഴില്‍രഹിതരായ യുവജനങ്ങളുടെയും ആവശ്യങ്ങള്‍ ഉന്നയിച്ച് 1982 ജനുവരി 19ന് നടത്തിയ പൊതുപണിമുടക്കും ഹര്‍ത്താലും വന്‍ വിജയമായി.

ഐക്യട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത് 1991ലാണ്. ഇന്ത്യന്‍ ട്രേഡ് യൂണിയനുകളുടെ സ്പോണ്‍സറിങ് കമ്മിറ്റിയുടെയും ബഹുജനസംഘടനകളുടെ ദേശീയവേദിയുടെയും നേതൃത്വത്തിലാണ് 1991 മുതലുള്ള പ്രക്ഷോഭങ്ങള്‍ നടന്നത്. തൊഴിലാളികള്‍ക്കും ചൂഷിതജനവിഭാഗങ്ങള്‍ക്കും നീതി ആവശ്യപ്പെട്ട് 2008 വരെ 12 തവണ രാജ്യവ്യാപക പണിമുടക്കുകളുണ്ടായി. 2009 കൂടുതല്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുള്ള പുതിയ കുതിപ്പിന് സാക്ഷ്യംവഹിച്ചു, അക്കൊല്ലം സെപ്തംബറില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷനോടെ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ മൂന്നാംഘട്ട പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി.

2010 സെപ്തംബര്‍ ഏഴിന്റെ പൊതുപണിമുടക്കിലും അതിന് മുന്നോടിയായി നടന്ന വന്‍ പ്രചാരണത്തിലും അറസ്റ്റുവരിക്കലിലുമൊക്കെ കൂടുതല്‍ കൂടുതല്‍ തൊഴിലാളികള്‍ അണിനിരന്നു. 2011 ഫെബ്രുവരി 23ന് നടന്ന അഭൂതപൂര്‍വമായ, ഉജ്വല പാര്‍ലമെന്റ് മാര്‍ച്ചും മറ്റ് പ്രക്ഷോഭപരിപാടികളും 11 കേന്ദ്രട്രേഡ് യൂണിയന്റെയും മിക്കവാറും എല്ലാ ദേശീയ ഫെഡറേഷനുകളുടെയും പങ്കാളിത്തത്തോടെ സംയുക്തവേദി കൂടുതല്‍ ശക്തമാകുന്നതിന് കാരണമായി. ഇതേത്തുടര്‍ന്ന് 2012 ഫെബ്രുവരി 28ന് മറ്റൊരു പൊതുപണിമുടക്ക് നടത്തി, എല്ലാ മേഖലയില്‍നിന്നുമായി 10 കോടി തൊഴിലാളികളാണ് ഇതില്‍ പങ്കെടുത്തത്. ഇത്തരം പ്രക്ഷോഭങ്ങളില്‍ മുന്‍കാലങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത മേഖലകളിലെ തൊഴിലാളികള്‍പോലും അധ്വാനിക്കുന്ന ജനവിഭാഗത്തോടൊപ്പം അണിചേരാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. ആ പണിമുടക്ക് കഴിഞ്ഞ്, ഒരുവര്‍ഷം പിന്നിടുംമുമ്പേ തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കിന് തയ്യാറെടുത്തു.

പണിമുടക്കില്‍ ഉയര്‍ത്തുന്ന അവകാശപത്രികയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നടപ്പാക്കുക തുടങ്ങി ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കൊപ്പം മിനിമം വേതനം പ്രതിമാസം 10,000 രൂപയായി ഉയര്‍ത്തുക, തുല്യജോലിക്ക് തുല്യവേതനം, വന്‍തോതില്‍ ചൂഷണം നടക്കുന്ന കരാര്‍തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കുക എന്നീ അടിയന്തരാവശ്യങ്ങളും ഉള്‍പ്പെടുന്നു. ഇവയേക്കാളുപരി, യൂണിയന്‍ രൂപീകരിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശവും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയ 2012 ഫെബ്രുവരി കണ്‍വന്‍ഷനുശേഷം തിരക്കിട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. എല്ലാ സംസ്ഥാനത്തും സംസ്ഥാനതല സംയുക്ത കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. മിക്ക സംസ്ഥാനങ്ങളിലും ജില്ല-ഏരിയാതല കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു. സംസ്ഥാനതല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത കേന്ദ്രട്രേഡ് യൂണിയനുകളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തകരോട് താഴെതലങ്ങളില്‍വരെ പണിമുടക്ക് സന്ദേശം എത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇക്കുറി മേഖലാതലത്തില്‍ സംഘടിപ്പിച്ച സംയുക്ത കണ്‍വന്‍ഷനുകളും പ്രചാരണപരിപാടികളും പുതിയ മാനം കൈവരിച്ചു. ഡിസംബര്‍ 15ന് ചൈന്നൈയില്‍ ചേര്‍ന്ന കേന്ദ്ര പൊതുമേഖല യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷനില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എല്‍പിഎഫ് എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം സ്വതന്ത്ര യൂണിയനുകളുടെയും ബംഗളൂരുവിലും ഹൈദരാബാദിലും നിന്നുള്ള സംയുക്ത കര്‍മസമിതികളുടെയും പ്രതിനിധികളും പങ്കെടുത്തു. ഉരുക്ക്, കല്‍ക്കരി, പെട്രോളിയം, എന്‍ടിപിസി, പവര്‍ഗ്രിഡ്, സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍, പൊതു-സ്വകാര്യ ഗതാഗതമേഖലകള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സംയുക്ത കണ്‍വന്‍ഷനുകള്‍ നടത്തി. ഇത്തരം കണ്‍വന്‍ഷനുകളിലും യോഗങ്ങളിലും അഭൂതപൂര്‍വമായ ഐക്യവും സജീവമായ പങ്കാളിത്തവും പ്രകടമായി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പുതിയ സംഘടനകള്‍പോലും യോഗങ്ങളില്‍ സംബന്ധിച്ചു. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളില്‍ എല്ലാ സംഘടനകളും ഒത്തുചേര്‍ന്നാണ് പ്രചാരണം നടത്തുന്നത്; സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയതും. ബാങ്കിങ് നിയമ ഭേദഗതി ബില്ലിനെതിരെ ഡിസംബര്‍ 20ന് രാജ്യവ്യാപക പണിമുടക്ക് നടന്ന ബാങ്കിങ് മേഖലയില്‍, ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും എല്ലാ യൂണിയനുകളും ഉള്‍പ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) നല്‍കിയ ആഹ്വാനത്തോടെ 48 മണിക്കൂര്‍ പണിമുടക്കില്‍ സമ്പൂര്‍ണ ഐക്യം ഉറപ്പായിരിക്കയാണ്. തൊഴിലാളികളുടെ 13 യൂണിയനുകള്‍ ഒന്നിച്ചുനില്‍ക്കുന്ന ടെലികോം മേഖലയിലും പണിമുടക്ക് പൂര്‍ണമാകും. മുന്‍കാലങ്ങളിലെപോലെ ഇന്‍ഷുറന്‍സ് മേഖലയും സ്തംഭിക്കും.

ദേശീയ ഫെഡറേഷനുകള്‍ സംയുക്തമായി ആഹ്വാനം നല്‍കിയ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളും ഈ രണ്ട് ദിവസം നിശ്ചലമാകും. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവരികയും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. അങ്കണവാടി, ആശ, ഉച്ചഭക്ഷണപരിപാടി തുടങ്ങിയ ക്ഷേമപദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരും. അങ്കണവാടി മേഖലയില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, ബിഎംഎസ് എന്നിവയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ദേശീയതല സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് സംയുക്തമായാണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. രാജ്യത്തെ എല്ലാ വ്യവസായകേന്ദ്രങ്ങളിലും സ്വകാര്യമേഖലയിലും പണിമുടക്ക് പൂര്‍ണമാകും. ഗുഡ്ഗാവ്, മനേസ്വര്‍, ഗാസിയാബാദ്, തമിഴ്നാട്ടിലെ ശ്രീപെരുംപതൂര്‍, കര്‍ണാടകത്തില്‍ ബംഗളൂരും പരിസരപ്രദേശങ്ങളും, വിശാല ഹൈദരാബാദ് മേഖല എന്നിവിടങ്ങളിലൊക്കെ പൂര്‍ണമായ തോതില്‍ തയ്യാറെടുപ്പ് നടന്നുവരികയാണ്. നിര്‍മാണം, ബീഡി, കൈത്തറി, യന്ത്രത്തറി, ചുമട് മേഖലകളിലും പ്രചാരണപ്രവര്‍ത്തനം ഉഷാറായി നടക്കുന്നു. കണ്‍വന്‍ഷനുകള്‍ക്കു പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന വന്‍ജനപങ്കാളിത്തമുള്ള പൊതുയോഗങ്ങളില്‍ പ്രമുഖരായ നേതാക്കള്‍ തൊഴിലാളികളോട് സംസാരിക്കുന്നു. മഹാരാഷ്ട്ര, ഒറീസ, ആന്ധ്രപ്രദേശ്, അസം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മേഖലാതല ട്രേഡ് യൂണിയനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരികളുടെ സംഘടനകളും ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കാനും പൊതുപണിമുടക്ക് വന്‍ വിജയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

2012 ഡിസംബര്‍ 18, 19 തീയതികളില്‍ സംഘടിപ്പിച്ച വഴിതടയല്‍- അറസ്റ്റുവരിക്കല്‍ സമരങ്ങളിലും 20ന്റെ പാര്‍ലമെന്റ് മാര്‍ച്ചിലും പ്രകടമായ വന്‍ ജനപങ്കാളിത്തം പ്രചാരണത്തിന്റെ സ്വാധീനവും വര്‍ധിച്ച പിന്തുണയും പ്രതിഫലിപ്പിച്ചു. സംയുക്ത പ്രക്ഷോഭ- പ്രചാരണ പരിപാടികളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നതിനോടൊപ്പം സിഐടിയു എല്ലാ സംസ്ഥാനങ്ങളിലും മേഖലകളിലും സ്വതന്ത്രമായ പ്രചാരണവും തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്. സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയ ലഘുപുസ്തകം വീണ്ടും അച്ചടിക്കുകയും സംസ്ഥാന കമ്മിറ്റികള്‍ ഇത് വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയുംചെയ്തു. സിഐടിയു ആന്ധ്രപ്രദേശ് ഘടകം ഇതിന്റെ 4.5 ലക്ഷം പ്രതികള്‍ വിറ്റഴിച്ച് വിദ്യാഭ്യാസ പരിപാടിയുടെ പുതിയ ഉയരം കുറിച്ചു. മറ്റ് പല സംസ്ഥാന ഘടകങ്ങളും സിഐടിയുവില്‍ അംഗമായ ദേശീയ ഫെഡറേഷനുകളും ഇതിന്റെ ലക്ഷക്കണക്കിന് പ്രതികള്‍ പ്രസിദ്ധീകരിച്ചു, ദശലക്ഷക്കണക്കിന് പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചു. ഏപ്രിലില്‍ നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി നടന്നുവരുന്ന ജില്ല-സംസ്ഥാനതല സമ്മേളനങ്ങളില്‍, 48 മണിക്കൂര്‍ പണിമുടക്ക് വന്‍ വിജയമാക്കുന്നത് സംബന്ധിച്ച് പ്രത്യേക ചര്‍ച്ചകള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയുംചെയ്തു. സമസ്ത മേഖലയിലെയും ഓരോ തൊഴിലാളിയിലും സമരത്തിന്റെ സന്ദേശം എത്തിക്കുന്നതിന് അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംഘടനകളായ അഖിലേന്ത്യാ കിസാന്‍സഭയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനും അവരവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചും ട്രേഡ് യൂണിയന്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും ഫെബ്രുവരി 20, 21 തീയതികളില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത് ഇതിനിടയിലുണ്ടായ പ്രധാന സംഭവവികാസമാണ്. പൊതുപണിമുടക്കിന്റെ രണ്ടു ദിവസങ്ങളിലും തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ വന്‍റാലികള്‍, പ്രകടനങ്ങള്‍, ധര്‍ണകള്‍, വഴി തടയല്‍, ട്രെയിന്‍ തടയല്‍ എന്നിവ നടക്കും. ചുരുക്കത്തില്‍, 48 മണിക്കൂര്‍ പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റമാകുമെന്നു മാത്രമല്ല, അന്താരാഷ്ട്രതലത്തിലും ഏറ്റവും വലിയ പണിമുടക്കായി മാറും.

പതിനാല് ഏകദിന പണിമുടക്കുകളും മേഖലാതലങ്ങളില്‍ എണ്ണമറ്റ പണിമുടക്കുകളും നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താനോ അവരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനോ തയ്യാറായിട്ടില്ല, മറിച്ച് എന്തുവന്നാലും പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനവിരുദ്ധനയങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും ബദല്‍ നയപരിപാടി മുന്നോട്ടുവയ്ക്കാനുമുള്ള ദേശാഭിമാനപ്രചോദിതമായ പ്രവര്‍ത്തനമാണ് ഈ പണിമുടക്ക്.

ജനവിരുദ്ധനയങ്ങളില്‍നിന്ന് പിന്തിരിയണമെന്ന ശക്തമായ താക്കീത് ഇതുവഴി ഭരണവര്‍ഗത്തിന് നല്‍കും. മുതലാളിത്ത പ്രതിസന്ധി രൂക്ഷമാവുകയും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം നിര്‍ണായകമാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തോടെയുള്ള പോരാട്ടം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റെല്ലാ ജനവിഭാഗങ്ങളെയും ഭാവിയില്‍ യോജിച്ച പ്രക്ഷോഭങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും.

*
എ കെ പത്മനാഭന്‍ ദേശാഭിമാനി 13 ഫെബ്രുവരി 2013

No comments: