Saturday, February 23, 2013

അഴിമതിവകുപ്പിലെ കാവലാള്‍

രാജ്യരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷം ചെലവിടുന്നത് രണ്ടുലക്ഷം കോടിയോളം രൂപയാണ്. വാര്‍ഷിക ബജറ്റിന്റെ അഞ്ചിലൊന്നുവരും ഇത്. പ്രതിരോധചെലവിന്റെ പകുതിയിലധികവും യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനാണ്്. ഇങ്ങനെ യുദ്ധോപകരണങ്ങള്‍ വിദേശരാജ്യങ്ങളില്‍നിന്ന് വാങ്ങുമ്പോള്‍ കമീഷന്‍ തുകയായി കോടികള്‍ പലരുടെയും പോക്കറ്റിലേക്ക് ഒഴുകും. രാഷ്ട്രീയ- ഉദ്യോഗസ്ഥതലത്തിലെ അഴിമതിവീരന്മാര്‍ക്ക് പ്രതിരോധവകുപ്പ് എന്നും അക്ഷയഖനിയാണ്.

സ്വതന്ത്രഭാരതത്തിലെ ആദ്യ അഴിമതി ആരോപണം ഉയര്‍ന്നത് കശ്മീര്‍ യുദ്ധവേളയില്‍ ഇംഗ്ലണ്ടില്‍നിന്ന് 4000 ജീപ്പ് വാങ്ങിയതിനെത്തുടര്‍ന്നായിരുന്നു. കമീഷന്‍ തട്ടിപ്പുകള്‍ പ്രതിരോധവകുപ്പില്‍ തുടര്‍ക്കഥയായിരുന്നെങ്കിലും രാജീവ് ഗാന്ധിയുടെ കാലത്തെ ബൊഫോഴ്സ് ഇടപാടാണ് രാജ്യാന്തരശ്രദ്ധ നേടിയത്. 64 കോടി രൂപ കോഴമറിഞ്ഞ ഈ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വട്റോച്ചിയായിരുന്നു. പിന്നീട്, ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായപ്പോള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരെ അടക്കാന്‍ ശവപ്പെട്ടി വാങ്ങിയതിലെ അഴിമതിവരെ വിവാദമായി.

"മിസ്റ്റര്‍ ക്ലീന്‍" എന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങളാല്‍ ചാര്‍ത്തിക്കിട്ടിയ എ കെ ആന്റണി മന്ത്രിയായപ്പോള്‍ പ്രതിരോധവകുപ്പില്‍ ശുദ്ധികലശം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, കാര്‍ഗില്‍ രക്തസാക്ഷികള്‍ക്കുള്ള ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം മുതല്‍ ഇസ്രയേല്‍ മിസൈല്‍ ഇടപാടുവരെ നിരവധി അഴിമതിക്കഥകള്‍ പുറത്തുവന്നു. ടട്രാ ട്രക്ക് ഇടപാടിലെ അഴിമതിരഹസ്യം കരസേനാ മേധാവി വെളിപ്പെടുത്തിയപ്പോള്‍, ഇറ്റലിയില്‍നിന്നുള്ള ഹെലികോപ്റ്റര്‍ ഇടപാടില്‍ വ്യോമസേനാ മേധാവി പ്രതിക്കൂട്ടിലായി.

നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ തനിക്ക് കോഴവാഗ്ദാവനംചെയ്തുവെന്ന കരസേനാമേധാവി വി കെ സിങ്ങിന്റെ വെളിപ്പെടുത്തല്‍ പ്രതിരോധവകുപ്പിന്റെ മുഖം വികൃതമാക്കി. ഇക്കാര്യം ഒരുവര്‍ഷംമുമ്പ് പ്രതിരോധസേവന നിയമമനുസരിച്ച് എ കെ ആന്റണിയെ അറിയിച്ചെങ്കിലും അദ്ദേഹം ഒന്നും ചെയ്തില്ലെന്നാണ് വി കെ സിങ് ആക്ഷേപമുന്നയിച്ചത്. പിന്നീട് മാധ്യമങ്ങളിലൂടെ സംഭവം വിവാദമായപ്പോള്‍ മാത്രമാണ് ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇറ്റലിയില്‍നിന്നുള്ള 12 ഹെലികോപ്റ്റര്‍ വാങ്ങല്‍ സംബന്ധിച്ച് അഴിമതി ആരോപണം ഉയര്‍ന്നിട്ട് ഒന്നരവര്‍ഷമായെങ്കിലും ആന്റണി മൗനം പാലിച്ചു. ഇറ്റലി സര്‍ക്കാര്‍ ഇടപാടുകാരായ കമ്പനിക്കെതിരെ കേസെടുത്തപ്പോള്‍മാത്രമാണ് അദ്ദേഹം ഞെട്ടിയുണര്‍ന്നത്. കോഴയിനത്തില്‍ 362 കോടി രൂപ നല്‍കിയതിന്റെ പേരിലാണ് കമ്പനിയുടെ സിഇഒ ഓര്‍സിയെ ഇറ്റാലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2010 ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയുമായി ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. 2011ല്‍ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍തന്നെ ഇടപാടിനു പിന്നില്‍ വന്‍ കോഴയുണ്ടെന്ന് വെളിപ്പെടുത്തി. ഇന്ത്യയിലും ഇറ്റലിയിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പാര്‍ലമെന്റിലും ചര്‍ച്ചാവിഷയമായി. പ്രതിരോധമന്ത്രാലയം ഒരന്വേഷണവും നടത്താതിരുന്നതിനാല്‍ കോഴ ഇടപാടുകാരായ ഉന്നതര്‍ക്ക് തെളിവ് നശിപ്പിക്കാന്‍ ഏറെ അവസരം ലഭിച്ചു. ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ബ്രിട്ടീഷ് ഉപകമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയാണ് കരാര്‍ ഉറപ്പിച്ചത്. അന്നത്തെ വ്യോമസേനാ മേധാവി എസ് പി ത്യാഗി കമ്പനിക്ക് അനുകൂലമായി നിബന്ധനകളില്‍ അയവുവരുത്തിയെന്നാണ് ആരോപണം. ഗിഡോ ഹാഷ്കെ, ക്രിസ്ത്യന്‍ മിച്ചല്‍, കാര്‍ലോ ഗെരോസ എന്നീ ഇടനിലക്കാര്‍ക്ക് ഇന്ത്യയിലെ ഉന്നതവൃത്തങ്ങളുമായുള്ള ബന്ധങ്ങളുടെ കഥകള്‍ ചുരുളഴിയുകയാണ്.

കേന്ദ്രസര്‍ക്കാര്‍ കരാര്‍ റദ്ദാക്കലിന്റെ ആദ്യപടിയായി കമ്പനിക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. 3546 കോടി രൂപയുടെ കരാര്‍ തുകയില്‍ 1595 കോടി രൂപ ഇതിനകം നല്‍കിക്കഴിഞ്ഞു. മൂന്ന് ഹെലികോപ്റ്റര്‍ മാത്രമാണ് ലഭിച്ചത്. കരാര്‍ റദ്ദാക്കിയാല്‍ ഇതിന്റെ നവീകരണവും മുടങ്ങും. കമ്പനി കേസിനുപോയാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുടക്കിയ പണം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല. പ്രതിരോധവകുപ്പിലെ ഇടപാടുകളെക്കുറിച്ച് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എ കെ ആന്റണി മന്ത്രിയെന്ന നിലയിലുള്ള തന്റെ വിവേചനാധികാരം ഉപേക്ഷിച്ചത്. ആയുധ ഇടപാടുകള്‍ സുതാര്യമാക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ അഴിമതിയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെമാത്രം തലയില്‍ കെട്ടിവച്ച് രക്ഷപ്പെടുകയാണ് ആന്റണിയുടെ തന്ത്രം. താന്‍ അധികാര പ്രയോഗം നടത്തുകയോ ഇടപെടുകയോ ചെയ്യുന്നില്ലെന്ന് മാലോകരെ അറിയിക്കാനാണ് ആന്റണിയുടെ കള്ളക്കളി. ജനാധിപത്യ സംവിധാനത്തില്‍ ഭരണനിര്‍വഹണം മന്ത്രിമാരുടെ ഭരണഘടനാപരമായ ചുമതലയാണ്്. ഭീതിയോ പ്രീതിയോ കൂടാതെ നിര്‍ദയം ഈ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്ന് സത്യപ്രതിജ്ഞയെടുക്കുന്ന മന്ത്രിമാര്‍ മറിച്ചൊരു തീരുമാനമെടുക്കുന്നത് ജനാധിപത്യ നിഷേധമാണ്. ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര ആയുധവ്യാപാരികളുമായി ചേര്‍ന്ന് അഴിമതിക്കരാര്‍ ഉണ്ടാക്കിയാല്‍ അത് തടയാനുള്ള തന്റെ അധികാരമാണ് ആന്റണി ഉപേക്ഷിച്ചത്. തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തീറെഴുതുകയാണ് അദ്ദേഹം ചെയ്യുന്നത്. കേന്ദ്രഭരണകൂടത്തിന്റെ ഒരു പോഷകവിഭാഗമായ സിബിഐയാണ് പ്രതിരോധവകുപ്പിലെ അഴിമതികള്‍ അന്വേഷിക്കുന്നത്.

രാഷ്ട്രീയ ഉന്നതര്‍കൂടി പങ്കാളികളായ വന്‍കിട അഴിമതികളില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം നടത്താന്‍ സിബിഐക്ക് ആകില്ല. എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയോ സുപ്രീംകോടതിയുലെ സിറ്റിങ് ജഡ്ജിമാരോ പ്രതിരോധവകുപ്പിലെ അഴിമതി അന്വേഷിക്കുന്നതാണ് കൂടുതല്‍ വിശ്വസനീയം. ഹെലികോപ്റ്റര്‍ അഴിമതിയിലെ പ്രധാന മധ്യസ്ഥന്‍ രാഹുല്‍ഗാന്ധിയുടെ മുന്‍ സെക്രട്ടറി കനിഷ്ക സിങ്ങാണ്. ഇദ്ദേഹത്തിന്റെ പിതാവ് എസ് കെ സിങ് പ്രൊമോട്ടറായ എമ്മാര്‍ എംജിഎഫ് കമ്പനിയുടെ ഡയറക്ടറായിരുന്നു ഗിഡോ ആര്‍ ഹാഷ്കെ. ഇദ്ദേഹമാണ് ഹെലികോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍. രാഹുലുമായി ബന്ധമുള്ള വേദ്പ്രകാശ് ഗുപ്തയാണ് എമ്മാര്‍ കമ്പനിയുടെ ഉടമ. ഹെലികോപ്റ്റര്‍ അഴിമതിയുടെ പണം എങ്ങോട്ടുപോയെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അനുമാനിക്കാം.

ബൊഫോഴ്സ് ഇടപാടില്‍ ക്വട്റോച്ചിയെന്ന ഇറ്റലിക്കാരന്‍ മുഖേന കോടികള്‍ നിക്ഷേപിക്കപ്പെട്ടുവെന്ന കാര്യം അവിതര്‍ക്കിതമാണ്. ഇപ്പോഴും വിദേശബന്ധമുള്ള മാഫിയസംഘം പ്രതിരോധവകുപ്പിലെ ഇടപാടുകളിലൂടെ ഖജനാവിലെ സഹസ്രകോടികളാണ് അടിച്ചുമാറ്റുന്നത്. എന്നും അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്വന്തം പ്രതിച്ഛായയുമായി അഭിരമിക്കുന്ന ആന്റണിയെ മറയാക്കിയാണ് ഇപ്പോള്‍ പ്രതിരോധവകുപ്പിലെ കൊള്ള. ഗോഹട്ടിയില്‍ ഇന്ദിരയുടെയും സഞ്ജയ്യുടെയും മുഖത്തുനോക്കി അടിയന്തരാവസ്ഥയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ ആന്റണി ഇപ്പോള്‍ സോണിയയുടെയും രാഹുലിന്റെയും ദുഷ്ചെയ്തികളുടെ കാവല്‍പട്ടാളമാണ്. പഞ്ചസാരയില്‍ ഉറുമ്പരിച്ചതിന്റെ പേരില്‍ അന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചെങ്കില്‍, ഇന്ന് പ്രതിരോധവകുപ്പിലെ അഴിമതി ഘോഷയാത്രയ്ക്കു മുമ്പില്‍ ഉടവാളേന്തി നില്‍ക്കുന്നു. ആരെല്ലാം പൊതുപണം കട്ടുമുടിച്ചാലും ആന്റണി പാറപോലെ ഉറച്ചുനില്‍ക്കും, സോണിയയുടെ പിന്നില്‍.

*
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി 22 ഫെബ്രുവരി 2013

No comments: