Monday, February 25, 2013

കെ പി എ സിയും മദിരാശി സര്‍വകലാശാലയും

കെ പി എ സി എന്ന നാടക പ്രസ്ഥാനം മലയാളി ഹൃദയത്തില്‍ ചേര്‍ത്തു സൂക്ഷിച്ച ഒരു കൂട്ടായ്മയാണ്, കേരള നവോത്ഥാനത്തിനും പുരോഗമന ചിന്തകളുടെ വ്യാപനത്തിനും സജീവമായി നേതൃത്വം കൊടുത്ത നാടകകൂട്ടായ്മ. അറുപതാണ്ടുകള്‍ പിന്നിടുമ്പോഴും തെളിച്ചം മങ്ങാത്ത ഒരു ദീപശിഖ.

കേരളത്തിലെ പുരോഗമന നാടകവേദിക്ക് കരുത്തും ജീവനും പകര്‍ന്ന കെ പി എ സിയും മദിരാശി സര്‍വകലാശാലയുമായി സവിശേഷമായ ഒരു ബന്ധമുണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയിലെ മഹാനഗരങ്ങള്‍ കെ പി എ സിക്ക് അന്യമല്ല. തുടക്കം മുതല്‍ തന്നെ മലയാളി സാന്നിധ്യമുള്ള ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലേയ്ക്കും കെ പി എ സി കടന്നുചെന്നിരുന്നു. ശരിക്കു പറഞ്ഞാല്‍ പ്രവാസി മലയാളികളുടെ കലാതാല്‍പര്യത്തെ ഇത്രയേറെ അടുത്തറിയുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുള്ള മറ്റൊരു കലാസംഘമില്ല.

ഇന്നത്തെ ചെന്നൈ നഗരം (പഴയ മദിരാശി) ലക്ഷക്കണക്കിനു മലയാളികള്‍ അധിവസിക്കുന്ന നഗരമാണ്. അന്‍പതുകള്‍ - കെ പി എ സിയുടെ തുടക്കകാലം - മുതല്‍ തന്നെ കെ പി എ സി ആ നഗരത്തില്‍ കൊല്ലം തോറും എത്തുമായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ കാലം മുതല്‍ തന്നെ. ഈ പതിവിന് ഇന്നും മുടക്കം വന്നിട്ടില്ല. ഏറ്റവും പുതിയ രണ്ടു നാടകങ്ങളുമായി കെ പി എ സി 2012 ലും ചെന്നൈയിലെത്തിയിരുന്നു. മദിരാശിയിലെ മലയാളികളും കെ പി എ സിയുമായി അത്രയ്ക്ക് ഗാഢമായ ബന്ധമുണ്ട്. അവിടുത്തെ മലയാളിക്ക് കേരളത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ് എന്നും കെ പി എ സി സമ്മാനിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയാണ് മദിരാശി സര്‍വകലാശാല. 150 വര്‍ഷത്തെ പാരമ്പര്യം. അവിടെ ഒരു മലയാളം വകുപ്പുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ പകുതി വയസ് അഭിമാനപൂര്‍വം അവകാശപ്പെടാവുന്നതാണ് അവിടുത്തെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ്. 1927 ല്‍ ആരംഭിച്ച വകുപ്പാണത്. അന്ന് ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് ഒരിടത്തും ഉപരിപഠനത്തിന് ഒരു മലയാള വിഭാഗം ആരംഭിച്ചിരുന്നില്ല. കേരളത്തില്‍ ഏതെങ്കിലും സര്‍വകലാശാലയില്‍ മലയാള പഠനം ആരംഭിക്കുന്നത് ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ മാത്രമാണ് എന്നോര്‍ക്കുക.
എണ്‍പത്തഞ്ചോളം വര്‍ഷം പഴക്കമുള്ള മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം വകുപ്പാണ് മലയാളത്തിന്റെ 'മദര്‍ ഡിപ്പാര്‍ട്ട്‌മെന്റ്'. ചേലനാട്ട് അച്യുതമേനോന്‍, ഡോ. കെ എന്‍ എഴുത്തച്ഛന്‍, ഡോ. എസ് കെ നായര്‍, ഡോ. കെ എം പ്രഭാകരവാരിയര്‍ തുടങ്ങിയ വലിയ പണ്ഡിതരുടെ നേതൃത്വത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ആ വകുപ്പ് നിസ്തുലമായ സേവനങ്ങള്‍ നല്‍കിയത് ചരിത്രമാണ്. ഈ ലേഖകന്‍ മുപ്പതിലധികം കൊല്ലം മലയാള വകുപ്പില്‍ പ്രൊഫസറും പതിനെട്ടുകൊല്ലം വകുപ്പിന്റെ അധ്യക്ഷനുമായിരുന്നു.

കെ പി എ സിയുടെ പേരില്‍ മദിരാശി സര്‍വകലാശാലയിലെ മലയാളം വകുപ്പില്‍ ഒരു എന്‍ഡോവ്‌മെന്റുണ്ട്. നാടക പഠനത്തിനും നാടക കലയെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ക്കും മാത്രമായി ഏര്‍പ്പെടുത്തിയ ഒരു എന്‍ഡോവ്‌മെന്റ്. ഈ എന്‍ഡോവ്‌മെന്റിന്റെ പേരില്‍ അവിടെ നാടകപഠനങ്ങളും പ്രഭാഷണങ്ങളും എല്ലാവര്‍ഷവും നടക്കുന്നു.

കെ പി എ സിയുടെ പേരിലുള്ള ഈ എന്‍ഡോവ്‌മെന്റിന്റെ സ്ഥാപനം ഒരു സവിശേഷ സന്ദര്‍ഭത്തിലാണ്. 2001 ല്‍ ചെന്നൈയിലെ മലയാളികള്‍ കെ പി എ സി യുടെ അന്‍പതാം വാര്‍ഷികം ചെന്നൈയില്‍ ഗംഭീരമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. അക്ഷരാര്‍ഥത്തില്‍ ആ ആഘോഷം ചെന്നൈ മലയാളികളുടെ ഒരു ഉത്സവമായിരുന്നു. മൂന്നുദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികള്‍. നാടകാവതരണങ്ങള്‍, പ്രൗഢഗംഭീരങ്ങളായ ചര്‍ച്ചകള്‍, സെമിനാറുകള്‍, കെ പി എ സിയുടെ ചരിത്രം അനാവരണം ചെയ്ത ചിത്രപ്രദര്‍ശനം. സമാപന ദിവസം വിഖ്യാത നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ അവതരണം. ഈ ലേഖകനോടൊപ്പം ചെന്നൈയിലെ മലയാളി കൂട്ടായ്മകളുടെ നായകരായ വി രാമുണ്ണി മേനോന്‍, എസ് എസ് പിള്ള, ടി എന്‍ ഉണ്ണികൃഷ്ണന്‍, കല്‍പക വര്‍ഗീസ്, കെ വി നായര്‍ തുടങ്ങിയവരുടെ സമര്‍ഥമായ സംഘടനാമികവിലായിരുന്നു ആഘോഷ പരിപാടികള്‍. പ്രൊഫസര്‍ എസ് ഗുപ്തന്‍ നായര്‍, പി കെ വേണുക്കുട്ടന്‍ നായര്‍, പി കെ വാസുദേവന്‍ നായര്‍, ഡോ. എ കെ നമ്പ്യാര്‍, അന്നു മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണന്‍ തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികള്‍ മൂന്നുദിവസത്തെ ആഘോഷത്തില്‍ പങ്കെടുത്തു.

സമാപന ദിവസത്തെ മുഖ്യ ആകര്‍ഷണം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ അവതരണമായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റാക്കിയില്‍ അഭിനയിക്കുന്നതിനായി ഒ മാധവന്‍, കെ പി എ സി സുലോചന, വിജയകുമാരി, കെ പി എ സി ലളിത തുടങ്ങിയവര്‍ ചെന്നൈയിലെത്തി. മാധവന്റെയും സുലോചനയുടെയും വിജയകുമാരിയുടെയും ലളിതയുടെയും സാന്നിധ്യം ആ  പുനരവതരണത്തെ ഒരിക്കലും മറക്കാത്ത അനുഭവമാക്കി മാറ്റി. ടി കെ രാമകൃഷ്ണനും പി കെ വിയും ഒപ്പമിരുന്ന് അന്ന് രാത്രി അയ്യായിരത്തിലധികം വരുന്ന പ്രേക്ഷകര്‍ക്കൊപ്പം നാടകം കണ്ടത് ചെന്നൈ മലയാളികള്‍ക്ക് അവിസ്മരണീയമായി.

അങ്ങനെ കെ പി എ സിയുടെ അന്നു നടന്ന അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ ഈ ലേഖകന്റെയും രാവുണ്ണിമേനോന്റെയും കല്‍പക വര്‍ഗീസിന്റെയും എസ് എസ് പിള്ളയുടെയും ഐ പി മുരളീധരന്റെയും മനസ്സില്‍ ഉദിച്ച ഒരാശയമാണ് കെ പി എ സിയുടെ പേരില്‍ ഒരു എന്‍ഡോവ്‌മെന്റ് മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം വകുപ്പില്‍ സ്ഥാപിക്കുക എന്നത്.
ആഘോഷങ്ങള്‍ക്കുശേഷം ഈയിടെ അന്തരിച്ച കല്‍പക വര്‍ഗീസിന്റെ ചെന്നൈയിലെ വസതിയില്‍ ഞങ്ങള്‍ ഒത്തുകൂടി. ആദരണീയനായ സഖാവ് പി കെ വിയും അന്നു അവിടെയുണ്ടായിരുന്നു. വര്‍ഗീസൊരുക്കിയ രാത്രി ഭക്ഷണവേളയില്‍ കെ പി എ സി എന്‍ഡോവ്‌മെന്റിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. ചെന്നൈയിലെ മലയാളി സമൂഹം പൊതുവായി ഏര്‍പ്പെടുത്തുന്ന എന്‍ഡോവ്‌മെന്റ് എന്ന പ്രത്യേകത കണക്കിലെടുത്ത് സഖാവ് പി കെ വി ഒരു നിര്‍ദേശം വെച്ചു. എന്‍ഡോവ്‌മെന്റിന്റെ പേര് 'ചെന്നൈ മലയാളികളുടെ കെ പി എ സി എന്‍ഡോവ്‌മെന്റ്' എന്നാക്കുക. ആ നിര്‍ദേശം സര്‍വാത്മനാ സ്വീകരിക്കപ്പെട്ടു. അങ്ങനെ മദിരാശി സര്‍വകലാശാലയിലെ കെ പി എ സി എന്‍ഡോവ്‌മെന്റിന് തുടക്കമായി.

ഒരു നാടക സംഘത്തിന്റെ പേരില്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയിലും ഒരു എന്‍ഡോവ്‌മെന്റ് സ്ഥാപിക്കപ്പെട്ടിട്ടില്ല. ലോകത്തെ ഒരു സര്‍വകലാശാലയിലും ഏതെങ്കിലും പ്രത്യേക നാടക സംഘത്തിന്റെ പേരില്‍ ഒരു എന്‍ഡോവ്‌മെന്റില്ല. നാടകകൃത്തുക്കളുടെ പേരില്‍ പലയിടത്തുമുണ്ടെങ്കിലും. കെ പി എ സിക്കും മദിരാശി സര്‍വകലാശാലയിലെ മലയാളം വകുപ്പിനും അഭിമാനം വര്‍ധിപ്പിച്ചുകൊണ്ട് കെ പി എ സി എന്‍ഡോവ്‌മെന്റ് വര്‍ഷങ്ങളായി പ്രവര്‍ത്തന നിരതമാണ്. നാടക ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും മാത്രമായുള്ള ഒരേയൊരു എന്‍ഡോവ്‌മെന്റ്. മലയാള നാടകവേദിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഈ എന്‍ഡോവ്‌മെന്റ് മാറിക്കഴിഞ്ഞു എന്നത് നമുക്ക് പ്രചോദനമാണ്.

*
ഡോ. സി ജി രാജേന്ദ്രബാബു (ലേഖകന്‍ കേരള സര്‍വകലാശാല മലയാളം ലക്‌സിക്കണ്‍ വിഭാഗം തലവനും എഡിറ്ററുമാണ്)

ജനയുഗം

No comments: