Sunday, February 17, 2013

കയര്‍മേഖലയെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍

രണ്ടു നൂറ്റാണ്ടിലേറെ കേരളത്തിന്റെ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ഉപജീവനത്തിന് ആശ്രയിച്ചിരുന്നത് കയര്‍ വ്യവസായത്തെയാണ്. നാളികേരത്തിന്റെ തൊണ്ട് സുലഭമായി ലഭിച്ചിരുന്നത്, ചുറ്റുപാടുമുള്ള കായലുകളിലും തോടുകളിലും പൂഴ്ത്തി, അഴുക്കിയെടുത്ത് തല്ലി ചകിരിയാക്കി കയറും കയറുല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ട് അന്‍പതുകളില്‍ പത്തുലക്ഷത്തോളം കുടുംബങ്ങളാണ് ഉപജീവനം കഴിച്ചിരുന്നത്. എഡി പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ സഞ്ചാരിയും ചരിത്രകാരനുമായ മാര്‍ക്കോ പോളൊ, കൊല്ലത്ത് അങ്ങാടിയില്‍ വില്‍ക്കാന്‍ വച്ചിരുന്ന ചരക്കുകളില്‍ കയറും ഉള്‍പ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ ഉത്ഭവിച്ച ഈ വ്യവസായം ക്രമേണ ഇന്ത്യയിലെ നാളികേര സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ആസാം, ത്രിപുര എന്നിവിടങ്ങളിലേക്ക് കയര്‍ ബോര്‍ഡിന്റെ രൂപീകരണത്തിനുശേഷം വ്യാപിച്ചു. 1954-ലാണ് കയര്‍ ബോര്‍ഡ് രൂപീകൃതമാകുന്നത്. അന്ന് കേരളത്തില്‍ മാത്രമേ കയര്‍ വ്യവസായം ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ബോര്‍ഡിന്റെ കൊച്ചിയിലായി.

പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി കയര്‍ തൊഴിലാളികളുടെ ശോചനീയ അവസ്ഥ പാര്‍ലമെന്റില്‍ ഉന്നയിച്ചു. കരളലിയിക്കുന്ന അവരുടെ കഥ പാര്‍ലമെന്റാകെ സാകൂതം ശ്രദ്ധിച്ചു. രാവിലെ മുതല്‍ രാത്രി വരെ പണിയെടുത്താല്‍ അന്ന് ലഭിക്കുന്ന കൂലി എട്ടണയായിരുന്നു. മറുപടി പറഞ്ഞ വ്യവസായമന്ത്രി ഖുറേഷി താന്‍ കേരളം സന്ദര്‍ശിക്കുന്നതാണെന്നും വ്യവസായത്തേയും തൊഴിലാളികളേയും രക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. താമസിയാതെ ഖുറേഷി എ.കെ.ജിയോടൊപ്പം കേരളത്തിലെത്തി കയര്‍ തൊഴിലാളികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ അനുഭവം എ.കെ.ജി വിവരിച്ചതിങ്ങനെയാണ്: ""ഞാനും കേന്ദ്രമന്ത്രി ഖുറേഷിയും കൂടി ഒരു കയര്‍ തൊഴിലാളിയുടെ വീടിനു മുന്നിലെത്തി. കൂടെയുണ്ടായിരുന്നവര്‍ ഗൃഹനാഥനെ വിളിച്ചു. എ.കെ.ജിയും കേന്ദ്രമന്ത്രിയും വീടിനു മുന്നില്‍ നില്‍ക്കുകയാണ്, ഇറങ്ങിവരണമെന്നാവശ്യപ്പെട്ടു. ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഗൃഹനാഥന്‍ പുറത്തുവന്നില്ല. പുറത്തുവരാത്തതില്‍ എല്ലാവരും രോഷം പൂണ്ടുനില്‍ക്കുമ്പോള്‍, അങ്ങാടിയില്‍ പോയിരുന്ന ഭാര്യ, വീടിനു മുമ്പില്‍ നേതാക്കള്‍ നില്‍ക്കുന്ന വിവരം കേട്ടറിഞ്ഞ് ഓടിയെത്തി. അവര്‍ മുറിക്കകത്തു കയറി നിമിഷങ്ങള്‍ക്കകം ഗൃഹനാഥന്‍ കൂപ്പുകയ്യോടെ പുറത്തുവന്ന് നേതാക്കളെ വണങ്ങി. അത്ഭുതം തന്നെ! പുറത്തുവരാന്‍ വൈകിയതില്‍ രോഷംപൂണ്ട അനുയായികളോട് ""ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി നാലാളിന്റെ മുമ്പില്‍ ഇറങ്ങുമ്പോള്‍ ഉടുക്കാന്‍ ഒരു മുണ്ടേയുള്ളൂ. അവള്‍ കമ്പോളത്തില്‍ പോയപ്പോള്‍ ആ മുണ്ട് അവള്‍ ഉടുത്തു. ഞാന്‍ ഒരു കീറിയ ചാക്കുകൊണ്ട് മാനം മറച്ച് വീട്ടിനകത്തിരിക്കുകയായിരുന്നു. അവള്‍ വന്നപ്പോള്‍ ആ മുണ്ട് എനിക്ക് കിട്ടി. അവള്‍ക്കിപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയില്ല."" ഇതായിരുന്നു ഗൃഹനാഥന്റെ മറുപടി. 1950-കളിലെ കയര്‍ തൊഴിലാളികളുടെ സ്ഥിതിയായിരുന്നു ഇത്. അതേത്തുടര്‍ന്നാണ് കയര്‍ ബോര്‍ഡിന്റെ സ്ഥാപനവും കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധതും കയര്‍ വ്യവസായത്തില്‍ പതിഞ്ഞതും.

കേരളത്തിന് പ്രകൃതിദത്തമായി ലഭിച്ച കായലുകളും തോടുകളും മൂലം തൊണ്ട് ചീയിക്കാനും സുവര്‍ണ്ണ നാര് ഉല്‍പ്പാദിപ്പിക്കാനും കയറിന്റെ റാണിയെന്ന് വിശേഷിപ്പിക്കുന്നതരം കയറുകള്‍ ഉല്‍പ്പാദിപ്പിക്കാനും സാധിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അതിന് സൗകര്യമില്ലായിരുന്നു. 1980-കളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പച്ചത്തൊണ്ടില്‍നിന്നും ഉണക്കത്തൊണ്ടില്‍നിന്നും ചകിരി ഉല്‍പ്പാദിപ്പിക്കാനും ചെറിയ തോതിലെങ്കിലും യന്ത്ര റാട്ടുകള്‍ ഉപയോഗിച്ച് കയര്‍ പിരിക്കാനും അയല്‍സംസ്ഥാനങ്ങള്‍ തുടങ്ങി. ഇതിനെല്ലാം കയര്‍ ബോര്‍ഡിന്റെ പ്രോത്സാഹനം ലഭിച്ചു. കേരളത്തിലെ തൊഴിലാളികളുടെ ജോലിയിലോ കൂലിയിലോ മാറ്റം വരുത്താനുള്ള ഒരു പദ്ധതിക്കും രൂപം നല്‍കാന്‍ കഴിഞ്ഞില്ല. സമൂഹത്തിന്റെ മാറ്റത്തിനുസൃതമായ ഉല്‍പ്പാദനരീതിയോ മെച്ചപ്പെട്ട വരുമാനമോ ഉറപ്പാക്കാന്‍ ബോര്‍ഡിനോ സംസ്ഥാന ഗവണ്‍മെന്റിനോ കഴിഞ്ഞില്ല. പുരുഷന്മാരായ തൊഴിലാളികള്‍ പുതിയ മേച്ചില്‍സ്ഥലം തേടി നാടുവിട്ടു. 90 ശതമാനവും സ്ത്രീകളാണ് ഈ വ്യവസായത്തില്‍. അവര്‍ ഗതിയില്ലാതെ കയറില്‍ കുരുങ്ങി ഇവിടെ തന്നെ അര്‍ദ്ധപട്ടിണിക്കാരായി കഴിയുന്നു.

1957-ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ ഇ.എം.എസ് ഗവണ്‍മെന്റ് തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ രൂപീകരിച്ച് തൊഴിലും മെച്ചപ്പെട്ട കൂലിയും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. സംഘത്തിലെ അംഗത്വത്തില്‍ 93 ശതമാനവും യഥാര്‍ത്ഥ തൊഴിലാളികളായിരിക്കണമെന്ന് വ്യവസ്ഥയുണ്ടാക്കി. അതുവരെ വ്യവസായികളും ദന്തഡോക്ടര്‍മാരും സര്‍ക്കാര്‍ ജീവനക്കാരുമൊക്കെയായിരുന്നു തൊഴിലാളികളുടെ പേരില്‍ കയര്‍ സംഘാംഗങ്ങള്‍. മാറിമാറിവന്ന യു.ഡി.എഫ് ഗവണ്‍മെന്റുകള്‍ യാതൊരു പരിശോധനയും കൂടാതെ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും തൊഴിലാളി സംഘങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. ഇടയ്ക്കിടയ്ക്ക് അധികാരമേല്‍ക്കുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റുകള്‍ വ്യവസായ സംരക്ഷണത്തിനും തൊഴിലാളിക്ഷേമത്തിനും ഉതകുന്ന ചില നടപടികള്‍ കൈക്കൊള്ളുന്നതുകൊണ്ടാണ് പൂര്‍ണ്ണ നാശത്തിലേക്കു പോകാതെ കയര്‍വ്യവസായം പിടിച്ചുനില്‍ക്കുന്നത്. 2006-ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റ് വ്യവസായ സംരക്ഷണത്തിന് ഏറെ നടപടികള്‍ സ്വീകരിച്ചു. നിലവിലുള്ള സംഘങ്ങള്‍ക്ക് പ്രവര്‍ത്തന സഹായം നല്‍കുക, സര്‍ക്കാര്‍ വായ്പകള്‍ ഓഹരിയാക്കി മാറ്റുക, ഉല്‍പ്പാദനച്ചെലവിനുസൃതമായി ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിച്ച് വാങ്ങാനുള്ള സംവിധാനം, ഫാക്ടറി മേഖലയില്‍ ക്രയവില പദ്ധതി, കാലാനുസൃതമായി ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാവശ്യമായ സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ മേജര്‍ ഫാക്ടറി സ്ഥാപിക്കുക, തൊഴിലാളികളുടെ പെന്‍ഷനും ക്ഷേമപദ്ധതികളും കാലോചിതമായി പരിഷ്കരിച്ച് പെന്‍ഷന്‍ 100 രൂപയില്‍നിന്ന് 400 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, 60 രൂപയില്‍നിന്ന് 150 രൂപയാക്കി കൂലി ഉയര്‍ത്തുക, യു.ഡി.എഫ് ഗവണ്‍മെന്റ് കുടിശ്ശികയിട്ടിരുന്ന 27 മാസത്തെ കുടിശ്ശിക തീര്‍ക്കുകയും വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ഒരുമാസം പോലും കുടിശ്ശികയില്ലാതെ നല്‍കുകയും ചെയ്യുക തുടങ്ങി തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന നടപടികള്‍ സ്വീകരിച്ചു. സര്‍വ്വോപരി, കയര്‍വ്യവസായം ശാസ്ത്രീയാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിച്ച് ശക്തിപ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കയറിന്റെ ചരിത്രത്തില്‍ ആദ്യമായി വിദഗ്ദ്ധരടങ്ങിയ ഒരു കയര്‍ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്റെ ശുപാര്‍ശകള്‍ പരണത്തുവയ്ക്കാതെ അംഗീകരിച്ച് നടപ്പിലാക്കി തുടങ്ങുകയും ചെയ്തത്, വ്യവസായത്തില്‍ വലിയ പ്രതീക്ഷയാണുളവാക്കിയത്. നിര്‍ഭാഗ്യവശാല്‍, 2011 മേയില്‍ യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു, കയര്‍മേഖല ശവപ്പറമ്പാക്കി മാറ്റുകയാണ്.

2005-ല്‍ കയര്‍ ബോര്‍ഡ് നടത്തിയ സെന്‍സസ് പ്രകാരം 3,80,095 തൊഴിലാളികളാണ് കേരളത്തില്‍ പണിയെടുക്കുന്നതെന്ന് കണ്ടെത്തി. ഉള്ള തൊഴിലാളികളുടെ എണ്ണം കുറച്ചുകാണിക്കുകയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ തൊഴിലാളികളുള്ളത്. ഇന്ന് ഈ ലേഖനം എഴുതുമ്പോള്‍ പണിയുള്ളവരുടെ സംഖ്യ നാലിലൊന്നു മാത്രം. അവര്‍ക്കുതന്നെ ആണ്ടില്‍ 100 ദിവസത്തെ ജോലി ലഭിക്കുന്നില്ല. 513 സഹകരണ സംഘങ്ങള്‍ ഉള്ളതില്‍ 100-ല്‍ താഴെ സംഘങ്ങളേ വല്ലപ്പോഴുമെങ്കിലും പ്രവര്‍ത്തിക്കുന്നുള്ളൂ. അഞ്ചും പത്തും തൊഴിലാളികള്‍ക്കാണ് പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ തന്നെ പണിയുള്ളത്. സ്വകാര്യ കയര്‍ ഉല്‍പ്പാദകരും വ്യവസായം ഉപേക്ഷിച്ച് രംഗം വിട്ടു. വരുമാന ഉറപ്പുപദ്ധതി പ്രകാരം 210 രൂപ തൊഴിലുള്ള ദിവസം കൂലി കിട്ടും. രണ്ടരലക്ഷം തൊഴിലാളികള്‍ അംഗങ്ങളായിട്ടുള്ള സഹകരണ മേഖലയില്‍ 15,345 പേര്‍ക്കാണ് പ്രയോജനം കിട്ടുന്നത്. അതിന്റെയര്‍ത്ഥം അത്രപേര്‍ക്കേ സംഘത്തില്‍ ജോലിയുള്ളൂവെന്നാണ്. സ്വകാര്യമേഖലയില്‍ വരുമാന ഉറപ്പുപദ്ധതി നടപ്പാക്കുന്നില്ല. ഫാക്ടറി മേഖലയുടെ സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്. സജിമോന്‍, വിശ്വംഭരന്‍ എന്നീ തൊഴിലാളികള്‍ മാസങ്ങളായി തൊഴിലില്ലാതെ കടംകയറി ആത്മഹത്യ ചെയ്തു. ഇങ്ങനെയൊരു സ്ഥിതിവിശേഷം കയറിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയില്‍ നാലരക്കോടി രൂപ മുടക്കി കയര്‍ മേള നടത്തുന്നത്. നാലരയല്ല, ഒന്നരക്കോടി കൂടി മേളയ്ക്ക് കേന്ദ്രവും നല്‍കാന്‍ പോകുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് മേള സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യമിടുകയാണ്. എന്നാല്‍ ഇതിന് യാഥാര്‍ത്ഥ്യവുമായ ഒരു ബന്ധവുമില്ല. ഇന്ത്യയില്‍നിന്നുള്ള കയര്‍ കയറ്റുമതിയുടെ 90 ശതമാനവും കേരളത്തിന്റേതായിരുന്നു. ഇപ്പോള്‍ സ്ഥിതിയാകെ മാറി. കഴിഞ്ഞ വര്‍ഷത്തെ (2012) കയറ്റുമതി 1052 കോടി രൂപയുടേതാണ്. ഇതില്‍ ചകിരിയും ചകിരിച്ചോറും കൂടി 425 കോടി രൂപ, പി.വി.സി ടഫ്റ്റഡ് മാറ്റ്-277 കോടി, കേള്‍ഡ് കയര്‍-31 കോടി - ഇതെല്ലാം കൂടി 713 കോടി രൂപയുണ്ട്. 1052 കോടിയില്‍ 713 കോടി രൂപയുടെ കയറ്റുമതിയില്‍ കയര്‍ തൊഴിലാളിക്ക് തൊഴില്‍ കിട്ടുന്ന മേഖല, മേള നടത്തുന്ന ഭരണാധികാരികള്‍ ബോധ്യപ്പെടുത്താമോ? ചകിരിയും ചകിരിച്ചോറും കയറ്റുമതി ചെയ്യുന്നത് തമിഴ്നാടാണ്. പി.വി.സി മാറ്റ്സ് ഉല്‍പ്പാദിപ്പിക്കുന്നത് വന്‍കിട യന്ത്രങ്ങളാണ്, തൊഴിലാളികളല്ല. 230 കോടിയുടെ കൈത്തറി തടുക്ക് കയറ്റി അയച്ചതായി കണക്ക് കാണിക്കുന്നു. അതിന് 27,656 മെട്രിക് ടണ്‍ തടുക്ക് വേണം. അത്രയും തടുക്ക് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ കഴിഞ്ഞവര്‍ഷം ഉല്‍പ്പാദിപ്പിച്ചെങ്കില്‍ ഫാക്ടറി മേഖലയില്‍ തൊഴിലില്ലായ്മ ഉണ്ടാകാനിടയില്ല. കൈത്തറി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് 12.5 ശതമാനം ഇന്‍സെന്റീവ് ഉള്ളത് തട്ടിയെടുക്കാന്‍ ചില കയറ്റുമതിക്കാര്‍ പി.വി.സി ടഫ്റ്റഡ് മാറ്റ് കൈത്തറി തടുക്കായി കയറ്റി അയച്ചിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അതിന് കൂട്ടുനിന്നത് ഈ അടുത്തകാലത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ചകിരിയിലും ചകിരിച്ചോറിലും രക്തചന്ദനം ഒളിപ്പിച്ചുവച്ച് കയറ്റി അയച്ചത് 500 കോടിയോളം രൂപയ്ക്ക് വരുമെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കയറ്റുമതിയുടെ ഈ കള്ളക്കണക്ക് വരച്ചുകാട്ടി കയര്‍വ്യവസായം അഭിവൃദ്ധിയില്‍ എന്ന് പെരുമ്പറയടിക്കുന്നവര്‍ സത്യത്തെ കുഴിച്ചുമൂടുകയാണ്.

യു.ഡി.എഫ് ഗവണ്‍മെന്റ് തൊഴിലാളികളോ വ്യവസായികളോ ഇല്ലാത്ത മലയോര ജില്ലയില്‍ പുതിയ കയര്‍ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നു. കോന്നിയില്‍ യന്ത്രവല്‍കൃത ഫാക്ടറി 30 കോടി മുടക്കി സ്ഥാപിക്കുന്നു. 513 സംഘങ്ങള്‍ നിലവിലുള്ളത് പ്രവര്‍ത്തിപ്പിക്കുന്നതിനു പകരം പുതുതായി 120 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് ആര്‍ക്കുവേണ്ടിയാണ്? തൊഴിലാളികള്‍ക്ക് വേണ്ടത് തൊഴിലാണ്, സംഘങ്ങളല്ല. ചെറുകിട കയര്‍ ഉല്‍പ്പാദകരുടെയും തൊഴിലാളികളുടെയും വ്യവസായവുമായി ബന്ധമുള്ള മുഴുവനാളുകളുടെയും പ്രതീക്ഷ നശിപ്പിച്ച് ഈ വ്യവസായം ഇനി രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് വിശ്വസിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ജീവിക്കാന്‍ വേറെ വഴി തേടിക്കൊള്ളുക എന്ന സന്ദേശമാണ് സര്‍ക്കാരിന്റേത്. അത് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഭരണാധികാരികളോടും സമൂഹത്തോടും തൊഴിലാളികള്‍ക്ക് ഒന്നേ പറയാനുള്ളൂ, ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തൊഴില്‍ തരണം അല്ലെങ്കില്‍ ജീവിക്കാനുള്ള മിനിമം വേതനം (350 രൂപ) നല്‍കണം. രണ്ടിനും സര്‍ക്കാരിന് സാധ്യമല്ലെങ്കില്‍ ഈ വ്യവസായത്തില്‍നിന്ന് ഞങ്ങളെ പിരിച്ചുവിടണം. 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് ചുരുങ്ങിയത് 2000 രൂപ പെന്‍ഷനായി നല്‍കണം. മറ്റെന്തെങ്കിലും തൊഴില്‍ തേടി ജീവിക്കാന്‍ നോക്കാം. ജനിച്ചുപോയി, മരിക്കുന്നതുവരെ ജീവിച്ചേ പറ്റൂ. കയര്‍ തൊഴിലാളികള്‍ പണിയെടുത്തകാലത്ത് ജീവിതത്തില്‍ മറ്റു മേഖലകളിലുള്ളവര്‍ ജീവിച്ചപോലെ ജീവിതസുഖം അനുഭവിച്ചവരല്ല. ചത്തതിനൊത്തു ജീവിച്ചവരാണ്. തീരദേശ താലൂക്കുകളിലെ ജനജീവിതം - ഒരു സര്‍ക്കാരിന്റേയും സഹായമില്ലാതെ - സംരക്ഷിച്ചവരാണ് അവര്‍. അവരെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്.

കേരളം 600 കോടിയില്‍പ്പരം നാളികേരം ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമെന്നാണ് കണക്ക്. 240 കോടി നാളികേരത്തിന്റെ തൊണ്ട് സംഭരിച്ചാല്‍ നാലുലക്ഷം തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 240 ദിവസത്തെ ജോലി ഉറപ്പാക്കാം. അതിനുവേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. തൊണ്ടും ചകിരിയുമില്ലാതെ, കയറും കയറുല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കാതെ എന്ത് കയറ്റി അയച്ചാണ് കയറ്റുമതി വര്‍ദ്ധിപ്പിക്കുക? കയര്‍ സഞ്ചിയും മൊബൈല്‍ ഫോണിന് ചകിരികൊണ്ട് കവറും, കയര്‍ മാലയും കളിപ്പാട്ടങ്ങളും ചകിരി കൊണ്ട് തടിയും ഉണ്ടാക്കി കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്നാണ് മേളയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.

നിലവില്‍ കയര്‍ പിരിച്ചും പായും തടുക്കും നെയ്ത് ജീവിക്കുന്ന കുറെ മനുഷ്യരുണ്ട്. അവരുടെ തൊഴില്‍ സംരക്ഷിക്കാനുള്ള പദ്ധതി മാത്രമാണ് സര്‍ക്കാര്‍ പണ്ഡിതന്മാരുടെ മനസ്സിലില്ലാത്തത്. ഉയര്‍ന്ന സാങ്കേതികവിദ്യ പ്രയോഗിച്ച് കയര്‍ വ്യവസായം സംരക്ഷിക്കാനോ അഭിവൃദ്ധിപ്പെടുത്താനോ തൊഴിലാളികള്‍ എതിരല്ല. തങ്ങളുടെ അധ്വാനഭാരം ലഘൂകരിക്കാനും ഇന്നത്തെ പട്ടിണിക്കൂലി വര്‍ദ്ധിപ്പിക്കാനും ഏത് സാങ്കേതികവിദ്യ നല്‍കിയാലും തൊഴിലാളി സ്വീകരിക്കും. ഇന്നത്തെ നിലയില്‍ പിരി തൊഴിലാളിക്ക് 350 രൂപയും ഫാക്ടറി തൊഴിലാളിക്ക് 500 രൂപയും കൂലിയായി നല്‍കിയാല്‍ മതി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭസമരങ്ങള്‍ തൊഴിലാളി സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 20-21 തീയതികളിലെ ദേശീയ പണിമുടക്കില്‍ കയര്‍ തൊഴിലാളികളും അണിചേരും. അതിനുശേഷം വ്യവസായവും തൊഴിലും സംരക്ഷിക്കാനുള്ള ശക്തിമത്തായ സമരങ്ങളിലേക്ക് തൊഴിലാളികള്‍ തയ്യാറെടുക്കുകയാണ്. പട്ടിണി കിടന്ന് മരിക്കാനല്ല, പൊരുതി ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

*
ആനത്തലവട്ടം ആനന്ദന്‍ ചിന്ത വാരിക

No comments: