Thursday, February 14, 2013

വധശിക്ഷ നീതിന്യായ- രാഷ്ട്രീയ വ്യവസ്ഥയെ വേട്ടയാടുന്നു

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന പാര്‍ലമെന്റ് ആക്രമണകേസില്‍ പ്രതിയാക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അതീവ രഹസ്യമായി തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയ സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയേയും രാഷ്ട്രീയ സംവിധാനത്തേയും ഏറെക്കാലം വേട്ടയാടുകതന്നെ ചെയ്യും. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ പരമോന്നത വേദിയായ പാര്‍ലമെന്റിന് നേരെ ഭീകരവാദികള്‍ നടത്തിയ കടന്നാക്രമണം അക്ഷന്തവ്യവും കഠിനശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യമാണെന്നതും അവിതര്‍ക്കിതമാണ്. എന്നാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ദേശദ്രോഹ ഭീകരവാദ ശക്തികള്‍ ആരെന്ന് അസന്നിഗ്ധമായി തെളിയിക്കാനും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും അന്വേഷണങ്ങള്‍ക്കും വിചാരണകള്‍ക്കും ശിക്ഷാവിധികള്‍ക്കും ഫലപ്രഥമായി കഴിഞ്ഞോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ അതീവ രഹസ്യമായി നടപ്പാക്കിയ വധശിക്ഷ സ്ഥിതിഗതികള്‍ക്ക് അയവു വരുത്തുന്നതിന് പകരം രാഷ്ട്രീയാന്തരീക്ഷത്തെ കൂടുതല്‍ വിവാദങ്ങളിലേക്കും അസ്വാസ്ഥ്യങ്ങളിലേക്കുമാണ് നയിക്കുകയെന്ന ആശങ്ക ബലപ്പെടുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കുമരത്തിലേക്ക് നയിച്ച നീതിന്യായ പ്രക്രിയ കുറ്റമറ്റതായിരുന്നില്ല. കുറ്റാരോപിതനായ അയാള്‍ക്ക് അയാള്‍ അവകാശപ്പെടും വിധം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥ ഉറപ്പു നല്‍കുന്ന നിയമസഹായം ലഭിച്ചിരുന്നില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തിരസ്‌കരിക്കപ്പെട്ടതിന് ശേഷം നിയമം അനുശാസിക്കും വിധം ജുഡീഷ്യല്‍ പുനരവലോകനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടു. വധശിക്ഷ ഉറ്റബന്ധുക്കളെപ്പോലും അറിയിക്കാതെ അപഹാസ്യമാംവിധം രഹസ്യമായി നടപ്പാക്കി. മേല്‍പ്പറഞ്ഞ മൂന്ന് ആരോപണങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഒരു ജനാധിപത്യ രാഷ്ട്രം ബാധ്യസ്ഥമാണ്.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കി മൂന്നുദിവസം പിന്നിട്ടിട്ടും തൃപ്തികരമായ ഒരു വിശദീകരണം നല്‍കുന്നതില്‍ കേന്ദ്രഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. താരതമ്യേന സാധാരണ സ്ഥിതിയിലേക്കു മടങ്ങി വന്നുകൊണ്ടിരുന്ന കശ്മീര്‍ താഴ്‌വര ദേശീയ മുഖ്യധാരയില്‍ നിന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കകം എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നുവെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. കേന്ദ്രഭരണം കയ്യാളുന്ന യു പി എയുടെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പോലും കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ പരസ്യമായി ചോദ്യം ചെയ്തിരിക്കുന്നു. കശ്മീരിലെ വരും തലമുറകളെപോലും ദേശീയ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ മതിയായതാണ് കേന്ദ്രസര്‍ക്കാരിന്റെ  നടപടിയെന്ന് ഒമര്‍ തുറന്നടിച്ചു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുകയെന്നത് ഒരു നിയമ പ്രക്രിയയെക്കാളേറെ ദുരുപദിഷ്ട രാഷ്ട്രീയ തീരുമാനമാണെന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ ചോരക്ക് വേണ്ടിയുള്ള മുറവിളി തീവ്രഹിന്ദുത്വത്തിന്റെ നിരന്തര ആവശ്യമായിരുന്നു. ഒരു ന്യൂനപക്ഷം തീവ്രഹിന്ദുത്വ വാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമ വ്യവസ്ഥയെ തന്നെ അട്ടിമറിച്ച് നടപ്പാക്കിയ വധശിക്ഷക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ നിക്ഷിപ്ത രാഷ്ട്രീയ അജണ്ട വ്യക്തമാണ്. നീതിന്യായ വ്യവസ്ഥയേയും രാഷ്ട്രീയ ധാര്‍മ്മികതയെയും മറി കടന്നുള്ള കേന്ദ്രഭരണകൂടത്തിന്റെ രാഷ്ട്രീയ തീരുമാനം ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല.

ദീര്‍ഘകാലത്തെ ഇടവേളക്കു ശേഷമാണ് ഡിസംബറില്‍ മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിയിലായ അജ്മല്‍ കസബിനെ പൂനയില്‍ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയത്. കസബിന്റെ കുറ്റകൃത്യത്തെ ആരും ലാഘവത്തോടെ നോക്കി കാണുന്നില്ല. അപ്രഖ്യാപിതമെങ്കിലും ദീര്‍ഘകാലം വധശിക്ഷ നടപ്പാക്കാതിരുന്ന രാജ്യത്ത് അതീവ രഹസ്യമായി കസബിന്റെ വധശിക്ഷ നടപ്പാക്കിയത് വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാല്‍ ചോരക്ക് ചോരയെന്ന പ്രാകൃത നീതിക്ക് വേണ്ടി തീവ്രയാഥാസ്ഥിതികതയുടെ മുറവിളിക്കു വഴങ്ങി ഇപ്പോള്‍ നടപ്പാക്കിയ വധശിക്ഷ ഹ്രസ്വകാല രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമേ ഉതകൂ. ജനാധിപത്യത്തിന് ഇന്ത്യയെപ്പോലെ വേരോട്ടമില്ലാത്ത രാജ്യങ്ങള്‍ പോലും ഉപേക്ഷിച്ച വധശിക്ഷ ഇനിയും തുടരുന്നതിന്റെ ധാര്‍മ്മികത സമൂഹം ഗൗരവമായി വിലയിരുത്തണം. അഫ്‌സല്‍ ഗുരുവിന്റെ വിചാരണയിലും ശിക്ഷാവിധിയിലും അത് നടപ്പാക്കിയ രീതിയിലുമുണ്ടായ വീഴ്ചകളും അപാകതകളും പുനഃപരിശോധനക്ക് വിധേയമാക്കപ്പെടണം. അഫ്‌സല്‍ ഗുരുവിന്റെ ശവകുടീരത്തില്‍ മതപരമായ അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള കുടുംബത്തിന്റെ അഭ്യര്‍ഥന മാനിക്കപ്പെടണം. ഈ വധശിക്ഷ നടപ്പാക്കുക വഴി മുറിവേറ്റ കശ്മീര്‍ താഴ്‌വരയുടെ മുറിവ് ഉണക്കാനും ദേശീയ മുഖ്യധാരയിലേക്ക് അവരെ തിരികെ കൊണ്ടുവരാനും ഭരണകൂടം സത്വര നടപടികള്‍ സ്വീകരിക്കണം. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഇന്ത്യന്‍ റിപ്പബ്ലിക്കിലെ അവസാന വധശിക്ഷയാണെന്ന് ഉറപ്പുവരുത്തുകയാണ് രാഷ്ട്രത്തിന്റെയും ജനതയുടെയും ഐക്യത്തിന്റെ കാതല്‍.

*
ജനയുഗം മുഖപ്രസംഗം 12 ഫെബ്രുവരി 2013

No comments: