Wednesday, February 27, 2013

കാപട്യത്തിന്റെ ബജറ്റ്; അവഗണനയുടെയും

കാപട്യത്തിന്റെ ബജറ്റ് എന്നേ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ചൊവ്വാഴ്ച ലോക്സഭയിലവതരിപ്പിച്ച 2013-14 വര്‍ഷത്തേക്കുള്ള റെയില്‍വേ ബജറ്റിനെ വിശേഷിപ്പിക്കാനാകൂ. ജനങ്ങളെ കബളിപ്പിക്കുക എന്നത് അടിസ്ഥാനസ്വഭാവമായി സ്വീകരിച്ച യുപിഎ ഭരണം റെയില്‍വേ ബജറ്റിനെ കബളിപ്പിക്കലിനുള്ള മറ്റൊരു ഉപകരണം എന്ന നിലയ്ക്ക് കാണാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടൂ.

യാത്രക്കൂലിയില്‍ ഒരു വര്‍ധനയും ഏര്‍പ്പെടുത്തുന്നില്ല എന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടുവിധത്തില്‍ ഈ പ്രസ്താവന കപടമാകുന്നു. 2013-14 വര്‍ഷം യാത്രക്കൂലി വര്‍ധനയിലൂടെ 12,000 കോടിരൂപ ജനങ്ങളെ പിഴിഞ്ഞുണ്ടാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് വേറെ ഇറക്കിയിരുന്നു എന്നതാണ് സത്യം. ഈ ബജറ്റിലൂടെത്തന്നെ അയ്യായിരം കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാന്‍ പാകത്തില്‍ റിസര്‍വേഷന്‍- ക്യാന്‍സലേഷന്‍- തല്‍ക്കാല്‍ നിരക്കുകള്‍ ഉയര്‍ത്തി നിശ്ചയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം. ഇതാണ് സത്യങ്ങളെന്നിരിക്കെ എന്തിനാണ് സഭയെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ മന്ത്രി ശ്രമിക്കുന്നത്.

പാര്‍ലമെന്ററി ജനാധിപത്യം ബജറ്റിന് സവിശേഷതലത്തിലുള്ള പവിത്രത കല്‍പ്പിക്കാറുണ്ട്. ആ പവിത്രതയെ ഭഞ്ജിക്കുന്ന വിധത്തിലാണ് ബജറ്റ് അവതരിപ്പിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കിനിന്ന വേളയില്‍ ബജറ്റിനെയും ജനപ്രതിനിധിസഭയെയും മുറിച്ചുകടക്കുന്നവിധം യാത്രക്കൂലി കുത്തനെ കൂട്ടിയത്. യാത്രക്കൂലി വര്‍ധന എന്ന നീതീകരണമില്ലാത്ത നിര്‍ദേശവുമായി പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്തവര്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ജനങ്ങള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയായിരുന്നു. ജനുവരി ഒമ്പതിനാണതു ചെയ്തത്. മൂന്നാഴ്ചകൊണ്ട് ജനം അത് മറക്കുമെന്ന് ഈ മന്ത്രി കരുതുന്നുണ്ടോ? ടിക്കറ്റ് റിസര്‍വേഷന്‍, ക്യാന്‍സലേഷന്‍, തല്‍ക്കാല്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയത് ഈ ബജറ്റിലൂടെയാണ്. ആ നിര്‍ദേശമുള്ള ബജറ്റിന്റെതന്നെ മറ്റൊരു ഭാഗത്ത് യാത്രക്കൂലി വര്‍ധിപ്പിക്കുന്നില്ല എന്നു മന്ത്രി പ്രഖ്യാപിച്ചത് ആരെ കബളിപ്പിക്കാനാണ്? സെക്കന്‍ഡ് എസി- ഫസ്റ്റ് ക്ലാസ് റിസര്‍വേഷന്‍ ചാര്‍ജ് 25 രൂപയില്‍നിന്ന് 50 ലേക്കു ഉയരുകയാണ് ഈ ബജറ്റിലൂടെ. തേഡ് എസി, എസി ചെയര്‍കാര്‍ എന്നിവയില്‍ 25 രൂപ 40 ആയി വര്‍ധിക്കുകയാണ്. ഫസ്റ്റ് എസിയിലും എക്സിക്യൂട്ടീവ് ക്ലാസിലും 35 രൂപയായിരുന്നത് 60 രൂപയാകുന്നു. സൂപ്പര്‍ ഫാസ്റ്റിലെ അധികചാര്‍ജ് പത്തില്‍നിന്ന് പതിനഞ്ചാകുന്നു. ക്യാന്‍സലേഷന്‍ ചാര്‍ജ് പത്തുരൂപയില്‍നിന്ന് 50 രൂപയാക്കുന്നു. ഇതിനൊക്കെശേഷവും യാത്രക്കൂലി വര്‍ധിപ്പിക്കുന്നില്ല എന്നു പറയുന്നത് എന്തുതരം കാപട്യമാണ്? ആരെ കബളിപ്പിക്കാനാണത്?

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു കടക്കാനിനി മാസങ്ങളേയുള്ളൂ. അതുകൊണ്ട് ബജറ്റ് ജനദ്രോഹകരമല്ലെന്നു വരുത്തിത്തീര്‍ക്കാനാകണം മന്ത്രി ഈ കള്ളക്കളികളെ ആശ്രയിച്ചത്. അടിസ്ഥാനപരമായ നയംമാറ്റത്തിലൂടെയേ റെയില്‍വേയെ രക്ഷപ്പെടുത്താനാകൂ. എന്നാല്‍, ആ വഴിക്കു സഞ്ചരിക്കാന്‍ മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും വയ്യ. ഉദാരവല്‍ക്കരണത്തിന്റെ വികലനയങ്ങള്‍ ദുരന്തം വിതറുമ്പോള്‍ അതിന് ചൊട്ടുവിദ്യകളിലൂടെ മറയിടാമെന്ന് ഇവര്‍ കരുതുന്നു. അതിനുള്ള അഭ്യാസങ്ങളാണിപ്പോള്‍ നടക്കുന്നത്. അതാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതും. വാര്‍ഷിക പൊതുബജറ്റിന്റെ ധനപിന്തുണയില്ലാതെ റെയില്‍വേപോലുള്ള വലിയ ഒരു ജനസേവന പൊതുമേഖല മുന്നോട്ടുപോകില്ല. എന്നാല്‍, കേന്ദ്രമന്ത്രിസഭ റെയില്‍വേക്കുള്ള ബജറ്റ് പിന്തുണ വെട്ടിക്കുറയ്ക്കുന്നു. 50,000 കോടി വേണ്ടിയിരുന്ന കഴിഞ്ഞ വര്‍ഷം 25,000 കോടിയാണനുവദിച്ചത്. ഇത്തവണ റെയില്‍വേ ചോദിച്ചതുതന്നെ 35,000 കോടിരൂപ. സാമ്പത്തികമായി ശക്തിയാര്‍ജിച്ചതുകൊണ്ടല്ല തുക റെയില്‍വേ കുറച്ചുചോദിച്ചത്. കേന്ദ്രനയം ആ വിധത്തിലായതുകൊണ്ടാണ്. അപ്പോള്‍പ്പിന്നെ കുറവ് എങ്ങനെ നികത്തും! അതിനാണ് ജനങ്ങളെ പിഴിഞ്ഞുകൊണ്ടുള്ള കള്ളക്കളി!

റെയില്‍വേ ഇനി ചരക്കുകടത്തുകൂലി ആഴ്ചതോറുമെന്നോണം വര്‍ധിപ്പിക്കും. ഇന്ധനവില കൂട്ടുമ്പോഴൊക്കെ ചരക്കുകടത്തുകൂലിയും കൂട്ടാനുള്ള റെയില്‍വേ താരിഫ് റഗുലേഷന്‍ അതോറിറ്റി സംവിധാനം നടപ്പാക്കുകയാണ്. ബജറ്റിലൂടെത്തന്നെ മന്ത്രി "കാലാനുസൃതമായ വര്‍ധ" ഈ രംഗത്ത് പ്രഖ്യാപിക്കുകയുംചെയ്തു. പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയേ ഇനി റെയില്‍വേ പദ്ധതികള്‍ ഏറ്റെടുക്കൂ. അതല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ടിറക്കിയാലേ ഇനി സംസ്ഥാനങ്ങളില്‍ റെയില്‍വേ വികസനമുള്ളൂ. ഇതുകൊണ്ടാണ് പാലക്കാട് കോച്ച് ഫാക്ടറി അനിശ്ചിതത്വത്തിലാകുന്നത്. ഒരുവശത്ത് റെയില്‍വേ ശൃംഖല വ്യാപിപ്പിക്കുമെന്നു പറയുകയും മറുവശത്ത് അതിനായി പുതിയ സര്‍വേ നടത്താതിരിക്കുകയും ചെയ്യുന്നതും ഈ വികലനയങ്ങളുടെ സൃഷ്ടിയായ കാപട്യംകൊണ്ടാണ്. കാപട്യത്തിന്റെ ബജറ്റ് കേരളത്തെ അതിക്രൂരമായ അവഗണനയിലൂടെ അപമാനിച്ചിരിക്കുകയാണ്. കോച്ചുഫാക്ടറിയെ അപര്യാപ്തമായ ഒരു തുക അനുവദിച്ച് ബജറ്റില്‍ നിലനിര്‍ത്തിയതൊഴിച്ചാല്‍, നൂറോളം തീവണ്ടികള്‍ അനുവദിച്ചപ്പോള്‍ അതില്‍ ഒന്നുരണ്ടെണ്ണം കേരളത്തിലൂടെ ഓടുമെന്നുവന്നു എന്നതൊഴിച്ചാല്‍, റെയില്‍വേ ഭൂപടത്തില്‍ കേരളത്തിനിടമില്ല എന്നതാണ് സത്യം.

പുതിയ ലൈന്‍, സര്‍വേ, വൈദ്യുതീകരണം, ഇരട്ടിപ്പിക്കല്‍, ഗേജ് മാറ്റം തുടങ്ങിയവ മുതല്‍ പുതിയ പ്രോജക്ടുകള്‍ വരെയുള്ളവയുടെ പട്ടികയില്‍ കേരളമില്ല. ചില തുണ്ടുപാതകള്‍ ഇരട്ടിപ്പിക്കുമെന്നും മറ്റും പറയുന്നുണ്ടെങ്കിലും അതിനുപോലും ബജറ്റില്‍ പര്യാപ്തമായ തുകയില്ല. റെയില്‍വേ സോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ശബരിപാത തുടങ്ങിയവയെക്കുറിച്ചൊന്നും പരാമര്‍ശം പോലുമില്ല. ലാലുപ്രസാദ് യാദവ് റെയില്‍വേ ബജറ്റവതരിപ്പിച്ചപ്പോള്‍ 20,000 കോടിയുടെ ലാഭം പ്രഖ്യാപിച്ചിരുന്നു. അത് ഉദാരവല്‍ക്കരണത്തിന്റെ പാതയിലൂടെ വന്ന് 26,000 കോടിയുടെ നഷ്ടത്തിലേക്കെത്തിയെങ്കില്‍ അതിന് വിശദീകരണം നല്‍കേണ്ടത് ആ നയങ്ങളുടെ വക്താവും പ്രയോക്താവുമായ മന്‍മോഹന്‍സിങ്ങാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 27 ഫെബ്രുവരി 2013

No comments: