Friday, February 8, 2013

താളംതെറ്റുന്ന തദ്ദേശഭരണം

അധികാരവികേന്ദ്രീകരണം രാജ്യത്ത് നിലവില്‍ വന്നത് 73, 74 ഭരണഘടനാ ഭേദഗതികളിലൂടെയാണ്. പക്ഷേ, യാഥാര്‍ഥ നൈതികതയില്‍ വികേന്ദ്രീകരണം നടപ്പാക്കിയത് കേരളത്തില്‍മാത്രമാണ്. കേരളത്തിന്റെ അധികാരവികേന്ദ്രീകരണ പരിപാടികളില്‍ ചില നൂതന ആശയങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചു. അതിലേറ്റവും പ്രധാനം ആസൂത്രണവികേന്ദ്രീകരണവും സമ്പത്തിന്റെ വികേന്ദ്രീകരണവുമാണ്. ഈ രണ്ട് ആശയങ്ങളും ശാസ്ത്രീയവും ചരിത്രപരവുമാണ്. ലോകത്താദ്യമായാണ് ഇവ പരീക്ഷിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.

ആസൂത്രണ വികേന്ദ്രീകരണമാണ് ജനകീയാസൂത്രണത്തിന്റെ പ്രധാന ആശയം. ഭരണകൂടത്തിന്റെ ജനാധിപത്യവല്‍ക്കരണമാണ് അധികാരവികേന്ദ്രീകരണം. അതുകൊണ്ട് അധികാരവികേന്ദ്രീകരണത്തിലൂടെ കൂടുതല്‍ ജനാധിപത്യവല്‍ക്കൃതമായ ഭരണകൂടം സൃഷ്ടിക്കപ്പെടണം. ജനങ്ങള്‍ക്ക് ഭരണകൂടപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാകാന്‍ കഴിയും എന്നതിനാല്‍ ജനാധിപത്യവല്‍ക്കരണം കൂടുതല്‍ ശക്തമാകും. ജനകീയ, പങ്കാളിത്ത ആസൂത്രണപ്രക്രിയ കൂടുതല്‍ പുഷ്കലമാക്കിയാണ് ജനകീയാസൂത്രണപദ്ധതി മുന്നോട്ടുപോകേണ്ടതെന്ന് മേല്‍വിവരങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷേ, ആസൂത്രണ വികേന്ദ്രീകരണത്തിന്റെ അര്‍ഥതലങ്ങളെയെല്ലാം തകര്‍ത്താണ് യുഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണത്തെ അട്ടിമറിക്കുന്നത്. വികേന്ദ്രീകൃത ആസൂത്രണമെന്നാല്‍ കേന്ദ്രീകൃതമായി നടത്തുന്ന ആസൂത്രണരീതി അതേപടി ഗ്രാമതലത്തിലും നടത്തുക എന്നതല്ല. ഈ തെറ്റാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിലൂടെ അടിസ്ഥാനപരമായി വികേന്ദ്രീകരണ സിദ്ധാന്തങ്ങളെ നശിപ്പിക്കുകയാണ്. കേന്ദ്രീകൃത ആസൂത്രണത്തില്‍ പദ്ധതിയുടെ പേരുമാത്രം പറയുകയും പണം നീക്കിവയ്ക്കുകയും പിന്നീട് ഔദ്യോഗികമായി പദ്ധതി രൂപീകരിച്ച് അനുമതി കൊടുക്കുകയും കോണ്‍ട്രാക്ടര്‍വഴി നടപ്പാക്കുകയും ചെയ്യുന്നതാണ് രീതി. ഇതുകൊണ്ടാണ് കേന്ദ്രീകരണപദ്ധതികള്‍ ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായത്. അഴിമതിയും ധൂര്‍ത്തും നിറഞ്ഞതും പരിസ്ഥിതിവിരുദ്ധവുമായ പദ്ധതികളായി ഭൂരിപക്ഷം സര്‍ക്കാര്‍പദ്ധതികളും മാറിയതിന്റെ കാരണവും ഇതിലൂടെ വ്യക്തമാകുന്നു.

മേല്‍പ്പറഞ്ഞ പ്രശ്നങ്ങളെ മറികടക്കുന്നതിനും പദ്ധതിനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനുമാണ് ഗ്രാമസഭയും വികസനസെമിനാറും സാങ്കേതികസമിതിയും ജനകീയ നിര്‍വഹണസമിതികളും ചേര്‍ത്ത് ജനാധിപത്യപരമായി പദ്ധതിരൂപീകരണം താഴെ തട്ടില്‍ നടപ്പാക്കിയത്. രണ്ടു രീതികളും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. അതുകൊണ്ട് വികേന്ദ്രീകൃതാസൂത്രണത്തിന്റെ നൈതികത നിലനിര്‍ത്തിയാലേ അധികാരവികേന്ദ്രീകരണം ശക്തമാകൂ. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ താഴെ തട്ടിലുളള ആസൂത്രണത്തെ കേന്ദ്രീകൃതാസൂത്രണരീതിയിലാക്കിയാല്‍ അധികാരവികേന്ദ്രീകരണം തകരും. ഇതാണ് യുഡിഎഫ് ഇപ്പോള്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഏക സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് ജില്ലാ ആസൂത്രണസമിതി. ഈ സ്ഥാപനത്തെ ഏറ്റവും ശക്തമാക്കുകയാണ് വേണ്ടത്. വികേന്ദ്രീകൃതാസൂത്രണരംഗത്തെ ഈ ജനകീയ പ്ലാനിങ് സംവിധാനത്തെ ബോധപൂര്‍വം നശിപ്പിച്ച് ഔദ്യോഗിക സംവിധാനമായി മാറ്റി. ഈ മാറ്റം ജനകീയതയുടെ എല്ലാ അംശങ്ങളെയും ഇല്ലാതാക്കും. സാങ്കേതികസമിതികള്‍ ജനകീയതയുടെ ഉദാഹരണങ്ങളാണ്. സമൂഹത്തിന്റെ വൈദഗ്ധ്യത്തെ പൂര്‍ണമായും ഉപയോഗിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. അതിന് കുറവുകളുണ്ടാകാം. ആ കുറവ് നികത്തുന്നതിനുപകരം സംവിധാനംതന്നെ നശിപ്പിക്കുകയാണ്.

അഞ്ചുവര്‍ഷത്തെ പദ്ധതി രൂപീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. പക്ഷേ, അതിനാവശ്യമായ വൈദഗ്ധ്യം നല്‍കിയില്ല. ജനകീയ വൈദഗ്ധ്യം ഇല്ലാതാക്കുകയുംചെയ്തു. ഫലം, പഞ്ചായത്തുതല വികേന്ദ്രീകൃതപദ്ധതി എന്ന ആശയം തകര്‍ന്നു. ഏകവര്‍ഷപദ്ധതി പൂര്‍ണമായതും ഇല്ല. ഫെബ്രുവരിയായിട്ടും പദ്ധതികള്‍ ആരംഭിച്ചില്ല. ഓരോ മേഖലയുടെയും കാലാവസ്ഥാനുസൃതമായ കാലഘട്ടം നഷ്ടപ്പെട്ടു. ഉല്‍പ്പാദനമേഖലയ്ക്ക് അനിവാര്യമായുണ്ടാകേണ്ട തുടര്‍ച്ച ഇല്ലാതായി. ഇതിലൂടെയുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങള്‍ക്ക് ആര് മറുപടി പറയും? ഒന്നിനുമുകളില്‍ ഒന്നുവച്ച് ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ജനകീയപ്രസ്ഥാനത്തിന്റെ തകര്‍ച്ച ജനകീയ ചര്‍ച്ചാവിഷയമാകണം. ജനകീയ ആസൂത്രണത്തിന്റെ തുടര്‍ച്ച എന്നത് ജനാധിപത്യവല്‍ക്കരണത്തിന്റെയും സൂക്ഷ്മാസൂത്രണത്തിന്റെയും തുടര്‍ച്ചയാണ്. അവിടെയാണ് പദ്ധതികളുടെയും പരിപാടികളുടെയും വിഭവങ്ങളുടെയും ഉദ്ഗ്രഥനംവേണ്ടത്. ഗ്രാമ-ബ്ലോക്ക്-ജില്ലാതല പദ്ധതികള്‍ പരസ്പരം ഉദ്ഗ്രഥിക്കാന്‍ ജില്ലാ ആസൂത്രണസമിതിക്ക് ജനകീയനേതൃത്വം ഉണ്ടാകണം. സ്ഥലപരവും വിഭവപരവുമായ ആസൂത്രണത്തിന്റെ ദിശയിലാണ് അധികാരവികേന്ദ്രീകരണം പോകേണ്ടത്. എങ്കില്‍ മാത്രമേ കേന്ദ്രീകൃതാസൂത്രണം സൃഷ്ടിച്ച പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂ. കൂടുതല്‍ പ്രാദേശിക വിഭവസ്രോതസ്സുകളെ കണ്ടെത്തുകയും പദ്ധതിയിലേക്ക് ഉദ്ഗ്രഥിക്കുകയും വേണം. സഹകരണസ്ഥാപനങ്ങളുടെ സമൃദ്ധമായ സമ്പത്ത് ഈ ദിശയില്‍ ഉപയോഗിക്കാന്‍ നയപരിപാടികള്‍ തയ്യാറാക്കണം. ഉല്‍പ്പാദന- വിതരണ- പാരിസ്ഥിതികരംഗത്തെ പ്രശ്നങ്ങള്‍ കുറച്ചുകൊണ്ടുവരാനുള്ള മാര്‍ഗം ഇതൊന്നുമാത്രമാണ്. മേല്‍പ്പറഞ്ഞ വികസനതന്ത്രം ഒരു ബദല്‍സമീപനമാണ്. സര്‍ക്കാര്‍ പിന്‍വാങ്ങുക എന്ന നവലിബറല്‍ നയത്തിന്റെ കമ്പോള താല്‍പ്പര്യങ്ങളെ ചെറുക്കുക എന്നതാണ് ബദല്‍നയം. ജനകീയതയെ നശിപ്പിച്ച്, കേന്ദ്രാസൂത്രണരീതി നടപ്പാക്കി പ്രാദേശിക സര്‍ക്കാരുകളുടെ സാമ്പത്തികനയവും നവലിബറല്‍ നയത്തിനുസരിച്ചാക്കുക എന്നതാണ് വലതുപക്ഷ നയം. നാണയനിധിയുടെയും ലോകബാങ്കിന്റെയും കാഴ്ചപ്പാടില്‍ പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ സര്‍ക്കാരുകളല്ല. അതുകൊണ്ട് നവലിബറല്‍ നയങ്ങളെ ചെറുക്കാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഉപകരണമാണ് പ്രാദേശികഭരണകൂടങ്ങള്‍. അവയുടെ ജനകീയത നഷ്ടപ്പെടുത്തുന്നത് നവലിബറല്‍ അജന്‍ഡയാണെന്ന് തിരിച്ചറിയണം. ആ നയം സമഗ്രമായി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികാരവികേന്ദ്രീകരണത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നത്. ജനകീയ ബാങ്കിങ് ശൃംഖലയായ സഹകരണമേഖലയെ തകര്‍ക്കുന്നതും ഇതേ ലക്ഷ്യത്തിലാണ്. വിഭവങ്ങളുടെ ഉദ്ഗ്രഥനം സര്‍ക്കാരുകളുടെ കാര്യക്ഷമതയും ഇടപെടല്‍ശേഷിയും വര്‍ധിപ്പിക്കും എന്നത് നവലിബറല്‍നയത്തിന് ഭീഷണിയാണെന്ന് തിരിച്ചറിയണം. അതുതന്നെയാണ് വലതുപക്ഷത്തിന്റെ ഭയവും.

*
പ്രൊഫ. സി രവീന്ദ്രനാഥ് ദേശാഭിമാനി 08 ഫെബ്രുവരി 2013

No comments: