Sunday, February 24, 2013

അഴിമതിയില്‍ മുങ്ങുന്ന യുഡിഎഫ് സര്‍ക്കാര്‍

യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഗന്ധംവമിക്കുന്ന അഴിമതിയുടെ ആഴവും വ്യാപ്തിയും മറനീക്കി പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. അഴിമതി സഹിക്കാന്‍ കഴിയാതെയാണ് ചീഫ് സെക്രട്ടറിയുടെ മുമ്പില്‍ വകുപ്പ് മേധാവികള്‍ പൊട്ടിത്തെറിച്ചത്. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍, ദൈനംദിനം ഭരണരംഗത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും നിരത്തിവയ്ക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. ഓരോ വകുപ്പുമന്ത്രിയും നിയമങ്ങളും ചട്ടങ്ങളും മറികടന്ന് തോന്നിയതുപോലെ തീരുമാനങ്ങളെടുക്കുന്നു. നിയമങ്ങളും ചട്ടങ്ങളും കീഴ്വഴക്കങ്ങളും ആര്‍ക്കും ബാധകമല്ലെന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വകുപ്പു മേധാവികള്‍ മന്ത്രിമാരുടെ വഴിവിട്ട തീരുമാനങ്ങള്‍ അംഗീകരിച്ച് ഫയലില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു. മന്ത്രിമാരുടെ ഹിതത്തിനുസരിച്ച് തയ്യാറാക്കുന്ന ഫയലുകള്‍ പലതും വന്‍ അഴിമതിക്ക് കളമൊരുക്കുന്നതാണെന്നറിഞ്ഞിട്ടും അത് അംഗീകരിച്ച് ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

അഴിമതികളെപ്പറ്റി പരാതി ഉയരുകയും അന്വേഷണം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍ വകുപ്പു മേധാവികളുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവച്ച് കൈയൊഴിയാനും രക്ഷപ്പെടാനും മന്ത്രിമാര്‍ക്ക് കഴിയുന്നു. അനുസരിക്കാന്‍ മാത്രം ശീലിച്ച ഉദ്യോഗസ്ഥര്‍ ദുഷ്പ്പേര് കേള്‍ക്കേണ്ടിവരുന്നു; ചിലപ്പോള്‍ ശിക്ഷ അനുഭവിക്കേണ്ടിയും. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഓഫീസ് തയ്യാറാക്കുന്ന ഫയലില്‍ വിയോജനക്കുറിപ്പ് എഴുതേണ്ടിവരുമെന്ന് അവര്‍ക്ക് പറയേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഫയലില്‍പ്പോലും വിയോജനക്കുറിപ്പെഴുതുമെന്നാണ് അവര്‍ തുറന്നു പറഞ്ഞത്. ഒടുവില്‍ ചീഫ് സെക്രട്ടറി അവര്‍ക്ക് നല്‍കിയ നിര്‍ദേശം ഭിന്നാഭിപ്രായം ഫയലില്‍ രേഖപ്പെടുത്തണമെന്നാണ്. എസ്എസ്എല്‍സി പരീക്ഷപോലും പാസാകാത്ത അധ്യാപകരുടെ ഡിപ്ലോമ ബിഎഡിനു തുല്യമായ യോഗ്യതയായി പരിഗണിക്കുന്ന വിചിത്രമായ ഉത്തരവ് വിദ്യാഭ്യാസവകുപ്പില്‍നിന്ന് പുറത്തിറങ്ങി. വകുപ്പ് സെക്രട്ടറിപോലും ഈ ഉത്തരവിനെപ്പറ്റി അറിഞ്ഞില്ലെന്നാണ് കേള്‍ക്കുന്നത്. ക്യാബിനറ്റില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നില്ലെന്നും പറയുന്നു. തീരുമാനം വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ബന്ധപ്രകാരമുള്ളതാണെങ്കിലും ഉത്തരവാദിത്തം അണ്ടര്‍ സെക്രട്ടറിക്കാണെന്നാണ് പറയുന്നത്. ഈ ഉത്തരവ് വമ്പിച്ച അഴിമതിയുടെ സന്തതിയാണെന്നു തിരിച്ചറിയാന്‍ പ്രയാസമില്ല. സ്കൂള്‍ ഹെഡ്മാസ്റ്ററെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍ അവരോധിക്കാന്‍ തയ്യാറായവര്‍ ഇതിലും നാണംകെട്ട ഉത്തരവിറക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ആരോഗ്യവകുപ്പില്‍ വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ പേരിലാണ് സ്ഥലംമാറ്റം നടന്നത്. അതും നാറുന്ന അഴിമതിക്കഥ തന്നെ.

എല്ലാവകുപ്പിലും നഗ്നമായ അഴിമതി ആവര്‍ത്തിക്കുന്നു എന്നതാണ് നില. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പു മേധാവികളായ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തുറന്നു പറയേണ്ടിവന്നിരിക്കുന്നു. അഴിമതി നടത്താന്‍ മന്ത്രിമാര്‍ പരസ്പരം മത്സരിക്കുകയാണ്. യുഡിഎഫ് മന്ത്രിസഭയുടെ അഴിമതിയുടെ ദുര്‍ഗന്ധം മൂടിവയ്ക്കാന്‍ കഴിയാത്തവിധം പുറത്തേക്ക് വരുന്നു. ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചാണയിടുന്നതെന്തിനാണെന്ന് വ്യക്തം. ഭരണം കൈയാളുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ വാക്കുകളുടെ അര്‍ഥം തിരിച്ചറിഞ്ഞ് സമയം പാഴാക്കാതെ ഇറങ്ങിപ്പോകണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: