Friday, February 15, 2013

"വ്യക്തിജീവിതത്തിലും പരിശുദ്ധി പാലിക്കാത്തവര്‍ ന്യായാധിപന്മാര്‍ അല്ല”

നീതിപീഠം” സര്‍വരാലും ആദരിക്കപ്പെടുന്നതാണ്. പുകള്‍പെറ്റ നീതിന്യായവ്യവസ്ഥയുടെ നാടാണ് ഭാരതം. നമ്മുടെ ഭരണഘടനയില്‍ത്തന്നെ മൗലീകാവകാശങ്ങളും നിര്‍ദേശക തത്വങ്ങളും വ്യക്തിസ്വാതന്ത്ര്യവും രാജ്യത്തിന്റെ പരമാധികാരവും നിര്‍ണയിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ ജീവിത സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നവരാകണം ന്യായാധിപന്മാര്‍.  ഉന്നതമായ മൂല്യബോധവും ധാര്‍മികതയില്‍ ഊന്നിയ ജീവിത വ്യാപാരങ്ങളും സദാരചിന്തയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തിയും ഉള്‍കൃഷ്ടമായ സാമൂഹ്യബോധവും ഒരു ന്യായാധിപന്‍ പ്രകടിപ്പിക്കണം. നിയമരംഗത്തെ കുലപതികളായിത്തീര്‍ന്ന മുന്‍മുറക്കാര്‍ കാണിച്ചുതന്ന പൈതൃകം സംരക്ഷിക്കേണ്ടവരാണ് ഈ പിന്‍മുറക്കാര്‍.

തൃശൂര്‍ ജില്ലാ കോടതിയിലെ ന്യായാധിപന്‍ എന്ന നിലയിലും ഏറെക്കാലം ഹൈക്കോടതിയിലെ മികവുറ്റ ന്യായാധിപന്‍ എന്ന നിലയിലും സര്‍വരാലും ആദരവ് നേടിയ ആളാണ് ജസ്റ്റിസ്  ആര്‍ ബസന്ത്. സുപ്രിംകോടതി ജഡ്ജി ആയിരുന്ന കെ ടി തോമസ് സോളമന്റെ തേനീച്ചകള്‍” എന്ന തന്റെ ആത്മകഥയില്‍ ഏഴ് പേജുകളിലധികം ബസന്തിനെ വര്‍ണിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ജസ്റ്റീസ് ആര്‍ ബസന്ത് പ്രകടിപ്പിച്ച പരാമര്‍ശം കേരളസമൂഹത്തെയാകെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

വിധിന്യായങ്ങളിലൂടെ ജീവിക്കുന്നവരാകണം ന്യായാധിപന്മാര്‍. തന്റെ വിധിക്കുശേഷം പ്രളയം എന്ന കാഴ്ചപ്പാട് ഒരു ന്യായാധിപനും ഭൂഷണമല്ല. വിധിന്യായങ്ങളില്‍; ശരിയായ രീതിയില്‍ നിയമം നടപ്പില്‍ വരുത്തിയോയെന്നും  തെളിവുകളും അനുമാനങ്ങളും ശരിയാണോ തെറ്റാണോ എന്നും വിലയിരുത്തുവാനുള്ള അവകാശം അപ്പീലുകളില്‍ സര്‍വസാധാരണമാണ്. ഒരു ന്യായാധിപന്റെ വീക്ഷണങ്ങളെ വിമര്‍ശിച്ചു എന്നതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല. ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധിയെ ശിക്ഷിക്കാന്‍ പാടില്ല” എന്ന ആപ്തവാക്യം ചൊല്ലി പഠിച്ചവരാണ് നമ്മള്‍. “സത്യമേവ ജയതേ”എന്ന മന്ത്രം നിയമരംഗത്ത് എന്നും ജ്വലിച്ചുനില്‍ക്കണമെങ്കില്‍ ന്യായാധിപന്മാരുടെ നിഷ്പക്ഷതയും നിര്‍ഭയത്വവും സത്യസന്ധതയും അത്യന്താപേക്ഷിതമാണ്. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല എന്ന വിശാലമായ കാഴ്ചപ്പാടും നമുക്ക് ഉണ്ടാകണം. ഈ പശ്ചാത്തലത്തിലാണ് രണ്ട് നാള്‍മുമ്പ് ബസന്ത് നടത്തിയ പരാമര്‍ശം കേരളത്തിന്റെ സമൂഹമനസ്സാക്ഷിയില്‍ കനത്ത പോറലേല്‍പിച്ചത്. ഇന്ത്യാ വിഷന്റെ ലേഖികയ്ക്ക് നല്‍കിയ അഭിമുഖ സംഭാഷണം കേരളം പലതവണ കേട്ടതാണ്. സൂര്യനെല്ലികേസിലെ വിധിന്യായം വായിച്ച സുപ്രിംകോടതി ഞെട്ടി എന്ന വാര്‍ത്തയോടുള്ള ജസ്റ്റിസ് ബസന്തിന്റെ പ്രതികരണം തികഞ്ഞ കോടതി അലക്ഷ്യമാണ്. “വായിക്കാത്തവരാണ് ഞെട്ടിയത്”എന്നു പറയുമ്പോള്‍ ജസ്റ്റിസ് ബസന്ത് സുപ്രിംകോടതിയിലെ ബഹുമാന്യരായ ന്യായാധിപന്മാരെ പ്രത്യക്ഷത്തിലും സമൂഹത്തെ പൊതുവിലും പരിഹസിക്കുകയാണ്. “ഞാനാണ് സ്റ്റേറ്റ്” എന്ന് പറഞ്ഞ ലൂയി പതിനാലാമന്റെ കേരള പതിപ്പാണ് ജസ്റ്റിസ് ബസന്ത് എന്ന് തോന്നിയെങ്കില്‍ അവരെ കുറ്റപ്പെടുത്തുവാന്‍ ആവില്ല.

സൂര്യനെല്ലി കേസിലെ കേരള ഹൈക്കോടതി വിധിയെ റദ്ദ് ചെയ്ത് സുപ്രിംകോടതി വിധി വന്ന നാള്‍മുതല്‍ കേരളമാകെ സജീവ ചര്‍ച്ചാവിഷയമായ സാഹചര്യത്തില്‍ വിധി പറഞ്ഞ ന്യായാധിപന്‍ ഒരു പക്ഷം പിടിക്കുന്നത് കാണുമ്പോള്‍: നാളിതുവരെ സമൂഹം ബസന്തിന് നല്‍കിയ വിശ്വാസവും ആദരവും പാഴായി പോയല്ലോ എന്നാണ് തോന്നുന്നത്.

അഭിഭാഷകര്‍ക്ക് ജസ്റ്റിസ് ബസന്ത് എടുത്ത ക്ലാസുകള്‍ കേട്ട് പുളകം കൊണ്ടവരാണ് ഇന്ന് കേരളത്തിലെ ഭൂരിഭാഗം അഭിഭാഷകരും. വചനങ്ങള്‍ നല്ലതും പ്രവര്‍ത്തി നന്മനിറഞ്ഞതാകുമെന്ന് വിശ്വസിച്ചവര്‍ക്കെല്ലാം തെറ്റിയെന്ന് മാത്രം പറഞ്ഞാല്‍ പോരാ. ലോകത്തിലെ ഏറ്റവും വലിയ വഞ്ചന വിശ്വാസവഞ്ചനയാണെന്ന് പുതിയ തലമുറ പഠിച്ചുകൊണ്ടിരിക്കുന്നു.

സൂര്യനെല്ലിക്കേസിലെ ഇരയായ പെണ്‍കുട്ടിയെ  സമൂഹമധ്യത്തില്‍ ഇപ്പോള്‍ മോശക്കാരിയാക്കുന്നതിന് പിന്നിലെ ജസ്റ്റിസ് ബസന്തിന്റെ ചേതോവികാരമെന്ത്? വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തട്ടിപ്പ് നടത്തിയവര്‍, ബാലവേശ്യാവൃത്തി ചെയ്തവര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ എന്തിനായിരുന്നു? ജസ്റ്റിസ് ബസന്ത് വിചാരണ നടത്തിയ കേസില്‍ സൂര്യനെല്ലി പെണ്‍കുട്ടി തെറ്റുകാരിയെങ്കില്‍ എന്തുകൊണ്ട് ശിക്ഷ നല്‍കിയില്ല. മാത്രമല്ല, വിധി റദ്ദ് ചെയ്തശേഷം ന്യായാധിപന്‍ ഇപ്രകാരം മുക്രയിടുന്നത് എന്തിനാണെന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു.

പി ജെ കുര്യനെതിരെ നല്‍കിയ മൊഴികളിലൊന്നും വിശ്വാസ്യതയുടെ കണികപോലും ഇല്ലെന്ന് സമര്‍ഥിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനും ന്യായാധിപനും ഇപ്പോള്‍ എന്തിന് സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കക്ഷിചേരുന്നു. തെളിവുകളാണല്ലോ പരിശോധിച്ചത്. ആധികാരികത തെളിവുകള്‍ക്കായിരിക്കണം. മനോധര്‍മങ്ങള്‍ക്കാവരുത്. നീതിന്യായപീഠത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ പുലര്‍ത്തേണ്ട മാന്യതയും അന്തസും നീതിബോധവുമാണ് അവര്‍ക്ക് ആദരവും സല്‍പ്പേരും നേടിക്കൊടുക്കുന്നത്. ചാനല്‍ വാര്‍ത്ത കോളിളക്കം സൃഷ്ടിച്ചപ്പോള്‍ ജസ്റ്റിസ് ബസന്ത് പ്രകടിപ്പിച്ച മൊഴിമാറ്റം കൂടുതല്‍ കുഴപ്പങ്ങള്‍ വിളിച്ചുവരുത്തുന്നു. ‘സ്വകാര്യ സംഭാഷണമാണ്, ചാനലിന് നല്‍കിയ അഭിമുഖമല്ല’ അത് കേട്ടപ്പോള്‍ നീതിബോധമുള്ളവരെല്ലാം ലജ്ജകൊണ്ട് തലകുനിച്ചു. വ്യക്തിജീവിതത്തിലും പരിശുദ്ധി കാക്കുന്നവരാകണം ന്യായാധിപന്മാര്‍. ഇരുളിലും വെളിച്ചമായ് ശോഭിക്കുവാന്‍ കഴിയുന്നവര്‍. ഇല്ലെങ്കില്‍ ബണ്ടിച്ചോറും ബസന്തും തമ്മില്‍ വ്യത്യസ്തമല്ലായെന്ന് വിളിച്ചുപറയുന്ന നിഷ്‌കളങ്ക ബാല്യത്തിന്റെ കഥകളാണ് നമുക്ക് ഓര്‍മ വരിക.

റിട്ടയര്‍  ചെയ്തശേഷം പുതിയ ലാവണങ്ങള്‍ തേടുന്നവര്‍ മെയ്‌വഴക്കം കാണിക്കണമെന്ന കീഴ്‌വഴക്കം ഉണ്ടോ എന്നറിയില്ല. സുപ്രിംകോടതിയിലെ അഭിഭാഷക പാനലില്‍ ഇടം കണ്ടെത്തിയ ജസ്റ്റിസ് ബസന്തിന്റെ ഇടപെടലുകള്‍ സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോയെന്ന ആശങ്ക ഉളവാക്കുന്നു. ഇന്ത്യാ വിഷനില്‍ നല്‍കിയ അഭിമുഖത്തില്‍ അഡ്വ. ജയശങ്കറിനോട് സഹതപിക്കുന്നു എന്ന് പറഞ്ഞുതുടങ്ങിയ പരാമര്‍ശങ്ങളും വെളിപ്പെടുത്തലുകളും കേരളത്തിന്റെ നേടിയ ന്യായാസന പവിത്രതയ്ക്ക് ഏറ്റ കനത്ത ക്ഷതമാണ്. നീതിന്യായരംഗത്തെ കുലപതിയായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്‌നേഹബുധ്യാ ഉപദേശിച്ചിട്ടും മൗനത്തില്‍ പുകയുന്ന ജസ്റ്റിസ് ബസന്തിന്റെ നീതിബോധം റബറധിഷ്ഠിതമാണെന്ന് പറയാതെ വയ്യ. പി സി ജോര്‍ജ്ജ് കാണിച്ച സാമാന്യ മര്യാദ പ്രകടിപ്പിക്കുവാന്‍ പോലും ബസന്ത് മടിക്കുന്നത് കാണുമ്പോള്‍ “ഈ ന്യായാധിപതി പുംഗവന്റെ മുമ്പില്‍ കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു”.

*
അഡ്വ. സി ബി സ്വാമിനാഥന്‍  (ലേഖകന്‍ ഐ എ എല്‍ സംസ്ഥാന സെക്രട്ടറിയാണ്)

ജനയുഗം

No comments: