Showing posts with label ഗ്രന്ഥാലോകം. Show all posts
Showing posts with label ഗ്രന്ഥാലോകം. Show all posts

Sunday, November 18, 2012

നീറുമെന്നുള്ളില്‍ നിറയെ വ്യഥകള്‍

അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം

".............................എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന്തെല്ലാം കാര്യങ്ങള്‍ എന്നിലൂടെ കടന്നുപോയി! ആദര്‍ശങ്ങള്‍ക്കുവേണ്ടി ആളുകള്‍ മരിക്കുന്നു; കൊല്ലുന്നു. ആദര്‍ശങ്ങളെ കമ്പോളത്തിലും കടത്തിണ്ണയിലും വിറ്റുകാശാക്കി സുഖമന്വേഷിച്ചു നടക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ മറ്റെല്ലാം നഷ്ടപ്പെട്ടതുകൊണ്ട് നിത്യവൈരാഗികളായി മാറുന്നു. ഏതെങ്കിലും ഒരു ചട്ടക്കൂട്ടില്‍ ജീവിതം മുഴുവന്‍ ഒതുക്കാമെന്നു വ്യാമോഹിക്കുന്നു; വ്യാമോഹിപ്പിക്കുന്നു. നന്മയെപ്പറ്റിയും തിന്മയെപ്പറ്റിയും തിസീസും എതിര്‍തിസീസും കൈമാറുന്നു. കക്ഷി മാറി കുക്ഷി നിറയ്ക്കുന്നു. എല്ലാം എന്റെ ബോധമണ്ഡലത്തിലും അബോധമണ്ഡലത്തിലും അനുരണനങ്ങള്‍ ഉണ്ടാക്കി .''  
                                                          ....അയ്യപ്പപ്പണിക്കര്‍

"ആളുതിക്കിത്തിരക്കിയേറുന്ന-
താണു ചന്തയതാണെന്‍ പ്രപഞ്ചം
വില്‍പനയ്ക്ക് ചരക്കുകളും പേറി
വില്‍പനക്കാര്‍ വരുന്നു; പോകുന്നു,
തങ്ങളെത്തന്നെ വില്‍ക്കുന്നു, വീണ്ടും
തങ്ങള്‍തന്നെ വിലപേശി നില്‍പൂ.''   

                                                        കുരുക്ഷേത്രം

ടി.എസ്. എലിയറ്റിനെപ്പോലെ ഒരു ക്രൂരകാലത്തിന് താനും സാക്ഷിയായി എന്നതിന്റെ സാക്ഷ്യപത്രമാണ് ഗദ്യത്തിലും കവിതയിലുമായി അയ്യപ്പപ്പണിക്കര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കണ്‍മുന്നില്‍ ആളുകള്‍ മരിക്കുന്നു. കൊല്ലുന്നു. ആദര്‍ശങ്ങള്‍ കമ്പോളത്തിലും കടത്തിണ്ണയിലും വിറ്റുകാശാക്കുന്നു. കക്ഷിമാറി കുക്ഷി നിറയ്ക്കുന്നു. മനുഷ്യമനസ്സ് സ്നേഹവും കാരുണ്യവും വറ്റി വിണ്ടുകീറിയ തരിശുനിലമായി മാറി എന്നര്‍ഥം. ഇത്തരം കാഴ്ചകളാണ് 'കുരുക്ഷേത്രം' എന്ന കാവ്യത്തിന്റെ രചനയ്ക്ക് അയ്യപ്പപ്പണിക്കര്‍ക്ക് പ്രേരണയായത്. കുരുക്ഷേത്രത്തില്‍ ആ അനുഭവം അദ്ദേഹം അങ്ങനെതന്നെ ആവിഷ്കരിച്ചിരിക്കുന്നു. ലോകം ചന്തയായി മാറി. അവിടേക്ക് വില്‍പനക്കാര്‍ വരുന്നു, പോകുന്നു. തങ്ങളെത്തന്നെ വില്‍ക്കുന്നു. തങ്ങള്‍ക്കുതന്നെ വിലപേശുന്നു. മനസ്സിലാകെ മണല്‍ക്കാലം.

ഇതല്ലാതെ ഏതാണ് ഏറ്റവും ക്രൂരമായകാലം. ടി.എസ്. എലിയറ്റും അയ്യപ്പപ്പണിക്കരും അതുപോലുള്ളവരും നമുക്ക് കാണിച്ചു തന്ന ആ കമ്പോളം ഇന്ന് ആഗോളകമ്പോളമായി വളര്‍ന്ന് പന്തലിച്ച് മറ്റൊരു ലോകമായി മാറിയിരിക്കുന്നു. ലോകം കമ്പോളമായെന്നും മനുഷ്യന്‍തന്നെ വില്‍പനച്ചരക്കായെന്നുമുള്ള യാഥാര്‍ഥ്യം കാവ്യവസ്തുവാക്കിയപ്പോള്‍ തന്റെ കാലത്തെ മാത്രമല്ല    വരാനിരിക്കുന്ന കാലത്തേയും അയ്യപ്പപ്പണിക്കര്‍ കവിതയില്‍ അടയാളപ്പെടുത്തകയായിരുന്നു. അതാണ് സമകാലികത. കാലത്തിന്റെ സ്പന്ദനങ്ങളെ /തരിശുനിലങ്ങളെ ദീര്‍ഘദര്‍ശനം ചെയ്യുന്ന രീതി. അതുകൊണ്ട് അയ്യപ്പപ്പണിക്കരുടെ  കാവ്യശിരസ് എല്ലാക്കാലത്തും ഉയര്‍ന്നുതന്നെ നില്‍ക്കും. അയ്യപ്പപ്പണിക്കരുടെ മാത്രമല്ല ക്രാന്തദര്‍ശികളായ എല്ലാ കവികളുടേയും.

കാലത്തിന്റെ ക്രൌര്യം തിരിച്ചറിയുന്ന കവികള്‍ക്ക് പഴയമട്ടില്‍ എഴുതിക്കൊണ്ടിരിക്കാനാകില്ല.

"ഓളം തല്ലുമിക്കായലില്‍ നമ്മുടെ
ഓടമൊഴുകി നടക്കും
ഓടത്തിനുള്ളിലൊരോണം രചിച്ചെ-
ന്നൊമനെ, നമ്മളിരിക്കും
ദിവ്യാനുരാഗകഥകള്‍ കോര്‍ത്തുള്ള നിന്‍
സൌവര്‍ണഗീതികള്‍ പാടി''

ഈ വരികള്‍ ആരുടേതാണ്? ചങ്ങമ്പുഴയുടേത്? ഓളംതല്ലുന്ന കായലും ഒഴുകുന്ന ഓടവും ഓടത്തിലെ ഓമനയും അവള്‍ പാടുന്ന ദിവ്യാനുരാഗത്തിന്റെ സൌവര്‍ണഗീതികളും അതിന്റെ സംഗീതാത്മകമായ അവതരണവുമെല്ലാം ചങ്ങമ്പുഴമട്ടിലുള്ളതാണ്. എന്നാല്‍ ഇത് ചങ്ങമ്പുഴയുടേതല്ല. അയ്യപ്പപ്പണിക്കരുടേതാണ്.  'മഞ്ഞിന്റെ  മകള്‍' എന്ന കവിതയിലേത്. എന്നാല്‍ കാലത്തിന്റെ ആഘാതങ്ങളേറ്റുവാങ്ങിയ അയ്യപ്പപ്പണിക്കര്‍ ഇത്തരം കാല്‍പനിക കാവ്യപ്രപഞ്ചത്തില്‍നിന്ന്, 'ആളുതിക്കിത്തിരക്കിയേറുന്ന/താണു ചന്തയതാണെന്‍ പ്രപഞ്ചം' എന്ന യാഥാര്‍ഥ്യത്തിലേക്ക് വന്നു. അന്നുമുതലാണ് അദ്ദേഹത്തിന്റെ കാവ്യലോകത്തിന്റെ അലകും പിടിയും മാറുന്നത്. അതാകട്ടെ മലയാളകവിതയ്ക്ക് ഒരു പുതിയമുഖം നല്‍കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിത്തീര്‍ന്നു. ആംഗലേയ കവിതയില്‍ തരിശുനിലങ്ങളുടെ ചുഴികളും മലരികളും കണ്ടെടുത്ത എലിയറ്റിന്റെ കവിതകളുമായുള്ള പരിചയവും എലിയറ്റിനുതന്നെ മാതൃകകളായിരുന്ന യൂറോപ്യന്‍ കവികളുടെ കവിതകളുമായുള്ള സഹവാസവും മലയാളകവിതയ്ക്ക്  പുതിയ മുഖം നല്‍കണം എന്ന ചിന്തയിലേക്ക് അയ്യപ്പപ്പണിക്കരെ നയിച്ചിരിക്കണം. തരിമണലുകളിളക്കി 'വേസ്റ്ലാന്‍ഡ്' അയ്യപ്പപ്പണിക്കര്‍ സ്വാംശീകരിച്ചിരുന്നു എന്നതിന് തെളിവാണ് മലയാളത്തിലേക്ക്, 'തരിശുഭൂമി' എന്ന പേരില്‍ നടത്തിയ മൊഴിമാറ്റം. അല്ലെങ്കില്‍ ഇത്ര അര്‍ഥവത്തായ മൊഴിമാറ്റത്തിന് അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. എലിയറ്റിന്റെ കാവ്യസ്വത്വം അനാവരണം ചെയ്തുകൊണ്ട് എഴുതിയ ലേഖനവും  ശ്രദ്ധേയമാണ്. എലിയറ്റ് ആധുനികകാവ്യസരണിക്ക് മാര്‍ഗമൊരുക്കി സൈദ്ധാന്തികലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതുപോലെ അയ്യപ്പപ്പണിക്കരും ആധുനികകവിതയെപ്പറ്റി സൈദ്ധാന്തികലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

എലിയറ്റിനെപ്പോലെ അയ്യപ്പപ്പണിക്കര്‍ കാവ്യവസ്തു എന്ന നിലയില്‍ സമകാലികയാഥാര്‍ഥ്യത്തെ സ്വീകരിക്കുകയും പാരമ്പര്യഘടകങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ട് ആ യാഥാര്‍ഥ്യത്തെ ആവിഷ്കരിക്കുകയും ചെയ്തു. കാല്‍പനികതയിലെപ്പോലെ കവിതയെ ആത്മാവിഷ്കാരം എന്ന നിലയില്‍ നിന്ന് മാറ്റി അവനവനില്‍ നിന്നുള്ള പലായനമാക്കി. ഇത് എലിയറ്റിന്റെ നിര്‍വ്യക്തിവാദം എന്ന കാവ്യസിദ്ധാന്തത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അന്തര്‍ഭാവത്തിലെന്നപോലെ ഭാഷ, രൂപം എന്നിവയിലും എലിയറ്റിന്റെ രീതികളോട് അയ്യപ്പപ്പണിക്കര്‍ക്ക് മമതയായിരുന്നു. എലിയറ്റിനെപ്പോലെ "മലയാളകവികളും നിഷ്കൃഷ്ടവൃത്ത നിബന്ധനകള്‍ ഉപേക്ഷിച്ച് താളാനുസൃതമായ സ്വതന്ത്രപദ്യരചനയില്‍ താല്‍പര്യം കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു'' എന്ന് അദ്ദേഹം എഴുതുന്നുണ്ട്. അയ്യപ്പപ്പണിക്കര്‍ ഇത് സ്വന്തം കവികര്‍മംകൊണ്ട് സാക്ഷാല്‍കരിച്ചിട്ടുണ്ട്.

ഭാഷയിലും രൂപത്തിലും അഴിച്ചുപണിനടത്തിയ അയ്യപ്പപ്പണിക്കര്‍ കവിതയ്ക്ക് പുതിയ അന്തര്‍നാദം നല്‍കി എല്ലാത്തരം ഗതാനുഗതികത്വത്തിനും എതിരായി നിന്നു. കവിതയില്‍ ഭാഷ കേവലമായ ആചരണത്തിനുവേണ്ടിയുള്ളതല്ല; കവിതയുടെ മൊത്തത്തിലുള്ള ആന്തരികനാദം ധ്വനിപ്പിക്കുന്നതിനുവേണ്ടിയാണ്. അതിനാല്‍ പൊരുത്തപ്പെടാത്ത പദങ്ങളും ചേര്‍ത്ത് പ്രയോഗിക്കാന്‍ കഴിയും. ഇങ്ങനെ ഭാഷയെ കവിതയില്‍ സ്വതന്ത്രമായി ഉപയോഗിക്കുമ്പോള്‍ കാലത്തിന്റെ യാഥാര്‍ഥ്യങ്ങളെ കവിക്ക് കാവ്യാത്മകമായി അവതരിപ്പിക്കാന്‍ കഴിയും. അയ്യപ്പപ്പണിക്കര്‍ കവിതയില്‍ ചെയ്തതതാണ്. അധികപദങ്ങളൊഴിവാക്കി, വാക്കിന്റെ തെരഞ്ഞെടുപ്പിലൂടെയും അതിന്റെ ശരിയായ വിന്യാസത്തിലൂടെയും കവിതയെ ഉന്മിഷത്താക്കി, കാലത്തിന്റെ യാഥാര്‍ഥ്യങ്ങളാവിഷ്ക്കരിക്കാന്‍ കഴിയുന്ന ഭഗ്നബിംബങ്ങളെ കവിതയുടെ സമഗ്രാനുഭൂതിയുടെ ഭാഗമാക്കി പുതിയൊരനുഭൂതി സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ഭാഷയെ മെറ്റഫറുകളിലൂടെ വളര്‍ത്തി പാരമ്പര്യത്തിന്റെ പ്രതീകങ്ങളെ സമര്‍ഥമായി അദ്ദേഹത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞു. ഭാഷയുടെ സ്വതന്ത്രപ്രയോഗത്തിലൂടെയാണ് പുതിയ പദരചനയ്ക്കും ശിഥിലബിംബപ്രയോഗത്തിനും മുക്തഛന്ദസ്സിനും ദാര്‍ശനികഗരിമയ്ക്കും കറുത്ത ഫലിതപരിഹാസങ്ങള്‍ക്കും പ്രതിഷ്ഠകിട്ടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കവിതയുടെ കാതലായിരുന്നത് യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള അവബോധമാണ്.

ബഹുസ്വരതയുടെ സമന്വയം -
പകലുകള്‍ രാത്രികള്‍

അന്തര്‍ഭാവത്തിലും ആവിഷ്കാരത്തിലുമുള്ള ബഹുത്വത്തിന് അയ്യപ്പപ്പണിക്കരുടെ കാവ്യലോകത്തെ നല്ല പ്രത്യക്ഷം 'പകലുകള്‍ രാത്രികള്‍'എന്ന കവിതയാണ്. 1969ല്‍ ഡയറിക്കുറിപ്പിന്റെ രൂപത്തിലെഴുതിയ ഈ കവിതയില്‍ അയ്യപ്പപ്പണിക്കരുടെ വ്യത്യസ്തമായ കാവ്യരീതികളുടെ സമന്വയം കാണാം; പകലിന്റെയും രാത്രിയുടെയും സമന്വയം പോലെ. ആധുനികമായ അന്തര്‍ഭാവവും അതിനിണങ്ങിയ ഭാഷയും ഛന്ദസും രൂപവും സമന്വയിക്കുന്ന ഈ കവിതയില്‍ 'കുരുക്ഷേത്രം', 'മൃത്യുപൂജ', 'അഗ്നിപൂജ' തുടങ്ങിയ മട്ടിലുള്ള കവിതകളില്‍ നിന്ന് വ്യത്യസ്തമായി കവിത കൂടുതല്‍ സ്വതന്ത്രമാകുന്നു. ദാര്‍ശനികതയും ഭാവഗീതസ്വഭാവത്തിലേക്ക് വഴുതിപ്പോകാത്ത മുക്തഛന്ദസില്‍ കോര്‍ത്തെടുത്ത ഗാനാത്മകതയും ഗദ്യത്തിന്റെ മുറുകിയ പ്രയോഗവും ഫലിതപരിഹാസവും ഇടകലര്‍ന്ന് വരുന്ന 'പകലുകള്‍ രാത്രികള്‍' 26 ദിവസങ്ങളിലായിട്ടാണ് എഴുതിയിരിക്കുന്നത്. 21 ഖണ്ഡങ്ങളായിട്ടാണ് ഇത് വിഭജിക്കപ്പെട്ടിട്ടുള്ളത്.

"വിളംബിതകാലത്തില്‍ തുടങ്ങുകയും ദ്രുതത്തിലൂടെ വീണ്ടും വിളംബിതങ്ങളിലെത്തിച്ചേരുകയും അതിദ്രുതത്തിലവസാനിക്കുകയും ചെയ്യുന്ന സിംഫണിയുടെ ഘടന 'പകലുകള്‍ രാത്രിക'ളില്‍ പെട്ടെന്നു തന്നെ കണ്ടെത്താനാവും''എന്ന  പി.കെ.രാജശേഖരന്റെ അഭിപ്രായത്തിലുള്ളത് ഈ കാവ്യത്തിന്റെ വൈവിധ്യമേളനമാണ്.

"മനസൊരു പാഴ്വേലയാണ്
ചിന്ത ഒരു തന്ത്രവും
എന്നിട്ടും
സന്ധ്യകളൊഴുകുന്ന രാജവീഥികളിലും
രാത്രികളിഴുകുന്ന
അഴുക്കുചാലുകളിലും. മനുഷ്യന്റെ ചിന്ത
അശ്രാന്തമായി പരതി നടക്കുന്നു
ഈ പാഴ്വേല അവസാനിക്കുമ്പോഴേക്കും
ജീവിതം അവസാനിക്കുന്നു.
അതും ഒരു തന്ത്രമാവാം''

എന്ന ആദ്യത്തെ ഖണ്ഡത്തില്‍ത്തന്നെ വൈരുധ്യങ്ങളുടെ സമന്വയമാണ് കവി ആവിഷ്കരിക്കുന്നത്. സാമാന്യാവസ്ഥയില്‍ മനസ്സ് പാഴ്വേലയോ ചിന്ത  തന്ത്രമോ അല്ല. പക്ഷേ അങ്ങനെയാണെന്ന സമര്‍ഥനമാണ് കവിതയുടെ കാതല്‍. ജീവിതത്തിന്റെ ആധുനികനഗരസ്വഭാവങ്ങളില്‍ എല്ലാം പാഴ്വേലകളും തന്ത്രങ്ങളുമായി മാറുന്നതിന്റെയും ആ പാഴ്വേലകളും തന്ത്രങ്ങളുമായുള്ള പരക്കംപാച്ചിലിനിടയില്‍ ജീവിതം അവസാനിച്ചുപോകുകയും ചെയ്യുന്നതിന്റെ ചിത്രം ഇവിടെയുണ്ട്. മരണം എന്ന അനിവാര്യതയിലേക്ക് അറിയാതെ എത്തിച്ചേരുകയും അപ്പോള്‍ അതുവരെ അനുവര്‍ത്തിച്ച തന്ത്രങ്ങളൊന്നും പ്രയോഗിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതാണ് മനുഷ്യാവസ്ഥ. അങ്ങനെ ജീവിതം അവസാനിക്കുന്നു. ഇത്തരമൊരു ചിത്രം അവതരിപ്പിച്ചശേഷം കവി എഴുതുന്നത്, 'അതും ഒരു തന്ത്രമാവാം' എന്നാണ്. കവിത സൃഷ്ടിച്ച ഗൌരവചിത്രം. തലതിരിച്ചുവച്ച് ചിരിക്കുന്ന ഈ രീതിയില്‍ മരണത്തെ അല്ലെങ്കില്‍ ദുരന്തത്തെ നിസാരവല്‍കരിക്കുന്ന സ്വഭാവമാണുള്ളത്. അങ്ങനെ എല്ലാം തന്ത്രങ്ങളായി മാറുന്ന  ലോകത്തിന്റെ ധ്വനിചിത്രം കവിത നല്‍കുന്നു. ലോകത്തിന്റെ ആന്തരികസ്വഭാവത്തെ ആന്തരികമായിത്തന്നെ കവിതയില്‍ ആവിഷ്കരിക്കുന്ന ഈ രീതിയില്‍ നിന്ന് വ്യത്യസ്തമാണ് അടുത്ത ഖണ്ഡം.

"ഇന്നലെ തെരുവിന്റെ
മൂലയില്‍ സന്ധ്യാദീപ്തി
മങ്ങിയ കവലയില്‍
ചിന്തതന്‍ വലകളില്‍
കുടുങ്ങിക്കിടപ്പോരെ-
കണ്ടുഞാന്‍....ഇന്ത്യക്കാരെ
ചുരുങ്ങിപ്പോയീലോകം
വേറൊരിന്ത്യയെന്‍ മുന്നില്‍!''.

ലോകയാഥാര്‍ഥ്യത്തെ അതുപോലെതന്നെ കവിതയാക്കിയിരിക്കുകയാണ് ഇവിടെ. വ്യക്തമായ ഈ ചിത്രത്തിനു പിന്നാലെ വരുന്ന വരികളില്‍ കുസൃതിച്ചിരിയോടെ, ഇപ്പോള്‍ ഇന്ത്യക്കാര്‍ ഇവരാണ് എന്ന് ആതിഥേയ പറയുന്നു. അതും വാസ്തവികത നിറഞ്ഞ പ്രസ്താവം തന്നെയാണ്. തുടര്‍ന്നുള്ള വരികളില്‍ ക്രമേണ കവിത ധ്വനിഭദ്രമായി മാറുന്നു.

"വെള്ളക്കാര്‍ ചുവന്നോരെ,
ചുവന്നോര്‍ വെള്ളക്കാരെ.
കൊന്നതാര്‍? ആരെ?
ഭൂതം വര്‍ത്തമാനത്തെകൊന്നു''.

തുടര്‍ന്ന് കാവ്യത്തിന്റെ രൂപശില്‍പം തന്നെ മാറ്റിയെഴുതിക്കൊണ്ടാണ് ആവിഷ്കാരം ധ്വനിഭംഗി നേടുന്നത്.

"രണ്ടുലോകങ്ങള്‍ രണ്ടുകാലങ്ങള്‍ ദുഃഖത്തിന്റെ
രണ്ടു ദ്വീപുകള്‍ രണ്ടുദീപങ്ങള്‍ ചിറകറ്റ
രണ്ടുപക്ഷികള്‍ രണ്ടുനിറങ്ങള്‍-ഇന്നത്തെയീ
സന്ധ്യയിലവയുടെ ചോരവാര്‍ന്നൊലിക്കുന്നു!''

സാല്‍വദോര്‍ ദാലിയുടെ ഉരുകിയൊലിക്കുന്ന വാച്ചിന്റെ ഓര്‍മയുണര്‍ത്തുന്നു, കവിതയുടെ അവസാനഭാഗത്തെ 'ചോരവാര്‍ന്നൊലിക്കുന്നു!' എന്ന പ്രയോഗം. രണ്ടുലോകങ്ങള്‍, രണ്ടുകാലങ്ങള്‍, ദുഃഖത്തിന്റെ രണ്ടുദ്വീപുകള്‍, രണ്ടുദീപങ്ങള്‍, ചിറകറ്റ രണ്ടുപക്ഷികള്‍, രണ്ടുനിറങ്ങള്‍ എന്ന ദ്വന്ദ്വത്തിന്റെ സമന്വയത്തിലൂടെയാണ് ആ ചോര വാര്‍ന്നൊലിക്കുന്നതിന് ശക്തികിട്ടുന്നത്. വിഭജനത്തിന്റെ ചോരവാര്‍ന്നൊലിക്കല്‍. യഥാര്‍ഥത്തില്‍ ലോകം വിഭജിക്കപ്പെട്ട തുരുത്തുകളാണ്. മനുഷ്യര്‍തന്നെയും വിഭജിക്കപ്പെട്ടവര്‍. എല്ലാ വിഭജനങ്ങളും തരിശില്‍ നിന്നാണ് ഉദയം ചെയ്യുന്നത്. വിഭജിക്കപ്പെട്ട മനുഷ്യരുടെ കവിതയാണ് ആധുനിക കവിത. ഇങ്ങനെ ഒട്ടേറെ ആലോചനകളിലേക്ക് ഈ കാവ്യഖണ്ഡം പ്രേരണ നല്‍കുന്നു. ഈ രണ്ടുകാവ്യഖണ്ഡങ്ങളില്‍നിന്നും
ഭിന്നമായിട്ടുള്ളതാണ് അടുത്തത്.

"ഈച്ച
ഈച്ചയ്ക്ക് മണക്കാനുള്ള
കഴിവ് നഷ്ടപ്പെട്ടപ്പോള്‍
അത് ഒരാനയുടെ തുമ്പിക്കൈയില്‍
താവളമടിച്ചു.
ഇനി ആനമണക്കുമ്പോള്‍
തനിക്കും മണംകിട്ടും:
ഈച്ച ആശ്വസിച്ചു''.

"ഒരീച്ചക്ക് മണക്കാനുള്ള കഴിവുനഷ്ടപ്പെട്ടപ്പോള്‍ ഒരാനയുടെ തുമ്പിക്കൈയില്‍ താവളമടിക്കുകയും ആന മണക്കുമ്പോള്‍ തനിക്കും മണം കിട്ടുമെന്ന് ആശ്വസിക്കുകയും ചെയ്തു.'' എന്ന രീതിയില്‍ ഇത് പരാവര്‍ത്തനം ചെയ്യാം. കവിതയെന്ന് രൂപംകൊണ്ട് തോന്നലുണ്ടാകാന്‍ വേണ്ടിയാകാം വാക്കുകളും വാചകങ്ങളും തിരിച്ച് എഴുതിയിരിക്കുന്നത്. തനിഗദ്യത്തിലേക്കും സുതാര്യമായ ആഖ്യാനത്തിലേക്കുമുള്ള മാറ്റമാണിവിടെ സംഭവിച്ചത്. ഇത്തരമൊരു മാറ്റത്തോടൊപ്പം നിശബ്ദമായ ചിരിസൃഷ്ടിക്കുന്ന രീതിയിലേക്ക് ഈ കാവ്യഭാഗത്തിന്റെ
അന്തര്‍ഭാവം തുടര്‍ന്ന് വികസിക്കുന്നു:

"അങ്ങനെയിരിക്കുന്ന അവസരത്തില്‍
ആനയുടെ തുമ്പികൈയില്‍ വ്രണംപൊട്ടി
അവിടെയെല്ലാം ദുര്‍ഗന്ധമായി.
ആന ഒന്നു തുമ്മിയപ്പോള്‍
ഈച്ച വെളിയിലായി!
തനിക്ക് മണക്കാനുള്ള
കഴിവ് നഷ്ടപ്പെട്ടത്
എത്രനന്നായി.
അപ്പോഴും ഈച്ച ആശ്വസിച്ചു''.

പലതരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഭാഗമാണിത്. വ്യാഖ്യാനഭേദങ്ങള്‍ എന്തായാലും കവിതയുടെ അന്തര്‍ഭാവം നല്‍കുന്ന ചിരിയാണ് യഥാര്‍ഥത്തില്‍ ഇതിലെ കവിത. ഇവിടെ ഗദ്യത്തിന്റെ ലളിതമായ പ്രയോഗത്തിലൂടെ അന്തര്‍ഭാവത്തെ നല്ലപോലെ വ്യക്തമാക്കാന്‍ കഴിയുന്നു. ഇവിടെയും ഭാവത്തിനനുരൂപമായ ആവിഷ്കാരമാണ് കവി നടത്തുന്നത്.

പുരൂരവസ്', ‘'മൃത്യുപൂജ' എന്നീ കാവ്യങ്ങളിലെപ്പോലെ ഗാനാത്മകമായ രീതിയിലാണ് അടുത്ത ഖണ്ഡം. ഇവിടെ വര്‍ത്തമാനയാഥാര്‍ഥ്യങ്ങള്‍ സൂക്ഷ്മ സ്വഭാവത്തോടെ വര്‍ണിക്കുകയും ലഘുവായി ഭൂതകാലചിഹ്നങ്ങളെ ആവിഷ്കരണോപാധിയാക്കുകയും ചെയ്യുന്നു. ഒപ്പം ഹാസ്യത്തിന്റെ മേമ്പൊടിയുമുണ്ട്.

"ചിറ്റുപാവാട ഞെറിഞ്ഞുയര്‍ന്നാലതി-
ലിറ്റും മധുര മധു സ്വേദബിന്ദുക്കള്‍
വറ്റി ലവണ കണികകളായതില്‍
പറ്റിനില്‍ക്കുന്നു യുവാവും യുവതിയും.
ഭൂമി വിളിക്കുന്നു പച്ചവിരിപ്പുമായ്
ദൂതികയെപ്പോലെ, 'നീ വരൂ, നീ വരൂ!'
ആദവും ഹവ്വയുമാപ്പിള്‍ വിഴുങ്ങുന്നു
തേടുന്നു ദൈവം തൊഴില്‍ പരസ്യം വഴി''

ശരിക്കുമൊരു നഗരചിത്രമാണിത്. പരസ്യമായുള്ള രതിപ്രകടനങ്ങളെയും രതിയുമായി ബന്ധപ്പെട്ട കച്ചവടത്തിന്റെ പരസ്യതന്ത്രങ്ങളെയും ചിത്രണം ചെയ്തുകൊണ്ട് സ്ത്രീ-പുരുഷബന്ധത്തിന്റെയും അതില്‍ രതിസങ്കല്‍പത്തിനുണ്ടായ മാറ്റത്തിന്റെയും ചിത്രം കവി പ്രത്യക്ഷമാക്കുന്നു. ദൈവം പരസ്യം വഴി തൊഴില്‍ തേടുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. കുരുക്ഷേത്രത്തിലെ ആ ഇമേജ് ഓര്‍ക്കുന്നില്ലേ- വില്‍പനയ്ക്ക് ചരക്കുകളും പേറി  വില്‍പനക്കാര്‍ വരികയും പോകുകയും ചെയ്യുന്നത്.  ആ കിടമല്‍സരത്തില്‍ പരസ്യം അനിവാര്യമെന്നത് സത്യം. കമ്പോളത്താല്‍ ചുറ്റിവരിയപ്പെട്ട മനുഷ്യാവസ്ഥതന്നെയാണ് കവി പ്രത്യക്ഷമാക്കുന്നത്.  സരസമായി കവി കാലത്തിന്റെ മാറ്റം തന്നെയാണ് അടയാളം ചെയ്യുന്നത്.

"പണ്ടൊരു ദൈവം ശപിച്ചുപോലും സര്‍പ-
സന്താനഭാരം വഹിക്കുവാന്‍ പെണ്ണിനെ
വാരിയെല്ലില്‍ തീര്‍ന്നമാരിവില്ലെങ്കിലും
സ്വാതന്ത്ര്യമെന്നറിഞ്ഞില്ലിതേവരെ
ഇപ്പോള്‍ നിരോധഗുളികയും ഭക്ഷിച്ചു
സര്‍പവളയംധരിച്ചു നില്‍ക്കുന്നവള്‍
വെല്ലുവിളിപ്പൂ വിധിയെ, പരാധീന
രല്ലോ, വിധിനിഷേധങ്ങളീ സന്ധ്യയില്‍'' .

നിരോധഗുളികയും ഭക്ഷിച്ച് സര്‍പവളയം ധരിച്ചു നില്‍ക്കുന്ന നില്‍പാണ് ഇവിടെ കാലത്തിന്റെ കീഴ്ക്കാം തൂക്കായ മാറ്റത്തെ വിളംബരം ചെയ്യുന്നത്. വിധിനിഷേധങ്ങള്‍തന്ന പരാധീനരായിത്തീര്‍ന്നിരിക്കുന്ന മൂല്യനിരാസത്തിന്റെ  കാലസ്വരൂപം. എന്താണ് മൂല്യം എന്താണ് അമൂല്യം എന്നിങ്ങനെ മൂല്യവുമായി ബന്ധപ്പെട്ട ദീര്‍ഘമായ സംവാദം തന്നെ വേണ്ടി വന്നേക്കാം മൂല്യനിരാസത്തിന്റെ യാഥാര്‍ഥ്യം തീര്‍പ്പാക്കാന്‍. എന്നാല്‍ കുരുക്ഷേത്രത്തിലെ  ആളുതിക്കിത്തിരക്കിയേറുന്നതാണു ചന്തയതാണെന്‍ പ്രപഞ്ചം എന്ന കല്‍പന ഇവിടെ  ആലോചിക്കുക. ആ ചന്തയില്‍ തങ്ങളെത്തന്നെ വില്‍ക്കുന്നു, വീണ്ടും തങ്ങള്‍തന്നെ വിലപേശി നില്‍ക്കുന്നു. ഇതാണ് ഇവിടെയും സ്ഥിതി. കാലത്തിന്റെ തരിശുനിലങ്ങളിലേക്കുള്ള ഊളിയിടലാണ് മറ്റൊരു ഭാഷയില്‍ മറ്റൊരു രൂപത്തില്‍ അരങ്ങേറുന്നത്. വര്‍ത്തമാനകാലത്തിലേക്ക് ഭൂതകാലസ്മൃതിചിത്രങ്ങള്‍ കവി സന്നിവേശിപ്പിക്കുന്നു. ആദം, ഹവ്വ, ആപ്പിള്‍വിഴുങ്ങല്‍, ശാപം എന്നിവ സ്ത്രീപുരുഷ ബന്ധത്തിന്റെ ബൈബിള്‍പുരാവൃത്തം ഓര്‍മിപ്പിക്കുന്നു. അതുപോലെ വാരിയെല്ലില്‍ തീര്‍ന്ന മാരിവില്ല് എന്ന പ്രയോഗം പുരുഷന്റെ വാരിയെല്ലൂരിയെടുത്താണ് സ്ത്രീയെ സൃഷ്ടിച്ചതെന്ന പുരാവൃത്തം  പ്രത്യക്ഷമാക്കുന്നു. ഇത്തരം സ്മൃതിചിത്രങ്ങള്‍, ഗര്‍ഭനിരോധനഗുളികയും സര്‍പവളയും ധരിച്ച് വിധിയെ വെല്ലുവിളിച്ചു നില്‍ക്കുന്ന സ്ത്രീചിത്രങ്ങളുമായി സമന്വയിപ്പിക്കുന്നു. ഇതിനോട്  ചേര്‍ത്ത് വായിക്കണം 'പണ്ഡിതന്റെ സത്യന്വേഷണം'.

"സത്യമെ,ങ്ങന്വേഷിച്ചു പണ്ഡിതനവളുടെ
നെറ്റിയില്‍, ചുണ്ടില്‍, മാറില്‍ നാഭിയില്‍, തുടകളില്‍
ഒന്നിലാവില്ലാസത്യം, രണ്ടായി മുറിഞ്ഞുപോം;
രണ്ടുകള്‍ ചേരുന്നേടത്തിരിപ്പൂ സത്യം, സത്യം!''

അന്വേഷിച്ചന്വേഷിച്ച് പണ്ഡിതന്‍ അങ്ങനെ രണ്ടുകള്‍ ചേരുന്നിടത്തിലേക്ക് പോകുകയാണ്. സ്ത്രീയെന്നാല്‍ ശരീരം മാത്രമാണെന്നും  ഉപഭോഗവസ്തുവാണെന്നുമുള്ള ഉറപ്പിക്കാലാണ് ഇവിടെയും തെളിയുന്നത്. എല്ലാം വറ്റിവരണ്ടുണങ്ങിയതരിശുഭൂമിയില്‍ സ്നേഹസ്പര്‍ശം എവിടെയാണ് ? സ്നേഹം വരണ്ടുപോയ സ്പര്‍ശം കാമവൈകൃതമാണ്; കാമത്തിന്റെ കളത്തിലെ ചതുരംഗക്കളിയാണ്. ഇത്തരം സമകാലിക മുഹൂര്‍ത്തങ്ങളിലൂടെ ജീവിതമെന്ന പരമയാഥാര്‍ഥ്യത്തിന്റെ പൊള്ളത്തരങ്ങളെ മറനീക്കിക്കാണിക്കുകയാണ് അയ്യപ്പപ്പണിക്കര്‍. അത് സൃഷ്ടിക്കുന്ന (നിശബ്ദമായ) ചിരി വേദനയില്‍ നിന്ന് ഉയിരുപറിച്ചുയരുന്നതാണ്. ഇവിടെയെല്ലാം മരണമെന്ന ജീവതയാഥാര്‍ഥ്യത്തെ മനുഷ്യന്‍ മറന്നുപോകുന്നു (അവന്‍ വലിയ പണ്ഡിതനാണല്ലോ). പക്ഷേ കവിക്ക് ആ യാഥാര്‍ഥ്യത്തിനുനേരെ കണ്ണടയ്ക്കാനാകില്ല.ജീവിതത്തെ മരണത്തിനഭിമുഖം നിര്‍ത്തുന്ന കാവ്യനിമിഷങ്ങള്‍ നോക്കുക.

"നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ''

ഇവിടെ പ്രണയിനിയും പ്രണയവുമാണ് സന്ധ്യ. സ്വപ്നവും മറ്റൊന്നല്ല. അതുമറയുമ്പോള്‍, സ്മരണയായും സന്ധ്യവരുന്നു. സ്വപ്നാവസ്ഥയുടെ സന്ധ്യപൊലിയുമ്പോള്‍, നരേന്ദ്രപ്രസാദിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍  കവി മരണത്തിന്റെ പൂജാരിയായി മാറുന്നു. ജീവിതത്തെയും മരണത്തെയും പകലിനെയും രാത്രിയെയും പോലെ ഉള്‍ക്കൊള്ളുന്ന സ്വപ്നാവസ്ഥയുടെ ഉപാസകനാണ് കവി. സ്വപ്നാവസ്ഥ ജീവിതത്തിന്റെ ആകെത്തുകയാണ്.  എന്നാല്‍, അതേസമയം അതിന്റെ ചുണ്ടില്‍ നിബിഡാന്ധകാരം നിറഞ്ഞുകൊണ്ടിരിക്കുന്നു. ഏതു സ്വപ്നവും പൊലിഞ്ഞുകഴിയുമ്പോഴാണ് അന്ധകാരം വരുന്നത്. പക്ഷേ അതിനെയും കവി ഉപാസിക്കുന്നു. എന്തെന്നാല്‍, പ്രഭാതവും അഗ്നിയുതിരുന്ന പ്രകാശസമയങ്ങളും അതോടൊപ്പം തമോമയമായ രാത്രിയും ഈ സന്ധ്യയുടെ അനിവാര്യമായ ഫലങ്ങളും കാരണങ്ങളുമാണ്. ഇങ്ങനെ വിരുദ്ധഭാവങ്ങളുടെ സംഗമനിമിഷങ്ങളെ അന്വര്‍ഥമാക്കുന്ന ഈ കാവ്യഖണ്ഡം മനുഷ്യാവസ്ഥയുടെ പ്രസാദവും വിഷാദവും ധ്വനിപ്പിച്ചുകൊണ്ട് അസ്തിത്വത്തിന്റെ സ്വസ്ഥതയില്ലായ്മയെ പ്രത്യക്ഷമാക്കുന്നു. ഇതാകട്ടെ അടിസ്ഥാനപരമായി ഒരു വിധുരന്റെ വിഹ്വലതകളുടെ സാത്മീകരണം കൂടിയാണ്. 'കുടുംബപുരാണ'ത്തില്‍ കവി എഴുതിയത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്:

"വിധുരര്‍, വിരഹികള്‍ നാമെല്ലാം; ചിര-
വിരഹികളല്ലൊ പാരും വാനവു;-
മുരുകുന്നുരുളുന്നവരും പണ്ടൊരു
വിരഹം ചേര്‍ത്തവിഷാദച്ചൂടാല്‍
ഉരുകുന്നുരുളുന്നൊഴുകുന്നീ-
മണിമാലകള്‍ കോര്‍ക്കും താരകള്‍
തടിനികള്‍, സന്ധ്യകളെല്ലാം വിരഹികളല്ലോ.''

പ്രപഞ്ചത്തിന്റെ സ്വഭാവംതന്നെ വിധുരന്റേതാക്കി മാറ്റുകയാണ്. 'നീ തന്നെ ജീവിതം സന്ധ്യേ' യിലും ഇത്തരമൊരന്വയമാണുള്ളത്. അതാകട്ടെ മനുഷ്യാവസ്ഥയുടെ സാര്‍വജനീനമായ വ്യസനത്തെയാണ് സാക്ഷാല്‍കരിച്ചുകാണിക്കുന്നത്. ഇതിനെ അതിജീവിക്കാന്‍ കവി ഉഴറുന്നു. സാര്‍വജനീനമായ  ആത്മീയാവസ്ഥയുടെ പുനഃസൃഷ്ടിക്കുവേണ്ടിയാണ് ആ ഉഴറല്‍. ഇത്തരമൊരു പുനഃസൃഷ്ടി എന്തിനുവേണ്ടിയാണ്. മുനുഷ്യനെ മൂടിയിരിക്കുന്ന മഹാശൂന്യതയില്‍ (തരിശില്‍) നിന്ന് രക്ഷപെടാന്‍. എല്ലാ ശൂന്യതകളേയും ഉള്‍ക്കൊള്ളുകയും തിരസ്കരിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നത് പ്രപഞ്ചം തന്നെയാണ്. ഋതുഭേദങ്ങളുടെ മാഹാസ്ഥലി. ഓരോ ഋതുവിന്റെയും സൂക്ഷ്മമായ പരിണാമബിന്ദുവാണ് യഥാര്‍ഥത്തില്‍ സന്ധ്യ. ആ സന്ധ്യയെയാണ് കവി ജീവിതവുമായി കൂട്ടിവിളക്കുന്നത്. സന്ധ്യ ജീവിതവും മരണവുമാണ്. ഉഷസന്ധ്യയും സായം സന്ധ്യയും പോലെ. അതുകൊണ്ടാണ്
"നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ
യിരുളുന്നു
നീ തന്നെ
മറയുന്നു നീ തന്നെ
നീ തന്നെ
സന്ധ്യേ''

എന്ന് ഉറപ്പിക്കുന്നത്. അങ്ങനെ ജീവിതം മരണമായി മരണം ജീവിതമായി പകലുകളും രാത്രികളുമായി മിന്നി മറിയുന്നു/മാറിമറയുന്നു. പകലുകളും രാത്രികളും ഒന്നുചേരുന്ന  പ്രകൃതി എമേഴ്സണ്‍ പറഞ്ഞ പോലെ ആത്മചൈതന്യത്തിന്റെ പ്രതീകമാണ്. പ്രകൃതിയില്‍ ദൃശ്യമാകുന്ന വസ്തുക്കളുടെ അര്‍ഥം കണ്ടെത്തുകയാണ് ഭാഷയില്‍ കവിതയുടെ ധര്‍മം. അതാണ് അയ്യപ്പപ്പണിക്കര്‍ ഇവിടെ ചെയ്യുന്നത്. ഇത്തരം രചനാസ്വാതന്ത്ര്യം ആധുനികമായ അന്തര്‍ദര്‍ശനത്തിന്റെ പ്രത്യക്ഷമാണ്. മറ്റൊരു മുഹൂര്‍ത്തം നോക്കുക-

ബിഥോവന്റെ എട്ടാം സിംഫണി  നടക്കുമ്പോള്‍ രണ്ടാംവയലിന്‍ നിരയില്‍ ഏറ്റവും പിന്നിലിരിക്കുന്നവളുടെ  വലംകൈപ്പത്തിയിലെ നീലഞരമ്പുകള്‍ പിടഞ്ഞു പിടഞ്ഞുതിരുന്ന  നാദമാധുരി മറ്റുവാദ്യങ്ങള്‍ക്കിടയില്‍       ലയിച്ചുപോകുന്ന കഥ അവള്‍ പോലും അറിയുന്നില്ല. ഇത്തരമൊരു കാഴ്ചയിലൂടെ  അവളുടെ ജീവിതവും അതുപോലെ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞുപോകുമല്ലോ എന്ന അര്‍ഥത്തിലേക്ക് കവി എത്തിച്ചേരുന്നു. ഇതൊക്കെ ജീവിത ത്തെക്കുറിച്ചുള്ള സൂക്ഷ്മാവബോധത്തിന്റെ പ്രത്യക്ഷമാണ്. ജീവിതം മരണം കൂടിയാണ്. മരണത്തിന്റെ  മസ്തകത്തില്‍ കാലുവച്ച് പൊട്ടിച്ചിരിച്ച് ഇരമ്പാന്‍  വിശ്വാത്മാവിന് (ജി.ശങ്കരക്കുറുപ്പ്, ശിവതാണ്ഡവം) മാത്രമേ കഴിയൂ. അയ്യപ്പപ്പണിക്കരുടെ കാലദര്‍ശനം മറ്റൊരു രീതിയിലാണ് അതിനെ നേരിടുന്നത്,

"സൂക്ഷിക്കൂ സെക്കന്‍ഡിനെ!
പ്പിന്നെ നീ ഭയക്കേണ്ട
രാത്രിയെ, പ്പകലിനെ,
ജീവനെ, മരണത്തെ.''

ഇത് സ്വയം പൂര്‍ണ്ണതയുള്ള കാവ്യഖണ്ഡമായി നിന്നുകൊണ്ട് കവിമനസ്സിന്റെ കാലാവബോധത്തെ എടുത്തുകാണിക്കുകയാണ്. മനുഷ്യാസ്തിത്വത്തിന്റെ വലിയഭീതി സമയബോധവുമായി ബന്ധപ്പെട്ടാണ് രൂപപ്പെടുന്നത്. കാരണം, മനുഷ്യപ്രജ്ഞക്ക് നിയന്ത്രിക്കാന്‍ കഴിയാത്തൊരു ചലനാത്മകതയാണ് സമയം. അതറിഞ്ഞുകൊണ്ടുതന്നെയാണ് സമയത്തിന്റെ  ചെറിയഘടകമായ സെക്കന്റിനെ സൂക്ഷിക്കാന്‍ കവി പറയുന്നത്. ഋതുചക്രങ്ങളുടെ ആരക്കാലുകളെ/ പകലുകളെ രാത്രികളെ ആര്‍ക്കാണ് ബന്ധിച്ചുനിര്‍ത്താന്‍ കഴിയുക?  സൂക്ഷിക്കാനും കഴിയുമോ? അങ്ങനെ ചെയ്താല്‍ രാത്രിയെ, പകലിനെ, ജീവനെ, മരണത്തെ ഒന്നും ഭയക്കേണ്ട. ഇവിടെ മുഴങ്ങുന്ന മരണാവബോധവും ജീവിതത്വരയും അടുത്തഖണ്ഡത്തില്‍ മറ്റൊരു രീതിയിലാണ് അവതരിപ്പിക്കുന്നത്.

"മെഴുകുതിരി കത്തുന്നു
കണ്ണുകള്‍ കത്തുന്നു
ചുണ്ടുകള്‍ കത്തുന്നു
തൊണ്ടകത്തുന്നു, ഹേ
യുദ്ധമേ, നിന്നെ
വകവരുത്തായ്കിലോ
നീ ഞങ്ങളെ വകവരുത്തും''.

യുദ്ധത്തെ വകവരുത്തിയില്ലെങ്കില്‍ അത് മനുഷ്യനെ വകവരുത്തും. യുദ്ധത്തെ വകവരുത്തേണ്ടതിന്റെ അനിവാര്യതയും  ആ അനിവാര്യതയിലേക്ക് നീങ്ങിയ കാലത്തിന്റെ ദുരന്തഭാവവും പ്രധാനമാണ്. യുദ്ധമാണ് ഏറ്റവും വലിയ തരശുനിലങ്ങള്‍ സൃഷ്ടിക്കുന്നത്.

"നമുക്ക് ഈ മിഥ്യയില്‍ വിശ്വസിക്കാം
സത്യം-അതാര്‍ക്കുവേണം''.

സത്യത്തില്‍ മിഥ്യയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. പക്ഷേ ആ ശത്രുവിനെയാണ് മനുഷ്യന്‍ നെഞ്ചിലേറ്റുന്നത്. അങ്ങനെ മണലാരണ്യങ്ങളിലൂടെയുള്ള മനുഷ്യന്റെ പോക്ക് അവന് സ്വയം തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. അനുദിനം മരുഭൂമികള്‍ ഉണ്ടാകുന്നു. തരിശുനിലങ്ങള്‍ മണ്ണിലും മനസിലും പെരുകുന്നു.          

കാലം നടത്തുന്ന അഴിച്ചുപണി കവിതയുടെ അന്തര്‍ഭാവത്തിലെന്നപോലെ രൂപഘടനയിലും നിരന്തരം സംഭവിക്കുകയാണ്. യാഥാര്‍ഥ്യത്തിന്റെ പരിചിതഭാവങ്ങളെ ആവിഷ്കാരത്തിന്റെ സ്വരവിശേഷംകൊണ്ട് എടുത്തുകളഞ്ഞ് കവിതയെ ഗദ്യാത്മകതയിലേക്ക് കൂടുതല്‍ അടുപ്പിച്ചുനിര്‍ത്തുന്ന രീതിയുടെ ശക്തിസ്വരൂപങ്ങള്‍ ശരിക്കും പ്രകടമാകുന്നത്  'കാര്‍ട്ടൂണ്‍കവിതകള്‍', 'മഹാരാജകഥകള്‍' എന്നിവയിലാണ്. കവിതയെ കഥയുടെ ആഖ്യാനസ്വരത്തിലേക്ക് മാറ്റി ഗദ്യകവിതയുടെ സാമ്പ്രദായിക രൂപം തന്നെ തകര്‍ക്കുകയാണ് 'മഹാരാജകഥകള്‍'. 'കുരുക്ഷേത്രം', 'മൃത്യുപൂജ', 'അഗ്നിപൂജ'എന്നിവയിലെയും അവയുടെ സ്വഭാവ രീതികള്‍ അനുവര്‍ത്തിക്കുന്ന കവിതകളിലെയും വിഷാദമോ ഇരുണ്ടഭാവമോ ഈ സമാന്തരകാവ്യധാരയില്‍ പ്രത്യക്ഷമാകുന്നില്ല. നരേന്ദ്രപ്രസാദ് എഴുതിയത് പ്രസക്തമാകുന്നു: "മൃത്യുപൂജയെ ഒരു രാത്രിക്കവിതയെന്നു വിളിക്കുമ്പോള്‍ പകല്‍ക്കവിതകളെന്നു വിളിക്കാവുന്ന കവിതകള്‍ പണിക്കര്‍ എഴുതിയിട്ടുണ്ടെന്ന് പറയാമോ? പണിക്കരുടെ കവിതകളില്‍ കൂടുതലും പകല്‍ക്കവിതകളാണ്. അവയുടെ ആകര്‍ഷണശക്തി ഹാസ്യത്തെയും പ്രജ്ഞാപരമായ ജീവിതവിമര്‍ശനത്തെയും ആശ്രയിച്ചു നില്‍ക്കുന്നു. 'കാര്‍ട്ടൂണ്‍കവിതകള്‍' 'മഹാരാജകഥകള്‍' എന്നിവയാണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയം. രാഷ്ട്രീയമായ അടിയൊഴുക്കുള്ള ഹാസ്യകവിതകളാണവ. ശക്തമായ വിരുദ്ധോക്തി, നിര്‍ദ്ദോഷമായ ഫലിതം, ഭാഷാപരമായ കുസൃതികള്‍, ശൈലീപരമായ പുതുമകള്‍ ഇവ വിവിധരീതികളില്‍ നിറഞ്ഞ ഈ കവിതകള്‍ പണിക്കരുടെ കാവ്യവ്യക്തിത്വത്തിലെ മറ്റൊരു ഗണനീയമായ അംശത്തിന്റെ ആവിഷ്കാരങ്ങളാണ്.'' അതാകട്ടെ അയ്യപ്പപ്പണിക്കരുടെ കവിതകളിലെ ആധുനികതയുടെ പരിണാമഭാവങ്ങളെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്നു.

*****

ഡോ. ടി.കെ. സന്തോഷ്കുമാര്‍ , കടപ്പാട് : ഗ്രന്ഥാലോകം മാസിക ജൂലായ് 2012 ലക്കം

സജീവമായി തുടരുന്ന ദൈവാസ്തിത്വ സംവാദം

ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചിന്തകള്‍ എല്ലാകാലത്തും മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരുന്ന സമസ്യകളാണ്. സര്‍വചരാചരങ്ങളെയും സൃഷ്ടിക്കുകയും രക്ഷാശിക്ഷകള്‍ നല്‍കി സംരക്ഷിക്കുകയും ചെയ്യുന്ന സര്‍വശക്തമായ പ്രതിഭാസമായാണ് ദൈവത്തെ മതസംഹിതകളില്‍ കാണാന്‍ കഴിയുക. ദൈവമെന്ന സങ്കല്‍പനത്തെ യുക്തിവാദികള്‍ പൂര്‍ണമായും നിരാകരിക്കുന്നു. ലോകം സ്വയം ഭൂവാണെന്നും യുക്തിയുക്തം ദൈവാസ്തിത്വം തെളിയിക്കാനാവില്ലെന്നുമാണ് യുക്തിവാദികള്‍ സമര്‍ഥിക്കുന്നത്. ഉന്നത ജീവിതമൂല്യങ്ങളുടെ സമാഹാരം എന്ന നിലയില്‍ ദൈവത്തെകാണുന്നതടക്കം മത-യുക്തിവാദ സമീപനങ്ങളില്‍ നിന്നും വ്യത്യസ്തമായ നിരവധി ദൈവ കാഴ്ചപ്പാടുകള്‍ വേറെയുമുണ്ട്.

ചാള്‍സ് ഡാര്‍വിന്‍ (1809-1882) തന്റെ പരിണാമസിദ്ധാന്തം ആവിഷ്കരിച്ചതോടെയാണ് തെളിയിക്കപ്പെടാവുന്ന ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവാസ്തിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയത്. ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം പ്രത്യേകം പ്രത്യേകം പരസ്പരം മാറ്റാന്‍ കഴിയാത്ത വംശങ്ങളിലായി ദൈവം സൃഷ്ടിച്ചുവെന്നാണ് ബൈബിളില്‍ പറയുന്നത്. എന്നാല്‍ സൂക്ഷ്മജീവികളില്‍നിന്നും പ്രകൃതി നിര്‍ധാരണത്തിലൂടെ (Natural Selection) മനുഷ്യരും മറ്റ് ജീവജാലങ്ങളും പ്രകൃത്യാതീത ശക്തിയുടെ ഇടപെടലൊന്നുമില്ലാതെ പരിണമിച്ചുണ്ടായതാണെന്നാണ് ഡാര്‍വിന്‍ സിദ്ധാന്തിച്ചത്. ക്രിസ്തീയസഭയെ പ്രകോപിപ്പിക്കുമെന്നും വിശ്വാസിയായ തന്റെ ഭാര്യയെ വേദനിപ്പിക്കുമെന്നും കരുതി ഡാര്‍വിന്‍ തന്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ മടിച്ചിരുന്നു. പിന്നീട് ആല്‍ഫ്രഡ് റസല്‍ വാലസ് (1823-1913) സമാന ആശയങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പോയപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഡാര്‍വിന്‍ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' (1859) പ്രസിദ്ധീകരിച്ചത്. പ്രപഞ്ച സ്രഷ്ടാവ് എന്ന പദവിയില്‍നിന്നും ദൈവത്തെ പരിണാമ സിദ്ധാന്തം നിഷ്കാസനം ചെയ്തു എന്ന് കരുതപ്പെട്ടു.

പരിണാമസിദ്ധാന്തത്തിന്റെ മറ്റൊരു ഉപജ്ഞാതാവായി കരുതപ്പെടുന്ന ആല്‍ഫ്രഡ് റസല്‍ വാലസ് ദൈവാസ്തിത്വത്തില്‍ വിശ്വസിച്ചിരുന്നു. പരിണാമത്തിലൂടെ രൂപം കൊണ്ട മനുഷ്യനു ആത്മാവ് നല്‍കിയത് ദൈവമാണെന്നും അജൈവവസ്തുക്കളില്‍നിന്നും ജൈവവസ്തുക്കള്‍ രൂപപ്പെട്ടത് ദൈവത്തിന്റെ ഇടപെടലിലൂടെയാണെന്നും വാലസ് അഭിപ്രായപ്പെട്ടിരുന്നു. ദൈവാസ്തിത്വ സംവാദം സമീപകാലത്ത് പാശ്ചാത്യനാടുകളില്‍ പ്രത്യേകിച്ചും അമേരിക്കന്‍ സര്‍വകലാശാല കാമ്പസുകളില്‍ സജീവമായി അതിതീവ്രതയോടെ നടന്നുവരുന്നു. ഈശ്വര വിശ്വാസത്തെയും മതവിശ്വാസത്തെയും ആത്മീയതയെയും ന്യായീകരിച്ചുകൊണ്ടും തള്ളികളഞ്ഞുകൊണ്ടുള്ള നൂറുകണക്കിനു പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നത്.

അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് 1990ലാരംഭിച്ച ഹ്യൂമന്‍ ജീനോം പ്രോജക്ടിന്റെ ഡയറക്ടറായിരുന്ന പ്രസിദ്ധ ജൈവശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് കോളിന്‍സ് രചിച്ച ദൈവത്തിന്റെ ഭാഷയും (The Language of God: A Scientist Presents Evidence for Belief: Free Press: New York: 2006) ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസറും ലോകപ്രശസ്ത ശാസ്ത്രപ്രചാരകനുമായ റിച്ചാര്‍ഡ്സ് ഡാക്കിന്‍സിന്റെ ദൈവമിഥ്യ (The God Delusion Houghton Mifflin Company: New York: 2006) എന്നീ ഗ്രന്ഥങ്ങളാണ് ഇവയില്‍ പ്രധാനപ്പെട്ടവ.

മറ്റ് മതവിശ്വാസികളില്‍നിന്നും വ്യത്യസ്തമായ രീതിയിലാണ് ഫ്രാന്‍സിസ് കോളിന്‍സ് ദൈവാസ്തിത്വത്തെയും മതചിന്തകളെയും ന്യായീകരിക്കുന്നത്. ഡാര്‍വിനിസത്തിനെതിരായും ഈശ്വരവിശ്വാസത്തെ ന്യായീകരിക്കാനുമായി മുന്നോട്ടുവയ്ക്കാറുള്ള സൃഷ്ടിശാസ്ത്രം, (Creation Science) അഭികല്‍പനാ വാദം Argument from Design) തുടങ്ങിയ സിദ്ധാന്തങ്ങളൊന്നും കോളിന്‍സ് അംഗീകരിക്കുന്നില്ല. ശാസ്ത്രവും മതവും തമ്മില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്നതാണ് കോളിന്‍സിന്റെ അടിസ്ഥാനസമീപനം. ലോകം നിലനില്‍ക്കുന്നത് പരിണാമ സിദ്ധാന്തമടക്കമുള്ള വസ്തുനിഷ്ഠനിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. എന്നാല്‍ ഈ നിയമങ്ങള്‍ ദൈവസൃഷ്ടിയാണ്. ചില അപൂര്‍വ സാഹചര്യങ്ങളില്‍ ദൈവം മനുഷ്യനന്മ ലക്ഷ്യമാക്കി ഈ നിയമങ്ങള്‍ മാറ്റിമറിക്കും. അല്‍ഭുതകൃത്യങ്ങള്‍ സംഭവിക്കുന്നതിങ്ങനെയാണ്. ലാബറട്ടറിയിലും പള്ളിയിലും ഒരുപോലെ ദൈവത്തെ ആരാധിക്കാമെന്നും ബൈബിളിലേയും ജനിതകശാസ്ത്രത്തിലേയും ദൈവം ഒന്നുതന്നെയെന്നും കോളിന്‍സ് വാദിക്കുന്നു.

ദൈവാസ്തിത്വത്തിനനുകൂലമായി കോളിന്‍സടക്കമുള്ള മതവിശ്വാസികളും ആത്മീയചിന്തകരും മുന്നോട്ടുവയ്ക്കുന്ന വാദമുഖങ്ങളെ ശക്തമായ ഭാഷയില്‍ നിരാകരിക്കുന്ന കൃതിയാണ് റിച്ചാര്‍ഡ് ഡാക്കിന്‍സിന്റെ ദൈവമിഥ്യ (The God Delusion: Richard Dawkins: Houghton Mifflin Company). കുരിശുയുദ്ധകാലം മുതല്‍ മതവിശ്വാസത്തിന്റെ പേരില്‍ നടന്നുവരുന്ന മനുഷ്യക്കുരുതികളെ ഡാക്കിന്‍സ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. ഏകാധിപതിയും ക്രൂരനുമായ പഴയനിയമത്തിലെ ദൈവം മുതല്‍ കോളിന്‍സും മറ്റും അവതരിപ്പിക്കുന്ന മൂല്യധിഷ്ഠിത ദൈവം വരെയുള്ള വ്യത്യസ്ത ഈശ്വരസങ്കല്‍പനങ്ങളുടെ അശാസ്ത്രീയവും പൊള്ളത്തരങ്ങളും ഡാക്കിന്‍സ് തുറന്നുകാട്ടുന്നുണ്ട്. മനുഷ്യരില്‍ നിലനില്‍ക്കുന്ന മൂല്യബോധം ദൈവത്തിന്റെ സംഭാവനയല്ലെന്നും ജീവപരിണാമ പ്രക്രിയയിലൂടെ സാമൂഹ്യജീവിയായ മനുഷ്യന്‍ സ്വയം ആര്‍ജിച്ച ഗുണസമുച്ചയമാണെന്നും ഡാക്കിന്‍സ് വ്യക്തമാക്കുന്നുണ്ട്. ദൈവമത വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായോ തത്വചിന്താപരമായോ ന്യായീകരണമില്ലെന്നു മാത്രമല്ല ചരിത്രപരമായും സമീപകാല ലോകസാഹചര്യം കണക്കിലെടുക്കുമ്പോഴും അത് മനുഷ്യരാശിയുടെ വിനാശത്തിനു കാരണമാവുമെന്നും ഡാക്കിന്‍സ് വിശദീകരിക്കുന്നു. ഡാക്കിന്‍സിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി സി. രവിചന്ദ്രന്‍ 'നാസ്തികനായ ദൈവം' (ഡി.സി. ബുക്സ് 2010) എന്ന പേരില്‍ ശ്രദ്ധേയമായ ഒരു കൃതി രചിച്ചിട്ടുണ്ട്.

ക്രിട്ടിക്ക് ഓഫ് ഇന്റലിജന്റ് ഡിസൈന്‍ എന്ന പുസ്തകത്തില്‍ (Critique of Intelligent Design: Materialism versus Creationism From Antiquity to the Present: John Bellamy Foster, Brett Clark, Richard York: Aakar: Delhi: 2010) ദൈവാസ്തിത്വത്തെ ന്യായീകരിക്കാന്‍ പൊതുവില്‍ പലരും മുന്നോട്ടുവക്കാറുള്ള അഭികല്‍പനാ വാദത്തെ (Argument from Design) പ്രസിദ്ധ ശാസ്ത്രചിന്തകന്‍ ജോണ്‍ ബെല്ലാമി ഫോസ്റര്‍, ബ്രെറ്റ് ക്ളര്‍ക്ക്, റിച്ചാര്‍ഡ് യോര്‍ക്ക് എന്നിവര്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു. എപ്പിക്യൂറസ്, ഡാര്‍വിന്‍, കാറല്‍മാര്‍ക്സ്, ഫ്രോയിഡ് എന്നിവരുടെ ചിന്തകളുടെ അടിസ്ഥാനത്തില്‍ ദൈവാസ്തിത്വം ആത്മീയത തുടങ്ങിയ പരികല്‍പനകള്‍ പുസ്തകത്തില്‍ ശാസ്ത്രീയ സമീപനത്തോടെ വിശകലനം ചെയ്യപ്പെടുന്നു. മന്തിലി റവ്യൂപ്രസ് 2008ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇന്ത്യന്‍ പ്രസാധകരായ ആക്കാര്‍ പുനപ്രസിദ്ധീകരിച്ചിട്ടുള്ളത്.

പ്രസിദ്ധയുക്തിചിന്തകനും ന്യൂറോ സയന്റിസ്റും ദി എന്‍ഡ് ഓഫ് ഫെയിത്ത് The End of Faith: Religion, Terror and the Future of Reason: Sam Haris: WW Morton: London: 2004) എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവുമായ സാം ഹാരിസ് ദി മോറല്‍ ലാന്‍ഡ്സ്കേപ്പ് (The Moral Landscape: How Science can determine human values: Sam Harris: Bantam Press: London: 2010)  എന്ന തന്റെ ഗ്രന്ഥത്തിലൂടെ ധാര്‍മികതയുടേയും മൂല്യബോധങ്ങളുടേയും ഉറവിടം മസ്തിഷ്കത്തിന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ നിര്‍ധാരണം ചെയ്തുകൊണ്ട് ഹാരിസ് തെറ്റും ശരിയും നന്മയും തിന്മയും ധാര്‍മിക പരിസരത്തില്‍ ജീവിക്കുന്ന മനുഷ്യസമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്ന് വാദിക്കുന്നു. ക്രിസ്ത്യന്‍ മുസ്ളീം ഗണിതശാസ്ത്രം ഇല്ലാത്തതുപോലെ ക്രിസ്ത്യന്‍ മുസ്ളീം ധാര്‍മികതയുമില്ലെന്ന് ഹാരിസ് അഭിപ്രായപ്പെടുന്നു.

മാര്‍ക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടുവരുന്ന എന്തുകൊണ്ടാണ് മാര്‍ക്സ് ശരിയായിരിക്കുന്നത് Why Marx Was Right: Yale University Press: London: 2011)എന്ന പുസ്തകമെഴുതി പ്രസിദ്ധനായ ഇംഗ്ളണ്ടിലെ ലങ്കാസ്റര്‍ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് സാഹിത്യ പ്രൊഫസര്‍ ടെറീ ഈഗിള്‍ടണ്‍ ദൈവവിവാദത്തില്‍ പങ്കെടുത്തുകൊണ്ട് അത്യന്തം ചിന്തോദ്ദീപകമായ ഒരു കൃതി (Reason, Faith and Revolution: Reflections on the God Debate Yale University Press: London: 2009) രചിച്ചിട്ടുണ്ട്. നവനിരീശ്വരത്വത്തേയും ആദ്യകാല വിപ്ളവചിന്തകള്‍ ഉപേക്ഷിച്ച് പ്രതിലോമ ചിന്തകളിലേക്കും പ്രവര്‍ത്തിയിലേക്കും വഴിമാറി സഞ്ചരിക്കുന്ന ക്രിസ്തുമതത്തേയും ഒരുപോലെ വിമര്‍ശനവിധേയനാക്കുന്ന ഈഗിള്‍ടണ്‍ മതവിശ്വാസത്തിനുപകരമായി മറ്റ് മതേതരവാദികള്‍ മുന്നോട്ടുവക്കുന്ന ഉദാരമാനവികതയുടെ (Liberal Humanism) സ്ഥാനത്ത് ആര്‍ദ്രമാനവികതയെന്ന ആശയമാണ്(Tragic Humanism)മുന്നോട്ടുവക്കുന്നത്.

ദൈവാസ്തിത്വമല്ല ചര്‍ച്ച ചെയ്യുന്നതെങ്കിലും ദൈവത്തിന്റെ പേരില്‍ പ്രൊട്ടസ്റന്റ്, ജൂത, മുസ്ളീം മൌലികവാദികള്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യാനും മൌലികവാദ പ്രവണതകളുടെ സാമൂഹ്യവും ആത്മീയവും ഭൌതികവുമായ കാരണങ്ങളന്വേഷിക്കുവാനുമാണ് പ്രസിദ്ധ ആത്മീയ ചിന്തകയായ കാരണ്‍ ആം സ്ട്രോങ് ദി ബാറ്റില്‍ ഫോര്‍ ഗോഡ് (The Battle for God: A history of fundamentalism: Karen Armstrong: Random House: New York: 2000) എന്ന പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.

ഈശ്വരവിശ്വാസം, ആത്മീയത, യുക്തിചിന്ത, ശാസ്ത്രീയവീക്ഷണം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചു തുടര്‍ന്നും പ്രസിദ്ധീകരിച്ചുവരുന്ന പുസ്തകങ്ങളുടെ ബാഹുല്യം കണക്കിലെടുക്കുമ്പോള്‍ ദൈവാസ്തിത്വ സംവാദം ഇനിയും ഏറെനാള്‍ തുടരുമെന്നു കരുതേണ്ടിയിരിക്കുന്നു.

****** 
ഡോ. ബി. ഇക്ബാല്‍,കടപ്പാട് :ഗ്രന്ഥാലോകം

Tuesday, November 6, 2012

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന്തതി

നാടകസാഹിത്യവും നാടകരംഗവും പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി'യെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നു ഞാന്‍ കരുതുന്നു. മാത്രമല്ല 'പാട്ടബാക്കി'യുടെ കര്‍ത്താവായ കെ. ദാമോദരന്റെ ജന്മശതാബ്ദി (1912 ഫെബ്രുവരി 26 - 2012 ഫെബ്രുവരി 26) വര്‍ഷവും കൂടിയാണ് ഈ കാലം. സഖാവ് ഇ.എം.എസിന്റെ ആത്മകഥയില്‍ 'ജീവല്‍ സാഹിത്യസമ്മേളനം' എന്ന അന്‍പതാമധ്യായത്തിലൊരു ഭാഗത്തു പറയുന്നു.

"തൃശൂര്‍ സമ്മേളനം (1937 മധ്യവേനലവധിക്കാലം) കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് ജീവല്‍ സാഹിത്യപ്രസ്ഥാനത്തിന്റെ 'ആദ്യസന്തതി'യെന്ന് വിശേഷിപ്പിക്കാവുന്ന 'പാട്ടബാക്കി' എന്ന നാടകം അങ്ങേറിയത്. നാടകലക്ഷണങ്ങള്‍ എന്ന നിലക്ക് പണ്ഡിതരംഗീകരിച്ചിരുന്ന യാതൊന്നും ആ നാടകത്തില്‍ ഒരു പക്ഷേ കാണാനുണ്ടാവില്ല. പക്ഷേ 'പാമരന്‍'മാരായ കൃഷിക്കാര്‍ അതുകണ്ടു രസിച്ചു. അവരുടെ ജീവിതത്തിന്റെ ചിലഭാഗങ്ങളാണ് അവരതില്‍ കണ്ടത്. തങ്ങള്‍ക്കനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ ചിത്രീകരിക്കുന്നതോടൊപ്പം തന്നെ അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗവും അതില്‍ പൊതുവേ നിര്‍ദേശിക്കപ്പെട്ടിരുന്നു. മലയാള സാഹിത്യരംഗത്ത് വര്‍ഗസമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യബോധത്തോടെ എഴുതപ്പെട്ട ആദ്യനാടകമാണ് കെ. ദാമോദരന്റെ പാട്ടബാക്കി.''

മലയാള സാഹിത്യത്തിന്റേയും സാഹിത്യ കലാരൂപങ്ങളുടേയും രൂപത്തിലും ഭാവത്തിലും അടിസ്ഥാനപരമായ മാറ്റുമുണ്ടാക്കിയ പ്രസ്ഥാനമാണ് 'ജീവല്‍ സാഹിത്യപ്രസ്ഥാനം'. 1936 ഏപ്രില്‍ 10ന് ലഖ്നൌവില്‍ ചേര്‍ന്ന പുരോഗമനസാഹിത്യനായകന്മാരുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം രൂപീകരിച്ച പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ പ്രചോദനത്തിലാണ് കേരളത്തിലും അത്തരത്തില്‍ ഒരു സംഘം രൂപീകരണത്തിനുള്ള ശ്രമം നടന്നത്. ഇ.എം.എസിന്റെ വാക്കുകളില്‍ "ഇതിനുമുന്‍കൈ എടുത്തത് പതുക്കെ പതുക്കെ ആയി കമ്യൂണിസത്തിലേക്ക് മാറിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റുകാരാണ്.'' 'കല കലയ്ക്കുവേണ്ടി' എന്ന സമീപനം അംഗീകരിച്ചു രചന നടത്തിയിരുന്ന യാഥാസ്ഥിതിക സാഹിത്യകാരന്മാര്‍ക്കെതിരെ 'കല ജീവിതത്തിനുവേണ്ടി'യാണെന്നും, കലയെ സാമൂഹ്യപുരോഗതിയുടെ ആയുധമാക്കുകയാണ് വേണ്ടതെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പുരോഗമനവാദികളാണ്, അഖിലേന്ത്യാ പുരോഗമനപ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തില്‍ 'ജീവല്‍ സാഹിത്യ' സംഘം രൂപീകരിക്കാന്‍ മുന്‍കൈ എടുത്തത്. ഇ.എം.എസ്., കെ. ദാമോദരന്‍, എന്‍.പി. ദാമോദരന്‍, എ. മാധവന്‍, കെ.കെ. വാര്യര്‍ എന്നിവര്‍ മുന്‍കൈ എടുത്ത് 1937-ല്‍ ഏപ്രില്‍ 20ന് തൃശൂര്‍ ട്യൂട്ടോറിയല്‍ അക്കാദമിയില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനമാണ് ജീവല്‍സാഹിത്യസംഘത്തിന് രൂപം നല്‍കിയത്. പിന്നീടത് പുരോഗമനസാഹിത്യസംഘമായി.

അധ്വാനത്തിന്റെ മഹത്വവും, അധ്വാനിക്കുന്നവരുടെ പ്രണയവും ആദ്യം സര്‍ഗാത്മകരചനയ്ക്ക് വിഷയമാക്കിയത് മഹാകവി കുമാരനാശാനാണ്. അധ്വാനത്തിന്റെ മഹത്വത്തെ ആശാന്‍ 'ദുരവസ്ഥ' യില്‍ ഇങ്ങിനെ ഘോഷിച്ചു:

"..ല്ലില്ല ഞാനെന്റെ കാലം നയിക്കുമി
പുല്ലുമാടത്തില്‍ പ്പുലയിയായ്ത്താന്‍
അല്ലല്‍ മറന്നു ചെറുമികളോടുഞാന്‍
എല്ലാപണികളും ശീലിച്ചിടും''

ചാത്തന്റെ ഉല്‍ക്കൃഷ്ട പ്രണയത്തെക്കുറിച്ച് സാവിത്രിയിലൂടെ ആശാന്‍ പറഞ്ഞു:

"എത്ര വിലപെറും വസ്തു നീ ഹാ ചാത്താ
ചിത്രം നീ നിന്നെ അറിയുന്നില്ല.''
താണുകിടക്കുമീ രത്നത്തെ മുങ്ങും ഞാന്‍
കാണുമാറായ് വിധിസങ്കല്‍പത്താല്‍''

എന്നാല്‍ വാഴനട്ടവനാണ് അതിന്റെ 'കുലയുടെ' അവകാശി എന്ന പ്രഖ്യാപനത്തിലൂടെ ചൂഷിതനും, ചൂഷകനും തമ്മിലുള്ള ഏറ്റുമുട്ടല്‍ - വര്‍ഗസമരം - മലയാളസാഹിത്യത്തില്‍ തന്നെ ആദ്യം അവതരിപ്പിച്ചത് ചങ്ങമ്പുഴ 'വാഴക്കുല' എന്ന തന്റെ കവിതയിലൂടെയാണ്. മലയപ്പുലയന്റെ കഥ ഹൃദയസ്പൃക്കായി അവതരിപ്പിച്ചുകൊണ്ട് ജന്മിത്തത്തിന്റെ അക്രമത്തിനും അനീതിക്കും ചൂഷണത്തിനുമെതിരെയുള്ള പ്രതിഷേധം, കാവ്യാത്മകപ്രസംഗത്തിലൂടെ കവി തന്നെ നടത്തിയത് സഹിക്കാത്ത കേവലസൌന്ദര്യ പക്ഷപാതികള്‍ അത് അനൌചിത്യമായി ചൂണ്ടിക്കാട്ടി 'പല്ലുകടിക്കുകയും' കണ്ണുരുട്ടുകയും ആക്രോശിക്കുകയും ചെയ്തു. അത്തരം കേവല സൌന്ദര്യപക്ഷപാതികള്‍ 'പാട്ടബാക്കി'ക്കെതിരേയും ആക്ഷേപശരംതൊടുത്തുവിട്ടു എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

കഥകളിയും കൂടിയാട്ടവും തകര്‍ത്താടിയ മലയാളത്തിന് ഏറെക്കാലത്തേക്ക് സ്വന്തം തിയറ്ററിന്റെ അഭാവം അനുഭവപ്പെടാത്തതില്‍ അല്‍ഭുതപ്പെട്ടിട്ടു കാര്യമില്ല. ജാതിവ്യവസ്ഥയുടെ മുറുകിയ ചട്ടക്കൂട്ടില്‍ വെള്ളരി നാടകങ്ങളും, നാടോടിനാടകങ്ങളും കൊണ്ട് കീഴാളര്‍ തൃപ്തിപ്പെട്ടു കഴിഞ്ഞതും സ്വാഭാവികം. ഇതിനിടയ്ക്കാണ് കച്ചവടക്കണ്ണും കണ്ണഞ്ചിക്കുന്ന വേഷപ്പകിട്ടും കാതടപ്പിക്കുന്ന 'രാഗവിസ്തരാവുമായി തമിഴ് നാടകസംഘങ്ങള്‍ കേരളത്തിലേക്കെത്തിയത്. തുടര്‍ന്ന് അതിനെ അനുകരിച്ച് മലയാളത്തിലും നാടകങ്ങളും നാടകക്കമ്പനികളുമുണ്ടായി. കേരളവര്‍മ വലിയ കോയിത്തമ്പുരാനെപ്പോലുള്ളവര്‍ കാളിദാസനുപോലും പിടികിട്ടാത്ത പണ്ഡിതോചിത ഭാഷയില്‍ 'ശാകുന്താളാദികള്‍' തര്‍ജ്ജമ ചെയ്ത് കേരള കാളിദാസന്മാരായ ഒരു ഘട്ടവും നമ്മുടെ നാടകപ്രസ്ഥാനത്തിനുണ്ട്. പുരാണകഥകള്‍ മറയാക്കി ദേശീയ സ്വാതന്ത്ര്യസന്ദേശം പ്രചരിപ്പിക്കാന്‍ നാടകമെഴുതി യ കുറേ നാടകകൃത്തുക്കളും നമ്മുടെ നാടകപ്രസ്ഥാനത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരവും, അതില്‍ നിന്നുല്‍ഭൂതമായ പുതിയ ഒരു സംഘം ബുദ്ധിജീവികളും കലാശാലാ പ്രൊഫസറന്മാരും വിദ്യാര്‍ഥികളും സ്വാഭാവികമായി ഷേക്സ്പിയര്‍ നാടകങ്ങളും തുടര്‍ന്ന് പുതിയ പാശ്ചാത്യ നാടകങ്ങളും മലയാളരംഗവേദിയിലേക്ക് പറിച്ചു നട്ടിട്ടുണ്ട്. ഈ പാശ്ചാത്യനാടക സാഹിത്യസങ്കേതങ്ങള്‍ സ്വീകരിച്ച് 'പ്രഹസനങ്ങള്‍' എന്ന പേരില്‍ മലയാള നാടകവേദിക്ക് ഒരു പുതുമ നല്‍കാന്‍ ശ്രമിച്ച ആദ്യത്തെ പ്രതിഭാശാലി സി.വി. രാമന്‍പിള്ളയാണെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ കൂടി മുന്‍കൈയില്‍ തിരുവനന്തപുരത്തു രൂപീകരിക്കപ്പെട്ട 'നാഷണല്‍ ക്ളബിന്റെ' വാര്‍ഷികങ്ങള്‍ക്കും ഓണാഘോഷങ്ങള്‍ക്കും മറ്റുമായി അദ്ദേഹം എഴുതിയ പ്രഹസനങ്ങളാണ് ഒരര്‍ഥത്തില്‍ മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകങ്ങള്‍.

എന്നാല്‍ മുപ്പതുകളില്‍ തെക്കേ മലബാറില്‍ ദേശീയപ്രസ്ഥാനത്തിനു സമാന്തരമായി ഉടലെടുത്ത സാമൂഹ്യനവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായ 'നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള' യോഗക്ഷേമസഭയുടെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സാമൂഹ്യപുരോഗതിയെ ആസ്പദമാക്കിയുള്ള നാടകപ്രസ്ഥാനം ഉടലെടുത്തത്. വി.ടി. ഭട്ടതിരിപ്പാടും ഇ.എം.എസുമായിരുന്നു ഇതിന്റെ മുഖ്യസംഘാടകര്‍. നാടകം എന്ന രംഗകലയെ ഒരു പ്രചരണോപാധിയും, സംഘാടന ഉപാധിയുമാക്കി മാറ്റാന്‍ തീരുമാനിച്ച അക്കാലത്തെക്കുറിച്ച് ഇ.എം.എസ്. തന്റെ ആത്മകഥയില്‍ ഇങ്ങിനെ പറയുന്നു:

"കൂടുതല്‍ സജീവമായ സംഘടനാ പ്രവര്‍ത്തനത്തിനായി വി.ടി. തൃശൂര്‍ വിടുകയുണ്ടായെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. ഈ സംഘടനാപ്രവര്‍ത്തനത്തിന്റെ ആദ്യരൂപം ഒരു നാടകസംഘരൂപീകരിക്കലും അതിന്റെ പരിപാടികളുമായിരുന്നു. വ്യക്തമായ ഒരു പൊതുലക്ഷ്യം മുന്‍നിര്‍ത്തി അതിന്റെ പ്രചാരണത്തിനുവേണ്ടി നാടകമെഴുതുക. ആ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന കുറേ ആളുകള്‍ കൂടി അത് അഭിനയിക്കുക. അങ്ങനെ രൂപം കൊള്ളുന്ന നാടകം ഒരിടത്തുനിന്ന് മറ്റൊരിടത്തുപോയി അഭിനയിക്കുന്നതിലൂടെ പ്രചാരവേലയും സംഘടനാ ജോലിയും നടത്തുക.'' (ഇ.എം.എസ്. ആത്മകഥ - 19-ാം അധ്യായം).

ഇങ്ങനെ രൂപപ്പെട്ട നാടകസംഘമാണ് വി.ടിയുടെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്' എന്ന നാടകം അഭിനയിച്ചത്. മലയാളനാടക സാഹിത്യത്തിലും രംഗവേദിയിലും 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' ഒരു വഴിത്തിരിവായിരുന്നു.
 
ഒരര്‍ഥത്തില്‍ 'പാട്ടബാക്കി', 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന്റെ ആരോഗ്യകരമായ ഒരു തുടര്‍ച്ചയാണെന്നു പറയാം. രണ്ടും സോദ്ദേശ നാടകങ്ങളാണ്. എന്നാല്‍ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന് 'സമുദായ പരിഷ്കരണം - നമ്പൂതിരിസമുദായത്തിലെ അന്ധവിശ്വാസം അനാചാരം തുടങ്ങിയവയ്ക്കെതിരായ പോരാട്ടം എന്ന സങ്കുചിതമായ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 'പാട്ടബാക്കി' ഒരു സാമൂഹ്യഘടനയെ 'സമ്പത്തിന്റെ കേന്ദ്രീകരണം' സാമൂഹ്യതിന്മകള്‍, ഇവയെ സംരക്ഷിക്കുന്ന അധികാരഘടന - ആകെ ഉടച്ചുവാര്‍ക്കുക എന്ന വിശാലമായ ലക്ഷ്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. നിന്ദിതരും പീഡിതരുമായ അധ്വാനിക്കുന്ന വര്‍ഗത്തെ മോചിപ്പക്കുക എന്ന വര്‍ഗസമരമാണ് അതു ലക്ഷ്യം വച്ചത്. അതുകൊണ്ടുതന്നെ 'പാട്ടബാക്കി'യില്‍ ആവിഷ്കരിക്കപ്പെട്ടത് സാധാരണ കൃഷിക്കാരുടെയും തൊഴിലാളികളുടെയും ചെറുകച്ചവടക്കാരുടെയും അവരെ ചൂഷണം ചെയ്യുന്ന ജന്മി മുതലാളിമാരുടെയും ജീവിതമാണ്.

കെ. ദാമോദരന്റെ 'പാട്ടബാക്കി'ക്ക് ദേശീയ പ്രസ്ഥാനത്തിന്റെ സംഘര്‍ഷാത്മകമായ ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലം കൂടിയുണ്ട്. 1930ലെ മഹാത്മാഗാന്ധിയുടെ ദണ്ഡിമാര്‍ച്ചിനെ തുടര്‍ന്ന് കേരളത്തില്‍ കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന പയ്യന്നൂര്‍ ഉപ്പു സത്യാഗ്രഹവും തുടര്‍ന്ന് കോഴിക്കോട്ടു കടപ്പുറത്തു നടന്ന നിയമലംഘനപ്രസ്ഥാനവും കേരളത്തില്‍ ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് വഴിത്തിരിവു കുറിച്ച ഒരു ഘട്ടമായിരുന്നു. അക്കാലത്ത് കോണ്‍ഗ്രസിലേക്ക് കടന്നുവന്ന ഒരു സംഘം ചെറുപ്പക്കാര്‍ അവരില്‍ ഭൂരിപക്ഷവും പിന്നിട് കമ്യൂണിസ്റുകാരായി - അന്നത്തെ 'ഞായറാഴ്ച കോണ്‍ഗ്രസുകാരാ'യ വക്കീല്‍ മേനവന്മാരില്‍ നിന്ന് സംഘടനയുടെ നേതൃത്വം പിടിച്ചെടുക്കുകയും കോണ്‍ഗ്രസിനെ ഒരു സജീവദേശീയസമരസംഘടനയാക്കുകയും ചെയ്തു. കൃഷിക്കാരുടേയും, തൊഴിലാളികളുടേയും വര്‍ഗസംഘടനകള്‍ രൂപീകരിച്ച് അവരെ കൂടി വിശ്വാസത്തിലെടുത്തു ദേശീയ പ്രസ്ഥാനത്തെ വിപുലീകരിക്കുന്നതിലായിരുന്നു അവരുടെ ശ്രമം. കര്‍ഷകസംഘവും തൊഴിലാളിയൂണിയനും വിദ്യാര്‍ഥിസംഘവുമെല്ലാം കെട്ടിപ്പടുത്തുകൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമമാണ് ഇടതുപക്ഷ കെ.പി.സി.സി. നേതാക്കളായ ചെറുപ്പക്കാര്‍ അക്കാലത്ത് ചെയ്തത്. പി. കൃഷ്ണപിള്ള, ഇ.എം.എസ്., എ.കെ. ഗോപാലന്‍, കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍, അബ്ദുല്‍ റഹ്മാന്‍ സാഹിബ് തുടങ്ങിയവരായിരുന്നു അന്ന് നേതൃനിരയിലുണ്ടായിരുന്നത്.

കൃഷിക്കാര്‍ക്കെതിരെ ജന്മിമാര്‍ നടത്തുന്ന പാട്ടപ്പിരിവ്, കുടിയൊഴിക്കല്‍ തുടങ്ങിയ അക്രമത്തെ ചെറുക്കാനും കര്‍ഷകരെ സംരക്ഷിക്കാനും നാടൊട്ടുക്ക് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാനും അവര്‍ തീരുമാനിച്ചു. സമ്മേളനങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കാന്‍ എന്തൊക്കെയാവാമെന്ന് അവര്‍ ആലോചിച്ചു. ആ ആലോചനയുടെ ക്രിയാത്മകഫലങ്ങളിലൊന്നാണ് 'പാട്ടബാക്കി' എന്ന നാടകം.പാട്ടബാക്കിയുടെ  രചനക്ക് പിന്നിലെ സംഭവങ്ങളെക്കുറിച്ച് കെ. ദാമോദരന്‍ തന്നെ പറഞ്ഞിട്ടുള്ളത് ഇവിടെ ഉദ്ധരിക്കട്ടെ:

"കൊല്ലം 1937. ഗുരുവായൂരില്‍നിന്ന് അഞ്ചാറുനാഴിക വടക്ക് വൈലത്തൂര്‍ എന്ന സ്ഥലത്തുവച്ച് പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനം നടക്കാന്‍ പോവുകയാണ്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വന്നുചേര്‍ന്ന് നേതാക്കന്മാര്‍ കടലായി മനയ്ക്കലിരുന്നു കൊണ്ട് സമ്മേളനം വിജയിപ്പിക്കേണ്ടത് എങ്ങിനെയെന്നതിനെപ്പറ്റി കൂടിയാലോചനകള്‍ നടത്തുകയാണ്. ഞാനൊരഭിപ്രായമെടുത്തിട്ടു. ഒരു നാടകമോ മറ്റെന്തെങ്കിലും കലാപരിപാടികളോ ഉണ്ടെങ്കില്‍ കൂടുതല്‍ കൃഷിക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. ഇ.എം.എസ്. നമ്പൂതിരിപ്പാട് പറഞ്ഞു

 "നാടകമുണ്ടെന്നറിഞ്ഞാല്‍ സമ്മേളനത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കും. എന്തെങ്കിലും നാടകമായാല്‍പ്പോര. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണം. പക്ഷേ അത്തരമൊരു നാടകം മലയാളത്തിലാരും ഇതേവരെ എഴുതിയിട്ടില്ല. പ്രായോഗികമായ വല്ല നിര്‍ദേശങ്ങളുമുണ്ടോ?''

എന്നിട്ട് എന്റെ നേര്‍ക്കുതിരിഞ്ഞുകൊണ്ടു ചോദിച്ചു "തനിക്കൊരു നാടകമെഴുതിക്കൂടേ?'' നിശബ്ദത. എല്ലാവരും എന്റെ നേരെ നോക്കുന്നു. ഞാന്‍ പറഞ്ഞു "ശ്രമിച്ചുനോക്കാം'' ഇ.എം.എസ്. "നോക്കാമെന്നുപറഞ്ഞാല്‍ പോര ഇനി ഒരാഴ്ചയേയുള്ളൂ'' ഞാന്‍ 'ശരി എഴുതാം' ... എന്റെ മനസ്സു മന്ത്രിച്ചു 'കഴിയുമോ ഏല്‍ക്കേണ്ടിയിരുന്നില്ല'. പക്ഷേ ഏറ്റുപോയി... രണ്ടുദിവസം കൊണ്ടുനാടകം എഴുതിതീര്‍ത്തു'' (കെ. ദാമോദരന്റെ സമ്പൂര്‍ണ കൃതികള്‍ ഏഴാംഭാഗത്തില്‍ നിന്ന്)

പതിനാലുരംഗങ്ങളും മുഖ്യകഥാപാത്രങ്ങളും, അപ്രധാനകഥാപാത്രങ്ങളുമടക്കം പതിനെട്ടിലേറെ കഥാപാത്രങ്ങളുമുള്ള നാടകമാണ് പാട്ടബാക്കി. മുക്കാട്ടിരിമനയ്ക്കലെ കുടിയാന്റെ മകനായ കിട്ടുണ്ണി, കൃഷികൊണ്ടുജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പട്ടണത്തിലെ കമ്പനിയില്‍ തൊഴിലാളിയായി പണിയെടുക്കാന്‍ നിര്‍ബന്ധിതനായി തലചായ്ക്കാനൊരു കൂരയ്ക്കുവേണ്ടിയാണ് കിട്ടുണ്ണി അയാളുടെ അമ്മ, യൌവ്വനയുക്തയായ പെങ്ങള്‍ കുഞ്ഞിമാളു, നാലുവയസുകാരനായ സഹോദരന്‍ ബാലന്‍ എന്നിവര്‍ അടങ്ങിയ ആ കുടുംബം മുക്കാട്ടിരിമനയ്ക്കലെ പാട്ടാക്കാരായത്. കിട്ടുന്ന നെല്ലുമുഴുവന്‍ 'പാട്ട'മളക്കുകയും. നാളികേരം മാത്രമുള്ള തുണ്ടുപറമ്പിലേ ആദായം നിത്യവൃത്തിക്കുപോലും തികയാത്ത അവസ്ഥയില്‍ 'പാട്ടബാക്കി' പിരിക്കാനെത്തുന്ന മനയ്ക്കലെ കാര്യസ്ഥന്‍ രാമന്‍നായര്‍, അനുദിനം ആ കുടുംബത്തിന് പേടിസ്വപ്നമായി മാറുന്നു.

മുക്കാട്ടിരിമനയ്ക്കലെ ജന്മിയും - കിട്ടുണ്ണിയുടെ കുടുംബവും തമ്മില്‍ 'പാട്ടബാക്കി'യുടെ പേരില്‍ നടക്കുന്ന ഏറ്റുമുട്ടലാണ് നാടകത്തിന്റെ മര്‍മം. ഒപ്പം തൊഴിലാളി - മുതലാളി ഏറ്റുമുട്ടലും കൊളോണിയല്‍ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളുടെ ഇരകളായ സാധാരണക്കാരുടെ ജീവിതത്തിന്റെ പൊറുതിമുട്ടലും. 1930കളിലെ ലോകമുതലാളിത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടതാണ് നാടകത്തിലെ ഇതിവൃത്തം.

നാടകം ആരംഭിക്കുന്നത് കിട്ടുണ്ണിയുടെ ചെറ്റപ്പുരയുടെ പശ്ചാത്തലത്തിലാണ്. പാവപ്പെട്ട സാധാരണക്കാരന്റെ പട്ടിണിയുടെയും വറുതിയുടെയും പ്രതീകമായി ഒട്ടിയ വയറുതടവി "അമ്മേ വിശക്കുന്നു... വല്ലാതെ വിശക്കുന്നു'' എന്നുറക്കെ കരഞ്ഞുവിളിച്ചു കയറിവരുന്ന ബാലന്റെ രംഗപ്രവേശം തുടക്കത്തിലേ നാടകീയതയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. കടം മേടിച്ചെങ്കിലും ഒരു നേരത്തെ കഞ്ഞിക്കു വകതേടാന്‍ 'കുഞ്ഞിമാളു' ഓപ്പോള്‍ പോയിട്ടുണ്ടെന്നും അവള്‍ എന്തെങ്കിലും കൊണ്ടുവരാതിരിക്കില്ലെന്നും വന്നാല്‍ കഞ്ഞി ഉണ്ടാക്കി കൊടുക്കാമെന്നും സമാധാനപ്പെടുത്തി കുഞ്ഞുമകനെ കളിക്കാന്‍ പറഞ്ഞയയ്ക്കുന്ന അമ്മയും പാട്ടബാക്കി പിരിക്കാനെത്തുന്ന കാര്യസ്ഥന്‍ രാമന്‍നായരുടെ സംസ്കാരശൂന്യമായ പരുക്കന്‍ പെരുമാറ്റവും വറ്റില്ലാത്ത കഞ്ഞിവെള്ളവുമായെത്തുന്ന കുഞ്ഞിമാളുവും അതു കുടിച്ച് അതൃപ്തി പ്രകടിപ്പിക്കുന്ന ബാലനും ഒക്കെ ചേര്‍ന്ന് അക്കാലത്തെ കുടിയാന്റെ ജീവിതചിത്രം തന്മയത്വത്തോടെ സഹൃദയര്‍ക്ക് അനുഭവവേദ്യമാക്കുന്നു.

 കൂലിക്കുറവും ഉല്‍പന്നവിലയിടിവും തൊഴിലില്ലായ്മയും കൊണ്ട് നിരന്തരം ദരിദ്രവാസികളായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന സാധാരണക്കാരും അതിന്റെ തിക്തഫലം അനുഭവിക്കുന്ന ചെറുകച്ചവടക്കാരും രൊക്കം പണം കൊടുത്ത് ഒരു ചായപോലും വാങ്ങിക്കുടിക്കാന്‍ കഴിയാത്ത സാധാരണക്കാരും അവരുടെ ധര്‍മസങ്കടങ്ങളും ചിത്രീകരിച്ച് ബദല്‍ രാഷ്ട്രീയസാമ്പത്തിക ജീവിതചിന്തകള്‍ അവതരിപ്പിക്കുകയാണ് രണ്ടാംരംഗത്തില്‍. ചായപ്പീടികയില്‍ ചായകുടിക്കാന്‍ കയറിയ മുഹമ്മദ് എന്ന തൊഴിലാളി തന്റെ സുഹൃത്തായ കിട്ടുണ്ണിയെ പീടികയിലേയ്ക്ക് ക്ഷണിക്കുന്നു. അയാള്‍ക്കൊരു ചായയും പുട്ടും നല്‍കാന്‍ പീടികക്കാരനോടു പറയുന്നു. എന്നിട്ട് തങ്ങളുടെ പങ്കപ്പാടുകള്‍ പരസ്പരം കൈമാറുന്നു. കിട്ടുണ്ണി തന്റെ മുതലാളി ഒരു തൊഴിലാളിയുടെ മുഖത്തു തുപ്പിയകാര്യം മുഹമ്മദിനോട് പറയുമ്പോള്‍ രോഷകുലനാകുന്ന വര്‍ഗബോധമുള്ള മുഹമ്മദ് എന്ന തൊഴിലാളിയെ നാടകകൃത്ത് അവതരിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.

 "മുഹമ്മദ് - തുപ്പുക എന്ത് തെമ്മാടിത്തം. എല്ലു മുറിയെ പണിചെയ്താല്‍ പോര ഇവരുടെ ചവിട്ടും കുത്തും കൊള്ളണം! അപമാനം സഹിക്കണം!

കിട്ടുണ്ണി - എന്തുചെയ്യാം! യാതൊരുനിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഞാന്‍ കമ്പനിയില്‍ പോകുന്നത്. അച്ഛനുള്ള കാലത്ത് കൃഷിമാത്രമേ നടത്തിയിരുന്നുള്ളൂ. അനുഭവം കിട്ടുമെന്നു വിചാരിച്ചിട്ടല്ല. കിടന്നു പാര്‍ക്കാന്‍ ഒരു സ്ഥലം വേണം.

മുഹമ്മദ് - എന്തൊരുനിര്‍ദയത. ഇന്നത്തെ നീചമായ സമുദായത്തില്‍ മനുഷ്യന്‍ മൃഗമാണ്. പിടിച്ചുപറിനീതിയും. അതേ ഒരു സോഷ്യലിസ്റു സമുദായത്തില്‍ മാത്രമേ മനുഷ്യനു മനുഷ്യനായി ജീവിക്കാന്‍ കഴിയൂ''

പാവപ്പെട്ടവരും കൂലിവേലക്കാരുമായ മനുഷ്യര്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മറ്റൊരു ബദല്‍ വ്യവസ്ഥയുണ്ടെന്ന പ്രത്യാശ തന്റെ നാടകത്തിലൂടെ സൂചിപ്പിക്കുകയാണ് നാടകകൃത്ത് ഇവിടെ ചെയ്തിട്ടുള്ളത്. നാടകലക്ഷ്യത്തിന്റെ സാക്ഷാല്‍കാരത്തിന് ഈ സംഭാഷണശകലം വളരെയേറെ സഹായിക്കുന്നുമുണ്ട്.

നിത്യപട്ടിണിയിലായ കിട്ടുണ്ണിയുടെ വീട്ടില്‍, കടംപിരിക്കാനെത്തുന്ന അവറാനും പാട്ടംപിരിക്കാനെത്തുന്ന മനയ്ക്കലെ കാര്യസ്ഥന്‍ രാമന്‍നായരും സൃഷ്ടിക്കുന്ന ബാഹ്യസംഘര്‍ഷങ്ങളും വിശന്നുകരയുന്ന കുഞ്ഞനുജന്റെ വിശപ്പ് മാറ്റാന്‍ 'കടം' തേടിപ്പോകുന്ന കിട്ടുണ്ണിയുടെ അന്തസംഘര്‍ഷവും കൊണ്ട് നാടകത്തിനുപിരിമുറുക്കം കൂട്ടുന്നതരത്തിലാണ് മൂന്നാംരംഗം ഒരുക്കിയിട്ടുള്ളത്.

കിട്ടുണ്ണിയുടെ മുതലാളിയുടെ ഭവനത്തിലാണ് നാലാംരംഗത്തിലെ സംഭവങ്ങള്‍. 30കളില്‍ സോഷ്യലിസത്തിനും തൊഴിലാളിസംഘടനയ്ക്കും അത് സംഘടിപ്പിക്കുന്ന നേതാക്കള്‍ക്കുമെതിരായ അപവാദങ്ങളും അനാവശ്യ ഇടപെടലുകളും യൂണിയന്‍ തകര്‍ക്കാന്‍ പോലീസിനെ ഇടപെടുത്തലും ഒക്കെ ചിത്രീകരിക്കുന്നതാണ് ഈ രംഗത്തിന്റെ ഉള്ളടക്കം. ആശയരംഗത്ത് ജന്മി - മുതലാളിചൂഷണത്തെ വെള്ളപൂശാന്‍ പണം കൊടുത്ത് കൂലിക്കെഴുത്തുകാരെ സംഘടിപ്പിക്കുന്ന മുതലാളിമാരുടെ നാണംകെട്ട പ്രവൃത്തിയേയും ഈ രംഗം അനാവരണം ചെയ്യുന്നുണ്ട്.

കുഞ്ഞനുജന്റെ വിശപ്പ് മാറ്റാന്‍ പലപല പടിവാതില്‍ക്കലും മുട്ടിയിട്ടും കടം കിട്ടാതെ സ്വന്തം മുതലാളിയുടെ മുന്നില്‍ കടം യാചിച്ചെത്തിയ കിട്ടുണ്ണിക്ക് കടംകിട്ടിയില്ലാ എന്നു മാത്രമല്ല, നായയെ വിട്ടുകടിപ്പിക്കുമെന്ന സ്ഥിതിവരെ വന്നപ്പോള്‍ അയാള്‍ തെരുവിലേയ്ക്കിറങ്ങി ഓടേണ്ടതായിവന്നു. അങ്ങനെ എല്ലാം നഷ്ടപ്പെട്ട്, തന്റെ കുഞ്ഞനുജന്റെ വിശപ്പുമാറ്റാന്‍ എന്തു ചെയ്യണമെന്നറിയാതെ തെരുവിലലഞ്ഞ കിട്ടുണ്ണി... കട്ടിട്ടായാലും അനുജന്റെ വിശപ്പു കെടുത്തണമെന്ന് ഒരു നിമിഷം ചിന്തിച്ചുപോകുന്നു. ഒടുവില്‍ അതൊരിക്കലും ശരിയല്ല എന്ന് സ്വയം ഉറച്ച് ഒരു സേര്‍ അരിയെങ്കിലും കടംവാങ്ങാമെന്ന ചിന്തയോടെ അത്തന്‍കുട്ടിയുടെ കടയിലേക്ക് കയറിച്ചെല്ലുന്നു. കിട്ടുണ്ണി എത്ര കെഞ്ചിയിട്ടും അത്തന്‍കുട്ടി അരികൊടുക്കാന്‍ തയ്യാറായില്ല. ഒരു ദുര്‍ബല നിമിഷത്തില്‍ തഞ്ചത്തില്‍ അത്തന്‍കുട്ടി അറിയാതെ കിട്ടുണ്ണി ഒരുപിടി അരി മോഷ്ടിക്കുന്നു. അതു കൈയോടെ പിടിച്ച അത്തന്‍കുട്ടി കിട്ടുണ്ണിയെ പോലീസിലേല്‍പ്പിക്കുന്നു. താന്‍ കള്ളനല്ലെന്നും സാഹചര്യം കൊണ്ട് മോഷ്ടിക്കേണ്ടിവന്നതാണെന്നു പറഞ്ഞിട്ടും കിട്ടുണ്ണിയെ കണ്ണൂര്‍ ജയിലില്‍ ആറുമാസത്തേയ്ക്ക് ശിക്ഷിച്ചയയ്ക്കുന്നു. കുഞ്ഞുമാളുവിനോട് അപമര്യാദയായി പെരുമാറിയ കാര്യസ്ഥന്‍ രാമന്‍നായരെ അവള്‍ ചൂലുകൊണ്ടടിച്ചതിന്റെ പ്രതികാരമായി ആ കുടുംബത്തെ കുടിയിറക്കുന്നു. രോഗിയായ അമ്മയുടേയും കുഞ്ഞനുജന്റെയും കൈയും പിടിച്ച് കുഞ്ഞിമാളുതെരുവിലേയ്ക്കിറങ്ങുന്നു. പട്ടിണിയും രോഗവുംകൊണ്ട് അമ്മ തെരുവില്‍ കിടന്നു മരിക്കുന്നു. തന്റെ കുഞ്ഞനുജന്റെ വിശപ്പടക്കാന്‍ ഗത്യന്തരമില്ലാതെ കുഞ്ഞിമാളു വ്യഭിചാരശാലയെ അഭയം പ്രാപിക്കുന്നു. ജയില്‍ ശിക്ഷകഴിഞ്ഞുനാട്ടിലെത്തുന്ന കിട്ടുണ്ണി വ്യഭിചാരശാലയില്‍ സ്വന്തം പെങ്ങളെ തേടിയെത്തുന്നു. ആദ്യം പൊട്ടിത്തെറിച്ചെങ്കിലും കാര്യങ്ങള്‍ മനസിലാക്കി അയാള്‍ സമചിത്തതയോടെ അവളെ സാന്ത്വനപ്പെടുത്തുന്നു.

നാടകാന്ത്യത്തിലെ ഈ സന്ദര്‍ഭം വികാരഭരിതവും വിശ്വാസയോഗ്യവുമായാണ് നാടകകൃത്ത് ആവിഷ്കരിച്ചിട്ടുള്ളത്. ഏറെ പ്രതീക്ഷയോടെ ജയിലില്‍നിന്ന് കുടുംബത്തെ തേടി നാട്ടിലേയ്ക്കെത്തിയ കിട്ടുണ്ണി അമ്മയുടെ മരണവും പെങ്ങളുടെ അപ്പോഴത്തെ അവസ്ഥയും താങ്ങാനാവാതെ വ്യഭിചാരശാലയിലെത്തുന്നു. അവളെ കണ്ടുമുട്ടുന്നു. രോഷാകുലനായ കിട്ടുണ്ണി പെങ്ങളുടെ പുതിയമാറ്റത്തിന്റെ സാഹചര്യം മനസ്സിലാക്കി മനസാന്തരപ്പെടുക മാത്രമല്ല, അവളെ സമാശ്വസിപ്പിക്കുകയും ഇതിനൊക്കെ കാരണമായ സാമൂഹ്യസാമ്പത്തികനീതിയോടും അതിനെ സംരക്ഷിക്കുന്ന അധികാരത്തോടും പൊരുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നാടകം അവസാനിക്കുന്നത് ഇങ്ങനെയാണ്:

"കിട്ടുണ്ണി - അതേ ക്രൂരമായ സമുദായത്തില്‍ മുതലാളികളുടേയും അവരുടെ കിങ്കരന്മാരുടേയും ഉപദ്രവംകൊണ്ട്, മര്‍ദനംകൊണ്ട് അനേകം ജനങ്ങള്‍ക്ക് പട്ടിണികിടക്കേണ്ടിവരുന്ന ഇന്നത്തെ സമുദായത്തില്‍ കളവും വ്യഭിചാരവും പാപമല്ല! കുഞ്ഞിമാളു, ദാരിദ്ര്യമാണ് മനുഷ്യരെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. മോഷണവും വ്യഭിചാരവും ഇല്ലാതാവണമെങ്കില്‍ ദാരിദ്ര്യം  നശിക്കണം. ദാരിദ്ര്യം നശിക്കണമെങ്കിലോ ഇന്നത്തെ ഭരണസമ്പ്രദായം മാറണം

കുഞ്ഞിമാളു - മാറണം. പക്ഷേ എങ്ങിനെ?

കിട്ടുണ്ണി - കുഞ്ഞിമാളൂ നമുക്കീ സമുദായത്തോടു പകരം ചോദിക്കണം. ഈ സമുദായസംഘടനയെ നമുക്കൊന്നുടച്ചുവാര്‍ക്കണം.

കുഞ്ഞുമാളു - പകരം ചോദിക്കണം! ഉടച്ചുവാര്‍ക്കണം. പക്ഷേ എങ്ങിനെ.

കിട്ടുണ്ണി - എങ്ങിനെയെന്നു ഞാന്‍ പറഞ്ഞുതരാം.''

കിട്ടുണ്ണിയുടെ ഈ വാക്കുകളോടെയാണ് നാടകത്തിന്റെ തിരശീല വീഴുന്നത്. കെ. ദാമോദരനും ദാമോദരന്റെ പാര്‍ടിയും പറഞ്ഞുതന്ന ആ വഴികളിലൂടെയാണ് കേരളത്തിലെ കൃഷിക്കാരും തൊഴിലാളികളും അവരുടെ സ്വപ്നങ്ങള്‍ പൂവണിയിച്ച 1957 ഏപ്രില്‍ 5ന്റെ പുലരിപൂമുഖത്തു ചെങ്കൊടി ഉയര്‍ത്തിയത്. നാടകത്തിന്റെ മുഖ്യപ്രേരകനായ ഇ.എം.എസിനെ അതിന്റെ നായകനാക്കിയത്.

നാടകാന്ത്യത്തിലെ നാടകീയതയെയും ഔചിത്യത്തേയും ചമല്‍ക്കാരഭംഗിയെയും പ്രകീര്‍ത്തിച്ചുകൊണ്ട് പ്രശസ്ത നാടകചിന്തകനും നാടകകൃത്തുമായ സി.ജെ. തോമസ് പ്രകടിപ്പിച്ച അഭിപ്രായത്തിലെ പ്രസക്തമായ വരികള്‍ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ!

"പാട്ടബാക്കിയില്‍ മറ്റൊരു പ്രത്യേകതയുള്ളത് അതിന്റെ അവസാനമാണ്. മറ്റൊരു സാഹിത്യകാരനായിരുന്നെങ്കില്‍ കുഞ്ഞിമാളു കിട്ടുണ്ണിയുടെ കഠാരയ്ക്കിരയാവുകയെന്നത് തീര്‍ച്ചയായിരുന്നു. പക്ഷേ ഇവിടെ പശ്ചാത്താപം പരാജയമനോഭാവത്തിലേക്കോ ആത്മഹത്യയിലേക്കോ അല്ല വഴി തെളിക്കുന്നത്. അത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ചിന്താഗതിയായിരുന്നുകൂടാ. അതു സത്യമായിരുന്നെങ്കില്‍ ഇന്നു വടക്കേ മലബാറിലേയും ചേര്‍ത്തലയിലേയും ഒട്ടുവളരെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യേണ്ടിവരുമായിരുന്നു. കിട്ടുണ്ണി "എങ്ങിനെയെന്നു കാണിച്ചുതരാം വരൂ!'' എന്നു പറഞ്ഞു കുഞ്ഞിമാളുവിന്റെ കൈയും പിടിച്ച് പടക്കളത്തിലേയ്ക്കിറങ്ങുകയാണ്.''

തുടര്‍ന്ന് സി.ജെ. പറയുന്നു. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും 'പാട്ടബാക്കി'യെ മലയാളത്തിലെ ഏറ്റവും വിജയകരമായ നാടകമാക്കിത്തീര്‍ക്കുന്നു.

ആദ്യാവതരണത്തിന്റെ അനുഭവം ഏതൊരു നാടകകൃത്തിനും മറക്കാനാവില്ല. ആദ്യാവതരണ അനുഭവം ദാമോദരന്‍ ഇങ്ങിനെ സ്മരിക്കുന്നു.

"നാടകം അവസാനിച്ചയുടനേ പ്രവര്‍ത്തകര്‍ എന്റെ ചുറ്റുംകൂടി. "നാടകം അസ്സലായി'' "ഗംഭീരമായി'' "കാണികള്‍ക്കിഷ്ടായി''

ഇ.എം.എസ്. അഭിപ്രായപ്പെട്ടു, "നമുക്കൊരു കാര്യം ചെയ്യണം. മറ്റു താലൂക്കുകളിലും നമുക്കീനാടകം കളിക്കണം.''

നാടകം നടന്നുകൊണ്ടിരുന്നപ്പോള്‍ കൈ അടിച്ചവരുടെ കൂട്ടത്തില്‍ സ: പി. കൃഷ്ണപിള്ളയുമുണ്ടായിരുന്നു. കളികഴിഞ്ഞ് കാണികള്‍ പിരിഞ്ഞുപോയശേഷം അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു:


"ആകപ്പാടെ നന്നായിട്ടുണ്ട് പക്ഷേ ചില രംഗങ്ങള്‍ കുറച്ചുകൂടി നന്നാക്കണം. ഉദാഹരണത്തിന് ചായപ്പീടിക. മുഹമ്മദിനെപ്പോലെ സംസ്കൃതത്തില്‍ പ്രസംഗിക്കുന്ന ഏതെങ്കിലും തൊഴിലാളിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? താന്‍ പ്ളാറ്റുഫോറത്തില്‍ കയറി പ്രസംഗിക്കുന്നതുപോലെയുണ്ട്. ഒരു കാര്യം ചെയ്താലെന്താണ്. ചായപ്പീടിക അതാതു സന്ദര്‍ഭത്തിലെ രാഷ്ട്രീയകാര്യങ്ങളെപ്പറ്റിയും അതത് സ്ഥലത്തെ മര്‍ദനങ്ങളെപ്പറ്റിയുമെല്ലാം സാധാരണജനങ്ങളുടെ ഭാഷയില്‍ വാദപ്രതിവാദം നടത്തുന്ന ഒരു രംഗമായികൂടേ'' -
ഇതുപോലെ ക്രിയാത്മകമായ നിരവധി ഉപദേശങ്ങളും നിര്‍ദേശങ്ങളും നാടകത്തെകുറിച്ച് അക്കാലത്തുണ്ടായി.

നാടകമര്‍മജ്ഞനും, സാഹിത്യചരിത്രകാരനുമായ പി.കെ. പരമേശ്വരന്‍നായര്‍ തന്റെ സാഹിത്യചരിത്രത്തില്‍ 'പാട്ടബാക്കി'യുടെ സ്ഥാനം അടയാളപ്പെടുത്തിയതിങ്ങനെയാണ്.

"കഥാഘടന വിശ്വസനീയവും കലാസുന്ദരവുമായ രീതിയില്‍ നിര്‍വഹിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിതത്തില്‍നിന്ന് അടര്‍ത്തി എടുത്ത ഒരേടാണ് അത്. അതിനാല്‍ സാമാന്യജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാക്കി എടുക്കാന്‍ പ്രയാസമില്ല. അതിലെ സംഘട്ടനം അവരെ ആവേശം കൊള്ളിക്കുകയും ചെയ്യും''
എന്നാല്‍ അന്നത്തെ യാഥാസ്ഥിതിക സാഹിത്യ നിരൂപകന്മാര്‍ തികഞ്ഞ പുച്ഛത്തോടും, ശത്രുതയോടുമാണ് 'പാട്ടബാക്കി' എന്ന മലയാളസാഹിത്യത്തിലെ രാഷ്ട്രീയ നാടകശാഖക്ക് അടിത്തറയിട്ട 'പാട്ടബാക്കി'യെ വിലയിരുത്തിയത്. പ്രശസ്ത മാര്‍ക്സിയന്‍ സൌന്ദര്യചിന്തകനായ പി. ഗോവിന്ദപ്പിള്ള തന്റെ 'കെ. ദാമോദരന്‍ പോരും പൊരുളും' എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്

"നിരൂപകവരേണ്യരില്‍ പ്രമുഖരും കമ്യൂണിസത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുക്കളും ആയിരുന്ന കുട്ടിക്കൃഷ്ണമാരാരും എം.ആര്‍. നായര്‍ എന്ന സഞ്ജയനും 'പാട്ടബാക്കി' കലാമൂല്യമില്ലാത്ത വെറും പ്രചരണോപാധിയാണെന്നക്ഷേപിക്കുകയുണ്ടായി'' എന്നാണ്.

'പാട്ടബാക്കി' പുസ്തകമാക്കിയതിനു പിന്നിലും ഒരു ചരിത്രമുണ്ട്. നാടകം എഴുതിക്കഴിഞ്ഞ് റിഹേഴ്സല്‍ ഉടനേ തുടങ്ങണം. എഴുതിയ പുസ്തകത്തിലെ താളുകള്‍ കീറിയെടുത്തു നടന്മാര്‍ക്കുകൊടുത്തു. നാടകം വിജയകരമായി അരങ്ങേറുകയും ചെയ്തു. അപ്പോഴാണ് നാടകകൃതി കൈയ്യിലില്ലെന്ന ബോധ്യം നാടകകൃത്തിനുണ്ടായത്. പിന്നെ നടന്മാര്‍ക്കുകൊടുത്ത കടലാസുകളെല്ലാം തിരികെ വാങ്ങി തുന്നിചേര്‍ത്ത് അതിന്റെ പകര്‍പ്പെടുത്താണ് മാതൃഭൂമിയ്ക്കയച്ചുകൊടുത്തത്. മൂന്നുലക്കങ്ങളിലായി 'മാതൃഭൂമി' അത് പ്രസിദ്ധീകരിച്ചു.

എം.പി. ഭട്ടതിരിപ്പാട് (പ്രേംജി) പരിയാനംപറ്റ, എം.എസ്. നമ്പൂതിരി തുടങ്ങിയ അക്കാലത്തെ ജനകീയകലാകാരന്മാരടക്കം നിരവധിപേര്‍ നൂറുകണക്കിനു വേദികളില്‍ നാടിന്റെ നാനാഭാഗത്തുമായി ഈ നാടകം അരങ്ങേറി. ആദ്യനാടകാവതരണം കണ്ട്  പി. കൃഷ്ണപിള്ള അഭിപ്രായപ്പെട്ടപോലെ പില്‍ക്കാലത്ത് ഓരോ വേദിയിലും അവശ്യം ആവശ്യമായ മാറ്റങ്ങളോടുകൂടിയാണ് നാടകം അവതരിപ്പിക്കപ്പെട്ടത്. അങ്ങിനെ അക്കാലത്തെ കാര്‍ഷികപ്രശ്നങ്ങളും സംഘര്‍ഷങ്ങളും അതിസമര്‍ഥമായി അവതരിപ്പിക്കുന്ന ലക്ഷ്യബോധമുള്ള ശക്തമായ ഒരു കലാശില്‍പമായി 'പാട്ടബാക്കി' സ്വയംമാറി. ഇതൊന്നും അറിയാതെ നാടകകൃത്തായ ദാമോദരനാകട്ടെ ഒളിവില്‍ നിന്നു ജയിലിലും ജയിലില്‍നിന്ന് ഒളിവിലുമായി രാഷ്ട്രീയ സംഘടനാപപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് കേരളത്തിലൂടനീളം സഞ്ചരിക്കുന്നതിനിടയില്‍ 'പാട്ടബാക്കി'യുടെ കാര്യം തന്നെ വിസ്മരിച്ചമട്ടായി. മുന്‍പ് 'അടുക്കളയില്‍ നിന്നരങ്ങത്തേയ്ക്കെന്ന' നാടകത്തെപ്പോലെ സമാനമനസ്കരായ നിരവധി കലാകാരന്മാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 'പാട്ടബാക്കി' യും കലാസുഭഗവും ശക്തവുമായ ഒരു ദൃശ്യശില്‍പമായി മാറിക്കഴിഞ്ഞിരുന്നു.

ഈ മാറ്റത്തെ കെ. ദാമോദരന്‍ പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. “1946-ല്‍ തൃശൂരിലെ വി.എസ്. പ്രസിന്റെ ഉടമസ്ഥന്‍ കോഴിക്കോട്ടുവന്നു. മാതൃഭൂമിയില്‍ പണ്ട് പ്രസിദ്ധീകരിച്ച നാടകം പുസ്തകരൂപത്തിലാക്കാനാണ് അനുവാദം ചോദിച്ചത്. പണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് ഞാനുടനെ സമ്മതം മൂളി.

പുസ്തകം വായിച്ചപ്പോളാണ് അബദ്ധം മനസിലായത്. ഇത് നൂറുകണക്കിനുള്ള ഗ്രാമങ്ങളിലുള്ള കൃഷിക്കാര്‍ കണ്ടാസ്വദിച്ച നാടകമല്ല. കടലായി മനയ്ക്കല്‍ വച്ചെഴുതിയ പഴയനാടകമാണ്. എനിയ്ക്കല്‍പം ലജ്ജ തോന്നി. നാടകമാകെ മാറ്റിയെഴുതി ഒരു പുതിയ പതിപ്പ് അച്ചടിക്കാന്‍ പ്ളാനിട്ടു. അപ്പോഴേയ്ക്ക് ഞാന്‍ വീണ്ടും അറസ്റിലായി.''

1950ല്‍ പരോളില്‍ വരികയും പരോളില്‍നിന്ന് ഒളിവില്‍ പോവുകയും ചെയ്ത ഘട്ടത്തില്‍ ടി.എന്‍. നമ്പൂതിരിയുടെയും പി. ഭാസ്കരന്റെയും സഹായത്തോടെ ഇരിങ്ങാലക്കുടയിലെ ഒരു ശ്രീകണ്ഠവാരിയരുടെ വിജയാ പ്രസിലാണ് 'പാട്ടബാക്കി' പുസ്തകരൂപത്തില്‍ ആദ്യമായി അച്ചടിപ്പിച്ചത്. പ്രസ്സുടമ നാടകകൃത്തിനയച്ച രണ്ടു കോപ്പി ഒഴികെ മറ്റു കോപ്പികളും പ്രസും കൊച്ചി ഗവമെന്റ് കണ്ടുകെട്ടി. ഇങ്ങിനെ സംഭവബഹുലമായ ഒരു ചരിത്രം കൂടി 'പാട്ടബാക്കി' യ്ക്കുണ്ട്.

'പാട്ടബാക്കി'യുടെ രചനയിലൂടെ കേരളത്തിലെ  'രാഷ്ട്രീയ നാടക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച കെ. ദാമോദരന്റെ ഈ ജന്മശതാബ്ദി വേളയില്‍ വിപ്ളവകേരളത്തിന്റെ ആ അനശ്വര പുത്രന് നമുക്ക് അക്ഷരാഞ്ജലി അര്‍പ്പിച്ച് കൃതാര്‍ഥരാകാം.



*****

പിരപ്പന്‍കോട് മുരളി, കടപ്പാട് : ഗ്രന്ഥാലോകം


അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

കേരളത്തിന് പുറത്ത് ഏറ്റവുമധികം അറിയപ്പെടുന്ന രണ്ടു കമ്യൂണിസ്റ് നേതാക്കള്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടും കെ. ദാമോദരനുമാണ്. അതിനിടയാക്കിയ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അവര്‍ ധൈഷണിക സൈദ്ധാന്തികമണ്ഡലങ്ങളില്‍ ചെയ്ത സംഭാവനകളാണ്. കേരളചരിത്രവും - ഇടതുപക്ഷപ്രസ്ഥാനവും - ആഗോളമുതലാളിത്തവ്യവസ്ഥയില്‍ നിരന്തരം വന്നുകൊണ്ടിരുന്ന മാറ്റങ്ങളും സോഷ്യലിസം നേരിട്ടിരുന്ന വെല്ലുവിളികളുമൊക്കെ അവരുടെ ഗഹനമായ പഠനത്തിനും വിശകലനത്തിനും വിഷയീഭവിച്ചു. പക്ഷെ അവര്‍ തമ്മില്‍ അടിസ്ഥാനപരമായ അന്തരമുണ്ടായിരുന്നു.

ഇ.എം.എസ്. പ്രസ്ഥാനത്തില്‍ വളര്‍ന്നുവന്ന വൈരുധ്യങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിലാണ് വ്യാപൃതനായിരുന്നത്. പാര്‍ടിയുടെ സൈദ്ധാന്തിക പ്രശ്നങ്ങളില്‍ മാത്രമല്ല സംഘടനാപരമായി എല്ലാ പ്രശ്നങ്ങളിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ടിയുടെ ഭരണവ്യവസ്ഥയിലെ എല്ലാതലങ്ങളിലും വിജയകരമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. പാര്‍ടിയുടെ ഏറ്റവും സ്വീകാര്യമായ മുഖമായിരുന്നു ഇ.എം.എസ്. എന്നു പറയാം.

ദാമോദരന്‍ ഇതില്‍ നിന്ന് തികച്ചും വിഭിന്നനായിരുന്നു. പ്രസ്ഥാനത്തില്‍ വിവിധഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന വൈരുധ്യങ്ങളുടെ നിശിത വിമര്‍ശകനായിരുന്നു ദാമോദരന്‍. സോവിറ്റ് യൂണിയനില്‍ ഉണ്ടായ മാര്‍ക്സിസ്റ് വ്യതിയാനങ്ങള്‍ മുതല്‍ കേരളത്തിലെ കമ്യൂണിസ്റ് ഭരണത്തിന്റെ ദൌര്‍ബല്യങ്ങള്‍ വരെയുള്ള പ്രശ്നങ്ങളോടു വിമര്‍ശനാത്മകമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ അനിവാര്യവും അത്യന്തം ആവശ്യമാണെന്നുമായിരുന്നു ദാമോദരന്റെ വിശ്വാസം. സോവിയറ്റു യൂനിയന്റെ ഹംഗറിയിലേയും ചെക്കോസ്ളാവാക്കിയിലേയും ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. തല്‍ഫലമായി അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തു. അതിനുശേഷം ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ച് പലഘട്ടങ്ങളിലായി വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ ഉന്നയിച്ചതായി കാണാം. തല്‍ഫലമായി പടിപടിയായി അദ്ദേഹം പ്രസ്ഥാനത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. അവസാനകാലങ്ങളില്‍ പാര്‍ടിയുടെ വേദികളില്‍ അഭിപ്രായം പറയാനുള്ള അവസരം നിഷേധിക്കുന്ന അവസ്ഥ പോലും സംജാതമായിരുന്നു. ഈ അവഗണന ദാമോദരനെ വളരെയേറെ വേദനിപ്പിച്ചിരുന്നു.  ഇ.എം.എസും ദാമോദരനും സഞ്ചരിച്ച ഈ വ്യത്യസ്ഥപാതകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിലനിന്നിരുന്ന പ്രവണതകളെ പ്രതിനിധാനം ചെയ്യുന്നു.

ഈ വ്യത്യാസം ചൂണ്ടികാണിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ഇ.എം.എസിനും ദാമോദരനും ഉണ്ടായിരുന്ന പാര്‍ടിപ്രതിബദ്ധത. ഇ.എം.എസ്. പ്രതിബദ്ധതയെ പാര്‍ടിയുടെ വിവേകവുമായി ബന്ധപ്പെടുത്തി. ദാമോദരനാകട്ടെ പ്രതിബദ്ധതയെ പാര്‍ടിയെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് കണ്ടത്. അത്തരമൊരു കാഴ്ചപ്പാടായിരുന്നു ദാമോദരന്റെ പാര്‍ടിയുമായുള്ള ബന്ധത്തെ സ്വാധീനിച്ചത്. ഈ കാഴ്ചപ്പാട് പ്രകടമാകുന്ന പല സന്ദര്‍ഭങ്ങളും ദാമോദരന്റെ രാഷ്ട്രീയജീവിതത്തില്‍ അടയാളപ്പെടുത്താന്‍ കഴിയും.

രണ്ടാംലോകമഹായുദ്ധകാലത്ത് പാര്‍ടി സ്വീകരിച്ച നയത്തോടുള്ള ദാമോദരന്റെ പ്രതികരണം അദ്ദേഹത്തിന്റെ പാര്‍ടി പ്രതിബദ്ധതയുടെ സ്വഭാവത്തെ വ്യക്തമാക്കുന്ന ഒരു സംഭവമായിരുന്നു. ഇംഗ്ളണ്ടും ഫ്രാന്‍സും ഒരുവശത്തും ജര്‍മനിയും ഇറ്റലിയും മറുവശത്തുമായി ആരംഭിച്ച യുദ്ധം സാമ്രാജ്യത്വശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള യുദ്ധമാണെന്നായിരുന്നുവെന്നായിരുന്നു പാര്‍ടിയുടെ വിലയിരുത്തല്‍. അതുകൊണ്ട് ഇന്ത്യ അന്ന് അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിര്‍ ക്കുക എന്ന നയം സ്വീകരിക്കപ്പെട്ടു. പക്ഷെ ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍ യുദ്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതായി പാര്‍ടി വിലയിരുത്തി. സോവിയറ്റ് യൂണിയന്‍ പങ്കാളിയായതിലൂടെ സോഷ്യലിസ്റ് പ്രസ്ഥാനം ഭീഷണി നേരിടുന്നുവെന്നും യുദ്ധത്തിന്റെ സ്വഭാവം ജനകീയമായി രൂപാന്തരപ്പെടുമെന്നുമുള്ള നിഗമനത്തില്‍ പാര്‍ടി ശക്തിചേര്‍ന്നു. അതുകൊണ്ട്, ബ്രിട്ടീഷ് കൊളോണിയന്‍ ഭരണത്തെ എതിര്‍ക്കുന്നതിനുപകരം ബ്രിട്ടനെ സഹായിക്കുകയാണ് പുരോഗമനശക്തികളുടെ കടമയെന്ന നിലപാട് പാര്‍ടി സ്വീകരിച്ചു. ഈ സമീപനത്തെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിയായിരുന്നു ദാമോദരന്‍. പാര്‍ടി എടുക്കേണ്ട നയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും ഫാഷിസത്തേയും ഒരുമിച്ച്, എതിര്‍ക്കുന്നതായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. പക്ഷെ ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചവര്‍ ചുരുക്കമായിരുന്നു. അതുകൊണ്ട് ജനകീയയുദ്ധം എന്ന ആശയം സ്വീകരിക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കപ്പെടുകയും ചെയ്തു. ഈ നിലപാട് പാര്‍ടിക്ക് സംഭവിച്ച ഒരു വലിയ തെറ്റായിരുന്നു എന്ന് വിശ്വസിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. ഇന്ത്യന്‍ ദേശീയ സമരത്തിന്റെ അന്ത്യത്തില്‍ കമ്യൂണിസ്റ് പ്രസ്ഥാനം ഒറ്റപ്പെട്ടുപോകാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു യുദ്ധകാലത്തെടുത്ത സമീപനം.

ദാമോദരന്‍ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായക്കാരനായിരുന്നുവെങ്കില്‍ കൂടി യുദ്ധത്തിന്റെ മാറിയ സ്വഭാവത്തെക്കുറിച്ച് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ പാര്‍ടി നിയോഗിച്ചത് ദാമോദരനെയായിരുന്നു. പാര്‍ടിയോടുള്ള പൂര്‍ണമായ പ്രതിബദ്ധതയുള്ള ഒരു അംഗമെന്ന നിലയ്ക്ക് ഈ ദൌത്യം അദ്ദേഹം നിറവേറ്റി. അത് തന്റെ കടമയാണെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷെ ഉല്‍ക്കടമായ മാനസികപിരിമുറക്കം തല്‍ഫലമായി അദ്ദേഹം അനുഭവിക്കുകയുണ്ടായി. താന്‍ സ്വയം വിശ്വസിക്കാത്ത വാദങ്ങള്‍ ജനങ്ങളോട് പറയേണ്ടിവന്ന ദുരന്തം അനുഭവിച്ച അദ്ദേഹം ഓരോ പ്രസംഗത്തിനുശേഷവും ഉറക്കം വരാതെ രാത്രികള്‍ കഴിച്ചിട്ടുണ്ടെന്ന് പല തവണ പറയുകയുണ്ടായിട്ടുണ്ട്. പക്ഷെ ആ കാലത്ത് അദ്ദേഹത്തിന്‍ രൂഢമൂലമായിരുന്ന പ്രതിബദ്ധത വ്യക്തിയുടെ അഭിപ്രായങ്ങളെ പാര്‍ടി തീരുമാനങ്ങള്‍ക്ക് വിധേയമാക്കുക എന്ന ആശയം ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിച്ചിരിക്കണം. അതുകൊണ്ടുതന്നെയാണ് പല പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് അദ്ദേഹം ജീവാവസാനം വരെ പാര്‍ടിയുടെ അംഗത്വം നിലനിര്‍ത്തിയത്. കൊച്ചിയില്‍ വച്ചുനടന്ന ഒരു പാര്‍ടി സമ്മേളനത്തില്‍ നിന്ന് ഹതാശനായി മടങ്ങിവന്ന അദ്ദേഹത്തോട് ഒരു വിദ്യാര്‍ഥി സുഹൃത്ത് താങ്കള്‍ എന്തുകൊണ്ട് പാര്‍ടി വിടുന്നില്ല എന്ന് ചോദിക്കുകയുണ്ടായി. 'പാര്‍ടി വിടുകയോ, പാര്‍ടി എന്റെ ജീവനാണ്' എന്നായിരുന്നു ക്ഷുഭിതനായ ദാമോദരന്റെ മറുപടി. പാര്‍ടിയോടുള്ള ഈ താദാത്മ്യമാണ് പ്രതിബദ്ധതയുടെ ചാലകശക്തി. ദാമോദരന്റെ രാഷ്ട്രീയ ജീവിതാനുഭവങ്ങള്‍ പാര്‍ടി പ്രതിബദ്ധതയുടെ സ്വഭാവത്തെയും അതിന്റെ ഭാഗമായി അവശ്യം ഉണ്ടാകേണ്ട ജനാധിപത്യരീതികളെയും കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്കുള്ള അവസരം സൃഷ്ടിക്കുന്നു. ഒരു പക്ഷെ ദാമോദന്റെ ജീവിതത്തിന്റെ ഒരു പുനര്‍വായനയിലൂടെ അതിന്റെ തുടക്കം കുറിക്കാവുന്നതാണ്.

*****

ഡോ. കെ.എന്‍. പണിക്കര്‍, കടപ്പാട് :ഗ്രന്ഥാലോകം മാസിക


അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

വൈജ്ഞാനികതയും വിമതത്വവും

കെ. ദാമോദരന്റെ ഓര്‍മ

കെ. ദാമോദരന്റെ ജന്മശതാബ്ദി കടന്നുപോകുന്നത് വലിയ ഓര്‍മകളും അനുസ്മരണങ്ങളും ഒന്നുമില്ലാതെയാണ്. ഒരര്‍ഥത്തില്‍ അത് കൌതുകകരമായ ഒരു കാര്യമാണ്. കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു കെ. ദാമോദരന്‍. ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. കൃഷ്ണപിള്ള, എന്‍.സി. ശേഖര്‍ എന്നിവര്‍ക്കൊപ്പം, ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് കേരളത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായും എ.ഐ.സി.സി. അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇങ്ങനെ, ഒരു ഭാഗത്ത് ഉന്നതമായ രാഷ്ട്രീയ ജീവിതത്തിന്റെ പ്രതിനിധിയായിരുന്നപ്പോള്‍, മറുഭാഗത്ത് കേരളത്തിലെ ഏറ്റവും വലിയ ബുദ്ധിജീവികളിലൊരാളുമായിരുന്നു കെ. ദാമോദരന്‍. 'ഇന്ത്യയുടെ ആത്മാവ്', 'ഭാരതീയചിന്ത' തുടങ്ങിയ പ്രൌഢഗ്രന്ഥങ്ങളുടെയും എണ്ണമറ്റ മാര്‍ക്സിസ്റ് പഠനസാമഗ്രികളുടെയും രചയിതാവ്. ഒരു കാലത്ത് കേരളത്തിലുടനീളം വിപ്ളവപരമായ സാമൂഹ്യാവബോധത്തിന്റെ ഊര്‍ജകേന്ദ്രമായി പരിഗണിക്കപ്പെടുകയും നാടെമ്പാടും അവതരിപ്പിക്കപ്പെടുകയും ചെയ്ത 'പാട്ടബാക്കി'യുടെ രചയിതാവ്. കേരളത്തിലെ പുരോഗമനസാഹിത്യത്തിന് മൌലികമായ അടിസ്ഥാനം നല്‍കാന്‍ ശ്രമിച്ച ബുദ്ധിജീവി. മികച്ച വാഗ്മി. വിശേഷണങ്ങള്‍ ഇനിയും ബാക്കിയുണ്ടാവും.
  
ഇങ്ങനെയൊക്കെയായിട്ടും കെ. ദാമോദരന്റെ ജീവിതവും അദ്ദേഹത്തിന്റെ സംഭാവനകളും കാര്യമായി ഓര്‍മിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യാതെയാണ് ഈ ജന്മശതാബ്ദിവര്‍ഷം കടന്നുപോകുന്നത്. ദാമോദരനും കൂടി ചേര്‍ന്ന് ജന്മം നല്‍കിയ കമ്യൂണിസ്റ് പ്രസ്ഥാനം പില്‍ക്കാലത്ത് ശാഖകളായി പിരിഞ്ഞെങ്കിലും, കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ സാന്നിധ്യമാണ്. അതുപോലെ ആദ്യകാലത്തെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പില്‍ക്കാലരൂപങ്ങളും കേരളത്തില്‍, വളരെയൊന്നും സജീവവും ചലനാത്മകവുമല്ലെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആ നിലയ്ക്ക് ദാമോദരന്റെ ശതാബ്ദി പലനിലകളിലുള്ള പുനരാലോചനകളുടെ സന്ദര്‍ഭമാകേണ്ടതാണ്. പ്രത്യേകിച്ചും കമ്യൂണിസ്റ് പാര്‍ടിയുടെ അടിസ്ഥാനസംഘടനാ പ്രകൃതത്തെക്കുറിച്ച് വളരെയേറെ സംശയങ്ങള്‍ ഉന്നയിക്കുകയും അതിന്റെ പേരില്‍ നടപടികള്‍ നേരിടുകയും ഒക്കെ ചെയ്ത ഒരാളായിരുന്നു കെ. ദാമോദരന്‍ എന്നോര്‍ക്കുമ്പോള്‍. സ്റാലിനിസത്തിന്റെയും സോവിയറ്റ് നിലപാടുകളുടെയും വലിയ വിമര്‍ശകനായിരുന്നു അദ്ദേഹം. ആ വിമര്‍ശനങ്ങളില്‍ ഏറിയ പങ്കും പില്‍ക്കാലം ശരിവയ്ക്കുകയും ചെയ്തു. എങ്കിലും ഇക്കാര്യങ്ങളൊന്നും കെ. ദാമോദരന്‍ അനുസ്മരിക്കപ്പെടുന്നതിന് കാരണമായില്ല. പി.ജിയുടെ ജീവചരിത്രഗ്രന്ഥം ഒഴിവാക്കിയാല്‍, മറ്റെന്തെങ്കിലും കെ. ദാമോദരന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ഇതുവരെ അര്‍ഥപൂര്‍ണമായി സംഭവിച്ചില്ല.



മറ്റൊരു നിലയില്‍ ആലോചിച്ചാല്‍, ആഴമേറിയ ധൈഷണികതയ്ക്കും വ്യവസ്ഥാവിരുദ്ധമായ വിമര്‍ശനാവബോധത്തിനും കേരളത്തില്‍ കൊടുക്കേണ്ടിവരുന്ന വിലയാണ് കെ. ദാമോദരന്റെ ജീവിതം എന്നുകൂടി പറയാം. ധൈഷണികതയുടെയും പൊതുവായ രാഷ്ട്രീയാവബോധത്തിന്റെയും വ്യാപനത്തെക്കുറിച്ച് നാം ഏറെ വാചാലമാകാറുണ്ടെങ്കിലും വലിയൊരളവില്‍ സങ്കുചിതവും പരിമിതവുമാണ് അവ എന്നതിന് കേരളത്തിന്റെ ബൌദ്ധികചരിത്രം എത്രയെങ്കിലും തെളിവ് തരും. സാമാന്യാവബോധത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍, കുറയൊക്കെ വിവാദപരമായി, നിലകൊള്ളുമ്പോഴാണ് കേരളത്തിന്റെ ധൈഷണികാന്തരീക്ഷം ഒരാളെ പെട്ടന്ന് സ്വീകരിക്കുക. അല്ലെങ്കില്‍ മഹാപ്രസ്ഥാനങ്ങളുടെ പിന്തുണയോടെയുള്ള വലിയ പടപ്പുറപ്പാടുകളെ. ഇതു രണ്ടിനുമപ്പുറം, സ്വന്തം ജീവിതം വിലയായിക്കൊടുത്ത സൂക്ഷ്മവും അഗാധവുമായ വൈജ്ഞാനികാന്വേഷണങ്ങളെ ആധുനിക കേരളീയ പൊതുസമൂഹം കാര്യമായൊന്നും വകവച്ചുകൊടുത്തിട്ടില്ല എന്നതാണ് വാസ്തവം. കേസരിബാലകൃഷ്ണപിള്ള മുതല്‍ കെ. ദാമോദരന്‍ വരെയുള്ളവരുടെ ജീവിതം അതിന് തെളിവ് തരും. കേസരിയുടെ പില്‍ക്കാലം കുറെയൊക്കെ ഇതിന് പരിഹാരമായെന്ന് പറയാമെങ്കിലും കെ. ദാമോദരന്റെ കാര്യത്തില്‍ അത്തരമൊരു വിലയിരുത്തലും സാധ്യമല്ല. ശതാബ്ദിവര്‍ഷത്തിലും അദ്ദേഹം മൌലികമായി പഠിക്കപ്പെട്ടില്ല; വീണ്ടുവിചാരങ്ങള്‍ക്കോ വിമര്‍ശനങ്ങള്‍ക്കോ വിധേയനായില്ല.

രണ്ട്


അസാധാരണമായ വിധത്തില്‍ വിപുലമായിരുന്നു കെ. ദാമോദരന്റെ വൈജ്ഞാനികതാല്‍പര്യങ്ങള്‍. ലഘുലേഖകള്‍ മുതല്‍ ബൃഹദ് ഗ്രന്ഥങ്ങള്‍ വരെ അദ്ദേഹം എഴുതി. അവ നാല്‍പതോളം വരും. കേരളത്തിലെ മറ്റേതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഇത്രത്തോളം വ്യത്യസ്തമായ മേഖലകളില്‍ താല്‍പര്യം പുലര്‍ത്തുകയും എഴുതുകയും ചെയ്തുവോ എന്ന് സംശയമാണ്. മാര്‍ക്സിസവും തത്ത്വചിന്തയും മുതല്‍ സാമ്പത്തികശാസ്ത്രവും സാഹിത്യവിചാരവും നരവംശവിജ്ഞാനവും വരെ ദാമോദരന്റെ താല്‍പര്യമേഖലകളായിരുന്നു. 'സമഷ്ടിവാദവിജ്ഞാപനം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച കമ്യൂണിസ്റ് മാനിഫെസ്റോവിന്റെ ആദ്യ മലയാളവിവര്‍ത്തനം (1936) മുതല്‍ പല ഗ്രന്ഥങ്ങളുടെ വിവര്‍ത്തകനുമായിരുന്നു കെ. ദാമോദരന്‍. കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടിഘടകം രൂപീകരിക്കുന്നതിനും ഒരു വര്‍ഷം മുന്‍പാണ് ദാമോദരന്‍ മാനിഫെസ്റോ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. (മലബാറിലെ പ്രധാനപ്രസുകളൊന്നും ഈ പുസ്തകം അച്ചടിക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ അബ്ദുറഹ്മാന്‍ സാഹിബാണ് തന്റെ പ്രസില്‍ ഇത് അച്ചടിച്ചുകൊടുത്തത്). രാഷ്ട്രീയ പ്രവര്‍ത്തനത്തെ വൈജ്ഞാനികതയുമായി ഇണക്കി നിര്‍ത്തുന്നതില്‍ കേരളത്തില്‍ പി. ഗോവിന്ദപ്പിള്ളയല്ലാതെ ഇത്രയും വിജയിച്ച മറ്റൊരാള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പി.ജി.യുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, "വിവിധ നരവംശസിദ്ധാന്തങ്ങളെയും അവയുടെ ദാര്‍ശനികാര്‍ഥങ്ങളെയും സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ച ചുരുക്കം ഇന്ത്യന്‍ മാര്‍ക്സിസ്റുകാരില്‍ ഒരാളാണ് ദാമോദരന്‍. കേരളത്തെ സംബന്ധിച്ചിടത്തോളം ഏക മാര്‍ക്സിസ്റുകാരന്‍. മാര്‍ക്സിസ്റുകാരല്ലാത്ത ആരും തന്നെ ഈ വിശാലമേഖലയിലേക്ക് കടന്നിട്ടില്ല എന്നിരിക്കെ, കേരളത്തിലെ ഒന്നാമത്തെ നരവംശശാസ്ത്ര സൈദ്ധാന്തികന്‍ എന്ന് നമുക്ക് സഖാവ് കെ. ദാമോദരനെ വിശേഷിപ്പിക്കാം.'' ഈ വൈജ്ഞാനികാഭിമുഖ്യങ്ങള്‍ക്ക് ദാമോദരന് തന്റെ രാഷ്ട്രീയജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടിവരുകയും ചെയ്തു (പി.ജിയെപ്പോലെ!).

പത്തൊന്‍പതാം വയസില്‍ എഴുതിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്രമാണ് കെ. ദാമോദരന്റെ ആദ്യഗ്രന്ഥം. 1931ലാണ് അത് പുറത്തുവന്നത്. പിന്നാലെ മഹാത്മാഗാന്ധിജിയുടെ ഗ്രന്ഥത്തിന്റെ വിവര്‍ത്തനമായ 'ഏകവഴി'യും (1934). ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനങ്ങള്‍ക്കുള്ളില്‍ നിന്നും രൂപപ്പെട്ട രചനാജീവിതം അക്കാലത്ത് എഴുതിത്തുടങ്ങുന്നവരിലെല്ലാം കാണാനാവും. മാര്‍ക്സിന്റെ ജീവചരിത്രം എഴുതുന്നതും 1934ല്‍ ആണ്. സ്വദേശാഭിമാനിയുടെ കൃതിക്കുശേഷം മലയാളത്തിലെഴുതപ്പെടുന്ന മാര്‍ക്സിന്റെ ജീവചരിത്രഗ്രന്ഥം അതായിരിക്കണം. മാനിഫെസ്റോവിന്റെ സമ്പൂര്‍ണവിവര്‍ത്തനം 'സമഷ്ടിവാദവിജ്ഞാപനം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചത് 1936ല്‍ ആണ്. കമ്യൂണിസ്റ് മാനിഫെസ്റോ എന്ന ശീര്‍ഷകത്തില്‍ അച്ചടിക്കാന്‍ കേരളത്തിലെ ഒരു പ്രസും തയ്യാറായില്ല എന്നതുകൊണ്ടാണ് ഗ്രന്ഥശീര്‍ഷകം ഇങ്ങനെയാക്കിയതെന്ന് ദാമോദരന്‍ അതേക്കുറിച്ച് പില്‍ക്കാലത്ത് അനുസ്മരിക്കുന്നുണ്ട്: "പ്രസുകാര്‍ ഭയപ്പെടാതിരിക്കാന്‍ പരിഭാഷയുടെ കൈയെഴുത്തു പ്രതിയില്‍ കമ്യൂണിസം എന്ന വാക്കുതന്നെ ഞാന്‍ ഒഴിവാക്കിയിരുന്നു. പ്രസില്‍വച്ച് പ്രൂഫ് തിരുത്തുമ്പോള്‍, സമഷ്ടിവാദം എന്നുള്ളിടത്തെല്ലാം തിരുത്തി കമ്യൂണിസം എന്നാക്കി... പക്ഷേ സമഷ്ടിവാദവിജ്ഞാപനം എന്ന പുസ്തകപ്പേര് മാറ്റിയില്ല.'' എന്നാണ് ദാമോദരന്‍ ഈ ഗ്രന്ഥനാമത്തിന്റെ കഥ ഓര്‍മിക്കുന്നത്. 1937ല്‍ ഇ.എം.എസിനോടൊപ്പം ചേര്‍ന്ന് റഷ്യന്‍ വിപ്ളവത്തെക്കുറിച്ച് ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചു.
ഒരു നിലയ്ക്ക് കെ. ദാമോദരന്റെ രചനാജീവിതത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുന്നു എന്ന് പറയാം. വ്യക്തിചരിത്രത്തിന്റെ ഭാഗമായി ഓര്‍മിക്കപ്പെടുന്ന രചനകളുടെ കാലമാണിത്. മാനിഫെസ്റോവിന്റെ ആദ്യമലയാളവിവര്‍ത്തനം എന്ന ചരിത്രപരമായ പ്രാധാന്യം 'സമഷ്ടിവാദവിജ്ഞാപന'ത്തിന് ഉണ്ടെങ്കിലും, മലയാളത്തിന്റെ വൈജ്ഞാനിക ചരിത്രത്തില്‍ അതിന് വലിയ സ്വാധീനമൊന്നും ഉളവാക്കാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്സിന്റെ ജീവചരിത്രത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. ഇതിനു പിന്നാലെവരുന്ന കാലയളവില്‍ കെ. ദാമോദരന്‍ രചിച്ച ഗ്രന്ഥങ്ങള്‍ ചെലുത്തിയ സ്വാധീനവും അവരുടെ പ്രചാരവും മുന്‍നിര്‍ത്തി ആലോചിച്ചാല്‍, മേല്‍പ്പറഞ്ഞ കാര്യം കൂടുതല്‍ വ്യക്തിമാവും. ആഴമേറിയ രാഷ്ട്രീയ - സാമ്പത്തിക - ദാര്‍ശനിക പഠനങ്ങളുടെ ഒരു വലിയ ലോകമാണ് 1946ലെ 'മനുഷ്യന്‍' മുതലുള്ള ദാമോദരന്റെ രചനാജീവിതം. അതിന്റെ ആമുഖമായി മാത്രമേ 1937 വരെയുള്ള കാലയളവിനെ കാണേണ്ടതുള്ളൂ.ഈ രണ്ടു കാലയളവുകള്‍ക്കിടയില്‍ സര്‍ഗപരമായ ആവിഷ്കാങ്ങുടെ ഒരു അന്തരാളഘട്ടവും വേണമെങ്കില്‍ നമുക്ക് കാണാനാവും. 'പാട്ടബാക്കി' (1937),'രക്തപാനം' (1939) എന്നീ നാടകങ്ങളും 'കണ്ണുനീര്‍' (1936) എന്ന കഥാസമാഹാരവും ഈ കാലയളവിന്റെ ഉല്‍പന്നങ്ങളാണ്. 'ശില്‍പഭംഗിയില്ലാത്ത നെടുനെടുങ്കന്‍ പ്രസംഗങ്ങള്‍' എന്നാണ് സി. അച്യുതമേനോന്‍ കെ. ദാമോദരന്റെ കഥകളെ വിലയിരുത്തിയിട്ടുള്ളതെന്ന് എം. റഷീദ് ദാമോദരന്റെ ജീവചരിത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ദാമോദരന്റെ അഭിപ്രായവും ഇതു തന്നെയായതുകൊണ്ടാവണം പില്‍ക്കാലത്ത് അത് പുനഃപ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തുനിയാതിരുന്നത്. എന്നാല്‍ 'പാട്ടബാക്കി'യുടെ കഥ മറ്റൊന്നാണ്. പൊന്നാനി താലൂക്കിലെ കര്‍ഷകസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടി എഴുതിയ ആ നാടകം മലയാളനാടകവേദിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി. സമ്മേളനത്തിന്റെ ഭാഗമായി ഒരു നാടകം ഉണ്ടായാല്‍ നന്നായിരിക്കും എന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ ഇ.എം.എസ്. ആണ് ദാമോദരനോട് നാടകം എഴുതാന്‍ നിര്‍ദേശിച്ചത് എന്ന് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. മാര്‍ക്സിം ഗോര്‍ക്കിയുടെ 'താണ അടിത്തട്ടുകാര്‍' എന്ന രചനയ്ക്കൊപ്പം നില്‍ ക്കുന്ന ഒന്നായാണ് കേസരി ബാലകൃഷ്ണപിള്ള 'പാട്ടബാക്കി'യെ വിലയിരുത്തിയത്. മലയാളത്തില്‍ ഏറ്റവും വിജയിച്ച രാഷ്ട്രീയനാടകമായി സി.ജെ. തോമസിനെപ്പോലൊരാള്‍ കണ്ടതും 'പാട്ടബാക്കി'യെ ആണ്. പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനത്തിലെ പ്രധാന പ്രാസംഗകനുമായിരുന്നു കെ. ദാമോദരന്‍. പ്രസംഗത്തിനുശേഷം പിന്നണിയില്‍ ചെന്ന് വേഷമിട്ട് അദ്ദേഹം നാടകത്തില്‍ അഭിനയിക്കുകയായിരുന്നുവത്രേ! അങ്ങനെ സമ്പൂര്‍ണമായി ആ കര്‍ഷകസമ്മേളനത്തിന്റെ (ദാമോദരന്റെയും) സൃഷ്ടിയായിരുന്നു 'പാട്ടബാക്കി' എന്ന നാടകം. പില്‍ക്കാലത്ത് അത് പല പതിപ്പുകള്‍ അച്ചടിക്കപ്പെടുകയും എണ്ണമറ്റ വേദികളില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. 'രക്തപാനം' എന്ന നാടകം പക്ഷേ, ഈ നിലയില്‍ വിജയിച്ചില്ല. ദാമോദരന്‍ തന്നെ ആ കൃതിയെക്കുറിച്ച് ഓര്‍മിച്ചിരുന്നില്ലെന്നാണ് എം. റഷീദ് പറയുന്നത്.

നാടകങ്ങളുടെയും കഥകളുടെയും ഈ മധ്യഘട്ടം പിന്നിട്ടതിനുശേഷമാണ് കെ. ദാമോദരന്‍ എന്ന വലിയ ചിന്തകനെയും കമ്യൂണിസ്റ് പ്രഷോഭകാരിയെയും അടയാളപ്പെടുത്തുന്ന രചനകള്‍ ഉണ്ടാവുന്നത്. മാര്‍ക്സിസം, ഭാരതീയതത്ത്വചിന്ത, സാമ്പത്തികശാസ്ത്രം, ചരിത്രം, മതം, സാഹിത്യവിമര്‍ശനം എന്നിങ്ങനെ വിവിധ മേഖലകളിലായി കനപ്പെട്ട ഗ്രന്ഥങ്ങളും എണ്ണമറ്റ ലഘുലേഖനങ്ങളും അദ്ദേഹം എഴുതി. അക്കാലത്തെ മിക്കവാറും എല്ലാ സംവാദങ്ങളിലും പങ്കുചേരുകയും പൊതുസമൂഹത്തിലെ അഭിപ്രായരൂപീകരണത്തില്‍ വലിയപങ്ക് വഹിക്കുകയും ചെയ്തു. 1946ല്‍ എഴുതിയ 'മനുഷ്യന്‍' ഒരര്‍ഥത്തില്‍ മനുഷ്യപരിണാമത്തിന്റെ കഥയെ വിശാലമായ മാര്‍ക്സിസ്റ് പരിപ്രേഷ്യത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ്. വലിയതോതില്‍ പ്രചാരം ലഭിച്ച കൃതിയാണത്. പിന്നീട് 'കമ്യൂണിസം എന്ത്? എന്തിന്?' (1951, 'ചൈനയിലെ വിപ്ളവം' (1952), 'മാര്‍ക്സിസം' (10 ഭാഗങ്ങള്‍ 1953 - 54), 'സോഷ്യലിസവും കമ്യൂണിസവും' (1960) തുടങ്ങിയ ഗ്രന്ഥങ്ങള്‍ മാര്‍ക്സിസ്റ് വിജ്ഞാനത്തെയും ലോകവീഷണത്തെയും ലളിതമായി സംഗ്രഹിക്കാനുള്ള ശ്രമങ്ങളാണ്. മൌലികചിന്തയുടെ ആവിഷ്കാരങ്ങള്‍ എന്നതിലുപരി ബഹുജനവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എഴുതപ്പെട്ട ഗ്രന്ഥങ്ങളാണവ.
ദാമോദരന്‍ വളരെയേറെ ശ്രദ്ധ ചെലുത്തിയ മറ്റൊരു വിജ്ഞാനമേഖല സാമ്പത്തികശാസ്ത്രമാണ്. 1946ല്‍ എഴുതിയ 'ധനശാസ്ത്രപ്രവേശിക' എന്ന കൃതി മുതല്‍ അദ്ദേഹം ധനതത്ത്വശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗത്തിന്റെയും ലോകത്തെ പിന്‍തുടരുന്നുണ്ട്. 1947ലെ 'നാണയപ്രശ്നം', 1958ല്‍ എഴുതിയ 'ധനശാസ്ത്രതത്ത്വങ്ങള്‍', 1959 ലെ 'ഇന്ത്യയുടെ സാമ്പത്തികാഭിവൃദ്ധി', 59ലെ തന്നെ 'ഇന്നത്തെ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി', 1962 ലെ 'പണം മുതല്‍ നയാപൈസവരെ' എന്നീ രചനകളാണ് ഈ മേഖലയിലെ ദാമോദരന്റെ പ്രധാനസംഭാവനകള്‍. ഇതില്‍ 1959ലെ രണ്ടു കൃതികളിലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തെ വിലയിരുത്തുന്നതിനെക്കുറിച്ച് അന്ന് കമ്യൂണിസ്റ് പാര്‍ടിയില്‍ നടന്നിരുന്ന ആഭ്യന്തര സമരങ്ങളുടെ അലയൊലികളും കാണാം. 'പണം മുതല്‍ നയാപൈസ വരെ' എന്ന രചന പണത്തിന്റെ (money) പരിണാമചരിത്രം വിശദീകരിക്കാനുള്ള ശ്രമമാണ്. ഒരര്‍ഥത്തില്‍ അതിനെ ബഹുജന വിദ്യാഭ്യാസത്തിനുള്ള ഉപാധിയായി കാണാമെങ്കിലും, മറുഭാഗത്ത് മലയാളത്തില്‍ പണത്തിന്റെ ജീവചരിത്രം എന്ന നിലയില്‍ എഴുതപ്പെട്ട ഏറ്റവും പ്രധാനകൃതിയെന്ന നിലയിലും അതിന് പ്രാധാന്യമുണ്ട്.

ചരിത്രപഠനത്തിന്റെ മേഖലയില്‍ ദാമോദരന്റെ സംഭാവനകള്‍ താരതമ്യേന ചെറുതാണ്. നാല് വാള്യങ്ങളായി സമഗ്രമായ ഒരു കേരളചരിത്രം എഴുതാന്‍ അദ്ദേഹം ആലോചിച്ചിരുന്നു എങ്കിലും അതിന്റെ ഒന്നാംഭാഗം മാത്രമേ എഴുതി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞുള്ളൂ. അതിനുമുന്‍പ് 1957ല്‍ സി. നാരായണപിള്ളയോടൊപ്പം ചേര്‍ന്ന് കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഗ്രന്ഥം അദ്ദേഹം രചിച്ചിരുന്നു. പ്രമുഖചരിത്രകാരനായ പ്രൊഫ. കെ.എന്‍. പണിക്കരോടൊപ്പം ചേര്‍ന്ന് കേരളചരിത്രരചന നടത്താനുള്ള പദ്ധതിയും പ്രയോഗപഥത്തിലെത്തിയില്ല. നരവംശവിജ്ഞാനത്തിന്റെയും മറ്റും ഉള്‍ക്കാഴ്ചകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രാചീന കേരളചരിത്രരചനയ്ക്ക് മുതിര്‍ന്നതിനാല്‍ എ. അയ്യപ്പനെപ്പോലുള്ള (പ്രമുഖ നരവംശശാസ്ത്രപണ്ഡിതന്‍) ബുദ്ധിജീവികളുടെ ശ്രദ്ധ ദാമോദരന്റെ ചരിത്രഗ്രന്ഥം നേടിയെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ തയ്യാറാക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി.

കേരളത്തിലെ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാല സൈദ്ധാന്തികരില്‍ പ്രമുഖനായിരുന്നു കെ. ദാമോദരന്‍. ജീവല്‍സാഹിത്യസംഘം രൂപം കൊണ്ട കാലം മുതല്‍ മൂന്ന് - നാല് പതിറ്റാണ്ടെങ്കിലും മലയാളത്തിലെ സാഹിത്യചിന്തയെയും കലാവിചാരങ്ങളെയും വലിയൊരളവോളം നിര്‍ണയിച്ചത് പുരോഗമനസാഹിത്യപ്രസ്ഥാനം അവതരിപ്പിച്ച കലാ-സാഹിത്യദര്‍ശനവും കുട്ടിക്കൃഷ്ണമാരാരും സഞ്ജയനും മറ്റും അതിനോട് പുലര്‍ത്തിയ എതിര്‍പ്പുകളുമാണ്. ഈ സംവാദത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ദാമോദരന്‍ രണ്ട് ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. 1958ലെ 'എന്താണ് സാഹി ത്യം?' എന്ന കൃതിയും 1962ലെ 'സാഹിത്യനിരൂപണ'വും. സ്റാലിനിസ്റ് യാന്ത്രികതയുടെ പിടിമുറുക്കുങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ദാമോദരന്‍, അന്നത്തെ മറ്റു പല മാര്‍ക്സിസ്റ് വിമര്‍ശകരേയും പോലെ, ഈ കൃതികളില്‍ സംസാരിക്കുന്നത്. പില്‍ക്കാലത്ത് ആധുനികതാവാദകലയെയും സാഹിത്യത്തെയും (Modernist art & Literature) കുറിച്ച് കൂടുതല്‍ ഉദാരവും സൂക്ഷ്മവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായി. മലയാളത്തിലെ സാഹിത്യചിന്തയുടെ ചരിത്രത്തില്‍ ദാമോദരന്റെ മേല്‍പ്പറഞ്ഞ കൃതികള്‍ നിര്‍ണായകമൊന്നുമല്ലെങ്കിലും തീപിടിച്ച ഒരു കാലത്തിന്റെ അടയാളങ്ങള്‍ അതില്‍ പതിഞ്ഞുകിടപ്പുണ്ട്.
കെ. ദാമോദരന്റെ രചനാജീവിതത്തിലെ ഏറ്റവും മികവുറ്റ സംഭവങ്ങള്‍ 'ഇന്ത്യയുടെ ആത്മാവ്', 'ഭാരതീയചിന്ത' എന്നീ ഗ്രന്ഥങ്ങളുടെ രചനയാണ്. രണ്ട് നിലകളില്‍ ഈ സംരംഭം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഒന്നാമത് ഇന്ത്യന്‍ ചിന്താപാരമ്പര്യത്തെ, എത്രയേറെ പരിമിതികളോടെയാണെങ്കിലും, മാര്‍ക്സിസ്റ് വീക്ഷണകോണിലൂടെ നോക്കികാണാനുള്ള അര്‍ഥപൂര്‍ണമായ ശ്രമമായി രുന്നു ആ ഗ്രന്ഥങ്ങള്‍ എന്നതാണ് ആദ്യത്തേത്. ഇന്ത്യയിലെ നാനാതരം ദാര്‍ശനിക പ്രവണതകളെ ഒറ്റയടിക്ക് എഴുതിത്തള്ളാതെ, സമഗ്രമായ വിലയിരുത്തലിനും പുനഃപരിശോധനയ്ക്കും വിധേയമാക്കാന്‍ കെ. ദാമോദരന്‍ ശ്രമിച്ചു. ഇത്തരമൊരു പരിശോധന യാന്ത്രികഭൌതികവാദത്തിന്റെ യുക്തികള്‍ക്ക് കീഴടങ്ങാതെ നിര്‍വഹിക്കുവാന്‍ കഴിയുമോ എന്ന ശ്രമവും ഈ കൃതികളില്‍ കാണാം എന്നതാണ് രണ്ടാമത്തെ കാര്യം. ദേബീപ്രസാദ് ചതോപാധ്യായ അടക്കമുള്ളവരുടെ നിഗമനങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ടാണ് ദാമോദരന്‍ 'ഭാരതീയചിന്ത'യിലെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. ഭാരതീയ ചിന്തയെ സവര്‍ണ - വൈദിക പാരമ്പര്യത്തിലും പ്രാചീനചിന്താപാരമ്പര്യത്തിലും തളച്ചിടുന്ന പ്രവണതയെ പ്രതിരോധിക്കാനും അദ്ദേഹം അവിടെ തയ്യാറായി. ഈ നിലയില്‍ ഇന്ത്യയുടെ ദാര്‍ശനിക പാരമ്പര്യത്തെ സമഗ്രാവലോകനത്തിന് വിധേയമാക്കിയ ഈ കൃതി അക്കാലത്തുതന്നെ വ്യാപകമായ ശ്രദ്ധയും വിമര്‍ശനവും പിടിച്ചുപറ്റുകയും ചെയ്തു. യാന്ത്രികഭൌതികത്തിന്റെ ദ്വന്ദ്വാത്മകയുക്തിക്കപ്പുറത്തേക്ക് മാര്‍ക്സിസ്റ് ദാര്‍ശനിക വിശകലനങ്ങള്‍ക്ക് കടക്കാന്‍ കഴിയും എന്നതിന് മലയാളത്തിലുണ്ടായ മികച്ച മാതൃകകളിലൊന്ന് ഈ ഗ്രന്ഥം തന്നെയാണ്. അതില്‍ തെളിയുന്ന പോരായ്മകളാകെ വകവച്ചുകൊണ്ടുതന്നെ ഇക്കാര്യം നമുക്ക് ഉറപ്പിച്ചു പറയാം.

മതവും മാര്‍ക്സിസവും തമ്മിലുള്ള ബന്ധവും അകലവും വിശകലനം ചെയ്തുകൊണ്ട് ദാമോദരന്‍ രണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 'കമ്യൂണിസവും ക്രിസ്തുമതവും' 'യേശുക്രിസ്തുമോസ്കോവില്‍' എന്നിവ. രണ്ടാമത്തേത് വലിയൊരളവോളം താര്‍ക്കികമാണെങ്കില്‍ ആദ്യത്തേത് മതത്തിന്റെ ധാര്‍മികതലവും മാര്‍ക്സിസത്തിന്റെ ധാര്‍മികതയും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വിശകലനമാണ്. മതത്തെ 'മനുഷ്യനെമയക്കുന്ന കറുപ്പ്' എന്ന യാന്ത്രികസമവാക്യത്തില്‍ ചുരുക്കാതെ, അതിന്റെ ധാര്‍മികമായ ഭാവശക്തിയെ മുന്‍നിര്‍ത്തി പരിശോധിക്കാനുള്ള ശ്രമമാണ് ദാമോദരന്‍ നടത്തുന്നത്. പില്‍ക്കാലത്ത് മതത്തോടുള്ള മാര്‍ക്സിസ്റ് സമീപനങ്ങളില്‍ ഉണ്ടായ തെളിച്ചങ്ങളെ വലിയൊരളവോളം പൂര്‍വദര്‍ശനം ചെയ്യുന്ന കൃതിയാണത്.

ദാമോദരന്റെ രചനാജീവിതത്തില്‍ എന്നല്ല, മലയാളത്തിലെയും ഇന്ത്യയിലെയും മാര്‍ക്സിസ്റ് വിജ്ഞാനത്തിലും സമാനതകളില്ലാത്തവിധം വേറിട്ടുനില്‍ക്കുന്ന ഗ്രന്ഥമാണ് 1965ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'ധാര്‍മികമൂല്യങ്ങള്‍'. ധാര്‍മികതയും നൈതികതയും മാര്‍ക്സിസ്റ് ദര്‍ശനത്തിലെ ഇരുണ്ടലോകങ്ങളായാണ് പരിഗണിക്കപ്പെടാറുള്ളത്. ഇതര ദാര്‍ശനികമേഖലകളില്‍ ഉണ്ടായതുപോലെ നീതിശാസ്ത്രത്തിന്റെ (ethics) മേഖലയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ മാര്‍ക്സിസത്തിന് കഴിഞ്ഞില്ലെന്ന് വേണം പറയാന്‍. ബൂര്‍ഷ്വാ ധാര്‍മികതയ്ക്കെതിരായ മാര്‍ക്സിന്റെയും മറ്റും വിമര്‍ശനങ്ങളെ ധാര്‍മികത എന്ന ആശയത്തിന്റെ തന്നെ നിരാകരണമായി പലരും മാറ്റിയെടുത്തു. ഇതിനെതിരെ മാര്‍ക്സിസ്റ് ചിന്തയില്‍ ധാര്‍മികതയുടെയും നീതിവിചാരത്തിന്റെയും ലോകം പടുത്തുയര്‍ത്താന്‍ യൂജിന്‍കാമെന്‍ക, ലോറന്‍സ് വൈല്‍ഡ്, സ്റീവന്‍ലൂക്സ്, നോര്‍മന്‍ ഗെരാസ് തുടങ്ങിയവരൊക്കെ പലനിലകളില്‍ പണിപ്പെട്ടിട്ടുണ്ട്. എങ്കിലും അവയൊക്കെ ഏറിയപങ്കും പില്‍ക്കാല പരിശ്രമങ്ങളാണ്. ദാമോദരന്‍ ഈ വിഷയത്തെക്കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്ന കാലത്ത് മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന അപ്രധാനമായ ഒന്നായിരുന്നു നീതിദര്‍ശനത്തിന്റെ ലോകം.

ഈ പിന്‍നിലയിലും ഉന്നതമായ ദാര്‍ശനികാന്വേഷണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ദാമോദരന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് 'ധാര്‍മികമൂല്യങ്ങള്‍' എന്ന കൃതി. ധാര്‍മികതയെന്നത് ഒരു അടവുനയമല്ലെന്നും മനുഷ്യാവസ്ഥയില്‍ നിലീനമായ ഭാവശക്തികളിലൊന്നാണ് അതെന്നും ദാമോദരന്‍ അവിടെ വ്യക്തമാക്കുന്നുണ്ട്. ചൂഷണത്തിനും മര്‍ദനത്തിനുമെതിരായ സമരങ്ങളെ ഉന്നതമായ ധാര്‍മികമൂല്യങ്ങള്‍ക്കായുള്ള സമരവുമായി കൂട്ടിയിണക്കുകയാണ് തൊഴിലാളിവര്‍ഗം ചെയ്യുന്നത്. മനുഷ്യരിലെ ധാര്‍മികമായ ഭാവശക്തിയും അതിന്റെ പ്രേരണാശക്തിയും ചിതറിക്കിടക്കുകയാണെന്നും അതിന് സംഘടിതരൂപം നല്‍കുകയാണ് ധാര്‍മികമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുടെ കടമ എന്നും തൊഴിലാളിവര്‍ഗപ്രസ്ഥാനം ചെയ്യുന്നത് അതാണ് എന്നുമുള്ള വാദങ്ങളില്‍ പില്‍ക്കാല മാര്‍ക്സിസ്റ് ചിന്തയില്‍ വലിയ പ്രാമുഖ്യം കൈവരിക്കാനിരിക്കുന്ന ആശയങ്ങളുടെ ബീജരൂപം കാണാം. നിര്‍ഭാഗ്യവശാല്‍ അന്നോ ഇന്നോ ഈ ഗ്രന്ഥത്തിന്റെ മൌലികമായ പ്രാധാന്യം കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. മൌലികമായ ചിന്തയ്ക്ക് കൊടുക്കേണ്ടിവരുന്ന വലിയ വില അവഗണനയാണ് എന്നത് ചരിത്രം നല്‍കുന്ന വലിയ ദുരന്തപാഠങ്ങളിലൊന്നാണ്. ദാമോദരനും അതിന്റെ ഇരയായിരുന്നു.

മൂന്ന്


കമ്യൂണിസ്റ് പാര്‍ടിയില്‍ അംഗമായ ആദ്യത്തെ കേരളീയനായിരുന്നു കെ. ദാമോദരന്‍. മലയാളിയായ പ്രഥമ കമ്യൂണിസ്റ്. ഇ.എം.എസ്., പി. കൃഷ്ണപിള്ള, എന്‍.സി. ശേഖര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് 1937ല്‍  കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ് ഘടകത്തിന് രൂപം നല്‍കുന്നതിനും മുന്‍പ് തന്നെ ദാമോദരന്‍ കമ്യൂണിസ്റ് പാര്‍ടി അംഗമായിക്കഴിഞ്ഞിരുന്നു. 1935-37 കാലയളവില്‍ കാശിവിദ്യാപീഠത്തിലെ വിദ്യാര്‍ഥിയായിരിക്കെ ഓംപ്രകാശ് ശാസ്ത്രിയുടെയും ആര്‍.ഡി. ഭരദ്വാജിന്റെയും സ്വാധീനമാണ് ദാമോദരനെ കമ്യൂണിസ്റുകാരനാക്കിയത്. 1937ല്‍ പ്രഥമപാര്‍ടിഘടകം രൂപീകരിക്കുമ്പോള്‍ നിലവില്‍ കമ്യൂണിസ്റ് പാര്‍ടി അംഗത്വം ഉള്ള ആള്‍ എന്ന നിലയിലാണ് കെ. ദാമോദരന്‍ അതില്‍ പങ്കാളിയാകുന്നത്. പില്‍ക്കാലത്തെ ചരിത്രത്തില്‍ ഇക്കാര്യം ഏറെയൊന്നും ഓര്‍മിക്കപ്പെടാറില്ല.
ദാമോദരന്റെ ജീവിതത്തിന് ഒരു ദുരന്തകഥയുടെ സ്വഭാവമുണ്ടെന്ന് പി.ജി. തന്റെ ജീവചരിത്രഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. വളരെ ശരിയായ ഒരു പ്രസ്താവനയാണത്. വ്യക്തിപരം എന്നതിനേക്കാള്‍, വൈജ്ഞാനികതയോടുള്ള തുറന്നതും നിര്‍ഭയവുമായ ആഭിമുഖ്യമാണ് ദാമോദരനെ ഒരു ദുരന്തകഥാപാത്രമാക്കിയത് എന്ന് പറയാം. 1976 ജൂണ്‍ 4ന് രാവിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഇടനാഴിയില്‍ ബോധരഹിതനായി കിടക്കുന്ന സമയത്ത് ദാമോദരന്‍ താന്‍ ജന്മം നല്‍കിയ പാര്‍ടിയുടെ ആരുമല്ലായിരുന്നു. ഔപചാരികമായ പാര്‍ടി അംഗത്വം അദ്ദേഹം അക്കാലത്തും നിലനിര്‍ത്തിയിരുന്നുവെങ്കിലും അത് അങ്ങേയറ്റം ഔപചാരികമായിരുന്നു. ദല്‍ഹിയിലെ അദ്ദേഹത്തിന്റെ സംസ്കാരവും അനാര്‍ഭാടമായിരുന്നു. സുഹൃത്തുക്കളും ആരാധകരും ബന്ധുക്കളും ഉള്‍പ്പെടുന്ന ഒരു കൂട്ടമാളുകള്‍. കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റുകളിലൊരാളും ധൈഷണികരില്‍ ഒരാളുമായ കെ. ദാമോദരന്‍ അങ്ങിനെയാണ് വിടവാങ്ങിയത്.

എന്തുകൊണ്ടാണ് ദാമോദരന്റെ ജീവിതം ഇങ്ങനെ ദുരന്തപൂര്‍ണമായി പര്യവസാനിച്ചത് എന്നാലോചിക്കുമ്പോള്‍ അത് കമ്യൂണിസ്റ് പാര്‍ടികളില്‍ ഇന്നും നിലനില്‍ക്കുന്ന ബൌദ്ധിക പരാധീനതകളുടെയും സ്റാലിനിസ്റ് യാന്ത്രികതയുടെയും ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശും. പ്രൊഫ. കെ.എന്‍. പണിക്കര്‍ പല തവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ആന്തരികവിമര്‍ശകരെ (Critical Insiders) നിലനിര്‍ത്താനോ അവര്‍ക്ക് ഇടം കൊടുക്കാന്‍ പോലുമോ കമ്യൂണിസ്റ് പാര്‍ടികള്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഉന്നതമായ ധൈണികാന്വേഷണങ്ങള്‍ക്ക് പലപ്പോഴും പെട്ടന്നുതന്നെ വാമനത്വം വന്നു ചേരും. യാഥാര്‍ഥ്യം പാര്‍ടി കമ്മറ്റികളിലെ തീരുമാനങ്ങള്‍ക്കൊത്തല്ല രൂപപ്പെടുന്നത് എന്നതിനാല്‍, പലപ്പോഴും യാഥാര്‍ഥ്യവുമായുള്ള ആഴമേറിയ മുഖാമുഖം ഒരാളെ വാമനത്വത്തിലേക്ക് നയിക്കുന്നു. ഈ വാമനത്വത്തെ പറിച്ചുനീക്കിക്കൊണ്ടാണ്, അതിനെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടല്ല, ചരിത്രത്തില്‍ കമ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ നിലനിന്നത്. ഇരുപതാം നൂറ്റാണ്ടിലെ മാര്‍ക്സിസ്റ് ദാര്‍ശനികവികാസങ്ങളില്‍ ഏറിയപങ്കും അരങ്ങേറിയത് പ്രസ്ഥാനത്തിന്റെ ചട്ടക്കൂടുകള്‍ക്ക് പുറത്താണെന്ന് വന്നതും മറ്റൊന്നുകൊണ്ടല്ല.

സ്റാലിനിസത്തിന്റെ ഇത്തരം പിടിമുറുക്കങ്ങളോടും യാന്ത്രികതയോടും വലിയ തോതില്‍ ഏറ്റുമുട്ടിയ ഒരാളായിരുന്നു കെ. ദാമോദരന്‍. ചെക്കോസ്ളോവാക്യയിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചതിനാണ് അദ്ദേഹം പാര്‍ടി നടപടിക്ക് ഇരയായത്. തെറ്റുതിരുത്താന്‍ ദാമോദരന് പതിനഞ്ച് ദിവസം നല്‍കണമെന്ന് കമ്മറ്റിയില്‍ രേണുചക്രവര്‍ത്തി പറഞ്ഞപ്പോള്‍, പതിനഞ്ച് ദിവസമല്ല പതിനഞ്ച് വര്‍ഷം തന്നാലും താന്‍ നിലപാട് മാറ്റില്ല എന്നാണ് ദാമോദരന്‍ പ്രതികരിച്ചത്. ഏതായാലും സോവിയറ്റ് യൂണിയന്റെയും പാര്‍ടിയുടെയും പില്‍ക്കാലചരിത്രം ദാമോദരന്റെ നിലപാടിനെയാണ് ശരിവച്ചത്. സ്റാലിനിസത്തിന്റെ പടയോട്ടങ്ങള്‍കൊണ്ട് രക്ഷിച്ചെടുക്കാവുന്നതല്ല സോഷ്യലിസം എന്ന് ചരിത്രം ഇതിനകം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഉന്നതമായ സ്വന്തം ധൈഷണിക - രാഷ്ട്രീയജീവിതം വിലനല്‍കിക്കൊണ്ടാണ് ദാമോദരന്‍ ആ പാഠം പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചത്. ഏറെപ്പേരൊന്നും ചരിത്രത്തോട് ഇങ്ങനെ നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടില്ല.

*****

സുനില്‍ പി. ഇളയിടം, കടപ്പാട് : ഗ്രന്ഥാലോകം മാസിക


അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

ദാമോദരേട്ടന്‍

ദാമോദരേട്ടനെ ആദ്യമായി കാണുന്നത് 1946ല്‍ ഞാന്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ്. എന്റെ വീട്ടിനടുത്തുള്ള നെടിയില്‍ വീട്ടിലാണ് അന്ന് താമസം. കീഴേടത്ത് തറവാട്ട് വീട്ടില്‍നിന്ന് മാറി താമസിക്കുകയായിരുന്നു. അമ്മ, ഏടത്തിഅമ്മ, അനുജന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരോടൊത്താണ് അവിടെ താമസം തുടങ്ങിയത്. എന്റെ ഏട്ടന്‍ വി.സി. മാധവമേനോന്‍ പാര്‍ടി പ്രവര്‍ത്തകനായിരുന്നതിനാല്‍ നല്ല അടുപ്പമായിരുന്നു ദാമോദരേട്ടനുമായിട്ട്. എന്നു മാത്രമല്ല ഞങ്ങളുടെ തറവാടും കീഴേടത്തു തറവാടും പാരമ്പര്യമായി ബന്ധുക്കളുമായിരുന്നു. നെടിയില്‍ വീട്ടില്‍ നല്ലൊരു ഗ്രന്ഥശാലതന്നെ ഉണ്ടായിരുന്നു. വായനയില്‍ താല്‍പര്യമുള്ള ഞാന്‍ അവിടെ പോയി ഏട്ടത്തിഅമ്മയില്‍നിന്ന് പുസ്തകം വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് വായിച്ച് മടക്കിക്കൊടുക്കും. അതൊരു പതിവായിരുന്നു. ഞാന്‍ വായിച്ച പുസ്തകം മടക്കിക്കൊടുക്കുന്നതിനും പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനുമായി അവിടെ ചെന്നപ്പോള്‍ ദാമോദരേട്ടന്‍ അവിടെ ഉണ്ടായിരുന്നു. ഏട്ടത്തിഅമ്മയാണ് വി.സിയുടെ അനുജത്തിയാണ് എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയത്.

അന്നാണ് ആദ്യമായി ദാമോദരേട്ടനെ ഞാന്‍ കാണുന്നതും സംസാരിക്കുന്നതും. എന്നോട് പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള താല്‍പര്യത്തെപ്പറ്റി ചോദിച്ചു. എസ്.കെ. പൊറ്റെക്കാട്, ചങ്ങമ്പുഴ, വള്ളത്തോള്‍, വൈലോപ്പിള്ളി തുടങ്ങി പ്രശസ്തരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. എല്ലാം എടുത്തുവായിക്കണം. വായനയില്‍ നിന്നാണ് അറിവ് നേടാന്‍ കഴിയുക എന്നൊക്കെ പറഞ്ഞുതന്നു.

1947 ആഗസ്റ് 15. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചദിനം. രാവിലെ 8 മണിക്ക് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഞാനും എന്റെ സ്നേഹിതയും തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളിലേക്ക് പോകുമ്പോള്‍ റെയില്‍വേസ്റേഷനിലേക്ക് പോകുന്ന ദാമോദരേട്ടനെ വഴിക്കല്‍ വെച്ചുകണ്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ചും ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് വിമോചിതരായ ഭാരതീയരെകുറിച്ചും വളരെ സന്തോഷത്തോടെ ഞങ്ങളുമായി സംസാരിച്ചു. ഞങ്ങള്‍ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് പങ്കെടുക്കാന്‍ സ്ക്കൂളിലേക്ക് പോകുമ്പോള്‍ ദാമോദരേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ അന്യോന്യം സംസാരിച്ചുകൊണ്ടാണ് പോയത്. ഇന്നും ദാമോദരേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുന്നു. പിന്നീട് ഞാന്‍ അധ്യാപികയായപ്പോള്‍ നമ്മുടെ മുന്‍ഗാമികള്‍ ജീവത്യാഗം നടത്തിയതിന്റെ, ജയില്‍വാസമനുഭവിച്ചതിന്റെ ഫലമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം എന്നു പറയാനുള്ള തന്റേടം അന്നത്തെ സംഭാഷണത്തില്‍നിന്ന് ലഭിച്ച ഊര്‍ജമാണ്.

അക്കാലത്തുതന്നെയാണ് പാട്ടബാക്കി, രക്തപാനം, മനുഷ്യന്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചതും. 1948ല്‍ ദാമോദരേട്ടന്‍ അറസ്റു ചെയ്യപ്പെട്ടു. 1951ല്‍ മോചിപ്പിക്ക
പ്പെട്ടു. പക്ഷെ ഇക്കാലത്ത് നെടിയില്‍വീട് പൂട്ടി വീണ്ടും താമസം തറവാട്ടുവീട്ടിലേക്ക് മാറ്റി. ഇടക്ക് അമ്മ, ഊട്ടിയില്‍ അധ്യാപകനായി ജോലി നോക്കുന്ന രണ്ടാമത്തെ മകന്‍ നാരായണേട്ടന്റെ കൂടെയായി താമസം.

1955 ഏപ്രില്‍ 4ന് ദാമോദരേട്ടന്റെ അനുജന്‍ എന്നെ വിവാഹം കഴിച്ചു. അന്ന് ഞാന്‍ ടീച്ചറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. 'നവയുഗം' പത്രത്തിന്റെ പത്രാധിപരായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ദാമോദരേട്ടന്‍. ദാമോദരേട്ടനും കുടുംബവും കോഴിക്കോട് പത്രപ്രവര്‍ത്തനവുമായി പ്രവര്‍ത്തിക്കുന്ന കാലത്ത് അവിടെ ഞങ്ങള്‍ പോയി താമസിക്കാറുണ്ടായിരുന്നു. സാഹിത്യകാരന്മാരും, രാഷ്ട്രീയപ്രവര്‍ത്തകരുമായ ധാരാളം വിശിഷ്ടവ്യക്തികളെ കാണാന്‍ ഈ സന്ദര്‍ഭത്തില്‍ എനിക്ക് സാധിച്ചു. എസ്.കെ. പൊറ്റെക്കാട്, എം.ആര്‍.ബി. എന്നിവരെ നേരില്‍ കാണാന്‍ സാധിച്ചത് അക്കാലത്താണ്. ദാമോദരേട്ടന്‍ പങ്കെടുത്ത പല പൊതുയോഗങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. ദാമോദരേട്ടന്റെ പ്രസംഗം ഓരോ വസ്തുതകളെപ്പറ്റിയുമുള്ള അവഗാഹമായ പഠനമാണ്.

ദാമോദരേട്ടന്‍ പ്രഭാതത്തില്‍ മൂന്ന് മണിക്കുതന്നെ എഴുന്നേറ്റ് നടന്ന് എഴുതാനുള്ള കാര്യങ്ങള്‍ ചിന്തിച്ച് രൂപപ്പെടുത്തി കുറിച്ചുവെക്കുന്ന ശീലക്കാരനായിരുന്നു. പിന്നീടാണത് വിശദീകരിച്ചെഴുതിയിരുന്നത്. അതിന് ഏറ്റവും അധികം സഹായിച്ചിരുന്നത് ഏട്ടത്തിഅമ്മ പത്മം ആയിരുന്നു.

1958 ഏപ്രില്‍ മാസത്തിലാണ് ഇപ്പോഴുള്ള ഞങ്ങളുടെ തറവാട്ടുവീടിന്റെ ഗൃഹപ്രവേശം നടന്നത്. അന്ന് എല്ലാവരും വീട്ടില്‍ ഒരാഴ്ചയോളം ഒത്തുകൂടിയിരുന്നു. അമ്മ ഇവിടെത്തന്നെയായിരുന്നു സ്ഥിരതാമസം. അതുകൊണ്ട് സമയം കിട്ടുമ്പോഴെല്ലാം ഇവിടെവരുമായിരുന്നു. അപ്പോഴെല്ലാം ദാമോദരേട്ടനെ കാണുവാനും സംസാരിക്കാനും നാട്ടുകാരും വീട്ടുകാരും ധാരാളംവരും. അന്നൊക്കെ വീട്ടില്‍ നല്ലതിരക്കായിരിക്കും.

1960ല്‍ നിറമരുതൂരില്‍ വള്ളിക്കാഞ്ഞിരത്തുള്ള 'ജനത' വായനശാല ഉല്‍ഘാടനം ചെയ്തത് ദാമോദരേട്ടനായിരുന്നു. ധാരാളം ആളുകള്‍ ഏട്ടന്റെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു. ഇന്നും പലരും ദാമോദരേട്ടന്റെ പ്രസംഗത്തെപ്പറ്റി പറയാറുണ്ട്. എനിക്കും പ്രസ്തുതയോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.

തൃശൂരില്‍ കുര്യാച്ചിറയില്‍ 1970നുശേഷം പത്രപ്രവര്‍ത്തനവുമായി അദ്ദേഹം താമസമാക്കിയിരുന്നു. ഞങ്ങള്‍ എല്ലാവരും ഇടക്കിടക്ക് അവിടെ പോയി താമസിക്കും. സാഹിത്യകാരന്മാരും രാഷ്ട്രീയപ്രവര്‍ത്തകരുമായ നിരവധിപേര്‍ അവിടെ വരുമായിരുന്നു. അവര്‍ ഒന്നിച്ചുകൂടിയിരുന്നു ചര്‍ച്ചകളും മറ്റും കേള്‍ക്കാന്‍ എനിക്കും കുട്ടികള്‍ക്കും ഉണ്ണിക്കൃഷ്ണേട്ടനും സാധിച്ചു എന്നതില്‍ ഇപ്പോഴും സന്തോഷമുണ്ട്.

തൃശൂരില്‍വെച്ചാണ് വയലാര്‍ രാമവര്‍മയെ ഞാന്‍ കാണുന്നത്. ദാമോദരേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു. അമ്മ അവിടെയുള്ള ഒരു ദിവസം അദ്ദേഹം വന്നു. അമ്മ നല്ലൊരു വായനക്കാരിയായിരുന്നു. രാമായണം, ഭാഗവതം, നാരായണീയം, ഭഗവത്ഗീത തുടങ്ങി നിരവധി പുസ്തകങ്ങള്‍ അമ്മയുടെ മുതല്‍ക്കൂട്ടാണ്. അമ്മ എവിടെ പോകുന്നുവോ അവിടെയെല്ലാം ഈ ഗ്രന്ഥങ്ങളും പെട്ടിയില്‍വെച്ചുകൊണ്ടു പോകും. രാവിലെകുളി പ്രഭാതഭക്ഷണം എന്നിവ കഴിഞ്ഞാല്‍ പിന്നെ വായനയാണ്. ഇടക്കിടക്ക് തൃശൂരില്‍ വരുമ്പോള്‍ അമ്മയുമായി നല്ലൊരു സ്നേഹബന്ധം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീകൃഷ്ണഭക്തയായ അമ്മയുടെ ഭാഗവതം ഗ്രന്ഥത്തില്‍ പിന്‍പേജില്‍ ഒരു കവിത എഴുതിവെച്ചിരുന്നു. അത് ഭക്തിഗാനമാണെങ്കിലും ദാമോദരേട്ടനെപ്പോലെയുള്ള ഒരു പുത്രനെ ലഭിച്ചതിന്റെ സൂചനയും അതില്‍ കാണിച്ചിരുന്നു. ഇപ്പോള്‍ ആ ഗ്രന്ഥം എന്റെ കൈയില്‍ ഇല്ല എന്ന് ഞാന്‍ വിഷമത്തോടെ ഓര്‍ക്കുന്നു. ആദ്യകാലഘട്ടങ്ങളില്‍ തികഞ്ഞ ഗാന്ധിയ ചിന്തകനായ ദാമോദരേട്ടന്‍ വേവിച്ച ഭക്ഷണം പോലും കഴിച്ചിരുന്നില്ല എന്ന് ഉണ്ണികൃഷ്ണേട്ടന്‍ പറഞ്ഞിട്ടുണ്ട്. പഴം, ഇളനീര്‍, വേവിക്കാതെ വെള്ളത്തിലിട്ട് കുതിര്‍ത്ത പയര്‍ എന്നിവയായിരുന്നുവത്രെ ഭക്ഷണം. കീഴേടത്ത് തറവാട്ടുകാര്‍ കൂട്ടുകുടുംബമായി താമസിച്ചിരുന്ന കാലത്ത് കുളമല്‍സ്യം കഴിച്ചതിന് ഉണ്ണിക്കൃഷ്ണേട്ടന് ദാമോദരേട്ടന്റെ ശകാരവും അടിയും കിട്ടിയത്രെ. ഉണ്ണിക്കൃഷ്ണേട്ടനോട് മല്‍സ്യം കൂട്ടാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോളാണ് ഇക്കാര്യം പറഞ്ഞത്.

വളാഞ്ചേരിക്കടുത്ത് രണ്ടു മനകളുടെ തട്ടിന്‍പുറത്ത് ടി.സി. നാരായണന്‍ നമ്പ്യാരും ദാമോദരേട്ടനും ഒളിച്ചുതാമസിച്ചിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഒരിക്കല്‍ ഈ മനകള്‍ ദൂരെനിന്നു ഞാന്‍ കാണുകയുണ്ടായി.

1976 ജനുവരിയില്‍ അമ്മ മരിച്ചു. അന്ന് ദാമോദരേട്ടനും ഏട്ടത്തിഅമ്മയും കുട്ടികളും ഡല്‍ഹിയിലായിരുന്നു. വിവരം ഉടനെ അറിയിച്ചു. ദാമോദരേട്ടന്‍ ഡല്‍ഹിയില്‍ നിന്ന് എത്തി. സംസ്കാരം കഴിഞ്ഞതിനുശേഷമാണ് എത്തിയത്. അമ്മയുടെ അന്ത്യനിമിഷങ്ങളില്‍ അടുത്തുണ്ടായിരുന്ന എന്നോട് അമ്മയുടെ അവസാനനിമിഷങ്ങള്‍ എങ്ങിനെയായിരുന്നു എന്ന് പലവട്ടം ചോദിച്ചുമനസ്സിലാക്കി. ഏകാദശി വ്രതം നോറ്റിരുന്ന അമ്മ 11 മണിക്ക് പാല്‍ വാങ്ങി കുടിച്ചശേഷം 'ഞാനൊന്നു വിശ്രമിക്കട്ടെ' എന്നു പറഞ്ഞ് കിടന്ന് പത്ത് മിനിട്ടിനുള്ളില്‍ മരണം സംഭവിക്കുകയാണുണ്ടായതെന്ന് പറഞ്ഞപ്പോള്‍ 'പൂര്‍ണവിശ്രമമായി അല്ലേ?' എന്ന് എന്നോടു ചോദിച്ചു. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞശേഷമാണ് ഡല്‍ഹിക്ക് തിരിച്ചുപോയത്.
അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നതുകൊണ്ട് അമ്മയെയും അനുജന്‍മാരെയും ദാമോദരേട്ടന്‍ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. നാരായണേട്ടന്‍ ഊട്ടിയിലും, ഉണ്ണിക്കൃഷ്ണേട്ടന്‍ നാട്ടിലും. ദാമോദരേട്ടന്‍ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളില്‍. അമ്മയെ എല്ലാ പ്രദേശത്തേക്കും കൊണ്ടുപോകും. അവിടെ താമസിക്കും. നാട്ടില്‍ - തറവാട്ടില്‍ ഇങ്ങനെ.
എല്ലാവരും ഒന്നിച്ച് വീട്ടില്‍ ഒത്തുകൂടുന്നത് വിരളമാണെങ്കിലും വന്നുകഴിഞ്ഞാല്‍ ഒരു ഉല്‍സവപ്രതീതിയാണ്. ആ നല്ല നാളുകള്‍ ഇനി ഇല്ലല്ലോ എന്ന് ദുഃഖിക്കുന്നു.


 *****

വി.സി. കമലം

അധിക വായനയ്ക്ക്:
 
പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം