Wednesday, May 21, 2014

മന്‍മോഹന്റെ അനുഭവം ഉമ്മന്‍ചാണ്ടിക്കും ബാധകം

നവലിബറല്‍ നയങ്ങള്‍ പത്തുകൊല്ലം ആവേശത്തോടെ നടപ്പാക്കിയതിന്റെ ഫലമാണ് യുപിഎ ഭരണത്തിന്റെ താരതമ്യമില്ലാത്ത തകര്‍ച്ച. അതേയുപിഎയുടെ കേരളപ്പതിപ്പായ യുഡിഎഫ് സര്‍ക്കാര്‍ ആ തകര്‍ച്ചയുടെ കാരണങ്ങള്‍ കാണുന്നതേയില്ല. രാജ്യത്താകെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ പിടിച്ചുനില്‍ക്കാനായത് ഉമ്മന്‍ചാണ്ടിയില്‍ ആശ്വാസമല്ല, ജനവിരുദ്ധനയങ്ങളില്‍ മുറുകെപ്പിടിക്കാനുള്ള ആക്രാന്തമാണ് സൃഷ്ടിക്കുന്നത്. നയങ്ങളുടെ മാഹാത്മ്യംകൊണ്ടല്ല, നെറികെട്ട രാഷ്ട്രീയദുരാചാരങ്ങളുടെ ബലത്തിലാണ് തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് പിടിച്ചുനില്‍ക്കാനായത് എന്ന യാഥാര്‍ഥ്യം മറന്ന്, ജനങ്ങളെ വെല്ലുവിളിക്കാനാണ് ഉമ്മന്‍ചാണ്ടി മുതിരുന്നത്. ആരോഗ്യവും വിദ്യാഭ്യാസവും കുടിവെള്ളവും ഉള്‍പ്പെടെ സര്‍ക്കാര്‍സേവനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അതിന് തെളിവാണ്.

പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ബാധ്യസ്ഥമായ 22 വകുപ്പുകളുടെ പ്രവര്‍ത്തനം സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും വില ഈടാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബസ്ചാര്‍ജ് വര്‍ധനയും വൈദ്യുതി താരിഫ് വര്‍ധനയുമെല്ലാം ജനങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കെയാണ്, സര്‍ക്കാരിനെത്തന്നെ കച്ചവടസ്ഥാപനമാക്കി മാറ്റുന്ന പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നത്. കുടിവെള്ളത്തിന് വില കുതിച്ചുയരുന്നതും നാടാകെ ടോള്‍ പിരിവുബൂത്തുകള്‍ സ്ഥാപിക്കുന്നതുമാണ് ഈ നയം. വിഷന്‍ 676ന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പുതിയ പ്രഖ്യാപനങ്ങളാകെ ഇതിന്റെ ചുവടുപിടിച്ചാണ്. കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനും നദികളും പുഴകളും കുത്തകകള്‍ക്ക് തീറെഴുതാനും കേരളത്തിലും നീക്കം തുടങ്ങിയത് ഉമ്മന്‍ചാണ്ടി ആദ്യമായി മുഖ്യമന്ത്രി ആയപ്പോഴാണ്. ആ നീക്കം വിജയിച്ചില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി അക്കാര്യവും ഉറപ്പിക്കുകയാണ്. കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അകമ്പടിയോടെയാണ് എമെര്‍ജിങ് കേരള- 2012 അവസാനിച്ചത്്. കുടിവെള്ളം വില്‍ക്കാന്‍ കമ്പനി രൂപീകരിച്ച് 26 ശതമാനം ഓഹരി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയശേഷം ബാക്കി സ്വകാര്യവ്യക്തികള്‍ക്കോ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ രണ്ടിനുംകൂടിയോ നല്‍കുന്ന മാതൃകയാണിത്. ഇപ്പോള്‍ കുടിവെള്ളവിതരണത്തിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. സ്വകാര്യകമ്പനി വന്നാല്‍ നഷ്ടംസഹിച്ച് താഴ്ന്നവിലയ്ക്ക് കുടിവെള്ളം നല്‍കാനാകില്ല. കുടിവെള്ളചാര്‍ജ് കുത്തനെ ഉയര്‍ത്തും. ""വെള്ളത്തിന്റെ വില താഴ്ന്നതുകൊണ്ടാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്; വില ഗണ്യമായി ഉയര്‍ത്തിയാല്‍ ആവശ്യത്തിനേ ചെലവാക്കൂ; പാവപ്പെട്ടവര്‍ ആവശ്യം ചുരുക്കി വരുമാനത്തിനുള്ളില്‍നിന്ന് ജീവിക്കാന്‍ പഠിക്കും."" എന്ന മന്‍മോഹന്‍ നയമാണ് നടപ്പാക്കുന്നത്.

സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ട്രെയിന്‍യാത്രയും ബസ്യാത്രയുമൊന്നും ജനങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയുന്നതല്ല. നിത്യജീവിതത്തിന്റെ ഭാഗമാണ്. ബസില്‍ സഞ്ചരിക്കുന്ന ഭൂരിപക്ഷം യാത്രക്കാരും സാധാരണക്കാരാണ്. അവരുടെ യാത്രാസൗകര്യം നിഷേധിക്കുന്നതും വെട്ടിച്ചുരുക്കുന്നതും ജനദ്രോഹമാണ്. കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്സിഡി നിഷേധിച്ച് മന്‍മോഹന്‍സര്‍ക്കാര്‍ കടുത്ത ജനദ്രോഹമാണ് ചെയ്തത്. ആ സ്ഥാപനത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള ചെറുവിരലനക്കംപോലും നടത്താതെ, യാത്രക്കാരില്‍ ഭാരം കയറ്റിവച്ച് സ്വന്തം കടമയില്‍നിന്ന് മാറിനില്‍ക്കുകയാണ് സര്‍ക്കാര്‍.

വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണവും സൗജന്യകണക്ഷനുകളും നിര്‍ത്തി. എല്‍ഡിഎഫ് ഭരണകാലത്ത് 85 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവെങ്കില്‍, ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തുമാത്രമാണ് ആ ലക്ഷ്യം കൈവരിച്ചത്. ഉപയോക്താക്കളുടെ വര്‍ധനയ്ക്കനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. വിരമിക്കുന്നവര്‍ക്കുപകരം നിയമനവും നടക്കുന്നില്ല. ജീവനക്കാരുടെ കുറവും സാധനസാമഗ്രികളുടെ ലഭ്യതയില്ലായ്മയും എല്ലാംചേര്‍ന്ന് ഉപഭോക്തൃസേവനം താറുമാറാക്കി. അങ്ങനെ കഴിവുകേട് തെളിയിച്ച് നില്‍ക്കുമ്പോഴാണ് അമിതമായ ചാര്‍ജ്വര്‍ധന കൊണ്ടുവരുന്നത്. ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റ്, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചിന്‍- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി തുടങ്ങി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച ഒരു പദ്ധതിയും മുന്നോട്ടുനീങ്ങിയിട്ടില്ല. ഇടയ്ക്കിടെ മന്ത്രിപ്പട ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ട് പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴിച്ചാല്‍, ഒന്നും പ്രാവര്‍ത്തികമായില്ല.

കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി ഉണ്ടായില്ല. കേരളത്തില്‍ കേന്ദ്രത്തിന്റെ വികസനപദ്ധതികള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയായിരിക്കെ എ കെ ആന്റണിതന്നെ പരസ്യമായി പ്രഖ്യാപിച്ച അനുഭവമുണ്ട്. ഇനി കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാരാണ്. കേരളത്തില്‍നിന്ന് പോയ എട്ട് കേന്ദ്രമന്ത്രിമാര്‍ അധികാരമൊഴിഞ്ഞ് തിരിച്ചെത്തി. കോണ്‍ഗ്രസ് രാജ്യവ്യാപകമായി തകര്‍ന്നു. എന്നിട്ടും ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങള്‍ കാണാതെ ജനങ്ങളെ കൊള്ളയടിക്കാനുള്ള പദ്ധതികളാണ് ഉമ്മന്‍ചാണ്ടിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത് എന്നത് ആശ്ചര്യംതന്നെ. എക്കാലത്തും വോട്ടുബാങ്കുകളുടെ ബലത്തില്‍ രക്ഷപ്പെടാമെന്ന അഹങ്കാരമെന്നല്ലാതെ ഇതിനെ മറ്റൊരു പേര് വിളിക്കാനാകില്ല. കേരളത്തിലെ ജനങ്ങള്‍ എന്തും സഹിക്കുന്നവരാണെന്ന തെറ്റായ ബോധമാണ് ഇതിനുപിന്നില്‍. യുപിഎ സര്‍ക്കാരിന് അത്തരം തെറ്റുകള്‍ ബോധ്യപ്പെടാന്‍ സഹതാപാര്‍ഹമായ അനുഭവം ഏറ്റുവാങ്ങേണ്ടിവന്നുവെങ്കില്‍, അതേവിധിതന്നെയാണ് യുഡിഎഫിനെയും കാത്തിരിക്കുന്നത് എന്നതില്‍ തെല്ലും സംശയം വേണ്ട. ജനവിരുദ്ധനയങ്ങളില്‍നിന്ന് പിന്മാറുക; അല്ലെങ്കില്‍ ജനരോഷം ഏറ്റുവാങ്ങുക എന്ന മാര്‍ഗമേ ഉമ്മന്‍ചാണ്ടിക്കുമുന്നിലുള്ളൂ.
*
ദേശാഭിമാനി മുഖപ്രസംഗം 21-05-2014

No comments: