Wednesday, May 7, 2014

മുല്ലപ്പെരിയാര്‍: ഉല്‍ക്കണ്ഠ ഉളവാക്കുന്ന വിധി

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ദൗര്‍ഭാഗ്യകരമായ വിധിയാണ് സുപ്രീംകോടതിയില്‍നിന്നുണ്ടായത്. കേരളത്തിന് അണക്കെട്ടിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങളിലുള്ള ന്യായമായ ഉല്‍ക്കണ്ഠ സുപ്രീംകോടതി കണക്കിലെടുത്തു എന്നു പറയാനാവില്ല. ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നത് കേരളം ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ടതുണ്ട്. സുപ്രീംകോടതിയെ സമഗ്രമായി വസ്തുതകള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടണം. 2006ലെ വിധിയാണ് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ആദ്യം തിരിച്ചടിയുണ്ടാക്കിയത്. 2001-2006 ഘട്ടത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥയും അലംഭാവവുംമൂലമാണ് അന്ന് പ്രതികൂല വിധിയുണ്ടായത്. ആ സര്‍ക്കാര്‍ പ്രശ്നം ഗൗരവത്തിലെടുക്കുകയോ വാദമുഖങ്ങള്‍ ഫലപ്രദമാംവിധം രൂപപ്പെടുത്തി അവതരിപ്പിക്കുകയോ ചെയ്തില്ല.

എന്നാല്‍, പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ തുടര്‍ന്നുവന്ന ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. ആ പ്രക്രിയയുടെ തുടര്‍ച്ചയായാണ് ഡാം സേഫ്റ്റി അതോറിറ്റി നിയമം കൊണ്ടുവന്നതും ജലവിതാനം 136 അടിയാക്കി നിജപ്പെടുത്തിയതും. എന്നാല്‍, അതിന്റെ സാധുതയെ തമിഴ്നാട് പിന്നീട് ചോദ്യംചെയ്തു; കോടതിയിലെത്തി. അങ്ങനെയുണ്ടായ കേസിലാണ് ഈ വിധിയുണ്ടായത്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ 2006ലെ വിധിക്കുമേല്‍ കെട്ടിപ്പൊക്കിയ മറ്റൊരു വിധിയാണിത്.

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഭരണകാലത്തെ ഇടപെടലിന്റെ ഫലമായാണ് വിദഗ്ധസമിതി നിയോഗിക്കപ്പെട്ടതും മറ്റും. എന്നാല്‍, ആ വിദഗ്ധസമിതി പ്രവര്‍ത്തനം തുടരുന്നതിനിടെ കേരളത്തിലെ ഭരണം മാറി. വീണ്ടും യുഡിഎഫ് ഭരണം വന്നു. യാഥാര്‍ഥ്യങ്ങള്‍ വിദഗ്ധസമിതിയെ ബോധ്യപ്പെടുത്തുന്നതിന് ഒരു നീക്കവും പിന്നീടുണ്ടായില്ല. സമരപ്പന്തലിലെ ആവേശത്തള്ളിച്ചയൊന്നും കേസ് നടത്തിപ്പിലോ വിദഗ്ധസമിതിക്കുമുമ്പില്‍ വാദങ്ങള്‍ നിരത്തുന്ന കാര്യത്തിലോ കണ്ടില്ല എന്നു ചുരുക്കം. അതിന്റെ ദുരന്തഫലംകൂടിയാണ് ഈ വിധി എന്നത് കാണാതിരിക്കാനാവില്ല.

അണക്കെട്ടിന്റെ സുരക്ഷാപ്രശ്നംപോലും സുപ്രീംകോടതിയെ ഫലപ്രദമായി ധരിപ്പിക്കുകയുണ്ടായില്ല. വിദഗ്ധസമിതിയെ ബോധ്യപ്പെടുത്തുന്നതിലെ വീഴ്ച കോടതിയെ ബോധ്യപ്പെടുത്തുന്നതിലും ഉണ്ടായി. അമ്പതുവര്‍ഷത്തേക്ക് എന്നുദ്ദേശിച്ച് നിര്‍മിച്ച അണക്കെട്ടാണിത്. ഇപ്പോള്‍ 120 വര്‍ഷം കഴിഞ്ഞു. ആധുനിക നിര്‍മാണ സാമഗ്രികളോ സംവിധാനങ്ങളോ ഉപയോഗിച്ചല്ല, ശര്‍ക്കരയും സുര്‍ക്കിയും ഒക്കെക്കൊണ്ടുണ്ടാക്കിയ അണക്കെട്ടാണിത്. അതിന്റെ പലയിടത്തും ഘടനാപരമായ തകരാറുകളുണ്ടായി; ചോര്‍ച്ചയുണ്ടായി; തേപ്പ് അടര്‍ന്നുവീഴുന്ന നിലയുണ്ടായി. ഇതുവല്ലതും ഫലപ്രദമായി വിദഗ്ധസമിതിക്കുമുമ്പിലോ കോടതിയിലോ അവതരിപ്പിച്ചോ?

വിദഗ്ധസമിതിക്കു പേരില്‍ വൈദഗ്ധ്യമുണ്ടെങ്കിലും അണക്കെട്ട് നിര്‍മാണ വിദഗ്ധരുള്‍പ്പെട്ട സമിതിയൊന്നുമല്ല അത്. വിഷയത്തില്‍ പ്രാഗത്ഭ്യമുള്ളവരെ കൊണ്ടുവന്ന് പരിശോധിപ്പിച്ച് ഒരു റിപ്പോര്‍ട്ടുണ്ടാക്കിച്ചുകൊടുക്കാന്‍ കഴിഞ്ഞോ? അന്തര്‍സംസ്ഥാന നദിയാണ് പെരിയാര്‍ എന്ന തമിഴ്നാടിന്റെ വാദം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി ഈ നിലപാടിലേക്ക് ചെന്നെത്തിയത് ചില കേന്ദ്രങ്ങളില്‍ കേരള സര്‍ക്കാര്‍ തന്നെ അങ്ങനെ കരുതാന്‍ വേണ്ട സൂചനകള്‍ നല്‍കിയതുകൊണ്ടാണ്. പെരിയാര്‍ കേരളത്തിന്റെ നദിയാണെന്നതു സ്ഥാപിക്കാന്‍ കഴിഞ്ഞോ? പുതിയ അണക്കെട്ട് നിര്‍മാണം തമിഴ്നാടിനുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല എന്നാണ് കോടതി പറഞ്ഞത്. അണക്കെട്ടിന്റെ ഗുരുതരാവസ്ഥ മുന്‍നിര്‍ത്തി നേരത്തെതന്നെ തമിഴ്നാടുമായി സംസാരിച്ച് ഒരു സമവായത്തിലെത്തിയിരുന്നെങ്കില്‍ "അടിച്ചേല്‍പ്പിക്കലിന്റെ പ്രശ്നം" വരുമായിരുന്നില്ല. ആ വഴിക്ക് എന്തെങ്കിലും നീക്കം നടത്തിയോ? ഇടയ്ക്കിടെ ഭൂകമ്പമുണ്ടാവുന്ന സോണ്‍ ത്രീ മേഖലയിലാണ് ഡാം നില്‍ക്കുന്നത്. ഇതിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്താന്‍ എന്തെങ്കിലും ചെയ്തോ? ഒന്നും ഉണ്ടായില്ല. ഏതായാലും സുപ്രീംകോടതി വിധിയോടെ കേരളത്തിന്റെ മുമ്പിലെ മിക്കവാറും വാതിലുകളെല്ലാം അടഞ്ഞിരിക്കുന്നു. പുനഃപരിശോധനാഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാം എന്നു വേണമെങ്കില്‍ സാങ്കേതികമായി പറയാം. എന്നാല്‍, ദീര്‍ഘകാലമെടുത്ത് അഞ്ചംഗഭരണഘടനാ ബെഞ്ച് എടുത്ത തീരുമാനം ഒരുറിവ്യൂ ഹര്‍ജികൊണ്ട് അസ്ഥിരപ്പെടുമെന്ന് കരുതാനാവുമോ? പുതിയ അടിസ്ഥാനങ്ങളുമായി ചെന്നാല്‍, വാദത്തിന്റെ ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഇതൊക്കെ അവതരിപ്പിക്കാമായിരുന്നില്ലേ എന്ന ചോദ്യം കോടതിയില്‍നിന്നുയരില്ലേ? അപ്പോള്‍ എന്തു മറുപടി പറയും? തീര്‍പ്പ് കല്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ വാദത്തിനിടെ വരേണ്ട വാദവും രേഖയും ഇനി കൊണ്ടുചെന്നാല്‍ ഫലിക്കുമോ?

ഉല്‍ക്കണ്ഠകള്‍ ഏറെയാണ്. ഇങ്ങനെ നോക്കുമ്പോള്‍ മൂന്നംഗ വിദഗ്ധസമിതിയെ സമീപിക്കാം എന്നതു മാത്രമാണ് ആശ്വാസം. ആ ആശ്വാസത്തിന് അടിസ്ഥാനമുണ്ടോ? കേന്ദ്രജല കമീഷന്‍ അധ്യക്ഷന്‍ ചെയര്‍മാനും കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ അംഗവുമാണ് കമീഷനിലുള്ളത്. കേന്ദ്രജല കമീഷന്‍ ഈ കേസിന്റെ ഒരു ഘട്ടത്തിലും കേരളത്തിന് അനുകൂലമായ ചെറിയ നിലപാടുപോലും എടുത്തിട്ടില്ല. ഒരു അനുഭാവവും കാട്ടിയിട്ടില്ല. ജലകമീഷന്‍ നിലപാട് മാറുമെന്നു കരുതാനാവില്ല. തമിഴ്നാടിന്റെ പ്രതിനിധിയുടെ നിലപാട് വ്യക്തമാണ് താനും. ഇവരിരുവരും ചേര്‍ന്നാല്‍ വിദഗ്ധസമിതിയില്‍ ഭൂരിപക്ഷവുമായി! അപ്പോള്‍ ആ വഴിക്കും ഏറെയൊന്നും പ്രതീക്ഷിക്കാനില്ല. പരാതി പറയാനല്ലാതെ ഒന്നിനും കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ് യുഡിഎഫ് ഭരണം.

ജലനിരപ്പ് 142 അടിയായി ഉയരും. പുതിയ അണക്കെട്ട് എന്ന സങ്കല്‍പ്പം നടക്കാതെ വരും. അറ്റകുറ്റപ്പണി നടത്താന്‍പോലും കേരളത്തിനാവില്ല എന്നു വരും. സംസ്ഥാന നിയമം റദ്ദായിക്കഴിഞ്ഞു. നിസ്സഹായമായ നിലയാണിത്. ഏതായാലും റിവ്യൂപെറ്റീഷനൊപ്പം തമിഴ്നാടുമായി ചര്‍ച്ചകൂടെ നടക്കട്ടെ. 142 അടിയിലേക്ക് ജലനിരപ്പുയര്‍ത്താതെ സഹായിക്കാന്‍ അവരോട് അഭ്യര്‍ഥിക്കട്ടെ. 40 ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നമാണ് നാലടി വെള്ളത്തിന്റേത് എന്നുപറയട്ടെ!

ഈ ഘട്ടത്തില്‍ ആവേശത്തിന്റെ ആളിപ്പടരല്‍ പലയിടത്തും ഉണ്ടാവുന്നതിന്റെ സൂചനകള്‍ കാണുന്നുണ്ട്. തമിഴ്നാട്ടിലുള്ളവര്‍ കേരളത്തിലുള്ളവരുടെയും കേരളത്തിലുള്ളവര്‍ തമിഴ്നാട്ടിലുള്ളവരുടെയും സഹോദരങ്ങളാണ് എന്നതു മറന്നുകൂടാ. തമിഴരാണ് ശത്രുക്കള്‍ എന്ന മനോഭാവം വളര്‍ന്നുകൂടാ. രാജ്യത്തെ ആഭ്യന്തരകലഹത്തിലൂടെ ഛിദ്രമാക്കാന്‍ കാത്തു നില്‍ക്കുന്നവരുടെ കൈയിലെ പന്തങ്ങളായി ആരും മാറിക്കൂടാ. അതുകൂടി ഓര്‍മിപ്പിക്കട്ടെ.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: