Saturday, December 29, 2007

ജീവിതരേഖ - പി സി ജോഷി

ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ പ്രഥമ ജനറല്‍ സെക്രട്ടറി പി സി ജോഷിയുടെ ജന്മശതാബ്ദിവര്‍ഷമാണ് 2007. ഈ സന്ദര്‍ഭത്തില്‍ ജോഷിയുടെ ജീവിതത്തിലേക്കും സംഭാവനയിലേക്കും ഒരെത്തിനോട്ടം.


ഇന്നത്തെ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഉള്‍പ്പെടുന്ന പഴയ രേവാ നാട്ടുരാജ്യത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന പണ്ഡിറ്റ് ഹര്‍ നന്ദന്‍ ജോഷിയുടെയും മാലതിദേവിയുടെയും മകനായി 1907 ഏപ്രില്‍ 14ന് അല്‍മോറയിലാണ് പി സി ജോഷി ജനിച്ചത്. പിതാവ് ഹര്‍ നന്ദന്‍ ചെറുപ്പത്തില്‍ത്തന്നെ നദിയില്‍ മുങ്ങിമരിക്കുകയാണുണ്ടായത്. ക്ഷയരോഗം പിടിപെട്ട് മാതാവും അകാലത്തില്‍ മരിച്ചു. ഏക സഹോദരിയും മാതൃശുശ്രൂഷക്കിടയില്‍ ക്ഷയരോഗം പടര്‍ന്ന് മരണമടഞ്ഞതോടെ കുഞ്ഞുന്നാളിലേ അനാഥത്വത്തിന്റെ നിഴല്‍ ജോഷിയില്‍ പതിഞ്ഞു.

പുരണ്‍ചന്ദ്ര ജോഷിയെന്ന പി സി ജോഷി പിന്നീട് അമ്മാവന്മാരുടെയും ബന്ധുക്കളുടെയും കൂട്ടുകുടുംബസംവിധാനത്തിലാണ് വളര്‍ന്നത്. അല്‍മോറയില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും മീററ്റില്‍നിന്ന് മെട്രിക്കുലേഷനും പാസായ ജോഷി ഉന്നതവിദ്യാഭ്യാസത്തിനായി അലഹബാദിലെത്തി. അന്നത്തെ സ്വപ്നതുല്യമായ ഐസിഎസുകാരെ വാര്‍ത്തെടുക്കുന്ന അലഹബാദ് യൂണിവേഴ്സിറ്റിയില്‍നിന്ന് 1929ല്‍ എംഎ എല്‍എല്‍ബി ബിരുദം നേടി.

അധ്യാപനരംഗത്തെ അതിവിശിഷ്ട വ്യക്തികളായ താരാചന്ദ്, ബേനിപ്രസാദ്, ആര്‍ പി ത്രിപാഠി, ഈശ്വരിപ്രസാദ് എന്നിവരുടെ ശിക്ഷണം ജോഷിയിലെ ചരിത്രബോധത്തെ തട്ടിയുണര്‍ത്തി ദേശീയബോധത്തിലേക്ക് വഴിതിരിച്ചുവിട്ടു. 1857 റിബല്യന്‍ സംബന്ധിച്ച ജോഷിയുടെ വിഖ്യാത മാസ്റ്റര്‍പീസ് കൃതിക്ക് പ്രേരകമായ ബീജം ഇവിടെനിന്നാണ് മുളച്ചുപൊന്തിയത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു അലഹബാദ്. പാരമ്പര്യവാദികളായ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയെപ്പോലുള്ളവര്‍ ഒരുഭാഗത്തും ആധുനിക മതേതരവാദികളെന്നറിയപ്പെട്ട മോത്തിലാല്‍ നെഹ്റുവിഭാഗം മറുഭാഗത്തുമായി അലഹബാദിലെ ബുദ്ധിജീവികള്‍ വേര്‍തിരിഞ്ഞിരുന്നു. മോത്തിലാല്‍ ഗ്രൂപ്പിനോട് ചേര്‍ന്നുനിന്ന ജോഷി 1925ഓടെ ഖദര്‍ധാരിയായ ദേശീയവാദിയായി മാറി. ഒരുവര്‍ഷത്തിനകം ഭഗത്‌സിങ് സ്ഥാപിച്ച നൌ ജവാന്‍ ഭാരത് സഭയുടെ സജീവപ്രവര്‍ത്തകനായി മാറി.

തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു പ്രസിഡന്റായിരുന്ന അലഹബാദ് യൂത്ത് ലീഗില്‍ അംഗമായി. ആനന്ദഭവന്‍ മാതൃകയില്‍ പഠന വാദപ്രതിവാദങ്ങളില്‍ മുഴുകിയിരുന്ന ഉല്‍പ്പതിഷ്ണുക്കളുടെ സംഘമായിരുന്നു അത്. അന്തര്‍മുഖനും സദാ ചിന്തയില്‍ മുഴുകിയിരുന്നവനുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1927ല്‍ ബ്രസല്‍സില്‍ ചേര്‍ന്ന കോളനിവിരുദ്ധ സമ്മേളനത്തിനും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനത്തിനും ശേഷം ആവേശഭരിതനായ വിപ്ലവകാരിയായ ഉല്‍പ്പതിഷ്ണുവായി മാറിയെന്ന് ജോഷി പറയുന്നു. ഇന്ത്യന്‍ ജനതയ്ക്കായി സോവിയറ്റ് സന്ദര്‍ശനത്തിന്റെ ഒരു സന്ദേശം നെഹ്റുവിനുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ അവ്യക്തത നിറഞ്ഞ സ്വരാജില്‍നിന്നു വ്യത്യസ്തമായ പൂര്‍ണ സ്വാതന്ത്ര്യമെന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ വികാരനിര്‍ഭരമായ മുദ്രാവാക്യം ജോഷിയുടെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ഗാര്‍ഗി ചക്രവര്‍ത്തി പറയുന്നു. എന്നാല്‍ 1928ലെ കല്‍ക്കത്താ കോണ്‍ഗ്രസ് സമ്മേളനത്തിലെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിലപാട് അദ്ദേഹത്തില്‍ നിരാശയുണര്‍ത്തി. മോത്തിലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപീകൃതമായിരുന്ന സര്‍വകക്ഷിസമിതിയുടെ റിപ്പോര്‍ട്ട് സാമുദായികമായ ഒരു നീക്കുപോക്കായിരുന്നു. പൂര്‍ണസ്വാതന്ത്ര്യമെന്ന കാഴ്ചപ്പാട് ഉപേക്ഷിച്ച് ഡൊമിനിയന്‍പദവിക്കുവേണ്ടി ബ്രിട്ടീഷുകാരുമായി സന്ധിചെയ്യുന്നതായിരുന്നു റിപ്പോര്‍ട്ട്. ദേശീയ നേതൃത്വത്തിലെ മുസ്ലീങ്ങളുടെ ആവശ്യങ്ങളെ കര്‍ക്കശമായി നിരാകരിക്കുന്ന ഹിന്ദുമഹാസഭയുടെ നിലപാട് ദേശീയ മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുകയും നിസ്സഹായരാക്കുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്റു ഇതിനെ എതിര്‍ക്കുമെന്ന് പി സി ജോഷി പ്രതീക്ഷിച്ചെങ്കിലും സീനിയര്‍ നേതാക്കളുടെ സമ്മര്‍ദത്തിനു ജവഹര്‍ലാല്‍ വഴങ്ങുകയാണുണ്ടായത്. ഇത് ജോഷയില്‍ മാത്രമല്ല, അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് രൂപീകരണത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന യുവാക്കളിലാകെ വിശ്വാസത്തകര്‍ച്ച ഉണ്ടാക്കി.

ഈ സമയത്താണ് അല്‍മോറയില്‍നിന്നുതന്നെയുള്ള കൊല്‍ക്കത്തയിലെ തൊഴിലാളി യൂണിയന്‍ നേതാവ് അഫ്‌താബ് അലിയെ കണ്ടുമുട്ടുന്നതും ഒളിച്ചുകടത്തിയ രജനി പാം ദത്തിന്റെ 'മോഡേണ്‍ ഇന്ത്യ'യും എം എന്‍ റോയിയുടെ 'ഫ്യൂച്വര്‍ ഓഫ് ഇന്ത്യാ പൊളിറ്റിക്സും' ലഭിക്കുന്നതും. രജനി പാം ദത്ത് അദ്ദേഹത്തെ നന്നായി സ്വാധീനിക്കുകയും തുടര്‍ന്നുള്ള കാലത്ത് വഴികാട്ടിയായി മാറുകയും ചെയ്തു. അദ്ദേഹമെഴുതി:'ആര്‍ പി ഡി ഞങ്ങളുടെ അധ്യാപകനും വഴികാട്ടിയുമായി. അദ്ദേഹത്തിന്റെ 'മോഡേണ്‍ ഇന്ത്യ' പാഠപുസ്തകവും, 'ലേബര്‍ മന്ത്‌ലി' ദൈനംദിന പ്രവര്‍ത്തനത്തിന്റെ വഴികാട്ടിയുമായി. തുടര്‍ന്ന് വിദ്യാര്‍ഥികളെയും യുവ കമ്യൂണിസ്റ്റുകാരെയും പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ടിയില്‍ (സിപിഐയുടെ നിയമവിധേയ സംഘടന) അണിനിരത്തുന്ന ജോലി ഏറ്റെടുത്തുകൊണ്ട് രാഷ്ട്രീയ പോരാട്ടത്തിന്റെ കമ്യൂണിസ്റ്റ്പഥം അദ്ദേഹം തുറന്നു. 1928 സെപ്തംബറില്‍ ചേര്‍ന്ന പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ടിയുടെ മീററ്റ് സമ്മേളനത്തില്‍വച്ച് പി സി ജോഷി ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ മാമ്മോദീസയായി കരുതപ്പെടുന്നു. ഇന്ത്യയില്‍ തൊഴിലാളിസമരങ്ങള്‍ വര്‍ധിച്ചുവരികയും ജംഷഡ്പുര്‍, ബോംബെ, കല്‍ക്കത്ത എന്നിവിടങ്ങളില്‍ പണിമുടക്കുകള്‍ തുടര്‍ച്ചയാകുകയും ചെയ്തതോടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് പബ്ലിക് സേഫ്റ്റി നിയമം കൊണ്ടുവരികയും 1929ലെ ട്രേഡ് ഡിസ്‌പ്യൂട്ട് ആക്ട് പ്രകാരം തൊഴിലാളിസമരങ്ങള്‍ നിരോധിക്കുകയും ചെയ്തുതുടങ്ങി. തൊഴിലാളി നേതാക്കളെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചുതുടങ്ങുകയും ചെയ്തു.

1929 മാര്‍ച്ച് 20ന് അറസ്റ്റ്ചെയ്യപ്പെട്ട 31 പേരെ പ്രതിചേര്‍ത്ത് എടുത്ത കേസാണ് പിന്നീട് മീററ്റ് ഗൂഢാലോചന കേസ് എന്ന പേരില്‍ പ്രസിദ്ധമായത്. ഇതിലെ ഏറ്റവും പ്രായംകുറഞ്ഞ ആളായിരുന്നു ഇരുപത്തിരണ്ടുകാരനായ പി സി ജോഷി. മീററ്റ് ഗൂഢാലോചനകേസില്‍ പ്രതികള്‍ക്കുവേണ്ടി സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കിയിരുന്നതും, അപേക്ഷകള്‍ തയ്യാറാക്കിയിരുന്നതും ജോഷിയായിരുന്നു. നിയമബിരുദധാരികൂടിയായിരുന്ന ജോഷിയുടെ അക്കാദമിക് മികവും സുസംഘടിതവും കുറ്റമറ്റതും തെളിമയാര്‍ന്നതുമായ ഉള്‍ക്കാഴ്ചകൊണ്ട് ഗംഭീരമായതുമായ വാദമുഖങ്ങള്‍ കോടതിയുടെപോലും പ്രശംസ പിടിച്ചുപറ്റി. പ്രശസ്ത പാര്‍ലമെന്റേറിയനായ ഹിരണ്‍ മുഖര്‍ജി പറയുന്നു: 'മീററ്റ് ഗൂഢാലോചനകേസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായ ജോഷിയുടെ അപൂര്‍വമായ ശൈലിയും ഭാഷാശുദ്ധിയും നിറഞ്ഞ ഇംഗ്ളീഷ് ബ്രിട്ടീഷ് ജഡ്ജിയെപ്പോലും അത്ഭുതപ്പെടുത്തി'.

കൈവയ്ക്കുന്ന മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിക്കുന്ന അദ്ദേഹം ജയില്‍ജീവിതത്തിലും തന്റേതായ ഒരു സ്ഥാനമുണ്ടാക്കി. രേഖകള്‍ തയ്യാറാക്കുന്നതിലെ വൈദഗ്ദ്യം, ലളിതമായ ജീവിതം, പെരുമാറ്റം, അച്ചടക്കം എന്നീ കാര്യങ്ങളില്‍ അദ്ദേഹം മാതൃകയായിരുന്നു. 1930-34 കാലത്തെ നിയമലംഘന പ്രസ്ഥാനത്തോടുള്ള സമീപനത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതായി ജോഷി പറയുന്നു. കോണ്‍ഗ്രസിന്റെ നിയമലംഘനസമരത്തിലെ ജനസ്വാധീനം മനസ്സിലാക്കാതെ അതിനെ തള്ളിപ്പറഞ്ഞത് മുഖ്യധാരാ ദേശീയസമരത്തില്‍നിന്ന് കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തിക്കളഞ്ഞതായി ജോഷി വിലയിരുത്തുന്നുണ്ട്. ദേശ്‌പാണ്ഡെയെയും ബി ടി രണദിവെയെയും കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറയുന്നു: 'കമ്യൂണിസ്റ്റ്പാര്‍ടിയുടെ 1930-34കളിലെ രാഷ്ട്രീയ ബാലാരിഷ്ടതകള്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടിവന്നത്. പാര്‍ടിയിലെ ആദ്യത്തെ ഭിന്നിപ്പാണ് 1934ലെ ഈ നിലപാട്'. പലപ്പോഴും കോണ്‍ഗ്രസിന്റെ നിയമലംഘനപ്രസ്ഥാനത്തോട് യോജിക്കാത്ത പാര്‍ട്ടിലൈനിനോട് ജോഷിക്ക് യോജിപ്പുണ്ടായിരുന്നില്ല. പൂര്‍ണസ്വാതന്ത്യമെന്ന കമ്യൂണിസ്റ്റ് നിലപാടിനോട് യോജിക്കാതെ ആടിക്കളിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് കമ്യൂണിസ്റ്റുകാര്‍ക്ക് ഒട്ടേറെ പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്നതായിരുന്നു കൊമിന്റേണിന്റെ (കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ) ആറാം കോണ്‍ഗ്രസ് തീരുമാനം.

ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും വര്‍ധമാനമായ ഭീഷണിക്കെതിരെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ ഐക്യമുന്നണിയെന്ന കോമിന്റേണ്‍ ഏഴാംകോണ്‍ഗ്രസ് (1935) പ്രമേയം പാര്‍ടി സമീപനത്തില്‍ മാറ്റംവരുത്തി. ലോകമാകെ അതിസങ്കീര്‍ണമായൊരു രാഷ്ട്രീയപരിതഃസ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഇരുപത്തെട്ടുകാരനായ പി സി ജോഷി നിശ്ചയിക്കപ്പെടുന്നത്. കല്‍ക്കത്തയില്‍ പാര്‍ട്ടികേന്ദ്രം സ്ഥാപിക്കുകയും ഇന്ത്യയാകെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വര്‍ധമാനമായ ശ്രമമാരംഭിക്കുകയും ചെയ്തു.

ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എഐവൈഎഫ്) പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ), ഓള്‍ ഇന്ത്യാ കിസാന്‍സഭ എന്നീ സംഘടനകള്‍ രൂപീകൃതമായി. ജോഷി പ്രതിഭാശാലിയായ സംഘാടകനെന്നു തെളിയിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ഇവ. പ്രത്യയശാസ്ത്ര നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതിരിക്കുകയും പ്രതിപക്ഷ ബഹുമാനം വച്ചുപുലര്‍ത്തുകയുംചെയ്ത നേതാവായിരുന്നു ജോഷി. സാമ്രാജ്യത്വവിരുദ്ധ വിശാലമുന്നണിയെന്ന നിലയില്‍ എഐടിയുസിയും കിസാന്‍സഭയും കോണ്‍ഗ്രസില്‍ അഫിലിയേറ്റ്ചെയ്യുന്ന കാര്യം 1936ല്‍ ലഖ്‌നൌ കോണ്‍ഗ്രസ് വേദിയില്‍വച്ച് ജോഷി നെഹ്റുവുമായി ചര്‍ച്ചചെയ്തു. ഇക്കാര്യം മഹാത്മജിയുമായി ചര്‍ച്ചചെയ്യാനായി നെഹ്റു ജോഷിയുമായി ഗാന്ധിജിയെ കണ്ടു. ഗാന്ധിജി സമ്മതിച്ചുവെങ്കിലും പട്ടേലിന്റെ സമ്മതം വേണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ പട്ടേലിനെ കണ്ട ജോഷിയോട് അദ്ദേഹം പറഞ്ഞുവത്രേ; കമ്യൂണിസ്റ്റുകാര്‍ ഒന്നുകില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ കൃഷിക്കാരുടെയും തൊഴിലാളികളുടെയും അഫിലിയേഷനുവേണ്ടി പോരാടുക. ജോഷി ദൃഢമായിത്തന്നെ പറഞ്ഞു:

'കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കും. തൊഴിലാളി - കര്‍ഷക സംഘടനകളുടെ അഫിലിയേഷനുവേണ്ടി പോരാടുകയും ചെയ്യും'.

1936ല്‍ അമ്പത് മെമ്പര്‍മാരുണ്ടായിരുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടിയെ 1948-ല്‍ 80,000 അംഗങ്ങളുള്ള പാര്‍ട്ടിയാക്കി മാറ്റിയതിലെ കഠിനമായ യത്നം ജോഷിയുടേതുതന്നെ. രണ്ടാം ലോക മഹായുദ്ധം, ദേശാഭിമാനപോരാട്ടം, ക്വിറ്റ് ഇന്ത്യ സമരം, ഇന്ത്യാ വിഭജനകാലത്തെ പ്രത്യയശാസ്ത്രനിലപാടുകള്‍, കോണ്‍ഗ്രസിനോടുള്ള സമീപനം, തെലുങ്കാനസമരം, 1943ലെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങി പ്രശ്നസങ്കീര്‍ണമായ ഒരു കാലത്തെ നേതൃത്വമായിരുന്നു ജോഷി. ഇരുപത്തെട്ടാംവയസ്സിലെ ജനറല്‍സെക്രട്ടറിസ്ഥാനം തനിക്കും പാര്‍ട്ടിക്കും ഭാരമായതായി വിനയപൂര്‍വം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയപരിതഃസ്ഥിതികളോടും കോണ്‍ഗ്രസിനോടുമുള്ള തര്‍ക്കത്തില്‍ 1948ല്‍ ജോഷി ജനറല്‍സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കപ്പെട്ടു. തൊട്ടടുത്തവര്‍ഷം സസ്പെന്‍ഡ് ചെയ്യപ്പെട്ട അദ്ദേഹം 1949 ഡിസംബറില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടു. 1951ല്‍ വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ക്കപ്പെട്ട ജോഷി തുടര്‍ന്ന് പാര്‍ട്ടി കാണ്‍പുര്‍ ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായി. ഇടയ്ക്ക് ന്യൂ ഏജിന്റെ പത്രാധിപരായി. 1964ല്‍ പാര്‍ട്ടി വിഭജിക്കപ്പെട്ടപ്പോള്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റില്‍നിന്ന് കമ്മിറ്റിയിലെ അഭ്യര്‍ഥനപ്രകാരം ഒഴിവായി. പിന്നീട് ഡല്‍ഹിയില്‍ താമസമാക്കിയ അദ്ദേഹം ഹിമാലയന്‍ താഴ്വരയില്‍ 'സോഷ്യലിസ്റ്റ് ആശ്രമം' എന്ന പദ്ധതിയിട്ടു. കേരളത്തില്‍നിന്നുള്ള കെ ദാമോദരനൊപ്പം കുറേക്കാലം ഇന്ത്യന്‍ ഇടതുപക്ഷത്തെക്കുറിച്ച് ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തി.

ചിറ്റ്ഗോങ് വിപ്ലവനായിക കല്‍പ്പനാദത്തിനെ 1943ല്‍ ബോംബെ പാര്‍ട്ടി കമ്യൂണില്‍വച്ച് ജോഷി വിവാഹംചെയ്തു. ജോഷിയോടൊപ്പം കല്‍പ്പന പിന്നീടും പൂര്‍ണസമയ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകി. തികഞ്ഞ അക്കാദമിക് പണ്ഡിതനായിരുന്ന ജോഷി വിവിധ ഘട്ടങ്ങളിലായി ദി കമ്യൂണിസ്റ്റ്, ന്യൂ ഏജ്, നാഷണല്‍ ഫ്രണ്ട്, പീപ്പിള്‍സ് വാര്‍, പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനായിരുന്നു. സഖാക്കളെ വിദ്യാഭ്യാസം ചെയ്യിക്കാനും ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനും അദ്ദേഹം അനവരതം യത്നിച്ചു. ജോഷിയിലെ കമ്യൂണിസ്റ്റ് ഉയിര്‍ത്തെഴുന്നേറ്റ് അവിശ്രമം പോരാടിയ സന്ദര്‍ഭമായിരുന്നു അനവധി ബംഗാളികള്‍ പിടഞ്ഞുവീണു മരിച്ച ബംഗാള്‍ ക്ഷാമകാലം. കല്‍ക്കത്ത തെരുവുകളില്‍ ആഴ്ചകളോളം താമസിച്ചു. രാജ്യമാകെ സഞ്ചരിച്ച് കലാകാരന്മാരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും സംഘടിപ്പിച്ച് ബംഗാളിനുവേണ്ടി സഹായമെത്തിച്ചു.

1943 മാര്‍ച്ച് 23ന് നാല് കയ്യൂര്‍ സമരസേനാനികളെ തൂക്കിലേറ്റിയതിന്റെ തലേദിവസം അവരുടെ ആവശ്യപ്രകാരം സഖാവ് കൃഷ്ണപിള്ളയോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവരെ സന്ദര്‍ശിച്ച സംഭവം പി സി ജോഷി പീപ്പിള്‍സ് വാറില്‍ (1943 ഏപ്രില്‍ 11) എഴുതിയ അസാധാരണ അനുഭവക്കുറിപ്പ് ഹൃദയസ്പര്‍ശിയാണ്. വിപ്ലവകാരികളെ കണ്ട് പൊട്ടിക്കരഞ്ഞ ജോഷിയെ അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബേക്കറുമാണ് ആശ്വസിപ്പിച്ചത്. ആ പി സി ജോഷിയായിരുന്നു തെലുങ്കാനസമരത്തിന്റെ പ്രധാന ആയുധ സപ്ലയറും.

സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ പാര്‍ടി കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്ന ജോഷി മഹാത്മഗാന്ധി കഴിഞ്ഞാല്‍ നെഹ്റുവിന് സമശീര്‍ഷനായിരുന്നുവെന്ന് ജീവചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

കൈവച്ച മേഖലകളെല്ലാം കീഴടക്കിയ ആ വിപ്ലവകാരി 1980 നവംബര്‍ ഒമ്പതിന് മരണമടഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയ - സാമൂഹ്യ മണ്ഡലത്തില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല എന്നത് ചരിത്രത്തിലെ മറ്റൊരു ദുരന്തം.

(ലേഖകന്‍: ശ്രീ.സി എന്‍ മോഹനന്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്)

Friday, December 28, 2007

റോഡപകടങ്ങളും പ്രഥമശുശ്രൂഷയും

നാല്‍‍പത് വയസ്സിനു താഴെയുള്ളവരിലുള്ള ഏറ്റവും പ്രധാനപ്പെട്ട മരണ കാരണം റോഡപകടങ്ങളാണ്. അതിനാല്‍ ഇതിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മഹാ പകര്‍ച്ചവ്യാധി എന്നാണ് വിളിക്കുന്നത്. മറ്റ് രാജ്യങ്ങളേക്കാള്‍ അപകട നിരക്ക് ഭാരതത്തില്‍ കൂടുതലാണ്. കേരളത്തിലെ നിരക്ക് ഇന്ത്യന്‍ നിരക്കിന്റെ രണ്ടിരട്ടിയാണ്. ഏകദേശം എട്ടു പേരോളം ഒരോ ദിവസവും അപകടങ്ങള്‍ മൂലം കേരളത്തില്‍ മരണപ്പെട്ടുകൊണ്ടിരിക്കയാണ്.

അപകടങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന മരണ നിരക്കുകളെ മൂന്നു പട്ടികകളില്‍ പെടുത്താം.

ആദ്യത്തേതു അപകടങ്ങള്‍ക്കുശേഷം ഉടനടി ഉണ്ടാകുന്നതാണ്. ഇതിന്റെ പ്രധാന കാരണം തലയ്ക്കുള്ള പരിക്കാണ്. രണ്ടാമത്തെ ഉയര്‍ന്ന മരണ നിരക്ക് ആദ്യത്തെ നാലു മണിക്കൂറി ('ഗോള്‍ഡന്‍ അവര്‍')നുള്ളില്‍ സംഭവിക്കുന്നതാണ്. ഇതിന്റെ പ്രധാന കാരണം രക്ത നഷ്ടമാണ്. മൂന്നാമത്തെ ഉയര്‍ന്ന നിരക്ക് ശരീരത്തിലെ വിവിധ അവയവവ്യൂഹങ്ങളുടെ പരാജയം നിമിത്തം മൂന്ന് വാരത്തിനുശേഷം ഉണ്ടാകുന്നതാണ്.

കൃത്യമായ പ്രഥമ ശുശ്രൂഷ നല്‍കി പരിക്കേറ്റയാളെ എത്രയും പെട്ടെന്ന് ഉചിതമായ ആശുപത്രിയില്‍ എത്തിച്ചാല്‍ 'ഗോള്‍ഡന്‍ അവറി'ല്‍ നടക്കുന്ന മരണങ്ങളില്‍ മുക്കാല്‍ പങ്കും നമുക്കു തടയാന്‍ കഴിയുമെന്നു മാത്രമല്ല അപകട ചികിത്സയ്ക്കു ശേഷമുള്ള കായിക പ്രവര്‍ത്തന നിലവാരവും മെച്ചപ്പെടുത്താന്‍ കഴിയും.

അപകട സ്ഥലത്ത് ശ്രദ്ധിക്കേണ്ടവ

റോഡപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യമായി വാഹനത്തിന്റെ 'ഇഗ്നീഷ്യന്‍' ഓഫാക്കണം. സിഗരറ്റോ തീപ്പിടുത്തം ഉണ്ടാക്കുന്ന മറ്റ് സാധനങ്ങളോ അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ അത് വാഹനത്തില്‍നിന്നു വീണു കിടക്കുന്ന ഇന്ധനവുമായി പ്രവര്‍ത്തിച്ച് വലിയ തീപ്പിടുത്തം ഉണ്ടാക്കാം. അപകടത്തില്‍പ്പെട്ട ആളുകളെ വലിച്ചെടുക്കാതെ ശരീരത്തില്‍ വീണു കിടക്കുന്ന ഭാരമുള്ള സാധനങ്ങളെല്ലാം എടുത്തു മാറ്റിയതിനുശേഷം സാവകാശം പുറത്തെടുത്ത് സുരക്ഷിതമായ സ്ഥലത്ത് കിടത്തണം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ അപകട സ്ഥലത്തുണ്ടെങ്കില്‍ പ്രഥമ ശുശ്രൂഷകള്‍ ഒറ്റയ്ക്ക് ചെയ്യാതെ മറ്റുള്ളവരുടെയും സഹായം തേടേണ്ടതാണ്. കുറച്ചാളുകളെ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുജനങ്ങള്‍, പൊലീസ്, ആംബുലന്‍സ്, എത്തിക്കേണ്ട ആശുപത്രി എന്നിവയെ ഫോണ്‍ ചെയ്ത് അറിയിക്കാന്‍ അയക്കാവുന്നതാണ്.

ട്രയേജ്

ധാരാളം ആളുകള്‍ അപകടത്തില്‍പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒരു വിദഗ്ദന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കേണ്ട മുന്‍ഗണനാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് വിവിധ നിറ 'കോഡു'കള്‍ കൊടുക്കുന്നതിനെയാണ് 'ട്രയേജ്' എന്നു പറയുന്നത്. എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കേണ്ടവര്‍ക്ക് ചുവപ്പ്, പിന്നീട് എത്തിക്കേണ്ടവര്‍ക്ക് മഞ്ഞ, പെട്ടെന്ന് എത്തിക്കേണ്ട ആവശ്യമില്ലാത്തവര്‍ക്ക് പച്ച, മരിച്ചവര്‍ക്ക് വെള്ള, വളരെ ഗുരുതരമെങ്കിലും പെട്ടെന്ന് എത്തിച്ചാലും രക്ഷപ്പെടുവാന്‍ ഇടയില്ലാത്തവര്‍ക്ക് പിങ്ക് എന്നീ നിറ 'കോഡു'കള്‍ ആണ് കൊടുക്കുന്നത്. അപകടത്തില്‍പ്പെട്ട ആളുകള്‍ക്കുള്ള പ്രഥമശുശ്രൂഷ എ, ബി, സി അഥവാ 'എയര്‍വേ', 'ബ്രീത്തിങ്ങ്', 'സര്‍ക്കുലേഷന്‍', 'ബാന്‍ഡേജ്', 'സ്‌പ്ലിന്റേജ്', 'ട്രാന്‍സ്പോര്‍ട്ട്' എന്ന ക്രമത്തിലാണ് ചെയ്യേണ്ടത്.

ശ്വാസോച്ഛ്വാസ പ്രഥമശുശ്രൂഷ

ആദ്യമായി ശ്വാസമാര്‍ഗം അഥവാ 'എയര്‍വേ' പരിശോധിക്കണം. മൂക്കിലൂടെ ശ്വാസം വരുന്നുണ്ടോ എന്ന് കൈവിരല്‍ വെച്ച് നോക്കണം. വരുന്നില്ലെങ്കില്‍ വായും മൂക്കും പരിശോധിച്ചു നോക്കി തടസ്സമുണ്ടാക്കുന്ന ഇളകിയ വെപ്പു പല്ല്, അഴുക്ക് മുതലായവ മാറ്റണം. മുഖത്തെ അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ടെങ്കില്‍ വായു ശ്വാസനാളത്തില്‍ കടക്കാന്‍ സഹായിക്കുന്ന പ്ലാസ്റിക്ക്കൊണ്ടുള്ള 'എയര്‍വേ' വായില്‍ വെയ്ക്കാവുന്നതാണ്. എന്നിട്ടും വായു കടക്കുന്നില്ലെങ്കില്‍ കഴുത്തിലെ ശ്വാസനാളത്തില്‍ വലുപ്പമുള്ള അഞ്ചോ ആറോ 'ഇന്‍ജക്ഷന്‍' സൂചികള്‍ കയറ്റി വായുവിനെ കടത്തി വിടാവുന്നതാണ്.

അടുത്തതായി 'ബ്രീത്തിങ്ങ്' അഥവാ രോഗി ശ്വാസമെടുക്കുന്നുണ്ടോ എന്നു പരിശോധിക്കണം. നെഞ്ചിന്റെ ചലനം നോക്കിയോ, നെഞ്ചിലില്‍ വെച്ച കൈപ്പത്തി ഉയരുന്നുണ്ടോ എന്ന് നോക്കിയോ, 'സ്റെതസ്കോപ്പ്' ഉപയോഗിച്ചോ ആണ് ഇതു കണ്ടുപിടിക്കുന്നത്. ശ്വസിക്കുന്നില്ലെങ്കില്‍ വായോടുവായ് ചേര്‍ത്തുവച്ചുള്ള കൃത്രിമ ശ്വാസോച്ഛ്വാസ്വം നല്‍കണം. അതിനായി അപകടത്തില്‍പ്പെട്ടയാളെ കിടത്തി, തല പിന്നിലേയ്ക്കു ചരിച്ചുവെച്ച്, താടിയെല്ലു താഴ്ത്തി വായ്ക്കു മുന്‍പില്‍ ഒരു ടവ്വല്‍ വെച്ച് ശുശ്രൂഷിക്കുന്ന ആളുടെ ശ്വാസം ആഴത്തില്‍ അപകടത്തില്‍പ്പെട്ട ആളുടെ വായിലേക്ക് വായോട്‌വായ് ചേര്‍ത്തുവച്ച് ഊതുക. അതിനുശേഷം വായ് എടുക്കുക. ഇങ്ങനെ ഒരു മിനിറ്റില്‍ പന്ത്രണ്ടു പ്രാവശ്യം ചെയ്യണം.

രക്തചംക്രമണ പ്രഥമശ്രുശ്രൂഷ

അടുത്തതായി പരിശോധിക്കേണ്ടത് 'സര്‍ക്കുലേഷന്‍' അഥവാ ഹൃദയരക്തക്കുഴലുകളുടെ പ്രവര്‍ത്തനമുണ്ടോയെന്നാണ്. ഹൃദയമിടിപ്പ് ഉണ്ടോയെന്ന് അറിയുന്നത് സാധാരണ 'പള്‍സ്' നോക്കിയാണ് സാധാരണയായി 'റേഡിയല്‍ പള്‍സ്' ആണ് നോക്കുക. ഇതു കണ്ടുപിടിക്കുന്നത് കൈപ്പത്തിയുടെ താഴെയുള്ള തള്ളവിരലിന്റെ താഴെഭാഗത്തായുള്ള കുഴയുടെ താഴെയുള്ള ഉള്‍ഭാഗത്ത് മൂന്ന് വിരലുകള്‍ വെച്ച് തള്ളവിരല്‍ പിന്‍ഭാഗത്ത് വെച്ച് അമര്‍ത്തി വിരലുകള്‍ പൊങ്ങുന്നുണ്ടോ എന്നു നോക്കിയാണ്. 'റേഡിയല്‍ പള്‍സ്' ലഭിക്കുന്നില്ലെങ്കില്‍ 'കരോറ്റിഡ് പള്‍സ്' നോക്കണം. കഴുത്തിനുമുകളില്‍ താടിയെല്ലിന്റെ മൂലയ്ക്കു താഴെയായി അമര്‍ത്തിയാണ് ഇതു കണ്ടുപിടിക്കുന്നത്. ഇതും ലഭിക്കുന്നില്ലെങ്കില്‍ ഹൃദയം പ്രവര്‍ത്തിക്കുന്നില്ലെന്നു നിശ്ചയിക്കാം.

ഹൃദയം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഹൃദയത്തെ അമര്‍ത്തി രക്തം ശരീര ഭാഗങ്ങളിലെത്തിക്കുന്ന കൃത്രിമ ഹൃദയ പ്രവര്‍ത്തനം അഥവാ 'കാര്‍ഡിയാക് മസേജ്' കൊടുക്കേണ്ടതാണ്. അതിനായി പരിക്കേറ്റയാളെ മാര്‍ദവമില്ലാത്ത തറയില്‍ മലര്‍ത്തി കിടത്തി, നെഞ്ചെല്ലിന്റെ താഴ് പകുതിയില്‍ കൈപ്പത്തിയുടെ മുഴച്ചു നില്‍ക്കുന്ന ഭാഗം മീതെക്കുമീതെ വച്ച്, കൈമുട്ട് നേര്‍ക്ക് പിടിച്ച്, തോളില്‍ നിന്ന് ബലം കൊടുത്ത് നെഞ്ചെല്ല് ഒന്നരയിഞ്ച് താഴുന്ന അളവില്‍ അമര്‍ത്തണം. ഇത് ഒരു മിനിറ്റില്‍ 72 പ്രാവശ്യം ചെയ്യണം. കുട്ടികള്‍ക്ക് ഒരു കൈപ്പത്തിയുപയോഗിച്ച് നെഞ്ചെല്ല് ഒരിഞ്ച് താഴുന്ന അളവിലും, ശിശുക്കള്‍ക്ക് രണ്ട് വിരലുകളുപയോഗിച്ച് നെഞ്ചെല്ല് അരയിഞ്ച് താഴുന്ന അളവിലുമാണ് ബലം കൊടുക്കേണ്ടത്. ഇത് ഏകദേശം അര മണിക്കൂറോളം ഹൃദയ പ്രവര്‍ത്തനം തിരിച്ച് വരുന്നത് വരെ തുടരാം. ഹൃദയം സ്വയം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ രോഗിയെ 'റികവറി' സ്ഥാനത്ത് അഥവാ ചരിച്ചു കിടത്തണം. ഹൃദയവും ശ്വാസോച്ഛ്വാസവും നടക്കുന്നില്ലെങ്കില്‍ 2:30 അതായത് രണ്ട് പ്രാവശ്യം വായോട്‌വായ് ചേര്‍ത്തുവെച്ചുള്ള ശ്വാസോച്ഛാസം, മുപ്പത് പ്രാവശ്യം ഹൃദയത്തെ അമര്‍ത്തല്‍ എന്ന ക്രമത്തിലാണ് ചെയ്യേണ്ടത്.

അടുത്തതായി ശ്രദ്ധിക്കേണ്ടത് ശരീരത്തില്‍നിന്നു രക്തം നഷ്ടപ്പെടുന്നുണ്ടോയെന്നതാണ്. കൈകാലുകളില്‍ നിന്നാണ ്രക്തം നഷ്ടപ്പെടുന്നതെങ്കില്‍ അവ ഉയര്‍ത്തി പിടിച്ചാല്‍ രക്ത പ്രവാഹം കുറയും. അതിനു ശേഷം 'പാഡുകള്‍' വെച്ച് 'ബാന്‍ഡേജുകള്‍' കൊണ്ടു അമര്‍ത്തി കെട്ടണം. ഇതിനെയാണ് 'പ്രഷര്‍ ബാന്‍ഡേജ്' എന്നു പറയുന്നത്. 'ടൂര്‍ണിക്കെറ്റ്' അഥവാ കയര്‍കൊണ്ട് മുറുക്കികെട്ടുന്നത് ശരീരഭാഗങ്ങള്‍ക്ക് കൂടുതല്‍ കേടു വരുത്താമെന്നതിനാല്‍ ഒഴിവാക്കണം.

പരിശോധനയും 'ഷോക്കും'’

അതിനുശേഷം തല, കണ്ണ്, മൂക്ക്, ചെവി, നെഞ്ചെല്ലുകള്‍, വയര്‍, ഇടുപ്പ്, കൈകാലുകള്‍ എന്നിവയിലുള്ള മുറിവുകളും പരിക്കുകളും വളരെ വേഗത്തില്‍ പരിശോധിച്ചു നോക്കണം. പരിശോധനയ്ക്കായി ടോര്‍ച്ച് ഉപയോഗിക്കാവുന്നതാണ്. ആദ്യം നോക്കിയും, പിന്നീട് അമര്‍ത്തിയുമാണ് പരിശോധിക്കേണ്ടത്. നെഞ്ചെല്ല്, ഇടുപ്പെല്ല്, കൈകാലുകള്‍ എന്നിവയിലെ അസാധാരണമായ അനക്കം, വേദന എന്നിവ അസ്ഥികളുടെ ഒടിവിനെ കാണിക്കുന്നു. അപകടത്തില്‍പ്പെട്ടയാളോട് കൈകാലുകള്‍, വിരലുകള്‍ എന്നിവ അനക്കാന്‍ പറയുന്നത് അവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കും. പിന്നീട് രണ്ടാളുകള്‍ ചേര്‍ന്ന് രോഗിയെ ചരിച്ചു കിടത്തി ശരീരത്തിന്റെ പിന്‍ഭാഗത്തുള്ള നട്ടെല്ലിന്റെ നടു ഭാഗത്തും കഴുത്തിന്റെ നടു ഭാഗത്തും നോക്കിയും അമര്‍ത്തിയും പരിശോധിക്കണം. ഈ പരിശോധനകളെല്ലാം വെറും രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ വേഗത്തില്‍ ചെയ്യേണ്ടതാണ്.

ഇടുപ്പെല്ലില്‍ ഒടിവുണ്ടെങ്കില്‍ ആ ഭാഗത്ത് നിന്ന് വയറിനുള്ളിലേക്ക് രക്തം വാര്‍ന്ന് മരണമുണ്ടാകാമെന്നതിനാല്‍ അങ്ങനെയുള്ളവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം. ഇടുപ്പെല്ലിലെ ഒടിവ്, ഒന്നില്‍ കൂടുതല്‍ എല്ലുകളുടെ ഒടിവ്, ആഴമായ മുറിവുകള്‍ എന്നിവ മൂലം ശരീരത്തിലെ നാല്‍പതു ശതമാനത്തില്‍ കൂടുതല്‍ രക്തം നഷ്ടപ്പെട്ടാല്‍ ഉണ്ടാകാവുന്ന അവസ്ഥയ്ക്കാണ് 'ഷോക്ക്' എന്നു പറയുന്നത്. 'പള്‍സ്' ദുര്‍ബലമാകുക, ശരീരം തണുത്തും വിളറിയുമിരിക്കുക, ശ്വാസോച്ഛ്വാസം ദ്രുതഗതിയിലും ആഴം കുറഞ്ഞതുമാകുക, ബോധക്കേടുണ്ടാവുക എന്നിവയാണ് 'ഷോക്കി'ന്റെ ലക്ഷണങ്ങള്‍. അങ്ങനെയുള്ള അവസ്ഥയില്‍ രക്തം അപ്രധാനമായ ഭാഗങ്ങളില്‍നിന്ന് പ്രധാനപ്പെട്ട തലച്ചോര്‍ മുതലായ ഭാഗങ്ങളിലേക്കു പോകുവാനായി കാലുകള്‍ പൊക്കി വെയ്ക്കണം. ശരീരത്തില്‍ തറഞ്ഞു കയറിയിരിക്കുന്ന വസ്തുക്കള്‍ അപകടസ്ഥലത്തു വെച്ച് ഊരിയാല്‍ മുറിവിലൂടെ ആന്തരാവയവങ്ങളിലേക്കു രക്തം വാര്‍ന്നു രോഗി മരണപ്പെടാം എന്നതിനാല്‍ അവ വലിച്ചൂരരുത്.

'ബാന്‍ഡേജ്', 'സ്‌പ്ലിന്റേജ്', 'ട്രാന്‍സ്പോര്‍ട്ട്'

മുറിവുകളെല്ലാം 'പാഡു'കളും, 'ബാന്‍ഡേജു'കളും ഉപയോഗിച്ച് മൂടി വെയ്ക്കണം. അനേകം വാരിയെല്ലുകള്‍ ഒടിഞ്ഞതു മൂലം നെഞ്ചെല്ലില്‍ ഉണ്ടാകുന്ന അസാധാരണ അനക്കത്താല്‍ ശ്വാസ തടസ്സം ഉണ്ടെങ്കില്‍ ഒടിഞ്ഞ ഭാഗങ്ങള്‍ അനങ്ങാതിരിക്കാനായി തുണി ഉപയോഗിച്ചു നെഞ്ചെല്ലിനെ ചുറ്റി വെയ്ക്കണം. വയറിലെ കുടലുകള്‍ പുറത്താണെങ്കില്‍ അവ വയറിനുള്ളില്‍ വെച്ച് വൃത്തിയുള്ള തുണികൊണ്ട് മൂടണം.

അസ്ഥികള്‍ക്ക് ഒടിവുണ്ടെങ്കില്‍ ഒടിഞ്ഞ ഭാഗത്തിന് ചുറ്റുമുള്ള ശരീര ഭാഗത്തിന് കൂടുതലായി കേടു പറ്റാതിരിക്കാനും, കൂടുതല്‍ രക്തം നഷ്ടപ്പെടാതിരിക്കാനും, നീരും വേദനയും കുറയ്ക്കാനും ആ ഭാഗത്തെ അനക്കാതെ വയ്ക്കാന്‍ 'സ്‌പ്ലിന്റു'കള്‍ ഉപയോഗിച്ച് കെട്ടി വെയ്ക്കണം. ലഭ്യമായ വടി, കുട, മാസിക മുതലായവ ഇതിനായി ഉപയോഗിക്കാം. ഒടിഞ്ഞ കൈ ഭാഗങ്ങള്‍ അനങ്ങാതെയിരിക്കാന്‍ തുണി മടക്കി ത്രികോണാകൃതിയില്‍ ആക്കി കൈയിനെ പൊതിഞ്ഞ് കഴുത്തിന് പിന്നിലൂടെ കെട്ടിവയ്ക്കാം. ഇതിനെ 'ട്രയാന്‍കുലര്‍ സ്ലിങ്ങ്' എന്നു പറയുന്നു. ഒടിഞ്ഞ കാല്‍ അനങ്ങാതിരിക്കാന്‍ നാലു തുണിക്കഷണങ്ങള്‍ ഉപയോഗിച്ച് ഒടിയാത്ത കാലിനോട് ചേര്‍ത്ത് കെട്ടി വയ്ക്കാവുന്നതാണ്.

കഴുത്തിനു പുറകില്‍ നടുവിലായി വേദനയുണ്ടെങ്കില്‍ നട്ടെല്ലില്‍ ഒടിവുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവരുടെ കഴുത്ത് അനങ്ങിയാല്‍ ഒടിഞ്ഞ ഭാഗങ്ങള്‍ സുഷ്‌മുന നാഡിയില്‍ അമര്‍ന്ന് കൈകാലുകള്‍ക്ക് തളര്‍ച്ച വരാമെന്നതുകൊണ്ട,് കഴുത്ത് അനങ്ങാതിരിക്കാന്‍ കട്ടിയുള്ള 'കോളര്‍' വെച്ച് ചുറ്റിവെയ്ക്കണം. പുറത്ത് നട്ടെല്ലിന്റെ ഭാഗത്ത് പരിക്കുണ്ടെങ്കില്‍ കാലുകള്‍ തളരാതെയിരിക്കാന്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്കുള്ള വാഹനത്തില്‍ കയറ്റുമ്പോള്‍ നട്ടെല്ലു വളയാതെ ഒരു വടിപോലെ നാലാള്‍ ചേര്‍ന്നു വേണം കൊണ്ടുപോകാന്‍.

ആശുപത്രികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

ഓപ്പറേഷന്‍ ചെയ്യാനായി ബോധം കെടുത്തുന്നതിനു മുമ്പായി ആറു മണിക്കൂര്‍ എങ്കിലും ഭക്ഷണപാനീയങ്ങള്‍ കഴിക്കാതെ ഇരിക്കണം. ഗുരുതരമായി പരിക്കേറ്റ ആളുകള്‍ക്ക് ഓപ്പറേഷന്‍ ആവശ്യമാകാം എന്നതിനാല്‍ അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണപാനീയങ്ങള്‍ കൊടുക്കരുത്. ആപകടത്തില്‍പ്പെട്ടവരുടെ സാമ്പത്തിക നിലവാരവും പരിക്കുകളുടെ തരവും ഗുരുതരാവസ്ഥയും കണക്കിലെടുത്ത് വേണം അവരെ ഏത് ആശുപത്രിയിലേക്ക് കൊണ്ടു പോകണം എന്നു തീരുമാനിക്കേണ്ടത്. കഴിവതും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകുകയാണ് നല്ലത്. തലക്ക് പരിക്കേറ്റവരെ സി റ്റി സ്കാനും ന്യൂറോ സര്‍ജനുമുള്ള ആശുപത്രിയിലേക്കാണ് കൊണ്ടു പോകേണ്ടത്. അറ്റുപോയ കൈകാല്‍ ഭാഗങ്ങള്‍ വൃത്തിയുള്ള പ്ലാസ്റിക് ഉറയിലിട്ട്, ആ ഉറയെ ഐസ് കഷണങ്ങള്‍ ഇട്ട മറ്റൊരു പ്ലാസ്റ്റിക് ഉറയിലാക്കി ഭദ്രമായി കെട്ടി രോഗിയോടൊപ്പം മൈക്രോസ്കോപ്പിന്റെ സഹായത്തോടെ തുന്നി ചെര്‍ക്കുന്ന ഓപ്പറേഷന്‍ ചെയ്യാന്‍ സൌകര്യമുള്ള ആശുപത്രിയില്‍ ആറു മണിക്കൂറിനുള്ളില്‍ എത്തിക്കണം. കൈകാലുകളില്‍നിന്ന് മസിലുകള്‍ നഷ്ടപ്പെട്ടവരെ അവ വച്ച് പിടിപ്പിക്കാന്‍ സൌകര്യമുള്ളതും പ്ലാസ്റ്റിക് സര്‍ജന്‍ ഉള്ളതുമായ ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടത്. കൈവിരലുകള്‍ക്ക് മുറിവുണ്ടെങ്കില്‍ ഞരമ്പുകള്‍ മുറിഞ്ഞിരിക്കാം എന്നതിനാല്‍ അസ്ഥിരോഗ വിദഗ്ദനോ, പ്ലാസ്റ്റിക് സര്‍ജനോ ഉള്ള ആശുപത്രിയിലേക്ക് വേണം കൊണ്ടുപോകാന്‍. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ കൊണ്ടുപോയി അവിടെ ഉപേക്ഷിച്ച് പോകാതെ ഡോക്ടര്‍ക്ക് പൊലീസിനെ അറിയിക്കാനുള്ള വിവരങ്ങള്‍ പറഞ്ഞുകൊടുക്കണം, രോഗിയുടെ ബന്ധുക്കളെ അറിയിക്കണം; കഴിയുമെങ്കില്‍ രോഗിക്ക് ആവശ്യമുള്ള രക്തം മുതലായ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കി കൊടുക്കണം.

കാരണങ്ങളും പരിഹാരവും

ചെറിയ അളവില്‍ മദ്യം കഴിച്ചാലും കാഴ്ചയിലും, കേള്‍വിയിലും, തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവിലും, മസിലുകളുടെ പ്രവര്‍ത്തനത്തിലും കുറവു വരും എന്നതിനാല്‍ മദ്യപിച്ച് വാഹനമോടിക്കരുത്. മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗം, ഉറങ്ങി വാഹനമോടിക്കുക, ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അശ്രദ്ധ, ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാതിരിക്കുക എന്നിവയെല്ലാം വാഹന അപകടങ്ങള്‍ ഉണ്ടാക്കാനോ പരിക്കുകള്‍ ഗുരുതരമാക്കാനോ കാരണമാകും എന്നതിനാല്‍ അവയെല്ലാം ഒഴിവാക്കേണ്ടതാണ്.

വാഹനമോടിക്കുന്നവര്‍ സമയാസമയങ്ങളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തി ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതാണ്. പനി മുതലായ ക്ഷീണം ഉണ്ടാക്കുന്ന രോഗാവസ്ഥയില്‍ ഇരിക്കുന്നവര്‍, ഹാര്‍ട്ട് അറ്റാക്ക്, അപസ്മാരം, തലചുറ്റല്‍ മുതലായ രോഗങ്ങള്‍ ഉള്ളവര്‍, അലര്‍ജി മുതലായവക്ക് ഉപയോഗിക്കുന്ന ക്ഷീണം വരുത്താവുന്ന മരുന്നുകള്‍ കഴിച്ചവര്‍ എന്നിവര്‍ വാഹനങ്ങളോടിക്കരുത്. വര്‍ധിച്ചു വരുന്ന ചികിത്സച്ചെലവുകളുടെയും റോഡപകട നിരക്കിന്റെയും സാഹചര്യത്തില്‍ എല്ലാവരും നിശ്ചയമായും റോഡപകട ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. വാഹനങ്ങളില്‍ സുസജ്ജമായ പ്രഥമശുശ്രൂഷ പെട്ടി വയ്ക്കുന്നതും വാഹനമോടിക്കുന്നവരും യാത്രക്കാരും പ്രഥമശുശ്രൂഷ പരിശീലനം നേടുന്നതും റോഡപകട മരണങ്ങളെ ഗണ്യമായി കുറയ്ക്കാനും റോഡപകട പരിക്കുകളുടെ ചികിത്സക്ക് ശേഷം ലഭിക്കുന്ന കായിക പ്രവര്‍ത്തന നിലവാരം വര്‍ധിപ്പിക്കാനും സഹായിക്കും.

(ലേഖകന്‍:ഡോ.എം.എല്‍.ജിമ്മി. കടപ്പാട്: ദേശാഭിമാനി വാരിക)

Thursday, December 27, 2007

വിദേശമൂലധനം ബാദ്ധ്യതയാവുമ്പോള്‍

പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കരട് അംഗീകരിക്കുന്നതിനായി ചേര്‍ന്ന ആസൂത്രണകമ്മീഷന്റെ സമ്പൂര്‍ണ്ണയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വര്‍ദ്ധിച്ചുവരുന്ന പെട്രോളിയം, ഭക്ഷ്യ, വള സബ്‌സിഡികളെക്കുറിച്ച് പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിംഗ് അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. ഈ ഇനത്തില്‍ നടപ്പു വര്‍ഷം ചെലവഴിക്കേണ്ട 1,00,000 കോടി രൂപയിലേറെ വരുന്ന തുക രാജ്യത്തിന്റെ വികസനലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്നദ്ദേഹം പറഞ്ഞു. ഉയര്‍ന്ന സബ്‌സിഡി എന്നാല്‍ ` സ്‌കൂളുകള്‍ ‍‘, ആശുപത്രികള്‍‍‘, ` സ്കോളര്‍ഷിപ്പുകള്‍‍‘ തുടങ്ങിയവയുടെ എണ്ണം കുറയ്ക്കേണ്ടി വരിക, കൃഷിയ്ക്കും അടിസ്ഥാന സൌകര്യങ്ങളുടെ വികാസത്തിനുമായി `കുറഞ്ഞ നിക്ഷേപം” മാത്രം നടത്താന്‍ കഴിയുക എന്നൊക്കെയാണ് അര്‍ത്ഥമെന്ന് അദ്ദേഹം പറഞ്ഞു.

ഇതില്‍ ഭക്ഷ്യ സബ്‌സിഡി പോലെ ചിലതിന്റെയെങ്കിലും കാര്യത്തില്‍ അവ കുറയ്ക്കുന്നത് വളരെയധികം വിവാദപൂര്‍ണ്ണമായേക്കാം.എന്നാല്‍, പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്ന ആവശ്യങ്ങള്‍ക്കായി വിഭവസമാഹരണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്നത് മറച്ചുവയ്ക്കാനുമാകില്ല. നമുക്ക് ചെയ്യാനാവുക വിഭവസമാഹരണത്തിനായി വിവാദപരമല്ലാത്തതും കൂടുതല്‍ സ്വീകാര്യവുമായ മാര്‍ഗങ്ങള്‍ തേടുക എന്നതാണ്. ഈയടുത്തകാലത്തായി നമ്മുടെ രാജ്യത്തിലേക്കു വന്നുകൊണ്ടിരിക്കുന്ന മൂലധനത്തിന്റെ, വിശേഷിച്ചും ഫൈനാന്‍സ് മൂലധനത്തിന്റെ, അനല്പവും അനാവശ്യവുമായ പ്രവാഹത്തെ നിയന്ത്രിക്കുക എന്നതാണ് അതിലൊരു മാ‍ര്‍ഗം. ഇത്തരം വന്‍ മൂലധന പ്രവാഹത്തെ മാനേജ് ചെയ്യുന്നതിനായി രാജ്യത്തിന്റെ അമൂല്യമായ വിഭവങ്ങള്‍ മുന്‍‌ഗണനാ മേഖലകളില്‍ നിന്നും വഴിതിരിച്ചുവിടേണ്ടി വരുന്നു എന്നതു മാത്രമല്ല സര്‍ക്കാരിന്റെ ധന മാനേജ്‌മെന്റിനുള്ള കഴിവിനെ തന്നെ അത് ദോഷകരമായി ബാധിക്കുന്നു എന്നതാണതിനു കാരണം.

മൂലധനപ്രവാഹത്തിലെ കുതിച്ചുചാട്ടം

ഇന്ത്യയിലേക്കുള്ള മൂലധനപ്രവാഹത്തില്‍ അഭൂതപൂര്‍വമയ വര്‍ദ്ധനവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നത് നിഷേധിക്കാനാവില്ല. 2005-06 , 2006-07 എന്നീ വര്‍ഷങ്ങളിലെ ഇന്ത്യയുടെ balance of payments ലെ കറന്റ് അക്കൌണ്ട് കമ്മി പരിശോധിച്ചാല്‍ അത് ഏറെക്കുറെ സ്ഥിരമാണ്, 9.2 ബില്യണ്‍ ഡോളറും 9.6 ബില്യണ്‍ ഡോളറും . എന്നാല്‍ ഈ കാലയളവില്‍ രാജ്യത്തിലേക്കുള്ള അസ്സല്‍ മൂലധനപ്രവാഹം (net capital flows ) 2005-06 ലെ 23.4 ബില്യണ്‍ ഡോളറില്‍ നിന്നും 2006-07ല്‍ 44.9 ബില്യണ്‍ ഡോളര്‍ ആ‍യി കുതിച്ചുയരുകയാണുണ്ടായത്. ഈ അടുത്തകാലത്തായി ഇത്തരം പ്രവാഹത്തിന്റെ തീവ്രത വര്‍ദ്ധിച്ചുവരുന്നു എന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്. ഇന്ത്യയുടെ ഓഹരി വിപണിയിലും പൊതുകട വിപണിയിലും (stock and debt markets) വിദേശ ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന അസ്സല്‍ നിക്ഷേപം (Net inflows of foreign institutional investments) 2003 മുതല്‍ വന്‍‌തോതില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 2003 മുതല്‍ 2006 വരെ ഇത് പ്രതിവര്‍ഷം ശരാശരി 8.8 ബില്യണ്‍ ഡോളര്‍ ആയിരുന്നുവെങ്കില്‍ 2007 ലെ ആദ്യ 10 മാസങ്ങളില്‍ മാത്രം 18.6 ബില്യണ്‍ ഡോളര്‍ ആയി കുതിച്ചുയര്‍ന്നിരിക്കുകയാണ്.

ഇക്കാലയളവില്‍ തന്നെയാണ് ഉദാരവല്‍കൃത ECB റൂട്ടിലൂടെ ( liberalised external commercial borrowing policy ) ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ വന്‍‌തുകകള്‍ സമാഹരിച്ചത്. 2005, 2006, 2007 വര്‍ഷങ്ങളിലെ ജനുവരി മുതല്‍ മെയ് വരെയുള്ള 5 മാസങ്ങളില്‍ സമാഹരിച്ച തുക യഥാക്രമം 3.4 ബില്യണ്‍ ഡോളറും 10.8 ബില്യണ്‍ ഡോളറും 15.3 ബില്യണ്‍ ഡോളറും ആണ്.

ദേശീയ കമ്പനികള്‍ക്കും ദേശവാസികള്‍ക്കും ക്യാപിറ്റല്‍ അക്കൌണ്ടില്‍ കൂടുതല്‍ കൂടുതല്‍ ചെലവുകള്‍ ചെയ്യുന്നതിനെ സഹായിക്കുമാറ് റിസര്‍വ് ബാങ്ക് ഏതാണ്ട് ദിനംപ്രതി നിയന്ത്രണങ്ങള്‍ ഉദാരമാക്കി വരികയാണെങ്കിലും വിദേശമൂലധനത്തിന്റെ ഈ വന്‍പിച്ച പ്രവാഹം അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഉയര്‍ത്തിയിരിക്കുകയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യവര്‍ദ്ധന ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യുന്നവരെ വളരെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. കമ്പോളത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു വിനിമയ നിരക്ക് ( market determined exchange rate) മാനേജ് ചെയ്യാന്‍ ആവശ്യപ്പെട്ടതനുസരിച്ച് റിസര്‍വ് ബാങ്ക് ഇക്കാലമത്രയും വിദേശനാണ്യം വാങ്ങിച്ചു കൂട്ടുകയും രാജ്യത്തിന്റെ വിദേശനാണ്യ ആസ്തികളുടെ ശേഖരം ശക്തിപ്പെടുത്തുകയുമായിരുന്നു.വിദേശനാണ്യത്തിനു വേണ്ടിയുള്ള ദേശീയ ഡിമന്‍ഡും നിയന്ത്രണമില്ലാത്ത വിദേശമൂലധനപ്രവാഹവും ബാലന്‍സ് ചെയ്യാന്‍ ഇത് ആവശ്യവുമായിരുന്നു.

2002-03 വര്‍ഷം അവസാനിക്കുമ്പോള്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 76 ബില്യണ്‍ ഡോളര്‍ ആയിരുന്നത് മാര്‍ച്ച് 2006 ആയപ്പോഴേക്കും 151.6 ബില്യണ്‍ ഡോളറും മാര്‍ച്ച് 2007 ല്‍ 199.2 ബില്യണ്‍ ഡോളറും നവംബര്‍ 2007 ല്‍ 266.5 ബില്യണ്‍ ഡോളറും ആയി വര്‍ദ്ധിക്കുകയുണ്ടായി.

ഇപ്രകാരം വിദേശനാണ്യശേഖരം കുമിഞ്ഞു കൂടുന്നത് കേന്ദ്രബാങ്കിനെ സംബന്ധിച്ചിടത്തോളം ധന ലഭ്യത (money supply) മാനേജ് ചെയ്യുക, ( തങ്ങള്‍ തുടരുന്ന തത്വങ്ങള്‍ അനുസരിച്ച് ) നാണ്യനയം ( monetary policy) നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് അത്യന്തം കഠിനമാക്കുന്നു. കേന്ദ്രബാങ്കിന്റെ വിദേശനാണ്യ ആസ്തികള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം അതിന്റെ ബാദ്ധ്യതകളും വര്‍ദ്ധിക്കുന്നു. എന്നു വച്ചാല്‍ സമ്പദ് വ്യവസ്ഥയില്‍ ലിക്വിഡിറ്റി (ധനലഭ്യത) വര്‍ദ്ധിക്കുന്നു. ഇപ്രകാരം തന്നത്താനെ (ആട്ടോമാറ്റിക്ക് ആയി) ധനലഭ്യത വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന് തങ്ങളുടെ കൈവശം വച്ചിരിക്കുന്ന മറ്റേതെങ്കിലും ആസ്തികള്‍ കൈയൊഴിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിനായി കേന്ദ്രബാങ്ക് സാധാരണ ഉപയോഗിക്കുന്നത് തങ്ങളുടെ കൈവശമുള്ള ഗവണ്മെന്റ് സെക്യുരിറ്റികളെയാണ്. ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ ഗവണ്മെന്റ് സെക്യുരിറ്റികള്‍ വിറ്റൊഴിക്കുക വഴി വിദേശനാണ്യ ആസ്തികളില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനെ ഭാഗികമായെങ്കിലും നിര്‍വീര്യമാക്കാന്‍ കഴിയുന്നു. അങ്ങനെ സമ്പദ് വ്യവസ്ഥയിലെ റിസര്‍വ് മണിയുടെ അളവു കുറയുകയും ധന ലഭ്യത വര്‍ദ്ധിക്കുന്നത് തടയപ്പെടുകയും ചെയ്യുന്നു.

റിസര്‍വ് ബാങ്കിന്റെ നിസ്സഹാ‍യാവസ്ഥ

റിസര്‍വ് ബാങ്ക് കഴിഞ്ഞ കുറച്ചു കാലമായി ഇത്തരം മൂലധനപ്രവാഹത്തെ നിര്‍വീര്യമാക്കാനുള്ള (sterilisation) കഠിന ശ്രമത്തിലായിരുന്നു. എന്നാല്‍ മുഖ്യമായും രണ്ടു കാരണങ്ങള്‍ മൂലം റിസര്‍വ് ബാങ്കിന് ഈ ദിശയിലുള്ള പ്രവര്‍ത്തനം കാര്യക്ഷമ‌മായി തുടരാന്‍ സാധിക്കാതെ വന്നിരിക്കുന്നു.ഏതു കേന്ദ്ര ബാങ്കിന്റെയും കാര്യത്തിലെന്നപോലെ റിസര്‍വ് ബാങ്കിന്റെയും കൈവശം ഉള്ള ഗവണ്‍‌മെന്റ് സെക്യുരിറ്റികള്‍ പരിമിതമായതിനാല്‍ ഇപ്പോഴുള്ളതു പോലെയുള്ള വന്‍ മൂലധനപ്രവാഹം അനുസ്യൂതമായി തുടരുകയാണെങ്കില്‍ മൂലധനപ്രവാഹത്തെ നിര്‍വീര്യമാക്കാന്‍ അവ അപര്യാപ്തമായിരിക്കും എന്നതാണ് ഒന്നാമത്തെ കാരണം.

ഇന്ത്യയില്‍ നടപ്പിലാക്കി വരുന്ന നവ ലിബറല്‍ മോണിറ്ററി പരിഷ്ക്കാരങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ചെലവുകള്‍ നിര്‍വഹിക്കുന്നതിന് (fiscal expenditures) കേന്ദ്ര ബാങ്കില്‍ നിന്നും കുറഞ്ഞപലിശക്ക് കടമെടുക്കുന്നതില്‍ ധാരളം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് രണ്ടാമത്തെ കാരണം. കമ്മി ബഡ്‌ജറ്റിലൂടെ പൊതുചെലവ് നടത്തുന്ന പ്രവണത നിരുത്സാഹപ്പെടുത്തുക, ധനലഭ്യത തീരുമാനിക്കുന്നതില്‍ (regulate liquidity) സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള പങ്ക് കുറച്ച് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെയാണ് മുകളില്‍ സൂചിപ്പിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതിന്റെ ഒക്കെ ഫലമായി കേന്ദ്രബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം (independence) കൂടുമെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും വിമുക്തമായി അതിന് മോണിറ്ററി പോളിസി നടപ്പാക്കാനാകുമെന്നുമായിരുന്നു വാദം.

എന്നാല്‍ വസ്തുതയെന്താണ് ?

മോണിറ്ററി പോളിസി സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് സ്വതന്ത്രമാണ് ( monetary policy is independent of fiscal policy) എന്ന് അവകാശപ്പെടുമ്പോഴും വിദേശമൂലധനപ്രവാഹത്തെ നിയന്ത്രിക്കുന്ന നിയമങ്ങളില്‍ വരുത്തിയ പരിഷ്ക്കാരവും അതിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയിലെ മൂലധനനേട്ട(capital gains)ങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതികളില്‍ വരുത്തിയ കുറവും മൂലം ഇന്ന് ഫലത്തില്‍ മോണിറ്ററി പോളിസിയെ നയിക്കുന്നത് വിദേശമൂലധനത്തിന്റെ ഈ വന്‍ പ്രവാഹമാണ് എന്ന് കാണാന്‍ കഴിയും. സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് സ്വതന്ത്രമായി മോണിറ്ററി പോളിസി നടപ്പാക്കാനുള്ള ശ്രമം, വിദേശമൂലധനത്തിന്റെ കടിഞ്ഞാണില്ലാത്ത പ്രവാഹത്തിടയില്‍ മോണിറ്ററി പോളിസി നടപ്പാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കഴിവിനെത്തന്നെ വാസ്തവത്തില്‍ ക്ഷയിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്, കാരണം കേന്ദ്ര ബാങ്കില്‍ നിന്നും കടം വാങ്ങുന്നതിന് സര്‍ക്കാരിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തിന്റെ ഫലമായി കേന്ദ്രബാങ്കിന്റെ കൈവശം ഉള്ള ഗവണ്മെന്റ് സെക്യുരിറ്റി വളരെയധികം പരിമിതപ്പെടുകയും അത് ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന സെക്യുരിറ്റികള്‍ മാത്രമായി ചുരുങ്ങുകയും ചെയ്തിരിക്കുന്നു. അനുദിനം വര്‍ദ്ധിച്ചുവരുന്ന വിദേശ ആസ്തികളുടെ ആഘാതം കുറയ്ക്കാനായി കേന്ദ്ര ബാങ്കിന്റെ കൈവശം ഉള്ള ഗവണ്മെന്റ് സെക്യുരിറ്റികള്‍ ഇപ്രകാരം വിറ്റഴിക്കപ്പെടുക വഴി സെക്യുരിറ്റികളുടെ സ്റ്റോക്ക് പരിമിതപ്പെടുമ്പോള്‍ ഊഹക്കച്ചവടക്കാരായ മൂലധനസ്രാവുകളുടെ ദയാദാക്ഷിണ്യങ്ങള്‍ ആയിരിക്കും ധനലഭ്യതയുടെ വളര്‍ച്ചയെ (increase in money supply) നിര്‍ണ്ണയിക്കുക.
ഒരേ സമയം വിദേശ വിനിമയ നിരക്കുകളേയും മോണിറ്ററി പോളിസി നടപ്പിലാക്കുന്നതിനേയും മാനേജ് ചെയ്യേണ്ടി വരുമ്പോള്‍ മേല്‍ വിവരിച്ച സാഹചര്യം റിസര്‍വ് ബാ ങ്കിനു മുന്നില്‍ ഉയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് 2004 ഏപ്രിലില്‍ മാര്‍ക്കറ്റ് സ്റ്റബിലൈസേഷന്‍ സ്കീം (Market Stabilisation Scheme) കൊണ്ടുവന്നത്. ഈ പദ്ധതി അനുസരിച്ച് വിദേശമൂലധനത്തിന്റെ ദുഷ്പ്രഭാവങ്ങളെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ( to conduct sterilisation operations) റിസര്‍വ് ബാങ്കിന് യുക്തമെന്നു തോന്നുന്ന അത്രയും ഗവണ്മെന്റ് സെക്യുരിറ്റികള്‍ യുക്തമായ സമയത്ത് പുറപ്പെടുവിക്കാന്‍ കഴിയും. എന്നു വച്ചാല്‍, റിസര്‍വ് ബാങ്കിന്റെ കൈവശം ഇത്തരം ആവശ്യങ്ങള്‍ക്കായി ആവശ്യത്തിന് ഗവണ്മെന്റ് സെക്യുരിറ്റികള്‍ ഇല്ല എങ്കില്‍ ബാങ്കിന് ഗവണ്മെന്റില്‍ നിന്നും സെക്യുരിറ്റികള്‍ വായ്പയായി വാങ്ങാനും അവയെ കമ്പോളത്തില്‍ വില്‍ക്കാനും കഴിയും. ഒരു നിശ്ചിത സമയത്ത് ഇപ്രകാരം പുറപ്പെടുവിക്കാവുന്ന സെക്യുരിറ്റികളുടെ പരമാവധി തുക എത്ര ആയിരിക്കണമെന്ന് സര്‍ക്കാരും റിസര്‍വ് ബാങ്കും സമയാസമയങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ തീരുമാനിക്കുന്നു.

ഇപ്രകാരം പുറപ്പെടുവിക്കുന്ന സെക്യുരിറ്റികളെ സര്‍ക്കാര്‍ കേന്ദ്രബാങ്കില്‍ നടത്തിയിരിക്കുന്ന നിക്ഷേപമായി കണക്കാക്കുന്നതുമൂലം അവയെ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ബാദ്ധ്യത ആ‍യാണ് കാണിച്ചിരിക്കുന്നത് . എന്നു മാത്രമല്ല അവയെ കേന്ദ്ര ബാങ്കില്‍ നിന്നും സര്‍ക്കാരിനു നല്‍കുന്ന വായ്പയില്‍ നിന്നും കുറവു ചെയ്യുകയും ചെയ്യുന്നു ( ലഭ്യമായ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ എടുക്കുകയല്ല, ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്). മുന്‍‌കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള പരിധി വരെ, തങ്ങളുടെ ബാദ്ധ്യതയുടെ തുക വര്‍ദ്ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്കിന് വിദേശ ആസ്തികളിലുണ്ടാകുന്ന വര്‍ദ്ധനവിനെ ബാലന്‍സ് ചെയ്യാന്‍ കഴിയും. ഇപ്രകാരം സെക്യുരിറ്റികള്‍ വിറ്റ് ആഗീകരണം ചെയ്യപ്പെടുന്ന പണം സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവാക്കാന്‍ അനുവാദമില്ല. അവയെ സര്‍ക്കാരിന്റെ നിക്ഷേപമായി ഒരു പ്രത്യേക അക്കൌണ്ടില്‍ സൂക്ഷിക്കേണ്ടതും മേല്‍ വിവരിച്ച പ്രകാരം വിറ്റഴിച്ച സെക്യുരിറ്റികളെ തിരിച്ച് വാങ്ങുന്നതിനു(redemption or the buy-back) മാത്രം ഉപയോഗിക്കേണ്ടതുമാണ്.

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരം സെക്യുരിറ്റികള്‍ മൂലധന അക്കൌണ്ടിലെ ബാദ്ധ്യത( a capital liability) ആണെങ്കിലും കേന്ദ്ര ബാങ്കിലുള്ള തത്തുല്യ നിക്ഷേപത്തെ ആസ്തി ആയി കണക്കാക്കുന്നതിനാല്‍, ഇങ്ങനെ സെക്യുരിറ്റികള്‍ പുറപ്പെടുവിക്കുക വഴി ബാലന്‍സ് ഷീറ്റില്‍ കേവലമായ യതൊരു വ്യത്യാസവും (net difference ) ഉണ്ടാകുന്നില്ല . എന്നുമാത്രമല്ല, ഇതു മൂലം സര്‍ക്കാരിന്റെ കമ്മിയും(fiscal deficit) വര്‍ദ്ധിക്കുന്നില്ല.പക്ഷെ ഇത്തരം സെക്യുരിറ്റികള്‍ക്ക് പലിശ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. അത് കേന്ദ്ര ബഡ്‌ജറ്റില്‍ “പലിശ ഇനത്തിലുള്ള ചെലവുകള്‍” എന്ന ശീര്‍ഷകത്തില്‍ ഉള്‍ക്കൊള്ളിക്കാറുമുണ്ട്. ചുരുക്കത്തില്‍ മൂലധനപ്രവാഹത്തെ നിര്‍വീര്യമാക്കാന്‍ റിസര്‍വ് ബാങ്ക് കമ്പോളത്തില്‍ കൂടുതല്‍ കൂടുതല്‍ ഇടപെടുകയാണെങ്കില്‍ സര്‍ക്കാരിന് അതിനായി കൂടുതല്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും. രാജ്യത്തിന്റെ അമൂല്യവും ദുര്‍ലഭവുമായ വിഭവങ്ങള്‍ പല മുന്‍‌ഗണനാ മേഖലകളില്‍ നിന്നും വഴിതിരിച്ചുവിടേണ്ടിയും വരും.
2004 ല്‍ MSS ആരഭിച്ചപ്പോള്‍, സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് പരമാവധി ബാദ്ധ്യത 60000 കോടി രൂപ എന്ന് പരിമിതപ്പെടുത്തിയിരുന്നു. വര്‍ദ്ധിച്ചുവന്ന മൂലധനപ്രവാഹത്തിനനുസരിച്ച് , കാലകാലം ഈ പരിധി വര്‍ദ്ധിപ്പിച്ചു വരുന്നു. 2007 നവംബര്‍ 7 ന് ( കൊടുത്ത് തീര്‍ക്കാനുള്ളത് 1,85,100 കോടി രൂപ ആണ് ) നടന്ന ചര്‍ച്ചയില്‍ 2007-08 വര്‍ഷത്തെ പരിധി ആ‍യി നിശ്ചയിച്ചിരിക്കുന്നത് 2,50,000 കോടി രൂപയാണ്. ഈ സ്കീമിലെ കൊടുത്ത് തീര്‍ക്കാനുള്ള തുക 2,35, 000 കോടി രൂപ എന്ന പരിധി കടക്കുമ്പോള്‍ പരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് വീണ്ടും പരിശോധിക്കുന്നതാണ്. 2007 ആഗസ്റ്റ് 8 ന് സര്‍ക്കാരും റിസര്‍വ് ബാങ്കും പരസ്പരധാരണപ്രകാരം 2007-08 വര്‍ഷത്തേക്കുള്ള പരിധിയായി നേരത്തെ നിശ്ചയിച്ചിരുന്നത് 1,50,000 കോടി രൂപയായിരുന്നു എന്നത് പരിഗണിക്കുമ്പോഴാണ് വളരെ കുറഞ്ഞ കാലയളവില്‍ രാജ്യത്തിലേക്ക് ഒഴുകിയ മൂലധനത്തിന്റെ വ്യാപ്തി( റിസര്‍വ് ബാങ്ക് കണക്കുകൂട്ടിയതിലും എതയോ അധികമാണ് എന്ന് ) വ്യക്തമാകുന്നത്.

MSS സ്കീമിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ പ്രാരംഭ കാലങ്ങളില്‍ തിരിച്ചടക്കാനുള്ള തുകയുടെ വ്യാപ്തി കൂടിയും കുറഞ്ഞും ഇരുന്നെങ്കിലും 2005 ജൂണിനു ശേഷം അതില്‍ സ്ഥിരമായ വര്‍ദ്ധനവാണ് കാണാന്‍ കഴിയുക. 2007 മാര്‍ച്ച് 31 മുതല്‍ 2007 നവംബര്‍ 8 വരെ യുള്ള കാലഘട്ടത്തിലാവട്ടെ 1,17, 181 കോടിയുടെ നാടകീയമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. MSS സ്കീം അനുസരിച്ച് പുറപ്പെടുവിക്കുന്ന സെക്യുരിറ്റികള്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മൂലധന അക്കൌണ്ടിലെ ഒരു ബാദ്ധ്യതയല്ലെങ്കിലും, ഓരോ വര്‍ഷവും പലിശ ഇനത്തില്‍ നല്‍കേണ്ട തുകയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു എന്നത് പ്രസ്താവ്യമാണ്.

പലിശ ഭാരം

ഇന്ത്യയിലേക്ക് വരുന്ന മൂലധനപ്രവാഹത്തില്‍ അധികപങ്കും നമുക്ക് ആവശ്യമില്ലാത്തതാണ് എന്നതാണ് വാസ്തവം.ഭാരതത്തിന്റെ നാമമാത്രമായ കറണ്ട് അക്കൌണ്ട് കമ്മി നികത്താന്‍ അവയുടെ ആവശ്യമില്ല. മാത്രവുമല്ല മൂലധനത്തിന്റെ ഒഴുക്ക് ഊഹക്കച്ചവടത്തിലേക്കും, സെക്കന്‍ഡറി മാര്‍ക്കറ്റിലേക്കും, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്കും ആണെന്നും ഭാരതത്തിന്റെ സമ്പദ്‌മേഖലക്ക് ഉല്‍പ്പാദനപരമായ യാതൊരു നേട്ടവും അവ സമ്മാനിക്കുന്നില്ല എന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ട് താനും. വിദേശ മൂലധനപ്രവാഹം നിരുത്സാഹപ്പെടുത്താന്‍ കൂട്ടാക്കുന്നില്ല എന്നു മാത്രമല്ല അവ നിലനിര്‍ത്താനായി അധികഭാരം ചുമക്കുന്നതിന് സര്‍ക്കാരിന് മടിയേതുമില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഇത്തരം മൂലധനം വിനാശകാരിയാണെന്നതു മാത്രമല്ല അവ രാഷ്ട്രത്തിന്റെ ദുര്‍ലഭമായ വിഭവങ്ങള്‍ വലിച്ചുകുടിച്ച് ലാഭം കുന്നുകൂട്ടുകയാണ് എന്നത് കൂടി കണക്കിലെടുത്ത് അനാവശ്യ മൂലധനപ്രവാഹത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ് പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കായി വിഭവ സമാഹരണം നടത്തുമ്പോള്‍ ആലോചിക്കേണ്ടത്. സബ്‌സിഡി വെട്ടിച്ചുരുക്കുന്നതിനെപ്പറ്റിയും മറ്റും വിവാദ പരാമര്‍ശങ്ങള്‍ നടത്തും മുമ്പേ പ്രധാനമന്ത്രി ആസൂത്രണ കമ്മീഷനെ നയിക്കേണ്ടത് ഈ ദിശയിലൂടെയാണ്.

(ശ്രീ. സി.പി.ചന്ദ്രശേഖരന്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ. കടപ്പാട്: പീപ്പിള്‍സ് ഡെമോക്രസി)

Wednesday, December 26, 2007

അഭിമാനപ്രശ്നം

ജോസഫിന്റെ വീട്.

മതിലിനപ്പുറത്തുനിന്നും രമേശന്‍ വിളിക്കുന്നു.

"ഹലോ ജോസഫേ''

"എന്താ രമേശാ''

"അല്ല. തന്നോടൊരു കാര്യം പറയണോന്നു വിചാരിക്കുകയായിരുന്നു''.

"എന്താ?''

"ദാ കണ്ടില്ലേ, തന്റെ പ്ലാവിന്റെ ഈ ചില്ല... അത് എന്റെ വീട്ടുമുറ്റത്തേക്ക് വളഞ്ഞുവന്നതുകാരണം, മഴപെയ്യുമ്പോള്‍ വെള്ളത്തുള്ളികള്‍, ഈ ഭാഗത്തേക്കു വീഴുന്നു. രാവിലെ മുറ്റമടിക്കുമ്പോള്‍ കുറച്ചധികം ഇലകളും ഉണ്ടാകുന്നു. വൈഫിനും ബുദ്ധിമുട്ട്. അല്ല - ആ ചില്ലയൊന്ന് കട്ടുചെയ്തുവിട്ടാല്‍ സന്തോഷമുണ്ട്. അതവിടെനിന്നാല്‍ വളര്‍ന്നുവലുതാകും. കൂടുതല്‍ ഇല വീഴും. തനിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍...''

"ഹ! എന്തു ബുദ്ധിമുട്ട് രമേശാ'' എനിയ്ക്കീ പ്ലാവില്‍ വലിഞ്ഞുകയറാന്‍ വയ്യ. ഒരാളിനെ സംഘടിപ്പിച്ച് ഇന്നുതന്നെ അതങ്ങ് റെഡിയാക്കാം. താന്‍ പറഞ്ഞതു നേരാ... ചപ്പുചവറൊക്കെ വീണ് മുറ്റം നാശമാകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ വീട്ടിലെ പെണ്ണുങ്ങള്‍ക്കേ അറിയൂ. ഇന്നുതന്നെ വേണ്ടത് ചെയ്തേക്കാം''.

"താങ്ക്യൂ ജോസഫേ താങ്ക്യൂ...''

റോഡ്

നടന്നുവരുന്ന ജോസഫ്, പരിചയക്കാരന്‍ സുഗുണനെ കാണുന്നു.

"ജോസഫ് ചേട്ടന്‍ എങ്ങോട്ടാ...''

"നമ്മുടെ മരംമുറിയ്ക്കല്‍കാരന്‍ ലൂക്കോയെ ഒന്നു കാണണം. പ്ലാവിന്റെ ഒരു കൊമ്പ് വെട്ടാന്‍''

"പ്ലാവിന്റെ കൊമ്പോ? ഏതു പ്ലാവിന്റെ കൊമ്പ്?''

"എന്റെ മുറ്റത്തെ പ്ലാവുതന്നെ. അതില്‍നിന്ന് ഇലകളും വെള്ളത്തുള്ളിയും മറ്റും വീഴുന്നതുകാരണം രമേശന് ഒരു ബുദ്ധിമുട്ട്. ഒരു ചെറിയ ചില്ലയാ. കൂടുതല്‍ വളര്‍ന്നിട്ടാണെങ്കില്‍ മുറിച്ചുമാറ്റാന്‍ പ്രയാസമായിരിക്കും''.

"അതിരിക്കട്ടെ. ഇതിപ്പൊ ആരുപറഞ്ഞിട്ടാ ചേട്ടനിങ്ങനെ മുന്നുംപിന്നുമാലോചിക്കാതെ ഒരുമ്പെട്ടിറങ്ങുന്നത്?''

"രമേശന്‍തന്നെയാ രാവിലെ സൂചിപ്പിച്ചത്''.

"അയ്യടി മനമേ! ചേട്ടനിത്ര അപ്പാവിയായിപ്പോയല്ലോ. ആ കുഴിത്തുരുമ്പന്‍ മരംവെട്ടാന്‍ പറഞ്ഞു. ഓ കോടാലിയന്വേഷിച്ച് ചേട്ടനങ്ങ് മുണ്ടുംമടക്കിക്കുത്തി ഇറങ്ങുകേം ചെയ്തു. അല്ല. അവന്മാരെപ്പോലുള്ളവന്മാര്‍ക്കേ കാലമുള്ളൂ''.

"താനെന്തൊക്കെയാടോ പറയുന്നത്?''

"എന്റെ ചേട്ടാ ദേ നോക്ക്. ഇപ്പൊ അയാളുടെ ഒരു പ്ലാവാണ് ചേട്ടന്റെ മുറ്റത്തേക്ക് ചാഞ്ഞെന്നിരിക്കട്ടെ. ചേട്ടന്‍ അയാളോട് പറയുന്നു. കൊമ്പൊന്നുവെട്ടാന്‍. വെട്ടുമോ?''

"അല്ല... അത്... വെട്ടില്ലേ...''

"ങും. വെട്ടും. പറയാന്‍ ചെല്ലുന്ന ചേട്ടന്റെ തലവെട്ടും. ആളാരാ മോന്‍. അമ്പോ. കമിഴ്ന്നുവീണാല്‍ കാല്‍പ്പണം. ഇന്നിപ്പൊ ചേട്ടന്‍ ആ കൊമ്പുവെട്ടുന്നു. അയാള്‍ നാടൊട്ടുക്ക് വീരവാദമടിച്ചു നടക്കും. 'അയാള് ചേട്ടനെ വിരട്ടി. ചേട്ടന്‍ പേടിച്ച് മരം മുറിച്ചു' അങ്ങനെയൊക്കെ. അല്ല. ജയിക്കാന്‍ പറ്റാത്തിടത്ത് അല്‍പമൊന്ന് മുതുകുവളച്ചുകൊടുക്കുന്നതാ നല്ലത്. അല്ലെങ്കില്‍ പിന്നെ ചേട്ടനായിട്ടല്ല ആ കൊമ്പങ്ങ് ചായ്ച്ചുവിട്ടത്. പ്രകൃതി, പ്രകൃതിയുടെ കളി. അല്ല, ചേട്ടനോടൊക്കെയേ അവന് ആളാകാന്‍ പറ്റൂ. എന്നോടായിരിയ്ക്കണമായിരുന്നു. ഇതുപോലെ തോന്ന്യാസവും പറഞ്ഞുവരുന്നത്. ഉച്ചയ്ക്ക് ചോറുണ്ണാന്‍ പിന്നെ വയ്പുപല്ല് വയ്ക്കേണ്ടിവരും...''

"ങാ... ഞാനും ഒന്നാലോചിയ്ക്കട്ടെ...''

ജോസഫിന്റെ വീട്

"എന്താ ജോസഫേ പെട്ടെന്നൊരു മനംമാറ്റം? രാവിലെ എല്ലാം സമ്മതിച്ചാണല്ലോ പോയത്. പിന്നെന്താ?''

"എന്താ തന്റെ ടോണിനൊരു മാറ്റം. ഭീഷണിപ്പെടുത്തി മുറിപ്പിയ്ക്കാമെന്നാണോ?''

"ഹ! താനെന്തൊക്കെയാ ഈ പറയുന്നത്''.

"മരമാകുമ്പൊ ചിലപ്പൊ അങ്ങനെയൊക്കെ സംഭവിക്കും. ഈ രീതിയില്‍ വളരണമെന്ന് ഞാന്‍ മരത്തോടുപറഞ്ഞാല്‍ മരം അനുസരിക്കില്ല. അതുമല്ല. എന്റപ്പന്‍ നട്ടുവളര്‍ത്തിയ മരമാ. അതിന്റെ ചില്ലപോയിട്ട് ഒരില എടുത്തുമാറ്റാന്‍ ഞാന്‍ സമ്മതിയ്ക്കില്ല''

"വാശിയാണോ?''

"അതെ വാശിയാ. എന്തു സംഭവിച്ചാലും ശരി. ഈ ചില്ല ഞാന്‍ മുറിച്ചുമാറ്റില്ല''.

"എന്നാല്‍ താന്‍ കേട്ടോ. എത്രേക്കെ കാശു ചെലവാക്കേണ്ടിവന്നാലും ഞാനിതു മുറിപ്പിയ്ക്കും''

വക്കീലാഫീസ് 1

"വക്കീലേ... ദേ.. ഇത് പ്രസ്റ്റീജിന്റെ പ്രശ്നമാ. പ്രസ്റ്റീജിന്റെ പ്രശ്നം. രൂപ എനിക്കൊരു പ്രശ്നമല്ല. എത്രവേണോ ഞാന്‍ ചെലവാക്കും. പക്ഷെ എന്റെ ആ പ്ലാവിന്റെ ചില്ലയ്ക്ക് ഒരു പോറല്‍പോലും ഏല്‍ക്കരുത്. അവന്‍ ഗുണ്ടകളെവിട്ട് ചില്ലമുറിക്കാന്‍ ഇടയുണ്ട്. ഇഞ്ചക്ഷനോ മുന്‍കൂര്‍ വാണിങ്ങോ, നോട്ടീസ് പതിപ്പിക്കലോ എന്താണെന്നുവച്ചാല്‍ ഉടനെ ചെയ്യണം. ഇതാ അഡ്വാന്‍സ്, എണ്ണി നോക്കണം. പോരെങ്കില്‍ ഉച്ചയ്ക്കുമുമ്പ് വീണ്ടുമെത്തിയ്ക്കാം''.

വക്കീലാഫീസ് 2

"ഇതാ അമ്പതിനായിരം രൂപ. ഒരു തല്‍ക്കാലഫീസ്. അവന്റെ പ്ലാവിന്റെ ആ ചില്ല ആ മരത്തില്‍നിന്ന് അടര്‍ന്നുമാറുന്ന ദിവസം, ദേ വക്കീലേ, ഞാനെന്റെ വീടും പറമ്പും വക്കീലിന് എഴുതിത്തരും. പ്രസ്റ്റീജിന്റെ പ്രശ്നമാ. പ്രസ്റ്റീജിന്റെ പ്രശ്നം...''

ഇടവഴി - ആറുമാസത്തിനുശേഷം

"രമേശന്‍ സാറിതെങ്ങോട്ടുപോണു. കേസിന്റെ കാര്യമൊക്കെ എന്തായി''.

"അതിനുവേണ്ടിയുള്ള ഓട്ടംതന്നാ സുഗുണാ. പ്ലാവിന് അയാളും ഞങ്ങളും സെക്യൂരിറ്റിയിട്ടേയ്ക്കുകയാണല്ലോ. അതിന് കക്ഷികള്‍തന്നെ കാശുകെട്ടണം. അടുത്തയാഴ്ചയാ കേസെടുക്കുന്നെ. കുറച്ചു ഫീസുകൂടി എത്തിക്കണം. തന്റെ പരിചയത്തില്‍ ആരെങ്കിലുമുണ്ടോ. കുറച്ചുകാശ് റോള്‍ചെയ്യാന്‍''.

"പത്തുശതമാനം പലിശകൊടുക്കാമെങ്കില്‍ ഞാന്‍ റെഡിയാക്കാം. പിന്നെ രമേശന്‍ സാറെ. ദേ ഞാന്‍ പലവട്ടം പറഞ്ഞകാര്യം ഓര്‍മയുണ്ടല്ലോ. ഇത് അഭിമാനപ്പോരാട്ടമാണ് അഭിമാനപ്പോരാട്ടം. അതുമല്ല അയാള് വരത്തനല്ലേ. വല്ല ജില്ലേന്നും വന്നു കുടിയേറിയ കക്ഷി. അയാള് അങ്ങനെ ആളായാലോ. ഇവനൊക്കെ തലയെടുക്കുമ്പഴേ പത്തിക്കുകൊടുക്കണം തല്ല്''.

"പക്ഷെ ഇപ്പോത്തന്നെ കാശ്...''

"കാശ് വരും പോകും. പക്ഷെ മതിലും മരച്ചില്ലയും പ്രസ്റ്റീജും. അതുപോയാല്‍പിന്നെ തിരിച്ചുകിട്ടില്ല സാറെ. അതുമല്ല നഷ്ടപ്പെടുന്നതോര്‍ത്ത് നീ എന്തിനു ദുഃഖിക്കുന്നു എന്നൊക്കെയല്ലേ വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്''.

രജിസ്ട്രാര്‍ ഓഫീസ് രണ്ടുവര്‍ഷത്തിനുശേഷം

അവിടെ രണ്ട് ആധാരങ്ങളുടെ പ്രമാണം നടക്കുകയാണ്. ജോസഫിന്റെയും രമേശന്റെയും വീടും പറമ്പും വില്‍ക്കുകയാണ്. കേസു നടത്തിച്ചും ഇടനിലക്കാര്‍ പിരികയറ്റിയും കാശു കുറെ ഇറങ്ങി. ഗുണ്ടകള്‍ക്കും മറ്റുമായി വേറെയും ചെലവ്. നില്‍ക്കക്കളിയില്ലാതെ രണ്ടുപേരും വില്‍ക്കുകയാണ്. ആധാരം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന രമേശന്‍, ജോസഫ്. അവര്‍ നോക്കുന്നു. രണ്ടുപേരുടെയും പ്രസ്റ്റീജ് വിജയിച്ചിരിക്കുകയാണ്. സ്ഥലങ്ങള്‍ വാങ്ങിയ സുഗുണന്‍ സന്തോഷത്തോടെ അവര്‍ക്കുമുന്നിലൂടെ ടാറ്റാ പറഞ്ഞുപോകുന്നു.

"രമേശന്‍''

"എന്താടാ ജോസഫേ?''

"ജയിച്ചത് ഞാനാണോ നീയാണോ?''

"നമ്മള്‍ രണ്ടുപേരുമല്ല''

"പിന്നെ - പ്രസ്റ്റീജാണോ?''

"അതുമല്ല. അതാ പോകുന്നില്ലേ സുഗുണന്‍. അവനാടാ ജയിച്ചത്. നമ്മളെപ്പോലുള്ളവരെ തമ്മില്‍ തല്ലിച്ച് ചോരകുടിക്കുന്ന അവന്മാര്‍ക്കാണെടാ ജയം. ഒരു മഴത്തുള്ളിയിലോ മരച്ചില്ലയിലോ അല്ല പ്രസ്റ്റീജെന്ന് തിരിച്ചറിയാന്‍ നമ്മള്‍ വളരെ വൈകിപ്പോയി''.

"എന്തായാലും പറ്റിയതുപറ്റി. നമുക്ക് സുഗുണനെ കാര്യമായൊന്നു സല്‍ക്കരിക്കണ്ടേ''.

"വേണം''

ആശുപത്രി

കാഷ്വാലിറ്റിയില്‍ രണ്ടു ഡോക്ടര്‍മാര്‍

"ഈശ്വരാ. ഇയാളുടെ എല്ലു മുഴുവന്‍ നുറുങ്ങിയിരിക്കുകയാണല്ലോ''

"അതെ ഒറ്റപല്ലുപോലും വായിലില്ല''.

"കഴുത്തുതിരിഞ്ഞ് പിറകോട്ടായിപ്പോയിരിക്കുന്നു''.

"നാട്ടിലെ പാരയാണത്രെ ഇവന്‍. തമ്മില്‍ തല്ലിയ്ക്കലാണത്രെ ഹോബി. പേരു സുഗുണന്‍''.

"ഒരു കാര്യം ചെയ്യാം. ഒപി ടിക്കറ്റില്‍ പേര് ദുര്‍ഗ്ഗുണന്‍ എന്നാക്കാം''.

(ലേഖകന്‍: ശ്രീ. കൃഷ്ണ പൂജപ്പുര. കടപ്പാട്: ദേശാഭിമാനി)

Tuesday, December 25, 2007

യേശു പൊതുപ്രവര്‍ത്തകരോടാവശ്യപ്പെടുന്നത്

യേശുവിന്റെ മനുഷ്യാവതാരം ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ കേന്ദ്രസത്യമാണ്. ദൈവം മനുഷ്യനായി അവതരിച്ച ദിവസത്തിന്റെ ഓര്‍മയും ആഘോഷവുമാണ് ക്രിസ്ത്യാനികളുടെ ക്രിസ്മസ്. എന്നാല്‍ ബിസി 6നും എഡി 30നും ഇടയില്‍ നസ്രത്തില്‍ ജീവിച്ചിരുന്ന ആശാരിപ്പണിക്കാരനായ ആ യഹൂദയുവാവ് സ്വയം വിശേഷിപ്പിച്ചത് മനുഷ്യപുത്രന്‍ എന്നായിരുന്നു. ഹീബ്രു ഭാഷയിലും അരമായ ഭാഷയിലും ഈ പ്രയോഗത്തിന് മനുഷ്യന്‍ എന്നാണ് അര്‍ഥം.

മനുഷ്യപുത്രനായ യേശു മനുഷ്യഭാവനയെ ഉദ്ദീപിപ്പിക്കുകയും ചിന്തയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സവിശേഷതയുള്ള ചരിത്രപുരുഷനാണ്. മനുഷ്യനായ യേശുവിനെ ഞാന്‍ ഇഷ്ടപ്പെടുന്നു; സ്നേഹിക്കുന്നു; ആരാധിക്കുന്നു; അനുകരിക്കുന്നു. മൂന്നു വര്‍ഷംമാത്രം നീണ്ടുനിന്ന യേശുവിന്റെ പൊതുജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് ഉത്തമമായ മാതൃകയാണ്.

ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത്‌ലഹെമില്‍ യേശു ജനിച്ചതായി ബൈബിള്‍ പറയുന്നു. നസ്രത്തിന് 11 കിലോമീറ്റര്‍ അകലെയാണ് ബേത്‌ലഹെം. നസ്രത്തില്‍ ജീവിച്ചിരുന്ന ജോസഫും മേരിയും അഗസ്റ്റസ് സീസറിന്റെ കല്‍പ്പനയനുസരിച്ചാണ് സ്വന്തം നഗരമായ ബേത്‌ലഹെമില്‍ പേരെഴുതിക്കാനായി എത്തിയത്. ഭാര്യ പൂര്‍ണഗര്‍ഭിണിയാണെന്നത് പൌരബോധത്തില്‍നിന്ന് വ്യതിചലിക്കുന്നതിനുള്ള കാരണമായി ജോസഫ് കണ്ടില്ല. നസ്രത്തില്‍ സ്വന്തം വീട്ടില്‍ നടക്കേണ്ടിയിരുന്ന പ്രസവം സത്രത്തില്‍ സ്ഥലം ലഭിക്കാതിരുന്നതിനാല്‍ ബേത്‌ലഹെമിലെ തൊഴുത്തില്‍ നടന്നു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള യാത്രയും കാത്തുനില്‍പ്പും അസൌകര്യമായി കരുതുന്നവര്‍ക്ക് ജോസഫിന്റെ പ്രവൃത്തി മാതൃകയാകണം.

യേശുവിന്റെ പൊതുപ്രവര്‍ത്തനം അധികാരത്തിനുവേണ്ടിയുള്ളതായിരുന്നില്ല. എന്നാല്‍ ഇന്ന് ഞങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ ചെയ്യുന്നതെല്ലാം അന്ന് അദ്ദേഹം ചെയ്തിരുന്നു. കാനായിലെ വിവാഹവിരുന്നില്‍ സജീവമായി പങ്കെടുക്കുകയും സക്കേവൂസിന്റെ ഭവനം സന്ദര്‍ശിക്കുകയും ചുങ്കക്കാരോടും പാപികളോടും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ലാസറിന്റെ മരണമറിഞ്ഞ് സഹോദരിമാരെ സമാശ്വസിപ്പിക്കാനെത്തുകയും ചെയ്ത യേശു രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സാമൂഹികസ്വഭാവത്തിന് ഉത്തമദൃഷ്ടാന്തമായി. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും സമാശ്വാസത്തിന്റെ വാഗ്ദാനത്തോടെ സ്വന്തം സവിധത്തിലേക്കു ക്ഷണിച്ച യേശു രാഷ്ട്രീയപ്രവര്‍ത്തകര്‍ ഏതു പക്ഷത്തു നില്‍ക്കണമെന്ന വ്യക്തമായ നിര്‍ദേശമാണ് നല്‍കിയത്.

കപടനാട്യത്തിനെതിരെ ആത്മാര്‍ഥതയുടെ സന്ദേശമാണ് യേശുവിന്റെ സുവിശേഷം. മത്തായിയുടെ സുവിശേഷത്തിലെ അധ്യായം 23 ഏതു പൊതുപ്രവര്‍ത്തകനും സഗൌരവം വായിച്ചിരിക്കേണ്ടതാണ്. നിയമത്തോടും രാഷ്ട്രീയാധികാരത്തോടും വിധേയത്വം ഉപദേശിക്കുന്ന സുവിശേഷം നേതാക്കന്മാരുടെ പ്രവൃത്തികള്‍ അനുകരണീയമാവില്ലെന്ന മുന്നറിയിപ്പ് ജനങ്ങള്‍ക്കു നല്‍കുന്നു. മോശയുടെ സിംഹാസനത്തിലിരുന്ന് കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന നിയമജ്ഞരെക്കുറിച്ചും ഫരിസേയരെക്കുറിച്ചും യേശു പറഞ്ഞതെല്ലാം ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബാധകമാണ്. അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു; സഹായത്തിന് ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നില്ല. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടങ്ങള്‍ക്ക് വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്ക് നീളവും കൂട്ടുന്നു. വിരുന്നുകളില്‍ പ്രമുഖ സ്ഥാനവും സിനഗോഗുകളില്‍ പ്രധാന പീഠവും നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്ന് സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു.

റബ്ബി എന്നത് ലീഡര്‍ എന്ന് തിരുത്തി വായിച്ചാല്‍ മേല്‍വാക്യങ്ങളുടെ പൊരുള്‍ വ്യക്തമാകും.

പീലാത്തോസിന്റെ ഭാര്യ യേശുവിനെ നീതിമാന്‍ എന്നാണ് വിശേഷിപ്പിച്ചത്. നീതിയെ മുന്‍നിര്‍ത്തിയുള്ള പ്രബോധനമാണ് യേശു നടത്തിയത്. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ക്ക് സംതൃപ്തിയും നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യവും മലമുകളിലെ പ്രഭാഷണത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടു. യേശുവിന്റെ നീതിയില്‍ സാമൂഹികനീതിക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. മുന്തിരിത്തോട്ടത്തിലെ ജോലിക്ക് ദിനാന്ത്യത്തില്‍ വിളിക്കപ്പെട്ടവര്‍ക്കും ദിനാരംഭത്തില്‍ വിളിക്കപ്പെട്ടവര്‍ക്കൊപ്പം വേതനം നല്‍കിയ ഉടമസ്ഥനെപ്പോലെ പിന്നില്‍ നില്‍ക്കുന്നവരെ മുന്നിലെത്തിക്കുന്നതിനുള്ള ദൌത്യവും വിവേചനാധികാരവും രാഷ്ട്രീയനേതൃത്വത്തിന് സുവിശേഷം നല്‍കുന്നുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ആശംസയോടെയാണ് ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. ബേത്‌ലഹെമിലെ ആശംസയും അതുതന്നെയായിരുന്നു. സമാധാനപ്രിയര്‍ക്കുള്ള അനുഗ്രഹം മലയിലെ പ്രസംഗത്തില്‍ പ്രഖ്യാപിക്കുന്നു.

കേവലന്മാരായ 12 പേര്‍ക്കൊപ്പം സാധാരണജനങ്ങള്‍ക്കിടയിലാണ് യേശു പ്രവര്‍ത്തിച്ചത്. ജനങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചുകൊണ്ട് സംസാരിക്കുന്നതെങ്ങനെയെന്ന് യേശു ഓരോ രാഷ്ട്രീയനേതാവിനെയും പഠിപ്പിക്കുന്നു. ജനങ്ങള്‍ക്ക് മനസ്സിലാകുംവിധം അവന്‍ വചനം പ്രസംഗിച്ചു എന്നാണ് സുവിശേഷം പറയുന്നത്. അതേസമയം ശിഷ്യന്മാര്‍ക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സഹപ്രവര്‍ത്തകരോടുള്ള നേതാവിന്റെ ഉത്തരവാദിത്തമാണ് ഇവിടെ പ്രകടമാകുന്നത്. രാഷ്ട്രീയരംഗത്ത് ഈ ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

ജനക്കൂട്ടത്തെ യേശു കൈകാര്യം ചെയ്തിരുന്ന രീതിയും അനുകരണീയമാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തന്റെ വസ്ത്രാഞ്ചലത്തില്‍ സ്പര്‍ശിച്ച സ്ത്രീയോടും ബേത്സഥായിലെ കുളക്കരയില്‍ തളര്‍ന്നുകിടന്നിരുന്ന നിസ്സഹായനോടും അദ്ദേഹം പ്രതികരിച്ചതെങ്ങനെയെന്നു നോക്കുക. നേതാവ് സദാ സേവനസന്നദ്ധനായിരിക്കണം. അതാകട്ടെ അനുകമ്പയാല്‍ ആര്‍ദ്രമായിരിക്കണം. ഇതാണ് യേശു നല്‍കുന്ന മാതൃക. അത്തരം സേവനത്തിനുള്ള പ്രതിഫലം ജനനിന്ദയാണെന്നും സുവിശേഷം പറയുന്നു. ജറുസലെം വീഥിയിലെ വരവേല്‍പ്പിനു പിന്നാലെ റോമന്‍ പ്രത്തോറിയത്തിലെ ആരവവും തന്നെത്തേടിയെത്തുമെന്ന് നേതാവ് അറിഞ്ഞിരിക്കണം. ഈന്തപ്പനയോലകള്‍ വീശുന്ന ജനം രഹസ്യമായി ഒരു മുള്‍ക്കിരീടവും മെനയുന്നുണ്ട്.

സമാധാനത്തിന്റെ രാജകുമാരന്‍ എന്നാണ് യേശുവിനെ വിശേഷിപ്പിക്കുന്നത്. ഭൂമിയില്‍ സമാധാനം നല്‍കാനല്ല, ഭിന്നത നല്‍കാനാണ് താന്‍ വന്നത് എന്ന് അര്‍ഥശങ്കയില്ലാതെ പറഞ്ഞ യേശു വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ എന്നാണ് നിര്‍ദേശിക്കുന്നത്. ഗത്സേമനിയില്‍ യേശുവിനെ സംരക്ഷിക്കാന്‍ വാളൂരിയപ്പോള്‍ വാള്‍ ഉറയിലിടുകയെന്ന ഉപദേശം മാത്രമാണുണ്ടായത്. വാള്‍ ദൂരെക്കളയാന്‍ യേശു ആജ്ഞാപിച്ചില്ല. ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ ചാട്ടകൊണ്ടടിച്ചാണ് യേശു പുറത്താക്കിയത്.

റോമാ സാമ്രാജ്യം യേശുവിനെ ഭയന്നു. അടിമത്തത്തില്‍നിന്ന് യഹൂദരെ മോചിപ്പിക്കാനെത്തിയ വിപ്ലവകാരിയായി അവര്‍ ആ യുവാവിനെ കണ്ടു. സാമ്രാജ്യത്വത്തിന് ദാസ്യവൃത്തി നടത്തിയിരുന്ന പൌരോഹിത്യവും അവനെ ഭയന്നു. ഇരുവരും ചേര്‍ന്ന് കാല്‍വരിയില്‍ അവനുവേണ്ടി കുരിശുകളുയര്‍ത്തി. പിന്നീട് സാമ്രാജ്യത്വവും പൌരോഹിത്യവും ചേര്‍ന്ന് അവനെ സ്വന്തമാക്കി. മര്‍ദിതര്‍ക്കും ചൂഷിതര്‍ക്കുംവേണ്ടി എഴുതപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ സുവിശേഷത്തോടൊപ്പം ചേര്‍ത്തു വായിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പുരോഹിതന്മാരുടെ ചാട്ടവാറുകള്‍ ഉയരുന്നു. ദേവാലയങ്ങള്‍ വീണ്ടും കവര്‍ച്ചക്കാരുടെ ഗുഹകളാകുന്നു.

ഏലി, ഏലി, ല്മാ സബക്‍ഥാനി (എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു!)

കാല്‍വരിയിലെ നിലവിളി നൂറ്റാണ്ടുകള്‍ക്കുശേഷവും നാം കേള്‍ക്കുന്നു.

(ലേഖകന്‍: ശ്രീ. സെബാസ്റ്റ്യന്‍ പോള്‍ എം.പി. കടപ്പാട്: ദേശാഭിമാനി)

മാനവശേഷി വികാസവും വളര്‍ച്ചാനിരക്കും

മാനവ വികസന സൂചികയില്‍ ‍(Human Development Index) നമ്മേക്കാള്‍ വളരെ താഴെയുള്ള പല രാഷ്ട്രങ്ങളും - നമ്മുടേത്‌ പോലുള്ള വളര്‍ച്ചാ നിരക്കുകള്‍ അവകാശപ്പെടനില്ലാത്തവര്‍ - പല മേഖലകളിലും നമ്മേക്കാള്‍ എത്രയോ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌.

ഐക്യരാഷ്ട്ര സഭാ വികസന പരിപാടി(UNDP)യുടെ മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 128ലേക്ക്‌ താഴ്‌ന്നു എന്നത്‌ യഥാര്‍ത്ഥത്തില്‍ ഒരു വീഴ്ചയല്ല എന്നത്‌ ഒരു നല്ല വാര്‍ത്തയാണ്‌. കഴിഞ്ഞ വര്‍ഷം നാം 126-ആം റാങ്കിലായിരുന്നു എങ്കിലും. അങ്ങിനെയാണ്‌ പേരു വെളിപ്പെടുത്താത്ത ചില ഉദ്യോഗസ്ഥര്‍ പറയുന്നത്‌ (കുറഞ്ഞപക്ഷം ഒരു പത്രത്തില്‍ എങ്കിലും അപ്രകാരം ഒരു റിപ്പോര്‍ട്ട്‌ വന്നിരുന്നു).

'മറ്റു രാജ്യങ്ങള്‍ അവരുടെ കണക്കുകള്‍ കൃത്യമായി പുതുക്കിയിരുന്നെങ്കില്‍' കഴിഞ്ഞ വര്‍ഷവും നമ്മുടെ റാങ്ക് 128 തന്നെ ആവുമായിരുന്നു എന്നാണ്‌ തോന്നുന്നത്‌.

ചുരുക്കത്തില്‍, നാം റാങ്കിങ്ങില്‍ താഴേക്ക്‌ പോയിട്ടില്ല, കഴിഞ്ഞ വര്‍ഷവും ഇത്ര തന്നെ മോശമായിരുന്നു! മുംബൈയുടെ നാടന്‍ രീതിയില്‍ പറയുകയാണെങ്കില്‍ "We are like this only", "നമ്മളിങ്ങനെയൊക്കെത്തന്നെയാണ്‌".

നൂറ്റി ഇരുപത്തെട്ടാം റാങ്ക്‌ എന്നത്‌ നമ്മെ യു.എന്‍.ഡി.പി മാനവ വികസന റിപ്പോര്‍ട്ട്‌ കണക്കിലെടുക്കുന്ന 177 രാജ്യങ്ങളില്‍ ഏറ്റവും താഴെയുള്ള 50 എണ്ണത്തില്‍ ഒരെണ്ണമാക്കുന്നുവെന്ന കാര്യം പറഞ്ഞ്‌ തുടങ്ങാം. ആദിവാസികളേയും ദളിതരേയും പ്രത്യേക രാഷ്ട്രമായി കണക്കാക്കുകയാണെങ്കില്‍ ആ രാജ്യം താഴെയുള്ള 25ല്‍ ആയിരിക്കും. അഥവാ നമ്മുടെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദന റാങ്കിംഗിനെ (per capita GDP ranking) ഈ പ്രക്രിയയില്‍ നിന്നും ഒഴിവാക്കി നോക്കൂ.. നമ്മുടെ രാജ്യം കുത്തനെ താഴോട്ടു പോകുന്നത്‌ കാണാം. അതിനിടക്ക്‌, മാനവ വികസന സൂചികയില്‍ നമ്മേക്കാള്‍ താഴെയുള്ള പല രാഷ്ട്രങ്ങളും - നമ്മുടേത്‌ പോലുള്ള ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകള്‍ അവകാശപ്പെടനില്ലാത്ത രാഷ്ട്രങ്ങള്‍- പല മേഖലകളിലും നമ്മളേക്കാള്‍ നല്ല പ്രകടനം നടത്തിയിട്ടുണ്ട്‌. മാനവ വികസന സൂചികയില്‍ നമ്മുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തെ 0.611ല്‍ നിന്നും അല്‍പം മുന്നോട്ട്‌ കയറി 0.619ല്‍ ആയെങ്കിലും മറ്റു രാജ്യങ്ങള്‍ നമ്മേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയിതിനാലാണ് നാം ഈ വര്‍ഷം നൂറ്റി ഇരുപത്തെട്ടാം റാങ്കിലേക്ക്‌ താഴ്‌ന്നത്.

1990 മുതല്‍ എല്ലാ വര്‍ഷവും യു.എന്‍.ഡി.പിയുടെ മാനവ വികസന റിപ്പോര്‍ടിനോടൊപ്പം മാനവ വികസന സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഈ സൂചിക " മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ( GDP) കണക്കെടുപ്പിനപ്പുറം “മാനവക്ഷേമത്തിന് ”ഒരു പുതിയ നിര്‍വചനം നല്‍കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത് . ". മാനവ വികസനത്തിന്റെ മൂന്നു മാനങ്ങള്‍ അറിയുവാന്‍ ഈ സൂചിക ശ്രമിക്കുന്നുണ്ട്‌: നീണ്ടതും ആരോഗ്യപൂര്‍ണ്ണവുമായ ജീവിതം ആണ് ഒന്നാമത്തേത് ( ശിശുമരണനിരക്കും ആയുര്‍ദൈര്‍ഘ്യവും അടിസ്ഥാനപ്പെടുത്തി ആണ് ഇത് അളക്കുന്നത്‌), വിദ്യാഭ്യാസ സിദ്ധി( പ്രായപൂര്‍ത്തി ആയവരിലെ സാക്ഷരതയും, പ്രാഥമിക, ദ്വിതീയ , ത്രിതീയ( primary, secondary and tertiary ) തലങ്ങളിലുള്ള വിദ്യാഭ്യാസത്തിനു ചേര്‍ന്നിട്ടുണ്ടോ എന്നതും കണക്കിലെടുത്താണ് ഇത് കണ്ടെത്തുന്നത്‌), മൂന്നാമത്തെ സൂചികയായ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദനം യു എസ് ഡോളറുമായുള്ള " Purchasing Power Parity"യുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.

ഈ സൂചികയുടെ റാങ്കിങ്ങില്‍ നാം എവിടെ നില്‍ക്കുന്നുവെന്ന് നമുക്ക്‌ പരിശോധിക്കാം. 1980 മുതല്‍ ഒരു ദശകത്തിലേറെക്കാലം രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധം കണ്ട എല്‍ സാല്‍വദോര്‍ നമ്മേക്കാള്‍ 25 പടി മുകളില്‍ 103ല്‍ നില്‍ക്കുന്നു. തെക്കേ അമേരികയിലെ ഏറ്റവും ദരിദ്ര രാജ്യമായി അറിയപ്പെടുന്ന ബൊളീവിയ നമ്മേക്കാള്‍ 11 പടി മുകളില്‍ 117ല്‍ ആണ്. ജനസംഖ്യയില്‍ പകുതിയിലധികവും ദരിദ്രരായ ആദിമവംശജര്‍ ഉള്ള, ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം അരങ്ങേറിയ മദ്ധ്യ അമേരിക്കയിലെ രാജ്യമാണ്‌ ഗ്വാട്ടിമാല. ഏതാണ്ട്‌ 40 വര്‍ഷം നീണ്ടു നിന്ന ഈ ആഭ്യന്തര യുദ്ധത്തില്‍ രണ്ട്‌ ലക്ഷത്തോളം ജനങ്ങള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. അതും 12 ദശലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്ത്‌. ഗ്വാട്ടിമാല നമ്മേക്കാള്‍ 10 പടി മുകളില്‍ 118ല്‍ നില്‍ക്കുന്നു.

2006 ലെ മാനവ വികസന സൂചികയില്‍ നമുക്ക്‌ പിറകില്‍ 131 റാങ്കില്‍ ഉണ്ടായിരുന്ന ആഫ്രിക്കയിലെ ബോട്ട്‌സ്വാന ഇത്തവണ നമ്മേക്കാള്‍ 4 പടി കയറി 124ല്‍ ആണ്‌. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ ഗാബണിന്റെ സ്ഥാനമാണ്‌ ഇവര്‍ കയ്യടക്കിയത്‌. ഗാബണ്‍ 124 റാങ്കില്‍ നിന്ന്‌ 119ലേക്ക്‌ കയറി. (ഹി ഹി..അവരുടെ കൃത്യമായി പുതുക്കിയ കണക്കുകള്‍ സമയത്തിനെത്തി. ഒരു പക്ഷെ വേറൊരു കൊറിയര്‍ സര്‍വീസ്‌ ആയിരിക്കണം അവര്‍ ഉപയോഗിക്കുന്നത്‌). തങ്ങളുടെ എല്ലാ ദുരന്തങ്ങളോടും കൂടെ അധിനിവേശ പാലസ്തീന്‍ 6 പടി ഇറങ്ങി 106 ലേക്ക്‌ താഴ്‌ന്നു. എന്നാലും നമ്മളെക്കാള്‍ വളരെ മുന്നിലാണവര്‍.

ഏഷ്യയില്‍, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും രക്തരൂക്ഷിതമായ സംഘര്‍ഷത്തിന്റെ ഇരയായ വിയറ്റ്‌നാം പട്ടികയില്‍ വീണ്ടും മുന്നോട്ട്‌ കയറി 105ല്‍ എത്തിയിരിക്കുകയാണ്‌ ഈ വര്‍ഷം. ശ്രീലങ്ക, തീര്‍ച്ചയായും, നമ്മേക്കാള്‍ വളരെ മുന്‍പില്‍ 99ലാണ്‌. അത്‌ പോലെത്തന്നെയാണ്‌ കസാക്കിസ്ഥാന്‍, മംഗോളിയ പോലുള്ള രാജ്യങ്ങളും. അവരും റാങ്കിംഗില്‍ മുന്നോട്ട്‌ പോയിട്ടുണ്ട്‌. യഥാക്രമം 79ല്‍ നിന്നും 73ലേക്കും 116ല്‍ നിന്ന് 114 ലേക്കും.

ഈ രാജ്യങ്ങളില്‍ ചിലത്‌ നമ്മേക്കാള്‍ 30 പടി വരെ മുകളിലാണെന്ന കാര്യം ശ്രദ്ധിക്കുക. മറ്റുള്ളവര്‍ നമുക്ക്‌ താഴെയുള്ള മുപ്പതില്‍പ്പെടുന്നു. അവയിലൊന്നിനു പോലും നമ്മേപ്പോലെ 9% വളര്‍ച്ചാ നിരക്കില്ലായിരുന്നു. ഉയര്‍ന്നു വരുന്ന സാമ്പത്തിക ശക്തി എന്ന്‌ ഇവരാരും അറിയപ്പെട്ടിട്ടില്ല. സോഫ്‌ട് വെയര്‍ രംഗത്തെ സൂപ്പര്‍ ശക്തിയായും വളരുന്ന ആണവശക്തിയായും ഇവരാരും കൊണ്ടാടപ്പെട്ടിട്ടില്ല. ഒരു പക്ഷെ, ഇന്ത്യക്കിന്നുള്ളത്ര സഹസ്ര കോടീശ്വരന്മാര്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം കൂടി ഉണ്ടാവില്ല. എന്നാല്‍ ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിന്‍ അമേരിക്കയിലേയും നമ്മേക്കാള്‍ ദരിദ്രരായ രാജ്യങ്ങള്‍ പോലും നമ്മേക്കാള്‍ എത്രയോ മെച്ചമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് ?

എന്തായാലും സഹസ്രകോടി ഡോളര്‍പതികളുടെ റാങ്കിംഗില്‍ (dollar billionaire rankings) ഇന്തയ്ക്ക്‌ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്‌. ഫോര്‍ബ്‌സ് പട്ടികയില്‍ 2006ലെ എട്ടാം റാങ്കില്‍ നിന്നും ഇക്കൊല്ലം നാം നാലിലെത്തിയിട്ടുണ്ടെങ്കിലും മാനവ വികസനത്തിന്റെ കാര്യത്തില്‍ 126ല്‍ നിന്നും 128ലേക്ക്‌ താഴ്‌ന്നു. കോടിപതികളുടെ കണക്കെടുത്താല്‍ നാം ഈ ഗ്രഹത്തിലെ മിക്കവാറും എല്ലാവരേക്കാളും മുന്നിലായിരിക്കും; ഒരു പക്ഷെ നമ്മേക്കാള്‍ ഇക്കാര്യത്തില്‍ മുന്നിലുള്ള മൂന്നു രാജ്യങ്ങളില്‍ രണ്ടു പേരുടെ(ജര്‍മ്മനിയും റഷ്യയും) തൊട്ടടുത്തും എത്തിയിരിക്കാം. എങ്കിലും മല്‍സരത്തില്‍ ഏറ്റവും മുന്നിലോടുന്ന അമേരിക്കയേക്കാള്‍(മാനവ വികസന സൂചികയില്‍ 8ല്‍ നിന്നും 12ലേക്ക്‌ പതിച്ചു , ഈ രാജ്യം) പിന്നിലാണെന്ന ദേശീയ നാണക്കേട്‌ കഴുകിക്കളയാന്‍ നമുക്ക്‌ കുറച്ച് സമയം കൂടി വേണ്ടിവരും.

ക്യൂബന്‍ മാതൃക

സഹസ്രകോടിപതികളുടെ പട്ടികയില്‍ ക്യൂബ ഇല്ലേയില്ല. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലും താഴെയാണതിന്റെ സ്ഥാനം. പക്ഷെ, മാനവ വികസനത്തിന്റെ കാര്യം വരുമ്പോള്‍ അത്‌ അന്‍പത്തി ഒന്നാം റാങ്കിലാണ്‌; അതായത്‌ നമ്മേക്കാള്‍ 77 സ്ഥാനം മുകളില്‍. മാനവ വികസന സൂചികയില്‍ 'ഉയര്‍ന്ന മാനവ വികസന' ഗ്രൂപ്പിലാണവരുടെ സ്ഥാനം. പിറവി മുതല്‍ തന്നെ ഭീമമായ തരത്തിലുള്ള സാമ്പത്തിക ഉപരോധം നേരിട്ടിട്ടുള്ള രാജ്യമാണിത്‌. ക്യൂബയില്‍ ഒരു വിധം എല്ലാ വസ്തുക്കള്‍ക്കും മറ്റ് പല രാജ്യങ്ങളിലേക്കാളും വില കൂടുതലായിരിക്കും എന്നത്‌ അമേരിക്കന്‍ ഉപരോധം ഉറപ്പു വരുത്തുന്നുണ്ട്‌. പ്രതിശീര്‍ഷ കണക്കെടുത്താല്‍ അമേരിക്ക ചിലവഴിക്കുന്നതിന്റെ നാലു ശതമാനം മാത്രമാണ്‌ അവര്‍ ആരോഗ്യമേഖലയില്‍ ചിലവഴിക്കുന്നത്‌ . എങ്കിലും ഏത് അളവുകോല്‍ വെച്ച് നോക്കിയാലും ആരോഗ്യവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പ്രധാനപ്പെട്ട മേഖലകളിലും മെച്ചപ്പെട്ട ഫലമാണവര്‍ നേടുന്നത്‌. നിരവധി പ്രതികൂലഘടകങ്ങളുണ്ടായിട്ടും ക്യൂബ മാനവ വികസന സൂചികയില്‍ മെക്സിക്കോ, റഷ്യ, ചൈന എന്നിവരേക്കാള്‍ മെച്ചപ്പെട്ട സ്ഥാനം നേടിയിട്ടുണ്ട് ‌(ഇവരെല്ലാം തന്നെ ഈയടുത്തകാലത്തായി കോടിപതികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുള്ള രാജ്യങ്ങളാണ്‌).

പക്ഷെ, നമുക്ക് ആശക്ക്‌ വകയുണ്ട്‌. നമ്മുടെ ഏറ്റവും മുകളിലുള്ള 10 കോടിപതികള്‍ നല്ല രീതിയില്‍ മുന്നേറുന്നുണ്ട്‌. “ഇക്കഴിഞ്ഞ ജൂലായ്‌ മുതലുള്ള കണക്കെടുത്താല്‍ അവരുടെ മൊത്തം സമ്പത്ത്‌ 27% വര്‍ദ്ധിച്ചിട്ടുണ്ട്‌." 2007 ഒക്ടോബര്‍ 27ലെ മുന്‍പേജ്‌ വാര്‍ത്തയിലൂടെ ടൈംസ്‌ ഓഫ്‌ ഇന്ത്യ ഇത്‌ നമ്മെ അറിയിച്ചു. പത്രത്തലക്കെട്ട്‌ പറഞ്ഞത്‌ ജൂലായ്‌ മുതലുള്ള വെറും മൂന്നു മാസത്തിനിടെ അവരുടെ സമ്പത്ത്‌ "65.3 ബില്യണ്‍ ഡോളര്‍"( 2,61, 200 കോടി രൂപ) കണ്ട്‌ വര്‍ദ്ധിച്ചു എന്നാണ്‌. അതായത്‌, ഓരോ മണിക്കൂറിലും 119 കോടി രൂപക്കു മുകളിലുള്ള വര്‍ദ്ധന. അല്ലെങ്കില്‍ ഓരോ മിനിട്ടിലും 2 കോടി രൂപ എന്നതില്‍ നിന്നും വളരെ അകലെയല്ലാത്ത വര്‍ദ്ധന. ഈ പത്ത്‌ പേരില്‍ മുകേഷ്‌ അംബാനി മാത്രം " ഓരോ മിനിട്ടിലും തന്റെ സമ്പത്ത്‌ 40 ലക്ഷം രൂപ കണ്ട്‌ വര്‍ദ്ധിപ്പിച്ചു"വെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ നമ്മോട്‌ പറയുന്നു.

കര്‍ഷകത്തൊഴിലാളിയുടെ കൂലി ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോഴെങ്കിലും ‍(മിനിറ്റിന്റെ കാര്യം വിടുക) 40 രൂപ(വെറും നാല്‍പത്‌, ലക്ഷമല്ല) കണ്ട്‌ വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്‌. പക്ഷെ നാം കോടിപതികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തും മാനവ വികസനത്തിന്റെ കാര്യത്തില്‍ 128-ആം സ്ഥാനത്തുമാണ്‌. മിക്കവാറും കോടിപതികള്‍ മുംബൈയില്‍ നിന്നുമാണ്‌ വരുന്നത്‌, 100,000 ഡോളര്‍ ക്ലബില്‍ പെട്ട മില്യണര്‍മാരുടെ നാലില്‍ ഒന്നും ഇവിടെ നിന്നു തന്നെ. ഏതു രീതിയില്‍ നോക്കിയാലും ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയുടെ തലസ്ഥാനമാണ്‌ മുംബൈ. ഈ സംസ്ഥാനത്താണ്‌ 32000 കര്‍ഷകര്‍ 1995 മുതല്‍ ഇന്നുവരെ ആത്മഹത്യ ചെയ്തിട്ടുള്ളത്‌. ഔദ്യോഗിക കണക്കനുസരിച്ച്‌ തന്നെ ഗ്രാമീണ ദാരിദ്ര്യത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുള്ള സംസ്ഥാനവുമാണ്‌ ഇത്‌.

മാനവ വികസന റിപ്പോര്‍ട്ട്‌ രേഖപ്പെടുത്തുന്ന മറ്റൊരു കാര്യം ഇന്ത്യയില്‍ പിറന്നു വീഴുന്ന കുട്ടികളില്‍ മൂന്നില്‍ ഒന്ന്, അല്ലെങ്കില്‍ 30 ശതമാനം ജനിക്കുന്നത് , വേണ്ടതായ ശരാശരി തൂക്കം ഇല്ലാതെയാണ്‌ എന്നാണ്‌. പട്ടികയില്‍ ഏറ്റവും താഴെ 177-ആം സ്ഥാനത്ത്‌ കിടക്കുന്ന സിയറ ലിയോനില്‍ ഇത്‌ 23 ശതമാനം മാത്രമാണ്‌. 175, 176 റാങ്കുകളില്‍ കിടക്കുന്ന ഗിനി ബിസ്സയിലും ബുര്‍ക്കിന ഫാസോവിലും ശരാശരി തൂക്കമില്ലാതെ പിറന്നു വീഴുന്ന കുട്ടികള്‍ 22 ശതമാനവും 19 ശതമാനവുമാണ്‌. 169-ആം റാങ്കിലുള്ള എത്യോപ്യയില്‍ പോലും ഇത്‌ 15% ആണ്‌. അപ്പോള്‍ ഈ കണക്കിലും നാം ഏറ്റവും താഴെയുള്ള 5 രാജ്യങ്ങളുടെ ഒപ്പമാണ്‌.

ഇന്ത്യയിലെ 5 വയസ്സിനു താഴെയുള്ള കുട്ടികളില്‍ 47 ശതമാനവും ആവശ്യത്തിനു തൂക്കം ഇല്ലാത്തവരാണ്‌. എത്യോപ്യയില്‍ ഇത്‌ 38 ശതമാനവും സിയറ ലിയോനില്‍ ഇത്‌ 27 ശതമാനവുമാണ്‌. പോഷകാഹാരക്കുറവ്‌ നേരിടുന്ന ഏറ്റവുമധികം കുട്ടികള്‍ ഉള്ളത്‌ നമ്മുടെ രാജ്യത്താണ്‌. കുട്ടികളിലെ പോഷകാഹാരത്തിന്റേയും സാക്ഷരതയുടെയും കാര്യമെടുത്താല്‍, മാനവ വികസന സൂചികയില്‍ ഏറ്റവും താഴെയുള്ള രാജ്യങ്ങളുമായി ഏറ്റവും അവസാന സ്ഥാനത്തിനു വേണ്ടിയുള്ള ഉന്തിലും തള്ളിലുമാണ്‌ നാം. പലപ്പോഴും ഈ മത്സരത്തില്‍ നാമവരെ തോല്പിക്കാറുമുണ്ട്.

കണക്കിലെ പിശകുകള്‍

ഈയാഴ്ചയിലെ പത്രങ്ങള്‍ കൗതുകകരമായ ഒരു പുതിയ സംഭവ വികാസം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. നമ്മുടെ 'റാങ്കിനെ' ബാധിക്കാവുന്ന ഒന്ന്‌. ലോകബാങ്കിന്റെ ഒരു പഠനം അനുസരിച്ച്‌ ഇന്ത്യയുടേയും ചൈനയുടേയും സമ്പദ്ഘടന നാം വിശ്വസിച്ചിരുന്നതിലും ചെറുതായിരിക്കുമത്രെ. ഒരു പക്ഷെ ഏതാണ്ട്‌ 40ശതമാനം കണ്ട്‌ ചെറുതായിരിക്കാമെന്നാണ്‌ 2007 ഡിസംബര്‍ 9 ലെ ഇന്റര്‍ നാഷണല്‍ ഹെറാള്‍ഡ്‌ ട്രൈബ്യൂണ്‍ പറയുന്നത്‌. " ഒരു വലിയ സ്റ്റാറ്റിസ്റ്റിക്കല്‍ തകരാറാണ് സംഭവിച്ചത്‌ ”എന്നാണ്‌ ഹെറാള്‍ഡ്‌ ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും ഈ തകരാര്‍ ഇത്തിരി കടുപ്പമായിപ്പോയി‌. "ദിവസം ഒരു ഡോളര്‍ എന്ന ലോക ബാങ്ക്‌ ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്ന ചൈനക്കാരുടെ എണ്ണം പെട്ടെന്ന്‌ 10 കോടിയില്‍ നിന്നും 30 കോടിയായി ഉയര്‍ന്നു." ഇപ്പോള്‍ വ്യക്തമാകുന്നത്‌ അമിത ശമ്പളക്കാരായ കണക്ക് പിള്ളമാര്‍(Number Crunchers‌)വളരെക്കാലമായി കാലം ചെന്ന ഡാറ്റ ഉപയോഗിക്കുകയായിരുന്നു എന്നാണ്‌.

ലോകബാങ്ക് സ്വന്തമായി നടത്തിയ സര്‍വെക്കുശേഷം, 100 രാജ്യങ്ങള്‍ക്ക് വേണ്ടി 2006 അടിസ്ഥാനവര്‍ഷമാക്കിയുള്ള പുതിയ പര്‍ചേസിങ്ങ്‌ പവര്‍ പാരിറ്റിയുടെ ലിസ്റ്റ്‌ നല്‍കുന്നുണ്ട്‌. ഇന്ത്യ 1985നു ശേഷം ആദ്യമായും ചൈന ഇതാദ്യമായും ഈ പഠനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതുകൊണ്ട്‌ എന്താണെന്നല്ലേ? പി.പി.പി അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ജി.ഡി.പി, പുതിയ പഠനത്തിനു മുന്‍പ്‌ 2005ല്‍ 3.8 ട്രില്യണ്‍ ഡോളര്‍ ആയിരുന്നുവെങ്കില്‍ പുതുക്കിയ ഡാറ്റ അനുസരിച്ച്‌ അത്‌ 2.34 ട്രില്ല്യന്‍ ഡോളര്‍ മാത്രമാണെന്ന് ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. (നോമിനല്‍ ഡോളര്‍ അടിസ്ഥാനത്തില്‍ കണക്കിലാക്കുകയാണെങ്കില്‍ ഏകദേശം 800 ബില്യണ്‍ ഡോളര്‍ മാത്രം‍). അയ്യോ! ഈ പുതുക്കിയ ഡാറ്റ ഒരു തലവേദനയാണല്ലോ. അതനുസരിച്ച് നാം കഴിഞ്ഞ വര്‍ഷം മാനവ വികസന സൂചികയില്‍ 128 റാങ്കില്‍ ആയിരിക്കണമായിരുന്നു‌. ഇപ്പോള്‍ നാം മനസ്സിലാക്കുന്നു നമ്മുടെ സമ്പദ്‌വ്യവസ്ഥ നാം ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ എത്രയോ ചെറുതാണെന്ന്. ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ്‌ ട്രൈബ്യൂണ്‍ പറയുന്നത്‌ പോലെ " ഇത്‌ വെറുമൊരു സാങ്കേതികയുടെ കാര്യമല്ല". അത്‌ വികസ്വര സമ്പദ്‌ വ്യവസ്ഥകളുടെ ആപേക്ഷിക വലുപ്പത്തെ വളരെയേറെ ചെറുതാക്കുന്നു. പുതിയ ഡാറ്റ അനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ ജി.ഡി.പി. (പി.പി.പി ) 3779 ഡോളറില്‍ നിന്നും 2341 ഡോളറിലേക്ക്‌ താഴുന്നു. ടൈംസ്‌ ഓഫ്‌ ഇന്ത്യ ഖേദപൂര്‍‌വം പറയുന്നത്‌ പോലെ " നാം ഇനിയും ട്രില്യണ്‍ ഡോളര്‍ സമ്പദ്‌ വ്യവസ്ഥ ആയിട്ടില്ല."

യു.എന്‍.ഡി.പി. പോലുള്ള ലോക ബാങ്കേതര ഏജന്‍സികള്‍, എങ്ങനെയാണ്‌ പി.പി.പി ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമല്ല. അവര്‍ പുതിയ അളവുകളാണോ അതോ പഴയ ഡാറ്റയാണോ ഉപയോഗിച്ചിരുന്നത്‌? രണ്ടാമത്തേതാണെങ്കില്‍ (മിക്കവാറും അങ്ങനെ ആയിരിക്കും), ബാങ്കിന്റെ സര്‍വേ ലിസ്റ്റില്‍ ഇന്ത്യയെ പ്രവേശിപ്പിച്ചത് ഈയിടെ മാത്രമാണെന്നതു കൂടി കണക്കിലെടുത്താല്‍, ഇപ്പോള്‍ തന്നെ പരിഹാസ്യമായ നമ്മുടെ മാനവ വികസന സൂചിക ഇനിയും മോശമായേക്കും. ക്യാപ്റ്റന്‍ സീറ്റ്‌ ബെല്‍ട്ട്‌ ഇടാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മുറുക്കിക്കോളൂ. ഉടന്‍ തന്നെ നാം പുതുക്കിയ സംഖ്യകളില്‍ ലാന്‍ഡ്‌ ചെയ്തേക്കും.

(ശ്രീ. പി.സായ്‌നാഥ് എഴുതിയ ലേഖനം. കടപ്പാട്: ഹിന്ദു. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, ഫ്രണ്ട്‌ലൈന്‍)

Sunday, December 23, 2007

യുദ്ധം ചെയ്ത് കൊടുക്കപ്പെടും!

ഇറാക്കില്‍ അമേരിക്കക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എത്ര പട്ടാളക്കാരുണ്ട്?

1,60,000 എന്നാണ് നിങ്ങളുടെ ഉത്തരം എങ്കില്‍ തെറ്റി....

കോണ്‍ഗ്രസ്സിന്റെ മേല്‍‌നോട്ടമില്ലാതെ, ജനതയുടെ ശ്രദ്ധയില്‍പ്പെടാതെ അമേരിക്ക ഇറാക്കിലെ തങ്ങളുടെ സാന്നിദ്ധ്യം ഇരട്ടിയാക്കിയിരിക്കുന്നു. സ്വകാര്യ പട്ടാളക്കാരിലൂടെ....ഏതാണ്ട് 2 ലക്ഷത്തോളം ഇത്തരം കോണ്‍‌ട്രാക്ടര്‍മാരെ വാഷിങ്ങ്ടണ്‍ ഇറാക്കില്‍ വിന്യസിച്ചിട്ടുണ്ട്. അതായത് ഇറാക്കിലെ സ്വകാര്യ സേനയുടെ എണ്ണം വിശാല സഖ്യത്തില്‍ പെട്ട എല്ലാ രാഷ്ട്രങ്ങളും ചേര്‍ന്ന് അയച്ചിട്ടുള്ളതിനേക്കാള്‍ അധികമായിരിക്കുന്നു. ഈ സേനയുടെ ക്രൂരത അറിയപ്പെടാതെയും കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടാതെയും പോകുന്നു. ചുരുക്കത്തില്‍, അമേരിക്കന്‍ ജനതക്ക് തീരെ ഇഷ്ടമില്ലാത്തതും എന്നാല്‍ ആരോടും വിധേയത്വമില്ലാത്ത ഒരുപിടി സ്വകാര്യ കമ്പനികള്‍ക്ക് വളരെയേറെ ലാഭകരവുമായ യുദ്ധങ്ങള്‍ ചെയ്യാന്‍ ബുഷും കൂട്ടാളികളും ഒരു നിഴല്‍ സേനയെ സൃഷ്ടിച്ചിരിക്കുകയാണ്.

ഭീകരതെക്കെതിരായ ആഗോളയുദ്ധം തുടങ്ങിയതില്‍പ്പിന്നെ ബ്ലാക്ക് വാട്ടര്‍ യു.എസ്.എ, ട്രിപ്പിള്‍ കാനോപി, എറിനിസ് , ആര്‍മര്‍ ഗ്രൂപ്പ് തുടങ്ങിയ കോര്‍പ്പറേഷനുകള്‍ക്കായി ബുഷ് ഭരണകൂടം സഹസ്രകോടി ഡോളറുകള്‍ നല്‍കിക്കഴിഞ്ഞു. അവരാകട്ടെ ഈ പണം ഉപയോഗിച്ച് ഇറാക്കില്‍ തങ്ങളുടെതായ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുകയും സ്വകാര്യ സേനയെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി അണിനിരത്തുകയും ചെയ്യുന്നു. ഈ സ്വകാര്യ സേനകളില്‍ പലതും ചില രാ‍ജ്യങ്ങളുടെ സൈന്യത്തേക്കാള്‍ മികച്ചതുമാണ്. ഇത്തരത്തില്‍ ഒരു രാജ്യം സൈനിക ശക്തി തന്നെ പുറം കരാര്‍ കൊടുക്കുന്നതും തങ്ങളുടെ വിദേശ നയം നടപ്പിലാക്കാനായി ആക്രമണത്തിന്റെ ഇത്തരം പാത സ്വീകരിക്കുന്നതും അപകടകരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് ഇറാക്കിലെ അമേരിക്കന്‍ അംബാസ്സഡര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ജോ വിത്സന്‍ പറയുന്നു. ഈ ബില്യണ്‍ ഡോളര്‍ കമ്പനികള്‍ അമേരിക്കന്‍ രാഷ്ട്രീയ മണ്ഡലത്തിലെ ആയുധവത്കരിക്കപ്പെട്ടിട്ടുള്ള നിക്ഷിപ്ത താത്പര്യക്കാരായി മാറുന്നു എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇവര്‍ക്ക് ആരോടായിരിക്കും കൂറ് എന്ന ചോദ്യം എപ്പോഴെങ്കിലും ഉയരുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

അധിനിവേശ ഇറാക്കില്‍ അമേരിക്ക ഇക്കാര്യത്തിനായി ചിലവഴിക്കുന്ന തുകയുടെ കൃത്യമായ കണക്ക് ലഭിക്കുക അത്ര എളുപ്പമല്ല. എങ്കിലും കോണ്‍‌ഗ്രസ്സിന്റെ ഒരു എസ്റ്റിമേറ്റ് അനുസരിച്ച് ഇറാക്കില്‍ ചിലവഴിക്കുന്ന നികുതിപ്പണത്തിലെ ഓരോ ഡോളറിലേയും 40 സെന്റ് ഈ കോണ്‍‌ട്രാക്ടര്‍മാര്‍ക്ക് ചെല്ലുന്നു. ഓരോ ആഴ്ചയിലും ഇറാക്കില്‍ അമേരിക്ക ചിലവഴിക്കുന്നത് 2 ബില്യണ്‍ ഡോളറാണ്.

ആഗോളതലത്തില്‍ ഇറാഖ് അധിനിവേശത്തിന്റെ കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കുന്നതില്‍‍ അമേരിക്ക പരാജയപ്പെട്ടു എന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. പക്ഷെ അത്തരമൊരു സമവായം അമേരിക്കയുടെ ഉദ്ദേശം ആയിരുന്നില്ല എന്നതാണ് സത്യം. 2003 മാര്‍ച്ചില്‍ അമേരിക്കന്‍ ടാങ്കുകള്‍ ഇറാഖിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ അവര്‍ കൂടെക്കൊണ്ടു വന്നത് ഇതുവരെ ഒരു യുദ്ധത്തിനും ആരും വിന്യസിച്ചിട്ടില്ലാത്ത അത്രയും സ്വകാര്യ സൈനികരെയാണ്. അന്താരാഷ്ട്ര നയതന്ത്രങ്ങള്‍ക്ക് പകരം ലാഭം കൊയ്യുന്ന യുദ്ധകോണ്‍‌ട്രാക്‍ടുകളും സഖ്യകക്ഷികളുടെ വകയായ സൈന്യത്തിനു പകരമായി സ്വകാര്യ സേനകളും. ഇതായിരുന്നു അമേരിക്കയുടെ പുതിയ പരീക്ഷണം. സഖ്യകക്ഷികള്‍ പേരിന്‌ കുറച്ച് സൈനികരെ അയച്ചിരുന്നു എന്നത് നേര്.

ജനാധിപത്യപരമായ നിയന്ത്രണങ്ങളുടെ അഭാവം

1991ലെ ഗള്‍ഫ് യുദ്ധകാലത്ത സൈനികരും സ്വകാര്യ സേനയും(കോണ്‍‌ട്രാക്ടര്‍മാരും) തമ്മിലുള്ള അനുപാതം 60:1 ആയിരുന്നെങ്കില്‍ ഇന്ന് ഇറാഖിലെ സ്വകാര്യ സേനയുടെ എണ്ണം സര്‍ക്കാര്‍ സൈനികരുടെ എണ്ണത്തെ കവച്ച് വെയ്ക്കുന്നുണ്ട്. 2007 ജൂലൈ മാസത്തിലെ കണക്കനുസരിച്ച്‌ 630ല്‍ കൂടുതല്‍ സ്വകാര്യ സൈനികകരാര്‍ കമ്പനികള്‍ അമേരിക്കക്കുവേണ്ടി ഇറാഖില്‍ 'ജോലി' ചെയ്യുന്നുണ്ട്. 100ല്‍പ്പരം രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 1,80,000 സ്വകാര്യ സൈനികരാണവിടെ ഉള്ളത്. അമേരിക്കന്‍ സൈനികരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 1,60,000 ആണ്.

സഖ്യകക്ഷി സൈനികര്‍ക്ക് പുറമേ ഏതാണ്ട് 4 ലക്ഷം പേരാണ് അമേരിക്കക്കുവേണ്ടി ഇന്ന് ഇറാഖില്‍ വിന്യസിക്കപ്പെട്ടിട്ടുള്ളത്. കോണ്‍‌ട്രാക്ടര്‍മാരുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്ക് അത്ര പൂര്‍ണമല്ല. യു.എസ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം 170 കോണ്‍‌ട്രാക്ടര്‍മാരുടെ കീഴിലായി 48,000 സ്വകാര്യ സൈനികരാണ് ഇറാഖിലുള്ളത്. ഇത് അമേരിക്കന്‍ ഇടപെടലിന്റെ യഥാര്‍ത്ഥ ചിത്രം മറച്ചുവെക്കുന്നു എന്ന് ജോ വിത്സന്‍ പറയുന്നു.

ഇത്തരത്തില്‍ കൂലിപ്പട്ടാളത്തിനായി ചിലവഴിക്കപ്പെടുന്ന തുകയുടെ കണക്ക് മിക്കവാറും ക്ലാസിഫൈഡ് ആണ്. അമേരിക്ക ഇത്തരത്തില്‍ 6 ബില്യണ്‍ ഡോളറും ബ്രിട്ടന്‍ 400 മില്യന്‍ പൌണ്ടും ചിലവഴിച്ചിട്ടുണ്ടാകും എന്ന് യു.എസ്. കോണ്‍‌ഗ്രസ് വൃത്തങ്ങളുടെ ഒരു എസ്റ്റിമേറ്റ്. അതേസമയം ഇറാഖിലെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വൈറ്റ് ഹൌസ് തിരഞ്ഞെടുത്തിട്ടുള്ള കമ്പനികള്‍ ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ കൂലിപ്പട്ടാളങ്ങള്‍ക്കായി എത്രയോ അധികം ബില്യണ്‍ തുക ചിലവഴിച്ചിട്ടുണ്ട്, അവരുടെ സ്വന്തം ആളുകളെയും വസ്തുവകകളെയും സംരക്ഷിക്കുന്നതിനായി.

ഇറാഖിലെ കൂലിപ്പട്ടാളത്തിനായി ഇതുവരെ അമേരിക്ക നല്‍കിയ ഏറ്റവും വലിയ കോണ്‍‌ട്രാക്റ്റ് 293 മില്യണ്‍ ഡോളറിന്റേതാണ്. റിട്ടയര്‍ ചെയ്ത ബ്രിട്ടീഷ് ലെഫ്‌റ്റ്നന്റ് കേണല്‍ ടിം സ്പൈസര്‍ നേതൃത്വം കൊടുക്കുന്ന ഏജിസ് ഡിഫന്‍സ് സര്‍വീസസ് ( Aegis Defence Services) എന്ന ബ്രിട്ടീഷ് കമ്പനിക്കാണിത് നല്‍കിയത്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ല്‍ നടത്തിയ സ്വകാര്യ ഇടപെടലുകളെത്തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ ഇയാളുടെ പേര്‍ക്കുണ്ട്. ടെക്‍സാസിലെ ഡൈന്‍‌കോര്‍പ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി ഇറാഖിലെ പോലീസിനെ പരിശീലിപ്പിക്കുന്നതിനായി ഏതാണ്ട് ഒരു ബില്യണ്‍ ഡോളറിന്റെ കരാറും കരസ്ഥമാക്കിയിട്ടുണ്ട്. ബ്ലാക് വാട്ടര്‍ യു.എസ്.എ എന്ന കമ്പനി ഡിപ്ലോമാറ്റിക് സെക്യൂരിറ്റി എന്ന വകയില്‍ മാത്രം 750 മില്യണ്‍ ഡോളറിന്റെ കരാറും കരസ്ഥമാക്കി.

അമേരിക്കയിലേയോ ബ്രിട്ടനിലേയോ പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഒരു മുന്‍‌പട്ടാളക്കാരന് ഇറാഖില്‍ സ്വകാര്യ സൈനികനായി ചെന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് പ്രതിദിനം‌ 650 ഡോളറാണത്രെ. ചില സമയങ്ങളില്‍ ഇത് 1000 ഡോളര്‍ വരെ ആകും. ഇത് അമേരിക്കയുടേയോ ബ്രിട്ടന്റേയോ ലോഗോ ധരിച്ച സൈനികര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് അധികമാണ്.

" ഞങ്ങള്‍ക്കവിടെ പതിനായിരക്കണക്കിന് കോണ്‍‌ട്രാക്ടര്‍മാരുണ്ട്. അവരില്‍ പലരും ഡിഫന്‍സ് സെക്രട്ടറിക്കു ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്." House Defense Appropriations Subcommittee Chairman ജോണ്‍ മുര്‍ത്തായുടെ അഭിപ്രായമാണിത്. " എങ്ങനെയാണിത് ന്യായീകരിക്കാന്‍ കഴിയുക? " അദ്ദേഹം ചോദിക്കുന്നു. ഈ കൂലിപ്പട്ടാളക്കാരില്‍ പലരും സൈനികര്‍ ചെയ്തിരുന്ന ജോലിയാണ് ചെയ്യുന്നത്. പലതും സൈനിക പരിശീലനമൊന്നും ആവശ്യമില്ലാത്തവയാണെങ്കിലും, കലാപമേഖലയിലൂടെ ട്രക്ക് ഓടിക്കുക തുടങ്ങി തികച്ചും അപകടസാദ്ധ്യതയുള്ള ജോലികളാണ്. മറ്റു ചിലര്‍ പാചകവും, തുണിയലക്ക് പോലുള്ള ജോലികളും ചെയ്യുന്നു. നേരിട്ട് അപകടമില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും റോക്കറ്റ് /മോര്‍ട്ടാര്‍ ആക്രമണം ഉണ്ടാകാം എന്നത്‌ കൊണ്ട് ഇവര്‍ക്കും വലിയ സുരക്ഷിതത്വമൊന്നുമില്ല.

ഈ സേവനങ്ങളൊക്കെത്തന്നെ കെ.ബി.ആര്‍, ഫ്ലര്‍ തുടങ്ങിയ കമ്പനികളിലൂടെയും അവരുടെ എണ്ണിയാലൊടുങ്ങാത്ത സബ് കോണ്‍‌ട്രാക്ടര്‍മാരിലൂടെയുമാണ് നടപ്പിലാക്കുന്നത്. കൂടാതെ ധാരാളം സ്വകാര്യവ്യക്തികള്‍ സായുധ ആക്രമണ- സുരക്ഷാ ഏര്‍പ്പാടുകള്‍ക്കായും വിന്യസിക്കപ്പെട്ടിട്ടുമുണ്ട്. ജയില്‍‌പുള്ളികളെ ചോദ്യം ചെയ്യുക, ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുക, പോര്‍ വിമാനങ്ങളുടെ കാര്യം നോക്കുക, ഉയര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുക തുടങ്ങിയജോലികളാണിവര്‍ ചെയ്യുന്നത്. ചുരുങ്ങിയത് ഒരു തവണയെങ്കിലും അമേരിക്കയുടേയും അന്താരാഷ്ട്ര സഖ്യത്തിന്റെയും സൈനികരെ കമാന്‍ഡ് ചെയ്യുന്ന ജോലിയും ഈ സ്വകാര്യ വ്യക്തികള്‍ ചെയ്തിട്ടുണ്ട് !

പലപ്പോഴും തന്റെ സുരക്ഷ നോക്കിയിരുന്നത് ഈ കോണ്‍‌ട്രാക്റ്റ് സുരക്ഷാ ഏജന്‍സികളാണ് എന്ന് ജനറല്‍ ഡേവിഡ് പെട്രാസിന് തുറന്നു സമ്മതിക്കേണ്ടി വന്നു. ഇപ്പോഴും മൂന്ന് യു.എസ്. കമാന്‍ഡിംഗ് ജനറല്‍മാരെങ്കിലും വാടകയ്ക്കെടുത്ത ഈ സ്വകാര്യ ഏജന്‍സികളാല്‍ സംരക്ഷിക്കപ്പെടുന്നുവത്രെ. ഇതിനുമുമ്പെപ്പോഴെങ്കിലും ഇപ്രകാരം സൈന്യത്തിന്റെ പകുതിയും കോണ്‍‌ട്രാക്ട് സൈനികരായിരുന്നിട്ടുണ്ടൊ എന്ന് തനിക്കറിയില്ലെന്ന് ഡെന്നിസ് കുക്‍നിച് എന്ന റിപ്പബ്ലിക്കന്‍ പറയുന്നു. യുദ്ധ കോണ്‍‌ട്രാക്ടര്‍മാരെക്കുറിച്ച് അന്വേഷിക്കുന്ന House Oversight and Government Reform Committee യില്‍ അംഗമാണ് ഇദ്ദേഹം.

ഒരു പക്ഷെ അമേരിക്കന്‍ വിപ്ലവകാലത്തെ ബ്രിട്ടീഷ്, ഹെസിയന്‍ സാന്നിദ്ധ്യമായിരിക്കും ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടാനാവുക. അതായിരിക്കും അവസാനത്തേതും. അവര്‍ പരാജയപ്പെട്ടു എന്നു പറയേണ്ടതില്ലല്ലോ? എന്തായാലും ഇപ്പോള്‍ ജനാധിപത്യപരമായ ഒരു നിയന്ത്രണവും ഇല്ല എന്ന് മാത്രമല്ല അതിനുള്ള ഉദ്ദേശം ഉള്ളതായും കാണുന്നില്ല” അദ്ദേഹം പറയുന്നു.

"ഇതിന്റെ വിവക്ഷ വിനാശകരമാണ്" ജോസഫ് വിത്സണ്‍ പറയുന്നു. " ഒരു അന്താരാഷ്ട്ര പൊതുസമ്മിതി ഇല്ലാതിരിക്കെ, ഇന്നത്തെ ബുഷ് ഭരണകൂടം ചെയ്തത് ഈ ഇടപാടുകളില്‍ നിന്ന് സാമ്പത്തികമായും രാഷ്ട്രീയമായും നേട്ടമുണ്ടാക്കിയ, അമേരിക്കയുമായുള്ള ബന്ധത്തേക്കാള്‍ തങ്ങള്‍ക്ക് പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്നു കരുതുന്ന അഴിമതിക്കാരുടേയും താത്കാലികാവശ്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരുടേയും ബലാത്കാരമായി ഇതിലേക്ക് കൊണ്ടുവരപ്പെട്ടവരുമായ ഒരു സഖ്യത്തെ (the co-opted, the corrupted and the coerced) വിശ്വസിക്കുക എന്നതാണ്. അതു തന്നെയാണിതിന്റെ യഥാര്‍ത്ഥ കുഴപ്പവും. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് പിന്‍ബലമായി ഒരു അന്താരാഷ്ട്രീയ നിയമസാധുത ഇല്ല തന്നെ”.

കൂടാതെ, ഈ മാറ്റത്തിനെ അര്‍ത്ഥം അമേരിക്കക്ക് ഇനി യുദ്ധത്തിനായി സ്വന്തം പൌരന്മാരെ ആശ്രയിക്കേണ്ട ആവശ്യമോ, ഒരു കരട് തയ്യാറാക്കേണ്ട ആവശ്യമോ ഇല്ല എന്നതാണ്. ഇത് വേണ്ടിയിരുന്നെങ്കില്‍ ഇറാഖ് അധിനിവേശം രാഷ്ട്രീയമായി സാധൂകരിക്കാനാവുമായിരുന്നില്ലല്ലോ.

ബുഷ് ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകം

കഴിഞ്ഞ ജനുവരിയില്‍ സെനറ്റിലെ ഹിയറിങ്ങിനിടയില്‍ പെട്രാസ് ഈ കൂലിപ്പട്ടാളത്തിന്റെ പങ്കിനെ, “അവര്‍ അധികസമ്മര്‍ദ്ദത്തിലാഴ്ന്നിരുന്ന സൈന്യത്തിന്റെ കുറവ് ‍ നികത്തി ” എന്ന് പറഞ്ഞ് ശ്ലാഘിക്കുകയുണ്ടായി. അദ്ദേഹം സെനറ്റര്‍മാരോടായി പറഞ്ഞത് ഇങ്ങിനെയാണ് " ഔദ്യോഗിക സൈന്യത്തോടൊപ്പമുണ്ടായിരുന്ന പതിനായിരക്കണക്കിന് കരാര്‍ സേനയുടെ സാന്നിദ്ധ്യം ഈ മുന്നേറ്റത്തില്‍ നമുക്ക് വിജയിക്കാന്‍ കഴിയുംഎന്ന്‌ വിശ്വസിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു."

ഈ മുന്നേറ്റം 2009 വരെ തുടരും എന്ന പെട്രാസിന്റെ പുതിയ പ്രസ്താവന കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിച്ചാല്‍ മനസ്സിലാകുന്നത് ഇനി വരുന്ന കാലങ്ങളില്‍ ഇറാഖില്‍ കൂലിപ്പടയാളികളുടേയും സ്വകാര്യസേനയുടെയും പങ്ക് വര്‍ദ്ധിച്ചുവരും എന്ന് തന്നെയാണ്.

സ്വകാര്യസേനകളുടേയും കോണ്‍‌ട്രാക്ടര്‍മാരുടേയും വര്‍ദ്ധിച്ച ഉപയോഗം യുദ്ധത്തെ എളുപ്പത്തില്‍ തുടങ്ങുവാനും പോരാടുവാനുമുള്ള ഒന്നാക്കി മാറ്റുന്നു. പണം മാത്രമാണാവശ്യം; പൌരന്മാടെ(citizenry) ആവശ്യമേയില്ല.”.

ഇത് പറയുന്നത് ഇറാഖില്‍ സ്വകാര്യ കോണ്‍‌ട്രാക്ടര്‍മാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെ കേസ് നടത്തുന്ന സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിട്യൂഷണല്‍ റൈറ്റ്സ് എന്ന സംഘടനയുടെ പ്രസിഡന്റ് ആയ മൈക്കേല്‍ റാറ്റ്നര്‍ (Michael Ratner) ആണ്.

ജനങ്ങളോട് യുദ്ധത്തില്‍ പങ്കെടുക്കാനാവശ്യപ്പെടുന്നത് തീര്‍ച്ചയായും എതിര്‍പ്പിനിടയാക്കും. അനാവശ്യ യുദ്ധങ്ങളെ, സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ മാത്രമായി നടത്തുന്ന (മണ്ടന്‍) യുദ്ധങ്ങളെ, അമേരിക്കയുടെ കാര്യത്തിലാണെങ്കില്‍ സാമ്രാജ്യത്വാധിപത്യത്തിനായുള്ള യുദ്ധങ്ങളെ തടയുന്നതിനുള്ള തീര്‍ത്തും അവശ്യമായ ഒന്നാണ് ഇത്തരത്തിലുള്ള എതിര്‍പ്പ് . തകര്‍ന്നു കൊണ്ടിരിക്കുന്ന സ്വന്തം സാമ്രാജ്യം നിലനിര്‍ത്തുന്നതിനായി അമേരിക്കക്ക് സ്വകാര്യ സേനകളുടെ ഉപയോഗം തികച്ചും അത്യന്താപേക്ഷിതമാണ്. റോമാ സാമ്രാജ്യത്തെയും അതിനു നിലനില്‍ക്കാന്‍ ഉപയോഗിക്കേണ്ടി വന്ന സ്വകാര്യ സേനയെക്കുറിച്ചും ചിന്തിക്കുക.”

സ്വകാര്യസേനകള്‍ പല സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയമായി ആവശ്യമാണ്. കാരണം സ്വകാര്യസൈനികരുടെ മരണം കണക്കില്‍പ്പെടാതെ പോകുന്നു, അവരുടെ ചെയ്തികള്‍ നിരീക്ഷിക്കപ്പെടുന്നില്ല, അവരുടെ കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടുന്നില്ല. അധിനിവേശത്തിന്റെ നാലാം വര്‍ഷത്തിലും ഇറാഖിലെ കൂലിപ്പട്ടാളക്കാരുടേയും സ്വകാര്യ കോണ്‍‌ട്രാക്ടര്‍മാരുടേയും ചെയ്തികളെ നിരീക്ഷിക്കുന്നതിനോ പരിശോധിക്കുന്നതിനോ ഉള്ള യാതൊരു വിധത്തിലുള്ളതായ സംവിധാനവും ഇല്ല എന്നു മാത്രമല്ല അവര്‍ക്ക് ബാധകമായ സൈനികമോ സിവിലിയനോ ആയ നിയമങ്ങള്‍ ഒന്നും തന്നെ ഇല്ല. അവര്‍ കോര്‍ട്ട് മാര്‍ഷലിനു വിധേയരാക്കപ്പെടുകയോ അമേരിക്കന്‍ സിവില്‍ നിയമങ്ങളനുസരിച്ച് വിചാരണ ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. 2004ല്‍ തന്നെ അമേരിക്കന്‍ അധിനിവേശ അധികാരികള്‍ സ്വകാര്യസേനകളുടെ ചെയ്തികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കിയിട്ടുള്ളതിനാല്‍ ഇറാഖില്‍ വച്ച് എന്തു തെറ്റു ചെയ്താലും അവരെ ഇറാഖിലെ കോടതികളില്‍ വിചാരണ ചെയ്യുവാനോ ശിക്ഷിക്കുവാനോ സാധ്യവുമല്ല.

ഈ സ്വകാര്യ കോണ്‍‌ട്രാക്ടര്‍മാര്‍ ഗവര്‍മ്മെണ്ടിന്റെയും അതിന്റെ നയങ്ങളുടേയും നടത്തിപ്പുകാര്‍ തന്നെയാണ്, “ ഇറാഖില്‍ നിന്ന് എല്ലാ അമേരിക്കന്‍ കോണ്‍‌ട്രാക്ടര്‍മാരേയും പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെടുന്ന കുസിനിച്ച്(Kucinich) പറയുന്നു. “അവര്‍ അവര്‍ക്ക് തോന്നിയ തുകയാണ് ഈടാക്കുന്നത്; അവര്‍ക്ക് പരിരക്ഷയും ഉണ്ട്. എത്രപേരുണ്ടെന്നോ എന്ത് ചെയ്യുന്നുവെന്നോ വെളിപ്പെടുത്താന്‍ അവര്‍ ബാധ്യസ്ഥരുമല്ല.”

ഇത് തികച്ചും നിര്‍ണ്ണായകമായ ഒരു ചോദ്യം ഉയര്‍ത്തുന്നു. അമേരിക്കയുടേയും ബ്രിട്ടന്റേയും പേരില്‍ അവരെന്താണ് ഇറാഖില്‍ ചെയ്തുകൊണ്ടിരിക്കുന്നത്? ദേശീയ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വിലയിരുത്തുവാന്‍ നിയുക്തരായ House Select Committee on Intelligence ലെ അംഗമായ Rep. Jan Schakowsky അമേരിക്കന്‍ ശമ്പളം പറ്റുന്ന സ്വകാര്യ സൈനിക കമ്പനികളെ നിരീക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ. “ എനിക്ക് ഒരു കോണ്‍‌ട്രാക്ടിനെക്കുറിച്ച് അറിയണമെങ്കില്‍ ഞാന്‍ ഒരു രഹസ്യമുറിയില്‍ ചെല്ലണം; എന്നിട്ട് ആ രേഖ നോക്കണം. കുറിപ്പുകള്‍ കൊണ്ടു ചെല്ലുവാനോ പുറത്ത് കൊണ്ടുവരുവാനോ അനുവാദമില്ല. അത്തര്‍ം കോണ്‍‌ട്രാക് ടുകള്‍ എനിക്ക് ലഭ്യമല്ല. അഥവാ ലഭിക്കുക ആണെങ്കില്‍ തന്നെ ആരോടും അതിനെക്കുറിച്ച് പറയുവാനും ആവില്ല.”

യുദ്ധകമ്പോളം

വിദേശ കൂലിപടയാളികള്‍ ഇറാഖികളെ പരിശീലനത്തിനുള്ള ടാര്‍ജറ്റ് ആയി ഉപയോഗിക്കുന്നത് ചിത്രീകരിച്ചിട്ടുള്ള അനവധി വീഡിയോകള്‍ കമ്പനികള്‍ക്ക് തലവേദനയുണ്ടാക്കുന്ന തരത്തില്‍ ഇന്റര്‍നെറ്റിലൂടെ ദ്രുതഗതിയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായിട്ടും പതിനായിരക്കണക്കിന് കോണ്‍‌ട്രാക്ടര്‍മാര്‍ ഇറാഖില്‍ ഉണ്ടായിട്ടും രണ്ടേ രണ്ടു പേരെ മാത്രമാണ് ഇറാഖിലെ കുറ്റകൃത്യങ്ങള്‍ക്കായി ഇതുവരെയായും ശിക്ഷിച്ചിട്ടുള്ളത് ! ഒരാള്‍ സഹ കോണ്‍‌ട്രാക്ടറെ കുത്തിയതിനും മറ്റൊരാള്‍ അബു ഗരീബ് ജയിലില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ചതിനും.

ഡസന്‍ കണക്കിന് അമേരിക്കന്‍ സൈനികര്‍ കോര്‍ട്ട് മാര്‍ഷലിനു വിധേയരായിട്ടുണ്ട്. ഇതില്‍ 64 പേര്‍ കൊലപാതകം സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ക്ക് മാത്രം കോര്‍ട്ട് മാര്‍ഷലിനു വിധേയരായി . എന്നാല്‍ ഇതുവരെയും ഒരൊറ്റ സ്വകാര്യ സൈനികന്‍ പോലും ഇറാഖിലെ കുറ്റങ്ങള്‍ക്കായി ശിക്ഷിക്കപ്പെട്ടിട്ടില്ല. കുറ്റക്കാരെയൊക്കെ അവരുടെ കമ്പനി രായ്ക്കുരാമാനം ഇറാഖില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് കടത്തികൊണ്ടുപോയിട്ടുണ്ട്.

ഇറാഖിലെ അമേരിക്കന്‍ കോണ്‍‌ട്രാക്ടര്‍മാര്‍ക്ക് അവരുടേതായ ചില വേദമന്ത്രങ്ങളുണ്ടത്രേ. “ഇവിടെ ഇന്നു സംഭവിക്കുന്നത് ഇവിടത്തോടെ തീരുന്നു.” ഇറാഖില്‍ നാമിപ്പോള്‍ കാണുന്നത് യുദ്ധം ചെയ്യുന്നതിനുള്ള പുതിയ അമേരിക്കന്‍ മാതൃകയാണെന്ന് അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ പറയുന്നു. ലോകക്രമത്തിനു( global order) തന്നെ വമ്പിച്ച ഭീഷണിയാണിതുയര്‍ത്തുന്നത്.

സുരക്ഷയുമായി ബന്ധപ്പെട്ട, സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരേതര, സൈനികേതര ശക്തികള്‍ക്ക് പുറംകരാര്‍ നല്‍കുന്നത് ഉത്കണ്ഠാജനകമായ വസ്തുതയാണ്." അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു മുന്‍പ് യു.എന്നിന്റെ ഇറാഖ് ദൌത്യസംഘത്തിലുണ്ടായിരുന്ന, ദീര്‍ഘകാലം യു.എന്നില്‍ സേവനമനുഷ്ടിച്ച Hans von Sponeck പറയുന്നു.

അമേരിക്ക തങ്ങളുടെ സ്വകാര്യ മേഖലയിലെ സഖ്യശക്തികളെ ഉപയോഗിച്ച് പിന്നോക്ക രാജ്യങ്ങളില്‍ നിന്നും മറ്റുമുള്ള ആളുകളെ അവരുടെ രാജ്യത്തെ സൈന്യത്തിനു നല്‍കാനാവുന്നതിലും ഉയര്‍ന്ന ശമ്പളവും മറ്റും നല്‍കാമെന്ന് മോഹിപ്പിച്ചാണ് ഇറാഖിലെ തങ്ങളുടെ കൂലിപ്പട്ടാളത്തിനു രൂപം നല്‍കിയിരിക്കുന്നത്. ഇത്തരം സ്വകാര്യ സൈനികരുടെ മാതൃരാജ്യം ഈ അധിനിവേശത്തിനു എതിരാണോ എന്നതിനൊന്നും യാ‍തൊരു പ്രാധാന്യവും നല്‍കുന്നില്ല.

തോക്കെടുക്കാം, ശമ്പളം കിട്ടാനായി യുദ്ധം ചെയ്യാം” എന്നത് സാര്‍വദേശീയമായ നിയമമായി മാറിയിരിക്കുന്നു.

ഈ സൈന്യങ്ങളുടെ മേല്‍ ആര്‍ക്കും നിയന്ത്രണമില്ല...പാര്‍ലിമെന്റിനു പോലും..ഇതാണ് ഏറ്റവും ഖേദകരമായ വസ്തുത. ഇവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവരും ഒരു ചെറിയ സംഘം മേധാവികളോടല്ലാതെ മറ്റാരോടും ഉത്തരം പറയാന്‍ ബാദ്ധ്യതയില്ലാത്തവരുമാണ്. ഇവരൊക്കെ ഒരു യുദ്ധമേഖലയില്‍ കൂലിപ്പടയാളികളായി പൊരുതാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന് ഒരു പക്ഷെ ഇവരുടെ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് അറിവുണ്ടാവില്ല .” von Sponeck പറയുന്നു.

യുദ്ധത്തിനായൊരു ചന്തസ്ഥലം ഉണ്ടെങ്കില്‍പ്പിന്നെ യുദ്ധമെന്നത് വിവിധ രാജ്യങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു രാഷ്ട്രീയ പ്രശ്നം എന്നതിലുപരി ഒരു വാണിജ്യപ്രശ്നമായി മാറുകയാണ്. ഇതു വഴി യുദ്ധം വേണോ വേണ്ടയോ എന്ന കാര്യത്തിലും വേണമെങ്കില്‍ത്തന്നെ ഏതളവില്‍ എന്നതിലുമൊക്കെയുള്ള സര്‍ക്കാരിന്റെ പങ്ക് അപ്രസക്തമാകുകയാണ്. അന്താരാഷ്ട്രബന്ധങ്ങളിലെ തികച്ചും ഉത്കണ്ഠാജനകമായ പുതിയ മുഖമാണ് ഇത്. ”

ഉദാഹരണമായി ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലെ മാറി മാറി വരുന്ന അംഗം (rotating member) എന്ന നിലക്ക് ചിലിയന്‍ സര്‍ക്കാര്‍ അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ത്തിരുന്നു, ഇപ്പോഴും എതിര്‍ക്കുന്നുണ്ട് എന്ന വസ്തുത നിലനില്‍ക്കെത്തന്നെ ബ്ല്ലാക്ക് വാട്ടര്‍, ട്രിപ്പിള്‍ കാനോപി തുടങ്ങിയ സ്വകാര്യ കമ്പനികള്‍ നൂറു കണക്കിനു ചിലിയന്‍ കൂലിപ്പട്ടാളക്കാരെ ഇറാഖില്‍ വിന്യസിച്ചിട്ടുണ്ട്: പിനോചെയുടെ കാലഘട്ടത്തിലെ ആക്രമണങ്ങളില്‍ പങ്കെടുത്തിട്ടുള്ള പരിചയസമ്പന്നരായ വെറ്ററന്‍സ് ആണ് ഇവരില്‍ പലരും എന്ന ആരോപണവുമുണ്ട്.

രാഷ്ട്രീയവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തില്‍ പുതുമയൊന്നുമില്ല. പക്ഷെ ഇറാഖ് അധിനിവേശത്തിന്റെ സ്വകാര്യവല്‍ക്കരണത്തിലും കൂലിപ്പട്ടാളക്കാരുടെ ഉപയോഗത്തിലുമൊക്കെ തികച്ചും തലതിരിഞ്ഞതായ, വൈകൃതങ്ങള്‍ നിറഞ്ഞ എന്തൊക്കെയോ ഉണ്ട്.” പിനോച്ചെയുടെ കാലഘട്ടത്തില്‍ രാഷ്ട്രീയ തടവുകാരനായി പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ള ടിറ്റോ ട്രിക്കോട്ട് എന്ന ചിലിയന്‍ സോഷ്യോളജിസ്റ്റ് വിലയിരുത്തുന്നു.

മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള കൂലിപ്പടയാളികള്‍ക്ക് വികസിതരാജ്യങ്ങളില്‍ നിന്നുള്ള കൂലിപ്പടയാളികളേക്കാന്‍ കുറഞ്ഞ വേതനമാണ് നല്‍കുന്നത്. യുദ്ധത്തിന്റെ ഇത്തരത്തിലുള്ള ബാഹ്യവല്‍ക്കരണം(externalization) ചിലവ് കുറയ്ക്കുവാനും പരമാവധി ലാഭം ഉണ്ടാക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അമേരിക്കക്കു വേണ്ടി മറ്റുള്ളവര്‍ യുദ്ധത്തിലേര്‍പ്പെടട്ടെ. ഏതു വിധത്തിലാണെങ്കിലും ഇറാഖി ജനത എന്നത് കണക്കിലെടുക്കപ്പെടേണ്ട ഒരു വിഷയമേ അല്ലാതായിരിക്കുന്നു.

വ്യവസ്ഥയില്ലാത്ത പുതിയ ലോകം

ഇറാഖ് അധിനിവേശം ഒരു പുതിയ രീതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ധനിക രാഷ്ട്രങ്ങള്‍ക്ക് ,യുദ്ധത്തില്‍ നേരിട്ട് യാതൊരു പങ്കുമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് ദരിദ്രരെ പടയാളികളായി റിക്രൂട്ട് ചെയ്യുവാനും അവരെ പീരങ്കിക്കുമുന്നിലെ മറയാക്കി നിര്‍ത്തി ദുര്‍ബല രാഷ്ട്രങ്ങളുമായി യുദ്ധത്തിലേര്‍പ്പെടാനും സാധിക്കുന്ന ഒരു പുതിയ രീതിക്ക്. ഇറാക്കിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതു പോലെയുള്ള യുദ്ധത്തിലേര്‍പ്പെടുന്നതിനുള്ള ഏറ്റവും വലിയ തടസ്സമായ ‘സ്വന്തം നാട്ടിലെ പടയാളികളുടെ മരണസംഖ്യ‘ കുറയ്ക്കുവാന്‍ അധിനിവേശ ശക്തികള്‍ക്ക് ഇത് വഴി സാധിക്കുന്നു. ഇറാഖില്‍ അമേരിക്കക്കുവേണ്ടി പണിയെടുത്തുകൊണ്ടിരുന്ന ആയിരത്തിലധികം സ്വകാര്യ കോണ്‍‌ട്രാക്ടര്‍മാര്‍ കൊല്ലപ്പെടുകയും 13000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലെ ഭൂരിഭാഗവും അമേരിക്കക്ക് പുറത്ത് നിന്നുള്ളവരാണ്. യുദ്ധരംഗത്തുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് അമേരിക്കന്‍ ജനത കൂടുതല്‍ കൂടുതല്‍അസ്വസ്ഥരായിരിക്കുമ്പോള്‍ ഈ മരണങ്ങളൊന്നും തന്നെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല.

അമേരിക്കക്കും ബ്രിട്ടനും ഇറാഖില്‍ സെന്‍സിറ്റീവ് ആയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഓപ്പറേഷനുകള്‍ക്കുമായി തങ്ങളുടെ നാട്ടിലെ മികച്ച യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള വിദഗ്ദ പരിശീലനം ലഭിച്ച സൈനികര്‍ ഉണ്ട്. എന്നാല്‍ താഴെതട്ടിലേക്ക് പോകും തോറും ഭൂരിഭാഗവും ഇറാഖികളും മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് കരാറിലെടുത്തിട്ടുള്ളവരുമാ‍ണ്. ഇറാഖിലെ 1,80,000 സ്വകാര്യ സൈനികരില്‍ ഏതാണ്ട് 1,18,000 പേര്‍ കുറഞ്ഞ വേതനം ലഭിക്കുന്നവരും, വേണ്ടത്ര ആയുധങ്ങള്‍ ഇല്ലാത്തവരും, പരിശീലനം സിദ്ധിച്ചിട്ടില്ലാത്തവരുമായ ഇറാഖികളാണത്രെ.

കൂലിപ്പട്ടാള വ്യവസായം ഈ നടപടികളുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതിങ്ങനെയാണ്, “അവരുടെ രാജ്യം കീഴടക്കിയിട്ടുണ്ടെങ്കില്‍ത്തന്നെ ഞങ്ങള്‍ ഇറാഖി ജനതക്ക് സ്വകാര്യ കോണ്‍‌ട്രാക്ടര്‍മാരുടെ കീഴില്‍ തൊഴില്‍ കൊടുക്കുന്നില്ലേ?”
International Peace Operations Association എന്ന ഓര്‍വീലിയന്‍ ശൈലിയിലുള്ള നാമം പേറുന്ന സ്വകാര്യ സൈനിക ഗ്രൂപ്പിന്റെ മേധാവിയായ ഡൌഗ് ബ്രൂക്സ് (Doug Brooks) ആദ്യം മുതല്‍ തന്നെ പറഞ്ഞിരുന്നു. “ ഒരു അമേരിക്കന്‍ സൈനികനു നല്‍കുന്നതിന്റെ അമ്പതിലൊന്നു തുകക്ക് ഒരു ഇറാഖി സെക്യൂരിറ്റി ഗാര്‍ഡിന്റെ സേവനം ലഭ്യമാണെന്നിരിക്കെ, മ്യൂസിയങ്ങള്‍ സംരക്ഷിക്കുവാന്‍ അബ്രാംസ് ടാങ്കിന്റെ ഒന്നും ആവശ്യമില്ലല്ലോ. ഇത്തരത്തില്‍ തദ്ദേശീയരായ പടയാളികളെ വാടകക്കെടുക്കുക വഴി, തങ്ങളുടെ ഭാസുരമായ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഇറാഖികള്‍ക്കും അവസരം ലഭിക്കുകയാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വേതനം കൊണ്ട് ഈ ഇറാഖി പടയാളികള്‍ തങ്ങളുടെ കുടുംബം പുലര്‍ത്തുകയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒരു പക്ഷെ ഏറ്റവും പ്രധാനമായത് ഒരാളെ സ്വകാര്യ സൈനികനാക്കുക വഴി അയാള്‍ ഗറില്ലാപ്പോരാളിയാകുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നു എന്നതാണ്.”

ഏതു രീതിയില്‍ നോക്കിയാലും ദരിദ്രരാജ്യങ്ങളിലെ കുറഞ്ഞ വേതനത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളെ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കാനായി ആശ്രയിക്കുന്ന കോര്‍പ്പറേറ്റ് മാതൃക തന്നെയാണിത്. അടിമപ്പണിക്കാണെങ്കിലും തൊഴിലാളികളെ വാടകക്കെടുക്കുക വഴി ആ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണവര്‍ ചെയ്യുന്നത് എന്നു തന്നെയാണ് ഭീമന്‍ ബഹുരാഷ്ട്രക്കുത്തകകളും അവകാശപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന്റെ ഹൃദയത്തിലേക്കുതന്നെ കോര്‍പ്പറേറ്റ് ബ്രാന്‍ഡിങ്ങിന്റെ വിപ്ലവം 1990കളില്‍ കൊണ്ടുവന്നു എന്നതാവും ഡൊണാള്‍‌ഡ് റംസ്‌ഫെല്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട നീക്കവും പൈതൃകവും ആയി ചരിത്രം രേഖപ്പെടുത്തുക,“ നവോമിക്ലീന്‍ പറയുന്നു. അവരുടെ പുതിയ പുസ്തകം The Shock Doctrine: The Rise of Disaster Capitalism ഈ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.

നമ്മള്‍ ഇപ്പോള്‍ ഒരു വ്യാജ സൈന്യത്തിന്റെ ആവിര്‍ഭാവം കണ്ടുകഴിഞ്ഞു. നൈക്കിനെപ്പോലുള്ള വ്യാജകമ്പനികളെപ്പോലെ, സൈനിക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ധനിക രാഷ്ട്രങ്ങളില്‍ സഹസ്രകോടികള്‍ ചിലവിടുമ്പോള്‍ അധിനിവേശത്തിനും കൈവശപ്പെടുത്തലിനും വേണ്ടതായ മനുഷ്യാദ്ധ്വാനവും വിയര്‍പ്പുമൊക്കെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തീര്‍ത്തുകൊടുക്കുന്നതിനായി മത്സരിക്കുന്ന കോണ്‍‌ട്രാക്ടര്‍മാര്‍ക്ക് പുറം കരാര്‍ നല്‍കുകയാണ്. നിര്‍മ്മാണ മേഖലയില്‍ വന്‍‌കിട ബ്രാന്‍ഡുകള്‍ തങ്ങളുടെ സപ്ലയര്‍മാരുടെ നടപടികളെ സംബന്ധിച്ച് തികഞ്ഞ അജ്ഞത പ്രകടിപ്പിക്കുന്ന ശൈലി നടമാടുന്ന പോലെത്തന്നെ സൈനികമേഖലയിലും ഈ മാതൃക വ്യാപകമായിരിക്കുന്നു.“ അമേരിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാരുകള്‍ക്ക് ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍‌വലിക്കുന്നു എന്ന ധാരണ പൊതുജനങ്ങള്‍ക്ക് നല്‍കുകാനും മൊത്തം സൈനിക നടപടികള്‍ സ്വകാര്യവല്‍ക്കരിക്കുവാനും കഴിയും. ബസ്രയില്‍ നിന്നും 1600 ബ്രിട്ടീഷ് സൈനികരെ പിന്‍‌വലിക്കാനുദ്ദേശിക്കുന്നതായി മുന്‍പ്രധാനമന്ത്രി ടോണിബ്ലെയര്‍ പ്രഖാപിച്ച സമയത്ത് തന്നെ “ഒഴിവു നികത്താനായി” സ്വകാര്യ സേനയെ അയക്കുന്ന കാര്യം ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

The Spy who billed me

ഇറാഖ് മാധ്യമങ്ങളുടെ തലക്കെട്ടുകളിലെ പ്രധാന വിഷമായി തുടരുമ്പോള്‍ തന്നെ, സ്വകാര്യ യുദ്ധ-രഹസ്യാന്വേഷണ കമ്പനികള്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ സൈനിക സ്വകാര്യവല്‍ക്കരണത്തിന്റെ അജണ്ടയുമായി മുന്നോട്ട് പോവുകയാണ് ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍. വാനിറ്റി ഫെയറില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ ഈ കോണ്‍‌ട്രാക്ടര്‍മാര്‍ക്കായി നല്‍കുന്ന തുക ഒരു ലക്ഷം ഡോളര്‍ വരെ വരുമാനമുള്ള എല്ലാ അമേരിക്കക്കാരും ചേര്‍ന്ന് നല്‍കുന്ന നികുതിയേക്കാല്‍ വലിയ തുകയാണത്രെ. അതാ‍യത് 90 ശതമാനത്തില്‍പ്പരം നികുതിദായകരും തങ്ങള്‍ സര്‍ക്കാരിനടക്കേണ്ടതായ മുഴുവന്‍ തുകയും സര്‍ക്കാരിനു പകരം കോണ്‍‌ട്രാക്ടര്‍മാര്‍ക്ക് നല്‍കുന്നതിനു സമമായ അവസ്ഥയാണുള്ളത്.

ചില പുറം കരാറുകള്‍ രഹസ്യാന്വേഷണം ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് ആയ മേഖകളിലാണ് നടക്കുന്നത്. “ ഇതിപ്പോളൊരു കാന്തം പോലെയാണ്. മുന്‍‌കാലങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍വഹിച്ചിരുന്ന പ്രവര്‍ത്തനങ്ങളും, വിദഗ്ദരും എല്ലാം സ്വകാര്യ കോണ്‍‌ട്രാക്ടര്‍മാരിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്.” സി.ഐ.എയുടെ മുഖ്യ അനലിസ്റ്റൂകളില്‍ ഒരാളായിരുന്ന മെല്‍‌വിന്‍ ഗുഡ്‌മാന്‍ പറയുന്നു. “ ഉത്തരവാദിത്വരാഹിത്യവും ആരോടും കണക്കു പറയേണ്ടതില്ലാത്ത അവസ്ഥയുമാണ് എന്റെ ഏറ്റവും വലിയ ഉത്കണ്ഠ. മുഴുവന്‍ (സൈനിക)വ്യവസായവും നിയന്ത്രണത്തിനുമപ്പുറത്താണിപ്പോള്‍. ഇത് അന്യായമാണ്” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അമേരിക്കന്‍ ഇന്റലിജന്‍സിന്റേയും സ്വകാര്യ കോണ്‍‌ട്രാക്ടര്‍മാരുടേയും രഹസ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന RJ Hillhouse എന്ന ബ്ലോഗര്‍ക്ക് ഡയറക്ടറേറ്റ് ഓഫ് നാഷണല്‍ ഇന്റലിജെന്‍സില്‍(DNI) നിന്നും ലഭിച്ച രേഖകള്‍ പ്രകാരം സ്വകാര്യകോണ്‍‌ട്രാക്ടര്‍മാര്‍ക്കായി വാഷിംഗ് ടണ്‍ പ്രതിവര്‍ഷം ചിലവഴിക്കുന്നത് 42 ബില്യണ്‍ ഡോളറാണത്രെ. രണ്ടായിരാമാണ്ടില്‍ ഇത് 17.54 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ സ്വകാര്യ കോണ്‍‌ട്രാക്ടര്‍മാര്‍ക്കായി ചിലവഴിക്കുന്ന തുക അമേരിക്കന്‍ ഇന്റലിജന്‍സ് ബഡ്‌ജറ്റിന്റെ 70 ശതമാനം വരുമത്രെ.

DNIയുടെ ഇപ്പോഴത്തെ ചീഫ് മൈക്ക് മക് കോണല്‍ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ ലോബീയിംഗ് കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന Intelligence and National Security Alliance ന്റെ ബോര്‍ഡില്‍ ചെയര്‍മാനായിരുന്നു എന്നതുകൊണ്ടു തന്നെ ഇതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഏറ്റവും സെന്‍സിറ്റീവ് ആയ അമേരിക്കന്‍ രഹസ്യാന്വേഷണ രേഖകളിലൊന്നായ പ്രസിഡന്‍ഷ്യല്‍ ഡെയ്‌ലി ബ്രീഫിങ്ങിന്റെ ഒരു ഭാഗം തയ്യാറാക്കുന്നത് സ്വകാ‍ര്യ കമ്പനികളാണെന്നും അതില്‍ പിന്നീട് സര്‍ക്കാര്‍ മുദ്ര വയ്ക്കുകയാണെന്നും Hillhouse വെളിപ്പെടുത്തുകയുണ്ടായി.

ഏതെങ്കിലുമൊരു കമ്പനി എതെങ്കിലുമൊരു സര്‍ക്കാരിന്റെ ഇടപെടലുകള്‍ മൂലം വ്യവസായം നടത്തിക്കൊണ്ടു പോകാനാവുന്നില്ല എന്ന പരാതി പറയട്ടെ.ഉടന്‍ തന്നെ ഭീകരവാദികളുമായുള്ള ആ രാജ്യത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൌസിന്റെ ശ്രദ്ധയില്‍ വരും. തുടര്‍ന്ന്‍ ദേശീയ നയ രൂപീകരണത്തിലും അവ ഉപയോഗിക്കപ്പെടും, ”Hillhouse വാദിക്കുന്നു.

ബഹുരാഷ്ട്ര കൂലിപ്പടയാളികള്‍

ഈയിടയായി അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പ്രാമുഖ്യം പൂര്‍ണമായും ഉപയോഗപ്പെടുത്തികൊണ്ട് ലാറ്റിന്‍ അമേരിക്കയിലെ വിവിധ യുദ്ധഭൂമികളില്‍ ഈ സ്വകാര്യ സേനകള്‍ തങ്ങളുടെ സാന്നിദ്ധ്യം വിപുലമാക്കി വരികയാണ്. “മയക്കുമരുന്നിനെതിരെ യുദ്ധം”( "war on drugs" ) എന്നതിന്റെ മറവില്‍ ഡിന്‍ കോര്‍പ്പ് ഇന്റര്‍നാഷണല്‍ (DynCorp International) കൊളംബിയയിലും ബൊളീവിയയിലും അയല്‍ രാജ്യങ്ങളിലും തങ്ങളുടെ സേനയെ വിന്യസിച്ചിട്ടുണ്ട്. കൊളംബിയക്ക് അമേരിക്ക നല്‍ക്കുന്ന 630 മില്യണ്‍ ഡോളറിന്റെ സൈനിക സഹായത്തില്‍ പകുതിയിലേറെയും പോകുന്നത് ഈ സ്വകാര്യ സേനകള്‍ക്കാണ്. ആഫ്രിക്കയിലാവട്ടെ, സോമാലിയ, കോംഗോ, സുഡാന്‍ എന്നീ രാജ്യങ്ങളിലൊക്കെ ഇവരുടെ സാന്നിദ്ധ്യമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ശാന്തി സേനയുടെ ( U.N. peacekeeping force ) വമ്പന്‍ ബഡ്ജറ്റിലാണവരുടെ കണ്ണ് (1990 കളുടെ ആദ്യം മുതല്‍ക്കെ ഇതൊരു യാഥാര്‍ത്ഥ്യമാണ്, ഒരു പക്ഷെ അതിനു മുമ്പെ തുടങ്ങിയതുമാവാം). അമേരിക്കന്‍ അതിര്‍ത്തി സേനയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെക്കുറിച്ച് തീരുമാനം ഇനിയും എടുത്തിട്ടില്ലെങ്കിലും കത്രീന വീശിയടിച്ച നാളുകളില്‍ സായുധരായ സ്വകാര്യ സൈനികരെ ന്യൂ ഓര്‍ലിയന്‍സില്‍ വിന്യസിച്ചിരുന്നു.

സ്വകാര്യസേനാ വ്യവസായങ്ങള്‍ക്കായി ലോബിയിംഗ് നടത്തുന്ന ബ്രൂക്ക്സ് പറയുന്നു, ” ജനങ്ങള്‍ ഇറാക്കിനെക്കുറിച്ച് അമിതമായി വേവലാതിപ്പെടുകയാണ്, ഞങ്ങളുടെ സംഘടനയില്‍ അംഗങ്ങളായ കമ്പനികള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെയും ആഫ്രിക്കന്‍ യൂണിയന്റെയും ശാന്തിസേനകളില്‍ ഉള്ളത്ര സൈനികര്‍ വിരലിലെണ്ണാവുന്ന രാജ്യങ്ങളൊഴിച്ച് ഒട്ടു മിക്ക രാജ്യങ്ങള്‍ക്കുമില്ല തന്നെ.” വോണ്‍ സ്പൊനെക്ക് ( Von Sponeck ) പറയുന്നത് ശ്രദ്ധിക്കൂ, “ ഐക്യരാഷ്ട്ര സഭയും സെക്രട്ടറി ജനറലും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കേണ്ടതാണ്, പക്ഷെ അവരത് ചെയ്യുന്നില്ല, അവര്‍ മൌനത്തിലാണ് . ഇത്തരം കമ്പനികളെ യുദ്ധരംഗത്ത് നിന്നും പൂര്‍ണമായും ഒഴിവാക്കുകയാണ് വേണ്ടത്. ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ സേവിച്ച സ്ഥാപനത്തെക്കുറിച്ച് എനിക്ക് ഖേദം തോന്നുന്നു.“

അമേരിക്കയും ബ്രിട്ടണും ഇത്തരം സേനകള്‍ക്ക് നല്‍കിവരുന്ന അഭൂതപൂര്‍വമായ സാമ്പത്തികസഹായം(funding) ഉപയോഗിച്ച് , പണ്ടൊക്കെ ഭരണകൂടങ്ങള്‍ക്കു മാത്രം സ്വന്തമായിരുന്ന സായുധ ശക്തി, തങ്ങളുടെ സി‌ഇ‌ഓ മാരോടു മാത്രം ( പബ്ലിക്ക് കമ്പനിയാണെങ്കില്‍ ഓഹരി ഉടമകളോട് മാത്രം) പ്രതിബദ്ധതയുള്ള, ലാഭം മാത്രം ലക്ഷ്യമാക്കുന്ന, സ്വകാര്യ സേനകള്‍ കൈവശമാകിക്കഴിഞ്ഞു, ആര്‍ക്കു വേണ്ടിയാണ് അവര്‍ യുദ്ധം‍ ചെയ്യുന്നത് എന്നത് അവര്‍ക്ക് ഒരു പ്രശ്നമല്ല. സിഐഎ നടത്തുന്ന പോലുള്ള ഓപ്പറേഷനുകള്‍, സ്പെഷ്യല്‍ ഓപ്പറേഷനുകള്‍, ഗൂഢ നീക്കങ്ങള്‍, ചെറിയ രീതിയിലുള്ള സൈനിക നീക്കങ്ങള്‍ ഇവയെല്ലാം നടത്തുവാനാവശ്യമായ സേനകള്‍, കമ്പോളത്തില്‍ ലഭ്യമാണിന്ന് -ചരിത്രലിതുവരെ കണ്ടിട്ടില്ലാത്ത രീതിയിലും മാനങ്ങളിലും. സ്വന്തമായി സൈനിക ശേഷിയില്ലാത്ത എന്നാല്‍ ചെലവഴിക്കാന്‍ ധാരാളം പണംകൈവശമുള്ള രാഷ്ട്രങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഇനിമുതല്‍ സുശിക്ഷിതരാ‍യ സായുധ കമാന്‍ഡോകളുടെ സ്ക്വാഡ്രണുകളെ വാടകക്കെടുക്കാന്‍ കഴിയും!

ഭരണകൂടത്തിന്റെ തന്നെ ശക്തിയെക്കുറിച്ച് ഇതു വളരെ ഗുരുതരമായ ചില ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. സൈനിക ശക്തിയുടെ പ്രയോഗം എന്നത് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉളള ഒന്നായിരിക്കണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, ” റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജാന്‍ ഷക്കോവ്‌സ്‌ക്കി (Jan Schakowsky) പറയുന്നു.” പെട്ടെന്ന് നിങ്ങളുടെ മുമ്പിലിതാ ലോകത്തിലെവിടെയും ചുറ്റി സഞ്ചരിക്കുന്ന , ഭരണകൂടങ്ങളേക്കള്‍ ശക്തമായ, തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണകൂടങ്ങളെ മാറ്റാന്‍ തന്നെ കഴിവുള്ള, `ലാഭത്തിനു വേണ്ടിയുള്ള കമ്പനി’( for-profit corporation) പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിന് ലോകം മുഴുവന്‍ ചെറിയ ചെറിയ സാഹസികകൃത്യങ്ങളിലേര്‍പ്പെട്ടിരിക്കുന്ന, അന്ധകാരത്തിന്റെ മറവില്‍ ഓപ്പറേഷനുകള്‍ സംഘടിപ്പിക്കുന്ന ഭരണകൂടത്തിന്റെ സര്‍വപിന്തുണയും ഉണ്ടെന്നു തോന്നുന്നു.“

“ ഇതു മറ്റു ചില ചോദ്യങ്ങള്‍ - ജനാധിപത്യരാഷ്ട്രങ്ങളെക്കുറിച്ച്, ഭരണകൂടങ്ങളെക്കുറിച്ച്, ലോകം മുഴുവന്‍ നയരൂപീകരണത്തില്‍ ആരാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് , രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് ഒക്കെ ഉള്ള ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു . ഒരു പക്ഷെ ഭാവിയില്‍ നാറ്റോ ( NATO) പോലെയുള്ള ഉടമ്പടികള്‍ അപ്രസക്തമാക്കുക എന്നതും ഇതിന്റെ ഒരു ലക്ഷ്യമാവാം. ഏറ്റവും ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് ലേലം ഉറപ്പിച്ച് കൊടുക്കുമായിരിക്കും. ആരാവും വരാനുള്ള നാളുകളില്‍ ഈ ലോകത്ത് യുദ്ധമാണോ സമാധാനമാണോ പുലരേണ്ടത് എന്ന് നിര്‍ണയിക്കുക? ”

(Jeremy Scahill എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. കടപ്പാട്: കൌണ്ടര്‍ പഞ്ച്)

Jeremy Scahill is the author of The New York Times-bestseller " Blackwater: The Rise of the World's Most Powerful Mercenary Army.". He is a Puffin Foundation Writing Fellow at the Nation Institute. This article appears in the current issue of The Indypendent newspaper. He can be reached at jeremy(AT)democracynow.org

(അധിക വായനയ്ക്ക്)

Blackwater Goes to Mexico

Blackwater Resisters Tried in Closed Court

Privatizing War Abroad, Invading Privacy at Home

What Every American Should Know About Iraq

A chat with General David Petraeus