Sunday, December 16, 2007

ചരിത്രം സൃഷ്ടിക്കുന്ന അര്‍ജന്റീനയും ഗ്വാട്ടിമാലയും

യാങ്കി സാമ്രാജ്യത്വ പദ്ധതികള്‍ക്കെതിരെ, പരാജയപ്പെടാന്‍ വിസമ്മതിക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ വിസ്മയഭരിതമായ മുന്നേറ്റങ്ങളാണ് ലാറ്റിനമേരിക്കയില്‍ കാണാനാവുന്നത്. ജീവിത സമരങ്ങള്‍ ഇരമ്പിയാര്‍ക്കുന്ന തെരുവുകളും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളെ തുണയ്ക്കുന്ന വിധിയെഴുത്തുകളും എല്ലാറ്റിനും മുകളില്‍ മനുഷ്യനെ പ്രതിഷ്ഠിക്കുന്ന സര്‍ഗാത്മക വിചാരങ്ങളും അവിടെ വീണ്ടും ചരിത്രംകുറിക്കുകയാണ്. വെനസ്വേല, ബൊളീവിയ, ചിലി, ഉറുഗ്വേ, നിക്കരാഗ്വ, ഇക്വഡോര്‍, ഹെയ്തി തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം, 2007 ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി തെരഞ്ഞെടുപ്പ് നടന്ന അര്‍ജന്റീനയും ഗ്വാട്ടിമാലയുംകൂടി ലോകത്തിന് വഴികാട്ടാന്‍ ശ്രമിക്കുകയാണ്.

അര്‍ജന്റീനയില്‍ പഴയ പ്രസിഡന്റ് നെസ്റ്റര്‍ കിര്‍ച്ച്നെറുടെ ഭാര്യ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ച്ച്നെറാണ് ഇക്കുറി ജയിച്ചത്. അര്‍ജന്റീനയുടെ സദ് പാരമ്പര്യങ്ങളുടെയാകെ പ്രതീകമായി വിലയിരുത്തപ്പെട്ട ക്രിസ്റ്റീന സമ്പത്ത് പുനര്‍വിതരണം നടത്തുമെന്ന പ്രതീക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ പരന്നിരുന്നു. ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും 1970 മുതല്‍ രാജ്യത്തെ കീറിമുറിക്കാന്‍ തുടങ്ങിയതാണ്. 5000 കോടി ഡോളറിന്റെ വിദേശ കടംകൊണ്ട് നടുവൊടിഞ്ഞ സ്ഥിതിയിലായിരുന്നു. ഫാക്ടറികള്‍ ഒന്നൊന്നായി അടച്ചുപൂട്ടി. ഇതേതുടര്‍ന്ന് തൊഴിലില്ലായ്മ 24 ശതമാനത്തിലധികമായി കുതിച്ചുയര്‍ന്നു. രാജ്യം അക്ഷരാര്‍ഥത്തില്‍ മുട്ടിലിഴയുന്ന അവസ്ഥ. നെസ്റ്റര്‍ കിര്‍ച്ച്നെറുടെ നാലുവര്‍ഷ ഭരണം വലിയ മാറ്റങ്ങളുണ്ടാക്കി. എട്ടുശതമാനം വളര്‍ച്ച രേഖപ്പെടുത്തപ്പെട്ടപ്പോള്‍ വ്യവസായ-വാണിജ്യരംഗം ഉന്മേഷം കാണിക്കാന്‍ തുടങ്ങി. ജനങ്ങളില്‍ അത് വിശ്വാസത്തിന്റെ വെളിച്ചം പകര്‍ന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ പന്ത്രണ്ട് രാജ്യങ്ങളുടെ പട്ടികയിലിടം നേടിയ ചരിത്രംപോലും അര്‍ജന്റീനക്കുണ്ടായിരുന്നു. 1946 മുതല്‍ പത്തുകൊല്ലം ഭരണത്തിലിരുന്ന ജുവാന്‍ പെറോണിന്റെ നേതൃത്വത്തില്‍ രാജ്യം സാമ്രാജ്യത്വ തിട്ടൂരങ്ങളെ അവഗണിക്കുകതന്നെ ചെയ്തു. പിന്നീട് എല്ലാം തകിടംമറിഞ്ഞു. അക്രമാസക്തങ്ങളായ തെരുവുയുദ്ധങ്ങളും, രാഷ്ട്രീയാനിശ്ചിതത്വങ്ങളും ദാരിദ്ര്യത്തിന്റെ കയങ്ങളിലേക്ക് അര്‍ജന്റീനയെ വലിച്ചിഴയ്ക്കുകയായിരുന്നു.

അട്ടിമറികളുടെയും ഏകാധിപതികളുടെയും ഒരു നൂറ്റാണ്ട് ഉഴുതുമറിച്ച ലാറ്റിനമേരിക്കയുടെ മുറിവുകള്‍ ചൂണ്ടി ഗബ്രിയേല ഗാര്‍ഷ്യ മാര്‍ക്വേസ് സങ്കടപ്പെട്ടത് അത്യന്തം വികാരപരമായിട്ടായിരുന്നു. സമാധാനത്തിന്റെ ഒരു നിമിഷംപോലും കഴിഞ്ഞ നൂറ്റാണ്ടില്‍ കണ്ടില്ല. രണ്ടുകോടി കുട്ടികള്‍ രണ്ടാം പിറന്നാളെത്തുംമുമ്പേ മരണത്തിനുമുന്നില്‍ കീഴടങ്ങി. ഒന്നേകാല്‍ലക്ഷം ജനങ്ങള്‍ ഒരിക്കലും തിരിച്ചുവരാത്തവിധം ഒളിച്ചോടുകയുമായിരുന്നുവെന്നാണ് മാര്‍ക്വേസ് എഴുതിയത്. മയക്കുമരുന്ന് രാജാക്കന്മാരും സ്വേഛാധിപതികളും അമേരിക്കന്‍ ഗൂഢാലോചനയുടെ ഭാഗമായിരുന്നിട്ടുണ്ട്. ലൂയിസ് സ്വാറെസിന്റെ 'ലാറ്റിനമേരിക്കയിലെ ഭീകരതയുടെ നൂറ്റാണ്ട്: മനുഷ്യനെതിരായ അമേരിക്കന്‍ കുറ്റകൃത്യങ്ങളുടെ ചരിത്രം' എന്ന കൃതി ഇതിന്റെ കുറേ അനിഷേധ്യ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതായി കാണാം.

2003-ല്‍ ആഗോളവല്‍ക്കരണ വിരുദ്ധ ശക്തികളുടെയെല്ലാം കൂട്ടുപ്രവര്‍ത്തനമാണ് നെസ്റ്റര്‍ കിര്‍ച്ച്നെറെ പ്രസിഡന്റാക്കിയത്. കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പാര്‍ടികളും സാമ്രാജ്യത്വ വിരോധികളായ ചെറു ഗ്രൂപ്പുകളുമെല്ലാം കൈകോര്‍ത്തുനിന്നു. അതിനും നാലുവര്‍ഷം മുമ്പ് വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് തുറന്ന പുതിയ രാഷ്ട്രീയ വഴികള്‍ അര്‍ജന്റീനയ്ക്കും പ്രചോദനമാവുകയായിരുന്നുവെന്ന് പറയാം. ഷാവേസിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിന് എട്ടുവട്ടമെങ്കിലും അമേരിക്ക കഠിനശ്രമം നടത്തി. ഒരിക്കല്‍ അവരുടെ വ്യാവസായിക സുഹൃത്ത് പെട്രോ കാര്‍ഡമോണയെ വെനസ്വേലയുടെ പ്രസിഡന്റായി അവരോധിക്കുകയും ചെയ്തു. ജനങ്ങള്‍ അത് അംഗീകരിച്ചില്ല. അവര്‍ ഷാവേസിനെ തിരിച്ചുകൊണ്ടുവന്നു. ഭൂമിയുടെ മുക്കാല്‍ പങ്കും അവിടെ നാല് ശതമാനം മാത്രംവരുന്ന ഭൂപ്രഭുക്കള്‍ കൈവശംവെച്ചിരുന്ന അവസ്ഥ പഴയകഥയായി. 30,000 കോടി ബാരല്‍ എണ്ണ നിക്ഷേപമുണ്ടായിരുന്നിട്ടും രാജ്യം ദാരിദ്ര്യത്തിന്റെ തീയില്‍ വെന്തുരുകുകയായിരുന്നു. "മുമ്പ് വിദ്യാഭ്യാസം സ്വകാര്യ മേഖലയിലായിരുന്നു. അതാണ് നവ ഉദാരവല്‍ക്കരണ സാമ്രാജ്യത്വ പരിപാടി. ആരോഗ്യരംഗത്തിന്റെ സ്ഥിതിയും അതുതന്നെ. ഇവ രണ്ടും മൌലികമായ മനുഷ്യാവകാശമായി മുമ്പ് കരുതിയിരുന്നില്ല. കുടിവെള്ളം, ഊര്‍ജം, പൊതുസേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയൊന്നും സ്വകാര്യ മൂലധനത്തിന്റെ ലാഭേഛക്ക് വിട്ടുകൊടുക്കാനാവില്ല. ലാഭക്കൊതി ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കും. അത് കാട്ടാളത്തത്തിലേക്കുള്ള പാതയാണ്. മുതലാളിത്തം കാട്ടാളത്തമാണ്. ആ വ്യവസ്ഥയെ അതേപോലെ നിലനിര്‍ത്തി മെരുക്കിയെടുക്കാനാവില്ല...'' ഷാവേസിന്റെ ഈ പ്രഖ്യാപനം കിര്‍ച്ച്നെറെയും സ്വാധീനിച്ചിരുന്നു. 2006-ലെ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സിന്റെ സമ്മേളനത്തില്‍ അത് പരസ്യമാക്കാനും അദ്ദേഹം മടിച്ചില്ല. വടക്കെ അമേരിക്കന്‍ ആധിപത്യത്തിന്റെ ചുരുക്കപ്പേരായ ആഗോളവല്‍ക്കരണത്തിന് താന്‍ എതിരാണെന്ന് കിര്‍ച്ച്നെര്‍ വളച്ചുകെട്ടില്ലാതെ വ്യക്തമാക്കി. ബ്യൂണേഴ്സ് അയേഴ്സില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായി രാഷ്ട്രീയമായി മുഖാമുഖം നിന്നുകൊണ്ടായിരുന്നു ഈ പ്രഖ്യാപനം. ഇപ്പോള്‍ സ്ഥാനമേറ്റ ക്രിസ്റ്റീനയും അമേരിക്കാവല്‍ക്കരണ ത്വരയുടെ നിതാന്ത ശത്രുവാണ്.

മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലും ഇടതുപക്ഷ മുന്നേറ്റമുണ്ടായത് ഒരു പ്രവണതയുടെ തുടര്‍ച്ചതന്നെയാണ്. പ്രവചനങ്ങളുടെ ഏകപക്ഷീയതയ്ക്ക് കനത്ത ക്ഷതമേല്പിച്ചുകൊണ്ടാണ് മുഖ്യ ഇടതുപക്ഷ നേതാവും സോഷ്യലിസ്റ്റുമായ അല്‍വാരോ കൊളോം പ്രസിഡന്റായതെന്നതും ശ്രദ്ധേയം. നാഷണല്‍ യൂണിറ്റി ഓഫ് ഹോപ് (യൂണിയന്‍ നാഷണല്‍ ഡിലാ എസ്പരന്‍സാ പാര്‍ടി) നേതാവായ അദ്ദേഹത്തിന്റെ മുഖ്യ എതിരാളി മുന്‍ സൈനിക ജനറല്‍ ഓട്ടോ പെരസ് മൊളിനയായിരുന്നു. ചാരസംഘടനയുടെ തലവനുമായിരുന്നു അദ്ദേഹം. യാഥാസ്ഥിതിക കക്ഷിയായ പാട്രിയറ്റിക് പാര്‍ടിയുടെ ലേബലിലായിരുന്നു മൊളിനയുടെ രംഗപ്രവേശം. മാധ്യമങ്ങളും അഭിപ്രായനിര്‍മാണ വിഭാഗങ്ങളും വിജയമുറപ്പിച്ച ആ മുന്‍ സൈനിക ജനറലിന്റെ തോല്‍വി അപ്രതീക്ഷിതമായിരുന്നു.

സുദീര്‍ഘമായ കോളനിവാഴ്ച; ചൂഷണത്തിന്റെ പ്രാകൃതമുറകളും കറുത്തിരുണ്ട മുഖങ്ങളും. ഗ്വാട്ടിമാലയുടെ ചരിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങള്‍ കുറിച്ചിട്ട ഈ യാഥാര്‍ഥ്യത്തിലെ പ്രധാന പേര് അമേരിക്കന്‍ ബഹുരാഷ്ട്ര ഭീമനായ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടേതാണ്. 1901 മുതല്‍തന്നെ അതൊരു നിര്‍ണായക ശക്തിയായി മാറി. ഗ്വാട്ടിമാലയിലെ ഏറ്റവും വലിയ ഭൂവുടമയായിരുന്നു യുണൈറ്റഡ് ഫ്രൂട്ട്സ്. അതിന്റെ ലാഭത്തിന് ചില്ലിക്കാശുപോലും നികുതി കൊടുക്കേണ്ടിവന്നിരുന്നില്ല. നിക്ഷേപത്തില്‍നിന്ന് 72 ശതമാനം വാര്‍ഷിക വരുമാനമുണ്ടാക്കിയ കമ്പനി രാജ്യത്തിന്റെ റെയില്‍വെയുടെ 43 ശതമാനവും കൈയടക്കി. പ്രധാന തുറമുഖങ്ങള്‍ കാല്‍ക്കീഴിലാക്കിയ ആ ഭീമന്‍ കപ്പല്‍ വ്യവസായത്തിലെയും കുത്തകയായി. റെയില്‍-കപ്പല്‍ മേഖലക്കു പുറമെ വൈദ്യുതി-ടെലഗ്രാഫിക് സമ്പ്രദായങ്ങളും നിയന്ത്രണത്തിലാക്കി. രാജ്യത്തെ ഭൂമിയുടെ നാല്പത് ശതമാനവും വെട്ടിപ്പിടിച്ച കമ്പനി ഹൈവേകള്‍ പണിയുന്നതിന് തടസ്സങ്ങളുയര്‍ത്തിയിരുന്നു. കമ്പനിയുടെ റെയില്‍ വ്യവസായം പിന്നോട്ടടിച്ചേക്കുമെന്ന ഭയത്താലായിരുന്നു അത്. മാന്വല്‍ ജോസ് എസ്ട്രാഡ കബ്രേറ, ഹൊര്‍ഹെ യുബിക്കോ തുടങ്ങിയവരുടെ ഭരണകാലങ്ങളില്‍ യുണൈറ്റഡ് ഫ്രൂട്ട്സ് രാജ്യത്തെ നിയന്ത്രിച്ച ഒരേയൊരു ശക്തിയെന്ന പദവിയിലേക്കുയര്‍ന്നു. പിന്നീട് സി ഐ എയുടെ സഹായത്തോടെ പല ജനകീയ ഗവണ്‍മെന്റുകളെയും അത് മറിച്ചിടുകയുമുണ്ടായി.

1951-ല്‍ പ്രസിഡന്റായ അര്‍ബെന്‍സിനെതിരെ യുണൈറ്റഡ് ഫ്രൂട്ട്സ് തികഞ്ഞ അസഹിഷ്ണുതയാണ് കാണിച്ചത്. കമ്പനി പിടിച്ചടക്കിവെച്ചിരുന്നതും തരിശിട്ടതുമായ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ട കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ പ്രസിഡന്റിനെതിരെ തിരിഞ്ഞു. ഗ്വാട്ടിമാലയില്‍ കമ്യൂണിസം വേരൂന്നിയെന്നും സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങളെന്നും അമേരിക്ക പ്രഖ്യാപിച്ചു. ഐസനോവറിന്റെ പ്രേരണയില്‍ സിഐഎ രംഗത്തിറങ്ങി. അധികാരമേറ്റ് മൂന്നുവര്‍ഷത്തിനുള്ളില്‍ അര്‍ബെന്‍സിനെ അട്ടിമറിക്കുന്നതിലേക്കാണ് ആ ഗൂഢാലോചനകള്‍ ചെന്നെത്തിയത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡള്ളസിന്റെ കറുത്ത കൈകളും ഈ നാണംകെട്ട അട്ടിമറിക്ക് പിന്നിലുണ്ടായിരുന്നു.

യു എസ് ആഭ്യന്തരവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നശേഷം പത്രപ്രവര്‍ത്തകനായ വില്യം ബ്ളം 'കില്ലിങ് ഹോപ്' എന്ന കൃതിയില്‍ ഗ്വാട്ടിമാലയിലടക്കം അമേരിക്ക നടത്തിയ അട്ടിമറികളുടെ ചോരകിനിയുന്ന ചരിത്രം പറഞ്ഞുവെച്ചിട്ടുണ്ട്. വിയത്നാം നയത്തില്‍ പ്രതിഷേധിച്ചാണ് ബ്ളം പത്രപ്രവര്‍ത്തന മേഖലയിലെത്തുന്നത്. ഇടതുപക്ഷ ബന്ധമാരോപിച്ച് രാജ്യത്ത് ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും ദരിദ്ര കര്‍ഷകരെയും വലതുപക്ഷ സംഘടനകള്‍ അരിഞ്ഞുതള്ളുകയായിരുന്നു. 1966 മുതല്‍ 16 വര്‍ഷം പട്ടാളമോ അത് നിയന്ത്രിച്ച ഭരണകൂടങ്ങളോ മാത്രമായിരുന്നു നാടുവാണത്.

1998-ല്‍ വൈദ്യുതി- ടെലഫോണ്‍ മേഖലകള്‍ പൂര്‍ണമായും സ്വകാര്യവല്‍ക്കരിച്ചത് എടുത്തുപറയേണ്ട മറ്റൊരു വസ്തുതയാണ്. അമേരിക്കയുടെ സ്വതന്ത്ര വ്യാപാര പങ്കാളിയായ ഗ്വാട്ടിമാലയില്‍ അല്‍വാരോ കൊളോം ഏറെ പീഡനങ്ങള്‍ സഹിച്ചിട്ടുണ്ട്. 1982-നുശേഷമാണ് രാജ്യത്ത് ജനാധിപത്യത്തിന്റെ ചെറിയ ശ്വാസമെങ്കിലും കേട്ടത്. പിന്നീട് ആഭ്യന്തര യുദ്ധത്തിന്റെ മുറിവുകളായിരുന്നു. 1996-ലാണ് ഈ സ്ഥിതി മാറിയത്. പട്ടാളവാഴ്ചയില്‍ കൊളോമിന്റെ അടുത്ത പല ബന്ധുക്കളും മിത്രങ്ങളും കൊല്ലപ്പെട്ടിരുന്നു. അക്കുറി നടന്ന തെരഞ്ഞെടുപ്പിനിടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഇരുപതിലധികം നേതാക്കളെയും വധിച്ചു.

ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പശ്ചാത്തലവും പ്രേരണയും ആവേശകരങ്ങളായ ചുവടുവെപ്പുകളാല്‍ നിബിഡമാണ്. ഒക്ടാവിയോ റെയേസ് ഒര്‍ടിസിനെപ്പോലുള്ളവരുടെ പേരുകള്‍ ചരിത്രത്തിനു മറക്കാനാവില്ല. അസഹ്യമായ ദാരിദ്ര്യം കാണാതാക്കിക്കളഞ്ഞ ഒരഛന്റെ മകനായിരുന്നു ഒര്‍ടിസ്. പന്ത്രണ്ടാം വയസ്സില്‍ പ്രസ്സില്‍ ജോലിതേടിയ അവന്‍ പിന്നീട് വരയുടെ ലോകത്ത് തിളങ്ങി. ഇല്ലസ്ട്രേഷനുകള്‍ പ്രധാന പത്രങ്ങളിലും മാഗസിനുകളിലും പ്രത്യക്ഷപ്പെടാനും തുടങ്ങി. ഇളകിമറിഞ്ഞുകൊണ്ടിരുന്ന രാജ്യം കണ്ട് ഒര്‍ടിസിന്റെ താല്പര്യം രാഷ്ട്രീയത്തിലേക്ക് വളര്‍ന്നു.

ഗ്വാട്ടിമാലയിലെ ഒക്ടോബര്‍ വിപ്ലവം എന്നറിയപ്പെട്ട 1944 ഒക്ടോബര്‍ 20-ന്റെ സായുധകലാപം പുതിയ അനുഭവമായി. ഒര്‍ടിസ് യൂണിയനുകള്‍ സ്ഥാപിക്കുകയും അവ വിപുലമാക്കുകയും ചെയ്തു. തൊഴിലാളിവര്‍ഗ ഐക്യം എന്ന മുദ്രാവാക്യം കേന്ദ്രസ്ഥാനത്തെത്തിച്ചു. ശല്യക്കാരന്‍ എന്ന ശകാരം ഏറ്റ അദ്ദേഹത്തെ തൊഴിലില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതിനുശേഷമാണ് പൂര്‍ണസമയ പ്രവര്‍ത്തകനാകുന്നത്. ജനാധിപത്യ പാര്‍ടികളും ട്രേഡ് യൂണിയനുകളും ചേര്‍ന്നുള്ള മാര്‍ക്സിസ്റ്റ് പഠനഗ്രൂപ്പിന് നേതൃത്വം നല്‍കിക്കൊണ്ടായിരുന്നു ഇക്കാലം മുന്നോട്ടുകൊണ്ടുപോയത്. 1949-ല്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ടിതന്നെ രൂപീകരിച്ചു. ബര്‍ലിനില്‍ നടന്ന മൂന്നാം വിദ്യാര്‍ഥി-യുവജന മേളയിലേക്ക് ഗ്വാട്ടിമാലയില്‍നിന്ന് ഒരു സംഘം പങ്കെടുത്തിരുന്നു. സമാധാനത്തിനും സാഹോദര്യത്തിനും ഊന്നല്‍നല്‍കിയ അതിലേക്ക് ഒര്‍ടിസിനൊപ്പം ഹ്യൂഗോ ബാരിയോസ് ക്ളീ, ഹുബര്‍ടോ അല്‍വരാഡോ, എഡെല്‍ബെന്‍ടോ, ടോറസ് റിവാസ് തുടങ്ങിയവരും പ്രതിനിധികളായി പങ്കെടുത്തു. ജൂലിയസ് ഫ്യൂച്ചിക്കിന്റെ 'കൊലമരത്തില്‍നിന്നുള്ള കുറിപ്പുകളോ'ട് ഒര്‍ടിസിന് കൂടുതല്‍ ആഭിമുഖ്യം തോന്നിയത് ബര്‍ലിന്‍ യാത്രക്കുശേഷമായിരുന്നു. അംഗസംഖ്യയില്‍ ചെറുതായിരുന്നെങ്കിലും ഗ്വാട്ടിമാലന്‍ കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായ ചെറുത്തുനില്പുകള്‍ നടത്തി. അര്‍ബെന്‍സ് അട്ടിമറിക്കപ്പെട്ടതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ ഉരുക്കുമുഷ്ടിതന്നെ പ്രയോഗിച്ചു. തൊഴിലാളി പ്രസ്ഥാനങ്ങളെ നിരോധിക്കുകയുമുണ്ടായി. ഇക്കാലത്താണ് ഒര്‍ടിസ് പേരുമാറ്റി ഒളിവു പ്രവര്‍ത്തനത്തിലേക്ക് മറഞ്ഞത്. സഖാവ് പെപെ എന്ന പേരിലായിരുന്നു അദ്ദേഹം ഒളിച്ചത്. 'പെര്‍ഡാഡ്' എന്ന കമ്യൂണിസ്റ്റ് പത്രത്തിനു പിന്നിലെ പ്രചോദനവും ഒര്‍ടിസായിരുന്നു. റഷ്യയിലെ 'പ്രാവ്ദ'യെ ഓര്‍മിപ്പിക്കുന്നതായിരുന്നു അത്. തുടര്‍ന്ന് എല്‍ മിലിറ്റന്റെ, എക്സ്പീരിയന്‍സിയാസ് തുടങ്ങിയ മാഗസിനുകളും ആരംഭിച്ചു.

ഒക്ടാവിയോ റെയെസ് ഒര്‍ടിസിനെപ്പോലെ പ്രധാനപ്പെട്ട പതിമൂന്ന് സഖാക്കള്‍ പിന്നീട് രക്തസാക്ഷികളായി. മൌറോ ഡി ലിയോണ്‍, അല്‍ഫോണ്‍സോ ജോകോള്‍, റൊഡോള്‍ഫോ ഇല്ലര്‍, മോയ്സസ് ക്വിലോ തുടങ്ങിയവരായിരുന്നു പൊരുതിമരിച്ചത്. സാമ്രാജ്യത്വത്തിനും ഏകാധിപത്യത്തിനുമെതിരായ ചെറുത്തുനില്പുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറെ ജീവന്‍ ബലിനല്‍കി. 1960-ല്‍ ചേര്‍ന്ന മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്, എല്ലാവിധ സമരങ്ങളും അടിവരയിടുകയുണ്ടായി. 1963-ല്‍ സംയുക്ത ചെറുത്തുനില്പ് മുന്നണി രൂപപ്പെടുന്നത് അങ്ങനെയാണ്. സ്വേഛാധിപത്യ ഭരണത്തിന്റെ അന്ത്യവും ജനാധിപത്യത്തിന്റെ തിരിച്ചുവരവും ഗ്വാട്ടിമാല പലവട്ടം സ്വപ്നംകണ്ടു. ആ സ്വപ്ന സാക്ഷാത്ക്കാരത്തിലൂടെ മാത്രമേ രാജ്യത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാനാവൂ എന്ന തിരിച്ചറിവാണ് 2007 ലെ തെരഞ്ഞെടുപ്പ് ഫലം. ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വയുടെയും ചിലി പ്രസിഡന്റ് മിഷേല്‍ ബാഷ്ലെയുടെയും ആശയങ്ങളാണ് തനിക്ക് പ്രചോദനമെന്ന് അല്‍വാരോ കൊളോം പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്.

2008 ജനുവരി പതിനാലിന് അധികാരമേല്‍ക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ടികളുടെയും സാമൂഹ്യ സംഘടനകളുടെയും യോഗം വിളിക്കാനും കൊളോം തീരുമാനിച്ചുകഴിഞ്ഞു. വടക്കേ അമേരിക്കന്‍ കുത്തകകളുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കുകകൂടി അടിയന്തര കടമയാവണമെന്ന് ചരിത്രം ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. ഒക്ടാവിയോ റെയെസ് ഒര്‍ടിസിനെക്കുറിച്ചുള്ള അനുസ്മരണങ്ങളിലൊന്നില്‍ ചരിത്രകാരന്‍ പെകെല്‍നിക് പ്രത്യാശിച്ചതുപോലെ എല്ലാ പീഡനങ്ങള്‍ക്കിടയിലും ഗ്വാട്ടിമാലയിലെ ജനങ്ങള്‍ എപ്പോഴും പ്രതീക്ഷയിലാണ്. ക്വെറ്റ്സല്‍ പക്ഷികള്‍ ഒടുവില്‍ കൂടുവിട്ട് സ്വതന്ത്രമാവും. ഈ പ്രതീക്ഷയിലാണ് ഇപ്പോള്‍ ജനങ്ങള്‍ കൈകോര്‍ത്തിരിക്കുന്നത്.

(ലേഖകന്‍: ശ്രീ. അനില്‍ കുമാര്‍ എ.വി. കടപ്പാട്: ചിന്ത വാരിക)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യാങ്കി സാമ്രാജ്യത്വ പദ്ധതികള്‍ക്കെതിരെ, പരാജയപ്പെടാന്‍ വിസമ്മതിക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ വിസ്മയഭരിതമായ മുന്നേറ്റങ്ങളാണ് ലാറ്റിനമേരിക്കയില്‍ കാണാനാവുന്നത്. ജീവിത സമരങ്ങള്‍ ഇരമ്പിയാര്‍ക്കുന്ന തെരുവുകളും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളെ തുണയ്ക്കുന്ന വിധിയെഴുത്തുകളും എല്ലാറ്റിനും മുകളില്‍ മനുഷ്യനെ പ്രതിഷ്ഠിക്കുന്ന സര്‍ഗാത്മക വിചാരങ്ങളും അവിടെ വീണ്ടും ചരിത്രംകുറിക്കുകയാണ്. വെനസ്വേല, ബൊളീവിയ, ചിലി, ഉറുഗ്വേ, നിക്കരാഗ്വ, ഇക്വഡോര്‍, ഹെയ്തി തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം, 2007 ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി തെരഞ്ഞെടുപ്പ് നടന്ന അര്‍ജന്റീനയും ഗ്വാട്ടിമാലയുംകൂടി ലോകത്തിന് വഴികാട്ടാന്‍ ശ്രമിക്കുകയാണ്.

ശ്രീ. അനില്‍ കുമാര്‍. എ.വി. എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു...