Saturday, December 22, 2007

അഴിമതി നിവാരണവും സോഷ്യല്‍ ആഡിറ്റും

കംപോസ്റ്റിങ് നടത്തിയിട്ടുള്ളവര്‍ക്കെല്ലാമറിയുന്ന ഒരു വസ്തുതയുണ്ട്. ചീഞ്ഞഴുകുന്ന മാലിന്യങ്ങളുടെ ദുര്‍ഗന്ധമകറ്റാനുള്ള എളുപ്പവഴി വായുസമ്പര്‍ക്കം വര്‍ധിപ്പിക്കുക എന്നതാണ്. വായുവിലെ ഓക്സിജന്‍ ശ്വസിച്ച് സമൃദ്ധിയായി വളരുന്ന ബാക്ടീരിയങ്ങള്‍ മാലിന്യങ്ങളെ വിഘടിപ്പിച്ച് ദുര്‍ഗന്ധരഹിതമാക്കും. വായു സമ്പര്‍ക്കമില്ലാത്ത അന്തരീക്ഷത്തില്‍ പെരുകുന്ന (അനെയ്റോബിക്) ബാക്ടീരിയങ്ങളാണ് ദുര്‍ഗന്ധമുളള വാതകങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. വായുസമ്പര്‍ക്കത്തില്‍ അവ നശിച്ച് നിര്‍വീര്യമാകും.

ഏതാണ്ടിതുപോലാണ് അഴിമതിയുടെ കാര്യവും. അഴിമതി പെരുകുന്നത് സുതാര്യതയില്ലാത്ത, രഹസ്യാത്മകതയുള്ള സാഹചര്യങ്ങളിലാണ്. ആരുമാരുമറിയില്ല എന്ന ധൈര്യത്തിലാണ് പലരും കൈക്കൂലി വാങ്ങുന്നത്. നടപടിക്രമങ്ങളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ അജ്ഞതയാണ് പലപ്പോഴും കൈക്കൂലി കൊടുത്തായാലും കാര്യം നടത്തിയെടുക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്. അതിനുപകരം നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തുകയും ഏത് രേഖയും ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് ഉദ്യോഗസ്ഥന്റെ ബാധ്യതയാണെന്നും വ്യവസ്ഥപ്പെടുത്തുകയുംചെയ്താല്‍ അഴിമതിക്കുള്ള സാധ്യത വളരെ കുറയുമെന്നുറപ്പാണ്. 'എയ്റോബിക്', അതായത് കാറ്റും വെളിച്ചവും കടക്കുന്ന സാഹചര്യങ്ങള്‍ ദുര്‍ഗന്ധനിവാരണത്തിനെന്നപോലെ അഴിമതി നിര്‍മാര്‍ജനത്തിനും സഹായകമാണ്.

അഴിമതിരഹിത വാളയാര്‍ നല്‍കുന്ന പാഠം

ഏറ്റവുമധികം അഴിമതി നടക്കുന്നു എന്നു പറയപ്പെടുന്ന ഒരു മേഖലയാണല്ലോ ചെക്ക്പോസ്റ്റുകള്‍. അവിടത്തെ അഴിമതിക്കഥകള്‍ വാര്‍ത്തകളില്‍ മാത്രമല്ല സിനിമകളില്‍പോലും വിഷയമാകുന്നു. കൈക്കൂലിയുടെ പര്യായമായികഴിഞ്ഞ ചെക്ക്പോസ്റ്റുകളെ അഴിമതിവിമുക്തമാക്കുക എന്നത് പണ്ട് ഈജിയന്‍ രാജാവിന്റെ കാലിത്തൊഴുത്ത് വൃത്തിയാക്കാന്‍ നിയുക്തനായ യവനനായകന്‍ ഹെര്‍ക്യൂലീസിന്റേതുപോലെ ഐതിഹാസികമായ ഒരു വെല്ലുവിളിയാണെന്ന് ഏത് നിഷ്പക്ഷമതിയും (മലയാളത്തിലെ ചില പ്രസിദ്ധീകരണങ്ങളൊഴികെ) സമ്മതിക്കും. പക്ഷേ ഒരു മലയാള വാരികയില്‍ ഒരു ഭരണപടു എഴുതിയത് ചെക്ക്പോസ്റ്റിലെ അഴിമതി തുടച്ചുനീക്കാന്‍ വെറും വണ്ടുവരി സര്‍ക്കാരുത്തരവും ഒരു ഉദ്യോഗസ്ഥനും മതിയെന്നായിരുന്നു. പണ്ട് വേലുത്തമ്പി ദളവ ഒരു കണ്ടെഴുത്തുപിള്ളയുടെ പെരുവിരല്‍ മുറിച്ചുമാറ്റിയതോടെ തിരുവിതാംകൂറിലെ അഴിമതിയാകെ തുടച്ചുനീക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഏതോ ശുദ്ധഗതിക്കാരനായിരിക്കണം ഈ വിദ്വാന്‍. സംഗതികള്‍ അത്ര എളുപ്പമായിരുന്നെങ്കില്‍ രാജ്യം എന്നേ രക്ഷപ്പെട്ടുപോയേനെ.

ഈജിയന്‍ തൊഴുത്തു വൃത്തിയാക്കാന്‍ ഹെര്‍ക്യൂലിസ് ആശ്രയിച്ചത് സമീപത്തുകൂടി ഒഴുകിയിരുന്ന ഒരു പുഴയുടെ കുത്തൊഴുക്കിനെയാണ്. അതിനെ ഗതിതിരിച്ചുവിട്ട് തൊഴുത്തിലൂടെ പായിച്ചു. ആ വെള്ളപ്പാച്ചിലില്‍പ്പെട്ട് തൊഴുത്തിലടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങള്‍ മുഹൂര്‍ത്തനേരംകൊണ്ട് ഒഴുക്കി മാറ്റപ്പെട്ടു. ജനാധിപത്യ യുഗത്തില്‍ നമുക്ക് ആശ്രയിക്കാവുന്നത് ജനകീയ ഇഛാശക്തിയുടെ കുത്തൊഴുക്കിനെയാണ്. സാക്ഷരതാ പ്രസ്ഥാനത്തിലും ജനകീയാസൂത്രണത്തിലും നാം കണ്ടത് പതിനായിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തമാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഗ്രാമസഭകളില്‍ പങ്കെടുത്ത് വികസനചര്‍ച്ചകളെ അര്‍ഥപൂര്‍ണമാക്കിയത്. ഈ ജനശക്തിയെ അഴിമതി നിര്‍മാര്‍ജനത്തിനായി തിരിച്ചുവിടാന്‍ നമുക്ക് കഴിയുമോ? എങ്കില്‍ ഈജിയന്‍ തൊഴുത്തുപോലെ അഴിമതിയുടെ മാലിന്യങ്ങള്‍ കെട്ടിനില്‍ക്കുന്ന നമ്മുടെ പൊതുസ്ഥാപനങ്ങളെയും ശുദ്ധീകരിക്കാന്‍ കഴിയുമെന്നുറപ്പാണ്. അല്ലാതെ കല്ലേപ്പിളര്‍ക്കുന്ന രാജശാസനകള്‍ കൊണ്ടോ ഒന്നോ രണ്ടോ ഉദ്യോഗസ്ഥന്മാര്‍ നയിക്കുന്ന കുരിശുയുദ്ധങ്ങള്‍ കൊണ്ടോ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കാനാവില്ല.

'അഴിമതിരഹിത വാളയാര്‍' എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 'പ്രോജക്ടിലും' ഈ ഘടകം കണക്കിലെടുത്തിരുന്നു. തീര്‍ച്ചയായും അതില്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ഉള്ള മുന്‍കൈകള്‍ ആണ് ആദ്യം ഉണ്ടായത്. തുടര്‍ന്ന് അതിനായി ഒരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി. അതനുസരിച്ച് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തു. അവര്‍ക്ക് ലക്ഷ്യബോധവും കാര്യശേഷിയും ഉണ്ടാക്കാന്‍വേണ്ട പരിശീലനം നല്‍കി. പിന്നീടവരെ യഥാസ്ഥാനങ്ങളില്‍ വിന്യസിച്ചു. അതോടൊപ്പം വാളയാറില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നത് നിരീക്ഷിച്ച് പഠിച്ചു. അഴിമതിക്ക് കാരണമാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുതകുംവണ്ണം നടപടിക്രമങ്ങള്‍ പരിഷ്കരിച്ചു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനസാഹചര്യങ്ങളും ഭൌതിക സൌകര്യങ്ങളും മെച്ചപ്പെടുത്തി. കൂടിയ തിരക്ക് കൈകാര്യംചെയ്യാന്‍ വേണ്ടത്ര കൂടുതല്‍ കൌണ്ടറുകളും കമ്പ്യൂട്ടര്‍ സംവിധാനങ്ങളും ആള്‍ശേഷിയും വര്‍ധിപ്പിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ആവര്‍ത്തനങ്ങളും ഒഴവാക്കാവുന്ന നടപടികളും ഒഴിവാക്കി.

ഇത്രയൊക്കെ ചെയ്തതുകൊണ്ട് ദൃശ്യമായരീതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു. അഴിമതി ഇല്ലാതായി എന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍. മാധ്യമങ്ങളില്‍ അനുകൂലമായും പ്രതികൂലമായും റിപ്പോര്‍ട്ടുകള്‍ വന്നു. കൈക്കൂലി ഇല്ല, പക്ഷേ കാലതാമസംകൂടി എന്നായിരുന്നു ഒരു വിമര്‍ശനം. വില്‍പന നികുതിക്കാരുടെ കൈക്കൂലിനിന്നു. പക്ഷേ മോട്ടോര്‍ വാഹനവകുപ്പുകാരുടേത് തുടരുന്നുവെന്ന് ചിലര്‍ ആക്ഷേപിച്ചു. ഇതൊക്കെയായിട്ടും നികുതിപിരിവ് കൂടിയിട്ടില്ല, എന്നുമാത്രമല്ല പതിവിലും കുറഞ്ഞു എന്നും കുറ്റപ്പെടുത്തലുണ്ടായി.

ഈ സാഹചര്യത്തിലാണ് എന്താണ് വാളയാറിലെ ഇപ്പോഴത്തെ അവസ്ഥ എന്നതിനെപ്പറ്റി ഒരു സാമൂഹ്യവിലയിരുത്തല്‍ (സോഷ്യല്‍ ഓഡിറ്റ്) നടത്താന്‍ സര്‍ക്കാര്‍തന്നെ മുന്‍കൈ എടുത്തു തീരുമാനിച്ചത്.

സോഷ്യല്‍ ഓഡിറ്റ് എന്നാല്‍

കേരളത്തില്‍ അത്ര സുപരിചിതമായ ഒരു സംഗതിയല്ല സോഷ്യല്‍ ഓഡിറ്റ്. പണ്ട് ഇവിടെ ചില ഡോക്ടര്‍മാര്‍ക്കും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ക്കുമെതിരെ ചില സംഘടനകള്‍ നടത്തിയ 'ജനകീയ വിചാരണ'കളില്‍ ഇതിന്റെ ചില അംശങ്ങള്‍ ഉണ്ട് എന്ന് പറയാം. പക്ഷേ അമിതാവേശംകൊണ്ടും മുന്‍വിധികൊണ്ടും സാമാന്യനീതിയോടുള്ള അവഗണനകൊണ്ടും അവയില്‍ പലതും ഏകപക്ഷീയവും കുറ്റാരോപിതര്‍ക്കു നീതി നിഷേധിക്കുന്നതും എളുപ്പം വഴിതെറ്റിപോകാവുന്നവിധത്തില്‍ ആള്‍ക്കൂട്ട നിയന്ത്രിതവും ആയിരുന്നു.

എന്നാല്‍, രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എംകെഎസ്എസ് എന്ന സംഘടന (മസ്‌ദൂര്‍ കിസാന്‍ സംഘര്‍ഷ് സംഘടന്‍) ഈ രംഗത്ത് ചില നല്ല മാതൃകകള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. കൂട്ടത്തില്‍ പറയട്ടെ, അറിയാനുള്ള അവകാശം നിയമപരമായ ഒരു അവകാശമാക്കി മാറ്റുന്നതിലും എംകെഎസ്എസ് നിര്‍ണായകമായ പങ്ക് വഹിക്കുകയുണ്ടായി. രാജസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ക്ഷാമനിവാരണ മരാമത്തുപണികളില്‍ നടന്ന കനത്ത അഴിമതിക്കെതിരെ അവിടത്തെ ഗ്രാമീണരെ സംഘടിപ്പിച്ചുകൊണ്ട് അവര്‍ നടത്തിയ സോഷ്യല്‍ ഓഡിറ്റ് വമ്പിച്ച മുന്നേറ്റമുണ്ടാക്കി. ജനങ്ങള്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടപ്പോള്‍ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ച് (പഞ്ചായത്ത് പ്രസിഡന്റ്) അത് സംബന്ധിച്ച സകല കണക്കുകളും ജനങ്ങളുടെ മുമ്പാകെ വക്കാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്നുനടന്ന പരിശോധനയില്‍ വമ്പിച്ച അഴിമതി വെളിപ്പെട്ടു. ജനങ്ങളോട് മാപ്പുപറയാനും കണക്കില്‍ വെട്ടിച്ച തുക തിരിച്ചടക്കാനും ഗ്രാമസര്‍പഞ്ച് വഴങ്ങേണ്ടിവന്നു. ആദ്യമൊക്കെ കണക്കുകള്‍ ജനങ്ങളെ കാണിക്കുന്നതില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറി. പണിയുടെ അളവുകള്‍ അടയാളപ്പെടുത്തിയ 'എം ബുക്ക്' ഒരു രഹസ്യ ഔദ്യോഗിക രേഖയാണെന്നായിരുന്നു അവരുടെ വാദം.

ആ നിയമത്തിനെതിരെ എംകെഎസ്എസ് ബഹുജനപ്രക്ഷോഭം നയിച്ചു. ഐഎഎസില്‍നിന്ന് രാജിവച്ച് സാമൂഹ്യസേവനം ജീവിതചര്യയായിട്ടേറ്റെടുത്ത അരുണാറായിയായിരുന്നു അവരുടെ നേതാവ് എന്നത് വ്യാപകമായ ദേശീയ മാധ്യമശ്രദ്ധ നേടിയെടുക്കാന്‍ അവരെ സഹായിച്ചു. ഒടുവില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. എല്ലാ കണക്കുകളും പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് അനുവാദം കിട്ടി. ഇതായിരുന്നു 'അറിയാനുള്ള അവകാശം' എന്ന മുന്നേറ്റത്തിന്റെ ആരംഭം. അങ്ങനെകിട്ടിയ കണക്കുകള്‍ ജനങ്ങള്‍ നേരിട്ടും വിദഗ്ദരെകൊണ്ടും പരിശോധിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പൊതുതെളിവെടുപ്പുകള്‍ (പബ്ലിക് ഹീയറിങ്) നടത്തി. അതില്‍ പങ്കെടുക്കാന്‍ മാധ്യമ പ്രതിനിധികളെയും നിയമജ്ഞരെയും സാങ്കേതികവിദഗ്ധരെയും പൊതുപ്രവര്‍ത്തകരെയും ക്ഷണിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവന്നു. അങ്ങനെയാണ് ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍ വെളിച്ചത്തുവന്നത്. ശരിയായ അര്‍ഥത്തിലുള്ള ഒരു ജനകീയ സോഷ്യല്‍ ഓഡിറ്റ് ആയിരുന്നു അത്.

വാളയാറിലെ ഇന്നത്തെ അവസ്ഥയെപ്പറ്റി ഒരു സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറായപ്പോള്‍ ഇത് തന്നെയായിരുന്നു ഒരു മാതൃകയായത്. രാജസ്ഥാനില്‍ അത് ജനങ്ങള്‍ സമരംചെയ്തു നേടിയ ഒരവകാശമായിരുന്നെങ്കില്‍ ഇവിടെ സര്‍ക്കാര്‍ സ്വമേധയാ വച്ചുനീട്ടിയ ഒരവസരമായിരുന്നു എന്നതും ശ്രദ്ധേയമാണ്. നികുതിവകുപ്പുതന്നെ മുന്‍കൈഎടുത്ത് ഒരു ആഭ്യന്തര റിപ്പോര്‍ട്ട് ഉണ്ടാക്കി. വാളയാര്‍ ചെക്ക്പോസ്റ്റിന്റെ ചരിത്രം, ഇന്നത്തെ അവസ്ഥ, അവിടത്തെ ഗതാഗതപ്രശ്നങ്ങള്‍, ക്രമസമാധാന പ്രശ്നങ്ങള്‍, അവിടത്തെ കണക്കുകളുടെ സ്ഥിതി, ജീവനക്കാരുടെ പ്രശ്നങ്ങള്‍, അഴിമതിയെപ്പറ്റിയുള്ള വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍, വിവിധ ഏജന്‍സികളുടെ പരാതികള്‍, അവ പരിഹരിക്കാനായി സര്‍ക്കാര്‍ ഇതഃപര്യന്തം എടുത്തിട്ടുള്ള നടപടികള്‍ ഇവയെല്ലാം ഈ ആഭ്യന്തര റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത് പരിശോധിക്കാനായി ഒരു നിഷ്പക്ഷ ജൂറിയെ (പാനല്‍) സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്തു. വിവിധ രംഗങ്ങളെ പ്രതിനിധീകരിക്കുന്നവരായിരുന്നു ജൂറി അംഗങ്ങള്‍. അക്കൂട്ടത്തില്‍ രാജസ്ഥാനിലെ എംകെഎസ്എസിനു നേതൃത്വം കൊടുത്ത അരുണാറായിയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു. പ്രസ്തുത റിപ്പോറട്ട് പഠിച്ച ജൂറി അവരുടേതായ നിരീക്ഷണങ്ങളും ചോദ്യങ്ങളും എഴുതി തയ്യാറാക്കി. ഒക്ടോബര്‍ 23ന് വാളയാറില്‍വച്ചുതന്നെ വിവിധ രംഗങ്ങളില്‍നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ടവരും നാട്ടുകാരും ബന്ധപ്പെട്ടവരുമായ വമ്പിച്ച ഒരു ജനാവലിയുടെ സാന്നിധ്യത്തിലാണ് പൊതുതെളിവെടുപ്പ് എന്ന സോഷ്യല്‍ ഓഡിറ്റ് നടന്നത്. പാനലംഗങ്ങളുടെയും പൊതുജനങ്ങളുടെയും ചോദ്യങ്ങള്‍ക്ക് ബഹു. ധനകാര്യവകുപ്പുമന്ത്രിയും സെക്രട്ടറിമുതല്‍ ഉള്ള വിവിധ ഉദ്യോഗസ്ഥരും മറുപടി പറഞ്ഞു.

ഗതാഗതക്കുരുക്ക്, കാലതാമസം മുതലായ പല പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും വാളയാര്‍ ചെക്ക്പോസ്റ്റ് (വിശേഷിച്ച് വില്‍പനനികുതി വിഭാഗം) അഴിമതിരഹിതമായി എന്നതില്‍ ഒട്ടുമിക്ക കക്ഷികളും യോജിച്ചു. മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി എടുക്കുന്നുവെന്ന് ബഹു. മന്ത്രി ഉറപ്പുകൊടുത്തു. ഏതായാലും കേരളത്തിലെ ഒരു സുപ്രധാന ചെക്ക്പോസ്റ്റ്, അതും വാളയാര്‍, അഴിമതി രഹിതമാക്കാന്‍ കഴിഞ്ഞുവെന്നത് ഒരു ചില്ലറ നേട്ടമല്ല എന്ന് ദോഷൈകദൃക്കുകള്‍ക്കുപോലും സമ്മതിക്കേണ്ടിവന്നു.

തീര്‍ച്ചയായും ഇത് വാളയാറില്‍ ഒതുങ്ങാന്‍ പാടില്ല. ഒതുങ്ങിയാല്‍ അത് അര്‍ഥശൂന്യമാകും. മറ്റ് ചെക്ക്പോസ്റ്റുകളിലേക്കും ഈ പരിഷ്കാരങ്ങള്‍ വ്യാപിപ്പിച്ചേ തീരു. അതിന് വാളയാറില്‍നിന്ന് പഠിച്ച പാഠങ്ങള്‍ ഉതകും; ഉതകണം. തീര്‍ച്ചയായും അതില്‍ ഭരണപരമായ ഘടകങ്ങള്‍ പ്രധാനമാണ്. വകുപ്പുതലത്തില്‍ എടുത്ത നടപടികള്‍, ഉദ്യോഗസ്ഥരുടെ ലക്ഷ്യബോധവും പരിശീലനവും, വിവിധ വകുപ്പുകളുടെ ഏകോപനം, ഉദ്യോഗസ്ഥരുടെ സേവന-ജീവിത സാഹചര്യങ്ങളും പ്രശ്നങ്ങളും അനുഭാവപൂര്‍വം കണ്ടറിഞ്ഞ് പരിഹരിക്കുക ഇതൊക്കെ പരമ പ്രധാനമാണ്. പക്ഷേ, അതോടൊപ്പം പ്രധാനമാണ് പൊതുജനങ്ങളെയും തല്‍പരകക്ഷികളെയും വിശ്വാസത്തിലെടുക്കലും. നടപടിക്രമങ്ങള്‍ സുതാര്യമാക്കുക, ലളിതവല്‍ക്കരിക്കുക, സംശയങ്ങള്‍ ദൂരീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ് എന്ന ബോധം വളര്‍ത്തുക ഇതെല്ലാം അതിന്റെ ഭാഗം ആകണം. അവയുടെ പരിസമാപ്തി ആയിരിക്കണം പരസ്യമായ തെളിവെടുപ്പ് എന്ന സോഷ്യല്‍ ഓഡിറ്റിങ്.

അഴിമതി ചെക്ക്പോസ്റ്റില്‍ മാത്രമോ?

ചെക്ക്പോസ്റ്റിലെ അഴിമതി ഒരുദാഹരണം മാത്രം. ഏതു രംഗത്താണ് അതില്ലാത്തത്? രജിസ്ട്രേഷന്‍, മോട്ടോര്‍ വാഹനം, വില്ലേജ് ഓഫീസ്, ആശുപത്രി, പൊലീസ് സ്റ്റേഷന്‍.... എവിടെയാണതില്ലാത്തത്? കിട്ടുന്ന ശമ്പളത്തിന് ചെയ്യേണ്ടതായ ജോലിചെയ്യാതിരിക്കുക എന്നതും അഴിമതിയായി കണക്കാക്കിയാല്‍ വിദ്യാഭ്യാസം, പൊതുഭരണം തുടങ്ങിയ മേഖലകള്‍പോലും അഴിമതിയില്‍നിന്ന് വിമുക്തമല്ല എന്ന് പറയേണ്ടിവരും. മറ്റ് പല അടിയന്തര പ്രശ്നങ്ങളും ജനങ്ങള്‍ക്കുണ്ടെങ്കിലും സമസ്ത ജനങ്ങളെയും പൊറുതിമുട്ടിക്കുന്ന ഒരു പൊതുപ്രശ്നം അഴിമതിയാണെന്ന് പറയാം. അതിന്റെ കയ്പ്പ് അനുഭവിക്കാത്തവരാരും കാണില്ല. അഴിമതിരഹിതഭരണം കാഴ്ച്ചവെക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാരിന്റെ മറ്റെന്ത് വീഴ്ചയും ജനങ്ങള്‍ പൊറുക്കും എന്നുറപ്പാണ്. കൈക്കൂലി കൊടുക്കാതെ ന്യായമായ കാര്യങ്ങള്‍ നടത്തിക്കിട്ടുക. ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതായ ജോലികള്‍ അവര്‍ കൃത്യനിഷ്ഠയോടെയും സേവനമനോഭാവത്തോടെയും ചെയ്യുക. അത് സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ ശ്രദ്ധയോടെയും അനുഭാവത്തോടെയും പരിഗണിക്കുക, തക്കതായ സമാധാനം പറയുക. ഇതാണ് അഴിമതിരഹിത സേവനം. ഇത് ജനങ്ങളുടെ അവകാശമാണ്.

'അഴിമതിരഹിത ഭരണം' എന്നതിനുപകരം 'അഴിമതിരഹിത സേവനം' എന്നു ബോധപൂര്‍വം എഴുതിയതാണ്. ഒരു ജനാധിപത്യവ്യവസ്ഥയില്‍ ഭരണം യഥാര്‍ഥത്തില്‍ ഒരു സേവനമാണ്. ആയിരിക്കണം. ഒരുകാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൊതുജന സേവകര്‍ (പബ്ലിക് സര്‍വന്റ്സ്) എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് അത് എപ്പോഴോ മാറി. ഇപ്പോഴവര്‍ സര്‍ക്കാര്‍ സേവകര്‍ (ഗവണ്‍മെന്റ് സര്‍വന്റ്സ്) എന്നാണ് സ്വയം വിശേഷിപ്പിക്കുക. ഈ മാറ്റം നിഷ്കളങ്കമോ നിര്‍ദോഷമോ അല്ല. തങ്ങള്‍ ജനങ്ങളുടെ സേവകര്‍ ആണെന്ന് അവര്‍ സ്വയം കരുതുന്നുപോലുമില്ല. അതിനുപകരം തങ്ങള്‍ ഭരണത്തിന്റെ ഭാഗമാണെന്ന പഴയ കൊളോണിയല്‍ ബോധമാണ് അവരെ ഭരിക്കുന്നത്. ഇത് മാറിയേ തീരു. അറിയാനുള്ള അവകാശം, സോഷ്യല്‍ ഓഡിറ്റിങ് മുതലായ പരിഷ്കാരങ്ങള്‍ ഈ മാറ്റത്തിന് സഹായകമാകും എന്നതില്‍ സംശയമില്ല.

അഴിമതി നിവാരണമോ സോഷ്യല്‍ ഓഡിറ്റിങ്ങോ താനേ പൊട്ടിമുളച്ചുണ്ടാകുന്നതല്ല. വാളയാറിലെപ്പോലെ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന സോഷ്യല്‍ ഓഡിറ്റിങ്ങിനും പരിമിതികള്‍ ഉണ്ട്. അത് ജനങ്ങളുടെ യഥാര്‍ഥ ശാക്തീകരണത്തിലേക്ക് നയിക്കുന്നില്ല. അതാണ് രാജസ്ഥാനില്‍ എംകെഎസ്എസ് നടത്തിയ മുന്നേറ്റം ജനകീയമായതും നമ്മുടെ നാട്ടില്‍ അറിയാനുള്ള അവകാശ നിയമംപോലും വേണ്ടവിധത്തില്‍ ഉപയോഗിക്കപ്പെടാതെ പോകുന്നതും തമ്മിലുള്ള വ്യത്യാസം. അതേസമയംതന്നെ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍തന്നെ ഇത് നടക്കുമ്പോള്‍ 'ഇതും സാധ്യമാണ്' എന്ന ബോധ്യം ജനങ്ങളിലുണ്ടാകാം. 'മന്ത്രിതന്നെ നേരിട്ടുവന്ന് ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തുകൊണ്ട് ഉത്തരം പറഞ്ഞുകൂട?' എന്ന് നാട്ടുകാര്‍ക്ക് തോന്നാന്‍ ഇത് സഹായിക്കാം. അതേതുടര്‍ന്ന് ഇത്തരം ശ്രമങ്ങള്‍ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും മറ്റ് വകുപ്പുകളില്‍ നടത്താന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വന്നേക്കാം, വരണം. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി. പക്ഷേ, അതു പഴയ 'ജനകീയ വിചാരണ'പോലെ കാടുകയറിപ്പോകരുത്.

തികഞ്ഞ ഉത്തരവാദിത്വത്തോടെ, സുതാര്യതയോടെ, ജനകീയ പങ്കാളിത്തത്തോടെ നടത്തപ്പെടണം. നിര്‍ദിഷ്ട ഓഫീസിന്റെ (സ്ഥാപനത്തിന്റെ) പ്രവര്‍ത്തനം പഠിക്കണം. അതുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും വിവരാവകാശ നിയമം ഉപയോഗിച്ച് ആവശ്യപ്പെട്ട് ശേഖരിക്കണം. എന്തെങ്കിലും വിവരം തരാതിരിക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പരാതിപ്പെട്ട് തക്കതായ പരിഹാരം തേടണം. ആവശ്യമായ വിവരങ്ങള്‍ ലഭ്യമായിക്കഴിഞ്ഞാല്‍ ഓഫീസ് നടപടിക്രമങ്ങള്‍ പരിചയമുള്ളവരെക്കൊണ്ട് അത് പരിശോധിപ്പിച്ച് അവയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തണം. ഇത്രയും ഗൃഹപാഠം ചെയ്തതിനു ശേഷമായിരിക്കണം ആ സ്ഥാപനത്തിന്റെ സോഷ്യല്‍ ഓഡിറ്റ് ആവശ്യപ്പെടേണ്ടത്. വാസ്തവത്തില്‍ 73-ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് പഞ്ചായത്തിനുള്ളിലെ കൈമാറ്റംചെയ്യപ്പെട്ട സ്ഥാപനങ്ങളുടെയും വികസനപദ്ധതികളുടെയും സോഷ്യല്‍ ഓഡിറ്റ്ചെയ്യാന്‍ ഗ്രാമസഭകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ എത്ര ഗ്രാമസഭകള്‍ ഇതിന് തയ്യാറാകുന്നുണ്ട്.? ചുരുക്കം ചില നല്ല അനുഭവങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ ഒറ്റപ്പെട്ട അത്തരം ചില കഥകള്‍ പോരാ. ഇത് ജനങ്ങളുടെ അവകാശബോധത്തിന്റെ ഭാഗമാകണം. അപ്പോഴേ ജനാധിപത്യം സ്വയംഭരണമാകു; സ്വയംഭരണം സദ്ഭരണമാകൂ. രാജവാഴ്ച്ചയില്‍ സദ്ഭരണം കിട്ടാന്‍ ജനങ്ങള്‍ക്ക് പ്രാര്‍ഥിക്കയേ വഴിയുള്ളു. പക്ഷേ ജനാധിപത്യത്തില്‍ ജനകീയഭരണം സദ്ഭരണമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങളുടെ ഇടപെടല്‍ കൂടിയേ തീരു. അങ്ങനെ ജനങ്ങള്‍ക്ക് ഇടപെടാനുള്ള പലവഴികളിലൊന്നാണ് സോഷ്യല്‍ ഓഡിറ്റിങ്.

ഭരണത്തിന്റെ ഇരുളടഞ്ഞ, കാറ്റ് കടക്കാത്ത ഇടനാഴികളിലേക്കും ഫയല്‍കൂമ്പാരങ്ങളിലേക്കും ജനങ്ങളുടെ ഇടപെടലിലൂടെ കാറ്റും വെളിച്ചവും കടത്തുമ്പോഴാണ് അഴിമതിയുടെ വിഷാണുക്കള്‍ ഉന്മൂലനംചെയ്ത് ദുര്‍ഗന്ധം നിവാരണം ചെയ്യപ്പെടുക. അതിനുള്ള ഇഛാശക്തി വളര്‍ത്തിയെടുക്കാനും ജനകീയ ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുക്കാനും ജനകീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്.

(ലേഖകന്‍: ശ്രീ.ആര്‍.വി.ജി.മേനോന്‍. കടപ്പാട്: ചിന്ത വാരിക. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു)

വാളയാര്‍ - സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് (പി.ഡി.എഫ്) ഇവിടെ.

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു ജനാധിപത്യവ്യവസ്ഥയില്‍ ഭരണം യഥാര്‍ഥത്തില്‍ ഒരു സേവനമാണ്. ആയിരിക്കണം. ഒരുകാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൊതുജന സേവകര്‍ (പബ്ലിക് സര്‍വന്റ്സ്) എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് അത് എപ്പോഴോ മാറി. ഇപ്പോഴവര്‍ സര്‍ക്കാര്‍ സേവകര്‍ (ഗവണ്‍മെന്റ് സര്‍വന്റ്സ്) എന്നാണ് സ്വയം വിശേഷിപ്പിക്കുക. ഈ മാറ്റം നിഷ്കളങ്കമോ നിര്‍ദോഷമോ അല്ല. തങ്ങള്‍ ജനങ്ങളുടെ സേവകര്‍ ആണെന്ന് അവര്‍ സ്വയം കരുതുന്നുപോലുമില്ല. അതിനുപകരം തങ്ങള്‍
ഭരണത്തിന്റെ ഭാഗമാണെന്ന പഴയ കൊളോണിയല്‍ ബോധമാണ് അവരെ ഭരിക്കുന്നത്. ഇത് മാറിയേ തീരു. അറിയാനുള്ള അവകാശം, സോഷ്യല്‍ ഓഡിറ്റിങ് മുതലായ പരിഷ്കാരങ്ങള്‍ ഈ മാറ്റത്തിന് സഹായകമാകും എന്നതില്‍ സംശയമില്ല. ശ്രീ ആര്‍ വി ജി മേനോന്‍ എഴുതിയ ലേഖനം പ്രസിദ്ധീകരിക്കുന്നു.

Jayakeralam said...

good writing.

http://www.jayakeralam.com

അങ്കിള്‍ said...

എന്താണ് വിവരാവകാശനിയമമെന്ന്‌ ദാ ഇവിടെ മുന്ന്‌ നാല് ഭാഗങ്ങളായി വിവരിച്ചിട്ടുണ്ട്‌.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട അങ്കിള്‍
പോസ്റ്റ് സന്ദര്‍ശിച്ചതിനും ലിങ്കിനും നന്ദി

anil said...

തുറന്നിരുന്നാല്‍ പോര നോക്കാന്‍ ആളുവേണം .ദീപസ്തംഭം മഹാ ആശ്ചര്യം ......കരുണാകരന്‍ സൃഷ്ടിച്ച നവാബ് മാര്‍ ഉണ്ടാകണം വൈരാഗ്യം ഉള്ളവര്‍ ഉണടാകുന്നില്ല